Sunday 25 June 2017

'അയ്യോ`-സാഹിത്യം!

ഗോവയിലെ നാലാമത്‌ പ്രവാസി മലയാള സാഹിത്യസംഗമത്തിൽ (2017 ജൂൺ, 3-4), `മറുനാടൻമലയാളികളുടെ സാഹിത്യസഞ്ചാരങ്ങൾ` എന്ന വിഷയം ചർച്ചയ്ക്കു വച്ചിരുന്നു.   അതിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും, അന്യനാട്ടിലെ കേരളീയർ സാഹിത്യാദിവിഷയങ്ങളിൽ കാലാകാലം വ്യവഹരിക്കുന്നതിന്റെ ഒരു സംക്ഷിപ്തചിത്രം അവതരിപ്പിക്കപ്പെട്ടിരിക്കും എന്നു ഞാൻ കരുതുന്നു.   അതുമാത്രമല്ല, പ്രവാസിമലയാളികളുടെ സാഹിത്യകൃതികളിലെ പ്രത്യേകതകളും നൂതനപ്രവണതകളും ചർച്ചയ്ക്കു വന്നിട്ടുണ്ടായിരിക്കും.   തീർച്ചയായും പ്രവാസിമലയാളസാഹിത്യകൃതികളുടെ ഗുണാത്മകചിത്രങ്ങളായിരിക്കും പ്രായേണ പ്രദർശിപ്പിച്ചിട്ടുണ്ടാവുക.   ഇത്തരം വേദികളിൽ, ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ `കോണ്ട്രാ`ചിന്തകൾ ആശാസ്യമല്ലല്ലോ.

എങ്കിലും വഴിവിട്ടുപോകുന്ന ചില പ്രവണതകളെപ്പറ്റി പറയാതിരുന്നാൽ തത്കാലം സുഖം തോന്നുമെങ്കിലും, കാലക്രമത്തിൽ കേരളീയരുടെ കലാസംസ്ക്കാരത്തെ കുളംതോണ്ടുന്നൊരു സ്ഥിതിവിശേഷം അറിയാതെ പോയേക്കും.   ഒട്ടൊക്കെ ഋണാത്മകമെങ്കിലും എന്റെയീ അവലോകനം, വഴിവിട്ടുനടക്കുന്നവരെ - വഴിതെറ്റിനടക്കുന്നവരെയല്ല, വഴി അറിയാത്തവരെയല്ല, വഴിമാറുന്നവരെയല്ല, വഴി വെട്ടുന്നവരെയുമല്ല - വേദനിപ്പിക്കാനല്ല, മറിച്ച്‌ അവർ മറ്റുള്ളവരുടെ വഴിമുടക്കികളാവാതിരിക്കാനാണ്‌.

സംശയമില്ല, ഏതൊരു പ്രവാസിയുടെയും ആദ്യത്തെ ദുരനുഭവമാണ്‌ ഗൃഹാതുരത്വം.   അചിരേണ അതിനെ മറികടക്കുമ്പോഴേ പ്രവാസജീവിതത്തിന്‌ അർഥവും പുഷ്ടിയും സംതൃപ്തിയും കൈവരുന്നുള്ളൂ.   പൈതങ്ങൾ എന്നും അമ്മേ, അമ്മേഎന്ന് കാറിവിളിച്ചുകൊണ്ടല്ല വളരുന്നത്.   ഒരു പ്രായമായാൽ അമ്മയുടെ അസാന്നിധ്യം താങ്ങുവാനുള്ള കെൽപ്പുണ്ടാകുന്നു.   ഉണ്ടാകണം.   അല്ലെങ്കിൽ അത് ബാലിശമായിപ്പോകും.   പരിഹാസ്യവുമാകും.

