Wednesday 2 September 2009

പാണ്ഡു

സമുദ്രശാസ്ത്രം ഒരു 'ഏകദേശ'-ശാസ്ത്രമാണ്‌. ഇന്നത്തേതാണു നാളെ എന്നൊന്നും പറയാനാവില്ല. നിമിഷംവച്ചാണ്‌ കടലിലെ മാറ്റങ്ങൾ. 'ഇമ്മിണി വല്ല്യൊന്നി'ന്റെ ഒരു കുഞ്ഞിഭാഗമേ ഒരുസമയം ഒരാൾക്കറിയാനൊക്കൂ. അതുകൊണ്ടിതിനെ 'സാമുദ്രികശാസ്ത്രം' എന്നുവരെ പലരും പരിഹസിക്കാറുണ്ട്‌. പിന്നൊന്ന്, ഇതൊരു 'കൂട്ടായ്മ'-ശാസ്ത്രമാണ്‌. ഒരാൾക്കുമങ്ങനെ തനിച്ചുചെയ്യാൻ മാത്രം ചെറുതല്ലത്‌. മാത്രമല്ല ഇതൊരു 'കൂട്ടു'-ശാസ്ത്രവുമാണ്‌. ഒരുപാടു ശാസ്ത്ര സരണികൾ ഈ ശാസ്ത്രത്തിൽ ഒത്തുചേരുന്നു, ഭൗതികം, ഗണിതം, ജൈവം, രാസികം, ഭൗമം, അന്തരീക്ഷം, വാനം എന്നിങ്ങനെ. പിന്നീടിങ്ങോട്ട്‌ 'വിവരസാങ്കേതികം' തൊട്ട്‌, 'പുരാവസ്തു' വഴി, 'മാനേജ്‌മന്റ്‌' വരെ. ഒരു രാജ്യത്തിനുപോലും ഒറ്റക്കു ചെയ്യാനാവില്ല; കാരണം, കടൽപ്രക്രിയകൾ രാഷ്ട്രീയാതിർത്തികൾക്ക്‌ അതീതമാണെന്നതുതന്നെ. അതുകൊണ്ടുതന്നെ ഇതൊരു ചെലവേറിയ ശാസ്ത്രവുമാണ്‌. കുറച്ചേറെ വിവരങ്ങൾ ശേഖരിച്ചാൽമാത്രമേ എന്തെങ്കിലുമൊന്നു മനസ്സിലാക്കാൻ കഴിയൂ. മറ്റൊന്ന്, ഇതൊരു 'മന്ദ'-ശാസ്ത്രമെന്നതാണ്‌. കാലമേറെച്ചെല്ലുമ്പോഴേ ചെയ്യുന്നപണിക്ക്‌ നിശ്ചിതഫലവും നിയത പ്രയോജനവും നിയുക്തമൂല്യവുമുണ്ടാകൂ. ആകെക്കൂടെ ഇതിനെ ഒരു 'മന്ത'-ശാസ്ത്രമെന്നു വിളിച്ചാൽ പരാതിപ്പെടാൻ പ്രയാസം.

ഞങ്ങൾ മന്തന്മാർ പക്ഷെ അധ്വാനിക്കുന്ന ജനവിഭാഗമാണ്‌. എല്ലാരുമല്ല, തീരക്കടലിൽ പഠനം നടത്തുന്നവർ. പുറംകടലിൽ പണിയെടുക്കാൻ താരതമ്യേന അധ്വാനം കുറവാണ്‌. പിടിച്ചുനിൽക്കാൻ കപ്പലെന്ന ഒരു നിലപാടുതറയുണ്ടാകും. അതിൽ, കുറഞ്ഞതെങ്കിലും അവശ്യം ജീവിതസൗകര്യങ്ങളുണ്ടാകും. കഴിക്കാനെന്തെങ്കിലുമുണ്ടാകും. കിടക്കാനൊരിടമുണ്ടാകും. വിവിധതരം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ വൈദ്യുതി ഉണ്ടാകും. കടൽച്ചൊരുക്കിലൊന്നു അലറി ഛർദ്ദിക്കാനും വയറിളക്കത്തിനൊന്നു വെടിപ്പായി വിസർജിക്കാനും കലമ്പൽകൂട്ടണ്ട. കപ്പലിനു തീപ്പിടിച്ചാലും കപ്പൽ മുങ്ങിയാൽതന്നെയും ഉടന്തടിമരണമൊന്നുമില്ല. ശാസ്ത്രനിരീക്ഷണങ്ങളുടെ സ്ഥലവും സമയവും അൽപം മാറിപ്പോയാലും ഗവേഷണഫലത്തിൽ കാര്യമായ കുഴപ്പങ്ങൾ ഉണ്ടാവില്ല.

