Sunday 5 February 2017

സന്ദർഭം വ്യക്തമാക്കി ആശയം വിശദീകരിക്കുമ്പോൾ

പണ്ടൊക്കെ മലയാളംപരീക്ഷയ്ക്ക് ചോദ്യക്കടലാസ്സിൽ ഒഴിച്ചുകൂടാൻ കഴിയാത്തതായിരുന്നു, ‘സന്ദർഭം വ്യക്തമാക്കി ആശയം വിശദീകരിക്കുകഎന്നത്.   ഇംഗ്ളീഷിനും അതുണ്ടായിരുന്നു എന്നാണോർമ ('Explain with reference to the context').   പദ്യങ്ങൾക്കാണ്‌ പ്രത്യേകിച്ചിത്തരം ചോദ്യങ്ങൾ.    അമ്പുകൊള്ളാത്തവരില്ല കുരുക്കളിൽഎന്നോ, “ഹന്ത: സാധ്വി മധുരീകരിച്ചു നീ സ്വന്തമൃത്യു സുകുമാരചേതനേഎന്നോ ഒക്കെയായിരിക്കും കാവ്യഭാഗങ്ങൾ.   വൃത്തവും അലങ്കാരവും കവിയുടെ പേരുമെല്ലാം കൂടി തെറ്റാതെ എഴുതിയാൽ നല്ല മാർക്ക് നിശ്ചയം.   സംശയമുണ്ടെങ്കിലോ എഴുതാനും മിനക്കെടണ്ട.   കാണാപ്പാഠം പഠിക്കുകയേ വേണ്ട ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ.   ക്ളാസ്സിൽ ശ്രദ്ധിച്ചിരുന്നാൽമാത്രം സംഗതി ഒപ്പിക്കാം.

എന്നാലോ ഉപന്യാസമെഴുതുന്നതിന്‌ ആശയം വേണം, നല്ല ഭാഷ വേണം, അക്ഷരത്തെറ്റില്ലാതെ എഴുതണം, ആദിമധ്യാന്തങ്ങൾ ഒന്നിപ്പിക്കണം.   അതുപോലെ, ‘വിട്ടുപോയ ഭാഗം പൂരിപ്പിക്കാനുള്ള ചോദ്യങ്ങളാണെങ്കിൽ പാഠ്യഭാഗം മനസ്സിരുത്തി കാണാപ്പാഠം പഠിച്ചിരിക്കണം.   ഒറ്റവാക്കുചോദ്യങ്ങൾക്ക് കറക്കിക്കുത്തുകൂടി പറ്റില്ല.   വ്യാകരണത്തിനാണെങ്കിലോ കുത്തിയിരുന്നു തലപൊളിക്കണം.

ഇവയൊന്നും പണ്ടേ എനിക്കു പറഞ്ഞിട്ടുള്ളതായിരുന്നില്ല.   അതുകൊണ്ടെനിക്കിഷ്ടം ഈ സന്ദർഭാശയസംയുക്തത്തോടായിരുന്നു.   മറ്റൊന്ന്‌ ഒറ്റഖണ്ഡികയെഴുത്ത്.   അധികം വിയർക്കാതെ മാർക്കിങ്ങുപോരും.   കറക്കിക്കുത്തുചോദ്യങ്ങൾ ഭാഗ്യപരീക്ഷണമായിരുന്നു.   ഒത്താലൊത്തു; പൊട്ടിയാൽ പൊളിഞ്ഞു.   ഷോഡതിക്കാര്യങ്ങളിൽ ഷഡ്ഗവ്യമായിരുന്നതുകൊണ്ട് ഞാനെന്നും പൊളിഞ്ഞു.

പഠിക്കുന്നതിന്‌ അഭ്യാസ്എന്നാണു മറാഠിയിൽ.   ക്ളാസ്സിൽപഠിപ്പിച്ചത് വീട്ടിൽവന്ന് പഠിച്ചുറപ്പിക്കുന്നതിനാണ്‌ പൊതുവെ അഭ്യാസ്എന്നവർ പറയുന്നത്.   നമ്മുടെ ഗൃഹപാഠം, അല്ലെങ്കിൽ ഇന്നത്തെ ‘Home Work’.   കഠിനശ്രമമുണ്ട് അതിനു പിന്നിൽ എന്നാണു വ്യംഗ്യം.   നമ്മുടെ വിദ്യാഭ്യാസത്തിലുമുണ്ടല്ലോ അഭ്യാസം‘; അൽപം ആഭാസവും.  

