Showing posts with label Book Review. Show all posts
Showing posts with label Book Review. Show all posts

Thursday, 20 August 2020

തിരയ്ക്കൊരു തീരം

 

 

സെൽഷയുടെ മമ്മ’ (കഥാസമാഹാരം)  

 രാജേശ്വരി നായർ 

 [ചെമ്പരത്തി പ്രസാധനം, ജൂൺ, 2019]

 

 നാനാത്വത്തിൽ ഏകത്വം.  അത് ഭാരതത്തിന്റെ മുഖമുദ്ര.  ഏകത്വത്തിൽ നാനാത്വം.  അത് ഗോവയുടെ മുഖച്ഛായ.   അഞ്ഞൂറുവർഷം പോർത്തുഗീസുകാരുടെ കാൽക്കീഴിൽ കിടന്നിട്ടും ശരീരത്തെയല്ലാതെ ആത്മാവിനെ അടിയറവച്ചില്ല ഒരുമാതിരി ഗോവക്കാർ ആരും.  എങ്കിലും ഭാരതത്തിന്റെ മറുഭാഗങ്ങളിലുള്ളവരേക്കാൾ കൂടുതൽ പാശ്ചാത്യരീതികളോട് പ്രണയമുള്ളവരാണവർ.  അതേസമയം ഭാരതത്തിന്റെ മറ്റുഭാഗങ്ങളിൽനിന്നുള്ള സന്ദർശകരും കുടിയേറ്റക്കാരും പ്രവാസികളും ഗോവയുടെ കലാ-സാംസ്ക്കാരിക-സാമ്പത്തിക-സാമൂഹിക-സമ്പ്രദായങ്ങളെ സാരമായി സ്വാധീനിച്ചിട്ടുമുണ്ട്.  അത്തരത്തിൽ പരന്നുകിടക്കുന്നൊരു കൊളാഷിലെ ഒറ്റച്ചിത്രങ്ങൾ ഒപ്പിയെടുത്തിരിക്കുകയാണ്‌ ശ്രീമതി രാജേശ്വരി നായർ തന്റെ ഗോവൻകഥകളിൽ.

ഒരു മനുഷ്യനും ഒറ്റയ്ക്ക്, ഒറ്റപ്പെട്ടൊരു സന്തോഷം കണ്ടെത്തുന്നില്ല.  വേണ്ടപ്പെട്ടവരുമായി വച്ചുമാറുമ്പോഴേ വിഷാദങ്ങളും വേദനകളുമെല്ലാം വിസ്മൃതിയാകുന്നുള്ളൂ.  തിരയ്ക്കൊരു തീരം വേണം.  എങ്കിലേ തിരത്തള്ളൽ സാർത്ഥകമാകൂ.  എന്നാലോ വേണ്ടാത്തവരുമായി വ്യവഹാരത്തിലേർപ്പെടുമ്പോൾ വയ്യാവേലികളും വേണ്ടുവോളമുണ്ടാകും.  മനുഷ്യജീവിതത്തിലെ ഇത്തരം വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും ഗോവൻജീവിതത്തിൽ അവയുടെ അനുരണനവുമാണ്‌ രാജേശ്വരി നായരുടെ കഥകളുടെ കാമ്പ്.

