Sunday 12 June 2016

'സുല്‍ത്താന്‍'




ഡോ. സയ്യദ്‌ സഹൂര്‍ ഖാസിം (Syed Zahoor Qasim) കഴിഞ്ഞ വര്‍ഷാവസാനം (2015) നിര്യാതനായി - നവതിയുടെ നിറവില്‍.   അരനൂറ്റാണ്ടിലേറെക്കാലം സമുദ്രശാസ്ത്രവുമായി അഭേദ്യബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹം. കേന്ദ്രീയ മത്സ്യഗവേഷണസ്ഥാപനത്തിണ്റ്റെയും (Central Marine Fisheries Research Institute, കൊച്ചി) ദേശീയ സമുദ്രശാസ്ത്രസ്ഥാപനത്തിണ്റ്റെയും (National Institute of Oceanography, ഗോവ) ചുക്കാന്‍പിടിച്ചശേഷം കേന്ദ്രസര്‍ക്കാറിണ്റ്റെ സമുദവികസനവിഭാഗത്തിണ്റ്റെ (Department of Ocean Development) ആദ്യത്തെ കാര്യദര്‍ശിയായും പിന്നീട്‌ പലപല ചുമതലകളും ഏറ്റെടുത്ത്‌ രണ്ടുമൂന്നു തലമുറകളുടെ ആദരവും സ്നേഹവും കൈപ്പറ്റി ഒന്നിനു രണ്ടായി തിരിച്ചു നല്‍കിയ വ്യക്തിയാണ്‌ ഡോ. ഖാസിം. ഭാരതത്തിണ്റ്റെ സ്വന്തം പദ്മ-പുരസ്ക്കാരങ്ങളും, പുറംരാജ്യങ്ങളിലെ പലവിധ അംഗീകാരങ്ങളു അവാര്‍ഡുകളും അദ്ദേഹത്തെത്തേടിയെത്തിയിട്ടുണ്ട്‌.
ഞാന്‍ കൊച്ചി സര്‍വകലാശാലയി ല്‍ പഠിക്കുമ്പോഴാണ്‌ അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടാനിടയാകുന്നത്‌. അതും അവിചാരിതമായി. ലബോറട്ടറിയുടെ ആവശ്യാര്‍ഥം എന്തോ കാര്യത്തിനായി അദ്ദേഹത്തിണ്റ്റെ മത്സ്യഗവേഷണശാലയില്‍ പോയതാണ്‌.  ഞാന്‍ അന്നൊരു പയ്യന്‍.  എന്നാലും എന്നെ വിളിച്ചിരുത്തി കാര്യം തിരക്കി, സഹായിക്കാന്‍ ആളെയുമേര്‍പ്പെടുത്തി പറഞ്ഞയച്ചു.  അന്നു ഞാന്‍ അറിഞ്ഞിരുന്നില്ല അതു ഡോ. ഖാസിം ആയിരുന്നെന്നും അദ്ദേഹം ആ സ്ഥാപനത്തിണ്റ്റെ തലവനായിരുന്നു എന്നും. പിന്നിട്ട ജീവിതത്തില്‍ ഞാ ന്‍ എപ്പോഴെല്ലാം എന്തെങ്കിലും ചുമതലയേല്‍ക്കേണ്ടി വന്നിട്ടുണ്ടോ അപ്പോഴെല്ലാം അദ്ദേഹത്തിണ്റ്റെ മാന്യത വിടാത്ത ലാളിത്യം എനിക്കു മാര്‍ഗദര്‍ശിയായിട്ടുണ്ട്‌.
