Tuesday 29 December 2009

ചിത്രം വിചിത്രം.

കുറച്ചൊക്കെ വരയ്ക്കുന്ന കൂട്ടത്തിലാണു ഞാൻ. എട്ടൊൻപതു വയസ്സുള്ളപ്പോൾ കാലിത്തൊഴുത്തിന്റെ പുറംചുമരിൽ അന്നത്തെ കോൺഗ്രസ്‌-ചിഹ്നമായിരുന്ന കാളയും നുകവും കല്ലുകൊണ്ടു വരഞ്ഞിട്ടതോർമയിലുണ്ട്‌. കൂട്ടത്തിലെ കുട്ടികൾ ഇന്നസ്ഥലമെന്നില്ലാതെ അരിവാളും ചുറ്റികയും വരച്ചിടുന്നതിനു ബദലായിട്ടായിരുന്നു പ്രയോഗം. നാട്‌ വരേണ്യവർഗമായും തൊഴിലാളിവർഗമായും വിഭജിച്ചിരുന്ന കാലഘട്ടം. അച്ഛൻ പഴയ കോൺഗ്രസ്‌ അനുയാത്രികനായിരുന്നു എങ്കിലും ഇ.എം.എസ്സിനോട്‌ അനുഭാവവുമുണ്ടായിരുന്നു; പ്രത്യേകിച്ച്‌ നാട്ടുകാരനും നാട്ടിലെ പാഠശാലയിൽ സമകാലീനനുമായിരുന്ന സഖാവ്‌ ടി. കെ. രാമകൃഷ്ണനോട്‌. എന്റെ മൂത്ത അമ്മാവനോ, സർ സി.പി.യുടെ നാമധേയവും സി.പി. പോലീസിന്റെ ഭേദ്യവും കൊണ്ട്‌ പ്രശസ്തനായ തൂവെള്ള കോൺഗ്രസ്‌. അന്നെല്ലാം ചുറ്റുവട്ടത്തുള്ളവർ പോക്കിരിപ്പയ്യൻമാരെ വിളിച്ചിരുന്നതുതന്നെ 'എടാ കമ്മൂ' എന്നായിരുന്നു.

കോറിയിടാൻ എളുപ്പമായിരുന്നെങ്കിലും, അരിവാൾ വരയ്ക്കാൻ നാണമായിരുന്നു എനിക്ക്‌. വരച്ചുവരച്ച്‌ കാള പന്നിയായിപ്പോയത്‌ ഞാൻ കാര്യമാക്കിയില്ല. കാള പിന്നെ പശുവായതും പശുവിനു കൈക്കുഞ്ഞായതും ഇന്നിപ്പോൾ കൈമാത്രമായതും കോൺഗ്രസ്സിന്റെ കുഞ്ഞുകഥ.

അക്കാലത്താണ്‌ 'സി. കെ. രാ.' എന്നൊരു വ്യക്തി മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ചിത്രരചനയെക്കുറിച്ച്‌ പരമ്പര എഴുതിയിരുന്നത്‌. അതു വായിച്ചിട്ടു കാര്യമായൊന്നും മനസ്സിലായില്ലെങ്കിലും, സ്കൂളിലെ ഡ്രോയിംഗ്‌-മാഷുടെ പിൻപറ്റി അത്യാവശ്യം കയ്യുറച്ചു.

ഹൈസ്കൂൾകാലത്തൊരിക്കൽ വീട്ടിലേയ്ക്കു മടങ്ങുമ്പോൾ, വഴിവക്കത്തിരുന്നൊരുകുട്ടി ഏതോ രാഷ്ട്രീയക്കാരന്റെ വരവേൽപിനു കമാനം വരയ്ക്കുന്നു. ഇടതുവശത്ത്‌ ഒരു ഫോട്ടോ. വലതുവശത്ത്‌ ഒരു ചിരട്ടയിൽ കളർ. കയ്യിൽ ചകിരികൊണ്ടോരു ബ്രഷ്‌. അത്‌ സഹപാഠി രാമനായിരുന്നു. കുറെ നേരം ഫോട്ടോവിൽ നോക്കും. പിന്നെ മുന്നിലെ പരത്തിയിട്ട ചാക്കുതുണിയിൽ. വീണ്ടും ഫോട്ടോവിൽ നോട്ടം. പിന്നെയൊരു വര. അരമണിക്കൂറിനുള്ളിൽ കമാനം റെഡി. ഞാൻ അത്ഭുതപ്പെട്ടുപോയി.

