Sunday, 4 June 2017

തേയിലസത്കാരം


1957-58കളിൽ മൂന്നാംക്ളാസ്സിൽ പഠിക്കുമ്പോൾ തേയിലയെക്കുറിച്ചൊരു പാഠം ഞങ്ങളുടെ `കേരളപാഠാവലി`യിൽ ഉണ്ടായിരുന്നു.   ചൈനയിൽ ഒരു ബുദ്ധൻ ധ്യാനത്തിലിരിക്കുമ്പോൾ ക്ഷീണം തോന്നിയപ്പോൾ വെറുതെ അടുത്തു നിന്നൊരു ചെടിയിലെ ഇല ചവച്ചപ്പോൾ ഉന്മേഷം തോന്നിയത്രേ.  ആ ഇലയാണ്‌ തേയിലയെന്നു പിന്നീടു പേർപെറ്റതത്രേ.   ഐതിഹ്യമെന്തായാലും തേയിലയുടെ ഉറവിടം, അല്ലെങ്കിൽ അതിന്റെ ഉപയോഗം തിരിച്ചറിഞ്ഞ സ്ഥലം, ഇന്തോ-ചൈന പ്രദേശമാണെന്ന്‌ പരക്കെ വിശ്വസിക്കപ്പെടുന്നു.

തേയിലയ്ക്കു പറ്റിയ കാലാവസ്ഥയും ഭൂപ്രകൃതിയും വളരെ കുറഞ്ഞിടങ്ങളിൽ മാത്രമേയുള്ളൂ.   അതിലാണ്‌, അതിനാലാണ്‌ അതിന്റെ മൂല്യവും വിലയും.   നല്ല ഈർപ്പമുള്ള വായു, വെള്ളം കെട്ടിനിൽക്കാത്ത ഭൂമി, അത്യുഷ്ണമോ അതിശൈത്യമോ ഇല്ലാത്ത സ്ഥിതി, മണ്ണിന്റെ അനുയോജ്യത എന്നിങ്ങനെ ഈ ചെടിക്കു വളരാൻ ആവശ്യങ്ങൾ അനവധിയാണ്‌.   തോട്ടമുണ്ടാക്കാനും പരിപാലിക്കാനും ചായ ഉത്പാദിപ്പിക്കാനുമെല്ലാം അതിവിപുലമായ ധനനിക്ഷേപം വേണം.   `രണ്ടിലയും ഒരു ഞെട്ടും` നുള്ളാൻ സമർഥരായ തൊഴിലാളികൾ വേണം.   തേയിലത്തോട്ടത്തിന്റെ പരിസരത്തുതന്നെ, പറിച്ച ഇലകൾ പാകപ്പെടുത്താനും വറക്കാനും ചുരുട്ടാനും അരിയാനും പൊടിക്കാനും പൊതിയാനുമെല്ലാമുള്ള ഫാക്റ്ററി വേണം.   സ്വന്തം ആവശ്യത്തിന്‌ ഒന്നോ രണ്ടോ ചെടിവച്ചോ ഒരു ചെറുകിടവ്യവസായമായോ തേയിലക്കൃഷിയോ ചായ ഉത്പാദനമോ സാധ്യമല്ല.   നമുക്കാകപ്പാടെ ചെയ്യാൻ കഴിയുന്നതോ കുറെ ചായപ്പൊടി വാങ്ങി ചായ ഉണ്ടാക്കി മൊത്തിക്കുടിക്കാൻ മാത്രം.

ചൈനയും ഇന്ത്യയുമാണ്‌ തേയില ഉത്പാദനത്തിന്റെ ഒന്നാം നിരയിൽ.   അതുകഴിഞ്ഞാൽ ശ്രീലങ്ക, കിനിയ, മൗറീഷ്യസ്‌. ലാറ്റിനമേരിക്ക തുടങ്ങി വളരെക്കുറച്ചു സ്ഥലങ്ങളിലേ തേയിലക്കൃഷി കാര്യമായുള്ളൂ.   അതിൽതന്നെ ചൈന `ഗ്രീൻ ടീ`യിലാണ്‌ (പച്ചച്ചായ) കേന്ദ്രീകരിച്ചിരിക്കുന്നത്‌.   പാകപ്പെടുത്തിയ തേയിലയ്ക്ക്‌ നമ്മളാണ്‌ പ്രധാനോത്പാദകർ.    കേരളത്തിലെ മൂന്നാർ, തമിഴ്നാട്ടിലെ നീലഗിരി, അസം, ഡാർജീലിങ്ങ്‌ എന്നിവിടങ്ങളിലെ ചായ സ്വാദിലും കടുപ്പത്തിലും ഒറ്റയ്ക്കൊറ്റയ്ക്ക്‌, ഒന്നിനുമീതെ ഒന്നായി കേളിപ്പെട്ടിരിക്കുന്നു.  പൊടിച്ചായ, ഇലച്ചായ, കൂട്ടുചായ, പച്ചച്ചായ എല്ലാം നാം ഉത്പാദിപ്പിക്കുന്നുണ്ട്‌.   (ഒരുതരം `മഞ്ഞച്ചായ`യും ആകസ്മികമായി കണ്ടെത്തിയിട്ടുണ്ടത്രേ ചില രാജ്യങ്ങളിൽ.)

