Wednesday 18 April 2012

തലമുറകളുടെ തവളച്ചാട്ടം

തലമുറ എന്നതിണ്റ്റെ മുഖമുദ്രതന്നെ തുടര്‍ച്ചയും പടര്‍ച്ചയുമാണ്‌. "താതന്‍ മറന്നാല്‍ തനയന്‍ തുടര്‍ന്നു തദ്‌വൃത്തഖണ്ഡം പരിപൂര്‍ണമാക്കും" എന്നു വിധി. എങ്കിലോ ഒരു തലമുറയില്‍ ജീവിച്ച്‌ മറ്റൊരു തലമുറയിലേക്കു തവളച്ചാട്ടം ചാടിയവരുമുണ്ട്‌; മുന്നിലേക്കും പിന്നിലേക്കും. ഇണ്റ്റെര്‍നെറ്റ്‌വിനിമയത്തിനിടെ മനസ്സില്‍തടഞ്ഞ മനുഷ്യനായിരുന്നു സി.വി.കെ. മൂര്‍ത്തി. സ്വസമൂഹത്തിലെ അനുഷ്ഠാനപരതയെയും അന്ധവിശ്വാസത്തെയും ആര്‍ഭാടത്തെയും അല്‍പത്തത്തെയുമെല്ലാംകുറിച്ച്‌ സംവദിക്കേണ്ടിവന്നപ്പോള്‍ ആകസ്മികമായി ശ്രീ മൂര്‍ത്തി പിന്‍ബലമേകി. അതിനുമുന്‍പും അതില്‍പിന്നങ്ങോട്ടും അദ്ദേഹം ആ യുദ്ധം സ്വയമേറ്റെടുത്തു നടത്തിയിരുന്നു. കാര്യവിവരവും ബുദ്ധികൂര്‍മതയും വാഗ്ശക്തിയും വിനയാന്വിതയുംകൊണ്ട്‌, "കുലയ്ക്കുമ്പോളൊന്ന്‌, തൊടുക്കുമ്പോള്‍ പത്ത്‌, കൊള്ളുമ്പോള്‍ ആയിരം ഓരായിരം" എന്ന മട്ടില്‍ പറഞ്ഞും പറയാതെയും, ഉപദേശിച്ചും പ്രതികരിച്ചും, കളിയാക്കിയും കുരച്ചുചാടിയും അദ്ദേഹം പാരമ്പര്യത്തിണ്റ്റെ പിണിയാളുകളെ നിശ്ശബ്ദരാക്കി. പാരമ്പര്യത്തിണ്റ്റെ പിടിവാശിയില്‍ പിടഞ്ഞടങ്ങുന്ന നിശ്ശബ്ദജീവനുകളെ ഇനിയും പിഴിഞ്ഞെടുക്കാതെ അവരുടെ വഴിക്കു വെറുതെയെങ്കിലുംവിട്ടയക്കാന്‍ അദ്ദേഹം സ്വസമുദായത്തെ ഗുണദോഷിച്ചു. അതില്‍പിന്നെ ഞങ്ങള്‍തമ്മില്‍ ഇ-മെയില്‍ വര്‍ത്തമാനം തുടര്‍ന്നു. അതിരുവിട്ട ഭക്തിയും കടംവാങ്ങിക്കല്യാണവും കപടസദാചാരവുംതൊട്ട്‌, മതങ്ങളുടെ പ്രകടനപരതയും കടുംപിടിത്തവും എന്നല്ല, മണ്ണാശയും പെണ്ണാശയും പൊന്നാശയുമെല്ലാംവരെ ആ കത്തുകളില്‍ കത്തിക്കാളി. സമുദായത്തിലെ ആണുങ്ങളുടെ ആണത്തമില്ലായ്‌മയും പെണ്ണുങ്ങളുടെ പൊള്ളത്തരവും തുറന്നുപറഞ്ഞ്‌, അദ്ദേഹം പാരമ്പര്യവാദികളുടെ വായടച്ചു. വികാരവും വിചാരവും വിപ്ളവവും അന്യോന്യം പകര്‍ന്നാടാന്‍ അനുവദിക്കാതെ സമചിത്തതയോടെ സമകാലികസമസ്യകളെ സമരസിപ്പിക്കാന്‍ അദ്ദേഹം ഉത്തേജനം നല്‍കി. ഒരു യുവാവിണ്റ്റെ ചടുലതയും യുവഭടണ്റ്റെ വീറും മധ്യവയസ്ക്കണ്റ്റെ പക്വതയും അനുഭവജ്ഞണ്റ്റെ ആത്മവിശ്വാസവും ആത്മാര്‍ഥതയുടെ അര്‍പ്പണാത്മകതയും നിറഞ്ഞതായിരുന്നു അദ്ദേഹത്തിണ്റ്റെ അറിവിടങ്ങള്‍. പതിവിനു വിപരീതമായി, ഈ ഇണ്റ്റെര്‍നെറ്റ്‌-പോരാളിയുടെ വ്യക്തിപരമായ കാര്യങ്ങളറിയാന്‍ എനിക്കു താല്‍പര്യമായി. ശ്രീ മൂര്‍ത്തിയുടെ മറുപടി എന്നെ ആശ്ചര്യപ്പെടുത്തി. പാകംവന്ന ഒരു ഇടപ്രായക്കാരണ്റ്റെ ചിത്രമായിരുന്നു എനിക്കദ്ദേഹത്തെപ്പറ്റി. എണ്റ്റെ തലമുറക്കാരനെന്നു കരുതിയ അദ്ദേഹം എണ്‍പതിനോടടുത്ത വയോധികന്‍. ഇന്ത്യയില്‍ പല സ്ഥലങ്ങളിലും പണിയെടുത്ത ഒരു പഴയ എന്‍ജിനിയര്‍. ഭാര്യമരിച്ചിട്ട്‌ അധികമായിരുന്നില്ല. രോഗപീഡകൊണ്ട്‌ കസേരവിട്ടു വീടിനു വെളിയിലിറങ്ങുന്നതേ ചുരുക്കം. മകണ്റ്റെകൂടെ ബംഗളൂരില്‍ താമസം. അച്ഛനെ കംപ്യൂട്ടര്‍-പ്രേമിയാക്കിയത്‌ മകനായിരിക്കണം. അതു വിത്തിനു വളമായി. (എണ്റ്റെ തലമുറക്കാര്‍പോലും പണിക്കല്ലാതെ പരസ്‌പരവിനിമയത്തിന്‌ കംപ്യൂട്ടര്‍ കൈകൊണ്ടുതൊടാത്ത കാലമായിരുന്നു അതെന്നോര്‍ക്കുക). ഒരു തലമുറകൊണ്ട്‌ ആര്‍ജിച്ചതെല്ലാം മറുതലമുറയ്ക്കുപകരാനുള്ളൊരു തവളച്ചാട്ടം ചാടി ആ മനുഷ്യന്‍ അതോടെ. കാലത്തിനുവേണ്ടി കാത്തുനിന്നില്ല; കാലത്തെ കടത്തിവെട്ടി സി.വി.കെ. മൂര്‍ത്തി. ഒടുവിലറിയുമ്പോള്‍ അദ്ദേഹം കൊല്‍ക്കത്തയിലേക്കു താമസം മാറ്റിയിരുന്നു മകനുമൊത്ത്‌. മകന്‍ സമ്മാനിച്ച 'ലെയ്സി-ബോയ്‌' കസേരയിലിരുന്നും കിടന്നും അദ്ദേഹം വിശ്വരൂപദര്‍ശനം തുടര്‍ന്നു. ഒരുപാടുനീണ്ട ഇടവേളക്കുശേഷം എനിക്കദ്ദേഹത്തിണ്റ്റെ വിലാസത്തില്‍ ഒരു മെയില്‍ കിട്ടി. പക്ഷെ അതു മകന്‍ അച്ഛണ്റ്റെ പരിചയക്കാര്‍ക്കെല്ലാമയച്ച ചരമവാര്‍ത്തയായിരുന്നു. ശ്രീ മൂര്‍ത്തി കാലത്തിനു മുന്നോട്ടുചാടിയപ്പോള്‍ എ.കെ. പുതുശ്ശേരിയെന്നൊരു സമകാലികന്‍ തലമുറയ്ക്കു പിന്നോട്ടാണു തവളച്ചാട്ടം ചാടിയത്‌. മുന്‍തലമുറയില്‍നിന്ന്‌ തനിക്കൊരു മാറ്റവുമില്ലെന്നും മാറാന്‍ മനസ്സില്ലെന്നും തണ്റ്റേടത്തോടെ വിളിച്ചുപറഞ്ഞ ഒരു - സാഹിത്യകാരന്‍, മതപണ്ഡിതന്‍, നടന്‍, പൊതുപ്രവര്‍ത്തകന്‍, സംഘാടകന്‍; ആരാണ്‌, അല്ലെങ്കില്‍ ഇതില്‍ ആരല്ല എ.കെ. പുതുശ്ശേരി? - 'എനിഗ്മാറ്റിക്‌'-പ്രതിഭയാണ്‌ അദ്ദേഹം. ആകസ്മികമായാണ്‌ അദ്ദേഹത്തെയും പരിചയപ്പെടുന്നത്‌. ഞാന്‍ എറണാകുളത്തെ എസ്‌.ടി. റെഡ്യാര്‍ പ്രസ്സില്‍ എണ്റ്റെ സഹപാഠി സുന്ദരമൂര്‍ത്തിയെക്കാണാന്‍ പോയതായിരുന്നു കഴിഞ്ഞവര്‍ഷം (൨൦൧൧). നാടകീയമായാണ്‌ ആ സ്നേഹിതന്‍ എന്നെ പുതുശ്ശേരിയുടെ മുന്നിലെത്തിച്ചത്‌. 