Monday 3 August 2009

അവയിലൊരുനാൾ ഒന്നു കേളിപ്പെടുന്നു.

ചേരിയിൽനിന്ന് ചക്രവാളംവരെ കയറിപ്പോയവർ ധാരാളം. അങ്ങനെയൊരാൾ മടിച്ചെങ്കിലും സ്വന്തംകഥ പറഞ്ഞപ്പോൾ കോരിത്തരിച്ചുപോയി.

മുംബൈയിൽ ടാറ്റയുടെ ഓഫീസിൽ പോയതായിരുന്നു. ഗുജറാത്തിൽ ഓഖയ്ക്കടുത്ത്‌ മീഠാപൂരിലുള്ള ടാറ്റയുടെ കെമിക്കൽ ഫാക്റ്ററിയുടെ സമുദ്രമലിനീകരണ-നിവാരണപദ്ധതിയുമായി ബന്ധപ്പെട്ട്‌, ഞങ്ങൾ ചെയ്ത പണിയുടെ അന്തിമറിപ്പോർട്ടുമായാണു പോയത്‌. കൂടെ എന്റെ മേലധികാരിയുമുണ്ട്‌.

ടാറ്റയുടെ മാനേജർ കാത്തിരിക്കുകയായിരുന്നു. റിപ്പോർട്ട്‌ വിശദമായി ചർച്ചചെയ്യുന്നതിനിടയിൽ ചായ എത്തി. സാക്ഷാൽ താജ്‌ ഹോട്ടലിൽനിന്നു തന്നെ. അതും ടാറ്റയുടേതാണല്ലോ. കപ്പും തട്ടും മാത്രമല്ല, പരിചാരകരും അവരുടെ വേഷവും കിന്നരിയുംവരെ താജ്‌, താജ്‌, താജ്‌.

പരിചാരകർ വയോധികനും അത്യുന്നതനുമായ ആ മാനേജർക്കുമാത്രം ചായ വിളമ്പിയില്ല. ഞാനതു ശ്രദ്ധിച്ചെങ്കിലും ഒന്നും ഭാവിച്ചില്ല. പല സ്ഥലങ്ങളിലും, പ്രത്യേകിച്ച്‌ സർക്കാർ സ്ഥാപനങ്ങളിൽ, ഒന്നുകിൽ ഓഫീസർക്ക്‌ ആദ്യം വിളമ്പും. അല്ലെങ്കിൽ പ്രത്യേകം വിളമ്പും. എനിക്കതുകണ്ടാൽ കലിയിളകും.

'ബാക്കി ചർച്ച ചായ കഴിഞ്ഞ്‌', അദ്ദേഹം ഞങ്ങളുടെ വശത്തെ ഒഴിഞ്ഞ കസേരയിൽ വന്നിരുന്നു പറഞ്ഞു.

'How about you?', എന്റെ സ്വത:സിദ്ധമായ വിടുവായത്തത്തിൽ ഞാനാരാഞ്ഞു.
'ഓ, ഇല്ല. ഞാൻ ഇവിടുന്നങ്ങനെയൊന്നും കഴിക്കാറില്ല', അദ്ദേഹം പറഞ്ഞു. 'ഉച്ചഭക്ഷണം കയ്യിൽ കൊണ്ടുവന്നിട്ടുണ്ട്‌; ഇനി അതു മതി.'

എന്റെ മുഖത്തെ മിന്നലാട്ടം കണ്ടിട്ടാവണം, അദ്ദേഹം തുടർന്നു. 'ഈ ചിട്ട തുടങ്ങിയിട്ട്‌ കൊല്ലം അൻപതായി. ഞാൻ ടാറ്റയിൽ ചേർന്നകാലം മുതൽ ഇതു തന്നെ എന്റെ ജീവിതക്രമം.'

ടാറ്റ മീഠാപൂരിൽ ഉപ്പുകമ്പനി തുടങ്ങുന്നു. വിണ്ടുവരണ്ട അയൽപ്രദേശങ്ങളിലെ ദരിദ്രരായ ഗ്രാമീണരാണ്‌ മിക്ക തൊഴിലാളികളും. അന്ന്‌ ഇദ്ദേഹത്തിനന്ന്‌ കഷ്ടി പതിനഞ്ചുവയസ്സുണ്ടാകും. വെളുപ്പിനുള്ള ഒരു തീവണ്ടിയിൽ പൊതിച്ചോറുമായി പുറപ്പെടും. ഫാക്റ്ററിഗേറ്റ്‌ തുറന്നിട്ടുപോലുമുണ്ടാകില്ല. പടി തുറക്കുന്നതുവരെ, മെട്രിക്കുലേഷൻ പരീക്ഷക്കുള്ള പുസ്തകങ്ങളും വായിച്ചിരിക്കും. പണികഴിഞ്ഞു തിരിച്ചു വീട്ടിലെത്തുമ്പോൾ പാതിരാത്രിയാകും.