സെൽഷ എന്ന ചെറുബാല്യക്കാരിയുടെ സ്വയംവരത്തിന്റെയും കുടുംബമഹിമയിൽ അതിരുവിട്ടഭിരമിക്കുന്ന അവളുടെ അമ്മ അതിൽ കാണുന്ന അപാകതയുടെയും തുടർന്നുള്ള വേർപിരിയലിന്റെയും, ഒരു കുഞ്ഞിക്കാലിന്റെ വരവറിയിപ്പിന്റെ ഒരൊറ്റ നിമിഷത്തിൽ ആ പകയും പരാതിയുമെല്ലാം അലിഞ്ഞലിഞ്ഞില്ലാതാകുന്നതിന്റെയും കഥയാണ്‌ സെല്ഷയുടെ മമ്മ’.  സിരകളിൽ നീലരക്തമോടുന്നെന്നു സ്വയം കരുതുന്ന ബ്രാഹ്മണ-കത്തോലിക്കരുടെ കുടുംബാഭിമാനവും എന്നാലോ പച്ചജീവിതത്തിൽ അവരും സാധാരണക്കാരെപ്പോലെതന്നെ ചോരയും നീരും മജ്ജയും മാംസവുമുള്ളവരാണെന്നുള്ള പരമാർഥവുമാണ്‌ ഇക്കഥയിൽ നാം കാണുക.  ഹൽദി കുങ്കുംഗോവയിലെ ഹിന്ദുസമൂഹത്തിലെ ചില പൊങ്ങച്ചങ്ങളെ കാട്ടിത്തരുന്നു.  ചില പുറംകാഴ്ചകളിൽ ഇന്ത്യയിലെ ഏതൊരു സ്ഥലത്തുമെന്നപോലെ ഗോവയിലെയും അരികുജീവികൾ അനുഭവിക്കുന്ന ദുരിതങ്ങളുടെ നേർക്കാഴ്ചയാണ്‌.   ഗോവയിലെ മലയാളികളുടെ കൂട്ടായ്മയും കൂടായ്മയും കുന്നായ്മയും വേണ്ടുവോളം കാണാം പിരിവുകാർഎന്ന കഥയിൽ.  അറിഞ്ഞും അറിയാതെയും ഇളംതലമുറ വഴിതെറ്റുന്നതിന്റെ നാൾവഴിക്കഥയാണ്‌ കാർണിവൽ’.   മതമേതായാലും മനുഷ്യമനസ്സൊരുപോലെ എന്നു വിളിച്ചോതുന്നു ട്രെസ്സയുടെ ലോകം, കാർദോസിന്റെയും’.   ഒരു പരസ്ത്രീഗമനത്തിന്റെ ഔചിത്യമുള്ള പരിസമാപ്തിയാണ്‌ മനീഷയുടെ ഭർത്താവിൽ.   ഗോവ കൃസ്തീയദേവാലയങ്ങളുടെമാത്രം നാടെന്ന പുറംധാരണ തിരുത്തിത്തരുന്നു  ശാന്തി തേടിഎന്ന കഥ.   ഗോവ സന്ദർശിക്കുന്ന ഒരു മലയാളനാടകട്രൂപ്പിന്റെ ഒരു ദു:ഖാനുഭവമാണ്‌ നാടകാന്തംഅവതരിപ്പിക്കുന്നത്.   ദേശത്തെയോ മതത്തെയോ മനുഷ്യനെയോ ജീവിതത്തെയോ  അതിവൈകാരികമായി സമീപിക്കാത്ത പുത്തൻതലമുറ ഗോവയിലും വേരോടുന്നുണ്ട് എന്ന കാര്യം വൈവാഹികംവെളിപ്പെടുത്തുന്നു.   ഗോവൻക്രിസ്തീയവിഭാഗത്തിന്റെ വിശേഷപ്പെട്ടൊരു വിവാഹച്ചടങ്ങിന്റെ വിവരണമാണ്‌ രോസ്‌’.   വീണ്ടുമൊരു കുടുംബബന്ധത്തിന്റെ കഥയാണ്‌ പുഴ അറിഞ്ഞ്’; എന്നാലോ ഇതൊരു ദു:ഖകഥ.   ഗോവൻമണ്ണിന്റെ മണംപേറുന്ന കഥയാണ്‌ ഇരട്ടകൾ’, മനുഷ്യജീവിതത്തിന്റെ ഇരുളും വെളിച്ചവും അതിൽ നിഴലിക്കുന്നു.   മതങ്ങൾക്കുപരി മനുഷ്യത്വം വളരുന്നതു കാണാം ജോലിക്കാരിയിൽ; സമകാലികഗോവയുടെ മറക്കാനാകാത്തൊരു ചിത്രമാണത്.   വെള്ളാരങ്കല്ലുകൾഎന്നൊരു നഷ്ടപ്രണയകഥയോടെ രാജേശ്വരി നായരുടെ ഗോവദർശനം വട്ടമെത്തുന്നു.

