Showing posts with label palarum palathum (പലരും പലതും). Show all posts
Showing posts with label palarum palathum (പലരും പലതും). Show all posts

Wednesday, 22 September 2010

വീണ്ടും വസന്തം

വസന്തം, ഗ്രീഷ്മം, ഹേമന്തം, ശിശിരം. ഇതു പ്രകൃതിക്ക്‌. ബാല്യം, കൌമാരം, യൌവനം, വാര്‍ധക്യം. ഇതു ജീവന്‌. ബ്രഹ്മചര്യം, ഗൃഹസ്ഥം, വാനപ്രസ്ഥം, സംന്യാസം. ഇതു മനുഷ്യന്‌. തുടക്കം, അടക്കം, നടുക്കം, മടക്കം. ഇത്‌ ഉദ്യോഗസ്ഥന്‌. സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ വണക്കം, ഇണക്കം. അതു തുടക്കത്തില്‍. പിന്നെ, പിണക്കം, കലക്കം എന്നൊരു മലക്കം. ആഹാരം, വിഹാരം, ആരാമം, വിരാമം എന്നു മറുവാക്ക്‌! നാലുപതിറ്റാണ്ടിനോടടുത്ത സര്‍ക്കാര്‍ജോലിക്കുശേഷം ഉദ്യോഗപര്‍വത്തിനു വിട പറഞ്ഞ വേളയിലാണ്‌ ഇതെഴുതുന്നത്‌. പണ്ടത്തെ അടുത്തൂണ്‍ പറ്റല്‍. ഇന്നത്തെ പെന്‍ഷന്‍ പറ്റല്‍. വിരമിക്കല്‍പ്രക്രിയ -- 'റിട്ടയര്‍മെണ്റ്റ്‌' എന്നു മിനുക്കിപ്പറയും, 'സൂപ്പര്‍ ആന്വേഷന്‍' എന്നു പരത്തിപ്പറയും -- പലര്‍ക്കും പല രീതിയിലാണ്‌. ചിലര്‍ക്കത്‌ 'റിട്ടയര്‍മെണ്റ്റ്‌ ബ്ളൂ' എന്ന മനസ്സംഘര്‍ഷം. വ്യാക്കൂണ്‍ പോലൊരു സംത്രാസം. ചിലര്‍ക്കത്‌ ശാപമോക്ഷം. മഴക്കാലത്ത്‌ കൂണ്‍ പൊട്ടിവിരിയുന്നതുപോലൊരു പുനര്‍ജന്‍മം. എന്നെ സംബന്ധിച്ചിടത്തോളം ജോലികിട്ടിയന്നത്തെ അതേ സന്തോഷത്തിലാണ്‌ ജോലിയില്‍നിന്നു പിരിഞ്ഞുപോന്നത്‌. ആദ്യംപറഞ്ഞ 'അക്ക'ങ്ങളെല്ലാം ആദ്യവസാനം എന്നെയും വലച്ചിരുന്നു. ചിലതിനു കൈ കൊടുത്തു. ചിലതിനു സലാം പറഞ്ഞു. ചിലതിനു നല്ല ചവിട്ടും. അങ്ങനെ ബാക്കിപത്രം വട്ടപ്പൂജ്യം. പൂജ്യസ്യ പൂജ്യമാദായാ പൂജ്യമേവാവശിഷ്യതേ! തുടക്കത്തില്‍ തുടങ്ങി തുഞ്ചത്തെത്തി തുടരെ താഴേക്കിറങ്ങി തുടക്കത്തില്‍തന്നെ തിരിച്ചെത്തിയവര്‍ കുറയും. അതു മിക്കവാറും അവരുടെ കയ്യിലിരിപ്പും തിരുമറിയും കൊണ്ടാകും. സര്‍ക്കാര്‍ജീവിതത്തിലോ സ്വകാര്യവ്യവഹാരത്തിലോ യാതൊരു കളങ്കവുമില്ലാഞ്ഞിട്ടും തൊഴുത്തില്‍കുത്തൊന്നുമാത്രംകൊണ്ട്‌ കേറിയപടി തിരിച്ചിറങ്ങിയവരില്‍ ഒരാളാണു ഞാന്‍. മാമാങ്കവും മുറജപവും കളരിപ്പയറ്റും പാരവയ്പ്പും കൂറുമാറ്റവും കുന്നായ്മയും ഒന്നിച്ചുകാണണമെങ്കില്‍ ശാസ്ത്രഗവേഷണരംഗത്തിലേക്കു കടന്നാല്‍ മതി. ഏതു കര്‍മരംഗവും നാടകം പോലെയാണ്‌. ആട്ടം കഴിഞ്ഞാല്‍ അരങ്ങൊഴിയണം. ഒരു നിമിഷം നേര്‍ത്തെയോ ഒരു നിമിഷം വൈകിയോ കളിക്കളത്തില്‍ നിന്നു വിട്ടാല്‍ ആഭാസമാവും. തുടക്കത്തിലേ തീരുമാനിച്ചിരുന്നു, ദിവസേന ഒരുവരി എഴുതാനോ ഒരുപുറം വായിക്കാനോ തടസ്സംനില്‍ക്കുന്ന ജോലിവേണ്ട. കേറിയും കുറഞ്ഞും അവസാനം വരെ അതു നിലനിര്‍ത്താന്‍ കഴിഞ്ഞതു ആത്മവിശ്വാസമോ ആത്മാഭിമാനമോ കൊണ്ടല്ല, ആത്മസ്ഥൈര്യം ഒന്നുകൊണ്ടുമാത്രമാണ്‌. നടുക്കല്ലിളകിയാലും തലക്കല്ലിളകുകയില്ലെന്ന വാശി. വനം വൃക്ഷമല്ലന്നെറിയാം. എന്നാല്‍ വൃക്ഷമില്ലാതെ വനമില്ല. ആകാശം മേഘമല്ല. എന്നാല്‍ മേഘമില്ലാതെ ആകാശമില്ല. കടല്‍ തിരയല്ല. എന്നാല്‍ തിരയില്ലാതെ കടലില്ല. താനും തണ്റ്റെ കര്‍മമണ്ഡലവും തമ്മില്‍ അത്രയേ ഉള്ളൂ ബന്ധം. അല്ലെങ്കില്‍ അത്രക്കുണ്ട്‌. വിത്തു മുളയ്ക്കണം. തൈ വളരണം. പൂ വിടരണം. കായ്‌ മൂക്കണം. ഇല പൊഴിയണം. മരം മറിയണം. അത്തരം 'സര്‍വീസ്‌ സ്റ്റോറി' പ്രകൃതി എന്നേ എഴുതി. കഥയ്ക്കപ്പുറം, വീണ്ടും പുതുവിത്തു വിതയ്ക്കണമെന്നും പുത്തന്‍ചെടി നടണമെന്നുമുള്ള കാര്യവും പ്രകൃതി എഴുതി. അതല്ലാതൊരു 'സര്‍വീസ്‌ സ്റ്റോറി' എനിക്കല്ല, ആര്‍ക്കുമില്ല. ഉദ്യോഗത്തിലിരിക്കുമ്പോള്‍ പറയാത്തതോ പെന്‍ഷന്‍ പറ്റിയിട്ടു പറയുന്നു? നഷ്ടവസന്തത്തെക്കുറിച്ചു സങ്കടമില്ല. കൊടും ചൂടിനെപ്പറ്റി പരാതിയില്ല. ഇലപൊഴിയുംകാലത്തെ പഴിചാരുന്നില്ല. ശിശിരക്കുളിരില്‍ വിറങ്ങലിക്കുന്നുമില്ല. ഇതൊരു പുനര്‍ജന്‍മം. ബാല്യത്തിണ്റ്റെ ചാപല്യമില്ലാതെ, കൌമാരത്തിണ്റ്റെ അവിവേകമില്ലാതെ, യുവത്വത്തിണ്റ്റെ എടുത്തുചാട്ടമില്ലാതെ, വാര്‍ധക്യത്തിണ്റ്റെ വിടുവായത്തമില്ലാതെ, വീണ്ടുമൊരു വസന്തത്തെ വരവേല്‍ക്കുകയാണു ഞാന്‍.

[Published in the fortnightly webmagazine www.nattupacha.com, 1 August 2010]

Wednesday, 17 March 2010

സ്വാമികെട്ടിയ സാക്ഷാൽ കോട്ട

എട്ടാംക്ലാസ്സിലോ മറ്റോ പഠിക്കുന്ന കാലം. മലയാളപാഠാവലിയിൽ പഠിക്കാൻ 'ചിത്രശാല' എന്നോമറ്റോ ഒരു ഗീതകം (കെ. കെ. രാജയുടേതാണെന്നാണോർമ). രാത്രി ആകാശത്തെ അത്ഭുതങ്ങൾ ഒരു ചിത്രശാലയിലെന്നോണം കാണിച്ചുതരുന്ന ആ ഗീതകം, "സ്വാമി കെട്ടിയ സാക്ഷാൽ കോട്ടയിലെന്നും കാണാം....." എന്നവസാനിക്കുന്നു.

അവിടമെത്തിയപ്പോൾ അതുപഠിപ്പിച്ചുതന്നിരുന്ന അരവിന്ദാക്ഷൻ മാഷ്‌ ചിരിച്ചുകൊണ്ടു ചോദിച്ചു. "സ്വാമി കെട്ടിയ സിനിമാക്കോട്ട ഏതാണെന്നറിയാമോ?"

എന്നെ നോക്കി സാർതന്നെ ഉത്തരം പറഞ്ഞു, "ഹിന്ദുസ്ഥാൻ ടാക്കീസ്‌!"

അതായിരുന്നു ഞങ്ങളുടെ നാട്ടിലെ, തൃപ്പൂണിത്തുറയിലെ, ആദ്യത്തെ സിനിമാതീയേറ്റർ; അതു സ്ഥാപിച്ചു നടത്തിയിരുന്നതോ എന്റെ അച്ഛനും. (അച്ഛൻ 'വല്യസാമി' എന്നപേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌; ചേട്ടൻ 'കൊച്ചുസാമി'യും). എനിക്കറിയില്ലായിരുന്നു എന്റെ പ്രിയപ്പെട്ട ഗുരുനാഥൻ എന്റെ അച്ഛനെ അറിയുന്ന കാര്യം. ക്ലാസ്സിൽ വല്ല കുസൃതികളും ഒപ്പിച്ചിട്ടുണ്ടോ എന്നാലോചിച്ചായിരുന്നു എന്റെ പരിഭ്രമമെല്ലാം.

അന്നൊക്കെ സ്ക്കൂളിൽ അച്ഛനെയും അമ്മയെയും എല്ലാം അറിയുന്നത്‌ പിള്ളേർ തല തെറിക്കുമ്പോഴായിരുന്നു. ഇന്നത്തെപ്പോലെ 'മാലൂം ഹേ മേരാ ബാപ്‌ കോൻ?' എന്നൊന്നും ആരും വീമ്പിളക്കാറില്ല; വീമ്പിളക്കിയാലൊട്ടു വിലപ്പോവുകയുമില്ല.

മാഷ്‌ എന്നോട്‌: "എന്നും കാണുമോ 'ചിത്രശാല'യിൽ?"

ഞാൻ തലയാട്ടി. "ഇടയ്ക്കൊക്കെ."

ആ 'സാമിയുടെ സിലിമാക്കോട്ട'യിലാണ്‌ ഞാൻ ആദ്യത്തെ സിനിമകണ്ടത്‌. അത്‌ മിസ്സിയമ്മയോ, സ്നേഹസീമയോ, ടൗൺബസ്സോ, നീലക്കുയിലോ, എന്നൊന്നും പിടികിട്ടുന്നില്ല. പിന്നെ തമിഴ്പടങ്ങളിൽ വീരപാണ്ഡ്യകട്ടബൊമ്മനും മായാബസാറും പടിക്കാത മേതൈയും പാശമലരും പാപമന്നിപ്പും കല്യാണപ്പരിശും ഒക്കെ. കുറെ ഡബ്ബുചെയ്ത തെലുങ്കു പടങ്ങളും. ഹിന്ദിയിൽ ഇൻസാനിയത്‌; ഒരു കുരങ്ങന്റെ കഥ. പിന്നെ മദർ ഇൻഡ്യ, പ്യാസ, ബന്ദി എന്നിങ്ങനെ.

അതെല്ലാം 'വെള്ളക്കറുപ്പു'പടങ്ങൾ; അല്ലെങ്കിൽ ഇളംചുവപ്പുള്ള 'സെപ്പിയ'-പ്രിന്റുകൾ. തീ വെളുത്തുകത്തുന്നതും മുന്നോട്ടോടുന്ന വണ്ടിയുടെ ചക്രം പിന്നോട്ടു തിരിയുന്നതും കഥാപാത്രങ്ങൾ പാടുമ്പോൾ പക്കവാദ്യമുയരുന്നതും കണ്ണീരിനോടൊത്തുള്ള പശ്ചാത്തലസംഗീതവുമെല്ലാം എന്നെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു.