ചായക്കൃഷി മുൻപേ ഉണ്ടായിരുന്നെങ്കിലും, 1950-ഓടുകൂടിയേ ചായകുടി ഇന്ത്യയിൽ പരക്കെ പ്രചരിച്ചുള്ളൂ.   അതുവരെ അത്‌ ബ്രിട്ടീഷുകാരുടെയും ധനികരുടെയും മാത്രം പാനീയവും വിലപ്പെട്ടൊരു കയറ്റുമതിച്ചരക്കും ആയിരുന്നു.   വെള്ളക്കാരെ കളിയാക്കി ഒരു പദ്യവും പഠിച്ചിരുന്നു എന്റെ മൂന്നാംക്ളാസ്സിൽ.   അതിങ്ങനെ:   ചായ, ചായേതി ചായേതി ജപിക്കയും ചായയെത്തന്നെ മനസി ചിന്തിക്കയും (`...ശരണം പറകയും` എന്നു പാഠഭേദം).... ചുക്കുവെള്ളത്തിനും കൂടിപ്പകരമായ്‌ മൂക്കറ്റമെപ്പോഴും ചായ കുടിക്കയും”... (സഞ്ജയൻ ആണ്‌ അതിന്റെ കർത്താവ്‌ എന്ന്‌ അടുത്തിടെയാണ്‌ മനസ്സിലാക്കിയത്‌).   ചായയാകുന്നതു സാക്ഷാൽ പരബ്രഹ്മം, ചായയില്ലാതെയീലോകം നടക്കുമോഎന്നൊരു ഉത്തരഭാഗവും കണ്ടു (ഇത്‌ സഞ്ജയന്റേതായി പറയുന്നുണ്ടെങ്കിലും തികച്ചും തിട്ടമില്ല).

പരസ്യങ്ങളിൽക്കൂടിയും മറ്റു വിപണനതന്ത്രങ്ങളിൽകൂടിയും നമ്മെയും ചായകുടിയൻമാരാക്കി തേയിലമുതലാളികൾ.   പ്രസിദ്ധ കന്നഡസാഹിത്യകാരനായ ശ്രീകൃഷ്ണ ആലനഹള്ളിയുടെ `ഭുജംഗയ്യന്റെ ദശാവതാരങ്ങൾ` (`ഭുജംഗയ്യന ദശാവതാര`) എന്ന നോവലിൽ ചായകുടി എങ്ങനെ നമ്മുടെ ശീലമായി എന്നു വിവരിക്കുന്നുണ്ട്‌.   `ചായക്ളബ്ബു`കളും `കാപ്പിക്ളബ്ബു`കളും തലങ്ങും വിലങ്ങും  സ്ഥാപിക്കപ്പെട്ടു.   പിന്നീട്‌ `ചായക്കട`കൾ ജനകീയമാവുകയും `കോഫി ഹൗസു`കൾ വരേണ്യത നേടുകയും ചെയ്തതു വേറൊരു കഥ.

