Showing posts with label ചിലരും പലതും (chilarum palathum). Show all posts
Showing posts with label ചിലരും പലതും (chilarum palathum). Show all posts

Sunday, 2 July 2017

മെട്രോമാൻ


ഇത്‌ `മെട്രോമാൻ` എന്ന ചീത്തപ്പേരുള്ള ഈ ശ്രീധരനെപ്പറ്റിയോ  ആ ശ്രീധരനെപ്പറ്റിയോ ഒന്നുമല്ല.   മറ്റൊരു മാനിനെപ്പറ്റിയും മയിലിനെപ്പറ്റിയുമല്ല.   സാക്ഷാൽ മെട്രോമാനെപ്പറ്റി.

ഞാനാ ശരിക്കും മെട്രോമാൻ.   ന്ന്വച്ചാൽ സാക്ഷാൽ കൊച്ചിക്കാരനേ.   പറഞ്ഞപ്പോ ന്താ, ഒരു പന്തിയില്ലായ്യ, അതോ.  എന്റച്ഛനും അമ്മേം ഒടപ്രന്നോരും അപ്രത്തുള്ളോരും ഇപ്രത്തുള്ളോരും എല്ലാം അതേ, ട്ടോ.

ദാ അദ്‌, മെട്രോവേ - അദ് വന്നപ്പോ അദൊന്നു കാണണംന്ന്‌ ശ്ശി മോഹണ്ടായിരുന്നേ.   പണ്ടെങ്ങാണ്ട് എർണാകുളം-കോട്ടയം തീവണ്ടിവരും വരുംന്നോറ്റെ കേട്ട്‌ തൃപ്പൂണിത്രെ തണ്ടുവാളത്തിൽ കാതുംവച്ച് കാത്തിരിക്കൊക്കെയിണ്ടായി.   അതും ഓർമേക്കേണ്ട്‌.

അതോണ്ടാ ഇത്ര കമ്പം.   അല്ലേച്ചാൽ ഇതിലൊക്കെ എന്താത്ര?   മെട്രോ വര്‌വേ, പോവ്‌വേ - ആയിക്കോട്ടെ.   വേറെന്തെല്ലാം... ശ്ശി കണ്ടിരിക്ക്ണു.

ഇന്നു പൂവാംച്ചാഇന്ന്‌ മുപ്പട്ട വെള്ളി.  ഇന്നു വേണ്ടാന്നേ.   ശെനി, ഞായർ, അതീക്കഴിഞ്ഞ് തിങ്കൾ.   നോക്കട്ടേ, ട്ടോ.  ചൊവ്വ വേണ്ട മാഷേ.   ബുധൻകോടി ദിനംകോടി.   നല്ലതാ.   അന്നു മതി.   വ്യാഴനും നല്ലതാ.

മെട്രോവണ്ടി കസറുന്നുണ്ടെന്നാ കേട്ടേ.   ഭൂമിമലയാളംതൃപ്പൂണിത്തുറയിൽ കീഴ്ക്കടെ കാണാത്തമാതിരി വിശേഷങ്ങളൊക്കെ ഇണ്ടെന്നാ പറേണേ.   പച്ചപ്പരിഷ്ക്കാരം എന്നല്ലാതെ എന്താ പറയാ.   വല്ലാണ്ട് വേഷംകെട്ടിപ്പോവ്വാനൊന്നും നിക്കു വയ്യേ.   നല്ല മുണ്ടും ഷർട്ടും ആയാൽ പോരെന്നുണ്ടോ ആവോ.   ഇപ്പഴത്തമാതിരി പുറമെ കാവിക്കൈലിയോ പണ്ടത്തെമാതിരി അകത്തു ചുവപ്പു നിക്കറോ ഇടാനൊന്നും എനിക്കു വയ്യേ.   ഞാൻ കോൺഗ്രസ്സും അല്ല, കമ്മൂണിസ്റ്റും അല്ല, ഇപ്പഴത്തെ - എന്താ പറയ്യാ - സംഘമോ ഒന്നുമല്ല.   കൈപൊക്കി ജെയ് വിളിക്കാനും പോലീസിന്റെ തല്ലുകൊള്ളാനും നാട്ടുകാരുടെ ചീത്തകേക്കാനും ഞാനില്ലേ.   ഇനി അതിമ്മെ കേറി വേണ്ട.

അമ്മേത്തല്ലിയാലും രണ്ടുപക്ഷം, ന്നാ.   അതുവേണ്ട ഇതുവേണ്ട എന്നൊക്കെ അപ്പിടി ഇപ്പിടി  കിന്നാരം പറഞ്ഞവരൊക്കെ ഇപ്പോ അതുവേണം ഇതുവേണം ന്നൊക്കെ ആയി, ല്ലേ.   അതേയ്, മേലപ്പിടി ചളിയായവരാ ഇപ്പോ മീശേമ്മെ മണ്ണൊട്ടിയില്ലെന്ന മട്ടില്‌.   പയനിയർബസ്സും പിയെസ്സെൻബസ്സും പോയപ്പെ എന്തായിരുന്നു.   ആനവണ്ടി വന്നപ്പെ എന്തായിരുന്നു.   നടക്കട്ടെ, നടക്കട്ടെ.

അതൊക്കെപ്പോട്ടെ.   മെട്രോ കാണാൻ എന്താ വേണ്ടേ, സ്റ്റേഷനിൽപോണം.  ഒരു ടിക്കറ്റെടുക്കണം.   സ്റ്റേഷൻ ശ്ശി ദൂരെയാണേ.   അരപ്പണിയേ ആയുള്ളൂത്രേ.   സാരല്ല്യ.   അതു നമുക്കൊക്കെ ശീലായില്ലേ.   പോട്ടെ.   ഇക്കണ്ട പണി ത്രയ്ക്കൊക്കെ  എളുപ്പാണോ.   സ്ഥലമെടുക്കണ്ടേ, റോഡുവെട്ടണ്ടേ, പാളമിടണ്ടേ, കമ്പിവലിക്കണ്ടേ.   തൃപ്പൂണിത്തുറെവരെ എത്തിക്കണമ്ന്നാ.   എല്ലാരും ഒരുപിടി പറയേണ്ടായി.   വര്‌വോ,   അറിയാമ്പാടില്ല.

സംഗതി കസറിയിട്ട്ണ്ട്, ട്ടോ.   ശടശടാന്നല്ലേ വണ്ടികൾ വരണ വരവ്.   പളപളാന്നാ എല്ലാം.   അടിപൊളി, കിടിലൻ, കിടു, സൂപ്പർ, തകർപ്പൻ എന്നെല്ലാമാ വരത്തുകാരു പറേണത്.   അച്ചിയില്ലെങ്കിലും കൊച്ചിയിപ്പോ വരത്തുകാരുടെയല്ലേ.   ആയ്ക്കോട്ടെ, ആയ്ക്കോട്ടെ.

എന്നാലുമെന്റെ ദൈവേ, ഓരോരോ ദിക്കിലെന്തൊക്കെയാ മണം!   തൃപ്പൂണിത്തുറെ കുപ്പമണം.   വൈറ്റിലെ വണ്ടിപ്പുക.   എർണാകുളത്ത് മീൻവാട.   കലൂരപ്പിടി സെപ്റ്റിൿടാങ്ക്.   ഓ, പിന്നെ പിന്നെ, പാലാരിവട്ടം സൊർഗല്ലേ സൊർഗം!   നാറ്റമടിച്ചിട്ടു വയ്യ - ഒക്കെ ഈ തട്ടുകടക്കാരാ.   പണ്ടു കുറെ പീടികമുറികളുണ്ടായിരുന്ന സ്ഥലായിരുന്നു.   വരുമ്പോ പോകുമ്പോ കാണാറുള്ളതല്ലേ.   ഒക്കെ പോയീന്നേ.   എടപ്പള്ളിയുമതെ.   കണ്ടാലറീല്ല.   കളമശ്ശേരിതൊട്ടു തൊടങ്ങും കമ്പനിപ്പൊക.   പിന്നൊക്കെ ഒരു കണക്കാ.   ശാസം മുട്ടീട്ടു ചാവാഞ്ഞാൽ ഭാഗ്യം.   എന്തു മെട്രോ വന്നിട്ടെന്താ.   വീട്ടി വന്നു മേക്കഴുകിയാലും വിടില്ല വാടനാറ്റം.

ഉവ്വുവ്വ്.   എവിടെ നോക്കിയാലും ഈ വാ നോട്ടക്കാരാ.    അതേതെ, മുണ്ടും മടക്കിക്കുത്തി എളിയും ചൊറിഞ്ഞ് കള്ളും മണത്ത്  തെറിയും പറഞ്ഞ്.   എന്തോ ബസ്സിൽ സ്ത്രീ-കണ്ടക്റ്റർമാരെ കാണാത്തപോലെ.   എന്തോ ഓട്ടോ ഓടിക്കുന്ന പെണ്ണുങ്ങളെ കാണാത്തമാതിരി.   മെട്രോവണ്ടിവന്നാ ഒടനെ നോട്ടം പെൺ-ഡ്രൈവറാണോന്നാ.   പോരാത്തതിന്‌, വിധിക്കു കൈപ്പിഴവന്ന പാവം കുറെ അപരസ്ത്രീകളുണ്ടോന്നും.   മത്യായി.   എന്നാ ഇവറ്റകളൊക്കെ നന്നാവാമ്പോണേ?

അറീല്ല.   ഇതൊക്കെ കുറെ കഴീമ്പോ ശ്ശടേന്നു താറുമാറാക്വോ ന്നാ ന്റെ പേടി.   ല്ലെങ്കിൽ, കുറെ കാശുകാർക്കുമാത്രം ശ്ശെറേന്നു പോയ് വരാനൊരു തട്ടിക്കൂട്ട്.   ആണെന്നാച്ചാലും അല്ലെന്നെച്ചാലും നന്നായിവരട്ടെ എല്ലാം.

ഒരു കാര്യം മൻസിലായി.   വേണെങ്കിലേ ഈ ഭൂമിമലയാളത്തി എന്തും ചീയാമ്പറ്റും.   വേണ്ടാന്നിച്ചിട്ടാ ഒന്നും വരാത്തേ.   വേണ്ടാന്നേ.   ഒന്നും വരണ്ടാന്നേ.   അതാപ്പോ നന്നായേ.


ന്നാലും എട കിട്ടുമ്പോ ന്നീം പോണമ്ന്ന്ണ്ട് മെട്രോവിൽ.   അപ്പൊ ശെരി, ട്ടോ.

Sunday, 25 June 2017

'അയ്യോ`-സാഹിത്യം!

ഗോവയിലെ നാലാമത്‌ പ്രവാസി മലയാള സാഹിത്യസംഗമത്തിൽ (2017 ജൂൺ, 3-4), `മറുനാടൻമലയാളികളുടെ സാഹിത്യസഞ്ചാരങ്ങൾ` എന്ന വിഷയം ചർച്ചയ്ക്കു വച്ചിരുന്നു.   അതിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും, അന്യനാട്ടിലെ കേരളീയർ സാഹിത്യാദിവിഷയങ്ങളിൽ കാലാകാലം വ്യവഹരിക്കുന്നതിന്റെ ഒരു സംക്ഷിപ്തചിത്രം അവതരിപ്പിക്കപ്പെട്ടിരിക്കും എന്നു ഞാൻ കരുതുന്നു.   അതുമാത്രമല്ല, പ്രവാസിമലയാളികളുടെ സാഹിത്യകൃതികളിലെ പ്രത്യേകതകളും നൂതനപ്രവണതകളും ചർച്ചയ്ക്കു വന്നിട്ടുണ്ടായിരിക്കും.   തീർച്ചയായും പ്രവാസിമലയാളസാഹിത്യകൃതികളുടെ ഗുണാത്മകചിത്രങ്ങളായിരിക്കും പ്രായേണ പ്രദർശിപ്പിച്ചിട്ടുണ്ടാവുക.   ഇത്തരം വേദികളിൽ, ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ `കോണ്ട്രാ`ചിന്തകൾ ആശാസ്യമല്ലല്ലോ.

എങ്കിലും വഴിവിട്ടുപോകുന്ന ചില പ്രവണതകളെപ്പറ്റി പറയാതിരുന്നാൽ തത്കാലം സുഖം തോന്നുമെങ്കിലും, കാലക്രമത്തിൽ കേരളീയരുടെ കലാസംസ്ക്കാരത്തെ കുളംതോണ്ടുന്നൊരു സ്ഥിതിവിശേഷം അറിയാതെ പോയേക്കും.   ഒട്ടൊക്കെ ഋണാത്മകമെങ്കിലും എന്റെയീ അവലോകനം, വഴിവിട്ടുനടക്കുന്നവരെ - വഴിതെറ്റിനടക്കുന്നവരെയല്ല, വഴി അറിയാത്തവരെയല്ല, വഴിമാറുന്നവരെയല്ല, വഴി വെട്ടുന്നവരെയുമല്ല - വേദനിപ്പിക്കാനല്ല, മറിച്ച്‌ അവർ മറ്റുള്ളവരുടെ വഴിമുടക്കികളാവാതിരിക്കാനാണ്‌.

സംശയമില്ല, ഏതൊരു പ്രവാസിയുടെയും ആദ്യത്തെ ദുരനുഭവമാണ്‌ ഗൃഹാതുരത്വം.   അചിരേണ അതിനെ മറികടക്കുമ്പോഴേ പ്രവാസജീവിതത്തിന്‌ അർഥവും പുഷ്ടിയും സംതൃപ്തിയും കൈവരുന്നുള്ളൂ.   പൈതങ്ങൾ എന്നും അമ്മേ, അമ്മേഎന്ന് കാറിവിളിച്ചുകൊണ്ടല്ല വളരുന്നത്.   ഒരു പ്രായമായാൽ അമ്മയുടെ അസാന്നിധ്യം താങ്ങുവാനുള്ള കെൽപ്പുണ്ടാകുന്നു.   ഉണ്ടാകണം.   അല്ലെങ്കിൽ അത് ബാലിശമായിപ്പോകും.   പരിഹാസ്യവുമാകും.

