Wednesday 3 February 2016

'കൊങ്ങിണി' ഭാസാച്ചേ 'ഓറു'

'കൊങ്കണി' കേരളത്തില്‍ 'കൊങ്ങിണി'യാണ്‌. അല്ലെങ്കിലും മലയാളത്തിന്‌ കൂട്ടക്ഷരങ്ങളില്‍ അങ്ങനെയൊരു അനുനാസീകരണം ശീലമാണല്ലോ. 'ഭാസ' എന്നാല്‍ം ഭാഷ തന്നെ. 'ഓറു' ഗരിമയും. തനിമ, തന്‍മയത്വം, തണ്റ്റേടം എന്നും പറയാം.

ഈ ഡിസംബറില്‍ (2015) എറണാകുളത്തുവച്ചു നടന്ന, അധികമാരും ശ്രദ്ധിക്കാതെപോയ ഒരു ചെറുചടങ്ങില്‍വച്ച്‌ കേരളത്തിലെ കൊങ്കണി ഭാഷയില്‍ ചമച്ച ഒരു കൂട്ടം കുട്ടിപ്പാട്ടുകള്‍ പ്രസിദ്ധപ്പെടുത്തപ്പെട്ടു. ദേവനാഗരി-ലിപിയിലും മലയാളം-ലിപിയിലും, കൂടെ അവയുടെ മലയാളം പരിഭാഷയുമായി, ഏഴു ലളിതമോഹനമായ നാടന്‍പാട്ടുകളാണ്‌ ശ്രീ എല്‍. സുബ്രഹ്മണ്യനും അദ്ദേഹത്തിണ്റ്റെ പ്രിയപത്നി ശ്രീമതി എസ്‌. ജയശ്രീയും കൂടി കൊങ്കണിസാഹിത്യത്തിനും സമ്മാനിച്ചിരിക്കുന്നത്‌. ഗോവക്കാരുടെയും മറ്റു നാടുകളിലെ കൊങ്കണിഭാഷാപ്രയോക്താക്കളുടെയും സൌകര്യത്തിനായി കേരള-കൊങ്ങിണിവാക്കുകളുടെ ഒരു പദാര്‍ഥസംഗ്രഹവുമുണ്ട്‌, ഇംഗ്ളീഷില്‍. കേരളത്തിലെ കുഡുംബിസമുദായത്തിണ്റ്റെ (ഗോവയില്‍ അതു 'കുണ്‍ബി' സമുദായം) കൊങ്ങിണി (ഗോവയില്‍ അതു 'കൊങ്കണി')യാണ്‌ ഈ പാട്ടുകളില്‍ ഉപയോഗിച്ചിരിക്കുന്നത്‌. ഗോവയിലും കേരളത്തിലുമെല്ലാമുള്ള ഇതര കൊങ്കണി-സമുദായക്കാരുടെ കൊങ്കണിയില്‍നിന്ന് കുറച്ചൊക്കെ വ്യത്യസ്തവുമാണത്‌.

കാക്കയ്ക്കു തന്‍കുഞ്ഞു പൊന്‍കുഞ്ഞ്‌. ആര്‍ക്കാണെങ്കിലും 'പെറ്റമ്മ തന്‍ഭാഷതാന്‍' എന്നു കവിവചനം. അതിണ്റ്റെ ലാളിത്യവും മാധുര്യവും ഗരിമയും മറ്റൊരു ഭാഷയ്ക്കു കൈവരുത്താന്‍ പ്രയാസം. ആ തിരിച്ചറിവില്‍തന്നെയാണ്‌ ഈ നാടന്‍പാട്ടുകള്‍ എഴുതപ്പെട്ടതും പ്രസിദ്ധീകരിക്കപ്പെട്ടതും, പ്രചരിപ്പിക്കപ്പെടുന്നതും.

