അടുത്തിടെ ഭാര്യയെക്കൂട്ടി ഒരാസ്പത്രിയിലെ അത്യാധുനികമായ ഫിസിയോ-തെറാപ്പി (കായിക ചികിത്സാ) വിഭാഗത്തിലേക്കു പോകാന്‍ ഇടയായി. അവിടെ കണ്ടതോ? അന്പതുവര്ഷം മുന്‍പത്തെ ഗ്രാമക്കാഴ്ചകള്‍. എന്നുവച്ചാല്‍, ഒരാള്‍ ആട്ടുകല്ലില്‍ അരയ്ക്കുന്നു. ഒരാള്‍ അമ്മിക്കല്ലില്‍ ചതയ്ക്കുന്നു. ഒരാള്‍ തിരികല്ലില്‍ പൊടിക്കുന്നു. ഒരാള്‍ ഉരലില്‍ ഉലക്കയിട്ടിടിക്കുന്നു. മറ്റൊരാള്‍ ചക്രം ചവിട്ടുന്നു. ഇനിയുമൊരാള്‍ അഴകെട്ടുന്നു. ഓടുന്നു. ചാടുന്നു. ഊഞ്ഞാലാടുന്നു. തൊണ്ടു തല്ലുന്നു. കയര്‍ പിരിക്കുന്നു. കയര്‍ വലിക്കുന്നു. തറിയില്‍ നെയ്യുന്നു. പശുവിനെ കുറ്റിയില്‍ കെട്ടുന്നു. മണ്ണുവെട്ടുന്നു. കട്ടയുടയ്ക്കുന്നു. കല്ലു പെറുക്കുന്നു. പുല്ലു ചെത്തുന്നു. കള പറിക്കുന്നു. ചാലുകീറുന്നു. കൊയ്യുന്നു. കെട്ടു ചുമക്കുന്നു. കറ്റ മെതിക്കുന്നു. അടപ്പു തുറക്കുന്നു. തിരിച്ചടയ്ക്കുന്നു. കറിയിളക്കുന്നു. പുകയൂതുന്നു. തൈരു കടയുന്നു. കരിക്കു വെട്ടുന്നു. തേങ്ങ പൊതിക്കുന്നു. തേങ്ങ ചിരവുന്നു. കിണറ്റില്‍നിന്ന് കപ്പിയിട്ടു വെള്ളംകോരുന്നു. തുണിയലക്കുന്നു. തുണിപിഴിയുന്നു. തോര്‍ത്തുകൊണ്ടു തലയും പുറവുമെല്ലാം തുടയ്ക്കുന്നു. വണ്ടി വലിക്കുന്നു. ഉരുള്‍ ഉരുട്ടുന്നു. വിറകടുക്കുന്നു. പായ ചുരുട്ടുന്നു. കോണി കേറുന്നു. പന്തുകളിക്കുന്നു. പാത്രം പൊക്കുന്നു. ഉറി താഴ്ത്തുന്നു. ഓല മെടയുന്നു. കിഴങ്ങു വലിച്ചുപൊക്കുന്നു. മുങ്ങിപ്പൊങ്ങുന്നു. ഇല വെട്ടുന്നു. പൂവിറുക്കുന്നു. കൈകൂപ്പിത്തൊഴുന്നു. സാഷ്ടാംഗം നമസ്ക്കരിക്കുന്നു. കസര്‍ത്തെടുക്കുന്നു. മുറ്റം തൂക്കുന്നു. നിലം തുടയ്ക്കുന്നു. ചാണകം മെഴുകുന്നു. തിരി തെരുക്കുന്നു. വിളക്കു കൊളുത്തുന്നു. കാക്കയോട്ടുന്നു. ഈച്ചയാട്ടുന്നു. വിയര്‍ക്കുന്നു. വീശുന്നു..... എന്നെല്ലാമെനിക്കു തോന്നി. ചികിത്സയ്ക്കു വന്നവര്‍ മിക്കവരും പത്തായം പോലെ കുംഭവീര്‍ത്ത ചെറുപ്പക്കാര്‍. പപ്പും പൂടയുമുള്ള അമ്മമാര്‍. 'പത്തായം പെറ്റ് ചക്കി കുത്തി അമ്മവയ്ച്ച് ഞാന്‍ ഉണ്ണു'ന്ന കുട്ടിസ്രാങ്കുകള്‍. 'ഉഡുരാജമുഖീ മൃഗരാജകടീ ഗജരാജവിരാജിത മന്ദഗതി'ക്കാരായ 'ചക്കി'കളെ മാത്രം കണ്ടില്ല. ഉരലും ഉലക്കയുമായി ഉരുവമിളക്കി ഉഴച്ചുണ്ടായ ഉടയാത്ത ഉടലഴകികള്‍ക്ക് 'ഉടലാലയ'ത്തിലെന്തു കാര്യം, അല്ലേ. എന്താണിങ്ങനെ? ഒന്നുരണ്ടു തലമുറയ്ക്കുള്ളില്‍ മനുഷ്യശരീരം ഇത്രകണ്ടു മാറിയോ? അധ്വാനമില്ലാത്ത ആഹാരവും ആഹ്ളാദമില്ലാത്ത ആര്‍ഭാടവും ആശാസ്യമല്ലാത്ത അര്‍മാദവുംകൊണ്ടാകാം പൊണ്ണത്തടിയും പൊള്ളച്ച അസ്ഥിയും പൊട്ടിപ്പോയ കശേരുക്കളും പിന്നിപ്പിരിഞ്ഞ സന്ധികളും. ഇന്നത്തേക്കാള്‍ എത്രയോ കായികാധ്വാനം ചെയ്യേണ്ടിവന്ന പഴയ തലമുറക്കാര്‍ക്ക് കാര്യമായ ശാരീരികവിഷമങ്ങളില്ലല്ലോ. ഫിസിയോ-തെറാപ്പി കേന്ദ്രത്തിലും ജിമ്മിലും ഇന്നുള്ളവര്‍ ചെയ്യുന്ന കാര്യങ്ങള്‍ അന്നവര്‍ പാടത്തും പണിസ്ഥലത്തും വീട്ടിലും അടുക്കളയിലുമെല്ലാമായി ചെയ്തിരുന്നതാകാം കാരണം. കീടനാശിനികളും കൃത്രിമ-ഹോര്‍മോണുകളും ഒന്നിച്ചുചേര്‍ന്നു നാശംവിതച്ച ആഹാരപദാര്‍ഥങ്ങളോ രാസയൌഗികങ്ങള്‍ വിഷംനിറച്ച ആവാസകേന്ദ്രങ്ങളോ അന്നില്ലായിരുന്നല്ലോ. എന്തിനെന്നറിയാത്ത പട്ടിയോട്ടമോ കാമക്രോധങ്ങളുടെ കാളപ്പോരോ മത്സരബുദ്ധിജീവികളുടെ തൊഴുത്തില്‍കുത്തോ പണത്തിനുവേണ്ടിയുള്ള പരുന്തിന്‍പറക്കലോ പ്രായേണ കുറവുമായിരുന്നല്ലോ അന്നെല്ലാം. ഇന്നും പ്രകൃതി കനിഞ്ഞുതരുന്ന വായുവിനും വെള്ളത്തിനും വെയിലിനും കാര്യമായ കുറവൊന്നും വന്നിട്ടില്ല. പ്രഭാതത്തിലെ ശുദ്ധവായു ശ്വസിച്ചുരസിക്കാന്‍ മടികാണിച്ച് പുതച്ചുമൂടിയുറങ്ങുന്നു മിക്കവരും ഇന്ന്. ഒരുമാതിരി എന്തഴുക്കും കഴുകിക്കളയാന്‍ കഴിവുള്ള വെള്ളം അകത്തും പുറത്തുമായി ഉപയോഗിക്കാനും മടി. വിവിധവര്‍ണരാജിയില്‍ വെട്ടിത്തിളങ്ങുന്ന വെയിലിണ്റ്റെ ചൂടും വെളിച്ചവും ഉള്‍ക്കൊണ്ട് ശരീരവും മനസ്സും ഭാസുരമാക്കുവാനും മടി. എന്നിട്ട് ഓക്സിജന്‍-പാര്ളറുകളിലും സ്പാ-സൌനകളിലും ജനലടച്ചിരുട്ടാക്കി ശീതീകരിച്ച മുറികളിലും ആരോഗ്യം തേടുന്നു, ബുദ്ധിയും അറിവും അധികമായ പുതിയ തലമുറയില്‍ പലരും. മടിയന്‍ മലചുമന്നാലും എത്ര ചുമക്കും? പണ്ടൊക്കെ പോഷകാഹാരക്കുറവ് നാട്ടിന്‍പുറങ്ങളിലായിരുന്നു; ഇന്നോ പറപ്പട്ടണങ്ങളില്‍. പട്ടിണിയും പരിവട്ടവുമായിരുന്നിട്ടും പട്ടിക്കാട്ടുകാര്‍ മെയ്യഴകും മനോബലവും കാത്തുസൂക്ഷിച്ചു. പട്ടണവാസികളോ പൊണ്ണത്തടിയും പാറ്റക്കാലും വാലും തലയുമിട്ടാട്ടുന്ന നട്ടെല്ലുമായി നിരങ്ങി നീങ്ങുന്നു. 'തേയ്ക്കാത്ത എണ്ണ ധാര' എന്നു പറയാറുണ്ടല്ലോ. ഇന്നു ചെയ്യാത്തതിനു നാളെ പ്രായശ്ചിത്തം ചെയ്യേണ്ടിവന്നേക്കും. സിനിമയില്‍ പറയുന്ന മാതിരി, 'ഇത്തിരി ദേഹാധ്വാനം, ഇത്തിരി ശ്രദ്ധ, ഇത്തിരി സന്തോഷം' - ഇതെല്ലാം മതി നമ്മുടെ ഇത്തിരിജീവിതം ഇമ്മിണി വലിയതാക്കാന്‍. ഒന്നുരണ്ടു തലമുറയോ തലതെറിച്ചുപോയി. ഇനിയുള്ള ഇളമുറക്കാര്‍ക്കെങ്കിലും ആയുരാരോഗ്യസൌഖ്യം ഉറപ്പാക്കാന്‍ നല്ലൊരു കര്‍മപദ്ധതി ഉരുത്തിരിഞ്ഞേ തീരൂ. കയ്യനക്കി മെയ്യനക്കി മനസ്സനക്കി സ്വന്തം വയറ്റുപിഴപ്പുണ്ടാക്കി സസന്തോഷം അനുഭവിക്കാനും അനുഭവിപ്പിക്കാനും ത്രാണിയുള്ള ചുണക്കുട്ടികളെ വാര്‍ത്തെടുത്തേ തീരൂ - പത്തായം പെറാനും ചക്കികുത്താനും അമ്മവയ്ക്കാനും കാത്തിരിക്കാത്ത ഒരു ഇരുകാല്-തലമുറ. ചിപ്സും കോളയും മരുന്നും മായവും നല്കി മണ്ണും ചാണകവുമല്ലാത്ത ഒരു ജീവിതാഭാസം അവര്‍ക്കു നല്‍കരുത്. ഉണരട്ടെ പുതുജീവന്‍. നീളട്ടെ പുതുനാമ്പുകള്‍. വിരിയട്ടെ പുതുപൂക്കള്‍.
