Sunday 6 December 2015

ആയുരാരോഗ്യസൌഖ്യം

മരുന്നിനുപോലും തികയാത്തതാണല്ലോ നമ്മുടെ ജീവിതം. അത്രയ്ക്കമൂല്യമായതിനാലാണ്‌ 'ശരീരമാദ്യം ഖലു ധര്‍മസാധനം' എന്ന്‌ നമ്മുടെ പൂര്‍വികര്‍ നിരൂപിച്ചത്‌. 'ഹെല്‍ത്ത്‌ ഈസ്‌ വെല്‍ത്ത്‌' എന്നു പാശ്ചാത്യരും. യോഗാഭ്യാസത്തിലും ഊന്നല്‍ ശരീരത്തിനാണ്‌; അതിലൂടെ മനസ്സിനും. 'ഹെല്‍ത്തി മൈണ്റ്റ്‌ ഇന്‍ എ ഹെല്‍ത്തി ബോഡി'.

എന്തുവന്നാലും 'അനായാസേന മരണം, വിനാദൈന്യേന ജീവിതം' എന്നത്‌ ഏവരുടെയും ആഗ്രഹം. ഒട്ടും കിടക്കാതെ അങ്ങു പോണം. ഒരു രോഗവുമില്ലാത്ത ജീവിതവും വേണം. ഒത്തെങ്കില്‍ ഒത്തു. നടന്നെങ്കില്‍ നടന്നു. എന്നത്തെപ്പോലെ ഇന്നും. രോഗമില്ലാത്ത അവസ്ഥയില്ല മനുഷ്യന്‌. പല മഹാരോഗങ്ങളും മാഞ്ഞു. പല മഹാരോഗങ്ങളും നിറഞ്ഞു. 'ആസ്പത്രിയില്‍' കിടക്കാതങ്ങുപോണം എന്നായി ഇന്നത്തെ പ്രാര്‍ഥന എന്നുമാത്രം. ആസ്പത്രികള്‍ - സൂപ്പര്‍ സ്പെഷാലിറ്റി ആസ്പത്രികള്‍ - എത്രയെണ്ണമുണ്ടായിട്ടും രോഗമങ്ങു കുറഞ്ഞില്ല. എണ്ണവും വണ്ണവും വര്‍ദ്ധിച്ചതേയുള്ളൂ.

രോഗങ്ങള്‍ വരുത്തരുത്‌. വന്നാലോ അവഗണിക്കയുമരുത്‌. തണ്റ്റെ ശരീരത്തിനൊത്ത വിധത്തില്‍ ദൈനംദിന ജീവിതം കൊണ്ടുനടന്നാല്‍ പകുതി രോഗങ്ങളും ഒഴിവാക്കാം. പുറമേനിന്നു വന്നുഭവിക്കുന്ന രോഗങ്ങളെ ഒരു പരിധിവരെയേ ഒഴിവാക്കാനുമൊക്കൂ. സ്വയംകൃതാനര്‍ഥങ്ങളും ആര്‍ജിതമഹാരോഗങ്ങളും ഒഴിവാക്കിയാലും പ്രായം ചെല്ലുന്തോറും വണ്ടി വെടക്കായിക്കൊണ്ടേയിരിക്കും. റിപ്പയറും റീ-കണ്ടീഷണിംഗും റീ-റെജിസ്റ്റ്രേഷനും വേണ്ടിവരും. എന്നാലും ഒരു കാലഹരണത്തിയതി മനുഷ്യനുണ്ട്‌. ആ തീയതി അറിയില്ലെന്നുമാത്രം. 'എ ടൈം വില്‍ കം, എ ടൈം വില്‍ കം, എ ടൈം വില്‍ കം അറ്റ്‌ ലാസ്റ്റ്‌...' എന്നൊരു കരീബിയന്‍പാട്ടുണ്ട്‌.

