Wednesday 7 October 2009

കഥകളിയുടെ മടിത്തട്ടിൽ

ഞാനാദ്യംകണ്ട കഥകളിതന്നെ കലാമണ്ഡലം കൃഷ്ണൻ നായരുടേതാണെന്നത്‌ ഒരു സുകൃതം. അതും അക്ഷരാർഥത്തിൽതന്നെ ഒരു മടിത്തട്ടിലിരുന്ന്.

അന്നെനിക്ക്‌ ആറോ എട്ടോ പ്രായം. എന്റെ വീടിന്റെ തൊട്ടുതെക്ക്‌, വലിയ വാടകവീട്ടിൽ വലിയ ആളനക്കം. ആളുകളേക്കാൾ കൂടുതൽ പെട്ടികൾ. കലാമണ്ഡലം കൃഷ്ണൻ നായരും കുടുംബവും തൃപ്പൂണിത്തുറയിൽ താമസമാക്കുന്നു.

ഞങ്ങൾ നാട്ടുപിള്ളേർ ഒളിഞ്ഞുനോക്കുന്നു. അവിടത്തെ വരത്തുപിള്ളേർ ഇറങ്ങിവരുന്നു. ചുറ്റുവട്ടത്തെ ഒരുമാതിരി എല്ലാപ്രായത്തിലുള്ളവർക്കും പറ്റിയവർ. ഞങ്ങൾ കൂട്ടായി. അന്നെല്ലാം ചങ്ങാത്തം ഉടന്തടിയാണല്ലോ.

അതേവരെ കഥകളിയെന്നൊന്ന് ഞാൻ കണ്ടിട്ടില്ലായിരുന്നു; കാരണം അൽപം അകലെയുള്ള അമ്പലത്തിൽപോയി ഉറക്കമിളിക്കണം. കൂടെക്കൊണ്ടുപോകാൻ ആളുംവേണം. അച്ഛനന്നേ പണി കൂടുതലും പണം കുറവും പ്രമേഹരോഗിയുമായിരുന്നു.

തൃപ്പൂണിത്തുറയിൽ താമസമാക്കി, കലാമണ്ഡലം കൃഷ്ണൻ നായരുടെ ആദ്യത്തെ കളി പൂർണ്ണത്രയീശക്ഷേത്രത്തിൽ. വേഷമോ പേരുകേട്ട പൂതനയും. കുട്ടികൾപറഞ്ഞ്‌, എനിക്കതൊന്നു കാണണമെന്നു പൂതിയും.

ശ്രീ കൃഷ്ണൻ നായരുടെ പത്നി ശ്രീമതി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്റെ അമ്മയോടുപറഞ്ഞു, വേണമെങ്കിൽ എന്നെ കൂടെ അയച്ചുകൊള്ളാൻ കളികാണാൻ. അവർക്ക്‌ എന്നോടു പ്രത്യേകവാത്സല്യമുണ്ടായിരുന്നിരിക്കണം. കാരണം, അവരുടെ മൂത്തമകളുടെയും (പിൽക്കാലതു നൃത്താധ്യാപികയായി പ്രസിദ്ധയായ ശ്രീദേവി) എന്റെയും വിളിപ്പേരുകൾ ഒന്നായിരുന്നു.

ഞങ്ങളുടെ നാട്ടിൽ പൊതുവെ 'ചേച്ചി'യും 'ചേട്ട'നുമാണ്‌. പിന്നെ ചില വീടുകളിൽ ചേച്ചിമാരെ ആൺകുട്ടികളും, ചേട്ടന്മാരെ പെൺകുട്ടികളും 'ഓപ്പ'യെന്നും വിളിക്കും. വടക്കുനിന്നുവന്ന കലാമണ്ഡലംകുടുംബത്തിന്റെ 'ഓപ്ല'വിളി ഞങ്ങൾക്കു പുതുമയായിരുന്നു. 'ഓപ്പോൾ', 'ഓപ്ല' ആയതാവണം. മൂത്തമകൾ മണിയോപ്ലയ്ക്കുതാഴെ മറ്റൊരു ചേച്ചിയുമുണ്ടയിരുന്നു; കലയോപ്ല. എന്റെ സ്വന്തം ചേച്ചിയുടെ സഹപാഠി. ബാക്കിയെല്ലാം ആൺകുട്ടികളായിരുന്നു. അവരെ ഞങ്ങൾ പ്രായഭെദമെന്യേ പേരുപറഞ്ഞുവിളിച്ചു.