മറ്റു പല കാരണങ്ങളുണ്ടായിരിക്കാമെങ്കിലും, പ്രവാസി മലയാളികളുടെ സാഹിത്യസഞ്ചാരത്തിനു തുടക്കം ഈയൊരു ഗൃഹാതുരത്വചത്വരത്തിൽനിന്നാണെന്നു സാമാന്യവത്കരിക്കാം എന്നു തോന്നുന്നു.  ഗൃഹാതുരത്വം ഒരു തെറ്റല്ല.   അതു സാഹിത്യമാക്കുന്നതിൽ തെറ്റുമില്ല.   എന്നാലോ അതൊരു സ്ഥിരം ശീലവും ശീലായ്മയുമാകുമ്പോഴാണ്‌ സാഹിത്യാഭ്യാസം സാഹിത്യാഭാസമാകുന്നത്.   എഴുതിക്കൂട്ടുന്നതിലെല്ലാം ഒരുതരം അയ്യോ-പാവത്തംകടന്നുകൂടുന്നു.   ഒരു പരിധി വിടുമ്പോൾ തന്റെ തുടക്കത്തോന്നൽ ന്യായീകരിക്കാൻവേണ്ടി ഗൃഹാതുരത്വത്തിന്റെ - നഷ്ടാൾജിയയുടെ - കപടവശങ്ങൾ പുറത്തെടുക്കുന്നു.   ഓണവും വിഷുവും തിരുവാതിരയും പെരുന്നാളും നോമ്പും ഉത്സവവും മലയും പുഴയും ഞാറ്റുവേലയും പോരാഞ്ഞ്, മൊഞ്ചും മണവും രുചിയും ചെത്തവും ചൂരും വിരഹവും വിഷാദവും കടന്ന്, പുരയിടംവാങ്ങലും പുരപണിയലും പൊന്നുവാങ്ങലും പെങ്ങളുടെ കല്യാണവും തങ്ങളുടെ പ്രേമാഭിരാമവും പേർത്തും പേർത്തും പറഞ്ഞ് ഒരരുക്കാക്കിയാലും തീരില്ല മിക്ക പ്രവാസിമലയാളികളുടെയും സാഹിത്യസഞ്ചാരങ്ങൾ.

നാടുവിട്ട് പുറംനാട്ടിലേക്കുപോകുന്ന മലയാളികളെല്ലാം അഭ്യസ്തവിദ്യരും ആരംഭചിന്തകരുമാണ്‌.   അവരുടെ ആദ്യാഭിനിവേശം കലാസാഹിത്യാദികളിൽ കുറ്റിയടിക്കുന്നതു സ്വാഭാവികം.   എങ്കിലോ അവരുടെ ആദ്യപരിശ്രമങ്ങളെല്ലാം നാടകമെന്നു ചെല്ലപ്പേരിട്ടുവിളിക്കുന്ന ചില അരങ്ങാട്ടങ്ങളിലും കവിതയെന്നു ചെല്ലപ്പേരിട്ടുവിളിക്കുന്ന ഗദ്യ-പദ്യത്തിലുമായിപ്പോകുന്നതെന്തുകൊണ്ട് എന്നതിന്‌ ഇന്നും എനിക്കൊരു മുഴുവനുത്തരം കിട്ടിയിട്ടില്ല.   കുറുക്കിപ്പറഞ്ഞാൽ,   പാട്ടും കഥയും വരയും പിൻതള്ളി, അല്ലറ നാടകങ്ങളിലും ചില്ലറ പദ്യങ്ങളിലുമാണ്‌ നമ്മുടെ പ്രവാസിമലയാളി സ്വന്തം സർഗശക്തി തല്ലിത്തിരുമ്മി അലക്കുന്നത്.   ആരോ ചൊല്ലിക്കൊടുത്ത് ആർക്കോവേണ്ടി ആരാന്റെ അങ്കണത്തിൽ അരങ്ങേറ്റുന്ന നാടകാഭാസങ്ങൾ ഒരുവശത്ത്ഗദ്യംപോലും തികച്ചെഴുതാൻ കഴിവില്ലാതെ പ്രസ്താവനയും മുദ്രാവാക്യവും വളിപ്പും വഷളത്തവും കവിതയായെന്ന മട്ടിൽ കയറ്റുമതി ചെയ്യുന്നത് മറുവശത്ത്.   ഇവയൊക്കെ തന്നോടും തന്റെ സമൂഹത്തോടും അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ദുസ്സാഹസമാണ്‌.