Sunday, 27 September 2015
അതിവേഗം അധോഗതി
വികസനമല്ല പുരോഗതി. ആണെന്നു പറഞ്ഞു നമ്മെ പറ്റിച്ചു മക്കാറാക്കുന്നു ഇക്കണ്ട 'ബഹുമാനപ്പെട്ട' രാഷ്ട്രീയക്കാര്‍. വികസനമൊക്കെയും പുരോഗതി ആവണമെന്നില്ല. പുരോഗതിക്കെതിരെയും വികസനമാകാം. അത് അധോഗതി. ഇന്നു നാട്ടില്‍ കാണുന്നതും അധോഗതി. അതിവേഗപ്പാതകള്‍, ഫ്ളൈ-ഓവറുകള്‍, ടോള്‍-ബൂത്തുകള്‍, വിമാനത്താവളങ്ങള്‍, വൈദ്യുതീനിലയങ്ങള്‍, മാളുകള്‍, ഗോള്‍ഡ്-സൂക്കുകള്‍, ഗോള്‍ഫ്-കോഴ്സുകള്‍, കാസിനോകള്‍, സ്റ്റേഡിയങ്ങള്‍, മള്‍ട്ടി-സ്പെഷാലിറ്റി ആസ്പത്രികള്‍, തീം-പാറ്ക്കുകള്, ..... രാഷ്ട്രീയക്കാരുടെ വികസനപ്പട്ടിക നെടുനീണ്ടതാണ്. നാട്ടുകാരുടെ പണംകൊണ്ട് ഇവയെല്ലാം പണിയുന്നു. ചക്കരക്കുടത്തില്‍ കയ്യിട്ടുവാരുന്നു. എന്നിട്ടോ തണ്റ്റെയോ തണ്റ്റെ പാര്‍ട്ടിക്കാരുടെയോ പേരിട്ടു സ്വയം രസിക്കുന്നു. പിന്നെയും കയ്യിട്ടു വാരുന്നു പണം, പണം. അതിവേഗപ്പാതകളുണ്ടാക്കി സ്പീഡു കുറയ്ക്കാന്‍ ഗതിരോധകങ്ങള്‍ (സ്പീഡ്-ബ്റേക്കറുകള്‍) നിര്‍മിക്കുന്നതു പുരോഗതിയല്ല. വൈദ്യുതനിലയങ്ങള്‍ സ്ഥാപിച്ചിട്ടും പവര്‍കട്ടും കുറഞ്ഞ വോള്‍ട്ടേജും ഉണ്ടാകുന്നത് പുരോഗതിയല്ല. പഞ്ചായത്തുതോറും വിമാനത്താവളം പുരോഗതിക്കല്ല. കച്ചവടസ്ഥാനങ്ങളുണ്ടാക്കി അവിടെ അടുക്കാന്‍ വയ്യാത്തത്ര തിക്കും തിരക്കുമുണ്ടാക്കുന്നതും പുരോഗതിയല്ല. കുടിവെള്ളത്തിനു കുപ്പിവെള്ളം വേണ്ടിവരുന്നതു പുരോഗതിയല്ല. രോഗപ്രതിരോധനത്തിനുപകരം മുക്കിനുമുക്കിന് ആസ്പത്രികള്‍ പണിതുകൂട്ടുന്നതു പുരോഗതിയല്ല. സ്കൂളുകളും കോളേജുകളും വേണ്ടവിധം നടത്താതെ റ്റ്യൂഷന്-കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടിവരുന്നതു പുരോഗതിയല്ല. പാഠപുസ്തകങ്ങള്‍ ലഭിക്കാത്ത ഗ്രന്ഥശാലകള്‍ പുരോഗതിയല്ല. കുറച്ചു പൊങ്ങച്ചപ്പണക്കാരുടെ മാനസോല്ലാസത്തിനുവേണ്ടി നേരമ്പോക്കുദ്യാനങ്ങളൊരുക്കുന്നത് പുരോഗതിയല്ല. പുത്തന്‍കെട്ടിടം പണിതിട്ട് എയര്‍-കണ്ടീഷണറ്‍ ഇല്ലാതെ അതില്‍ പെരുമാറാന്‍ പറ്റില്ലെന്നു വരുന്നതു പുരോഗതിയല്ല. റോഡു നന്നാക്കാതെ ഹെല്‍മെറ്റ് ധരിപ്പിക്കുന്നതും സീറ്റ്-ബെല്‍റ്റ് പിടിപ്പിക്കുന്നതും സി.സി. ടീവി-യില്‍ കുറ്റമെണ്ണുന്നതും പുരോഗതിയല്ല. വണ്ടിയിടാന്‍ സ്ഥലമുണ്ടാക്കാതെ പാറ്‍ക്കിങ്ങ്-ഫീസ് ഈടാക്കുന്നത് പുരോഗതിയേയല്ല. വായുവിനും വെള്ളത്തിനും വില കൊടുക്കേണ്ടിവരുന്നതു വികസനമല്ല. മരുന്നുകമ്പനികള്‍ക്ക് കച്ചവടമുണ്ടാക്കിക്കൊടുക്കുന്നതു വികസനമല്ല. ദാരിദ്ര്യകാരണങ്ങള്‍ തുടച്ചുനീക്കാതെ കുറെ റേഷനരികൊടുക്കുന്നത് വികസനമല്ല. മാലിന്യം കുറയ്ക്കാതെ മാലിന്യം അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുന്നതു വികസനമല്ല. വൃത്തിയാക്കാത്തിടത്ത് അത്തര്‍ തളിക്കുന്നത് വികസനമല്ല. യു.പി.എസ്.-ഉം പവര്‍-സ്റ്റെബിലൈസറും ഉപയോഗിക്കേണ്ടിവരുന്നതു വികസനമല്ല. മദ്യം നിരോധിച്ചെന്നപേരില്‍ വിവേകംകെട്ടവനെ വിഷംകുടിപ്പിക്കുന്നതും വികസനമല്ല. പച്ചക്കറികളിലെ വിഷാംശം കഴുകിക്കളയാനുള്ള മരുന്നുണ്ടാക്കി വില്ക്കുന്നതു വികസനമേയല്ല. എല്ലാത്തിനും ഒരു പരിഹാരമാര്‍ഗം ഇന്നിപ്പോള്‍ എല്ലാവര്ക്കും കമ്പ്യൂട്ടറാണ്. എല്ലാം കമ്പ്യൂട്ടറിലാക്കിയതുകൊണ്ടുമാത്രം ഒരു കാര്യവുമില്ല. അതിവിവരം ആര്‍ക്കും പ്രയോജനപ്പെടില്ല. ശരിയായ വിവരം ശരിയായ സമയത്ത് ശരിയായ രീതിയില്‍ ലഭ്യമായാലേ കമ്പ്യൂട്ടര്‍വല്‍ക്കരണംകൊണ്ടു പ്രയോജനമുള്ളൂ. ഒന്നു ചോദിച്ചാല്‍ പത്തു തരുന്ന ഒരു സഹപ്രവര്ത്തകന് എനിക്കുണ്ടായിരുന്നു, നെല്ലും പതിരും മാറ്റി ഞാന്‍ കുഴഞ്ഞു. എല്ലാ തെറ്റുകളും തിരുത്തി കമ്പ്യൂട്ടറില്‍ തയ്യാറാക്കിയ ഒരു രേഖ, സര്‍ക്കാരില്‍ കൊടുക്കുന്നതിനുമുന്‍പ് തണ്റ്റെ ഗുമസ്തന് അതു പുതുതായി വീണ്ടും ഒരിക്കല്‍കൂടി ടൈപ്പു ചെയ്യണമെന്നു ശഠിച്ച ഒരു വക്കീലിനെയും എനിക്കറിയാം. ഫീസും പിഴയും മറ്റും ഒന്നിനും ഒരു പരിഹാരമല്ല. അവ വെറും നോക്കുകൂലി, സര്‍ക്കാരിണ്റ്റേതെന്ന വ്യത്യാസം മാത്രം. പണ്ട് ഉന്തുവണ്ടികള്‍ക്കും സൈക്കിളുകള്‍ക്കും റിക്ഷകള്‍ക്കുമൊക്കെ ലൈസെന്‍സ്-എടുക്കണമായിരുന്നു, പഞ്ചായത്തില്‍നിന്നും മുനിസിപ്പാലിറ്റിയില്‍നിന്നുമെല്ലാം. അതിനൊരു നിശ്ചിതസംഖ്യ ഒടുക്കണം ഉടമസ്ഥര്‍. ബ്റിട്ടീഷ്-സന്തതിയാണു സംഗതി. തദ്ദേശസ്വയംഭരണം പഠിച്ച എണ്റ്റെ ഒരു സ്നേഹിതനോട് ഇതിണ്റ്റെ സാംഗത്യത്തെപ്പറ്റി ഒരിക്കല്‍ ഞാന്‍ ചോദിച്ചിരുന്നു. ഒരു പ്രദേശത്തെ നിരത്തുകള്‍ തിക്കിത്തിരങ്ങാതിരിക്കാന്‍ ഒരു പരിധി എണ്ണംവരെയേ വാഹനങ്ങളോടാവൂ. അതിനുള്ള നിയന്ത്രണമാണ് ലൈസെന്‍സ് കൊണ്ടുദ്ദേശിക്കുന്നത്. നിശ്ചിത എണ്ണമടുത്താല്‍ പിന്നെ ലൈസെന്‍സ് കൊടുക്കരുതെന്നാണു പ്രമാണം. കുഗ്രാമങ്ങളില്‍ എന്തു തിരക്ക്? എന്തു പരിധി? എന്നാലും എവിടെയോ ഒരു യുക്തി ഉണ്ടായിരുന്നെന്നു കരുതാം. ഇന്നോ? തിരക്കെത്രയായാലും ഏതെങ്കിലും നഗരത്തില്‍ എന്തെങ്കിലും വാഹനത്തിനു ലൈസെന്‍സ് തരാതിരിക്കുന്നുണ്ടോ സര്‍ക്കാര്‍? വണ്ടിത്തിരക്കു കുറയുന്നോ? പാര്‍ക്കിങ്ങ്-ഫീ കൂട്ടിയതുകൊണ്ട് പാര്‍ക്കിങ്ങ്-സ്ഥലം കൂടുന്നോ? പരിസരദൂഷണത്തിനു പരിധി ഉണ്ടായിട്ടുണ്ടോ? വികസനമെന്നാല്‍ അതിനൊരു വ്യക്തമായ രൂപരേഖ വേണം. അത് സാമാന്യമനുഷ്യണ്റ്റെ പുരോഗതിക്കുള്ളതാവണം. സര്‍ക്കാരിനു മുതല്‍ക്കൂട്ടാനോ കരാറുകാരുടെ കീശവീര്‍പ്പിക്കാനോ ഉള്ളതല്ല വികസനപ്രവര്‍ത്തനങ്ങള്‍. ഒരു കുഴി കുത്തുന്നതുപോലും എന്തിനെന്നും ആര്‍ക്കാണ് അതിണ്റ്റെ പ്രയോജനമെന്നും ഭാവിയില്‍ അതിണ്റ്റെ ഗുണദോഷങ്ങള്‍ എന്തെന്നും, കുഴി കുത്തുന്നവര്‍മാത്രമല്ല കുഴിക്കു ചുറ്റുമുള്ളവരെല്ലാം അറിഞ്ഞിരിക്കണം. ഇന്നു കുത്തിയ കുഴി നാളെ മൂടാനുള്ളതല്ല, കരാറുകാര്‍ക്കും ജനപ്രതിനിധികള്‍ക്കും അതു സ്വര്‍ണഖനിയാണെന്നിരിക്കിലും. ജീവിതനിലവാരവും (സ്റ്റാണ്റ്റേര്‍ഡ് ഓഫ് ലിവിംഗ്) ജീവിതമേന്‍മയൂം (ക്വാളിറ്റി ഓഫ് ലൈഫ്) തമ്മില്‍ വലിയ ബാന്ധവമൊന്നുമില്ല. ചിലര്‍ അവ ഒന്നാണെന്നു വിശ്വസിക്കുന്നു, ചിലര്‍ അവ ഒന്നാണെന്നു വിശ്വസിപ്പിക്കുന്നു. നഗരത്തിലേ ആര്‍ഭാടമായൊരു കെട്ടിടത്തിലാവാം താമസം, പക്ഷെ കൊതുകടി ഉറക്കംകെടുത്തുമെങ്കില്‍ ജീവിതമേന്‍മയില്ല. മറിച്ച് വലിയ നിലവാരമൊന്നുമില്ലാത്ത ഒരു ഗ്രാമത്തിലെ കൊച്ചുവീട്ടില്‍ കൊതുകടിയില്ലാതെ ഉറങ്ങാമെങ്കില്‍, അവിടത്തെ ജീവിതമേന്മ നഗരത്തിലേതിനേക്കാള്‍ മെച്ചപ്പെട്ടതാണ്. ഫ്രിജ്ജിലെ പഴകിയ സാധനങ്ങള്‍ തിന്നുന്നവരേക്കാള്‍ ജീവിതമേന്മ അന്നന്നത്തെ ആഹാരം അധ്വാനിച്ചുണ്ടാക്കി തിന്നുന്നവര്‍ക്കാണ്. ആധുനികസൌകര്യങ്ങള് അനാവശ്യമാണെന്നല്ല ഇപ്പറഞ്ഞതിനര്‍ഥം. ഒന്നു മറ്റൊന്നാണെന്നു വിശ്വസിപ്പിക്കുന്ന കള്ളനേതാക്കളെയാണ് നമ്മള് കരുതിയിരിക്കേണ്ടത്. ഉദാഹരണത്തിന്, ആരാണ്റ്റെ ചെലവില്‍ ഒരു കളിസ്ഥലമുണ്ടാക്കി ആ പ്രദേശത്തെ കുരുന്നുകളെയും യുവാക്കളെയുമെല്ലാം ശ്രദ്ധതിരിച്ചുവിട്ട് മടിയന്മാരും മഠയന്‍മാരുമാക്കുന്നതരം പ്രവൃത്തികള്‍ക്കെതിരെ നാം പൊരുതേണ്ടതുണ്ട്. ഒരുപിടി സുഖിയന്മാര്ക്ക് അതിവേഗം ബഹുദൂരം ഓടിത്തിമിര്‍ക്കാന്‍മാത്രമൊരുക്കുന്ന സുഖസൌകര്യങ്ങളെ ഒന്നിച്ചെതിര്‍ക്കേണ്ടതുണ്ട്. കോണ്ട്രാക്റ്റര്മാര്ക്കും രാഷ്ട്രീയക്കാര്‍ക്കുംമാത്രം പ്രയോജനപ്പെടുന്ന ഭീമന്‍പദ്ധതികള്‍ക്കെതിരെ നാം പ്രതികരിക്കേണ്ടതുണ്ട്. ഒരു നാടിനെ വെട്ടിമുറിച്ചു തിന്നാന്‍ എന്തെളുപ്പം. പക്ഷെ കൈവിട്ടുപോയ ജീവിതത്തെ വീണ്ടെടുക്കാന്‍ പരമപ്രയാസം.
