Thursday 8 December 2016

അളവല്ലാത്ത അളവുകൾ

ഭൌതികതയും ആത്മീയതയും നല്ല ദമ്പതിമാരെപ്പോലെയാണ്‌.   ഒന്നില്ലാതെ മറ്റൊന്നിനു സാർഥകതയില്ല.   തലതല്ലി വഴക്കിട്ടാലും കുറെക്കഴിഞ്ഞാൽ കൂട്ടുകൂടും.    പിന്നെയും പിണങ്ങും; ഇണങ്ങും.   മൂന്നാമൻവന്നാൽ മുക്രയിട്ടോടിക്കും.


ഭൌതികതയുടെ ചിട്ടവട്ടമാണ്‌ ഭൌതികശാസ്ത്രം.   അടിസ്ഥാനപരതയുടെ ആകത്തുക.   ആത്മീയതയുടെ അടിത്തട്ടും.


ഭൌതികവസ്തുക്കളുടെ അടിസ്ഥാനമാണ്‌ അളവുകൾ.     നീളത്തിന്റെ (നീളം, വീതി, ഉയരം, കനം എന്നിങ്ങനെ) അളവുകളും  ഭാരത്തിന്റെ (ഘനം, തൂക്കം, പിണ്ഡം)  അളവുകളും സമയത്തിന്റെ (കാലം) അളവുകളും ഭൌതികവസ്തുക്കളെ വിവരിക്കാനുള്ള പ്രാഥമിക മാനകങ്ങളാണ്‌.   ബാക്കി വിശദീകരണങ്ങളെല്ലാം വഴിയെ പോരും.   ഉദാഹരണമായി നീളവും വീതിയും കൂട്ടിയിണക്കുമ്പോൾ വിസ്തീർണമായി; ഉയരമോ കനമോകൂടി ചേർത്താൽ വ്യാപ്തമായി.   ഭാരത്തെ വ്യാപ്തവുമായി ഇണക്കിയാൽ കാഠിന്യമായി.   നീളത്തെയും സമയത്തെയും കൊരുത്താൽ വേഗമായി.   ഘർഷണവും ആക്കവും ആവേഗവും എല്ലാം തദ്ധിതങ്ങൾ.   ഊർജം പിണ്ഡത്തിന്റെ മാറ്റാനാണ്‌.   ശക്തിയെയും മർദ്ദത്തെയും പ്രകാശത്തെയും ഒച്ചയെയും റേഡിയേഷനെയുമെല്ലാം ഈ പ്രാഥമിക സങ്കേതങ്ങൾ വഴിയാണ്‌ നിരൂപിച്ചുപോരുന്നത്.


എന്നാൽ കാലാകാലങ്ങളിൽ അളവുകൾക്കെല്ലാം ഒരുതരം അഴിഞ്ഞാട്ടമുണ്ടായിട്ടുണ്ട് നിത്യജീവിതത്തിൽ.   നാട്ടുനടപ്പും നാട്ടുഭാഷയും അളവുകളെ അറത്തുമുറിച്ചിട്ടുണ്ട്.   ‘എന്തോരം ഓടി’ എന്നു പറഞ്ഞാൽ ഓടിയത് എത്ര ദൂരമെന്നോ എത്ര സമയമെന്നോ വ്യക്തമല്ല.   എങ്കിലും കുറെ ഓടി എന്ന കാര്യം മനസ്സിലാവുകയും ചെയ്യും.    അളവല്ലാത്തൊരു അളവാണത്.   ‘അളവില്ലാത്ത’ എന്നൊരു പ്രയോഗവുമുണ്ടു നമുക്ക്.   ഭൌതികവസ്തുക്കളല്ലാത്തവയെ പരാമർശിക്കുമ്പോഴാണത്.   അളവില്ലാത്ത സ്നേഹം, അളവില്ലാത്ത സന്തോഷം എന്നിങ്ങനെ.   വസ്തുഘടനയെയും വ്യക്ത്യനുഭവങ്ങളെയും ഇണക്കാൻ ഭൌതികശാസ്ത്രം പോര.   ബോധാബോധമനസ്സിലെ അതിന്റെ പരി:സ്ഫുരണം അങ്ങനെയങ്ങു വഴിവിട്ടുപോകും.


കൃത്യതയാണ്‌ ശാസ്ത്രത്തിന്റെ ആണിക്കല്ല്.   കൃത്യതയിൽ സംശയമുണ്ടെങ്കിൽ ആ അവ്യക്തതയെയെങ്കിലും അളന്നുവയ്ക്കണം.   അതാണ്‌ ശാസ്ത്രത്തിന്റെ നടപ്പുരീതി.


