Monday 11 July 2016

വായനക്കായൊരു ദിവസം



ആദിയില്‍ വചനമുണ്ടായി.   ആ വചനം രൂപമായി.   അതു സങ്കല്‍പം.   അതെന്തായാലും വചനത്തിനു രൂപമുണ്ടാക്കിയതു മനുഷ്യന്‍.   അതാണു ലിപി.   വാമൊഴി അങ്ങനെ വരമൊഴിയായി.   വരമൊഴി അങ്ങനെ വായിക്കാനുമായി.   വായില്ലാതെയും വായിക്കാമെന്നായി.   കണ്ണില്ലാതെയും വായിക്കാമെന്നായി.

ഗോവ മലയാള സാംസ്കാരികകേന്ദ്രം (പോണ്ട, ഗോവ) ഇക്കഴിഞ്ഞ ജൂണ്‍ 19-ന്‌ (2016) സംഘടിപ്പിച്ച പി. എന്‍. പണിക്കര്‍ അനുസ്മരണ വായനദിനത്തില്‍ പങ്കെടുത്തപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ ഇതെല്ലാം.   കേരളം വളര്‍ന്നതെത്രയെന്നതിണ്റ്റെ ഒരു വലിയ ചിത്രം കിട്ടി അന്ന്‌.   ഒരുകാലത്ത്‌ കേരളീയരെ വായിപ്പിക്കാന്‍ പാടുപെടേണ്ടിവന്നിരുന്നു. ഇന്നിപ്പോള്‍ വായിക്കുന്നവരെ തൃപ്തിപ്പെടുത്താന്‍ പാടുപെടേണ്ടിവരുന്നു.   ഇതില്‍കവിഞ്ഞ ആദരാഞ്ജലിയുണ്ടോ ആ പിതാമഹന്‌?

പത്രപാരായണം എന്തുകൊണ്ടു ശീലമാക്കണം എന്നൊക്കെ സ്കൂളുകളില്‍ ഉപന്യാസങ്ങളെഴുതിച്ചിരുന്നു അന്‍പതുകളില്‍.   വായിപ്പിച്ചേ അടങ്ങൂ എന്ന തരത്തില്‍ പുസ്തകങ്ങള്‍ തലയില്‍കെട്ടിവയ്ക്കുമായിരുന്നു അധ്യാപകര്‍.   അതൊരു കാലം.   അചിരേണ ദിശാബോധമുള്ള ഗ്രന്ഥശാലാപ്രസ്ഥാനവും സുസംഘടിതമായ വായനശാലാപ്രവര്‍ത്തനവും കേരളത്തില്‍ തുടങ്ങിവച്ചത്‌ പി. എന്‍. പണിക്കരും കൂട്ടരുമായിരുന്നു.   ഭാരതത്തിലെയെന്നല്ല, ലോകത്തെതന്നെ ഗ്രന്ഥവിജ്ഞാനത്തെ ക്രമാനുസൃതം ക്രോഡീകരിച്ച എസ്‌. ആര്‍. രങ്കനാഥന്‌ കേരളത്തിണ്റ്റെ വിശിഷ്ടോപഹാരമാണ്‌ നമ്മുടെ ഗ്രന്ഥാലയപ്രസ്ഥാനം.   പുസ്തകപ്രസാധകരെയും പുസ്തകക്കച്ചവടക്കാരെയും എഴുത്തുകാരെയും വായനക്കാരെയും കൂടെ കണ്ണിചേര്‍ത്താല്‍ ഈ മഹല്‍ചിത്രം സമ്പൂര്‍ണമായി.

പഴയൊരു കഥ നമ്മളെല്ലാം പഠിച്ചുകാണും;  കാക്കയുടെ പാട്ടിനെ പ്രശംസിച്ച്‌ കാക്കയുടെ കൊക്കിലെ അപ്പം തട്ടിയെടുത്ത കുറുക്കണ്റ്റെ കഥ.   അതിനൊരു പുതുഭാഷ്യമുണ്ട്‌.     കാക്കയുടെ പാട്ടിനെപ്പറ്റി കുറുക്കന്‍ പ്രശംസിക്കുമ്പോള്‍ കൊക്കിലെ അപ്പം കാലില്‍കൊരുത്ത്‌ കാക്ക പറയുന്നു,   "പണ്ടത്തെ കഥ ഞാന്‍ പുസ്തകത്തില്‍ വായിച്ചിട്ടുണ്ട്‌. അതിനാല്‍ ഞാന്‍ പാടാനും പോകുന്നില്ല,  നിനക്ക്‌ എണ്റ്റെ കൊക്കില്‍നിന്ന്‌ അപ്പം വീണുകിട്ടാനും പോകുന്നില്ല".    അതാണു വായനയുടെ ഗുണവശം.

