Monday 29 August 2016

'ഷേക്സ്പിയര്‍-സ്വാമി'



തിരുവിതാംകൂറില്‍ ദിവാന്‍ സര്‍. സി.പി. രാമസ്വാമി അയ്യരുടെ കാലം. വടക്കന്‍ പറൂരിലും ആലപ്പുഴയിലും ചവറയിലുമെല്ലാം സര്‍ക്കാര്‍-സ്കൂളുകളില്‍ പ്രധാനാധ്യാപകനായി ശ്രീപപ്പനാഭണ്റ്റെ നാലുചക്രം ശമ്പളമായിപ്പറ്റിയിരുന്ന നാരായണസ്വാമി അയ്യരെ വിളിച്ച്‌ സി. പി. ചോദിച്ചു, "വീട്ടില്‍ ഒരു മകനെ വഴിക്കുനിര്‍ത്താന്‍ കഴിവില്ലാത്ത നിങ്ങളാണോ ഒരു രാജ്യത്തെ വിദ്യാര്‍ഥികളെയും അധ്യാപകരെയും നിലയ്ക്കുനിര്‍ത്താന്‍ പോകുന്നത്‌" എന്ന്‌. നാരായണസ്വാമി അയ്യരുടെ, കടുത്ത ഗാന്ധിയനും കോണ്‍ഗ്രസ്സുകാരനുമായി സ്വാതന്ത്യ്രസമരത്തില്‍ മുങ്ങിപ്പൊങ്ങുന്ന മകന്‍ രാമസ്വാമിയെപ്പറ്റി, "എണ്റ്റെ പേരുകൂടി നശിപ്പിച്ചല്ലോ" എന്നു സി. പി. കളിയാക്കിയത്‌ ആ പാവം അച്ഛന്‌ തിരുവിതാംകൂര്‍രാജ്യത്തെ വിദ്യാഭ്യാസ-ഇന്‍സ്പെക്റ്റര്‍ ആയി സ്ഥാനക്കയറ്റം കിട്ടാന്‍പോകുന്ന വേളയിലായിരുന്നു. തണ്റ്റെ മകനെ തള്ളിപ്പറഞ്ഞാലേ തനിക്കും തണ്റ്റെ കുടുംബത്തിനും മേല്‍ഗതിയുള്ളൂ എന്നു തിരിച്ചറിഞ്ഞ അദ്ദേഹം മകനെ വിളിച്ച്‌ കുറെ നാള്‍ വീട്ടില്‍നിന്നു മാറിനില്‍ക്കാന്‍ ഉപദേശിച്ചു. മകനിച്ഛിച്ചിരുന്നതും അതുതന്നെയായിരുന്നു.

സി.പി. അച്ഛനെ വെറുതെ വിട്ടു; സി. പി.-യുടെ കിങ്കരന്‍മാര്‍ മകനെ വെറുതെ വിട്ടില്ല. തല്ലിച്ചതയ്ക്കലും നഖം തുരക്കലും തീപ്പന്തംകൊണ്ടു തുടയുടെ വശങ്ങള്‍ ചുട്ടുപൊള്ളിക്കലുമായി ആവുന്നത്ര നോക്കി ആ സ്വാതന്ത്യ്രസമരസേനാനിയെ പിന്തിരിപ്പിക്കാന്‍. സി.പി.യുടെ തിരിഞ്ഞോട്ടവും തിരുക്കൊച്ചിയുടെ സംയോജനവും തരമാക്കി അച്ഛനും മക്കളുമെല്ലാം കൊച്ചിയിലെ തൃപ്പൂണിത്തുറയില്‍ താമസമായതോടെയാണ്‌ ദുരിതങ്ങള്‍ക്കെല്ലാം ഒരറുതി വന്നതത്രേ.