'എസ്ടിയാ'റിലെ പഴയ ജീവനക്കാരനാണ്‌ ഇന്നും പുതുശ്ശേരി. സഹപ്രവര്‍ത്തകര്‍ക്കെല്ലാം തികച്ചും ഒരു കാരണവര്‍. എഴുപത്തേഴു പുസ്തകങ്ങളുടെ കര്‍ത്താവ്‌. എണ്റ്റെ തട്ടകം സ്ഥലീയമായും കാലികമായും വിഭിന്നമായിരുന്നതിനാലായിരിക്കണം, ഞാന്‍ അദ്ദേഹത്തെക്കുറിച്ചു കേട്ടിട്ടില്ലായിരുന്നു. ഞാന്‍ സത്യം പറഞ്ഞു. അതില്‍ അദ്ദേഹത്തിനു പരിഭവവുമില്ലായിരുന്നു. ആകപ്പാടെ എനിക്കറിയാവുന്ന 'പുതുശ്ശേരി' എണ്റ്റെ സുഹൃത്ത്‌ ജോണ്‍പോളാണ്‌. അതുപറഞ്ഞതും ശ്രീ എ.കെ. പുതുശ്ശേരി തണ്റ്റെ ചെറുകഥകളുടെ ഏറ്റവും പുതിയ സമാഹാരം ഒപ്പിട്ടു കയ്യില്‍തന്നു. അതിനു മുന്നുര എഴുതിയിരുന്നത്‌ ജോണ്‍പോളായിരുന്നു! സപ്തതിയില്‍ വിലസുന്ന പുതുശ്ശേരിയുടെ എഴുപത്തേഴാമതു പുസ്തകമാണ്‌ ഈ കഥാസമാഹാരം (അത്‌ ൨൦൧൦-ലെ കഥ). ൧൯൫൫-ലാണ്‌ ആദ്യകൃതി - ഭാരമുള്ള കുരിശ്‌, ഒരു നാടകം. കുരിശിണ്റ്റെ ഭാരം കുറഞ്ഞും വലിഞ്ഞും ൨൦൧൦-ലേക്കെത്തിയപ്പോള്‍ (പുതുശ്ശേരിയുടെതന്നെ വാക്കുകള്‍), ൭൭ കൃതികള്‍! ഒരു ഡസന്‍ നോവലുകള്‍, ഒരുഡസന്‍ ബാലസാഹിത്യകൃതികള്‍, അതിലിരട്ടി ബാലെകള്‍, സാമൂഹ്യനാടകങ്ങള്‍, ബൈബിള്‍നാടകങ്ങള്‍, കഥാപ്രസംഗങ്ങള്‍, പിന്നെ ജീവചരിത്രം (ആര്‍ട്ടിസ്റ്റ്‌ പി.ജെ. ചെറിയാനെക്കുറിച്ച്‌), നാടകാനുഭവങ്ങള്‍, നാലഞ്ചു ടെലിഫിലിമുകള്‍, സിനിമ ('കൃഷ്ണപക്ഷക്കിളികള്‍'), കാസറ്റുകള്‍ (൨൨ ഭക്തിഗാനങ്ങള്‍, ൨൨ ലളിതഗാനങ്ങള്‍) - പോരേ, ഒരു പുരുഷായുസ്സിന്‌? പഴയ തലമുറയെ കൈവിടുന്നില്ല എ.കെ. പുതുശ്ശേരി; മാത്രമല്ല മുറുകെ പിടിച്ചിരിക്കുകയുമാണ്‌. അദ്ദേഹത്തിന്‌ കാലം ഒന്നേയുള്ളൂ. അതു മാറുന്നില്ല. ശൈലി ഒന്നേയുള്ളൂ. അതും മാറുന്നില്ല. കാരണം മാറാത്ത കാര്യങ്ങളെയാണ്‌ അദ്ദേഹം കാണുന്നത്‌. ജീവിതത്തിലെ 'ചിരഞ്ജീവി'കളെയാണ്‌ അദ്ദേഹം അവതരിപ്പിക്കുന്നത്‌. കാലം അദ്ദേഹത്തിണ്റ്റെ മുന്നിലൂടെ ഒഴുകിപ്പോയേക്കാം; പക്ഷെ അദ്ദേഹം കൂടെ ഒഴുകിപ്പോകുന്നില്ല. ജോണ്‍പോള്‍ പറയുന്നതുപോലെ, 'ഞാനിങ്ങനെ.....എനിക്കിങ്ങനെ.....എണ്റ്റെയിങ്ങനെ' എന്ന നേര്‍മട്ട്‌. 'പഴഞ്ച'നാണെങ്കിലും പഴക്കംതട്ടാത്ത മനുഷ്യന്‍! ജോണ്‍പോളിനോടു ഞാനും യോജിക്കുന്നു, "ആ മനസ്സിനെ, ആ മനുഷ്യനെ നമുക്കിഷ്ടപ്പെടാതിരിക്കുവാന്‍ കഴിയില്ല. [Published in the fortnightly web-magazine www.nattupacha.com]

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...