ആദ്യംകണ്ട വർണചിത്രം, ഉമ്മർ അഭിനയിച്ച ഒരു മുസ്ലിംകഥയാണ്‌. 'ഈസ്റ്റ്‌മാൻ കളർ', 'ഗേവാകളർ' എന്നൊക്കെ പരസ്യങ്ങളിൽ കണ്ടതും നായകന്റെ തലയ്ക്കുപിറകിൽ വർണചക്രം തിരിയുന്നതും മാത്രം മനസ്സിലുണ്ട്‌.

പ്രൊജക്ഷൻ-കാബിനിലിരുന്ന്‌ ഓപ്പറേറ്ററുടെകൂടെ ചുമരിലെ ഓട്ടയിൽകൂടി സിനിമകാണാനായിരുന്നു എനിക്കിഷ്ടം. കറക്കിപ്പാടിക്കുന്ന ഗ്രാമഫോണും ഉയരത്തിൽ കെട്ടിയ ഉച്ചഭാഷിണിയും 'മാജിക്‌ ലാന്റേൺ' എന്ന ആർക്‌-പ്രോജക്റ്ററും കാർബൺ തണ്ടുകളും പരസ്യ-സ്ലൈഡുകളും ഫിലിം റീലുകളും അവ ചുറ്റുന്ന ചക്രങ്ങളും അവ കൊണ്ടുപോകുന്ന തകരപ്പെട്ടികളും ഹരമായിരുന്നു. തീയേറ്ററിനുള്ളിലെ ആവിച്ചൂടും ബീഡിപ്പുകയും കപ്പലണ്ടിമണവും അതുകഴിഞ്ഞുള്ള തലവേദനയും എനിക്കു താങ്ങാൻ പറ്റുമായിരുന്നില്ല താനും.

നിവൃത്തികേടുകൊണ്ടാണത്രെ അച്ഛൻ സിനിമച്ചന്തയിൽ എത്തിപ്പെട്ടത്‌. പത്താംക്ലാസ്സുകഴിഞ്ഞ്‌ ഗാന്ധിയൻപരുവത്തിൽ പല കൈത്തൊഴിലുകളും കുടിൽവ്യവസായങ്ങളും ചെയ്തുനോക്കി. രണ്ടാംലോകമഹായുദ്ധകാലം. അതിനിടെ കഷ്ടി ഇന്റർമീഡിയറ്റ്‌ കഴിക്കാൻ പറ്റി. കുറച്ചു കാശു സ്വരൂപിക്കാനായപ്പോൾ ബനാറസ്സിലേക്കു കടന്നു. അവിടത്തെ ഹിന്ദു വിശ്വ വിദ്യാപീഠത്തിൽ കെമിക്കൽ ടെക്‌നോളജി പഠിച്ചു പാസ്സായി. ബ്രിട്ടീഷുകാലം. കൂടെയുണ്ടായിരുന്നവർ കൽക്കത്തയിലും മറ്റും വലിയ ഉദ്യോഗസ്ഥരായത്രെ. അച്ഛനാകട്ടെ നാട്ടിലേക്കു മടങ്ങി റേഷൻകട നടത്തി മുടിഞ്ഞു. ഉദ്യോഗമൊന്നും കിട്ടിയില്ലെന്ന്‌ അച്ഛൻ; ഒരു ചുക്കിനും ശ്രമിച്ചിരുന്നില്ലെന്ന്‌ അമ്മയും.

ഏതായാലും പഠിച്ചതുപ്രയോഗിക്കാൻ തീരുമാനിച്ച്‌ അച്ഛൻ ഒരു കൊച്ചു മരുന്നുകമ്പനിയുടെ പങ്കാളിയായി. കമ്പനി വഴിതെറ്റിത്തുടങ്ങിയപ്പോൾ സ്വന്തമായി ഒരു ബിസ്ക്കറ്റ്‌ ഫാക്റ്ററി ഉണ്ടാക്കി സ്വയംതൊഴിൽ കണ്ടെത്തി. ആ പ്രദേശത്തെ ആദ്യത്തെ ബേക്കറിയും അതായി.

അപ്പോഴാണ്‌ എന്തോ നിയോഗത്താൽ ഒരു സിനിമാക്കോട്ട തുടങ്ങാൻ കുറെ പങ്കാളികളോടൊത്തു തീരുമാനിക്കുന്നത്‌. അങ്ങനെ നാട്ടിൽ 'ഹിന്ദുസ്ഥാൻ ടാക്കീസ്‌' വരുന്നു. വെറും ഓല ഷെഡ്ഡൊന്നുമായിരുന്നില്ല; കൂരയും കതകും കർട്ടനും കസേരയും എല്ലാമുള്ള തികച്ചും നൂതനമായ ചിത്രശാല.
അന്ന്‌ അകലെ എറണാകുളംപട്ടണത്തിലും രണ്ടുമൂന്നു തീയേറ്ററുകളേ ഉള്ളൂ, 'മേനക', 'പദ്മ', 'ലക്ഷ്മൺ'.

അതിന്റെ വിജയത്തോടുകൂടി തൊട്ടടുത്തുതന്നെ വേറൊന്നുകൂടി തുടങ്ങി, 'സെന്റ്‌റൽ ടാക്കീസ്‌'. അതോടെ കഷ്ടകാലവും തുടങ്ങി. ആദ്യകാലങ്ങളിൽ തീയേറ്റർ ഉടമകൾക്കായിരുന്നു പ്രാമുഖ്യം; എന്തു സിനിമയാണ്‌ നാട്ടുകാർക്കിഷ്ടമെന്നും ഏതു സിനിമയാണ്‌ പ്രദർശിപ്പിക്കേണ്ടതെന്നും അതെത്ര ദിവസത്തേക്കെന്നുമെല്ലാം തീരുമാനിക്കുന്നത്‌ അവരായിരുന്നു. പതിയെ വിതരണക്കാർ പിടിമുറുക്കാൻ തുടങ്ങിയത്രെ. അവർ തീരുമാനിക്കുംപടി ചിത്രങ്ങൾ ഓടിച്ചുകൊള്ളണം. കച്ചവടക്കണ്ണികൾ മുറുകാനും കച്ചവടക്കണ്ണുകൾ ചുവക്കാനും തുടങ്ങിയപ്പോൾ ഒരു ദിവസം അച്ഛൻ സിനിമക്കച്ചവടത്തിൽനിന്നു വിടവാങ്ങി. 'ഉള്ളതു മതി' എന്ന ചിന്തയിൽ ഒതുങ്ങിക്കൂടി, മരണംവരെ.

തീയേറ്ററുകൾതന്നെ നടത്തിയിട്ടും അച്ഛൻ ഒരു സിനിമപോലും കാണാൻ തീയേറ്ററിൽ കടന്നിട്ടുള്ളതായി എനിക്കറിവില്ല; ഒരിക്കലും ഒരു ചിത്രത്തെയുംപറ്റി സംസാരിച്ചു കേട്ടിട്ടില്ല!

സദ്യ ഉണ്ടാക്കുന്ന വെപ്പുകാർ സദ്യ ഉണ്ണില്ലെന്നും കള്ളുഷാപ്പുകാർ കള്ളുമോന്തില്ലെന്നും കേട്ടിട്ടുണ്ട്‌!

എന്തുകൊണ്ടോ ഞാനും സിനിമയിൽനിന്നകന്നുനിന്നു. അമ്മയെയുംകൊണ്ട്‌ വല്ലപ്പോഴും ഒരു സിനിമയ്ക്കുപോയാലായി. ഒരുതരം കണ്ണീർക്കഥകളോ വിഡ്ഢിവേഷങ്ങളോ ആയിരുന്നു മിക്കതും. അല്ലെങ്കിൽ മരംചുറ്റി പ്രണയം. സഹോദരിമാർക്കുമില്ലായിരുന്നു സിനിമയിൽ കമ്പം. ചേട്ടൻ മാത്രം കുറച്ചു സിനിമകളും കുറച്ചേറെ നാടകങ്ങളും കണ്ടു. സിനിമയെപ്പറ്റിയോ നാടകത്തെപ്പറ്റിയോ എനിക്ക്‌ ഒന്നും അറിയുമായിരുന്നില്ല.

ഒരിക്കൽ ചിറ്റമ്മയോടൊപ്പം തിക്കുറിശ്ശിയുടെ ഭാര്യ സുലോചന എന്തിനോ വീട്ടിൽവന്നത്‌ നേരിയ ഓർമയിൽ.

ഹിന്ദുസ്ഥാൻ അടച്ചുപൂട്ടി. സെന്റ്രൽ മറ്റൊരു 'സ്വാമി' വാങ്ങി. ഒരു 'ജയമാരുതി'യും കൂട്ടിച്ചേർത്തു. നാട്ടിൽ ഒരു 'ശ്രീകല'യുംവന്നു. അവയെല്ലാം ഇന്നുണ്ടോ ആവോ.

അക്കാലത്ത്‌ ആകസ്മികമായിക്കണ്ട ഒരു ജാപ്പനീസ്‌ 'സമുറായ്‌'പടംമാത്രമാണ്‌ ആകർഷകമായിത്തോന്നിയത്‌.

നാട്ടിൽനിന്നകലെ ഗോവയിൽ കുടിയേറിയപ്പോൾ ഒരു നല്ല സിനിമ കാണാനുള്ള സൗകര്യവും ഇല്ലാതായി. ആകപ്പാടെ അടുത്തുണ്ടായിരുന്ന രണ്ടു തീയേറ്ററുകളിൽ ഒന്നുകിൽ ഒരു പന്നാസ്‌ ഹിന്ദിപ്പടം; അല്ലെങ്കിൽ പഴകിയ കൗബോയ്‌പടം. ഇടയ്ക്കൊരു കന്നഡ തറപ്പടം; അല്ലെങ്കിൽ നീലച്ചായം മുറിച്ചുചേർത്ത വാലും തലയുമറ്റ മലയാളംപടം. ഇപ്പോൾ ഗോവയിൽ IFFI (International Film Festival of India) ഒക്കെ ഉണ്ടെങ്കിലും, ഗോവക്കാർക്കിന്നും ദൃശ്യമാധ്യമസംസ്കാരം കമ്മിയാണ്‌; പ്രകടനപരതയിലാണൂന്നൽ.

അങ്ങനെ അറുപതുകളിലെ സിനിമാവിപ്ലവമപ്പാടെ എനിക്കന്യമായി. ചെമ്മീനും ഏഴുരാത്രികളും തുലാഭാരവും നെല്ലും നദിയും എല്ലാം എല്ലാം നഷ്ടപ്പട്ടികയിലായി.

ആകസ്മികമായിത്തന്നെയാണ്‌ 'കബനീനദി ചുവന്നപ്പോൾ' കാണാനിടവന്നത്‌; അതും വടക്കേന്ത്യയിലെവിടെയോവച്ച്‌. താമസിയാതെ കൽക്കത്തയിൽവച്ച്‌ 'സിദ്ധാർഥ'. ടിവി വരുന്നതിനുമുൻപ്‌ ഒന്നിലധികംതവണ ഞാൻ കണ്ട ചിത്രം അതുമാത്രമായിരുന്നു.

ജീവിതം താത്‌കാലികമായെങ്കിലും തിരിച്ചു നാട്ടിലേക്കുപറിച്ചുനടുമ്പോൾ, എന്റെ സഹപാഠിയും സുഹൃത്തുമായ ജോൺ പോൾ പുതുശ്ശേരി (അടുത്തിടെ 'മാതൃഭൂമി'യിൽ 'പാളങ്ങൾ' പാകിയ ജോൺപോൾ) സിനിമയുമായുള്ള ചങ്ങാത്തം തുടങ്ങിക്കഴിഞ്ഞിരുന്നു. കണ്ടുമുട്ടുമ്പോഴൊക്കെ അറിഞ്ഞോ അറിയാതെയോ ജോൺ വിതറിയ അപാരമായ സിനിമാവിജ്ഞാനം എന്റെ നോട്ടങ്ങളെ പാകപ്പെടുത്തിത്തുടങ്ങി. സ്വയംവരവും കാടും ചോമനദുഡിയും സംസ്കാരയും കാഞ്ചനസീതയും എല്ലാം എനിക്കു പ്രിയപ്പെട്ടവയായി.

എന്റെ അടുത്ത പ്രവാസം ബോംബേക്കായിരുന്നു. പണിസ്ഥലമോ, ഹിന്ദിച്ചിത്രാഭാസങ്ങളുടെ പ്രധാനപ്പെട്ടൊരു പണിപ്പുരയായിരുന്ന ജുഹു-വെർസോവ പ്രാന്തത്തിലും. അയൽക്കാരായി പഴയകാലത്തെ പ്രമുഖർ പ്രേംനാഥ്‌, സരിക, അംജദ്ഖാൻ, സരള യെവളേക്കർ, ശ്രീരാം ലാഗു .... എല്ലാം വന്നുംപോയുമിരുന്നു. അവർക്കെല്ലാംമീതെ പറന്നുനടന്നു അമിതാഭ്‌ ബച്ചനും മറ്റും.

ഫിലിം ഷൂട്ടിംഗ്‌ തുടങ്ങിയാൽ പിന്നെ നാട്ടുകാർക്കെല്ലാം ഭ്രാന്തിളകും. ഓഫീസൊഴിയും.

പ്രേംനാഥിന്റെ 'ചിന്ന'വീടിനോടൊട്ടിച്ചേർന്നായിരുന്നു എന്റെ ഓഫീസ്‌മുറി. ഒരിക്കൽ ഒരു സംഭവമുണ്ടായി.

ഒരു തിങ്കളാഴ്ച ഓഫീസിൽ വന്നപ്പോൾ അകെത്തെല്ലാം തോരണങ്ങളും അലങ്കാരങ്ങളും. മനസ്സിലായി തലേന്നാൾ അതിനകത്തു സിനിമാഷൂട്ടിംഗ്‌ നടന്നിട്ടുണ്ടെന്ന്‌. ഉച്ചകഴിഞ്ഞപ്പോൾ വർണവസ്ത്രങ്ങളും തലപ്പാവുമെല്ലാമായി മുൻവാതുക്കൽ പ്രേംനാഥ്‌ പ്രത്യക്ഷപ്പെടുന്നു. ഞങ്ങളെയൊക്കെ ബന്ദിയാക്കിയെന്നും ആരെയും പുറത്തുവിടില്ലെന്നും അലറുന്നു. കൂടെ ചിരിയടക്കിക്കൊണ്ട്‌ പരിചാരകവൃന്ദവുമുണ്ട്‌. ഒന്നുരണ്ടു മണിക്കൂർ കഴിയുന്നു. പ്രേംനാഥ്‌ ഒരു കസേരയുമിട്ട്‌ കതകിലിരിപ്പാണ്‌. ഞാൻ മുകളിൽ ഒന്നാംനിലയിലെ എന്റെ മേലുദ്യോഗസ്ഥനെ ഫോണിലൂടെ അറിയിക്കുന്നു. അദ്ദേഹം ഇറങ്ങിവന്നു. പ്രേംനാഥിന്‌ ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ; ചുവന്ന ഫോണിനടുത്തിരിക്കുന്ന ആൾ, ഞാൻ, ഒരു ചാരനാണ്‌, തന്റെ കാര്യങ്ങൾ ചോർത്തിക്കൊടുക്കുന്ന ചാരൻ; ഉടൻ പോലീസിലേൽപ്പിക്കണമെന്നും. . കുറച്ചുകഴിഞ്ഞപ്പോൾ കലിയടങ്ങി അനുനയമായി. അഭിനയിച്ചഭിനയിച്ച്‌ തലക്കല്ലൽപം ഇളകിയതാണാശാന്‌; പിന്നെ കുത്തഴിഞ്ഞ ജീവിതവുമല്ലേ. തലേദിവസത്തെ ഷൂട്ടിംഗ്‌മഹാമഹത്തിന്റെ ബാക്കിപത്രം.

ഒരുമാതിരിപ്പെട്ട താരങ്ങളെല്ലാം തങ്ങൾ യഥാർഥത്തിലുള്ളതിനേക്കാൾ വളരെ വളരെ വലുതാണെന്നു വിശ്വസിക്കുന്നു; വിശ്വസിപ്പിക്കാനും ശ്രമിക്കുന്നു.

ഒരു മഴനാൾ വളരെ വൈകിയേ പണിസ്ഥലത്തുനിന്നു പുറത്തിറങ്ങാൻ പറ്റിയുള്ളൂ. കുടയുംചൂടി ബാഗുംതാങ്ങി റോഡിലേക്കിറങ്ങുമ്പോൾ 'ഫില്ലം ശൂട്ടിങ്ങ്‌'. ലൈറ്റും കാമറയും കുടയും വടിയും കുന്തവും കുരുക്കുമെല്ലാമായി നായകനും നായികയും വില്ലൻമാരും വില്ലത്തികളും പൊന്നാനിയും ശിങ്കിടിയും കുട്ടിത്തരങ്ങളുമെല്ലാം നിരത്തുനിറഞ്ഞു നിൽക്കുന്നു. 'ലൈറ്റ്‌, കാമറ, ആക്ഷൻ' വിളികൾ. വായും പൊളിച്ച്‌ കാണികളെന്ന വാനരസേനയും. തിരക്കൊഴിവാക്കി റോഡു മുറിച്ചുകടക്കേണ്ട താമസം, "ഛത്രിവാലാ, ഹഠ്‌!" എന്നൊരു ആക്രോശം. ആദ്യം ഞാനറിഞ്ഞില്ല അതെന്റെ നേർക്കാണെന്ന്‌. ഒരാൾ ഓടിവന്നെന്നെ ഉന്തിത്തള്ളി. എനിക്കാകെ പെരുത്തുകയറി. പകലന്തിയോളം പണികഴിഞ്ഞിറങ്ങിയതാണ്‌. ഒന്നര രണ്ടുമണിക്കൂർ യാത്രചെയ്തുവേണം വീടണയാൻ; ഒന്നാഹാരംകഴിച്ചുറങ്ങി വീണ്ടും രാവിലെ പണിക്കിറങ്ങാൻ. അതിനിടെയാണ്‌ ഇവന്മാരുടെ കള്ളക്കാശിന്റെ പണംവാരിത്തട്ടിപ്പ്‌. അതും പൊതുനിരത്തിൽ പൊതുജനങ്ങളെ പൂച്ചകളാക്കുന്ന പരിപാടി. ഞാൻ എന്തൊക്കെയോ വിളിച്ചുപറഞ്ഞു. അതെല്ലാം ഇംഗ്ലീഷിലായിപ്പോയതിനാലാവണം അവരെന്നെ എന്റെ പാട്ടിനു വിട്ടു.

ഹിന്ദി സിനിമയിലെ നെല്ലും പതിരും തിരിച്ചറിയാൻ പാടാണ്‌. വർഷങ്ങളോളമോടിയ 'ഷോലേ' കാണില്ലെന്ന വാശിയിൽ, ഞാൻ ശത്‌രഞ്ജ്‌ കീ ഖിലാഡിയും ഭൂമികയും മിർച്ച്‌ മസാലയും വീരകണ്ണേശ്വരരാമയും അർഥും സുനയ്‌നയും മന്ഥനും എല്ലാം അന്വേഷിച്ചറിഞ്ഞുകണ്ടു. കൂട്ടത്തിൽ നിർമാല്യവും ചിദംബരവും വൈശാലിയും വാസ്‌തുഹാരയും.

സെൻസറിംഗ്‌ കാര്യമായില്ലാത്ത സ്കാൻഡിനേവിയൻരാജ്യങ്ങളിലും യൂറോപ്യൻരാജ്യങ്ങളിലും കരീബിയനിലും തെക്കേ അമേരിക്കയിലും തെക്കൻ ആഫ്രിക്കയിലുംവച്ച്‌ ഒട്ടനവധി വിശ്വോത്തര ചലച്ചിത്രങ്ങൾ ടെലിവിഷനിൽ കാണാൻ തരപ്പെട്ടു. പച്ചമനുഷ്യരുടെ കഥകൾ പച്ചയായിത്തന്നെ പറയുന്ന ചില ചിത്രങ്ങൾ മനസ്സിലുടക്കിക്കിടക്കുന്നു ഇന്നും. സംസ്കൃതിയുടെ വരമ്പുകൾ പൊട്ടിക്കാൻ സിനിമയോളമില്ല മറ്റൊന്നും.

നമ്മുടെ നാട്ടിലും ടെലിവിഷൻ-ചാനലുകൾ പരക്കെ വന്നെത്തിയതോടെ ചിത്രം കാണാൻ അവസരംകൂടി; നല്ലതും ചീത്തയും ഒരുപോലെ. ലോകസിനിമയും ലോകോത്തരസിനിമയും കയ്യെത്തുംദൂരത്തായി.

അഭിനേതാക്കളെ താരങ്ങളെന്നുപറഞ്ഞ്‌ വാനോളം ഉയർത്തി അവരുടെപേരിൽ കാശടിക്കുന്ന കച്ചവടം ഹോളിവുഡ്ഡിന്റെ പൈതൃകം. ആ വഴിയിൽ നീങ്ങി ഇന്ത്യൻസിനിമയും. ജനം മയങ്ങി. കരവിരുതുമാത്രം കലയാവില്ലെന്നും കലമാത്രം സിനിമയാവില്ലെന്നും തിരിച്ചറിഞ്ഞവർ കുറച്ചുമാത്രം. അവർ, കാണികളായാലും സംവിധായകരായാലും, ഉച്ചപ്പടങ്ങളുടെ പിൻനിരയിലുമായി. അവാർഡുകളുടെ അന്ത:പുരങ്ങളിലുമായി.

അവാർഡ്‌ പൂവിനു സുഗന്ധമാണ്‌, ചിലപ്പോഴെല്ലാം കുതിരയ്ക്കു കൊമ്പുമായി തീരാറുണ്ടത്‌.

ഒരു ചലച്ചിത്രമേളയ്ക്കു ഗോവയിൽവന്നപ്പോൾ അടൂർ ഗോപാലകൃഷ്ണനുമായി അൽപം സംസാരിക്കാനിടയായി. തന്റെ തൊഴിൽ ഇത്രക്കുനന്നായി അറിയുന്നവർ കുറവാണ്‌. അദ്ദേഹത്തിന്റെ ഉൾവിളികളും ഉൾക്കാഴ്ച്ചകളും എളുപ്പം പിടികിട്ടിയെന്നുവരില്ല. കഥാന്ത്യത്തിന്റെ 'probability'-യെയും 'possibility'-യെയുംകുറിച്ചുള്ള അദ്ദേഹത്തിന്റെ വിചിന്തനം മറക്കാനാവില്ല. അദ്ദേഹത്തിന്‌ ഒരപേക്ഷയേ ഉണ്ടായിരുന്നുള്ളൂ. തന്നെ ചായസത്‌കാരത്തിനും അത്താഴവിരുന്നിനും ഒന്നും ക്ഷണിക്കണ്ട; തന്റെ പടം കാശുകൊടുത്തുനോക്കി അഭിപ്രായം തുറന്നു പറയുക. അതിൽകവിഞ്ഞൊരു അവാർഡ്‌ വേറൊന്നില്ല.

അടുത്തിടെ, പയറ്റും പക്ഷപാതവുമില്ലാത്ത പക്വമായ ചിത്രവിചിന്തനം സി.എസ്‌. വെങ്കിടേശ്വരൻ നടത്തുന്നതു കാണുമ്പോൾ ആഹ്ലാദം തോന്നുന്നു. പഴയ കോഴിക്കോടനെയും സിനിക്കിനെയും മറന്നുകൊണ്ടല്ല ഈ വാക്കുകൾ. സൂപ്പർതാരങ്ങളുടെ ആസ്വാദകസംഘങ്ങളുടെയും കൂലിയെഴുത്തുകാരുടെയും പെരുമഴക്കാലത്ത്‌ ഇത്തരം ഒരു കുട്ടിക്കുടപോലും കാണികൾക്കു കരുത്തേകും.

ഒരു ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലുംതമ്മിൽ ഒരു കശപിശയുണ്ടല്ലോ, സ്വഭംഗിയെപ്പറ്റിയും അപരന്റെ മൂക്കിനെപ്പറ്റിയും പല്ലിനെപ്പറ്റിയുമെല്ലാംപറഞ്ഞ്‌. ആ ഉഗ്രൻ 'ഐറണി' നമ്മുടെ സിനിമക്കും നന്നേ ചേരും. സത്യത്തിൽ ഇന്നു സിനിമയില്ല; തനിക്കു വലുതാകാൻ, താൻ വലുതെന്ന ഇത്തരം തരികിടകൾമാത്രം! പാവം കാണികൾ കാശുകൊടുത്ത്‌ അവരുടെ കുമ്പ വീർപ്പിക്കുന്നു.

കെ.കെ. രാജ പറഞ്ഞതിനു വിപരീതമെന്നപോലെ, ഉള്ളൂർ'സ്വാമി'യെഴുതി:

'സന്ധ്യക്കു മാനത്തു മലർന്ന താര-
ത്താരത്രയുംകണ്ടു ചെടിച്ച കണ്ണേ,
കുനിഞ്ഞിടാമൊന്നിനി നിന്റെ നോട്ടം
കുപ്പക്കുഴിക്കുള്ളിലുമെത്തിടട്ടെ.'

