Monday 27 February 2017

തേങ്ങാക്കുല!

വല്ലവനും വല്ലതും പറഞ്ഞുവച്ചാൽ പുച്ഛിച്ചുതള്ളാൻ പണ്ടത്തെ ഒരു പ്രയോഗമായിരുന്നു, ‘തേങ്ങാക്കുല!’ അതുപോലെ, കാര്യസിദ്ധിക്കൊന്നുമില്ലാത്തതിനെ ‘തെങ്ങിന്റെ മൂട്’ എന്നും എഴുതിത്തള്ളും. ‘മോങ്ങാനിരുന്ന നായുടെ തലയിൽ തേങ്ങ വീണതുപോലെ’ എന്നുമുണ്ടു പരിഹാസം. കേരം വിളയും കേരളനാട്ടിൽ, ‘തെങ്ങു ചതിക്കില്ല’ എന്നും പറഞ്ഞുവരുന്നു.
കൽപവൃക്ഷമാണത്രേ തെങ്ങ്. ഐശ്വര്യത്തിന്റെ പ്രതീകവും. അടിമുതൽ മുടിവരെ അക്ഷരാർഥത്തിൽ തന്നെ ഉപയോഗയോഗ്യമാണ്‌ തെങ്ങ്. ഏതാനും തെങ്ങുണ്ടെങ്കിൽ ഒരുമാതിരിയൊക്കെ ജീവിച്ചുപോകാമായിരുന്നു. അതൊരു കാലം. തെങ്ങുകൃഷിയും തെങ്ങുകയറ്റവും കൊപ്രവെട്ടലും എണ്ണയാട്ടലുമെല്ലാം ഒരു ആവശ്യവും ആചാരവും അനുഷ്ഠാനവും കലയും കർത്തവ്യവുമായിരുന്നൊരു കാലം.
കാൽപനികതയും ഗാംഭീര്യവും പ്രായോഗികതയും ഒന്നിച്ചുകാണാം കല്പതരുവിൽ. പശുവിന്റെ ശാന്തതപോലെ, നിലാവിന്റെ ശാലീനതപോലെ, സന്ധ്യയുടെ ചാരുതപോലെ, പൂവിതളിന്റെ സ്നിഗ്ദ്ധതപോലെ, പിഞ്ചുകുഞ്ഞിന്റെ പുഞ്ചിരിപോലെ അധികമായെന്നാരും പറയില്ല തെങ്ങിനെപ്പറ്റിയെന്തും. ‘കുട്ടിക്കളി’തൊട്ട് ‘കുലമുറിക്കുറ്റം’വരെ തെങ്ങിന്റെ കൺവട്ടത്തു നടന്നു. അതിലൊന്നും ആടിവീഴാതെ, ഔന്നത്യത്തിലും അടിമണ്ണിളകാതെ ആജീവനാന്തം അന്യർക്കുവേണ്ടി അർപ്പിക്കപ്പെട്ടതാണ്‌ ആ വൃക്ഷജീവിതം.
ഇത്രമാത്രം ഭാഗങ്ങളും അവയ്ക്കോരോ പേരും അവയ്ക്കോരോ ഉപയോഗവുമുള്ള മറ്റൊരു മരം നമുക്കില്ല. അടിയിൽ വേര്‌, അതിൽതന്നെ തായ് വേരും ചെറുവേരുകളും. പിന്നെ തടി. തലയിൽ മടൽ. മടലിൽ ഓല. ഓലയിൽ ഈർക്കിൽ. മണ്ടയിൽ കുരുത്തോല, ചൊട്ട, പൂക്കുല, കോഞ്ഞാട്ട (കുലഞ്ഞാട്ട), മച്ചിങ്ങ (കൊച്ചങ്ങ/മന്നങ്ങ/വെള്ളയ്ക്ക), കൊതുമ്പ് (പൊതുമ്പ്), തേങ്ങ. തേങ്ങക്കു തൊണ്ട്, ചകിരി, ചിരട്ട, കണ്ണ്‌, കാമ്പ്, വെള്ളം.