വീട്ടിലെത്തിയ ഉടൻ കയ്യിൽകിട്ടിയ ഒരു പടമെടുത്ത്‌ ഞാനും രാമനെ അനുകരിച്ചു വരച്ചുനോക്കി. ഞാൻ വരച്ച അബ്രഹാം ലിങ്കൺ, അബ്രഹാം ലിങ്കണായിത്തന്നെ തിരിച്ചറിയപ്പെട്ടു സന്തോഷിച്ചു.

ഇന്നും എന്തു വരയ്ക്കുമ്പോഴും ആ രാമൻ മനസ്സിൽ വരും. ആൾ ഇപ്പോൾ എവിടെയെന്നുപോലുമറിയില്ല.

കോളേജ്‌പഠനകാലത്ത്‌ പ്രയോഗികവിഷയങ്ങളിൽ വരയ്ക്കാൻ ഏറെയുണ്ടായിരുന്നു. പക്ഷെ സർഗരചനയിലോ വർണവിന്യാസത്തിലോ വിശേഷിച്ചൊന്നും നേടിയില്ല. കുറെ സ്റ്റാഫ്‌-ആർടിസ്റ്റുമാരുടെ പുറകിൽ നടന്ന് അൽപം സാങ്കേതികകാര്യങ്ങൾ മാത്രം പരിചയിച്ചു.

കൊച്ചിയിൽ USIS-ഓ മറ്റോ നടത്തിയ ഒരു മോഡേൺ അമേരിക്കൻ ചിത്ര പ്രദർശനം. അവരുടെ ഒരു കൈപ്പുസ്തകത്തിലെ പലതും വരച്ചുനോക്കി. രവിവർമയുടെ കലണ്ടർചിത്രങ്ങൾകണ്ടു പരിചയിച്ച കണ്ണിന്‌ അതെല്ലാം ഇളനീർക്കുഴമ്പായി.

അങ്ങനെയിരിക്കുമ്പോളാണ്‌ എന്റെ കലാശാലാകേന്ദ്രത്തിനടുത്തുള്ള ഫൈൻആർട്സ്‌ ഹാളിൽ (എറണാകുളം) ഒരു ദേശീയ/അന്തർദേശീയ ചിത്രപ്രദർശനം നടക്കുന്നത്‌. കെ.സി.എസ്‌. പണിക്കർ, ജാമിനി റോയ്‌ തുടങ്ങി അതിവിശിഷ്ടരുടെ രചനകൾ കണ്ടതായോർക്കുന്നു. (അന്നത്തെ കോഴിപ്പോരെന്നൊരു ചിത്രം, പത്തുമുപ്പതുകൊല്ലങ്ങൾക്കുശേഷം അർജന്റീനയിലെ Buenos Aires വിമാനത്താവളത്തിലെ ഒരു ശിൽപംകണ്ടപ്പോൾ ഒർമയിൽ തിരിച്ചെത്തി.)

ഇന്ത്യൻ ആർദ്രതയും യൂറോപ്യൻ ആർജവവും അമേരിക്കൻ ലഘുത്വവും എന്നെ വശീകരിച്ചു. പിന്നെപ്പിന്നെ ആഫ്രിക്കൻ ഗൗരവവും ചൈനീസ്‌ ലാളിത്യവും ജാപ്പനീസ്‌ ലാവണ്യവും.

