Sunday 13 December 2015

ബഹുമാനപ്പെട്ട ബ്രൂട്ടസ്‌

 (ഹോ)ണര്‍ എന്നാല്‍ അന്തസ്സ്‌, മാനം, ബഹുമതി എന്നെല്ലാം അര്‍ഥം. (ഹൊ)ണോറിഫിക്‌ എന്നാല്‍ ബഹുമാനസൂചകം, ബഹുമാനാര്‍ഥം എന്നെല്ലാം; (ഹോ)ണറബ്‌ള്‍ എന്നാല്‍ 'ആദരണീയ' / 'ബഹുമാന്യ'(നാ/യാ)യ എന്നും. 'ബഹുമാനപ്പെട്ട' എന്ന വാക്ക്‌ മലയാളികള്‍ക്കുമാത്രം സ്വന്തം. ഈ 'വാപൊളി' ഇല്ലാതെ മന്ത്രിയെന്നോ എം.എല്‍.എ.-എന്നോ ജഡ്ജിയെന്നോ ഗവര്‍ണറെന്നോ പറയാന്‍ വയ്യാതായിരിക്കുന്നു. പേര്‍ത്തും പേര്‍ത്തും കേള്‍ക്കുമ്പോള്‍ അതൊരു ഷേക്‌സ്പീരിയന്‍ കോമഡിയായി മാറുന്നു. അറിയാമല്ലോ ബഹുമാന്യനായ ബ്രൂട്ടസ്സിനെ മാര്‍ക്ക്‌ ആണ്റ്റണി പറഞ്ഞുപറഞ്ഞ്‌ അവസാനം എങ്ങനെ അങ്ങു ബഹുമാന'പ്പെടുത്തി'ക്കളഞ്ഞെന്ന്. ഓരോ തവണയും ഈ വിശേഷണം കേള്‍ക്കുമ്പോള്‍ എനിക്കോര്‍മ വരുന്നതു പാവം ബ്രൂട്ടസ്സിനെയാണ്‌.

എനിക്കിന്നും തിട്ടമായറിയില്ല, കറ്‍ണനും കുന്തിയും ദുര്യോധനനും ധര്‍മപുത്രനും പാഞ്ചാലിയും സീസറും ബ്രൂട്ടസ്സും മാര്‍ക്ക്‌ ആണ്റ്റണിയും ക്ളിയോപാട്രയുമെല്ലാം നല്ലവരായിരുന്നോ ചീത്തവരായിരുന്നോ എന്നെല്ലാം. അച്യുതനാണോ കേശവനാണോ തൊമ്മനാണോ ചാണ്ടിയാണൊ സ്വറ്‍ണമാണോ വെള്ളിയാണോ മുന്തിയതെന്ന്. ബഹുമാന്യരെ ബഹുമാനപ്പെടുത്തേണ്ട കാര്യമില്ല; അല്ലാത്തവരെ ബഹുമാനപ്പെടുത്താനും ഭാവമില്ല. രാഷ്ട്രീയക്കാരും ശിങ്കിടികളും അന്യോന്യം ബഹുമാനപ്പെടുത്തുമ്പോള്‍ എന്തോ ഒരു നമ്പൂരിശ്ശങ്ക. ഇല്ലാത്തതെന്തോ ഉണ്ടെന്നുണ്ടാക്കിയെടുക്കുന്നപോലെ; വയസ്സുകാലത്തെ മൂത്രശങ്കപോലെ.

എനിക്കൊരു വടക്കന്‍ സഹപ്രവര്‍ത്തകനുണ്ടായിരുന്നു. ആദ്യം കാണുമ്പോള്‍ ആരെയും ബഹുമാനിച്ചാശംസിച്ചങ്ങോട്ടുകെട്ടിപ്പിടിക്കും. രണ്ടാം നാള്‍തൊട്ട്‌ ആശംസ മാത്രം. പതുക്കെ അതുമില്ലാതാകും, പ്രത്യേകിച്ച്‌ ചുറ്റും പലരുമുണ്ടെങ്കില്‍. പരിചയംകൊണ്ട്‌ നമ്മള്‍ അറിയാതെ ആശംസിച്ചു ബഹുമാനിച്ചു പോകും. ആശാന്‍ ഗൌരവത്തിലങ്ങനെയിരിക്കും; തിരിച്ചാശംസിച്ചാലായി. രണ്ടുനാലു ദിനംകൊണ്ടങ്ങനെ ബഹുമാന്യന്‍ ബഹുമാനപ്പെട്ടവനാകും.