നമ്മളും ബ്രിട്ടീഷുകാരുമാണ്‌ പാലും പഞ്ചസാരയും ചേർത്തുള്ള  ചായകുടിയിൽ പ്രമാണിമാർ.   മറ്റു യൂറോപ്യൻമാർക്കെല്ലാം കാപ്പിയാണു പഥ്യം.      അമേരിക്കക്കാർ ഇടവേളകളിൽ കോള കുടിച്ചു രസിക്കുന്നു.   അതിശൈത്യമുള്ള സ്കാന്റിനേവിയൻ പ്രദേശങ്ങളിൽ കട്ടൻകാപ്പി ഇടതടവില്ലാതെ കുടിക്കും, മധുരം വേണമെങ്കിൽമാത്രം ഒരു കഷ്ണം ചോക്ളേറ്റു കടിക്കും.   തണുത്തുറയുന്ന റഷ്യൻരാജ്യങ്ങളിൽ കടുംമദ്യത്തോടു മത്സരിക്കാൻ മറ്റൊന്നില്ല.   ചൈനക്കാരും ജപ്പാൻകാരുമെല്ലാം ഗ്രീൻ ചായക്കാരാണ്‌.   നമ്മുടെ ചുക്കുവെള്ളംപോലെ, ആഹാരത്തിനിടയിലും അല്ലാത്തപ്പോഴും മോന്തും.   `സുലൈമാനി` വെറും പാവം.   മുസ്ളിം രാജ്യങ്ങളിൽ സുഗന്ധവസ്തുക്കൾചേർത്ത കാപ്പിയും ചായയും പ്രധാനം.   നമ്മുടെ ഭാരതത്തിൽതന്നെ വടക്കൻമാർ, പ്രത്യേകിച്ചും ഗുജറാത്തികൾ, മധുരമുറ്റുന്ന മസാലച്ചായക്കാരാണ്‌.   ഇംഗ്ളീഷ്‌-ചായ നേർത്തുവിളർത്തത്‌.   അതിൽ തന്നെ, `ഹണ്ടേർസ്‌ ടീ` എന്നൊന്നുണ്ട്‌; പാലും പഞ്ചസാരയും പേരിനൊന്നു കാട്ടിയൊരു നീളൻചായ.   എന്നാൽ ഇടത്തും വലത്തും മേലേക്കും താഴേക്കും പാത്രം കമഴ്ത്തി നീട്ടിവലിക്കുന്ന `ഇലാസ്റ്റിക്‌` ചായ മലയാളികളുടെ സ്വന്തം.

പ്രചരണമായിത്തുടങ്ങിയത്‌ ഒരു പ്രസ്ഥാനമായി.   പ്രസ്ഥാനം വിട്ട്‌ നിത്യശീലമായി.  അതൊരു സാംസ്ക്കാരിക ചിഹ്നമായി. `ചായകുടിച്ചോ?`, `ചായ എടുക്കട്ടെ?` എന്നതൊക്കെ ഉപചാരമായി.   ചായകുടി  അത്യധികമായൊരു ആചാരം തന്നെയായി ജപ്പാനിൽ.

തേയിലയെപ്പോലെ തന്നെ വൈവിധ്യമാർന്നതാണ്‌ കുടിക്കാൻ ചായ ഉണ്ടാക്കലും.   പലതരം ചായകൾ - ഗ്രീൻ ടീ, ബ്ളാക്ക്‌ ടീ, കോൾഡ്‌ ടീ, പാൽച്ചായ, മസാലച്ചായ - ഇവയെക്കൂടാതെ `പൊടിച്ചായ` എന്നൊന്നും ഞാൻ ആദ്യമായി കേട്ടതും കണ്ടതും  കുടിച്ചതും മലബാറിലാണ്‌.   ചൂടുപാലിൽ ചായപ്പൊടിയിട്ടുകലക്കി അരിക്കാതെ കുടിക്കുന്ന കട്ടിച്ചായ.    ഇന്നിപ്പോൾ ഏലച്ചായ, തുളസിച്ചായ, ഹെർബൽ ചായ എന്നിങ്ങനെ വൈവിധ്യവുമായി.   പണ്ടത്തേത്‌ വെറും കാലിച്ചായ.   വടക്കോട്ടുപോയാൽ അരച്ചായ ആയി - വൺ-ബൈ-ടു (അതൊരു പിശകാണ്‌; ടു-ബൈ-വൺ എന്നാണു പറയേണ്ടത്‌), കട്ട്‌-ചായ എന്നൊക്കെ കേൾക്കാം.