മനസ്സിൽതോന്നുന്നതെല്ലാം വരച്ചുകൂട്ടി പിന്നെ കുറെ നാൾ. പെൻസിലും മഷിയും കരിയും ജലച്ചായവും എണ്ണച്ചായവും ക്രെയോണും എല്ലാമായി ഒരു കുട്ടിക്കളി. പതിയെ ഇൻഡ്യൻഇങ്കും പോസ്റ്റർകളറും പതിവാക്കി. അതിലൊന്നുമായാണ്‌ ഗോവയിലെ സംസ്ഥാന ചിത്രകലാപ്രദർശനത്തിൽ പങ്കെടുക്കുന്നത്‌ (1974). സ്ഥലത്തെ പ്രധാനചിത്രകാരൻ ലക്ഷ്‌മൺ പൈ, ചിത്രം നന്നെന്നു പറഞ്ഞു. അതൊരു പ്രോത്സാഹനമായി. ആ പടം ഏതോ മാസികയ്ക്കു കവർപേജിനായി അയച്ചുകൊടുത്തു. അതു പ്രസിദ്ധീകരിച്ചുമില്ല, തിരിച്ചുകിട്ടിയതുമില്ല.

അന്നുകണ്ട ഒരു ചിത്രം, 'Eclipse Family', വീട്ടിനുള്ളിലെ കൊടുംക്രൂരതയെപ്പറ്റിയുള്ളത്‌, മനസ്സിലുടക്കി. കലകൾ മനസ്സിനെ ദുഷിപ്പിക്കുകയല്ല, ശുദ്ധീകരിക്കുകയാണു വേണ്ടത്‌ എന്നു തോന്നി. കാണികൾക്ക്‌ മനസ്സിലൽപം സന്തോഷംപകരുന്നതേ വരയ്ക്കൂ എന്നും തീർച്ചപ്പെടുത്തി.

കുറച്ചുകാലത്തേക്കായി കൊച്ചിയിലേക്കു തിരിച്ചെത്തുമ്പോഴാണ്‌ പഴയ സതീർഥ്യൻ ജോൺ പോൾ, കേരളകലാപീഠത്തെയും അവിടത്തെ ആർടിസ്റ്റ്‌ കലാധരനെയും പരിചയപ്പെടുത്തുന്നത്‌ (1976). കലാപീഠത്തിലെ കൂട്ടായ്മയിലാണ്‌ സോമനെന്ന യുവപ്രതിഭയെ കണ്ടുമുട്ടുന്നത്‌. പിന്നീട്‌ ബറോഡയിലെല്ലാംപോയിപ്പഠിച്ച്‌ ഇന്നു 'സോംജി'യെന്നപേരിൽ പ്രസിദ്ധനായ സോമൻതന്നെയാണോ അത്‌ എന്നു തിട്ടമില്ല.

അതിനിടയ്ക്കുതന്നെയാണ്‌ ആർടിസ്റ്റ്‌ ദത്തന്റെ എറണാകുളത്തെ സ്‌റ്റുഡിയോവിൽ കാർട്ടൂണിസ്റ്റ്‌ യേശുദാസന്റെ ഒരു പ്രഭാഷണം കേൾക്കുന്നത്‌. അതുമൊരു വഴിത്തിരിവായി.

