Friday 27 January 2017

'ഒറ്റക്കോപ്പി’-വിപ്ലവം


എഴുതിയ പുസ്തകം പ്രസിദ്ധീകരിക്കുക എന്നത് ഒരു പേടിസ്വപ്നമാണ്‌ എഴുത്തുകാർക്ക്.    പ്രസിദ്ധീകരണരംഗം അത്രയ്ക്കങ്ങു സ്ഥാപനവത്കരിക്കപ്പെട്ടിരിക്കുന്നു.   കമ്പോളവത്കരിക്കപ്പെട്ടിരിക്കുന്നു.   ചൂഷണംചെയ്യപ്പെട്ടിരിക്കുന്നു.   അതിനകത്തെ കണക്കുകൂട്ടലുകളും കള്ളക്കളികളും കള്ളക്കണക്കുകളുമെല്ലാം പരസ്യമായ രഹസ്യം.   പ്രശസ്തി ഒരു തട്ടിൽ, പണം മറ്റേ തട്ടിൽ - തുലാഭാരമങ്ങനെ തിരുതകൃതി.   ഗതികെട്ട ഗ്രന്ഥകർത്താക്കൾ മിണ്ടില്ല; ഗതിയില്ലാത്ത വായനക്കാരും വാതുറക്കില്ല.   കച്ചവടക്കണ്ണുകളും കച്ചവടക്കണ്ണികളും കാശിന്റെ പിറകെ, കൂസാതങ്ങനെ!

പണ്ടും സ്ഥിതി വളരെ വ്യത്യസ്തമായിരുന്നു എന്നൊന്നുമില്ലത്രേ.   പ്രസാധകരെ കിട്ടാതെ പുസ്തകം പലരും സ്വന്തമായി അച്ചടിപ്പിച്ചിരുന്നതും വിതരണക്കാരെ കിട്ടാതെ സ്വയം തലയിൽചുമന്ന് വിറ്റിരുന്നതുമായ കഥകൾ, അല്ല കാര്യങ്ങൾ, നമുക്കറിയാം.   പുസ്തകമെഴുതി പ്രസിദ്ധീകരിച്ചുമാത്രം ഉപജീവനംകണ്ടെത്തിയവർ നമ്മുടെ നാട്ടിൽ വിരളം.   പേരിനും പെരുമയ്ക്കുമായിപ്പോയി, പുസ്തകപ്രസിദ്ധീകരണം.   അത്യാവശ്യം കാശുമുടക്കാൻ തയ്യാറാവുന്ന കുട്ടിവേഷങ്ങൾക്ക് അരങ്ങൊരുക്കി കാശുകൊയ്യുന്നു ഇന്നത്തെ പുതുമോഡൽ പ്രസിദ്ധീകരണശാലകൾ.   നവമാധ്യമത്തിന്റെ പൊൻവെളിച്ചത്തിൽ അസ്സലേത് നക്കലേത് എന്നു തിരിച്ചറിയാതെയുമാകുന്നു.

