Thursday 8 December 2016

കേരളപ്പിറവി - അന്നെനിക്കാറ്‌

ഈ വർഷം (2016) കേരളം അറുപതു തികഞ്ഞ് വെയിൽകാഞ്ഞിരിക്കുകയാണ്‌.   ഇതു വായിക്കുന്നവരിൽ ബഹുഭൂരിപക്ഷവും കേരളപ്പിറവി കണ്ടുകാണില്ല.   എനിക്കതിനുള്ള ഭാഗ്യമുണ്ടായിരുന്നു.   അന്നെനിക്കു വയസ്സാറ്‌.   കാര്യങ്ങൾ അൽപാൽപം  അറിഞ്ഞുതുടങ്ങുന്ന പ്രായം.   എങ്കിലോ ഓർമകൾ ഇന്നും ബാക്കി.


ആയിരത്തിത്തൊള്ളയിരത്തി അൻപതുകളിൽ ഒന്നാംക്ളാസ്സിൽ ചേരാൻ വയസ്സഞ്ചു തികയണം.   നാട്ടിൻപുറക്കാർ പ്ളേ-സ്കൂൾ, നഴ്സറി, കെ. ജി. എന്നുള്ള പേരുകൾ കേട്ടിട്ടുപോലുമില്ലാത്ത കാലം.   അന്നൊക്കെ ജൂൺ-മാസം ആദ്യത്തെ തിങ്കളാഴ്ചയാണ്‌ സ്കൂൾ തുറക്കുക.   അന്നേയ്ക്ക് അഞ്ചുവയസ്സു തികഞ്ഞവരെയേ ഒന്നാംക്ളാസ്സിൽ ചേർക്കൂ.   തികഞ്ഞില്ലെങ്കിൽ തികയ്ക്കും.   അതു വേറെ കാര്യം.   ഏതാനും മാസങ്ങളുടെ വ്യത്യാസത്തിൽ ഒരു അധ്യനവർഷം നഷ്ടപ്പെടണ്ടല്ലോ എന്നായിരുന്നു അതിനുള്ള യുക്തി.   ജൂലൈ-യിൽ പിറന്ന എനിക്ക് ജൂണിൽ വയസ്സുതികയ്പ്പിച്ച് ഒന്നാംക്ളാസ്സിലെടുത്തു വിലാസിനിട്ടീച്ചർ (അവർ എന്റെ അമ്മയുടെ സഹപാഠിയുമായിരുന്നു).   ആ വർഷം ആ മാസം രണ്ടാംതിയതി അഞ്ചുവയസ്സുതികഞ്ഞ ഒരുപാടുപേർ ആ ക്ളാസ്സിലുണ്ടായിരുന്നിരിക്കണം!   എന്റെ വീട്ടിൽതന്നെ മൂന്നുപേർക്കാണ്‌ പലവർഷങ്ങളിൽ ഒരേദിവസം ജനനത്തിയതി.   ഞങ്ങളുടെയെല്ലാം വീട്ടിലെ വിളിപ്പേരുവിട്ട് സ്കൂളിൽ ഔപചാരികനാമം ഒരുക്കുന്നതും ആ ടീച്ചറായിരുന്നു.   ആൺകുട്ടികൾക്കു നീണ്ട പേര്‌; പെൺകുട്ടികൾക്കു സുന്ദരിപ്പേര്‌ - അതായിരുന്നു അവരുടെ ചിട്ട.   എന്നേക്കാൾ വലിയ പേര്‌ എനിക്കങ്ങനെയാണ്‌ ഉണ്ടായത്.  


അച്ഛനമ്മമാർ മക്കൾക്ക് എങ്ങനെയെങ്കിലും  അഞ്ചുവയസ്സു തികഞ്ഞുകിട്ടുന്നതിന്‌ പെടാപ്പാടു പെടുമായിരുന്നു.   ഒരു പണിയുമില്ലാതെ അഞ്ചുവർഷം തിന്നും കുടിച്ചും വഴക്കടിച്ചും വേലിചാടിയും, വീട്ടിലും തൊടിയിലും അതുരണ്ടുമല്ലാത്ത ഇടങ്ങളിലൊക്കെയും ക്ഷമപരീക്ഷിക്കുന്ന പുന്നാരമക്കളെ എങ്ങനെയെങ്കിലും പള്ളിക്കൂടത്തിൽ പറഞ്ഞയക്കും.   അങ്ങനെ അഞ്ചാറുമണിക്കൂർ സ്വസ്ഥമായിരിക്കാമല്ലോ ആഴ്ചയിൽ അഞ്ചാറു ദിവസം.   അതോടെ കുട്ട്യാസുരൻമാർക്ക് സ്വന്തം വീട് രണ്ടാംവീടാകും; സ്കൂൾ ഒന്നാം വീടും.   തട്ടകം രണ്ടും ഒരുപോലെ തകർക്കും.


