Sunday 7 August 2016

ഹിന്ദി വേണം, വേണ്ട, വേണ്ടണം!



ഭാഷ പരസ്പരം സംവദിക്കാനാണ്‌; മനുഷ്യനെ ഒന്നിപ്പിക്കാനാണ്‌.  അല്ലാതെ ഭിന്നിപ്പിക്കാനോ ഛിന്നിപ്പിക്കാനോ അല്ല.  നല്ലൊരുകാര്യം നാറ്റിച്ചൊരു പരിപാടിയായിരുന്നു സ്വാതന്ത്യ്രാനന്തരം ഭാഷാസംസ്ഥാനങ്ങളുടെ രൂപീകരണവും ഹിന്ദിയെന്നൊരു ഭാഷയെ ഇന്ത്യമുഴുവന്‍ കെട്ടിവയ്ക്കാനുണ്ടായ തീവ്രശ്രമവും.  ആദ്യമേ പറയട്ടെ, ഒരു ഭാഷയെന്നുള്ളനിലയില്‍ ഞാന്‍ ഹിന്ദിക്കെതിരല്ലെന്നുമാത്രമല്ല, സാമാന്യം നല്ല രീതിയില്‍ തന്നെ അതു കൈകാര്യം ചെയ്യുന്ന ആളുമാണ്‌.  ഇന്ത്യയെപ്പോലൊരു വൈവിധ്യമാര്‍ന്ന നാട്ടില്‍ ഹിന്ദിയെപ്പോലൊരു ഗോസായിഭാഷയെ കൊടികുത്തിവാഴാന്‍ കളമൊരുക്കിയത്‌ ശുദ്ധ പോക്കിരിത്തരമായിരുന്നു.  അതിനുള്ള തിരിച്ചടികിട്ടി; അതിണ്റ്റെ ദുരനുഭവങ്ങള്‍ ഇന്നും നാം അനുഭവിക്കുന്നു.

വിയോജിപ്പുള്ളവര്‍ ഉണ്ടാകാം.  അതവരുടെ അവകാശം. അതോടൊപ്പം എണ്റ്റേതും മാനിക്കുമല്ലോ.

ഭാഷാസംസ്ഥാനങ്ങളുടെ രൂപീകരണത്തോടെ 'നാം ഭാരതീയര്‍' എന്ന രാഷ്ട്രീയവികാരത്തിനുമീതെ 'നാം കേരളീയര്‍', 'നാം തമിഴര്‍', 'നാം പഞ്ചാബി', 'നാം ബെംഗാളി', 'നാം മറാഠി', 'നാം ഗുജറാത്തി' എന്നൊക്കെയുള്ള പ്രാദേശിക വികാരങ്ങള്‍ മുളപൊട്ടി.  ഒരുപക്ഷെ 'നാം ഹിന്ദിക്കാര്‍' എന്ന വടക്കന്‍മേധാവിത്വത്തിനെതിരെ ഉരുത്തിരിഞ്ഞ പ്രതിരോധമാവാം അത്‌.  എങ്കില്‍തന്നെയും ഒന്നിച്ചിരിക്കേണ്ട ഒരു ജനതയെ ഒറ്റക്കൊറ്റക്കാക്കിയ ആ സംഭവം വെറും മാപ്പിനപ്പുറമാണ്‌.

ഭാഷയുടെ കുരുക്കഴിഞ്ഞുതുടങ്ങി. ഭാഷാസംസ്ഥാനങ്ങള്‍തന്നെ വിഭജിച്ച്‌ പുതിയ സംസ്ഥാനങ്ങളായി - ഉത്തരാഖണ്ഡ്‌, ഝാര്‍ഖണ്ഡ്‌, ഛത്തീസ്ഖഢ്‌, തെലുങ്കാന തുടങ്ങി. നല്ല കാര്യം.

എന്നാല്‍ എരിയുന്ന തീയില്‍നിന്നുപൊക്കി വറചട്ടിയിലേക്കിട്ടമാതിരിയായി, അടുത്തിടെ ചില ഭാഷകള്‍ക്കു നല്‍കിയ 'ശ്രേഷ്ഠഭാഷാ'ബഹുമതി. ഭാരതീയഭാഷകള്‍ക്കിടയില്‍ - പ്രത്യേകിച്ചും ദക്ഷിണേന്ത്യന്‍ഭാഷകള്‍ക്കിടയില്‍ അതുണ്ടാക്കി, അന്ത:ഛിദ്രവും ഗൃഹ:ഛിദ്രവും.

