Sunday 19 March 2017

അറിയേണ്ടവർ അറിയേണ്ടത്


വളരെ യാദൃച്ഛികമായാണ്‌ ഞാനദ്ദേഹത്തെ പരിചയപ്പെടുന്നത് - പ്രശസ്ത ചിത്രകലാനിരൂപകനും സൗന്ദര്യശാസ്ത്രജ്ഞനും അനുഷ്ഠാനകലാവിദഗ്ദ്ധനും നാടൻകലാപ്രേമിയും, സർവോപരി മലയാളത്തിലും ഇംഗ്ളീഷിലുമായി രണ്ടുഡസനോളം കലാസാഹിത്യഗ്രന്ഥങ്ങളുടെ രചയിതാവുമായ ശ്രീ വിജയകുമാർ മേനോനെ.   ദൃശ്യകല ഏതായാലും അവിടെയുണ്ട് വിജയകുമാർ മേനോന്റെ ഒരു ആധികാരികപ്രബന്ധം.   അടിസ്ഥാനഗ്രന്ഥങ്ങളും മൗലികഗ്രന്ഥങ്ങളും ആധാരഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ വകയായേറെയുണ്ട്.   കേരളത്തിലെ നാട്ടറിവുകേന്ദ്രം തുടങ്ങി പല പ്രസാധനസ്ഥാപനങ്ങളും കേരള ലളിതകലാ അക്കാഡമിയും  സാഹിത്യ അക്കാഡമിയും അദ്ദേഹത്തെക്കൊണ്ട് പുസ്തകങ്ങളെഴുതിച്ചിട്ടുണ്ട്.   എഴുപതാണ്ടിനിടെ ഒരാൾക്കു  ചെയ്തുതീർക്കാവുന്നതിലധികം അദ്ദേഹത്തിന്റെ വകയായുണ്ട്.

ലോകചിത്രകലയും ഭാരതീയചിത്രകലയും അദ്ദേഹത്തിനു വഴങ്ങും.   കേരളത്തിന്റെ തനതു ദൃശ്യകലാപാരമ്പര്യവും ചരിത്രവും ഇത്രമാത്രം ആധികാരികമായി ക്രോഡീകരിച്ച മറ്റൊരാളെ കാണാൻ കഴിഞ്ഞെന്നു വരില്ല.  ചിത്ര-ശിൽപ്പകലകളുമായി ഭാരതീയസൗന്ദര്യശാസ്ത്രത്തെ ബന്ധപ്പെടുത്തുന്നതിലാണ്‌ അദ്ദേഹത്തിന്റെ മികവ്.

ആരോഗ്യപരമായ കാരണങ്ങളാൽ എഫ്.എ.സി.ടി.-യിലെ സാങ്കേതികോദ്യോഗത്തോടു വിടപറഞ്ഞ് മേനോനെത്തിയത് ദൃശ്യകലാപഠനത്തിലായിരുന്നു.   അന്നുതൊട്ടിന്നുവരെ സൗന്ദര്യശാസ്ത്രമേഖലയിലെ വലുതും ചെറുതുമായ പ്രവർത്തനങ്ങളെയെല്ലാം വളമിട്ടു സംപോഷിപ്പിക്കുന്നു ശ്രീ വിജയകുമാർ മേനോൻ.   കൃഷിക്കുമാത്രമല്ല, കലാസാംസ്ക്കാരികാദികൾക്കും വളക്കൂറുള്ള മണ്ണായിരുന്നല്ലോ എഫ്.എ.സി.ടി.-യും!

സംഗതി സൗന്ദര്യശാസ്ത്രമാണെങ്കിലും അറുബോറാണു കാര്യം എന്നാണല്ലോ നമ്മുടെ ഒന്നാംവിചാരം.   പൂവിന്റെ ഇതളെണ്ണുന്നതുപോലല്ലല്ലോ അതിന്റെ ഭംഗിയും പരിമളവുമെല്ലാം തിട്ടപ്പെടുത്തുന്നത്.   നിയതമായ ചട്ടക്കൂട്ടിൽ നിറഞ്ഞുനിൽക്കുന്നതുമല്ല സൗന്ദര്യവ്യവസ്ഥകളൊന്നും.   കള്ളനാണയങ്ങൾക്കു കയറിപ്പറ്റാനും കണക്കിലധികം ഇടമുണ്ട് കലാസാഹിത്യവിചിന്തനവേദികളിൽ.   കരിക്കട്ടകൾക്കിടയ്ക്കു കനൽ കണ്ടെത്താൻ കഷ്ടമാണതുകൊണ്ട്.