ഭാഗ്യവശാൽ അനായാസമായിരുന്നു എഴുത്തിൽ എന്റെ തുടക്കം.   അറുപതുകളിൽ കോളേജ്-മാഗസീനുകളിലും എഴുപതുകളിൽ ശാസ്ത്രസാഹിത്യപരിഷത്തിന്റെ ശാസ്ത്രഗതി’, ‘ശാസ്ത്രകേരളം’, ‘യുറീക്ക’, ‘ഗ്രാമശാസ്ത്രം’, ‘പ്രൈമറി ടീച്ചർഎന്നിങ്ങനെ പലപല പ്രസിദ്ധീകരണങ്ങളിലും എഴുതിയവയൊക്കെ അപ്പപ്പോൾ അച്ചടിച്ചുവന്നു.   പ്രാദേശികതയുടെ പേരിൽ പ്രൊഫ.  ഗുപ്തൻനായർ തിരസ്ക്കരിച്ച മലയാളത്തിലെഴുതിയൊരു ലേഖനവും (അമ്മയെത്തല്ലികൾ’), കാമ്പില്ലെന്ന കാരണത്താൽ ഒരു ഇംഗ്ലീഷു പത്രം തിരിച്ചയച്ചൊരു കഥയും (പേരിപ്പോൾ ഓർമയിലില്ല) മാത്രമായിരുന്നു അന്നത്തെ സങ്കടങ്ങൾ.   കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിജ്ഞാനകൈരളിയിൽ കൂടി എഴുതാനായപ്പോൾ സായൂജ്യമായി.   അക്കാലത്താണ്‌ എറണാകുളത്തുനിന്ന്‌ ഫോക്കസ്എന്നൊരു മിനിമാഗസീൻ ഡോ. സെബാസ്റ്റ്യൻ പോൾ-ജോൺപോൾ ടീമിന്റെ കാർമികത്വത്തിൽ പുറത്തുവരുന്നത്.   ഒരുപക്ഷെ അതിന്റെ ആദ്യലക്കം മുതൽ ഒന്നുരണ്ടു വർഷത്തിനുശേഷം അതിന്റെ അവസാനലക്കം വരെ എല്ലാ ലക്കങ്ങളിലും കഥയായും കവിതയായും ലേഖനമായും മുഖച്ചിത്രമായിക്കൂടിയും എന്റെ സൃഷ്ടികൾ വെളിച്ചം കണ്ടു.   ഔദ്യോഗികകാരണങ്ങളാൽ വരുണ’, ‘ജീനസ്തുടങ്ങിയ അപരനാമധേയങ്ങളിലാണ്‌ ഒരുമാതിരി കൃതികൾ, ശാസ്ത്രസാഹിത്യമൊഴികെ, അന്നെല്ലാം പ്രസിദ്ധപ്പേടുത്തിയിരുന്നത്.

അതിനിടയ്ക്കാണ്‌ തിരുവനന്തപുരത്തുനിന്ന് ശ്രീ പി.ടി. ഭാസ്ക്കരപ്പണിക്കർ അറബിക്കടൽഎന്നൊരു പുസ്തകമെഴുതാൻ എന്നോടാവശ്യപ്പെട്ടു കത്തെഴുതിയത്.   അൽപം പകച്ചുപോയി ആ മഹാരഥന്റെ ആവശ്യത്തിനുമുൻപിൽ.   എങ്കിലും കുറഞ്ഞസമയത്തിൽ എഴുതിത്തീർത്ത അത്,   1978-സ്റ്റെപ്സ്’ (സയന്റിഫിക്, ടെക്നിക്കൽ & എഡ്യൂക്കേഷണൽ പബ്ളിഷിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി) പ്രസിദ്ധീകരിച്ചു.    ഇരുപതു വർഷം കഴിഞ്ഞാണെങ്കിലും അതിന്റെ വിജയത്തിന്റെ തുടർച്ചയെന്നോണം, കടലിനെപ്പറ്റി മറ്റൊരു പുസ്തകമെഴുതുവാൻ പ്രൊഫ. എം.കെ. പ്രസാദ് ആവശ്യപ്പെട്ടു.    എന്റെ കടൽ എന്ന കടംകഥകേരളസാസ്ത്രസാഹിത്യപരിഷത്ത് 1998-ൽ പുറത്തിറക്കി.   യാതൊരു പണമിടപാടും ഇല്ലാത്തതായിരുന്നു രണ്ടുദ്യമങ്ങളും.

ഉദ്യോഗത്തിന്റെ ഭാഗമായി, സമുദ്രശാസ്ത്രഗവേഷണസംബന്ധമായ മൂന്നാലു സമാഹാരങ്ങളും പത്തൻപതു ശാസ്ത്രപ്രബന്ധങ്ങളും അത്രയുംതന്നെ പഠനറിപ്പോർട്ടുകളും പ്രസിദ്ധപ്പെടുത്തുന്നതിനും പ്രതിബന്ധങ്ങളൊന്നും കാര്യമായുണ്ടായിരുന്നില്ല.

രണ്ടായിരത്തോടെ ഓൺലൈൻ-മാഗസീനുകൾ വേരുപിടിച്ചുതുടങ്ങി.   കമ്പ്യൂട്ടറും ഒരു ഭാഷാ-സോഫ്റ്റ്വെയറും ഇന്റെർനെറ്റുമുണ്ടെങ്കിൽ സമയംപോലെയും സൗകര്യംപോലെയും എഴുതാം, തിരുത്താം, അയക്കാം, വായിക്കാം, പകർപ്പെടുക്കാം എന്ന നില വന്നു.    കവിതയായും കഥയായും ലേഖനമായും കാർട്ടൂണായും എന്റെ കുറെയധികം സൃഷ്ടികൾ പുഴ.കോം പ്രസിദ്ധപ്പെടുത്തിത്തന്നു.   വിഷ്ടിക്കൊരു കുങ്കുമപ്പൊട്ട്എന്ന എന്റെ നോവലും 2006-ൽ പുഴ ഇരുപത്താറു ലക്കങ്ങളിലായിപ്രസിദ്ധീകരിച്ചു.

തുടർന്ന് നാട്ടുപച്ചയിലും വേറെ കുറെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലുമെഴുതി.   എണ്ണം കുറെ ആയപ്പോൾ എല്ലാവർക്കും തോന്നുന്നതുപോലൊരു മോഹം; ലേശം സുഹൃദ്സമ്മർദ്ദവും ഉണ്ടായിരുന്നെന്നു കൂട്ടാം.   ആ നോവലും നൂറിൽകവിഞ്ഞ ലേഖനങ്ങളും നൂറോടടുത്ത കവിതകളും പുസ്തകങ്ങളാക്കിയാലോ?   ഇംഗ്ലീഷിലുള്ള റേഡിയോ പ്രഭാഷണങ്ങളും ഗ്രന്ഥരൂപത്തിലാക്കിയാലോ?

തലമൂത്ത പ്രസാധകസ്ഥാപനങ്ങൾ പുത്തനെഴുത്തുകാരെ കണ്ടെന്നു നടിക്കില്ല.   അവർക്കവരുടേതായ എഴുത്തുകാരും പ്രസിദ്ധീകരണസമ്പ്രദായങ്ങളും വിപണനരീതികളും കാണും.   പുതുതലമുറയിലെ പ്രസാധകരുമുണ്ടല്ലോ; ഒന്നു ശ്രമിച്ചുനോക്കാം എന്നായി എന്റെ ചിന്ത.   സാമാന്യം ഭേദപ്പെട്ടതെന്നു തോന്നിയ ഒരു പ്രസിദ്ധീകരണശാലയുമായി ബന്ധപ്പെടുകയും ചെയ്തു.    എന്തും പ്രസിദ്ധപ്പെടുത്താൻ അവർ തയാർ.   ഞാനും ഉഷാറായി; പുസ്തകത്തിന്റെ കമ്പ്യൂട്ടർ-കോപ്പിയുമയച്ചുകൊടുത്തു.   പുസ്തകത്തിന്റെ വലിപ്പവും അച്ചടിച്ചെലവും സമയക്രമവുമെല്ലാം വ്യക്തമായി അവരറിയിച്ചു.   പിന്നാലെ വരുന്നു ഒപ്പിട്ടുകൊടുക്കാനുള്ള സമ്മതപത്രത്തിന്റെ പകർപ്പ്.   പരസ്പരസഹായപ്രകാരമാണത്രേ ഇന്നത്തെ പ്രസിദ്ധീകരണവ്യവസായം.   അതനുസരിച്ച് അവർ കുറെ കോപ്പികളടിക്കും.   അതിന്റെ ഏകദേശം പകുതിച്ചെലവു ഞാൻ വഹിക്കണം.   പകരം പകുതിക്കോപ്പികൾ അവരെനിക്കു തരും.   ബാക്കി പകുതി അവർ വിൽപ്പനയ്ക്കുവയ്ക്കും; കാലാകാലം റോയൽറ്റിയെന്തോ അതെനിക്കുതരും.   ശുഭം.

