അടുത്തിടെ ഭാര്യയെക്കൂട്ടി ഒരാസ്പത്രിയിലെ അത്യാധുനികമായ ഫിസിയോ-തെറാപ്പി (കായിക ചികിത്സാ) വിഭാഗത്തിലേക്കു പോകാന്‍ ഇടയായി. അവിടെ കണ്ടതോ? അന്പതുവര്ഷം മുന്‍പത്തെ ഗ്രാമക്കാഴ്ചകള്‍. എന്നുവച്ചാല്‍, ഒരാള്‍ ആട്ടുകല്ലില്‍ അരയ്ക്കുന്നു. ഒരാള്‍ അമ്മിക്കല്ലില്‍ ചതയ്ക്കുന്നു. ഒരാള്‍ തിരികല്ലില്‍ പൊടിക്കുന്നു. ഒരാള്‍ ഉരലില്‍ ഉലക്കയിട്ടിടിക്കുന്നു. മറ്റൊരാള്‍ ചക്രം ചവിട്ടുന്നു. ഇനിയുമൊരാള്‍ അഴകെട്ടുന്നു. ഓടുന്നു. ചാടുന്നു. ഊഞ്ഞാലാടുന്നു. തൊണ്ടു തല്ലുന്നു. കയര്‍ പിരിക്കുന്നു. കയര്‍ വലിക്കുന്നു. തറിയില്‍ നെയ്യുന്നു. പശുവിനെ കുറ്റിയില്‍ കെട്ടുന്നു. മണ്ണുവെട്ടുന്നു. കട്ടയുടയ്ക്കുന്നു. കല്ലു പെറുക്കുന്നു. പുല്ലു ചെത്തുന്നു. കള പറിക്കുന്നു. ചാലുകീറുന്നു. കൊയ്യുന്നു. കെട്ടു ചുമക്കുന്നു. കറ്റ മെതിക്കുന്നു. അടപ്പു തുറക്കുന്നു. തിരിച്ചടയ്ക്കുന്നു. കറിയിളക്കുന്നു. പുകയൂതുന്നു. തൈരു കടയുന്നു. കരിക്കു വെട്ടുന്നു. തേങ്ങ പൊതിക്കുന്നു. തേങ്ങ ചിരവുന്നു. കിണറ്റില്‍നിന്ന് കപ്പിയിട്ടു വെള്ളംകോരുന്നു. തുണിയലക്കുന്നു. തുണിപിഴിയുന്നു. തോര്‍ത്തുകൊണ്ടു തലയും പുറവുമെല്ലാം തുടയ്ക്കുന്നു. വണ്ടി വലിക്കുന്നു. ഉരുള്‍ ഉരുട്ടുന്നു. വിറകടുക്കുന്നു. പായ ചുരുട്ടുന്നു. കോണി കേറുന്നു. പന്തുകളിക്കുന്നു. പാത്രം പൊക്കുന്നു. ഉറി താഴ്ത്തുന്നു. ഓല മെടയുന്നു. കിഴങ്ങു വലിച്ചുപൊക്കുന്നു. മുങ്ങിപ്പൊങ്ങുന്നു. ഇല വെട്ടുന്നു. പൂവിറുക്കുന്നു. കൈകൂപ്പിത്തൊഴുന്നു. സാഷ്ടാംഗം നമസ്ക്കരിക്കുന്നു. കസര്‍ത്തെടുക്കുന്നു. മുറ്റം തൂക്കുന്നു. നിലം തുടയ്ക്കുന്നു. ചാണകം മെഴുകുന്നു. തിരി തെരുക്കുന്നു. വിളക്കു കൊളുത്തുന്നു. കാക്കയോട്ടുന്നു. ഈച്ചയാട്ടുന്നു. വിയര്‍ക്കുന്നു. വീശുന്നു..... എന്നെല്ലാമെനിക്കു തോന്നി. ചികിത്സയ്ക്കു വന്നവര്‍ മിക്കവരും പത്തായം പോലെ കുംഭവീര്‍ത്ത ചെറുപ്പക്കാര്‍. പപ്പും പൂടയുമുള്ള അമ്മമാര്‍. 'പത്തായം പെറ്റ് ചക്കി കുത്തി അമ്മവയ്ച്ച് ഞാന്‍ ഉണ്ണു'ന്ന കുട്ടിസ്രാങ്കുകള്‍. 'ഉഡുരാജമുഖീ മൃഗരാജകടീ ഗജരാജവിരാജിത മന്ദഗതി'ക്കാരായ 'ചക്കി'കളെ മാത്രം കണ്ടില്ല. ഉരലും ഉലക്കയുമായി ഉരുവമിളക്കി ഉഴച്ചുണ്ടായ ഉടയാത്ത ഉടലഴകികള്‍ക്ക് 'ഉടലാലയ'ത്തിലെന്തു കാര്യം, അല്ലേ. എന്താണിങ്ങനെ? ഒന്നുരണ്ടു തലമുറയ്ക്കുള്ളില്‍ മനുഷ്യശരീരം ഇത്രകണ്ടു മാറിയോ? അധ്വാനമില്ലാത്ത ആഹാരവും ആഹ്ളാദമില്ലാത്ത ആര്‍ഭാടവും ആശാസ്യമല്ലാത്ത അര്‍മാദവുംകൊണ്ടാകാം പൊണ്ണത്തടിയും പൊള്ളച്ച അസ്ഥിയും പൊട്ടിപ്പോയ കശേരുക്കളും പിന്നിപ്പിരിഞ്ഞ സന്ധികളും. ഇന്നത്തേക്കാള്‍ എത്രയോ കായികാധ്വാനം ചെയ്യേണ്ടിവന്ന പഴയ തലമുറക്കാര്‍ക്ക് കാര്യമായ ശാരീരികവിഷമങ്ങളില്ലല്ലോ. ഫിസിയോ-തെറാപ്പി കേന്ദ്രത്തിലും ജിമ്മിലും ഇന്നുള്ളവര്‍ ചെയ്യുന്ന കാര്യങ്ങള്‍ അന്നവര്‍ പാടത്തും പണിസ്ഥലത്തും വീട്ടിലും അടുക്കളയിലുമെല്ലാമായി ചെയ്തിരുന്നതാകാം കാരണം. കീടനാശിനികളും കൃത്രിമ-ഹോര്‍മോണുകളും ഒന്നിച്ചുചേര്‍ന്നു നാശംവിതച്ച ആഹാരപദാര്‍ഥങ്ങളോ രാസയൌഗികങ്ങള്‍ വിഷംനിറച്ച ആവാസകേന്ദ്രങ്ങളോ അന്നില്ലായിരുന്നല്ലോ. എന്തിനെന്നറിയാത്ത പട്ടിയോട്ടമോ കാമക്രോധങ്ങളുടെ കാളപ്പോരോ മത്സരബുദ്ധിജീവികളുടെ തൊഴുത്തില്‍കുത്തോ പണത്തിനുവേണ്ടിയുള്ള പരുന്തിന്‍പറക്കലോ പ്രായേണ കുറവുമായിരുന്നല്ലോ അന്നെല്ലാം. ഇന്നും പ്രകൃതി കനിഞ്ഞുതരുന്ന വായുവിനും വെള്ളത്തിനും വെയിലിനും കാര്യമായ കുറവൊന്നും വന്നിട്ടില്ല. പ്രഭാതത്തിലെ ശുദ്ധവായു ശ്വസിച്ചുരസിക്കാന്‍ മടികാണിച്ച് പുതച്ചുമൂടിയുറങ്ങുന്നു മിക്കവരും ഇന്ന്. ഒരുമാതിരി എന്തഴുക്കും കഴുകിക്കളയാന്‍ കഴിവുള്ള വെള്ളം അകത്തും പുറത്തുമായി ഉപയോഗിക്കാനും മടി. വിവിധവര്‍ണരാജിയില്‍ വെട്ടിത്തിളങ്ങുന്ന വെയിലിണ്റ്റെ ചൂടും വെളിച്ചവും ഉള്‍ക്കൊണ്ട് ശരീരവും മനസ്സും ഭാസുരമാക്കുവാനും മടി. എന്നിട്ട് ഓക്സിജന്‍-പാര്ളറുകളിലും സ്പാ-സൌനകളിലും ജനലടച്ചിരുട്ടാക്കി ശീതീകരിച്ച മുറികളിലും ആരോഗ്യം തേടുന്നു, ബുദ്ധിയും അറിവും അധികമായ പുതിയ തലമുറയില്‍ പലരും. മടിയന്‍ മലചുമന്നാലും എത്ര ചുമക്കും? പണ്ടൊക്കെ പോഷകാഹാരക്കുറവ് നാട്ടിന്‍പുറങ്ങളിലായിരുന്നു; ഇന്നോ പറപ്പട്ടണങ്ങളില്‍. പട്ടിണിയും പരിവട്ടവുമായിരുന്നിട്ടും പട്ടിക്കാട്ടുകാര്‍ മെയ്യഴകും മനോബലവും കാത്തുസൂക്ഷിച്ചു. പട്ടണവാസികളോ പൊണ്ണത്തടിയും പാറ്റക്കാലും വാലും തലയുമിട്ടാട്ടുന്ന നട്ടെല്ലുമായി നിരങ്ങി നീങ്ങുന്നു. 'തേയ്ക്കാത്ത എണ്ണ ധാര' എന്നു പറയാറുണ്ടല്ലോ. ഇന്നു ചെയ്യാത്തതിനു നാളെ പ്രായശ്ചിത്തം ചെയ്യേണ്ടിവന്നേക്കും. സിനിമയില്‍ പറയുന്ന മാതിരി, 'ഇത്തിരി ദേഹാധ്വാനം, ഇത്തിരി ശ്രദ്ധ, ഇത്തിരി സന്തോഷം' - ഇതെല്ലാം മതി നമ്മുടെ ഇത്തിരിജീവിതം ഇമ്മിണി വലിയതാക്കാന്‍. ഒന്നുരണ്ടു തലമുറയോ തലതെറിച്ചുപോയി. ഇനിയുള്ള ഇളമുറക്കാര്‍ക്കെങ്കിലും ആയുരാരോഗ്യസൌഖ്യം ഉറപ്പാക്കാന്‍ നല്ലൊരു കര്‍മപദ്ധതി ഉരുത്തിരിഞ്ഞേ തീരൂ. കയ്യനക്കി മെയ്യനക്കി മനസ്സനക്കി സ്വന്തം വയറ്റുപിഴപ്പുണ്ടാക്കി സസന്തോഷം അനുഭവിക്കാനും അനുഭവിപ്പിക്കാനും ത്രാണിയുള്ള ചുണക്കുട്ടികളെ വാര്‍ത്തെടുത്തേ തീരൂ - പത്തായം പെറാനും ചക്കികുത്താനും അമ്മവയ്ക്കാനും കാത്തിരിക്കാത്ത ഒരു ഇരുകാല്-തലമുറ. ചിപ്സും കോളയും മരുന്നും മായവും നല്കി മണ്ണും ചാണകവുമല്ലാത്ത ഒരു ജീവിതാഭാസം അവര്‍ക്കു നല്‍കരുത്. ഉണരട്ടെ പുതുജീവന്‍. നീളട്ടെ പുതുനാമ്പുകള്‍. വിരിയട്ടെ പുതുപൂക്കള്‍.