ഒന്നാംക്ളാസ്സിൽ ചേർന്നതിനുശേഷവും മുലകുടിച്ചുവരുന്ന പിള്ളേരുണ്ടായിരുന്നു അക്കാലങ്ങളിൽ.   അത്രയ്ക്കില്ലെങ്കിലും, വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയാൽ മുലക്കുപ്പിയിൽ (ഇന്നതിനു പേര്‌ ‘ഫീഡിംഗ് ബോട്ടിൽ’) പാലുകുടിക്കണമെന്ന് എനിക്കു നിർബന്ധമായിരുന്നു.   ഒരു ദിവസം (അമ്മയുടെ പരാതികേട്ട്) വിലാസിനിട്ടീച്ചർ പരിഹസിച്ചപ്പോഴാണ്‌ ഞാനതു നിർത്തിയത്.   അന്നൊക്കെ എനിക്ക് അമ്മ പറയുന്നതിനേക്കാൾ വില ടീച്ചർ പറയുന്നതിനായിരുന്നു.


ഒരുവർഷം അ-ആ-ഇ-ഈയും ഒന്ന്-രണ്ട്-മൂന്ന്-നാലും ‘വാ കുരുവീ, വരു കുരുവീ’-യും ‘ഗോപാലകൃഷ്ണൻ ഗോവിന്ദൻ ബലരാമനെക്കൂടെക്കൂടാതെ’-യും പഠിച്ചു പാസ്സായി, രണ്ടാംവർഷം സ്കൂൾതുറന്നപ്പോഴാണ്‌ ഒരു ക്രമപ്രശ്നം ഞാനുന്നയിക്കുന്നത്.   ഞാൻ വിലാസിനിട്ടീച്ചറുടെ ഒന്നാംക്ളാസ്സിലേയിരിക്കൂ.   വേണമെങ്കിൽ ടീച്ചർ രണ്ടാംക്ലാസ്സിലേക്കുവന്നോട്ടെ.   എനിക്കു രണ്ടാംക്ളാസ്സും വേണം വിലാസിനിട്ടീച്ചറും വേണം.    ആദ്യം അനുനയം.   പിന്നെ നിർബന്ധം.   രണ്ടും ഫലിച്ചില്ലെന്നുകണ്ടപ്പോൾ ആദ്യമായി വിലാസിനിട്ടീച്ചർ ഒന്നു കനപ്പിച്ചു ഒച്ച - ‘വലിയ കുട്ടികൾ വലിയ ക്ളാസ്സിൽ പോണം; ഇല്ലെങ്കിൽ പേരുവെട്ടും!’   പേരുവെട്ടൽ എന്തോ മരംവെട്ടുന്നതുപോലെയാണെന്നോ കാലുവെട്ടുന്നതുപോലെയാണെന്നോ തലവെട്ടുന്നതുപോലെയാണെന്നോ ധരിച്ചുവച്ചിരുന്ന കാലമായിരുന്നു അത്.   തൊട്ടുമുൻപത്തെ വേനലവധിക്കാലത്താണ്‌ വീട്ടിലെ കുളം വെട്ടാനും കിണറുവെട്ടാനും ആളുവന്നപ്പോൾ ഞാൻ അലറിവിളിച്ച് അവരെ ആട്ടിയോടിക്കാൻ സാഹസപ്പെട്ടത്.   അതു ഞാൻ മറന്നിട്ടില്ലായിരുന്നു;  വീട്ടുകാർ പൊറുത്തിട്ടുമില്ലായിരുന്നു.   (ഞങ്ങളുടെ നാട്ടിൽ കുളവും കിണറുമെല്ലാം തേകി വൃത്തിയാക്കുന്നതിന്‌ ‘വെട്ടൽ’ എന്നാണു പറയുക; കുളം കുഴിക്കലും കിണർ കുത്തലുമാണ്‌ നിർമാണപ്രവർത്തനം. ‘വെട്ടൽ’ വെറും ‘മെയിന്റെനൻസ്’.   കുളംതോണ്ടൽ മറ്റേക്കാര്യം.   ഇതൊക്കെയുണ്ടോ ഞാനറിയുന്നു?)   പേരുവെട്ടുമെന്നു കേട്ടതും ഞാനതിൽ വീണു.   മരത്തട്ടികകൊണ്ടുമറച്ച അടുത്തക്ളാസ്സിലേക്ക് ഞാൻ മനസ്സില്ലാമനസ്സോടെ നീങ്ങി.


