Sunday 9 April 2017

ഏകാങ്കവും ഏകാംഗവും

ആറിലും ഏഴിലുമൊക്കെ, മധു എന്നൊരു സഹപാഠിയുണ്ടായിരുന്നു എനിക്ക്‌.   ഇന്നത്തെ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയുമൊക്കെ ഒരു കട്ടും കെട്ടും മട്ടും ഉണ്ടായിരുന്നു മധുവിനന്നേ.   പഠിക്കാൻ മിടുക്കൻ.   അതിലും മിടുക്കൻ അഭിനയിക്കാൻ.   `മോണോ ആക്റ്റ്‌` എന്ന ഏകാംഗാഭിനയമായിരുന്നു കരുത്ത്‌.   ഒരു വേഷവും വേണ്ട, കഥയും വേണ്ട, കളരിയും വേണ്ട - ചുമ്മാതങ്ങു സ്റ്റേജിൽ കയറി കസറും.   ചിരിക്കും ചിരിപ്പിക്കും; കരയും കരയിപ്പിക്കും.   ആ കരച്ചിൽ ഒന്നു വേറെ.   അകലത്തിൽ കണ്ണുനട്ട്‌ മെല്ലെ തുടങ്ങും സംഭാഷണം.   അടിവെച്ചടിവെച്ച്‌ വാക്കുകൾ മുറുകുമ്പോൾ കണ്ണു തുടുക്കും.   പിന്നെപ്പിന്നെ കണ്ണീർ പൊടിയും.   ഇരുകണ്ണിൽനിന്നും കണ്ണീർപ്പുഴ ചാടും.
ഇതെങ്ങനെ ഒപ്പിക്കുന്നതെന്ന്‌ ഞാനവനോടു ചോദിച്ചിട്ടുണ്ട്‌.   ദൂരേക്കു കണ്ണുചിമ്മാതെ നോക്കുമ്പോൾ കണ്ണിൽ വെള്ളം കിനിയുമത്രേ.   അതോടൊപ്പം സങ്കടകരമായ കാര്യങ്ങൾ മനസ്സിൽ വിചാരിക്കുകയും അതനുസരിച്ച്‌ വാക്കുകൾ മെനയുകയും ചെയ്യുമ്പോൾ കണ്ണീരൊഴുകും.   പത്തുപന്ത്രണ്ടു വയസ്സുള്ള പീക്കിരിപ്പയ്യണാണിതെന്നോർക്കണം.
മാസത്തിലൊരിക്കലുണ്ടായിരുന്ന വെള്ളിയാഴ്ച മീറ്റിംഗുകളിൽ, അവനെക്കൊണ്ടൊരു ഏകാംഗാഭിനയം ചെയ്യിക്കാതിരിക്കില്ല ഞങ്ങളും അധ്യാപകരും.   മധു എവിടെ എന്ന്‌ ഇന്നെനിക്കറിയില്ല.   പിൽക്കാലത്ത്‌ മറ്റേ മധുവിനെ സിനിമയിൽ കാണുമ്പോഴെല്ലാം ഞാൻ ഈ മധുവിനെ ഓർക്കാറുണ്ട്‌.   ഒരുകാലത്ത്‌ ആ മധു തന്നെയോ ഈ മധു എന്നുപോലും വിഭ്രമിച്ചിട്ടുണ്ടു ഞാൻ.
അക്കാലത്താണ്‌ ഏകാങ്കനാടകവും ഏകാംഗനാടകവും തമ്മിലുള്ള വ്യത്യാസം മലയാളം ടീച്ചർ പറഞ്ഞുതന്നത്‌.
നാടകം ഒരു കൂട്ടുപ്രവർത്തനമാണ്‌.   ഓരോ അഭിനേതാവും വ്യത്യസ്തമായൊരു ഏകകമാണ്‌.   ആ ഏകകങ്ങൾ ഓരോരോ പ്രകൃതിയെ പ്രതിനിധാനം ചെയ്യുന്നു.   ഓരോരുത്തർക്കും ഒരു സ്ഥലവും കാലവും ചൊല്ലും കാഴ്ചയും രൂപവും ഭാവവും എല്ലാം  ചിട്ടപ്പെടുത്തിയിരിക്കും നാടകകാരൻ.    അഭിനേതാക്കളുടെ ഏകകങ്ങൾ കൂട്ടി ഓരോ രംഗവും ചമയ്ക്കപ്പെടുന്നു.   ആ രംഗങ്ങളുടെ സാർഥകവും സന്തുലിതവും സൗന്ദര്യാത്മകവുമായ  ഏകോപനമാണ്‌ നാടകം.   അവയുടെ കൂട്ടായ പരി:സ്ഫുരണം.
ഒരു നാടകത്തിൽ ഒരു രംഗം മുതൽ അനവധി രംഗങ്ങൾ വരെ ഉണ്ടാകാം.   ഒരു രംഗം മാത്രമുള്ള നാടകമാണല്ലോ ഏകാങ്കനാടകം.   ഒരു അംഗം മുതൽ നിരവധി അംഗങ്ങളുമാകാം.   ഒരു അംഗം മാത്രമുള്ള നാടകമാണല്ലോ ഏകാംഗനാടകം.   പല അംഗങ്ങളെയും പലരംഗങ്ങളെയും ഏകോപിപ്പിച്ച്‌ ഒരു അങ്കവുമാക്കാം.   ഒന്നിനുപിറകെ ഒന്നായി അങ്കങ്ങളുമാവാം ആവശ്യംപോലെ.