തീരക്കടലിലെ പണിക്കു വള്ളങ്ങളും കൊച്ചുബോട്ടുകളുമേ പറ്റൂ. അവ നമ്മെ അത്തലും പിത്തലും അമ്മാനമാടിക്കൊണ്ടേയിരിക്കും. കണ്ണുതെറ്റിയാൽ കഥ കഴിഞ്ഞതുതന്നെ. ബാക്കികാര്യങ്ങളെക്കുറിച്ചു പറയേണ്ടല്ലൊ.

ഇപ്പോൾപിന്നെ AC-യും PC-യുമായി താടിതടവി ബു.ജീവിക്കുന്ന കസേരശാസ്ത്രജ്ഞന്മാരെക്കുറിച്ച്‌ ഒന്നും പറയാനുമില്ല. അവർക്കു കടൽ കൈക്കുള്ളിലാണത്രെ. 'കുംഭ:പരിമിതമംഭ:പിപതി കുംഭസംഭവാംഭോധി'. (കുടം കുടിക്കുന്ന വെള്ളത്തിന്‌ പരിമിതിയുണ്ട്‌. കുംഭസംഭവൻ, കുടത്തിൽനിന്നുണ്ടായവൻ അഗസ്ത്യൻ, കടൽമുഴുവൻ കുടിച്ചുവറ്റിച്ചതാണു കഥ.)

ആഴക്കടലിലെ പര്യവേക്ഷണത്തിന്‌ ചില ചിട്ടയും നിയമങ്ങളുമെല്ലാമുണ്ട്‌. തീരക്കടലിൽ ഞങ്ങൾതന്നെ എല്ലാം ചിട്ടപ്പെടുത്തണം. എവിടെയെങ്കിലും സ്വൽപം പിശകിയാൽ മീൻപിടിത്തക്കാർ കൂട്ടത്തോടെ തല്ലിക്കൊല്ലും. വടക്കൻ തീരങ്ങളിൽ 'മഛ്‌ലിമാർ' കൂട്ടായ്മകളുണ്ട്‌. അവരെയോ, അവരുടെ ഗ്രാമപ്രമുഖനെയോ കണ്ടു കാര്യം ബോധിപ്പിച്ചാൽ പിന്നീട്‌ ഒരു പ്രശ്നവും ഉണ്ടാകില്ല. കേരളത്തിലാകട്ടെ, വിഴിഞ്ഞത്തും മറ്റും ഗവേഷണപ്പണിക്കു പോകുമ്പോൾ ആദ്യം തുറയിലുള്ളവരെ കണ്ട്‌ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം. പിന്നെ മൂന്നു പ്രബലസമുദായങ്ങളിൽനിന്ന്‌ ഓരോരുത്തരെ കൂടെക്കൂട്ടും. ആരു തല്ലാൻ വന്നാലും അവരുടെ ഒരു പ്രതിനിധി ഞങ്ങളുടെ കൂട്ടത്തിലുണ്ടാവുന്നതുകൊണ്ട്‌ രക്ഷപ്പെടും.

മഹാരാഷ്ട്രയിലെ താരാപൂരിൽ ഇന്ത്യയുടെ ആദ്യത്തെ അണുശക്തികേന്ദ്രമുണ്ട്‌. അതിന്റെ വികസനത്തിനുമുന്നോടിയായി സുരക്ഷിതമായ പുതിയൊരു മലിനജലവിസർജനസ്ഥാനം കടലിൽ കണ്ടെത്താനായിരുന്നു ഞങ്ങൾ അവിടെ പോയത്‌. അടുത്തുതന്നെയുള്ള നവാപൂർ ഗ്രാമത്തിൽനിന്നേ എളുപ്പത്തിൽ കടലിലിറങ്ങാനാകൂ. തീരത്തും കുറെ വിലപിടിച്ച ഉപകരണങ്ങൾ സ്ഥാപിക്കാനുണ്ട്‌. നാട്ടുകാരുടെ സഹായസഹകരണങ്ങളില്ലാതെ വയ്യ. തീരക്കടലാണെങ്കിലോ ആഴംകുറഞ്ഞതും പാറക്കൂട്ടം നിറഞ്ഞതും. ചാലുകളും ചുഴികളുമെല്ലാമറിയുന്ന പറ്റിയ ഒരു വഴികാട്ടി, 'pilot', ഇല്ലാതെ കഴിയില്ല.