പിന്നെ രണ്ടുകൊല്ലം കഴിഞ്ഞ്‌ വീണ്ടും അദ്ദേഹത്തെക്കാണുന്നതും ആകസ്മികമായിത്തന്നെ.  അന്നേയ്ക്ക്‌ ഞാ ന്‍ കൊച്ചി വിട്ട്‌ ഗോവയി ല്‍ ഉദ്യോഗം തുടങ്ങിയിരുന്നു. ഒരു വൈകുന്നേരം അടുത്തുള്ള കടല്‍പ്പാലത്തിലേക്ക്‌ നടക്കാനിറങ്ങിയപ്പോ ള്‍ ഒരു ഫിയറ്റു കാ ര്‍ മുന്നിലെത്തി.  അതോടിക്കുന്നയാള്‍ എന്നെ നോക്കി കൈവീശി.  ഞാന്‍ നമ്പ ര്‍ നോക്കി;  കൊച്ചി വണ്ടി.  അതു ഡോ. ഖാസിമായിരുന്നു.  
പിറ്റേന്ന്‌, അദ്ദേഹം കൊച്ചിവിട്ട്‌ ഗോവയി ല്‍ ഞങ്ങളുടെ സമുദ്രഗവേഷണസ്ഥാപനത്തിണ്റ്റെ ചുമതലയേല്‍ക്കുകയായിരുന്നു.  അങ്ങനെ ഞങ്ങളുടെ രണ്ടാമത്തെ ഡയറക്റ്റര്‍ ആയി അദ്ദേഹം.  സ്ഥാപനം പിച്ചവയ്പ്പുകഴിഞ്ഞ്‌ പച്ചപിടിക്കുന്ന സമയം.  ലോകോത്തരമല്ലെങ്കിലും ഉത്തരവാദിത്വബോധമുള്ള ചെറുപ്പക്കാരുടെ ഒരു കൂട്ടം.  അതിനെയൊന്നു മെനഞ്ഞു മിനുക്കി മയപ്പെടുത്തി നട്ടെല്ലുള്ളൊരു കൂട്ടായ്മയാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു എന്നതാണ്‌ ഏറ്റവും വലിയ നേട്ടം.  പിന്നീട്‌ പലരും പലതും വന്നുപോയെങ്കിലും ചിലരും ചിലതും നഷ്ടമാകാതെയിരുന്നതിണ്റ്റെ പ്രധാനകാരണം അദ്ദേഹത്തിണ്റ്റെ അനൌപചാരികതയും ഊറ്റമില്ലായ്മയും ഞങ്ങളും ഉറവവറ്റാതെ ഊറ്റിയെടുത്തതാണ്‌.
ആരെയും പ്രഥമദൃഷ്ട്യാ തൂത്തെറിയാതെ, ചുമതലകള്‍ കൊടുത്തുനോക്കി ഒത്തെങ്കില്‍ അവരെ ഉന്നതങ്ങളിലേക്കു കടത്തിവിടുന്നതായിരുന്നു ഡോ. ഖാസിമിണ്റ്റെ പ്രവര്‍ത്തനശൈലി.  വലിയ ചെരുപ്പുകൊടുത്താല്‍ അതിനൊത്തവണ്ണം പയ്യന്‍ വളരും എന്നൊരു രീതി.  താരതമ്യേന പ്രവൃത്തിപരിചയം കുറഞ്ഞവരെക്കൂടി വലിയ ചുമതലകള്‍ ഏല്‍പ്പിച്ച്‌ അവരെക്കൊണ്ട്‌ ചുമതലയ്ക്കേറ്റു വളരുവാ ന്‍ നിര്‍ബന്ധിപ്പിക്കുന്ന കൌശലമാണത്‌. സാമാന്യം കഠിനമായ പ്രബന്ധമോ തീസീസോ കയ്യില്‍തന്ന്‌ അതു പഠിച്ച്‌ അപഗ്രഥിച്ച്‌ റിപ്പോര്‍ട്ടെഴുതിക്കൊടുക്കാ ന്‍ ആവശ്യപ്പെടും. എന്തും നമുക്കെഴുതിക്കൊടുക്കാം. അതെല്ലാം ക്ഷണനേരംകൊണ്ട്‌ അവലോകനം ചെയ്ത്‌ തെറ്റുതിരുത്തി ഒന്നാന്തരം റിവ്യൂ ആക്കി മാറ്റാനുള്ള അപാര കഴിവായിരുന്നു അദ്ദേഹത്തിന്‌.  