വേരു കത്തിക്കാം. തടി മരപ്പണിക്ക് - പാലം, കടവ്, പുളിമുട്ട്, കുറ്റി, പലക, കഴുക്കോൽ, അഴി, കട്ടിൽ, എന്നിവയ്ക്കെല്ലാം. മടലും കൊതുമ്പും കോഞ്ഞാട്ടയും ഓലയും കത്തിക്കാൻ. കവിളമടലിൽനിന്ന് വഴുക വെട്ടിയെടുക്കും. പട്ട ആനയ്ക്കാഹാരം. ഓല മെടഞ്ഞാൽ മറയായി. ഓലപ്പീപ്പിയുണ്ടാക്കാം, ഓലപ്പാമ്പുണ്ടാക്കാം, ഓലക്കണ്ണടയുണ്ടാക്കാം, ഓലത്തൊപ്പിയുണ്ടാക്കാം, ഓലക്കാറ്റാടിയുണ്ടാക്കാം, ഓലപ്പായുണ്ടാക്കാം, ഓലപ്പടക്കമുണ്ടാക്കാം. ഈർക്കിൽ ചൂലിന്‌, ചൂണ്ടയ്ക്ക്, ചുട്ട അടിക്ക്; കുത്തുകമ്പിയാക്കാം; കഞ്ഞിക്കു പ്ളാവില നെയ്യാം; നാക്കുവടിക്കാം. തെങ്ങിൻകൂമ്പിൽ കള്ളുവെട്ടാം, നീരയൂറ്റാം. പൂക്കുല ഐശ്വര്യത്തിന്‌ നിറപറയിൽ കുത്തിനിർത്താം, ആരോഗ്യത്തിനു മരുന്നാക്കാം. കുരുത്തോല അലങ്കാരത്തിനും ആരാധനയ്ക്കും. മച്ചിങ്ങ കൊണ്ടെറിയാം, പന്തുകളിക്കാം, ഒരെണ്ണം ഈർക്കിലിൽ കൊരുത്ത് വാണമുണ്ടാക്കാം, രണ്ടെണ്ണം ചേർത്ത് വണ്ടിയുണ്ടാക്കാം, ഒരുപാടെണ്ണം ചേർത്ത് തേരുണ്ടാക്കാം.
തേങ്ങയാണു പരമപ്രധാനം. ‘ശ്രീഫല’മെന്നേ പറയൂ പ്രാചീനർ. തൊണ്ടു കത്തിക്കാം, തൊണ്ടു ചീയിച്ച് ചകിരിയുണ്ടാക്കാം, ചകിരി പിരിച്ച് കയറുണ്ടാക്കാം. ചകിരിച്ചോറ്‌ വളമാണ്‌. ചിരട്ട കത്തിക്കാൻ, കരിയുണ്ടാക്കാൻ, കയിലുണ്ടാക്കാൻ, കലാവസ്തുക്കളുണ്ടാക്കാൻ. കാമ്പ് കറിക്ക്, കൊപ്രയ്ക്ക്, എണ്ണയ്ക്ക്. വെള്ളം, കുടിക്കാൻ; മരുന്നിനും മന്ത്രത്തിനും. തേങ്ങക്കകത്ത് ചിലപ്പോൾ ‘പൊങ്ങ്’ കാണും. കൂട്ടികൾ അതു തിന്നാൻ കടിപിടികൂടും; മുതിർന്നവരും. കൊട്ടത്തേങ്ങയും കുരുട്ടുതേങ്ങയും വാട്ടത്തേങ്ങയും പൊട്ടത്തേങ്ങപോലും വെറുതെ കളയില്ല കേരളീയർ.