ചായകുടിക്കും വർഗവ്യത്യാസങ്ങളുണ്ടായി.   കപ്പും സോസറും, വെറും കോപ്പ, പിത്തളഗ്ളാസ്സ്‌, സ്റ്റീൽ ടംബ്ളർ, കുപ്പിഗ്ളാസ്സ്‌, മഗ്ഗ്‌, മൺപാത്രം എന്നൊക്കെ വിവിധതലങ്ങൾ.    ഇതിൽ അവസാനം പറഞ്ഞത്‌, `കുളാർ` എന്ന മൺപാത്രം, ആവശ്യംകഴിഞ്ഞ്‌ എറിഞ്ഞുടയ്ക്കുന്നത്‌ ദു:ഖകരമായിത്തോന്നി.   ആദ്യാനുഭവം അങ്ങ്‌ ഉത്തരപ്രദേശത്തായിരുന്നു.   വർഗവെറി മാത്രമല്ല, ജാതിഭ്രാന്തും ഇതിനുപിന്നിലുണ്ട്‌.   ഇങ്ങു തെക്ക്‌ തമിഴ്നാട്ടിൽപോലും കീഴാളർക്ക്‌ ചായ വാങ്ങാൻ സ്വന്തം പാത്രം കൊണ്ടുപോകണമായിരുന്നത്രേ ഒരുകാലത്ത്‌.

ഞാൻ എന്നാണ്‌ ആദ്യമായി ചായ കുടിച്ചത്‌ഓർമയില്ല.  ഓർമവച്ചനാൾമുതൽ വീട്ടിൽ ചായയുണ്ട്‌.   അതിരാവിലെ ഒരു വലിയ മൊന്തനിറയെ ചായ വിറകടുപ്പിന്റരികെ ഉണ്ടാക്കിവച്ചിരിക്കും.   ഉറക്കമുണർന്നു പല്ലുതേപ്പും കഴിഞ്ഞ്‌ വരുന്നവർ വരുന്നവർ ടംബ്ളറിലൊഴിച്ചു കുടിക്കും.   ചൂടും കടുപ്പവും സ്വാദും മധുരവുമൊക്കെ   ഓരോ ദിവസവും ഓരോ വിധം.   ആർക്കും അതൊരു പ്രശ്നമായിരുന്നില്ല.

എന്തുകൊണ്ടോ കാപ്പി കുടിക്കുന്നത്‌ അമ്മ മാത്രമായിരുന്നു; അതായിരുന്നത്രേ അമ്മവീട്ടിലെ ശീലം.   ഇടയ്ക്കൊക്കെ ഞാനും കൂടും പങ്കുപറ്റി.   പിന്നെപ്പിന്നെ തനിച്ചായി പരിപാടി.   കാപ്പിക്കുരു വറക്കുന്നതുമുതൽ വീട്ടിലെ കൊച്ചു കൈമെഷീനിലിട്ടു കറക്കിപ്പൊടിച്ച്‌ കോഫി-ഫിൽറ്ററിൽ നിറച്ച്‌ പാലുകാച്ചി കാപ്പി കൂട്ടുന്നതുവരെ.   പലതരം പരീക്ഷണങ്ങളും അന്നു നടത്തിയിരുന്നു - കാപ്പിയിൽ നെയ്‌ ചേർക്കുക, കൊക്കോപ്പൊടി വിതറുക, എന്നിങ്ങനെ.   എന്നാൽ ചായയിൽ കസ്റ്റേർഡ്‌-പൊടി ചേർക്കുന്നത്‌  എന്റെ ചേട്ടന്റെ കണ്ടുപിടുത്തമായിരുന്നു.   (അച്ഛന്റെ സ്വന്തം ബിസ്ക്കറ്റ്‌ ഫാക്റ്ററിയിൽ നിന്നുള്ള പ്രചോദനമായിരുന്നു, കൊക്കോപ്പൊടിയും കസ്റ്റേർഡ്‌ പൊടിയും.   പരീക്ഷണത്തിനായി അച്ഛൻ എന്തും വിട്ടുതരുമായിരുന്നു.)

ഇതൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ വേനലവധിക്കാലത്ത്‌.   കടയിൽനിന്നു ചായപ്പൊടി മേടിക്കാൻ ഞാനായിരുന്നു മുമ്പൻ   കണ്ണൻദേവൻതൊട്ട്‌ ലിപ്ടണും ബ്രൂക്ക്‌-ബോണ്ടും കഴിഞ്ഞ്‌ ടാറ്റ-ഫിൻലേ വരെ എല്ലാ ചായപ്പൊടികളും ഇലച്ചായകളും ഞാൻ സംഘടിപ്പിക്കും.   (അന്ന്‌ ഗ്രീൻ-ടീ പ്രചാരത്തിലായിട്ടില്ല.)   `ത്രീ റോസസ്‌` എന്നൊരു ചായയുണ്ടായിരുന്നു അന്ന്‌.   ഇന്ന്‌ മാർക്കറ്റിലില്ലെങ്കിലും ആ കച്ചവടമുദ്ര ആർക്കും കൈമാറിയിട്ടില്ല എന്നാണറിയുന്നത്‌.   ചായപ്പാക്കറ്റിന്റെ ഭംഗിയായിരുന്നു രുചിയേക്കാൾ എനിക്കാകർഷണം.    അങ്ങനെ ഒരുമാതിരി എല്ലാത്തരം ചായയും ഞാൻ സ്വാദുനോക്കിയിട്ടുണ്ടന്ന്‌.   പറ്റുമെങ്കിൽ രണ്ടോ മൂന്നോ ചായത്തരങ്ങൾ ഒന്നിച്ചുചേർത്ത്‌ ചായ ഉണ്ടാക്കൽ എന്റെ വിനോദമായിരുന്നു; ഇന്നും അതെ.

ഞാൻ പണിയെടുത്തിരുന്ന സി.എസ്‌.ഐ.ആർ. ശാസ്ത്രഗവേഷണക്കൂട്ടത്തിൽ തേയിലഗവേഷണത്തിനു മാത്രമായി ഒരു സ്ഥാപനമുണ്ട്‌.   അതിലെ ഒരു മുതിർന്ന ശാസ്ത്രജ്ഞൻ ശരിക്കെങ്ങനെ ചായ ഉണ്ടാക്കണമെന്ന്‌ ഒരിക്കൽ വിവരിച്ചു തന്നു.   ആദ്യം വെള്ളം തിളപ്പിക്കണം.   എന്നാൽ തിളയ്ക്കുന്ന വെള്ളത്തിൽ ഉടൻ ചായപ്പൊടി ഇടരുത്‌.   ഒരു കപ്പിന്‌ ഒരു ടീ-സ്പൂൺ എന്ന അളവിൽ ചായ ചേർത്തിളക്കണം.   ഒരു സ്പൂൺ അധികം പാത്രത്തിനുവേണ്ടിയും.   എന്നിട്ടടച്ചുവയ്ക്കണം മൂന്നു മിനിറ്റ്‌.   പിന്നെ അരിച്ചെടുത്ത്‌ ഓരോ കപ്പിലുമൊഴിച്ച്‌ വേണമെങ്കിൽ അപ്പോൾ തിളപ്പിച്ച പാലും ആവശ്യാനുസരണം ഒന്നോ രണ്ടോ ടീ-സ്പൂൺ പഞ്ചസാരയും ചേർത്തിളക്കണം.   പാലും പഞ്ചസാരയും ആദ്യമേ ചേർത്ത്‌ ചായക്കോപ്പയിൽ പതപ്പിച്ചുമൊഴിക്കാം.   അതിന്‌ വേറൊരു രുചിയായിരിക്കുമത്രേ.

വേറെയും പലേ വിധങ്ങളുണ്ട്‌ ചായ ഉണ്ടാക്കാൻ, ചായയിടാൻ, ചായകൂട്ടാൻ, ചായകാച്ചാൻ!   ചായവെള്ളം രുചിച്ചുനോക്കി ഗുണവും വിലയും നിർണയിക്കുന്നു അതിനിപുണരായ `ടീ-ടേസ്റ്റർ`-മാർ.   ഒടുക്കത്തെ ശമ്പളമാണ്‌ ഇപ്പണിക്കു നൽകുക.

പണ്ടത്തെ ടാറ്റ-ഫിൻലേ എന്ന ബ്രാന്റ്‌ ഇന്നില്ല.   ഇന്നത്തെ `ടാറ്റ-ഗോൾഡ്‌`-ന്‌ അതിന്റെ സമാനതകളുണ്ട്‌.   പണ്ട്‌ നമ്മെ ചായകുടിപ്പിച്ച ബ്രിട്ടീഷ്‌ കമ്പനിയുടെ കച്ചവടം മുഴുവൻ നമ്മുടെ ടാറ്റ വിലയ്ക്കു വാങ്ങിയത്‌ കാവ്യനീതിയെന്നോ ചരിത്രനീതിയെന്നോ ഒക്കെ നിങ്ങൾക്കു വിളിക്കാം.  ടാറ്റ ഇംഗ്ളണ്ടിൽപോയി ടെറ്റ്ലി-ക്കമ്പനി വാങ്ങിയ കഥ ഒരു ചരിത്രസംഭവം മാത്രമല്ല, ചരിത്രത്തിന്റെ അനിവാര്യമായ പുനരാവർത്തനം കൂടിയാണ്‌.