കുറെ ചോദിച്ചു നോക്കിയെങ്കിലും ഒരു കോപ്പിയുടെ വിൽപ്പനവില എന്തെന്നവർ അറിയിക്കില്ല.   എനിക്കുതരുന്ന കോപ്പികൾ എങ്ങനെ വിൽപ്പനയാക്കും എന്നും പറയില്ല.   കണക്കിൽകൂടുതൽ കോപ്പികൾ അച്ചടിക്കുമോ എന്നും അറിയില്ല.   ഇനി മുഴുവൻകോപ്പികൾതന്നെ അച്ചടിക്കുമോ എന്നും തിട്ടമില്ല.  പണ്ടത്തെ കവികളും കഥാകാരൻമാരും പാട്ടെഴുത്തുകാരുമെല്ലാം ചെയ്തതുപോലെ വീടുവീടാന്തരം കേറി ഞാനെന്റെ കോപ്പികൾ വിൽക്കണമെന്നായിരിക്കും.   അല്ലെങ്കിൽ വീട്ടിൽ അട്ടിയിട്ടുവച്ച് വരുന്നവർക്കെല്ലാം സൗജന്യമായി നൽകണമെന്നായിരിക്കും.   കൂടാതെ പുസ്തകപ്രകാശനച്ചടങ്ങുകൾക്കും പുസ്തകനിരൂപണങ്ങൾക്കും അവാർഡപേക്ഷകൾക്കും കോപ്പികൾ വേണ്ടിവരും.

എന്നെല്ലാം ചിന്തിച്ചിരിക്കുമ്പോഴാണ്‌ ഉംബെർട്ടോ ഇക്കോ എന്ന മഹാപ്രതിഭയുടെ ഫൂക്കോൾട്സ് പെന്റുലംഎന്ന മഹാനോവൽ (1989) വായിക്കാനിടയാകുന്നത്.   പുസ്തകപ്രസിദ്ധീകരണപ്രക്രിയയെപ്പറ്റി ഉഗ്രമായി പ്രതിപാദിക്കുന്നുണ്ട് അതിലൊരിടത്ത്.   (മുഴുവനുമായെഴുതി രസംകൊല്ലുന്നില്ല; ഇക്കോവിനെപ്പോലെഴുതാൻ എനിക്കാവുകയുമില്ല.)   ചുരുക്കത്തിലിതാണ്‌ സംഗതി.   ക്ഷിപ്രയശ:പ്രാർഥികളും കോശസ്ഥിതി മോശമല്ലാത്തവരുമായവർ അടുക്കുമ്പോൾ അവരെഴുതിയതെന്തും, അൽപം പ്രയാസങ്ങളെല്ലാം നടിച്ച്, പ്രസിദ്ധീകരിക്കാമെന്നേൽക്കും പ്രസാധകൻ.   സൃഷ്ടി കുറെ കടുത്തതാണെന്നും കാലത്തെ കടത്തിവെട്ടുന്നതാണെന്നും അതിനാൽതന്നെ വിൽപ്പന കുറെ പതുക്കെയാവുമെന്നൊക്കെ വാചകമടിച്ചു കയറും.   എങ്കിലും ഇത്രയും കനപ്പെട്ടൊരു കൃതി പ്രസിദ്ധപ്പെടുത്തുന്നത് തനിക്കേറെ ചാരിതാർത്ഥ്യജനകമാണെന്നുമെല്ലാം വച്ചുകാച്ചും.   ഗ്രന്ഥകാരൻ മയങ്ങി വീഴും.   കുറെ കോപ്പികളടിക്കാൻ കരാറാവും.   അതിന്റെ ഒരു അംശം മാത്രം അച്ചടിക്കും.   അതിന്റെ പകുതിമാത്രം കുത്തിക്കെട്ടി ബൈന്റുചെയ്യും.   അതിൽ കുറെ ഗ്രന്ഥകാരനു നൽകും.   ഗ്രന്ഥകർത്താവിന്‌ എപ്പോൾ വേണമെങ്കിലും കൂടുതൽകോപ്പികൾ പകുതിവിലയ്ക്കുവാങ്ങാനുള്ള അവകാശവും കരാറിലുണ്ടായിരിക്കും.

