Thursday 8 December 2016

കുട്ടിക്കൗതുകം

എനിക്കേറ്റവും ഇഷ്ടപ്പെട്ട ദൃശ്യങ്ങളിൽ ഒന്നാണ്‌ ഒക്കത്തിരിക്കുന്ന കുട്ടികളുടെ  വിശ്വദർശനം.   ചുറ്റുമുള്ളതെന്തും അവർ വലിച്ചെടുക്കും.   എല്ലാം അവർക്കൊരു കൗതുകം മാത്രം.   ചുറ്റുമുള്ളവയിലലിഞ്ഞിട്ടും ഒന്നിലുമലിയാത്തൊരു നിർഗുണബ്രഹ്മം.


കുഞ്ഞുകാലത്ത് എല്ലാ കുട്ടികളുടെയുംപോലെ, എന്റെ ആഗ്രഹവും ഒരു ലോറി-ഡ്രൈവർ ആകാനായിരുന്നു.   അന്ന് ‘ലോറി’.   ഇന്നത്തെ ‘ട്രക്ക്’.   ‘പീടിക’യും ‘മു’ക്കും  ‘കവല’യും ‘തീവണ്ടി’യും ‘തണ്ടുവാള’വും ‘റൊട്ടി’യും ‘അമ്മ’യും ‘അച്ഛ’നും ‘ഭാര്യ’യും ‘ഭർത്താ’വും ‘ആഹാര’വും ‘കത’കും പോലൊക്കെ മൺമറഞ്ഞൊരു പേര്‌ (യഥാക്രമം ഷോപ്പ്, കോർണർ, ജങ്ങ്ഷൻ, ട്രെയ്ൻ, റെയിൽ, ബ്രെഡ്, മമ്മി, ഡാഡ്, വൈഫ്, ഹസ്ബന്റ്, ഫുഡ്, ഡോറ്‌).


അന്ന് ഞങ്ങളുടെ വീടിന്റെ കൽപ്പണി നടക്കുകയാണ്‌.   അന്നൊക്കെ കിഴക്കൻമടകളിൽനിന്നാണ്‌ ചെങ്കല്ലെടുക്കുക.   ലോറിമാർഗം അടുത്ത നാട്ടുവഴിയിലെത്തിക്കും.   ഇടവഴിത്തലയ്ക്കൽനിന്ന് തലച്ചുമടായിവേണം വീടുമുറ്റത്ത് കല്ലെത്തിക്കേണ്ടത്.   അതിനായി ഒന്നുരണ്ടു മണിക്കൂർ റോട്ടുവക്കത്ത് ലോറി കിടക്കും.   ഡ്രൈവർ ചായയോ ചാരായമോ കള്ളോ മോന്താൻ മുങ്ങും.   കാത്തിരിക്കും ഞങ്ങൾ കുട്ടികൾ പിന്നീടൊന്നു വിലസാൻ.   വണ്ടിയിൽ കയറിപ്പറ്റി ഓരോ ഭാഗവും കണ്ടും തൊട്ടും മണത്തും ഇരിപ്പിടത്തിൽ ഇരുന്നും വളയത്തിൽ കൈവച്ചും കളിക്കും.   കയ്യെത്തിയാൽ കാലെത്തില്ല.   കാലെത്തിയാൽ കണ്ണെത്തില്ല.   ഒരു നോട്ടം പുറമേക്കും വേണമല്ലോ; ഇടയ്ക്ക് ഡ്രൈവറെങ്ങാനും വന്നുപെട്ടാലോ.   പുളിച്ച തെറിയാണ്‌ അന്നേ ഡ്രൈവർമാരുടെ വായിൽ.   പൊടിയും ചളിയും കരിയും ഓയിലുമായി ഞങ്ങൾ കോലം കെട്ടിരിക്കും ആ സമയംകൊണ്ട്.   റബ്ബർപന്തുപോലൊന്നു ഘടിപ്പിച്ച ഹോൺ (‘ഹോറൻ’ എന്നു സമകാലീനം) ഒന്നു മുഴക്കാൻ കിട്ടിയവൻ വീരശൂരപരാക്രമി.   വളയക്കാരൻ തിരിച്ചുവന്ന് ഇരുമ്പുകമ്പിയിട്ടുതിരിച്ച് വണ്ടി സ്റ്റാർട്ടാക്കി സ്റ്റൈലിലങ്ങനെ മുക്രയിട്ടുനീങ്ങുമ്പോഴാണ്‌ ഞങ്ങളുടെ കോലാഹലവും കോറസ്സും:   “എന്തൊരു സ്പീഡ്!”