പുതിയൊരു കഥയുമുണ്ട്‌.   അടിയന്തരാവസ്ഥക്കാലം.   തീവണ്ടിസ്റ്റേഷനുകളിലെല്ലാം ഇന്ദിരയുടെയും സഞ്ജയുടെയും മുദ്രാവാക്യങ്ങളുടെ ലഹള.   വണ്ടി ഷൊര്‍ണൂറടുക്കുന്നു.   എണ്റ്റെ സീറ്റിനടുത്ത്‌ ഒരു ചെറുപ്പം സ്ത്രീയും മൂന്നു കുട്ടികളും.   മൂത്തതു പെണ്ണ്‌;   എട്ടുപത്തുവയസ്സുകാണും.   പിന്നെ രണ്ടോ മൂന്നോ വയസ്സുള്ള ഒരാണ്‍കുട്ടി.   പോരാത്തതിന്‌ മുലയില്‍തൂങ്ങി ഒരു പൊടിപ്പൈതലും.   ഓരോസ്റ്റേഷനിലും ഒരുപോലെ തൂങ്ങിക്കണ്ട ഒരു ബോര്‍ഡ്‌   അമ്മയ്ക്കെന്തെന്നറിയണം.   മകളോടു പറഞ്ഞു, അതൊന്നു വായിച്ചുകൊടുക്കാന്‍. അക്ഷരം പെറുക്കിപ്പെറുക്കി മോള്‍ ഉറക്കെയുറക്കെ വായിച്ചു:  "ഒന്നേയൊന്ന്‌, കണ്ണേകണ്ണ്‌, രണ്ടും മൂന്നും വേണ്ടേവേണ്ട".   ചുറ്റുമുള്ളവര്‍ പൊട്ടിച്ചിരിച്ചുപോയി.   വായിക്കാന്‍ വശമില്ലാത്ത ആയമ്മ തട്ടം താഴ്ത്തി മുഖംമൂടി.

വായന ഒരു ഹരമാണ്‌. അതിനുള്ള സൌകര്യങ്ങള്‍ ഒത്തുകിട്ടണമെന്നുമാത്രം.   രാമായണത്തില്‍നിന്നും മഹാഭാരതത്തില്‍നിന്നും കഥാസരിത്സാഗരത്തില്‍നിന്നും മദനകാമരാജന്‍കഥയില്‍നിന്നും ആരോഗ്യവും ദീര്‍ഘായുസ്സില്‍നിന്നും ടാനിയയില്‍നിന്നും ഐതിഹ്യമാലയില്‍നിന്നും ചന്ദമാമയില്‍നിന്നും നീക്കി,  സിന്‍ബാദിലേക്കും ചെമ്മീനിലേക്കും ഭര്‍ത്തൃഹരിയിലേക്കും കേരളഭാഷാചരിത്രത്തിലേക്കും സംക്രമിപ്പിച്ച്‌,  കിംഗ്‌ ലിയറിലേക്കും വുഡ്ലണ്റ്റേര്‍സിലേക്കും രേവയിലേക്കും ഓടക്കുഴലിലേക്കും യുക്തിവിചാരത്തിലേക്കും സഞ്ചയനിലേക്കും കുഞ്ചനിലേക്കും വി.കെ.എന്‍.-ലേക്കും ടോള്‍സ്റ്റോയിലേക്കും ടാഗോറിലേക്കും ഹെമിങ്ങ്‌വേയിലേക്കും കാഫ്കയിലേക്കും എല്ലാം സഞ്ചരിപ്പിച്ചത്‌ വീട്ടുകാരും നാട്ടുകാരും അധ്യാപകരും സഹപാഠികളും വായനശാലകളിലെ ഗ്രന്ഥവൈജ്ഞാനികരുമാണ്‌.   കാശില്ലാത്തകാലത്ത്‌ സോവിയറ്റ്‌-പ്രസിദ്ധീകരണങ്ങള്‍ പ്രയോജനമായി, പ്രചോദനമായി - മിര്‍, പീസ്‌ പ്രസിദ്ധീകരണങ്ങളും മിഷ, സോവിയറ്റ്‌ നാട്‌ തുടങ്ങിയ കാലികങ്ങളും.   ഒരു നിയോഗമെന്നതുപോലെ ഒരു ലൈബ്രേറിയനെ ഭാര്യയായിക്കിട്ടി. അന്നുതൊട്ട്‌ ഇന്നുവരെ വായനയ്ക്കുമാത്രം ഞെരുക്കമുണ്ടായിട്ടില്ല. അതുമൊരു ഭാഗ്യം.

