Sunday, 27 September 2015
ദൊത്തോര്‍
'ദൊത്തോര്‍' എന്നാല്‍ ഗോവയില്‍ ഡോക്ടര്‍. സ്നേഹംനിറഞ്ഞൊരു വിളിയാണത്. പാശ്ചാത്യരുടെ വരവോടെയാണ് ഇംഗ്ളീഷ്-വൈദ്യവും മരുന്നുകളും മെഡിക്കല്‍-വിദ്യാഭ്യാസവും ഇവിടെ തുടങ്ങിയത്. രാജ്യത്തെ ഏറ്റവും പഴക്കംചെന്ന മെഡിക്കല്‍-വിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നാണ് ഗോവയിലേത്. പോര്‍ത്തുഗീസുകാരുടെ പഴയകാലത്തെ 'ഡിപ്ളോമ', പുതിയ കാലത്തെ 'ഡിഗ്രി' ആയി സ്വീകരിക്കപ്പെട്ടു. പല ഗോവക്കാരും അന്നത്തെ ബോംബെ, പൂന നഗരങ്ങളില്‍ വൈദ്യശാസ്ത്രം പഠിച്ചു; ഒരുപാടുപേര്‍ പോര്‍ത്തുഗലിലും പോയിപ്പഠിച്ചു മിടുക്കരായി തിരിച്ചുവന്നു. ഡോ. ആര്‍.വി. പാണ്ഡുരംഗ് നാച്ചിനോള്‍ക്കര്‍, ഡോ. വില്‍ഫ്രെഡ് ഡിസൂസ, ഡോ. കാര്‍മോ അസവേദോ തുടങ്ങി പലരുമുണ്ട് അക്കൂട്ടത്തില്‍. ഇന്നും രാജ്യത്തെ ഒരുമാതിരിപ്പെട്ട പേരുകേട്ട മരുന്നുകളുണ്ടാക്കുന്നത് ഗോവയിലാണ്. ആതുരസേവനം അത്മനിഷ്ഠയാക്കിയ ഭിഷഗ്വരന്‍മാരും ഗോവയിലുണ്ട്. ആദികാലങ്ങളില്‍ ആയുര്‍വേദത്തിനു പേരുകേട്ടവരായിരുന്നു കൊങ്കണിമാര്‍. ഇന്നും കേരളത്തില്‍ 'പ്രഭു-വൈദ്യന്‍'മാര്‍ ഏറെയാണ്. കേരളത്തിണ്റ്റെ തനതായ 'ഹോര്‍തൂസ് മലബാറിക്കൂസ്' എന്ന സസ്യശാസ്ത്രഗ്രന്ഥത്തിണ്റ്റെ പുറംചട്ടയില്‍പോലും കൊങ്കണി-വൈദ്യന്‍മാരുടെ വൈദ്യശാസ്ത്രസംഭാവന കുറിക്കപ്പെട്ടിരിക്കുന്നു. പക്ഷെ പറങ്കികള്‍ പച്ചമരുന്നുവിജ്ഞാനീയത്തെ പാടെ പറിച്ചുകളഞ്ഞു ഗോവയില്‍നിന്ന്. എന്നിരിക്കിലും, ഇന്നും ഇവിടത്തെ ജനമനസ്സുകളില്‍ കേരളത്തിലെപ്പോലെയോ അതിലധികമോ, വീട്ടുചികിത്സയും നാട്ടുചികിത്സയും പച്ചമരുന്നും ഒറ്റമൂലിയും ഒളിഞ്ഞുകിടപ്പുണ്ട്. തികച്ചും ആധുനികമായ ഒരു ആയുര്‍വേദ-കോളേജും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കാടും കടലും കുന്നും കന്നുമായി പ്രകൃതിക്കനുകൂലമായി ജീവിച്ച് മിക്ക