പിന്നീടങ്ങോട്ട് നാടുനീളെ പ്രകാശനച്ചടങ്ങുകളായി, വായനാദിനങ്ങളായി, നിരൂപണോത്സവങ്ങളായി, പുസ്തകച്ചന്തയായി, കയ്യൊപ്പിടലായി, അവാർഡൊപ്പിക്കലായി.   കാര്യമായിട്ടൊന്നും പുസ്തകക്കോപ്പികൾ ചെലവായിരിക്കില്ലെന്നുമാത്രം.   അതിനാൽ റോയൽറ്റിയും മുഗ്ഗോപി.   സ്വയംസൃഷ്ടിച്ച സ്വപ്നസിംഹാസനത്തിൽ വിലസുമ്പോൾ എഴുത്തുകാരന്‌ പ്രസാധകന്റെ അറിയിപ്പു വരും, പുസ്തകമൊന്നും വിറ്റുപോകുന്നില്ല, പ്രസിദ്ധീകരണശാലയിൽ സ്ഥലംമുടക്കി നിൽക്കുന്നു എന്ന്.   ഉടനത് പഴങ്കടലാസ്സായി തൂക്കിവിൽക്കേണ്ടിവരുമെന്ന്.   അതിനാൽ താൽപര്യമുണ്ടെങ്കിൽ പകുതിവിലയ്ക്കെടുക്കാം, കോപ്പിയെത്രവേണമെന്നു പറഞ്ഞാൽമതി എന്നും.    തന്റെ വിലപ്പെട്ട പുസ്തകം പാഴായിപ്പോകാതിരിക്കാൻ ഗ്രന്ഥകാരൻ മനസ്സില്ലാമനസ്സോടെ ആവശ്യപ്പെടുന്നത്ര കോപ്പികൾ ബൈന്റുചെയ്തേൽപ്പിച്ചു കാശുവാങ്ങിക്കുന്നതോടെ കച്ചവടം തീരുന്നു - എഴുതിയ പുസ്തകം എഴുത്തുകാരനെക്കൊണ്ടുതന്നെ വാങ്ങിപ്പിക്കുന്ന വാണിജ്യകൗശലം.

എന്താ നമ്മളും മോശമാണോ?   സോഷ്യൽമാധ്യമങ്ങളുടെയും ചങ്ങാതിക്കൂട്ടങ്ങളുടെയും പണക്കൊഴുപ്പിന്റെയും ആൾസ്വാധീനത്തിന്റെയും ബലത്തിൽ, ജീവിതമെന്നും മരണമെന്നും ആത്മീയമെന്നും ആസക്തിയെന്നും അനാസക്തിയെന്നുമെല്ലാം പേരുവച്ച ശരാശരിയിൽകുറഞ്ഞതെന്നുമാത്രമല്ല തറയോടൊട്ടുന്ന തിരുതകൃതികൾ പലപല പതിപ്പുകൾ കടന്നുപോകുന്നത് നടപ്പുരീതിയായി.   എന്തെങ്കിലുമൊരു അവാർഡു കിട്ടാത്ത കൃതികൾ ഇല്ലെന്നുമായി.   പ്രകാശനോത്സവങ്ങളും ആസ്വാദനസമ്മേളനങ്ങളും അനുമോദനച്ചടങ്ങുകളുമായി എഴുത്തുകാരന്‌ നിലംതൊടാനാവാതായി.  

