Sunday 12 February 2017

പാട്ടിന്റെ പാലാഴി

എല്ലാ ശാസ്ത്രങ്ങളും ഗണിതത്തോടടുക്കുന്നു, എല്ലാ കലകളും സംഗീതത്തോടടുക്കുന്നു എന്നാണു പറയുക.   ശാസ്ത്രം വിചാരങ്ങളുടെ വിഹാരകേന്ദ്രമാകുന്നു.   സംഗീതം വികാരങ്ങളുടെ വിശ്രമസ്ഥാനമാകുന്നു.

ശാസ്ത്രം, ശബ്ദത്തെ കാണുന്നത് വെറും തരംഗമായി -  പ്രേഷണമാധ്യമത്തിലെ മർദ്ദത്തിന്റെ  അലയടിയായി.   അങ്ങേയറ്റം, ശാസ്ത്രം സംഗീതവീചികളെ വിവരിക്കുന്നത് സ്വരം (Pitch), ഉച്ചത (Loudness), ഇമ്പം (Melody) എന്നിവയുടെ അടിസ്ഥാനത്തിൽ.   രാഗത്തെ ഒരു സ്വരശ്രേണിയായി മാത്രവും താളത്തെ കാലഖണ്ഡമായി മാത്രവും.

എന്നാൽ സംഗീതമാകട്ടെ വെറും ശബ്ദമല്ല.   അതു ശ്രുതിനിബദ്ധമാണ്‌; സ്വരസമന്വിതമാണ്‌ താളലയബദ്ധമാണ്‌.   രാഗതാളലയങ്ങളെ നിർധരിക്കാൻ മനുഷ്യമസ്തിഷ്കത്തിനാകും.   അതിനാൽ ഭാവിയിൽ ഒരുപക്ഷെ കമ്പ്യൂട്ടറിനും അതിനു കഴിഞ്ഞേക്കാം.   പല സിന്തെറ്റിക്-ഈണങ്ങളും ഇന്നുപയോഗത്തിലുണ്ടല്ലോ, സിനിമയിലും മറ്റും.

എങ്കിലും മനുഷ്യമസ്തിഷ്കത്തിന്‌ ഉൾക്കൊള്ളാൻ കഴിയുന്നതിലപ്പുറത്തൊരു തലം സംഗീതത്തിനുണ്ട്.   ആ വൈകാരികതലം യന്ത്രങ്ങൾക്ക് എന്നെങ്കിലും കരഗതമാകുമോ എന്നു സംശയം.   കാമറക്കാഴ്ചയും നേർക്കാഴ്ചയും തമ്മിലുള്ള അന്തരം പറഞ്ഞറിയിക്കേണ്ടല്ലോ.

ഒരു നാദം, ഒരു  സ്വരം, ഒരു രാഗം, ഒരു ഗാനം മനുഷ്യമനസ്സിനെ ത്രസിപ്പിക്കുന്ന രീതി അതിനിഗൂഢമാണ്‌, അതിഗഹനമാണ്‌, അത്യത്ഭുതമാണ്‌.   ഗാനത്തിന്റെ ഒരു മുകുളം വിചാരവികാരങ്ങളുടെ ഒരു പൂങ്കുലയായോ കൈത്തിരിയായോ പൂക്കുറ്റിയായോ മാലപ്പടക്കമായോ അഗ്നിപർവതമായോ പൊട്ടിവിടർന്നുവികസിച്ചേക്കാം.   ഓർമകളുടെ ഓളംവെട്ടലായിത്തുടങ്ങി, ജനിസ്മൃതികളുടെ തിരമാലകളായിരിക്കും തലതല്ലിത്തകർക്കുന്നതു പിന്നെ.

ഓരോ പാട്ടും ഒരനുഭവമാണ്‌, ഒരനുഭൂതിയാണ്‌.   തികച്ചും വ്യക്ത്യനുഭവവും വ്യക്ത്യനുഭൂതിയുമാണത്.   ഓരോ പാട്ടും കൈമാറിത്തരുന്നത് പലർക്കും പലതാവാം; പലസമയത്തും പലതാവാം.

ശുദ്ധശാസ്ത്രീയസംഗീതത്തിന്റെ കാര്യം അവിടെ നിൽക്കട്ടെ.   അതിസങ്കീർണമാണത്.   ഒരു ബാലമുരളീകൃഷ്ണക്കും യേശുദാസിനുമൊക്കെയേ അതിനെപ്പറ്റി പറയാനൊക്കൂ.

ജനപ്രിയഗാനങ്ങളുടെ തീരാസ്രോതസ്സാണ്‌ ചലച്ചിത്രങ്ങൾ.   ചിത്രം കണ്ടാലും കണ്ടില്ലെങ്കിലും ആയിരക്കണക്കിനു സിനിമാഗാനങ്ങൾ കാലദേശഭേദമെന്യേ, പ്രായഭേദമെന്യേ മനുഷ്യമനസ്സിനെ ഇളക്കിമറിച്ചിട്ടുണ്ട്.