കൊല്ലം 1956.   രണ്ടാംക്ളാസ്സ് മുത്തുമാഷിന്റെ ക്ളാസ്സ്.   എന്റെ നോട്ടത്തിൽ മുത്തുമാഷ്, വിലാസിനിട്ടീച്ചറുടെ ഒരു ആന്റി-തീസിസ്.   അതോടെ ഉടക്കിന്റെ തുടക്കം.   മഴപെയ്യുന്നതും (ഇടവപ്പാതിയല്ലേ) മദ്ദളം കൊട്ടുന്നതും (കേരളം രാഷ്ട്രീയമായി ഇളകിമറിയുകയല്ലേ) ഇഷ്ടവിനോദങ്ങൾ.   എന്നും തപ്പും ചെണ്ടയുമായി ഒരു ജാഥയെങ്കിലും കാണും.    മുഷ്ടിചുരുട്ടലും മുദ്രാവാക്യം മുഴക്കലും ചുമരെഴുത്തും നോട്ടീസ് വിതരണവുമായി രാഷ്ട്രീയരംഗം തിളച്ചുമറിയുമായിരുന്നു.   പാരമ്പര്യമായും പാരസ്പര്യംമൂലവും പഴയ കോൺഗ്രസ്സുകാരായിരുന്നത്രേ ഞങ്ങൾ.   വികൃതികൂടിയാൽ ‘എടാ, കമ്മൂ, കമ്മൂണിഷ്ടേ’ എന്നായിരുന്നു വീട്ടുകാരുടെയും നാട്ടുകാരുടെയും ചീത്തവിളി.   മുന്നിറക്കൊടി കണ്ടാൽ ‘ജെയ്’ വിളിക്കണം, ചെങ്കൊടി കണ്ടാൽ മുഖം തിരിക്കണം.   അതായിരുന്നു നാട്ടുനടപ്പ്.   എല്ലാ സ്വാതന്ത്ര്യദിനത്തിന്റന്നും പതാക ഉയർത്തി (അതു മിക്കവാറും നടുക്കു ചർക്കയുള്ള കോൺഗ്രസ്സ് കൊടിയായിരുന്നില്ലേ എന്ന് ഇന്നൊരു ശങ്ക), ദേശീയഗാനം പാടി, ‘ഭാരത്മാതാ കീ ജെയ്, മഹാത്മാഗാന്ധീ കീ ജെയ്, ജവഹർലാൽ നെഹ്റൂ കീ ജെയ്’ എന്നാർത്തലയ്ക്കണം.   ഇത്രയുമായിരുന്നു ഞങ്ങളുടെ അക്കാലത്തെ രാഷ്ട്രീയ നിലപാടുതറ.   നെഹ്റു-എന്ന് ഉറക്കെയും ഈ.എം.എസ്സ്.-എന്നു പതുക്കെയും ആളുകൾ സംസാരിച്ചിരുന്നുവെന്നോർക്കുന്നു.