Sunday, 27 September 2015
അതിവേഗം അധോഗതി
വികസനമല്ല പുരോഗതി. ആണെന്നു പറഞ്ഞു നമ്മെ പറ്റിച്ചു മക്കാറാക്കുന്നു ഇക്കണ്ട 'ബഹുമാനപ്പെട്ട' രാഷ്ട്രീയക്കാര്‍. വികസനമൊക്കെയും പുരോഗതി ആവണമെന്നില്ല. പുരോഗതിക്കെതിരെയും വികസനമാകാം. അത് അധോഗതി. ഇന്നു നാട്ടില്‍ കാണുന്നതും അധോഗതി. അതിവേഗപ്പാതകള്‍, ഫ്ളൈ-ഓവറുകള്‍, ടോള്‍-ബൂത്തുകള്‍, വിമാനത്താവളങ്ങള്‍, വൈദ്യുതീനിലയങ്ങള്‍, മാളുകള്‍, ഗോള്‍ഡ്-സൂക്കുകള്‍, ഗോള്‍ഫ്-കോഴ്സുകള്‍, കാസിനോകള്‍, സ്റ്റേഡിയങ്ങള്‍, മള്‍ട്ടി-സ്പെഷാലിറ്റി ആസ്പത്രികള്‍, തീം-പാറ്ക്കുകള്, ..... രാഷ്ട്രീയക്കാരുടെ വികസനപ്പട്ടിക നെടുനീണ്ടതാണ്. നാട്ടുകാരുടെ പണംകൊണ്ട് ഇവയെല്ലാം പണിയുന്നു. ചക്കരക്കുടത്തില്‍ കയ്യിട്ടുവാരുന്നു. എന്നിട്ടോ തണ്റ്റെയോ തണ്റ്റെ പാര്‍ട്ടിക്കാരുടെയോ പേരിട്ടു സ്വയം രസിക്കുന്നു. പിന്നെയും കയ്യിട്ടു വാരുന്നു പണം, പണം. അതിവേഗപ്പാതകളുണ്ടാക്കി സ്പീഡു കുറയ്ക്കാന്‍ ഗതിരോധകങ്ങള്‍ (സ്പീഡ്-ബ്റേക്കറുകള്‍) നിര്‍മിക്കുന്നതു പുരോഗതിയല്ല. വൈദ്യുതനിലയങ്ങള്‍ സ്ഥാപിച്ചിട്ടും പവര്‍കട്ടും കുറഞ്ഞ വോള്‍ട്ടേജും ഉണ്ടാകുന്നത് പുരോഗതിയല്ല. പഞ്ചായത്തുതോറും വിമാനത്താവളം പുരോഗതിക്കല്ല. കച്ചവടസ്ഥാനങ്ങളുണ്ടാക്കി അവിടെ അടുക്കാന്‍ വയ്യാത്തത്ര തിക്കും തിരക്കുമുണ്ടാക്കുന്നതും പുരോഗതിയല്ല. കുടിവെള്ളത്തിനു കുപ്പിവെള്ളം വേണ്ടിവരുന്നതു പുരോഗതിയല്ല. രോഗപ്രതിരോധനത്തിനുപകരം മുക്കിനുമുക്കിന് ആസ്പത്രികള്‍ പണിതുകൂട്ടുന്നതു പുരോഗതിയല്ല. സ്കൂളുകളും കോളേജുകളും വേണ്ടവിധം നടത്താതെ റ്റ്യൂഷന്-കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടിവരുന്നതു പുരോഗതിയല്ല. പാഠപുസ്തകങ്ങള്‍ ലഭിക്കാത്ത ഗ്രന്ഥശാലകള്‍ പുരോഗതിയല്ല. കുറച്ചു പൊങ്ങച്ചപ്പണക്കാരുടെ മാനസോല്ലാസത്തിനുവേണ്ടി നേരമ്പോക്കുദ്യാനങ്ങളൊരുക്കുന്നത് പുരോഗതിയല്ല. പുത്തന്‍കെട്ടിടം പണിതിട്ട് എയര്‍-കണ്ടീഷണറ്‍ ഇല്ലാതെ അതില്‍ പെരുമാറാന്‍ പറ്റില്ലെന്നു വരുന്നതു പുരോഗതിയല്ല. റോഡു നന്നാക്കാതെ ഹെല്‍മെറ്റ് ധരിപ്പിക്കുന്നതും സീറ്റ്-ബെല്‍റ്റ് പിടിപ്പിക്കുന്നതും സി.സി. ടീവി-യില്‍ കുറ്റമെണ്ണുന്നതും പുരോഗതിയല്ല. വണ്ടിയിടാന്‍ സ്ഥലമുണ്ടാക്കാതെ പാറ്‍ക്കിങ്ങ്-ഫീസ് ഈടാക്കുന്നത് പുരോഗതിയേയല്ല. വായുവിനും വെള്ളത്തിനും വില കൊടുക്കേണ്ടിവരുന്നതു വികസനമല്ല. മരുന്നുകമ്പനികള്‍ക്ക് കച്ചവടമുണ്ടാക്കിക്കൊടുക്കുന്നതു വികസനമല്ല. ദാരിദ്ര്യകാരണങ്ങള്‍ തുടച്ചുനീക്കാതെ കുറെ റേഷനരികൊടുക്കുന്നത് വികസനമല്ല. മാലിന്യം കുറയ്ക്കാതെ മാലിന്യം അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുന്നതു വികസനമല്ല. വൃത്തിയാക്കാത്തിടത്ത് അത്തര്‍ തളിക്കുന്നത് വികസനമല്ല. യു.പി.എസ്.-ഉം പവര്‍-സ്റ്റെബിലൈസറും ഉപയോഗിക്കേണ്ടിവരുന്നതു വികസനമല്ല. മദ്യം നിരോധിച്ചെന്നപേരില്‍ വിവേകംകെട്ടവനെ വിഷംകുടിപ്പിക്കുന്നതും വികസനമല്ല. പച്ചക്കറികളിലെ വിഷാംശം കഴുകിക്കളയാനുള്ള മരുന്നുണ്ടാക്കി വില്ക്കുന്നതു വികസനമേയല്ല. എല്ലാത്തിനും ഒരു പരിഹാരമാര്‍ഗം ഇന്നിപ്പോള്‍ എല്ലാവര്ക്കും കമ്പ്യൂട്ടറാണ്. എല്ലാം കമ്പ്യൂട്ടറിലാക്കിയതുകൊണ്ടുമാത്രം ഒരു കാര്യവുമില്ല. അതിവിവരം ആര്‍ക്കും പ്രയോജനപ്പെടില്ല. ശരിയായ വിവരം ശരിയായ സമയത്ത് ശരിയായ രീതിയില്‍ ലഭ്യമായാലേ കമ്പ്യൂട്ടര്‍വല്‍ക്കരണംകൊണ്ടു പ്രയോജനമുള്ളൂ. ഒന്നു ചോദിച്ചാല്‍ പത്തു തരുന്ന ഒരു സഹപ്രവര്ത്തകന് എനിക്കുണ്ടായിരുന്നു, നെല്ലും പതിരും മാറ്റി ഞാന്‍ കുഴഞ്ഞു. എല്ലാ തെറ്റുകളും തിരുത്തി കമ്പ്യൂട്ടറില്‍ തയ്യാറാക്കിയ ഒരു രേഖ, സര്‍ക്കാരില്‍ കൊടുക്കുന്നതിനുമുന്‍പ് തണ്റ്റെ ഗുമസ്തന് അതു പുതുതായി വീണ്ടും ഒരിക്കല്‍കൂടി ടൈപ്പു ചെയ്യണമെന്നു ശഠിച്ച ഒരു വക്കീലിനെയും എനിക്കറിയാം. ഫീസും പിഴയും മറ്റും ഒന്നിനും ഒരു പരിഹാരമല്ല. അവ വെറും നോക്കുകൂലി, സര്‍ക്കാരിണ്റ്റേതെന്ന വ്യത്യാസം മാത്രം. പണ്ട് ഉന്തുവണ്ടികള്‍ക്കും സൈക്കിളുകള്‍ക്കും റിക്ഷകള്‍ക്കുമൊക്കെ ലൈസെന്‍സ്-എടുക്കണമായിരുന്നു, പഞ്ചായത്തില്‍നിന്നും മുനിസിപ്പാലിറ്റിയില്‍നിന്നുമെല്ലാം. അതിനൊരു നിശ്ചിതസംഖ്യ ഒടുക്കണം ഉടമസ്ഥര്‍. ബ്റിട്ടീഷ്-സന്തതിയാണു സംഗതി. തദ്ദേശസ്വയംഭരണം പഠിച്ച എണ്റ്റെ ഒരു സ്നേഹിതനോട് ഇതിണ്റ്റെ സാംഗത്യത്തെപ്പറ്റി ഒരിക്കല്‍ ഞാന്‍ ചോദിച്ചിരുന്നു. ഒരു പ്രദേശത്തെ നിരത്തുകള്‍ തിക്കിത്തിരങ്ങാതിരിക്കാന്‍ ഒരു പരിധി എണ്ണംവരെയേ വാഹനങ്ങളോടാവൂ. അതിനുള്ള നിയന്ത്രണമാണ് ലൈസെന്‍സ് കൊണ്ടുദ്ദേശിക്കുന്നത്. നിശ്ചിത എണ്ണമടുത്താല്‍ പിന്നെ ലൈസെന്‍സ് കൊടുക്കരുതെന്നാണു പ്രമാണം. കുഗ്രാമങ്ങളില്‍ എന്തു തിരക്ക്? എന്തു പരിധി? എന്നാലും എവിടെയോ ഒരു യുക്തി ഉണ്ടായിരുന്നെന്നു കരുതാം. ഇന്നോ? തിരക്കെത്രയായാലും ഏതെങ്കിലും നഗരത്തില്‍ എന്തെങ്കിലും വാഹനത്തിനു ലൈസെന്‍സ് തരാതിരിക്കുന്നുണ്ടോ സര്‍ക്കാര്‍? വണ്ടിത്തിരക്കു കുറയുന്നോ? പാര്‍ക്കിങ്ങ്-ഫീ കൂട്ടിയതുകൊണ്ട് പാര്‍ക്കിങ്ങ്-സ്ഥലം കൂടുന്നോ? പരിസരദൂഷണത്തിനു പരിധി ഉണ്ടായിട്ടുണ്ടോ? വികസനമെന്നാല്‍ അതിനൊരു വ്യക്തമായ രൂപരേഖ വേണം. അത് സാമാന്യമനുഷ്യണ്റ്റെ പുരോഗതിക്കുള്ളതാവണം. സര്‍ക്കാരിനു മുതല്‍ക്കൂട്ടാനോ കരാറുകാരുടെ കീശവീര്‍പ്പിക്കാനോ ഉള്ളതല്ല വികസനപ്രവര്‍ത്തനങ്ങള്‍. ഒരു കുഴി കുത്തുന്നതുപോലും എന്തിനെന്നും ആര്‍ക്കാണ് അതിണ്റ്റെ പ്രയോജനമെന്നും ഭാവിയില്‍ അതിണ്റ്റെ ഗുണദോഷങ്ങള്‍ എന്തെന്നും, കുഴി കുത്തുന്നവര്‍മാത്രമല്ല കുഴിക്കു ചുറ്റുമുള്ളവരെല്ലാം അറിഞ്ഞിരിക്കണം. ഇന്നു കുത്തിയ കുഴി നാളെ മൂടാനുള്ളതല്ല, കരാറുകാര്‍ക്കും ജനപ്രതിനിധികള്‍ക്കും അതു സ്വര്‍ണഖനിയാണെന്നിരിക്കിലും. ജീവിതനിലവാരവും (സ്റ്റാണ്റ്റേര്‍ഡ് ഓഫ് ലിവിംഗ്) ജീവിതമേന്‍മയൂം (ക്വാളിറ്റി ഓഫ് ലൈഫ്) തമ്മില്‍ വലിയ ബാന്ധവമൊന്നുമില്ല. ചിലര്‍ അവ ഒന്നാണെന്നു വിശ്വസിക്കുന്നു, ചിലര്‍ അവ ഒന്നാണെന്നു വിശ്വസിപ്പിക്കുന്നു. നഗരത്തിലേ ആര്‍ഭാടമായൊരു കെട്ടിടത്തിലാവാം താമസം, പക്ഷെ കൊതുകടി ഉറക്കംകെടുത്തുമെങ്കില്‍ ജീവിതമേന്‍മയില്ല. മറിച്ച് വലിയ നിലവാരമൊന്നുമില്ലാത്ത ഒരു ഗ്രാമത്തിലെ കൊച്ചുവീട്ടില്‍ കൊതുകടിയില്ലാതെ ഉറങ്ങാമെങ്കില്‍, അവിടത്തെ ജീവിതമേന്മ നഗരത്തിലേതിനേക്കാള്‍ മെച്ചപ്പെട്ടതാണ്. ഫ്രിജ്ജിലെ പഴകിയ സാധനങ്ങള്‍ തിന്നുന്നവരേക്കാള്‍ ജീവിതമേന്മ അന്നന്നത്തെ ആഹാരം അധ്വാനിച്ചുണ്ടാക്കി തിന്നുന്നവര്‍ക്കാണ്. ആധുനികസൌകര്യങ്ങള് അനാവശ്യമാണെന്നല്ല ഇപ്പറഞ്ഞതിനര്‍ഥം. ഒന്നു മറ്റൊന്നാണെന്നു വിശ്വസിപ്പിക്കുന്ന കള്ളനേതാക്കളെയാണ് നമ്മള് കരുതിയിരിക്കേണ്ടത്. ഉദാഹരണത്തിന്, ആരാണ്റ്റെ ചെലവില്‍ ഒരു കളിസ്ഥലമുണ്ടാക്കി ആ പ്രദേശത്തെ കുരുന്നുകളെയും യുവാക്കളെയുമെല്ലാം ശ്രദ്ധതിരിച്ചുവിട്ട് മടിയന്മാരും മഠയന്‍മാരുമാക്കുന്നതരം പ്രവൃത്തികള്‍ക്കെതിരെ നാം പൊരുതേണ്ടതുണ്ട്. ഒരുപിടി സുഖിയന്മാര്ക്ക് അതിവേഗം ബഹുദൂരം ഓടിത്തിമിര്‍ക്കാന്‍മാത്രമൊരുക്കുന്ന സുഖസൌകര്യങ്ങളെ ഒന്നിച്ചെതിര്‍ക്കേണ്ടതുണ്ട്. കോണ്ട്രാക്റ്റര്മാര്ക്കും രാഷ്ട്രീയക്കാര്‍ക്കുംമാത്രം പ്രയോജനപ്പെടുന്ന ഭീമന്‍പദ്ധതികള്‍ക്കെതിരെ നാം പ്രതികരിക്കേണ്ടതുണ്ട്. ഒരു നാടിനെ വെട്ടിമുറിച്ചു തിന്നാന്‍ എന്തെളുപ്പം. പക്ഷെ കൈവിട്ടുപോയ ജീവിതത്തെ വീണ്ടെടുക്കാന്‍ പരമപ്രയാസം.
