Saturday 17 December 2016

മതവും മദവും മത്സരത്തിൽ

ആദ്യമേ പറഞ്ഞുവയ്ക്കട്ടെ, ഈ ലേഖനത്തിലെ കാര്യങ്ങൾ ആരെയും മുറിപ്പെടുത്താനല്ല.   മറിച്ച് സുഖപ്പെടുത്താനുമല്ല.   അതിനും ഞാനാളല്ല.   പറ്റുമെങ്കിൽ ഇടയ്ക്കെല്ലാം ഒരു വിരേചനം - എന്നുവച്ചാൽ വയറിളക്കൽ - നല്ലതാണ്‌.   ഉപവാസംപോലെ, ധ്യാനം പോലെ, തീർത്ഥാടനംപോലെ.   അത്രയ്ക്കു കരുതിയാൽ മതി.   ചിട്ടയൊന്നു തിരുത്തിയാൽ   ശരീരവും മനസ്സും ഒട്ടൊന്നു ശുദ്ധമാകും.   വഴിയെ വീണ്ടും വെടക്കാകുമെന്നതു വേറെകാര്യം.

മതമാത്സര്യം കുന്തിച്ചു കുന്തിച്ചു, മതി കെട്ടു നടക്കുന്നിതു ചിലർ എന്ന് ഇന്നത്തെ ജ്ഞാനപ്പാന.   (ജ്ഞാനപ്പാനയെ കള്ളിൻകുടമാക്കുന്ന വിദ്യാഭാസംനമ്മൾ മലയാളിക്കു സ്വന്തം.)   അടുത്തകാലംവരെ വെറും വീട്ടാചാരം മാത്രമായിരുന്ന മതവിശ്വാസങ്ങൾ ഇപ്പോൾ നാട്ടാചാരങ്ങളായി.   വീടിനും ആരാധനാലയത്തിനും വെളിയിൽ പൊട്ടിയൊലിക്കുന്ന കാനകളായി.   ഉത്സവപ്പറമ്പുകാൾ ശവപ്പറമ്പുകളാവുന്നു.   മതയോഗങ്ങൾ മനോരോഗമാകുന്നു.   വിശ്വാസപ്രമാണങ്ങൾ വിധ്വംസകമാകുന്നു.   ഒച്ചവച്ചും ഓരിയിട്ടും സാക്ഷ്യം പറഞ്ഞാലേ മതവിശ്വാസമുറയ്ക്കൂ എന്നൊരു വാശി.   നടുറോട്ടിൽ നാലുപേർ കാണാൻ ഒരു നൽനടപ്പും - കറുപ്പിൽപൊതിഞ്ഞും വെളുപ്പിൽപുതഞ്ഞും  കാവിയണിഞ്ഞും മഞ്ഞകലർത്തിയും പച്ചപുരട്ടിയും നീലം തേച്ചും.    ഒരു വിഭാഗം തുടങ്ങിയാൽ വേറൊരു വിഭാഗം തുടങ്ങുകയായി.   ഒരു വിഭാഗമടങ്ങിയാൽ മറ്റൊരു വിഭാഗം തുടങ്ങുകയായി.   കലക്കവെള്ളമേ വേണ്ടൂ ഈ വമ്പൻ മീനുകൾക്ക്.   തിരയടിച്ചേ തീരൂ ഈ കൊമ്പൻസ്രാവുകൾക്ക്.

പൊന്നും പെണ്ണും മണ്ണുമല്ലേ, മാത്രമല്ലേ, ഇക്കണ്ട മതങ്ങളുടെയെല്ലാം ഇന്നത്തെ വിഷയം?   ഭൌതികതയ്ക്കപ്പുറം ചിന്തിക്കാൻ മനുഷ്യൻ മെടഞ്ഞെടുത്ത മതസിദ്ധാന്തങ്ങൾക്ക് മദമിളകിയിരിക്കുന്നു.   മടപൊട്ടിയിരിക്കുന്നു.   മടിനിറയ്ക്കാൻ മത്സരിക്കുന്നു.   മടിനിറഞ്ഞപ്പോൾ മതിമറന്ന്, മതിമറിഞ്ഞ്, മതമപ്പാടെ മറന്നിരിക്കുന്നു.   മദംമാത്രം ബാക്കിനിൽക്കുന്നു.

ആഘോഷങ്ങൾ വേറെ, ആചാരങ്ങൾ വേറെ, അനുഷ്ഠാനങ്ങൾ വേറെ.   മതവും മദവും തിരിച്ചറിയാത്തവർക്ക് ഇതെല്ലാം ഒന്ന്.   സത്യത്തിനു മുഖം ഒന്നേയുള്ളൂ എന്നറിയാഞ്ഞിട്ടൊന്നുമല്ല.   സ്വർണപാത്രം കയ്യിൽ കിട്ടിയാൽ അതെടുത്തു സത്യത്തിന്റെ മുഖമടച്ചങ്ങു മറച്ചുകളയും, അത്രതന്നെ!

മതം മനുഷ്യനെ നന്നാക്കാനോ ചീത്തയാക്കാനോ?   മനുഷ്യസ്നേഹം മുഖംനോക്കിയാണോ, മതം നോക്കിയാണോ?   ഒരു ചട്ടക്കൂട്ടിൽ പെട്ടാൽ ബാക്കിയെല്ലാം പൊട്ട.   പൊട്ടിപ്പൊളിഞ്ഞാലും പൊട്ടിത്തെറിച്ചാലും പറ്റിപ്പിടിച്ചാലും വിട്ടുപോകില്ല മതഭ്രാന്ത്.