സ്വാതന്ത്യ്രസമരത്തില്‍ മുഴുകിയവരില്‍ ജീവിതംമുഴുവന്‍ മുഴുകോണ്‍ഗ്രസ്സായി തുടര്‍ന്നവര്‍ ചുരുക്കം. കോണ്‍ഗ്രസ്സ്‌ പലവുരു മാറിയിട്ടും താനൊട്ടും മാറാതെ പഴയ ഗാന്ധിയനായിത്തന്നെ ജീവിച്ചുമരിച്ചു ആ മകന്‍ രാമസ്വാമി; ഏകദേശം പത്തുവര്‍ഷംമുന്‍പ്‌, ബാംഗളൂരില്‍വച്ച്‌. അതിനിടെ ഇംഗ്ളീഷ്‌ പഠിച്ചും ഇംഗ്ളീഷ്‌ പഠിപ്പിച്ചും മലയാളം പറഞ്ഞും മലയാളത്തില്‍ പ്രസംഗിച്ചും എഴുതിയും എഴുതിച്ചും രണ്ടുമൂന്നുതലമുറകളിലെ അതിവിശിഷ്ടവ്യക്തികളെ വാര്‍ത്തെടുത്ത വ്യക്തി ആയിരുന്നു എന്‍. രാമസ്വാമി. അച്ഛണ്റ്റെ തൊഴില്‍തന്നെ തുടര്‍ന്നു, എന്‍. ആര്‍. സ്വാമി എന്നും 'ഷേക്സ്പിയര്‍സ്വാമി' എന്നും പിന്നീടു പേര്‍പെറ്റ ആ അധ്യാപകന്‍. എന്തോ സൌന്ദര്യപ്പിണക്കത്തില്‍ എറണാകുളത്തെ സെയ്ണ്റ്റ്‌ ആല്‍ബര്‍ട്സ്‌ കോളേജിലെ പ്രൊഫസറുദ്യോഗം വലിച്ചെറിഞ്ഞ്‌ എറണാകുളത്തെ അന്നത്തെ പ്രശസ്ത 'തോറ്റോടി'-കോളേജായിരുന്ന കേരള ട്യൂട്ടോറിയല്‍ കോളേജില്‍ (KTC) കുട്ടികളെ കുറഞ്ഞവേതനത്തിന്‌, വയ്യാതാകുന്ന കാലംവരെ, ബി.എ.-ക്കും എം.എ.-ക്കുമെല്ലാം ഇംഗ്ളീഷ്‌ പഠിപ്പിച്ചു പാസ്സാക്കിയെടുത്തു. ചുറ്റുവട്ടത്തെ സ്കൂളുകളിലായാലും കോളേജുകളിലായാലും തിരഞ്ഞെടുപ്പു-രാഷ്ട്രീയസമ്മേളനങ്ങള്‍ക്കായാലും ഒരു മടിയോ മറയോ തടയോ ഇല്ലാതെ നല്ലകാര്യങ്ങള്‍ നല്ലരീതിയില്‍ നര്‍മത്തോടെയും നിര്‍മമതയോടെയും പ്രസംഗിക്കുവാന്‍ അദ്ദേഹത്തോടു കിടപിടിക്കുന്നവര്‍ അന്ന്‌, അന്‍പതുകളിലും അറുപതുകളിലും എഴുപതുകളിലുമെല്ലാം, ചുരുക്കമായിരുന്നു.