ഒരുനാൾ പഴയ ടാറ്റ പുലർച്ചെ നടക്കാനിറങ്ങിയപ്പോൾ ഫാക്റ്ററിനടയിൽ പയ്യനൊരുത്തൻ പുസ്തകംവായിച്ചിരിക്കുന്നതു കാണുന്നു. എങ്ങിനെയോ കാര്യമറിഞ്ഞ ടാറ്റ അദ്ദേഹത്തിനു മീഠാപൂരിൽതന്നെ,labour colony-യിൽ, ഒറ്റമുറികൊടുക്കുന്നു. പരീക്ഷകൾ മുറയ്ക്കു പാസ്സാകുന്നതോടൊപ്പം പ്രൊമോഷനും. പിന്നെ പഠിച്ചതെല്ലാം ഫാക്റ്ററിയിൽ. M.Tech-ഉം MBA-യും ഒന്നുമില്ലാതെ ടാറ്റാ കെമിക്കൽസിന്റെ തലപ്പത്തുമെത്തി.

താൻ താമസിക്കാത്ത തരം ക്വാർട്ടേർസ്‌ മീഠാപൂരിലില്ലെന്ന്‌ അദ്ദേഹം 'ഊറ്റം' പറഞ്ഞു; ചേരി തൊട്ട്‌ ബംഗ്ലാവുവരെ.

പിന്നെ പുതിയ ടാറ്റയുടെ നിർബന്ധത്തിനു വഴങ്ങി മുംബയിൽ താമസമാക്കി. പിടിക്കാൻ ബാക്കിയുണ്ടായിരുന്ന പഞ്ചനക്ഷത്രവും അങ്ങനെ കയ്യിലായി.

തന്റെ വീടുകളേ ടാറ്റയ്ക്കു മാറ്റാനായുള്ളൂ, തന്നെ മാറ്റാനായില്ലെന്നൊരു ഫലിതവും കൂടെ.

വർത്തമാനത്തിനിടെ ഫോൺവിളികൾ വരുന്നു. ചിലർ അനുവാദം ചോദിക്കുന്നു, ചിലർ അഭിപ്രായം ചോദിക്കുന്നു, ചിലർ സംശയം ചോദിക്കുന്നു. എല്ലാം ക്ഷമയോടെ വിശദമായി കേട്ടശേഷം ഒറ്റവാക്കിൽ മറുപടിപറയുന്നു. അതിനിടെ തലപ്പത്തെ വമ്പന്മാർവരെ മുറിയിൽവന്നു ഭവ്യതയോടെ കാര്യങ്ങളറിഞ്ഞു പോകുന്നു.

ചർച്ചകളെല്ലാം തീർത്ത്‌ വിടപറഞ്ഞിറങ്ങുമ്പോൾ അദ്ദേഹം വെളിപ്പെടുത്തി, താമസിയാതെ താൻ ടാറ്റയിൽനിന്നു പിരിഞ്ഞുപോവുകയാണെന്ന്‌. 'ഇനി മതി. ചെറുപ്പക്കാർ എന്നേക്കാൾ വളരെയേറെ പഠിപ്പും കഴിവും ഉള്ളവരാണ്‌. അവരെ ചുമതല ഏൽപ്പിക്കാൻ സന്തോഷമേയുള്ളൂ. കുമ്പളവള്ളിയിൽനിന്നു കായ്‌ വിട്ടുപോകുമ്പോലെ പിരിയണം. വള്ളിക്കും കായ്ക്കും വേദനയില്ലാതെ.'

ഒരു പഴയ കവിതയാണ്‌ എനിക്കപ്പോൾ ഓർമ വന്നത്‌:

"സാരാനർഘപ്രകാശപ്രചുരിമതിരളും ദിവ്യരത്നങ്ങളേറെ
പാരാവാരത്തിനുള്ളിൽ പരമിരുൾനിറയും കന്ദരത്തിൽകിടപ്പൂ...."

കവി പറഞ്ഞതുപോലെ, "അവയിലൊരുനാളൊന്നു കേളിപ്പെടുന്നൂ"!

[Published in nattupacha.com webmagazine (fortnightly), 1 August 2009]

1 comment:

NITHYAN said...

വ്യക്തിനിരീക്ഷണങ്ങളും അഭിമുഖവും പാദസേവവഴി പ്രശസ്‌തിയിലേക്കുള്ള കുറുക്കുവഴിയാവുന്ന കാലത്ത്‌ ഒരു നിഷ്‌കാമ കര്‍മ്മമാവുന്നു ഡോ.സ്വാമിയുടെ കുറിപ്പുകള്‍. ?I do not want my house to be walled in on all sides and my windows stuffed. I want the cultures of all the lands to be blown about my house as freely as possible. But I refuse to be blown off my feet" എന്ന ഗാന്ധിയന്‍ വീക്ഷണം ജീവിതത്തില്‍ പകര്‍ത്തിയ ആ വയോധികന്‌ പ്രണാമം. ഒപ്പം ഗേറ്റിലിരുന്ന്‌ കടലാസുകള്‍ മറിക്കുന്ന കുട്ടിയില്‍ തന്റെ ഭാവി ഉദ്യേഗസ്ഥനെ കണ്ടെത്തിയ മഹാനായ ആ വ്യവസായി ജാംഷേഡ്‌ജി ടാറ്റയ്‌ക്ക്‌. ഈയൊരു അനുഭവം ബൂലോഗരുമായി പങ്കുവെയ്‌ക്കാന്‍ സമയം കണ്ടെത്തിയ സ്വാമിക്ക്‌. വലിയ ഇടവേളകളില്ലാത്ത കേളിപ്പെടലുകളുമായി സ്വാമി ബൂലോഗത്ത്‌ നിറഞ്ഞുനില്‌ക്കട്ടെ. അഭിവാദ്യങ്ങള്‍

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...