ഓടിച്ചുവായിക്കാമെങ്കിലും നമ്മുടെ ചിന്തയെ ഒരിടത്തിരുത്തിയേ ഇക്കഥകളെല്ലാം  പടിയിറങ്ങൂ.  ഗോവയെപ്പറ്റിയും ഗോവക്കാരെപ്പറ്റിയും അറിഞ്ഞതും അറിയുന്നതും അറിയാത്തതുമായ കാര്യങ്ങൾ അടുക്കിയൊതുക്കിയിരിക്കുന്നു ഈ കഥാസമാഹാരത്തിൽ.   പുറമെ ആഹ്ളാദഭരിതരെങ്കിലും അകത്തളങ്ങളിലെ ഉരുൾപൊട്ടലുകൾ ആരുമറിയാതെ ആരേയുമറിയിക്കാതെ ജീവിക്കുന്ന ഗോവക്കാരുടെ സ്വത്വം ആരായുന്നവർക്ക് ഇതാ ഒരു കൈപ്പുസ്തകം.   തിര കൊണ്ടുവരുന്നതെല്ലാം ഈ തീരത്തുണ്ട്.   കക്കയും കല്ലും മണ്ണും മുള്ളും ശംഖും ശക്തിയും.

 

(ഡോ.  ജി. നാരായണസ്വാമി)

 

 

 

 

 

 

 

 

Saturday, 22 June 2019

തിരതല്ലാത്ത കടൽ



തിരതല്ലാത്ത കടൽ തെറ്റിദ്ധരിപ്പിക്കുന്നു.  ആഴങ്ങളിലെ അലകളും അടിയൊഴുക്കുകളും അടക്കിപ്പിടിച്ചാണ് അതിന്റെ അസ്തിത്വം.  ഒരമ്മയുടെ മനസ്സുപോലെ.  ഇടയ്ക്കു പൊട്ടും, ചീറ്റും.   തിര ഇരമ്പിക്കഴിഞ്ഞാൽ ശാന്തമാകും.  ബന്ധം ബന്ധനങ്ങളേക്കാൾ ശക്തമാകും.  രാജേശ്വരി നായരുടെ `സെൽഷയുടെ മമ്മ` എന്ന ചെറുകഥാസമാഹാരം (2019) തിരതല്ലാത്ത ഒരു കടലാണ്.
അരനൂറ്റാണ്ടോളം കാര്യങ്ങൾ കണ്ടും കേട്ടും മറന്നും ഗോവയിൽ ജീവിച്ചിട്ടും ഞങ്ങൾക്ക് ഓരോ ദിനവും പുതുതാണ്, ഓരോ മനുഷ്യനും ആശ്ചര്യമാണ്, ഓരോ ജീവിതവും ആഹ്ളാദമാണ്.  ഏതു കാര്യത്തിലും ആനന്ദം കണ്ടെത്തുന്ന ഗോവക്കാർ പക്ഷെ അത്രയ്ക്കനായാസമായൊന്നുമല്ല ജീവിക്കുന്നത്.  എങ്കിലും ഒരു പരിധിവിട്ടാൽ എന്തിനും `ബൈ-ബൈ` പറയുന്നതാണ് അവരുടെ പ്രകൃതം.  ആഴംകുറഞ്ഞതാണവരുടെ കടൽ; തിരയിൽ ത്രസിക്കുന്നതാണവരുടെ ജീവിതം.
ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും മറ്റുമതക്കാരും കാര്യമായി തിരിച്ചറിയാൻ വയ്യാത്ത തരത്തിലാണു ഗോവയിൽ.  ആഘോഷങ്ങൾ അവർക്കുപലതാണ്; പൊതുവും.  ആഘോഷിക്കാൻതന്നെയാണ് അവരുടെ ജീവിതം.  എന്നാലോ ആചാരങ്ങൾക്കും കുറവില്ല.  ഉപചാരത്തിനോ അതിരുമില്ല.  ഒറ്റപ്പെട്ട കുറെ വിദേശികളെ ഒഴിച്ചുനിർത്തിയാൽ കേരളക്കാരാണ് പാലിൽ പഞ്ചസാരയെന്നപോലെ ഗോവൻസമൂഹത്തിൽ അത്രമാത്രം ഇഴുകിച്ചേർന്നിട്ടുള്ള പരസമൂഹം.  സ്വത്വം കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ തികഞ്ഞ സ്വരച്ചേർച്ചയോടെ അവരിവിടെയുണ്ട്.
അതിൽ ഒരാളായ രാജേശ്വരി നായരുടെ ഓരോ കഥയും മേൽപ്പറഞ്ഞ ഓരോന്നിന്റെയും  നേർക്കാഴ്ചയാണ്.  ഗോവൻപശ്ചാത്തലത്തിൽ മെനഞ്ഞെടുത്തിട്ടുള്ള ഈ കഥകൾ നമ്മളറിയുന്നതും അറിയാത്തതുമായ ജീവിതവിശേഷങ്ങളെ അനുഭവവേദ്യമാക്കുന്നു.  വളച്ചുകെട്ടില്ലാതെ, നേരെചൊവ്വെ.


