Friday 4 December 2009

ദൈവമേ!

ഭയം, ഭക്തി, സാഹസം, രതി ഇവയ്ക്കെല്ലാം പിന്നിൽ ഒരേ 'ഹോർമോൺ' ഉണ്ടെന്നു കേട്ടിട്ടുണ്ട്‌. ഭക്തിക്കും ഉന്മാദത്തിനുമാണെങ്കിൽ നല്ല ചങ്ങാത്തവുമുണ്ട്‌. പറഞ്ഞാൽ പലർക്കും ചൊടിക്കും; ആരാധനാലയങ്ങൾ ഇവയുടെയെല്ലാം ആസ്ഥാനവുമാണ്‌.

ഒരു കൊച്ചുകാവും വലിയൊരു അമ്പലവും 'നരസിംഹവധം' കഥകളി-ഡാൻസും 'തത്ത്വമസി' നിയോൺ-ജ്യോതിയും എന്റെ കുഞ്ഞുനാളിലെ അനുബിംബങ്ങളായിരുന്നു. കൂടെത്തന്നെ അരയാലൊച്ചയും കൂവളക്കുളിർമയും പിച്ചിപ്പൂമണവും. അനുബന്ധമായി, ആനപ്പിണ്ടത്തിന്റെ ആവിച്ചൂടും അമ്പലക്കുളത്തിലെ മൂത്രച്ചൂരും.

അന്നെല്ലാം തൊഴാൻ പോവുന്നതു് ഭക്തിഭാവത്തിലേറെ ബാലകൗതുകമായിരുന്നു. ശാന്തിക്കാരൻ പൂവിറുക്കുന്നതും വാരസ്യാർ പൂതിറുക്കുന്നതും നടയടയ്ക്കുന്നതും കൊട്ടിപ്പാടിസേവയും ദീപാരാധനയും പ്രസാദംവാങ്ങലും..... അന്നൊക്കെ അമ്മയോ ചേച്ചിയോ പറയും ഇന്നതു പ്രാർഥിക്കണം എന്നു്. നല്ലബുദ്ധി തോന്നണേ, കഷ്ടപ്പാടരുതേ എന്നിങ്ങനെ. പരീക്ഷയടുത്താൽ, പാസ്സാകണേ എന്നും.

പണമുണ്ടാകണമെന്നും കല്യാണം കഴിയണമെന്നും ലോട്ടറി കിട്ടണമെന്നും 'വിസ' വരണമെന്നും ശത്രുക്കൾ നശിക്കണമെന്നൊന്നും ആരും പ്രാർഥിച്ചുകേട്ടിരുന്നില്ല. 'എനിക്കുവേണ്ടി നീ പ്രാർഥിക്കണം, നിനക്കുവേണ്ടി ഞാൻ പ്രാർഥിക്കാം' എന്നും ആരും പറഞ്ഞില്ല. ദൈവഭക്തി തികച്ചും അവനവന്റെ കാര്യമായിരുന്നു. ഒച്ചയില്ല, ബഹളമില്ല. സമയംനോക്കി പാട്ടും കാഹളവുമില്ല.

ഉത്സവത്തിനുമാത്രം ആൾക്കൂട്ടവും ആനയും അമ്പാരിയും. പൊരികടലയും ഐസ്‌-മിഠായിയും കളർ-ബലൂണും വർണക്കാറ്റാടിയും.....

