Sunday 18 December 2016

സമയമാം രഥത്തിൽ

സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു; എൻ സ്വദേശം കാൺമതിന്നായ് ഞാൻ തനിയെ പോകുന്നു....എന്നൊരു ഗാനമുണ്ട്.   മലബാറിലെത്തിപ്പെട്ട നഗേൽ എന്നൊരു ജെർമൻപാതിരി, മലയാളത്തിൽ നൂറ്റാണ്ടുകൾക്കുമുൻപെഴുതിയതാണത്രേ ഇത് (എഴുപതുകളിൽ വയലാർ രാമവർമ അതൽപം മാറ്റിപ്പകർത്തി, ‘അരനാഴികനേരംഎന്ന സിനിമയിൽ ചേർത്തു).   ഇപ്പാട്ടിന്‌ ലോകമെമ്പാടും പത്തുപതിനേഴു വിവർത്തനങ്ങളുമുണ്ടത്രേ.    സമാന്തരമായി മറാഠിയിലുമുണ്ടൊരു ഗാനം:  ആമി ജാതോ അമുച്യാ ഗാവാ...” (അത് സന്ത് തുക്കാറാമിന്റേതാണെന്നും കാണുന്നു.)


ആർക്കും ഈ പാട്ടിലെ ശോകച്ഛവി ശ്രദ്ധിക്കാതിരിക്കാനാവില്ല - സമയത്തെക്കുറിച്ചുള്ളതെന്തും ആത്യന്തികമായി ശോകജന്യമാണെന്നും.   ഒരു പക്ഷെ മരണചിന്തയാവാം മനസ്സിന്റെ മറയത്ത് മിന്നാട്ടമായി.   ഒരിക്കലും തിരിച്ചൊഴുകാൻ കഴിയാത്തതാണല്ലോ കാലം.   ഓരോ യാത്രയും കാലത്തിനെതിരെയുള്ള കുത്തൊഴുക്കാണ്‌.   യാത്ര തുടങ്ങിയേടത്തു തിരിച്ചെത്തിയാലും കഴിഞ്ഞകാലം തിരിച്ചെത്തില്ല.   ഓരോ നിമിഷവും നമ്മൾ മരണത്തോടടുക്കുന്നു എന്നതാണു സത്യം.


ആളുകളും അനുഭവങ്ങളും സംഭവങ്ങളും ആവർത്തിക്കുന്നുണ്ടാവാം.   അതാണല്ലോ വട്ടംചുറ്റുന്ന രഥചക്രങ്ങൾ സൂചിപ്പിക്കുന്നത്.   ആ ചക്രങ്ങളിലേറി കാലം മുൻപോട്ടോടുന്നു.  


സൂര്യനാണ്‌ നമുക്ക് നിത്യേന സമയബോധമുണ്ടാക്കുന്നത്.   സമയത്തിന്റെ പ്രത്യേക സന്ധികളെ നാം സന്ധ്യയെന്നു വിളിക്കുന്നു.   വെളിച്ചത്തിൽ നിന്ന് ഇരുളിലേക്കു കടക്കുന്നതു സായംസന്ധ്യയിൽ.   ഇരുളിൽനിന്ന് വെളിച്ചത്തിലേക്കു കടക്കുന്നതു ഉഷ:സന്ധ്യയിൽ.   ഏഴുകുതിരകളെ കെട്ടിയ രഥത്തിലാണ്‌ സൂര്യഭഗവാന്റെ ജൈത്രയാത്രയെന്നാണ്‌ ഭാരതീയസങ്കൽപവും  (സൂരജ് കാ സാത്വാ ഖോഡ’-യും കൂട്ടത്തിൽ ഓർത്തുപോകുന്നു).