തെങ്ങ് നാടനാണെന്നും അല്ല വിദേശിയാണെന്നും പക്ഷമുണ്ട്. നല്ല നീർവാർച്ചയും സൂര്യപ്രകാശവും മിതോഷ്ണവുമുള്ള പ്രദേശങ്ങളിലാണ്‌ കേരസമൃദ്ധി കാണുന്നത്. സത്യം പറഞ്ഞാൽ കേരളത്തോടൊപ്പമോ അതിലധികമോ തെങ്ങുള്ള പ്രദേശങ്ങളുമുണ്ട്. ഗോവയിലും ലക്ഷദ്വീപിലും തെങ്ങു തിങ്ങിനിൽക്കുന്നു. കരീബിയൻരാജ്യങ്ങളിൽ തെങ്ങിൽ കയറി തേങ്ങയിടാൻ കഴിയാത്തവിധമാണ്‌ വൃക്ഷനിബിഡത. ഇന്ത്യാസമുദ്രത്തിലും ശാന്തസമുദ്രത്തിലുമുള്ള ദ്വീപരാജ്യങ്ങളിലുണ്ട് കേരസമൃദ്ധി. കേരളത്തിൽ വൈക്കത്തിനടുത്ത് ഇരട്ടത്തെങ്ങും ഇന്ത്യാസമുദ്രത്തിലെ മൗറീഷ്യസിൽ ഇരട്ടത്തേങ്ങയും കണ്ടിട്ടുണ്ടു ഞാൻ. ചെന്തെങ്ങും കിളിരം കുറഞ്ഞ തെങ്ങും നമുക്കു പരിചിതമാണ്‌.
തെങ്ങുകയറ്റം ഒരു കലയാണ്‌; കൊപ്രവെട്ട് ഒരു കൈവേലയും. ഇക്കാലത്ത് തേങ്ങയിടാൻ ആളില്ലത്രെ. എന്നാൽ യന്ത്രങ്ങളായി, ചവിട്ടിക്കേറ്റാവുന്നതും എഞ്ചിൻ വച്ചതും. തേങ്ങപൊതിക്കാനും കൊപ്രവെട്ടാനും കൊപ്രയുണക്കാനും കൊപ്രയാട്ടാനുമെല്ലാം യന്ത്രങ്ങളായി. തേങ്ങയേവേണ്ടാത്ത വെളിച്ചെണ്ണയുമായി വിപണിയിൽ!
എന്നെ ആശ്ചര്യപ്പെടുത്തിയ രണ്ടുകാര്യങ്ങളുണ്ട്. ഒന്ന്, എത്ര വളർന്ന തെങ്ങാണെങ്കിലും, ചാലുകീറി വടംകെട്ടി കുത്തനെ നിരക്കിനീക്കി സ്ഥലംമാറ്റിനടുന്ന ഭീകരൻ പണി. ഇന്നാരും അതുചെയ്തുകാണുന്നില്ല; അസൗകര്യമെങ്കിൽ തെങ്ങിനെയങ്ങോട്ട് വെട്ടിക്കളയുന്നേയുള്ളൂ. പണ്ടങ്ങിനെയായിരുന്നില്ല. ഒറ്റ തെങ്ങിനെയും നശിപ്പിച്ചിരുന്നില്ല. മാറ്റിനട്ട തെങ്ങ് രണ്ടുമൂന്നുവർഷം കായ്ഫലം തരില്ലെന്നും പഴമക്കാർക്കറിയാമായിരുന്നു. എന്നിട്ടുമവർ തെങ്ങിനെ നശിപ്പിച്ചിരുന്നില്ല.