മറ്റു പല കാരണങ്ങളുണ്ടായിരിക്കാമെങ്കിലും, പ്രവാസി മലയാളികളുടെ സാഹിത്യസഞ്ചാരത്തിനു തുടക്കം ഈയൊരു ഗൃഹാതുരത്വചത്വരത്തിൽനിന്നാണെന്നു സാമാന്യവത്കരിക്കാം എന്നു തോന്നുന്നു.  ഗൃഹാതുരത്വം ഒരു തെറ്റല്ല.   അതു സാഹിത്യമാക്കുന്നതിൽ തെറ്റുമില്ല.   എന്നാലോ അതൊരു സ്ഥിരം ശീലവും ശീലായ്മയുമാകുമ്പോഴാണ്‌ സാഹിത്യാഭ്യാസം സാഹിത്യാഭാസമാകുന്നത്.   എഴുതിക്കൂട്ടുന്നതിലെല്ലാം ഒരുതരം അയ്യോ-പാവത്തംകടന്നുകൂടുന്നു.   ഒരു പരിധി വിടുമ്പോൾ തന്റെ തുടക്കത്തോന്നൽ ന്യായീകരിക്കാൻവേണ്ടി ഗൃഹാതുരത്വത്തിന്റെ - നഷ്ടാൾജിയയുടെ - കപടവശങ്ങൾ പുറത്തെടുക്കുന്നു.   ഓണവും വിഷുവും തിരുവാതിരയും പെരുന്നാളും നോമ്പും ഉത്സവവും മലയും പുഴയും ഞാറ്റുവേലയും പോരാഞ്ഞ്, മൊഞ്ചും മണവും രുചിയും ചെത്തവും ചൂരും വിരഹവും വിഷാദവും കടന്ന്, പുരയിടംവാങ്ങലും പുരപണിയലും പൊന്നുവാങ്ങലും പെങ്ങളുടെ കല്യാണവും തങ്ങളുടെ പ്രേമാഭിരാമവും പേർത്തും പേർത്തും പറഞ്ഞ് ഒരരുക്കാക്കിയാലും തീരില്ല മിക്ക പ്രവാസിമലയാളികളുടെയും സാഹിത്യസഞ്ചാരങ്ങൾ.

നാടുവിട്ട് പുറംനാട്ടിലേക്കുപോകുന്ന മലയാളികളെല്ലാം അഭ്യസ്തവിദ്യരും ആരംഭചിന്തകരുമാണ്‌.   അവരുടെ ആദ്യാഭിനിവേശം കലാസാഹിത്യാദികളിൽ കുറ്റിയടിക്കുന്നതു സ്വാഭാവികം.   എങ്കിലോ അവരുടെ ആദ്യപരിശ്രമങ്ങളെല്ലാം നാടകമെന്നു ചെല്ലപ്പേരിട്ടുവിളിക്കുന്ന ചില അരങ്ങാട്ടങ്ങളിലും കവിതയെന്നു ചെല്ലപ്പേരിട്ടുവിളിക്കുന്ന ഗദ്യ-പദ്യത്തിലുമായിപ്പോകുന്നതെന്തുകൊണ്ട് എന്നതിന്‌ ഇന്നും എനിക്കൊരു മുഴുവനുത്തരം കിട്ടിയിട്ടില്ല.   കുറുക്കിപ്പറഞ്ഞാൽ,   പാട്ടും കഥയും വരയും പിൻതള്ളി, അല്ലറ നാടകങ്ങളിലും ചില്ലറ പദ്യങ്ങളിലുമാണ്‌ നമ്മുടെ പ്രവാസിമലയാളി സ്വന്തം സർഗശക്തി തല്ലിത്തിരുമ്മി അലക്കുന്നത്.   ആരോ ചൊല്ലിക്കൊടുത്ത് ആർക്കോവേണ്ടി ആരാന്റെ അങ്കണത്തിൽ അരങ്ങേറ്റുന്ന നാടകാഭാസങ്ങൾ ഒരുവശത്ത്ഗദ്യംപോലും തികച്ചെഴുതാൻ കഴിവില്ലാതെ പ്രസ്താവനയും മുദ്രാവാക്യവും വളിപ്പും വഷളത്തവും കവിതയായെന്ന മട്ടിൽ കയറ്റുമതി ചെയ്യുന്നത് മറുവശത്ത്.   ഇവയൊക്കെ തന്നോടും തന്റെ സമൂഹത്തോടും അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ദുസ്സാഹസമാണ്‌.

ഞാൻ കാടടച്ച് വെടി വയ്ക്കുകയല്ല.   കാതടച്ച് വെടിപൊട്ടിക്കുകയുമല്ല.   നാടുവിട്ടിരുന്ന് മലയാളസാഹിത്യത്തെയും ചിത്രകലാരംഗത്തെയും ഇതരകലാശ്രേണികളെയും പരിപുഷ്ടമാക്കിയ ഇന്നലത്തെ ചില മഹാപ്രതിഭകളെയുംനാട്ടിൽനിന്നകന്ന് കലാസാഹിത്യാദികളിൽ സർഗാത്മകതയുടെ ഇതൾവിടർത്തുന്ന ഇന്നത്തെ പല മറുനാടൻമലയാളികളെയും മറന്നേയല്ല ഈ വിചിന്തനം.   അവരെല്ലാം ഗൗരവമായി സാഹിത്യവ്യാപാരം ചെയ്തവർ, ചെയ്യുന്നവർ.   അവർ സാഹിത്യത്തെ വ്യാപാരമാക്കിയവരല്ല.   അവർ സ്വന്തം ’-വട്ടത്തിൽ ചുറ്റിത്തിരിഞ്ഞവരല്ല.   അകലത്തുനിന്നും ഉയരത്തുനിന്നും ജീവദർശനം ചെയ്തവരാണവർ.

നാട്ടിലെപ്പോലെതന്നെ പരദേശത്തും.   വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്നു.  കയ്യനക്കുമ്പോഴേക്കും അയ്യോ, സാഹിത്യംമുളപൊട്ടുന്നു!   മറുനാട്ടിൽ ഒരു വ്യത്യാസം മാത്രം.   സാഹിത്യമെന്നാൽ കവിത’.   കയ്യനക്കുന്നവരെല്ലാം കവികളാകുന്നു.   കവിതയാണെമ്പാടും - കച്ചോടം പൊട്ടിയപ്പോൾ അമ്മായി ചുട്ടതുപോലത്തെ മണ്ണപ്പങ്ങൾ.   തീർത്തും വ്യക്ത്യധിഷ്ഠിതവും വികാരംകൊണ്ടരോചകവുമായ ഗദ്യവും പദ്യവും ചാണകവും പിണ്ണാക്കുമല്ലാത്ത എന്തോ സൃഷ്ടികൾ.   എല്ലാമല്ല; മിക്കതും.

എന്തുകൊണ്ട് ഇതരകലകളിൽ ഇത്രമാത്രം പരിശ്രമങ്ങളുണ്ടാകുന്നില്ല?   കനപ്പെട്ടൊരു കഥയോ കവിതയോ ലേഖനമോ കാത്തുകാത്തിരുന്നാലേ കരഗതമാകുന്നുള്ളൂ.   വളരെക്കുറച്ച്.   മറിച്ച്, നവമാധ്യമങ്ങളിലൂടെയും സുഹൃദ്സംഘശൃംഖലകളിലൂടെയും തള്ളിത്തള്ളി തരപ്പെടുത്തുന്ന സാഹിത്യകാരപ്പട്ടം അനവധി.   അവർ കാശുകൊടുത്തച്ചടിപ്പിക്കുന്ന പുസ്തകങ്ങളുടെ കോപ്പികളുടെ എണ്ണത്തിനപ്പുറം  ആ കൃതികൾ ശ്രദ്ധിക്കപ്പെടുന്നുണ്ടോ എന്നു സന്ദേഹം.   ഉള്ളിൽനിന്നെഴുതുന്നതും പുറമേക്കെഴുതുന്നതും തമ്മിലുള്ള വ്യത്യാസമാണത്.

എങ്കിലും ഒരുകാര്യം സമ്മതിക്കാതെ വയ്യ.   മലയാളഭാഷയോടും മലയാളസാഹിത്യത്തോടുമുള്ള സ്നേഹാദരങ്ങൾ, നാട്ടുമലയാളികളേക്കാൾ നാടുവിട്ട മലയാളികൾക്കാണു കൂടുതൽ.   ഒരുപക്ഷെ സാഹിത്യവ്യവഹാരങ്ങളിൽ കൂടുതൽ ആത്മാർഥത പുലർത്തുന്നതും പ്രവാസികൾ തന്നെ.   അതേസമയം, ‘ആത്മാർഥതഎന്ന വാക്കിന്‌ രണ്ടർഥമുണ്ടെന്നതു മറക്കരുത്:  ഒന്ന്അവനവന്റേതെന്ന മട്ടിൽ മറ്റുള്ളവർക്കായി ശ്രദ്ധിച്ചു ചെയ്യുന്നത് എന്ന നല്ല അർഥം; രണ്ട്, അവനവനുവേണ്ടിമാത്രം ചെയ്യുന്നത് (സ്വാർഥം) എന്ന ചീത്ത അർഥം!

കവിതയെ രസാത്മകമാക്കുവാനും ധ്വനിരാത്മകമാക്കുവാനും കാലദേശാതീതമാക്കുവാനും, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിൽ കണ്ണഞ്ചിച്ചുപോയവർക്കാവില്ല.   തന്റെ കൊച്ചുതട്ടകത്തിലെ തരികിടകൾ ആദർശവത്കരിച്ചോ അതിഭാവുകമാക്കിയോ ദുർഗ്രഹമാക്കിയോ ബീഭത്സമാക്കിയോ വെറുതെയങ്ങു തട്ടിക്കൂട്ടാൻ പറ്റുന്നതല്ലല്ലോ സാഹിത്യം.

ചങ്ങലംപരണ്ടേ മമ, ചങ്ങലംപരണ്ടേ ഹഹ, ചങ്ങലംപരണ്ടേ (വരി തീർന്നുപോകയാൽ).....എന്നൊരു കവിതയെഴുതി കവിയശ:പ്രാർഥികളെ കണക്കിനു കളിയാക്കിയിട്ടുണ്ട്. സഞ്ജയൻ പണ്ട്.   കൊച്ചിയിലെ പണ്ടത്തെ തോട്ടയ്ക്കാടു ദിവാന്റെ തറവാട്ടിലെ, എങ്ങനെയെങ്കിലും കവയിത്രിയെന്ന പേരെടുക്കാൻ കഷ്ടപ്പെട്ടു കവിതയെഴുതിയ ഒരു കവനമണിയമ്മയെപ്പറ്റിയുള്ളൊരു മറുകവിത അശ്ലീലമായതിനാൽ ഇവിടെ പകർത്തുന്നില്ല.   സാഹിത്യകാരപ്പട്ടം കിട്ടാനും ഗ്രന്ഥകർത്താവായിച്ചമയാനും അവാർഡു സംഘടിപ്പിക്കാനും ബുദ്ധിജീവിയാവാനും നാട്ടിലെക്കൂട്ടർ ചെയ്യുന്നതിന്റെ ഇരട്ടി കുതന്ത്രങ്ങളാണ്‌ പ്രവാസി മലയാളികൾ ചെയ്തുകൂട്ടുന്നത്.

ഒരിക്കൽകൂടി ഉറപ്പിച്ചു പറയുന്നു, നാട്ടിലെ സാഹിത്യത്തെ വെല്ലുന്ന സൃഷ്ടികൾപോലും വെളിനാടുകളിൽ ഉണ്ടാകുന്നുണ്ട്.   അവയെ ആസ്ഥാനക്കാരോ  സംസ്ഥാനക്കാരോ അംഗീകരിക്കുന്നുമില്ല.   മറ്റു മിക്കതും വെറും ചവറാണുതാനും.   അവയ്ക്കത്രേ ആവേശവും ആദരണവും അവാർഡും മറ്റും.   അതിഭാവുകത്വവും വികാരാവേശവും ആദർശവത്കരണവും അബദ്ധീകരണവും അശ്ലീലവും ആഭാസവും  വർഗവെറിയും  വർണവിവേചനവും മതവത്കരണവും അരാജകത്വവും പ്രവാസിമലയാളത്തെ അരോചകമാക്കുന്നു.

ഓരോ മനുഷ്യനിലും എന്തെങ്കിലുമൊരു കലാംശം ഉറങ്ങിക്കിടപ്പുണ്ട്.   ദേശത്തായാലും വിദേശത്തായാലും പരദേശത്തായാലും സർഗശേഷി സടകുടഞ്ഞെഴുന്നേൽക്കുന്നത് തക്ക സാഹചര്യങ്ങളിലാണ്‌.   അല്ലാതെ പ്രവാസിക്ക് ഒന്നോ രണ്ടോ കൊമ്പൊന്നുമില്ല - പ്രത്യേകമായി ഒന്നോ ഒന്നരയോ എല്ല് കൂടുതലോ കുറവോ ഇല്ല.   കാര്യം ഇത്രമാത്രം:  മഴകൊണ്ടുമാത്രം മുളയ്ക്കുന്ന വിത്തുകൾ പലതുണ്ടു മണ്ണിൽ, മനസ്സിൽ’ (സ്വല്പം മാറ്റിപ്പറഞ്ഞതിന്‌ മൂലകർത്താവിനോടു മാപ്പ്).   മഴയും മണ്ണും മനസ്സും ഒത്തുവരണം; അത്രമാത്രം.