ഹിന്ദി ആയിരുന്നു സ്കൂൾകാലത്ത് എന്റെ ബദ്ധശത്രു (ഇന്നും മറിച്ചാണെന്നല്ല).   ആ ഗോസായിഭാഷ എനിക്കു വഴങ്ങിയിരുന്നില്ല.   എന്റെമാത്രം കുരുത്തക്കേടായിരിക്കാം, അല്ലാതെ അധ്യാപകരെ കുറ്റം പറയരുതല്ലോ.   എങ്കിലും, ഏതാണിഷ്ടപ്പെട്ട വിഷയം എന്നു ചോദിച്ചപ്പോൾ അടുത്തിടെ ഒരു പീക്കിരിപ്പയ്യൻ പറഞ്ഞപോലെ, നല്ല അധ്യാപകരെടുക്കുന്ന വിഷയങ്ങളെല്ലാം എളുപ്പമായിരിക്കും, ഇഷ്ടപ്പെട്ടതുമായിരിക്കും.

പിന്നത്തെ ശത്രു ചരിത്രമെന്ന ഹിസ്റ്ററി.   അന്നത് സാമൂഹ്യപാഠങ്ങൾഎന്ന അവിയലിലായിരുന്നു.  ടിപ്പു സുൽത്താനും ഖിൽജിയും ഹ്യുയാൻ സാങ്ങും  പൃഥ്വിരാജും അക്ബറും ബാബറും ബുദ്ധനും മഹാവീരനും മാറിമാറി, സ്ഥലകാലവിവേചനമില്ലാതെ (ചരിത്രം എന്നാൽ സ്ഥലകാലവിവേചനമാണല്ലോ)എന്നെ വട്ടംകറക്കി.   ഉപ്പുസത്യാഗ്രഹമാണോ ആദ്യം, ശിപ്പായിലഹളയാണോ ആദ്യം എന്ന വിഭ്രാന്തിയിൽ ബ്രിട്ടീഷധിനിവേശവും സ്വാതന്ത്ര്യസമരവുമെല്ലാം അക്ഷരംപ്രതി തെറ്റി.   അക്ഷരങ്ങൾ ഒരുങ്ങിയാലും അക്കങ്ങൾ മെരുങ്ങില്ലായിരുന്നു എനിക്ക്.   വർഷക്കണക്കുകളെല്ലാം താറുമാറാകും.   ഇന്നുമതെ.   രൂപംശബ്ദം, രുചി, മണം ഇവയോർക്കുന്നതിൽ ഉസ്താദായ എനിക്ക് നമ്പറുകളൊന്നും മനസ്സിൽ തങ്ങില്ല; പേരും.   സ്വന്തം ജനനത്തിയതി തെറ്റിച്ചെഴുതുന്നവരുണ്ടോ ഈ ലോകത്ത്? - ഉണ്ട്; അതു ഞാനാകുന്നു.   പേരെന്തെന്നുചോദിച്ചാൽ പരുങ്ങിത്തുടങ്ങിയിട്ടില്ല ഇതുവരെ എന്നു മാത്രം.

അങ്ങനെ വാണരുളുമ്പോൾ അതിജീവനമൊന്നിനുവേണ്ടിമാത്രം ചരിത്രവിഷയത്തിൽ കുറച്ചൊരു കള്ളക്കളി കളിച്ചുനോക്കി ഞാൻ.   കൊല്ലവും പേരും സംഭവപരമ്പരകളുമൊന്നും ഓർത്തുവയ്ക്കാൻവയ്യാത്ത ഞാൻ,  “ചരിത്രത്തിൽ ഒരിക്കലും ഒളിമങ്ങാത്ത ആ സുവർണവർഷത്തിൽ, മനുഷ്യവർഗം ഒരിക്കലും മറക്കാനിടയില്ലാത്ത ആ മഹാസംഭവം നടന്നു.   തികച്ചും അസാധാരണമായ ഒരു യുഗസന്ധിയിലെ അതിപ്രധാനമായ ആ യുദ്ധത്തിൽ ആർതമ്മിലായിരുന്നു പൊരിഞ്ഞ പടവെട്ടെന്നും ആർ വിജയക്കൊടി നാട്ടിയെന്നെല്ലാമുള്ള വസ്തുതകൾ ചരിത്രത്തിന്റെ ചുവന്നതാളുകളിൽ ഇന്നും കാണാം.   ആ യുദ്ധത്തിന്റെ പരിണതഫലങ്ങളത്രേ പിന്നീടുനടന്ന സംഭവപരമ്പരകൾ.  അവയേതെന്ന് ഇവിടെ വിസ്തരിക്കുന്നത് അസംഗതമായിരിക്കും ഒരുപക്ഷെ...എന്ന മട്ടിൽ, പാനിപ്പത്ത് യുദ്ധവും കൊളച്ചൽ യുദ്ധവും ടിപ്പുവിന്റെ പടയോട്ടവുമെല്ലാം ഒരുപോലെ, കിറുകൃത്യമായി കൈകാര്യംചെയ്തു മിടുക്കനാവാൻ നോക്കി.   കോളേജിലെ ആദ്യവർഷത്തിൽതന്നെ, അന്നെന്റെ ചരിത്രാധ്യാപകനായിരുന്ന പ്രൊഫ. മാത്യു പൈലി (പിൽക്കാലത്തദ്ദേഹം കൊച്ചി മേയറായി) എന്റെ കള്ളപ്പണി കണ്ടുപിടിച്ചു കൈവിലങ്ങിട്ടതു വേറെ കാര്യം.