'അതാ വരുന്നു പാണ്ഡു', എല്ലാവരും പറഞ്ഞു. ഞാനാദ്യം കണ്ടില്ല. ഒരു കുറിയ മനുഷ്യൻ. ഉണങ്ങിയ ശരീരം. ഉണക്കമീൻപോലത്തെ മുഖം. ചുള്ളികൈകളും ചുള്ളിക്കാലുകളുമിട്ടിളക്കി അയാൾ 'നമസ്കാർ' പറഞ്ഞു. 'മീ ബോട്ടീവർ യേത്തോ', മറ്റു യാതൊരു മുഖവുരയുമില്ലാതെ അയാൾ ഞങ്ങളുടെ ബോട്ടിൽ കയറിപ്പറ്റി. 'മീ ആഹേതർ ആപ്ലെ കാം സൊഗളെ ഠീക്‌ ഹോണാറച്‌!' ('ഞാനുള്ളപ്പോൾ നിങ്ങളുടെ പണിയെല്ലാം മുറക്കു നടക്കും.').

അതിനിടെ മുഷിഞ്ഞ മുറിക്കയ്യൻ കുപ്പായം ഊരി ബോട്ടിൽ ഉണങ്ങാനുമിട്ടു. 'ചലാ, ചലാ'. ബോട്ടുകാർക്കു കയ്യും കലാശവും കാട്ടി നിർദേശങ്ങൾ നൽകിത്തുടങ്ങി പാണ്ഡു. 'ആരിയാ, ആരിയാ', നങ്കൂരം പൊക്കാനും ബോട്ടെടുക്കാനും തിടുക്കം കൂട്ടി.

കൂലിയെപ്പറ്റി മിണ്ടാട്ടമില്ല, സമയക്രമത്തെപ്പറ്റി വേവലാതിയില്ല, പണിയെപ്പറ്റിയൊരു തർക്കമില്ല, പരാതിയില്ല, പരിഭവമില്ല, പിണക്കമില്ല, പിരിയുമില്ല പിരിമുറുക്കവുമില്ല.

അടുത്ത മൂന്നുമാസം പാണ്ഡുവായിരുന്നു ഞങ്ങളുടെ പരദൈവം. കാറ്റിലും കോളിലും മുക്കിലും മൂലയിലും പാറക്കൂട്ടങ്ങൾക്കിടയിലും രാത്രിയും പകലും ഉച്ചച്ചൂടിലും കൂരിരുട്ടിലും ഞങ്ങളുടെ വഴികാട്ടി.

ഓടംതുഴയാൻ എന്നെ പഠിപ്പിച്ചത്‌ അയാളാണ്‌; തുഴയുമ്പോൾ പങ്കായക്കൈ, ചേർപ്പു പിറകിലാക്കി തിരിച്ചുപിടിക്കണമെന്നും. വള്ളത്തിന്റെ ചുക്കാൻപിടിക്കാനും ബോട്ടിന്റെ ചക്രം തിരിക്കാനും അവയെ നേർ വരയിൽ നയിക്കാനും കടവിൽ അടുപ്പിക്കാനുമെല്ലാം. വലിയ തിര വരുമ്പോൾ അതു നേരെ മുറിച്ചു കടക്കണമെന്നും, ഒരിക്കലും തിരയെ ബോട്ടിന്റെ പള്ളചേർത്തെടുക്കരുതെന്നും മറ്റും മറ്റും.

ഇടക്കിടെ ചില ഉപദേശങ്ങളുമുണ്ട്‌ പാണ്ഡുവിന്‌: കടലിൽ ശരീരം മൊത്തമായിളക്കി വേണം സംസാരിക്കാൻ. ഉടുപ്പൂരി വീശി വേണം ശ്രദ്ധ ആകർഷിക്കാൻ. കാറ്റിൽ മറ്റുതോണിക്കാർക്ക്‌ ഒച്ച ചെവിയിലെത്തിയെന്നു വരില്ല. മുൻപിൽമാത്രമല്ല വശങ്ങളിലും ആഴം നോക്കിയേ ആക്കവും ദിശയും മാറ്റാവൂ. പൊങ്ങിക്കിടക്കുന്ന ഒന്നും കിട്ടിയില്ലെങ്കിൽ വെള്ളത്തിൽ തുപ്പി ഒഴുക്കറിയണം. എപ്പോഴും വേണ്ടതിലധികം കുടിവെള്ളംകരുതണം. എല്ലാ വസ്തുക്കളും കെട്ടിയുറപ്പിക്കണം. നൈലോൺകയറിനുമീതെ ചവിട്ടരുത്‌, വഴുതിവീഴും. കോളുള്ളപ്പോൾ ചക്രവാളം നോക്കി സ്ഥിതി മനസ്സിലാക്കണം; കണ്ണിനുമീതെ കൈ ചരിച്ചുവെച്ച്‌, കാക്ക നോക്കും പോലെ..... ആ പൂച്ചക്കണ്ണ്‌ ഞങ്ങൾക്കില്ലാതെ പോയി.