അങ്ങനെ 'മണിയോപ്ല'യുടെ മടിയിലുരുന്ന് ആദ്യമായി കഥകളി കണ്ടു.

അതൊരു അനുഭവമെന്നതിനേക്കാളേറെ അനുഭൂതിയായിരുന്നു. ആനപ്പന്തലിൽ മുൻപന്തിയിൽത്തന്നെയുള്ള ഇരുപ്പ്‌. അമ്പലപ്പറമ്പിലെ ആനപ്പിണ്ടത്തിന്റെയും കളിത്തട്ടിലെ വിളക്കെണ്ണയുടെയും അമ്പലനടയിലെ കർപൂരത്തിന്റെയും ഓപ്പോളണിഞ്ഞ പിച്ചിപ്പൂവിന്റെയും സമ്മിശ്രഗന്ധം. കേളികൊട്ടുതൊട്ട്‌ കലാശംവരെ, തിരനോട്ടം തൊട്ടു തോടയം വരെ, ചൊല്ലിയാട്ടംതൊട്ടു ഇളകിയാട്ടം വരെ, മുദ്രകൾതൊട്ടു മംഗളം വരെ ഇടതടവില്ലാതെ പതിഞ്ഞസ്വരത്തിൽ ചെവിയിൽ പറഞ്ഞുതരുന്ന മണിയോപ്ല. അതായിരുന്നു ആട്ടക്കഥയുടെ ആദ്യപാഠം.

അതൊരു ഹരമായി. എന്നാൽ കഥയറിയാത്ത ആട്ടംകാണലായിരുന്നു മിക്കതും. ആനച്ചന്തം മാതിരി തന്നെ കഥകളി. കഥയും കളിയുമറിയാതെയും ആസ്വദിക്കാം.


കലാമണ്ഡലം കൃഷ്ണൻ നായരുടെ മൂത്തമകൻ അശോകൻ അധികമൊന്നും അടുത്തിരുന്നില്ല. പ്രായക്കൂടുതൽകൊണ്ടാകണം. അകാലത്തിൽ മരിച്ചുപോയി അശോകൻ. കലയോപ്ല പിതാവിന്റെ സ്ത്രീപർവമായിരുന്നു; പൂതനതന്നെയായിരുന്നു ഇഷ്ടവേഷവും. എന്തോ പിന്നീടു കഥകളിയിൽ തുടർന്നതായി അറിവില്ല. കൂട്ടത്തിൽ നടുക്കുള്ള ബാബുവായിരുന്നു ശ്രീ കൃഷ്ണൻ നായരുടെ തത്സ്വരൂപം. ഏകദേശം എന്റെ സമപ്രായമായിരുന്നതിനാൽ ബാബുവാണ്‌ എനിക്കുവേണ്ടി മുദ്രകളെല്ലാം കാണിച്ചുതരിക. എല്ലാം ബാബു കണ്ടുപഠിച്ചതാണ്‌. ഇന്നു ഞാൻ അതെല്ലാം മറന്നു. ബാബുവാണെങ്കിലോ ഇന്ന് അറിയപ്പെടുന്നൊരു നടനാണ്‌. എനിക്കു തെറ്റിയില്ലെങ്കിൽ, കലാമണ്ഡലം ദമ്പതിമാരുടെ മറ്റുമക്കളായിരുന്നു രവിയും ഉണ്ണികൃഷ്ണനും കൃഷ്ണകുമാറും (പേരെല്ലാം പിഴച്ചോ? അവർ എവിടെയാണെങ്കിലും ക്ഷമിക്കുക; പഴംകഥകളല്ലേ, തെറ്റുണ്ടാകാം).