ഇതെഴുതുന്ന ഞാനും ഇതിനൊരപവാദമൊന്നുമല്ല എന്ന പൂർണബോധം എനിക്കുണ്ട്.   മധുരം കിനിയും മലരുകൾ വിരിയും, മലരിൻ മാദക പരിമളമുതിരും; വെൺതിങ്കൾക്കൊടിയണയുമ്പോഴും, മൽസഖി നീയെന്നരികത്താവും...എന്ന തരത്തിലുള്ള അയ്യോ-സാഹിത്യത്തിൽതന്നെയായിരുന്നു എന്റെയും തുടക്കം.   അതൊടുക്കവുമാക്കിയതുകൊണ്ടുമാത്രം, അരങ്ങേറ്റങ്ങളോ പ്രകാശനയോഗങ്ങളോ അവാർഡുചിന്തകളോ ആദരണച്ചടങ്ങുകളോ പുരസ്ക്കാരമഹോത്സവങ്ങളോ പാരായണസമ്മേളനങ്ങളോ സംവാദമാമാങ്കങ്ങളോ ഇല്ലാതെ, പകൽ പണിയാനും രാവുറങ്ങാനും വിഷമമുണ്ടായിട്ടില്ല.   അക്കാഡമികളിലെ വെള്ളാനകൾക്ക് വിരുന്നേകലോ സാഹിത്യഭീകരൻമാർക്ക് വരവേൽക്കലോ വിഷയമായിട്ടില്ല.   അയ്യോ-സാഹിത്യംതലയ്ക്കുപിടിക്കാതിരിക്കാൻ അതുതന്നെ നൽവഴി!


നിങ്ങൾക്കു യോജിക്കാം, വിയോജിക്കാം, തിരുത്താം!

Sunday, 4 June 2017

തേയിലസത്കാരം


1957-58കളിൽ മൂന്നാംക്ളാസ്സിൽ പഠിക്കുമ്പോൾ തേയിലയെക്കുറിച്ചൊരു പാഠം ഞങ്ങളുടെ `കേരളപാഠാവലി`യിൽ ഉണ്ടായിരുന്നു.   ചൈനയിൽ ഒരു ബുദ്ധൻ ധ്യാനത്തിലിരിക്കുമ്പോൾ ക്ഷീണം തോന്നിയപ്പോൾ വെറുതെ അടുത്തു നിന്നൊരു ചെടിയിലെ ഇല ചവച്ചപ്പോൾ ഉന്മേഷം തോന്നിയത്രേ.  ആ ഇലയാണ്‌ തേയിലയെന്നു പിന്നീടു പേർപെറ്റതത്രേ.   ഐതിഹ്യമെന്തായാലും തേയിലയുടെ ഉറവിടം, അല്ലെങ്കിൽ അതിന്റെ ഉപയോഗം തിരിച്ചറിഞ്ഞ സ്ഥലം, ഇന്തോ-ചൈന പ്രദേശമാണെന്ന്‌ പരക്കെ വിശ്വസിക്കപ്പെടുന്നു.

തേയിലയ്ക്കു പറ്റിയ കാലാവസ്ഥയും ഭൂപ്രകൃതിയും വളരെ കുറഞ്ഞിടങ്ങളിൽ മാത്രമേയുള്ളൂ.   അതിലാണ്‌, അതിനാലാണ്‌ അതിന്റെ മൂല്യവും വിലയും.   നല്ല ഈർപ്പമുള്ള വായു, വെള്ളം കെട്ടിനിൽക്കാത്ത ഭൂമി, അത്യുഷ്ണമോ അതിശൈത്യമോ ഇല്ലാത്ത സ്ഥിതി, മണ്ണിന്റെ അനുയോജ്യത എന്നിങ്ങനെ ഈ ചെടിക്കു വളരാൻ ആവശ്യങ്ങൾ അനവധിയാണ്‌.   തോട്ടമുണ്ടാക്കാനും പരിപാലിക്കാനും ചായ ഉത്പാദിപ്പിക്കാനുമെല്ലാം അതിവിപുലമായ ധനനിക്ഷേപം വേണം.   `രണ്ടിലയും ഒരു ഞെട്ടും` നുള്ളാൻ സമർഥരായ തൊഴിലാളികൾ വേണം.   തേയിലത്തോട്ടത്തിന്റെ പരിസരത്തുതന്നെ, പറിച്ച ഇലകൾ പാകപ്പെടുത്താനും വറക്കാനും ചുരുട്ടാനും അരിയാനും പൊടിക്കാനും പൊതിയാനുമെല്ലാമുള്ള ഫാക്റ്ററി വേണം.   സ്വന്തം ആവശ്യത്തിന്‌ ഒന്നോ രണ്ടോ ചെടിവച്ചോ ഒരു ചെറുകിടവ്യവസായമായോ തേയിലക്കൃഷിയോ ചായ ഉത്പാദനമോ സാധ്യമല്ല.   നമുക്കാകപ്പാടെ ചെയ്യാൻ കഴിയുന്നതോ കുറെ ചായപ്പൊടി വാങ്ങി ചായ ഉണ്ടാക്കി മൊത്തിക്കുടിക്കാൻ മാത്രം.

ചൈനയും ഇന്ത്യയുമാണ്‌ തേയില ഉത്പാദനത്തിന്റെ ഒന്നാം നിരയിൽ.   അതുകഴിഞ്ഞാൽ ശ്രീലങ്ക, കിനിയ, മൗറീഷ്യസ്‌. ലാറ്റിനമേരിക്ക തുടങ്ങി വളരെക്കുറച്ചു സ്ഥലങ്ങളിലേ തേയിലക്കൃഷി കാര്യമായുള്ളൂ.   അതിൽതന്നെ ചൈന `ഗ്രീൻ ടീ`യിലാണ്‌ (പച്ചച്ചായ) കേന്ദ്രീകരിച്ചിരിക്കുന്നത്‌.   പാകപ്പെടുത്തിയ തേയിലയ്ക്ക്‌ നമ്മളാണ്‌ പ്രധാനോത്പാദകർ.    കേരളത്തിലെ മൂന്നാർ, തമിഴ്നാട്ടിലെ നീലഗിരി, അസം, ഡാർജീലിങ്ങ്‌ എന്നിവിടങ്ങളിലെ ചായ സ്വാദിലും കടുപ്പത്തിലും ഒറ്റയ്ക്കൊറ്റയ്ക്ക്‌, ഒന്നിനുമീതെ ഒന്നായി കേളിപ്പെട്ടിരിക്കുന്നു.  പൊടിച്ചായ, ഇലച്ചായ, കൂട്ടുചായ, പച്ചച്ചായ എല്ലാം നാം ഉത്പാദിപ്പിക്കുന്നുണ്ട്‌.   (ഒരുതരം `മഞ്ഞച്ചായ`യും ആകസ്മികമായി കണ്ടെത്തിയിട്ടുണ്ടത്രേ ചില രാജ്യങ്ങളിൽ.)

ചായക്കൃഷി മുൻപേ ഉണ്ടായിരുന്നെങ്കിലും, 1950-ഓടുകൂടിയേ ചായകുടി ഇന്ത്യയിൽ പരക്കെ പ്രചരിച്ചുള്ളൂ.   അതുവരെ അത്‌ ബ്രിട്ടീഷുകാരുടെയും ധനികരുടെയും മാത്രം പാനീയവും വിലപ്പെട്ടൊരു കയറ്റുമതിച്ചരക്കും ആയിരുന്നു.   വെള്ളക്കാരെ കളിയാക്കി ഒരു പദ്യവും പഠിച്ചിരുന്നു എന്റെ മൂന്നാംക്ളാസ്സിൽ.   അതിങ്ങനെ:   ചായ, ചായേതി ചായേതി ജപിക്കയും ചായയെത്തന്നെ മനസി ചിന്തിക്കയും (`...ശരണം പറകയും` എന്നു പാഠഭേദം).... ചുക്കുവെള്ളത്തിനും കൂടിപ്പകരമായ്‌ മൂക്കറ്റമെപ്പോഴും ചായ കുടിക്കയും”... (സഞ്ജയൻ ആണ്‌ അതിന്റെ കർത്താവ്‌ എന്ന്‌ അടുത്തിടെയാണ്‌ മനസ്സിലാക്കിയത്‌).   ചായയാകുന്നതു സാക്ഷാൽ പരബ്രഹ്മം, ചായയില്ലാതെയീലോകം നടക്കുമോഎന്നൊരു ഉത്തരഭാഗവും കണ്ടു (ഇത്‌ സഞ്ജയന്റേതായി പറയുന്നുണ്ടെങ്കിലും തികച്ചും തിട്ടമില്ല).

പരസ്യങ്ങളിൽക്കൂടിയും മറ്റു വിപണനതന്ത്രങ്ങളിൽകൂടിയും നമ്മെയും ചായകുടിയൻമാരാക്കി തേയിലമുതലാളികൾ.   പ്രസിദ്ധ കന്നഡസാഹിത്യകാരനായ ശ്രീകൃഷ്ണ ആലനഹള്ളിയുടെ `ഭുജംഗയ്യന്റെ ദശാവതാരങ്ങൾ` (`ഭുജംഗയ്യന ദശാവതാര`) എന്ന നോവലിൽ ചായകുടി എങ്ങനെ നമ്മുടെ ശീലമായി എന്നു വിവരിക്കുന്നുണ്ട്‌.   `ചായക്ളബ്ബു`കളും `കാപ്പിക്ളബ്ബു`കളും തലങ്ങും വിലങ്ങും  സ്ഥാപിക്കപ്പെട്ടു.   പിന്നീട്‌ `ചായക്കട`കൾ ജനകീയമാവുകയും `കോഫി ഹൗസു`കൾ വരേണ്യത നേടുകയും ചെയ്തതു വേറൊരു കഥ.

നമ്മളും ബ്രിട്ടീഷുകാരുമാണ്‌ പാലും പഞ്ചസാരയും ചേർത്തുള്ള  ചായകുടിയിൽ പ്രമാണിമാർ.   മറ്റു യൂറോപ്യൻമാർക്കെല്ലാം കാപ്പിയാണു പഥ്യം.      അമേരിക്കക്കാർ ഇടവേളകളിൽ കോള കുടിച്ചു രസിക്കുന്നു.   അതിശൈത്യമുള്ള സ്കാന്റിനേവിയൻ പ്രദേശങ്ങളിൽ കട്ടൻകാപ്പി ഇടതടവില്ലാതെ കുടിക്കും, മധുരം വേണമെങ്കിൽമാത്രം ഒരു കഷ്ണം ചോക്ളേറ്റു കടിക്കും.   തണുത്തുറയുന്ന റഷ്യൻരാജ്യങ്ങളിൽ കടുംമദ്യത്തോടു മത്സരിക്കാൻ മറ്റൊന്നില്ല.   ചൈനക്കാരും ജപ്പാൻകാരുമെല്ലാം ഗ്രീൻ ചായക്കാരാണ്‌.   നമ്മുടെ ചുക്കുവെള്ളംപോലെ, ആഹാരത്തിനിടയിലും അല്ലാത്തപ്പോഴും മോന്തും.   `സുലൈമാനി` വെറും പാവം.   മുസ്ളിം രാജ്യങ്ങളിൽ സുഗന്ധവസ്തുക്കൾചേർത്ത കാപ്പിയും ചായയും പ്രധാനം.   നമ്മുടെ ഭാരതത്തിൽതന്നെ വടക്കൻമാർ, പ്രത്യേകിച്ചും ഗുജറാത്തികൾ, മധുരമുറ്റുന്ന മസാലച്ചായക്കാരാണ്‌.   ഇംഗ്ളീഷ്‌-ചായ നേർത്തുവിളർത്തത്‌.   അതിൽ തന്നെ, `ഹണ്ടേർസ്‌ ടീ` എന്നൊന്നുണ്ട്‌; പാലും പഞ്ചസാരയും പേരിനൊന്നു കാട്ടിയൊരു നീളൻചായ.   എന്നാൽ ഇടത്തും വലത്തും മേലേക്കും താഴേക്കും പാത്രം കമഴ്ത്തി നീട്ടിവലിക്കുന്ന `ഇലാസ്റ്റിക്‌` ചായ മലയാളികളുടെ സ്വന്തം.

പ്രചരണമായിത്തുടങ്ങിയത്‌ ഒരു പ്രസ്ഥാനമായി.   പ്രസ്ഥാനം വിട്ട്‌ നിത്യശീലമായി.  അതൊരു സാംസ്ക്കാരിക ചിഹ്നമായി. `ചായകുടിച്ചോ?`, `ചായ എടുക്കട്ടെ?` എന്നതൊക്കെ ഉപചാരമായി.   ചായകുടി  അത്യധികമായൊരു ആചാരം തന്നെയായി ജപ്പാനിൽ.

തേയിലയെപ്പോലെ തന്നെ വൈവിധ്യമാർന്നതാണ്‌ കുടിക്കാൻ ചായ ഉണ്ടാക്കലും.   പലതരം ചായകൾ - ഗ്രീൻ ടീ, ബ്ളാക്ക്‌ ടീ, കോൾഡ്‌ ടീ, പാൽച്ചായ, മസാലച്ചായ - ഇവയെക്കൂടാതെ `പൊടിച്ചായ` എന്നൊന്നും ഞാൻ ആദ്യമായി കേട്ടതും കണ്ടതും  കുടിച്ചതും മലബാറിലാണ്‌.   ചൂടുപാലിൽ ചായപ്പൊടിയിട്ടുകലക്കി അരിക്കാതെ കുടിക്കുന്ന കട്ടിച്ചായ.    ഇന്നിപ്പോൾ ഏലച്ചായ, തുളസിച്ചായ, ഹെർബൽ ചായ എന്നിങ്ങനെ വൈവിധ്യവുമായി.   പണ്ടത്തേത്‌ വെറും കാലിച്ചായ.   വടക്കോട്ടുപോയാൽ അരച്ചായ ആയി - വൺ-ബൈ-ടു (അതൊരു പിശകാണ്‌; ടു-ബൈ-വൺ എന്നാണു പറയേണ്ടത്‌), കട്ട്‌-ചായ എന്നൊക്കെ കേൾക്കാം.