ഞാൻ കാടടച്ച് വെടി വയ്ക്കുകയല്ല.   കാതടച്ച് വെടിപൊട്ടിക്കുകയുമല്ല.   നാടുവിട്ടിരുന്ന് മലയാളസാഹിത്യത്തെയും ചിത്രകലാരംഗത്തെയും ഇതരകലാശ്രേണികളെയും പരിപുഷ്ടമാക്കിയ ഇന്നലത്തെ ചില മഹാപ്രതിഭകളെയുംനാട്ടിൽനിന്നകന്ന് കലാസാഹിത്യാദികളിൽ സർഗാത്മകതയുടെ ഇതൾവിടർത്തുന്ന ഇന്നത്തെ പല മറുനാടൻമലയാളികളെയും മറന്നേയല്ല ഈ വിചിന്തനം.   അവരെല്ലാം ഗൗരവമായി സാഹിത്യവ്യാപാരം ചെയ്തവർ, ചെയ്യുന്നവർ.   അവർ സാഹിത്യത്തെ വ്യാപാരമാക്കിയവരല്ല.   അവർ സ്വന്തം ’-വട്ടത്തിൽ ചുറ്റിത്തിരിഞ്ഞവരല്ല.   അകലത്തുനിന്നും ഉയരത്തുനിന്നും ജീവദർശനം ചെയ്തവരാണവർ.

നാട്ടിലെപ്പോലെതന്നെ പരദേശത്തും.   വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്നു.  കയ്യനക്കുമ്പോഴേക്കും അയ്യോ, സാഹിത്യംമുളപൊട്ടുന്നു!   മറുനാട്ടിൽ ഒരു വ്യത്യാസം മാത്രം.   സാഹിത്യമെന്നാൽ കവിത’.   കയ്യനക്കുന്നവരെല്ലാം കവികളാകുന്നു.   കവിതയാണെമ്പാടും - കച്ചോടം പൊട്ടിയപ്പോൾ അമ്മായി ചുട്ടതുപോലത്തെ മണ്ണപ്പങ്ങൾ.   തീർത്തും വ്യക്ത്യധിഷ്ഠിതവും വികാരംകൊണ്ടരോചകവുമായ ഗദ്യവും പദ്യവും ചാണകവും പിണ്ണാക്കുമല്ലാത്ത എന്തോ സൃഷ്ടികൾ.   എല്ലാമല്ല; മിക്കതും.

എന്തുകൊണ്ട് ഇതരകലകളിൽ ഇത്രമാത്രം പരിശ്രമങ്ങളുണ്ടാകുന്നില്ല?   കനപ്പെട്ടൊരു കഥയോ കവിതയോ ലേഖനമോ കാത്തുകാത്തിരുന്നാലേ കരഗതമാകുന്നുള്ളൂ.   വളരെക്കുറച്ച്.   മറിച്ച്, നവമാധ്യമങ്ങളിലൂടെയും സുഹൃദ്സംഘശൃംഖലകളിലൂടെയും തള്ളിത്തള്ളി തരപ്പെടുത്തുന്ന സാഹിത്യകാരപ്പട്ടം അനവധി.   അവർ കാശുകൊടുത്തച്ചടിപ്പിക്കുന്ന പുസ്തകങ്ങളുടെ കോപ്പികളുടെ എണ്ണത്തിനപ്പുറം  ആ കൃതികൾ ശ്രദ്ധിക്കപ്പെടുന്നുണ്ടോ എന്നു സന്ദേഹം.   ഉള്ളിൽനിന്നെഴുതുന്നതും പുറമേക്കെഴുതുന്നതും തമ്മിലുള്ള വ്യത്യാസമാണത്.