യാതൊരു മുൻപരിചയവുമില്ലെങ്കിലും ടൈറ്റാനിക്എന്ന സിനിമയിലെ "Every night in my dreams I see you, I feel you..." എന്ന ഗാനം ആരുടെ മനസ്സിനെയും ഒന്നു ചലിപ്പിക്കും.   ശാസ്ത്രീയസംഗീതത്തിന്റെ പിൻബലമുള്ള സംഗീതശില്പങ്ങൾക്കെല്ലാം ഈ ശക്തിയുണ്ട്.   പണ്ടത്തെ ഒരു പാട്ടുണ്ട് തമിഴിൽ - മലർന്തും മലരാത പാതിമലർപോല വളരും വിഴിവണ്ണമേ...എന്നത് (കവി കണ്ണദാസന്റെ വരികൾക്ക് സംഗീതം വിശ്വനാഥൻ-രാമമൂർത്തി).   എവിടെയായാലും എപ്പോഴായാലും ഇന്നുമെന്റെ ഹൃദയത്തിലെ ഏതോ മൃദുലതന്ത്രികൾ ഇപ്പാട്ടുകേട്ടുണരുന്നു.   ഒരുപാടുപേർ ഈ ഗാനത്തിന്റെ ദിവ്യാനുഭൂതിയെപ്പറ്റി വിവരിച്ചിട്ടുണ്ട്.   അവസരമൊന്നൊത്തപ്പോൾ, പാട്ടെഴുത്തിന്റെ പ്രാമാണികനായ രവി മേനോനോട് ഞാനിക്കാര്യം എഴുതിച്ചോദിച്ചു.   അദ്ദേഹത്തിന്റെ മറുപടി ഒന്നല്ല, രണ്ടു സംശയങ്ങൾ ഒന്നിച്ചു തീർത്തുതന്നു.   ഒന്ന്, ശങ്കരാഭരണം എന്ന രാഗത്തിന്റെ സവിശേഷതയാണത്; രണ്ട് ടൈറ്റാനിക്ഗാനത്തിനും ശങ്കരാഭരണത്തിന്റെ സ്വരമാലികതന്നെയാണ്‌ അടിസ്ഥാനം.   വിശ്വപ്രകൃതിയുടെ മൂലാധാരമെന്നുകരുതപ്പെടുന്ന നടരാജനൃത്തംപോലെ, സ്ഥലകാലാതീതമായ വിശ്വരാഗമാവാം ശങ്കരാഭരണം.

ഒരു സായംസന്ധ്യയുടെ നൈർമല്യമാണ്‌ ആറ്റിനക്കരെയക്കരെ ആരാണോ, പൂത്തുനിക്കണ പൂമരമോ എന്നെ കാത്തുനിക്കണ പൈങ്കിളിയോ...എന്ന പാട്ട് എന്റെ മനസ്സിൽ നിറയ്ക്കുന്നത്.   അതിൽ അടുപ്പിൽ സ്നേഹത്തിൻ ചൂടുകാട്ടാൻ നീയുമാത്രം...എന്ന വരിയിലെത്തുമ്പോൾ ഏതു കഠിനഹൃദയവും അലിഞ്ഞുകളയും.   ഇതോടൊത്തുനിൽക്കുന്നു, “ശരറാന്തൽ തിരിതാഴ്ത്തി പകലിൻ കുടിലിൽ മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നു...”.

സന്ധ്യയുടെ മറ്റൊരു ഭാവം കാട്ടിത്തരുന്നു, “ഹരിനാമകീർത്തനം പാടാനുണരൂ അരയാൽക്കുരുവികളേ, ശംഖുവിളിക്കൂ ശംഖുവിളിക്കൂ അമ്പലമയിലുകളേ...എന്ന പാട്ട്.   നനഞ്ഞ സന്ധ്യയുടെ വേരൊരു മുഖമാണ്‌, “മാനത്തിൻ മുറ്റത്ത് മഴവില്ലാലഴകെട്ടും മധുമാസസന്ധ്യകളേ...എന്ന ഗാനത്തിന്‌.

സ്കൂളിൽപഠിക്കുമ്പോൾ ടെലിവിഷൻ (അതൊരു സി.സി.ടി.വി. ആയിരുന്നു) കാട്ടിത്തരാൻ ഞങ്ങളെ എറണാകുളത്തേക്കുകൊണ്ടുപോയി അധ്യാപകർ (1962 ആണെന്നുതോന്നുന്നു).   സ്റ്റേജിൽ ഒരു സ്ത്രീ നൃത്തംവയ്ക്കും (ചക്കരപ്പന്തലിൽ തേൻമഴ ചൊരിയും ചക്രവർത്തികുമാരാ...”, അതു സ്ക്രീനിൽ കാണും!   എന്തതിശയമേ!