സയൻസ് സാമാന്യം പ്രയാസമില്ലാതെ പോന്നു.   ഗുരുക്കൻമാരുടെ ഗുരുത്വംകൊണ്ടായിരിക്കാം.   കണക്കു പക്ഷെ കണക്കായിരുന്നു.  തുടക്കത്തിൽ തകർത്തെങ്കിലും കോളേജിലെത്തിയപ്പോൾ കണക്കുതെറ്റി.   എങ്കിലും യശ:ശരീരനായ പ്രൊഫ. വൈരേലിൽ കരുണാകരമേനോന്റെ സദുപദേശത്തിൽ (അദ്ദേഹം അയൽക്കാരനായിരുന്നു) ചെയ്തതു ചെയ്തുചെയ്തഭ്യസിച്ചപ്പോൾ സംഗതി സുമാറായി.   അഭ്യാസിന്റെ ബലം.

വീട്ടുഭാഷ തമിഴായിരുന്നിട്ടുകൂടി, മലയാളം പച്ചവെള്ളംപോലെ ഒഴുകി എനിക്ക്.   അന്നൊക്കെ ഞങ്ങളുടെ  സമുദായക്കാരൊക്കെ സംസ്കൃതം ഉപഭാഷയായി തിരഞ്ഞടുത്തിരുന്നപ്പോൾ ഞാൻമാത്രം മലയാളമെടുത്തുപഠിച്ചു, മൊത്തം പതിനാലുവർഷം!  

ഭാഷ നന്നാകുന്നതു വായനയിലൂടെ മാത്രം.   എന്റെ ഇംഗ്ലീഷ് അങ്ങനെ നന്നായി.   പരീക്ഷകൾക്ക് നല്ല മാർക്കു കിട്ടി.   അതിന്റെ രഹസ്യം ഇതായിരുന്നു.   ഓരോ പാഠത്തിനും, എന്തു ചോദ്യംവന്നാലും ഉപയോഗിക്കാൻപാകത്തിൽ ഒരു ആദ്യവും ഒരു അവസാനവും  റെഡി-മെയ്ഡ് ആയി എഴുതിയുണ്ടാക്കി വച്ചിരുന്നു ഞാൻ.   അതൊരുമാതിരി കാണാപ്പാഠവുമാക്കും.   പരീക്ഷയ്ക്ക് ആ പാഠത്തിൽനിന്ന് എന്തുചോദ്യം വന്നാലും  അതെടുത്തങ്ങു കാച്ചും.   ചോദ്യവും സന്ദർഭവുമനുസരിച്ച് ഇടയ്ക്കുള്ളതു മാത്രം കുത്തിത്തിരുകിയാൽ മതിയാകും.     ഒരേ പാഠത്തിൽനിന്ന് രണ്ടു ചോദ്യങ്ങൾ വന്നാൽകുഴങ്ങും.   അതൊരു റിസ്ക് തന്നെയായിരുന്നു.
  