ആരെത്ര ഭീകരകഥകൾ പറഞ്ഞാലും 'ദൈവഭയം' എന്നൊന്നില്ലായിരുന്നു. അതുകൊണ്ടു ഞങ്ങൾ ഉപവാസവും രാഹുകാലവും ഗുളികകാലവും ശകുനവും ജാതകവും വഴിപാടും പൂജയും ഒന്നും കാര്യമായി ആചരിച്ചിരുന്നില്ല. അവയെല്ലാം 'ദൈവഭയം' കലശലായ ചിലർക്ക്‌. മന്ത്രവാദവും. അവർ പൂജയ്ക്കുവിളിച്ചാൽ പോകും; പായസമോ മറ്റു പ്രസാദമോ വാങ്ങിക്കഴിക്കും. അതോടെ തീരും 'ആത്മീയം'. ഓണംവിഷുതിരുവാതിരപോലെ, പൊങ്കൽപോലെ, നവരാത്രിപോലെ, ആവണിയവിട്ടംപോലെ, അഷ്ടമിരോഹിണിപോലെ, ശിവരാത്രിപോലെ, ദീപാവലിപോലെ, കാർത്തികപോലെ, സംക്രാന്തിപോലെ പലതിലൊന്നിൽ ഒരാഘോഷം. അത്രതന്നെ.

സ്ഥലം 'സനാതന'മായിരുന്നതിനാൽ അന്ന് ക്രിസ്മസും ഈസ്റ്ററും റംസാനും ഈദുമൊന്നും അറിയില്ലായിരുന്നു, സ്കൂൾ-അവധിയുടെ പേരിലല്ലാതെ.

എല്ലാം ഒരു കളി. അതുകൊണ്ടുതന്നെ അഷ്ടമിരോഹിണിക്ക്‌ അമ്മ അരിമാവുകൊണ്ടു കൃഷ്ണപാദം വരച്ചിടുമ്പോൾ, അതിലൊന്നിൽ ആരുംകാണാതെ ഒരു വിരൽ കൂട്ടിച്ചേർത്ത്‌ ശ്രീകൃഷ്ണന്‌ ആറാംവിരൽ ഉണ്ടാക്കുമായിരുന്നു ഞങ്ങൾ. മറ്റൊന്നിന്റെ ഇടവിരൽ അൽപം ചെറുതാക്കി അനുജത്തിയുടെ കാലിനെയും കളിയാക്കുമായിരുന്നു. നിവേദിക്കുന്നതിനുമുമ്പുതന്നെ പായസം ആദ്യം നക്കി സ്വാദുനോക്കുന്നതിൽ അച്ഛനോടൊപ്പം മത്സരിക്കുമായിരുന്നു. ചാണയിൽ ചന്ദനത്തോടൊപ്പം പൂഴിമണൽ ചേർത്തരച്ച്‌ കാവിലെ എമ്പ്രാന്തിരിക്കു വേഗം പണിതീർത്തുകൊടുക്കുമായിരുന്നു. ദൈവത്തിന്റെ കാവൽക്കാരനായ പൂജാരിയെ, ചെകുത്താൻമാരെപ്പോലെ ഒളിഞ്ഞുനിന്നൊച്ചയിട്ടു പേടിപ്പിക്കുമായിരുന്നു. വെട്ടിയെടുത്ത പഴയകലണ്ടർചിത്രങ്ങൾ ഗിൽറ്റിട്ടു ചില്ലിടുന്നതിനുമുൻപ്‌, സൂത്രത്തിൽ സരസ്വതിക്കും ലക്ഷ്മിക്കുമെല്ലാം മീശവരച്ചുചേർക്കുമായിരുന്നു.

ഭൂതപ്രേതാദികളെയും കുട്ടിച്ചാത്തൻപ്രഭൃതികളെയും വെളിച്ചപ്പാടുകളെയും യക്ഷികളെയും ഒരു പേടിയുമില്ലായിരുന്നു.

പേടി ചില മനുഷ്യരെയായിരുന്നു. അവർക്ക്‌ ഞങ്ങൾ കുട്ടിച്ചാത്തനെന്നും വെളിച്ചപ്പാടെന്നും മന്ത്രവാദിയെന്നും ശകുനിയെന്നും മന്ധരയെന്നും ശൂർപ്പണഖയെന്നുമെല്ലാം പേരിട്ടു.

മൃഗങ്ങളുടെയും പക്ഷികളുടെയും പേരുകൾ അധ്യാപകർക്കായി സംവരണം ചെയ്തിരുന്നു ഞങ്ങൾ. കരടി, കുറുക്കൻ, കോഴി, കാക്ക, കുയിൽ.....