ഏതുഭാഷക്കാരന്നും തണ്റ്റെ ഭാഷ പൊന്‍ഭാഷയാണ്‌ - അതു മലയാളമായാലും ഹിന്ദി ആയാലും തമിഴായാലും ഗുജറാത്തി ആയാലും ഭോജ്പുരി ആയാലും പഞ്ചാബി ആയാലും കശ്മീരി ആയാലും ബെംഗാളി ആയാലും മറാഠി ആയാലും കൊങ്കണി ആയാലും സ്വാഹിളി ആയാലും ഇംഗ്ളീഷായാലും പോര്‍ത്തുഗീസായാലും ഫ്രെഞ്ചായാലും ഉര്‍ദു ആയാലും അറബി ആയാലും. അത്‌ ഇന്ത്യയിലായാലും മറുനാട്ടിലായാലും.  ഒന്നിനുമീതെ വേറൊന്നില്ല.

കാക്കയ്ക്കും തന്‍കുഞ്ഞ്‌ പൊന്‍കുഞ്ഞ്‌.  ഏതെങ്കിലും ഒരു ഭാഷ കാണിച്ചുതരൂ, ആ ഭാഷയാണ്‌ ശ്രേഷ്ഠം എന്ന ഒരു പാട്ടെങ്കിലും ഇല്ലാത്തതായി!  "മലയാളഭാഷതന്‍ മാദകഭംഗി മലര്‍മന്ദഹാസമായ്‌ വിരിയുന്നൂ..." എന്നു മലയാളം. "സോണാര്‍ ബംഗ്ളാ..." എന്നു ബെംഗാളി.  "തമിഴ്ക്ക്‌ അമുതെണ്റ്റ്ര്‌ പേര്‍..." എന്നു തമിഴ്‌.  "അസ്സ ഇസ്സി കൊങ്കണി ഭസേരി..." എന്നു കൊങ്കണി..... ഇനിയും വേണോ?

അന്ന്‌ ഒന്നിനുമുകളില്‍ വേറൊന്നിനെ പ്രതിഷ്ഠിച്ചു; ഇന്ന്‌ വേറൊന്നിനുമുകളില്‍ മറ്റൊന്നിനെ പ്രതിഷ്ഠിച്ചു. ദക്ഷിണദേശങ്ങളില്‍ കഷ്ടിച്ചുണ്ടായിരുന്ന ഒരുമ തന്നെ അത്യന്തം അവതാളത്തിലായി.  ഒരുപക്ഷെ അതുതന്നെയായിരുന്നിരിക്കണം നിഗൂഢരാഷ്ട്രീയോദ്ദേശ്യവും!

ഭാരതത്തില്‍ ഒരുപാടു ഭാഷകളുണ്ട്‌, മിക്കതും പരസ്പരം ബന്ധപ്പെട്ടവ, ചിലത്‌ ബന്ധപ്പെടാത്തവ.  ഒരു കൂട്ടുകുടുംബത്തിലെ അംഗങ്ങളെപ്പോലെ, ചിലത്‌ മുതിര്‍ന്നത്‌', ചിലത്‌ ഇളയത്‌; ചിലതു സമ്പന്നം, ചിലത്‌ ദരിദ്രം. ചിലതു ശക്തം.  ചിലതു ശുഷ്കം.  ഒരു ഭാഷയെയും അതിശക്തമെന്നു പ്രഖ്യാപിക്കാതെ, ശക്തികുറഞ്ഞ ഭാഷകളെ കൈകൊടുത്തുയര്‍ത്തുയര്‍ത്തേണ്ടതായിരുന്നു സര്‍ക്കാരിണ്റ്റെ ധര്‍മം.  അതില്ലാതെപോയി നമ്മുടെ നാട്ടില്‍.
ഇനിയിപ്പോള്‍ രാഷ്ട്രീയപ്രേരിതമായി ഒന്നൊന്നായി മറ്റു ഭാരതീയഭാഷകളെയും വിശിഷ്ടഭാഷകളായി പ്രഖ്യാപിക്കും സര്‍ക്കാര്‍. ആദ്യം ഏതാനും VIP-കളെയും കുറെ VVIP-കളെയും നിരത്തി, പിന്നെ ഒന്നൊന്നായി എണ്ണംകൂട്ടി എല്ലാവര്‍ക്കും വണ്ടിയും ചെമന്ന ലൈറ്റും കൊടുക്കുന്നതരം പരിപാടിതന്നെ.