ഉള്ളില്‍തട്ടിവരുന്ന ഉറവയ്ക്ക്‌ ഒരു വറ്‍ണമേയുള്ളൂ, ജീവരക്തത്തിണ്റ്റെ നിറം. കുഡുംബിസമുദായത്തിണ്റ്റെ തുടക്കവും വളര്‍ച്ചയും ഒട്ടും സുഖകരമായിരുന്നില്ല. ഇല്ലായ്മയില്‍നിന്നും വല്ലായ്‌മയില്‍നിന്നും ഉരുത്തിരിഞ്ഞുവന്ന സ്വത്വം ഒരുപക്ഷെ അവരെ കൊച്ചാക്കിക്കാട്ടിയിട്ടുണ്ടാകാം; എങ്കിലോ 'തീയില്‍ കിളിര്‍ത്ത തൈ വാടുകയില്ല വെയിലില്‍' എന്ന പരമാര്‍ഥത്തെ അന്വര്‍ഥമാക്കുന്ന രീതിയിലാണ്‌ കുഡുംബി ജീവിതം മുന്നോട്ടാഞ്ഞത്‌. "ഇര്‍ദേ റെഡ്‌ത്ത" (ഹൃദയം തേങ്ങുന്നു) എന്ന ആദ്യ ഗാനം തന്നെ ഇതിനുദാഹരണം:

"മീരെ ന, മീഠ്‌ ന
റന്നീം കുടീം കായ്‌ ന
പാവ്‌സു യോണു ദെംദെന
അങ്കടീം വൊച്ചാ ദാമു ന..... "
ഉപ്പില്ല, മുളകില്ല. കാലിയാണടുക്കള. ആറ്‍ത്തുപെയ്യാന്‍ മഴമേഘങ്ങള്‍ മേലെ; തീര്‍ത്തുചെയ്യാന്‍ പണിയൊന്നുമില്ല താഴെ.....പണമില്ല അങ്ങാടിയില്‍ പോകാന്‍. പിണമായിരുന്നു സമയത്തെ കൊല്ലാം.....

സ്വസമുദായത്തിനു ചോരയും നീരും പകരാന്‍ പര്യാപ്തമായ പ്രമേയമാണ്‌ 'ഭാസേച്ചെ ഓറു' (ഭാഷയുടെ ഗരിമ) എന്ന വരികളിലുള്ളത്‌. ഈ ഗാനം, "..... ഹെച്ച ഭസേരി അസ ഇസ്സീ അസ്സ ഇസ്സി കൊങ്കണി ഭസേരി" എന്നവസാനിക്കുമ്പോള്‍, നാമും ആശ്ചര്യപ്പെടും "ഏതു ഭാഷയിലുണ്ടിത്തരം പദാവലി, ഇതല്ലോ കൊങ്കണിഭാഷതന്‍ ഗരിമ" എന്ന്‌.

'റംന്തണീച്ചെ ത്സഗഡേ' (അടുക്കളപ്പോര്‌) എന്ന പാട്ടില്‍, പട്ടിണിയും പരിവട്ടവും എങ്ങനെ കുടുംബസമാധാനത്തെ തകിടംമറിക്കുന്നു എന്ന് നിസ്സഹായനായി, നിസ്സംഗനായി നോക്കിക്കാണുകയാണ്‌. "ഉണ്‍മയുണ്ട്‌ 'ഒന്നുമല്ലാത്ത'തിലും" എന്ന ഴാങ്ങ്‌ പോള്‍ സാര്‍ത്രിണ്റ്റെ തത്ത്വം ഈ നിസ്സംഗതയ്ക്കു നിദാനമായിരുന്നിരിക്കണം. 'ഏക്‌ പ്രമാണു' (ഒരു തത്ത്വം) എന്ന ഗാനത്തില്‍ ഇത്‌ "കാം നേയ്‌ തിംത്തു കിത്തെയ്‌ അസ്സ" എന്നു വിശദീകരിച്ചിട്ടുമുണ്ട്‌.