ആരോഗ്യപ്രശ്നങ്ങളും പ്രകൃതിക്കു വിട്ടുകൊടുത്ത് സ്വൈരമായിരിക്കുന്നവരാണ് ഗോവക്കാര്‍ പൊതുവെ. അതു പാഠവും പഠനവുമാക്കി, നാട്ടുചികിത്സയുടെ രൂപവും ഭാവവും കൈവിടാതെ, ഇംഗ്ളീഷ്-വൈദ്യചികിത്സ നടത്തി ഒരു തലമുറയുടെ ആരോഗ്യപ്രശ്നങ്ങള്‍ കൈകാര്യംചെയ്തു പരിഹരിച്ചവരില്‍ ഡോ. നാച്ചിനോള്‍ക്കറുടെ സ്ഥാനം അത്യുന്നതമാണ്. ബുദ്ധികൊണ്ടും മനസ്സുകൊണ്ടും ഹൃദയംകൊണ്ടുമയിരുന്നു അദ്ദേഹം രോഗികളെ ചികിത്സിച്ചിരുന്നത്. ആകസ്മികമായാണ് ഞാന്‍ അദ്ദേഹത്തിണ്റ്റടുത്തെത്തുന്നത്. അന്നു ഞാന്‍ കുടുംബസമേതം ഗോവയിലെ സാന്താക്രൂസ് എന്ന സ്ഥലത്തു താമസം. ഞങ്ങളുടെ കൊച്ചുമകള്‍ക്ക് കയ്യിലൊരു ഉളുക്കായി. വീട്ടില്‍ വിരുന്നുവന്നൊരു സ്നേഹിതന്‍ കൊച്ചിനെ കളിപ്പിക്കാന്‍ കൈപിടിച്ചുപൊക്കി കറക്കിക്കുത്തിയപ്പോള്‍ വന്ന കൊച്ചുപിശകായിരുന്നു. വല്ലാതെ വിഷമിച്ച അദ്ദേഹത്തിണ്റ്റെ സമാധാനത്തിനുവേണ്ടിക്കൂടിയാണ് സമീപത്തെ കുഞ്ഞിക്ളിനിക്കിലെ വൃദ്ധഡോക്ടറുടെ അടുത്തേക്കു ചെന്നത്. ചന്തയിലെ ഒരു പീടികമുറിയില്‍ ഒരു മരമേശക്കുപിന്നില്‍ ദൊത്തോര്‍ ഇരിക്കുന്നു. സുമുഖന്‍. സപ്തതിയോടടുത്തു തോന്നിക്കും പ്രായം. മേശ നിറയെ മെഡിക്കല്‍-പുസ്തകങ്ങളും ആനുകാലികങ്ങളും. കണ്ണാടിക്കൂടുകള്‍ നിറയെ മരുന്നുകളും നെഴ്സിങ്ങ്-ഉപകരണങ്ങളും. മുന്‍പിലും വശത്തുമായി കുറെ കസേരകള്‍. ചുറ്റുമുള്ള കസേരകളിലും ബെഞ്ചുകളിലുമായി അനവധി രോഗികള്‍ ഇരിക്കുന്നു, കിടക്കുന്നു, ഞരങ്ങുന്നു, കരയുന്നു. ഓരോരുത്തരെയായി അരികില്‍ വിളിച്ചോ അടുത്തുപോയിക്കണ്ടോ ഡോക്ടര്‍ പരിശോധിക്കുന്നു. മൃദുസ്വരത്തില്‍ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്നു; ഉപദേശിക്കുന്നു. ഒരു ധൃതിയുമില്ല. അവധാനപൂര്‍വം മരുന്നുകുറിക്കുന്നു. അതു തിരിച്ചുപിടിച്ച് ഓരോ മരുന്നും എന്തെന്നും എന്തിനെന്നും എന്തുവേണമെന്നും പറഞ്ഞു മനസ്സിലാക്കുന്നു. തരാതരംപോലെ കൊങ്കണിയില്‍, മറാഠിയില്‍, ഹിന്ദിയില്‍, ഇംഗ്ഗ്ളീഷില്‍, പോര്‍ത്തുഗീസില്‍, ... എണ്റ്റെ കേള്‍വി ശരിയാണെങ്കില്‍, കന്നഡത്തിലും കൂടെ. അക്കാലത്ത് അദ്ദേഹത്തിണ്റ്റെ ഫീസ് പേരിനു വെറും മൂന്നുരൂപ. പാവപ്പെട്ടവര്‍ക്കു സൌജന്യം. അര്‍ഹപ്പെട്ടവര്‍ക്കു സ്വന്തം സ്റ്റോക്കില്‍നിന്നു മരുന്നും ഫ്രീ. കാശും കൊടുക്കും. കൂടെ ഒരു നിറകണ്‍ചിരിയും! ഞങ്ങളുടെ ഊഴം അവസാനമായിരുന്നു. എങ്കിലും കുട്ടി കരയുന്നതുകണ്ട് അടുത്തേക്കുവിളിച്ചു കാര്യം തിരക്കി. കൊച്ചിണ്റ്റെ കൈ പലതവണ പതിയെ ഉഴിഞ്ഞു. ഇതു വെറും പേശിപ്പിണക്കമാണെന്നും ഇത്തിരി ചൂടുവെള്ളംകൊണ്ട് ആവികൊള്ളിച്ചാല്‍ മതിയെന്നും വിധിച്ചു. 'പോരേ?' എന്നു കൊച്ചിനോട്. 'മതി' എന്നവളും തലയാട്ടി. 'എന്താ പോരേ?' എന്നു ഞങ്ങളോട്. എന്തു മറുപടി പറയാന്‍? 'ഫീസ്?' 'അതടുത്ത തവണ'. 'വരാതിരിക്കരുതേ' എന്നൊരു കമണ്റ്റും. ചുറ്റുമുള്ളവര്‍ കൂടെച്ചിരിച്ചു. കുട്ടി, ഞാന്‍, ഭാര്യ, വിരുന്നുകാരന്‍ എല്ലാവരും ഒരു ജാഥയായി പിരിഞ്ഞുപോയി. താമസിയാതെ എണ്റ്റെയൊരു 'മാറാ'രോഗത്തിന് അദ്ദേഹത്തെ കാണാന്‍ തീരുമാനിച്ചു ഞാന്‍. വര്‍ഷങ്ങളായി കാല്‍വിരലിനിടയില്‍ ഒരു പുണ്ണ്. നാട്ടില്‍പോയാല്‍ കുറയും. വടക്കന്‍ദിക്കുകളില്‍ വാടും. പാശ്ചാത്യരാജ്യങ്ങളില്‍ ചെന്നാല്‍ ഉണങ്ങും. തിരിച്ചു ഗോവയ്ക്കു വരേണ്ട താമസം വീണ്ടും വരും. സാധാരണ 'വളംകടി' പോലെ തന്നെ. ചൊറിച്ചിലൊന്നുമില്ല; പക്ഷെ ചെറിയൊരു അസ്ക്യത മുഴുസമയവും. വെളിച്ചെണ്ണ മുതല്‍ കശുവണ്ടിയെണ്ണവരെയുള്ള വീട്ടുമരുന്നുകളും ആര്യവേപ്പ്, ഏലാദി തൈലം തുടങ്ങിയ നാട്ടുമരുന്നുകളും നിക്സോഡേര്‍ം, ഗ്ളിസറോള്‍-മാഗ്‌സള്‍ഫ് മുതലായ ഇംഗ്ളീഷ്മരുന്നുകളും പയറ്റിയതാണ്. അപ്പോഴേക്കും പലരും പറഞ്ഞറിഞ്ഞിരുന്നു ഡോ. നാച്ചിനോള്‍ക്കര്‍ ത്വക്-രോഗങ്ങളിലും വിദഗ്ധനാണെന്ന്. പതിവുപോലെ സന്ധ്യമയങ്ങും