ഖദര്‍മുണ്ടും ജുബ്ബയും. വയ്യാതാകുന്നവരെ സ്വന്തമായേ തുണിയലക്കിയുണക്കി ഉടുത്തിരുന്നുള്ളൂ. കിണറ്റിന്‍കരയില്‍ 'ശൂ, ശൂ' എന്ന ഒച്ചകേട്ടാലറിയാം അദ്ദേഹം തുണി തല്ലിയലക്കുന്നതാണെന്ന്‌. എന്തിനായിരുന്നു ആ വായ്ത്താരി എന്നെനിക്കറിയില്ല. പത്തുമണിയാകുമ്പോഴേക്കും കുടയും പുസ്തകങ്ങളുമായി വഴിവക്കത്തെ വീടിണ്റ്റെ പടിക്കലെത്തും. ആ സമയംതന്നെയാകും എറണാകുളത്തേക്കുള്ള 'പയനിയര്‍' ബസ്സും വീട്ടുപടിക്കല്‍ എത്തിച്ചേരുക. ഒരുതരം കാകതാളീയന്യായമുണ്ടതിന്‌. അന്നത്തെ ചിട്ടയനുസരിച്ച്‌ ഡ്രൈവറുടെ വശത്തെ ഒറ്റസീറ്റ്‌ എന്‍. ആര്‍. സ്വാമിക്കുവേണ്ടി ഒഴിച്ചിട്ടിരിക്കും. വൈകുന്നേരം എറണാകുളം ബോട്ടുജെട്ടിയില്‍നിന്ന്‌ അതുപോലൊരു മടക്കവും. ബസ്സ്റ്റോപ്പല്ലെങ്കിലും വീട്ടുപടിക്കല്‍ത്തന്നെയാണിറക്കവും. അതു രണ്ടിനുമിടയില്‍ KTC-യില്‍ കയറുന്നതും കുട്ടികളെ പഠിപ്പിക്കുന്നതുമെല്ലാം ഒരു യന്ത്രമാണ്‌. ഇടയ്ക്കിടയ്ക്കു കാപ്പി; 'സിസ്സേര്‍സ്‌' സിഗററ്റും. അതാണാഹാരം പകല്‍മുഴുവന്‍. പുക തീര്‍ന്നാല്‍ കൈവിരല്‍കൊണ്ടൊരു കത്രികപ്പൂട്ടു കാണിക്കും; ആരെങ്കിലും ഒരു പാക്കറ്റ്‌ വാങ്ങിവരും. ഷേക്സ്പിയര്‍-സാഹിത്യമാണു പഥ്യം. അതിനാല്‍ ക്ളാസ്സുഭേദമില്ലാതെ ഒന്നിച്ചായിരിക്കും പഠിപ്പിക്കല്‍. ഷേക്സ്പിയറെയാണു പരിചയപ്പെടുത്തുക - ഒഥെല്ലോ, മാക്ബെത്‌, കിംഗ്‌ ലിയര്‍, എന്നതെല്ലാം അപ്രധാനം. തുറന്ന വായില്‍ ഓരോ രംഗവും തുടര്‍നാടകംപോലെ തകര്‍ത്തോടുമ്പോള്‍ കനത്ത നിശ്ശബ്ദതയായിരിക്കും KTC-യിലും പരിസരത്തുമെല്ലാം. അധികമകലെയല്ലാത്ത മഹാരാജാസ്‌ കോളേജ്‌, സെയ്ണ്റ്റ്‌ ആല്‍ബെര്‍ട്സ്‌ കോളേജ്‌, സെയ്ണ്റ്റ്‌ തെരേസാസ്‌ കോളേജ്‌, ലാ കോളേജ്‌ എന്നിവിടങ്ങളിലെയെല്ലാം കുട്ടികള്‍ ആ സാഹിത്യധോരണിക്കു ചെവികൊടുക്കാന്‍ എത്തിപ്പെടുമായിരുന്നത്രേ.

വീട്ടിലെത്തുമ്പോഴേക്കും നടപ്പുരയില്‍ നിരത്തിയിട്ടിരിക്കുന്ന ഇരിപ്പിടങ്ങളില്‍ വിദ്യാര്‍ഥികള്‍ വന്നു നിറഞ്ഞിരിക്കും. അന്നത്തെ പാഠം ഉറക്കെ ഉരുവിട്ടുകൊണ്ടായിരിക്കും 'ഷേക്സ്പിയര്‍'-സ്വാമി വന്നു കയറുന്നതു തന്നെ. മേശപ്പുറത്ത്‌ മൊന്തയില്‍ കാപ്പിയുണ്ടാകും. അതുംമോന്തി രാത്രി വൈകുംവരെ പഠിപ്പിക്കല്‍തന്നെ. ഇടയ്ക്കിടെ കുട്ടികള്‍ വന്നുപോകും, ക്ളാസ്സുകള്‍ മാറും. പിന്നെയാണു രാക്കുളിയും അത്താഴവും വിശ്രമവും.

ചോദിച്ചൊന്നും വാങ്ങില്ല; എങ്കിലും പണം വന്നു കുമിയും. പേരിണ്റ്റെയും പണത്തിണ്റ്റെയും പ്രതാപത്തിണ്റ്റെയും കാലമായിരുന്നു അത്‌. തൃശ്ശൂരിലെ ഒരു പ്രമുഖവ്യാപാരകുടുംബത്തില്‍ നിന്നുള്ള വിവാഹവും ഒന്നിനൊന്നു വ്യത്യസ്തരായ ഒന്‍പതു മക്കളുമായി ജീവിതം നിറഞ്ഞുതുളുമ്പിയിരുന്ന കാലം. കിട്ടുന്നതും അതിലധികവും മറ്റുള്ളവര്‍ക്കുവേണ്ടി ചെലവാക്കുന്നതിലായിരുന്നു അദ്ദേഹം ആനന്ദം കണ്ടെത്തിയിരുന്നത്‌. ആഘോഷങ്ങള്‍ക്കു പോകുമ്പോള്‍ ടൂറിസ്റ്റ്‌-ടാക്സിയിലായിരിക്കും; കൂടെ ഉള്ളവര്‍ക്കെല്ലാം 'കാഡ്ബറീസ്‌' ചോക്ളെറ്റും 'പാരി' മിഠായിയും. തിരിച്ചുവരുമ്പോഴേക്കും കയ്യിലെ കാശെല്ലാം തീര്‍ന്നിരിക്കും. അപ്പോള്‍ 'ആനവണ്ടി'യില്‍ യാത്ര. കൂടെയുള്ളവര്‍ക്ക്‌ 'നാരങ്ങാസത്തു' മിഠായിയും 'പല്ലി'മിഠായിയും ആയി തരംതാഴും. തനിക്കു പിന്നെ ഒന്നുമേ വേണ്ടല്ലോ, കാപ്പിയും 'സിസ'റുമല്ലാതെ. അക്കാലത്താണ്‌ 'Malabar Chronicle' എന്നൊരു ഇംഗ്ളീഷ്‌-ദിനപ്പത്രത്തിണ്റ്റെ എഡിറ്ററാകുന്നത്‌. എന്തുകൊണ്ടോ അതു തുടര്‍ന്നില്ല. ഒന്നിലും ഉറച്ചുനില്‍ക്കുന്ന പ്രകൃതം പണ്ടേയില്ലല്ലോ.

