അടുത്തിടെ ഭാര്യയെക്കൂട്ടി ഒരാസ്പത്രിയിലെ അത്യാധുനികമായ ഫിസിയോ-തെറാപ്പി (കായിക ചികിത്സാ) വിഭാഗത്തിലേക്കു പോകാന്‍ ഇടയായി. അവിടെ കണ്ടതോ? അന്പതുവര്ഷം മുന്‍പത്തെ ഗ്രാമക്കാഴ്ചകള്‍. എന്നുവച്ചാല്‍, ഒരാള്‍ ആട്ടുകല്ലില്‍ അരയ്ക്കുന്നു. ഒരാള്‍ അമ്മിക്കല്ലില്‍ ചതയ്ക്കുന്നു. ഒരാള്‍ തിരികല്ലില്‍ പൊടിക്കുന്നു. ഒരാള്‍ ഉരലില്‍ ഉലക്കയിട്ടിടിക്കുന്നു. മറ്റൊരാള്‍ ചക്രം ചവിട്ടുന്നു. ഇനിയുമൊരാള്‍ അഴകെട്ടുന്നു. ഓടുന്നു. ചാടുന്നു. ഊഞ്ഞാലാടുന്നു. തൊണ്ടു തല്ലുന്നു. കയര്‍ പിരിക്കുന്നു. കയര്‍ വലിക്കുന്നു. തറിയില്‍ നെയ്യുന്നു. പശുവിനെ കുറ്റിയില്‍ കെട്ടുന്നു. മണ്ണുവെട്ടുന്നു. കട്ടയുടയ്ക്കുന്നു. കല്ലു പെറുക്കുന്നു. പുല്ലു ചെത്തുന്നു. കള പറിക്കുന്നു. ചാലുകീറുന്നു. കൊയ്യുന്നു. കെട്ടു ചുമക്കുന്നു. കറ്റ മെതിക്കുന്നു. അടപ്പു തുറക്കുന്നു. തിരിച്ചടയ്ക്കുന്നു. കറിയിളക്കുന്നു. പുകയൂതുന്നു. തൈരു കടയുന്നു. കരിക്കു വെട്ടുന്നു. തേങ്ങ പൊതിക്കുന്നു. തേങ്ങ ചിരവുന്നു. കിണറ്റില്‍നിന്ന് കപ്പിയിട്ടു വെള്ളംകോരുന്നു. തുണിയലക്കുന്നു. തുണിപിഴിയുന്നു. തോര്‍ത്തുകൊണ്ടു തലയും പുറവുമെല്ലാം തുടയ്ക്കുന്നു. വണ്ടി വലിക്കുന്നു. ഉരുള്‍ ഉരുട്ടുന്നു. വിറകടുക്കുന്നു. പായ ചുരുട്ടുന്നു. കോണി കേറുന്നു. പന്തുകളിക്കുന്നു. പാത്രം പൊക്കുന്നു. ഉറി താഴ്ത്തുന്നു. ഓല മെടയുന്നു. കിഴങ്ങു വലിച്ചുപൊക്കുന്നു. മുങ്ങിപ്പൊങ്ങുന്നു. ഇല വെട്ടുന്നു. പൂവിറുക്കുന്നു. കൈകൂപ്പിത്തൊഴുന്നു. സാഷ്ടാംഗം നമസ്ക്കരിക്കുന്നു. കസര്‍ത്തെടുക്കുന്നു. മുറ്റം തൂക്കുന്നു. നിലം തുടയ്ക്കുന്നു. ചാണകം മെഴുകുന്നു. തിരി തെരുക്കുന്നു. വിളക്കു കൊളുത്തുന്നു. കാക്കയോട്ടുന്നു. ഈച്ചയാട്ടുന്നു. വിയര്‍ക്കുന്നു. വീശുന്നു..... എന്നെല്ലാമെനിക്കു തോന്നി. ചികിത്സയ്ക്കു വന്നവര്‍ മിക്കവരും പത്തായം പോലെ കുംഭവീര്‍ത്ത ചെറുപ്പക്കാര്‍. പപ്പും പൂടയുമുള്ള അമ്മമാര്‍. 'പത്തായം പെറ്റ് ചക്കി കുത്തി അമ്മവയ്ച്ച് ഞാന്‍ ഉണ്ണു'ന്ന കുട്ടിസ്രാങ്കുകള്‍. 