ഡ്രൈവർമാർ ആണത്തത്തിന്റെ പ്രതിരൂപമായിരുന്നു; പെണ്ണത്തത്തിന്റെ ഹരവും.   നിലത്തിറങ്ങുമ്പോൾ കള്ളുകുടിച്ചില്ലെങ്കിലും കാലകത്തി ഉലഞ്ഞാടി നടക്കുന്നത് അവരുടെ തൊഴിൽചേതം (‘ഒക്യുപ്പേഷണൽ ഹസാർഡ്’) കൊണ്ടായിരുന്നിരിക്കണം.   അന്നത്തെ വണ്ടികൾ ഇന്നത്തെപ്പോലത്തെ സിൽക്-മെത്തകളൊന്നുമായിരുന്നില്ലല്ലോ.   ഇരിക്കാൻ മരത്തട്ട്.   കാരിരുമ്പുവളയം.   കാലൊടിക്കുന്ന കൺട്രോളുകൾ.   മെരുങ്ങാത്ത ഗിയർ.   കണ്ണടയലും ടയറുപൊട്ടലും എണ്ണചോരലും എഞ്ചിൻമരണവും എപ്പോഴുമാകാം.   ബെൻസ്, ഡോഡ്ജ്, ബെഡ്ഫോർഡ്, ഫാർഗൊ, കോമർ ഇത്യാദികൾ തരാതരങ്ങൾ.   ‘ലയ്‌ലന്റ്’-ഉം (ലേലന്റ്) ‘ടാറ്റ’യും വന്നെത്തിയിരുന്നില്ല.   ആ വന്യമൃഗങ്ങളെ മെരുക്കിയോടിക്കുന്ന ഡ്രൈവർതന്നെയായിരുന്നു എല്ലാവരുടെയും  താരം.


കുറച്ചുകൂടി മുതിർന്നപ്പോൾ കാറുകളിലായി കമ്പം.    അതിൽ ഡോഡ്ജും ചവർലറ്റുമായിരുന്നു താരങ്ങൾ (‘ചവർലറ്റ്’ എന്നാൽ ഷെവർലെ).   അതോടൊപ്പം സ്റ്റുഡീബേക്കറും മോറിസ്സും ഇമ്പാലയും ഫോർഡും വാൻഗാർഡും.   പിന്നീടാണ്‌ മഹോദരംപിടിച്ച ‘ഹിന്ദുസ്താൻ’-ന്റെ വരവ്; കൂട്ടത്തിൽ ചീങ്കണ്ണിപോലത്തെ ‘സ്റ്റാന്റേർഡ്’-ന്റെയും.    വൃകോദരൻ ‘അംബാസ്സഡർ’-ന്റെ (മലയാളികൾ ഇന്നും എന്നും ‘അംബാസ്സിഡർ’ എന്നേ പറയൂ; എന്തുകൊണ്ടെന്നറിയില്ല) മുന്നോടിയായിരുന്നു ‘ഹിന്ദുസ്താൻ’.   മൃഗനയനി ഫിയറ്റും (കുറേക്കാലംകഴിഞ്ഞ് അതു ‘പ്രീമിയർ’ ആയി) താറാവിനൊത്ത ഹെറാൾഡും നാണംകുണുങ്ങി ഗസലും പിന്നീട്.    തുള്ളിച്ചാടുന്ന ഡോൾഫിൻ എന്നോ രേവയെന്നോ ഒക്കെ ചില ചില്ലറകളും കുറെ ഓടി.   ഒരു മുച്ചക്ക്രക്കാറുമുണ്ടായി.   എങ്കിലും ‘വില്ലീസ് ജീപ്പ്’-എന്ന സാധനമൊന്നു വേറെ.   അതു പോലീസുകാർക്കും കിഴക്കൻ-കർഷകർക്കുമായിരുന്നു.   കൊച്ചി എണ്ണശുദ്ധീകരണശാലയുടെ പണി നടക്കുമ്പോഴാണ്‌ ‘മിറ്റ്സുബിഷി’ തലങ്ങും വിലങ്ങും പാഞ്ഞിരുന്നത്.    ടെമ്പോ എന്നും മാറ്റഡോര്ർ എന്നുമെല്ലാമുള്ള വാഗണുകളും വന്നെത്തി.   ഫോക്സ്വാഗണൊക്കെ കാണുന്നത് ഗോവയിൽ വന്നുപെട്ടപ്പോഴായിരുന്നു.   എഴുപതുകളിൽ ഇടംകയ്യൻ ഫോക്സ്വാഗണും ബെൻസും ഇമ്പാലയുമെല്ലാ ടാക്സിയായോടിയിരുന്നു അവിടെ.


