Sunday 8 January 2017

കടൽച്ചൊരുക്ക്

കൊച്ചിക്കാരിൽ നല്ലൊരു ശതമാനംപേർക്കും കടലെന്തെന്നറിയില്ല.   അവർ കടലിനേക്കാൾ കായലിനെയായാണ്‌ കാണുക; കണ്ടിരിക്കുക.   കടൽകാണാൻ കായൽ കടന്ന് പടിഞ്ഞാറൻ കടപ്പുറത്തുപോകണം.   അതിനുണ്ടോ നഗരവാസികൾക്ക് സമയവും സന്ദർഭവും സൗകര്യവും?   അഥവാ പോയാൽതന്നെ പകൽ ചൂടുകൊള്ളാൻവയ്യാതെ തിരിച്ചുവരും; പകൽമങ്ങിയാലോ കൊതുകടികൊള്ളാൻ വയ്യാതെയും.   കഷ്ടം തന്നെ കാര്യം.
അത്തരത്തിലൊരു പാവം കൊച്ചിക്കാരനായ ഞാനും, സത്യം പറയട്ടെ, ശരിക്കുമൊന്നു കടൽ കാണുന്നത് ബിരുദാനന്തരപഠനത്തിന്‌ സമുദ്രശാസ്ത്രം തിരഞ്ഞെടുത്തതിനുശേഷമാണ്‌.   കായൽക്കരയിലും ബോട്ടുജെട്ടിയിലും, ഒരിക്കൽ പോയിക്കണ്ട കൊച്ചിതുറമുഖത്തിലും കലപിലകൂട്ടുന്ന വെള്ളപ്പടർപ്പാണ്‌ കടൽ എന്നു ഞാൻ കരുതിയിരുന്നു.   പഠനത്തിന്റെ ഭാഗമായി ഒരു മഴനാളിൽ കൊച്ചി കടപ്പുറത്തു ചെന്നപ്പോഴാണ്‌ കടൽ എന്ന കടംകഥ എന്നെ കുഴക്കിയത്.   ചക്രവാളത്തെ പുണരുന്ന ജലപ്പരപ്പും അതിനെ എത്തിപ്പിടിക്കുന്ന മഴമേഘങ്ങളും അകലെ കുമിഞ്ഞുപൊങ്ങുന്ന തിരമാലകളും കരയിൽ തലതല്ലുന്ന ഓളങ്ങളും ഉപ്പുകാറ്റും വലച്ചൂരും - എന്തിന്‌, അതുവരേക്കും അറിഞ്ഞിരുന്നില്ലാത്തൊരു മട്ടിൽ മനസ്സും ശരീരവും ഒന്നിച്ചൊരനുഭൂതിയിൽ താന്തക്കമാടി.
കേരള സർവകലാശാലയുടെ  സമുദ്രശാസ്ത്രവിഭാഗത്തിന്റെ (അന്നത് നിർദ്ദിഷ്ട കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ ഭാഗമായി വരുന്നതേയുണ്ടായിരുന്നുള്ളൂ) കോഞ്ച്അഥവാ കോങ്ക്എന്ന ഗവേഷണ-ബോട്ടിലാണ്‌ എന്റെ ആദ്യ സമുദ്രയാത്ര.   (കോഞ്ച് അല്ലെങ്കിൽ കോങ്ക് എന്നാൽ കവടി അല്ലെങ്കിൽ ശംഖ്; വിളിപ്പേര്‌ കൊഞ്ച്’.  വളരെ സമഗ്രവും സന്തുലിതവും സൗകര്യപ്രദവുമായിരുന്ന ആ ഗവേഷണനൗക പിന്നീടു കേടുവന്നുപോയി).  സമുദ്രമെന്നുപറഞ്ഞാൽ അഴിമുഖം വരെ - അത്രയ്ക്കു പോകാനേ ആ ബോട്ടിന്‌ അനുവാദമുണ്ടായിരുന്നുള്ളൂ.   കടൽ കണ്ടു, തിര കണ്ടു, തിരിച്ചുപോന്നു.   എങ്കിലും എന്റെയൊരു കടൽക്കിനാവിന്റെ കാത്തുകാത്തിരുന്നൊരു സാക്ഷാത്കാരമായിരുന്നു ആ കൊച്ചുസവാരി.
താമസിയാതെ പുറംകടലിൽ പോകാനും തരമായി.   ആഴക്കടലിൽ ഫിഷറീസ് സർവേ ഓഫ് ഇൻഡ്യയുടെ  മത്സ്യബന്ധനവിദ്യകൾ കണ്ടുപഠിക്കാൻ ഒരു സമയം ഈരണ്ടു വിദ്യാർഥികളെ അവരുടെ കൂടെ അയക്കുമായിരുന്നു ഞങ്ങളുടെ പ്രൊഫസ്സർ.   ജൈവശാസ്ത്രമായിരുന്നില്ല എന്റെ പഠനവിഷയമെങ്കിലും ഒരു സമുദ്രശാസ്ത്രജ്ഞൻ കണ്ടും കൊണ്ടും കടലറിയണം എന്ന വാശിയിലായിരുന്നു അദ്ദേഹം.  (കടലേ എന്തെന്നറിയാത്ത ഒട്ടനവധി സമുദ്രശാസ്ത്രജ്ഞൻമാർ അചിരേണ അടിഞ്ഞുകൂടി എന്നതു വേറെ കാര്യം).