അങ്ങനെ രണ്ടാം ക്ളാസ്സ്.   മലയാളത്തോടൊപ്പം അൽപം കണക്കും ‘മറ്റുവിഷയ’വും ആയിരുന്നു ‘സിലബസ്’.   ‘എഞ്ചുവടി’ തുടങ്ങിയോ എന്നു സംശയം.   ചാണും അംഗുലവും ഇഞ്ചും അടിയും മുഴവും കോലും  വാരയും മൈലും ഫർലോങ്ങും പലവും റാത്തലും പൗണ്ടൂം സേറും ഔൺസും ഗാലനും ഞങ്ങളുടെ വിജ്ഞാനശേഖരത്തിൽ ദഹിക്കാതെ കിടന്നു.   ഒന്ന്, മുക്കാൽ, അര, കാൽ അരയ്ക്കാൽ, മുണ്ടാണി, ഇമ്മി എന്നൊക്കെ കേട്ട് ഞങ്ങൾ കിടുങ്ങി.   ചില്ലി, പൈ, അരയ്ക്കാലണ, (ഓട്ട)ക്കാലണ, അരയണ, ഒരണ, രണ്ടണ, എട്ടണ,  ഒരുരൂപ, വെള്ളിയുറുപ്പിക, ബ്രിട്ടീഷ് രൂപ എന്നതെല്ലാം ഞങ്ങളെ കുരുക്കി.   ഒറ്റനോട്ടും (ഒരു രൂപാ നോട്ട്) ഇരട്ടനോട്ടും (രണ്ടു രൂപാ നോട്ട്) കണ്ടിട്ടുണ്ടെന്നു തോന്നുന്നു; കേട്ടിട്ടെങ്കിലുമുണ്ട്.   പത്തും നൂറുമെല്ലാം അപ്രാപ്യമായിരുന്നു.   കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല.


പക്ഷെ പാഠ്യേതരവിഷയങ്ങൾ പ്ളെന്റി.   മുതിർന്ന കുട്ടികൾ (രണ്ടും മൂന്നും വർഷം അതേക്ലാസ്സിൽ തോറ്റുതോറ്റു പഠിക്കുന്ന വികൃതിയും വൈകൃതവും ഒരുപോലെ ശീലിച്ച സീനിയേർസ്) ധാരാളമുണ്ടായിരുന്നു.   അവരുടെ   അംഗീകൃത ‘പച്ച-പെനസീൽ’-കച്ചവടവും, അനധികൃത ‘ചുക്കുണ്ട’ വിൽപനയും മനസ്സിൽ പതിഞ്ഞു കിടപ്പുണ്ട്.   പാവപ്പെട്ട പിള്ളേർ പാടങ്ങളിൽനിന്നു പറിച്ചെടുക്കുന്ന ‘വെള്ളംചാടിപ്പച്ച’, അന്നു ഞങ്ങൾ ഉപയോഗിച്ചിരുന്നതരം സ്ലേറ്റുതുടയ്ക്കാൻവേണ്ടി വിൽപ്പനക്കെത്തിക്കും ക്ളാസ്സിൽ - പച്ചത്തണ്ടിന്റെ നീളത്തിനൊപ്പിച്ച സ്ലേറ്റ്-പെൻസിൽ കൊടുക്കണം അതു വാങ്ങാൻ.   ആ പാവപ്പെട്ട കുട്ടികൾ അത്തരം കുറ്റിപ്പെൻസിൽ ശേഖരിച്ചാണ്‌ ക്ളാസ്സിൽ പാഠങ്ങൾ ചെയ്തുപഠിക്കുക.   വീട്ടിൽനിന്ന് കുപ്പികളിൽ വെള്ളവും തൊടിയിൽനിന്ന് ‘മഷിത്ത’ണ്ടും സ്ലേറ്റുതുടയ്ക്കാൻ കൊണ്ടുപോയിരുന്നു ഞങ്ങൾ.   എങ്കിലും ‘വെള്ളംചാടിപ്പച്ച’യേകുന്ന നിറവും മണവും അവയ്ക്കു നൽകാനായിരുന്നില്ല.   വേറെയും പല അക്കരപ്പച്ചകൾപോലെ അതും വെറും തോന്നലായിരുന്നോ ആവോ.


സ്കൂളിന്‌ മൂത്രപ്പുരയൊന്നുമുണ്ടായിരുന്നില്ല.   വേലിക്കെട്ടിനടുത്തുപോയി മൂത്രമൊഴിക്കലായിരുന്നു അന്നത്തെ രീതി.   പെൺകുട്ടികൾക്ക് ഒരു വേലിയുടെ മറയുണ്ടായിരുന്നു.   അതിൽ ആൺകുട്ടികളുടെ അല്ലറചില്ലറ തരികിടകളും ക്ളാസ്സിൽവച്ചുതന്നെ തുണിപൊക്കിനോക്കലും അക്കാലത്തേ പ്രചുരപ്രചാരമായിരുന്നു.   മലയാളികളുടെ ഞരമ്പുരോഗത്തിന്‌ കാലപ്പഴക്കമുണ്ട് എന്നർഥം.   അശ്ലീലാധിഷ്ഠിത പദസഞ്ചയങ്ങൾ, ദ്വയാർഥപ്രയോഗങ്ങൾ എല്ലാം ആദ്യമായിക്കേൾക്കുന്നത് അന്നായിരുന്നു.   ചുറ്റുവട്ടത്തിനൊപ്പം വളരാൻ ഞാൻ പാടുപെടുകയായിരുന്നു.