അഭൌതികവിശദീകരണത്തിന്‌ ഭൌതികമാനകങ്ങൾ  ഉപയോഗിക്കുമ്പോൾ നഷ്ടപ്പെടുന്നത് കൃത്യതയാണ്‌.  ‘ഒരുകൊത്ത്’ കറിവേപ്പില കൂട്ടാനിൽ ചേർക്കണം എന്നു റെസിപ്പിയിൽ പറയുമ്പോൾ അത് വസ്തുനിഷ്ഠയേക്കാൾ വ്യക്തിനിഷ്ഠയാണ്‌.   ഒരു കൊത്തിൽ എത്ര ഞെട്ടികൾ എന്നോ ഒരു ഞെട്ടിൽ എത്ര ഇലകൾ എന്നോ ഇലയുടെ വലിപ്പമെന്തെന്നോ ഒന്നും വ്യക്തമല്ല.   എങ്കിൽപോലും ഭൌതികമായിത്തന്നെ നമുക്കൊരു കൂട്ടാൻ തട്ടിക്കൂട്ടാനാകും.


കുപ്പായം മേടിക്കുമ്പോൾ കണ്ടുകാണും സ്മോൾ, മീഡിയം, ലാർജ്, എക്സ്റ്റ്ര ലാർജ് എന്നൊക്കെയുള്ള ലേബലുകൾ.    ഇവയ്ക്കൊക്കെ അളവുകളുണ്ട്; എന്നാലൊട്ടില്ലതാനും.   ഈ ലേബലുകൾ നോക്കിയാണ്‌ നമ്മൾ നമുക്കുവേണ്ട ‘സൈസ്’ തിരഞ്ഞെടുക്കുക.    ഓരോ നിർമാതാവും ഓരോരോ മാനദണ്ഡങ്ങളിലാണ്‌ അവയുണ്ടാക്കിയിരിക്കുക.    ഇത്ര ഇഞ്ചെന്നോ ഇത്ര സെന്റിമീറ്ററെന്നോ അവരെഴുതിയാലും ഒഴുക്കൻവിവരണംകൊണ്ടും നമുക്കു സൈസ് പിടികിട്ടും.   ഒരു വാര അല്ലെങ്കിൽ ഒരു മീറ്റർ തുണി എന്നു പറയുമ്പോൾ നമ്മൾ തുണിയുടെ വീതിയെപ്പറ്റി ചിന്തിക്കുന്നേയില്ല; അതു തുന്നൽക്കാരന്റെ തലവേദന.   ഒരുപക്ഷെ ഒഴുക്കൻ വിവരണമേ നമുക്കു വേണ്ടൂ.   ആരാണ്‌ അത്ര കൃത്യമായൊക്കെ അളന്ന് വസ്ത്രം തിരഞ്ഞെടുക്കുന്നത്?   ചെരുപ്പിന്റെ കാര്യത്തിലും ഇതുതന്നെ സംഗതി.   ആറെന്നോ ഏഴെന്നോ എട്ടെന്നോ പത്തെന്നോ ഒക്കെ അളവുകൾ പറഞ്ഞ് നമ്മൾ സാധനം മേടിക്കും.   അതു മതി നമുക്ക്.


ദൂരത്തിനെ കാര്യത്തിലും സമയത്തിന്റെ കാര്യത്തിലും നമുക്കീ അളവില്ലാക്കോലമുണ്ട്.   ‘ഒരു പത്തു മിനിറ്റു ദൂരം’ കാൽനടയിലാവാം, സൈക്കിളിലാവാം, കാറിലാവാം വിമാനത്തിലുമവാം.   നടക്കുന്ന അല്ലെങ്കിൽ കാറോടിക്കുന്ന ആളുടെ വേഗം വിവക്ഷിക്കപ്പെടുന്നേയില്ല.   നീളമെന്ന മാനകത്തെ സമയമെന്ന മാനകവുമായി കൊരുത്തൊരു കുരുക്കാണത്.   ‘ഒരു സെക്കന്റ്’ എന്നു പറഞ്ഞ് അൽപനേരം മാറി നിൽക്കുമ്പോൾ മിനിറ്റുകൾ പലതു കഴിയും.   ‘ഒരു രാത്രി മുഴുവൻ’ എന്നതിലും എത്ര മണിക്കൂർ എന്ന സൂചനയില്ല.   അളവു പറയുന്നോ? - ഉണ്ട്.   എന്നാലൊട്ടില്ല താനും.