'ഉഡുരാജമുഖീ മൃഗരാജകടീ ഗജരാജവിരാജിത മന്ദഗതി'ക്കാരായ 'ചക്കി'കളെ മാത്രം കണ്ടില്ല. ഉരലും ഉലക്കയുമായി ഉരുവമിളക്കി ഉഴച്ചുണ്ടായ ഉടയാത്ത ഉടലഴകികള്‍ക്ക് 'ഉടലാലയ'ത്തിലെന്തു കാര്യം, അല്ലേ. എന്താണിങ്ങനെ? ഒന്നുരണ്ടു തലമുറയ്ക്കുള്ളില്‍ മനുഷ്യശരീരം ഇത്രകണ്ടു മാറിയോ? അധ്വാനമില്ലാത്ത ആഹാരവും ആഹ്ളാദമില്ലാത്ത ആര്‍ഭാടവും ആശാസ്യമല്ലാത്ത അര്‍മാദവുംകൊണ്ടാകാം പൊണ്ണത്തടിയും പൊള്ളച്ച അസ്ഥിയും പൊട്ടിപ്പോയ കശേരുക്കളും പിന്നിപ്പിരിഞ്ഞ സന്ധികളും. ഇന്നത്തേക്കാള്‍ എത്രയോ കായികാധ്വാനം ചെയ്യേണ്ടിവന്ന പഴയ തലമുറക്കാര്‍ക്ക് കാര്യമായ ശാരീരികവിഷമങ്ങളില്ലല്ലോ. ഫിസിയോ-തെറാപ്പി കേന്ദ്രത്തിലും ജിമ്മിലും ഇന്നുള്ളവര്‍ ചെയ്യുന്ന കാര്യങ്ങള്‍ അന്നവര്‍ പാടത്തും പണിസ്ഥലത്തും വീട്ടിലും അടുക്കളയിലുമെല്ലാമായി ചെയ്തിരുന്നതാകാം കാരണം. കീടനാശിനികളും കൃത്രിമ-ഹോര്‍മോണുകളും ഒന്നിച്ചുചേര്‍ന്നു നാശംവിതച്ച ആഹാരപദാര്‍ഥങ്ങളോ രാസയൌഗികങ്ങള്‍ വിഷംനിറച്ച ആവാസകേന്ദ്രങ്ങളോ അന്നില്ലായിരുന്നല്ലോ. എന്തിനെന്നറിയാത്ത പട്ടിയോട്ടമോ കാമക്രോധങ്ങളുടെ കാളപ്പോരോ മത്സരബുദ്ധിജീവികളുടെ തൊഴുത്തില്‍കുത്തോ പണത്തിനുവേണ്ടിയുള്ള പരുന്തിന്‍പറക്കലോ പ്രായേണ കുറവുമായിരുന്നല്ലോ അന്നെല്ലാം. ഇന്നും പ്രകൃതി കനിഞ്ഞുതരുന്ന വായുവിനും വെള്ളത്തിനും വെയിലിനും കാര്യമായ കുറവൊന്നും വന്നിട്ടില്ല. പ്രഭാതത്തിലെ ശുദ്ധവായു ശ്വസിച്ചുരസിക്കാന്‍ മടികാണിച്ച് പുതച്ചുമൂടിയുറങ്ങുന്നു മിക്കവരും ഇന്ന്. ഒരുമാതിരി എന്തഴുക്കും കഴുകിക്കളയാന്‍ കഴിവുള്ള വെള്ളം അകത്തും പുറത്തുമായി ഉപയോഗിക്കാനും മടി. വിവിധവര്‍ണരാജിയില്‍ വെട്ടിത്തിളങ്ങുന്ന വെയിലിണ്റ്റെ ചൂടും വെളിച്ചവും ഉള്‍ക്കൊണ്ട് ശരീരവും മനസ്സും ഭാസുരമാക്കുവാനും മടി. എന്നിട്ട് ഓക്സിജന്‍-പാര്ളറുകളിലും സ്പാ-സൌനകളിലും ജനലടച്ചിരുട്ടാക്കി ശീതീകരിച്ച മുറികളിലും ആരോഗ്യം തേടുന്നു, ബുദ്ധിയും അറിവും അധികമായ പുതിയ തലമുറയില്‍ പലരും. മടിയന്‍ മലചുമന്നാലും എത്ര ചുമക്കും? പണ്ടൊക്കെ പോഷകാഹാരക്കുറവ് നാട്ടിന്‍പുറങ്ങളിലായിരുന്നു; ഇന്നോ പറപ്പട്ടണങ്ങളില്‍. പട്ടിണിയും പരിവട്ടവുമായിരുന്നിട്ടും പട്ടിക്കാട്ടുകാര്‍ മെയ്യഴകും മനോബലവും കാത്തുസൂക്ഷിച്ചു. പട്ടണവാസികളോ പൊണ്ണത്തടിയും പാറ്റക്കാലും വാലും തലയുമിട്ടാട്ടുന്ന നട്ടെല്ലുമായി നിരങ്ങി നീങ്ങുന്നു. 