നേരത്താണ് ഞാന്‍ കുടുംബസമേതം ദൊത്തോറിണ്റ്റെ ക്ളിനിക്കില്‍ ചെല്ലുന്നത്. കണ്ടതും ചോദിച്ചു, 'ഓ, പഴയ കടംവീട്ടാന്‍ വന്നതാകുമല്ലേ. ഇരിക്കൂ'. ഇരുന്നു. മറ്റുള്ള എല്ലാ രോഗികളും പോയതിനുശേഷം ആദ്യം മകളുടെ കാര്യം തിരക്കി. പിന്നെ എണ്റ്റെ കാര്യം. 'മരുന്നുവേണോ ചികിത്സ വേണോ?' ഞാന്‍ മറുപടി പറഞ്ഞു ചികിത്സ മതിയെന്ന്. അദ്ദേഹം തുടങ്ങി: ഷൂ ഇടരുത്. ഇടണമെങ്കില്‍ പരുത്തി സോക്സ് കൂടെ ഉപയോഗിക്കുക. ആവശ്യം കഴിഞ്ഞ ഉടനെ ഷൂ ഊരിയിടുക. ഉടന്‍ കാല്‍ കഴുകുക. എന്നും രാത്രി കിടക്കുന്നതിനുമുന്‍പ് മറക്കാതെ കാല്‍ സോപ്പിട്ടു കഴുകുക. മാത്രമല്ല, ഒരു പരുത്തിത്തുണികൊണ്ട് വിരലുകള്‍ക്കിടയിലെ ഈര്‍പ്പം ഉണക്കിക്കളയുക. അല്‍പം ഭാര്യയുടെ ഫേസ്-പൌഡര്‍ കാല്‍വിരലുകള്‍ക്കിടയില്‍ തൂകുക. മതിയാകും. നിങ്ങളുടെ വിശ്വാസത്തിനും എണ്റ്റെയൊരു സമാധാനത്തിനും നാട്ടുകാരുടെ മതിപ്പിനുംവേണ്ടി ഈ മരുന്ന് ഇടയ്ക്കെല്ലാം വിരലിടുക്കില്‍ തേയ്ക്കുക. അദ്ദേഹം ഒരു ഓയിണ്റ്റ് മെണ്റ്റിണ്റ്റെ പേരു കുറിച്ചുതന്നു. 'പോകാന്‍ വരട്ടെ. എവിടന്നു വരുന്നു? എന്താണു ജോലി?' - കുശലങ്ങള്‍ നീണ്ടു. ചിരപരിചിതനെപ്പോലെ അദ്ദേഹം ഞങ്ങളെ വര്‍ത്തമാനത്തില്‍ തളച്ചു. ഗോവയെപ്പറ്റിയും പോര്‍ത്തുഗീസുകാരെപ്പറ്റിയും വിമോചനസമരത്തെപ്പറ്റിയും ശാസ്ത്രത്തെപ്പറ്റിയും മെഡിക്കല്‍വിദ്യാഭ്യാസത്തെപ്പറ്റിയും മുംബൈജീവിതത്തെപ്പറ്റിയും നാടന്‍ചിട്ടകളെപ്പറ്റിയും മനോരോഗങ്ങളെപ്പറ്റിയും രാഷ്ട്രീയാഭാസങ്ങളെപ്പറ്റിയുമെല്ലാം നേരം വളരെ വൈകുംവരെ സംസാരിച്ചിരുന്നു. കുട്ടിക്കു വിശക്കുന്നുണ്ടെന്നും ഉറക്കം വരുന്നുണ്ടെന്നും കണ്ടപ്പോള്‍മാത്രം അദ്ദേഹം ഞങ്ങളെ വിട്ടയച്ചു. അന്നദ്ദേഹം ഫീസുവാങ്ങി; കേവലം മൂന്നുരൂപ. പഴയകടം അവിടെത്തന്നെ വീട്ടാതെ കിടക്കുന്നു, ഇന്നോളം. പിന്നീടു ഡോക്ടറെ കാണുന്നത് ഒരു പരിചയക്കാരി