ഗോവയില്‍ വന്നെത്തിയ കാലത്ത്‌ വായിക്കാനൊരിടം കഷ്ടിയായിരുന്നു. മാസക്കണക്കിനു നീളുന്ന അന്നത്തെ കടല്‍യാത്രകളില്‍ വായിക്കാന്‍ കയ്യില്‍കരുതുന്ന പുസ്തകങ്ങള്‍ പോരാഞ്ഞ്‌, സാധനങ്ങള്‍ പൊതിഞ്ഞുവരുന്ന പത്രക്കഷ്ണങ്ങള്‍കൂടി വിലപ്പെട്ടതായിത്തോന്നിയിരുന്നു.   ഇന്നു സ്ഥിതിഗതികള്‍ മാറി.   കപ്പലുകളില്‍ ഗ്രന്ഥശാലകളായി.   ഗോവയില്‍ എവിടെത്തിരിഞ്ഞാലും വായനശാലകളായി.   മലയാളിക്കൂട്ടായ്മകളുടെ പുസ്തകശേഖരങ്ങളുമായി,  മലയാളം മിഷണ്റ്റെ പഠനസൌകര്യങ്ങളുമായി.

ഒരുകാലത്ത്‌ കയ്യെഴുത്തുമാസിക വളരെ പ്രചാരത്തിലുണ്ടായിരുന്നു സ്കൂളുകളില്‍.   കലയും സാഹിത്യവും സംയോജിക്കുന്ന അപൂര്‍വം മാധ്യമമായിരുന്നു അന്നെല്ലാം അത്‌.   അക്ഷരവടിവുകള്‍ ആദരിക്കപ്പെട്ടിരുന്നു അക്കാലങ്ങളില്‍.   ഇന്നത്തെ വിവിധയിനം ഫോണ്ടുകള്‍ അതോര്‍മിപ്പിക്കുന്നു.   അക്ഷരത്തോടൊപ്പം ആകാരവും വികാരവും പകര്‍ന്നിരുന്നു കയ്യക്ഷരം.   വായന വളര്‍ന്നപ്പോള്‍ കയ്യക്ഷരം കൈമോശം വന്നതില്‍ ദു:ഖിക്കുന്നു ഞാന്‍.   വായിക്കുന്നതും കമ്പ്യൂട്ടറിലായി,   എഴുതുന്നതും കമ്പ്യൂട്ടറിലായി - ഈ ലേഖനമുള്‍പ്പെടെ.   

കയ്യെഴുത്തുമാസികകള്‍പോലുള്ള ഒറ്റക്കോപ്പിപ്പുസ്തകങ്ങള്‍ക്കുള്ള പ്രസക്തി ഇനിയും നഷ്ടപ്പെട്ടിട്ടില്ല.   കൊച്ചുകൊച്ചു വായനക്കൂട്ടായ്മകളില്‍ ഒറ്റക്കോപ്പി മാസികകളും പുസ്തകങ്ങളും എഴുതിയുണ്ടാക്കി പങ്കുവയ്ക്കുന്ന ഒരു കാലം ഞാന്‍ സ്വപ്നം കാണുന്നു.   ഒരു 'ഒറ്റക്കോപ്പി വിപ്ളവം'  ഞാന്‍ വിഭാവനം ചെയ്യുന്നു.

ചങ്ങമ്പുഴയെ അനുകരിച്ചു പറയട്ടെ, " വായന വായന ലഹരിപിടിക്കും വായന ഞാനതില്‍ മുഴുകട്ടെ, ഒഴുകട്ടെ മമ ജീവനില്‍നിന്നും മുരളീമൃദുരവമൊഴുകട്ടെ".   ജീവിതത്തിണ്റ്റെ ഈ അപരാഹ്നത്തിലും എണ്റ്റെ സാന്ത്വനം വായനയാണ്‌; സായൂജ്യവും.

2 comments:

kanakkoor said...

ഇങ്ങനെ ഒരു ബ്ലോഗ്‌ ഉള്ളത് അറിഞ്ഞില്ല. ഇനി മുതല്‍ സ്ഥിരമായി നോക്കാം . നന്ദി.

Madhu (മധു) said...

'Reading maketh a full man; conference a ready man; and writing an exact man' എന്നു പറഞ്ഞത് ഫ്രാന്‍സിസ് ബേക്കനാണ്. മൂപ്പര്‍ മറ്റൊന്നുകൂടി പറഞ്ഞിട്ടൂണ്ടായിരുന്നു - 'some books are to be tasted, others to be swallowed, and some few to be chewed and digested' എല്ലാം വച്ചുനോക്കുമ്പോള്‍ സ്വാമിജി, you are perfect writer.

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...