പിന്നെ അത്യാവശ്യം പേടി ഇടിവെട്ടിനെയും കതിനവെടിയെയും കൊല്ലപ്പരീക്ഷയെയും. ഇടിവെട്ടുപേടി അച്ഛൻ മാറ്റിത്തന്നു, പെരുവഴിയിൽ പെരുംമഴയിൽ ഇടിമിന്നലിൽ കൈകോർത്തുനടത്തി. 'മരിച്ചാൽ ഒന്നിച്ചുമരിക്കും; പേടിച്ചിട്ടുകാര്യമില്ല. മരിച്ചില്ലെങ്കിലോ പിന്നെന്തു പേടിക്കാൻ?' എന്നതായിരുന്നു കുരുട്ടുയുക്തി. പടക്കപ്പേടി, എന്നെ ഗർഭമായിരിക്കുമ്പോൾ വിഷുവിനാരോ പടക്കംപൊട്ടിച്ചപ്പോൾ അമ്മയുടെ ഒരു കണ്ണുനഷ്ടപ്പെട്ടതിനാലായിരുന്നു. അതു താനെ മാറി. പരീക്ഷകളെല്ലാം വെറും പടക്കങ്ങളാണെന്നറിഞ്ഞപ്പോൾ ആ പേടിയും പോയി.

ചില ആൾദൈവങ്ങളുടെയും സംഘങ്ങളുടെയും സംഘടനകളുടെയും വരവോടെ, ഭക്ത്‌ഇ ഭയവും സാഹസവും ലേശം ലൈംഗികവുമെല്ലാമായപ്പോൾ ആരാധനാലയങ്ങളും സർക്കസ്‌കൂടാരവും വേർതിരിച്ചറിയാതായി. 'തത്ത്വമസി'ക്കങ്ങനെ ഒരു പുതിയ ഭാഷ്യവുമായി!

ആദ്യമായി ദൈവവും ചെകുത്താനും ഒന്നിച്ചിരുന്നു ചിരിച്ചുകാണണം! വിളിച്ചുംകാണണം, 'ദൈവമേ!'.

പിന്നീട്‌, 'അഹം ബ്രഹ്മാസ്മി' അകാലനരപോലെ എന്റെ തലയ്ക്കുപിടിച്ചപ്പോൾ അമ്പലത്തിൽപോക്ക്‌ തീരെ നിന്നുംപോയി.

തൃപ്പൂണിത്തുറയിലെ പൂർണ്ണത്രയീശക്ഷേത്രത്തിൽ കഥകളിയും കൂത്തും കൂടിയാട്ടവും കാണാൻ പോയിരുന്നു, പരദേശിയാകുന്നതുവരെ.

പഠനകാലത്താണ്‌ ഉല്ലാസയാത്രക്കു കന്യാകുമാരിയിൽ പോയത്‌. 'കന്യാകുമാരി' ദേവിയെ എനിക്കു വളരെ പ്രിയമാണ്‌, സ്ത്രീശക്തിസൗന്ദര്യങ്ങളുടെ പ്രതീകമായി. കടലിന്റെ കാണാക്കണ്ണായി. പ്രതീക്ഷയോടെ അമ്പലത്തിൽകടന്ന ഞാൻ അവിടെക്കണ്ടതോ വെറും വിനോദമൊന്നുമാത്രം.

ഏറെക്കഴിഞ്ഞാണ്‌ തിരുവനന്തപുരത്തെ പത്മനാഭക്ഷേത്രം സന്ദർശിക്കുന്നത്‌, യാദൃച്ഛികമായി. മുണ്ടിലല്ലെങ്കിൽ അകത്തുകയറ്റില്ല. പക്ഷെ പുറത്തത്‌ വാടകയ്ക്കുകിട്ടും. പാന്റ്‌ ഊരി മുണ്ടുടുക്കാനൊരുങ്ങുമ്പോൾ പറയുന്നു, പാന്റിനുമുകളിൽ വെറുതെ മുണ്ടുചുറ്റിയാലും മതിയത്രെ. ദൈവത്തെ പറ്റിക്കാം, മനുഷ്യരെ വയ്യ!