'ആംവ്‌ക്കാ കൊണീ നായ്‌' (നമുക്കാരുമില്ല), കുഡുംബി സേവാസമിതിയുടെ 2003-ലെ സംസ്ഥാനവാര്‍ഷികത്തിന്‌ അവതരണഗാനമായിരുന്നു. അവിലിടിച്ചും പപ്പടം പരത്തിയും പന്തല്‍പണിയില്‍ ഏര്‍പ്പെട്ടും ("ഫോവുകോണു അപ്പോള്‍ കോണു മഠോവ്‌ ബന്‍ദൂണു ദീസ്‌ ഗെല്ലെ...") അഞ്ഞൂറുവര്‍ഷം പതിതരായിക്കഴിഞ്ഞവര്‍ക്കു ചാലകശക്തി തങ്ങള്‍തന്നെ, അല്ലാതെ ഇനിയും വിടുവേലചെയ്യലും സുര മോന്തലുമല്ല എന്നുദ്ബോധിപ്പിക്കുന്നു ഈ ഗാനം.

പുരുഷദൃഷ്ടിയേക്കാള്‍ സ്ത്റീവീക്ഷണമാകും സമുദായത്തിണ്റ്റെ ശരിക്കും കണ്ണാടി. ശ്രീമതി ജയശ്രീയുടെ 'ഏക്‌ റെസിപ്പി' (ഒരു കറിക്കൂട്ട്‌)-ഉം 'ഗെയ്നിത്തു ഗാണെ' എന്ന കൊയ്ത്തുപാട്ടും കുഡുംബിജീവിതത്തിണ്റ്റെ അതിദൈന്യമായ അകപ്പൊരുള്‍ കാട്ടിത്തരുന്നു. വളരെ സരളമായ ഈ പാട്ടുകള്‍ അല്‍പം കുസൃതികലര്‍ന്നതുമാണ്‌. പഴയതിനെ പുതുക്കിയും പുതിയതിനെ പഴക്കിയും മെരുക്കിയെടുത്ത ആ വരികള്‍ വെറും വാച്യാര്‍ഥത്തിലെടുക്കരുത്‌. അതിനു പിന്‍പില്‍ വലിയൊരു ചരിത്രസത്ത ഒളിച്ചിരിപ്പുണ്ട്‌. "ഹായ്‌, കെസൊ സുവാദു പെജ്ജേക്ക്‌, നിശ്ശെ പെല്ലാം ഗള്‍ച്ചാ നാ" ('കഞ്ഞിവെന്തതു പിഞ്ഞാണത്തിലാക്കി മോന്തിക്കുടിച്ചു മതിയാവോളം') എന്നിടത്തെത്താന്‍, അതിനു മുന്‍പു അമ്മയും മകളും കൂടിയുള്ള കൊയ്ത്തുതൊട്ടു കച്ചി ചുമക്കലും നെല്ലു പുഴുങ്ങലും ഉണക്കലും കുത്തലും ചേറ്റലും കഞ്ഞിയുണ്ടാക്കലുംവരെയുള്ള അത്യദ്ധ്വാനം പിറകില്‍ വേണമല്ലോ. അതെല്ലാം കഴിഞ്ഞാല്‍, കഞ്ഞിവെള്ളത്തിനെന്തു സ്വാദ്‌ ("ഹായ്‌, കെസൊ സുവാദു പെജ്ജേക്ക്‌"), അല്ലേ!

ജീവിതവുമായി സമരപ്പെടാനും സമരസപ്പെടാനുമാകാതെ, കുടുംബത്തെയൂട്ടാന്‍ എങ്ങിനെയോ ഒരു കൊച്ചുകറിയുണ്ടാക്കുമ്പോള്‍ വലിയവായില്‍ വിടുവായത്തമെഴുന്നള്ളിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടിയാണ്‌ 'ഒരു കറിക്കൂട്ട്‌'. "തംഗാ ആജി കിത്തെ വിശേഷു" ('എന്തു വിശേഷം അവിടുണ്ട്‌') എന്ന ചോദ്യത്തിനു, "അംവ്‌ച്ചാ പോട്ട്‌ ചാംഗ്‌ ബൊറ്‍ളെ" ('വയറുനിറയെ തിന്നാല്‍ പോരെ') എന്നല്ലാതെ മറ്റെന്തു തിരിച്ചു പറയാന്‍?