ഒരു തുള്ളി മരുന്ന്, ഒരു പാത്രം വെള്ളം, ഒരു നുള്ള് ഉപ്പ്, ഒരു കുടന്ന പൂവ്, ഒരു കൈ നിറയെ പണം, വയറുനിറച്ച് ആഹാരം, ഒരു ‘പോർഷൻ’ അല്ലെങ്കിൽ ഒരു ‘സെർവിങ്ങ്’, ഒരു കുട്ട തേങ്ങ എന്നെല്ലാം പറയുമ്പോഴും തുള്ളിയുടെയോ പാത്രത്തിന്റെയോ നുള്ളിന്റെയോ കുടന്നയുടെയോ വിളമ്പലിന്റെയോ കയ്യിന്റെയോ വയറിന്റെയോ വലിപ്പം അറിയില്ല.   കുട്ടയുടെ വലിപ്പവുമറിയില്ല, തേങ്ങയുടെ എണ്ണവും അറിയില്ല.   എന്നാലും നമ്മളങ്ങിനെ വച്ചുകാച്ചും.


അതിശയോക്തിക്കും അത്യുക്തിക്കുമെല്ലാം പ്രയോഗിക്കുന്നതു വേറെ കാര്യം.   ഒരു കുടം കണ്ണീർ (വലിയ സങ്കടം), ഒരു മീറ്റർ ചായ (‘കേരള ടീ’), ഒരു കുന്നു തുണി (അലക്കാൻ), ഒരുടൺ തലക്കനം (അഹന്ത), നമ്പർ-ടൂ മണി (കള്ളപ്പണം),   ആയിരം നാവ്, ഒരു മുഴം നാക്കുനീളം എന്നതെല്ലാം ഒരു മാതിരി വാമൊഴിവഴക്കം.


ഇതിലേറ്റവും കഷ്ടം ‘അരമണിക്കൂർ വെള്ളം വന്നു’, ‘നിർത്താതെ തിന്നുകൊണ്ടേയിരുന്നു’ എന്നൊക്കെ പറയുന്നതാണ്‌.   അളവിനെപ്പറ്റി ഒരെത്തും പിടിയും കിട്ടില്ല.


മലയാളികളുടെ കള്ളുകുടി കുപ്രസിദ്ധമാണല്ലോ.   കെട്ടിറങ്ങുമ്പോൾ അവരുടെ കുടിവിസ്താരങ്ങളും അരോചകമാണ്‌.   പിറ്റേന്നു മേനിക്കുവേണ്ടി, ‘ഇന്നലെ രാത്രി ഞങ്ങൾ നാലു കുപ്പി പൊട്ടിച്ചു, ഇനി അരക്കുപ്പിയേ ബാക്കിയുള്ളൂ’ എന്നൊക്കെ  വച്ചുകാച്ചുമ്പോൾ  ആളെത്രയെന്നോ കുപ്പിവലിപ്പമെന്തെന്നോ ഒന്നും അവർ സൂചിപ്പിക്കാറില്ല.   ഒരു ചെറുകുപ്പി പകർന്ന് പത്താളുകൾ കുടിച്ചാൽ ഒന്നുമാകില്ലെന്ന് അവർക്കറിയാത്തതുമല്ല.   എങ്കിലും ഒരു സ്റ്റൈലിനൊരു പ്രയോഗം.   നിരർഥകമായൊരു പ്രയോഗം.   അത്രതന്നെ.


സാങ്കേതിക വിദ്യകൾ മറ്റൊരു തലത്തിലായിരുന്നു പണ്ട്.   പ്രകൃതിജന്യമായ അളവുകോലായിരുന്നു മിക്കതിനും.  അംഗുലം, വിരൽനീളം.   ചാൺ, വിരൽത്തുമ്പുകൾ (തള്ളവിരൽ-ചെറുവിരൽ) തമ്മിലുള്ള അകലം.   അടി, എന്ന അളവ് ഒരു കാലടിക്കു തുല്യം.   മുഴം, കൈനീളം.   നുകപ്പാട്, കർഷകസംസ്കൃതിയിൽനിന്ന്.   എന്തിന്‌, ‘മീറ്റർഗേജ്’ വരെ പണ്ടത്തെ കുതിരവണ്ടിയുടെ ചക്രങ്ങൾതമ്മിലുള്ള അകലത്തിൽനിന്നാണത്രേ ഉത്ഭവിച്ചത്.   ‘ഒറ്റയടിപ്പാത’ എന്നൊക്കെ നമുക്കുമുണ്ടായിരുന്നല്ലോ.


അളവില്ലാത്ത, അളവല്ലാത്ത അളവിനും അളക്കാനാകും എന്നു സാരം.






1 comment:

Viswaprabha said...

:-)
വായിക്കുമ്പോൾ അളവില്ലാത്ത സന്തോഷം! :)

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...