എത്ര മോശം സാധനമായാലും തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതോടൊപ്പം എങ്ങിനെ മെച്ചപ്പെടുത്താം എന്നുകൂടി അദ്ദേഹം കുറിച്ചുവയ്ക്കും.  ഒരിക്കലും ഒരു തീസീസോ ഗവേഷണപ്രബന്ധമോ ഡോ. ഖാസിം ഒറ്റയടിക്കു നിരസിച്ചതായി എനിക്കറിവില്ല.  ഒരിക്കലും പൂര്‍ണമായും നിരസിക്കരുത്‌ എന്നു ഞങ്ങളെ ഉപദേശിച്ചിട്ടുമുണ്ട്‌; കാരണം വര്‍ഷങ്ങ ള്‍ ചെലവഴിച്ചാണ്‌ ഓരോരുത്തരും എന്തെങ്കിലും തട്ടിക്കൂട്ടുന്നത്‌.  എത്ര ആത്മാര്‍ഥമായിച്ചെയ്താലും എന്തെങ്കിലും പിഴ വരുന്നതു സ്വാഭാവികം.  കഴിയുംപോലെ അതങ്ങു തിരുത്തിക്കൊടുക്കുക.  തീര്‍ന്നൂ കാര്യം.  വളരെച്ചുരുക്കംപേരേ നന്നാവാത്ത കൂട്ടത്തിലുള്ളൂ. അവരെ മറന്നേക്കുക.
മിക്കപ്പോഴും യാത്രാവേളകളിലാണ്‌ ഇത്തരം കാര്യങ്ങള്‍ അദ്ദേഹം ചെയ്തു തീര്‍ക്കുക.  ഞാന്‍ ഒരുക്കിയിരുന്ന റിപ്പോര്‍ട്ടുകളും ലേഖനങ്ങളുമെല്ലാം ഗോവയ്ക്കും മുംബൈക്കുമിടയിലുള്ള ഒരു മണിക്കൂറ്‍ യാത്രയ്ക്കിടയില്‍ പരിശോധിച്ചു പതംവരുത്തി, അടുത്ത വിമാനത്തില്‍ തിരിച്ചുവരുന്ന ഏതെങ്കിലും സഹപ്രവര്‍ത്തകണ്റ്റെ കയ്യില്‍ കൊടുത്തയച്ച്‌ എനിക്കെത്തിക്കുന്ന ശീലമായിരുന്നു അദ്ദേഹത്തിന്‌.  പിന്നെപ്പിന്നെ ഞാനെന്തെഴുതിയാലും അതു തിരുത്തേണ്ടെന്ന നിലയിലേക്ക്‌ അദ്ദേഹം എന്നെപ്പിടിച്ചുയര്‍ത്തി. എണ്റ്റെ ആദ്യത്തെ പുസ്തകമായ 'അറബിക്കടല്‍' പ്രസിദ്ധപ്പെടുത്തുവാന്‍ അനുവാദം ചോദിച്ചപ്പോള്‍ (അന്ന്‌ അങ്ങനത്തെ ചിട്ടവട്ടങ്ങളെല്ലാം ഉണ്ടായിരുന്നു സര്‍ക്കാര്‍സര്‍വീസില്‍), ഭാവിയില്‍ എഴുതാന്‍പോകുന്ന പുസ്തകങ്ങളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിണ്റ്റെ അനുവാദം.  എന്നെ പല പ്രധാന ചുമതലകളും പ്രായമോ സ്ഥാനമോ കണക്കിലെടുക്കാതെ ചുമലിലേറ്റിത്തന്നതിന്‌ അദ്ദേഹത്തേക്കാള്‍ കൂടുതല്‍ പഴികേള്‍ക്കേണ്ടിവന്നത്‌ എനിക്കായിരുന്നു എന്നതു വേറെ കാര്യം. 