എണ്റ്റെ അച്ഛന്‍ പതിനേഴാം വയസ്സില്‍ തനിക്കു പ്രമേഹമുണ്ടെന്നു തിരിച്ചറിഞ്ഞു. കാശില്ലാത്തകാരണം ഫീസുകൊടുക്കാനാകാതെ വെറുതെ ഒരു കൊല്ലം ഇണ്റ്റര്‍മീഡിയറ്റ്‌ ക്ളാസ്സിലിരിക്കുമ്പോള്‍ രോഗലക്ഷണങ്ങള്‍ കണ്ടു സംശയിച്ചാണ്‌ മഹാരാജാസ്‌ കോളേജ്‌ ലബോറട്ടറിയില്‍ മൂത്രം സ്വയം പരിശോധിച്ചു കണ്ടുപിടിച്ചത്‌. അന്നു തുടങ്ങിയ ആഹാരനിയന്ത്രണം (അതല്ലാതെ വേറെ വഴിയുമില്ലായിരുന്നു) മരണം വരെ തുടര്‍ന്നു. അവസാനകാലത്ത്‌ ഇന്‍സുലിനും വേറെ കുറെ മരുന്നുകളുമെല്ലാം ഉണ്ടായിരുന്നെങ്കിലും അന്‍പത്തഞ്ചു വയസ്സു കടന്നപ്പോഴേക്കും മരണമെത്തി. വിനാദൈന്യേനജീവിതവും അനായാസേന മരണവും രണ്ടുമില്ലായിരുന്നു അച്ഛന്‌. അതിനു പകരമെന്നോണം തൊണ്ണൂറു കഴിഞ്ഞിട്ടും വര്‍ദ്ധക്യസഹജമായ അസ്വസ്ഥതകളല്ലാതെ മറ്റൊന്നുമില്ലാതെ അമ്മ ജീവിച്ചിരിക്കുന്നു.

കൂടുതല്‍ കൂടുതല്‍ ആസ്പത്രികളല്ല നമുക്കു വേണ്ടത്‌; ആസ്പത്രികള്‍ അധികം വേണ്ടിവരാത്ത ആരോഗ്യപരിപാലനമാണ്‌. അതാണു പുരോഗതി. അല്ലാതെ മുക്കിലും മൂലയിലും സൂപ്പര്‍-സ്പെഷാലിറ്റി ഹോസ്പിറ്റലുകളല്ല. ഇന്നത്തെ ആസ്പത്രികള്‍ കഴുത്തറപ്പന്‍സങ്കേതങ്ങളായിരിക്കുന്നു. ഡോക്ടര്‍മാര്‍ മരുന്നുകമ്പനികളുടെ ചിട്ടിപിടിത്തക്കാരും. നല്ലവരില്ലെന്നല്ല. പക്ഷെ കലക്കൊഴുക്കില്‍ കണ്ണുകാണാന്‍ പ്രയാസം.

ഒരു പ്രശസ്ത സ്വകാര്യാസ്പത്രിയില്‍ ഒരു ബന്ധുവിനെയുംകൊണ്ട്‌ ഒരിക്കല്‍ കയറാനിടയായി. ആദ്യത്തെ ചോദ്യം ഏതു ഡോക്ടറെ കാണണം എന്ന്‌. രോഗിക്കെന്തറിയാം? രോഗലക്ഷണമിത്‌; അതു ചികിത്സിക്കാന്‍ ഒരു ഡോക്ടര്‍. അതില്‍കൂടുതല്‍ എന്താ? പിന്നത്തെ ചോദ്യം രോഗിയുടെ സാമ്പത്തികസ്ഥിതിയെക്കുറിച്ച്‌. അതനുസരിച്ചുവേണമത്രേ ചികിത്സാച്ചെലവുകള്‍ തിട്ടപ്പെടുത്താന്‍. മേല്‍വിലാസവും മറ്റു പല വിശദാംശങ്ങളും കുറിച്ചെടുത്തശേഷം പിന്നെയും കുറേനേരമിരുത്തി. അതിനിടെ രോഗിയുടെ വീട്ടിനടുത്തുള്ള കടകളിലും ആളുകളോടും ഓട്ടോക്കാരോടുമെല്ലാം ബന്ധപ്പെട്ട്‌ സാമ്പത്തികസ്ഥിതിയുടെ സത്യാവസ്ഥ പരിശോധിച്ചത്രെ! രോഗനിര്‍ണയം കഴിഞ്ഞ്‌ ശസ്ത്രക്രിയക്കുള്ള തീരുമാനമായി. രോഗിയെ ഓപ്പറേഷനു കൊണ്ടുപോയ ശേഷം യാതൊരു വിവരവുമില്ല. ഒരു ഡോക്ടറില്‍നിന്നു വേറൊരു ഡോക്ടറിലേക്ക്‌; ഒരു പരിശോധനയ്ക്കുശേഷം വേറൊന്നിലേക്ക്‌. ഇടയ്ക്കിടെ ആ മരുന്ന്‌, ഈ മരുന്ന്‌, ആ സാധനം, ഈ സാധനം ഒന്നിനുപിറകെ ഒന്നൊന്നായി വാങ്ങിവരാന്‍ നഴ്സുമാരുടെ കല്‍പനകള്‍. അരമുക്കാല്‍ ദിവസം കഴിഞ്ഞും രോഗിയുടെ സ്ഥിതിയെന്തെന്നറിയാന്‍ യാതൊരു മാര്‍ഗവുമില്ലായിരുന്നു. വൈകുന്നേരമായതോടെ അതാവരുന്നു രോഗിയെയുംകൊണ്ട്‌. രോഗിക്കു ജീവനുണ്ടെന്നു സ്വയം തീരുമാനിച്ചുറപ്പിക്കേണ്ടി വന്നു; അല്ലാതെ ആസ്പത്രിക്കാര്‍ ഒരു വാക്കുരിയാടി ബന്ധുക്കളെ സമാശ്വസിപ്പിക്കാനില്ലായിരുന്നു. അറക്കമില്ലില്‍ ഒരു മരത്തടി അങ്ങു കയറ്റി, ഒരു ഉരുപ്പടിയായി തിരിച്ചിറക്കി എന്ന പോലെ.