സ്ത്രീക്കുവേണ്ടിയായിരുന്നു. ഞങ്ങളുടെ കുടുംബസുഹൃത്ത്. അവരന്ന് യൂണിവേറ്‍സിറ്റിയില്‍ അധ്യാപികയാണ്. എന്തു കഴിച്ചാലും വയറെരിയും; വയറിളകും. എന്നാലോ തടി കൂടി വരുന്നു. ശക്തി കുറഞ്ഞുവരുന്നു. രാത്രി ഉറക്കമില്ല. പകലാണെങ്കില്‍ ക്ളാസ്സെടുക്കാന്‍പോലും വയ്യാത്ത മയക്കം. വിശപ്പുമില്ല, രുചിയുമില്ല. പോരാത്തതിനു മൂലക്കുരുവിണ്റ്റെ ഉപദ്രവവും തുടങ്ങി. പല ടെസ്റ്റുകളും നടത്തി. ഒരു പ്രശനവും കണ്ടെത്തിയില്ല. പല ചികിത്സയും നടത്തി, ഒരു ഭേദവുമില്ല. ഒന്നു ഡോ. നാച്ചിനോള്‍ക്കറെക്കണ്ടു ചോദിച്ചാലോ? ഒരു ദിവസം അവര്‍ പഴയ കേസ്സുകെട്ടുകളെല്ലാമെടുത്ത് ഞങ്ങളെയും കൂട്ടിനു കൂട്ടി. മന:പൂര്‍വം ഞങ്ങളുടെ ഊഴം ഏറ്റവും അവസാനം മാത്രം. ദൊത്തോറ്‍ ചില രോഗികള്‍ക്കു മരുന്നും ചില രോഗികള്‍ക്കു പണവും ചില രോഗികള്‍ക്ക് ഉപദേശവും ചില രോഗികള്‍ക്കു ശകാരവും കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ ഞങ്ങള്‍ ഡോക്ടറുടെ പുറത്തുകിടക്കുന്ന പുതുപുത്തന്‍ കാറും നോക്കിയിരുന്നു. മാസങ്ങള്‍ക്കു മുന്‍പു കണ്ട പുത്തന്‍ കാറല്ല; ഇതു വേറൊരെണ്ണം. പൂത്തപണക്കാരനാണ് അദ്ദേഹം എന്നറിയാം; എങ്കിലും മര്യാദയ്ക്കൊരു വസ്ത്രമോ ചെരിപ്പോ ചികിത്സാലയമോ ഇല്ലാത്ത ഈ ഡോക്‌ടറുടെ കാര്‍-ഭ്രാന്തെന്ത് എന്നു കൌതുകമായി. ഇക്കണ്ട രോഗികള്‍ക്കൊന്നും തന്നെ വിലയില്ലാതായി എന്നുംപറഞ്ഞാണ് ഡോക്‌ടര്‍ ഞങ്ങളെ വിളിച്ചത്. ഈ മൂന്നുരൂപ ഉടനെ അഞ്ചാക്കുന്നുണ്ട്; ഇവരെല്ലാം തന്നെ മൂന്നുരൂപ-ദൊത്തോര്‍ എന്നാണു പരസ്പരം പറയുന്നത്; ഒരു ബഹുമാനമൊക്കെ വേണ്ടേ. 'മൂന്നുരൂപയ്ക്ക് ഈ കാറാണെങ്കില്‍ അടുത്ത തവണ അഞ്ചുരൂപയുടെ കാര്‍ എന്തായിരിക്കും' എന്ന എണ്റ്റെ ചോദ്യം അദ്ദേഹത്തിനിഷ്ടപ്പെട്ടെന്നു തോന്നി. പാരമ്പര്യമായിക്കിട്ടിയ ഒരുപാടു സമ്പത്തുണ്ടു തനിക്ക്. വളരെയധികം ആദായനികുതി കൊടുക്കുന്ന ഒരാളുമാണു താന്‍. അതും