സൈക്കിളും മോട്ടോർസൈക്കിളും യഥാശക്തി പാവപ്പെട്ടവന്റെയും പണക്കാരന്റെയും വാഹനമായിരുന്നു.   റാലി സൈക്കിളായിരുന്നു കേമൻ.   അറ്റ്ലസ്സ് പുറകെ.   ഹീറോ ഒന്നും അന്നില്ല.   അപൂർവം ഫിലിപ്സ് ഉണ്ടായിരുന്നു, ഒരു മിലിട്ടറിക്കാരനിൽനിന്നു മേടിച്ച ഒന്നരപ്പൊക്കക്കാരൻ ഫിലിപ്സ് ചവിട്ടുവണ്ടി വീട്ടിലുമുണ്ടായിരുന്നു.

 
മോട്ടോർ സൈക്കിൾ (ഇന്നത്തെ ‘ബൈക്ക്’) എന്നാൽ ‘റോയൽ എൻഫീൽഡ്’.   പിന്നെ പരുക്കൻ ‘ജാവ’.   കോണകമുടുത്തപോലൊരു ‘യെസ്ഡി’-യും ഒരു നാണംകുണുങ്ങി ‘രാജ്ദൂത്’-ഉം.   ‘യമഹ’കൂടി കൂട്ടത്തിൽച്ചേർന്നപ്പോൾ ‘യമരാജ്’ ആയി നിരത്തായ നിരത്തെല്ലാം.


ആദ്യത്തെ സ്കൂട്ടർ ലാംബ്രെട്ട (‘ലാംബർട്ട’ എന്നു വിളിപ്പേര്‌).   മോട്ടോർസൈക്കിൾപോലെ കേബിളെല്ലാം തൂങ്ങിക്കിടക്കുന്ന ഒരു വിരൂപി.   പന്നിപോലത്തെ പുതുമോഡൽ ലാംബ്രട്ട വന്നതു പിന്നെയാണ്‌ (അതും പിൽക്കാലത്ത് ‘ലാംബി’ ആയി).   അതേകാലത്ത് ‘ഫന്റാബുലസ്’ എന്നൊരു ചതുരപ്പെട്ടിയും വന്നു; നല്ല ശിങ്കാരി ‘വെസ്പ’-യും.   ‘വെസ്പ’ എന്ന കൊച്ചുസുന്ദരിയുടെകൂടെ മാർത്ത വനൂചി എന്ന ഇറ്റലിക്കാരി പാൽമേനിയിൽ പട്ടുസാരിചുറ്റി എറണാകുളത്തു ചുറ്റിക്കറങ്ങിയിരുന്നു.   മാർത്തയെ കാണുന്ന കൗതുകം വെസ്പയും പിടിച്ചുപറ്റി.   ഒരു സമുദ്രഗവേഷകയായിരുന്നു വനൂചി.   പിൽക്കാലത്ത് സമുദ്രപഠനത്തിന്റെ ഭാഗമായി അവരെ പരിചയപ്പെടാനുമായി എനിക്ക്.


അന്നത്തെ കൊച്ചി വിമാനത്താവളം ചുറ്റിപ്പറന്നിരുന്ന പങ്കവിമാനങ്ങളെയും വാപൊളിച്ചുനോക്കി നിന്നു ഞങ്ങൾ.   വിമാനത്തിന്റെ ഒച്ചകേട്ടാൽ ക്ളാസ്സടക്കം പുറത്തുചാടും.   വൈമാനികനെ കയ്യാട്ടിക്കാണിക്കും.      അപ്പോഴും ഞങ്ങൾ വിളിച്ചലറി, “എന്തൊരു സ്പീഡ്!” എന്ന്.