ആ പഠനയാത്രയ്ക്ക് രണ്ടു നിബന്ധനകൾ തടസ്സമുണ്ടാക്കി.   ആദ്യത്തേത്, കടലിൽ മുണ്ടുടുത്തുപോകരുത്.   അന്നേവരെ പാന്റ്‌സിട്ടിട്ടില്ലാത്ത ഞാൻ ഒരെണ്ണം തയ്പ്പിക്കാനോടി.   രണ്ടാമത്തേത്, കടലിൽവച്ച് തനിക്കെന്തെങ്കിലും അപകടം സംഭവിച്ചാൽ അതിന്‌ സർക്കാർ ഉത്തരവാദിയല്ല എന്നൊരു സത്യവാങ്മൂലം ഒപ്പിട്ടുകൊടുക്കണം.   ഇതുകേട്ടതോടെ വീട്ടുകാരിടഞ്ഞു.   അല്ലെങ്കിലും വീട്ടുകാരുടെ പൂർണസമ്മതത്തിലായിരുന്നില്ല സമുദ്രശാസ്ത്രപഠനത്തിനു ഞാൻ ചേർന്നത്.   ഇതുകൂടി ആയപ്പോൾ സംഗതി കലങ്ങി.   ഒരുവിധത്തിൽ അവരെ പറഞ്ഞു പറ്റിച്ച് മത്സ്യബന്ധനക്കപ്പലിൽ കയറിപ്പറ്റി.
അഴിമുഖം വിട്ടതും ട്രോളർ അമ്മാനമാടിത്തുടങ്ങി.   കടൽമണവും ഡീസൽവാടയും  വലച്ചൂരും മീൻനാറ്റവും ഒന്നിച്ചൊരാക്രമണവും.   തലപെരുക്കുന്നു, കണ്ണെരിയുന്നു, വയർ പുളയുന്നു, മനംപിരട്ടുന്നു, കാൽ കുഴയുന്നു.   ഡെക്കു നിറച്ചും ചാടിപ്പുളയുന്ന മീൻകൂട്ടത്തെക്കൂടിക്കണ്ടപ്പോൾ പിടിച്ചുനിൽക്കാനാകില്ലെന്നു തോന്നി (ഞാൻ പരിപൂർണസസ്യഭുക്കായിരുന്നു).  കടൽച്ചൊരുക്കെന്നാലെന്തെന്നറിഞ്ഞു ഞാൻ.   എന്നാലുംആദ്യകൗതുകത്താൽ പലകാര്യങ്ങളിലായി ശ്രദ്ധതിരിഞ്ഞതിനാലാകാം അകത്തുള്ളത് പുറത്തേക്കു വന്നില്ല.   കഷ്ടി ഛർദ്ദിച്ചില്ലെന്നുമാത്രം    ബാക്കിയെല്ലാമറിഞ്ഞു.   എന്റെ കൂടെയുണ്ടായിരുന്ന സഹപാഠി അപ്പോഴേക്കും ഛർദ്ദിച്ചവശനായി കാബിനിൽ കയറിക്കിടപ്പായിരുന്നു.   കരയണഞ്ഞിട്ടും കാലുറയ്ക്കാത്ത അയാളെ താങ്ങിപ്പിടിച്ചാണ്‌ ഹോസ്റ്റലിലെത്തിച്ചത്.
ബസ്സിലും കാറിലും വിമാനത്തിലും കപ്പലിലുമെല്ലാം സഞ്ചരിക്കുമ്പോൾ മനംപിരട്ടുന്നതും ഛർദ്ദിക്കുന്നതും ഒരു രോഗമൊന്നുമല്ല.   ചലനംകോണ്ടുണ്ടാകുന്ന ഒരസുഖം മാത്രം.   ബഹിരാകാശയാത്രയിലും ഇതുണ്ടാകാം.   മോഷൻ സിക്നസ്സ്’, ‘കിനെറ്റോസിസ്എന്നെല്ലാം അതിനെ പറയും   ചലനത്തെ സംബന്ധിച്ച് ശരീരത്തിന്റെയും മനസ്സിന്റെയുമിടയിൽ സംഭവിക്കുന്ന ചെറിയ താളപ്പിഴയാണ്‌ ഇതിനു കാരണം.   പഞ്ചേന്ദ്രിയങ്ങളുടെ തത്സമയാനുഭവവും മനസ്സിന്റെ അറകളിൽ അടിഞ്ഞുകൂടുന്ന അറിവിന്റെ ആകത്തുകയും തമ്മിലുള്ള ഒരു പൊരുത്തക്കേട്‌.   ചലനത്തെ ശരീരവും മനസ്സും അറിയുന്നതും അനുഭവിക്കുന്നതും സദാസമയവും ഒരുപോലെയാവണമെന്നില്ല.   നിൽക്കുമ്പോൾ നീങ്ങുന്നെന്നു തോന്നാം, നീങ്ങുമ്പോൾ നിൽക്കുന്നെന്നു തോന്നാം.   ഉയർച്ചയും താഴ്ചയും ആട്ടവും അനക്കവും നീക്കവും നിരക്കവുമെല്ലാം ഇങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടേക്കാം.   പരിചയപ്പെടുമ്പോൾ താനെ മാറുന്നതാണീ അസുഖം.