എങ്കിലും ഒരുകാര്യം സമ്മതിക്കാതെ വയ്യ.   മലയാളഭാഷയോടും മലയാളസാഹിത്യത്തോടുമുള്ള സ്നേഹാദരങ്ങൾ, നാട്ടുമലയാളികളേക്കാൾ നാടുവിട്ട മലയാളികൾക്കാണു കൂടുതൽ.   ഒരുപക്ഷെ സാഹിത്യവ്യവഹാരങ്ങളിൽ കൂടുതൽ ആത്മാർഥത പുലർത്തുന്നതും പ്രവാസികൾ തന്നെ.   അതേസമയം, ‘ആത്മാർഥതഎന്ന വാക്കിന്‌ രണ്ടർഥമുണ്ടെന്നതു മറക്കരുത്:  ഒന്ന്അവനവന്റേതെന്ന മട്ടിൽ മറ്റുള്ളവർക്കായി ശ്രദ്ധിച്ചു ചെയ്യുന്നത് എന്ന നല്ല അർഥം; രണ്ട്, അവനവനുവേണ്ടിമാത്രം ചെയ്യുന്നത് (സ്വാർഥം) എന്ന ചീത്ത അർഥം!

കവിതയെ രസാത്മകമാക്കുവാനും ധ്വനിരാത്മകമാക്കുവാനും കാലദേശാതീതമാക്കുവാനും, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിൽ കണ്ണഞ്ചിച്ചുപോയവർക്കാവില്ല.   തന്റെ കൊച്ചുതട്ടകത്തിലെ തരികിടകൾ ആദർശവത്കരിച്ചോ അതിഭാവുകമാക്കിയോ ദുർഗ്രഹമാക്കിയോ ബീഭത്സമാക്കിയോ വെറുതെയങ്ങു തട്ടിക്കൂട്ടാൻ പറ്റുന്നതല്ലല്ലോ സാഹിത്യം.

ചങ്ങലംപരണ്ടേ മമ, ചങ്ങലംപരണ്ടേ ഹഹ, ചങ്ങലംപരണ്ടേ (വരി തീർന്നുപോകയാൽ).....എന്നൊരു കവിതയെഴുതി കവിയശ:പ്രാർഥികളെ കണക്കിനു കളിയാക്കിയിട്ടുണ്ട്. സഞ്ജയൻ പണ്ട്.   കൊച്ചിയിലെ പണ്ടത്തെ തോട്ടയ്ക്കാടു ദിവാന്റെ തറവാട്ടിലെ, എങ്ങനെയെങ്കിലും കവയിത്രിയെന്ന പേരെടുക്കാൻ കഷ്ടപ്പെട്ടു കവിതയെഴുതിയ ഒരു കവനമണിയമ്മയെപ്പറ്റിയുള്ളൊരു മറുകവിത അശ്ലീലമായതിനാൽ ഇവിടെ പകർത്തുന്നില്ല.   സാഹിത്യകാരപ്പട്ടം കിട്ടാനും ഗ്രന്ഥകർത്താവായിച്ചമയാനും അവാർഡു സംഘടിപ്പിക്കാനും ബുദ്ധിജീവിയാവാനും നാട്ടിലെക്കൂട്ടർ ചെയ്യുന്നതിന്റെ ഇരട്ടി കുതന്ത്രങ്ങളാണ്‌ പ്രവാസി മലയാളികൾ ചെയ്തുകൂട്ടുന്നത്.