അന്നം അമൃതം
'ആദ്യം അന്നം, പിന്നെ ദൈവം' എന്നു വിവേകാനന്ദന്. 'പൊയ്ലേ പോട്ടോബാ, മാഗിര്‍ വിഠോബാ' എന്നു കൊങ്കണിയില്‍ ('ആദ്യം വയറ്, പിന്നെ പ്രെയറ്' എന്നാക്കാം 'വി.കെ.എന്‍.'-സ്റ്റൈലില്‍). ജീവികള്‍ക്ക് ആഹാരം കഴിഞ്ഞേ മറ്റെന്തുമുള്ളൂ. 'വായുണ്ടെങ്കില്‍ ഇരയുണ്ട്' എന്നതു വരരുചിക്കു യുക്തി. നമ്മുടെ ജീവിതസങ്കല്പത്തില് ഒരു അന്നപൂര്‍ണേശ്വരി എന്നുമുണ്ട്. വയറെരിഞ്ഞാലും വയര്‍ നിറഞ്ഞാലും 'വൈക്കത്തപ്പാ അന്നദാനപ്രഭോ' എന്നു തദ്ദേശവാസികള്‍. വൈക്കത്തപ്പന് ശിവനാണ് - വിഷം തിന്നവനാണ്. അമൃതമാകുന്നതും, അധികമായാല്‍ വിഷമാകുന്നതും അന്നം. ഒന്നിണ്റ്റെ ആഹാരം മറ്റൊന്നിണ്റ്റെ വിഷം; മറിച്ചും. ഭൂമിയിലെ ആഹാരശൃംഖല അതിവിപുലവും അതിസൂക്ഷ്മവും അത്യത്ഭുതകരവുമാണ്. തികച്ചും വൈവിധ്യമാര്‍ന്നതാണ് തീറ്റിയും തീറ്റയും ലോകമെമ്പാടും. പുല്ലുതൊട്ടു പൂപ്പല്‍വരെ, പാലുതൊട്ടു പന്നിവരെ, കച്ചിതൊട്ടു പൂച്ചി വരെ, കല്ലുതൊട്ടു കല്‍ക്കണ്ടം വരെ, കിഴങ്ങുതൊട്ടു കോഴിവരെ, ആമതൊട്ട് ആടുവരെ, കാളതൊട്ടു കാളന്‍വരെ, മീന്‍തൊട്ടു മനുഷ്യന്‍വരെ ആഹാരമായിട്ടുണ്ട് ജീവിവര്‍ഗത്തിന്. കൈകൊണ്ടും കരണ്ടികൊണ്ടും കോലുകൊണ്ടും കത്തികൊണ്ടും മുള്ളുകൊണ്ടുമെല്ലാം മനുഷ്യന് തിന്നു. കാലാനുസരണം, ദേശാനുസരണം, കാര്യാനുസരണം, 'കാശാ'നുസരണം ആഹാരരീതികള്‍ മാറിമാറിവന്നു. പലപല ചിട്ടകളും വട്ടങ്ങളും വിദ്യകളും വിവേചനങ്ങളും തീറ്റയുമായി ബന്ധപ്പെട്ടിരിക്കുന്നു. 'ഉദരനിമിത്തം ബഹുകൃതവേഷം' എന്നു ഭജഗോവിന്ദം. 'ഗതികെട്ടാല്‍ പുലി പുല്ലും തിന്നും'. വിശപ്പില്ലെങ്കില്‍ ഒന്നും തിന്നുകയുമില്ല. ജീവന് നിലനിര്‍ത്താന്‍, അതിനു മാത്രം, ജന്തുക്കള്‍ ഭക്ഷിക്കുന്നു. ആഹാരം ആവശ്യത്തിനുമീതെ ആസ്വദിച്ചു കഴിക്കുന്നതു മനുഷ്യന്‍മാത്രം. ആവശ്യത്തിനല്ലാതെ, ആഹാരത്തിനല്ലാതെ ആസ്വദിക്കാന്‍ കൊല്ലുന്നതും മനുഷ്യന്‍മാത്രം. ആഹാരം പാചകംചെയ്തു കഴിക്കുന്നതും മനുഷ്യന്‍മാത്രം. ഒന്നാം-ക്ളാസ്സില്‍ പഠിപ്പിച്ചതാണ്, ഭക്ഷണം പാചകം ചെയ്യുന്നതെന്തിനെന്ന്: സ്വാദുകൂട്ടാന്‍, ദഹനം എളുപ്പമാക്കാന്‍, രോഗാണുക്കളെ നശിപ്പിക്കാന്‍, കേടുകൂടാതിരിക്കാന്‍. ഇന്നോ, ഭക്ഷണം ആകര്‍ഷകമാക്കാന്‍! ഒരു രാജാവിണ്റ്റെ കഥയുണ്ട്: യുദ്ധത്തില്‍ തോറ്റ് വേഷംമാറി അലഞ്ഞുതിരിഞ്ഞ് അവശനായി ഒരുവീട്ടില്‍ കയറിച്ചെല്ലുന്നു. വീട്ടുകാര്‍ ഭക്ഷണം വിളമ്പിയപ്പോള്‍ ഒട്ടും ആര്ത്തിയില്ലാതെ സാവധാനം ഊണുകഴിക്കുന്നു. അതില്‍നിന്നു മനസ്സിലായത്രേ അതൊരു സാധാരണക്കാരനല്ല എന്ന്. 'എരന്നുണ്ടാലും ഇരുന്നുണ്ണണം' എന്നു പറയും. 'ഭീക്ണെ ബസൂന്‍ ഖാ' എന്നു കൊങ്കണിയില്‍. നെപ്പോളിയനാണത്രെ, ചായകുടിക്കുമ്പോള്‍ പിന്നില്‍ പീരങ്കിപൊട്ടിച്ചാലും മുഴുവന്‍ കുടിച്ചുതീര്‍ത്തിട്ടേ തിരിഞ്ഞ് എന്തെന്നു നോക്കുകയുള്ളൂ. ലോകം മറിഞ്ഞാലും അതറിയാത്ത ഉണ്ണാമന്മാര് നമുക്കുമുണ്ട്! ആഹാരം പുരുഷാര്‍ഥങ്ങളിലൊന്നെന്നു ചാക്യാര്‍കൂത്തില്‍. എങ്കിലോ പണ്ട്, പാല്‍പ്പായസം കോളാമ്പിയില്‍ വിളമ്പി പണിപറ്റിച്ചിട്ടുണ്ട്, കുഞ്ചന്‍. ആഹാരവും വിഹാരവും പരസ്പരപൂരകമെന്ന് വി.കെ.എന്‍. രതിക്കു തിരി അരി. അരി ശത്രുവെന്ന് ഒരു നാട്ടുവൈദ്യന്. മിത്രമെന്തെന്നു പറഞ്ഞില്ല. ഭക്ഷണത്തിണ്റ്റെ നിറംനോക്കി ഗുണംചൊല്ലുന്നു ചൈനക്കാര്‍: പച്ച നല്ലത്; ചെമപ്പു ചീത്ത; മഞ്ഞ കൊള്ളാം; വെള്ള പോര. ഊട്ടില്ലാത്ത ഉപചാരമില്ല; ആഘോഷമില്ല. 'പച്ചവെള്ളംകൂടി കൊടുക്കാത്തവന്' എന്നത് ഏറ്റവും വലിയ ദുഷ്പേര്. 'പാലുകൊടുത്ത കയ്യിലേ പാമ്പു കൊത്തൂ' എന്നൊരു മറുപറച്ചിലുമുണ്ട്. വീട്ടിലാരുവന്നാലും ആദ്യം ജഠരാഗ്നി ശമിപ്പിക്കണം എന്നത് ഭാരതീയസംസ്ക്കാരം. വിളമ്പിയതു മുഴുവന്‍ തിന്നുന്നതു മര്യാദ. പാഴാക്കിക്കളയുന്നത് ആര്‍ഭാടം. അല്പം ബാക്കിവയ്ക്കുന്നത് അഭിമാനം. നക്കിത്തുടയ്ക്കുന്നത് അപമാനം. ചോദിച്ചുവാങ്ങുന്നത് ബഹുമാനം. പിടിച്ചുവാങ്ങുന്നത് അപരാധം. ഒന്നുണ്ണാന്‍ എന്തെല്ലാം നോക്കണം! ബാക്കിവരുന്ന ഭക്ഷണം അതിഥികള്‍ പൊതിഞ്ഞു വീട്ടില്‍കൊണ്ടുപോകുന്നത് സ്കാണ്റ്റിനേവിയന്‍-സംസ്കാരം. അപ്പോള്‍ ആതിഥേയന് ആദരിക്കപ്പെടുന്നു. നമ്മുടെ നാട്ടിലോ? പൊതിഞ്ഞുകെട്ടിയവന്‍ അല്പനായി, അശുവായി. എത്രയും പാഴാക്കുന്നോ അത്രയും പെരുമ! ബഹുമാനിക്കുമ്പോള്‍ ആദ്യം മുതിര്‍ന്നവരെ; ആഹാരം കൊടുക്കുമ്പോള്‍ ആദ്യം കുട്ടികള്‍ക്ക്. ഇത് നാട്ടുനടപ്പ്. കുട്ടികള്‍ പരതുന്ന പാത്രങ്ങളിലെ സാധനങ്ങള്‍ ഒരിക്കലും അടിവടിച്ചെടുക്കരുതെന്നു മുതിര്‍ന്നവര്‍ നിഷ്ക്കര്‍ഷിക്കും. ഒഴിഞ്ഞപാത്രം ആശയോടെ വരുന്ന കുഞ്ഞുങ്ങളെ വല്ലാതെ വേദനിപ്പിക്കുമത്രെ. ഓരോ വീട്ടിലുമുണ്ടാകും ഒരു പാഞ്ചാലി. ആഹാരങ്ങള്‍ പലതരത്തിലാണല്ലോ: കടിക്കേണ്ടവ, ചവയ്ക്കേണ്ടവ, കുടിക്കേണ്ടവ, ചപ്പേണ്ടവ, വിഴുങ്ങേണ്ടവ എന്നിങ്ങനെ. ആവശ്യത്തില്‍ അല്പം കുറവു ഭക്ഷിക്കുന്നതത്രെ നല്ലത്. അപ്പോഴേ അടുത്ത തവണയും സ്വാദറിയൂ. ഇനി ഒരു വിഭവവും ഇഷ്ടപ്പെട്ടില്ലെങ്കില്‍ എല്ലാംകൂടി ചേര്‍ത്തു കഴിക്കുക; ഒരുപക്ഷെ സ്വാദുണ്ടായേക്കും എന്നു പരിചയമുള്ളവരുടെ അനുഭവം. അതുകൊണ്ടൊക്കെയാണ് ഹിന്ദിക്കാര് പറയുന്നത്, 'ധാന് ധാന് മേ ലിഖാ ഹെ, ഖാനേവാലേ കാ നാം', എന്ന്. ഓരോ അരിമണിയിലും എഴുതി വച്ചിരിക്കുന്നു, അതാര്‍ക്കുള്ളതാണെന്ന്.