ഈ ബഹുമാനം എന്നുള്ളതു ചോദിച്ചുവാങ്ങേണ്ടതല്ല. അര്‍ഹതപ്പെട്ടാല്‍ അന്യര്‍ അറിഞ്ഞുതരും. ഒരു കസേരയുടെയോ പണക്കിഴിയുടെയോ കുപ്പായത്തിണ്റ്റെയോ കുടുംബത്തിണ്റ്റെയോ കൂട്ടായ്മയുടെയോ ബലത്തിലല്ല ബഹുമാനം. ഒരാളുടെ ബഹുമാന്യത വെറും ബഡായിയാകാം, പച്ചത്തട്ടിപ്പാകാം. ഒരാളുടെ ബഹുമാന്യത മറ്റൊരാളുടെ ബാധ്യതയാകാം, ഭാവനാസൃഷ്ടിയാകാം. ഒരാളുടെ ബഹുമാന്യത ഒരാളും അറിഞ്ഞില്ലെന്നുമാകാം, സത്യത്തിലാരും തിരിച്ചറിഞ്ഞില്ലെന്നുവരാം.

നമ്മുടെ പാര്‍ലമെണ്റ്റില്‍ സഭ കൂടുംമുന്‍പ്‌ കിന്നരിവച്ച ഒരാള്‍വന്നു വിളിച്ചുപറയും: "മാനനീയ... മാനനീയ..."എന്നൊക്കെ. ആ ലേബലില്ലാതെ വയ്യ സാമാജികര്‍ക്ക്‌. ആ ബഹുമാനപ്പെട്ടവരുടെ മാനനീയത അല്ലെങ്കില്‍ മാന്യത അല്ലെങ്കില്‍ മാനം എത്രയുണ്ടെന്നു നാം നന്നായി കാണുന്നുണ്ട്‌, സഭയ്ക്കകത്തും പുറത്തും. വി.ഐ.പി-എന്നു സ്വയമങ്ങു ചമയുന്ന, വിശ്വസിക്കുന്ന, വിശ്വസിപ്പിക്കുന്ന ഈ രാഷ്ട്രീയ-സംസ്കാരമാണ്‌ ഇന്ത്യയുടെ ശാപം. ലക്ഷക്കണക്കിനാളുകള്‍ നരകിക്കുമ്പോള്‍ ലക്ഷണമൊത്തവര്‍ 'അമ്പട ഞാന്‍' നടിക്കുന്നു. ആ ഗര്‍വും താന്‍പോരിമയും അഹംഭാവവും അഹങ്കാരവും അശുവാണെന്നും അറുബോറാണെന്നും അശ്ളീലമാണെന്നും അറപ്പുണ്ടാക്കുന്നതാണെന്നും അവര്‍ മനസ്സിലാക്കുന്നില്ല. മനസ്സിലായാലും മനസ്സിലായയെന്നു കാണിക്കുന്നില്ല. 'വിഗ്രഹമുടഞ്ഞാല്‍ വൈരൂപ്യം ബാക്കി' എന്നവര്‍ക്കു നന്നായറിയാം. അവരെച്ചുറ്റിയുള്ള ശിങ്കിടികളും അതറിഞ്ഞാലും അറിയാത്ത ഭാവത്തിലിരിക്കുന്നു. 'ഉരല്‍നക്കിപ്പട്ടികളുടെ കിറിനക്കിപ്പട്ടികള്‍' എന്നു നാട്ടുഭാഷയില്‍. സ്വന്തംകാര്യം നേടണ്ടേ. വിഗ്രഹം നന്നായാലല്ലേ നടവരവു കൂടൂ.

വണ്ടിപ്പുറത്തെ ചെമന്ന ലൈറ്റും, അതു നിയന്ത്രിച്ചപ്പോള്‍ വണ്ടിക്കു മുന്‍പിലും പിന്‍പിലും ചുവന്ന ബോര്‍ഡുകളും, കഴുത്തിലണിയുന്ന കോണകവും, വൈകിയെത്തലും വാപൊളിക്കലും ബഹുമാനപ്പെട്ടവരുടെ ചിഹ്നങ്ങളാകുന്നു. ഏറ്റവും രസം 'ഓണറബ്‌ള്‍'-മാര്‍ അന്യോന്യം ബഹുമാന'പ്പെടു'ത്തുമ്പോഴാണ്‌. 'നിന്‍പൃഷ്ഠം-എന്‍പൃഷ്ഠം' സിന്‍ഡ്റോം! അടുത്തിടെ കണ്ടു ഒരു രോഗപരിശോധന-ലബോറട്ടറിയില്‍, പണിക്കാര്‍ അന്യോന്യം 'ഡോക്ടര്‍-ഡോക്‌ടര്‍' എന്നു വിളിക്കുന്നത്‌. പാവങ്ങള്‍, അവരുമെന്തിനു കുറയ്ക്കണം?

