Monday 1 August 2016

ഫിഫ്റ്റി-ഫിഫ്റ്റി



എണ്റ്റെ ഔദ്യോഗികജീവിതത്തിണ്റ്റെ ഒരുപാടു ഭാഗം ഗുജറാത്ത്‌-തീരങ്ങളിലായിരുന്നു. അവിടെക്കണ്ടൊരു രസകരമായ കാര്യം ഗുജറാത്തികളുടെ 'ഫിഫ്റ്റി-ഫിഫ്റ്റി' മനോഭാവമാണ്‌. അവര്‍ ജന്‍മനാ നല്ല കച്ചവടക്കാരാണല്ലോ. നമ്മള്‍ എന്തെങ്കിലും വാങ്ങുന്നു, അല്ലെങ്കില്‍ വാടകയ്ക്കെടുക്കുന്നു എന്നു വയ്ക്കുക; ഒപ്പം എന്തെങ്കിലും ഒരു സംവിധാനം അധികമായി ആവശ്യപ്പെടുന്നു എന്നും. ഉടനെ വരും, 'ഫിഫ്റ്റി-ഫിഫ്റ്റി'-തത്ത്വം. അധികസാധനത്തിണ്റ്റെ പകുതി വില നമ്മള്‍ കൊടുക്കണം, ബാക്കി പകുതി അയാള്‍ എടുക്കും. മിക്കവാറും ആ അധികസാധനം അവസാനം അയാളുടെ കയ്യില്‍തന്നെ തിരിച്ചെത്തിച്ചേരുന്ന വിധമായിരിക്കും കച്ചവടം ഉറപ്പിക്കുന്നതും.

'ഫിഫ്റ്റി-ഫിഫ്റ്റി' അല്ല ഇവിടത്തെ വിവക്ഷ. 'മെയ്പ്പാതി' എന്നും 'അര്‍ധനാരീശ്വരന്‍' എന്നും 'ശിവ-ശക്തി' എന്നും എല്ലാം ഉദ്ഘോഷിക്കുന്ന ആണ്‍-പെണ്‍ പ്രമേയത്തെയാണ്‌. കുടുംബജീവിതത്തിണ്റ്റെ അടിക്കല്ലായ വിവാഹത്തെയും, ആര്‍ക്കും അനിവാര്യമായ നിര്യാണത്തെയും, ഭാവിഭദ്രതയുടെ അസ്തിവാരമായ സ്വത്തവകാശത്തെയും, വിഹിതവും അവിഹിതവുമായ ബന്ധങ്ങളെയും സമൂഹവുമായി യുക്തിപൂര്‍വവും നീതിപൂര്‍വവുമായും സമരസപ്പെടുത്തുവാനുള്ള വ്യക്തിനിയമസംഹിതയെയാണ്‌.

ഭാരതത്തിലാകമാനം ഏകീകൃതമായ ഒരു പൊതുവ്യക്തിനിയമം (Uniform Civil Code) കൊണ്ടുവരാന്‍ ഇതേവരെ ഒരു സര്‍ക്കാറിനും കഴിഞ്ഞിട്ടില്ല. ഉദ്ദേശശുദ്ധി ഇല്ലായ്മയില്‍തുടങ്ങി വിവരമില്ലായ്മയും വിവേകമില്ലായ്മയും അശ്രദ്ധയും അനവധാനതയും എല്ലാംകൂട്ടിക്കുഴച്ച്‌ ഇന്ത്യന്‍ജനതയെ ഭിന്നിപ്പിക്കാനും കഷ്ടപ്പെടുത്താനുമേ കഴിഞ്ഞിട്ടുള്ളൂ നമ്മുടെ പരമ്പരാഗതമായ വ്യക്തിനിയമങ്ങള്‍ക്ക്‌. പേരിനൊരു സ്പെഷല്‍ വിവാഹനിയമം മാത്രം കൊണ്ടുവന്നു, നല്ലൊരു കാര്യമായി. പക്ഷെ ഇന്ത്യയില്‍ നല്ല കാര്യങ്ങള്‍ നല്ല കാര്യങ്ങള്‍ക്കല്ലല്ലോ നാം ഉപയോഗിക്കുക.