എന്റെ കാര്യമാണ്‌ - ചായ കുറച്ചു മോശമായാലും കുടിക്കാം .  കാപ്പി അങ്ങനെയല്ല; നന്നായാലേ കുടിക്കാനാകൂ.   എന്തുകൊണ്ടോ ഇൻസ്റ്റന്റ്‌-കോഫി പോലെ ഇൻസ്റ്റന്റ്‌-ചായ പ്രചാരത്തിലായില്ല.   `ഉടന്തടി` അടുത്തൊന്നും ഉണ്ടാകുമെന്നും തോന്നുന്നില്ല.   നമ്മൾ `ടീ-ബാഗ്‌` വരെയേ എത്തിയിട്ടുള്ളൂ.

`ബോസ്റ്റൺ ടീ പാർട്ടി` ഒരു തേയില-സത്കാരമേയല്ലായിരുന്നു എന്നൊന്നും മര്യാദയ്ക്കു ചരിത്രം പഠിക്കാത്ത എനിക്ക്‌, കഴിഞ്ഞദിവസം ടി. പത്മനാഭന്റെ `മരയ` എന്ന ചെറുകഥയിൽ `തേയിലസത്ക്കാരം` എന്ന എന്നേ മറന്നുപോയ വാക്കു കണ്ടപ്പോഴാണ്‌ ഇതെഴുതാൻ തോന്നിയത്‌.   പണ്ടൊക്കെ ഒരു കല്യാണത്തിനോ പുരവയ്പ്പിനോ പെൻഷൻപറ്റുന്നതിനോ മാത്രമായിരുന്നു `തേയില-സത്കാരം` അല്ലെങ്കിൽ `ടീ-പാർട്ടി`.   ഇന്നോ?

`ചായ്‌-പാനി`-സംസ്ക്കാരം പടർന്നു പന്തലിച്ചു നിൽക്കുന്ന ദില്ലിനാട്ടിലെ സർക്കാർ-ഓഫീസുകളുടെ സ്ഥിരം മണം ചായമണം.   ഏതോഫീസിലും ഏതു സമയത്തും ചായവിളമ്പുന്നുണ്ടാവും.   ലോകത്തെവിടെയുമുള്ള ഇൻഡ്യൻ-എംബസ്സികളിൽപോലും ചായമണമില്ലാതിരിക്കില്ലപോൽ.

ഒരു ദില്ലിക്കഥയുണ്ട്‌.   ഭാരതസർക്കാറിന്റെ അതിസുരക്ഷാനിയന്ത്രണമൊക്കെയുള്ള നോർത്ത്‌-ബ്ളോക്ക്‌ കെട്ടിടസമുച്ചയത്തിൽനിന്ന്‌ ഒരോ ദിവസവും ഓരോ ഉദ്യോഗസ്ഥനെ കാണാതാവുന്നു.   കോണിപ്പടിച്ചുവട്ടിൽ എങ്ങിനെയോ ഒരു പുലി വന്നുപെട്ടിരുന്നു.   അതായിരുന്നു ഓരോരുത്തരെ കൊന്നു തിന്നിരുന്നത്‌.   ദിവസങ്ങളായിട്ടും ആരുമറിയുന്നില്ല, ആരും അന്വേഷിക്കുന്നുമില്ല.   അതങ്ങനെയാണല്ലോ, കസേരപ്പിറകിൽ കോട്ടും തൂക്കിയിട്ട്‌ പുറത്തുപോയി തന്റെ പണി ഒഴിച്ച്‌ ബാക്കി എല്ലാ കാര്യങ്ങളും കയ്യാളുന്നവരാണല്ലോ ദില്ലി ഗുമസ്തർ.   എന്നാൽ ഒരു ദിവസം പുലിക്കൊരു അബദ്ധം പറ്റി.   ഗുമസ്തനു പകരം ചായക്കാരൻപയ്യനെ വെട്ടിവിഴുങ്ങി.   അതോടെ ഓഫീസിലാകെ അങ്കലാപ്പായി.   കാരണം ചായയില്ല.   ഉദ്യോഗസ്ഥർ കൂട്ടത്തോടെ അന്വേഷിച്ചിറങ്ങി അവസാനം പുലിയെ കണ്ടെത്തി വകവരുത്തിയത്രേ.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...