Sunday 15 January 2017

പണിതീർക്കാത്ത വീട്

ചെറുതും വലുതാണെന്നു കാട്ടിത്തന്ന ഒരു മനുഷ്യനുണ്ട് എന്റെ ജീവിതത്തിൽ. പ്രൊഫ. ഹരി ഉപാധ്യേ. അദ്ദേഹം ഇന്നലെ (10 ജനുവരി 2017) മരിച്ചു.
ഒരു കൊച്ചു ജീവിതം; എന്നാലോ എല്ലാം തെളിഞ്ഞത്. ഒരു കൊച്ചു വീട്; എന്നാലോ എല്ലാം നിറഞ്ഞത്. ഒരു കൊച്ചു കുടുംബം; എന്നാലോ എല്ലാം തികഞ്ഞത്. ആവശ്യവും അത്യാവശ്യവും അനാവശ്യവും ഇത്രമാത്രം വേർതിരിച്ചുകണ്ടവർ ചുരുങ്ങും. തന്റെ സ്വപ്നങ്ങളും സങ്കൽപ്പങ്ങളും പണയംവയ്ക്കാതെ അന്യരുടേതെന്തും അനുഭാവത്തോടെയും അനുതാപത്തോടെയും നോക്കിക്കണ്ടൊരു മനുഷ്യൻ ഉപാധ്യേ. പല പ്രകാരങ്ങളിൽ ആളും അർഥവും അനുകമ്പയുമായി മറ്റുള്ളവരെ സഹായിക്കും. അധികം സംസാരിക്കില്ല. പറയുന്നതു പൊൻമുത്തായിരിക്കും. പ്രൊഫസർമാർക്കിടയിൽ കാണപ്പേടുന്ന ധാടിയോ മോടിയോ അദ്ദേഹം കൊണ്ടുനടന്നില്ല.
കൃത്യമായി പറഞ്ഞാൽ എന്റെ അധ്യാപകനൊന്നുമല്ല; ഏകദേശം സമപ്രായക്കാരുമാണു ഞങ്ങൾ. തൊഴിൽപരമായും സമാനാതകളൊന്നുമില്ല ഞങ്ങൾക്ക്. അദ്ദേഹം ഗോവയിലെ ഒരു പ്രമുഖ കലാശാലയിൽ പ്രശസ്ത ഹിന്ദി അധ്യാപകനായിരുന്നു. ആരുമധികം അറിയപ്പെടാത്തൊരു എഴുത്തുകാരനും വിവർത്തകനും. ഹിന്ദിക്കു പുറമെ ഇംഗ്ളീഷും മറാഠിയും കൊങ്കണിയും അനായാസമായി കൈകാര്യം ചെയ്തിരുന്നു അദ്ദേഹം.
ഒരു സമയമെത്തിയപ്പോൾ ചിട്ടവട്ടങ്ങൾക്കൊത്ത അധ്യാപനം ഇനി വയ്യ എന്നു തോന്നി; അതോടെ ജോലിയിൽനിന്നു വിരമിക്കുകയും ചെയ്തു. കിട്ടുന്ന കാശുകൊണ്ട് സന്തോഷത്തോടെ ജീവിച്ചു, അതേപോലെ പണിയിൽനിന്നു വിരമിച്ച ഭാര്യയോടൊത്ത്. ശ്രീമതി സ്മിത വാർത്താവിതരണവകുപ്പിൽ ഉദ്യോഗസ്ഥയായിരുന്നു.
സദാ ചിരിച്ചും ചിരിപ്പിച്ചും മാത്രം സംസാരിക്കുന്ന ശ്രീമതി സ്മിത, ആദ്യമായി കരയുന്നതു കണ്ടത് പ്രൊഫസറുടെ മരണദിവസത്തിലാണ്‌. ആണും പെണ്ണുമായി ഓരോ മക്കളും അവരുടെ മക്കളുമായി ശിഷ്ട ജീവിതവും ശ്രേഷ്ഠമാകട്ടെ എന്നാശംസിക്കാനേ നമുക്കിപ്പോൾ കഴിയൂ.
യാദൃച്ഛികമായാണ്‌ ഞൻ പ്രൊഫസറെ പരിചയപ്പെടുന്നത്, എന്റെ മകളുടെ ഹിന്ദി അധ്യാപകനെന്ന നിലയിൽ. പിന്നീടു ഞങ്ങൾ സമീപവാസികളുമായി. ബാക്കി എല്ലാ വിഷയങ്ങളിലും നിലവാരം കാത്തപ്പോൾ ഹിന്ദിയിൽമാത്രം പരിക്കേറ്റുവീണ എന്റെ മകളെ, ഏതാനും ആഴ്ചകൾകൊണ്ട് ഇരുത്തിപ്പഠിപ്പിച്ചു പാസ്സാക്കിയത് അദ്ദേഹമാണ്‌. വെറും പരീക്ഷയിൽ മാത്രമല്ലായിരുന്നു; ഭാവിജീവിതത്തിലെ ദേശീയദൃശ്യമാധ്യമരംഗത്തെ അതിമത്സരം അഴിഞ്ഞാടുന്ന തൊഴിലിൽ അനായാസമായും ആത്മവിശ്വാസത്തോടെയും പ്രവർത്തിക്കുവാനും അദ്ദേഹമവളെ സജ്ജയാക്കി.