അന്നം അമൃതം
'ആദ്യം അന്നം, പിന്നെ ദൈവം' എന്നു വിവേകാനന്ദന്. 'പൊയ്ലേ പോട്ടോബാ, മാഗിര്‍ വിഠോബാ' എന്നു കൊങ്കണിയില്‍ ('ആദ്യം വയറ്, പിന്നെ പ്രെയറ്' എന്നാക്കാം 'വി.കെ.എന്‍.'-സ്റ്റൈലില്‍). ജീവികള്‍ക്ക് ആഹാരം കഴിഞ്ഞേ മറ്റെന്തുമുള്ളൂ. 'വായുണ്ടെങ്കില്‍ ഇരയുണ്ട്' എന്നതു വരരുചിക്കു യുക്തി. നമ്മുടെ ജീവിതസങ്കല്പത്തില് ഒരു അന്നപൂര്‍ണേശ്വരി എന്നുമുണ്ട്. വയറെരിഞ്ഞാലും വയര്‍ നിറഞ്ഞാലും 'വൈക്കത്തപ്പാ അന്നദാനപ്രഭോ' എന്നു തദ്ദേശവാസികള്‍. വൈക്കത്തപ്പന് ശിവനാണ് - വിഷം തിന്നവനാണ്. അമൃതമാകുന്നതും, അധികമായാല്‍ വിഷമാകുന്നതും അന്നം. ഒന്നിണ്റ്റെ ആഹാരം മറ്റൊന്നിണ്റ്റെ വിഷം; മറിച്ചും. ഭൂമിയിലെ ആഹാരശൃംഖല അതിവിപുലവും അതിസൂക്ഷ്മവും അത്യത്ഭുതകരവുമാണ്. തികച്ചും വൈവിധ്യമാര്‍ന്നതാണ് തീറ്റിയും തീറ്റയും ലോകമെമ്പാടും. പുല്ലുതൊട്ടു പൂപ്പല്‍വരെ, പാലുതൊട്ടു പന്നിവരെ, കച്ചിതൊട്ടു പൂച്ചി വരെ, കല്ലുതൊട്ടു കല്‍ക്കണ്ടം വരെ, കിഴങ്ങുതൊട്ടു കോഴിവരെ, ആമതൊട്ട് ആടുവരെ, കാളതൊട്ടു കാളന്‍വരെ, മീന്‍തൊട്ടു മനുഷ്യന്‍വരെ ആഹാരമായിട്ടുണ്ട് ജീവിവര്‍ഗത്തിന്. കൈകൊണ്ടും കരണ്ടികൊണ്ടും കോലുകൊണ്ടും കത്തികൊണ്ടും മുള്ളുകൊണ്ടുമെല്ലാം മനുഷ്യന് തിന്നു. കാലാനുസരണം, ദേശാനുസരണം, കാര്യാനുസരണം, 'കാശാ'നുസരണം ആഹാരരീതികള്‍ മാറിമാറിവന്നു. പലപല ചിട്ടകളും വട്ടങ്ങളും വിദ്യകളും വിവേചനങ്ങളും തീറ്റയുമായി ബന്ധപ്പെട്ടിരിക്കുന്നു. 'ഉദരനിമിത്തം ബഹുകൃതവേഷം' എന്നു ഭജഗോവിന്ദം. 'ഗതികെട്ടാല്‍ പുലി പുല്ലും തിന്നും'. വിശപ്പില്ലെങ്കില്‍ ഒന്നും തിന്നുകയുമില്ല. ജീവന് നിലനിര്‍ത്താന്‍, അതിനു മാത്രം, ജന്തുക്കള്‍ ഭക്ഷിക്കുന്നു. ആഹാരം ആവശ്യത്തിനുമീതെ ആസ്വദിച്ചു കഴിക്കുന്നതു മനുഷ്യന്‍മാത്രം. ആവശ്യത്തിനല്ലാതെ, ആഹാരത്തിനല്ലാതെ ആസ്വദിക്കാന്‍ കൊല്ലുന്നതും മനുഷ്യന്‍മാത്രം. ആഹാരം പാചകംചെയ്തു കഴിക്കുന്നതും മനുഷ്യന്‍മാത്രം. ഒന്നാം-ക്ളാസ്സില്‍ പഠിപ്പിച്ചതാണ്, ഭക്ഷണം പാചകം ചെയ്യുന്നതെന്തിനെന്ന്: സ്വാദുകൂട്ടാന്‍, ദഹനം എളുപ്പമാക്കാന്‍, രോഗാണുക്കളെ നശിപ്പിക്കാന്‍, കേടുകൂടാതിരിക്കാന്‍. ഇന്നോ, ഭക്ഷണം ആകര്‍ഷകമാക്കാന്‍! ഒരു രാജാവിണ്റ്റെ കഥയുണ്ട്: യുദ്ധത്തില്‍ തോറ്റ് വേഷംമാറി അലഞ്ഞുതിരിഞ്ഞ് അവശനായി ഒരുവീട്ടില്‍ കയറിച്ചെല്ലുന്നു. വീട്ടുകാര്‍ ഭക്ഷണം വിളമ്പിയപ്പോള്‍ ഒട്ടും ആര്ത്തിയില്ലാതെ സാവധാനം ഊണുകഴിക്കുന്നു. അതില്‍നിന്നു മനസ്സിലായത്രേ അതൊരു സാധാരണക്കാരനല്ല എന്ന്. 'എരന്നുണ്ടാലും ഇരുന്നുണ്ണണം' എന്നു പറയും. 'ഭീക്ണെ ബസൂന്‍ ഖാ' എന്നു കൊങ്കണിയില്‍. നെപ്പോളിയനാണത്രെ, ചായകുടിക്കുമ്പോള്‍ പിന്നില്‍ പീരങ്കിപൊട്ടിച്ചാലും മുഴുവന്‍ കുടിച്ചുതീര്‍ത്തിട്ടേ തിരിഞ്ഞ് എന്തെന്നു നോക്കുകയുള്ളൂ. ലോകം മറിഞ്ഞാലും അതറിയാത്ത ഉണ്ണാമന്മാര് നമുക്കുമുണ്ട്! ആഹാരം പുരുഷാര്‍ഥങ്ങളിലൊന്നെന്നു ചാക്യാര്‍കൂത്തില്‍. എങ്കിലോ പണ്ട്, പാല്‍പ്പായസം കോളാമ്പിയില്‍ വിളമ്പി പണിപറ്റിച്ചിട്ടുണ്ട്, കുഞ്ചന്‍. ആഹാരവും വിഹാരവും പരസ്പരപൂരകമെന്ന് വി.കെ.എന്‍. രതിക്കു തിരി അരി. അരി ശത്രുവെന്ന് ഒരു നാട്ടുവൈദ്യന്. മിത്രമെന്തെന്നു പറഞ്ഞില്ല. ഭക്ഷണത്തിണ്റ്റെ നിറംനോക്കി ഗുണംചൊല്ലുന്നു ചൈനക്കാര്‍: പച്ച നല്ലത്; ചെമപ്പു ചീത്ത; മഞ്ഞ കൊള്ളാം; വെള്ള പോര. ഊട്ടില്ലാത്ത ഉപചാരമില്ല; ആഘോഷമില്ല. 'പച്ചവെള്ളംകൂടി കൊടുക്കാത്തവന്' എന്നത് ഏറ്റവും വലിയ ദുഷ്പേര്. 'പാലുകൊടുത്ത കയ്യിലേ പാമ്പു കൊത്തൂ' എന്നൊരു മറുപറച്ചിലുമുണ്ട്. വീട്ടിലാരുവന്നാലും ആദ്യം ജഠരാഗ്നി ശമിപ്പിക്കണം എന്നത് ഭാരതീയസംസ്ക്കാരം. വിളമ്പിയതു മുഴുവന്‍ തിന്നുന്നതു മര്യാദ. പാഴാക്കിക്കളയുന്നത് ആര്‍ഭാടം. അല്പം ബാക്കിവയ്ക്കുന്നത് അഭിമാനം. നക്കിത്തുടയ്ക്കുന്നത് അപമാനം. ചോദിച്ചുവാങ്ങുന്നത് ബഹുമാനം. പിടിച്ചുവാങ്ങുന്നത് അപരാധം. ഒന്നുണ്ണാന്‍ എന്തെല്ലാം നോക്കണം! ബാക്കിവരുന്ന ഭക്ഷണം അതിഥികള്‍ പൊതിഞ്ഞു വീട്ടില്‍കൊണ്ടുപോകുന്നത് സ്കാണ്റ്റിനേവിയന്‍-സംസ്കാരം. അപ്പോള്‍ ആതിഥേയന് ആദരിക്കപ്പെടുന്നു. നമ്മുടെ നാട്ടിലോ? പൊതിഞ്ഞുകെട്ടിയവന്‍ അല്പനായി, അശുവായി. എത്രയും പാഴാക്കുന്നോ അത്രയും പെരുമ! ബഹുമാനിക്കുമ്പോള്‍ ആദ്യം മുതിര്‍ന്നവരെ; ആഹാരം കൊടുക്കുമ്പോള്‍ ആദ്യം കുട്ടികള്‍ക്ക്. ഇത് നാട്ടുനടപ്പ്. കുട്ടികള്‍ പരതുന്ന പാത്രങ്ങളിലെ സാധനങ്ങള്‍ ഒരിക്കലും അടിവടിച്ചെടുക്കരുതെന്നു മുതിര്‍ന്നവര്‍ നിഷ്ക്കര്‍ഷിക്കും. ഒഴിഞ്ഞപാത്രം ആശയോടെ വരുന്ന കുഞ്ഞുങ്ങളെ വല്ലാതെ വേദനിപ്പിക്കുമത്രെ. ഓരോ വീട്ടിലുമുണ്ടാകും ഒരു പാഞ്ചാലി. ആഹാരങ്ങള്‍ പലതരത്തിലാണല്ലോ: കടിക്കേണ്ടവ, ചവയ്ക്കേണ്ടവ, കുടിക്കേണ്ടവ, ചപ്പേണ്ടവ, വിഴുങ്ങേണ്ടവ എന്നിങ്ങനെ. ആവശ്യത്തില്‍ അല്പം കുറവു ഭക്ഷിക്കുന്നതത്രെ നല്ലത്. അപ്പോഴേ അടുത്ത തവണയും സ്വാദറിയൂ. ഇനി ഒരു വിഭവവും ഇഷ്ടപ്പെട്ടില്ലെങ്കില്‍ എല്ലാംകൂടി ചേര്‍ത്തു കഴിക്കുക; ഒരുപക്ഷെ സ്വാദുണ്ടായേക്കും എന്നു പരിചയമുള്ളവരുടെ അനുഭവം. അതുകൊണ്ടൊക്കെയാണ് ഹിന്ദിക്കാര് പറയുന്നത്, 'ധാന് ധാന് മേ ലിഖാ ഹെ, ഖാനേവാലേ കാ നാം', എന്ന്. ഓരോ അരിമണിയിലും എഴുതി വച്ചിരിക്കുന്നു, അതാര്‍ക്കുള്ളതാണെന്ന്.