നിവൃത്തിയുണ്ടെങ്കിൽ ഞാൻ വ്യാഖ്യാനങ്ങൾ വായിക്കാറില്ല.   മൂലം (ഒറിജിനൽ) വായിച്ചിട്ടു മനസ്സിലായതു മതി.   അതിനുകൂടി ഈ ജൻമം തികയില്ല.   എന്നിട്ടല്ലേ വ്യാഖ്യാനങ്ങൾ പഠിക്കാൻ.   തനിക്കുതോന്നുന്നതേ വ്യാഖ്യാതാവുമെഴുതൂ.   അല്ലെങ്കിൽ തോന്നണമെന്നു തോന്നുന്നതെഴുതും.   മതങ്ങളേക്കാളും മതബോധനങ്ങളെ വ്യാഖ്യാനിക്കുന്ന മതവീരൻമാരുണ്ടല്ലോ, അവരാണു വില്ലൻമാർ.

സ്ത്രീവിഷയം ഒഴിഞ്ഞൊരു സമയമുണ്ടോ മതങ്ങൾക്ക്പെണ്ണെന്തുടുക്കണമെന്നും പെണ്ണിനെത്ര പൊന്നുവേണമെന്നും പെണ്ണിന്‌ മണ്ണിലെത്ര അവകാശമുണ്ടെന്നുമെല്ലാം മണ്ണുംചാരിനിൽക്കുന്ന മതാനുചാരികൾ തീരുമാനിക്കുന്നു.   മതമേധാവികളോ മദംപൊട്ടി അലയുന്നു.   കുഞ്ഞെന്നും കുരുടിയെന്നും വൃദ്ധയെന്നും വിധവയെന്നുമൊന്നും നോക്കാതെ, ‘പെണ്ണാണോ അതു തങ്ങൾക്ക്എന്ന ഹീനമനസ്സാണ്‌ ഈ നീചസൃഷ്ടികൾ കൊണ്ടുനടക്കുന്നത്.   ഭക്തിയും മുക്തിയും ധ്യാനവും യോഗവും ജപവും പൂജയും മന്ത്രവാദവും തീർഥാടനവും അവസാനം പെണ്ണിരയെ ലാക്കാക്കിമാത്രം.  

മതമെന്നാൽ താൻ ശരിയെന്നല്ല, താൻമാത്രം ശരിയെന്നുമല്ല, മറ്റുള്ളവരെല്ലാം തെറ്റാണെന്നുകൂടി സ്ഥാപിച്ചെടുക്കലായി മാറിയിരിക്കുന്നു.   താൻ എന്തോ ആയാൽപോര, മറ്റുള്ളവർകൂടി തന്നെപ്പോലാവണമെന്ന ആ നിർബന്ധമുണ്ടല്ലോ ആ ദുർബുദ്ധിക്കു വേറെ മരുന്നില്ല - മരണം മാത്രം.   ചത്താലും ചത്തവരെ ചിരഞ്ജീവിയാക്കുന്ന ചെപ്പടിവിദ്യയും മതങ്ങൾക്കു സ്വന്തം.    എന്നാലോ തനിക്കുശേഷം പ്രളയമെന്നോതിയവരെല്ലാം പ്രളയപയോധിയിൽ മുങ്ങിച്ചത്ത കഥയേയുള്ളൂ.   ചത്തുമലച്ചുകിടക്കുമ്പോൾ മതമെവിടെ മക്കളേ, മദമെവിടെ മക്കളേ?

സെക്കുലറിസം എന്നൊരു മിഥ്യയുംകൊണ്ടു നടപ്പാണ്‌ നമ്മൾ.   സെക്കുലറിസത്തെ മതവിരോധമായി കാണുന്നു തുമ്മിയാൽ മൂക്കുതെറിക്കുമെന്നു ഭയക്കുന്ന മതാധിപതികൾ.   മതമൈത്രിയെന്നഭിനയിക്കുന്നു രണ്ടുവഞ്ചിയിൽ കാലുവയ്ക്കുന്ന രാഷ്ട്രീയക്കാർ.   മതനിരാസമെന്നുദ്ഘോഷിക്കുന്നു  വീടിനു തീപിടിക്കുമ്പോൾ വാഴക്കുലവെട്ടുന്ന വിരുതൻമാർ.    മതനിരപേക്ഷമെന്ന്  മന്ദബുദ്ധിജീവികൾ.     അതു മതാതീതമായിക്കാണുന്നവർ ചുരുക്കം.   എല്ലാ മതങ്ങളെയും മൂടുതാങ്ങി സന്തോഷിപ്പിക്കുകയല്ല, പ്രത്യേകിച്ചൊരു മതത്തെയും താങ്ങിനിർത്താതിരിക്കലല്ലേ യഥാർത്ഥത്തിൽ സെക്കുലറിസം?

ആദ്യം മതത്തിന്റെ ആ അക്ഷരത്തെറ്റൊന്നുണ്ടല്ലോ, അതു മാറ്റണം.   മതത്തിന്റെ മത്സരങ്ങൾ നിർത്തണം.   മദം താനെ അടങ്ങും.


ഇതൊന്നും ആരും പറയാത്തതല്ല.   പറഞ്ഞാലൊട്ടു തീരുകയുമില്ല.   കാലങ്ങളായി നടന്നുപോരുന്ന, കാലങ്ങളിലൂടെ കടന്നുപോരുന്ന ഈ തെറ്റുകൾ അറിഞ്ഞുകൊണ്ടു ചെയ്യുന്നവയാണുതാനും.   ഒരു കൊച്ചുരോഗമൊന്നുമല്ലത്.   സമൂഹത്തെ കാർന്നുതിന്നുന്ന ആർജിതമഹാരോഗമാണത്.   

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...