മനുഷ്യൻ എന്നു കടലിൽപോയിത്തുടങ്ങിയോ അന്നുതൊട്ടേ പരിചിതമാണ്‌ കടൽച്ചൊരുക്ക്, അല്ലെങ്കിൽ സീ സിക്ക്നസ്സ്.   ഇതു മാൽ ദെ മേർഎന്നറിയപ്പെടുന്നു ലാറ്റിൻഭാഷകളിൽ.   ഓക്കാനം, മനംപിരട്ടൽ എന്നെല്ലാം നാം പൊതുവെ പറയുന്ന നോസിയതന്നെ കടലുമായി ബന്ധപ്പെട്ട ഒരു ഗ്രീക്കുവാക്കാണ്‌.
ഒരു പ്ളവകവസ്തുവിന്റെ പരസ്പരം ലംബമായ മൂന്ന് അക്ഷങ്ങളിലായി നീളത്തിലും വട്ടത്തിലുമുള്ള ഈരണ്ടു ചലനങ്ങളുണ്ട്.   മുകളിലേക്കും താഴേക്കുമായി, വശങ്ങളിലേക്കായി, മുൻപോട്ടും പിറകോട്ടുമായി ഇങ്ങനെ ആറുവിധം അനക്കങ്ങളാണ്‌ പുറംകടലിലെ യാനപാത്രങ്ങൾക്കുള്ളത്.   ഇവയിൽ ചിലതെല്ലാം അൽപനേരത്തേക്കെങ്കിലും ഭൗമാകർഷണത്തിനതീതമായും പ്രവർത്തിക്കുന്നു.   ഊഞ്ഞാലാടുമ്പോൾ അറ്റത്തെത്തി വിടുമ്പോഴും കുത്തനെയുള്ള ഇറക്കത്തിൽ വണ്ടി പായുമ്പോഴും നാമിതനുഭവിക്കാറുണ്ട് മറ്റൊരു തരത്തിൽ.   വായിൽ വയറുവന്നു കേറുന്നൊരവസ്ഥ.
പ്രോമെഥാസീൻ’-വർഗത്തിൽപെട്ട  ആവോമീൻപോലുള്ള മരുന്നുകൾ മോഷൻ-സിക്നസ്സിന്‌ പ്രതിരോധമേകാറുണ്ട്.   പക്ഷെ അൽപം മയക്കവും ക്ഷീണവും വായ്-വരൾച്ചയുമെല്ലാം പാർശ്വഫലങ്ങളായുമുണ്ട്.   ആദ്യത്തെ ഒരുദിവസം മരുന്നിന്റെ സഹായത്തോടെയോ അല്ലാതെയോ പിടിച്ചുനിൽക്കാൻ കഴിഞ്ഞാൽ പിന്നെ പതുക്കെ ശരീരവും മനസ്സും കടൽച്ചൊരുക്കിനതീതമാവും.  
ഗവേഷണി’ (വ്യാകരണപരമായി ആ പേര് തെറ്റായിരുന്നു: ‘ഗവേഷിണിഎന്നോഗവേഷികഎന്നോ ആയിരുന്നു വേണ്ടിയിരുന്നത്) എന്ന ഗവേഷണക്കപ്പലിൽ (ആ കപ്പലും ഇന്നില്ല) തുടർച്ചയായി ഒരുമാസത്തോളം ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമായി കാറ്റിലും കോളിലും പെട്ടുലഞ്ഞിട്ടുണ്ടൊരിക്കൽ - ഒരു ഓക്കാനം പോലുമില്ലാതെ.   അതിനു പകരം കൊടും ശൈത്യത്തിൽ നോർവീജിയൻകടലിൽ കൂറ്റൻതിരകൾക്കുമുകളിൽ ചാഞ്ചാടി, ചോരവരെ ഛർദ്ദിച്ചിട്ടുമുണ്ട്.   എന്നാൽ ശാന്തമായി യാതൊരു തിരത്തല്ലലുമില്ലാതെ കണ്ണാടിപോലത്തെ കടലിൽ കരയ്ക്കടുത്തു കിടക്കുമ്പോൾ ഛർദ്ദിച്ചു നാശമായിട്ടുമുണ്ട് - ഞാൻ മാത്രമല്ല, കൂടെയുണ്ടായിരുന്നവരെല്ലാം.   ഇന്നും ഞങ്ങൾക്കതൊരു വിസ്മയമാണ്‌.
കടൽച്ചൊരുക്കടക്കം പലതരം മോഷൻ സിക്നസ്സുകൾ - എല്ലാം ശാരീരികമാണെന്നു ഞാൻ പറയില്ല.   കരയ്ക്കടുക്കുന്നു എന്നറിയുമ്പോഴേക്കും അസുഖം’  മിക്കവർക്കും, മിക്കവാറും മാറും.   അൽപം മാനസികവുമല്ലേ കടൽച്ചൊരുക്ക് എന്നെനിക്കു സംശയം തോന്നാറുമുണ്ട്.
എത്ര വലിയവനായാലും കടലിലിട്ടൊന്നു കുലുക്കിയാൽ നോൺ-വെജിറ്റേറിയൻ, വെജിറ്റേറിയനാവും. പുകവലി നിർത്തും, കുടിയും.   കടലാസ്സുവഞ്ചികൾ വരെ ഉണ്ടാക്കി ഡെക്കിലെ ഇല്ലാവെള്ളത്തിലൊഴുക്കി രസിക്കും.   വട്ടായിപ്പോയ മട്ടാവും.  