വേറൊരാസ്പത്രിയില്‍, വഴിയില്‍ കാലുതെറ്റിവീണു കയ്യൊടിഞ്ഞവശയായ ഭാര്യയെയുംകൊണ്ടു പോയതാണ്‌. എല്ലുഡോക്ടറില്ലാത്തതിനാല്‍ പല്ലുഡോക്ടര്‍ മതിയോ എന്നു ചോദിച്ചു, ചോദിച്ചില്ല എന്നുമാത്രം. ജീവനക്കാര്‍ ആരെയൊക്കെയോ ഫോണ്‍ചെയ്യും, അവിടെയിവിടെ ഓടും. പരക്കംപാച്ചിലിനിടെ ഓരോരോ വേഷങ്ങള്‍ വന്നു വീണ്ടും വീണ്ടും എന്തെന്നു ചോദിക്കും, കൈതിരിച്ചുനോക്കും, കൈപിരിച്ചുനോക്കും. ഭാര്യ വാവിടാതെ വേദനയടക്കും. അവസാനം എല്ലുഡോക്ടര്‍തന്നെയെത്തി, പ്ളാസ്റ്ററിടാന്‍. അടുത്തൊരു നഴ്സ്‌ പഞ്ഞിയും തുണിയുമെല്ലാം മുറിക്കുന്നു, തുരുമ്പിച്ച ഒരു പഴഞ്ചന്‍ കത്രികകൊണ്ട്‌. എണ്റ്റെ വിടുവായത്തത്തില്‍ ഞാന്‍ ചോദിച്ചുപോയി ഈ പഴകിയ കത്രിക ഒരാസ്പത്രിയിലുപയോഗിക്കാമോ എന്ന്‌. അവളൊന്നും മിണ്ടിയില്ല. കഴിക്കാനും കുത്തിവയ്ക്കാനുമെല്ലാമായുള്ള മരുന്നുകളുടെ ഒരു ലിസ്റ്റ്‌ കയ്യില്‍ തന്നു, താഴത്തെ ഫാര്‍മസിയില്‍നിന്നു കൊണ്ടുവരാന്‍. ആ ലിസ്റ്റില്‍ ഒരു കത്രികയുമുണ്ടായിരുന്നു. വീട്ടില്‍വന്ന്‌ വിലവിവരം നോക്കിയപ്പോഴാണു കണ്ടത്‌.

വന്നു പരിശോധിച്ചിട്ടേയില്ലാത്ത ഡോക്ടര്‍ക്കുള്ള ഫീസും വാങ്ങാത്ത മരുന്നുകള്‍ക്കുള്ള വിലയും ആസ്പത്രിയുടെ ഉപയോഗത്തിനുള്ള സാമഗ്രികളുടെ ചെലവും രോഗിയുടെ ബില്ലില്‍ ചേര്‍ക്കുക സാധാരണമാണ്‌ ഇന്നു മിക്ക 'മികച്ച' ആസ്പത്രികളിലും. വാടകയിനത്തില്‍ വരവുണ്ടാക്കാന്‍വേണ്ടി ഐ.സി.യു.-വിലും വാര്‍ഡിലും മുറിയിലുമെല്ലാം രോഗിയെ ചികിത്സകഴിഞ്ഞും പാര്‍പ്പിക്കുന്നതു സര്‍വസാധാരണം. ഇന്‍ഷുറന്‍സുണ്ടെങ്കില്‍ ഒരു വിധം ചികിത്സ, അല്ലെങ്കില്‍ വേറൊരുവിധം. വൈദ്യശാസ്ത്രം വേറിട്ടവഴികളിലൂടെയാണു സഞ്ചരിക്കുന്നതിപ്പോള്‍.

