Sunday 18 February 2018

പദ്യനാരായണം

[കള്ളക്കർക്കടകത്തിലെ രാമായണം കഴിഞ്ഞു; ഇനിയിത്തിരി നാരായണമാകട്ടെ, പഴയമട്ടിൽ പദ്യമായിത്തന്നെ.... പറയാൻ പൂർവസൂരികൾ പലപേരുണ്ട്; പ്രകൃതത്തിൽ  പേരെല്ലാം പരനാമങ്ങൾ.... പരാമർശം പൂർണമല്ലെന്നുമറിയാം.....]

വാക്കുകളെല്ലാം വെറും വാക്കുകളല്ലെന്നാലും
വഴിയേ പിറക്കുന്ന വാക്കുകൾ പോരെന്നാലും
വാരിധി തന്നിൽ തിരമാലകളെന്നപോലെ
വാഴുന്നോർ മെനഞ്ഞിട്ട മലയാളം മലപോലെ.

എങ്കിലോ തുഞ്ചൻപടുത്താമലത്തുഞ്ചത്തെന്നും
മന്ദമാരുതൻ മീട്ടി മാനുഷമഹാവാദ്യം.
ഓലക്കീർ മഹാഭാഷ്യം ഭാഷയ്ക്കു പരം നിത്യം,
പാരായണത്തിൻ പരകോടിയിലെന്നും സത്യം.

നാരായം നയിക്കുന്ന വാക്കുകൾ, വഴക്കങ്ങൾ,
നാരായണമെന്നേ ചൊല്ലുവേൻ കാലേ കാലേ.
നാരായത്തുമ്പിൻമൂർച്ച കൊണ്ടറിഞ്ഞവർക്കെല്ലാം
നാവിന്റെ വിലാസങ്ങൾ കൗതുകം പിന്നെപ്പിന്നെ.

കർക്കടംകഴിഞ്ഞാലും കൈരളീവിശേഷങ്ങൾ
രാമായണമെന്ന മട്ടിലോ ചൊല്ലീടേണ്ടൂ.
നാട്ടിലെ വിശേഷങ്ങൾ കാടടച്ചാരോപിപ്പോർ
ഏട്ടിലെപ്പശുക്കൾപോൽ കടലാസ്സുപുലികൾ‌താൻ.

 കുഞ്ചന്റെ കുറുമ്പുകൾ സഞ്ജയൻ കൊരുത്തപ്പോൾ
കുഞ്ഞിരാമൻമാർ കൂട്ടിൽകിടന്നൊന്നുറഞ്ഞാടി.
പരമേശൻ, നാരായണൻ, കൂട്ടായിക്കുമാരനും
കാവ്യദേവതയെക്കാത്തു കരുത്തുറ്റ കവിത്രയം.

പുഴകൾ കൂലംകുത്തിപ്പാഞ്ഞെത്തി പലവട്ടം,
പൂന്തെന്നലോ നാദബ്രഹ്മമായ്  ചിലവട്ടം,
കൊഞ്ചുന്ന മിഴാവിലു,മഞ്ചുന്ന കടുന്തുടി-
ക്കൊട്ടിലു,മിരമ്പുന്ന പഞ്ചവാദ്യത്തിലുമെല്ലാം.

സാനുക്കൾ കുതിച്ചേറി സുൽത്താന്റെ പടയോട്ടങ്ങൾ;
ഓടകൾ നികത്തിപ്പൊൻ വിളയിച്ചു ദേവാത്മാക്കൾ.
വാസുദേവനോ‌ പരാശക്തിയെന്നൊരു കാലം;
മുക്തിക്കോ മുകുന്ദൻ‌തൻ ഗോമണി മുഴക്കങ്ങൾ.

പരദേശത്തെപ്പുണർന്നായിരം പൂമൊട്ടുകൾ,
വിജയം കുറിച്ചിട്ട മന്ത്രങ്ങൾ, മഹാരഥർ.
കൂട്ടുനിൽക്കുവാൻ വിദ്വൽസംഘങ്ങൾ, സമരങ്ങൾ;
മാറ്റുകൂട്ടുവാൻ പെരും പേരുകൾ, പൊന്നാടകൾ.

ബാലകൃഷ്ണനായ് രാമകൃഷ്ണനായ് വിരിഞ്ഞെന്നും
രാധാകൃഷ്ണനും പിന്നെ,യാനന്ദപത്മങ്ങളും.
സേതുക്കൾ പണിഞ്ഞെത്തി സക്രിയർ, കുഞ്ഞൻമാരും;
സർവവും പൊളിച്ചോടി തിരുവില്ലൻ നാരായണൻ!

 കാക്കപ്പൊൻ‌കറുപ്പുള്ള കണ്ണടവച്ചോരെല്ലാം
അഴികൾകെട്ടി ഗുപ്തശ്ലീലാശ്ലീലവിചിന്തനാൽ.
മുണ്ടകൻ വിതച്ചിട്ട  സാഹിതീസമന്മാരോ
ലീലാതിലകംതൊട്ടു സൗന്ദര്യവിഭാവനാൽ.

 മാധവി, മനോഹരി, സൗന്ദര്യസന്ദായിനി
ഇരുളിൻ വെളിച്ചത്തിൽ യുഗസംഗമത്തെക്കാട്ടി.
ചന്ദ്രിക വിരിയിച്ച രാവുകൾ വകഞ്ഞാടി
മാനസപുത്രിക്കൊപ്പം രാജയക്ഷിമാരെല്ലാം.