പ്രാത:സന്ധ്യ പ്രതീക്ഷയുടേയും സായംസന്ധ്യ വേർപാടിന്റെയും സമയമായാണ്‌ പൊതുവെ നമുക്കനുഭവം.   സുപ്രഭാതം തുടങ്ങുന്നത്, “കൗസല്യാസുപ്രജാ രാമാ പൂർവസന്ധ്യാ പ്രവർത്തതേ, ഉത്തിഷ്ഠ നരശാർദ്ദൂല കർത്തവ്യം ദൈവമാഹ്നികം...എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടല്ലേ.   ഇതിന്റെ മറ്റൊരു മനോഹരഭാഷ്യമാണ്‌ മറാഠിയിലെ ഘനശ്യാമ സുന്ദരാ ശ്രീധരാ അരുണോദയ ഝാലാ, ഉഠി ലവ്കരി വനമാലീ, വനമാലീ...”.   അതേ ഈണത്തിൽ നമുക്കുമുണ്ടൊന്ന്‌: നീലഗിരിയുടെ സഖികളേ, ജ്വാലാമുഖികളേ, ജ്യോതിർമയിയാം ഉഷസ്സിനു വെള്ളിച്ചാമരം വീശും മേഘങ്ങളേ സുപ്രഭാതം, സുപ്രഭാതം, സുപ്രഭാതം.....“.


സന്ധ്യക്കെന്തിനു സിന്ദൂരംഎന്നും വാതിൽപ്പഴുതിലൂടെൻമുന്നിൽ കുങ്കുമം വാരിവിതറും ത്രിസന്ധ്യപോലെഎന്നും കേട്ട പ്രണയതരളിതരായ കമിതാക്കൾക്കു തോന്നും, ”ഗോപുര മുകളിൽ വാസന്ത ചന്ദ്രൻ ഗോരോചനക്കുറി വരച്ചു....എന്നെല്ലാം.    എന്നാൽ വിരഹികളോ  ഭഗ്നാശരോ സന്തപിക്കുക,  ”സന്ധ്യേ, കണ്ണീരിതെന്തേ സന്ധ്യേ...എന്നായിരിക്കും.


പൊതുവെ, തിര്യക്കുകൾക് പ്രഭാതം കൂടുവിട്ടിറങ്ങാനും, സന്ധ്യ കൂടണയാനുമാണ്‌.   ദൈനികചക്രം പകൽ പണിയെടുക്കാനും രാത്രി വിശ്രമിക്കാനുമാണെന്നാണു പ്രകൃത്യാ.   അതിർത്തിയിലെ സൈനികർ, നാട്ടിലെ കാവൽക്കാർ, പെരുവഴിയിലെ വണ്ടിയോട്ടക്കാർ, ഫാക്റ്ററികളിലെ രാത്രിപ്പണിക്കാർ എന്നിവരുടെ ശാരീരികവും മാനസികവുമായ സമ്മർദ്ദം ഊഹിക്കാവുന്നതേയുള്ളൂ.   മൃഗങ്ങളിൽ ശ്വാനവർഗം മാത്രമേ പകലുറങ്ങിയും രാത്രി കുരച്ചും സമയത്തെ തലകുത്തി നിർത്താറുള്ളൂ.   പിന്നെ കൊതുകും എലിയും പെരുച്ചാഴിയും മരപ്പട്ടിയും കാലങ്കോഴിയും മൂങ്ങയുമെല്ലാം ഇല്ലെന്നില്ല.   അത്തരക്കാരുമുണ്ട് നമ്മുടെ ഇടയിൽ!   പിൽക്കാലത്ത് ദു:ഖമേ നിനക്കു പുലർകാല വന്ദനം, കാലമേ നിനക്കഭിനന്ദനം....എന്നു വിധിക്കു കീഴടങ്ങേണ്ടിവരുന്നവരാണവർ.


ഒറ്റപ്പെടലിന്റെ ഒരുനൂറുവർഷങ്ങൾപങ്കിട്ട് മാർക്കേസ് കാലത്തെ തിരിച്ചൊഴുക്കിയപ്പോഴാണ്‌ ജീവിതമേയൊരു മാജിക്കൽ റിയലിസമാണെന്ന് നമുക്കു തോന്നിപ്പോയത്.   കാലത്തെ തിരിച്ചുവയ്ക്കുന്നവരുണ്ട്.   കാലത്തെ കവച്ചുവയ്ക്കുന്നവരുണ്ട്.   കാലത്തെ കടത്തിവെട്ടുന്നവരുണ്ട്.   കാലത്തെ കുന്നിക്കുരുവാക്കുന്നവരുമുണ്ട്.   എന്നാൽ കാലത്തെ കുരുതിക്കുകൊടുക്കുന്നവരെമാത്രം കാലം മാപ്പാക്കില്ല.   ചെയ്യേണ്ടതു ചെയ്യാതെ ചെയ്യേണ്ടാത്തതുമാത്രം ചെയ്തുചെയ്തു ചീഞ്ഞുചാവാൻ വിധിക്കപ്പെട്ടവരാണവർ.