ചായകുടിക്കും വർഗവ്യത്യാസങ്ങളുണ്ടായി.   കപ്പും സോസറും, വെറും കോപ്പ, പിത്തളഗ്ളാസ്സ്‌, സ്റ്റീൽ ടംബ്ളർ, കുപ്പിഗ്ളാസ്സ്‌, മഗ്ഗ്‌, മൺപാത്രം എന്നൊക്കെ വിവിധതലങ്ങൾ.    ഇതിൽ അവസാനം പറഞ്ഞത്‌, `കുളാർ` എന്ന മൺപാത്രം, ആവശ്യംകഴിഞ്ഞ്‌ എറിഞ്ഞുടയ്ക്കുന്നത്‌ ദു:ഖകരമായിത്തോന്നി.   ആദ്യാനുഭവം അങ്ങ്‌ ഉത്തരപ്രദേശത്തായിരുന്നു.   വർഗവെറി മാത്രമല്ല, ജാതിഭ്രാന്തും ഇതിനുപിന്നിലുണ്ട്‌.   ഇങ്ങു തെക്ക്‌ തമിഴ്നാട്ടിൽപോലും കീഴാളർക്ക്‌ ചായ വാങ്ങാൻ സ്വന്തം പാത്രം കൊണ്ടുപോകണമായിരുന്നത്രേ ഒരുകാലത്ത്‌.

ഞാൻ എന്നാണ്‌ ആദ്യമായി ചായ കുടിച്ചത്‌ഓർമയില്ല.  ഓർമവച്ചനാൾമുതൽ വീട്ടിൽ ചായയുണ്ട്‌.   അതിരാവിലെ ഒരു വലിയ മൊന്തനിറയെ ചായ വിറകടുപ്പിന്റരികെ ഉണ്ടാക്കിവച്ചിരിക്കും.   ഉറക്കമുണർന്നു പല്ലുതേപ്പും കഴിഞ്ഞ്‌ വരുന്നവർ വരുന്നവർ ടംബ്ളറിലൊഴിച്ചു കുടിക്കും.   ചൂടും കടുപ്പവും സ്വാദും മധുരവുമൊക്കെ   ഓരോ ദിവസവും ഓരോ വിധം.   ആർക്കും അതൊരു പ്രശ്നമായിരുന്നില്ല.

എന്തുകൊണ്ടോ കാപ്പി കുടിക്കുന്നത്‌ അമ്മ മാത്രമായിരുന്നു; അതായിരുന്നത്രേ അമ്മവീട്ടിലെ ശീലം.   ഇടയ്ക്കൊക്കെ ഞാനും കൂടും പങ്കുപറ്റി.   പിന്നെപ്പിന്നെ തനിച്ചായി പരിപാടി.   കാപ്പിക്കുരു വറക്കുന്നതുമുതൽ വീട്ടിലെ കൊച്ചു കൈമെഷീനിലിട്ടു കറക്കിപ്പൊടിച്ച്‌ കോഫി-ഫിൽറ്ററിൽ നിറച്ച്‌ പാലുകാച്ചി കാപ്പി കൂട്ടുന്നതുവരെ.   പലതരം പരീക്ഷണങ്ങളും അന്നു നടത്തിയിരുന്നു - കാപ്പിയിൽ നെയ്‌ ചേർക്കുക, കൊക്കോപ്പൊടി വിതറുക, എന്നിങ്ങനെ.   എന്നാൽ ചായയിൽ കസ്റ്റേർഡ്‌-പൊടി ചേർക്കുന്നത്‌  എന്റെ ചേട്ടന്റെ കണ്ടുപിടുത്തമായിരുന്നു.   (അച്ഛന്റെ സ്വന്തം ബിസ്ക്കറ്റ്‌ ഫാക്റ്ററിയിൽ നിന്നുള്ള പ്രചോദനമായിരുന്നു, കൊക്കോപ്പൊടിയും കസ്റ്റേർഡ്‌ പൊടിയും.   പരീക്ഷണത്തിനായി അച്ഛൻ എന്തും വിട്ടുതരുമായിരുന്നു.)

ഇതൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ വേനലവധിക്കാലത്ത്‌.   കടയിൽനിന്നു ചായപ്പൊടി മേടിക്കാൻ ഞാനായിരുന്നു മുമ്പൻ   കണ്ണൻദേവൻതൊട്ട്‌ ലിപ്ടണും ബ്രൂക്ക്‌-ബോണ്ടും കഴിഞ്ഞ്‌ ടാറ്റ-ഫിൻലേ വരെ എല്ലാ ചായപ്പൊടികളും ഇലച്ചായകളും ഞാൻ സംഘടിപ്പിക്കും.   (അന്ന്‌ ഗ്രീൻ-ടീ പ്രചാരത്തിലായിട്ടില്ല.)   `ത്രീ റോസസ്‌` എന്നൊരു ചായയുണ്ടായിരുന്നു അന്ന്‌.   ഇന്ന്‌ മാർക്കറ്റിലില്ലെങ്കിലും ആ കച്ചവടമുദ്ര ആർക്കും കൈമാറിയിട്ടില്ല എന്നാണറിയുന്നത്‌.   ചായപ്പാക്കറ്റിന്റെ ഭംഗിയായിരുന്നു രുചിയേക്കാൾ എനിക്കാകർഷണം.    അങ്ങനെ ഒരുമാതിരി എല്ലാത്തരം ചായയും ഞാൻ സ്വാദുനോക്കിയിട്ടുണ്ടന്ന്‌.   പറ്റുമെങ്കിൽ രണ്ടോ മൂന്നോ ചായത്തരങ്ങൾ ഒന്നിച്ചുചേർത്ത്‌ ചായ ഉണ്ടാക്കൽ എന്റെ വിനോദമായിരുന്നു; ഇന്നും അതെ.

ഞാൻ പണിയെടുത്തിരുന്ന സി.എസ്‌.ഐ.ആർ. ശാസ്ത്രഗവേഷണക്കൂട്ടത്തിൽ തേയിലഗവേഷണത്തിനു മാത്രമായി ഒരു സ്ഥാപനമുണ്ട്‌.   അതിലെ ഒരു മുതിർന്ന ശാസ്ത്രജ്ഞൻ ശരിക്കെങ്ങനെ ചായ ഉണ്ടാക്കണമെന്ന്‌ ഒരിക്കൽ വിവരിച്ചു തന്നു.   ആദ്യം വെള്ളം തിളപ്പിക്കണം.   എന്നാൽ തിളയ്ക്കുന്ന വെള്ളത്തിൽ ഉടൻ ചായപ്പൊടി ഇടരുത്‌.   ഒരു കപ്പിന്‌ ഒരു ടീ-സ്പൂൺ എന്ന അളവിൽ ചായ ചേർത്തിളക്കണം.   ഒരു സ്പൂൺ അധികം പാത്രത്തിനുവേണ്ടിയും.   എന്നിട്ടടച്ചുവയ്ക്കണം മൂന്നു മിനിറ്റ്‌.   പിന്നെ അരിച്ചെടുത്ത്‌ ഓരോ കപ്പിലുമൊഴിച്ച്‌ വേണമെങ്കിൽ അപ്പോൾ തിളപ്പിച്ച പാലും ആവശ്യാനുസരണം ഒന്നോ രണ്ടോ ടീ-സ്പൂൺ പഞ്ചസാരയും ചേർത്തിളക്കണം.   പാലും പഞ്ചസാരയും ആദ്യമേ ചേർത്ത്‌ ചായക്കോപ്പയിൽ പതപ്പിച്ചുമൊഴിക്കാം.   അതിന്‌ വേറൊരു രുചിയായിരിക്കുമത്രേ.

വേറെയും പലേ വിധങ്ങളുണ്ട്‌ ചായ ഉണ്ടാക്കാൻ, ചായയിടാൻ, ചായകൂട്ടാൻ, ചായകാച്ചാൻ!   ചായവെള്ളം രുചിച്ചുനോക്കി ഗുണവും വിലയും നിർണയിക്കുന്നു അതിനിപുണരായ `ടീ-ടേസ്റ്റർ`-മാർ.   ഒടുക്കത്തെ ശമ്പളമാണ്‌ ഇപ്പണിക്കു നൽകുക.

പണ്ടത്തെ ടാറ്റ-ഫിൻലേ എന്ന ബ്രാന്റ്‌ ഇന്നില്ല.   ഇന്നത്തെ `ടാറ്റ-ഗോൾഡ്‌`-ന്‌ അതിന്റെ സമാനതകളുണ്ട്‌.   പണ്ട്‌ നമ്മെ ചായകുടിപ്പിച്ച ബ്രിട്ടീഷ്‌ കമ്പനിയുടെ കച്ചവടം മുഴുവൻ നമ്മുടെ ടാറ്റ വിലയ്ക്കു വാങ്ങിയത്‌ കാവ്യനീതിയെന്നോ ചരിത്രനീതിയെന്നോ ഒക്കെ നിങ്ങൾക്കു വിളിക്കാം.  ടാറ്റ ഇംഗ്ളണ്ടിൽപോയി ടെറ്റ്ലി-ക്കമ്പനി വാങ്ങിയ കഥ ഒരു ചരിത്രസംഭവം മാത്രമല്ല, ചരിത്രത്തിന്റെ അനിവാര്യമായ പുനരാവർത്തനം കൂടിയാണ്‌.

എന്റെ കാര്യമാണ്‌ - ചായ കുറച്ചു മോശമായാലും കുടിക്കാം .  കാപ്പി അങ്ങനെയല്ല; നന്നായാലേ കുടിക്കാനാകൂ.   എന്തുകൊണ്ടോ ഇൻസ്റ്റന്റ്‌-കോഫി പോലെ ഇൻസ്റ്റന്റ്‌-ചായ പ്രചാരത്തിലായില്ല.   `ഉടന്തടി` അടുത്തൊന്നും ഉണ്ടാകുമെന്നും തോന്നുന്നില്ല.   നമ്മൾ `ടീ-ബാഗ്‌` വരെയേ എത്തിയിട്ടുള്ളൂ.

`ബോസ്റ്റൺ ടീ പാർട്ടി` ഒരു തേയില-സത്കാരമേയല്ലായിരുന്നു എന്നൊന്നും മര്യാദയ്ക്കു ചരിത്രം പഠിക്കാത്ത എനിക്ക്‌, കഴിഞ്ഞദിവസം ടി. പത്മനാഭന്റെ `മരയ` എന്ന ചെറുകഥയിൽ `തേയിലസത്ക്കാരം` എന്ന എന്നേ മറന്നുപോയ വാക്കു കണ്ടപ്പോഴാണ്‌ ഇതെഴുതാൻ തോന്നിയത്‌.   പണ്ടൊക്കെ ഒരു കല്യാണത്തിനോ പുരവയ്പ്പിനോ പെൻഷൻപറ്റുന്നതിനോ മാത്രമായിരുന്നു `തേയില-സത്കാരം` അല്ലെങ്കിൽ `ടീ-പാർട്ടി`.   ഇന്നോ?

`ചായ്‌-പാനി`-സംസ്ക്കാരം പടർന്നു പന്തലിച്ചു നിൽക്കുന്ന ദില്ലിനാട്ടിലെ സർക്കാർ-ഓഫീസുകളുടെ സ്ഥിരം മണം ചായമണം.   ഏതോഫീസിലും ഏതു സമയത്തും ചായവിളമ്പുന്നുണ്ടാവും.   ലോകത്തെവിടെയുമുള്ള ഇൻഡ്യൻ-എംബസ്സികളിൽപോലും ചായമണമില്ലാതിരിക്കില്ലപോൽ.

ഒരു ദില്ലിക്കഥയുണ്ട്‌.   ഭാരതസർക്കാറിന്റെ അതിസുരക്ഷാനിയന്ത്രണമൊക്കെയുള്ള നോർത്ത്‌-ബ്ളോക്ക്‌ കെട്ടിടസമുച്ചയത്തിൽനിന്ന്‌ ഒരോ ദിവസവും ഓരോ ഉദ്യോഗസ്ഥനെ കാണാതാവുന്നു.   കോണിപ്പടിച്ചുവട്ടിൽ എങ്ങിനെയോ ഒരു പുലി വന്നുപെട്ടിരുന്നു.   അതായിരുന്നു ഓരോരുത്തരെ കൊന്നു തിന്നിരുന്നത്‌.   ദിവസങ്ങളായിട്ടും ആരുമറിയുന്നില്ല, ആരും അന്വേഷിക്കുന്നുമില്ല.   അതങ്ങനെയാണല്ലോ, കസേരപ്പിറകിൽ കോട്ടും തൂക്കിയിട്ട്‌ പുറത്തുപോയി തന്റെ പണി ഒഴിച്ച്‌ ബാക്കി എല്ലാ കാര്യങ്ങളും കയ്യാളുന്നവരാണല്ലോ ദില്ലി ഗുമസ്തർ.   എന്നാൽ ഒരു ദിവസം പുലിക്കൊരു അബദ്ധം പറ്റി.   ഗുമസ്തനു പകരം ചായക്കാരൻപയ്യനെ വെട്ടിവിഴുങ്ങി.   അതോടെ ഓഫീസിലാകെ അങ്കലാപ്പായി.   കാരണം ചായയില്ല.   ഉദ്യോഗസ്ഥർ കൂട്ടത്തോടെ അന്വേഷിച്ചിറങ്ങി അവസാനം പുലിയെ കണ്ടെത്തി വകവരുത്തിയത്രേ.