ഇവിടെയാണ്‌ ഒറ്റക്കോപ്പി’-വിപ്ലവത്തിന്റെ പ്രസക്തി.   സംഗതി ഇത്രയേ ഉള്ളൂ.   തന്റെ കൃതികൾ ഇന്റർനെറ്റിലെ ഒരു ബ്ളോഗാക്കിയോമറ്റോ ആർക്കും വായിക്കാനോ വിതരണംചെയ്യാനോ പാകത്തിൽ അങ്ങു സ്വയം പ്രസിദ്ധപ്പെടുത്തുക.   എഴുത്തുകാരന്റെ പേരും ബൗദ്ധികതയും അംഗീകരിക്കുന്ന ക്രീയേറ്റീവ് കോമൺസ്എന്നതരത്തിലുള്ള പകർപ്പവകാശം മാത്രം സൂക്ഷിക്കുക.   ആരും വായിക്കട്ടെആർക്കെങ്കിലും ഉപകാരപ്പെടട്ടെ.    സ്വന്തം സന്തോഷത്തിനുവേണ്ടിയോ വിരുന്നുവരുന്നവർക്ക് അഭിമാനത്തോടെ ഒന്നു കാട്ടിക്കൊടുക്കാൻ വേണ്ടിയോ ഒറ്റൊരു കോപ്പി മാത്രം കടലാസ്സിലെടുത്ത് ഭംഗിയായി ബൈന്റുചെയ്തുവയ്ക്കുക.   വീട്ടിൽ ചെറുപ്പം പിള്ളേര്ർ ഉണ്ടെകിൽ നല്ലൊന്നാന്തരം പുറംചട്ടകൂടി ഉണ്ടാക്കിക്കിട്ടും.

ജപ്പാനിലെ ഫുക്കുവോക്കയുടെ ഒറ്റവൈക്കോൽ വിപ്ലവംഎന്നൊന്നിനെപ്പറ്റി കേട്ടിരിക്കും.   തികച്ചും ലളിതവും ജൈവികവും പരിസ്ഥിതിസൗഹാർദ്ദപരവും സുസ്ഥിരവുമായ ഒരു കൃഷിരീതിയാണല്ലോ അത്.   അതുപോലൊന്ന്‌ എഴുത്തുകാർക്കുമാകാം.   അത്രയ്ക്കൊന്നുമില്ലെങ്കിലും ഇത്രയ്ക്കൊക്കെ നമുക്കു ചെയ്യാനാകും.   (ഇതിനെപ്പറ്റി ഇതിനുമുൻപും ഞാൻ എവിടെയെല്ലാമോ സൂചിപ്പിച്ചിട്ടുണ്ട്).   ഇന്ന് (18 ജനുവരി 2017) ‘നേർവഴിഎന്ന ബ്ലോഗിലെ പണത്തിന്റെ കാണാപ്പുറംഎന്നൊരു പുസ്തകത്തിന്റെ പി.ഡി.എഫ്.-കോപ്പികെ.പി. മുരളീധരൻ എന്ന ഗ്രന്ഥകാരൻ ഇ-മെയിൽ വഴി സൗജന്യമായി അയച്ചുതന്നപ്പോൾ എന്റെ ഒറ്റക്കോപ്പിസ്വപ്നം പൂവണിയുമെന്നു തീർച്ചതോന്നുന്നു.


ഒറ്റക്കാശു കിട്ടില്ലായിരിക്കാം; ഒറ്റ അവാർഡും കിട്ടില്ലായിരിക്കാം.   എന്നാലും എഴുതിയത് വായനാസമൂഹത്തിലെത്തിക്കുന്ന സുഖം വേറെ.   ആരെങ്കിലും അതെടുത്തു നല്ലൊരു കാര്യത്തിനു നാലു കാശുണ്ടാക്കിയാലും നന്ന്.   കുരുമുളകുവള്ളി കൊണ്ടോടിയാലും  ഞാറ്റുവേല കൊണ്ടുപോകാനാകില്ലല്ലോ എന്ന് സാമൂതിരിയുക്തി.

1 comment:

Sudheer Das said...

അപ്രിയ സത്യങ്ങൾ

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...