Sunday 12 March 2017

സ്വയം


പരസ്യം ഒരു കലയാണ്‌; സ്വയം പരസ്യം പക്ഷെ കാപട്യമാണ്‌.   അവനവനെത്തന്നെ പൊക്കിക്കാട്ടുന്ന  പ്രവർത്തി അപഹാസ്യവുമാണ്‌.   ആധുനികകാലത്ത് സ്വയം പരസ്യം അനിവാര്യമാണെന്നു പറയും പലരും.   ആയിരിക്കും.   എന്നാൽ അപഹാസ്യതയ്ക്കൊരു കുറവില്ല താനും.   കാപട്യത്തിനും.

തന്നെ താൻ തന്നെ കാട്ടിയില്ലെങ്കിൽ ആരു കാണും എന്നാണു ചോദ്യം.   മറ്റാരു കാട്ടുമെന്നും.   ശരിയാണ്‌.   പക്ഷെ എല്ലാവരും തന്നെ കാണണം - അതു താൻ ആഗ്രഹിക്കുന്ന രീതിയിൽ - എന്ന മോഹമുദിക്കുമ്പോഴാണ്‌ മനസ്സിലെ കാപട്യം മറനീക്കി വരുന്നത്.   സ്വയം ആർക്കെങ്കിലും തന്നെപ്പറ്റി ചീത്ത അഭിപ്രായമുണ്ടാകുമോ?

ഇംഗ്ളീഷിൽ ബ്ലോട്ടഡ് ഈഗോഎന്നൊരു വാക്കുണ്ട്.   നമ്മുടെ അഹംഭാവവും അഹങ്കാരവും അഹംബോധവും, പിന്നെ അഹമ്മതിയും. ഒന്നിച്ചങ്ങിനെ ചീർത്തുവീർത്താലോ? - അതുതന്നെ അത്.   ഏകാധിപതികൾക്കും വിശ്വസുന്ദരികൾക്കും ഉദ്യോഗസ്ഥപ്രഭുക്കൾക്കും നാട്ടുപ്രമാണികൾക്കും രാഷ്ട്രീയപ്രവർത്തകർക്കും മാത്രം പറഞ്ഞുവച്ചിട്ടുള്ളതല്ല അത്.   കളിക്കാർക്കും അഭിനയക്കാർക്കും, എന്തിന്‌, കലാകാരന്മാർക്കും എഴുത്തുകാർക്കും ശാസ്ത്രജ്ഞർക്കും വരെ ഒട്ടും കുറവല്ലത്.   താനെന്തോ ആണെന്നൊരു വിശ്വാസവും അതൊന്നു കൊട്ടിപ്പാടാനുള്ളൊരു അഭിനിവേശവും തെല്ലൊന്നുമല്ല അവർക്കാർക്കും.

അവാർഡുകൾ എങ്ങനെ സംഘടിപ്പിക്കുന്നു എന്ന പിൻകഥകൾ പോട്ടെ; അതൊരെണ്ണം കിട്ടിയാൽപിന്നെ ആളങ്ങു വലുതായി.  സായൂജ്യമായി.   കൊട്ടിഘോഷമായി.  അടുത്തതിനുള്ള പടപ്പുറപ്പാടുമായി.   പറ്റുന്നിടത്തെല്ലാം സ്വീകരണം.   മാധ്യമങ്ങളിൽ മുഖാമുഖം.   എന്തിനുമൊരു നിരീക്ഷണം, നിലപാടുതറ.   ഭാവത്തിലോ രൂപത്തിലോ രണ്ടിലുമോ, നോക്കിലോ വാക്കിലോ പ്രവൃത്തിയിലോ എല്ലാത്തിലുമോ അസാരം അസ്വാഭാവികതകൂടിയായാൽ അസ്സലായി.   അല്പം വിവാദവും കൂടി മേമ്പൊടിക്കായാൽ ഗംഭീരമാവും.