സ്കൂൾ തുറക്കുന്ന ദിവസവും മുഴുക്കൊല്ലപ്പരീക്ഷയ്ക്കുശേഷം അടയ്ക്കുന്ന ദിവസവും മാത്രമാണ്‌ ഞങ്ങൾക്ക് സ്കൂൾ-ഗേറ്റിനു പുറത്ത് ഇരുവശത്തുമായി ചാക്കുവിരിച്ചിരുന്നിരുന്ന രണ്ടു സ്ത്രീകളുടെ പക്കൽനിന്ന് കപ്പലണ്ടിയും ചാമ്പയ്ക്കയും വാങ്ങാൻ വീട്ടിൽനിന്ന് അനുവാദമുണ്ടായിരുന്നത്.   കാലണയ്ക്കു കപ്പലണ്ടിയും അരയണയ്ക്ക് ചാമ്പയ്ക്കയും.   കൂടെയുള്ള ‘ചുക്കുണ്ട’യ്ക്ക് ജാതിപരമായ വിലക്കുണ്ടായിരുന്നു.   അതിൽതന്നെ ചട്ടയും മുണ്ടും തക്കയും താലിയും കൊന്തയും വെന്തിങ്ങയുമുള്ള വയസ്സായ ‘ഉമ്മ’യുടെ പക്കൽനിന്നേ ഞങ്ങൾ ഫ്യൂഡൽ-‘ആഢ്യൻ’മാർ കാലണയ്ക്കു കപ്പലണ്ടി മേടിച്ചിരുന്നുള്ളൂ.   മറ്റേ സ്ത്രീ, യുവതി, അൽപം കുശുമ്പി ആയിരുന്നെന്നാണു കരക്കമ്പി.   ആർക്കായിരുന്നോ ശരിക്കും അസൂയ!   എന്തിനായിരുന്നോ ആവോ.


കാവിലെ താലപ്പൊലിക്കും അമ്പലത്തിലെ ഉത്സവത്തിനും മാത്രമേ ‘ഐസ്-ഫ്രൂട്ട്’-ഉം ‘പഞ്ഞി-മിഠായി’-യും ഞങ്ങൾക്കു വാങ്ങിത്തന്നിരുന്നുള്ളൂ വീട്ടുകാർ.   പിന്നെ മൊട്ടപ്പൊരി, മലർപ്പൊരി, അവൽ, അവൽപ്പൊരി എന്നീ നാടൻ വിഭവങ്ങളും.   ‘ഐസ്-ക്രീം’? - അതെന്തായിരുന്നോ ആവോ!


സ്കൂൾ തുറക്കുമ്പോൾ പഴയപുസ്തകം പകുതിവിലയ്ക്കു വിൽക്കുന്ന / വാങ്ങുന്ന സമ്പ്രദായവുമുണ്ടായിരുന്നു അക്കാലങ്ങളിൽ.   നന്നായി കൈകാര്യംചെയ്തിരുന്നവരുടെ പുസ്തകങ്ങൾക്ക് നല്ല ഡിമാന്റുമായിരുന്നു.   എന്റെ അയൽപക്കത്തെ (അകാലത്തിൽ മരണപ്പെട്ട) ബേബി പത്താംക്ളാസ്സുവരെ എന്റെ പഴയപുസ്തകങ്ങളാണുപയോഗിച്ചിരുന്നത്.   പഠിക്കുന്നതിനു പണംവാങ്ങരുത് എന്നതായിരുന്നു എന്റെ വീട്ടിലെ മതം.   കോളേജിൽ ഞാൻ പഠിച്ചതും എന്റെ ഇളയച്ഛന്റെ മകളുടെ പല പഴയപുസ്തകങ്ങളുമുപയോഗിച്ചായിരുന്നു.