സ്വയംപാകം
"ആഹരതേ ഇതി ആഹാര:" എന്നു സംസ്കൃതത്തില്‍ (ശരീരം സ്വീകരിക്കുന്നതെല്ലാം ആഹാരം). "ആഹാരശുദ്ധൌ ചിത്തശുദ്ധി:" എന്ന് ആയുര്വേദക്കാര് (ആഹാരശുദ്ധിയിലാണ് ചിത്തശുദ്ധി). 'അന്നം അമൃതം' എന്നു വേദാന്തികള്‍. കാലാകാലങ്ങളില്‍ മാനവസംസ്കൃതിയുടെ ഒരു ഭാഗമായിട്ടുണ്ട് ആഹാരം. ഇന്ന് ലോകത്തിലെ മികച്ച വ്യവസായങ്ങളിലൊന്ന് ആഹാരമുണ്ടാക്കലും വിളമ്പലും വില്പനയുമാണ്. വീടുതൊട്ട് വെളിമ്പറമ്പുവരെ പാചകത്തിണ്റ്റെ പരഭാഗമായുണ്ട്. നിമിഷങ്ങളില്‍ തീരുന്ന പാചകം മുതല്‍ വര്‍ഷങ്ങള്‍നീളുന്ന പാചകം വരെ മനുഷ്യന് സ്വായത്തമാക്കിയിട്ടുണ്ട്. എങ്കിലും ഊണുവയ്ക്കലും വിളമ്പലും എന്തുകൊണ്ടോ സ്ത്രീവിഷയമായാണ് ഒട്ടുമിക്കവരും കാണുന്നത്. കുറച്ചുകാലംമുന്പ് പാചകവാതകക്കുറ്റിയുടെ പ്രതിവര്‍ഷ-ക്വോട്ട കുറച്ചപ്പോള്‍ ഒരിക്കല്‍പോലും ജോലിചെയ്ത് സ്വയം ആഹാരം സമ്പാദിക്കേണ്ടിവരാത്ത, ഒരിക്കല്‍പോലും കൈനനച്ച് സ്വയം ചോറുവയ്ക്കേണ്ടിവരാത്ത ദില്ലിയിലെ നമ്മുടെ വി.ഐ.പി. ചെക്കന് വീട്ടമ്മമാരുടെ കണ്ണീരൊപ്പാന്‍ ഇറങ്ങിപ്പുറപ്പെട്ടിരുന്നു. എന്താ, പാചകം സ്ത്രീകളുടെമാത്രം ചുമതലയോ? കണ്ടിട്ടില്ലേ പലപല സംഘടനകള്‍ സ്ത്രീ-മെംബര്‍മാര്‍ക്കുവേണ്ടി പാചകമത്സരങ്ങള്‍ നടത്തുന്നത്? വിമന്‍സ്-ക്ളബ്ബുകള്‍ പാചകക്ളാസ്സുകള്‍ നടത്തുന്നത്? തനിക്ക് ഒരു ഗ്ളാസ്സ് ചായപോലും ഉണ്ടാക്കാനറിയില്ലെന്ന് പൊടിപ്പയ്യന്‍മാര്‍ വീമ്പിളക്കുന്നത്? പെണ്ണുങ്ങള് വെച്ചുവിളമ്പി ആണുങ്ങള് മൂക്കുമുട്ടെ തിന്നുന്നത്? ആണായാലും പെണ്ണായാലും തനിക്കുവേണ്ട ആഹാരമുണ്ടാക്കുന്നതു പെരുംപാപമൊന്നുമല്ല. ചില ആരാധനാവിധികളില്‍ ആരാധകര്‍ സ്വയം ആഹാരം പാചകംചെയ്യാറുണ്ട്. 'സ്വയംപാകം' എന്നാണതിനു പേര്. മറാഠിയില്‍ പാചകത്തിനു 'സ്വയ്-പാക്' എന്നാണു വാക്കുതന്നെ. നിവൃത്തിയില്ലാതെ വന്നാല്‍ ഏതൊരാളും, ഏതൊരാണും, എത്ര വന്‍പുലി ശിങ്കമായാലും, സ്വന്തമായി ചോറുവച്ചുണ്ണും. പലേ സംസ്കൃതികളിലും ആണും പെണ്ണും ഒപ്പത്തിനൊപ്പം ആഹാരമുണ്ടാക്കുന്നു. നാട്ടിലെ വന്‍സദ്യക്കാരും ലോകത്തിലെ വന്‍പാചകക്കാരും ആണുങ്ങളാണ്. വെറുതെയാണ് 'വീട്ടമ്മ'യെന്നൊരു കിരീടമുണ്ടാക്കി പാചകം മുഴുവന്‍ സ്ത്രീയുടെ തലയില്‍ കെട്ടിവച്ചിരിക്കുന്നത്. ഇലയ്ക്കു പിന്നിലിരുന്ന് മങ്കയുടെ കയ്യില്‍നിന്ന് മന്ന വീഴാന്‍ കാത്തിരിക്കുന്ന മണക്കൂസുകള്‍ക്ക് ഇതു മനസ്സിലാകില്ല. നല്ല ആഹാരം, ആണിണ്റ്റെ മനസ്സിലേക്കുള്ള പെണ്ണിണ്റ്റെ വഴിയാണെന്നൊക്കെ അതിനെ ഉദാത്തവല്ക്കരിക്കുകയും സാധൂകരിക്കയുമൊക്കെ ചെയ്യുന്നുണ്ട് ഈ അഴകൊഴമ്പന്മാര്. പാചകം ഒരു ആവശ്യമെന്നതുപോലെ ഒരു കല കൂടിയാണ്. അവിവാഹിതരും ഒറ്റയ്ക്കുതാമസിക്കുന്നവരും മാത്രമല്ല, ഒരു കുടുംബത്തില്‍കൂടി പ്രാവര്‍ത്തികമാക്കേണ്ടതാണു സ്വയംപാകം. ആണും പെണ്ണും ജോലിക്കുപോകുമ്പോഴും കുട്ടികള്‍ വലുതാകുമ്പോഴും അത് അത്യാവശ്യംകൂടിയാണ്. അടുക്കളയില്‍ തോളോടുതോള്‍ പണിയെടുക്കുന്ന അച്ഛനമ്മമാരെ കണ്ടു വളരട്ടെ കുട്ടികള്‍. അടുത്ത തലമുറയെങ്കിലും ഉള്ളിവിലകൂടിയാലും ഗാസ്-കുറ്റിക്കു നിയന്ത്രണം വന്നാലും 'വീട്ടമ്മ'മാരുടെ കണ്ണീരൊപ്പാന്‍ ചാടിപ്പുറപ്പെടില്ല പിന്നെ. എഴുപതുകളില്‍ ഗോവയില്‍ വന്നിറങ്ങുമ്പോള്‍ ആഹാരം ഒരു വന്‍പ്രശ്നമായിരുന്നു പരക്കെ. സാധനങ്ങളോ കുറവ്. ഉള്ളതെല്ലാം താണതരം. എണ്ണവും വണ്ണവുമൊക്കാത്ത കമ്പോളച്ചരക്കുകള്‍. വിലയോ പഞ്ചനക്ഷത്രനിരക്കില്‍. സസ്യാഹാരത്തിലും മീനില്ലാതില്ല. സസ്യാഹാരം ചോദിച്ചാല്‍ താലത്തില്‍നിന്ന് വിളമ്പിയ മീനെടുത്തുമാറ്റും; അത്ര തന്നെ. ഒരു 'പച്ച'-പച്ചക്കറിക്കാരനായിരുന്ന ഞാന്‍ ശരീരത്തിനും മനസ്സിനുമൊത്ത ആഹാരമില്ലാതെ വലഞ്ഞു. ജോലിയുടെ ഭാഗമായി ഒരുപാടു കടല്‍യാത്രകള്‍ നടത്തേണ്ട കാലമായിരുന്നു അത്. മീന്‍പിടിത്ത ബോട്ടുകളില്‍ പോകുമ്പോള്‍ പണിക്കാര് ഉച്ചയ്ക്കു ചൂണ്ടലിട്ടു മീന്‍പിടിക്കും. തലയും വാലും വെട്ടാതെതന്നെ അല്പം മഞ്ഞള്‍പൊടി മാത്രം ചേര്‍ത്ത് കടല്‍വെള്ളത്തില്‍തന്നെ ഒന്നു വേവിച്ചെടുക്കും. അല്പം ചോറും പുഴുങ്ങിയെടുക്കും. അതുതന്നെ ആഹാരം. പിഞ്ഞാണത്തില്‍ മീന്‍ കണ്ണുമിഴിച്ചിരിക്കും; കടല്കാറ്റില് വാലാട്ടും. കടല്‍ചൊരുക്കെന്ന വ്യാജേന ഞാന്‍ ആഹാരം വേണ്ടെന്നു പറയും. തിരിച്ചു കരയെത്തുമ്പോള്‍ അര്‍ധപ്രാണനായിരിക്കും. അല്പം സൌകര്യമുണ്ടായപ്പോള്‍ സ്വയം പാകം ചെയ്യാന്‍ തുടങ്ങി. വിഷമിച്ചാണെങ്കിലും, ഒരു നേരമെങ്കിലും മര്യാദയ്ക്കു ഭക്ഷണം കഴിക്കാനായി. അന്നാണു പഠിച്ചത് ഓരോ സ്ഥലത്തും ആഹാരരീതി ഓരോ തരത്തിലാണെന്ന്. ഓരോ ജനവിഭാഗത്തിനും ഓരോതരം ആഹാരമാണെന്ന്. ഓരോ കാലാവസ്ഥയ്ക്കും ഓരോന്നാണെന്ന്. സ്ഥലത്തിനും തൊഴിലിനും കാലത്തിനും കാലാവസ്ഥയ്ക്കുമനുസരിച്ചാണ് ഭക്ഷണസംസ്കാരം രൂപപ്പെട്ടുവന്നതെന്ന്. അന്നുതുടങ്ങിയ സ്വയംപാകം ഇന്നും തുടരുന്നു. ഒപ്പത്തിനൊപ്പം ഞാനും ഭാര്യയും അടുക്കള കൈകാര്യം ചെയ്യുന്നു. വേണ്ടപ്പെട്ട സാധനസാമഗ്രികള്‍ അടുപ്പിച്ചുതന്നാല്‍ ഒന്നുരണ്ടു മണിക്കൂറില്‍ എട്ടുപത്തുപേര്‍ക്കൊരു ഓണസദ്യയൊരുക്കാനുള്ള ബാല്യമുണ്ടെനിക്ക്, ഈ വൈകിയ വേളയിലും. ഭക്ഷണത്തെ സംബന്ധിച്ചിടത്തോളം വളരെ കടുംപിടിത്തക്കാരാണു നമ്മള്. ഉദാഹരണത്തിന്, ചോറില്ലെങ്കില്‍ ചപ്പാത്തി തിന്നുവാനുള്ള സന്മനസ്സു നമുക്കില്ല. ചപ്പാത്തിയെങ്കിലും കിട്ടിയല്ലോ എന്നാശ്വസിക്കുവാന്‍ നമുക്കു കഴിയില്ല. 'വിശക്കുന്നവണ്റ്റെ മുന്നില്‍ ഭക്ഷണത്തിണ്റ്റെ രൂപത്തിലല്ലാതെ പ്രത്യക്ഷപ്പെടുവാന്‍ ദൈവംപോലു ധൈര്യപ്പെടില്ല' എന്നിരിക്കെ, കിട്ടിയ ആഹാരത്തിണ്റ്റെ തലക്കുറിയും ജാതകവും നോക്കിയിരുന്നാല്‍ പഷ്ണി കിടക്കും, അത്ര തന്നെ. വെസ്റ്റ്-ഇണ്റ്റീസിലെ ട്രിനിഡാഡ് (& ടുബേഗോ) എന്ന കുഞ്ഞുരാജ്യത്ത് ഒരുപാടുകാലം താമസിച്ചിട്ടുണ്ടു ഞാന്‍. പകുതിയോളം ഇന്ത്യന്‍വംശജരാണവിടെ. ബ്രിട്ടീഷുകാരും ഡച്ചുകാരും ആഫ്രിക്കക്കാരും ചൈനക്കാരുമടങ്ങുന്ന, ഹിന്ദു-ക്രിസ്ത്യന്‍-ഇസ്ളാം മതവിശ്വാസികളുടെ ഒരു മാരിവില്‍-സംസ്കാരമാണവിടെ. കൃഷിപ്പണിതൊട്ട് മത്സ്യബന്ധനം വരെ, ഫാക്റ്ററി ജോലിതൊട്ട് ഓഫീസ്ജോലിവരെ, കച്ചവടംതൊട്ട് വിദ്യാഭ്യാസംവരെ എല്ലാ തുറകളിലുമുള്ള ആളുകള്‍. അവരുടെ മൂന്നുകാര്യങ്ങളോടാണ് എനിക്കു പ്രത്യേകം പ്രതിപത്തി തോന്നിയത്. ഒന്ന്, (ഇംഗ്ളീഷ്) ഭാഷയെസംബന്ധിച്ചുള്ള അപകര്‍ഷബോധമില്ലായ്മ. രണ്ട്, ശരീരഭംഗിയെപ്പറ്റി മുന്‍വിധിയില്ലായ്മ. മൂന്ന്, ആഹാരത്തിലെ കടുംപിടിത്തമില്ലായ്മ. വിശക്കുമ്പോള്‍ കഴിക്കും, എന്തും കഴിക്കും, ഏതുസമയത്തും കഴിക്കും. എവിടെവച്ചും കഴിക്കും. ആരോടൊപ്പവും കഴിക്കും. എനിക്കൊരു തലമൂത്ത സഹപ്രവര്‍ത്തകനുണ്ടായിരുന്നു. ബെംഗാളി. നിത്യബ്രഹ്മചാരി. ചെറുപ്പത്തില്‍ നല്ലൊരു കാലം സ്വീഡനിലായിരുന്നു. സ്കാണ്റ്റിനേവിയക്കാര്‍ ഒരുമാതിരി എല്ലാവരും അവനവനുവേണ്ട ആഹാരം സ്വന്തമായി ഉണ്ടാക്കുന്നവരാണ്. അദ്ദേഹം അന്നു തുടങ്ങിയതാണത്രെ സ്വയംപാകം. നാട്ടില്‍ തിരിച്ചെത്തിയിട്ടും ആ ശീലം തുടര്‍ന്നു. ആഴ്ചയിലൊരിക്കല്‍ ചന്തയില്‍പോയി സാധനങ്ങള്‍ മേടിക്കും. ഒരാഴ്ചത്തേയ്ക്കുള്ള കറികളെല്ലാം ഒന്നിച്ചുണ്ടാക്കി ഫ്രിജ്ജില് സൂക്ഷിക്കും. രാത്രി വേണ്ടതെടുത്തു ചൂടാക്കിക്കഴിക്കും. പകലെല്ലാം കട്ടന്‍കാപ്പി; വല്ലപ്പോഴുമൊരിക്കല്‍ ഒരു പുഴുങ്ങിയ മുട്ട. ഓഫീസിലോ പുറത്തോ വല്ലപ്പോഴുമൊരിക്കല്‍ ഒരു ഡിന്നര്‍. മരിക്കുംവരെ സ്വയം ആഹാരം പാചകം ചെയ്തു കഴിച്ചു കഴിഞ്ഞു ഡോ. റൊബിന്‍ സെന്‍ഗുപ്ത. ആണുങ്ങള്‍കൂടി പാകംചെയ്ത് വീട്ടിലെ സകലരെയും ഊട്ടുന്ന സംസ്കൃതി ഭാരതത്തില്‍ വേരോടേണ്ടിയിരിക്കുന്നു. ഇന്ന് 'വീട്ടമ്മ'മാര്‍ വെറും വീട്ടമ്മമാരല്ല. ആണുങ്ങള് അത്ര അനങ്ങാപ്പാറകളുമാകണ്ട. എല്ലാംകൂടിയൊന്ന് ആലോചിക്കുമ്പോള്‍, "ആലോചനാമൃതം ആഹാരം"; 'ഫുഡ് ഫോര്‍ തോട്ട്' എന്നതിനൊരു രസികന്‍ മലയാളിത്തം.