ഉയര്‍ന്ന ശാസ്ത്രജ്ഞരോടൊപ്പം തൂപ്പുകാരെയും തോട്ടക്കാരെയും ഡ്രൈവര്‍മാരെയും കൂലിവേലക്കാരെയും സ്ഥാനഭേദമില്ലാതെ ഇരുത്തി സ്വീകരിക്കുവാന്‍ അദ്ദേഹം കാണിച്ചിരുന്ന ആര്‍ജവം അന്നെല്ലാം അത്ഭുതമായിരുന്നു പലര്‍ക്കും.  ഞങ്ങളന്നേ സ്വരൂപിച്ചെടുത്ത, മേല്‍കീഴ്‌-വ്യത്യാസമില്ലാത്ത പരന്ന പ്രവര്‍ത്തനസംസ്ക്കാരം മറ്റു ഗവേഷണസ്ഥാപനങ്ങളില്‍ കണ്ടെന്നിരിക്കില്ല ഇന്നും.
ഒന്നിനും ഒറ്റയടിക്ക്‌ എതിരു പറയില്ല. 'നോ പ്രോബ്ളം' - അതായിരുന്നു അദ്ദേഹത്തിണ്റ്റെ സ്ഥിരം മൊഴി.  പ്രോബ്ളം തീര്‍ക്കാനാണ്‌ തണ്റ്റെ ഓഫീസും സഹായികളുമെല്ലാം എന്ന്‌ ഓര്‍മപ്പെടുത്തിക്കൊണ്ടേയിരിക്കും അദ്ദേഹത്തിണ്റ്റെ പ്രവൃത്തികള്‍.  ആറടി ഉയരവും അതിനൊത്ത സ്വരൂപവും എളിയില്‍ പ്രത്യേകമായൊരു കൈകുത്തിനില്‍പ്പും മറുകൈവീശലും വടിവൊത്ത നടപ്പും വാടാത്ത പുഞ്ചിരിയും അദ്ദേഹത്തിന്‌ ഒരു കളിപ്പേരുണ്ടാക്കി: 'സുല്‍ത്താ ന്‍'!   കിസ്സിംഗര്‍, ഭൂട്ടോ, മെക്സിക്കന്‍, കരുണാകര ന്‍, സാമന്ത ഫോക്സ്‌, സ്റ്റെഫി ഗ്രാഫ്‌ എന്നിങ്ങനെ ഞങ്ങളിട്ട വിളിപ്പേരുള്ളവരുടെ കൂട്ടത്തില്‍, 'സുല്‍ത്താ ന്‍' വളരെ മയപ്പെട്ടതാണല്ലോ.
ആദ്യകാലങ്ങളില്‍ ഞങ്ങളുടെ ഗവേഷണക്കപ്പലി ല്‍ വനിതാശാസ്ത്രജ്ഞ ര്‍ പങ്കെടുക്കുമായിരുന്നില്ല.  കടല്‍യാത്രകളിലെ പ്രത്യേക പ്രയാസങ്ങളും പരിമിതികളും കണക്കിലെടുത്താണ്‌ സ്ത്രീക ള്‍ സ്വയം പിന്‍മാറിയിരുന്നത്‌. ആദ്യമായി ഒരു സ്ത്രീശാസ്ത്രജ്ഞ ഗവേഷണയാത്രയ്ക്കു സന്നദ്ധയായപ്പോള്‍ ഒട്ടും മടിക്കാതെ ഒരുകൂട്ടം ശാസ്ത്രജ്ഞകളെക്കൂടെ കൂടെ അയച്ച്‌ ഡോ. ഖാസിം അതിനുവേണ്ട സൌകര്യങ്ങള്‍ ചെയ്തുകൊടുത്തു.  അതിനുശേഷം ഒരിക്കല്‍ ഒരു ശാസ്ത്രജ്ഞക്കു തനിയെ പോകേണ്ടിവന്നപ്പോഴും അതിനുവേണ്ട സൌകര്യങ്ങള്‍ അദ്ദേഹമൊരുക്കി.  പിന്നീടൊരിക്കല്‍ അതിനെപ്പറ്റി അദ്ദേഹം പറഞ്ഞതിങ്ങനെ: "ആദ്യം ഒരുകൂട്ടം വനിതാശാസ്ത്രജ്ഞരെ കപ്പലിലയച്ചു. ഒന്നും സംഭവിച്ചില്ല. നോ പ്രോബ്ളം. പിന്നീട്‌ ഒരു സ്ത്രീയെ ഒറ്റയ്ക്കയക്കേണ്ടിവന്നു.  നോ പ്രോബ്ളം.  ഒരിക്കല്‍ ഞാന്‍തന്നെ നേരിട്ടുപോയി നോക്കി.  നോ പ്രോബ്ളം!"