കലാമണ്ഡലം കൃഷ്ണൻ നായരുടെ അഭിനയത്തെപ്പറ്റി പറയാൻ ഞാൻ ആളല്ല; പറഞ്ഞാലൊട്ടു ശോഭിക്കുകയുമില്ല. പക്ഷെ ഒന്നുണ്ട്‌. കഥയിലെന്നപോലെ സാത്വികനായിരുന്നു അദ്ദേഹം വീട്ടിൽ. മറ്റു കഥകളിക്കാർ 'ചിറ'കിനു (കഥകളിക്കാരുടെ ഭാഷയിലെ പണം) പിന്നാലെ പാഞ്ഞിരുന്നപ്പോൾ കലാമണ്ഡലം (അന്നെല്ലാം 'കലാമണ്ഡല'മെന്നുപറഞ്ഞാൽ 'കൃഷ്ണൻ നായർ' എന്നു മനസ്സിലാക്കണം) തൊഴിലിന്നുള്ളിലെ കലാസപര്യക്കു സ്വയം അർപ്പിച്ചു. പകൽ ഞാൻ കണുമ്പോഴൊക്കെ അർധനിദ്രയിലായിരിക്കും. തലേന്നു രാത്രിയിലെ കളിയുടെ ക്ഷീണം. എന്നാലും കണ്ടാൽ കയ്യൊന്നനക്കി കണ്ണൊന്നു നിവർത്തി ചിരിക്കും. സന്താനഗോപാലത്തിലെ ബ്രാഹ്മണനായിട്ടാണ്‌ എനിക്കപ്പോൾ തോന്നുക.

ശ്രീമതി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയാകട്ടേ മോഹിനിയാട്ടത്തിന്റെ മുഖമുദ്രയായി മാറി. അവരും ഇന്നില്ല.

പഴയ ഗ്രന്ഥങ്ങളുംകൊണ്ട്‌ അവർ ചിലപ്പോഴെല്ലാം സംശയംത്‌Iർക്കാൻ എന്റെ അച്ഛന്റടുത്തു വരുമായിരുന്നു. മോഹിനിയാട്ടം മാനകീകരിക്കനുള്ള അവരുടെ ശ്രമങ്ങളുടെ തുടക്കമായിരുന്നു അതെന്ന് ഇന്നു ഞാനറിയുന്നു.

വർഷങ്ങൾക്കുള്ളിൽ കൃഷ്ണൻ നായർ കുടുംബം തൃപ്പൂണിത്തുറയിൽതന്നെ സ്വന്തം വീടുപണിതു താമസം മാറി. അത്‌ ഞാനന്നു പഠിച്ചിരുന്ന ഹൈസ്കൂളിനടുത്തായിരുന്നു.

ഒരു ദിവസം ഉച്ചക്ക്‌ ഞാനവിടെ എന്തോ ഒരു ധൈര്യത്തിന്‌, എതോ ഒരു ആകർഷണത്താൽ കയറിച്ചെന്നു. മുൻമുറ്റത്ത്‌ ഒരു കൊച്ചു താമരക്കുളം. അതുനോക്കിനിന്നു കുറച്ചു സമയം. പിന്നെ അകത്തു കയറി. അന്നെല്ലാം ഞങ്ങളുടെ മുൻവാതിലുകൾ പകൽ മുഴുവൻ തുറന്നാണു കിടക്കുക. അകത്തളത്ത്‌ പതിവുപോലെ അദ്ദേഹം കിടന്നുറങ്ങുന്നു. ആൾപെരുമാറ്റം കേട്ടിട്ടാകണം കൺ മിഴിച്ചൊരു തിരനോട്ടം. ഞാനൊന്നുപരുങ്ങി. സാക്ഷാൽ കൃഷ്ണൻ നായർ കൈപിടിച്ചു ചോദിച്ചു, 'മണിയല്ലേ? അച്ഛനെങ്ങനെയുണ്ട്‌?' എനിക്കൊന്നും പറയേണ്ടി വന്നില്ല. കൃഷ്ണൻ കുചേലനെയെന്നപോലെ, ആ വലിയ വീടെല്ലാം കാണിച്ചുതന്നു അദ്ദേഹം. അന്നാണ്‌ ഞാൻ പ്രത്യേകമൊരു പൂജാമുറി കോൺക്രീറ്റ്‌ വീട്ടിൽ ആദ്യമായി കാണുന്നത്‌.