ഭാഗ്യവശാല്‍, 'ഇന്നു റൊക്കം, നാളെ കടം' എന്നായിരുന്നത്‌ 'ഇന്നു കടം, നാളെ റൊക്കം' എന്നാവുന്നതിനുമുന്‍പ്‌, അതിനകം പഠിച്ചുദ്യോഗസ്ഥരായ മക്കള്‍ക്കൊപ്പം ബാംഗളൂരിലേക്കു ചേക്കേറേണ്ടി വന്നു അദ്ദേഹത്തിന്‌. പ്രായാധിക്യവും ദേഹാസ്വാസ്ഥ്യവും വകവയ്ക്കാതെ, പ്രവാസികളുടെ ആദ്യകാലദിനപ്പത്രമായ 'കര്‍ണാടക മലയാളി'യുടെ പത്രാധിപരുമായി അവിടെ. അതും പക്ഷെ അധികം നീണ്ടുനിന്നില്ല. എങ്കിലും കാത്തിരുന്നെഴുതിക്കുന്ന ഗൈഡുപുസ്തകക്കാരുടെ നീണ്ട നിര അദ്ദേഹത്തെ വീണ്ടും ഇംഗ്ളീഷധ്യാപകനാക്കി. അന്നത്തെ പ്രമുഖരായ ഇംഗ്ളീഷധ്യാപകരുടെ പേരുവച്ചായിരുന്നു ഇദ്ദേഹമെഴുതിയ ഗൈഡുകള്‍ അച്ചടിച്ചുപുറത്തുവന്നിരുന്നത്‌ എന്ന കാര്യം പാവം അറിഞ്ഞിരുന്നില്ല. അതെന്തായാലും തൊണ്ണൂറാംവയസ്സൊപ്പിച്ചു മരിക്കുംവരെ കുറഞ്ഞതെങ്കിലും സ്വന്തമായൊരു വരവുണ്ടാക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഒന്‍പതുമക്കള്‍ യഥാശക്തി ധനസഹായം ചെയ്തതുകൂടിയായപ്പോള്‍ അദ്ദേഹത്തിണ്റ്റെയും സഹധര്‍മിണിയുടെയും കഷ്ടപ്പാടിനെല്ലാം ഒരറുതിയായി ജീവിതത്തിണ്റ്റെ ഉത്തരാര്‍ധത്തില്‍.

മരിച്ചപ്പോഴാണ്‌ അദ്ദേഹത്തിന്‌ സ്വാതന്ത്യ്രസമരസേനാനിപ്പെന്‍ഷന്‍ കൊടുത്തില്ലല്ലോ എന്ന്‌ ഇന്നത്തെ ചില പ്രമുഖ കോണ്‍ഗ്രസ്‌-നേതാക്കള്‍ കണ്ണീരൊഴുക്കിയത്‌. എന്‍. ആര്‍. സ്വാമിയുടെ അഭിമാനം അതിനു വഴങ്ങുകയുമില്ലായിരുന്നുപോല്‍ (വാചകശൈലി അദ്ദേഹത്തില്‍നിന്നുതന്നെ കടമെടുത്തത്‌).

എന്‍. ആര്‍. സ്വാമി എണ്റ്റെ അമ്മയുടെ മൂത്തസഹോദരനായിരുന്നു; അതായത്‌ എണ്റ്റെ വല്യമ്മാവന്‍.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...