Thursday 6 April 2017

സത്യമപ്രിയം

എന്റെ അയൽപക്കത്ത്‌ ഒരാളുണ്ട്‌.   ജന്മംകൊണ്ടേ `ഡിപ്ളോമാറ്റ്‌` ആണെന്നാണ്‌ എന്റെ നിഗമനം.   നമുക്ക്‌ ആരോടെങ്കിലും കനപ്പിച്ചോ കറുപ്പിച്ചോ കടുപ്പിച്ചോ എന്തെങ്കിലും പറയേണ്ടിവരുമ്പോൾ ആളങ്ങിടയിൽകേറി ഒരു `കാച്ചങ്ങാ` കാച്ചും:  പ്യാർ സേ കഹോ....., പ്യാർ സേ, പ്യാർ സേ”.   നമ്മളങ്ങു നിന്നു ചമ്മും, അപരന്റെ മുന്നിൽ.

സത്യം പറയണം എന്നൊന്നും വലിയ നിർബന്ധമില്ല കക്ഷിക്ക്‌.   എന്നാലും, നമ്മളെന്തുപറഞ്ഞാലും തിരിച്ചൊരു ചോദ്യമുണ്ട്‌: സച്ചീ?”   പരമസത്യമാണെന്ന് ആണയിട്ടാലും ആവർത്തിക്കും, “സച്ചീ?”   നമ്മളാണെങ്കിൽ സത്യമല്ലാതെ മറ്റൊന്നും പറയാത്തവരല്ലേ.   എല്ലാം നുണയാണെന്നങ്ങു സമ്മതിച്ചുകൊടുക്കാൻ തോന്നും.    അല്ലെങ്കിലും രാജാക്കൻമാർ എന്നുമെന്നും നഗ്നരല്ലേ.

സത്യത്തെപ്രതി അന്തിച്ചർച്ച ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.   ഇത്രമാത്രം അസത്യങ്ങൾ പ്രചരിപ്പിക്കപ്പെട്ട വേറൊരു സത്യമില്ല.   ദൈവം സത്യം.

`സത്യം ബ്രൂയാത്‌` എന്ന്‌ സദ്ഗുരുക്കൾ.   (ഓക്കെ.   ആർക്കാണ്‌ സത്യം പറയണ്ട എന്നു മോഹം?)   അതോടൊപ്പം, `പ്രിയം ബ്രൂയാത്‌` എന്നും സദുപദേശം.   (അതും ഓക്കെ.   ആർക്കാണ്‌ പ്രിയപ്പെട്ടകാര്യങ്ങൾ പറയരുതെന്നു വാശി?)   എന്നാലോ ആ രണ്ടും - സത്യവും പ്രിയവും - ലക്ഷ്മീസരസ്വതിമാരെപ്പോലെയാണെന്നതാണു വാസ്തവം.   അന്യോന്യം കൂട്ടിയാലങ്ങു കൂടില്ല തന്നെ.   എന്നാലോ അവയെ അങ്ങു രണ്ടിടത്തായി മാറ്റിനിർത്താം എന്നു നിരീച്ചാലോ?   അതും വയ്യേനും.

അതും പോരാഞ്ഞ്, അപ്രിയസത്യം വിളിച്ചുപറയരുതത്രേ.   നിത്യകലഹം ഫലശ്രുതി.  കുന്തിക്കതറിയാം, പാഞ്ചാലിക്കറിയാം, സീതയ്ക്കറിയാം, കണ്ണകിക്കറിയാം.   കണ്ണനറിയാം, കർണ്ണനറിയാം.

കള്ളക്കഴുവേറികൾക്കുമതറിയാം.

എന്നാൽ അവർക്കൊന്നുകൂടി അറിയാമായിരുന്നു:  നാസത്യം ച പ്രിയം ബ്രൂയാത്‌എന്നത്‌.   സുഖിപ്പിക്കാൻവേണ്ടിമാത്രം അസത്യം പറഞ്ഞു നടക്കരുതെന്ന്‌.   അതു നമ്മൾ സൗകര്യപൂർവം മറന്നു.

അപ്രിയമായ സത്യം നല്ല മൂത്ത മുഴുപ്പൻ നെല്ലിക്കപോലെയാണ്‌.   ആദ്യം കയ്ക്കും; പിന്നെയിനിക്കും.    വെള്ളംകുടിക്കേണ്ടിവരും എന്നു മാത്രം.    അതിനാൽ പ്രിയമായ നുണയ്ക്കാണ്‌ ഇപ്പോൾ മാർക്കറ്റ്.   അടുത്തിടെ ഒരു ഫെയ്സ്-ബുക്ക്’-സുഹൃത്ത് (വിശ്വപ്രഭ)എഴുതിയതുപോലെ, ഹിതമായ സത്യം പലപ്പോഴും അവിശ്വസനീയവുമായിരിക്കും!