ആ വീട്‌ ഇന്നും മോഹിനിയാട്ടത്തിന്റെ കളരിയായി പ്രവർത്തിക്കുന്നു എന്നാണറിവ്‌.

പിന്നീടെന്റെ ജീവിതം വഴിമാറിയൊഴുകി. ഒരു പതിറ്റാണ്ടിനുശേഷം എന്റെ പ്രിയസുഹൃത്ത്‌ ജോൺപോൾ 'ഫോക്കസ്‌' എന്ന മാസിക കൊണ്ടുനടതുമ്പോൾ, 'അംബ'യെന്നൊരു പുത്തൻ ആട്ടക്കഥ നിരൂപണത്തിനായി കയ്യിലെത്തിച്ചു. അതു പഠിക്കുവാൻ ശ്രമിക്കവേ കഥയറിയാതെ ആട്ടംകണ്ട വിഷമം ഞാൻ തൊട്ടറിഞ്ഞു. എന്റെ പരിമിതികൾ അത്രയ്ക്കായിരുന്നു. 'Super exaggeration'-ഉം 'Ultra miniaturisation'-ഉം കഥകളിയുടെ കൈമുദ്രകളായി തിരിച്ചറിഞ്ഞു. വായിക്കുന്തോറും, കേൾക്കുന്തോറും, കാണുന്തോറും വിജൃംഭിതമാകുന്ന ഒരു കലാരൂപം. ഒരു പുളകം ഒരുപക്ഷെ അര നാഴിക നീളും. ഒരു സിംഹാസനമോ ഒരു വജ്രായുധമോ അരയടി മരത്തിൽ തീരും. ഇഹത്തെ പരമാക്കുകയും പരത്തെ പരിഹാസ്യമാംവിധം പരമാണുവുമാക്കുന്ന ആ പ്രതിഭ കഥകളിക്കുമാത്രം സ്വന്തം. അയൽവക്കതെങ്ങാനും ഗ്രീക്ക്‌ നാടകങ്ങളോ ഷേക്സ്പ്‌Iറിയൻ നാടകങ്ങളോ എത്തിയേക്കാം, അത്രമാത്രം.

എന്നാലും അന്നെന്നപോലെ ഇന്നും കഥകളിവേഷങ്ങളുടെ മുട്ടിനുതാഴോട്ട്‌ എന്തുകൊണ്ടോ അരോചകമായിത്തന്നെ കാണുന്നു. അതും ഭൗമേതരതയെ ഭൂമിയുമായി ബന്ധിപ്പിക്കാനാവാം!


മുതിർന്നപ്പോൾ മഴയും മഞ്ഞും മടിയും മനോഭാവവും മറുനാടും എന്റെ കഥകളിഭ്രാന്തെല്ലാം മുടക്കി. ഇന്നു ഞാൻ ടെലിവിഷനിൽ കഥകളികാണുന്നു; കൃഷ്ണൻ നായരെക്കുറിച്ചെഴുതുന്നു!


Published in the fortnightly web magazine www.nattupacha.com (1 October 2009)

1 comment:

Unknown said...

manoharamaya orma

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...