പത്താംക്ളാസ്സിലെ അവസാനദിവസം കൈവിരലിലെണ്ണാവുന്ന കൂട്ടുകാരോടൊത്ത് വീട്ടിലേക്കു പോരുമ്പോൾ കേട്ട പാട്ടായിരുന്നു, “പറവകളായ് പിറന്നിരുന്നെങ്കിൽ ചിറകുരുമ്മി ചിറകുരുമ്മി പറന്നേനെ, നമ്മൾ പറന്നേനെ...”.   ഇന്ത്യ-ചൈന യുദ്ധകാലത്ത് പൊതുജനങ്ങളുടെ സഹായസഹകരണങ്ങൾ ആവശ്യപ്പെട്ടുകൊണ്ട്, ഞങ്ങളുടെ നാട്ടിൽ സർക്കാർവക പ്രചരണവാഹനത്തിൽ പാടിച്ചുനടന്നിരുന്ന പാട്ടായിരുന്നു, “അയ്യപ്പൻകാവിലമ്മേ, ആയുസ്സു കുഞ്ഞിനു തരണേ...“.   ആ പാട്ടുകേൾക്കുമ്പോൾ അതിർത്തിയിൽ മരിച്ചുവീഴുന്ന ഭാരതീയഭടൻമാരെ ഓർമവരും.

ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലെ ചില ദുരിതങ്ങളെ തഴുകിയകറ്റിയത്, ”ശ്രാന്തമംബരം...“, ”അകലെയകലെ നീലാകാശം...“,  ”...എഴുതാൻ വൈകിയ ചിത്രകഥയിലെ ഏഴഴകുള്ളൊരു നായിക നീ...എത്ര സന്ധ്യകൾ ചാലിച്ചു ചാർത്തി ഇത്രയും അരുണിമ നിൻ കവിളിൽ, എത്ര കൃതന്തസമുദ്രം ചാർത്തി ഇത്രയും നീലിമ നിന്റെ കണ്ണിൽ...“, ”സുഖമൊരു ബിന്ദു, ദൂ:ഖമൊരു ബിന്ദു, ബിന്ദുവിൽനിന്നും ബിന്ദുവിലേക്കൊരു പെൻഡുലമാടുന്നൂ, ജീവിതം അതു ജീവിതം...എന്നെല്ലാമുള്ള വരികൾ.

കോളേജിലെ പഠനയാത്രയോടനുബന്ധിച്ച് കളമശ്ശേരിയിലെ എച്ച്.എം.ടി. ഫാക്റ്ററിക്കകത്തുകടക്കാൻ കാത്തിരിക്കുമ്പോൾ എവിടെനിന്നോ ഒഴുകിയെത്തി, ”യമുനേ, യമുനേ, പ്രേമയമുനേ, യദുകുലരതിദേവനെവിടെ എവിടെ, യദുകുലരതിദേവനെവിടെ...നീ തൂകുമനുരാഗനവരംഗഗംഗയിൽ നീന്താതിരിക്കുമോ കണ്ണൻ...“.    കളമശ്ശേരി കടക്കുമ്പോൾ ഇതു ഞാനോർക്കും, എച്ച്.എം.ടി. ഇന്നില്ലെങ്കിലും.

ആലുവാപ്പുഴ കാണുമ്പോൾ ആരാണു മൂളാത്തത്, ”ആയിരം പാദസരങ്ങൾ കിലുങ്ങി, ആലുവാപ്പുഴ പിന്നെയുമൊഴുകി...എന്ന്?   ”ഈ നിലാവും ഈ കുളിർ കാറ്റും ഈ പളുങ്കു കൽപ്പടവുകളും“  ഓടിയെത്തും ഓർമകളിൽ!

ഒരു നാടൻസർക്കസ്സിന്റെ സ്മൃതി, കൂടാരത്തിൽനിന്നു വീണ്ടുംവീണ്ടും പാടിച്ച  ദേവി ശ്രീദേവി ഓടിവരുന്നൂ ഞാൻ, നിൻ ദേവാലയവാതിൽ തേടിവരുന്നു ഞാൻ...എന്ന പാട്ടിൽ കുടുങ്ങിക്കിടക്കുന്നു.   അതോടൊപ്പം ചെത്തിമന്താരംതുളസിപിച്ചകമാലകൾ ചാർത്തി...എന്നതും.