ഇക്കാര്യം ഇക്കാലത്തെ സിനിമാലോകത്തിനു പ്രസക്തം. സാക്ഷാൽ സ്വാമി കെട്ടിയ കോട്ടയിൽ ഇനിയും കാണാനുണ്ട്‌, കാണിക്കാനുണ്ട്‌, പലതും!

[Published in the fortnightly web magazine www.nattupacha.com, 15 Feb 2010]

Monday, 19 October 2009

നമ്മൾ മിടുക്കന്മാർ!

ദക്ഷിണാഫ്രിക്കയിൽവച്ച്‌ ഒരാൾ പറഞ്ഞ കഥയാണ്‌. ആഫ്രിക്കയിലെ ഏതോ ഒരു ദരിദ്രരാഷ്ട്രത്തിൽ, കാര്യക്ഷമമായ റേഷൻവിതരണത്തിനായി സർക്കാർ ഇലക്ട്രോണിക്‌ കാർഡ്‌ ഏർപ്പെടുത്തി. നമ്മുടെ റേഷൻകാർഡുപോലെ, ഒരു കുടുംബത്തിന്‌ ഒന്നുവച്ച്‌. കണക്കെല്ലാം കിറുകൃത്യം. എന്നിട്ടും സ്റ്റോക്ക്‌ തികയുന്നില്ല വിതരണത്തിന്‌. കാർഡിനുപിറകിലെ കാന്തികവര നെടുങ്ങനെ കീറി, ആൾക്കാർ ഒരു കാർഡിൽനിന്ന് രണ്ടുകാർഡുകൾ ഉണ്ടാക്കി ഇരട്ടിറേഷൻ വാങ്ങുകയായിരുന്നത്രേ.

അതെല്ലാം പട്ടിണികൊണ്ട്‌; ഗതികേടുകൊണ്ട്‌.

അതൊന്നുമില്ലാതെ എന്തിനും ഏതിനും എന്തും ദുരുപയോഗിക്കുന്ന നമ്മൾ മിടുമിടുക്കൻമാർ തന്നെ. ഒരു വാക്കായാലും വിദ്യയായാലും വിജ്ഞാനമായാലും വൈദ്യമായാലും വീടായാലും വഴിയായാലും വണ്ടിയായാലും വിമാനമായാലും വിളക്കായാലും വിളംബരമായാലും വിശ്വമായാലും വിശ്വാസമായാലും വേദാന്തമായാലും.

പണ്ട്‌ സ്കൂളിലെ കിണറ്റിൽ ചില കുട്ടികൾ തുപ്പിയിടുമായിരുന്നു. അന്നൊന്നും കുപ്പിവെള്ളമില്ല, വെള്ളം കയ്യിൽകൊണ്ടുനടക്കാറുമില്ല. അന്നെല്ലാം സ്കൂളുകൾ മുഴുസമയമാണല്ലോ. പൊതിച്ചോറുണ്ടുകഴിഞ്ഞ്‌ ഞങ്ങൾക്കു കൈ കഴുകാനും കുടിക്കാനും ദൂരെ പട്ടാളക്യാമ്പിൽപോയി വെള്ളം ചോദിച്ചുവാങ്ങണം. അടുത്ത വീടുകളിലൊന്നും സ്കൂൾകുട്ടികളെ അടുപ്പിക്കില്ല. പുതിയൊരു അധ്യാപകൻവന്നു മുഖമടച്ചു രണ്ടെണ്ണംകൊടുത്തപ്പോൾ ആ കുട്ടികളുടെ തുപ്പൽ നിന്നു. അത്‌ അന്നത്തെ കഥ.

ഇന്നോ?

വഴി നിറയെ തുപ്പിനിറക്കുന്നു; ഏതു കോണിപ്പടിയിലും 'തുല്യം' ചാർത്തുന്നു. മാന്യന്മാർ ചാടിച്ചാടി വഴിമാറിപ്പോകുന്നു. ഒഴിഞ്ഞ ഒരിടം കണ്ടാൽ കുപ്പകോരിയിടുന്നു. കുപ്പയില്ലെങ്കിൽ കുപ്പി.

അച്ഛനമ്മമാർ കൊച്ചുകുഞ്ഞുങ്ങൾക്ക്‌ കളിത്തോക്കുവാങ്ങിക്കൊടുക്കുന്നു; മുതിർന്നാൽ എയർഗൺ. കുട്ടികൾ അതുപൊട്ടിച്ചുകൊല്ലുന്ന കാടപ്പക്ഷികളെ മസാലയിട്ടുവരട്ടി അവർക്കുകൊടുത്തു സായൂജ്യമടയുന്നു. മക്കൾ ഗർഭ-നിരോധന ഉറ ബലൂണാക്കിവീർപ്പിച്ചു തട്ടിക്കളിക്കുമ്പോൾ പരസ്പരം നോക്കി ശൃംഗരിക്കുന്നു.

ശരീരത്തിന്റെയും മനസ്സിന്റെയും ശുദ്ധി ദൈവികമായിക്കരുതി ഗാന്ധി. അദ്ദേഹത്തിന്റെ പ്രതിമക്കുമുകളിൽ കാഷ്ഠംകൊണ്ടുനിറച്ചു നമ്മൾ. താഴെയോ രാഷ്ട്രീയക്കാരെക്കൊണ്ടും!

ഘണ്ഡി ഗാന്ധിയായി പുനരവതരിച്ച്‌ ഒറിജിനലിനെ കവച്ചുവക്കുമ്പോൾ കാടു നാടാവും; നാടു കാടാവും. ഗാന്ധിയോ കരകാണാക്കടലിലും!

ശ്രീബുദ്ധനും ശ്രീനാരായണനുമെല്ലാം പ്രതിഷ്ഠകളെ പാപത്തിന്റെ പ്രതിബിംബമായിക്കണ്ടു. നമ്മൾ അവരെത്തന്നെ പ്രതിഷ്ഠകളാക്കി പരിഹസിച്ചു.

മനസ്സിനു ശാന്തിതരേണ്ട സ്ഥലങ്ങളാണ്‌ ആരാധനാലയങ്ങൾ. അവിടെയാണ്‌ ഉച്ചഭാഷിണിയിലൂടെ ഒച്ചയും ബഹളവും. ഓരോ കാരണംപറഞ്ഞു സത്കാരവും ശൃംഗാരവും. ഓരോ തിരുനാളിലും മദവും മത്സരവും. മദ്യവും മദനോത്സവവും.

'LADIES TOILET'-എന്ന ബോർഡിനെ 'LADIES TO LET' എന്നാക്കി മാറ്റുന്നവരല്ലേ നമ്മൾ?

ഇന്ത്യയിലെ പാർപ്പിടപ്രശ്നം തീർക്കാൻ, തീവണ്ടിപ്പാതയോ പൊതുനിരത്തോ മേൽപ്പാലമോ വെള്ളക്കുഴലോ നിർമ്മിച്ചാൽമതി എന്നാരോ പറഞ്ഞിട്ടുണ്ട്‌. ക്രൂരമാണ്‌ ആ ഹാസ്യമെങ്കിലും അതിലും ക്രൂരവും പരിഹാസ്യവുമാണ്‌ നമ്മുടെ സാമൂഹ്യ വ്യവസ്ഥിതി.

ഒരു നടപ്പാതവന്നാൽ ഉടൻ അവിടത്തെ കടക്കാർ കയ്യേറും; അല്ലെങ്കിൽ വഴിവാണിഭക്കാർ. അതോടെ അതൊരു വണ്ടിപ്പേട്ടയുമാകും. കാൽനടക്കാർ അക്ഷരാർത്ഥത്തിൽ പെരുവഴിയിലും!

കേരളത്തിൽ ദേശീയപാതയിൽ ഒരിടത്താണ്‌. ഒരു കവലയിൽ എനിക്കെപ്പോഴും വഴിതെറ്റും. വഴികാട്ടിനോക്കിത്തന്നെയാണു വണ്ടിയോടിക്കുക. എന്നിട്ടും. പിന്നെയാണ്‌ ഒരു സ്ഥലവാസി പറഞ്ഞുതന്നത്‌, അതു ചില നാട്ടുകാർ ചേർന്ന് ബോർഡുതിരിച്ചുവയ്ക്കുന്നതാണത്രെ. എന്തോ കവലരാഷ്ടീയം!

വണ്ടിയോടിക്കുന്നവർക്കെല്ലാം അറിയാം, വലത്തേക്കു തിരിയുമ്പോൾ വലതു ലൈറ്റും ഇടത്തേക്കുതിരിയുമ്പോൾ ഇടതു ലൈറ്റും ആണ്‌ സിഗ്നൽ എന്ന്. എന്നാൽ തെറ്റിപ്പോയി. വടക്കൻസംസ്ഥാനങ്ങളിൽ വൻപാതകളിൽ പിന്നിലുള്ള വണ്ടിക്കു മുന്നോട്ടുകയറിപ്പോകാനുള്ള അനുവാദമായാണ്‌ വലതു ലൈറ്റിടുക! ഇതറിയാതെ മുൻവണ്ടി വലത്തേക്കു തിരിയുമെന്നു കരുതി അതിന്റെ പിറകുപിടിച്ച്‌ ബഹുദൂരം പോയിട്ടുണ്ടു ഞാൻ!

കാലുകൊണ്ടു ദിശകാട്ടുന്ന ഗുജറാത്ത്‌ ആട്ടോക്കാരന്റെ അടുത്തെത്തുമോ ഇവർ? ഗോവയിലോ മിക്കവരും സിഗ്നൽ കാട്ടുകയേ ഇല്ല; കാട്ടിയാലോ അതു മുഖംകൊണ്ടും മുഖഭാവവുംകൊണ്ടും. വലത്തോട്ടു തിരിയാനും ഇടത്തോട്ടുതിരിയാനും വണ്ടി വലത്തോട്ടു വെട്ടിക്കുന്നവരാണല്ലോ അവർ! എന്നാലേ ഒരു 'ത്രിൽ' ഉള്ളൂ.

സഹകരണമില്ലാത്തവരുടെ കൂട്ടായ്മ സഹകരണസംഘം. ബാധ്യത(debit) ഉള്ളപ്പോൾ ക്രെഡിറ്റ്‌ (credit) സൊസൈറ്റി സഹായത്തിനെത്തും. ബാധ്യത ഉണ്ടാക്കുന്നത്‌ ക്രെഡിറ്റ്‌ കാർഡ്‌. ക്രെഡിറ്റ്‌ (ആസ്തി) ഉണ്ടെങ്കിൽമാത്രം ഡെബിറ്റ്‌ കാർഡ്‌!

അതല്ലേ കാലം!

മാഷ്‌, 'മാസ്റ്റർ' (MA, M.Sc., M.Ed. M.PEd., etc.)ആവണമെന്നുവന്നപ്പോൾ ഹെഡ്മാസ്റ്റർ പ്രിൻസിപ്പലായി. പ്രിൻസിപ്പൽ ഡയറക്റ്ററായി. ക്ലാർക്ക്‌ എക്സിക്യൂട്ടീവായി. എല്ലാവരും മാനേജരായപ്പോൾ പണിയെടുക്കാൻ ആളില്ലാതായി.

ആറാം ശമ്പളക്കമ്മീഷൻ വിഭാവനം ചെയ്തത്‌ തസ്തികകളുടെ എണ്ണംകുറച്ച്‌ ഉച്ചനീചത്വം ചെറുതാക്കാനാണ്‌. എന്നിട്ടെന്തായി? താഴെ തസ്തികകൾ കുറച്ചെന്നതു ശരി, മുകളിൽ മുകളിൽ എണ്ണമങ്ങു കൂട്ടി. ശമ്പളവും.

ഒരു പാനീയത്തിന്റെ പരസ്യം പോലെയായി. 'More Cola, Same Price'. അളവുകൂട്ടി, ആനുപാതികമായി വില. ഒട്ടും 'കൂട്ടി'യില്ല. ശരിയല്ലേ? കുടിച്ചോളൂ കൂടുതൽ!


ദില്ലിയിൽ പരക്കെ കാണാം, എന്തിലും 'Original' എന്ന ലേബൽ. ഒറിജിനൽ അല്ലാത്ത ഒന്നുമില്ലല്ലോ അവിടെ. ഗാന്ധിയല്ലാതെ.

സർക്കാർ ഓഫീസുകളിലെ സീലടിക്കൽ എനിക്കു പണ്ടേ ഹരമാണ്‌, മലബാർ ചായയേക്കാളും. നീട്ടിപ്പൊക്കിയൊരുകുത്തൽ! പോർട്ടർമാർക്കും ഒരു സ്വഭാവമുണ്ട്‌. എന്തുഭാരമുള്ള സാമാനമായാലും നിലത്തുവയ്ക്കുന്നതിനുമുമ്പ്‌ ഒന്നുകൂടിപ്പൊക്കിയങ്ങു താഴേക്കിടും.

കച്ചവടം കപടമല്ലെന്നു കാണിക്കാനായിരുന്നു MRP (Maximum Retail Price) കൊണ്ടുവന്നത്‌. അതുടനെ കച്ചവടക്കാർ 'Minimum Retail Price' എന്നാക്കി. ഇനിയുമൊരു പടി കടന്ന് ആ ലേബലേ കീറിക്കളയുന്നു പലരും!

പിന്നൊന്ന് 'ഹോളോഗ്രാം'. അടുത്തിടെ ഒരു പേരുകേട്ട കമ്പനിയുടെ ഉത്പന്നത്തിൽകണ്ടു, "If found spurious, please do not buy". കൃത്രിമമാണെന്നു തോന്നിയാൽ വാങ്ങേണ്ടെന്ന്! എന്തൊരു മനുഷ്യസ്നേഹം!

മൊബൈൽ വൈബ്രേറ്റർകൊണ്ടു ഇക്കിളിപ്പെടുത്താനും, കാറിലെ പിൻകണ്ണാടിയിലൂടെ പെണ്ണിനെനോക്കിരസിക്കാനും മറ്റുഭാഷകളെ മാനസാന്തരപ്പെടുത്തി മാതൃഭാഷയിൽ മാനംകെടുത്താനും മിടുക്കന്മാർ നമ്മൾ!


തുടക്കത്തിലെ റേഷൻകാർഡിൽതന്നെ അവസാനിപ്പിക്കാം. ഭാരതത്തിൽ മിക്ക ഇടങ്ങളിലും കുടുംബാംഗങ്ങളുടെ ജനനത്തിയതി രേഖപ്പെടുത്തിയിരിക്കില്ല; വയസ്സേ കാണൂ. വർഷാവർഷം അതു മാറുന്നകാര്യം മറന്നുപോയിരിക്കും ഉദ്യോഗസ്ഥന്മാർ! പിന്നെ തൊഴിൽകാർഡ്‌. തിരിച്ചറിയൽകാർഡ്‌. തിരഞ്ഞെടുപ്പുകാർഡ്‌. അതിൽ എത്രപേരുടെ പേരും വിവരവും ശരിയായിട്ടുണ്ട്‌? (ഈയുള്ളവന്റെ ആദ്യത്തെ തിരഞ്ഞെടുപ്പുകാർഡിൽ സ്വന്തം പേർ അച്ഛന്റേതായിരുന്നു; അച്ഛന്റെ പേർ എന്റേതും. അതു തിരുത്തിവാങ്ങിയപ്പോൾ ആണു പെണ്ണായി മാറി. നിലവിലുള്ള മൂന്നാമത്തേതിൽ വീട്ടുപേരില്ല). ഇവയ്ക്കെല്ലാം പുറമെ ആദായനികുതിക്കാർഡ്‌. വണ്ടിയോട്ടക്കാർഡ്‌. ക്രെഡിറ്റ്‌ കാർഡ്‌. ATM കാർഡ്‌. അപ്പോഴതാ വരുന്നു ദേശീയ വിവിധോദ്ദേശക്കാർഡ്‌.

ഗോവയിലായതുകൊണ്ട്‌ പരീക്ഷണറൗണ്ട്‌ എന്നനിലയിൽ അതു കിട്ടി രണ്ടുവർഷം മുമ്പ്‌. എല്ലാം ക്ലീൻ, ക്ലീൻ. പേരുണ്ട്‌, പടമുണ്ട്‌, എല്ലാം ഒരു ഇലക്ട്രോണിക്‌ ചിമിഴിൽ ഒതുക്കിയിരിക്കുന്നതിനാൽ പത്രാസുമുണ്ട്‌!

അതുംകൊണ്ട്‌ ഒരാവശ്യത്തിന്‌ ഒരു സർക്കാർ ഓഫീസിൽ പോയി. പോര, പോര, അതുകൊണ്ടൊന്നും എന്റെ തിരിച്ചറിയൽ നടക്കില്ല. കാരണം 'കുമാരസംഭവം' വായിക്കാനുള്ള ഉപകരണമില്ലതന്നെ!

ഞാൻ ആരാണെന്നുകാണിക്കാൻ പുതുക്കാനാവാത്ത റേഷൻകാർഡ്‌ (APL) പറ്റില്ല; സ്വന്തം ഒപ്പില്ലാത്ത ആദായനികുതിക്കാർഡു പറ്റില്ല. തിരിച്ചറിയൽകാർഡിൽ വീട്ടുവിലാസമില്ല; വണ്ടിയോട്ടക്കാർഡിൽ പഴയ വിലാസം മാത്രം. സ്വകാര്യവിവരങ്ങളില്ലാത്തതിനാൽ ബാങ്ക്കാർഡും പറ്റില്ല; തത്കാലതാമസം എവിടെയെന്നില്ലാത്തതിനാൽ പാസ്പോർട്ടുപോലും പറ്റില്ല. പോരേ? അവസാനം അക്ഷരത്തെറ്റുള്ള തിരഞ്ഞെടുപ്പുകാർഡ്‌ രക്ഷക്കെത്തി.

അടുത്തുതന്നെ ഞങ്ങൾക്കെല്ലാം ഒരു തീരദേശക്കാർഡുംകൂടി കിട്ടുമെന്ന് ശ്രുതിയുണ്ട്‌.

എന്തെങ്കിലും ഒരു കാര്യം നാം പൂർണ്ണമായി, തെറ്റില്ലാതെ, ചെയ്യുമോ?

ഇനി ഇതെല്ലാം ഒന്നിപ്പിച്ചങ്ങു നന്നാക്കിയെടുക്കാൻ ഒരു എക്സിക്കുട്ടനെ അങ്ങ്‌ ദില്ലിയിൽ വാറോലകൊടുത്ത്‌ ഏൽപ്പിച്ചിട്ടുണ്ട്‌. 'നീലക്കെണി', ഒരു നമ്പറിൽ നമ്മെ ഒതുക്കുമെന്നാണു കേഴ്‌വി.


സംശയിക്കാനില്ല, നമ്മൾ ലോകോത്തര മിടുക്കന്മാർ തന്നെ!

Wednesday, 7 October 2009

കഥകളിയുടെ മടിത്തട്ടിൽ

ഞാനാദ്യംകണ്ട കഥകളിതന്നെ കലാമണ്ഡലം കൃഷ്ണൻ നായരുടേതാണെന്നത്‌ ഒരു സുകൃതം. അതും അക്ഷരാർഥത്തിൽതന്നെ ഒരു മടിത്തട്ടിലിരുന്ന്.

അന്നെനിക്ക്‌ ആറോ എട്ടോ പ്രായം. എന്റെ വീടിന്റെ തൊട്ടുതെക്ക്‌, വലിയ വാടകവീട്ടിൽ വലിയ ആളനക്കം. ആളുകളേക്കാൾ കൂടുതൽ പെട്ടികൾ. കലാമണ്ഡലം കൃഷ്ണൻ നായരും കുടുംബവും തൃപ്പൂണിത്തുറയിൽ താമസമാക്കുന്നു.

ഞങ്ങൾ നാട്ടുപിള്ളേർ ഒളിഞ്ഞുനോക്കുന്നു. അവിടത്തെ വരത്തുപിള്ളേർ ഇറങ്ങിവരുന്നു. ചുറ്റുവട്ടത്തെ ഒരുമാതിരി എല്ലാപ്രായത്തിലുള്ളവർക്കും പറ്റിയവർ. ഞങ്ങൾ കൂട്ടായി. അന്നെല്ലാം ചങ്ങാത്തം ഉടന്തടിയാണല്ലോ.

അതേവരെ കഥകളിയെന്നൊന്ന് ഞാൻ കണ്ടിട്ടില്ലായിരുന്നു; കാരണം അൽപം അകലെയുള്ള അമ്പലത്തിൽപോയി ഉറക്കമിളിക്കണം. കൂടെക്കൊണ്ടുപോകാൻ ആളുംവേണം. അച്ഛനന്നേ പണി കൂടുതലും പണം കുറവും പ്രമേഹരോഗിയുമായിരുന്നു.

തൃപ്പൂണിത്തുറയിൽ താമസമാക്കി, കലാമണ്ഡലം കൃഷ്ണൻ നായരുടെ ആദ്യത്തെ കളി പൂർണ്ണത്രയീശക്ഷേത്രത്തിൽ. വേഷമോ പേരുകേട്ട പൂതനയും. കുട്ടികൾപറഞ്ഞ്‌, എനിക്കതൊന്നു കാണണമെന്നു പൂതിയും.

ശ്രീ കൃഷ്ണൻ നായരുടെ പത്നി ശ്രീമതി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്റെ അമ്മയോടുപറഞ്ഞു, വേണമെങ്കിൽ എന്നെ കൂടെ അയച്ചുകൊള്ളാൻ കളികാണാൻ. അവർക്ക്‌ എന്നോടു പ്രത്യേകവാത്സല്യമുണ്ടായിരുന്നിരിക്കണം. കാരണം, അവരുടെ മൂത്തമകളുടെയും (പിൽക്കാലതു നൃത്താധ്യാപികയായി പ്രസിദ്ധയായ ശ്രീദേവി) എന്റെയും വിളിപ്പേരുകൾ ഒന്നായിരുന്നു.

ഞങ്ങളുടെ നാട്ടിൽ പൊതുവെ 'ചേച്ചി'യും 'ചേട്ട'നുമാണ്‌. പിന്നെ ചില വീടുകളിൽ ചേച്ചിമാരെ ആൺകുട്ടികളും, ചേട്ടന്മാരെ പെൺകുട്ടികളും 'ഓപ്പ'യെന്നും വിളിക്കും. വടക്കുനിന്നുവന്ന കലാമണ്ഡലംകുടുംബത്തിന്റെ 'ഓപ്ല'വിളി ഞങ്ങൾക്കു പുതുമയായിരുന്നു. 'ഓപ്പോൾ', 'ഓപ്ല' ആയതാവണം. മൂത്തമകൾ മണിയോപ്ലയ്ക്കുതാഴെ മറ്റൊരു ചേച്ചിയുമുണ്ടയിരുന്നു; കലയോപ്ല. എന്റെ സ്വന്തം ചേച്ചിയുടെ സഹപാഠി. ബാക്കിയെല്ലാം ആൺകുട്ടികളായിരുന്നു. അവരെ ഞങ്ങൾ പ്രായഭെദമെന്യേ പേരുപറഞ്ഞുവിളിച്ചു.

അങ്ങനെ 'മണിയോപ്ല'യുടെ മടിയിലുരുന്ന് ആദ്യമായി കഥകളി കണ്ടു.

അതൊരു അനുഭവമെന്നതിനേക്കാളേറെ അനുഭൂതിയായിരുന്നു. ആനപ്പന്തലിൽ മുൻപന്തിയിൽത്തന്നെയുള്ള ഇരുപ്പ്‌. അമ്പലപ്പറമ്പിലെ ആനപ്പിണ്ടത്തിന്റെയും കളിത്തട്ടിലെ വിളക്കെണ്ണയുടെയും അമ്പലനടയിലെ കർപൂരത്തിന്റെയും ഓപ്പോളണിഞ്ഞ പിച്ചിപ്പൂവിന്റെയും സമ്മിശ്രഗന്ധം. കേളികൊട്ടുതൊട്ട്‌ കലാശംവരെ, തിരനോട്ടം തൊട്ടു തോടയം വരെ, ചൊല്ലിയാട്ടംതൊട്ടു ഇളകിയാട്ടം വരെ, മുദ്രകൾതൊട്ടു മംഗളം വരെ ഇടതടവില്ലാതെ പതിഞ്ഞസ്വരത്തിൽ ചെവിയിൽ പറഞ്ഞുതരുന്ന മണിയോപ്ല. അതായിരുന്നു ആട്ടക്കഥയുടെ ആദ്യപാഠം.

അതൊരു ഹരമായി. എന്നാൽ കഥയറിയാത്ത ആട്ടംകാണലായിരുന്നു മിക്കതും. ആനച്ചന്തം മാതിരി തന്നെ കഥകളി. കഥയും കളിയുമറിയാതെയും ആസ്വദിക്കാം.