സൗന്ദര്യശാസ്ത്രമെന്നുകേൾക്കുമ്പോൾ  സൗന്ദര്യത്തെ അറത്തുമുറിച്ച് അളന്നുകുറിക്കുകയാണെന്നൊക്കെ തോന്നും തുടക്കത്തിൽ.   എങ്കിലും കേവലാർഥത്തിൽ കടക്കുമ്പോൾ കലയുടെ സത്തയെ സത്തും സാർഥകവുമാക്കുന്നത് ലാവണ്യമാണ്‌.   ആ ലാവണ്യത്തെ സിദ്ധാന്തീകരിക്കുക എളുപ്പമല്ല.   അതിനു തുനിഞ്ഞവർ വിരളം.   വൈവിധ്യമൊന്നുകൊണ്ടുമാത്രം ഇന്ത്യൻ സൗന്ദര്യദർശനം പ്രത്യേകിച്ചും കടുപ്പമേറിയതാണ്‌.   അതിനെയാണ്‌ വിജയകുമാർ മേനോൻ ഇഴയിളക്കി പരിശോധിക്കുന്നത്.

അതിന്റെ വിശദാംശങ്ങളിലേക്കു കടക്കാൻ ഞാനാളല്ല.   മേനോന്റെ രചനകളുടെ അകത്തളങ്ങൾ ഇനിയും ഞാൻ കാണാനിരിക്കുന്നതേയുള്ളൂ എന്ന മുൻകൂർ ജാമ്യത്തിലാണ്‌ ഞാനീക്കുറിക്കുന്നതെല്ലാം.

അദ്ദേഹത്തിന്റെ അറിവ് അറിവുള്ളവർക്കും അറിവില്ലാത്തവർക്കും ഒരുപോലെ പ്രയോജനപ്പെടുന്നു.   അറിയേണ്ടവർ അറിയേണ്ടത്, അറിയേണ്ടവർക്കറിയാൻ അദ്ദേഹമെഴുതുന്നു.   ആധുനികകലയുടെ ലാവണ്യതലങ്ങളാണെന്നുതോന്നുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിഷയം.   ചിത്രകലയുടെ കഥയും ചരിത്രവും രീതികളുമെല്ലാം കുട്ടികൾക്കായി അദ്ദേഹമൊരുക്കിയിട്ടുണ്ട്.   ലോകപശ്ചാത്തലത്തിൽ കലയുടെ സ്ഥലകാലപുരോഗതിയെ അദ്ദേഹം വരച്ചുകാട്ടിയിട്ടുണ്ട്.   നമ്മുടെ കലാചരിത്രം വിവരിക്കുമ്പോൾ  ഭാരതീയലാവണ്യവിചാരവും കലാപാരസ്പര്യവും അദ്ദേഹം വെളിവാക്കുന്നുണ്ട്.   അദ്ദേഹത്തെപ്പോലെ കേരളത്തിന്റെ തനതു നാടൻദൃശ്യകലകളുടെ കുരുക്കഴിച്ചവരധികമില്ല.   കളമെഴുത്തിന്റെയും പൂരപ്പാട്ടിന്റെയും ഗുപ്തവിജ്ഞാനം താന്ത്രികസംസ്ക്കാരച്ചിട്ടയിലാണെന്നു കാട്ടിത്തരുന്നുണ്ടദ്ദേഹം.   അതോടൊപ്പം നവകലാപാരമ്പര്യത്തിലെ രാജാ രവിവർമയെക്കുറിച്ചും അദ്ദേഹം ഉപന്യസിച്ചിട്ടുണ്ട്.   കുറേക്കൂടി ആധുനികരിൽ അന്നത്തെ കെ. മാധവമേനോൻതൊട്ട് ഇന്നത്തെ കാനായി കുഞ്ഞിരാമൻവരെ അദ്ദേഹത്തിന്റെ പഠനത്തിനു പാത്രമായിട്ടുണ്ട്.