സ്വയംപാകം
"ആഹരതേ ഇതി ആഹാര:" എന്നു സംസ്കൃതത്തില്‍ (ശരീരം സ്വീകരിക്കുന്നതെല്ലാം ആഹാരം). "ആഹാരശുദ്ധൌ ചിത്തശുദ്ധി:" എന്ന് ആയുര്വേദക്കാര് (ആഹാരശുദ്ധിയിലാണ് ചിത്തശുദ്ധി). 'അന്നം അമൃതം' എന്നു വേദാന്തികള്‍. കാലാകാലങ്ങളില്‍ മാനവസംസ്കൃതിയുടെ ഒരു ഭാഗമായിട്ടുണ്ട് ആഹാരം. ഇന്ന് ലോകത്തിലെ മികച്ച വ്യവസായങ്ങളിലൊന്ന് ആഹാരമുണ്ടാക്കലും വിളമ്പലും വില്പനയുമാണ്. വീടുതൊട്ട് വെളിമ്പറമ്പുവരെ പാചകത്തിണ്റ്റെ പരഭാഗമായുണ്ട്. നിമിഷങ്ങളില്‍ തീരുന്ന പാചകം മുതല്‍ വര്‍ഷങ്ങള്‍നീളുന്ന പാചകം വരെ മനുഷ്യന് സ്വായത്തമാക്കിയിട്ടുണ്ട്. എങ്കിലും ഊണുവയ്ക്കലും വിളമ്പലും എന്തുകൊണ്ടോ സ്ത്രീവിഷയമായാണ് ഒട്ടുമിക്കവരും കാണുന്നത്. കുറച്ചുകാലംമുന്പ് പാചകവാതകക്കുറ്റിയുടെ പ്രതിവര്‍ഷ-ക്വോട്ട കുറച്ചപ്പോള്‍ ഒരിക്കല്‍പോലും ജോലിചെയ്ത് സ്വയം ആഹാരം സമ്പാദിക്കേണ്ടിവരാത്ത, ഒരിക്കല്‍പോലും കൈനനച്ച് സ്വയം ചോറുവയ്ക്കേണ്ടിവരാത്ത ദില്ലിയിലെ നമ്മുടെ വി.ഐ.പി. ചെക്കന് വീട്ടമ്മമാരുടെ കണ്ണീരൊപ്പാന്‍ ഇറങ്ങിപ്പുറപ്പെട്ടിരുന്നു. എന്താ, പാചകം സ്ത്രീകളുടെമാത്രം ചുമതലയോ? കണ്ടിട്ടില്ലേ പലപല സംഘടനകള്‍ സ്ത്രീ-മെംബര്‍മാര്‍ക്കുവേണ്ടി പാചകമത്സരങ്ങള്‍ നടത്തുന്നത്? വിമന്‍സ്-ക്ളബ്ബുകള്‍ പാചകക്ളാസ്സുകള്‍ നടത്തുന്നത്? തനിക്ക് ഒരു ഗ്ളാസ്സ് ചായപോലും ഉണ്ടാക്കാനറിയില്ലെന്ന് പൊടിപ്പയ്യന്‍മാര്‍ വീമ്പിളക്കുന്നത്? പെണ്ണുങ്ങള് വെച്ചുവിളമ്പി ആണുങ്ങള് മൂക്കുമുട്ടെ തിന്നുന്നത്? ആണായാലും പെണ്ണായാലും തനിക്കുവേണ്ട ആഹാരമുണ്ടാക്കുന്നതു പെരുംപാപമൊന്നുമല്ല. ചില ആരാധനാവിധികളില്‍ ആരാധകര്‍ സ്വയം ആഹാരം പാചകംചെയ്യാറുണ്ട്. 'സ്വയംപാകം' എന്നാണതിനു പേര്. മറാഠിയില്‍ പാചകത്തിനു 'സ്വയ്-പാക്' എന്നാണു വാക്കുതന്നെ. നിവൃത്തിയില്ലാതെ വന്നാല്‍ ഏതൊരാളും, ഏതൊരാണും, എത്ര വന്‍പുലി ശിങ്കമായാലും, സ്വന്തമായി ചോറുവച്ചുണ്ണും. പലേ സംസ്കൃതികളിലും ആണും പെണ്ണും ഒപ്പത്തിനൊപ്പം ആഹാരമുണ്ടാക്കുന്നു. നാട്ടിലെ വന്‍സദ്യക്കാരും ലോകത്തിലെ വന്‍പാചകക്കാരും ആണുങ്ങളാണ്. വെറുതെയാണ് 'വീട്ടമ്മ'യെന്നൊരു കിരീടമുണ്ടാക്കി പാചകം മുഴുവന്‍ സ്ത്രീയുടെ തലയില്‍ കെട്ടിവച്ചിരിക്കുന്നത്. ഇലയ്ക്കു പിന്നിലിരുന്ന് മങ്കയുടെ കയ്യില്‍നിന്ന് മന്ന വീഴാന്‍ കാത്തിരിക്കുന്ന മണക്കൂസുകള്‍ക്ക് ഇതു മനസ്സിലാകില്ല. നല്ല ആഹാരം, ആണിണ്റ്റെ മനസ്സിലേക്കുള്ള പെണ്ണിണ്റ്റെ വഴിയാണെന്നൊക്കെ അതിനെ ഉദാത്തവല്ക്കരിക്കുകയും സാധൂകരിക്കയുമൊക്കെ ചെയ്യുന്നുണ്ട് ഈ അഴകൊഴമ്പന്മാര്. പാചകം ഒരു ആവശ്യമെന്നതുപോലെ ഒരു കല കൂടിയാണ്. അവിവാഹിതരും ഒറ്റയ്ക്കുതാമസിക്കുന്നവരും മാത്രമല്ല, ഒരു കുടുംബത്തില്‍കൂടി പ്രാവര്‍ത്തികമാക്കേണ്ടതാണു സ്വയംപാകം. ആണും പെണ്ണും ജോലിക്കുപോകുമ്പോഴും കുട്ടികള്‍ വലുതാകുമ്പോഴും അത് അത്യാവശ്യംകൂടിയാണ്. അടുക്കളയില്‍ തോളോടുതോള്‍ പണിയെടുക്കുന്ന അച്ഛനമ്മമാരെ കണ്ടു വളരട്ടെ കുട്ടികള്‍. അടുത്ത തലമുറയെങ്കിലും ഉള്ളിവിലകൂടിയാലും ഗാസ്-കുറ്റിക്കു നിയന്ത്രണം വന്നാലും 'വീട്ടമ്മ'മാരുടെ കണ്ണീരൊപ്പാന്‍ ചാടിപ്പുറപ്പെടില്ല പിന്നെ. എഴുപതുകളില്‍ ഗോവയില്‍ വന്നിറങ്ങുമ്പോള്‍ ആഹാരം ഒരു വന്‍പ്രശ്നമായിരുന്നു പരക്കെ. സാധനങ്ങളോ കുറവ്. ഉള്ളതെല്ലാം താണതരം. എണ്ണവും വണ്ണവുമൊക്കാത്ത കമ്പോളച്ചരക്കുകള്‍. വിലയോ പഞ്ചനക്ഷത്രനിരക്കില്‍. സസ്യാഹാരത്തിലും മീനില്ലാതില്ല. സസ്യാഹാരം ചോദിച്ചാല്‍ താലത്തില്‍നിന്ന് വിളമ്പിയ മീനെടുത്തുമാറ്റും; അത്ര തന്നെ. ഒരു 'പച്ച'-പച്ചക്കറിക്കാരനായിരുന്ന ഞാന്‍ ശരീരത്തിനും മനസ്സിനുമൊത്ത ആഹാരമില്ലാതെ വലഞ്ഞു. ജോലിയുടെ ഭാഗമായി ഒരുപാടു കടല്‍യാത്രകള്‍ നടത്തേണ്ട കാലമായിരുന്നു അത്. മീന്‍പിടിത്ത ബോട്ടുകളില്‍ പോകുമ്പോള്‍ പണിക്കാര് ഉച്ചയ്ക്കു ചൂണ്ടലിട്ടു മീന്‍പിടിക്കും. തലയും വാലും വെട്ടാതെതന്നെ അല്പം മഞ്ഞള്‍പൊടി മാത്രം ചേര്‍ത്ത് കടല്‍വെള്ളത്തില്‍തന്നെ ഒന്നു വേവിച്ചെടുക്കും. അല്പം ചോറും പുഴുങ്ങിയെടുക്കും. അതുതന്നെ ആഹാരം. പിഞ്ഞാണത്തില്‍ മീന്‍ കണ്ണുമിഴിച്ചിരിക്കും; കടല്കാറ്റില് വാലാട്ടും. കടല്‍ചൊരുക്കെന്ന വ്യാജേന ഞാന്‍ ആഹാരം വേണ്ടെന്നു പറയും. തിരിച്ചു കരയെത്തുമ്പോള്‍ അര്‍ധപ്രാണനായിരിക്കും. അല്പം സൌകര്യമുണ്ടായപ്പോള്‍ സ്വയം പാകം ചെയ്യാന്‍ തുടങ്ങി. വിഷമിച്ചാണെങ്കിലും, ഒരു നേരമെങ്കിലും മര്യാദയ്ക്കു ഭക്ഷണം കഴിക്കാനായി. അന്നാണു പഠിച്ചത് ഓരോ സ്ഥലത്തും ആഹാരരീതി ഓരോ തരത്തിലാണെന്ന്. ഓരോ ജനവിഭാഗത്തിനും ഓരോതരം ആഹാരമാണെന്ന്. ഓരോ കാലാവസ്ഥയ്ക്കും ഓരോന്നാണെന്ന്. സ്ഥലത്തിനും തൊഴിലിനും കാലത്തിനും കാലാവസ്ഥയ്ക്കുമനുസരിച്ചാണ് ഭക്ഷണസംസ്കാരം രൂപപ്പെട്ടുവന്നതെന്ന്. അന്നുതുടങ്ങിയ സ്വയംപാകം ഇന്നും തുടരുന്നു. ഒപ്പത്തിനൊപ്പം ഞാനും ഭാര്യയും അടുക്കള കൈകാര്യം ചെയ്യുന്നു. വേണ്ടപ്പെട്ട സാധനസാമഗ്രികള്‍ അടുപ്പിച്ചുതന്നാല്‍ ഒന്നുരണ്ടു മണിക്കൂറില്‍ എട്ടുപത്തുപേര്‍ക്കൊരു ഓണസദ്യയൊരുക്കാനുള്ള ബാല്യമുണ്ടെനിക്ക്, ഈ വൈകിയ വേളയിലും. ഭക്ഷണത്തെ സംബന്ധിച്ചിടത്തോളം വളരെ കടുംപിടിത്തക്കാരാണു നമ്മള്. ഉദാഹരണത്തിന്, ചോറില്ലെങ്കില്‍ ചപ്പാത്തി തിന്നുവാനുള്ള സന്മനസ്സു നമുക്കില്ല. ചപ്പാത്തിയെങ്കിലും കിട്ടിയല്ലോ എന്നാശ്വസിക്കുവാന്‍ നമുക്കു കഴിയില്ല. 