പഴയ ഉടുപ്പുകളും അന്നെല്ലാം പലരും പതിവായി പുനരുപയോഗിച്ചിരുന്നു.   അത്യാവശ്യത്തിന്‌ അടുത്തുള്ള ടെയ്‌ലറോടുപോയ്പ്പറഞ്ഞാൽ വെട്ടുകഷ്ണങ്ങൾകൊണ്ടുള്ള ഷർട്ടും ട്രൗസറും (നിക്കർ എന്ന് അക്കാലത്തെ പേർ) പാവാടയും സ്കേർട്ടും ബ്ലൗസുമെല്ലാം തുന്നിക്കിട്ടുമായിരുന്നു.


വസൂരിക്കെതിരായുള്ള കുത്തിവെയ്പ് (‘അച്ചുകുത്തൽ’ എന്നു നാട്ടുമൊഴി) പേടിച്ചോടിയിരുന്നെങ്കിലും കാനേഷുമാരിക്കണക്കെടുപ്പും (‘സെൻസസ്സ്’ എന്നു പുത്തൻപേര്‌) വോട്ടർപട്ടിക പുതുക്കലും വീട്ടുനമ്പർ കുറിക്കലും ഞങ്ങൾ കുഞ്ഞുങ്ങളിൽ കൗതുകമുളവാക്കിയിരുന്നു.   പുതിയപുതിയ ആളുകൾ വീട്ടിൽ വരുന്നത് എന്തുകൊണ്ടും സന്തോഷം.   പതിവു ചിട്ടയിൽനിന്നും പതിവു മുഖങ്ങളിൽനിന്നും ഒരുതരം ‘റിലീഫ്’.


അക്കാലത്ത് റേഷൻ-സമ്പ്രദായം എന്തായിരുന്നു എന്നു തിട്ടമില്ല.   അവശവർഗത്തിൽപെട്ടവർക്ക് സഹായധനത്തോടൊപ്പം സ്കൂളിൽ ഉച്ചക്കഞ്ഞി പ്രധാനമായിരുന്നു.   കുറുപ്പുണ്ടാക്കുന്ന കഞ്ഞിയുടെയും പുഴുക്കിന്റെയും മണം ഉച്ചയ്ക്കുമുൻപേ ഞങ്ങൾ വലിച്ചുകുടിക്കും.   വരേണ്യവർഗത്തിന്‌ ഉച്ചക്കഞ്ഞി നിഷിദ്ധമായിരുന്നു.   ഉച്ചക്കഞ്ഞിയുടെ കുറവാണ്‌ ഇന്ന് ഇന്ത്യ മൊത്തം നേരിടുന്ന പൊങ്ങച്ചസംസ്ക്കാരത്തിനു മുഖ്യകാരണമെന്നാണ്‌ എന്റെ വിലയിരുത്തൽ.


ആരോഗ്യപരമായൊരു ദുർഘടാവസ്ഥയിലായിരുന്നു അക്കാലം.   മൂക്കൊലിപ്പും പനിയും വായ്പ്പുണ്ണും ചുണങ്ങും ചുമയും ചൊറിയും താരനും ചിരങ്ങും കൊക്കപ്പുഴുവും വിരശല്യവും വയറിളക്കവും ശൂലയും മഞ്ഞപ്പിത്തവും വിഷംതീണ്ടലും  മുണ്ടിനീരും അഞ്ചാമ്പനിയും വസൂരിയും, കുട്ടികളെയെന്നല്ല മുതിർന്നവരെപ്പോലും കഷ്ടപ്പെടുത്തിയിരുന്ന കാലം.   ടി.ബി.-എന്നു പരക്കെ അറിയപ്പെട്ടിരുന്ന ക്ഷയരോഗവും കണ്ഠമാലയെന്ന വക്താർബുദവും മഹോദരമെന്ന പ്രമേഹവും പിടിപെട്ടു മരിച്ചവർ ഏറെ.   വെറും ഒരു രാപ്പനിപോലും മരണത്തിൽ കലാശിച്ചിരുന്നു.   പ്രസവം ഒരുമാതിരിയെല്ലാം വീട്ടിൽവച്ചായിരുന്നതിനാൽ ശിശുമരണവും സർവത്ര.