അതൊന്നുമല്ല ഞങ്ങളെ 'വണ്ടറ'ടിപ്പിച്ചത്‌. ഒരു സായാഹ്നത്തിൽ വെറുതെ കരയ്ക്കിരിക്കുമ്പോൾ ദൂരെ ഒരു പാറത്തുമ്പു ചൂണ്ടി പാണ്ഡു പറഞ്ഞു, ഇന്ന ദിവസം ഇന്ന സമയം അതിന്റെ തുഞ്ചത്ത്‌ വെള്ളം തൊടുമെന്ന്‌. ഞങ്ങൾ 'Doubting Thomas' എന്നും 'ആര്യഭട്ടൻ' എന്നുമെല്ലാം വിളിക്കുന്ന ഗോവക്കാരൻ അന്തോണിയോ ആഗ്നെൽ ദ്‌ റൊസേറിയോ ഫെർണാൺഡിസ്‌ അതു കാത്തിരുന്നുനോക്കി കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

ഞങ്ങളുടെ പാഠപുസ്തകങ്ങൾ കാരണങ്ങളേ പറയൂ, കാര്യങ്ങൾ പറയില്ലല്ലോ.

പാണ്ഡുവിന്‌ കടൽ കൈക്കുള്ളിലായിരുന്നു. കടൽമുഴുവൻ കുടിച്ചുവറ്റിച്ച അഗസ്ത്യമുനിയും ഒരു വിരലോളം മാത്രം പോന്ന കുള്ളനായിരുന്നല്ലോ.

വർഷങ്ങൾക്കുശേഷം താരാപൂർ അണുശക്തികേന്ദ്രം വിണ്ടും സന്ദർശിക്കാനായപ്പോൾ പെട്ടൊന്നൊരു തൊഴിലാളി വന്ന് എന്റെ കൈ പിടിച്ചു. അതു പാണ്ഡുവിന്റെ അനുജൻ ചന്ദു ആയിരുന്നു. അണുശക്തികേന്ദ്രം വിപുലപ്പെടുത്തിയപ്പോൾ ചുറ്റുമുള്ള ഗ്രാമത്തിലെ കുടുംബത്തിനൊന്നുവെച്ച്‌ ജോലിനൽകി. അങ്ങനെ ചന്ദുവിനും ഒരു ജോലികിട്ടി. പാണ്ഡു കടൽപ്പണിക്കൊന്നും പോകാതായി. കാഴ്ച കുറഞ്ഞു. എങ്കിലും സുഖമായിരിക്കുന്നുണ്ടായിരുന്നു. അകക്കണ്ണും അകക്കാമ്പും അമരമാണല്ലോ.


Published in nattupacha.com fortnightly web magazine (1 Sep 2009)

1 comment:

Madhu (മധു) said...

എത്രനേരം നോക്കിയിരുന്നാലും മതിവരാത്ത ഒരു പ്രതിഭാസമാണ്‌ കടല്‍. ഒരു കൊച്ചുകുട്ടിയെയും പടുവൃദ്ധനെയും ഒരുപോലെയാകര്‍ഷിക്കുന്ന മഹാപ്രതിഭാസം. ഓരോ തിരകള്‍ക്കും കൈമാറാനുള്ളത്‌ വ്യത്യസ്‌തമായൊരു സന്ദേശമാവാം. അതാവണം കാഴ്‌ചക്കാഴ്‌ചകള്‍ ഒരിക്കലും മടുപ്പുളവാക്കാത്തത്‌. നാരായണസ്വാമിയുടെ എഴുത്തുകളിലും ആ അനുഭവങ്ങളുടെ കടല്‍ തിരയടിക്കുന്നു. അനുഭവത്തിന്റെ പരപ്പും അറിവിന്റെ മുത്തുകളുമായി വരുന്ന ഓരോ വാചകങ്ങളും തിരകളായി വായനക്കാരനിലേക്ക്‌ ഒഴുകിയെത്തുമ്പോള്‍ അസ്‌തമയ കടല്‍കാഴ്‌ചപോലെ ഒരു സുന്ദരമായ കാഴ്‌ചയാവുന്നു.

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...