എനിക്കു പരിചയമുള്ള മേഖലയിലെ കളിയാട്ടങ്ങളെപ്പറ്റിയാവാം അല്പം.   ശാസ്ത്രജ്ഞർ പൊതുവെ ബുദ്ധി കൂടിയവരാണെന്നാണല്ലോ.   അതുകൊണ്ട് അവരുടെ ചെയ്തികൾക്കും മൂർച്ചയും മൗലികതയും കൂടും.

പൊതുവെ ശാസ്ത്രഗവേഷണശാലകളിൽ പ്രായവും പരിചയവും പ്രാവീണ്യവും പ്രവൃത്തിയും പ്രകൃതിയും പ്രാദേശവും ഒന്നും നോക്കാതെ എല്ലാവരും തുല്യരാണെന്നാണു വയ്പ്പ്.   ഒരേപന്തിയിലിരിക്കും.   ഒന്നാംപേരുവിളിക്കും.   അന്യോന്യം വിമർശിക്കലും അത്യാവശ്യം സഹായിക്കലും സാമാന്യനിയമം.  

അതിനിടയ്ക്കായിരിക്കും ഒരു ചുള്ളനോ ചുള്ളത്തിയോ വിദേശവാസവും വിദ്യാഭ്യാസവുമെല്ലാം കഴിഞ്ഞു വരിക.   ആദ്യപടി അഭിനയം.  പിന്നെ അനുശീലം.   പിന്നെ അനുനയം.   പിന്നെ അനുതാപം.   പിന്നെ അഹങ്കാരം.   പിന്നെ അട്ടിമറി.   കയ്യിടാത്ത കാര്യമുണ്ടാകില്ല.   കേറിനിരങ്ങാത്ത വേദിയുണ്ടാകില്ല.   അഭിപ്രായമില്ലാത്ത അരങ്ങുണ്ടാകില്ല.   പൊങ്ങച്ചമില്ലാത്ത പരിപാടി ഉണ്ടാകില്ല.

അതിനിടയ്ക്കൊരു അവാർഡുകൂടി തരമാക്കിയാൽ കേമമാവും.   അവാർഡഭിഷിക്തൻ ഒറ്റ രാത്രികൊണ്ട് ഗവേഷണസ്ഥാപനത്തിന്റെ മുഴുവൻ ഭാവിപരിപാടിയുടെ മുഴുവൻ-സമയ സൂത്രധാരനായി മാറിയേക്കും.    ഓഫീസ്-വണ്ടികളുടെ ചുമതലക്കാരനായും ഓഫീസ്-ജീവനക്കാരുടെ രക്ഷിതാവായും സ്ഥാവരജംഗമവസ്തുക്കളുടെ കണക്കെടുപ്പുകാരനായുമെല്ലാം വാഴിക്കപ്പെടും.   സ്ഥലത്തെ ബുദ്ധിജീവിക്കൂട്ടായ്മയിലും ജാതി-മത-ഭാഷാ-സമുദായസംഘടനകളുടെ സമ്മേളനങ്ങളിലും വാഴ്ത്തപ്പെടും.   അവരുടെ പുരസ്ക്കാരങ്ങളും ഏറ്റുവാങ്ങും.   സമ്മാനദാനച്ചടങ്ങുകളിൽ മുഖ്യാതിഥിയാകും.    പിന്നെ കുറെ പാർട്ടിരാഷ്ട്രീയബന്ധങ്ങൾകൂടിയായാൽ പിടിച്ചാൽ കിട്ടില്ല.    അതില്ലെങ്കിലും കഷ്ടി കഴിച്ചുകൂട്ടാം; വിദേശബന്ധത്തിൽ വിമാനം കയറാം.   പറന്നു പറന്നു പറന്നു ചെന്ന്, അവിടെയും കൂടുകൂട്ടാം.

തന്നെ പൊക്കിക്കാട്ടാനുള്ള ഒരു നിമിഷവും പാഴാക്കുകയില്ല ഇത്തരക്കാർ.   ഒരു റിപ്പോർട്ടായാലും ലേഖനമായാലും പ്രബന്ധമായാലും തന്റെ പേരാദ്യം.   തന്റെപേരില്ലാത്തതെല്ലാം ചവറ്‌.   താനും തന്റെ ആൾക്കാരും മാത്രം പ്രഗത്ഭർബാക്കിയെല്ലാവരും വെറും അശു.   അവർക്ക് അവർ മാത്രം വളർന്നാൽ പോര; മറ്റുള്ളവർ തളർന്നാലേ  ആശ്വാസമാകൂ, ശ്വാസം നേരെ വീഴൂ.   ചില മരങ്ങളുണ്ടല്ലോ, ചുറ്റും ഒന്നിനെയും വളരാൻ അനുവദിക്കാത്തവ.   അവയെപ്പോലെയുള്ള അന്തകൻമാരാണവർ.