Wednesday, 6 March 2019

ഒരു ദക്ഷിണ-കൊറിയൻ പ്രദക്ഷിണം


ഒരു ദക്ഷിണ-കൊറിയൻ പ്രദക്ഷിണം

[‘ഹാൻ നദിക്കരയിലൂടെ ‘:രാജേശ്വരി നായർ
ചെമ്പരത്തി പ്രസാധനം, June 2018, pp 88]

‘മക്ക‘ത്തുപോയി മനസ്സുനന്നാക്കേണ്ടിയിരുന്നൊരാൾ ‘മക്കാവ്‘-ൽ പോയി അടിമുടി മാനസാന്തരപ്പെട്ടുവന്ന് ഒരു സഞ്ചാരസാഹിത്യമെഴുതിവച്ചിട്ടുണ്ട്.  വേറൊരാൾ ചങ്കുംകൊണ്ട് ചൈനയ്ക്കുപോയി ഉള്ള ചങ്കും കളഞ്ഞു വന്നതും സഞ്ചാരസാഹിത്യമാക്കിയിട്ടുണ്ട്.  ഒരു ടിക്കറ്റ് എടുത്ത് ഏതെങ്കിലും സ്ഥലത്ത് ഓട്ടപ്രദക്ഷിണം നടത്തി തിരിച്ചെത്തിയ ഉടനെ സീറ്റ്-നമ്പറും ഹോട്ടൽ-കാര്യങ്ങളും പിന്നെക്കുറെ കൊച്ചുവർത്തമാനങ്ങളും ‘നഷ്ടാൾജിയ‘കളും നിരത്തി യാത്രാവിവരണം കാച്ചുന്ന ചെറുബാല്യക്കാരും വല്യബാല്യക്കാരും വേണ്ടുവോളമുണ്ട് മലയാളത്തിൽ.  അവയിൽനിന്നെല്ലാം വിഭിന്നമായി ചെറുതെങ്കിലും ചോരയും നീരുമുറ്റ ഒരു യാത്രാനുഭവമാണ് ശ്രീമതി രാജേശ്വരി നായർ നമുക്കു തരുന്നത്.  അതും നമുക്ക് അത്രയൊന്നും പരിചിതമല്ലാത്ത ദക്ഷിണ കൊറിയൻ ജീവിതങ്ങളുടെ നേർക്കാഴ്ചകൾ.

അവരുടെ ടീവിയും ഫ്രിജ്ജും മൊബൈൽഫോണും കം‌പ്യൂട്ടറും കാറുമൊക്കെ കാണുമ്പോൾ തെക്കൻ‌കൊറിയയെ സുഖഭോഗവസ്തുക്കളുടെ ഒരു വെറും ഉത്പാദകരാഷ്ട്രമായാണ് നമ്മൾ കരുതുക.  ഇരുമ്പുമറയ്ക്കുള്ളിലെ വടക്കൻകൊറിയയെപ്പറ്റിയുള്ള വക്രവാർത്തകൾകൊണ്ട് പത്രങ്ങൾ നിറയുമ്പോൾ ദക്ഷിണകൊറിയ അതിനു നേരെ എതിരെ എന്നുമാത്രമേ നമുക്കു നിരൂപിക്കാനാകൂ.  ഈ പുസ്തകം ആ മിഥ്യാധാരണ തിരുത്തിത്തരുന്നു.  പുറം‌കാരണങ്ങളാൽ ഒരേവംശത്തിന്റെ വിഭജനവും അധിനിവേശങ്ങളും യുദ്ധക്കെടുതികളും മേൽപകുതിയെ പ്രത്യയശാസ്ത്രങ്ങൾ  ഉൾവലിയിപ്പിച്ചപ്പോൾ കീഴ്പകുതിയെ ശാസ്ത്രസാങ്കേതികവിദ്യകൾ വികസനോന്മുഖമാക്കി എന്നതു സത്യം.   പക്ഷെ ഇരുപകുതികളുടെയും ഉള്ളിന്റെയുള്ളിൽ ശക്തമായ പ്രാക്തനബന്ധം ഒളിഞ്ഞിരിപ്പുണ്ട്.  കുടുംബസഹിതം തെക്കൻകൊറിയയിൽ കുറെ നാൾ ചെലവിട്ട രാജേശ്വരി നായർ, മൊത്തം കൊറിയയുടെ ഇന്നത്തെ ഏകോപനോത്സുകതയെ എടുത്തുകാട്ടുന്നു  ഒരൊറ്റ സൂചനയിലൂടെ: (ഇരുകൊറിയകളുടെയും അതിർത്തിയിലെ ഡോറാസാൻ റെയ്ൽവേ സ്റ്റേഷൻ) ‘തെക്കുനിന്നുള്ള അവസാനത്തെ സ്റ്റേഷനല്ല, മറിച്ച് വടക്കോട്ടുള്ള ആദ്യത്തെ സ്റ്റേഷനാണ്.‘