മലയാളം നന്നായുറച്ചത് പഠനമാധ്യമമായിരുന്നതുകൊണ്ടാകാം.   അതിലധികം എന്റെ അധ്യാപകരുടെ പ്രാഗൽഭ്യവും.   ഉപജീവനാർഥം ഇംഗ്ലീഷ് വശമാക്കാതെ നിവൃത്തിയില്ലായിരുന്നു.   പുറംനാട്ടിലെ പലപല ഇംഗ്ളീഷുകൾ കേട്ടപ്പോൾ, ‘എന്റെ ആംഗലം എത്ര സുന്ദരംഎന്നുവരെ തോന്നിയിട്ടുണ്ട്.   അതിനാൽ ഇന്നേവരെ ഉച്ചാരണമോ എഴുത്തോ മാറ്റിയിട്ടില്ല.   ഹിന്ദി വഴങ്ങിയത് വടക്കേ ഇന്ത്യയിലെ വറചട്ടിയിലിട്ട് വറത്തെടുക്കപ്പെട്ടപ്പോൾ.

സയൻസിലെ പ്രാക്റ്റിക്കൽപരീക്ഷകളിൽ ചില മഹാപാപി പരീക്ഷണങ്ങളുണ്ട്.   താപം, കാന്തികം എന്നിവയിലൊക്കെയാണ്‌ അത്തരം കാണാക്കിടങ്ങുകൾ.   അവയെങ്ങാനും പരീക്ഷയ്ക്കുകിട്ടിയാൽ പിന്നെ തുലഞ്ഞെന്നു തോന്നും.    എങ്കിലും അൽപം ദയ കാട്ടുന്ന പരീക്ഷകരുണ്ടായിരുന്നു, സർക്കാർ ടീച്ചർമാർ.   സ്വകാര്യകോളേജ് പരീക്ഷകരുടെ പീഡനം കുപ്രസിദ്ധവുമായിരുന്നു.   യൂണിവേർസിറ്റിയിൽ കണ്ണിന്റെ കാഴ്ച പ്രശ്നമായിപ്പോയതിനാൽ ഒരു ടീച്ചർ സഹായിച്ചതൊന്നുകൊണ്ടുമാത്രമാണ്‌ എനിക്കു കരകടക്കാൻ കഴിഞ്ഞത്.   ചെറുപ്പത്തിൽ അദ്ദേഹത്തിനും എന്റെപോലത്തെ പ്രശ്നമുണ്ടായിരുന്നത്രേ.

ഓരോ വിഷയത്തിനുമുണ്ട് ഓരോ പഠനരീതി.   രാഷ്ട്രമീമാസ പഠിക്കുന്നതുപോലെയല്ലല്ലോ സാമ്പത്തികശാസ്ത്രം പഠിക്കേണ്ടത്.   മലയാളം പോലെയല്ല ഇംഗ്ളീഷ് പഠിക്കേണ്ടത്.   അതുപോലെയല്ല തമിഴോ ഹിന്ദിയോ മറാഠിയോ കൊങ്കണിയോ ഫ്രെഞ്ചോ പോർത്തുഗീസൊ സ്പാനിഷോ എല്ലാം പഠിക്കേണ്ടത്.   ജീവശാസ്ത്രംപോലെയല്ല ഭൗതികശാസ്ത്രമോ രസതന്ത്രമോ.   ഭൗമശാസ്ത്രംപോലെയല്ല ഭാഷാശാസ്ത്രം.   കണക്കും ചരിത്രവും കമ്പ്യൂട്ടറും കലകളും ഒരേരീതിയിൽ പഠിച്ചെടുക്കുക വയ്യ.   ചിലതു കണ്ടുപഠിക്കണം, ചിലതു കൊണ്ടുപഠിക്കണം.  ചിലതു കേട്ടുപഠിക്കണം, വായിച്ചുപഠിക്കണം, എഴുതിപ്പഠിക്കണം, ചൊല്ലിപ്പഠിക്കണം, പാടിപ്പഠിക്കണം, ചെയ്തുപഠിക്കണം, നോക്കിപ്പഠിക്കണം, കാണാതെ പഠിക്കണം, ചിന്തിച്ചു പഠിക്കണം.   ഒരു വിഷയത്തിന്റെ പഠനവിധി മനസ്സിലാക്കിക്കഴിഞ്ഞാലോ സംഗതി എളുപ്പം.   സന്ദർഭം വ്യക്തമായറിഞ്ഞ് ആശയം വിശദമായാൽ അരപ്പണി കഴിഞ്ഞുകിട്ടും.   പിന്നെല്ലാം പച്ചവെള്ളംപോലെ.

നമുക്കുമോരോ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും കാണും.   കാണണം.   അതനുസരിച്ചു പഠിക്കുക.   കുറച്ചു പഠിക്കുക, നന്നായി പഠിക്കുക.   പഠിക്കാൻ ഒരുപാടുണ്ട് ഇനിയും.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...