കച്ഛ്‌ തൊട്ട്‌ കന്യാകുമാരിവരെ തീരക്കടലുകളി ല്‍ ഞാ ന്‍ പര്യവേക്ഷണങ്ങളൊരുക്കുമ്പോ ള്‍ ഒരു തവണയെങ്കിലും കൂടെവന്നു കാര്യമന്വേഷിക്കുവാന്‍ സമയം കണ്ടെത്തുമായിരുന്നു ഡോ. ഖാസിം. തീരക്കടലില്‍, അതും മീന്‍പിടിത്തബോട്ടുകളി ല്‍ ഞങ്ങള്‍ക്കു നേരിടേണ്ടിവന്നിരുന്ന വെല്ലുവിളികളെപ്പറ്റി തികച്ചും ബോധവാനായിരുന്നു അദ്ദേഹം. മറ്റു പല 'ഇറക്കുമതി'ശാസ്ത്രജ്ഞന്‍മാരും എ.സി.-യും പി.സി.-യും ഉള്ള കൂറ്റന്‍ഗവേഷണക്കപ്പലുകളില്‍ സകല സൌകര്യങ്ങളോടുംകൂടെ - ഊണും ഉറക്കവും കുളിയും കളിയുമായി – ദന്തഗോപുരഗവേഷണത്തി ല്‍ വിലസുമ്പോള്‍, കട ല്‍ അമ്മാനമാടുന്ന കുട്ടിബോട്ടില്‍ കാറ്റും വെയിലും കൊണ്ട്‌, ഉണ്ണാനാകാതെ ഉറങ്ങാനാകാതെ, ഒന്നു തൂറാന്‍പോലുമാകാതെ കഷ്ടപ്പെട്ടു പണിയെടുക്കേണ്ടി വന്നിരുന്നു തീരക്കടല്‍ഗവേഷകരായ ഞങ്ങള്‍ക്ക്‌. അത്തരത്തിലൊരു ബോട്ടില്‍ ഡോ. ഖാസിം വന്നപ്പോള്‍ അമരത്ത്‌ ജലനിരപ്പിനൊപ്പിച്ച്‌ ഇരുമ്പുചട്ടവും കാന്‍വാസുംകൊണ്ട്‌ അരയാള്‍പൊക്കത്തി ല്‍ പുതുതായി തട്ടിക്കൂട്ടിയുണ്ടാക്കിയ മേല്‍ക്കൂരയില്ലാത്ത തുറന്ന കക്കൂസുകണ്ട്‌, അതൊന്നുപയോഗിക്കാമെന്നായി. അതില്‍ കയറി ഇരുന്നിട്ടും പകുതിത്തല പുറത്ത്‌.  ഉടന്‍വന്നു ഞങ്ങളെനോക്കിച്ചിരിച്ച്‌ ഒരു കമണ്റ്റ്‌: ', എയര്‍-കണ്ടീഷണ്റ്റ്‌ ആണല്ലേ കക്കൂസ്‌'!'   അപ്പോഴൊരു തിര വന്നടിച്ചു കയറി.  അതിനുമൊരു കമണ്റ്റായി: 'ഓട്ടോമാറ്റിക്‌ ഫ്ളഷ്‌-ഉം ഉണ്ടല്ലേ!'  