അക്കാലത്തുതന്നെ തിരുവനന്തപുരത്തെ ഒരു ലോഡ്ജിൽനിന്നിറങ്ങുമ്പോൾ കാനായി കുഞ്ഞിരാമനെ ആദ്യമായി കണ്ടുമുട്ടുന്നു. 'മുക്കോലപ്പെരുമാ'ളെല്ലാം വരുന്നകാലം. അന്ന്‌ കാനായി, ഫൈൻആർട്‌സ്‌ കോളേജിൽ അധ്യാപകനായിട്ടേയുള്ളൂ. കൂടെച്ചെന്നു. അന്യോന്യം മുഖപരിചയംപോലുമില്ലെങ്കിലും, ചിരപരിചിതനായ ഒരു കൂട്ടുകാരനെയെന്നതുപോലെ, കോളേജിലെ ഓരോ വിഭാഗവും കാനായി എനിക്കുകാട്ടിത്തന്നു; പ്രത്യേകിച്ച്‌ എനിക്ക്‌ ഒരറിവുമില്ലാതിരുന്ന 'etching / printing' വിഭാഗം. അദ്ദേഹത്തോടൊപ്പമുള്ള ആ ഒന്നുരണ്ടു മണിക്കൂർ, ഒരായുഷ്കാലം ലളിതകല പഠിച്ചതിനു തുല്യമായിരുന്നു. ആ വിനയവും വൈഭവവും വീറും വിജ്ഞാനവും മറ്റുപലരിലും കണ്ടില്ല. കാനായിയെ 'മുക്കാല'പ്പെരുമാളായാണു ഞാൻ കരുതുന്നത്‌; ഭൂതവും ഭാവിയും വർത്തമാനവും ഒന്നിപ്പിച്ചു വിഭ്രമിപ്പിക്കുന്ന കലാകാരൻ.

പണിത്തിരക്കും സ്ഥലംമാറ്റവും എന്നെ കേരളകലാപീഠത്തിൽനിന്നകറ്റി. പലേടത്തുമായി കാണാൻ തരപ്പെടുന്ന കലാപ്രദർശനങ്ങളുടെ കൈപ്പുസ്തകങ്ങൾ കാലാകാലം കലാധരനു കൈമാറിയിരുന്നു അന്നെല്ലാം. സർവവും ആഡംബരവ്യവസായമാക്കിയ മുംബൈ അതിൽകൂടുതൽ സർഗവ്യാപാരം അനുവദിച്ചുതന്നില്ല എനിക്ക്‌.

വീണ്ടും ഗോവയിലേക്കു ജീവിതംപറിച്ചുനടുമ്പോൾ കലയുടെ തളിരെന്നല്ല, വേരുപോലും ഉണങ്ങിവരണ്ടിരുന്നു. അതിനൽപമെങ്കിലും തണലും തണ്ണീരും തന്നത്‌ എം.വി. ദേവന്റെയും കലാധരന്റെയും ഒരു വരവായിരുന്നു.

ഒരു ചിത്രരചനാക്യാമ്പിനാണ്‌ അവരെത്തിയത്‌. വളരെ അകലെ ഒരു കടൽക്കര വസതിയിലായിരുന്നു ക്യാമ്പ്‌. രാത്രി അതിന്റെ പരിസമാപ്തിക്കുനിൽക്കാൻകഴിയാതെ യാത്രചോദിക്കുമ്പോൾ, ഒരു ചൊൽക്കാഴ്ച്ചക്കായി 'ബുർക്ക'യണിഞ്ഞ കലാധരൻ എന്റെ മകൾക്ക്‌ ഒരു പൂ നൽകി. ആദ്യം ഞാനുമറിഞ്ഞില്ല അതു കലാധരനാണെന്ന്‌. അന്നു രണ്ടോ മൂന്നോ വയസ്സുമാത്രം പ്രായമുണ്ടായിരുന്ന മകൾ പേടിച്ച്‌ അലറിവിളിച്ചപ്പോൾ ഞങ്ങൾ മടങ്ങേണ്ടി വന്നു.

മുതിർന്നപ്പോൾ കംപ്യൂട്ടറിലെ 'Microsoft Paint'-ലും 'Corel Draw'-വിലും 'Adobe Photo Shop'-ലും ആയി മകളുടെ കലാവിനോദവിദ്രോഹങ്ങൾ. പിൻതലമുറയുടെ മൂലധനം മുൻതലമുറയുടെ ബാക്കിപത്രമാണല്ലോ.