എറണാകുളത്തിനു തെക്കോട്ട് ആദ്യത്തെ തീവണ്ടി വന്ന വരവും, പാളത്തിനരികെ മണിക്കൂറുകൾ കാത്തിരുന്ന് ഞങ്ങൾ കണ്ടു.   എഞ്ചിനുമുൻപിൽ കുലവാഴകൾ വച്ചലങ്കരിച്ച്  പൂചൂടി പൊട്ടുംതൊട്ട് പുകതുപ്പി ആവിപരത്തി അലറിക്കൊണ്ടുള്ള ആ ഒരു വരവ്!


കപ്പൽകണ്ടതും ആയിടയ്ക്കായിരുന്നു.   കൊച്ചിതുറമുഖത്തും അഴിമുഖത്തുമായി കെട്ടിക്കിടന്ന വിദേശക്കപ്പലുകളും നാവികസേനയുടെ യുദ്ധക്കപ്പലുകളും അവയുടെ സൈറനും തലയ്ക്കുമുകളിലൂടെ ചരക്കുനീക്കുന്ന കൂറ്റൻക്രെയിനുകളും ആശ്ചര്യത്തേക്കാൾ അമ്പരപ്പാണുണ്ടാക്കിയത്.   കടൽക്കാറ്റും വലച്ചൂരും പുകമണവും ഉപ്പുരസവുമെല്ലാം തലപെരുപ്പിച്ചു.    കടൽക്കാക്കകൾ വട്ടമിട്ടു പറന്നപ്പോൾ മനസാ ഞങ്ങളും കൂടെക്കൂടി.


റഷ്യക്കാരയച്ച ആദ്യത്തെ ബഹിരാകാശപേടകം, ‘സ്പുട്നിക്’, ആകാശത്തെ മുറിച്ചുകടക്കുന്നതും ഞങ്ങൾ നോക്കിനിന്നു.   നാട്ടിലെ റിക്ഷവണ്ടിക്കാരൻ അതിനു വച്ച പേരാണ്‌ രസകരം - ‘ആകാശറിക്ഷ’!


ഇപ്പോഴെന്താ സ്ഥിതി!  എത്രയെത്രതരം വണ്ടികൾ!   എന്തെല്ലാം ബ്രാന്റുകൾ!   പല നല്ല വണ്ടികളും പോയി - ‘വിജയ്’ സ്കൂട്ടർ, ‘രാജ്ദൂത്’ മോട്ടോർ സൈക്കിൾ, ‘ലൂന’ മോപ്പെഡ്, ‘ഫിയറ്റ് എൻ.ഇ.’ കാർ, ‘കോമർ’ ബസ്സ്, ‘ബെഡ്ഫോർഡ്’ ലോറി.    ഒരുപാടു നല്ല വണ്ടികളും വന്നു -  ‘ഹീറോ’ സൈക്കിൾ, ‘ഹോണ്ട’ സ്കൂട്ടർ, ‘ടി.വി.എസ്.’ മോട്ടോർസൈക്കിൾ, ‘മാരുതി’ കാർ, ‘വോൾവോ’ ബസ്സ്, ‘മാൻ’ ട്രക്ക്.


വിമാനങ്ങളും കപ്പലുകളും പലതരം.   തീവണ്ടികളും പലതരം.   ബഹിരാകാശത്താണെങ്കിൽ പേടകങ്ങളുടെ ബഹളം.


എങ്കിലോ അന്നത്തെ കുട്ടിക്കൗതുകവും പോയി, ഇന്നത്തെ എണ്ണക്കണക്കും തെറ്റി.   എന്നാലും, വണ്ടിയോട്ടക്കമ്പം ഒട്ടു മാറിയതുമില്ല!


ഏവർക്കും ബാലകൗതുകങ്ങൾ വീണ്ടും തലപൊക്കുന്നത് സ്വന്തം കുട്ടികൾ ഉണ്ടാകുമ്പോഴാണ്‌.   മധ്യവയസ്സോടെ പിന്നെയും പിന്നിലേക്കു മറയുന്ന അവ, വീണ്ടും നാമ്പിടുന്നത് വാർദ്ധക്യത്തിലാണ്‌.   വാർദ്ധക്യം രണ്ടാംബാല്യമാണെന്നു പറയുന്നത് വെറുതെയല്ല.  അപ്പോഴേക്കും കൂമ്പുകരിഞ്ഞിരിക്കുമെന്നതു വേറെ കാര്യം.










No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...