Monday, 22 May 2017

`ടി`

ലോകത്തിൽ ഏറ്റവുമധികംപേർ ഉടുക്കുന്ന വസ്ത്രമേതെന്നാൽ അത്‌ `ടി` ഷർട്ടാണ്‌.    ഇംഗ്ളീഷിലെ `T` എന്ന അക്ഷരത്തിന്റെ രൂപത്തിൽ ഉടലും കയ്യും മാത്രമായുള്ള ആ സിംപിൾ കുപ്പായം.   ആണെന്നോ പെണ്ണെന്നോ ഭേദമില്ലാതെ ആരും ധരിക്കും; ഒരുമാതിരി എല്ലാ സന്ദർഭങ്ങളിലും.   ചൂടിന്‌ ഒറ്റവസ്ത്രമായി.    തണുപ്പാണെങ്കിൽ അകത്തുമാകാം.   പണിയെടുക്കാനും വിശ്രമിക്കാനും യാത്രചെയ്യാനും കളിക്കാനും കൂത്താടാനുമെല്ലാമാവാം.   വീട്ടിനകത്താവാം, പുറത്താവാം.   കുറഞ്ഞ വില.   കനത്ത ഉപയോഗം.   ഒരുക്കാനും ഉടുക്കാനും കൊടുക്കാനും കഴുകാനും കളയാനും എളുപ്പം.   നിത്യനൂതനം.    എല്ലാംകൊണ്ടും കുതിച്ചുയരുന്ന ലോകവ്യവസ്ഥിതിയിൽ കൂസലില്ലായ്മയുടെ പര്യായമായി `ടി`.

വസ്ത്രം ഒരു മറയാകുന്നുന്നു.   സ്ഥലകാലവ്യവസ്ഥകൾക്കൊത്ത രണ്ടാംതൊലിയാകുന്നു.   അതേസമയം നാം അണിയുന്ന വസ്ത്രം നമ്മുടെ അകത്തെ മനുഷ്യന്റെ ബഹിർസ്ഫുരണവുമല്ലേ എക്കാലത്തും?

നമ്മുടെ വസ്ത്രധാരണം എത്രകണ്ടു മാറി!   പണ്ടത്തെ `യൂണിസെക്സ്‌` ( എന്നുവച്ചാൽ ലിംഗവ്യത്യാസമില്ലാത്ത) `മുണ്ടും രണ്ടാമുണ്ടും` എന്നതിൽ തുടങ്ങിയതാണ്‌.   പിന്നീട്‌ പെണ്ണുങ്ങൾ സാരി തിരഞ്ഞെടുത്തപ്പോൾ ആണുങ്ങൾ ഷർട്ടെടുത്തിട്ടു.     ആണുങ്ങൾ പാന്റുടുത്തപ്പോൾ സ്ത്രീകളും, അൽപം വൈകിയെങ്കിലും, ചുരിദാറിലേക്കും പിന്നെ ലെഗ്‌-ഇന്നിലേക്കും ചേക്കേറി.   നഗരങ്ങളിൽ ആൺ-പെൺഭേദമില്ലാതെ ജീൻസും ടി-ഷർട്ടും മുക്കാലുറയും പ്രചരിച്ചു.   വീട്ടിലാണെങ്കിൽ ലുങ്കിയും നൈറ്റിയുമായി മാറി ആൺ-പെൺ വേഷങ്ങൾ.  വിശേഷാവസരങ്ങളിൽമാത്രം പൗരാണിക-വസ്ത്രങ്ങളും മോഡേൺ-ഡ്രെസ്സുകളും ഉപയോഗിക്കപ്പെട്ടു.

എന്റെ കോണകക്കാലം എനിക്കോർമയില്ല.   വള്ളിനിക്കറും അരക്കയ്യൻഷർട്ടുമായി തുടക്കം.   അതുമാറി അരയിൽമുറുക്കുന്ന അരക്കാലൻ- ട്രൗസറായപ്പോൾ ഇടയ്ക്കൊക്കെ ഒരു മുഴുക്കയ്യൻ ഷർട്ടെല്ലാം കിട്ടി (ഫാഷൻ എന്നതിനേക്കാളേറെ, വാങ്ങിയ തുണി പാഴാകാതിരിക്കാനായിരുന്നു മുഴുക്കയ്യ്‌ എന്നതു മനസ്സിലാക്കണം).   അത്‌ സ്കൂൾ കാലത്ത്‌.   അന്ന്‌ കായികപരിശീലകൻമാത്രമായിരുന്നു അധ്യാപകരിൽ കാലുറയിട്ടു വന്നിരുന്നത്‌.    കോളേജിൽ ചേർന്നപ്പോൾ ആദ്യവർഷം പോലും  ഞാൻ അരക്കാലൻ-ട്രൗസറിലായിരുന്നു.   അധികം വൈകാതെ നാട്ടുനടപ്പനുസരിച്ച്‌ മുണ്ടിലേക്കു മാറി.   ജഗന്നാഥൻഎന്നും `മല്ല്‌` എന്നും വിളിച്ചിരുന്ന, യഥാക്രമം താഴ്ന്നതും മുന്തിയതുമായ  തുണിത്തരങ്ങൾ വെട്ടി വക്കടിച്ചുണ്ടാക്കിയിരുന്ന ഒറ്റമുണ്ട്‌.   കരമുണ്ടും ഡബിൾ മുണ്ടും വലിയവർക്കുമാത്രം.   പട്ടണക്കുട്ടികൾമാത്രം കാലുറയിട്ടു ക്ളാസ്സിൽ വന്നു.   ഒരു മാതിരി അധ്യാപകരെല്ലാം മുണ്ടിലായിരുന്നു.   (അസ്സലിംഗ്ളീഷിൽ `ട്രൗസേർസ്‌`, `പാന്റ്സ്‌` എന്നൊക്കെയാണ്‌ എന്നു പറയേണ്ടതില്ലല്ലോ.)

ബിരുദാനന്തരപഠനകാലത്ത്‌, കടലിലെ പരിശീലനത്തിന്‌ കാലുറ നിർബന്ധമായിരുന്നു.   അങ്ങനെ ഞാൻ ആദ്യത്തെ കാലുറയിട്ടു.   ഞാനടക്കം, ക്ളാസ്സിൽ മുണ്ടുടുത്തു വരുമായിരുന്ന മൂന്നോ നാലോ വിദ്യാർഥികൾ മാത്രമേ അന്ന്‌ ഞങ്ങളുടെ സമുദ്രശാസ്ത്രവിഭാഗത്തിൽ ഉണ്ടായിരുന്നുള്ളൂ.   പിന്നെ ഒന്നുരണ്ട്‌ അധ്യാപകരും അഞ്ചാറ്‌ ഓഫീസ്‌-ഉദ്യോഗസ്ഥരും.

ജോലിക്കായി നാടുവിട്ടപ്പോഴാണ്‌ നിത്യേന പാശ്ചാത്യവസ്ത്രം വേണ്ടിവന്നത്‌.     പുറംരാജ്യങ്ങളിലും ചിലപ്പോൾ നമ്മുടെ നാട്ടിലും ചില ഔദ്യോഗികവേളകളിൽ വിദേശരീതിയിൽതന്നെ കെട്ടിയൊരുങ്ങേണ്ടിയും വന്നു.   തീർത്തും അനാവശ്യവും അസുഖകരവും അരോചകവുമായി തോന്നിയിരുന്നു ആ വസ്ത്രങ്ങളെനിക്ക്‌.

അങ്ങനെയിരിക്കുമ്പോഴാണ്‌ `ടി`ഷർട്ട്‌ - `ജീൻസ്‌`കാലുറ എന്നിവ വമ്പിച്ച പ്രചാരത്തിലാവുന്നത്‌.   അതൊരു സംഭവമായിരുന്നു.   ആദ്യം അരക്കളസവും മുഴുക്കളസവുമായിരുന്നു `ടി`-ഷർട്ടിനു കൂട്ടിനുണ്ടായിരുന്നത്‌.   ആ സ്ഥാനം, പിന്നീട്‌ മുക്കാൽകളസം (`ത്രീ-ഫോർത്ത്‌` എന്ന ഇടനിലക്കാരൻ) അടിച്ചുമാറ്റിക്കൊണ്ടുപോയി.   പണ്ട്‌ മുണ്ട്‌ എല്ലാവരുടെയും വസ്ത്രമായിരുന്നപോലെ ഇന്ന്‌ ടി ഷർട്ടും കുഞ്ഞിക്കളസവും എല്ലാവരുടേയുമായി.

അല്പം ചരിത്രം.   അമേരിക്കൻനാടുകളിൽ പത്തൊമ്പതാംനൂറ്റാണ്ടിലെ അടിവസ്ത്രമെന്നതിൽനിന്നും പണിവസ്ത്രമെന്നതിൽനിന്നും, ഒരു പൊതുവസ്ത്രമായി വളർന്നതാണു `ടി`.   ടി-ക്കും ഒരുപാടു രൂപഭേദങ്ങളും ഭാവഭേദങ്ങളും ഉണ്ടായിട്ടുണ്ട്‌, കാലാകാലങ്ങളിൽ - കൈനീളവും കൈവണ്ണവും കൂടിയും കുറഞ്ഞും; കീശയും കോളറും വന്നും പോയും; കഴുത്ത്‌ വട്ടമായും വർത്തുളമായും ചതുരമായും ത്രികോണമായും.   തുണിയുടെ തരവും മാറി, നെയ്ത്തിന്റെ വിധവും മാറി - തുന്നലിന്റെ വിധിയും.   വെറും തുണിയിൽ തുടങ്ങി നിറപ്പകിട്ടിലേക്കും ചിത്രപ്പണിയിലേക്കും ടി-ഷർട്ട്‌ ചെന്നെത്തി.   അക്ഷരങ്ങളും അക്കങ്ങളും വാക്യങ്ങളും വരകളും ടി-ഷർട്ടിൽ ഇടം നേടി - പരസ്യവും പ്രതിഷേധവും പരിഹാസവും പ്രചരണവും പ്രിയവും അപ്രിയവും എല്ലാം.   `പ്രകടനകല` എന്നതിനപ്പുറം, `ഉടുക്കാവുന്ന കല` എന്നു വരെ ടി-ഷർട്ട്‌ പ്രകീർത്തിക്കപ്പെട്ടു.   അവയുടെ മുൻപിലും പിൻപിലും എഴുതിക്കൂട്ടുന്ന വാക്കുകളും വരയ്ക്കപ്പെടുന്ന ചിത്രങ്ങളും ഞാൻ ശ്രദ്ധാപൂർവം നിരീക്ഷിക്കാറുണ്ട്‌ (ഈ വയസ്സുകാലത്തും വായ്നോട്ടത്തിനു  തട്ടുകിട്ടുമോ എന്തോ.   വളരെ രസകരമായിത്തോന്നിയവ, പക്ഷെ, ഇവിടെ എഴുതാൻ കൊള്ളില്ല).

സ്ക്രീൻ-പ്രിന്റിംഗും പ്രോസസ്സ്‌-പ്രിന്റിംഗും ഹീറ്റ്‌-ട്രാൻസ്ഫറും എല്ലാം പരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌, ടി-ഷർട്ടിനെ വർണാഭവും വാങ്മയവുമാക്കാൻ.   നമ്മുടെ `ബാന്ധ്നി` പാരമ്പര്യത്തിലെ `കെട്ടുകെട്ടി നിറംമുക്കൽ` പോലും ടി--ഷർട്ട്‌ നിർമാണത്തിൽ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്‌.

ഉഷ്ണമേഖലയിലെ ദ്വീപസമൂഹങ്ങളിൽപെട്ട കരീബിയൻ-നാട്ടുകാർക്ക്‌ ടീ-ഷർട്ട്‌ ഒരാവശ്യവും അഭിനിവേശവും ആവേശവും ആണ്‌.   അവിടത്തെ താമസക്കാലത്ത്‌, എന്റെ അനവധി വരകൾ ഒരു സഹപ്രവർത്തകൻ തന്റെ സുഹൃത്തിനുവേണ്ടി കൊണ്ടുപോയി, ടി-ഷർട്ടിലെ ഡിസൈനാക്കാൻ.   അമേരിക്കക്കാരുടെ അക്രമപരവൂം ആഫ്രിക്കക്കാരുടെ അസ്തിത്വപരവുമായ ചിത്രീകരണങ്ങൾക്കിടയിൽ, ഭാരതീയരുടെ ആത്മപരമായ ആലേഖനങ്ങൾ അവരെ ആകർഷിച്ചതാവാം.

ടി-ഷർട്ടും, അതിന്റെ കൂടെ ജീൻസും ബെർമുദയും ത്രീഫോർത്തും, ആഗോളവസ്ത്രമായിക്കഴിഞ്ഞു.   ആബാലവൃദ്ധം, ആസേതുഹിമാചലം നമ്മളും അതേറ്റുവാങ്ങിയിട്ടുണ്ട്.   അസ്തിത്വവും ആത്മീയതയും ആശാസ്യതയും അസ്പൃശ്യതയും ഒന്നും അതിനെ പ്രതിരോധിച്ചില്ല.

ഇത്തരം ചില കാര്യങ്ങൾക്കെങ്കിലും `അമേരിക്ക` ഒരു ചീത്തവാക്കല്ല!

Monday, 8 May 2017

'കരയുന്നൂ, പുഴ ചിരിക്കുന്നൂ.....'


കുഞ്ഞുന്നാളിലേ സ്കൂളിൽ പഠിപ്പിച്ചിട്ടുള്ളതാണ്‌ നദികൾക്കു കുറുകെ അണക്കെട്ടുകൾ നിർമിക്കുന്നതിന്റെ പ്രയോജനങ്ങൾ:   ഒന്ന്‌, വെള്ളപ്പൊക്കം തടയാം.   രണ്ട്‌, ജലസേചനം സാധിക്കാം.   മൂന്ന്‌, വൈദ്യുതി ഉത്പാദിപ്പിക്കാം.   (നാലാമതൊന്നിനെപ്പറ്റി ആരും ഒന്നും അന്നും ഇന്നും പുറത്തു പറയാറില്ലല്ലോ).   ഭാരതം സ്വതന്ത്രമായതിനുപിന്നാലെ അണക്കെട്ടുകളുണ്ടാക്കാനുണ്ടായിരുന്ന ആക്കം പിന്നീടെപ്പോഴോ ലേശം മങ്ങി.   പ്രത്യേകിച്ച്‌ വൈദ്യുതിനിർമാണത്തിൽ.   ഭാവിയിലെ പാരിസ്ഥിതികാഘാതങ്ങളെപ്പറ്റിയുള്ള പേടിയേക്കാൾ, പുത്തൻ താപ-ആണവ-പാരമ്പര്യേതര-സാങ്കേതികവിദ്യകളുടെ കമ്പോളപ്രസരം ജലവൈദ്യുതപദ്ധതികൾക്കു ഒട്ടൊക്കെ തടയിട്ടു.