ആരോടും നേരിട്ടങ്ങിടപഴകും, എത്ര വലിയവരായാലും ചെറിയവരായാലും.  മന്ത്രിമാരും വിശിഷ്ടവ്യക്തികളും സന്ദര്‍ശനത്തിനായി വരുമ്പോള്‍ അവരുടെ ചോദ്യങ്ങള്‍ക്ക്‌ ഉടനുടന്‍ ഉത്തരം പൊഴിഞ്ഞുവീഴുന്നുണ്ടാകും.  ഇനി അബദ്ധമെന്തെങ്കിലുമാണെങ്കില്‍, 'സം തിംഗ്‌ ലൈക്‌ ദാറ്റ്‌' എന്നൊരു ആനവിഴുങ്ങി ഉത്തരവും കയ്യില്‍ സ്റ്റോക്കുണ്ടാകും.
ഡോ. ഖാസിം ഒരിക്കലും ഇഷ്ടപ്പെടാതിരുന്നത്‌ പരാതികളാണ്‌. ആവശ്യം പറയുക - കഴിവതും ശരിയാക്കിക്കൊടുക്കും. പരാതി പറഞ്ഞു തുടങ്ങിയാല്‍ ഉടന്‍ ശ്രദ്ധ തിരിക്കും, 'ഇതേതു സ്ഥലം, ഭംഗിയായിരിക്കുന്നല്ലോ' എന്നോ 'ഈ വര്‍ഷം മഴ ശക്തമാകുമോ?' എന്നോ 'അന്നുതന്ന റിപ്പോര്‍ട്ട്‌ വായിച്ചു തീര്‍ന്നോ?' എന്നോ പറഞ്ഞ്‌ വക്കു മടക്കിക്കളയും, വാക്കും.
വായന പെരുത്ത ഹരമായിരുന്നു ഡോ. ഖാസിമിന്‌. യാത്രകളില്‍ കയ്യിലൊരു പുസ്തകമില്ലാതെ അദ്ദേഹത്തെ കാണില്ല.  ഓരോ തവണയും എണ്റ്റെ കയ്യിലുള്ള പുതിയപുസ്തകങ്ങളെക്കുറിച്ചു ചോദിക്കും.  എണ്റ്റെ ഭാര്യ വലിയൊരിടത്തെ ലൈബ്രേറിയനായിരുന്നതിനാല്‍ പുസ്തകങ്ങള്‍ക്കു പഞ്ഞമുണ്ടാകാറുമില്ല.  കൊണ്ടുപോകുന്നതെല്ലാം, വിദേശയാത്രയായിരുന്നാലും ഒരെണ്ണംപോലും നഷ്ടപ്പെടുത്താതെ തിരിച്ചുകൊണ്ടുവന്നു തരും - വാരികകള്‍ ഉള്‍പ്പെടെ. പരിസ്ഥിതിബോധവും സൌന്ദര്യബോധവും ഒന്നിച്ചിണങ്ങിയിരുന്നു ആ മനുഷ്യനില്‍.  അദ്ദേഹത്തിണ്റ്റെ കാലത്ത്‌ ഗവേഷണസ്ഥാപനത്തിണ്റ്റെ ചുറ്റുവട്ടം മുഴുവന്‍  മരങ്ങളും പൂച്ചെടികളും നട്ടുപിടിപ്പിച്ചു.  മുറ്റമെല്ലാം പുല്‍ത്തകിടികളാക്കി. പഴവര്‍ഗങ്ങള്‍ ഒന്നുംരണ്ടും എല്ലാവര്‍ക്കും കൊടുത്ത്‌ ബാക്കിവരുന്നത്‌ വില്‍പ്പനയ്ക്കും വയ്ക്കുമായിരുന്നു. ഗവേഷണശാലമുഴുവന്‍ വൃത്തിയാക്കി വയ്ക്കാ ന്‍ ഏറ്റവും മുതിര്‍ന്ന ജീവനക്കാരിയെത്തന്നെ ചുമതലപ്പെടുത്തി.  അവര്‍ - മേരി - ഞങ്ങള്‍ക്കെല്ലാം 'മേരി ആണ്‍ടി' ആയിരുന്നു.  അതിനിടയ്ക്കാണ്‌ സുരക്ഷയെന്ന മറവി ല്‍ ലക്ഷങ്ങള്‍ ചെലവഴിച്ച്‌ ചുറ്റുമതിലിനു പൊക്കംകൂട്ടണമെന്ന നിര്‍ദ്ദേശം വന്നത്‌ മരാമത്തുവിഭാഗത്തില്‍നിന്ന്‌. അദ്ദേഹം അതു തടഞ്ഞു; കാരണം, 'മതിലുകള്‍ മാന്യന്‍മാര്‍ക്കാണ്‌. കള്ളന്‍മാര്‍ മതില്‍ചാടി വരാറില്ല.  അവര്‍ ഗേറ്റു കടന്നങ്ങനെ ചന്തത്തിലേ വരൂ.  അവരെ പിടിക്കാനുമാകില്ല.'  