'വിശക്കുന്നവണ്റ്റെ മുന്നില്‍ ഭക്ഷണത്തിണ്റ്റെ രൂപത്തിലല്ലാതെ പ്രത്യക്ഷപ്പെടുവാന്‍ ദൈവംപോലു ധൈര്യപ്പെടില്ല' എന്നിരിക്കെ, കിട്ടിയ ആഹാരത്തിണ്റ്റെ തലക്കുറിയും ജാതകവും നോക്കിയിരുന്നാല്‍ പഷ്ണി കിടക്കും, അത്ര തന്നെ. വെസ്റ്റ്-ഇണ്റ്റീസിലെ ട്രിനിഡാഡ് (& ടുബേഗോ) എന്ന കുഞ്ഞുരാജ്യത്ത് ഒരുപാടുകാലം താമസിച്ചിട്ടുണ്ടു ഞാന്‍. പകുതിയോളം ഇന്ത്യന്‍വംശജരാണവിടെ. ബ്രിട്ടീഷുകാരും ഡച്ചുകാരും ആഫ്രിക്കക്കാരും ചൈനക്കാരുമടങ്ങുന്ന, ഹിന്ദു-ക്രിസ്ത്യന്‍-ഇസ്ളാം മതവിശ്വാസികളുടെ ഒരു മാരിവില്‍-സംസ്കാരമാണവിടെ. കൃഷിപ്പണിതൊട്ട് മത്സ്യബന്ധനം വരെ, ഫാക്റ്ററി ജോലിതൊട്ട് ഓഫീസ്ജോലിവരെ, കച്ചവടംതൊട്ട് വിദ്യാഭ്യാസംവരെ എല്ലാ തുറകളിലുമുള്ള ആളുകള്‍. അവരുടെ മൂന്നുകാര്യങ്ങളോടാണ് എനിക്കു പ്രത്യേകം പ്രതിപത്തി തോന്നിയത്. ഒന്ന്, (ഇംഗ്ളീഷ്) ഭാഷയെസംബന്ധിച്ചുള്ള അപകര്‍ഷബോധമില്ലായ്മ. രണ്ട്, ശരീരഭംഗിയെപ്പറ്റി മുന്‍വിധിയില്ലായ്മ. മൂന്ന്, ആഹാരത്തിലെ കടുംപിടിത്തമില്ലായ്മ. വിശക്കുമ്പോള്‍ കഴിക്കും, എന്തും കഴിക്കും, ഏതുസമയത്തും കഴിക്കും. എവിടെവച്ചും കഴിക്കും. ആരോടൊപ്പവും കഴിക്കും. എനിക്കൊരു തലമൂത്ത സഹപ്രവര്‍ത്തകനുണ്ടായിരുന്നു. ബെംഗാളി. നിത്യബ്രഹ്മചാരി. ചെറുപ്പത്തില്‍ നല്ലൊരു കാലം സ്വീഡനിലായിരുന്നു. സ്കാണ്റ്റിനേവിയക്കാര്‍ ഒരുമാതിരി എല്ലാവരും അവനവനുവേണ്ട ആഹാരം സ്വന്തമായി ഉണ്ടാക്കുന്നവരാണ്. അദ്ദേഹം അന്നു തുടങ്ങിയതാണത്രെ സ്വയംപാകം. നാട്ടില്‍ തിരിച്ചെത്തിയിട്ടും ആ ശീലം തുടര്‍ന്നു. ആഴ്ചയിലൊരിക്കല്‍ ചന്തയില്‍പോയി സാധനങ്ങള്‍ മേടിക്കും. ഒരാഴ്ചത്തേയ്ക്കുള്ള കറികളെല്ലാം ഒന്നിച്ചുണ്ടാക്കി ഫ്രിജ്ജില് സൂക്ഷിക്കും. രാത്രി വേണ്ടതെടുത്തു ചൂടാക്കിക്കഴിക്കും. പകലെല്ലാം കട്ടന്‍കാപ്പി; വല്ലപ്പോഴുമൊരിക്കല്‍ ഒരു പുഴുങ്ങിയ മുട്ട. ഓഫീസിലോ പുറത്തോ വല്ലപ്പോഴുമൊരിക്കല്‍ ഒരു ഡിന്നര്‍. മരിക്കുംവരെ സ്വയം ആഹാരം പാചകം ചെയ്തു കഴിച്ചു കഴിഞ്ഞു ഡോ. റൊബിന്‍ സെന്‍ഗുപ്ത. ആണുങ്ങള്‍കൂടി പാകംചെയ്ത് വീട്ടിലെ സകലരെയും ഊട്ടുന്ന സംസ്കൃതി ഭാരതത്തില്‍ വേരോടേണ്ടിയിരിക്കുന്നു. ഇന്ന് 'വീട്ടമ്മ'മാര്‍ വെറും വീട്ടമ്മമാരല്ല. ആണുങ്ങള് അത്ര അനങ്ങാപ്പാറകളുമാകണ്ട. എല്ലാംകൂടിയൊന്ന് ആലോചിക്കുമ്പോള്‍, "ആലോചനാമൃതം ആഹാരം"; 'ഫുഡ് ഫോര്‍ തോട്ട്' എന്നതിനൊരു രസികന്‍ മലയാളിത്തം.
പുസ്തകപ്പുഴുക്കള്‍
പുസ്തകങ്ങള്‍ക്ക് അനവധി ഉപയോഗങ്ങളുണ്ട്: അന്തസ്സില്‍ വാങ്ങാനും ലാഭത്തില്‍ വില്‍ക്കാനും കൂടെ കൊണ്ടുനടക്കാനും സമ്മാനമായി കൊടുക്കാനും ആളുകളെ വശത്താക്കാനും വീടിനു മോടികൂട്ടാനും ഓഫീസില്‍ മോടികാട്ടാനും ബുദ്ധിരാക്ഷസന് ചമയാനും അത്യാവശ്യം കുറിപ്പുകളെഴുതാനും താളുകള്‍ക്കിടയില്‍ പണം സൂക്ഷിക്കാനും ആരുമറിയാതെ പണം കൈമാറാനും വേണ്ടിവന്നാല്‍ കടലാസ്സു പറിക്കാനും മയില്‍പ്പീലിയും പൂവിതളുമെല്ലാം സംരക്ഷിക്കാനും രഹസ്യമായി പ്രണയലേഖനം കൈമാറാനും മറ്റുമാര്‍ഗങ്ങളില്ലെങ്കില്‍ മുഖം മറയ്ക്കാനും ആരാണ്റ്റെ കണ്ണുവെട്ടിക്കാനും വെയില് കൊള്ളാതിരിക്കാനും ഉഷ്ണിച്ചാല്‍ വിശറിയാക്കാനും മേശപ്പുറത്തെ കടലാസ്സു പറക്കാതിരിക്കാനും ഇരിപ്പിടത്തിന് ഉയരം കൂട്ടാനും പിരിമുറുകുമ്പോള്‍ തലപൂഴ്ത്താനും വിശ്രമിക്കുമ്പോള്‍ മണംപിടിക്കാനും ഉറക്കംവരുമ്പോള്‍ തലയണയ്ക്കാനും ഇടയ്ക്കിടെ ഈച്ചയാട്ടാനും അറ്റകൈക്ക് കൊതുക്കളെ അടിക്കാനും പിള്ളേരെ തല്ലാനും പ്റിയപ്പെട്ടവരെ തലോടാനും. പിന്നെ വേണമെങ്കില്‍ വായിക്കാനും പഠിക്കാനും. പുസ്തകപ്പുഴുക്കളും വേണ്ടുവോളമുണ്ടു ചുറ്റും. എന്തുകണ്ടാലും വായിക്കുന്നവര്‍, എന്തുകണ്ടാലും വാങ്ങിക്കുന്നവര്‍. കയ്യില്‍ കൊണ്ടു നടക്കുന്നവര്‍. സൂക്ഷിച്ചു വയ്ക്കുന്നവര്‍. വായിക്കാതെ ഉറക്കം വരാത്തവര്‍. ഊണും ഉറക്കവും വെടിഞ്ഞു വായിക്കുന്നവര്‍. നെപ്പോളിയനാണെന്നു തോന്നുന്നു, തണ്റ്റെ അടുത്ത ജന്മത്തില് ഒരു ലൈബ്രേറിയനായി പിറക്കണമെന്നാഗ്രഹിച്ചത്. ഉംബെര്‍ടോ ഇകൊ എന്ന പ്രസിദ്ധ ഗ്രന്ഥകാരണ്റ്റെ കൈവശം അന്‍പതിനായിരത്തിലധികം പുസ്തകങ്ങളുണ്ടത്രെ. വെറുതയല്ല അദ്ദേഹം ഇത്രമാത്രം കാര്യങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കുന്നത്. ഈ കൊച്ചു ഗോവയില്‍തന്നെ, സ്വാതന്ത്ര്യപോരാളിയും കൊങ്കണിക്കവിയും