Friday 26 October 2018

അന്തിവെളിച്ചം



തലകൊണ്ടുമാത്രം പണിചെയ്തതെന്തെന്നു
താനേ മനസ്സിലൊരാന്തൽ
കയ്യിലും കാലിലും കണ്ണിലും കരളിലും
കാലം കുടുക്കിട്ട തോന്നൽ
മുച്ചെണ്ടകൊട്ടി മുഴക്കിയ വാക്കുകൾ
വക്കുപൊട്ടിച്ച പാത്രങ്ങൾ
കയ്ച്ചിട്ടിറക്കാൻ കഴിയാതെയന്നത്തെ
കൺതുറുപ്പിച്ച കാര്യങ്ങൾ

തീരെച്ചെറുതെങ്കിൽ മാവിൽ പടർത്തിടാം
വള്ളികൾ കെട്ടിപ്പിടിച്ചാൽ
വെട്ടിപ്പടർന്നു കയറുമ്പോൾ വേരുകൾ
പാഴ്‌മരമെങ്കിൽ മുറിക്കാം

അന്തിവെളിച്ചത്തിലാൽത്തറച്ചൂടിലി-
ന്നോടിയെത്തുന്നു കിനാക്കൾ
കൊച്ചടിവച്ചുടലാടിക്കുഴഞ്ഞാലു-
മാശ്വാസമായെൻ സ്മൃതികൾ
നഷ്ടവസന്തവും ശിഷ്ടശിശിരവും
ഗ്രീഷ്മത്തുടുപ്പിൽ നിറഞ്ഞു
വർഷവർണങ്ങളും ശരദേന്ദുരശ്മിയും
ഹേമന്തരാവിൽ പുണർന്നു

കൂട്ടിലൊരു കിളി താമരപ്പൈങ്കിളി
ആരെയോ മുട്ടിയുണർത്തി
മാറിൽ കുരുങ്ങിയ നിശ്വാസവീചിയിൽ
ഓമനപ്പൈതൽ ചിണുങ്ങി


No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...