Monday 2 January 2017

വസ്ത്രം മാറുമ്പോൾ അഥവാ തുണിയുരിയുമ്പോൾ തോന്നേണ്ടത്

ഇംഗ്ളീഷിൽ ഒരു ചൊല്ലുണ്ട്: കാലാവസ്ഥക്കൊരു കുറ്റവുമില്ല; വസ്ത്രധാരണത്തിലാണു വൈഷമ്യം’ ("There is nothing wrong with the weather, it is the dress that matters").   ഇതോടൊപ്പം ഷേൿസ്പിയറിന്റെ, ‘കാലാവസ്ഥ മനുഷ്യനെ മെനഞ്ഞെടുക്കുന്നു’ ("Weather maketh the man") എന്നതു കൂടി  ചേർത്തുവയ്ക്കുക.   മനുഷ്യനും വസ്ത്രവും എത്രമാത്രം ചുറ്റിച്ചേർന്നിരിക്കുന്നു എന്നും മനസ്സിലാക്കുക.

സസ്യമൃഗാദികളിൽ മനുഷ്യവർഗംമാത്രമാണ്‌ ഏതു പ്രദേശത്തും ഏതു കാലാവസ്ഥയിലും ജീവസന്ധാരണം നടത്തുന്നത്.   മനുഷ്യന്റെ അതിജീവനത്തിന്റെ ആധാരം, സ്ഥലകാലങ്ങൾക്കനുയോജ്യമായ മുന്നൊരുക്കങ്ങളാണ്‌.   മിക്ക സസ്യങ്ങാൾക്കും മൃഗങ്ങൾക്കും സഹജമായ സുരക്ഷാസംവിധാനങ്ങളുണ്ട്.   അവയേ ഉള്ളൂ.   നിറം, എണ്ണമയം, രോമം, എന്നിങ്ങനെ നിരവധി ഉപാധികൾ.   എന്നാൽ ഇവയെല്ലാം പ്രത്യേക പരിത:സ്ഥിതികളിൽ മാത്രമേ പ്രയോജനപ്പെടുകയുള്ളൂ.   അതിനാൽ തൻ തട്ടകത്തുനിന്ന് പറിച്ചുനട്ടാലോ പിരിച്ചുവച്ചാലോ അവ പകുതിപ്രാണനാകും.   മനുഷ്യനോ സഹജമായ സുരക്ഷാസംവിധാനങ്ങൾക്കപ്പുറം തനതു സുരക്ഷാസന്നാഹങ്ങൾ സജ്ജമാക്കും.   അങ്ങനെ സ്ഥലംമാറിയാലും കാലംതെറ്റിയാലും പുനർജനിക്കും, പുനരവതരിക്കും, പുനർജീവിക്കും.

ഇത്തരം സുരക്ഷാസന്നാഹങ്ങളിൽ ഏറ്റവും പ്രധാനവും പഴക്കംചെന്നതും പടിപടിയായി പുനർനിർണയം ചെയ്യപ്പെടുന്നതും വസ്ത്രധാരണമാണ്‌.   തണുപ്പിൽനിന്നും ചൂടിൽനിന്നും കാറ്റിൽനിന്നും പൊടിയിൽനിന്നും മഴയിൽനിന്നും വെയിലിൽനിന്നുമെല്ലാം സ്വശരീരത്തെ രക്ഷിക്കാൻ തദനുഗുണമായ വസ്ത്രങ്ങളുണ്ടായേ പറ്റൂ.   ഹിമപ്രദേശത്തെ  ആളുകൾക്ക് ഒറ്റമുണ്ടും രണ്ടാമുണ്ടും ചുറ്റി കോന്തലയും പൊക്കിപ്പിടിച്ചു നടക്കാനാവില്ല.   അറബിനാട്ടിലെ കൊടുംചൂടിൽ കോട്ടും സൂട്ടും സൂട്ടാകില്ല.   മഴയിറ്റുന്ന വടക്കുകിഴക്കൻമേഖലകളിൽ തൊപ്പിയില്ലാതാവില്ല.   തെന്നിന്ത്യയിലെ ഈർപ്പംനിറഞ്ഞ കാലങ്ങളിൽ ഇറുകിയൊട്ടുന്ന  വസ്ത്രങ്ങൾ വിലപ്പോവില്ല.