നാട്ടറിവുകളുടെ വക്താവുകൂടിയാണ്‌ വിജയൻമാഷ്.   ദൃശ്യാനുഭവം ആത്മാനുഭവമാക്കിമാറ്റുന്ന കളമെഴുത്തിന്റെയും പരി:സ്ഥിതിയുടെ മൂലപാഠങ്ങളുൾക്കൊള്ളുന്ന കാവുകളുടെയും മനുഷ്യസംസ്കൃതിയുടെ ഈറ്റില്ലങ്ങളായ പുഴകളുടെയും മനുഷ്യന്റെ നിലനിൽപ്പിന്റെതന്നെ ആധാരമായ കൃഷിയുടെയും കാര്യങ്ങൾ പിൻതലമുറയ്ക്കായി അദ്ദേഹം കുറിച്ചുവച്ചിരിക്കുന്നു.

ദൃശ്യകലയുടെ ജനപ്രിയപ്പതിപ്പാണല്ലോ നാടകങ്ങൾ.   നാലഞ്ചു വിദേശനാടകങ്ങളും വിജയകുമാർ മേനോൻ വിവർത്തനംചെയ്തു സൂക്ഷിച്ചിട്ടുണ്ട്.

അക്കാഡമികപഠനങ്ങളാവുമ്പോൾ പതിവിൻപടി വടക്കുംകൂറും തെക്കുംഭാഗവും കിഴക്കേടവും പടിഞ്ഞാറ്റയുമെല്ലാം കടന്നുവരും.   ബുദ്ധിരാക്ഷസൻമാരും ലാവണപ്രഭുക്കളും ബുദ്ധിജീവികളും പരാന്നഭോജികളും നയിക്കുന്ന കൊമ്പുകോർക്കലും തലതല്ലലും മൂടുതാങ്ങലും കാലുവാരലും കുറവല്ല.   അതിനിടെ അപവാദങ്ങൾ മുളപ്പിക്കുന്ന അവസരവാദികളും കാണും.   വിജയൻമാഷെയും അവർ വെറുതെ വിട്ടിട്ടില്ല.   എന്നാലോ അതിനെല്ലാം, അവർക്കെല്ലാമുപരിയായി തന്റെ സൗന്ദര്യസാധനയ്ക്കു തടസ്സമാകുന്ന ഒന്നിലും പങ്കുചേരാതെ സന്ന്യാസതുല്യമായൊരു  സ്വസ്ഥജീവിതക്രമം വിജയകുമാർ മേനോനു സ്വന്തം.

അനുഷ്ഠാനകലകളിലെ ഭക്തിയെയും യുക്തിയെയും വേർതിരിച്ചറിഞ്ഞവർ അധികമില്ല.   ഭക്തികൂടുമ്പോൾ കണ്ണടയുന്നുഎന്നദ്ദേഹം പറയും.   പിന്നീടൊന്നും കാണാനാകില്ല.   യുക്തിയുള്ളേടത്തു ഭക്തിയും ചുരുങ്ങും.   ദൃശ്യകലകളുടെ മാസ്മരികതയും മനോഹാരിതയും യുക്തിയുടെ നിഴൽപ്പാടാകാം.   ഭക്തിയിലൂടെ യുക്തിയെ ദ്യോതിപ്പിക്കുന്നതുമാകാം.  മൈക്കലാഞ്ചെലോവും ഡാവിഞ്ചിയുമെല്ലാം സ്വരുക്കൂട്ടിയതരം ദുരൂഹതകൾ ഭാരതീയകലകളിലും സുലഭം.   പക്ഷെ അവയെ നിർധരിക്കാൻ തുനിഞ്ഞവർ വിരളം.

ഒരുചുമട് കലാചിന്തകളുമായാണ്‌ ഞാനും എന്റെ പത്നിയും വ്യാസഗിരിയിലെ അദ്ദേഹത്തിന്റെ താമസസ്ഥലത്തിന്റെ പടിയിറങ്ങിയത്.   ലാളിത്യമാണ്‌ ലാവണ്യമെങ്കിൽ അതാണ്‌ വിജയകുമാർ മേനോൻ.   ലാവണ്യത്തെ ഇത്രമാത്രം ലളിതമാക്കി അവതരിപ്പിക്കുന്നതും വിജയകുമാർ മേനോൻ മാത്രം.

(ചിത്രീകരണം: സനീഷ് ദിവാകരൻ, ഗോവ)



No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...