ഒരാൾക്ക്‌ ഓരോ നാടകത്തിലും ഓരോരോ പങ്കായിരിക്കും.   ഒരേ റോൾ എല്ലായ്പ്പോഴും കിട്ടിക്കൊള്ളണമെന്നില്ല.   അതിനാൽ ഒരുമാതിരിപ്പെട്ട എല്ലാ വേഷങ്ങളും കെട്ടിയാടാൻ കഴുവുണ്ടായിരിക്കണം നടന്‌.   പല റോളുകളും പല ഭാവങ്ങളും സ്വായത്തമാക്കിയിരിക്കണം അഭിനേതാക്കൾ.   അതിന്‌ ഏറ്റവും നല്ല കളരിയത്രേ ഏകാംഗനാടകം.
മോണോ ആക്റ്റ്‌ ഒട്ടും എളുപ്പമല്ല.   ഒരേമനുഷ്യൻ പലതായി പകർന്നാടാൻ കുറച്ചൊന്നും കഴിവു പോര.   അതും നാടകം പോലുള്ള അരങ്ങുകളിയിൽ.   ഒരു നിമിഷം പിഴയ്ക്കരുത്‌.   ഒന്നും ഒരു നിമിഷം നേർത്തെയാകരുത്‌; ഒന്നും ഒരുനിമിഷം വൈകിയുമാകരുത്‌.   കിറുകൃത്യമായിരിക്കണം സമയബോധം; അരങ്ങുബോധവും.    അഭിനയമോ, കൂടിയാലും കുറഞ്ഞാലും അരോചകമാവും.   പലപല കഥാപാത്രങ്ങളെ ഒരാൾതന്നെ കൈകാര്യം ചെയ്യുമ്പോൾ അവരുടെ സംഭാഷണങ്ങളും അതുപോലെ മാറ്റിച്ചൊല്ലണം.   ഒരുപക്ഷെ ഏറ്റവുമധികം വിഷമമുള്ള അഭിനയമാണ്‌ ഏകാംഗാഭിനയം.
മുഴുനീളനാടകങ്ങളേക്കാൾ മുറുക്കം ഏകാങ്കങ്ങൾക്കാണ്‌.   ഒരു ഏകാംഗനടന്‌ വേണ്ടിവരുന്നത്ര സമഗ്രതയും സമ്പുഷ്ടിയും സംവേദനക്ഷമതയും ഒരു ഏകാങ്കത്തിനും വേണ്ടിവരും.   പൂർണനാടകങ്ങൾക്ക്ക്ക് അവയൊന്നും വേണ്ടെന്നല്ല.  കാൻവാസ് വലുതാകുന്തോറും വര എളുപ്പമാകുമല്ലോ, വീടു വലുതാകുന്തോറും വാസസൗകര്യമേറുമല്ലോ - അതുപോലെ.
സമ്പൂർണനാടകം മുഴുനോവൽപോലെയാണെങ്കിൽ ഒറ്റ രംഗത്തിൽതീരുന്ന ഏകാങ്കനാടകം ചെറുകഥപോലെയാണ്‌.   ഏകാംഗനാടകമോ ഒരു മിനിക്കഥപോലെയും.
അഭിനയത്തിന്റെ അവസാനവാക്കാണ്‌ ഭാരതീയകലകളിൽ ഭരതൻ കൽപ്പിച്ചുവച്ചിട്ടുള്ളത്.   ഏകാംഗാഭിനയത്തിന്റെ പരകോടിയല്ലേ ഭരതനാട്യം?   കേരളത്തിന്റെ തനതു രംഗകലയായ കൂടിയാട്ടം നാടകത്തിന്റെ അങ്ങേത്തലയെ അടയാളപ്പെടുത്തുന്നു.   അഭിനയത്തിന്റെ അറ്റകയ്യാണ്‌ കഥകളി.   ഒരുതരത്തിൽ ചാക്യാർകൂത്ത് ഏകാങ്കനാടകമല്ലേ?   ഏകാംഗാഭിനയത്തിനുമില്ലേ നമുക്കുദാഹരണം - മോഹിനിയാട്ടം?
സാമൂഹ്യവും സാംസ്ക്കാരികവുമായ കാരണങ്ങളാൽ ക്ലാസ്സിക് കലകളെല്ലാം  ചരിത്രത്തിന്റെ ചുറ്റുമതിലുകൾക്കകത്ത് തളച്ചിടപ്പെട്ടു.   എങ്കിലും പിന്നത്തെ രാഷ്ട്രീയചലനങ്ങളും സാമൂഹ്യപരിവർത്തനങ്ങളും നാടകമെന്ന രംഗകലയുടെ ശക്തിസൗന്ദര്യങ്ങളെയും സംവേദനക്ഷമതയെയും തിരിച്ചറിഞ്ഞിരുന്നു.   നാടകശാലകൾ സിനിമാശാലകൾക്കു വഴിമാറി.   രാഷ്ട്രീയം കച്ചവടവും സമൂഹം പൊങ്ങച്ചസഞ്ചിയുമായപോൾ  അഭിനയത്തിനു വേറൊന്നും വേണ്ടെന്നായതാവാം.