താത്കാലികവും ദൂരവ്യാപകവും മൂർത്തവും അമൂർത്തവുമായ അപായം അശേഷം കുറഞ്ഞതും സാമ്പത്തികവും സാമൂഹികവുമായി തികച്ചും ആദായകരവുമാണ്‌ ജലവൈദ്യുതപദ്ധതികൾ.   താപനിലയങ്ങളുടെ പലവിധ പാരിസ്ഥിതികാഘാതവും ആണവനിലയങ്ങളുടെ അപാരമായ അപായസാധ്യതയും അവയ്ക്കില്ല.   എങ്കിലും നദികളുടെയും നദീമുഖങ്ങളുടെയും  പുഴകളുടെയും അരുവികളുടെയും ചോലകളുടെയും വെള്ളച്ചാട്ടങ്ങളുടെയുമൊക്കെ ദുരുപയോഗങ്ങളുമായി കൂടിച്ചേരുമ്പോൾ തടയണകളുടെ ഉദ്ദേശ്യലക്ഷ്യം പാളിപ്പോകുന്നു.

ഞാൻ പലപ്പോഴും ഉദ്ധരിക്കാറുള്ള ഒന്നാണ്‌, `മലയുടെ ധർമം നിൽപ്പും പുഴയുടെ ധർമം ഒഴുക്കും` ആണെന്നത്‌.   മലയിളകിയാൽ, ഇളക്കിയാൽ, തീർന്നൂ മനുഷ്യവാസത്തിന്റെ കാര്യം.   പുഴ നിന്നാൽ തീർന്നൂ മനുഷ്യജീവന്റെ തന്നെ കാര്യം.

നദീതടസംസ്ക്കാരം എന്നതിനെപ്പറ്റിപ്പറയുമല്ലോ.   മനുഷ്യൻ മൃഗമെന്നതിൽനിന്നും കാട്ടാളനെന്നതിൽനിന്നും  കരകയറിയത്‌ കൃഷിക്കു  കലപ്പയെടുത്തപ്പോഴാണ്‌.   പുഴകളൊഴുക്കിയ, പുഴകളൊരുക്കിയ, പോഷണങ്ങളുപയോഗിച്ച്‌ കൃഷിയിലൂടെ  മണ്ണിനെ പൊന്നാക്കി മാറ്റിയത്‌ മനുഷ്യചരിത്രത്തിലെ വൻവഴിത്തിരിവായിരുന്നു.   ഒറ്റയാൻ സമൂഹമായതും സമൂഹം സമ്പത്തായതും സമ്പത്ത്‌ സംസ്ക്കാരമായതും സംസ്ക്കാരം സാർവലൗകികമായതും നീർത്തടങ്ങളുടെ മടിത്തട്ടിലായിരുന്നു.

ഹെർമൻ ഹെസ്സ്‌-ന്റെ `സിദ്ധാർഥ` എന്നൊരു മഹത്തായ നോവലുണ്ട്‌ (അതൊരു സിനിമയായപ്പോൾ അതിലും നന്നായി).   അതിൽ സിദ്ധാർഥൻ നദി പഠിപ്പിച്ച പാഠത്തെക്കുറിച്ചു പറയുന്നുണ്ട്‌:  `മടുപ്പില്ലാതെ  കാത്തിരിക്കാൻ പഠിച്ചുവിശപ്പൊതുക്കി കുത്തിയിരിക്കാൻ പഠിച്ചു; മനസ്സടക്കി ചിന്തിക്കാൻ പഠിച്ചു`. ("I can wait, I can fast, I can think.")   നദികൾ നമ്മുടെ നാഡികളാണുപോൽ.   `നിളാദേവി നിത്യം നമസ്തെ` എന്ന്‌ നമ്മുടെ പൂർവികരും പ്രണമിച്ചു.

`മലകൾ പുഴകൾ ഭൂമിക്കുകിട്ടിയ സ്ത്രീധനങ്ങൾ...` എന്നും `പെരിയാറേ, പെരിയാറേ, പർവതനിരയുടെ പനിനീരേ...` എന്നും `പൂന്തേനരുവീ, പൊൻമുടിപ്പുഴയുടെ അനുജത്തീ...` എന്നും `ആയിരം പാദസരങ്ങൾ കിലുങ്ങി, ആലുവാപ്പുഴ പിന്നെയുമൊഴുകി...` എന്നും `സ്വർണ്ണപ്പൂഞ്ചോല, ചോലയിൽ, വർണ്ണത്തിരമാല...` എന്നും `ഒരു മലയുടെ താഴ്‌വരയിൽ, ഒരു കാട്ടാറിൻ കരയിൽ, താമസിക്കാൻ മോഹമെനിക്കൊരു താപസനെപ്പോലെ...` എന്നുമെല്ലാം നമ്മളും പാടിത്തിമിർത്തു.

എന്നിട്ടും പുഴകളെ നമ്മൾ കലക്കിയെടുത്തു.   കാടൊടുക്കി മഴയകറ്റി.   മരംവെട്ടി മണ്ണൊലിപ്പിച്ചു.   പുഴക്കടവുകളിൽ ചതിക്കുഴി തോണ്ടി.   മണ്ണെടുത്ത്‌ മരണക്കെണിയൊരുക്കി.   ഓരുവെള്ളത്തിൽ ഉപ്പായി.   നീരൊഴുക്ക്‌ നിർജീവമായി.   പനിനീർ പാഷാണമായി.

നമ്മുടെ പുഴകൾ ഇപ്പോൾ ചിരിക്കുന്നോ കരയുന്നോ?

പുഴയെക്കാത്ത്‌ കടൽ ക്ഷീണിച്ചു. കടൽത്തീരങ്ങൾ ശോഷിച്ചു.   `യഥാ നദി തഥാ സർവേ സമുദ്രേ...` എന്നവസാനിക്കുന്ന ഒരു ഗീതാവാക്യമുണ്ട്‌ - എല്ലാ നദികളും അവസാനം സമുദ്രത്തിലെത്തിച്ചേരുന്നു.   മറ്റൊരു ഭാഷ്യമാക്കിയാലും അതു ശരിയാണ്‌: `പുഴകളെപ്പോലെ കടൽ` ('Like the Rivers, like the Sea').   `യഥാ ബീജം തഥാങ്കുരം` എന്നുണ്ടല്ലോ.

നാലാംക്ളാസ്സിൽ, കേരളത്തിലെ എല്ലാ ആറുകളുടെയും പേരുകൾ കാണാപ്പാഠം പഠിക്കണമായിരുന്നു: `.....മീനച്ചിലാറ്‌ നെയ്യാറ്‌` എന്നവസാനിക്കുന്ന ഒരു പട്ടികപ്പാട്ടായി.   ഇന്നങ്ങനെയൊന്നുണ്ടോ ആവോ.   ഭാരതപ്പുഴയെന്നാൽ, ആ നിലാവും ആ കുളിർകാറ്റും ആ പളുങ്കുകൽപ്പടവുകളും ഓടിയെത്തും ഓർമകളിൽ!    ഏതായാലും അന്നത്തെ ഭാരതപ്പുഴയല്ല ഇന്നത്തെ ഭാരതപ്പുഴ എന്നറിയാം.   കൂലംകുത്തിമറിഞ്ഞിരുന്ന  അന്നത്തെ നിളയെവിടെ, കുലംകുത്തി കുത്തുപാളയെടുത്ത ഇന്നത്തെ നിളയെവിടെ!  വെള്ളമടിച്ചു പൂസായി തെരുവോരങ്ങളിൽ പാമ്പായിക്കിടക്കുന്നവരെയാണ്‌ ഇന്നു ഭാരതപ്പുഴ കാണുമ്പോൾ ഞാൻ ഓർക്കുക.   ഈറനായ നദിയുടെ മാറിൽ, ഈ വിടർന്ന നീർക്കുമിളകളിൽ, വേർപെടുന്ന വേദനയോ വേറിടുന്ന നിർവൃതിയോ?...”
 
ഭാരതപ്പുഴമാത്രം എന്താണിങ്ങനെ?   അതിനു വടക്കും തെക്കുമുള്ള ആറുകളെല്ലാം വിഷവാഹിനികളായാലും വിരൽവണ്ണത്തിലായിട്ടില്ല.   സകലമാന ബുദ്ധിജീവികളും കവികളും കവയത്രികളും സാമൂഹ്യസേവക്കാരും രാഷ്ട്രീയരാക്ഷസൻമാരുമെല്ലാം ഒഴുക്കുന്ന കണ്ണീർ മതിയല്ലോ ഭാരതപ്പുഴയിൽ തണ്ണീർ നിറയ്ക്കാൻ!   എവിടെയോ എന്തോ കുഴപ്പമുണ്ട്‌.   വെള്ളത്തിന്റെ നിർവചനം മലയാളിക്കു മാറിപ്പോയതാവാം.

ഏതു നീർച്ചാലുകണ്ടാലും ഞാനൊന്നു മൂളിപ്പോകും: `ഒന്നു ചിരിക്കൂ, ഒരിക്കൽകൂടി!` - അതൊരു നിറകൺചിരി ആയാലും മതിയായിരുന്നു.

Monday, 1 May 2017

`ഷീത്‌-കൊഡി`

ആദ്യതീവണ്ടിയാത്രയിൽതന്നെ എന്റെ രണ്ടുവയസ്സുണ്ടായിരുന്ന കൊച്ചുമകൻ കേട്ടുപഠിച്ചുറപ്പിച്ചതാണ്‌, ‘ചായ ചായ, കാപ്പി കാപ്പിഎന്ന പല്ലവി.   ഇന്നും യാത്രയെന്നുപറഞ്ഞാൽ അവനതുരുവിടും.

മൊത്തം ജീവിവർഗത്തിനും ഭക്ഷണം ഒരു ആവശ്യമാണ്‌.   മനുഷ്യന്‌ അത്‌ ആവശ്യം മാത്രമല്ല ആവേശവും ആർഭാടവും ആഘോഷവും കൂടിയാണ്‌.   ആഹാരം ഒരു പ്രതീകമാകുന്നത്‌ അങ്ങനെയാണ്‌ - സാമ്രാജ്യത്തിന്റെയും സംസ്ക്കാരത്തിന്റെയും സ്ഥലത്തിന്റെയും സമൂഹത്തിന്റെയും സമുദായത്തിന്റെയും സമ്പത്തിന്റെയും എല്ലാം.

ഒരുപക്ഷെ മനുഷ്യജീവി മാത്രമേ ഭക്ഷണം പാകം ചെയ്തു കഴിക്കുന്നുള്ളൂഭക്ഷണം ആസ്വദിച്ചു കഴിക്കുന്നുള്ളൂ.   ആവശ്യത്തിൽ കൂടുതൽ കണ്ടെത്താനും കരുതാനും കഴിക്കാനും കൊടുക്കാനും മറ്റുജീവികൾ മുതിരുന്നില്ല.   ജീവിക്കാൻവേണ്ടി തിന്നുന്നതും തിന്നുന്നതിനുവേണ്ടി ജീവിക്കുന്നതും തമ്മിലുള്ള വ്യത്യാസമാണത്‌.   മനുഷ്യൻമാത്രമാണ്‌ ആഹാരപദാർഥങ്ങളെ ഇത്രമാത്രം ഉപയോഗിക്കുന്നതും അധികമുള്ളതിനെ ഉപയോഗിക്കാതെ നശിപ്പിച്ചുകളയുന്നതും.

വെറും ചോറും കറിയുംഎന്നതിന്‌ ഷീത്-കൊഡിഎന്നാണു ഗോവൻപ്രയോഗം.   (കറിയെന്നാൽ ഗോവക്കാർക്കു മീൻകറി തന്നെയല്ലോ).   അവിടന്നാകട്ടെ തുടക്കം.

ആഹാരത്തിന്റെ അടിയൊഴുക്കുകളും ഭാവഭേദങ്ങളും അന്വേഷിച്ചുപോയാൽ അതിരസകരമാണു സംഗതി.   നമ്മുടെ വടക്കർക്ക് ഗോതമ്പുചപ്പാത്തി പ്രധാനം; നാം തെക്കർക്ക് അരിച്ചോറുപ്രധാനം.   പുറംരാജ്യങ്ങളിൽ റൊട്ടിയും പാസ്തയും കുബൂസും  തുടങ്ങി, ഉരുളക്കിഴങ്ങും കടച്ചക്കയും മുളയരിയും കൂവപ്പൊടിയും  വരെയുള്ള അന്നജവസ്തുക്കൾ മനുഷ്യരുടെ അടിസ്ഥാനാഹാരമാകുന്നു.   ചിലയിടങ്ങളിൽ മീനും ഇറച്ചിയും മാത്രമാകുന്നു പ്രാഥമികാഹാരം.   ഭൂപ്രകൃതിയും കാലാവസ്ഥയും ലഭ്യതയും പണിത്തരവും പാരമ്പര്യവും നമ്മുടെ ഭക്ഷണശീലങ്ങളെ ചിട്ടപ്പെടുത്തുന്നു.    പിന്നീടെവിടെപ്പോയാലും അവ നമ്മുടെ അടയാളമാകുന്നു.