സമയത്തിന്റെ വില അറിയാത്തവരാണവർ.   സമയത്തിലെത്താത്തവരാണവർ.   സമയത്തിനൊക്കാത്തവരാണവർ.   ഒരുപക്ഷെ നമ്മൾ ഇന്ത്യക്കാരായിരിക്കും ലോകത്തെ മികച്ച സമയംകൊല്ലികൾ.   ഐ.എസ്.ടി. എന്ന ഇൻഡ്യൻ സ്റ്റാന്റേർഡ് ടൈം’ (ഭാരതീയ മാനകസമയം) എന്നത് ഇന്റിവിഡ്വൽ സ്റ്റാന്റേർഡ് ടൈം’ (തന്തോന്നി സമയം) ആണെന്നു പരാവർത്തനം ചെയ്തവരാണു നാം.   ഒരു കൊച്ചുയോഗം പോലും സമയത്തിനു തുടങ്ങിക്കണ്ടിട്ടുണ്ടോ ഇവിടെ?   പണ്ടൊക്കെ അധ്യക്ഷനും മറ്റുമടങ്ങുന്ന പ്രധാനപ്പെട്ടവരായിരുന്നു വൈകി എത്തിച്ചേർന്നിരുന്നത്.   അതുകണ്ടു പരിചയപ്പെട്ടുപഠിച്ച് സദസ്യരും വൈകിയെത്താൻതുടങ്ങി.   സംഘാടകർക്കുമറിയാം അഞ്ചെന്നു പറഞ്ഞാൽ ആറിനേ ആളുകളെത്തുള്ളൂ എന്ന്.   ഇപ്പോഴൊക്കെ ആറിനുള്ള യോഗം അഞ്ചരയ്ക്കെന്നു പറയും.   അല്ലെങ്കിൽ അഞ്ചഞ്ചരയ്ക്കെന്ന്.   അടുത്തിടെ കണ്ടു, സദസ്യരെത്തിയിട്ടും അധ്യക്ഷനെത്തിയിട്ടും ചില സംഘാടകരെത്താത്തതിനാൽ യോഗം വൈകിത്തുടങ്ങിയതും.


ആയിരത്തിത്തൊള്ളായിരത്തി എൺപതുകളിൽ, ഡോ. എസ്. എൻ. സിദ്ദിക്കി എന്നൊരു മേലധികാരി ഉണ്ടായിരുന്നു എനിക്ക്.   പത്തുമണിക്കു മീറ്റിംഗ് എന്നു പറഞ്ഞാൽ പത്തുമണിക്കുതന്നെ അതു തുടങ്ങിയിരിക്കും അദ്ദേഹം.   പത്തുമണികഴിഞ്ഞ് ആരു വന്നാലും, “നിങ്ങളില്ലാതെ മീറ്റിംഗ് തുടങ്ങാൻ കഴിഞ്ഞു; അതുകൊണ്ട് നിങ്ങളുടെ ആവശ്യം ഇനിയില്ല”, എന്നു പറഞ്ഞ് അവരെ മടക്കി അയക്കും.   ഒരിക്കൽ ഞാനും അദ്ദേഹവും മാത്രമായിക്കൂടി ഒരു കമ്മിറ്റിയോഗം കൂടിയിട്ടുണ്ട്!   ഇന്നും ഞാൻ സമയത്തിനെത്തുന്നുണ്ടെങ്കിൽ, വൈകുന്നെങ്കിൽ അതു സമയാസമയം സംഘാടകരെ അറിയിക്കുന്നുണ്ടെങ്കിൽ ആ കൊടുംചിട്ടയ്ക്കു ഞാൻ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോടാണ്‌.