ഏകാംഗാഭിനയം പരമാണുവാണെങ്കിൽ ഏകാങ്കനാടകം തന്മാത്രയാണ്‌; പൂർണനാടകം ഒരു രാസസംയുക്തവും.   ചങ്ങലപോലെ നീണ്ടുകിടക്കുന്ന ഒരു സിന്തെറ്റിക് പോളിമർ-ശ്രേണിയാകുന്നു സിനിമപോലുള്ള നവദൃശ്യമാതൃകകൾ.   ചുരുങ്ങിച്ചുരുങ്ങി നാനോരൂപത്തിലേക്കും, വികസിച്ചുവികസിച്ച്‌  മെഗാരൂപത്തിലേക്കും ഇനിയെത്ര വിന്യസിക്കും നാടകം എന്ന കലാരൂപം?

1 comment:

Unknown said...

സർ, രണ്ടു മതപുരോഹിതർ ഒരു മുറിയിൽ അകപ്പെടുകയും തുറന്നു കിടക്കുന്ന വാതിലിലൂടെ പുറത്തു കടക്കാം എന്നൊക്കെ പറഞ്ഞ് കലഹിച്ച്, ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഒരു കഥകളി രൂപമൊക്കെയുള്ള (ആകെ 3 കഥാപാത്രങ്ങൾ മാത്രം) ഒരു തനത് ഏകാങ്കമുണ്ട്.ഒരു അറ്റാക്ക് നുശേഷം നല്ല മറവിയുണ്ടെനിക്ക് 'അങ്ങേക്ക് അറിവുണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ, സാർ?
ഞാൻ അനിൽ .9446567987

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...