വിനോദസഞ്ചാരികളുടെ സ്ഥിരം സംക്രമണസ്ഥലങ്ങൾ സന്ദർശിക്കുമ്പോഴും അവിടങ്ങളിൽ അടയിരിക്കുന്ന ചരിത്രപരവും  ഭൂമിശാസ്ത്രപരവുമായ വൈശിഷ്ട്യങ്ങൾ ഈ സഞ്ചാരരേഖയിലൂടെ നാമറിയുന്നു.   സാമ്പത്തികോന്നതിയുടെ കുത്തൊഴുക്കിൽപോലും സാംസ്ക്കാരികതയെ കൈവിടാത്ത കൊറിയ നമുക്കനുഭവവേദ്യമാകുന്നു.  കച്ചവടകേന്ദ്രങ്ങൾ കലാകേന്ദ്രങ്ങൾകൂടിയാണെന്നും നാം കാണുന്നു.  കഴിഞ്ഞകാലത്തിൽ കാലുറപ്പിച്ച് കാലത്തിനൊത്തു കുതിച്ചോടുന്ന കൊറിയൻകൗശലം നമ്മൾ തിരിച്ചറിയുന്നു.

‘ഹാൻ നദിക്കരയിലൂടെ‘ ഗൗരവപ്പെട്ട ഗവേഷണഗ്രന്ഥമോ ചിട്ടയൊപ്പിച്ച ഡയറിക്കുറിപ്പോ കുറച്ചുകാര്യങ്ങളും കുറച്ചധികം ബഡായിക്കഥകളും തുന്നിച്ചേർത്ത് തൂക്കത്തിനു വിൽക്കുന്ന സഞ്ചാരസാഹിത്യമോ ഒന്നുമല്ല.   തികച്ചും ലളിതമായ വീക്ഷണങ്ങൾ;  തികച്ചും ലളിതമായ വാക്കുകൾ.   വിവരണങ്ങളേക്കാൾ സൂചകങ്ങളാണ് ഈ പുസ്തകത്തിലധികവും.   അതിനാൽ താൽപര്യമുള്ളവർക്ക് പുതിയ പഠനങ്ങൾക്ക് പ്രേരണയേകുന്നു ഈ പുസ്തകം.   കുട്ടികളും മുതിർന്നവരും ഒന്നിച്ചിരുന്നു വായിക്കേണ്ട ഈ കൃതിയുടെ പുറങ്ങളിൽ ‘പരമാവതി‘, ‘സ്പുരണം‘, ‘പ്രൗഡി‘, ‘ഛായ കൂട്ട്‘, ‘ബതൽ‘, ‘അക കാമ്പ്‘, ‘സാമ്പത്തീക-‘,   എന്നൊക്കെയുള്ള അക്ഷരത്തെറ്റുകൾ ദൃഷ്ടിദോഷങ്ങളാണെന്നൊരു കുറവേ എന്റെ കാക്കക്കണ്ണിനു കണ്ടെത്താനായുള്ളൂ.

(ഡോ.  ജി. നാരായണസ്വാമി, March 2019)
   

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...