'തേയ്ക്കാത്ത എണ്ണ ധാര' എന്നു പറയാറുണ്ടല്ലോ. ഇന്നു ചെയ്യാത്തതിനു നാളെ പ്രായശ്ചിത്തം ചെയ്യേണ്ടിവന്നേക്കും. സിനിമയില്‍ പറയുന്ന മാതിരി, 'ഇത്തിരി ദേഹാധ്വാനം, ഇത്തിരി ശ്രദ്ധ, ഇത്തിരി സന്തോഷം' - ഇതെല്ലാം മതി നമ്മുടെ ഇത്തിരിജീവിതം ഇമ്മിണി വലിയതാക്കാന്‍. ഒന്നുരണ്ടു തലമുറയോ തലതെറിച്ചുപോയി. ഇനിയുള്ള ഇളമുറക്കാര്‍ക്കെങ്കിലും ആയുരാരോഗ്യസൌഖ്യം ഉറപ്പാക്കാന്‍ നല്ലൊരു കര്‍മപദ്ധതി ഉരുത്തിരിഞ്ഞേ തീരൂ. കയ്യനക്കി മെയ്യനക്കി മനസ്സനക്കി സ്വന്തം വയറ്റുപിഴപ്പുണ്ടാക്കി സസന്തോഷം അനുഭവിക്കാനും അനുഭവിപ്പിക്കാനും ത്രാണിയുള്ള ചുണക്കുട്ടികളെ വാര്‍ത്തെടുത്തേ തീരൂ - പത്തായം പെറാനും ചക്കികുത്താനും അമ്മവയ്ക്കാനും കാത്തിരിക്കാത്ത ഒരു ഇരുകാല്-തലമുറ. ചിപ്സും കോളയും മരുന്നും മായവും നല്കി മണ്ണും ചാണകവുമല്ലാത്ത ഒരു ജീവിതാഭാസം അവര്‍ക്കു നല്‍കരുത്. ഉണരട്ടെ പുതുജീവന്‍. നീളട്ടെ പുതുനാമ്പുകള്‍. വിരിയട്ടെ പുതുപൂക്കള്‍.
Subscribe to:
Post Comments (Atom)
മൗനവ്രതം
മൗനവ്രതം (നാരായണസ്വാമി) പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...
-
അന്നെനിക്കു പതിനേഴോ പതിനെട്ടോ പ്രായം. മഹാരാജാസ് കോളേജിൽ മലയാളം ഐച്ഛികം ക്ളാസ്സ്. ഗുപ്തൻനായർസാർ ക്ളാസ്സു കത്തിച്ചുകയറുന്നു. ...
-
എനിക്കു മനസ്സിലാകാത്ത ഒരുപാടു കാര്യങ്ങളുണ്ട് ലോകത്ത്. അതിലൊന്നാണ് വർണം , നിറം , കളർ എന്നെല്ലാം നമ്മൾ പറഞ്ഞുകൂട്ടുന്ന തൊലിപ്പുറസംഗതി. ...
-
1964-65. 'ഹിന്ദി വേണ്ട'-സമരം കൊടുമ്പിരികൊണ്ട കാലം. ഞങ്ങളുടെ സ്കൂളിനുവെളിയില്‍ ഒരു ചുമരെഴുത്തു പ്രത്യക്ഷപ്പെട്ടു: 'നക്ക നക്ക ഹിന...
1 comment:
പഴയകാലത്തിന്റെ ഒരു നേര്‍ചിത്രമാണ് ആദ്യത്തെ നെടുനീളന്‍ ഖണ്ഡിക. ഒരു കാലത്തെ ദൈനംദിന ജീവിതത്തെ അതിമനോഹരമായി അതടയാളപ്പെടുത്തുന്നു. സ്വാമിജീ സത്യത്തില്‍ ആ കാലത്ത് നാം പൈസ ചിലവാക്കിയത് എന്തിനൊക്കെയായിരിക്കും. ഇന്നോ.... രസകരമാണ്. ഇന്നത്തെ അത്യാവശ്യങ്ങളൊക്കെ അന്ന് ആഡംബരങ്ങളുടെ പോയിട്ട് അനാവശ്യങ്ങളുടെ പട്ടികയില്‍ കൂടിയില്ലാത്ത സംഗതികളാണ്. യുവജനങ്ങളുടെ വയോജനവയറുകള് വലിയ പ്രശ്നം തന്നെയാണ്. ഭക്ഷണമാണ്, ഭക്ഷണം മാത്രമാണ് പ്രശ്നം. വ്യായാമമാണെന്നു തോന്നുന്നില്ല. കാരണം ഒരുമാതിരി അധ്വാനിക്കുന്നവര്‍ക്കു കൂടി അതു കാണുന്നു. ഞാന്‍ കാണാറുണ്ട് - കാശ് ആരാന്റെതാണെങ്കിലും വയറു നമ്മുടെതാണെന്ന ഒരു ബോധവുമില്ലാതെ വെട്ടിവിഴുങ്ങുന്ന പലരെയും. ഒരു പാട് ഭക്ഷണം കഴിക്കുന്ന എല്ലാ ജീവികളും കുടവയറുള്ളതാണ്. ആന പശു പന്നി എരുമ.... ആ വംശാവലിയിലാണ് ചുരുങ്ങിയത് നമ്മുടെ വയറുകളുടെയെങ്കിലും സ്ഥാനം.
Post a Comment