സാമൂഹ്യപരിഷ്കര്‍ത്താവുമായ നാഗേഷ് കര്‍മലിയുടെ വീട്ടില്‍ പതിനായിരക്കണക്കിനാണു ശേഖരം. ആര്‍ക്കും പോയിരുന്ന് എന്തും വായിക്കാം അവിടെ. പക്ഷെ ഒരൊറ്റ പുസ്തകം കടംകൊടുക്കില്ലെന്ന വാശിയിലാണദ്ദേഹം. കടംകൊടുത്ത പുസ്തകം കളഞ്ഞുപോയതിനു തുല്യം എന്ന് ആര്‍ക്കാണറിയാത്തത്? ഒരുമാതിരിപ്പെട്ടവര്ക്കൊന്നും പുസ്തകം തിരിച്ചുകൊടുക്കാനുള്ളതല്ലല്ലോ. ഒരു ശാസ്ത്രഗവേഷണശാലയില്‍ ഗവേഷകരിലൊരാള്‍ നൂറുകണക്കിനു പുസ്തകങ്ങള്‍ തിരിച്ചുകൊടുക്കാതെ വന്നപ്പോള്‍ ലൈബ്രേറിയന്‍ പോയി കാര്യമന്വേഷിച്ചു. ഗവേഷകണ്റ്റെ മറുപടി ഇതായിരുന്നു: ഇതിലൊരു പുസ്തകമെങ്കിലും ഞാന്‍ ഉപയോഗിക്കാത്തതുണ്ടോ? ഒരു പുസ്തകമെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ? ഇതിലൊറ്റ പുസ്തകമെങ്കിലും മറ്റാരെങ്കിലും ആവശ്യപ്പെട്ടുവന്നോ? ഇല്ലല്ലോ. ഇനി ഇതെല്ലാംകൂട്ടി ഞാനങ്ങു തിരിച്ചുതന്നാല്‍തന്നെ അതെല്ലാം തിരികെ വയ്ക്കാനുള്ള സ്ഥലം ലൈബ്രറിയിലുണ്ടോ? കൊല്‍ക്കത്തയില്‍ കണ്ടിട്ടുണ്ട്, ആളുകള്‍ പുറത്തേക്കിറങ്ങുംമുന്നേ തോള്‍സഞ്ചിയില്‍ ഒന്നുരണ്ടു പുസ്തകം വെറുതെ കുത്തിനിറയ്ക്കുന്നത്. എണ്റ്റെ ഒരു സഹപ്രവര്ത്തകന് വിലപിടിപ്പുള്ള പുസ്തകങ്ങള്‍ സ്ഥിരമായി വാങ്ങിക്കൂട്ടുമായിരുന്നു; എന്നിട്ടതെല്ലാം സൂക്ഷിച്ചുവയ്ക്കും പിന്നെ എപ്പോഴെങ്കിലും വായിക്കാന്‍. അതു പക്ഷെ ഉണ്ടാകാറില്ല. വായിച്ച താളുകള്‍ കീറിയെടുത്ത് ചുരുട്ടിക്കൂട്ടിയെറിയുന്ന ഒരു 'ഹിപ്പി'യെ കണ്ടിട്ടുണ്ട് ഒരിക്കല്‍ തീവണ്ടിയില്‍; യാത്ര തീരുമ്പോഴേക്കും പുസ്തകവും 'തീരും'. നമ്മുടെ പല രാഷ്ട്റീയക്കാരെയും കണ്ടിട്ടില്ലേ, മുഖാമുഖസമയത്ത് പിറകില്‍ അലമാരനിറച്ചും പുസ്തകങ്ങളുമായി. അതിലൊരെണ്ണം വായിച്ചിരുന്നെങ്കില്‍ ഈ മഹതീമഹാന്മാര് എന്നോ നന്നായിപ്പോയേനേ. പിന്നെ വക്കീല്മാര്. അവരുടെ പരഭാഗത്തും കണ്ടിട്ടുണ്ട് പുസ്തകശ്ശീവേലി. ഇനി പുത്തന്‍പണക്കാരുടെ കാര്യം. അവര്‍ക്ക് കോഫി-ടേബിള്‍ ഇല്ലാതെ പറ്റില്ലല്ലോ; അതിനുമേല്‍ ഒന്നുരണ്ട് ആഡംബരപ്പുസ്തകങ്ങളും. അവരുടെ വീടുകള്‍ മോടിപിടിപ്പിക്കാന്‍ ലോകത്തിലെ ഏതു പുസ്തകത്തിണ്റ്റെയും പുറംചട്ടയോടെ അകത്തൊന്നുമില്ലാത്ത ഡമ്മിപ്പുസ്തകങ്ങള്‍ സംഘടിപ്പിച്ചുകൊടുക്കുന്ന ഗൃഹാലങ്കാരവിദഗ്ധരും ഉണ്ടത്രെ. ജോലിയില്‍നിന്ന് അടുത്തിടെ വിരമിച്ച ഒരു മലയാളി പറഞ്ഞതാണ്, ഗോവ വിട്ടുപോകാതിരിക്കാന്‍ ഒരു കാരണം ഇവിടത്തെ സെണ്റ്റ്രല്‍ ലൈബ്രറികളാണെന്ന്. ജില്ലാതലത്തിലും താലൂക്കു തലത്തിലും ഗ്രാമസഭാതലത്തിലും, ഒരുമാതിരിപ്പെട്ട ആര്‍ക്കും പ്രയോജനപ്പെടുത്താവുന്ന വിധത്തില്‍ തലങ്ങും വിലങ്ങും ഗ്രന്ഥശാലകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു ഗോവയില്‍. ഇവയില്‍ ഏറ്റവുമധികം സ്തുത്യറ്‍ഹമായത് പണജിയിലെ കൃഷ്ണദാസ് ശാമ സെണ്റ്റ്രല്‍ ലൈബ്രറി തന്നെ. ചുറ്റുമുള്ള വൃത്തികേടുകളില്‍നിന്നെല്ലാമുയര്‍ന്ന് അത്യാധുനിക സൌകര്യങ്ങളും അതിവിപുലമായ ഗ്രന്ഥശേഖരങ്ങളും അതിസുന്ദരമായ വായനാന്തരീക്ഷവുമുള്ള ഈ ഗ്രന്ഥശാല, ചളിക്കുണ്ടില്‍ ചെന്താമരയെന്നപോലെ വിരിഞ്ഞുനില്ക്കുന്നു. അധികമകലെയല്ലാതെ പഞ്ചിം മുനിസിപ്പല്‍ പൂന്തോട്ടത്തില്‍ മറ്റൊരു കൌതുകക്കാഴ്ചയുമുണ്ട്: ഒരു തുറന്ന ലൈബ്രറി. അവിടത്തെ തുറന്ന പുസ്തകത്തട്ടില്‍ ആര്‍ക്കുവേണമെങ്കിലും പുസ്തകങ്ങളും മാസികകളും വാരികകളും ദൈനികങ്ങളും നിക്ഷേപിക്കാം, ആര്‍ക്കുവേണമെങ്കിലും അവ എടുത്തു വായിക്കാം. ആരോടും ചോദിക്കണ്ട, പറയണ്ട. കേരളത്തോളമെത്തില്ലെങ്കിലും, വായനക്കൊതിയുള്ളവര്‍ക്ക് നട്ടംതിരിയേണ്ടിവരില്ല ഗോവയില്‍. ഒരു പ്രധാനവ്യത്യാസവുമുണ്ട്. മറ്റു സംസ്ഥാനങ്ങളിലേതുപോലെയല്ലാതെ നാട്ടുഭാഷാഗ്രന്ഥങ്ങളേക്കാള്‍ ഇംഗ്ളീഷ്-പുസ്തകങ്ങള്‍ വേണ്ടുവോളം ലഭ്യമാണ് ഗോവയിലെ പുസ്തകശേഖരങ്ങളില്‍. ഒരു നല്ല മലയാളം-ലൈബ്രറിയുടെ അഭാവം പക്ഷെ ഇന്നുമുണ്ട്. മലയാളമുള്‍പ്പെടെ എല്ലാ ഭാരതീയ ഭാഷകളിലെയും പുസ്തകങ്ങള്‍ ഗോവയിലുള്ളവരില്‍നിന്നു സൌജന്യമായി സമാഹരിച്ച് സെണ്റ്റ്രല്‍ ലൈബ്രറിയില്‍ സൂക്ഷിക്കാനൊരു പദ്ധതി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും നടപ്പിലാകുമോ എന്നു തിട്ടമില്ല. എണ്റ്റെ അപൂര്‍വം ഭാഗ്യങ്ങളിലൊന്നാണ് എണ്റ്റെ ഭാര്യ വ്യക്തിപരമായി വലിയൊരു പുസ്തകപ്റേമിയും തൊഴില്‍പരമായി ലൈബ്രേറിയനുമാണെന്നുള്ളത്. ഓണം-വിഷു-സംക്രാന്തിക്കുമാത്രമൊതുങ്ങാതെ എണ്റ്റെ വീട്ടില്‍ സമൃദ്ധമായി കിട്ടുന്ന ഒന്നാണ് വായിക്കാന്‍ പുസ്തകങ്ങള്‍. വായിച്ചുവായിച്ചു വളര്‍ന്നുവളര്‍ന്ന് വയസ്സേറെ ആയെന്നുമാത്രം! പുസ്തകങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പരിതാപകരമായ സാഹചര്യത്തിലാണ് ഞങ്ങളുടെ തലമുറ പഠിച്ചത്. ഏഴാംക്ളാസ്സിലെത്തിയപ്പോഴാണ് പാഠപുസ്തകങ്ങളല്ലാത്ത ഒന്നുരണ്ടു പുസ്തകങ്ങള്‍ കയ്യിലെത്തുന്നത്. അധ്യാപകന് ഒരുകെട്ടു