കേളികേട്ട ഗുരുവായൂരിൽ കണ്ടതു ആൾക്കൂട്ടത്തെമാത്രം. തിരക്കിൽ തലകളും മുലകളുമല്ലാതെ ഒന്നുംകണ്ടില്ല. ഭക്തിയില്ലെങ്കിൽ ബിംബം വേണമെന്നില്ലല്ലോ. ഭക്തിക്കും ബിംബം വേണമെന്നില്ലല്ലോ. ഒരു സുന്ദരിപ്പെണ്ണ്‌ ഒരോ നോട്ടായി തലക്കുമുകളിലുഴിഞ്ഞ്‌ കാശ്‌ കാണിക്കപ്പെട്ടിയിലിടുന്നത്‌ ഇന്നും ഓർമയിൽ തങ്ങിനിൽക്കുന്നു.

ഒരു പ്രായംചെന്ന സഹപ്രവർത്തകനോടൊപ്പം പഴനിയിൽ പോകേണ്ടിവന്നപ്പോൾ എനിക്കൊരു വാശികേറി. ഒരു തോർത്തുമുണ്ടുമാത്രം അരയിൽ ചുറ്റി അകത്തുകയറി. ദൈവത്തിനുമുമ്പിൽ എന്തു വേഷഭൂഷാദികൾ? സഹപ്രവർത്തകൻ വിലകൂടിയ പൂജാവിധി തിരഞ്ഞെടുത്ത്‌ ദർശനത്തിനു നീങ്ങി. ഞാനും കൂടെക്കൂടി. തളികയിൽ കനത്ത ദക്ഷിണവച്ച അദ്ദേഹത്തിന്‌ കൈനിറയെ പ്രസാദവും തലയിൽകൈവച്ച്‌ പൂജാരിയുടെ ഒരു സ്പെഷൽ അനുഗ്രഹവും. തൊട്ടുപിന്നിൽ ഒരു രസത്തിനു കൈനീട്ടിയ എന്നെ പൂജാരി പാടേ അവഗണിച്ചു. കൈ പിൻവലിക്കാതെ ഞാനും നിന്നു. 'കാശുപോടുങ്കയ്യാ...', വ്യക്തമായിത്തന്നെ അയാൾ ആജ്ഞാപിച്ചു. ഞാനും വിട്ടില്ല. പൊട്ടനെപ്പോലെ നിന്നുകൊടുത്തു. ഗതിയില്ലാതെ ഒരു കൊച്ചു പൂവിതൾ എന്റെ കയ്യിലെറിഞ്ഞ്‌ അയാൾ തിരിഞ്ഞുനടന്നു.


അതേ യാത്രയിൽ മധുരയിലും എത്തിപ്പെട്ടു. ഒരു ചരിത്രത്തിന്റെ ചാരിത്ര്യത്തെ എങ്ങിനെ ചതച്ചരയ്ക്കാം എന്ന്‌ അവിടെ പഠിക്കാം! ഉറക്കപ്പായിൽനിന്നും കുളിക്കാതെയും വിഴിപ്പുമാറാതെയും എത്തിപ്പെടുന്ന തീർഥാടകരുടെ തിരക്കിൽ മധുരമീനാക്ഷിക്കും മനംപുരട്ടുന്നുണ്ടാവണം.

മടക്കത്തിനു വണ്ടികിട്ടാതെ, ദില്ലിയിലൊരിക്കൽ രണ്ടുദിവസം അധികം കിട്ടിയപ്പോൾ ആഗ്ര കാണാൻ പോയി. കൂട്ടത്തിൽ മഥുരയും. വഴിക്ക്‌ 'ബിർള' മന്ദിറുമുണ്ടായിരുന്നു. നമുക്കെന്തെല്ലാം ക്ഷേത്രങ്ങൾ - വിഷ്ണുവിനും ശിവനും അയ്യപ്പനും ലക്ഷ്മിക്കും സരസ്വതിക്കും ദുർഗക്കും, മറ്റു നൂറായിരം ദൈവങ്ങൾക്കും ഉപദൈവങ്ങൾക്കും. കൂട്ടത്തിലൊന്ന്‌ ബിർളക്കുമിരുന്നോട്ടെ എന്നു കരുതിക്കാണും! ബിർള ദൈവമല്ലെന്നുണ്ടോ?