കലാമണ്ഡലം കൃഷ്ണൻ നായരുടെ മൂത്തമകൻ അശോകൻ അധികമൊന്നും അടുത്തിരുന്നില്ല. പ്രായക്കൂടുതൽകൊണ്ടാകണം. അകാലത്തിൽ മരിച്ചുപോയി അശോകൻ. കലയോപ്ല പിതാവിന്റെ സ്ത്രീപർവമായിരുന്നു; പൂതനതന്നെയായിരുന്നു ഇഷ്ടവേഷവും. എന്തോ പിന്നീടു കഥകളിയിൽ തുടർന്നതായി അറിവില്ല. കൂട്ടത്തിൽ നടുക്കുള്ള ബാബുവായിരുന്നു ശ്രീ കൃഷ്ണൻ നായരുടെ തത്സ്വരൂപം. ഏകദേശം എന്റെ സമപ്രായമായിരുന്നതിനാൽ ബാബുവാണ്‌ എനിക്കുവേണ്ടി മുദ്രകളെല്ലാം കാണിച്ചുതരിക. എല്ലാം ബാബു കണ്ടുപഠിച്ചതാണ്‌. ഇന്നു ഞാൻ അതെല്ലാം മറന്നു. ബാബുവാണെങ്കിലോ ഇന്ന് അറിയപ്പെടുന്നൊരു നടനാണ്‌. എനിക്കു തെറ്റിയില്ലെങ്കിൽ, കലാമണ്ഡലം ദമ്പതിമാരുടെ മറ്റുമക്കളായിരുന്നു രവിയും ഉണ്ണികൃഷ്ണനും കൃഷ്ണകുമാറും (പേരെല്ലാം പിഴച്ചോ? അവർ എവിടെയാണെങ്കിലും ക്ഷമിക്കുക; പഴംകഥകളല്ലേ, തെറ്റുണ്ടാകാം).

കലാമണ്ഡലം കൃഷ്ണൻ നായരുടെ അഭിനയത്തെപ്പറ്റി പറയാൻ ഞാൻ ആളല്ല; പറഞ്ഞാലൊട്ടു ശോഭിക്കുകയുമില്ല. പക്ഷെ ഒന്നുണ്ട്‌. കഥയിലെന്നപോലെ സാത്വികനായിരുന്നു അദ്ദേഹം വീട്ടിൽ. മറ്റു കഥകളിക്കാർ 'ചിറ'കിനു (കഥകളിക്കാരുടെ ഭാഷയിലെ പണം) പിന്നാലെ പാഞ്ഞിരുന്നപ്പോൾ കലാമണ്ഡലം (അന്നെല്ലാം 'കലാമണ്ഡല'മെന്നുപറഞ്ഞാൽ 'കൃഷ്ണൻ നായർ' എന്നു മനസ്സിലാക്കണം) തൊഴിലിന്നുള്ളിലെ കലാസപര്യക്കു സ്വയം അർപ്പിച്ചു. പകൽ ഞാൻ കണുമ്പോഴൊക്കെ അർധനിദ്രയിലായിരിക്കും. തലേന്നു രാത്രിയിലെ കളിയുടെ ക്ഷീണം. എന്നാലും കണ്ടാൽ കയ്യൊന്നനക്കി കണ്ണൊന്നു നിവർത്തി ചിരിക്കും. സന്താനഗോപാലത്തിലെ ബ്രാഹ്മണനായിട്ടാണ്‌ എനിക്കപ്പോൾ തോന്നുക.

ശ്രീമതി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയാകട്ടേ മോഹിനിയാട്ടത്തിന്റെ മുഖമുദ്രയായി മാറി. അവരും ഇന്നില്ല.

പഴയ ഗ്രന്ഥങ്ങളുംകൊണ്ട്‌ അവർ ചിലപ്പോഴെല്ലാം സംശയംത്‌Iർക്കാൻ എന്റെ അച്ഛന്റടുത്തു വരുമായിരുന്നു. മോഹിനിയാട്ടം മാനകീകരിക്കനുള്ള അവരുടെ ശ്രമങ്ങളുടെ തുടക്കമായിരുന്നു അതെന്ന് ഇന്നു ഞാനറിയുന്നു.

വർഷങ്ങൾക്കുള്ളിൽ കൃഷ്ണൻ നായർ കുടുംബം തൃപ്പൂണിത്തുറയിൽതന്നെ സ്വന്തം വീടുപണിതു താമസം മാറി. അത്‌ ഞാനന്നു പഠിച്ചിരുന്ന ഹൈസ്കൂളിനടുത്തായിരുന്നു.

ഒരു ദിവസം ഉച്ചക്ക്‌ ഞാനവിടെ എന്തോ ഒരു ധൈര്യത്തിന്‌, എതോ ഒരു ആകർഷണത്താൽ കയറിച്ചെന്നു. മുൻമുറ്റത്ത്‌ ഒരു കൊച്ചു താമരക്കുളം. അതുനോക്കിനിന്നു കുറച്ചു സമയം. പിന്നെ അകത്തു കയറി. അന്നെല്ലാം ഞങ്ങളുടെ മുൻവാതിലുകൾ പകൽ മുഴുവൻ തുറന്നാണു കിടക്കുക. അകത്തളത്ത്‌ പതിവുപോലെ അദ്ദേഹം കിടന്നുറങ്ങുന്നു. ആൾപെരുമാറ്റം കേട്ടിട്ടാകണം കൺ മിഴിച്ചൊരു തിരനോട്ടം. ഞാനൊന്നുപരുങ്ങി. സാക്ഷാൽ കൃഷ്ണൻ നായർ കൈപിടിച്ചു ചോദിച്ചു, 'മണിയല്ലേ? അച്ഛനെങ്ങനെയുണ്ട്‌?' എനിക്കൊന്നും പറയേണ്ടി വന്നില്ല. കൃഷ്ണൻ കുചേലനെയെന്നപോലെ, ആ വലിയ വീടെല്ലാം കാണിച്ചുതന്നു അദ്ദേഹം. അന്നാണ്‌ ഞാൻ പ്രത്യേകമൊരു പൂജാമുറി കോൺക്രീറ്റ്‌ വീട്ടിൽ ആദ്യമായി കാണുന്നത്‌.

ആ വീട്‌ ഇന്നും മോഹിനിയാട്ടത്തിന്റെ കളരിയായി പ്രവർത്തിക്കുന്നു എന്നാണറിവ്‌.

പിന്നീടെന്റെ ജീവിതം വഴിമാറിയൊഴുകി. ഒരു പതിറ്റാണ്ടിനുശേഷം എന്റെ പ്രിയസുഹൃത്ത്‌ ജോൺപോൾ 'ഫോക്കസ്‌' എന്ന മാസിക കൊണ്ടുനടതുമ്പോൾ, 'അംബ'യെന്നൊരു പുത്തൻ ആട്ടക്കഥ നിരൂപണത്തിനായി കയ്യിലെത്തിച്ചു. അതു പഠിക്കുവാൻ ശ്രമിക്കവേ കഥയറിയാതെ ആട്ടംകണ്ട വിഷമം ഞാൻ തൊട്ടറിഞ്ഞു. എന്റെ പരിമിതികൾ അത്രയ്ക്കായിരുന്നു. 'Super exaggeration'-ഉം 'Ultra miniaturisation'-ഉം കഥകളിയുടെ കൈമുദ്രകളായി തിരിച്ചറിഞ്ഞു. വായിക്കുന്തോറും, കേൾക്കുന്തോറും, കാണുന്തോറും വിജൃംഭിതമാകുന്ന ഒരു കലാരൂപം. ഒരു പുളകം ഒരുപക്ഷെ അര നാഴിക നീളും. ഒരു സിംഹാസനമോ ഒരു വജ്രായുധമോ അരയടി മരത്തിൽ തീരും. ഇഹത്തെ പരമാക്കുകയും പരത്തെ പരിഹാസ്യമാംവിധം പരമാണുവുമാക്കുന്ന ആ പ്രതിഭ കഥകളിക്കുമാത്രം സ്വന്തം. അയൽവക്കതെങ്ങാനും ഗ്രീക്ക്‌ നാടകങ്ങളോ ഷേക്സ്പ്‌Iറിയൻ നാടകങ്ങളോ എത്തിയേക്കാം, അത്രമാത്രം.

എന്നാലും അന്നെന്നപോലെ ഇന്നും കഥകളിവേഷങ്ങളുടെ മുട്ടിനുതാഴോട്ട്‌ എന്തുകൊണ്ടോ അരോചകമായിത്തന്നെ കാണുന്നു. അതും ഭൗമേതരതയെ ഭൂമിയുമായി ബന്ധിപ്പിക്കാനാവാം!


മുതിർന്നപ്പോൾ മഴയും മഞ്ഞും മടിയും മനോഭാവവും മറുനാടും എന്റെ കഥകളിഭ്രാന്തെല്ലാം മുടക്കി. ഇന്നു ഞാൻ ടെലിവിഷനിൽ കഥകളികാണുന്നു; കൃഷ്ണൻ നായരെക്കുറിച്ചെഴുതുന്നു!


Published in the fortnightly web magazine www.nattupacha.com (1 October 2009)

Wednesday, 30 September 2009

ആലോചനാമൃതം ആഹാരം.

വിഴിഞ്ഞത്തേക്കുള്ള വഴിയിലാണെന്നു തോന്നുന്നു, ഒരിക്കൽ ഒരു ബോർഡുണ്ടായിരുന്നു. "ആലോചനാമൃതം ആഹാരം". ഒരു പരസ്യം, ഗാർവാറേ നൈലോൺവലയുടെ. വലക്കകത്ത്‌ ഒരു മീനുമുണ്ടായിരുന്നു ചിത്രത്തിൽ. പിന്നീടറിഞ്ഞു, അത്‌ 'Food for Thought' എന്നതിന്റെ വിവർത്തനമായിരുന്നെന്ന്‌. പരിഭാഷക്കാരൻ രസികനാവണം.