വലിയ ഗവേഷണപ്രസിദ്ധീകരണങ്ങൾ പ്രബന്ധം സ്വീകരിക്കുന്നതിനുമുൻപ്, അതതുമേഖലയിൽ പണിയെടുത്തു പരിജ്ഞാനമുള്ളവരെക്കൊണ്ട്  കൺകെട്ടുരീതിയിൽ പരിശോധിപ്പിക്കാറുണ്ട്.   ആരുടെ ലേഖനമെന്നതും ആർക്കാണയച്ചതെന്നതും ഗോപ്യമാക്കിവയ്ക്കും.   ഗവേഷകർക്കിടയിലെ കിടമത്സരവും കുതികാൽവെട്ടും ശീതസമരവും ഉഷ്ണപ്പാച്ചിലും ഒഴിവാക്കി കഴിയുന്നതും വസ്തുനിഷ്ഠമായി ഗവേഷണപ്രബന്ധം വിലയിരുത്തപ്പെടാനാണിത്.   എന്നിട്ടും പരിശോധനയിൽ ആളെ പിടികിട്ടും.   ഈവക സ്വയംപൊക്കികൾ പ്രബന്ധത്തിനടിയിലെ ആധാരസൂചികയിൽ തങ്ങളുടെ പ്രസിദ്ധീകരണങ്ങളാവും ഏറ്റവും കൂടുതൽ നിരത്തിവച്ചിട്ടുണ്ടാവുക.   പിന്നെ സ്വന്തംആളുകളുടെ.   ഒരേ സ്ഥാപനത്തിൽ ഗവേഷിക്കുന്ന ചില വിദ്വാൻമാരും വിദുഷികളും ഇണയുടെ പേരുകൂടി പ്രബന്ധങ്ങളിൽ ചേർത്ത് സ്വയംപ്രചരണം ഇരട്ടിപ്പിക്കാറുമുണ്ട് - ഇരുവരുടെയും ആധാരഗ്രന്ഥസൂചികയിൽ ഇരുവരുടെയും പേരുകൾ പ്രദർശിപ്പിക്കപ്പെടുമല്ലോ.   അതിവേഗം ബഹുദൂരം പോകാനുള്ള കുറുക്കുവഴി.

ഇത്തരത്തിലെല്ലാമുള്ള ഒരുത്തന്റെ പ്രബന്ധം പരിശോധിക്കാൻ എന്റെതന്നെ കയ്യിൽ കിട്ടി ഒരിക്കലെനിക്ക്.   പഴയതും അതുവരെയുള്ളതുമായ ഗവേഷണഫലങ്ങളുടെ ഒരു സംക്ഷേപം കൊടുക്കുന്നത് പ്രബന്ധങ്ങളിൽ അനിവാര്യമാണല്ലോ.   എന്നാൽ ആ മനുഷ്യൻ ശാസ്ത്രഗവേഷണത്തിൽ ഭൂജാതനാകുന്നതിനുമുൻപ് ആ മേഖലയിൽ ഒന്നുംതന്നെ നടന്നിട്ടില്ലെന്ന പ്രസ്താവന കണ്ട് ഞാൻ മരിച്ചുവീണു.   തനിക്കറിവില്ലാത്ത കാര്യങ്ങളില്ലെന്നും ഉണ്ടെങ്കിൽ അവയെ തമസ്ക്കരിക്കണമെന്നുമാണ്‌ അവരുടെ ഗവേഷണരീതി.

അവർ വെറും പ്രാഞ്ചിയേട്ടൻമാരല്ല; ആനറാഞ്ചികളാണ്‌.





No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...