സ്വന്തം സല്‍പ്പേരു നിലനിര്‍ത്താന്‍, മരണം തീര്‍ച്ചയായ കേസുകള്‍ സര്‍ക്കാര്‍-ആസ്പത്രികളിലേക്കു പറഞ്ഞുവിടുന്ന കൌശലവും സ്വകാര്യ ആസ്പത്രികള്‍ക്കുണ്ട്‌. കാശിണ്റ്റെ പ്രഭയില്‍ മനുഷ്യത്വം മരവിച്ചുപോകുമോ എന്നൊന്നും സംശയിക്കണ്ട. ആസ്പത്രികള്‍ ഒരു നാണയക്കമ്മട്ടമായിരിക്കുന്നു. മരുന്നുകളും വൈദ്യോപകരണങ്ങളും വിറ്റഴിക്കാനുള്ള കച്ചവടസ്ഥലങ്ങളായി മാറി മിക്ക ആസ്പത്രികളും. വേണ്ടതും വേണ്ടാത്തതുമായ പരിശോധനകളും അവശ്യവും അനാവശ്യവുമായ ചികിത്സാപദ്ധതികളും ഊതിവീര്‍പ്പിക്കുന്ന ആശുപത്രിച്ചെലവും രോഗികളെ കൊല്ലാക്കൊല ചെയ്യുന്നു. 'ബൈസ്റ്റാണ്റ്റര്‍' എന്ന പുന്നാരപ്പേരിലുള്ള സഹായിയെ ഭ്രാന്തുപിടിപ്പിക്കുന്നു. ഇന്‍ഷുറന്‍സ്‌-തുക കൊടുക്കതെയൊപ്പിക്കാന്‍ ഡോക്ടര്‍മാരുമായുള്ള ഒത്തുകളിയെപ്പറ്റി അടുത്തിടെ വായിച്ചു. 'റിസെര്‍ച്ച്‌ സെണ്റ്റര്‍' എന്നൊരു വാലും തൂക്കിയ ചില ആസ്പത്രികളില്‍ അതിഗുഹ്യമായി മരുന്നുപരീക്ഷണങ്ങളും അവയവചോരണവും നടക്കുന്നുണ്ടെന്നുള്ള സംശയവും പലരും ഉന്നയിച്ചിട്ടുണ്ട്‌.

ആസ്പത്രികള്‍ വ്യവസായമാണെങ്കില്‍ കച്ചവടത്തിണ്റ്റെ നാട്ടുനിയമങ്ങളും ബാധകമാക്കണം. ചെയ്യുന്ന പണിക്കു കാശുവാങ്ങാം; പക്ഷെ തദനുഗുണമായ ഉത്തരവാദിത്വവും വേണം. എനിക്കിന്നുമറിയാത്ത ഒരു കാര്യമുണ്ട്‌ - എന്തുകൊണ്ട്‌ ഡോക്ടര്‍മാരും വക്കീല്‍മാരും കൊടുക്കുന്ന പണത്തിനു രശീതി തരുന്നില്ല?

രണ്ടുകാലില്‍പോയി നാലുകാലില്‍ മടങ്ങേണ്ടിവരുന്ന അവസ്ഥ ചിരിച്ചുതള്ളേണ്ടതല്ല. ആസ്പത്രികളിലെ ഇന്നത്തെ സ്ഥിതിവിശേഷങ്ങള്‍ കാണുമ്പോള്‍ അവിശ്വാസികള്‍പോലും മേല്‍പത്തൂരിണ്റ്റെ വരികള്‍ചൊല്ലി പ്രാര്‍ഥിച്ചുപോകും, 'അജ്ഞാത്വാ തേ മഹത്വം ..... ആയുരാരോഗ്യസൌഖ്യം' എന്ന് - ആസ്പത്രികള്‍ അവയുടെ യഥാര്‍ത്ഥമഹിമയറിഞ്ഞ്‌ ലീലകളും വേലകളും വെടിഞ്ഞ്‌ ജനങ്ങള്‍ക്ക്‌ ആയുരാരോഗ്യസൌഖ്യമുണ്ടാക്കട്ടേ എന്ന്!

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...