Sunday 26 June 2016

ആദരണീയര്‍ക്ക്‌ സല്യൂട്ട്‌




അടുത്തിടെ കേട്ടതാണ്‌: 'നമസ്കാരം പറഞ്ഞാല്‍ പുരസ്കാരം കിട്ടുമോ?' (ഗോവയിലെ ഡോ. ബി.സി. നായരോടു കടപ്പാട്‌).  'പുരസ്കാരം കിട്ടിയാല്‍ നമസ്കാരം പറയണോ' എന്ന സന്ദേഹം ബാക്കി നില്‍ക്കുമ്പോഴായിരുന്നു അത്‌.  പറഞ്ഞാലെന്തെന്നു പരഭാഷണം.

2016 ജൂണില്‍ ഗോവയില്‍ നടത്തിയ മൂന്നാം പ്രവാസി സാഹിത്യസംഗമത്തില്‍വച്ച്‌ സദയം, സസ്നേഹം, സബഹുമാനം എന്നെയും ആദരിച്ചു സംഘാടകര്‍.  അത്രയ്ക്കാദരിക്കപ്പെട്ടവനോ അത്രയ്ക്കാദരണീയനോ അല്ല ഞാന്‍.  അതെനിക്കല്ലേ അറിയൂ.  അതേസമയം, ആദരിക്കപ്പെടുന്നവരേക്കാള്‍ ആദരിക്കാന്‍ മനസ്സുകാട്ടുന്നവരാണ് യഥാര്‍ഥത്തില്‍ ആദരണീയര്‍.  അതും എനിക്കല്ലേ അറിയൂ.  "തവദാഗമനംകൊണ്ടു മദീയം ഭവനം ഭാസുരമാക്കി വിശേഷാല്‍" എന്നു പറഞ്ഞാണല്ലോ മൂക്കറ്റത്തു ശുണ്ഠിയുള്ള നാരദനെ മഹാവിഷ്‌ണു ആദരിച്ചാനയിച്ച്‌ സ്വന്തം ശ്രേഷ്ഠത കാണിച്ചുകൊടുത്തത്‌.   

കരിക്കട്ടയില്‍ വൈരം കണ്ടെത്താന്‍ വിശിഷ്ടന്‍മാര്‍ക്കേ ആവൂ.  കാരണം വൈരം കരിക്കട്ടയാണെന്നും അവര്‍ക്കറിയാം.


എന്നാല്‍ മനുഷ്യരെ പിടിച്ചു ദൈവമാക്കുന്ന ഒരു പരിപാടിയും നമുക്കുണ്ട്‌.  വിഗ്രഹത്തിനും പ്രതിഷ്ഠയ്ക്കുമെതിരായിരുന്ന ബുദ്ധനെ ദൈവമാക്കി ഒരിടത്തിരുത്തിക്കളഞ്ഞു അദ്ദേഹത്തെ അത്യധികം ആദരിച്ചവര്‍.  വിഗ്രഹാരാധനയ്ക്കെതിരായിരുന്ന ശ്രീനാരായണനെത്തന്നെ പതുക്കെ റോട്ടരികിലും വീട്ടുമുക്കിലും പ്രതിഷ്ഠിച്ചു പുരോഗമിക്കുന്നുണ്ട്‌ നമ്മുടെ ആദരവും ആരാധനയും.  ആദരിക്കലെന്നാല്‍ ഒരിടത്ത്‌ അനങ്ങാതങ്ങിരുത്തിക്കളയുക എന്നര്‍ഥം.  പിന്നെ ആ ആള്‍ തലപൊക്കില്ല.