സത്യത്തിൽ പലരുമുണ്ടിതുപോലെ. എന്നാൽ ഇതൊന്നുമല്ല പ്രൊഫ. ഉപാധ്യേയെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തിന്റെ വീട് ‘സഹവാസ്’. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സഹവാസത്തിന്റെ പര്യായമായി, ബോധപൂർവം തന്നെയായിരിക്കണം അദ്ദേഹവും അദ്ദേഹത്തിന്റെ സഹധർമിണിയുംചേർന്ന് ആ പേരു തിരഞ്ഞടുത്തത്.
ഗോവയിലെ ഞങ്ങളുടെ താലിഗാവ് എന്ന ഗ്രാമത്തിന്റെ വശത്തായുള്ളൊരു ഇടവഴിയിൽ, ആരും പ്രത്യേകിച്ചൊന്നും ശ്രദ്ധിക്കാനിടയില്ലാത്തൊരു വീട്. പിന്നിൽ നെൽപ്പാടം. വീട്ടുവളപ്പിന്‌ രണ്ടടിപ്പൊക്കത്തിൽ പേരിനൊരു മതിൽ, അകന്നകന്നകന്ന അഴികളോടെ. ആർക്കുമതു കവച്ചുകടക്കാം. പറമ്പിന്‌ ശ്വാസംകിട്ടാൻവേണ്ടിയാണെന്നാണ്‌ അദ്ദേഹത്തിന്റെ വിശദീകരണം. കേരളത്തിന്റെ തനതു വാസ്തുശിൽപി ലാറി ബേക്കറും ഇതു പറയാറുണ്ടായിരുന്നല്ലോ. ചെലവുചുരുക്കാനുമാകും. തന്റെ പുരയിടത്തേക്ക് ആർക്കും എന്തിനും എപ്പോഴും കടന്നും വരാം, വരണം, പക്ഷിമൃഗാദികളടക്കം.
വെറും ചെങ്കല്ലും തെങ്ങിൻതടിയുംകൊണ്ടാണ്‌ വീടിന്റെ പണി. ഗോവയിൽ സാധാരണമായ, ഉയരത്തിൽ ഒറ്റക്കൂടോടുകൂടിയ തികച്ചും സാമ്പ്രദായികമായ രൂപകൽപന. മുൻവരാന്തയ്ക്കുമാത്രം കോൺക്രീറ്റ്. ചുമരോടു ചുമർ തൊടുന്ന നെടുനീളൻ ജനാലകൾ; അത്യാവശ്യത്തിനുമാത്രം ചില്ലുകൾ. മുറ്റത്തൊരൂഞ്ഞാൽ; പൂമുഖത്തൊരാട്ടുകട്ടിൽ. പുറത്തു കസേരകളുണ്ടെങ്കിലും അകത്തളത്ത് നിലത്തിരിക്കാൻ പുൽപ്പായ. തളത്തിനും കിടപ്പറയ്ക്കുമിടയിലെ ഭിത്തിയിൽ വാതായനമുണ്ടാക്കി അതിലുറപ്പിച്ചൊരു ടെലിവിഷൻ. ആവശ്യപ്രകാരം അങ്ങോട്ടോ ഇങ്ങോട്ടോ തിരിച്ചുവയ്ക്കാം. ഇരുന്നും കാണാം കിടന്നും കാണാം. വീടിനുമൊത്തം തട്ടിൻപുറം.
പാഴ്മരങ്ങൾക്കും ഫലവൃക്ഷങ്ങൾക്കും പൂച്ചെടികൾക്കും പട്ടിക്കും പൂച്ചയ്ക്കുമെല്ലാം ഓരോരിടം. എല്ലാം സഹവാസികൾ; വിരുന്നുകാരടക്കം. എല്ലാവർക്കും സ്വാഗതം, എപ്പോഴും. സാർഥകമായൊരു സാത്വികജീവിതം. ഭക്തിയുണ്ടെങ്കിലും ഭ്രാന്തില്ലെന്ന് പറയാതെ പറയും.
സ്വയം ഡ്രൈവിങ്ങ്. ആവുന്നതെല്ലാം സ്വയം റിപ്പയർ. പൊട്ടിപ്പോയവ മാറ്റിവയ്ക്കാൻ മേച്ചിലോടും മരക്കഷ്ണങ്ങളും മുറ്റത്തൊരു മൂലയിൽ എന്നും കാണും. അധികമായി ഇന്നു കണ്ടത് ഒരടുക്ക് കൊച്ചോടുകൾ. മംഗലാപുരം-ഓടുകളുടെ അതേ അച്ചിലും മാതിരിയിലുമുള്ള കുഞ്ഞോടുകൾ. ഉദ്ദേശമെന്തെന്ന് ചോദിച്ചറിയാൻ കഴിഞ്ഞില്ലല്ലോ.
വീടുപണി ഒരിക്കലും തീർക്കരുതെന്നു വാശി. മാറ്റമില്ലെങ്കിൽ വീടു മടുക്കും; ജീവിതം വെറുക്കും. കൊച്ചുകൊച്ചു മാറ്റങ്ങൾകൊണ്ട് വീടും ജീവിതവും എന്നെന്നും നവീകരിക്കുകയായിരുന്നു പ്രൊഫ. ഉപാധ്യേ.
ഇപ്പറയുന്ന പ്രപഞ്ചമന്ദിരവും പണിതീരാത്തൊരു വീടല്ലേ?

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...