രണ്ടാമത്തേത് ലക്ഷദ്വീപിലെ ഒരു കേരകർഷകന്റെ അനുഭവമാണ്‌. വേനലടുക്കുമ്പോൾ തെങ്ങിനു വെള്ളം നനയ്ക്കുക ഉൾനാടൻസമ്പ്രദായമാണല്ലോ. കടൽത്തീരപ്രദേശങ്ങളിൽ അതു പതിവില്ല. ആ മനുഷ്യൻ ജലക്ഷാമമുള്ള തെക്കൻതമിഴ്നാട്ടിൽ കേരകൃഷി തുടങ്ങിയപ്പോൾ ഒരു വിദ്യ പ്രയോഗിച്ചത്രേ. അധികമൊന്നും നനയ്ക്കാതെ, തെങ്ങിനെയങ്ങു പരുവപ്പെടുത്തിയെടുക്കുക. കുറെ കഴിയുമ്പോൾ തെങ്ങുകൾ താനെ തീരെ കുറഞ്ഞവെള്ളത്തിൽ വളർന്നു വലുതായി കായ്ക്കാൻ പ്രാപ്തമാകുമത്രേ.
ഏറ്റവും ഉയരംകൂടിയ വൃക്ഷമാണ്‌ തെങ്ങ്. അതിജീവനത്തിന്റെ അവസാനവാക്കാണ്‌ തെങ്ങ്. ഞെളിഞ്ഞും പിരിഞ്ഞും തിരിഞ്ഞും തൂങ്ങിയുമെല്ലാം സന്തുലിതാവസ്ഥ കൈവരിക്കാനുള്ള മിടുക്ക് അപാരമാണ്‌ തെങ്ങിന്‌. വെളിച്ചത്തിനുവേണ്ടിയും കാറ്റിനെതിരെയും തടിയെ സജ്ജമാക്കി ആർക്കുമൊരു അസൗകര്യവുമുണ്ടാക്കാതെ കുലച്ചു കായ് തരുന്ന മറ്റൊരു വൃക്ഷം കാണാൻ വിഷമമാണ്‌.
മനുഷ്യർക്കുമാത്രമല്ല മറ്റു പക്ഷിമൃഗാദികൾക്കും പ്രയോജനകരമാണ്‌ തെങ്ങ്. തുരപ്പനും മരംകൊത്തിയും ഉപ്പനും വാവലും ചെള്ളും വണ്ടും പുഴുവും കൂണും തെങ്ങിന്റെ ആവശ്യക്കാരാണ്‌. കിളികൾക്കുപോലും കൂടുകൂട്ടാൻ തെങ്ങോലത്തലപ്പുകൾ വേണം.
എന്നിട്ടുമെന്തേ ഗോവയിലെ സർക്കാർ തെങ്ങിനെ സംരക്ഷിതവർഗത്തിൽനിന്നു പറിച്ചുമാറ്റി? വാണിജ്യക്കുത്തകകൾ കച്ചവടാവശ്യങ്ങൾക്ക് ഭൂമി കയ്യേറിയപ്പോൾ കേരവൃക്ഷം തടസ്സമായിപോൽ. അവയെ പരക്കെ കൂട്ടത്തോടെ മുറിച്ചുമാറ്റാൻ വകുപ്പുണ്ടായിരുന്നില്ല ഗോവയിൽ. ഏതു വൃക്ഷം മുറിക്കണമെങ്കിലും വനംവകുപ്പിന്റെ അനുവാദം വേണമായിരുന്നു ഗോവയിലന്നോളം. അതു മറികടക്കാൻ തെങ്ങിനെ, വെട്ടിക്കളയാൻ അനുവാദമാവശ്യമില്ലാത്ത പുല്ലുവർഗത്തിലുൾപ്പെടുത്തിക്കൊടുത്തു നമ്മുടെ സംശുദ്ധരാഷ്ട്രീയക്കാർ.
“കൂട്ടിനിളംകിളി താമരപ്പൈങ്കിളി താനിരുന്നാടുന്ന പൊന്നോല” എന്നതൊക്കെ അവർക്ക് ‘തേങ്ങാക്കുല’, അല്ലെങ്കിൽ ‘തെങ്ങിന്റെ മൂട്’!

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...