'ബഹുമാനപ്പെട്ട'വര്‍ക്കു ക്യൂ-നില്‍ക്കാന്‍ വയ്യ. എല്ലാത്തിനും പ്രത്യേക പരിഗണന വേണം. അവര്‍ക്കിരിക്കാന്‍ സുല്‍ത്താണ്റ്റെതരം കസേരവേണം. പടമെടുക്കാനാളുവേണം. അകമ്പടിക്കു പോലീസുവേണം. സഞ്ചരിക്കാന്‍ വണ്ടിപ്പട വേണം. സഞ്ചരിക്കുമ്പോള്‍ പൊതുജനം തീണ്ടാപ്പാടകലത്താവണം. ആഹാരം പഞ്ചനക്ഷത്രമാകണം. വിഹാരം വിദേശത്താകണം. അവര്‍ക്കു നമ്മളെ പരമപുച്ഛമാണ്‌. എന്തുകൊണ്ടാവരുത്‌? തലകുനിച്ചുകൊടുത്താല്‍ ചവിട്ടാതിരിക്കാന്‍ അവര്‍ മനുഷ്യരാണോ? ദൈവങ്ങളല്ലേ? നമ്മെ ഒറ്റപ്പെടുത്തി പുച്ഛിച്ച്‌ പറ്റിച്ച്‌ അവരുടെ സ്ഥാനമുറപ്പിക്കുന്നു. എന്നവര്‍ വിചാരിക്കുന്നു.

ഇത്‌ ഇനിയുമെത്ര കാലം?

ഗാന്ധിജിയുടേതായി ഒരു ചൊല്ലുണ്ട്‌: "ആദ്യം അവര്‍ നിങ്ങളെ അവഗണിക്കുന്നു. പിന്നെ പരിഹസിക്കുന്നു. പിന്നെ നിങ്ങളെ എതിര്‍ക്കുന്നു..... അപ്പോള്‍ നിങ്ങള്‍ ജയിക്കുന്നു". അവര്‍ പവനായി ശവമായി മാറുമ്പോള്‍ നിങ്ങള്‍ ശവമായി പവനായി മാറുന്നു. ഇനിയെങ്കിലും അറിയുക, ബഹുമാന്യരല്ല ബഹുമാനപ്പെട്ടവര്‍; ബഹുമാനിക്കലല്ല ബഹുമാനപ്പെടുത്തല്‍.

ഒരു പുതിയ തലമുറ വളര്‍ന്നുവരുന്നുണ്ട്‌. അവരീ ചപ്പടാച്ചിയില്‍ മയങ്ങുന്നവരാവില്ല. കാത്തിരിക്കുക.

2 comments:

Dr. V. Sasi Kumar said...

നമ്മുടേതു് ഇന്നും ഒരു ഫ്യൂഡൽ സംവിധാനമല്ലേ, രാജാവാണു് നമ്മെ ഭരിക്കുന്നതു്, അല്ലെങ്കിൽ നമ്മെ ഭരിക്കുന്നവർ രാജാക്കന്മാരാണു് എന്നാണു് ജനങ്ങൾ ഇന്നും വിശ്വസിക്കുന്നതു്. അതിന്റെ പരിണതഫലമല്ലേ ഇതു്? ഇതൊരു ജനാധിപത്യരാജ്യമാണെന്നും അതുകൊണ്ടു് നമ്മളാണു് യഥാർത്ഥ ഭരണകർത്താക്കളെന്നും ജനങ്ങൾ എന്നു തിരിച്ചറിയുന്നുവോ അന്നേ ഈ സ്വഭാവം മാറൂ.

Madhu (മധു) said...

ബഹുമാനപ്പെട്ട എന്ന സംബോധനക്ക് സോഷ്യലിസ്റ്റ് സമൂഹത്തിൽ ഒരു ഗ്രാമർ മിസ്റ്റേക് ചില വിഡ്ഢികൾ സംശയിക്കുന്നുണ്ട്. അപമാനപ്പെട്ടവരായി മഹാഭൂരിപക്ഷം ഉള്ളതുകൊണ്ടാവണമല്ലോ ചിലർ ബഹുമാനപ്പെട്ടവരാവുന്നത്?
എല്ലാവരും തുല്യരാണ്, ചിലവ കൂടുതൽ തുല്യർ എന്നാണ് ഓർവൽ പറഞ്ഞത്.
ആ തീയ്യറി വച്ച് നമുക്ക് പ്രശ്നം പരിഹരിക്കാവുന്നതാണ്.
അപമാനപ്പെട്ടവരുടെ ഗണത്തിൽ വരുന്നവരുടെ ഒരു പട്ടിക ഗസറ്റിൽ പ്രസിദ്ധീകരിച്ചാൽ തീരുന്ന പ്രശ്നമാണ്. അതൊരു നിയമമാക്കിയാൽ ഈ പട്ടികയിൽ പെടാത്തവരെ ബഹുമാനപ്പെട്ടവരായി കണക്കാക്കുന്നതാണെന്ന് ഒരുത്തരവ്. മതി, സംഗതി ക്ലിയർ. നിയമം എല്ലാവരും അറിയേണ്ടതാണ്, അതിൽ ആർക്കും ഒഴിവു കഴിവില്ല.
എന്നിട്ടും ബഹുമാനത്തെ എടുത്തു മുമ്പിലിടാതെ പെരുമാറുന്നവരുടെ നാവരിഞ്ഞു കളഞ്ഞ് നമ്മൾ മാതൃകയാവണം.

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...