എവിടെയും പ്രധാനാഹാരത്തോടൊപ്പം വേറെ ഉപദംശങ്ങളും കാണും ഒന്നെങ്കിലും.   ചപ്പാത്തിക്കു ദാൾ, ചോറിനു കറി, കഞ്ഞിക്കു ചമ്മന്തി, റൊട്ടിക്കു വെണ്ണ എന്നിങ്ങനെ തരാതരം.   പിന്നെ ആവുംപോലെ കുറെ പ്രത്യേക ഇനങ്ങൾ - ഭാജി, തോരൻ, പൊരിയൽ, പപ്പടം, അച്ചാർ, ചമ്മന്തി, തൈര്‌, സാലഡ് എന്നിങ്ങനെ.   ഭോജ്യങ്ങളോടൊപ്പം പേയങ്ങളുമുണ്ട് - ചുക്കുവെള്ളവും മോരും സോൾ-കൊഡിയും പഴച്ചാറും കോളയും വീഞ്ഞുമെല്ലാമായി.   ഇവയ്ക്കുമപ്പുറം പലവിധം പലഹാരങ്ങളുടെ കാര്യം പിന്നെ പറയുകയും വേണ്ട.   ഓരോ ഇടങ്ങളിലും ഒരു നിര തന്നെയുണ്ടാകും പലഹാരങ്ങളുടെ.    അവയും കവിഞ്ഞാണു വിശിഷ്ടഭോജ്യങ്ങൾ.

വിശിഷ്ടഭോജ്യങ്ങൾ അടയാളപ്പെടുത്തുന്നത് ചില സ്ഥലങ്ങളെയാണ്‌, ചില സമുദായങ്ങളെയാണ്‌, ചില സംസ്ക്കാരങ്ങളെയാണ്‌, ചില പ്രസ്ഥാനങ്ങളെയാണ്‌; ആഘോഷങ്ങളെയും ചടങ്ങുകളെയുമാണ്‌.

ചില രാജ്യങ്ങളുടേതായി കണക്കാക്കപ്പെടുന്നവയാണ്‌ ഗ്രീൻ ടീ, സുഷി, ഫിഷ്-ആന്റ്-ചിപ്സ്, കാസ്കഡു എന്നിവയൊക്കെ.   നമ്മുടെതന്നെ ചില സംസ്ഥാനങ്ങളുടേതായി കണക്കാക്കപ്പെടുന്നവയാണ്‌  രസ്ഗൊള, ജിലേബി, പൂരൺപോളി, പാവ്‌-ഭാജി, പെസറട്ടു, ബിസിബെളെ ഭാത്‌, പൊങ്കൽ, ഇഡ്ഡലി-ദോശ, പുട്ട്, ഇടിയപ്പം എന്നിങ്ങനെ.   ചിലവ ചില സമുദായങ്ങളെ അടയാളപ്പെടുത്തുന്നു: സാമ്പാർ, പുളിങ്കറി, പത്തിരി, പോർക്ക്, കാള, കാളൻ.   ചില വിഭവങ്ങൾ ചില പ്രസ്ഥാനങ്ങളുടേതായി മാറ്റിയിരിക്കുന്നു - കട്ടൻചായ-പരിപ്പുവട ഉദാഹരണം.   ചില വിഭവങ്ങൾ ചില സംസ്ക്കാരങ്ങളുടെ: ബിരിയാണി, വട-പാവ്‌, പീറ്റ്സ, കോള.   ഇപ്പോൾ മിനറൽ വാട്ടർ ഒരു പരിഷ്ക്കാരചിഹ്നവുമായി.   ആഹാരം ചില സമൂഹങ്ങളെ ബന്ധപ്പെടുത്തിയും പറയാറുണ്ട് - മീൻ, കപ്പ, കാപ്പി, പപ്പടം, രസം, പാനകം.   കാലാകാലം ഈ അതിർവരമ്പുകളെല്ലാം കുറെ തേഞ്ഞുമാഞ്ഞുപോയിട്ടുമുണ്ട്.

ചടങ്ങുകളും ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള - ജനനം, മരണം, വിവാഹം, ഓണം, റംസാൻ, ക്രിസ്മസ് - ഭക്ഷ്യവിഭവങ്ങളെക്കുറിച്ചെഴുതാൻ ഈ ഇടം പോര.   ചില കുടുംബങ്ങളിൽമാത്രം കുടുങ്ങിക്കിടക്കുന്ന ഭക്ഷണവിശേഷങ്ങളുമുണ്ട്.   അത്തരം പദാർഥങ്ങൾ പൊതുവായറിയപ്പെടുന്നില്ല, പൊതുസ്ഥലങ്ങളിൽ ലഭ്യമാകുന്നുമില്ല.    എന്റെ കുടുംബത്തിലും ബന്ധുക്കളുടെ ഇടയിലും മാത്രം പ്രചാരത്തിലുള്ള ചില വിഭവങ്ങളെപ്പറ്റി എനിക്കറിവുണ്ട്.

സംസ്ക്കാരത്തിന്റെയും സമ്പത്തിന്റെയുമെല്ലാം കൈമുദ്രകളും കാൽപ്പാടുകളും ഭക്ഷണത്തിൽമാത്രമല്ല ഭക്ഷണരീതിയിലും കണ്ടെത്താം.   ഒരുകാലത്ത് ജാതിക്കും ഉപജാതിക്കുംവരെ പ്രത്യേകം പ്രത്യേകം ഭക്ഷണക്രമങ്ങൾ വിധിച്ചിരുന്നുപോൽ നമ്മുടെ നാട്ടിൽ.   അതൊന്നുമില്ല, പാശ്ചാത്യരാജ്യങ്ങളിലെ അന്ധകാരക്കാലത്തെയും അടിമക്കച്ചവടക്കാലത്തെയും ആഹാരവ്യവസ്ഥകളെപ്പറ്റി വായിച്ചറിയുമ്പോൾ.

ഇനി വേറൊന്നുകൂടി:   ചിലർക്ക് ചില ഭക്ഷണവിഭവങ്ങൾ പഥ്യമാകുന്നു.   പോര, ചിലർക്ക് ഭ്രാന്താകുന്നു.   ഇനി ചിലർക്ക് ചിലവ വർജ്യമാകുന്നു.   ചിലർക്കു വിഷവും.

നോക്കൂ, എന്തെല്ലാം തലങ്ങളിലേക്കാണ്‌ നമ്മുടെ ഭക്ഷണവസ്തുക്കൾ പടർന്നു കയറിയിട്ടുള്ളത്!   വെറും ഷീത്-കൊഡിയിൽനിന്ന് എവിടംവരെയെത്തി നമ്മൾ!


ആഹാരക്കാര്യം, കൊതിപ്പിക്കുന്നതുപോലെ ചൊടിപ്പിക്കുകയും ചെയ്യും.   കടൽസംബന്ധമായ ജോലികൾക്കായി ഗുജറാത്തിലെ ദ്വാരകയിൽ നീണ്ടനാൾ ക്യാമ്പുചെയ്യേണ്ടിവന്നകാലം.   സ്വതേ ഏതു ഭക്ഷണവും കഴിക്കുന്ന കൂട്ടത്തിലാണു ഞാൻ.   എന്നാൽ  കടലിലായാലും കരയിലായാലും ആഴ്ച്ചക്കണക്കിന്‌ എന്നും പ്രാതൽ മുട്ടയും റൊട്ടിയുമായപ്പോൾ മടുത്തു.   അതു ഞാൻ പറഞ്ഞും പോയി.   എന്താ, ഇഡ്ഡ്ലി-ദോശ വേണോ’, എന്ന് പരിഹാസത്തോടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു ഗോവൻസഹപ്രവർത്തകന്റെ ചോദ്യം.    അല്ല, പാവ്-ഭാജി’ - ഞാൻ അറിയാതെ പറഞ്ഞുപോയി.   ഇഷ്ടം കൊണ്ടാണ്‌.   പക്ഷെ അന്നൊക്കെ മുംബൈയിൽ, തങ്ങൾ മുംബൈക്കാരാണെന്നു നടിക്കുന്ന അത്തരം ഗോവക്കാർക്കുള്ള വിളിപ്പേരായിരുന്നു അത്.

Sunday, 23 April 2017

ആകാശവാണി

ആകാശവാണിഎന്ന വാക്ക് ആദ്യം കേൾക്കുന്നത് ആയിരത്തി തൊള്ളായിരത്തി അൻപതുകളിലാണ്‌.   എന്നാൽ ആദ്യമായി റേഡിയോ കേൾക്കുന്നതും പിന്നെയൊന്നു കാണുന്നതും വീട്ടിലൊന്നു മേടിക്കുന്നതും അതിനും വളരെ വർഷങ്ങൾക്കുശേഷം.   സ്വന്തമായൊന്നു വാങ്ങുന്നത് പിന്നെയും രണ്ടു പതിറ്റാണ്ടുകൾക്കുശേഷം.   അതുപോയിട്ട്, കാറിലും മൊബൈലിലും സാറ്റലൈറ്റ്-ടീവിയിലുമടക്കം ഇന്നെന്റെ കയ്യിലുള്ള റേഡിയോകളുടെ എണ്ണം എനിക്കുതന്നെ അറിഞ്ഞുകൂട.

1930-ലാണെന്നു തോന്നുന്നു ഇൻഡ്യയിൽ റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്.  ഓൾ ഇൻഡ്യ റേഡിയോഎന്ന ഏ ഐ ആർ’ (‘എയർ), വളരെ കൗതുകകരമായ നാമകരണമാണ്‌ - ഓയിൽ ഇൻഡ്യ ലിമിറ്റഡ്എന്ന ഓ ഐ എൽ‘ (’ഓയിൽ‘) എന്നപോലെ.    ഏ ഐ ആർ,  ആകാശവാണിആയത് 1956-ൽ ആണെന്നു കാണുന്നു.   ബഹുജനഹിതായ: ബഹുജനസുഖായ:എന്ന ലക്ഷ്യത്തോടെ.   ഇതു കുഞ്ചൻ നമ്പ്യാർ കുറിച്ചതിനു കടകവിരുദ്ധമാണ്‌:  ഒരുത്തർക്കും ലഘുത്വത്തെ വരുത്തുവാൻ മോഹമില്ല, ഒരുത്തന്നും ഹിതമായിപ്പറവാനും ഭാവമില്ല”.   രണ്ടും രണ്ടു ലെവലാണല്ലോ.

ആകാശവാണിഎന്ന നാമം തമിഴർക്ക് അത്ര പഥ്യമായിരുന്നില്ല.   അവർ, “ഓൾ ഇൻഡ്യ റേഡിയോഎന്നോ വാനൊളി നിലയംഎന്നോ ഉപയോഗിച്ചു.   തെന്നിന്ത്യ മുഴുവൻ അടക്കി വാണിരുന്നത് പക്ഷെ സിലോൺ-റേഡിയോ ആയിരുന്നു.   തമിഴിലും മലയാളത്തിലും ഹിന്ദിയിലുമായി ദിവസം മുഴുവൻ പാട്ടുപരിപാടികൾ.

മീഡിയം-വേവ്, ഷോർട്ട്-വേവ് (1), ഷോർട്ട്-വേവ് (2) എന്നിങ്ങനെയായിരുന്നു അന്നത്തെ പ്രക്ഷേപണവാഹിനികൾ.   സാങ്കേതികമായി, ‘മീഡിയം-വേവ്പ്രസാരണം തിരശ്ചീനമായി പ്രായേണ കണ്ണെത്തുന്ന സ്ഥലങ്ങൾക്കും ഷോർട്ട്-വേവ്പ്രസാരണം ആകാശമാർഗം, കണ്ണെത്താത്ത സ്ഥലങ്ങൾക്കും വേണ്ടിയായിരുന്നു.   ആംപ്ളിറ്റ്യൂഡ്-മോഡുലേഷൻഎന്ന സങ്കേതത്തിലുള്ള ആ പ്രസരണരീതിയിലെല്ലാം അന്തരീക്ഷത്തിന്റെ സ്ഥലകാലസ്ഥിതിക്കനുസരിച്ച് ഒച്ചയും ഒച്ചയടപ്പും ബഹളവും ബഹിളിയും കാറലും കൂവലും പൊട്ടലും ചീറ്റലും സ്ഥിരമായിരുന്നു.   ഫ്രീക്വൻസി-മോഡുലേഷൻഎന്ന നവീനസങ്കേതത്തിൽ പ്രസരണമാരംഭിച്ച് അധികം കാലമായിട്ടില്ല നമ്മുടെ നാട്ടിൽ.   അന്തരീക്ഷസ്ഥിതി കാര്യമായൊന്നും തീണ്ടി അശുദ്ധമാക്കാത്ത, തികച്ചും ശുദ്ധമായ ശബ്ദസൗഭാഗ്യം എഫ്.എം. സാധ്യമാക്കിയിരിക്കുന്നു.   എഫ്.എം-ന്റെ വരവോടെ, അതും മൊബൈൽ-ഫോണിൽമറ്റും സാധ്യമായപ്പോൾ, ഇടക്കാലത്തു നഷ്ടപ്പെട്ട റേഡിയോ-മാനിയ പുനരവതരിച്ചിരിക്കുന്നു.

പണ്ട് പഞ്ചായത്ത് റേഡിയോഎന്നൊരു സംവിധാനമുണ്ടായിരുന്നു നാട്ടിൽ.   ഓരോ പഞ്ചായത്തിലും ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഒരൊറ്റ റേഡിയോ-സ്റ്റേഷൻമാത്രം കേൾക്കാൻ പറ്റുന്ന ഒരു റേഡിയോ സ്ഥാപിച്ചിട്ടുണ്ടാവും.   നിശ്ചിത സമയങ്ങളിൽ - അതു സാധാരണ വൈകുന്നേരം - ഉച്ചത്തിൽ തുറന്നുവയ്ക്കും.   തൊഴിലില്ലാപ്പട ചുറ്റുമിരുന്ന് റേഡിയോ കേൾക്കും.   വാർത്ത, ചലച്ചിത്രഗാനങ്ങൾ, ലളിതഗാനങ്ങൾ, നാടകഗാനങ്ങൾ, സുഗമസംഗീതം, ശാസ്ത്രീയസംഗീതം, വൃന്ദവാദ്യം, കഥകളിപ്പദങ്ങൾ, ശബ്ദരേഖ, റേഡിയോ നാടകങ്ങൾ, വയലും വീടും, നാട്ടിൻപുറം, അങ്ങാടിനിലവാരം, മഹിളാരംഗം എന്നിങ്ങനെയൊക്കെയായിരുന്നു പരിപാടികൾ.   തിരഞ്ഞെടുപ്പുകാലത്ത് വോട്ടെണ്ണലോടനുബന്ധിച്ച് തത്സമയപ്രക്ഷേപണവും പതിവായിരുന്നു.   വീട്ടിൽ സ്വന്തമായി റേഡിയോ ഉണ്ടായിരുന്നവർക്ക് കാലത്തുതൊട്ട് രാത്രിവരെ പരിപാടികൾ ആസ്വദിക്കാമായിരുന്നു, അയൽപക്കക്കാർക്കും.   അന്നൊക്കെ റേഡിയോ ഒച്ചകുറച്ചു വയ്ക്കുന്നത് കുറച്ചിലായിരുന്നു.   നാലാളുകേട്ടില്ലെങ്കിൽ റേഡിയോവിനെന്തു പ്രസക്തി?