വിദ്യാഭ്യാസമുണ്ടെങ്കില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയില്ലെന്ന പച്ചപ്പരമാര്‍ഥം പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കൂന്ന സമുദായമാണ്‌ കുഡുംബി സമുദായം. മഹാരാഷ്ട്രത്തിലും മറ്റും 'അക്കര്‍മാശി'യും മറ്റിടങ്ങളിലെ 'ദളിത'രും അനുഭവിക്കുന്നത്ര ആത്മനിന്ദയും ആത്മരോഷവും കേരളത്തിലെ അധ:സ്ഥിതര്‍ക്ക്‌` അന്യമാണിന്ന്‌. കേരളത്തിനുമാത്രം സ്വന്തമായ ഒരു സ്ഥിതിവിശേഷമാണിത്‌. സന്തോഷിക്കാം.

കേരളത്തിലെ കൊങ്ങിണിമാരുടെയും എമ്പ്രാന്‍മാരുടെയും പട്ടന്‍മാരുടെയും തട്ടാന്‍മാരുടെയുമെല്ലാം പൊതുവായ അസ്ഥിത്വദു:ഖമാണ്‌ മാതൃഭാഷ. അമ്മയോടുപറയുന്നതൊരുഭാഷ, പുറംലോകത്ത്‌ മറ്റൊരു ഭാഷ. അമ്മയോടു പറയുന്നതു മാതൃഭാഷ; എന്നാലോ അതിനു ലിപിയില്ല, പദനിഷ്ഠയില്ല, ഏകമാനകമില്ല. പുറംവിനിമയത്തിനോ മലയാളം; വിദ്യാഭ്യാസം സിദ്ധിച്ചവര്‍ക്ക്‌ മറ്റു ഭാഷകളും. പലപ്പോഴും ഔദ്യോഗികമായി മലയാളം തന്നെ മാതൃഭാഷ; കാരണം കൊങ്കണിക്കൊങ്ങിണിയും എമ്പ്രാന്‍കന്നഡവും പട്ടര്‍തമിഴും ഒന്നും അംഗീകരിക്കപ്പെട്ടതല്ലല്ലോ. നിലവിലുള്ള ഒരു ഭാഷയുടെ ഉപഭാഷയാകുന്നതൊരുകാര്യം (തിരുവിതാംകൂറ്‍, കൊച്ചി, മലബാര്‍, ലക്ഷദ്വീപ്‌ മലയാളം ഉദാഹരണം); പരദേശഭാഷയുടെ ഉപഭാഷയാകുന്നതു മറ്റൊരു കാര്യം. അത്‌ അവിടെയും ഇവിടെയും അംഗീകരിക്കപ്പെടാത്ത അവസ്ഥ. ഇല്ലത്തെ ലിപിയോ അമ്മാത്തെ ലിപിയോ ഉപയോഗിക്കാന്‍ കഴിയാത്ത ദുരവസ്ഥ. സുബ്രഹ്മണ്യനും ഞാനും ഇക്കാര്യത്തില്‍ തുല്യദു:ഖിതരാണ്‌; യഥാക്രമം 'കുഡുംബി-കൊങ്കണി'യിലും 'തമിഴ്‌-മലയാള'ത്തിലും എന്ന വ്യത്യാസമേയുള്ളൂ.

കേരളത്തിലെ കുഡുംബികളുടെ ചരിത്രത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും ഒരു ആധികാരിക പഠനം ഉടന്‍ പുറത്തിറങ്ങുന്നുണ്ട്‌, യുവഗവേഷികയായ ഡോ. എ. വിനിയുടേതായി ('കേരളത്തിലെ കുടുംബികള്‍: ചരിത്രവും സംസ്കാരവും'). അതോടൊപ്പം കുഡുംബിക്കൊങ്ങിണിയുടെ ഒരു ബൃഹദ്‌-പദസഞ്ചയവും സുബ്രഹ്മണ്യണ്റ്റെ വകയായുണ്ട്‌ ('കൊങ്കണിഭാഷാപ്രവേശിക'). രണ്ടു ഗ്രന്ഥങ്ങളും കൊങ്ങിണിഭാഷയുടെ 'ഓറു' വെളിവാക്കിത്തരുമെന്നു തീര്‍ച്ച.

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...