അച്ഛൻ പഠിച്ചത്‌ ബനാറസ്സിലാണ്‌; ഹിന്ദു വിശ്വവിദ്യാലയത്തിൽ. അന്തക്കാലമാണ്‌. കാശിവിശ്വനാഥക്ഷേത്രത്തിനടുത്തായിരുന്നത്രെ താമസം. കൂടെ അമ്മയും മുത്തശ്ശിയും. മുത്തശ്ശിക്ക്‌ തിരിച്ചുവരണമെന്നില്ലായിരുന്നത്രെ.

പിന്നീട്‌ ഏറെ കാശിക്കഥകൾ കേട്ടാണ്‌ ഞങ്ങൾ മക്കൾ, നാട്ടിൽ ജനിച്ചതും വളർന്നതും.

ഒരു ഔദ്യോഗികയാത്രക്കിടെ ആദ്യമായി വാരാണസിയിലെത്തിയപ്പോൾ ഞാൻ ആദ്യം പോയിക്കണ്ടത്‌ ബനാറസ്‌ ഹിന്ദു യൂണിവേർസിറ്റി. ഗംഗയും വിശ്വനാഥക്ഷേത്രവും കാണാൻ പരിപാടിയിട്ടു ചെന്നപ്പോൾ ഈച്ചകളെപ്പോലെ പണ്ടകൾ പൊതിഞ്ഞു. അവരെ വകഞ്ഞുമാറ്റി നദിക്കരെ എത്തിയപ്പോൾ തോണിക്കാരുടെ ഊഴമായി വിലപേശാൻ. അവരെയും തുഴഞ്ഞുമാറ്റി വഴുപ്പും വിഴുപ്പും നിറഞ്ഞ കടവുകളായ കടവുകളെല്ലാം കേറിയിറങ്ങി. ഒരു പിഞ്ചുകുട്ടിയുടെ ശവശരീരം വള്ളക്കയറിൽ കുടുങ്ങിക്കിടക്കുന്നതുകൂടി കണ്ടതോടെ ഗംഗയിൽ ജ്ഞാനസ്നാനവുമായി.

'കുൽഫി' (ഒരുതരം നാടൻ ഐസ്‌-ക്രീം)യുമായി ഒരാൾ ഓടിയടുത്തു. വേണ്ടെന്നുപറഞ്ഞു. 'ഹരാവാല ഹേ സാബ്‌', വിടില്ലയാൾ. എന്താണീ 'ഹരാവാല'? 'ഭാംഗ്‌' ചേർത്തതാണത്രേ. ദേശീയർക്കും വിദേശിയർക്കും പ്രിയംകരം.

ഗള്ളികൾ, ഗള്ളികൾ. ഉടനീളം തിക്കും തിരക്കും. അഴുക്കും നാറ്റവും. താടിക്കാരും തല മൊട്ടയടിച്ചവരും. പീതാംബരന്മാരും ശ്വേതാംബരന്മാരും ദിഗംബരന്മാരും. വിദേശികളായ വിവസ്ത്രന്മാരും വിവസ്ത്രകളും.

കാശിയിൽപോയാൽ പാപമെല്ലാം തീരും എന്നു പറയുന്നത്‌ എത്ര ശരി. അവിടത്തെ പാപങ്ങൾ കാണുമ്പോൾ നമ്മുടേതെല്ലാം എത്ര നിസ്സാരം എന്നു ബോധ്യംവരും!

എനിക്കു ഭക്തി പോരാഞ്ഞിട്ടാവാം ദർശിച്ചതെല്ലാം ചീത്തയായത്‌.