ഒരിക്കൽകൂടി ഉറപ്പിച്ചു പറയുന്നു, നാട്ടിലെ സാഹിത്യത്തെ വെല്ലുന്ന സൃഷ്ടികൾപോലും വെളിനാടുകളിൽ ഉണ്ടാകുന്നുണ്ട്.   അവയെ ആസ്ഥാനക്കാരോ  സംസ്ഥാനക്കാരോ അംഗീകരിക്കുന്നുമില്ല.   മറ്റു മിക്കതും വെറും ചവറാണുതാനും.   അവയ്ക്കത്രേ ആവേശവും ആദരണവും അവാർഡും മറ്റും.   അതിഭാവുകത്വവും വികാരാവേശവും ആദർശവത്കരണവും അബദ്ധീകരണവും അശ്ലീലവും ആഭാസവും  വർഗവെറിയും  വർണവിവേചനവും മതവത്കരണവും അരാജകത്വവും പ്രവാസിമലയാളത്തെ അരോചകമാക്കുന്നു.

ഓരോ മനുഷ്യനിലും എന്തെങ്കിലുമൊരു കലാംശം ഉറങ്ങിക്കിടപ്പുണ്ട്.   ദേശത്തായാലും വിദേശത്തായാലും പരദേശത്തായാലും സർഗശേഷി സടകുടഞ്ഞെഴുന്നേൽക്കുന്നത് തക്ക സാഹചര്യങ്ങളിലാണ്‌.   അല്ലാതെ പ്രവാസിക്ക് ഒന്നോ രണ്ടോ കൊമ്പൊന്നുമില്ല - പ്രത്യേകമായി ഒന്നോ ഒന്നരയോ എല്ല് കൂടുതലോ കുറവോ ഇല്ല.   കാര്യം ഇത്രമാത്രം:  മഴകൊണ്ടുമാത്രം മുളയ്ക്കുന്ന വിത്തുകൾ പലതുണ്ടു മണ്ണിൽ, മനസ്സിൽ’ (സ്വല്പം മാറ്റിപ്പറഞ്ഞതിന്‌ മൂലകർത്താവിനോടു മാപ്പ്).   മഴയും മണ്ണും മനസ്സും ഒത്തുവരണം; അത്രമാത്രം.

ഇതെഴുതുന്ന ഞാനും ഇതിനൊരപവാദമൊന്നുമല്ല എന്ന പൂർണബോധം എനിക്കുണ്ട്.   മധുരം കിനിയും മലരുകൾ വിരിയും, മലരിൻ മാദക പരിമളമുതിരും; വെൺതിങ്കൾക്കൊടിയണയുമ്പോഴും, മൽസഖി നീയെന്നരികത്താവും...എന്ന തരത്തിലുള്ള അയ്യോ-സാഹിത്യത്തിൽതന്നെയായിരുന്നു എന്റെയും തുടക്കം.   അതൊടുക്കവുമാക്കിയതുകൊണ്ടുമാത്രം, അരങ്ങേറ്റങ്ങളോ പ്രകാശനയോഗങ്ങളോ അവാർഡുചിന്തകളോ ആദരണച്ചടങ്ങുകളോ പുരസ്ക്കാരമഹോത്സവങ്ങളോ പാരായണസമ്മേളനങ്ങളോ സംവാദമാമാങ്കങ്ങളോ ഇല്ലാതെ, പകൽ പണിയാനും രാവുറങ്ങാനും വിഷമമുണ്ടായിട്ടില്ല.   അക്കാഡമികളിലെ വെള്ളാനകൾക്ക് വിരുന്നേകലോ സാഹിത്യഭീകരൻമാർക്ക് വരവേൽക്കലോ വിഷയമായിട്ടില്ല.   അയ്യോ-സാഹിത്യംതലയ്ക്കുപിടിക്കാതിരിക്കാൻ അതുതന്നെ നൽവഴി!


നിങ്ങൾക്കു യോജിക്കാം, വിയോജിക്കാം, തിരുത്താം!

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...