ചിലരുണ്ട്‌, സത്യം മാത്രമേ പറയൂ എന്നു സത്യം ചെയ്യുന്നവർ.   തന്നെ കണ്ടാൽ കിണ്ണം കട്ടതായിത്തോന്നുമോ എന്നവർ ചോദിച്ചുകൊണ്ടേയിരിക്കുന്നതുപോലെ.   ഇനിയൊരുകൂട്ടരുണ്ട്‌.   അവർ വാ തുറന്നാലറിയാം വരാൻപോകുന്നതു പച്ചക്കള്ളങ്ങളാണെന്ന്‌.   `സത്യ`ത്തെ മറിച്ചിടുന്ന `മൈതാസ്‌` ആണവർ.   പേരു പറയുന്നില്ല.   മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ അരഡസൻ രാഷ്ട്രീയക്കാർ അവരാണെന്നു തോന്നുന്നെങ്കിൽ അതു യാദൃച്ഛികമല്ല.   എന്നാൽ ചിലരുണ്ട്‌.   അവരെന്തു സത്യം പറഞ്ഞാലും നുണയാണെന്നേ നമുക്കു തോന്നൂ.   പാവങ്ങളാണവർ.

പൊതുമണ്ഡലത്തിലെ കൊടും സ്ത്രീപക്ഷക്കാർ കാര്യമടുക്കുമ്പോൾ കൊടിയ സ്ത്രീവിരോധികളത്രേ.   മദ്യപാനികളത്രേ മദംപിടിച്ചു മാർച്ചുചെയ്ത്‌ മദ്യഷാപ്പുകളടയ്ക്കാൻ  ആവശ്യപ്പെടുക.   അഴിമതിക്കാരത്രേ അഴിമതിനിരോധനത്തിനായി ആവേശപ്പെടുക.   സദാചാരസേനക്കാർ അത്ര സന്മാർഗികളായി കണ്ടിട്ടില്ല; രാത്രി തലവഴി മുണ്ടിട്ടാണത്രേ അവരുടെ നൽനടപ്പ്‌.   ഇരട്ടവേഷം മനുഷ്യന്റെ കൂടപ്പിറപ്പത്രേ.

അതുകൊണ്ടാവാം നമുക്കൊക്കെ `കാര്യ`ത്തോടൊത്ത്‌ `കഥ`യും പഥ്യം (ഫാക്റ്റും ഫിൿഷനും).   കഥയാണല്ലോ ഏറ്റവും വലിയ കള്ളം.   കാര്യംമാത്രമായതു സയൻസും.   അതിനെപ്പിടിച്ച്‌ കഥയിൽ കുരുക്കി `സയൻസ്‌ ഫിൿഷൻ` എന്നൊരു സങ്കരജന്തുവിനെ നാം സൃഷ്ടിച്ചു.   യഥാർഥതയെയും അയഥാർഥതയെയും   വിളക്കിച്ചേർത്ത്‌ `വെർച്യുവൽ-റിയാലിറ്റി` എന്നൊരു വിചിത്രജന്തുവിനെയും പടച്ചുണ്ടാക്കി നമ്മൾ.

നടപ്പുരീതിയിൽ എപ്പോഴും സത്യം മാത്രം ജയിക്കുന്നതായി കാണുന്നുണ്ടോ?   സത്യം നിരന്തരം തോൽക്കുന്നതു കണ്ടിരിക്കുമ്പോഴും നാം `സത്യമേവ ജയതേ` കൊണ്ടുനടക്കുന്നു.   നൂറ്റൊന്നാവർത്തിച്ചു സത്യമാക്കിയ നുണയാണെമ്പാടും.   ബഡായിഎന്നോ പുളുഎന്നോ നാടൻഭാഷയിൽ പറയുന്ന നിരുപദ്രവമായ കൊച്ചുകൊച്ചു നുണകളൊന്നുമല്ല അവ.   നൂറ്റൊന്നു തവണ മുങ്ങിക്കുളിച്ചാലും വെളുപ്പിക്കാൻ പറ്റാത്ത നിറംപിടിപ്പിച്ച നുണകളാണവ.   വസന്തകാലേ സംപ്രാപ്തേ കാക കാക: പിക പിക:എന്നൊക്കെ ആത്മീയം പറഞ്ഞിരിക്കാം എന്നു മാത്രം.   നഗ്നസത്യവും പച്ചനുണയുമൊക്കെ ഒരോരോവഴിക്കു പായും.

സമൂഹമന:സാക്ഷിയുടെ സൂക്ഷിപ്പുകാരാവേണ്ട പൊതുമാധ്യമങ്ങൾ  പടച്ചുവിടുന്നതു പച്ചച്ചവറല്ലേ?   പൊതുജനങ്ങളെ കാര്യങ്ങളറിയിക്കുകയാണ്‌ പത്രധർമം.   അല്ലാതെ തെറ്റിദ്ധരിപ്പിക്കുകയല്ല.   അപ്രിയമെന്നപേരിൽ സത്യത്തെ മറയ്ക്കുകയോ പ്രിയമെന്നപേരിൽ അസത്യത്തെ അരിയിട്ടുവാഴിക്കുകയോ അല്ല.

സത്യം പറഞ്ഞാൽ പ്രിയമാകില്ല, പ്രിയം പറഞ്ഞാൽ സത്യമാകില്ല.   സത്യത്തിൽ വേറെന്തുണ്ടു വഴി?


No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...