 ജീവന്റെ തുടിപ്പുറ്റ  ധർമത്തിൻ‌ പുരാണങ്ങൾ
കോടാനുകോടി തിക്താനുഭവപുസ്തകങ്ങൾ;
ലോകമേ തറവാടെന്നാശിച്ചു,മാരാധിച്ചും
ലോകൈകവിജ്ഞാനത്തിൻ ഭാസുരഭണ്ഡാരങ്ങൾ.

 പറഞ്ഞീലല്ലോ പൂർവസൂരികൾ പലപേരും;
പേരെല്ലാം പ്രകൃതത്തിൽ പരനാമങ്ങൾ മാത്രം.
പൂർണമല്ലെന്നാലും, പൂർണതയടഞ്ഞോർക്ക്
പേരിന്റെ പരാമർശം പേർത്തുമെന്തിനോ നല്ലൂ?


 സ്ഥലകാലമനുകൂലം മർമങ്ങളറിഞ്ഞോർക്ക്;
രാപകലില്ലെന്നായി നവജാതസുമങ്ങൾക്ക്.
നാടകാന്ത്യത്തിൽ കുഴഞ്ഞാടിപ്പൊൻമണൽത്തട്ടിൽ
കൂപ്പുകുത്തിയോർക്കെല്ലാമാതിഥ്യമവർ നൽകി.

 തീക്കുനിയൊരുക്കിയ കാലഭാവങ്ങൾ ചുട്ടു-
കരിച്ചു പുഴയോരത്തെ ചുള്ളിക്കാടുകൾ മൊത്തം
തീപ്പൊരി ചിന്തും മുദ്രാവാക്യങ്ങ,ളവയ്ക്കൊപ്പം
തീയാളിപ്പടർത്തുവാൻ സൗഹൃദക്കൂട്ടായ്മയും.

 വീട്ടുപേരില്ലെങ്കിൽപിന്നെ നാട്ടുപേർ വാലിൽകെട്ടി-
ക്കണക്കുകുറിക്കുന്ന കാഥികർ, കവിവര്യർ;
പേരിനായ്, പണത്തിനായ്, പിണത്തെപ്പരവേശ-
പ്പൂമണം പുതപ്പിച്ചും സാഹിതീവ്യവസായികൾ.

 ഇഷ്ടജനപ്രീത്യാ ശിഷ്ടമാം ജനങ്ങളെ
കഷ്ണിച്ചുകഷണിക്കും കാര്യമേ മഹാപാപം.
വ്യാജമാണെന്നാകിലുമാമട്ടുകാട്ടീടാതെ
സവ്യസാചിയെന്നോരോ ഭാവങ്ങൾ മഹാകഷ്ടം.

 ജ്ഞാതമാ,യജ്ഞാതമാ,യായിരം വിദൂഷകർ,
ആയിരം ചിന്താക്രാന്തവൈചിത്ര്യവിശേഷങ്ങൾ.
ദു:ഖബന്ധങ്ങൾ തീർത്ത മോഹഭംഗങ്ങൾ കലാ-
രൂപത്തിൽ പലപ്പോഴും വൃത്തഭംഗമായ്ത്തീരും.

 ഓരടിവയ്ക്കും, പിന്നെ ഓരിയിട്ടാക്രാന്തിച്ചു
നൂറടിപ്പൊക്കത്തിൽപ്പോയാമട്ടിൽ താഴേക്കെത്തും.
കല്ലിലും മരത്തിലും കൊത്തിവച്ചാരാധിച്ച
സാഹിതീപ്രതിഭകൾ വീണടിഞ്ഞീടും ചുറ്റും.

 മർത്യധർമമോ പുത്രധർമമായ്  തലവെട്ടി;
മിത്രധർമമോ  സ്വാർഥധർമമായങ്കം വെട്ടി.
പത്രധർമമേ പൗരധർമമാം, മറിച്ചെന്നാൽ
ധർമമായ്ക്കിട്ടും ധർമദാരങ്ങൾ സമമല്ലോ.

 മാതൃഭൂമിയെ മനോരമ്യമായ് കാത്തീടേണ്ടും
ആത്മാഭിമാനത്തേക്കാൾ യുഗദൗത്യമെന്തൊന്നുള്ളൂ?
മാധ്യമവിചാരങ്ങൾ, വീക്ഷണവിന്യാസങ്ങൾ
ജനസഞ്ചയത്തിന്റെ നൻമയ്ക്കേ ചിതമാകൂ.

 തൻവഴി മറഞ്ഞാലും തായ്‌വഴി മറക്കാതെ
മാറുന്ന വഴിക്കൊപ്പം മാറുന്നോൻ മേലേക്കെത്തും.
ഇഷ്ടമാംജനപ്രീതി, തുഷ്ടമാംജനപ്രാപ്തി,
മർത്യനു മറ്റെന്തുള്ളൂ  മാനസതൃപ്തിക്കെന്നും.

 സച്ചിദാനന്ദസ്വരൂപങ്ങളോടൊത്തെന്നെന്നും
സത്യനാദത്തിൻ തിരത്തള്ളലും തിമിർക്കട്ടെ,
നാട്ടിൽ വാഴുന്നോർ നമ്മൾ, നാടുവാഴുന്നു സ്വയം;
സ്വാതന്ത്ര്യ ചിന്താഹ്ളാദം നാടടച്ചാറാടട്ടെ.

 ശ്രീചക്രവിരാജിതം ഭാഷയെക്കുമാരിമാർ
കാത്തിടട്ടേയെന്നും, ഗോകർണേശ്വരൻമാരും!
നരനാരായണൻമാരെ നൽ‌വഴി നയിക്കുന്ന
നാരായനരൻമാർക്കുമെന്നുമേ ശുഭം സ്വസ്തി!

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...