കാലാവസ്ഥക്കനുഗുണമായതെന്തോ അതാണ്‌ നല്ലവസ്ത്രം.   ഉടുതുണി, അടിയുടുപ്പ്, ചെരിപ്പ്, തൊപ്പി, കയ്യുറ, കാലുറ, പുറംചട്ട, തലേക്കെട്ട്, മുഖമറ എന്നിവയെല്ലാം ഇതിൽ പെടും.   വേണ്ടതു വേണ്ട വിധം സ്ഥലകാലങ്ങൾക്കനുസരിച്ചല്ലാതെ ഉപയോഗിച്ചാൽ അത് അരോചകമാകും, ആഭാസവും!

വെറും സംരക്ഷണകവചമെന്നതിലുപരി വലിയൊരു സഞ്ചിതസംസ്ക്കാരത്തിന്റെ സാക്ഷ്യപത്രംകൂടിയാണ്‌ വസ്ത്രം.   നിറച്ചാർത്തുകളും ചിത്രാങ്കനങ്ങളും വാർപ്പട്ടകളും വാൽകിന്നരികളും പീലിക്കെട്ടുകളും കുടുക്കുകളുമെല്ലാം  വെറും വസ്ത്രത്തെ വിലപ്പെട്ടതാക്കുന്നു.   എന്റെ നാലാംക്ളാസ്സിലെ മലയാളപാഠാവലിയിലെ നിറന്നപീലികൾ നിരക്കവേകുത്തി...എന്ന പദ്യം (ചെറുശ്ശേരിയുടെ കൃഷ്ണഗാഥ)  വസ്ത്രധാരണത്തിന്റെ വിശ്വരൂപത്തെ വെളിവാക്കുന്നു എന്ന് ഇന്നു തോന്നുന്നു.

ഒരു വ്യക്തിയുടെ ശരീരത്തോടേറ്റവുമടുത്തു നിൽക്കുന്നതാണു വസ്ത്രം. അതിന്‌ അതിന്റേതായ വ്യക്തിത്വവും സ്വകാര്യതയും സ്വീകാര്യതയും അനുപേക്ഷണീയം.

മുണ്ടിന്റെ മടിക്കുത്ത് ഇടത്തോട്ടും വലത്തോട്ടുമായി പലതരത്തിൽ കാണാം.   പുടവത്തലപ്പും ഇടത്തോട്ടും വലത്തോട്ടുമുണ്ട്.   ചില സമൂഹങ്ങളിൽ വെള്ളനിറം പഥ്യം, ചിലവയിൽ നിഷിദ്ധം.   കറുപ്പുനിറത്തിന്റെ കാര്യവും അതുപോലെ.   മുടിമൂടുന്നതും മുഖം മറയ്ക്കുന്നതും അതുപോലെ.   മാറുമറയ്ക്കാത്തതൊരുകാലം.   മേലാകെ മറയ്ക്കുന്നതു മറ്റൊരു കാലം.   അൽപവസ്ത്രത്തിനുമൊരുകാലം.   ആവശ്യത്തിനുള്ള വസ്ത്രം ആഡംബരത്തിനുള്ള വസ്തുവായി.   ആഡംബരത്തിന്‌ വസ്ത്രമേ വേണ്ടാതായി.