ഭൗതികതലത്തിൽ വസ്തുക്കളുടെ വേഗം പ്രകാശവേഗത്തെ പുറംതള്ളാൻ വയ്യെന്നാണ്‌ ഐൻസ്റ്റീന്റെ അഭ്യൂഹം; അതുവരെ സമയം എന്ന ഏകകത്തിന്‌ യാതൊരുതരം ആപേക്ഷികവ്യതിയാനവും സംഭവിക്കില്ലെന്നും.   ഇനി അഥവാ താത്ത്വികതലത്തിലെങ്കിലും പ്രകാശവേഗത്തെ മറികടക്കാനായാൽ, സമയത്തിനു ച്യുതം സംഭവിക്കുമെന്നും അനുമാനമുണ്ട്.   അപ്പോൾ മാത്രം.



ഐൻസ്റ്റൈൻ പറഞ്ഞതെന്താണെങ്കിലും - എന്തുവേണമെങ്കിലും പറഞ്ഞോട്ടെ- സമയമെന്നതു വലിച്ചാൽ വലിയും, വിട്ടാൽകൂടും എന്നു നമുക്കല്ലേ അറിയൂ.   കാത്തിരിക്കുന്നവനെ കാണാതിരിക്കുമ്പോൾ സമയം ഇഴഞ്ഞിഴഞ്ഞു നീങ്ങും.   അവസാനം കാത്തുകാത്തിരുന്നവൾ കൂടിച്ചേർന്നിരിക്കുമ്പോൾ സമയമങ്ങു പറക്കും.   മനോവേഗത്തിന്‌ പ്രകാശവേഗത്തെ അതിക്രമിക്കാനാനുമാവും!

1 comment:

Madhu (മധു) said...

നാം സാധാരണ കാണുന്നതിന്റെ കേള്‍ക്കുന്നതിന്റെ ഒരു അസാധാരണ മാനം കാട്ടിത്തരികയാണ്Dr. Narayana Swamy വരികളിലൂടെ... കാലത്തെ, സമയത്തെ, ദൈനികചക്രത്തിന്റെ കാണാപ്പുറത്തേക്കു നമ്മെ നയിക്കുന്ന കാവ്യഭാഷ. പകലുറങ്ങി, രാത്രി കുരച്ചുകൊണ്ട് സമയത്തെ തലകുത്തി നിര്‍ത്തുന്ന ശ്വാനന്‍... മനോഹരമായിരിക്കുന്നു. നല്ല വായനക്ക് നന്ദി.

'പ്രാത:സന്ധ്യ പ്രതീക്ഷയുടേയും സായംസന്ധ്യ വേര്‍പാടിന്റെയും സമയമായാണ് പൊതുവെ നമുക്കനുഭവം. സുപ്രഭാതം തുടങ്ങുന്നത്, 'കൗസല്യാസുപ്രജാ രാമാ പൂര്‍വസന്ധ്യാ പ്രവര്‍ത്തതേ, ഉത്തിഷ്ഠ നരശാര്‍ദ്ദൂല കര്‍ത്തവ്യം ദൈവമാഹ്നികം...' എന്ന് ഉദ്‌ബോധിപ്പിച്ചുകൊണ്ടല്ലേ. ഇതിന്റെ മറ്റൊരു മനോഹരഭാഷ്യമാണ് മറാഠിയിലെ 'ഘനശ്യാമ സുന്ദരാ ശ്രീധരാ അരുണോദയ ഝാലാ, ഉഠി ലവ്കരി വനമാലീ, വനമാലീ...'. അതേ ഈണത്തില്‍ നമുക്കുമുണ്ടൊന്ന്: 'നീലഗിരിയുടെ സഖികളേ, ജ്വാലാമുഖികളേ, ജ്യോതിര്‍മയിയാം ഉഷസ്സിനു വെള്ളിച്ചാമരം വീശും മേഘങ്ങളേ സുപ്രഭാതം, സുപ്രഭാതം, സുപ്രഭാതം.....'

ഐന്‍സ്‌റ്റൈന്റെ തീയ്യറിയില്‍ നിന്നുതന്നെയാവണം നമുക്ക് ഒരു പക്ഷേ IST ക്ക് ഇന്ത്യന്‍ സ്ര്‌ടെച്ചബ്ള്‍ ടൈം എന്നുകൂടി പേരു കിട്ടിയത്....

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...