ഇംഗ്ളീഷില്‍ ഒരു പ്രയോഗമുണ്ട്‌, "To kick upstairs..." എന്ന്‌.  വല്ലാതെ വിളയുന്നവനെ ഒന്നങ്ങുപൊക്കി തലപ്പത്തിരുത്തുക.  പിന്നെ മിണ്ടാതിരുന്നുകൊള്ളും പാവം.  സര്‍ക്കാര്‍സര്‍വീസിലാണ്‌ ഇതു കൂടുതല്‍ കാണുക.  അവിടെയാണല്ലോ മുകളിലേക്കുപോകുംതോറും പണി കുറഞ്ഞുകുറഞ്ഞുവരിക.  ഒരാളെ മിണ്ടാതാക്കാന്‍ ഒന്നങ്ങു മുകളിലേക്കു തട്ടിവിട്ടാല്‍ മതി; പൊങ്ങിപ്പൊങ്ങി ഒരു പാങ്ങായിക്കൊള്ളും പ്രതി.  ശല്യം തീരും. 


ഇനിയുള്ളത്‌ കുറച്ചു കടുത്തകൈ ആണ്‌ (ഇതിനെപ്പറ്റി മുന്‍പെവിടെയോ എഴുതിയിട്ടുണ്ട്‌).  തമിഴ്നാട്ടിലെ ചില ഉള്‍ഭാഗങ്ങളിലെ ഒരു ചിട്ടയാണത്രേ.  നല്ലകാലംകഴിഞ്ഞ വയസ്സന്‍മാരെ ഒരു ദിവസം അതിരാവിലെ വിളിച്ചെഴുന്നേല്‍പ്പിച്ച്‌ എണ്ണയും തേപ്പിച്ച്‌ തലവഴി തണുത്തവെള്ളം തുരുതുരാ കോരിയൊഴിച്ചു കുളുപ്പിക്കും.  പിന്നെപ്പിടിച്ച്‌ പറക്കണക്കിന്‌ ഇളനീര്‍ കുടിപ്പിക്കും.  അധികം വൈകാതെ വൃദ്ധന്‍ വിറച്ചുതുടങ്ങും.  വേച്ചുവേച്ചു കിടപ്പിലുമാവും. അതോടെ ബന്ധുക്കളും നാട്ടുകാരുമെല്ലാം മരണാനന്തരക്രിയക്കുള്ള ഒരുക്കങ്ങളും തുടങ്ങും. അതിവിപുലമായ ആഘോഷത്തൊടെയായിരിക്കും സമയമാം രഥത്തില്‍ വൃദ്ധണ്റ്റെ പിന്നീടങ്ങോട്ടുള്ള സ്വര്‍ഗപ്രയാണം.  (ഇതിനു സമാന്തരമായി ഗോവയിലും ചില ആദിവാസികള്‍ക്കിടയില്‍ പടുവൃദ്ധര്‍ ആഹാരം കുറച്ചുകുറച്ചു കൊണ്ടുവന്ന്‌ പഷ്ണികിടന്ന്‌ മരണംവരിക്കുന്ന കഥയും കേട്ടിട്ടുണ്ട്‌).  ഉണക്കക്കൊമ്പുകളെയും പാഴ്മരങ്ങളെയും വെട്ടിമാറ്റി ഫലവൃക്ഷങ്ങളെ പരിപാലിക്കുന്നത്‌ കൃഷിരീതിയാണല്ലോ.


'ഉണക്കക്കൊമ്പുകളെയും പാഴ്മരങ്ങളെയും വെട്ടിമാറ്റി...' - എന്നുവേണമെന്നൊന്നും ഞാന്‍ പറയില്ല.  എങ്കിലും ഇടയ്ക്കൊക്കെ ഒന്നു തിരിഞ്ഞുനോക്കി താന്‍ സമൂഹത്തിന്‌ എന്തെങ്കിലും തരത്തില്‍ പ്രയോജനപ്പെടുന്നുണ്ടോ എന്നു പരിശോധിച്ചുറപ്പുവരുത്തുന്നത്‌ നല്ലതാണ്‌.  അല്ലെങ്കില്‍ മരംമുറിക്കാന്‍ ആളുവരും!