പുസ്തകപ്പുഴുക്കള്‍
പുസ്തകങ്ങള്‍ക്ക് അനവധി ഉപയോഗങ്ങളുണ്ട്: അന്തസ്സില്‍ വാങ്ങാനും ലാഭത്തില്‍ വില്‍ക്കാനും കൂടെ കൊണ്ടുനടക്കാനും സമ്മാനമായി കൊടുക്കാനും ആളുകളെ വശത്താക്കാനും വീടിനു മോടികൂട്ടാനും ഓഫീസില്‍ മോടികാട്ടാനും ബുദ്ധിരാക്ഷസന് ചമയാനും അത്യാവശ്യം കുറിപ്പുകളെഴുതാനും താളുകള്‍ക്കിടയില്‍ പണം സൂക്ഷിക്കാനും ആരുമറിയാതെ പണം കൈമാറാനും വേണ്ടിവന്നാല്‍ കടലാസ്സു പറിക്കാനും മയില്‍പ്പീലിയും പൂവിതളുമെല്ലാം സംരക്ഷിക്കാനും രഹസ്യമായി പ്രണയലേഖനം കൈമാറാനും മറ്റുമാര്‍ഗങ്ങളില്ലെങ്കില്‍ മുഖം മറയ്ക്കാനും ആരാണ്റ്റെ കണ്ണുവെട്ടിക്കാനും വെയില് കൊള്ളാതിരിക്കാനും ഉഷ്ണിച്ചാല്‍ വിശറിയാക്കാനും മേശപ്പുറത്തെ കടലാസ്സു പറക്കാതിരിക്കാനും ഇരിപ്പിടത്തിന് ഉയരം കൂട്ടാനും പിരിമുറുകുമ്പോള്‍ തലപൂഴ്ത്താനും വിശ്രമിക്കുമ്പോള്‍ മണംപിടിക്കാനും ഉറക്കംവരുമ്പോള്‍ തലയണയ്ക്കാനും ഇടയ്ക്കിടെ ഈച്ചയാട്ടാനും അറ്റകൈക്ക് കൊതുക്കളെ അടിക്കാനും പിള്ളേരെ തല്ലാനും പ്റിയപ്പെട്ടവരെ തലോടാനും. പിന്നെ വേണമെങ്കില്‍ വായിക്കാനും പഠിക്കാനും. പുസ്തകപ്പുഴുക്കളും വേണ്ടുവോളമുണ്ടു ചുറ്റും. എന്തുകണ്ടാലും വായിക്കുന്നവര്‍, എന്തുകണ്ടാലും വാങ്ങിക്കുന്നവര്‍. കയ്യില്‍ കൊണ്ടു നടക്കുന്നവര്‍. സൂക്ഷിച്ചു വയ്ക്കുന്നവര്‍. വായിക്കാതെ ഉറക്കം വരാത്തവര്‍. ഊണും ഉറക്കവും വെടിഞ്ഞു വായിക്കുന്നവര്‍. നെപ്പോളിയനാണെന്നു തോന്നുന്നു, തണ്റ്റെ അടുത്ത ജന്മത്തില് ഒരു ലൈബ്രേറിയനായി പിറക്കണമെന്നാഗ്രഹിച്ചത്. ഉംബെര്‍ടോ ഇകൊ എന്ന പ്രസിദ്ധ ഗ്രന്ഥകാരണ്റ്റെ കൈവശം അന്‍പതിനായിരത്തിലധികം പുസ്തകങ്ങളുണ്ടത്രെ. വെറുതയല്ല അദ്ദേഹം ഇത്രമാത്രം കാര്യങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കുന്നത്. ഈ കൊച്ചു ഗോവയില്‍തന്നെ, സ്വാതന്ത്ര്യപോരാളിയും കൊങ്കണിക്കവിയും സാമൂഹ്യപരിഷ്കര്‍ത്താവുമായ നാഗേഷ് കര്‍മലിയുടെ വീട്ടില്‍ പതിനായിരക്കണക്കിനാണു ശേഖരം. ആര്‍ക്കും പോയിരുന്ന് എന്തും വായിക്കാം അവിടെ. പക്ഷെ ഒരൊറ്റ പുസ്തകം കടംകൊടുക്കില്ലെന്ന വാശിയിലാണദ്ദേഹം. കടംകൊടുത്ത പുസ്തകം കളഞ്ഞുപോയതിനു തുല്യം എന്ന് ആര്‍ക്കാണറിയാത്തത്? ഒരുമാതിരിപ്പെട്ടവര്ക്കൊന്നും പുസ്തകം തിരിച്ചുകൊടുക്കാനുള്ളതല്ലല്ലോ. ഒരു ശാസ്ത്രഗവേഷണശാലയില്‍ ഗവേഷകരിലൊരാള്‍ നൂറുകണക്കിനു പുസ്തകങ്ങള്‍ തിരിച്ചുകൊടുക്കാതെ വന്നപ്പോള്‍ ലൈബ്രേറിയന്‍ പോയി കാര്യമന്വേഷിച്ചു. ഗവേഷകണ്റ്റെ മറുപടി ഇതായിരുന്നു: ഇതിലൊരു പുസ്തകമെങ്കിലും ഞാന്‍ ഉപയോഗിക്കാത്തതുണ്ടോ? ഒരു പുസ്തകമെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ? ഇതിലൊറ്റ പുസ്തകമെങ്കിലും മറ്റാരെങ്കിലും ആവശ്യപ്പെട്ടുവന്നോ? ഇല്ലല്ലോ. ഇനി ഇതെല്ലാംകൂട്ടി ഞാനങ്ങു തിരിച്ചുതന്നാല്‍തന്നെ അതെല്ലാം തിരികെ വയ്ക്കാനുള്ള സ്ഥലം ലൈബ്രറിയിലുണ്ടോ? കൊല്‍ക്കത്തയില്‍ കണ്ടിട്ടുണ്ട്, ആളുകള്‍ പുറത്തേക്കിറങ്ങുംമുന്നേ തോള്‍സഞ്ചിയില്‍ ഒന്നുരണ്ടു പുസ്തകം വെറുതെ കുത്തിനിറയ്ക്കുന്നത്. എണ്റ്റെ ഒരു സഹപ്രവര്ത്തകന് വിലപിടിപ്പുള്ള പുസ്തകങ്ങള്‍ സ്ഥിരമായി വാങ്ങിക്കൂട്ടുമായിരുന്നു; എന്നിട്ടതെല്ലാം സൂക്ഷിച്ചുവയ്ക്കും പിന്നെ എപ്പോഴെങ്കിലും വായിക്കാന്‍. അതു പക്ഷെ ഉണ്ടാകാറില്ല. വായിച്ച താളുകള്‍ കീറിയെടുത്ത് ചുരുട്ടിക്കൂട്ടിയെറിയുന്ന ഒരു 'ഹിപ്പി'യെ കണ്ടിട്ടുണ്ട് ഒരിക്കല്‍ തീവണ്ടിയില്‍; യാത്ര തീരുമ്പോഴേക്കും പുസ്തകവും 'തീരും'. നമ്മുടെ പല രാഷ്ട്റീയക്കാരെയും കണ്ടിട്ടില്ലേ, മുഖാമുഖസമയത്ത് പിറകില്‍ അലമാരനിറച്ചും പുസ്തകങ്ങളുമായി. അതിലൊരെണ്ണം വായിച്ചിരുന്നെങ്കില്‍ ഈ മഹതീമഹാന്മാര് എന്നോ നന്നായിപ്പോയേനേ. പിന്നെ വക്കീല്മാര്. അവരുടെ പരഭാഗത്തും കണ്ടിട്ടുണ്ട് പുസ്തകശ്ശീവേലി. ഇനി പുത്തന്‍പണക്കാരുടെ കാര്യം. അവര്‍ക്ക് കോഫി-ടേബിള്‍ ഇല്ലാതെ പറ്റില്ലല്ലോ; അതിനുമേല്‍ ഒന്നുരണ്ട് ആഡംബരപ്പുസ്തകങ്ങളും. അവരുടെ വീടുകള്‍ മോടിപിടിപ്പിക്കാന്‍ ലോകത്തിലെ ഏതു പുസ്തകത്തിണ്റ്റെയും പുറംചട്ടയോടെ അകത്തൊന്നുമില്ലാത്ത ഡമ്മിപ്പുസ്തകങ്ങള്‍ സംഘടിപ്പിച്ചുകൊടുക്കുന്ന ഗൃഹാലങ്കാരവിദഗ്ധരും ഉണ്ടത്രെ. ജോലിയില്‍നിന്ന് അടുത്തിടെ വിരമിച്ച ഒരു മലയാളി പറഞ്ഞതാണ്, ഗോവ വിട്ടുപോകാതിരിക്കാന്‍ ഒരു കാരണം ഇവിടത്തെ സെണ്റ്റ്രല്‍ ലൈബ്രറികളാണെന്ന്. ജില്ലാതലത്തിലും താലൂക്കു തലത്തിലും ഗ്രാമസഭാതലത്തിലും, ഒരുമാതിരിപ്പെട്ട ആര്‍ക്കും പ്രയോജനപ്പെടുത്താവുന്ന വിധത്തില്‍ തലങ്ങും വിലങ്ങും ഗ്രന്ഥശാലകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു ഗോവയില്‍. ഇവയില്‍ ഏറ്റവുമധികം സ്തുത്യറ്‍ഹമായത് പണജിയിലെ കൃഷ്ണദാസ് ശാമ സെണ്റ്റ്രല്‍ ലൈബ്രറി തന്നെ. ചുറ്റുമുള്ള വൃത്തികേടുകളില്‍നിന്നെല്ലാമുയര്‍ന്ന് അത്യാധുനിക സൌകര്യങ്ങളും അതിവിപുലമായ ഗ്രന്ഥശേഖരങ്ങളും അതിസുന്ദരമായ വായനാന്തരീക്ഷവുമുള്ള ഈ ഗ്രന്ഥശാല, ചളിക്കുണ്ടില്‍ ചെന്താമരയെന്നപോലെ വിരിഞ്ഞുനില്ക്കുന്നു. അധികമകലെയല്ലാതെ പഞ്ചിം മുനിസിപ്പല്‍ പൂന്തോട്ടത്തില്‍ മറ്റൊരു കൌതുകക്കാഴ്ചയുമുണ്ട്: ഒരു തുറന്ന ലൈബ്രറി. അവിടത്തെ തുറന്ന പുസ്തകത്തട്ടില്‍ ആര്‍ക്കുവേണമെങ്കിലും പുസ്തകങ്ങളും മാസികകളും വാരികകളും ദൈനികങ്ങളും നിക്ഷേപിക്കാം, ആര്‍ക്കുവേണമെങ്കിലും അവ എടുത്തു വായിക്കാം. ആരോടും ചോദിക്കണ്ട, പറയണ്ട. കേരളത്തോളമെത്തില്ലെങ്കിലും, വായനക്കൊതിയുള്ളവര്‍ക്ക് നട്ടംതിരിയേണ്ടിവരില്ല ഗോവയില്‍. ഒരു പ്രധാനവ്യത്യാസവുമുണ്ട്. മറ്റു സംസ്ഥാനങ്ങളിലേതുപോലെയല്ലാതെ നാട്ടുഭാഷാഗ്രന്ഥങ്ങളേക്കാള്‍ ഇംഗ്ളീഷ്-പുസ്തകങ്ങള്‍ വേണ്ടുവോളം ലഭ്യമാണ് ഗോവയിലെ പുസ്തകശേഖരങ്ങളില്‍. ഒരു നല്ല മലയാളം-ലൈബ്രറിയുടെ അഭാവം പക്ഷെ ഇന്നുമുണ്ട്. മലയാളമുള്‍പ്പെടെ എല്ലാ ഭാരതീയ ഭാഷകളിലെയും പുസ്തകങ്ങള്‍ ഗോവയിലുള്ളവരില്‍നിന്നു സൌജന്യമായി സമാഹരിച്ച് സെണ്റ്റ്രല്‍ ലൈബ്രറിയില്‍ സൂക്ഷിക്കാനൊരു പദ്ധതി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും നടപ്പിലാകുമോ എന്നു തിട്ടമില്ല. എണ്റ്റെ അപൂര്‍വം ഭാഗ്യങ്ങളിലൊന്നാണ് എണ്റ്റെ ഭാര്യ വ്യക്തിപരമായി വലിയൊരു പുസ്തകപ്റേമിയും തൊഴില്‍പരമായി ലൈബ്രേറിയനുമാണെന്നുള്ളത്. ഓണം-വിഷു-സംക്രാന്തിക്കുമാത്രമൊതുങ്ങാതെ എണ്റ്റെ വീട്ടില്‍ സമൃദ്ധമായി കിട്ടുന്ന ഒന്നാണ് വായിക്കാന്‍ പുസ്തകങ്ങള്‍. വായിച്ചുവായിച്ചു വളര്‍ന്നുവളര്‍ന്ന് വയസ്സേറെ ആയെന്നുമാത്രം! പുസ്തകങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പരിതാപകരമായ സാഹചര്യത്തിലാണ് ഞങ്ങളുടെ തലമുറ പഠിച്ചത്. ഏഴാംക്ളാസ്സിലെത്തിയപ്പോഴാണ് പാഠപുസ്തകങ്ങളല്ലാത്ത ഒന്നുരണ്ടു പുസ്തകങ്ങള്‍ കയ്യിലെത്തുന്നത്. അധ്യാപകന് ഒരുകെട്ടു പുസ്തകവുമായി വരുന്നു; ഇരിക്കുന്ന മുറയ്ക്ക് അവ ഒന്നൊന്നായി ഞങ്ങള്‍ക്കു തരുന്നു. അവസാനബെഞ്ചുകാര്‍ക്ക് കിട്ടിയെന്നും വരില്ല. മൂന്നാംപക്കം അത് അടുത്തകുട്ടിക്കു കൈമാറണം. വായിച്ചാലുമില്ലെങ്കിലും. ലൈബ്രറിപ്പണി അതോടെ തീര്‍ന്നു. സിന്‍ബാദിണ്റ്റെ കഥയും റോമിണ്റ്റെ കഥയും സൊറാബ്-റസ്തം കഥയും അന്നു വായിച്ചതായി ഓറ്‍മയിലുണ്ട്. പിന്നെ പത്താംക്ളാസ്സെത്തുമ്പോഴാണ് ചെമ്മീന്‍ ഒരു വിലയേറിയ മത്സ്യമാണെന്നും ഓടയില്‍നിന്ന് ഒരു സിനിമയാണെന്നും നാലുകെട്ട് മുസ്ളീങ്ങള്‍ക്കുള്ളതാണെന്നും ഓടക്കുഴല്‍ ഒരു സംഗീതോപകരണമാണെന്നും ഭാരതപര്യടനം ചെലവേറിയ പരിപാടിയാണെന്നും മലയാളശൈലി ഒരു പഴഞ്ചൊല്‍മാലയാണെന്നുമെല്ലാമുള്ള (എന്നു ഞങ്ങള്‍ ഉപന്യാസംവരെ എഴുതിയിട്ടുണ്ട്) ധാരണ മാറി അവ മഹല്‍ഗ്രന്ഥങ്ങളാണെന്നു മനസ്സിലായത്. ഒന്നുരണ്ടുവര്‍ഷംകൊണ്ട് കേരളസാഹിത്യചരിത്രംവരെ വായിച്ചുമനസ്സിലാക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കിയ അരവിന്ദാക്ഷന് മാസ്റ്റര്‍ ഇന്നും തൃപ്പൂണിത്തുറയില്‍ പ്രകാശംപരത്തി നില്ക്കുന്നു. കോളേജ്-പഠനത്തിണ്റ്റെ തുടക്കവും അല്പം അരോചകമായിരുന്നു. കാരണം ഞാന്‍ ചേര്‍ന്ന സ്വകാര്യകോളേജിലെ ഗ്രന്ഥാലയം സ്വയം പുസ്തകം തിരഞ്ഞെടുക്കാന്‍ അനുവദിച്ചിരുന്നില്ല. കൂടാതെ തൊട്ടതിനെല്ലാം പ്രതിബന്ധമായി ലൈബ്ററി-ജീവനക്കാരും. തുടര്‍ന്ന് സര്‍ക്കാര്‍-കോളേജിലെത്തിയപ്പോഴാണ് തുറന്നുകിടക്കുന്ന പുസ്തകത്തട്ടുകള്‍ കാണുന്നതും ലൈബ്റേറിയനുമായി ചങ്ങാത്തത്തിലാകുന്നതും പുത്തന്‍പുസ്തകങ്ങള്‍ കണക്കില്‍ചേറ്‍ക്കുന്നതിനുംമുന്‍പേ വായിക്കാന്‍ കിട്ടുന്നതും. എറണാകുളം മഹാരാജാസ് കോളേജ് വളമിട്ടുവളര്‍ത്തിയ വ്യക്തികള്‍ അതൊരിക്കലും മറക്കാന്‍ വഴിയില്ല. ഉപരിപഠനത്തിണ്റ്റെ പിന്നീടുള്ള രണ്ടുവറ്‍ഷങ്ങളില്‍ സാങ്കേതികഗ്രന്ഥങ്ങളുമായിമാത്രം കെട്ടുപിണയാനേ കഴിയുമായിരുന്നുള്ളൂ. പുറംവായനയ്ക്ക്, തൃപ്പൂണിത്തുറയില്‍ ഗാന്ധിജിയുടെ പാദസ്പര്‍ശംകൊണ്ടു ധന്യമായ മഹാത്മാ വായനശാല. കൊച്ചി സര്‍വകലാശാലയിലെ ഞങ്ങളുടെ വകുപ്പുലൈബ്ററി അറിവിണ്റ്റെ ഒരു കടലാണ് തുറന്നുതന്നത്. പഴമയും പുതുമയും കൈകോര്‍ത്തൊരു ഗ്രന്ഥശാല. അലമാരികള്‍ക്കിടയിലെ പുസ്തകാന്വേഷണവും ഇടയ്ക്കെല്ലാമുള്ള കുട്ടിക്കുറുമ്പുകളും ലൈബ്രേറിയണ്റ്റെ പൂര്‍ണനിരീക്ഷണവലയത്തിലായിരുന്നെങ്കിലും എന്തും വായിക്കാനും സ്വയം വളരാനുമുള്ള സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരുന്നു. സ്വയംപഠനം എന്നത് അവിടെയാണു പഠിച്ചത്. അന്നേയ്ക്കു ഞങ്ങള്‍ മുതിര്‍ന്നവരുമായല്ലോ. തൊഴിലിണ്റ്റെ ഭാഗമായി ഇന്ത്യയിലെയും വിദേശത്തെയും പല ഗ്രന്ഥശാലകളും പിന്നെ കണ്ടു. ഒരു ഗ്രന്ഥശാലയെച്ചുറ്റി ഒരു മഹദ്വലയം ഉണ്ടാകും. പുസ്തകപ്പുഴുക്കള്‍ എങ്ങും എമ്പാടും ഉണ്ടെന്ന സത്യം അതോടെ ബോധ്യപ്പെട്ടു. വാങ്ങാനല്ലെങ്കിലും വായിക്കാനെങ്കിലും കയറിക്കൂടുന്നവര്‍ ലോകംമുഴുവനുള്ള പുസ്തകശാലകളിലുണ്ട്. ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൌണില്‍ ഒരു പുസ്തകശാലതന്നെ അത്തരം പുസ്തകപ്പുഴുക്കള്‍ക്ക് സോഫയും കാപ്പിയും മറ്റുമായി തുറന്നുവച്ചിരിക്കുന്നു. വേണ്ടുവോളം പുസ്തകം വായിക്കാം, വേണമെങ്കില്‍ വാങ്ങാം, വേണ്ടെങ്കില്‍ ഇറങ്ങിപ്പോരാം. അടുത്തകാലത്തു കേട്ടതാണ്, ദില്ലിയിലെ 'ഫാക്റ്റ് ആണ്റ്റ് ഫിക്ഷന്‍' എന്ന വളരെ ജനപ്രിയമായ പുസ്തകശാല അടച്ചുപൂട്ടിയെന്ന്. വളരെ അപൂര്‍വമായ പുസ്തകങ്ങള്‍ യാതൊരു അടുക്കും ചിട്ടയുമില്ലാതെ വാങ്ങിവച്ചു വിറ്റിരുന്ന ഒരു സ്ഥാപനമായിരുന്നത്രെ അത്. മണിക്കൂര്‍കണക്കു ചെലവിടാന്‍ ആളുകളെത്തിയിരുന്നത്രെ അവിടെ. പക്ഷെ പിടിച്ചുനില്ക്കാന് കഴിഞ്ഞില്ല, കമ്പോളത്തിണ്റ്റെ കയ്യേറ്റത്തില്‍, കൈക്രിയയില്‍. ഇന്നുമോറ്ക്കുന്നു പുണെയിലെ ഡെക്കന്‍ ജിംഖാന എന്നിടത്തെ 'സാരസ്വത്' എന്നൊരു പുസ്തകശാല. കാര്ള് എം. പോപ്പര്‍ എന്ന ഗ്രന്ഥകാരണ്റ്റെ ഒരു പുസ്തകം തിരഞ്ഞുനടക്കുകയായിരുന്നു ഞാന്‍. ദില്ലിയിലും കൊല്‍ക്കത്തയിലും ചെന്നൈയിലും മുംബൈയിലുമായി പലയിടത്തും കയറിയിറങ്ങി, ആ പുസ്തകത്തിനുവേണ്ടി. അവസാനം പുണെയിലെ 'സാരസ്വ'ത്തില്‍ എത്തിയപ്പോഴേക്കും പുസ്തകത്തിണ്റ്റെ പേരും മറന്നു. അതൊരു ഒറ്റയാള്‍ക്കടയായിരുന്നു. തലനരച്ച കടക്കാരന് എന്നോടു ചോദിച്ചു 'കഞ്ചെക്ച്ചേര്‍സ് ആണ്റ്റ് റെഫ്യൂട്ടേഷന്‍സ്' ആണോ തിരക്കുന്നതെന്ന്. താന്‍ അതു സര്‍വകലാശാലയിലോമറ്റോ വായിച്ചിട്ടുണ്ടെന്നും പക്ഷെ അതു മാര്‍ക്കറ്റില്‍ കിട്ടില്ലെന്നും അദ്ദേഹം ഉറപ്പായിപ്പറഞ്ഞു. പുസ്തകത്തേക്കാള്‍ വലിയ പുസ്തകക്കാരന്! ഇന്നും എനിക്കാ പുസ്തകം കിട്ടിയിട്ടില്ല വായിക്കാന്‍. പിന്നെ, മോശം പുസ്തകങ്ങള്‍ വായിക്കുന്നതിനേക്കാള്‍ മോശം വേറൊന്നില്ല. ചില പുസ്തകങ്ങള്‍ വാങ്ങിവായിക്കുന്നതിനേക്കാള്‍ ഒരു പുസ്തകമങ്ങെഴുതുന്നതാണെളുപ്പം. പ്രത്യേകിച്ചും വില കാണുമ്പോള്‍. പുസ്തകപ്രസാധനരംഗത്തെ കാണാച്ചരടുകളറിയുമ്പോള്‍, ഒരു 'ഒറ്റക്കോപ്പി-വിപ്ളവ'മായാലോ എന്നു തോന്നിത്തുടങ്ങിയിട്ടുണ്ട് ഈയിടെ. സംഗതി എളുപ്പം. ഒരു പുസ്തകമെഴുതി ഇപ്പോഴത്തെ സമൂഹമാധ്യമങ്ങളിലെവിടെയെങ്കിലും സ്വയമങ്ങു പ്രതിഷ്ഠിക്കുക. അത് പുസ്തകപ്പുഴുക്കള്‍ സൌജന്യമായി കരണ്ടിക്കോട്ടെ. അതോടൊപ്പം വീട്ടിലിരുന്ന് അതിണ്റ്റെ ഒരു കോപ്പി - ഒറ്റക്കോപ്പി മാത്രം, പുറംചട്ടയടക്കം - തയ്യാറാക്കുക. അതങ്ങു ഭംഗിയായി ബൈണ്റ്റുചെയ്തു സൂക്ഷിക്കുക. കാണിക്കേണ്ടവരെ കാണിക്കാം. ഇടയ്ക്കിടെ തട്ടാം, തലോടാം, താലോലിക്കാം. ശുഭം.
കൊടുക്കുംതോറുമേറിടും
കുട്ടിക്ളാസ്സുകളിലെ കാണാപ്പാഠമായിരുന്നു, "കൊണ്ടുപോകില്ല ചോരന്മാര്, കൊടുക്കുംതോറുമേറിടും" എന്ന കടംകഥക്കാര്യം. 'കടംകഥക്കാര്യം' എന്നുപറയാന്‍ കാരണം, സധാരണ കടംകഥകള്‍പോലെ കളിയല്ലിത്; കാര്യമാണ്. വിദ്യ കൊടുക്കാനുള്ളതാണെന്നും കൈവശംവച്ച് വിലപേശാനുള്ളതല്ലെന്നുമാണ് ഭാരതീയവിധി. "വിദ്യാര്‍പ്പണം പാത്രമറിഞ്ഞുവേണം" എന്നൊരു നിബന്ധനയേയുള്ളൂ. എന്തുകൊണ്ടെന്നാല്‍ അര്‍ഹിക്കാത്തവരുടെ കയ്യില്‍ വിദ്യ വിനാശകരമായിത്തീരും. അതുപോലെ പകുതിപ്പഠിപ്പും അപകടകാരിയാണ്. "അല്പവിദ്യ ആപല്‍ക്കര"മെന്ന് ഇംഗ്ളീഷിലുമുണ്ട്. ഇന്നു പക്ഷെ വിദ്യ വില്പനയ്ക്കാണ്. സ്കൂളുകളില്‍, കോളേജുകളില്‍, സര്‍വകലാശാലകളില്‍, ഗവേഷണസ്ഥാപനങ്ങളില്‍, ശ്രേഷ്ഠപഠനകേന്ദ്രങ്ങളില്‍ എല്ലാം വിദ്യ വില്പനച്ചരക്കാണ്. കാശുവാങ്ങി പഠിപ്പിക്കുന്നു സ്കൂളുകളിലും കോളേജുകളിലും. കാശുമേടിച്ചു പഠിക്കുന്നു ഗവേഷണശാലകളില്‍. കാശുണ്ടാക്കാന്‍ പഠിപ്പിക്കുന്നു വിശിഷ്ടസ്ഥാപനങ്ങള്‍. അഭ്യാസം, ഗവേഷണം, വിപണനം എന്ന വട്ടത്തില്‍ കുരുങ്ങിയിരിക്കുകയാണ് വിദ്യയെന്ന സമ്പത്ത് - ബൌദ്ധിക സ്വത്ത്. കൊണ്ടുപോകുന്നു ചോരന്മാര്. കൊടുക്കുംതോറുമേറുന്നതു കാശ് - പകര്‍പ്പവകാശം, പേറ്റണ്റ്റ്, കച്ചവടരഹസ്യം തുടങ്ങിയ പേരുകളില്‍ ബൌദ്ധികസ്വത്ത് ആവശ്യത്തേക്കാള്‍ അവകാശമായി. "തുറന്നുവച്ചാല്‍ ഒളിച്ചുവയ്ക്കാം" എന്നൊരു വിരോധാഭാസമാണ് ബൌദ്ധികസ്വത്തവകാശനിയമങ്ങള്‍! എങ്ങിനെയെന്നാല്, തണ്റ്റെ ഒരു പുത്തനറിവ് അല്ലെങ്കില്‍ ഒരു പുത്തനാശയം അല്ലെങ്കില്‍ ഒരു പുത്തന്‍ പ്രയോഗം ആദ്യം പേറ്റണ്റ്റ്-ഓഫീസുവഴി ലോകമെമ്പാടുമുള്ളരുടെ അറിവിനായി തുറന്നു വയ്ക്കണം. പുതുമ തികഞ്ഞതും പ്രായോഗികത നിറഞ്ഞതും ബൌദ്ധികമായി പല പടികള്‍ മെനഞ്ഞെടുത്തതുമാണെങ്കില്‍ അതിനു ബൌദ്ധികസ്വത്തവകാശം