അറുപതുകളിൽ ആഹാരം നന്നേ കമ്മിയായിരുന്നല്ലോ ഈ നാട്ടിൽ. വടക്കന്‌ അരിയും തെക്കന്‌ ഗോതമ്പും വിളമ്പുന്ന കാലം. 'കോഴിറേഷ'നു ക്യൂനിൽക്കുന്ന കാലം. പുഴുക്കലരിക്ക്‌ പുഴു+കൽ+അരി എന്നു ഭാഷ്യം ചമയ്ക്കുന്ന കാലം. "ഉള്ളിത്തൊലിപോലെ ദോശയുണ്ടാക്കി പൈസ പതിനഞ്ചുമേടിക്കും" എന്ന്‌ നാട്ടാർ അലമുറയിടുന്ന കാലം (അത്‌ ഒരു പൈസ നാണയമുള്ള കാലം). നാടൻഹോട്ടലുകളിൽപോലും 'Rice served only once" എന്നും "Janatha Meals Also Available" എന്നുമെല്ലാം എഴുതിവയ്ക്കുന്ന കാലം. അന്നത്തെ ബോംബെയിലും മറ്റും ആഴ്ചയിലൊരിക്കൽ ചോറേവിളമ്പാത്ത കാലം. നാട്ടിൽവന്നു തിരിച്ചുപോകുന്നവർ തലയണക്കുള്ളിലുമൊക്കെ അരിനിറച്ചു അതിർത്തികടത്തുന്ന കാലം.
അൻപതുകളിലെ മക്രോണിയും തൈനാനും ബാജ്രയും ചോളവും പുനരവതരിച്ച കാലം!
രാജ്യമെമ്പാടും ആഹാരരീതി തലകുത്തിനിന്നു അതോടെ. പത്തുകിലോമീറ്ററിനു വാമൊഴിയും അൻപതുകിലോമീറ്ററിന്‌ ആചാരവും നൂറുകിലോമീറ്ററിന്‌ ആഹാരവും അഞ്ഞൂറുകിലോമീറ്ററിനു വേഷവും ആയിരംകിലോമീറ്ററിനു ഭാഷയും മാറുന്ന ഈ രാജ്യത്ത്‌, ഇതുമൊരു നിശ്ശബ്ദവിപ്ലവമായിരുന്നില്ലേ?
കഞ്ഞിക്കുപോലും കാശില്ലാത്തവനു ഏതു വിപ്ലവം, എന്തു വിപ്ലവം, അല്ലേ?
കുഞ്ഞുണ്ണിമാഷ്‌ ഒരിക്കൽ എഴുതി, ആവിപറക്കുന്ന ചോറിൽ പപ്പടംകാച്ചിയ എണ്ണയൊഴിച്ചുകഴിക്കുന്നതിന്റെ സ്വാദിനെപ്പറ്റി. പഴങ്കഞ്ഞിയും പഴഞ്ചോറും കഴിച്ചു ജീവിച്ചുമരിച്ചു ഒരു തലമുറ. ഉപ്പുകൂടിയിടാത്ത കഞ്ഞികുടിച്ചു മരിച്ചുജീവിച്ചു, മറ്റൊരു തലമുറ.
ഗുജറാത്തിലെ ഏറ്റവുംവരണ്ട പ്രദേശമായ കച്ഛിലൊരിടത്ത്‌ ഉണക്കച്ചപ്പാത്തിയും പച്ചമുളകുംമത്രം കഴിച്ചുജീവിച്ച ഒരു വയോവൃദ്ധനെപ്പറ്റി കേട്ടിട്ടുണ്ട്‌; ആണ്ടിലൊരിക്കൽമാത്രം പെയ്യുന്ന മഴയിൽ കുളിക്കും, അപ്പോൾ ശേഖരിച്ചുവയ്ക്കുന്ന വെള്ളം കുടിക്കും.
കുറച്ചു മുൻപാണ്‌. എന്റെ അച്ഛൻ വയനാട്ടേക്കൊരു യാത്രപോയത്രേ. പാതിവഴിക്ക്‌ കോഴിക്കോട്ടിറങ്ങേണ്ടിവന്നു. വിശന്നിട്ടെരിപൊരികൊണ്ടപ്പോൾ കണ്ണിൽകണ്ട ഒരു ഹോട്ടലിൽ കയറി. ജന്മനാ ശുദ്ധസസ്യാഹാരിയാണ്‌; വിളമ്പിക്കിട്ടിയതോ മീൻകറിയും. മാക്ബത്തിന്റെ മട്ടിലായിപ്പോയി അച്ഛൻ; "വേണോ, വേണ്ടയോ?" മറിച്ചൊന്നും ചിന്തിച്ചില്ലത്രെ. "ആഹരതേ ഇതി ആഹാര:" നാട്ടുകാർക്കു വിഷമമുണ്ടാക്കാതെ, പുറത്തിറങ്ങിയപ്പോൾ എല്ലാം ഛർദ്ദിച്ചുപോയി. തുടർന്നുള്ള യാത്രയിൽ പട്ടിണികിടന്നു. വഴിയും തെറ്റി. രാവേറെച്ചെന്നപ്പോൾ ദൂരെ ഒരു കൽവിളക്കുകണ്ടു. തേടിച്ചെന്നുകയറിയത്‌ ഒരു നാട്ടമ്പലത്തിൽ. പൂജാരി അത്താഴത്തിനുള്ള വട്ടത്തിലാണ്‌. "കുളിച്ചുവന്നാൽ കൂടെക്കൂടാം", പൂജാരി ക്ഷണിച്ചു. അമ്പലത്തിലെ പടച്ചോറ്‌ പപ്പാതി പകുത്തു. മുറ്റത്തെ പുളിമരത്തിൽനിന്ന്‌ പച്ചപ്പുളി പറിച്ചെടുത്ത്‌ രണ്ടു കാന്താരിമുളകുംകൂട്ടി അരച്ചെടുത്തു. വെള്ളംതളിച്ച പടച്ചോറും പുളിച്ചമ്മന്തിയും. അത്രക്കു രുചിയുള്ള ഒരാഹാരം അച്ഛൻ കഴിച്ചിട്ടില്ലത്രെ.
കുറച്ചുവർഷങ്ങൾക്കുമുന്നെ മഹാരാഷ്ട്രസർക്കാർ നാട്ടിലുടനീളം കൂലിപ്പണിക്കാർക്കായി ഒരു ആഹാര-പദ്ധതി തുടങ്ങി: 'ഝുംക-ഭാക്ര'. ഒരു രൂപക്ക്‌ രണ്ട്‌ 'ഭാക്രി'യെന്ന ചപ്പാത്തിയും കടലപ്പൊടികൊണ്ടുണ്ടാക്കുന്ന 'ഝുംക'യെന്ന വരട്ടുകറിയുംകിട്ടും സർക്കാർവക കൊച്ചുകൊച്ചു കടകളിൽ. വാങ്ങാൻ പാത്രം കൊണ്ടുപോകണമെന്നുമാത്രം.
അക്കാലത്ത്‌ ഒരു പത്രവാർത്തയും വന്നു. മുംബയിലെ ജുഹുവിൽ ഒരു പഞ്ചനക്ഷത്രഹോട്ടലിൽ ഒരാൾ മുറിയെടുത്തു. തനിക്കു കഴിക്കാൻ 'ഝുംക-ഭാക്രി' തരണമെന്നായി അയാൾ. ഇല്ലെന്നു ഹോട്ടലുകാരും. വഴക്കെവിടെയെത്തി എന്നറിയില്ല.
ഏതായാലും, താമസിയാതെ കൊൽഹാപ്പൂരിൽ പോയപ്പോൾ ഹോട്ടൽമെനുവിൽ 'ഝുംക-ഭാക്രി' കണ്ട്‌ എന്തെന്നറിയാൻ ഓർഡർചെയ്തു. കാത്തിരിക്കുമ്പോൾ ജനലിലൂടെ കാണുന്നു, ഹോട്ടൽസേവകൻ പുറത്തെ 'ഝുംക-ഭാക്ര'സ്റ്റാളിൽ ക്യൂ-നിൽക്കുന്നത്‌. കുറെകഴിഞ്ഞ്‌ എന്റെ മുമ്പിൽ നിരക്കുന്നു ഒരു പിഞ്ഞാണത്തിൽ ഝുംക-ഭാക്രിയും, കൂടെ കുറച്ചുള്ളിയും പച്ചമുളകുമൊക്കെ. ബില്ലിൽ വില ഇരുപത്തഞ്ചുമടങ്ങും!
പട്ടിണിക്കാർക്കുള്ള ആ പദ്ധതി പൂട്ടിപ്പോയെന്നാണറിയുന്നത്‌. എന്തിനൽഭുതം?
"പചാമ്യന്നം ചതുർവിധം" എന്നും "ആഹാരശുദ്ധൗ ചിത്ത ശുദ്ധി:" എന്നുമെല്ലാം പറയാൻ എളുപ്പം. പകലന്തിയോളം പുറമൊടിച്ചു പണിയെടുത്ത്‌ പത്തുചില്ലിക്കാശുണ്ടാക്കി പലചരക്കുകടയിൽ പാതിക്കടത്തിൽ പലവ്യഞ്ജനം വാങ്ങി പാതിരായ്ക്കു പുകയടുപ്പിൽ പൊട്ടപ്പാത്രംകയറ്റി പാകംചെയ്ത പകുതിവെന്ത പച്ചിലച്ചപ്പും പട്ടിണിപ്പരിഷകൾക്ക്‌ പരമാന്നം.
ചന്തയിൽ ചുമടുചുമക്കുന്നവനും പാടത്തിൽ പണിയെടുക്കുന്നവനും വീട്ടിൽ അടിച്ചുവാരുന്നവളും അതിർത്തിയിൽ അഹോരാത്രം കാവൽനിൽക്കുന്നവരും, സ്വാമി സന്ദീപ്‌ ചൈതന്യ വിസ്തരിക്കുന്ന ആഹാരത്തിന്റെ രജോഗുണത്തെയും തമോഗുണത്തെയും സാത്വികഗുണത്തെയുംപറ്റിയോ തലപുകയ്ക്കാൻ? ഭക്ഷണത്തിലെ കാലറിയും രക്തത്തിലെ HDL-LDL അനുപാതവും അവർ അളക്കുമോ? Oxidants-ഉം free radicals-ഉം transfat-ഉം അവരെ അലട്ടുമോ?
ഗാന്ധിജിയുടെ പഞ്ചശീലങ്ങളാണ്‌, 'കാകദൃഷ്ടി, ബകധ്യാനം, ശ്വാനനിദ്ര, കൃശശരീരം, ജീർണവസ്ത്രം'. എന്തായാലും അഞ്ചിൽ അഞ്ചു 'മാർക്ക്‌സ്‌' അവർക്കുണ്ടല്ലോ 'റിയാലിറ്റി'യിൽ!
"ഉണ്ടവന്‌ അട കിട്ടാഞ്ഞിട്ട്‌, ഉണ്ണാത്തവന്‌ ഇല കിട്ടാഞ്ഞിട്ട്‌!" വൈശ്വാനരൻ വെറുതെയിരിക്കുമോ?
വിവേകാനന്ദനാണു ശരി: ആദ്യം അപ്പം, പിന്നെ ദൈവം; വിശക്കുന്നവന്റെ മുന്നിൽ ആഹാരത്തിന്റെ രൂപത്തിലേ ദൈവംപോലും വരാൻ ധൈര്യപ്പെടൂ! (കൊങ്കണിയിലും ഇതരത്തിൽ ഒരു ചൊല്ലുണ്ട്‌: "പൊയ്‌ലേ പോട്ടോബ, മാഗിർ വിഠോബ.")
ലീലാവതിടീച്ചർ ഒരിക്കൽ ചൂണ്ടിക്കാട്ടി, മനുഷ്യൻമാത്രമാണ്‌ ആഹാരം ആസ്വദിച്ചുകഴിക്കുന്ന ജീവി.
തുടർന്ന്‌, പഞ്ചസാര കാർബോഹൈഡ്രേറ്റാണെന്ന അറിവ്‌ അതിന്റെ മധുരത്തെ കുറയ്ക്കുന്നുമില്ല!
അറിവും ആസ്വാദനവും തമ്മിലെന്തു ബന്ധം?
അതാണല്ലോ വഴിയോരത്തെ 'പീറ്റ്സ', പാഷാണവും പുരീഷവുമാണെന്നറിഞ്ഞിട്ടും പയ്യൻമാരും പയ്യത്തികളും വെട്ടിവിഴുങ്ങുന്നത്‌!
'അശനം' പുരുഷാർഥങ്ങളിലൊന്നെന്ന്‌ കൂത്തിലെ ചാക്യാർ പറയും.
'പുനരപി ജനനം, പുനരപി മരണം

ഊണുകഴിഞ്ഞാൽ ഉടനെ ശയനം'

എന്ന്‌ പുത്തൻ ശങ്കരന്മാരായ (ശം + കര = സുഖത്തെ ചെയ്യുന്ന) അവരും പറയും!

Published in fortnightly web magazine http://www.nattupacha.com/ (16 Sep 2009)

Wednesday, 2 September 2009

പാണ്ഡു

സമുദ്രശാസ്ത്രം ഒരു 'ഏകദേശ'-ശാസ്ത്രമാണ്‌. ഇന്നത്തേതാണു നാളെ എന്നൊന്നും പറയാനാവില്ല. നിമിഷംവച്ചാണ്‌ കടലിലെ മാറ്റങ്ങൾ. 'ഇമ്മിണി വല്ല്യൊന്നി'ന്റെ ഒരു കുഞ്ഞിഭാഗമേ ഒരുസമയം ഒരാൾക്കറിയാനൊക്കൂ. അതുകൊണ്ടിതിനെ 'സാമുദ്രികശാസ്ത്രം' എന്നുവരെ പലരും പരിഹസിക്കാറുണ്ട്‌. പിന്നൊന്ന്, ഇതൊരു 'കൂട്ടായ്മ'-ശാസ്ത്രമാണ്‌. ഒരാൾക്കുമങ്ങനെ തനിച്ചുചെയ്യാൻ മാത്രം ചെറുതല്ലത്‌. മാത്രമല്ല ഇതൊരു 'കൂട്ടു'-ശാസ്ത്രവുമാണ്‌. ഒരുപാടു ശാസ്ത്ര സരണികൾ ഈ ശാസ്ത്രത്തിൽ ഒത്തുചേരുന്നു, ഭൗതികം, ഗണിതം, ജൈവം, രാസികം, ഭൗമം, അന്തരീക്ഷം, വാനം എന്നിങ്ങനെ. പിന്നീടിങ്ങോട്ട്‌ 'വിവരസാങ്കേതികം' തൊട്ട്‌, 'പുരാവസ്തു' വഴി, 'മാനേജ്‌മന്റ്‌' വരെ. ഒരു രാജ്യത്തിനുപോലും ഒറ്റക്കു ചെയ്യാനാവില്ല; കാരണം, കടൽപ്രക്രിയകൾ രാഷ്ട്രീയാതിർത്തികൾക്ക്‌ അതീതമാണെന്നതുതന്നെ. അതുകൊണ്ടുതന്നെ ഇതൊരു ചെലവേറിയ ശാസ്ത്രവുമാണ്‌. കുറച്ചേറെ വിവരങ്ങൾ ശേഖരിച്ചാൽമാത്രമേ എന്തെങ്കിലുമൊന്നു മനസ്സിലാക്കാൻ കഴിയൂ. മറ്റൊന്ന്, ഇതൊരു 'മന്ദ'-ശാസ്ത്രമെന്നതാണ്‌. കാലമേറെച്ചെല്ലുമ്പോഴേ ചെയ്യുന്നപണിക്ക്‌ നിശ്ചിതഫലവും നിയത പ്രയോജനവും നിയുക്തമൂല്യവുമുണ്ടാകൂ. ആകെക്കൂടെ ഇതിനെ ഒരു 'മന്ത'-ശാസ്ത്രമെന്നു വിളിച്ചാൽ പരാതിപ്പെടാൻ പ്രയാസം.