റേഡിയോ വാങ്ങുന്നത് ഒരു സംഭവമായിരുന്നു അക്കാലത്ത്.   വാൽവ്’-റേഡിയോകളായിരുന്നു അന്ന്.   തട്ടാതെയും മുട്ടാതെയും വളരെ സൂക്ഷിച്ചേ കൈകാര്യം ചെയ്തിരുന്നുള്ളൂ.   കാരണം വായടച്ചാൽ പിന്നെ അതു നന്നാക്കിയെടുക്കാൻ പണച്ചെലവു നന്നേയുണ്ട്, പ്രയത്നവും.   ആദ്യമേ പുത്തൻറേഡിയോ ഒരു തുണികൊണ്ടു മൂടുംആവശ്യസമയത്തുമാത്രമേ മുഖപടമുയർത്തൂ.   വീട്ടിനു മുകളിൽ ഒരു ഏരിയൽ’ (ഇന്നത്തെ പേർ ആന്റിന’) കെട്ടണം.   അതിൽനിന്നുള്ള ഒരു വയർ റേഡിയോവിൽ കുത്തണം.   രണ്ടിനുമിടയ്ക്ക്, ഇടിവെട്ടേറ്റ് റേഡിയോ കേടുവരാതിരിക്കാൻ ഒരു ലിവർ-സ്വിച്ചുണ്ട് (ആ സാധനം നാട്ടിലെ എന്റെ ശേഖരത്തിൽ ഇന്നുമുണ്ട്).  ഇടിമിന്നൽ സമയത്ത് അതു മടക്കി ഭദ്രമാക്കേണ്ട ചുമതല ഗൗരവമുള്ള ആരെയെങ്കിലും ഏൽപ്പിക്കും.

പിന്നെ എർത്ത്’.   ഒരു കുഴി കുഴിച്ച് അതിൽ രണ്ടുമൂന്നടി നീളമുള്ള ഒരു ഇരുമ്പു പൈപ്പിറക്കി അതിനു ചുറ്റും കരിക്കട്ടയും ഉപ്പും ചേർത്ത മിശ്രിതം നിറക്കും.   ഒരു ചെമ്പുകമ്പി വഴി ഇത് റേഡിയോവുമായി ബന്ധിപ്പിക്കും.   എന്നും പൈപ്പിനുള്ളിൽ വെള്ളമൊഴിക്കണം എന്നാണു ചിട്ട.   അതു പിള്ളേരുടെ പണി.    ഇത്രയൊക്കെ ആയാലേ റേഡിയോ നിലയത്തിൽനിന്നുള്ള പ്രക്ഷേപണം ശരിക്കു കേൾക്കൂ എന്നാണനുമാനം.

പിന്നെയാണ്‌ പാട്ടുപാടിക്കൽ.   മൂന്നോ നാലോ ബട്ടണുകളും ചക്രങ്ങളുമുണ്ടാകും റേഡിയോ പ്രവർത്തിപ്പിക്കാൻ.   ഏതെങ്കിലും സ്റ്റേഷനുമായി ബന്ധപ്പെടുമ്പോഴേക്കും കറന്റുപോകും.   അല്ലെങ്കിൽ ക്ഷമ പോകും.  

കുട്ടിക്കാലത്ത് ഒരു പരിപാടിയെങ്കിലും മര്യാദയ്ക്കു മുഴുവനായി കേട്ടതായോർ‌മയില്ല.   ഒന്നുകിൽ വൈദ്യുതിനിലയ്ക്കും.   അല്ലെകിൽ പ്രസരണം മങ്ങും.   അതുനേരെയാക്കാൻ ട്യൂണിംഗ്-ചക്രംതിരിക്കുമ്പോൾ ഉള്ളതുകൂടി അവതാളത്തിലാകും.   അതുമല്ലെങ്കിൽ മഴക്കോളു കാണും.  അപ്പോൾ എല്ലാം കൊട്ടിയടച്ച് വീട്ടുകാർ റേഡിയോ ഭദ്രമാക്കും.

നാഷണൽ എക്കൊ, ടെലിറാഡ്, ടെലിഫങ്കൻ, ടെസ്ല, മർഫി, ബുഷ്, ഫിലിപ്സ് ഇവയൊക്കെ ആയിരുന്നു മേലേക്കിട റേഡിയോകൾ.   എന്റെ വീട്ടിലെ ആദ്യ റേഡിയോ ഒരു ജെയ്-റാഡ്ആയിരുന്നു എന്നോർക്കുന്നു.   വാങ്ങിയ ദിവസം തന്നെ ബസ്സിൽനിന്നിറക്കുമ്പോൾ അതു താഴെവീണു.   പാട്ടുപെട്ടിയുടെ മേൽഭാഗത്തൊരു നേരിയ വിരിയലിൽ ദുരന്തമൊതുങ്ങി.   എന്നിട്ടും ആ ദു:ഖം ആ റേഡിയോ ഉണ്ടായിരുന്ന കാലം മുഴുവൻ തങ്ങിനിന്നു വീട്ടിൽ.

പിന്നീട് ട്രാൻസിസ്റ്റർറേഡിയോവിന്റെ വരവായി.   മേൽപ്പുരയ്ക്കുമേൽ ഇപ്പറഞ്ഞ ഏരിയൽകെട്ടണ്ട, മുറ്റത്ത് ഇക്കണ്ട ഏർത്ത്കുഴിക്കണ്ട.  പാട്ടുപെട്ടി പ്രതിഷ്ഠിക്കാൻ ഇടമുണ്ടാക്കണ്ട.   റേഡിയോ കേൾക്കാൻ മുറിയിലൊതുങ്ങണ്ട.  എന്തിന്‌, റേഡിയോവിന് പുറത്തുനിന്നു കറന്റുകൂടി വേണ്ട!   പിൽക്കാലത്ത്, അന്നത്തെ നാട്ടുനടപ്പനുസരിച്ച്, ഭാഗങ്ങൾ വാങ്ങി ഒരു കൊച്ചു ട്രാൻസിസ്റ്റർ-റേഡിയോ തട്ടിക്കൂട്ടാനുമൊരുമ്പെട്ടു ഞാൻ.   അതാദ്യം പാടിക്കേട്ടപ്പോഴുണ്ടായൊരു സന്തോഷം!

ബിരുദാനന്തരം യൂണിവേർസിറ്റിയിൽ പഠിക്കുമ്പോഴാണ്‌ ആദ്യമായൊരു റേഡിയോ പരിപാടിയുടെ ഭാഗമാകുന്നത്.   കടലിനെയും കാലാവസ്ഥയെയുംപറ്റിയുള്ള ഒരു ചർച്ചയിൽ ചോദ്യംചോദിക്കുന്ന ജോലിയായിരുന്നു എനിക്ക്.   ക്ളാസ്സുമുറിയിൽവച്ചു റെക്കോഡുചെയ്ത ആ പരിപാടി യാദൃച്ഛികമായാണ്‌ പിന്നത്തെ ആഴ്ച്ച അതിരാവിലെ ആകാശവാണിയിൽ (തിരുവനന്തപുരം-തൃശ്ശൂർ) കേട്ടത്.    ഒരു കൊച്ചുകുട്ടപ്പനായാണ്‌ അന്നു ഞാൻ ക്ളാസ്സിൽ പോയത്!

പഠനംകഴിഞ്ഞ് ജോലിയായി ഗോവയിലെത്തിയപ്പോൾ ആദ്യശമ്പളത്തിൽതന്നെ ഞാനൊരു റേഡിയോ മേടിച്ചു.   ഒറ്റയ്ക്കുള്ള ജീവിതത്തിൽ ഏകാന്തത മാറ്റാൻമാത്രമല്ല, കേരളക്കരയുമായുള്ള തൊപ്പിൾക്കൊടിബന്ധം തുടരാനുമായിരുന്നു ആ അധികച്ചെലവ്.   കടൽക്കരയിലുള്ള ഹോസ്റ്റൽമുറിയുടെ പുറത്തിറങ്ങി പാടുപെട്ട് ആകാശവാണി-കോഴിക്കോടും തൃശ്ശൂരും തിരുവനന്തപുരവുമെല്ലാം ട്യൂൺചെയ്തെടുക്കും.   ആലപ്പുഴനിലയം പിന്നീടാണു വരുന്നത്.   അതിന്റെ ഉദ്ഘാടനത്തിനും ആദ്യപ്രക്ഷേപണത്തിനും ഞാൻ ഗോവയിലിരുന്നു സാക്ഷിയായി.   സഹപ്രവർത്തകരുടെ ഇടയിൽ അന്നെന്റെ വിളിപ്പേര് ‘റേഡിയോ-ആക്റ്റീവ്‘ എന്നായിരുന്നത്രേ.

ഗോവയുടെ സ്വന്തം ഓൾ ഇൻഡ്യ റേഡിയോ-പണജിവേറിട്ടൊരു നിലയമായിരുന്നു.   ഇന്നുമതെ.   കൊങ്കണി, മറാഠി, ഇംഗ്ലീഷ്, ഹിന്ദി, പോർത്തുഗീസ് എന്നിങ്ങനെ ഏറ്റവുമധികം ഭാഷകളിൽ പ്രക്ഷേപണം ചെയ്യുന്ന ആകാശവാണി വേറൊന്നില്ലെന്നു തോന്നുന്നു ഭാരതത്തിൽ.   ഇവിടത്തെ യൂറോപ്യൻ-ശാസ്ത്രീയസംഗീതശേഖരം ഒന്നു വേറിട്ടതാണത്രേ.   എഫ്.എം. പ്രസാരണം വരുന്നതിനുമുൻപേതന്നെ പോപ്-സംഗീതം പഞ്ചിം-ആകാശവാണിയുടെ ഹരമായിരുന്നു.   ഒന്നാംതരം സ്റ്റുഡിയോ-സൗകര്യങ്ങളും പ്രക്ഷേപണസംവിധാനങ്ങളും അവയ്ക്കൊത്ത ഉദ്യോഗസ്ഥരും ഈ നിലയത്തിനു സ്വന്തം.

ഞാൻ വരുന്ന കാലത്ത് ആകാശവാണി പണജി-നിലയത്തിന്റെ ഡയറക്റ്റർ ഒരു മേനോനായിരുന്നു (1973); ഒരു പക്ഷെ സ്വതന്ത്രഗോവയുടെ ആദ്യത്തെ റേഡിയോ- സ്റ്റേഷൻ ഡയറക്റ്റർ.   അന്ന് ഒരു തോമസ്സും (മലയാളി) പഞ്ചിം ആകാശവാണിയിലുണ്ടായിരുന്നു.  പ്രോഗ്രാം-ഓഫീസർ.   ഞങ്ങളക്കാലത്തു കൊണ്ടുനടന്നിരുന്ന ഒരു ശാസ്ത്രവേദിയുടെ ചർച്ചാപരിപാടികളിൽ തോമസ്സും പങ്കെടുക്കുമായിരുന്നു.   അതിന്റെ പിൻബലത്തിൽ ഒരു ശാസ്ത്രപരമ്പരതന്നെ ആകാശവാണിയിൽ അവതരിപ്പിക്കാൻ ഞങ്ങൾക്കവസരം കിട്ടി, 1970-കളിൽ.   പിന്നിടദ്ദേഹം ദില്ലിയിലേക്കു മാറി.   മറ്റൊരു മേനോൻ (ഉണ്ണികൃഷ്ണമേനോൻ) പകരം വന്നതോടെ ശാസ്ത്രപരമ്പരയ്ക്കു വീണ്ടും ജീവൻ വച്ചു.   പതിറ്റാണ്ടുകൾക്കുശേഷം പഴയ ഡയറക്റ്റർ-മേനോനെ ഞാൻ തൃശ്ശൂരിനടുത്ത് ഒരു ആശ്രമത്തിൽ കാണുന്നുണ്ട്.   സത്യത്തിൽ തിരിച്ചാണു സംഭവം.   ഗോവ-നമ്പറുള്ള വാഹനം കണ്ട് അദ്ദേഹം ആളെ അന്വേഷിച്ചെത്തുകയായിരുന്നു.   ഗോവ, ആകാശവാണിയുമായി അത്രമാത്രം ബാന്ധവത്തിലാണെന്നും.


ആകാശവാണിയുമായി എന്നേ തുടങ്ങിയ അഭിനിവേശം ഇന്നും തുടരുന്നു ഞാൻ.   കാലത്തെഴുന്നേൽക്കാൻ ആകാശവാണിയുടെ ട്യൂണിംഗ്-നോട്ട്ആണ്‌  അലാറമായി എന്റെ സെൽഫോണിൽ.   എന്റെ സഹധർമിണിയും സഹപ്രവർത്തകരുമെല്ലാം ആകാശവാണിയുമായി ആത്മബന്ധത്തിലാണ്‌.   അവർ നിർമിച്ചവതരിപ്പിച്ചിട്ടുള്ള പരിപാടികൾക്കു കണക്കില്ല.  ആകാശവാണിയുടെ പണജി നിലയത്തിലാണ്‌ ഞങ്ങളുടെ മകളും പ്രക്ഷേപണമാധ്യമത്തിൽ പയറ്റിത്തെളിഞ്ഞത്.

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...