Sunday 26 March 2017

കൂട്ടായ്മയും കൂടായ്മയും കുന്നായ്മയും മറ്റും

എവിടെ മലയാളികളുണ്ടോ അവിടെ മലയാളിക്കൂട്ടായ്മകളുണ്ട്.   ഏകവചനമല്ല, ബഹുവചനമാണ്‌ ഉപയോഗിച്ചിരിക്കുന്നത് എന്നതു ശ്രദ്ധിക്കുക.   രണ്ടു മലയാളികളുണ്ടെങ്കിൽ മൂന്നു സമാജങ്ങൾ എന്നാണു മറ്റുള്ളവർ പറയുക.   അവരോടു പോകാൻ പ്ര’! എന്നു മലയാളികളും മറുപടി പറയും.

എന്തുപറഞ്ഞാലും, സ്വന്തം ഭാഷക്കാരെയും സ്വന്തം നാട്ടുകാരെയും കണ്ടാൽ ആർക്കും സന്തോഷമാണ്‌.   ആദ്യകൗതുകം പിന്നെ കഥനകുതൂഹലമായും പിന്നെപ്പിന്നെ കലഹകുതൂഹലമായും മാറിയേക്കാമെങ്കിലും, ‘ഒരേതൂവൽപ്പക്ഷികൾഎന്നെന്നും ഒന്നിച്ചുകൂടും.   ഒരു സഭയോ സമൂഹമോ സമിതിയോ സമാജമോ സംഘമോ സംഗമമോ സംഘടനയോ സൊസൈറ്റിയോ ഉണ്ടാക്കി, കൂട്ടായ്മയുടെ ഒരു കുഞ്ഞുകൂട്.   ആദ്യം കുറെ കലപില.   കാലക്രമത്തിൽ കൊത്തിവലി, കൊത്തിപ്പറക്കൽ, കൊത്തിയകറ്റൽ, കൊത്തിക്കീറൽ, കൊത്തിമലർത്തൽ, കൊത്തിവീഴ്ത്തൽ എന്നിങ്ങനെ കലാപരിപാടികൾ.   അടുക്കുംതോറും അകലും, അകലുന്തോറും അടുക്കും.   വളരുന്തോറും പിളരും, പിളരുന്തോറും വളരും.

മനുഷ്യൻ സമൂഹജീവിയാണല്ലോ.    ഒറ്റയ്ക്കു നിൽക്കുമ്പോൾ വ്യക്തിമന:ശാസ്ത്രവും (ഇന്റിവിഡ്വൽ സൈക്കോളജി’) ഒന്നിച്ചുകൂടുമ്പോൾ സമൂഹമന:ശാസ്ത്രമാണു (മാസ് സൈക്കോളജി‘) നമുക്ക്.   അതോടുകൂടി ഒരുതരം കന്നാലിസ്വഭാവവും (ഹേർഡ് ഇൻസ്റ്റിങ്ങ്റ്റ്‘) നമുക്കുരുത്തിരിഞ്ഞുവരും - മുൻപേ ഗമിക്കുന്നൊരു ഗോവുതന്റെ പിൻപേ ഗമിക്കും ബഹു ഗോക്കളെല്ലാംഎന്നു മലയാളത്തിൽ.

കുറച്ചുകാലം ഒന്നിച്ചിരിക്കുമ്പോൾ ബന്ധങ്ങൾ പിശകിത്തുടങ്ങുന്നു.   ഫെമിലിയാരിറ്റി ബ്രീഡ്സ് കൺടംപ്റ്റ്എന്ന് ആംഗലത്തിൽ.   മുറ്റത്തെ മുല്ലയ്ക്കു മണമില്ലാതാവും.   ഉൾപ്പോരും കശപിശയും കാളപ്പോരും കുതികാലുവെട്ടലുമെല്ലാം തകൃതിയിലാകുമ്പോൾ എവിടെ നിന്നോ ഒരാൾ ദൈവദൂതൻ ചമഞ്ഞെത്തും.   അത്യന്തം സഹികെട്ടകണക്കാണെങ്കിലും അയാൾ പറയുന്നതു ശരിയെന്നു തോന്നുകമാത്രമല്ല, അതുമാത്രമാണു ശരി എന്നുവരെ വിശ്വസിക്കും കുഞ്ഞാടുകൾ നമ്മൾ (സ്റ്റോൿഹോം സിൻഡ്രം‘).   അന്ധമായ വീരാരാധന തന്നെ.   ശേഷം, ’ആളെ കണ്ട സമുദ്രംഎന്നു വിശേഷിപ്പിക്കാറില്ലേ - അതായിപ്പോകും നമ്മുടെ പെരുമാറ്റം.   ഒരുതരം റാന്റം ബിഹേവിയർ‘.   വ്യക്തിയില്ല, യുക്തിയില്ല, ശക്തിയില്ല പിന്നെ.

നല്ല അർഥത്തിലാണ്‌ കൂട്ടായ്മഎന്ന വാക്ക് നമ്മളുപയോഗിക്കുന്നതെങ്കിലും, ’വാലായ്മ‘, ’ശീലായ്മ‘, ’വല്ലായ്മ‘, ’വേണ്ടായ്മ‘, ’അരുതായ്മഎന്നീവക വാക്കുകളുടെ ഒരു ചീത്തായ്മകൂട്ടായ്മയിലുണ്ട് എന്നതാണു വിരോധാഭാസം - അല്ല, സത്യം.    കൂട്ടായ്മയിലെ ചില കൂടായ്മകൾ ചില കുന്നായ്മകൾക്കു കളമൊരുക്കും.   അതോടെ തീരും ഒന്നും ഒന്നും രണ്ടെന്ന കണക്ക്.   രണ്ടും രണ്ടും അഞ്ചെന്ന കണക്കിൽ കൂട്ടായ്മ പിളരും.