കൊച്ചുസ്ഥലമാണെങ്കിലും കലാകാരൻമാരിൽ വലിയവരും ചെറിയവരുമെല്ലാം വന്നുപോകുന്നിടമാണു ഗോവ. മാരിയോ മിറാന്റയുടെ നാട്‌. പ്രാദേശികരിൽ പ്രമുഖനായിരുന്ന ഹരിഹർ ഇന്നുജീവിച്ചിരിപ്പില്ല. ലക്ഷ്മൺ പൈ മിക്കവാറും മുംബൈയിലായിരിക്കും. ഹനുമാൻ കാംബ്ലി എന്ന മികച്ച ചിത്രകാരനുമായി വളരെനേരം ചെലവഴിക്കാൻ കഴിഞ്ഞു ഒരിക്കൽ. ആ സംഭാഷണം ആകാശവാണി ഒരു മുഖാമുഖവുമാക്കി.

മഹാരാഷ്ട്രത്തിൽനിന്നാണ്‌ ഒരു കൊച്ചുകലാകാരൻ വന്നത്‌. പേരുമറന്നുപോയി. പ്രദർശനത്തിന്‌ അധികമൊന്നുമില്ലായിരുന്നു. എല്ലാം സാധാരണ പേപ്പറിലും കാൻവാസിലുമായി സാധാരണ ചുറ്റുവട്ടത്തുള്ളവയുടെ അസാധാരണ ചിത്രങ്ങൾ. കാലത്തുതൊട്ടു വൈകുംവരെ പ്രദർശനശാലയിലിരിക്കും. വന്നുപോകുന്നവർക്കെല്ലാം എന്തെങ്കിലുമൊന്നു വരച്ചു സമ്മാനിക്കും. എല്ലാം പാഴ്കടലാസ്സിൽ. ചോദിച്ചപ്പോൾ മറുപടി വന്നു. "കാലത്തു പുഷ്പങ്ങൾ പൊട്ടിവിരിയുന്നു, വൈകുന്നേരം വാടിക്കൊഴിയുന്നു. ഉള്ള സമയം സൗന്ദര്യം പൊഴിക്കുന്നു. എന്റെ രചനകളും അതുപോലെ. നാളേക്കൊന്ന്‌ ഞാൻ കരുതിവയ്‌ക്കാറില്ല."

ചിലിയിലെ 'വീഞ്ഞ്യ ദെൽ മാർ' തെരുവിലും അത്തരക്കാരനെ ഒരിക്കൽ കണ്ടു. എന്താവശ്യപ്പെട്ടാലും വരച്ചുനൽകും. എന്തെങ്കിലും കൊടുത്താൽ വാങ്ങിക്കും.

ചിലരുടെ ചിത്രങ്ങൾ കോടിക്കണക്കിനു രൂപയ്ക്കു ലേലംകൊള്ളുമ്പോഴാണ്‌ കച്ചവടത്തിന്റെ ഫ്രെയിമിൽവരാത്ത ഈ ക്ഷണികസൂനങ്ങൾ വിടരുന്നതും വാടുന്നതും. വിരിഞ്ഞുനിൽക്കുന്നേരം ആഹ്ലാദം പകരും.

മറ്റു ലളിതകലകളെപ്പോലെയല്ല ചിത്രമെഴുത്ത്‌. തരതമ്യേന കുറഞ്ഞ ചെലവിൽ ആർക്കും അലോസരമില്ലാതെ ഒരുമാതിരി എവിടെ വച്ചും പണിചെയ്യാം, പ്രദർശിപ്പിക്കാം, ആസ്വദിക്കാം. ഒറ്റയാൻമാർക്കു പറ്റിയതാണു ചിത്രകല. വയസ്സേറെച്ചെന്നിട്ടാണത്രേ രബീന്ദ്രനാഥ ടാഗോർ ചിത്രംവര കാര്യമായെടുത്തത്‌. ഞാനും ആ പ്രായത്തിനായി കാത്തിരിക്കുന്നു!

(Published in the fortnightly web-magazine www.nattupacha.com on 1 December 2009)

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...