ലഭ്യമാകും. എന്നുവച്ചാല്‍ പിന്നെ നിശ്ചിതമായ കുറെയധികം വര്‍ഷത്തേക്ക് താനല്ലാതെ ബാക്കി ആരും ആ അറിവ് ഉപയോഗിക്കാന്‍ പാടില്ല. ഉപയോഗിക്കണമെങ്കില്‍ താന്‍ നിശ്ച്ചയിക്കുന്ന പ്രതിഫലത്തുക തന്ന ശേഷം മാത്രം. തണ്റ്റെ അറിവ് അല്ലെങ്കില്‍ പ്രയോഗം മറ്റുള്ളവരുടെ വരുതിയില്‍നിന്നു ഒളിച്ചുവയ്ക്കാം, പണം കൊയ്യാം. ഇപ്പറഞ്ഞത്ര ലഘുവൊന്നുമല്ല കാര്യം. മറ്റെല്ലാ നിയമങ്ങളുംപോലെ പേറ്റണ്റ്റ്-നിയമങ്ങളും സങ്കീര്‍ണവും സാങ്കേതികവുമാണ്. ചില നിര്‍ണായകകാര്യങ്ങള്‍ തുറന്നുപറയാതെ മറച്ചുവയ്ക്കാനും നിര്‍ദ്ദിഷ്ടവ്യവസ്ഥകള്‍ സൂത്രത്തില്‍ നിരാകരിക്കാനും വൈദഗ്ധ്യമുള്ള പേറ്റണ്റ്റ്-ഏജണ്റ്റുമാര്‍ ഉണ്ട്. ബുദ്ധിക്കു വിലയിടാന്‍മാത്രമല്ല, വിലപേശാന്‍കൂടി അവര്‍ക്കാകും. ഒരു പേര്, ഒരു പ്രസിദ്ധീകരണം, ഒരു സാധനം, ഒരു മരുന്ന്, ഒരു പ്രക്രിയ - ഇതിനെല്ലാം പകര്‍പ്പവകാശവും പ്രയോഗാവകാശവും നിര്‍മാണാവകാശവും ചമച്ച് വിദ്യയെ കാശാക്കിമാറ്റുന്നത് ആ കച്ചവടക്കണ്ണാണ്. വിദ്യക്കു വിലയിട്ടു തുടങ്ങിയപ്പോള്‍ "വിദ്യാധനം സര്‍വധനാല്‍ പ്രധാനം" എന്നതിന് അര്‍ഥം പാടേ മാറി. അമൂല്യം (വിലമതിക്കാന്‍ പറ്റാത്തത്) സമൂല്യമായി (വിലയിട്ടത്). അങ്ങനെ അതിലും അങ്ങാടിവാണിഭമായി. മൂന്നുപതിറ്റാണ്ടിലേറെ പഠനത്തിനും പരീക്ഷണത്തിനും പ്രയോഗത്തിനുമായി പണമുണ്ടാക്കാന്‍ കഴിഞ്ഞ എനിക്ക്, പണത്തിനുവേണ്ടി പഠനവും പരീക്ഷണവും പ്രയോഗവും നടത്താന്‍ മനസ്സുവന്നില്ല. അങ്ങനെ ഞാന്‍ അങ്ങാടിപ്പുറത്തായി. അടുത്തിടെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഒരു വാര്‍ത്ത കണ്ടപ്പോഴാണ് ഇതെല്ലാം എഴുതാന്‍ തോന്നിയത്. കമ്പോളത്തിലെ പച്ചക്കറികളിലെ വിഷാംശമകറ്റാന്‍ അവര്‍ ഒരു മരുന്നുകൂട്ടുണ്ടാക്കിയിരിക്കുന്നുവത്രെ. നല്ലത്. കുറെപേര്‍ക്കൊക്കെ അതുണ്ടാക്കാന്‍ പരിശീലനം കൊടുക്കുമെങ്കിലും വാണിജ്യപരമായി അതുണ്ടാക്കാന്‍ വലിയൊരു ഫീസടക്കണം. ഒരുമാസത്തേക്കുള്ള ആ മരുന്നിന് കുപ്പിയൊന്നുക്ക് നൂറോ ഇരുന്നൂറോ രൂപയായിരിക്കും വില. കാര്‍ഷിക സര്‍വകലാശാലയുടെ ലൈസന്‍സുള്ളവര്‍ക്ക് അതുണ്ടാക്കി വില്‍ക്കാം. നമുക്കതു വാങ്ങി ഉപയോഗിച്ച് സസുഖം ജീവിക്കാം. വിദ്യ കാശായി മാറുന്നതങ്ങനെ. ഇനി മറ്റൊരു സംഭവം. ബ്രിട്ടീഷ്-ഭരണകാലത്താണ് എണ്റ്റെ അച്ഛന് ഉപരിപഠനാര്‍ഥം ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ചേരുന്നത്. സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലം. സ്വദേശിപ്രസ്ഥാനത്തിലാകൃഷ്ടനായി മെട്രിക്കുലേഷന്‍ കഴിഞ്ഞ ഉടനെ, കുലത്തൊഴിലുകളിലൊന്നും ഏര്‍പ്പെടാതെ പലപല കൈത്തൊഴിലുകളും കുടില്‍വ്യവസായങ്ങളുമായി ജീവിക്കാന്‍ കഷ്ടപ്പെടുന്ന കാലം. സീലരക്ക്, ടൈപ്പ്-റൈറ്റര്‍ റിബണ്‍, സോഡ, ടാല്‍കം പൌഡര്‍, ചോക്ക്, മെഴുകുതിരി, വൈക്കോല്‍കയറ്, പുല്‍തൈലം, കൈതോലനാര്, ഗ്രൈപ്-വാട്ടര്‍, പനിനീര്, കട്ടിക്കടലാസ്സ്, വാര്‍ണിഷ്, ഇലക്ട്രിക് വയര്‍, എഴുത്തു മഷി, റബര്‍സ്റ്റാമ്പ്-മഷി, ഫിലിം സിമണ്റ്റ് തുടങ്ങി, നാട്ടിലാവശ്യമായ സാധനങ്ങള്‍ ഇറക്കുമതിക്കുപകരം നാട്ടില്‍തന്നെ ഉണ്ടാക്കി ഏറ്റവും കുറഞ്ഞ വിലയ്ക്കു വില്‍ക്കുന്നതായിരുന്നു രീതി. ഇവയുണ്ടാക്കാന്‍വേണ്ട നാടന്‍യന്ത്രസാമഗ്രികളും സ്വയം ഉണ്ടാക്കും. കിട്ടുന്നതില്‍ പാതി അടുത്ത നിര്‍മിതിക്കുള്ള പരീക്ഷണങ്ങള്‍ക്കായി ചെലവിടും. ഉത്പന്നങ്ങളുടെ നിര നീണ്ടു, പ്രാരബ്ധങ്ങളുടെയും. ഇനിയും പിടിച്ചുനില്ക്കാന് മികച്ച സാങ്കേതികവിദ്യാഭ്യാസമുണ്ടായാലേ രക്ഷയുള്ളൂ എന്ന തിരിച്ചറിവിലാണ്, കല്യാണം കഴിഞ്ഞതും ഭാര്യയെയും അമ്മയെയും കൂട്ടി അച്ഛന് കാശിയിലേക്കു വണ്ടി കയറുന്നത്. കയ്യിലുണ്ടായിരുന്നത് കാല്‍ക്കാശ്! 'ഇണ്റ്റസ്റ്റ്രിയല്‍ കെമിസ്റ്റ്രി ടെക്നോളജി' എന്ന സാങ്കേതികബിരുദത്തിനായി അവസാനവര്‍ഷം ഒരു പ്രോജക്റ്റ് ചെയ്യണമായിരുന്നു. അതിനച്ഛന് തിരഞ്ഞെടുത്തത് അച്ചടിമഷി ഉണ്ടാക്കലായിരുന്നു. സ്വയം ചേരുവകള്‍ കണ്ടെത്തി സ്വന്തമായ മഷിക്കൂട്ടുണ്ടാക്കി, അഞ്ചെട്ടു പേജുമാത്രം വരുന്ന റിപ്പോറ്ട്ട് അതേ മഷികൊണ്ടുതന്നെ അച്ചടിപ്പിച്ച് ഉത്പന്നത്തിണ്റ്റെ വ്യാവസായികസാധ്യതകള്‍കൂടി തെളിയിച്ചുകൊണ്ടായിരുന്നു പഠനാനന്തരം അദ്ദേഹം നാട്ടിലേക്കു മടങ്ങിയത്. അന്നെല്ലാം അച്ചടി കറുത്ത മഷിയിലായിരുന്നല്ലോ. അതുപോലും ഇറക്കുമതിയായിരുന്നു. വലിയതോതില്‍ തുടങ്ങിയിരുന്നെങ്കില്‍ അച്ഛനതൊരു വലിയ ബിസിനസ്സാക്കാമായിരുന്നു. എന്തുകൊണ്ടോ, മുതല്‍മുടക്കായിരുന്നിരിക്കണം പ്രധാന പ്രശ്നം, അദ്ദേഹമതു തുടര്‍ന്നില്ല. പങ്കാളിത്തത്തില്‍ മരുന്നുവ്യവസായവും സ്വന്തമായി ബേക്കറി-വ്യവസായവുമായി തിരക്കിലുമായി. അപ്പോഴേക്കും നാടു സ്വതന്ത്രമായിക്കഴിഞ്ഞിരുന്നു. അന്നത്തെ തിരു-കൊച്ചി സംസ്ഥാനത്തെ കുടില്‍-വ്യവസായ വികസന ബോറ്ഡിന് അച്ഛന് അച്ചടിമഷിയുടെ സ്വന്തം സാങ്കേതികവിദ്യ സൌജന്യമായി കൈമാറി. ('കേരള ഇണ്റ്റസ്റ്റ്രി' എന്ന അവരുടെ പ്രസിദ്ധീകരണത്തില്‍ അച്ഛന് അതിനെപ്പറ്റി എഴുതിയിരുന്ന ലേഖനം ഞാന്‍ കണ്ടിട്ടുണ്ട്; അതും അച്ഛണ്റ്റെ ബിരുദവും റിപ്പോറ്‍ട്ടുമെല്ലാം കാലാന്തരത്തില്‍ ചിതല്‍തിന്നുപോയി). ഒരുപാടുപേര് ആ സാങ്കേതികവിദ്യ ഉപയോഗിച്ച് കൊച്ചുകൊച്ചു മഷിനിര്‍മാണശാലകള്‍ നടത്തിയിരുന്നത്രെ. ക്രമേണ ഫാക്റ്ററി-മഷിയുടെയും വറ്‍ണമഷിയുടെയും വരവോടെ ആ ചെറുകിടസാങ്കേതികവിദ്യക്കു പ്രസക്തിയുമില്ലാതായി. ഭൌതികസ്വത്തും ബൌദ്ധികസ്വത്തും തമ്മില്‍ സമരത്തിലായിരുന്നു അച്ഛനെക്കാലവും. മറ്റെന്തൊക്കെ പറഞ്ഞാലും അറിവുപങ്കിടുന്നതില്‍ അതിര്‍വരമ്പില്ലായിരുന്നു ഒരുകാലത്ത് റഷ്യക്ക്. വെറുതെ കിട്ടുന്ന 'സോവിയറ്റ് നാ'ടും തീരെ വിലകുറഞ്ഞുകിട്ടുന്ന 'മിര്‍' / 'പീസ്'-പ്രസിദ്ധീകരണങ്ങളും ഞങ്ങളുടെ തലമുറയെ അറിവില്‍ സമ്പന്നമാക്കി. പകര്‍പ്പവകാശപ്പേടിയില്ലാതെ ഏതു റഷ്യന്‍-പ്രസിദ്ധീകരണവും അന്ന് പരിഭാഷപ്പെടുത്തുകയോ പുന:പ്രസിദ്ധീകരിക്കുകയോ ഒക്കെ ചെയ്യാമായിരുന്നു. എന്തിന്, എണ്‍പതുകളില്‍ എണ്റ്റെ മകള്‍വരെ 'മിഷ' എന്ന റഷ്യന്‍-മാസിക രസിച്ചുവായിച്ചുവളര്‍ന്നതാണ്. ഇന്ന് പകര്‍പ്പവകാശപ്പേടിയില്ലാതെ എന്തെങ്കിലും പ്രസിദ്ധീകരിക്കാനൊക്കുമോ? ഇണ്റ്റര്‍നെറ്റിണ്റ്റെ വരവോടെ അറിവ് പൊതുസ്വത്തായി മാറുന്നുണ്ട്. വിദ്യയെ വിലയ്ക്കുവാങ്ങുന്നവരും വിദ്യക്കു വിലങ്ങുവയ്ക്കുന്നവരും അത്യാശങ്കയോടെ നോക്കിക്കാണുകയാണ് നവമാധ്യമങ്ങളെ. കോപ്പി റൈറ്റ് (പകര്‍പ്പവകാശം) എന്ന വിലങ്ങുതടിക്കെതിരായി, പക്ഷെ ബൌദ്ധിക-ഉടമസ്ഥത നിലനിര്‍ത്തിക്കൊണ്ടുതന്നെ, കോപ്പി ലെഫ്റ്റ് എന്നൊരു സങ്കേതം ഉരുത്തിരിയുകയായി - 'പകര്‍പ്പ്' പൊതുജനത്തിണ്റ്റെ അവകാശമാണെന്ന വാമപക്ഷം. 'ക്രീയേറ്റീവ് കോമണ്‍സ്' എന്നൊരു പ്രസ്ഥാനം തന്നെ ശക്തിപ്പെടുകയാണ്; സ്വയംപ്രസാധനത്തിനു വഴിയൊരുക്കി 'ഇ'(ലക്ട്റോണിക്)-പ്രസിദ്ധീകരണങ്ങളും. വിക്കിപ്പീഡിയയും മറ്റും അറിവിനെ സൌജന്യവത്കരിച്ചുകൊണ്ടിരിക്കുന്നു. കള്ളന്മാര് കൊണ്ടുപോകാതെ, കൊടുക്കുംതോറുമേറുന്ന വിദ്യയുടെ നല്ലനാളുകള്‍ വിദൂരമല്ല. "വിദ്യയാ/മൃതമശ്നുതേ" എന്നല്ലോ ആപ്തവാക്യം.