ശരിയാണ്‌, ഭാരതത്തിലെ എല്ലാവരെയും പരസ്പരം സംവദിപ്പിക്കാന്‍ ഒരു ദേശീയഭാഷയുണ്ടാകുന്നത്‌ നല്ലതാണ്‌. ഒരു ഭാഷ - അതു ഭാരതസംസ്കാരത്തെയും പ്രാദേശികസംസ്കാരങ്ങളെയും ഒരുപോലെ പ്രതിനിധാനം ചെയ്യുന്ന ഒന്നായിരിക്കണം.  അല്ലാതെ ഒരു വിഭാഗത്തിനെ മാത്രം സന്തോഷിപ്പിക്കുന്നതോ ഒരു വിഭാഗത്തിനുമാത്രം ഉപകാരപ്രദമാകുന്നതോ ആയ ഭാഷയാകരുതത്‌.  ഇംഗ്ളീഷ്‌ വിദേശഭാഷയായിരിക്കാം, അധിനിവേശഭാഷയായിരിക്കാം; എങ്കിലും ഹിന്ദിയെപ്പോലെ, ഒരുപക്ഷെ ഹിന്ദിയേക്കാളും ഇന്ത്യയില്‍ വിലപ്പോകുന്നത്‌ 'ഇന്ത്യന്‍ഇംഗ്ളീ'ഷാണെന്നുള്ള വസ്തുത കണ്ണടച്ചിരുട്ടാക്കാന്‍ വയ്യാത്തതാണ്‌.  ഇവിടെയാണ്‌ നമുക്കുപറ്റിയ തെറ്റ്‌.  ഹിന്ദി നമ്മെ ഒന്നിപ്പിച്ചില്ല; ഭിന്നിപ്പിച്ചെന്നുമാത്രം.  കാരണം ഉദ്ദേശ്യം ശുദ്ധമല്ലായിരുന്നു.

അതൊരുതരം അധിനിവേശതന്ത്രമായിരുന്നു. അധിനിവേശത്തിന്‌ ആയുധങ്ങളാണ്‌ ഭാഷ, ആഹാരം, ജീവിതശൈലി, വിദ്യാഭ്യാസം, മതം, വിവാഹം എന്നിവ.  ഒരു ജനതതിയെ മുഴുവനായും നൂറ്റാണ്ടുകള്‍ കാല്‍ക്കീഴിലമര്‍ത്തിവയ്ക്കാന്‍ വിദേശീയര്‍ ഉപയോഗിച്ചത്‌ ഇവയൊക്കെത്തന്നെയായിരുന്നു.  ഗോവയിലുള്ളവര്‍ക്ക്‌ ഇതു നന്നായറിയാം.  ഇന്നു ഭാരതത്തിലും നടക്കുന്നത്‌ മറ്റൊന്നുമല്ല.  ഹിന്ദി രാഷ്ട്രഭാഷയെന്ന കള്ളപ്പേരില്‍ ആദ്യം വായടച്ചു.  അറുപതുകളിലെ ക്ഷാമകാലത്ത്‌ തെക്കരെ ചപ്പാത്തിതീറ്റിപ്പഠിപ്പിച്ചു വടക്കര്‍. തെക്കന്‍കാലാവസ്ഥകള്‍ക്കു യോജിക്കാത്ത വസ്ത്രധാരണത്തിണ്റ്റെയും പെരുമാറ്റച്ചട്ടങ്ങളുടെയും വരവായി പിന്നെ.  ഹിന്ദിപ്പാട്ടായി; ഹിന്ദി സിനിമയായി. വടക്കന്‍ഭാഷയ്ക്കും വടക്കന്‍ചരിത്രത്തിനും ഊന്നല്‍കൊടുത്തുള്ള വിദ്യാഭ്യാസരീതിയുമായി, പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളില്‍.  മതവും വിവാഹവും കെട്ടുപിണഞ്ഞുകിടക്കുന്ന തികച്ചും യാഥാസ്ഥിതികമായ ഇന്ത്യയില്‍ ഇവ രണ്ടും കയ്യാളാന്‍ കുറെ കടുപ്പമാണെന്നുമാത്രം.  അതിനെന്താ, പുതിയകാലത്ത്‌ അവയും വേണ്ടത്ര അരങ്ങേറുന്നുണ്ടല്ലോ വഴിവിട്ട വിവാഹച്ചടങ്ങുകളുടെ രൂപത്തില്‍!.

'ഭാരതീയ'ത്തിനുശേഷം തെക്കന്‍ചുവയുള്ള ഒരു അന്തര്‍ദേശീയ പദപ്രയോഗമുണ്ടായിട്ടുണ്ടോ ഇന്ത്യയില്‍, കേന്ദ്രസര്‍ക്കാരിണ്റ്റേതായി? വിദേശ്‌ സഞ്ചാര്‍ നിഗം, പ്രധാന്‍മന്ത്രി ആയോജന്‍, ആധാര്‍ എന്നിങ്ങനെ ഏതു പൊതുസ്ഥാപനത്തിണ്റ്റെയും പൊതുകാര്യത്തിണ്റ്റെയും പദ്ധതിയുടെയും പുരസ്ക്കാരത്തിണ്റ്റെയും പേര്‌ വടക്കന്‍മട്ടില്‍ മാത്രം.  പേരിനൊരു 'റെയില്‍നീര്‍' അടുത്തിടെ ഉണ്ടായി എന്നുമാത്രം.