തിരിഞ്ഞുനോട്ടത്തെപ്പറ്റിയും ഒരു കഥയുണ്ട്‌.  ആദിശങ്കരന്‌ സരസ്വതീദേവി 'ലൈഫ്‌-ടൈം ഗാരണ്റ്റി' കൊടുത്തിരുന്നുവത്രേ, താനെന്നും പുറകിലുണ്ടാകുമെന്ന്‌. പക്ഷെ ഒരു 'കണ്ടീഷന്‍ അപ്പ്ളൈ': ഒരിക്കലും താന്‍ പുറകിലുണ്ടോ എന്ന്‌ തിരിഞ്ഞുനോക്കരുത്‌.  നമ്മള്‍ 'സോഫ്റ്റ്‌-വെയര്‍' മറ്റും 'ഡൌണ്‍ലോഡ്‌'-ചെയ്യുമ്പോള്‍ ലൈസെന്‍സില്‍ 'ഐ എഗ്രീ' എന്നു കണ്ണടച്ചുകുത്തുമ്പോലെ, എന്നു വച്ചോളൂ.

അങ്ങനെ ശങ്കരാചാര്യര്‍ ദിഗ്‌വിജയമെല്ലാംകഴിഞ്ഞ്‌ സര്‍വജ്ഞപട്ടവുംനേടി വരുമ്പോള്‍ മൂകാംബിയില്‍വച്ച്‌ ഒരിടയിളക്കം.  ജ്ഞാനമെല്ലാം കൈമാറിക്കഴിഞ്ഞല്ലോ, അതോടെ സരസ്വതിയെങ്ങാനും സ്ഥലം കാലിയാക്കിക്കാണുമോ?  ഒന്നു തിരിഞ്ഞു നോക്കിയാലോ?  നോക്കി. സരസ്വതിയമ്മ പുറകില്‍തന്നെയുണ്ട്‌.  സമാധാനമായി.  വാക്കുതെറ്റിച്ചില്ലല്ലോ.  സന്തോഷമായി.  'ഹായ്‌' പറഞ്ഞു മുന്നോട്ടാഞ്ഞപ്പോള്‍ ഒരു പിന്‍വിളി.  'ശങ്കരാ, ഒരു മിനിറ്റ്.  ഒന്നിങ്ങോട്ടു വന്നേ.   ഇനി നിനക്കെണ്റ്റെ 'ബാക്ക്‌-അപ്പ്‌' കാണില്ല.  'ഇറേ'സായിപ്പോയി.  പുതുതായി തുടങ്ങിക്കോ......  ഞാന്‍ ഇവിടെയൊക്കെത്തന്നെയുണ്ടാകും. സാറ്‌ ചെല്ല്‌!'

തിരിഞ്ഞുനോക്കിയാല്‍, 'റിവ്യൂ'-തുടങ്ങിയാല്‍, അറിവിണ്റ്റെ അന്തമെത്തി എന്നു സാരം.

എന്നെ ആദരിച്ച്‌ പൊന്നാടയുംതന്ന്‌ ഒരു റിവ്യൂവും ഫിറ്റുചെയ്ത്‌ ഒരിടത്തങ്ങിരുത്തിക്കളയാം എന്നുമാത്രം കരുതണ്ട; 'നാന്‍ വിടമാട്ടേന്‍'! ഞാനെഴുതും. ഇനിയുമെഴുതും. ഇനിയുമാദരിച്ചാല്‍ ഇനിയുമിതെഴുതും. ഞാന്‍ സര്‍വജ്ഞപീഠത്തിലൊന്നുമല്ലല്ലോ. ദിഗ്‌വിജയത്തിലുമല്ലല്ലോ.

എന്തായാലും, ആദരിച്ചവര്‍ക്കു സല്യൂട്ട്‌! അവരാണല്ലോ ശരിക്കും ആദരണീയര്‍. നന്ദി.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...