വിശ്വനാഥനെ അകത്തുകയറിക്കാണാൻ തോന്നിയില്ല. മടങ്ങി.


ഒരു നിരീക്ഷണയാത്രക്കിടയിലാണ്‌ ഞങ്ങളുടെ ഗവേഷണക്കപ്പൽ ഗുജറാത്ത്‌-തീരത്തിനടുത്തെത്തിയത്‌. തലേന്നേ കപ്പലിന്റെ റാഡാറും (Radar) ആഴമാപിനിയും (Echo-Sounder) ഉപഗ്രഹ-സ്ഥാനനിർണയ-ഉപകരണവും (Satellite Navigation System) എല്ലാം തകരാറിലായിപ്പോയതിനാൽ കപ്പൽ ദ്വാരകക്കെതിരെ നങ്കൂരമിട്ട്‌ രാത്രികഴിച്ചുകൂട്ടുവാൻ തീരുമാനമായി. അർധരാത്രിയോടെ, ദൂരെ കരയിൽ വിളക്കും വെളിച്ചവുമായി അറുബഹളം. അതേപോലെ കപ്പലിനുള്ളിലും തുടങ്ങി തടിയിലും തകരത്തിലും തളികയിലും താളംകൊട്ടി ഭജനയും നൃത്തവും. പകലന്തികഴിഞ്ഞാൽ എന്തെങ്കിലും മോന്തി മതിമറന്നുറങ്ങുന്ന കപ്പൽജോലിക്കാരെല്ലാം ബഹു ഉഷാർ. അന്ന് ജന്മാഷ്ടമിയായിരുന്നു. ദ്വാരകാധീശൻ ശ്രീകൃഷ്ണന്റെ ജന്മദിനം. അന്ന് അവിടെയെത്തുന്നതിൽപരം പുണ്യമില്ലത്രെ. (അറിഞ്ഞുകൊണ്ടല്ലെങ്കിലും) അതിനു വഴിയൊരുക്കിയ ഞാൻ അവർക്കിടയിൽ പുണ്യവാളനായി! 'Comedy of Errors!' എന്നല്ലാതെ എന്തുപറയാൻ?

ബോധപൂർവം എത്ര ശ്രമിച്ചാലും മൂകാംബികയെക്കാണാൻ കഴിഞ്ഞെന്നുവരില്ലത്രെ. അതിനൊരു സമയമുണ്ടത്രെ; 'വിളി' വരുമത്രെ. വന്നു വിളി. എന്റെ ഭാര്യക്കാണ്‌. സുഹൃത്തും കുടുംബവും മൂകാംബിക്കുപോകുന്നു; ഒന്നിച്ചുപോകാം, എന്ന്‌. ഭാര്യയുടെ സ്ഥിരം ഡ്രൈവർ ഞാനാണ്‌. സുഹൃത്തും കുടുംബവും മറ്റൊരു കാറിൽ. അത്ര ഭംഗിയായൊരു കാർയാത്ര അധികമുണ്ടായിട്ടില്ല.

അത്രയും ഭോഷ്ക്കായൊരു ക്ഷേത്രദർശനവും!

കൊല്ലൂരിന്റെ വന്യഭംഗി പറഞ്ഞറിയിക്കാൻ പ്രയാസം. പക്ഷെ പാപനാശിനി, അമ്പലത്തിനടുത്ത്‌, ഗംഗയെക്കാൾ കഷ്ടം. കൺമുന്നിൽതന്നെ അഴുക്കുചാൽ നദിയിൽചേരുന്നു. എങ്ങും കച്ചവടക്കണ്ണുകൾ. ഭക്തിക്കും ഭുക്തിക്കുമിടയിൽ വരമ്പേതുമില്ലാതെ.