പണിസ്ഥലം വെറും സര്‍ക്കാരാഫീസാകാതിരിക്കാ ന്‍ ഡോ. ഖാസിം എന്നും ശ്രദ്ധിച്ചിരുന്നു. പണം പാഴാക്കാത്ത എന്തും അദ്ദേഹത്തിനു സ്വീകാര്യമായിരുന്നു. ഞാന്‍ വരച്ച കുറെ ചിത്രങ്ങ ള്‍ കാണാനിടയായപ്പോള്‍ അതില്‍ രണ്ടെണ്ണമെടുത്ത്‌ സ്വന്തം മുറിയില്‍ തൂക്കിയെന്നുമാത്രമല്ല, വരുന്നവര്‍ക്കെല്ലാം അതു കാണിച്ചുകൊടുക്കുമായിരുന്നു.
ദിശാബോധമുള്ള, നാടിനും നാട്ടാര്‍ക്കും ഉപയോഗപ്രദമായ ഗവേഷണപരിപാടികള്‍ രൂപപ്പെടുത്താനും ഗവേഷണത്തില്‍ സ്വന്തംപാത പിന്‍തുടരാനും എല്ലാവര്‍ക്കും സ്വാതന്ത്യ്രം തന്നു.  അണുജീവിതൊട്ട്‌ അണ്റ്റാര്‍ക്ടിക്ക്‌ വരെ പരന്നു അന്നത്തെ ഗവേഷണവിഷയങ്ങള്‍. പ്രസിദ്ധീകരണങ്ങളേക്കാളും അവാര്‍ഡുകളേക്കാളും മറ്റംഗീകാരങ്ങളേക്കാളും, നാടിനുചേര്‍ന്ന സാങ്കേതികവികസനം അദ്ദേഹം സ്വപ്നം കണ്ടു.  ചെയ്യുന്ന ജോലിയില്‍ സന്തോഷം കണ്ടെത്തണം; സന്തോഷം കണ്ടെത്താന്‍ ജോലിചെയ്യണം.  മുറി അടച്ചിട്ടിരുന്ന്‌ രാവും പകലും കൂനിക്കൂടിയിരിക്കുന്നതരം ഗവേഷണമല്ലായിരുന്നു അദ്ദേഹത്തിനു പഥ്യം. ജോലിയോടൊപ്പം ജീവിതവും ആസ്വദിക്കണമെന്ന കൂട്ടത്തിലായിരുന്നു ഡോ. ഖാസിം.  അതിനു ഞങ്ങളെ എപ്പോഴും പ്രേരിപ്പിച്ചുമിരുന്നു.
അദ്ദേഹത്തിണ്റ്റെ സന്‍മനസ്സും സൌമനസ്യവും മുതലെടുത്തവരും ഇല്ലാതില്ല. ശരാശരിക്കാര്‍ എവിടെയും അധികപ്പറ്റായുണ്ടാകുമല്ലോ. കുറച്ചു ചെയ്ത്‌ അധികം കാണിക്കുന്നവരും അവരാകുമല്ലോ.
\കടലില്‍ പണിയെടുക്കുന്ന ശാസ്ത്രഗവേഷകര്‍ക്കും സഹായികള്‍ക്കുംവേണ്ടി, ദില്ലിയില്‍പോയി ശാഠ്യംപിടിച്ചു പിടിച്ചുവാങ്ങിയ അല്ലറചില്ലറ സര്‍ക്കാറാനുകൂല്യങ്ങ ള്‍ താഴേത്തട്ടിലെത്തിക്കാ ന്‍ മറ്റുദ്യോഗസ്ഥപ്രഭുക്കള്‍ വിലങ്ങിതടിയായത്‌ അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു.  അദ്ദേഹം ഏറ്റവും വെറുത്തിരുന്നത്‌ ദില്ലിയിലെ കാലഘട്ടമായിരുന്നുപോല്‍.