നഗ്നത നാണമായപ്പോൾ നാണം നാനാവിധമായി.   സമൂഹത്തിന്റെ ചുറ്റുകെട്ടിൽ നാണംമറയ്ക്കൽ നിർബന്ധമായി.   കുടുംബമെന്ന സങ്കൽപ്പത്തിന്‌ വിവാഹം നിമിത്തമായി.   വിവാഹത്തിന്‌ വസ്ത്രം വേർപെടുത്താനാവാത്തതായി.   നാട്ടിലെ പണ്ടത്തെ അതിലളിതമായ പുടവകൊടുപ്പിൽ തുടങ്ങി ഇന്നത്തെ അതിവിപുലമായ പട്ടിൽപൊതിയൽവരെ എത്തിയിരിക്കുന്നു വസ്ത്രവും വിവാഹവും തമ്മിലുള്ള ബാന്ധവം.   പാശ്ചാത്യർക്കാണെങ്കിൽ വിവാഹവസ്ത്രം അന്ത്യയാത്രയ്ക്കുകൂടിയുള്ളതാണ്‌.   മരണം വെറും തുണിമാറ്റമെന്ന് നമ്മുടെ ഭഗവത്ഗീത.

നഗ്നത പാപമായിക്കാണുന്ന മതവിഭാഗങ്ങളുണ്ടാകാം; പുണ്യമായിക്കാണുന്നവയുമുണ്ടാകാം.   അത്തരത്തിൽ, വസ്ത്രധാരണത്തെ മതങ്ങളും വേണ്ടുവോളം സ്വാധീനിച്ചിട്ടുണ്ട്.  മതചിഹ്നങ്ങളായിത്തന്നെ വസ്ത്രധാരണരീതി കൈമാറപ്പെടുന്നു.   ദിഗംബരൻമാർ വസ്ത്രത്തെ പാടെ ഉപേക്ഷിച്ചു.   മറ്റുള്ളവർ വ്യത്യസ്തവേഷം കെട്ടിയാടുന്നു.


ഇതൊന്നുമല്ലാതെ, ഇതൊന്നുമില്ലാതെ, തന്റെ തൊഴിലിനും സൗകര്യത്തിനുമൊക്കെയായി വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നവരാണധികവും.   ബെർത്ത്-ഡേസൂട്ടും സൺഡേബെസ്റ്റും ഒന്നും അവരെ സംബന്ധിച്ചിടത്തോളം പ്രമേയങ്ങളേയല്ല.   വെള്ളമുണ്ട് കൈലിക്കും സാരിക്കും ബെർമുദയ്ക്കും നൈറ്റിക്കും ട്രൗസറിനും ചുരിദാറിനുമെല്ലാം വഴിമാറിയല്ലോ.

ഗാന്ധിയുടെ സ്വാതന്ത്ര്യസമരത്തിൽ വിദേശവസ്ത്രബഹിഷ്കരണം ഒന്നാമജണ്ടയായിരുന്നു കുറച്ചധികം കാലം.   അർധനഗ്നനായ ആ ഫക്കീർ വസ്ത്രത്തിന്റെ വിലയും വിലയില്ലായ്മയും ഒരേസമയം മനസ്സിലാക്കിയിരുന്നു.   നമ്മുടെ സാമൂഹ്യഘടനയിലും സാംസ്ക്കാരികഭൂമികയിലും കാലാവസ്ഥയിലും, വിദേശവസ്ത്രവും വസ്ത്രധാരണരീതിയും എത്രമാത്രം അപ്രസക്തമാണെന്നറിയണം.


ഓരോതവണ വസ്ത്രമൂരുമ്പോഴും നാം ചരിത്രത്തിന്റെയും സംസ്ക്കാരത്തിന്റെയും മതവിശ്വാസത്തിന്റെയും സ്വകാര്യതയുടെയും പരാശ്രയത്തിന്റെയും പ്രായോഗികതയുടെയും പുറന്തൊലിയാണ്‌ ഉരിഞ്ഞുമാറ്റുന്നതെന്നോർമിച്ചാൽ നല്ലത്.   വീണ്ടുമതണിയുമ്പോൾ അതൊരു പുറംതോടാണെന്നും.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...