ഭാര്യയും കൂട്ടരും അമ്പലനടയിൽനിന്നു പൂ വാങ്ങി, അർച്ചനക്ക്‌. വലിയ തിരക്കൊന്നുമില്ലായിരുന്നു. എങ്കിലും ദേവീദർശനത്തിന്‌ പൂജാരി കനിയണ്ടേ? കയ്യിലുണ്ടായിരുന്ന പൂ, അതുപൊതിഞ്ഞ പ്ലാസ്റ്റിക്‌-ബാഗടക്കം കയ്യിൽനിന്നുപറിച്ചെടുത്ത്‌ അയാൾ അകത്തേക്കൊരേറ്‌! എന്നിട്ടൊരു ആക്രോശം, 'മാറിപ്പോ, മാറിപ്പോ!'

ആ പൂക്കെട്ട്‌ വീണ്ടും വിൽപനക്കായി അമ്പലനടയിൽ തിരിച്ചെത്തിക്കാണണം!

ഭാര്യ എന്തോ പൂജക്കായി കൂപ്പൺ വാങ്ങി. കൂപ്പണെടുത്ത എല്ലാവരെയും ഒരാൾ ചുറ്റുമിരുത്തി. നട്ടെല്ലിന്‌ കനത്ത ക്ഷതമുള്ളകാരണം ഭാര്യക്ക്‌ നിലത്തിരിക്കാൻ പറ്റില്ല. ഇരിക്കാതെ പറ്റില്ലെന്ന് അയാൾക്കും വാശി. അവസാനം പകരക്കാരനായി ഞാൻ. ശത്രുസംഹാരത്തിനെന്നുപറഞ്ഞ്‌ മന്ത്രം തുടങ്ങിയപ്പോൾ ഞങ്ങൾ ഇറങ്ങിപ്പോന്നു. ഞങ്ങൾക്കു ശത്രുക്കളില്ല; ഞങ്ങൾക്കാരെയും കൊല്ലണ്ട.

മടക്കയാത്രയിൽ വഴിക്കൊരു ക്ഷേത്രത്തിലും ഭാര്യ കയറി. പാമ്പുംകാവാണത്രെ. സ്വർണത്തിലും വെള്ളിയിലും കല്ലിലുമാണെന്നുമാത്രം. ഭാര്യ വെള്ളിയിൽ ഒരു പാമ്പിന്റെ രൂപം കാശുകൊടുത്തുമേടിക്കുന്നതുകണ്ടു. ദർശനംകഴിഞ്ഞ്‌ തിരിച്ചെത്തിയപ്പോൾ അതുകാണാനുള്ള കൗതുകത്തിൽ ഞാൻ വൃഥാ കൈനീട്ടി. പൂജ കഴിഞ്ഞു സാധനം തിരിച്ചുകിട്ടിയിട്ടുവേണ്ടേ? വിലകൊടുത്തുവാങ്ങി അത്‌ അവിടെത്തന്നെ കാണിക്ക വയ്ക്കണംപോൽ. വീണ്ടും വിൽപനച്ചരക്കാക്കാൻ!

കച്ചവടത്തിനും രാഷ്ട്രീയത്തിനും പൊങ്ങച്ചത്തിനും പണക്കൊഴുപ്പിനും മേനിപ്രദർശനത്തിനും നല്ല ഒരു അമ്പലമുണ്ട്‌ നമുക്ക്‌. മുംബയിലെ പ്രഭാദേവിയിൽ സിദ്ധിവിനായകക്ഷേത്രം.

അൽപം അകലെ അന്ധേരിക്കടുത്ത്‌ ഒരു കവലയിലെ പ്രതിഷ്ഠക്കടിയിൽനിന്ന്‌ ഒരിക്കൽ കണ്ടെടുത്തത്‌ ലക്ഷക്കണക്കിനു പണവും ലഹരിസാധനങ്ങളും ഇലക്ട്രോണിക്‌ സാമാനങ്ങളും!

ഇന്നു ഞാൻ വസിക്കുന്ന നാട്ടിൽ, ഗോവയിൽ, ക്ഷേത്രാഭാസങ്ങളേയുള്ളൂ. ഇവിടെ എന്തുമാകാം; ടൂറിസം തുണിപൊക്കിക്കാട്ടുന്നതു തുറന്ന മനസ്സോടെ.