എക്കാലവും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു എവിടെയും.   ആദ്യകാലത്തൊക്കെ പണം പ്രശ്നമായിരുന്നു മലയാളികൾക്ക്.   കാശ്, കുറി, ചിട്ടി, ചീട്ട് എന്നിവയൊക്കെയായിരുന്നു കൂട്ടുകൂടാൻ കാരണം.  പിന്നാമ്പുറത്ത് അല്ലറചില്ലറ ജാതിഭേദവും മതദ്വേഷവും ഇല്ലായിരുന്നു എന്നല്ല.   പിൽക്കാലത്ത് രാഷ്ട്രീയമായി പ്രധാന അജണ്ട; മതപ്രചരണവും തലമറച്ചെത്തിക്കാണും.   വഴിയെ  വർഗവെറിയും വന്നെത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ.   സമ്മതിച്ചാലുമില്ലെങ്കിലും, പലർക്കും ഗൂഢലക്ഷ്യമുണ്ടായിരുന്നു കൂട്ടംകൂടാനും കൂടിച്ചേരാനും കൂട്ടിച്ചേർക്കാനും കൂട്ടംകൂട്ടാനും.

എന്നാൽ  സ്വന്തം കഴിവുകൊണ്ടും സ്വ:പ്രയത്നംകൊണ്ടും മലയാളികൾ മറുനാട്ടിൽ പച്ചപിടിച്ചപ്പോൾ കാശ് കാര്യമായ പ്രശ്നമല്ലാതായി.   ആരംഭത്തിൽ ആദ്യാവേശവും സ്ഥാനമോഹവും ക്ഷിപ്രയശ:പ്രാപ്തിയും  പ്രൗഢിയും പ്രതാപവും ആയിരിക്കും ചാലകശക്തികൾ.   അചിരേണ കൂട്ടിയാൽ കൂടാത്തതു കൂട്ടുകൂടും.   താൻപോരിമയും നേതാവുചമയലും ജാതിപ്രേമവും ചട്ടമ്പിസ്വഭാവവും മാടമ്പി സംസ്ക്കാരവും കുടുംബധാർഷ്ട്ര്യവും വികാരാവേശവും കപടകാൽപ്പനികതയും അതിഭാവുകത്വവും അയ്യോ പാവേ‘-നാട്യവും കൃത്രിമസദാചാരവും രാഷ്ട്രീയലക്ഷ്യവും കച്ചവടക്കണ്ണുകളും സ്ഥാപിതതാല്പര്യങ്ങളും എല്ലാത്തിനുമുപരി   നെറികെട്ട പ്രവൃത്തികളും വിലകുറഞ്ഞ കലാസാംസ്ക്കാരികപരിപാടികളും കുളംകലക്കും.   കറി കൊഴുപ്പിക്കാൻ രാഷ്ട്രീയക്കാരും ചലച്ചിത്രക്കാരും കച്ചവടക്കാരും.

അങ്ങനെ നല്ല ഉദ്ദേശ്യത്തോടെ തുടങ്ങി  ചീത്തനിലയിലെത്തുന്നതായി കേരളസമാജങ്ങളുടെ നടപ്പുരീതി.   അതിനിടെ ഓണത്തിനിടയിലെ പൂട്ടുകച്ചവടമെന്നോ തീപിടിക്കുമ്പോൾ വാഴവെട്ടലെന്നോ കാറ്റുള്ളപ്പോൾ തൂറ്റുകയെന്നോ കലക്കവെള്ളത്തിൽ മീൻപിടിക്കുകയെന്നോ ഒക്കെ പറയാറുള്ളൊരുതരം പരിപാടിയുമുണ്ട്.   ഒറ്റ സമാജംമാത്രമുണ്ടായിരുന്നതു വിഭജിച്ച്  അമീബപോലെ എണ്ണം പെരുക്കുമ്പോൾ, കുറേപ്പേർ ചേർന്ന് പ്രദേശത്തൊരു സൂപ്പർ സമിതിയുണ്ടാക്കും.   ആ പ്രൊമോഷനും മതിയാകാതെ, അഖിലസംസ്ഥാനവും അഖിലഭാരതവും അന്താരാഷ്ട്രവും ആഗോളവുമെല്ലാമായി പിരമിഡുപോലെ   ഫെഡറേഷനുകളും അസോസിയേഷനുകളും ഒന്നിനുമേലൊന്നായി മുളപൊട്ടും.

സഹികെട്ടുപോകുമ്പോൾ പിന്നെ കുറെ ചെറുപ്പക്കാർ ഇടപെട്ട് അതൊക്കെയൊന്നു നേരെയാക്കിയെടുക്കാൻ മെനക്കെടും.   കലഹിച്ചു കലഹിച്ച് കടൽക്കിഴവന്മാർ ഒഴിഞ്ഞുപോകും.   അതും കുറെ കാലം നടക്കും, പിന്നെ നിൽക്കും, തടയും, വീഴും, വീഴ്ത്തും..... ചരിത്രം ആവർത്തിച്ചുകൊണ്ടേയിരിക്കും.

അവതാരനാടകം അവിരാമം തുടരുന്നു, അരങ്ങുകൾ മാത്രം മാറുന്നൂ...” - പഴമ്പാട്ടുകൾ പാഴാകുന്നില്ല!

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...