രസികത്വമില്ലാതെ ഡോ. ഖാസിം വര്‍ത്തമാനം പറയാറില്ലായിരുന്നു. മാസങ്ങള്‍ നീളുന്ന കപ്പല്‍യാത്രകള്‍ക്കും വിദേശയാത്രകള്‍ക്കുംശേഷം വീട്ടിലെത്തുമ്പോള്‍ ചെറുകുട്ടികള്‍ 'അങ്കിള്‍' എന്നു വിളിക്കാതെ നോക്കണമെന്ന്‌ ഇളംഗവേഷകരെ അദ്ദേഹം കളിയാക്കുമായിരുന്നു. അതിവിജയകരമായ ആദ്യത്തെ അണ്റ്റാര്‍ക്ടിക്‌-യാത്രയ്ക്കുശേഷം നടത്തിയ വിരുന്നില്‍ ദില്ലി-പ്രഭുക്കന്‍മാ ര്‍ ആര്‍ത്തിയോടെ കുടിച്ചുവറ്റിച്ചത്‌ ഫ്ളാസ്ക്കുകളില്‍ നിറച്ചു കൊണ്ടുവന്നിരുന്ന ധ്രുവജലമായിരുന്നത്രേ. കഥയായിരിക്കാം.  ജോലിക്കായി സ്ത്രീകളെ തിരഞ്ഞെടുക്കാനുള്ള വിഷമവും അദ്ദേഹം വിവരിക്കാറുണ്ട്‌.  തിരഞ്ഞെടുത്ത വനിത സുന്ദരിയാണെങ്കില്‍ അതുവച്ചായിരിക്കും പരാതി.  സൌന്ദര്യം കുറഞ്ഞ ആളെ തിരഞ്ഞെടുത്തില്ലെങ്കിലും പരാതി തന്നെ. എങ്കിലോ ആണുങ്ങള്‍ക്കൊപ്പം പെണ്ണുങ്ങളെയും സമുദ്രഗവേഷണരംഗത്തെത്തിച്ചത്‌ ഡോ. ഖാസിമായിരുന്നു.
 മറ്റെന്തൊക്കെയായാലും, അന്താരാഷ്ടനിലവാരത്തിനുള്ള ഇന്ദിരാഗാന്ധിയുടെ ഔത്സുക്യവും ഡോ. ഖാസിമിന്‌ ഇന്ദിരാഗാന്ധിയുമായുണ്ടായിരുന്ന സ്വരൈക്യവും ഇന്ത്യന്‍സമുദ്രഗവേഷണത്തെ അഭൂതപൂര്‍വമായി പുഷ്ടിപ്പെടുത്തി.  ആദ്യത്തെ ഗവേഷണക്കപ്പലായ 'ഗവേഷണി'-ക്കു പകരംവയ്ക്കാന്‍, തണ്റ്റെ പ്രതിച്ഛായ നിലനിര്‍ത്താനാണെങ്കില്‍കൂടി 'സാഗര്‍ കന്യ' എന്നു പേരിട്ട അതിനൂതനഗവേഷണക്കപ്പല്‍ സാധിപ്പിച്ചുതന്നത്‌ ഇന്ദിരാഗാന്ധി ആയിരുന്നു.  സ്വന്തംകാലില്‍ നില്‍ക്കാനും സ്വന്തംതല ഉയര്‍ത്തിപ്പിടിക്കാനും കാണിച്ച അന്നത്തെ ആക്കവും ആര്‍ജവവും ഇന്നുമുണ്ടോ ഇന്ത്യന്‍ സമുദ്രഗവേഷണരംഗത്ത്‌ എന്നുള്ളതും ചിന്താര്‍ഹമാണ്‌.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...