ഞങ്ങൾ മന്തന്മാർ പക്ഷെ അധ്വാനിക്കുന്ന ജനവിഭാഗമാണ്‌. എല്ലാരുമല്ല, തീരക്കടലിൽ പഠനം നടത്തുന്നവർ. പുറംകടലിൽ പണിയെടുക്കാൻ താരതമ്യേന അധ്വാനം കുറവാണ്‌. പിടിച്ചുനിൽക്കാൻ കപ്പലെന്ന ഒരു നിലപാടുതറയുണ്ടാകും. അതിൽ, കുറഞ്ഞതെങ്കിലും അവശ്യം ജീവിതസൗകര്യങ്ങളുണ്ടാകും. കഴിക്കാനെന്തെങ്കിലുമുണ്ടാകും. കിടക്കാനൊരിടമുണ്ടാകും. വിവിധതരം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ വൈദ്യുതി ഉണ്ടാകും. കടൽച്ചൊരുക്കിലൊന്നു അലറി ഛർദ്ദിക്കാനും വയറിളക്കത്തിനൊന്നു വെടിപ്പായി വിസർജിക്കാനും കലമ്പൽകൂട്ടണ്ട. കപ്പലിനു തീപ്പിടിച്ചാലും കപ്പൽ മുങ്ങിയാൽതന്നെയും ഉടന്തടിമരണമൊന്നുമില്ല. ശാസ്ത്രനിരീക്ഷണങ്ങളുടെ സ്ഥലവും സമയവും അൽപം മാറിപ്പോയാലും ഗവേഷണഫലത്തിൽ കാര്യമായ കുഴപ്പങ്ങൾ ഉണ്ടാവില്ല.

തീരക്കടലിലെ പണിക്കു വള്ളങ്ങളും കൊച്ചുബോട്ടുകളുമേ പറ്റൂ. അവ നമ്മെ അത്തലും പിത്തലും അമ്മാനമാടിക്കൊണ്ടേയിരിക്കും. കണ്ണുതെറ്റിയാൽ കഥ കഴിഞ്ഞതുതന്നെ. ബാക്കികാര്യങ്ങളെക്കുറിച്ചു പറയേണ്ടല്ലൊ.

ഇപ്പോൾപിന്നെ AC-യും PC-യുമായി താടിതടവി ബു.ജീവിക്കുന്ന കസേരശാസ്ത്രജ്ഞന്മാരെക്കുറിച്ച്‌ ഒന്നും പറയാനുമില്ല. അവർക്കു കടൽ കൈക്കുള്ളിലാണത്രെ. 'കുംഭ:പരിമിതമംഭ:പിപതി കുംഭസംഭവാംഭോധി'. (കുടം കുടിക്കുന്ന വെള്ളത്തിന്‌ പരിമിതിയുണ്ട്‌. കുംഭസംഭവൻ, കുടത്തിൽനിന്നുണ്ടായവൻ അഗസ്ത്യൻ, കടൽമുഴുവൻ കുടിച്ചുവറ്റിച്ചതാണു കഥ.)

ആഴക്കടലിലെ പര്യവേക്ഷണത്തിന്‌ ചില ചിട്ടയും നിയമങ്ങളുമെല്ലാമുണ്ട്‌. തീരക്കടലിൽ ഞങ്ങൾതന്നെ എല്ലാം ചിട്ടപ്പെടുത്തണം. എവിടെയെങ്കിലും സ്വൽപം പിശകിയാൽ മീൻപിടിത്തക്കാർ കൂട്ടത്തോടെ തല്ലിക്കൊല്ലും. വടക്കൻ തീരങ്ങളിൽ 'മഛ്‌ലിമാർ' കൂട്ടായ്മകളുണ്ട്‌. അവരെയോ, അവരുടെ ഗ്രാമപ്രമുഖനെയോ കണ്ടു കാര്യം ബോധിപ്പിച്ചാൽ പിന്നീട്‌ ഒരു പ്രശ്നവും ഉണ്ടാകില്ല. കേരളത്തിലാകട്ടെ, വിഴിഞ്ഞത്തും മറ്റും ഗവേഷണപ്പണിക്കു പോകുമ്പോൾ ആദ്യം തുറയിലുള്ളവരെ കണ്ട്‌ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം. പിന്നെ മൂന്നു പ്രബലസമുദായങ്ങളിൽനിന്ന്‌ ഓരോരുത്തരെ കൂടെക്കൂട്ടും. ആരു തല്ലാൻ വന്നാലും അവരുടെ ഒരു പ്രതിനിധി ഞങ്ങളുടെ കൂട്ടത്തിലുണ്ടാവുന്നതുകൊണ്ട്‌ രക്ഷപ്പെടും.

മഹാരാഷ്ട്രയിലെ താരാപൂരിൽ ഇന്ത്യയുടെ ആദ്യത്തെ അണുശക്തികേന്ദ്രമുണ്ട്‌. അതിന്റെ വികസനത്തിനുമുന്നോടിയായി സുരക്ഷിതമായ പുതിയൊരു മലിനജലവിസർജനസ്ഥാനം കടലിൽ കണ്ടെത്താനായിരുന്നു ഞങ്ങൾ അവിടെ പോയത്‌. അടുത്തുതന്നെയുള്ള നവാപൂർ ഗ്രാമത്തിൽനിന്നേ എളുപ്പത്തിൽ കടലിലിറങ്ങാനാകൂ. തീരത്തും കുറെ വിലപിടിച്ച ഉപകരണങ്ങൾ സ്ഥാപിക്കാനുണ്ട്‌. നാട്ടുകാരുടെ സഹായസഹകരണങ്ങളില്ലാതെ വയ്യ. തീരക്കടലാണെങ്കിലോ ആഴംകുറഞ്ഞതും പാറക്കൂട്ടം നിറഞ്ഞതും. ചാലുകളും ചുഴികളുമെല്ലാമറിയുന്ന പറ്റിയ ഒരു വഴികാട്ടി, 'pilot', ഇല്ലാതെ കഴിയില്ല.

'അതാ വരുന്നു പാണ്ഡു', എല്ലാവരും പറഞ്ഞു. ഞാനാദ്യം കണ്ടില്ല. ഒരു കുറിയ മനുഷ്യൻ. ഉണങ്ങിയ ശരീരം. ഉണക്കമീൻപോലത്തെ മുഖം. ചുള്ളികൈകളും ചുള്ളിക്കാലുകളുമിട്ടിളക്കി അയാൾ 'നമസ്കാർ' പറഞ്ഞു. 'മീ ബോട്ടീവർ യേത്തോ', മറ്റു യാതൊരു മുഖവുരയുമില്ലാതെ അയാൾ ഞങ്ങളുടെ ബോട്ടിൽ കയറിപ്പറ്റി. 'മീ ആഹേതർ ആപ്ലെ കാം സൊഗളെ ഠീക്‌ ഹോണാറച്‌!' ('ഞാനുള്ളപ്പോൾ നിങ്ങളുടെ പണിയെല്ലാം മുറക്കു നടക്കും.').

അതിനിടെ മുഷിഞ്ഞ മുറിക്കയ്യൻ കുപ്പായം ഊരി ബോട്ടിൽ ഉണങ്ങാനുമിട്ടു. 'ചലാ, ചലാ'. ബോട്ടുകാർക്കു കയ്യും കലാശവും കാട്ടി നിർദേശങ്ങൾ നൽകിത്തുടങ്ങി പാണ്ഡു. 'ആരിയാ, ആരിയാ', നങ്കൂരം പൊക്കാനും ബോട്ടെടുക്കാനും തിടുക്കം കൂട്ടി.

കൂലിയെപ്പറ്റി മിണ്ടാട്ടമില്ല, സമയക്രമത്തെപ്പറ്റി വേവലാതിയില്ല, പണിയെപ്പറ്റിയൊരു തർക്കമില്ല, പരാതിയില്ല, പരിഭവമില്ല, പിണക്കമില്ല, പിരിയുമില്ല പിരിമുറുക്കവുമില്ല.

അടുത്ത മൂന്നുമാസം പാണ്ഡുവായിരുന്നു ഞങ്ങളുടെ പരദൈവം. കാറ്റിലും കോളിലും മുക്കിലും മൂലയിലും പാറക്കൂട്ടങ്ങൾക്കിടയിലും രാത്രിയും പകലും ഉച്ചച്ചൂടിലും കൂരിരുട്ടിലും ഞങ്ങളുടെ വഴികാട്ടി.

ഓടംതുഴയാൻ എന്നെ പഠിപ്പിച്ചത്‌ അയാളാണ്‌; തുഴയുമ്പോൾ പങ്കായക്കൈ, ചേർപ്പു പിറകിലാക്കി തിരിച്ചുപിടിക്കണമെന്നും. വള്ളത്തിന്റെ ചുക്കാൻപിടിക്കാനും ബോട്ടിന്റെ ചക്രം തിരിക്കാനും അവയെ നേർ വരയിൽ നയിക്കാനും കടവിൽ അടുപ്പിക്കാനുമെല്ലാം. വലിയ തിര വരുമ്പോൾ അതു നേരെ മുറിച്ചു കടക്കണമെന്നും, ഒരിക്കലും തിരയെ ബോട്ടിന്റെ പള്ളചേർത്തെടുക്കരുതെന്നും മറ്റും മറ്റും.

ഇടക്കിടെ ചില ഉപദേശങ്ങളുമുണ്ട്‌ പാണ്ഡുവിന്‌: കടലിൽ ശരീരം മൊത്തമായിളക്കി വേണം സംസാരിക്കാൻ. ഉടുപ്പൂരി വീശി വേണം ശ്രദ്ധ ആകർഷിക്കാൻ. കാറ്റിൽ മറ്റുതോണിക്കാർക്ക്‌ ഒച്ച ചെവിയിലെത്തിയെന്നു വരില്ല. മുൻപിൽമാത്രമല്ല വശങ്ങളിലും ആഴം നോക്കിയേ ആക്കവും ദിശയും മാറ്റാവൂ. പൊങ്ങിക്കിടക്കുന്ന ഒന്നും കിട്ടിയില്ലെങ്കിൽ വെള്ളത്തിൽ തുപ്പി ഒഴുക്കറിയണം. എപ്പോഴും വേണ്ടതിലധികം കുടിവെള്ളംകരുതണം. എല്ലാ വസ്തുക്കളും കെട്ടിയുറപ്പിക്കണം. നൈലോൺകയറിനുമീതെ ചവിട്ടരുത്‌, വഴുതിവീഴും. കോളുള്ളപ്പോൾ ചക്രവാളം നോക്കി സ്ഥിതി മനസ്സിലാക്കണം; കണ്ണിനുമീതെ കൈ ചരിച്ചുവെച്ച്‌, കാക്ക നോക്കും പോലെ..... ആ പൂച്ചക്കണ്ണ്‌ ഞങ്ങൾക്കില്ലാതെ പോയി.

അതൊന്നുമല്ല ഞങ്ങളെ 'വണ്ടറ'ടിപ്പിച്ചത്‌. ഒരു സായാഹ്നത്തിൽ വെറുതെ കരയ്ക്കിരിക്കുമ്പോൾ ദൂരെ ഒരു പാറത്തുമ്പു ചൂണ്ടി പാണ്ഡു പറഞ്ഞു, ഇന്ന ദിവസം ഇന്ന സമയം അതിന്റെ തുഞ്ചത്ത്‌ വെള്ളം തൊടുമെന്ന്‌. ഞങ്ങൾ 'Doubting Thomas' എന്നും 'ആര്യഭട്ടൻ' എന്നുമെല്ലാം വിളിക്കുന്ന ഗോവക്കാരൻ അന്തോണിയോ ആഗ്നെൽ ദ്‌ റൊസേറിയോ ഫെർണാൺഡിസ്‌ അതു കാത്തിരുന്നുനോക്കി കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

ഞങ്ങളുടെ പാഠപുസ്തകങ്ങൾ കാരണങ്ങളേ പറയൂ, കാര്യങ്ങൾ പറയില്ലല്ലോ.

പാണ്ഡുവിന്‌ കടൽ കൈക്കുള്ളിലായിരുന്നു. കടൽമുഴുവൻ കുടിച്ചുവറ്റിച്ച അഗസ്ത്യമുനിയും ഒരു വിരലോളം മാത്രം പോന്ന കുള്ളനായിരുന്നല്ലോ.

വർഷങ്ങൾക്കുശേഷം താരാപൂർ അണുശക്തികേന്ദ്രം വിണ്ടും സന്ദർശിക്കാനായപ്പോൾ പെട്ടൊന്നൊരു തൊഴിലാളി വന്ന് എന്റെ കൈ പിടിച്ചു. അതു പാണ്ഡുവിന്റെ അനുജൻ ചന്ദു ആയിരുന്നു. അണുശക്തികേന്ദ്രം വിപുലപ്പെടുത്തിയപ്പോൾ ചുറ്റുമുള്ള ഗ്രാമത്തിലെ കുടുംബത്തിനൊന്നുവെച്ച്‌ ജോലിനൽകി. അങ്ങനെ ചന്ദുവിനും ഒരു ജോലികിട്ടി. പാണ്ഡു കടൽപ്പണിക്കൊന്നും പോകാതായി. കാഴ്ച കുറഞ്ഞു. എങ്കിലും സുഖമായിരിക്കുന്നുണ്ടായിരുന്നു. അകക്കണ്ണും അകക്കാമ്പും അമരമാണല്ലോ.


Published in nattupacha.com fortnightly web magazine (1 Sep 2009)

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...