അത്‌ തലസ്ഥാനനഗരമധ്യത്തിൽ, വീടുകളിൽനിന്നോ കുടിലുകളിൽനിന്നോ കടകളിൽനിന്നോ വേർതിരിക്കാനാവാത്ത മഹാലക്ഷ്മിക്ഷേത്രത്തിലാകാം. ചേരികളാൽചുറ്റിയ കുന്നിൻമുകളിലെ ഹനുമാൻക്ഷേത്രത്തിലാകാം. പട്ടണപ്രാന്തത്തിലെ ശാന്തദുർഗയിലാവാം; മംഗേഷ്‌ഇയിലാവാം. ആളെക്കണ്ടാലുടൻ ഭക്തിഗാനംവയ്ക്കുന്ന അയ്യപ്പക്ഷേത്രത്തിലാകാം. മണിയടിക്കാൻ വൈദ്യുതയന്ത്രം സ്ഥാപിച്ച ബാലാജിക്ഷേത്രത്തിലാകാം. പ്രധാനവീഥിയിൽ തിരക്കേറിയ മുക്കൂട്ടുകവലയിലെ പുത്തൻ ഗണപതിയമ്പലത്തിലാകാം. തിക്കും തിരക്കുമുള്ള കടപ്പുറത്തിനടുത്ത്‌, പണച്ചാക്കിന്റെ കുടുംബക്ഷേത്രത്തിലാകാം.

എന്തിന്‌, ഒരു പ്രശസ്തഗവേഷണശാലയുടെ സ്ഥലംകയ്യേറി സ്ഥാപിച്ച ഗണപതിക്ഷേത്രത്തിലാകാം.

വായ്പ്പാട്ടുകാർക്കു കയ്യിൽ സ്വർണവാച്ചും വാദ്യക്കാർക്കു കഴുത്തിൽ മണിമാലയും വണിക്കുകൾക്കു വിരലിൽ വൈരമോതിരവും അവിഭാജ്യഘടകമെന്നോണം കാണാറുണ്ട്‌. ഈ മൂന്നും പുരോഹിതരുടെ ബലഹീനതയാണ്‌. കയ്യിൽ വാച്ചില്ലാതെയും കഴുത്തിൽ മാലയില്ലാതെയും വിരലിൽ മോതിരമില്ലാതെയും പൂജയും ആരതിയും വയ്യ!

വാച്ചും വളയും, വയറും വടിവും, ചന്തിയും ചന്തവും തികഞ്ഞ പൂജാരികൾ മുന്നിൽനിന്നു മാറിയിട്ടുവേണ്ടേ പ്രതിഷ്ഠയെക്കാണാൻ, പ്രാർഥിക്കാൻ!

വിഗ്രഹത്തേക്കാൾ വലിയ ഭണ്ഡാരപ്പെട്ടികൂടി കാണുമ്പോൾ ഞാനും ചെകുത്താനോടൊപ്പം വിളിച്ചുപോകുന്നു, 'ദൈവമേ!'

ഇനിയൊന്ന്‌. ഇതെല്ലാം എന്റെ നേരറിവിലെ ഉദാഹരണങ്ങൾ. മറ്റുള്ളവരുടെ കഥ ഞാൻ പറയുന്നതു ശരിയല്ല.

ഭക്ത്യാഭാസത്തിന്‌ മതഭേദമില്ല, സ്ഥലഭേദമില്ല. മതാഭാസത്തിനു ഭക്തിയുമില്ല.

[Published in the fortnightly webmagazine www.nattupacha.com, 15 Nov 2009]

1 comment:

majeed bhavanam said...

വളരെ ധീരമായ തുറന്നെഴുത്ത്.ഞെട്ടിച്ചുകളഞ്ഞു.
വളരെ യധികം ഉള്ളിൽ തൊട്ട എഴുത്ത്.സ്നേഹാശംസകൾ.

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...