ഇനി 'കേന്ദ്രീയ വിദ്യാലയ' ആണെങ്കിലും 'രക്ഷാമന്ത്രി' ആണെങ്കിലും 'ദവാഖാന' ആണെങ്കിലും ദില്ലിക്കാര്‍ എഴുതുന്നതോ, ഇംഗ്ളീഷ്‌-ലിപിയിലും!  ഇംഗ്ളീഷ്‌-ലിപിയിലുള്ള ഹിന്ദി പരസ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍പോലുമിറക്കുന്നു.

കൊച്ചിക്കാര്‍വരെ ബസ്സുകളില്‍ സ്ഥലപ്പേരുകള്‍ ഹിന്ദിയില്‍ എഴുതിത്തുടങ്ങി.  തെക്കരെ 'കാലാ-മദ്രാസി'യെന്നും തെക്കന്‍ഭാഷകളെ 'അണ്ടഗുണ്ടൂ മദ്രാസ'മെന്നും പുച്ഛിക്കുന്ന വടക്കന്‍, ഒരു തെന്‍മൊഴി സ്വമേധയാ പഠിക്കാന്‍ തയാറാകുമോ?

"ആപ്കോ ഹിന്ദി മാലൂം നഹി?" - തെക്കരെ ഒതുക്കാന്‍ വടക്കരുടെ സ്ഥിരം ചോദ്യമാണത്‌.  "നഹി തോ? ആപ്കോ ഔര്‍ കുച്ഛ്‌ മാലൂം?" എന്നു തിരിച്ചടിച്ചാല്‍ അവണ്റ്റെ ഭാവം മാറും, കടമ്മനിട്ട കുറിച്ചപോലെ - "ക്യാ???"
വട
ക്കും തെക്കും ഒന്നിക്കരുതെന്നല്ല വിവക്ഷ.  ഒന്നിനെ മറ്റൊന്നു കടിച്ചുതിന്നരുത്‌ എന്നു മാത്രമേയുള്ളൂ.  കാരണം ആര്‍ക്കും ജനാധിപത്യത്തില്‍ മേല്‍ക്കോയ്മയില്ല.  ഒരു ഭാഷയും മറുഭാഷയ്ക്കു ശത്രുവാകരുത്‌.  ഭാഷാസ്നേഹം നല്ലതുതന്നെ.  പക്ഷെ അത്‌ ഭാഷാവെറി ആയിത്തീരരുതല്ലോ. ഹിന്ദി വേണം, പക്ഷെ ഹിന്ദിഭ്രാന്തു വേണ്ട.  ഹിന്ദി മാത്രമല്ലല്ലോ ഭാരതത്തിണ്റ്റെ ഭാഷ.  മറ്റുഭാഷകളെ മുരടിപ്പിച്ചുവേണ്ടല്ലോ ഹിന്ദിക്കു നന്നാകാന്‍.

1 comment:

Madhu (മധു) said...

സ്വന്തം ഭാഷകളാൽ വിഭജിക്കപ്പെടുവാനും അന്യഭാഷയാൽ യോജിപ്പിക്കപ്പെടുവാനും ഭാഗ്യം സിദ്ധിച്ചവരാണ് നമ്മൾ എന്നു തോന്നുന്നു. "ഇംഗ്ളീഷ്‌ വിദേശഭാഷയായിരിക്കാം, അധിനിവേശഭാഷയായിരിക്കാം; എങ്കിലും ഹിന്ദിയെപ്പോലെ, ഒരുപക്ഷെ ഹിന്ദിയേക്കാളും ഇന്ത്യയില്‍ വിലപ്പോകുന്നത്‌ 'ഇന്ത്യന്‍ഇംഗ്ളീ'ഷാണെന്നുള്ള വസ്തുത കണ്ണടച്ചിരുട്ടാക്കാന്‍ വയ്യാത്തതാണ്‌.  ഇവിടെയാണ്‌ നമുക്കുപറ്റിയ തെറ്റ്‌.  ഹിന്ദി നമ്മെ ഒന്നിപ്പിച്ചില്ല; ഭിന്നിപ്പിച്ചെന്നുമാത്രം.  കാരണം ഉദ്ദേശ്യം ശുദ്ധമല്ലായിരുന്നു."
ശക്തമായ, വ്യക്തമായ നിരീക്ഷണങ്ങൾ..

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...