തികച്ചും സത്യസന്ധമായും സന്തോഷപൂര്‍വവും. രോഗചികിത്സ കഴിഞ്ഞാല്‍ തനിക്ക് ഒന്നില്‍ മാത്രമേ ഭ്രമമുള്ളൂ. കാറ്‍. വര്‍ഷാവര്‍ഷം താന്‍ പുതിയ കാര്‍ വാങ്ങും. അതിനു കിട്ടുന്ന നികുതിക്കിഴിവും താന്‍ പാവപ്പെട്ടവര്‍ക്കു വിതരണം ചെയ്യും. തെറ്റുണ്ടോ? തുടര്‍ന്ന്, അധ്യാപികയുടെ രോഗവിവരണവും പരാതികളുമെല്ലാം സശ്രദ്ധം കേട്ടിരുന്നു ഡോ. നാച്ചിനോള്‍ക്കര്‍. ടെസ്റ്റ്-റിപ്പോര്‍ട്ടുകളും കുറിപ്പടികളുമെല്ലാം അരിച്ചുപെറുക്കിനോക്കി. എന്നിട്ടൊരു ചോദ്യം: 'വിവാഹിതയാണോ?'. അല്ലെന്നു രോഗിണി. ദൊത്തോറിണ്റ്റെ ചികിത്സാവിധി: 'കല്യാണം കഴിച്ചാല്‍ മതി, എല്ലാം മാറും. ' വിളറിപ്പോയ അധ്യാപികയില്‍നിന്ന് ഫീസൊന്നും മേടിച്ചില്ല ഡോക്‌ടര്‍. അന്നും വൈകുംവരെ വര്‍ത്തമാനം പറഞ്ഞിരുന്നു ഞങ്ങള്‍. വിവാഹബന്ധത്തിണ്റ്റെ ഗുണദോഷങ്ങളും വിവാഹബന്ധത്തിലെ കയറ്റിറക്കങ്ങളും ബ്രഹ്മചാരിച്ചേഷ്ടകളും മധ്യവയസ്സിലെ മാനസികപ്രശ്നങ്ങളും വാര്‍ധക്യത്തിലെ വീണ്ടുവിചാരങ്ങളും വഴിക്കുവഴിയെ വന്നു. പിന്നെ ഞങ്ങള്‍ തമ്മില്‍കാണുന്നതും വേറൊരാള്‍ക്കുവേണ്ടിയായിരുന്നു. പയ്യന്‍ പുതുതായി ഓഫീസില്‍ ചേര്‍ന്നതാണ്; പക്ഷെ മെഡിക്കല്‍ പരിശോധനയില്‍ ആള്‍ക്ക് വറ്‍ണാന്ധതയുള്ളതായി കണ്ടെത്തി. കയ്യില്‍കിട്ടിയ ജോലി നഷ്ടപ്പെടുമെന്ന നിലയായി. ജോലി പോകാതിരിക്കാന്‍ വൈദ്യശാസ്ത്രപരമായി ഒരു പോംവഴി കാണാനാകുമോ എന്നറിയാനാണ് ഡോ. നാച്ചിനോള്‍ക്കറെ പോയിക്കണ്ടത്. അദ്ദേഹം തീര്‍ത്തും തുറന്നുപറഞ്ഞു. വൈദ്യശാസ്ത്രത്തില്‍ ഒന്നും ചെയ്യാനാവില്ല. വേറൊരു മെഡിക്കല്‍-റിപ്പോര്‍ട്ടിനും ശ്രമിക്കണ്ട. പക്ഷെ വര്‍ണാന്ധത ജോലിസ്ഥലത്തെ ഉത്തരവാദിത്വത്തെ ബാധിക്കില്ലെന്നു സാക്ഷ്യപ്പെടുത്താന്‍ മേലധികാരിക്കു സന്‍മനസ്സുണ്ടായാല്‍ നന്നായി. ഇതില്‍ കാരുണ്യത്തിനേ കാര്യത്തെ കരകയറ്റാനാകൂ. ഞങ്ങള്‍ താമസസ്ഥലം മാറിയതിനാല്‍ കുറേക്കാലം കാണാനേയായില്ല ഡോക്‌ടറെ. വര്‍ഷങ്ങള്‍ക്കുശേഷം വഴിയില്‍ കണ്ടപ്പോള്‍ എണ്റ്റെ ഭാര്യ ചോദിച്ചു, 'വീണ്ടും പുതിയ കാര്‍?' അതിനുത്തരം എന്നോടുള്ള മറുചോദ്യമായിരുന്നു: 'ഇപ്പോഴും പഴയ ഭാര്യ?' ൧൯൨൪-ല്‍ ജനിച്ച ഇദ്ദേഹം ഒരു തികഞ്ഞ ദേശീയവാദിയും സ്വാതന്ത്യ്രസമരപ്പോരാളിയുമായിരുന്നു. ൧൯൪൭-ല്‍ ഭാരതത്തിണ്റ്റെ വിമോചനത്തിനുശേഷം ഗോവയുടെ വിമോചനത്തിനായി, ഡോ. നാച്ചിനോള്‍ക്കറുടെ സമരസംരംഭങ്ങള്‍. പോര്‍ത്തുഗീസ്-സര്‍ക്കാരുടെ നീക്കുപോക്കുകളും തിരിമറികളുമറിയാന്‍ ഒരു രഹസ്യ-റേഡിയോ പ്രക്ഷേപണിവരെ ഒരുക്കിയ മനുഷ്യനായിരുന്നു ഈ ദൊത്തോര്‍ എന്നെല്ലാം പിന്നീടാണ് ഞങ്ങളറിയുന്നത്. തുടക്കത്തില്‍ കക്ഷിരാഷ്ട്രീയത്തില്‍ കുറെ നാള്‍ കുടുങ്ങിക്കിടന്നെങ്കിലും അതില്‍നിന്നെല്ലാമകന്ന് ആതുരസേവനവും വീട്ടുകാര്യങ്ങളുമായി ശ്രമവും വിശ്രമവും ചേര്‍ന്നൊരു വിശിഷ്ടജീവിതം നയിച്ചു, ൨൦൦൦-ത്തോടെയുണ്ടായ അനായാസേനമരണംവരെ. ഇന്നും ഈ ദൊത്തോറെക്കുറിച്ചോര്‍ക്കാത്തവര്‍ ചുരുങ്ങും.
Subscribe to:
Post Comments (Atom)
മൗനവ്രതം
മൗനവ്രതം (നാരായണസ്വാമി) പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...
-
അന്നെനിക്കു പതിനേഴോ പതിനെട്ടോ പ്രായം. മഹാരാജാസ് കോളേജിൽ മലയാളം ഐച്ഛികം ക്ളാസ്സ്. ഗുപ്തൻനായർസാർ ക്ളാസ്സു കത്തിച്ചുകയറുന്നു. ...
-
എനിക്കു മനസ്സിലാകാത്ത ഒരുപാടു കാര്യങ്ങളുണ്ട് ലോകത്ത്. അതിലൊന്നാണ് വർണം , നിറം , കളർ എന്നെല്ലാം നമ്മൾ പറഞ്ഞുകൂട്ടുന്ന തൊലിപ്പുറസംഗതി. ...
-
1964-65. 'ഹിന്ദി വേണ്ട'-സമരം കൊടുമ്പിരികൊണ്ട കാലം. ഞങ്ങളുടെ സ്കൂളിനുവെളിയില്‍ ഒരു ചുമരെഴുത്തു പ്രത്യക്ഷപ്പെട്ടു: 'നക്ക നക്ക ഹിന...
1 comment:
മനോഹരം ഈ അനുസ്മരണം. ഞങ്ങൾക്കുമുണ്ടായിരുന്നു അദ്ദേഹത്തേപ്പോലെ ചില ഡോക്ടർമാർ.. മൺമറഞ്ഞ ഡോ ഹരിദാസ്, ടി.കെ നാരായണൻ...
Post a Comment