പത്രവിശേഷം
ഭാരതത്തില്‍ ഒരൊറ്റ സ്ഥലത്തുനിന്നു പ്രസിദ്ധീകരിക്കപ്പെടുന്ന പ്രാദേശിക ഇംഗ്ളീഷ്-പത്രങ്ങളുടെ കണക്കെടുത്താല്‍ ഗോവയിലായിരിക്കും ഏറ്റവും കൂടുതല്‍. നിലവില്‍ ഈ കൊച്ചുസ്ഥലത്തുനിന്ന് നവ്ഹിന്ദ് ടൈംസ്, ഗൊമന്തക് ടൈംസ്, ഹെറാള്‍ഡ്, ദ് ഗോവന്‍ എവരി ഡേ എന്നിങ്ങനെ നാല് പ്രാദേശിക ദിനപ്പത്രങ്ങള്‍. കൂടാതെ ടൈം ഓഫ് ഇന്‍ഡ്യയുടെ ഗോവപ്പതിപ്പും. പിന്നെ ആഴ്ചതോറുമുള്ള, ഗോവ മൊണിറ്റര്‍ പോലുള്ള, ഒന്നുരണ്ടു പത്രങ്ങള്‍. ഗോവ ടുഡെ തുടങ്ങിയ ഇംഗ്ളീഷ്-മാസികകള്‍ വേറെ. തലങ്ങും വിലങ്ങും അസംഖ്യം സൌജന്യ കാലികപ്രസിദ്ധീകരണങ്ങള്‍. മുന്‍പ് കുറെക്കാലം വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ് എന്നൊരു ദിനപ്പത്രമിറങ്ങിയിരുന്നു ഇവിടെനിന്ന്. അതു പക്ഷെ നിലച്ചു. ഹിന്ദു ദിനപ്പത്രവും ഇന്‍ഡ്യന്‍ എക്സ്പ്രസ്സും ഡെക്കന്‍ ഹെറാള്‍ഡും ഏഷ്യന്‍ എയ്ജും മറ്റും അയല്‍സംസ്ഥാനങ്ങളില്‍നിന്നെത്തുന്നു. ഇവയ്ക്കു പുറമെയാണ് മറാഠിയിലുള്ള ദിനപ്പത്രങ്ങള്‍ - ഗൊമന്തക്, നവപ്രഭ, തരുണ്‍ഭാരത്, സക്കാള്‍, പുഠാരി, ലോക്മത്. അവയില്‍ ഒന്നോ രണ്ടോ മാത്രമേ ഗോവയില്‍നിന്നുള്ളൂ എങ്കിലും മറ്റുപലതും ഗോവപ്പതിപ്പായാണ് ഇങ്ങെത്തുന്നത്. പേരിനുമാത്രം ഒരു കൊങ്കണിപ്പേപ്പര്‍ ഉണ്ടായിരുന്നു; സുനാപറാന്ത്. അതുമടുത്തിടെ നിന്നെന്നു തോന്നുന്നു. പണ്ട് ഉജ്വാഡ് എന്നൊരു കൊങ്കണിപ്പത്രമുണ്ടായിരുന്നു, റോമന്‍ലിപിയില്‍. അതും എന്നോ നിന്നുപോയി. ഇപ്പോള്‍ ഗോവന്‍വാര്‍ത്ത എന്നൊന്നു മൊട്ടിട്ടിട്ടുണ്ട്. പണ്ടത്തെ പോര്‍ത്തുഗീസ്-പത്രമായിരുന്നു ഓ ഹെറാള്‍ഡോ (ഊ ഹെറാള്‍ദു); അതാണ് പത്തുമുപ്പതുവര്‍ഷം മുന്‍പ് ഹെറാള്‍ഡ് എന്ന ഇന്നത്തെ ഇംഗ്ളീഷ്-പത്രമായത്. സ്വതന്ത്രഗോവയിലെ ആദ്യത്തെ പത്രമാണ് നവ്ഹിന്ദ് ടൈംസ്. തുടക്കത്തില്‍, ശ്രീ. ലാംബര്‍ട്ട് മസ്കരിഞ്ഞാസ് (പിന്നീട് ഗോവ ടുഡേ മാസികയുടെ സ്ഥാപക എഡിറ്റര്‍) അതിലുണ്ടായിരുന്നു. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ നവ്ഹിന്ദ് ടൈംസിണ്റ്റെ തലപ്പത്ത് ഒരു മലയാളിയായിരുന്നു എന്ന് എത്ര പേറ് ഓര്‍ക്കുന്നുണ്ടാകും? ശ്രീ. കെ.എസ്.കെ. മേനോണ്റ്റെ പത്രാധിപത്യത്തിലായിരുന്നു നവ്ഹിന്ദ് ടൈംസ് ഏറെക്കാലം. അക്കാലത്ത് ഗോവയിലെ ആകാശവാണിയുടെ ഡയറക്റ്ററും വേറൊരു മേനോനായിരുന്നു! അന്നത്തെ അച്ചടിച്ചിട്ടകളെല്ലാം വേറെയായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. അച്ചുപെറുക്കിനിരത്തി അടിക്കുന്ന ട്രെഡില്‍ പ്രസ്സും ചിത്രങ്ങള്‍ക്ക് ഹാഫ്-ടോണ്‍ ബ്ളോക്കും വാര്‍ത്തകള്‍ക്കു ടെലിപ്രിണ്റ്ററും അച്ചടിക്കാന്‍ വൈക്കോല്‍കടലാസ്സും. കോട്ടിട്ട ഡെംപോവിണ്റ്റെ ഒരു പടമെങ്കിലുമില്ലാതെ പത്രമിറങ്ങിയിരുന്നില്ല. ഡെംപോവായാലും കെ.എസ്.കെ. മേനോനായാലും ഒരു കറുകറുത്തപാടിലൊതുങ്ങി വാര്‍ത്താചിത്രങ്ങള്‍. ഞങ്ങളുടെ അക്കാലങ്ങളിലെ തമാശയായിരുന്നു, ആ പത്രത്തിലെ ചിത്രങ്ങളെല്ലാം ഒരുപോലെയാണെന്ന്; ജന്മദിനാശംസ ആയാലും മരണവാര്‍ത്ത ആയാലും ഉദ്ഘാടനമായാലും ഉപചാരമായാലും. ചിത്രമൊന്നും ഒത്തില്ലെങ്കില്‍ ഇത്തിരി കറുത്ത മഷി മതിയെന്ന്. അന്നുണ്ടായിരുന്ന അച്ചടിത്തെറ്റുകള്‍ കൂടി അതേപടി വളരെ വെടുപ്പായി തുടരുന്നുണ്ട് ഇന്നും നവ്ഹിന്ദ് ടൈംസ്! ഇംഗ്ളീഷ് ഹെറാള്‍ഡിണ്റ്റെ ആദ്യകാല എഡിറ്ററും തെക്കേയിന്ത്യക്കാരനായിരുന്നു - ശ്രീ. രാജന് നാരായണ്‍. വളരെ സാഹസികമായിരുന്നു തുടക്കമെങ്കിലും വഴിക്കെങ്ങോ വഴുതിവീണു ആ പ്രതിഭാശാലി. ഗോവയില്‍ ഇന്നും പേരിനൊരു ആഴ്ചപ്പത്രത്തിണ്റ്റെ പത്രാധിപത്യത്തിലാണു പാവം. അദ്ദേഹത്തിണ്റ്റെ സമശീര്‍ഷനും നവ്ഹിന്ദ് ടൈംസിലെ സമകാലികനുമായിരുന്ന മറ്റൊരു തെക്കേയിന്‍ഡ്യക്കാരന്‍ ശ്രീ. മുതലിയാരും പത്രം വിട്ടു പോയി. ഇതിനകം ഒരുകാര്യം ശ്രദ്ധിച്ചിട്ടുണ്ടാകും; കൊങ്കണസ്ഥര്‍ക്കൊന്നും കൊങ്കണിപ്പത്രം വേണ്ട! ഇംഗ്ളീഷുപത്രം മതി, മറാഠിപ്പത്രം മതി. ദിനമണി, ദിനതന്തി, മുരശൊലി തുടങ്ങിയ തമിഴ്പത്രങ്ങളും ആന്ധ്രപ്രഭ, ഈ നാഡു തുടങ്ങിയ തെലുങ്കുപത്രങ്ങളും ഒരുപറ്റം കന്നഡപ്പത്രങ്ങളും മാതൃഭൂമി, മലയാള മനോരമ തുടങ്ങിയ മലയാളംപത്രങ്ങളും വന്നിറങ്ങുമ്പോഴും ഗോവക്കാര്‍ക്ക് സ്വന്തംഭാഷയിലൊരു പത്രംവായനയെന്ന ശീലമേയില്ല. എന്നാലോ റേഡിയോ അവര്‍ക്കൊരു ഹരമാണുതാനും. മറ്റേതിനേക്കാളും ഗോവക്കര്‍ക്കിഷ്ടം കൊങ്കണിപ്പാട്ടുകളോടുമാണ്. മലയാളികളെ പത്രം വായിക്കാന്‍ ആരും പഠിപ്പിക്കേണ്ടതില്ല എന്നാണു വയ്പ്. ഇന്നിപ്പോള്‍ പത്രത്തില്‍കവിഞ്ഞൊന്നും അവന് വായിക്കുന്നുമില്ല! കാലത്ത് എട്ടെട്ടരയ്ക്കകം ഒരു പേപ്പറെങ്കിലും മറിച്ചുനോക്കാത്ത മലയാളികള്‍ കുറവായിരിക്കും. ലോകത്തെവിടെയിരുന്നും ഇണ്റ്റര്‍നെറ്റിലൂടെ നാലഞ്ചു മലയാളം പ്രസിദ്ധീകരണങ്ങള്‍ വായിച്ചുതീര്‍ക്കുന്നവര്‍ പലരുണ്ടു താനും. ദേശീയപത്രം എന്നൊന്നേ ഇല്ലാതായിരിക്കുന്നു. ഉണ്ടായിരുന്നതെല്ലാം പ്രാദേശികപ്പതിപ്പുകളായി പെരുകുന്നു. മുംബൈയില്‍പോയാല്‍ ടൈംസ് ഓഫ് ഇന്‍ഡ്യയില്‍നിന്നോ ദില്ലിയില്‍പോയാല്‍ ഇന്‍ഡ്യന്‍ എക്സ്പ്രസ്സില്‍നിന്നോ ചെന്നൈയില്‍പോയാല്‍ ഹിന്ദുവില്‍നിന്നോ കേരളത്തെപ്പറ്റിയോ ഗോവയെപ്പറ്റിയോ ഉള്ള വാര്‍ത്തകളറിയാന്‍ ബുദ്ധിമുട്ടാണ്. മലയാളികള്‍ സധൈര്യം സ്വന്തംപത്രങ്ങള്‍ തുടങ്ങിയാണ് ഇതിനെ മറികടക്കുന്നത്. ഗോവയില്‍ വെറും അന്‍പതിനായിരം മലയാളികള്‍ക്കൊരു തനതു ദിനപ്പത്രം എന്തുകൊണ്ടും ഒരു അഭിമാനമാണ്. ഗോവ മലയാളി എന്ന മലയാളം പത്രം ഒരു കൌതുകമാണ്, അസൂയാവഹമായ നേട്ടമാണ്. മറ്റു ഭാഷാന്യൂനപക്ഷപ്പത്രങ്ങള്‍ ഒന്നുംതന്നെ ഇവിടെനിന്ന് പ്രസിദ്ധീകരിക്കുന്നതായി അറിവില്ല; കൊങ്കണിക്കുകൂടിയില്ല ഒന്നിലധികം, എന്നിട്ടല്ലേ! അതാണ് കേരളക്കാരും ഗോവക്കാരും തമ്മിലുള്ള അന്തരം. നവകാലബഹുജനമാധ്യമങ്ങളുടെ ബഹുസ്വരതയോ ബാഹുല്യമോ ബാഹ്യമോടിയോ ബലാബലമോ ബലാത്കാരമോ ബഹുരാഷ്ടീയതയോ, പരമ്പരാഗത സമ്പര്‍ക്കസംവിധാനങ്ങളായ പത്രങ്ങളെയോ അതിനുശേഷം വന്ന റേഡിയോവിനെയോ കാര്യമായി ബലഹീനപ്പെടുത്തിയിട്ടില്ല. മലയാളം സാക്ഷി.
Subscribe to:
Posts (Atom)
മൗനവ്രതം
മൗനവ്രതം (നാരായണസ്വാമി) പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...
-
എനിക്കു മനസ്സിലാകാത്ത ഒരുപാടു കാര്യങ്ങളുണ്ട് ലോകത്ത്. അതിലൊന്നാണ് വർണം , നിറം , കളർ എന്നെല്ലാം നമ്മൾ പറഞ്ഞുകൂട്ടുന്ന തൊലിപ്പുറസംഗതി. ...
-
അന്നെനിക്കു പതിനേഴോ പതിനെട്ടോ പ്രായം. മഹാരാജാസ് കോളേജിൽ മലയാളം ഐച്ഛികം ക്ളാസ്സ്. ഗുപ്തൻനായർസാർ ക്ളാസ്സു കത്തിച്ചുകയറുന്നു. ...
-
ഭാഷ പരസ്പരം സംവദിക്കാനാണ് ; മനുഷ്യനെ ഒന്നിപ്പിക്കാനാണ്. അല്ലാതെ ഭിന്നിപ്പിക്കാനോ ഛിന്നിപ്പിക്കാനോ അല്ല. നല്ലൊരുകാര്യം നാറ്റിച്ചൊര...