യൗവനത്തിന്റെ ഇക്കിളികൾ ഇന്നെന്റെയിണക്കിളിക്കെന്തുവേണം, എന്തുവേണം ഇനിയെന്തുവേണം... ഈ രാത്രി വെളുക്കാതിരിക്കേണംഎന്ന വരികളിൽ മുഴങ്ങി.   അക്കാലത്ത് പല വ്രണിത ഹൃദയങ്ങളും പാടിനടന്നിരിക്കണം, “കുരുത്തോലപ്പെരുന്നാളിനു പള്ളിയിൽ പോയ് വരും കുഞ്ഞാറ്റക്കുരുവികളേ,... കണ്ണീരും കയ്യുമായ് നാട്ടിൻപുറത്തൊരു കല്യാണം നിങ്ങൾക്കു കാണാം...എന്നോ, “മുൾക്കിരീടമിതെന്തിനു നൽകി സ്വർഗസ്ഥനായ പിതാവേ...എന്നും! 

അനുഭൂതികളുടെ കലവറ നിറച്ച ഒരു ഗാനമായിരുന്നു സംഗമം സംഗമം ത്രിവേണീസംഗമം...”.   ഒരു അമ്പലപ്പറമ്പിൽ അർധരാത്രിക്കുകേട്ട ഓംകാരം ഓംകാരം ആദിമമന്ത്രം അനശ്വരമന്ത്രം നാദബ്രഹ്മബീജാക്ഷരമന്ത്രം...”, സ്ഥലംകൊണ്ടും സമയംകൊണ്ടും പ്രായംകൊണ്ടും മനസ്സിലേക്കിറങ്ങിയതാണെന്റെ.   അതുപോലെതന്നെ, “ഗോപുരക്കിളിവാതിലിൽ നിന്റെ നൂപുരധ്വനി കേട്ടനാൾ...”.

കോളേജിലെ ആദ്യവർഷത്തെയാണ്‌ അല്ലിയാമ്പൽ കടവിലന്നരയ്ക്കുവെള്ളം...ഓർമപ്പെടുത്തുന്നത്; ആദ്യത്തെ പരീക്ഷയെഴുതുന്നതാണ്‌, “കാണാപ്പൂമീനിനു പോകണ തോണിക്കാരാ...ഓർമപ്പെടുത്തുന്നത്.   ആകാശവാണിയിൽ പ്രാണനാഥനെനിക്കുനൽകിയ പരമാനന്ദരസത്തെ...എന്ന ഗാനം നിരോധിക്കാൻ ശുപാർശചെയ്ത സമിതിയിലംഗമായിരുന്നു ഒരേസമയം പുരോഗമനവാദിയും യാഥാസ്ഥിതികനുമായിരുന്ന  പ്രൊഫ. ഗുപ്തൻനായർ; എന്റെ അധ്യാപകൻ.

ഒരു കോളേജ്-കലോത്സവത്തിന്റെ ഓർമ പേറുന്നു, “കാട്ടിലെ പാഴ്മുളംതണ്ടിൽനിന്നും പാട്ടിന്റെ പാലാഴി തീർത്തവളേ...”.

മലയാളത്തിലേ എക്കാലത്തെയും മികച്ച ശോകഗാനമാണ്‌, “ദു:ഖമേ നിനക്കു പുലർകാലവന്ദനം, കാലമേ നിനക്കഭിനന്ദനം...”.   ആകാശവാണിയുടെ ആലപ്പുഴനിലയം ഉദ്ഘാടനംചെയ്ത ദിവസം ഞാനിത് ഗോവയിലിരുന്നു കേട്ടു.

1976-ലോ മറ്റോ, ഒറ്റയാനും വൃദ്ധനും സഹപ്രവർത്തകനായിരുന്ന ഒരാളുടെ  ബാംഗളൂരിലെ പാർപ്പിടത്തിൽവച്ചു  കേട്ടു, “ആത്മവിദ്യാലയമേ...”.   അദ്ദേഹമിന്നില്ല, എങ്കിലും ആ പാട്ട് ഇന്നുമുണ്ട് അദ്ദേഹത്തോടൊപ്പം എന്നിൽ.

എറണാകുളത്തും ഗോവയിലും മുംബൈയിലുമെല്ലാം ആദ്യമായി പോയപ്പോൾ കേട്ട പാട്ടുകൾ മനസ്സിൽനിന്നു മാഞ്ഞിട്ടില്ല പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും.   വേറെ പലതും മറന്നെങ്കിലും.


അതാണ്‌ പാട്ടിന്റെ ശക്തി - പാടാത്തവീണയും പാടും”!

1 comment:

Sangelo said...

എക്കാലത്തും എനിക്ക് പ്രിയപ്പെട്ടത് ചന്ദ്രകളഭം തന്നെ. ഏത് തത്രപ്പാടിനിടയിലും ജീവിതത്തിലേയ്ക്ക് വലിച്ചടുപ്പിക്കുന്ന ആ ഗാനം

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...