ഓണപ്പരീക്ഷകഴിഞ്ഞ് സ്കൂൾ തുറന്നതും കേരളപ്പിറവിയെപ്പറ്റി സംസാരമായി നാട്ടിൽ.   അതുവരെ കൊച്ചിയെന്നുമാത്രം - അതുകൂടിയില്ല, തൃപ്പൂണിത്തുറയെന്നുമാത്രം - ഞങ്ങളറിഞ്ഞിരുന്ന ഞങ്ങളുടെ നാട് കുറേക്കാലമായി തിരുക്കൊച്ചിയായിരുന്നെന്നും അത് താമസിയാതെ  കേരളം എന്നൊരു സംസ്ഥാനമാകുന്നു എന്നും അവ്യക്തമായി ഞങ്ങളുമറിഞ്ഞു.   അന്നു നാടടക്കം മുടക്കമായിരിക്കുമെന്നും ആഘോഷങ്ങളുണ്ടാകുമെന്നും ഞങ്ങളറിഞ്ഞു.   ആഹ്ളാദസമുദ്രം അലതല്ലി.


കേരളപ്പിറവിദിവസം സ്കൂളിൽ പോയോ എന്നോർമയില്ല.   എന്നാൽ സ്കൂൾവഴിയിലൂടെ ‘ഗീത’ബസ്സ് കുലവാഴയും ചെങ്കരിക്കും കുരുത്തോലയും ജെമന്തിപ്പൂവുമൊക്കെവച്ചലങ്കരിക്കപ്പെട്ട് താളമേളങ്ങളോടെ മന്ദമന്ദം നീങ്ങിവന്നത് മറന്നിട്ടില്ല.   ‘മെയിൻ’ റോഡിൽകൂടി ആദ്യം ‘പയനിയർ’ എന്ന ‘ടൗൺ’ബസ്സും പിന്നീട് ‘പി.എസ്സ്.എൻ.’-ഉം ‘പി.എൻ.കെ.’-യും ഓടിയിരുന്നെങ്കിലും ‘ഗീത’ബസ്സായിരുന്നു ഞങ്ങളുടെ നാട്ടുവഴിയിലൂടെയുള്ള ആദ്യത്തെ ജനകീയബസ്സ്.   കേരളപ്പിറവിദിനത്തിലായിരുന്നോ അതിന്റെ ആദ്യത്തെ ഓട്ടം എന്നു നിശ്ചയംപോര.   എങ്കിലും രണ്ടുപേര്ർചേർന്നുവലിക്കുന്ന കല്ലുരുളുരുട്ടി നിർമിച്ച ചെങ്കൽപ്പൊടിപ്പാതയായിരുന്നു ഞങ്ങളുടേത് എന്നതോർമയുണ്ട്.   ആ വഴിക്കായിരുന്നു ഞങ്ങൾ നവകേരളത്തെ വരവേറ്റത്.


വീട്ടിലും നാട്ടിലും എല്ലാവരും അത്യന്തം സന്തോഷത്തിലായിരുന്നു ആ ദിവസം.   നാടിന്റെ മട്ടും കെട്ടും, എന്തോ വലിയൊരു കാര്യം നടന്നുകിട്ടിയപോലെ .   നിരാലംബതയിൽനിന്നും നിസ്സഹായതയിൽനിന്നും നിസ്സംഗതയിൽനിന്നും നിർദോഷത്തിൽനിന്നും നിഷ്കളങ്കതയിൽനിന്നും ഊറിയെത്തിയ ആ ആശാകിരണമുണ്ടല്ലോ, അതിനെ നമ്മൾ കാലാന്തരത്തിൽ, കാലാകാലങ്ങളിൽ, ഭാസുരമാക്കിയോ എന്നു നമ്മള്‍തന്നെ ചിന്തിച്ചുറപ്പിക്കുക.


അറുപതുവർഷംമുൻപുള്ള കേരളത്തിന്റെ ആ ഒരു വിചിത്രഘട്ടത്തിലെ സാമൂഹ്യ-സാമുദായിക-സാംസ്ക്കാരിക-സാമ്പത്തിക-രാഷ്ട്രീയ-വിദ്യാഭ്യാസ-ആരോഗ്യസ്ഥിതിവിശേഷങ്ങളെ ഒരു ഡയറിക്കുറിപ്പുമില്ലാതെ ഈ ലേഖനത്തിലൂടെ അൽപമെങ്കിലും പുനർനിർമിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ട്.   സ്മൃതികളുടെ ചിറകുകൾ ജീവിതച്ചൂടിൽ അത്രയെളുപ്പം കത്തിക്കരിയില്ലല്ലോ, അല്ലേ.










No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...