ദശാബ്ദങ്ങള്‍ക്കുമുന്‍പ്‌ ഒരു തെന്നിന്ത്യന്‍ സഹപ്രവര്‍ത്തകന്‍ സഹപ്രവര്‍ത്തകതന്നെയായ ഗോവന്‍പെണ്ണിനെ കല്യാണംകഴിച്ചശേഷം ആ വര്‍ഷത്തെ ആദായനികുതികൊടുക്കാന്‍ ഒരുങ്ങിയപ്പോഴാണ്‌ ഗോവയിലെ പ്രത്യേകതരം വ്യക്തിനിയമത്തെക്കുറിച്ച്‌ ഞങ്ങള്‍ ആദ്യമായറിയുന്നത്‌. ഒറ്റയ്ക്കൊറ്റയ്ക്കുള്ള അവരുടെ വരുമാനം ഒന്നിച്ചുകൂട്ടി പപ്പാതിയാക്കി ഇരുവരും നികുതികൊടുക്കുന്ന പരിപാടി രസകരമായിത്തോന്നി. പിന്നീട്‌ ഗോവയില്‍ ഞാനൊരു പഴയ വീടുവാങ്ങുമ്പോള്‍, ഗോവക്കാരെന്നുള്ള കാരണത്താല്‍ ഉടമസ്ഥനോടൊപ്പം അദ്ദേഹത്തിണ്റ്റെ ഭാര്യയും വില്‍പ്പനക്കരാറില്‍ ഒപ്പിടേണ്ടതായി വന്നു. ദമ്പതിമാരിലൊരാള്‍ ജന്‍മംമൂലം ഗോവനാണെങ്കില്‍ ആസ്തിയും അതോടൊപ്പം ബാധ്യതയും രണ്ടുപേരുംകൂടി പങ്കുവയ്ക്കണംപോല്‍. പോര്‍ത്തുഗീസുകാര്‍ 1870-ഓടെ ഗോവയില്‍ നടപ്പാക്കിയ ഏകീകൃതവ്യക്തിനിയമത്തിണ്റ്റെ ഒരു ഭാഗമാണിത്‌.

1961 ഡിസംബറില്‍ പോര്‍ത്തുഗീസ്ഭരണത്തില്‍നിന്ന്‌ വിമോചിപ്പിക്കപ്പെട്ട്‌ ഗോവ ഇന്ത്യയുടെഭാഗമായിട്ടും ഈ നിയമം ഇവിടെ പ്രാബല്യത്തിലാണ്‌. 1966-ല്‍ പോര്‍ത്തുഗീസുകാര്‍ അവരുടെ സ്വന്തം വ്യക്തിനിയമങ്ങള്‍ പരിഷ്കരിച്ചെന്നതു വേറെ കാര്യം. ഭാരതത്തില്‍ ഇവിടെ മാത്രമേയുള്ളൂ പൊതുവെ ധനാത്മകവും പുരോഗമനപരവും ഉപയോഗപ്രദവും ആയ ഇത്തരം വ്യക്തിനിയമങ്ങള്‍.