കടൽ ശാന്തമായാൽ പിന്നെയും തുടങ്ങും പതിവിൻപടി.

1 comment:

Madhu (മധു) said...

അടിസ്ഥാനപരമായി ഒരെഴുത്തുകാരന്‍ ശാസ്ത്രജ്ഞനായാല്‍ ഇതാണു ഗുണം. ഇക്കാര്യം പറയുന്ന ഒരു റിസര്‍ച്ചുപേപ്പറിന്റെ നാലുവരി നമ്മളില്‍ പലരും വായിക്കുകയില്ല. ഗവേഷണപ്രബന്ധത്തിന്റെ ഭാഷ അതൊരൊന്നൊന്നര ശൈലിയിലാവുമ്പോള്‍ മുഴുവനും വായിച്ചശേഷം, അടിയിലോട്ട് ഒന്നുകൂടി വലിച്ചുനോക്കും - വല്ലതും വിട്ടുപോയോ എന്ന്. ശാസ്ത്രവിഷയങ്ങളിലൂടെ, ഒരു സമുദ്രശാസ്ത്രജ്ഞന്‍, കടലിന്റെ അഗാധതയെ, നമുക്ക് അജ്ഞാതവും അവര്‍ണനീയവുമായി തോന്നുന്നതിനെ, അതിന്റെ എല്ലാ സങ്കീര്‍ണതകളും വശ്യമായ ശൈലിയില്‍ ആവിഷ്‌കരിക്കുമ്പോള്‍ വായന ഒരനുഭവം തന്നെയാവുകായാണ്... സ്വാമിജീ, അനുഭവങ്ങള്‍ ഒത്തിരി എഴുതിയിട്ടുണ്ട്ട. അതെല്ലാമെടുത്ത് ഒരു പീഡീയെഫ് വേര്‍ഷന്‍ അല്ലെങ്കില്‍ കിന്‍ഡില്‍ (മലയാളത്തില്‍ ഇനിയുമായിട്ടില്ല) വേര്‍ഷന്‍ ഇറക്കണം....

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...