ഗോവയിലെ വ്യക്തിനിയമങ്ങളുടെ സാമാന്യരൂപമിതാണ്‌: ഒരോ വിവാഹവും നിയമാനുസൃതം റെജിസ്റ്റര്‍ചെയ്തേ തീരൂ ഗോവയില്‍. ആണായാലും പെണ്ണായാലും വിവാഹത്തിനു മുന്‍പുമുണ്ടായിരുന്നതും വിവാഹത്തിനു പിന്‍പുണ്ടാക്കിയതുമായ വസ്തുവഹകളിലെല്ലാം വിവാഹിതരാകുന്നതോടെ തുല്യാവകാശമുള്ളവരായിത്തീരുന്നു. ദമ്പതിമാര്‍ രണ്ടുപേരും ഒന്നിച്ചൊപ്പിട്ടാലേ സ്ഥാവരവസ്തുക്കള്‍ വില്‍ക്കാനാകൂ. വിവാഹമോചനം തേടുകയാണെങ്കില്‍ സ്വത്തുക്കള്‍ പപ്പാതി വീതിക്കുകയും വേണം. മക്കളുടെ സ്വത്തവകാശം അച്ഛനമ്മമാര്‍ക്ക്‌ പൂര്‍ണമായി നിഷേധിക്കാന്‍ പറ്റില്ല; പകുതിസ്വത്തെങ്കിലും മക്കള്‍ക്കായി മാറ്റിവയ്ക്കണം. എങ്കിലും ദത്തെടുത്ത മക്കളുടെയും ജാരസന്തതികളുടെയും കാര്യത്തില്‍ ഗോവയിലെ കുടുംബനിയമങ്ങള്‍ കറയറ്റതല്ല. കുലീനഹിന്ദുക്കള്‍ക്ക്‌ ചില പ്രത്യേകസാഹചര്യങ്ങളില്‍ ബഹുഭാര്യാത്വവും അനുവദനീയമത്രേ.

ഗോവയില്‍ വിവാഹംകഴിച്ച ഇസ്ലാം മതവിശ്വാസികള്‍ക്ക്‌ ബഹുഭാര്യാത്വമോ മുത്തലാക്കോ അനുവദനീയമല്ല. റോമന്‍കത്തോലിക്കര്‍ക്കാകട്ടെ റെജിസ്റ്റ്രാറുടെ അനുമതിപത്രത്തോടെ പള്ളിയിലെ കല്യാണം നിയമസാധുതയുള്ളതാണെങ്കിലും വിവാഹമോചനം അത്ര എളുപ്പമല്ല. ഹിന്ദുക്കള്‍ക്ക്‌, ഭാര്യയുടെ ദുര്‍നടപടികളുടെ പശ്ചാത്തലത്തില്‍മാത്രമേ വിവാഹമോചനം തേടാനാകൂ.

ഹിന്ദു-കുടുംബനിയമങ്ങളും മുസ്ലിം-കുടുംബനിയമങ്ങളും ഇവിടെ നടപ്പിലാക്കാനായൊരു ശ്രമം ഇടയ്ക്കൊന്നുണ്ടായത്രേ (1981). സ്ലാം യുവജനങ്ങളുള്‍പ്പെടെ ആണും പെണ്ണും ഗോവക്കാര്‍ എതിര്‍ത്തതിനാല്‍ അവയൊന്നും ഇവിടെ നടപ്പായില്ല. തികച്ചും കുറ്റമറ്റതല്ലെങ്കിലും ഗോവന്‍നിയമങ്ങള്‍ ഭാരതത്തിനിന്നനിവാര്യമായ പൊതുവ്യക്തിനിയമങ്ങള്‍ക്ക്‌ വഴികാട്ടിയാകണം. ഒരു മനുസ്മൃതിയിലോ ശരീയത്തിലോ വിക്റ്റോറിയന്‍സംസ്കൃതിയിലോ കടിച്ചുതൂങ്ങാതെ, ഭാരതസംസ്കാരത്തിണ്റ്റെ സദ്ഭാവവും സമരസവും സ്വാതന്ത്യ്രവും സമഷ്ടിയും സന്തുഷ്ടിയും അനുഭവിക്കാന്‍ സന്തുലിതമായൊരു സഹവാസവ്യവസ്ഥ സംജാതമായേ തീരൂ.

1 comment:

Unknown said...

ഗോവയിലെ വ്യത്യസ്തമായ നിയമത്തേപ്പറ്റി ഇപ്പോഴാണു് അറിയുന്നതു്. ചില ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ ഈ നിയമങ്ങള്‍ ഇന്ത്യയില്‍ മുഴുവനും നടപ്പിലാക്കുന്നതിനു് വലിയ എതിര്‍പ്പൊന്നും ഉണ്ടാകുമെന്നു തോന്നുന്നില്ല. ഏതെങ്കിലും സര്‍ക്കാര്‍ അതിനു തയാറായാല്‍ ഞാനതിനെ അനുകൂലിക്കും. നിങ്ങളോ?

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...