പുസ്തകവുമായി വരുന്നു; ഇരിക്കുന്ന മുറയ്ക്ക് അവ ഒന്നൊന്നായി ഞങ്ങള്‍ക്കു തരുന്നു. അവസാനബെഞ്ചുകാര്‍ക്ക് കിട്ടിയെന്നും വരില്ല. മൂന്നാംപക്കം അത് അടുത്തകുട്ടിക്കു കൈമാറണം. വായിച്ചാലുമില്ലെങ്കിലും. ലൈബ്രറിപ്പണി അതോടെ തീര്‍ന്നു. സിന്‍ബാദിണ്റ്റെ കഥയും റോമിണ്റ്റെ കഥയും സൊറാബ്-റസ്തം കഥയും അന്നു വായിച്ചതായി ഓറ്‍മയിലുണ്ട്. പിന്നെ പത്താംക്ളാസ്സെത്തുമ്പോഴാണ് ചെമ്മീന്‍ ഒരു വിലയേറിയ മത്സ്യമാണെന്നും ഓടയില്‍നിന്ന് ഒരു സിനിമയാണെന്നും നാലുകെട്ട് മുസ്ളീങ്ങള്‍ക്കുള്ളതാണെന്നും ഓടക്കുഴല്‍ ഒരു സംഗീതോപകരണമാണെന്നും ഭാരതപര്യടനം ചെലവേറിയ പരിപാടിയാണെന്നും മലയാളശൈലി ഒരു പഴഞ്ചൊല്‍മാലയാണെന്നുമെല്ലാമുള്ള (എന്നു ഞങ്ങള്‍ ഉപന്യാസംവരെ എഴുതിയിട്ടുണ്ട്) ധാരണ മാറി അവ മഹല്‍ഗ്രന്ഥങ്ങളാണെന്നു മനസ്സിലായത്. ഒന്നുരണ്ടുവര്‍ഷംകൊണ്ട് കേരളസാഹിത്യചരിത്രംവരെ വായിച്ചുമനസ്സിലാക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കിയ അരവിന്ദാക്ഷന് മാസ്റ്റര്‍ ഇന്നും തൃപ്പൂണിത്തുറയില്‍ പ്രകാശംപരത്തി നില്ക്കുന്നു. കോളേജ്-പഠനത്തിണ്റ്റെ തുടക്കവും അല്പം അരോചകമായിരുന്നു. കാരണം ഞാന്‍ ചേര്‍ന്ന സ്വകാര്യകോളേജിലെ ഗ്രന്ഥാലയം സ്വയം പുസ്തകം തിരഞ്ഞെടുക്കാന്‍ അനുവദിച്ചിരുന്നില്ല. കൂടാതെ തൊട്ടതിനെല്ലാം പ്രതിബന്ധമായി ലൈബ്ററി-ജീവനക്കാരും. തുടര്‍ന്ന് സര്‍ക്കാര്‍-കോളേജിലെത്തിയപ്പോഴാണ് തുറന്നുകിടക്കുന്ന പുസ്തകത്തട്ടുകള്‍ കാണുന്നതും ലൈബ്റേറിയനുമായി ചങ്ങാത്തത്തിലാകുന്നതും പുത്തന്‍പുസ്തകങ്ങള്‍ കണക്കില്‍ചേറ്‍ക്കുന്നതിനുംമുന്‍പേ വായിക്കാന്‍ കിട്ടുന്നതും. എറണാകുളം മഹാരാജാസ് കോളേജ് വളമിട്ടുവളര്‍ത്തിയ വ്യക്തികള്‍ അതൊരിക്കലും മറക്കാന്‍ വഴിയില്ല. ഉപരിപഠനത്തിണ്റ്റെ പിന്നീടുള്ള രണ്ടുവറ്‍ഷങ്ങളില്‍ സാങ്കേതികഗ്രന്ഥങ്ങളുമായിമാത്രം കെട്ടുപിണയാനേ കഴിയുമായിരുന്നുള്ളൂ. പുറംവായനയ്ക്ക്, തൃപ്പൂണിത്തുറയില്‍ ഗാന്ധിജിയുടെ പാദസ്പര്‍ശംകൊണ്ടു ധന്യമായ മഹാത്മാ വായനശാല. കൊച്ചി സര്‍വകലാശാലയിലെ ഞങ്ങളുടെ വകുപ്പുലൈബ്ററി അറിവിണ്റ്റെ ഒരു കടലാണ് തുറന്നുതന്നത്. പഴമയും പുതുമയും കൈകോര്‍ത്തൊരു ഗ്രന്ഥശാല. അലമാരികള്‍ക്കിടയിലെ പുസ്തകാന്വേഷണവും ഇടയ്ക്കെല്ലാമുള്ള കുട്ടിക്കുറുമ്പുകളും ലൈബ്രേറിയണ്റ്റെ പൂര്‍ണനിരീക്ഷണവലയത്തിലായിരുന്നെങ്കിലും എന്തും വായിക്കാനും സ്വയം വളരാനുമുള്ള സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരുന്നു. സ്വയംപഠനം എന്നത് അവിടെയാണു പഠിച്ചത്. അന്നേയ്ക്കു ഞങ്ങള്‍ മുതിര്‍ന്നവരുമായല്ലോ. തൊഴിലിണ്റ്റെ ഭാഗമായി ഇന്ത്യയിലെയും വിദേശത്തെയും പല ഗ്രന്ഥശാലകളും പിന്നെ കണ്ടു. ഒരു ഗ്രന്ഥശാലയെച്ചുറ്റി ഒരു മഹദ്വലയം ഉണ്ടാകും. പുസ്തകപ്പുഴുക്കള്‍ എങ്ങും എമ്പാടും ഉണ്ടെന്ന സത്യം അതോടെ ബോധ്യപ്പെട്ടു. വാങ്ങാനല്ലെങ്കിലും വായിക്കാനെങ്കിലും കയറിക്കൂടുന്നവര്‍ ലോകംമുഴുവനുള്ള പുസ്തകശാലകളിലുണ്ട്. ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൌണില്‍ ഒരു പുസ്തകശാലതന്നെ അത്തരം പുസ്തകപ്പുഴുക്കള്‍ക്ക് സോഫയും കാപ്പിയും മറ്റുമായി തുറന്നുവച്ചിരിക്കുന്നു. വേണ്ടുവോളം പുസ്തകം വായിക്കാം, വേണമെങ്കില്‍ വാങ്ങാം, വേണ്ടെങ്കില്‍ ഇറങ്ങിപ്പോരാം. അടുത്തകാലത്തു കേട്ടതാണ്, ദില്ലിയിലെ 'ഫാക്റ്റ് ആണ്റ്റ് ഫിക്ഷന്‍' എന്ന വളരെ ജനപ്രിയമായ പുസ്തകശാല അടച്ചുപൂട്ടിയെന്ന്. വളരെ അപൂര്‍വമായ പുസ്തകങ്ങള്‍ യാതൊരു അടുക്കും ചിട്ടയുമില്ലാതെ വാങ്ങിവച്ചു വിറ്റിരുന്ന ഒരു സ്ഥാപനമായിരുന്നത്രെ അത്. മണിക്കൂര്‍കണക്കു ചെലവിടാന്‍ ആളുകളെത്തിയിരുന്നത്രെ അവിടെ. പക്ഷെ പിടിച്ചുനില്ക്കാന് കഴിഞ്ഞില്ല, കമ്പോളത്തിണ്റ്റെ കയ്യേറ്റത്തില്‍, കൈക്രിയയില്‍. ഇന്നുമോറ്ക്കുന്നു പുണെയിലെ ഡെക്കന്‍ ജിംഖാന എന്നിടത്തെ 'സാരസ്വത്' എന്നൊരു പുസ്തകശാല. കാര്ള് എം. പോപ്പര്‍ എന്ന ഗ്രന്ഥകാരണ്റ്റെ ഒരു പുസ്തകം തിരഞ്ഞുനടക്കുകയായിരുന്നു ഞാന്‍. ദില്ലിയിലും കൊല്‍ക്കത്തയിലും ചെന്നൈയിലും മുംബൈയിലുമായി പലയിടത്തും കയറിയിറങ്ങി, ആ പുസ്തകത്തിനുവേണ്ടി. അവസാനം പുണെയിലെ 'സാരസ്വ'ത്തില്‍ എത്തിയപ്പോഴേക്കും പുസ്തകത്തിണ്റ്റെ പേരും മറന്നു. അതൊരു ഒറ്റയാള്‍ക്കടയായിരുന്നു. തലനരച്ച കടക്കാരന് എന്നോടു ചോദിച്ചു 'കഞ്ചെക്ച്ചേര്‍സ് ആണ്റ്റ് റെഫ്യൂട്ടേഷന്‍സ്' ആണോ തിരക്കുന്നതെന്ന്. താന്‍ അതു സര്‍വകലാശാലയിലോമറ്റോ വായിച്ചിട്ടുണ്ടെന്നും പക്ഷെ അതു മാര്‍ക്കറ്റില്‍ കിട്ടില്ലെന്നും അദ്ദേഹം ഉറപ്പായിപ്പറഞ്ഞു. പുസ്തകത്തേക്കാള്‍ വലിയ പുസ്തകക്കാരന്! ഇന്നും എനിക്കാ പുസ്തകം കിട്ടിയിട്ടില്ല വായിക്കാന്‍. പിന്നെ, മോശം പുസ്തകങ്ങള്‍ വായിക്കുന്നതിനേക്കാള്‍ മോശം വേറൊന്നില്ല. ചില പുസ്തകങ്ങള്‍ വാങ്ങിവായിക്കുന്നതിനേക്കാള്‍ ഒരു പുസ്തകമങ്ങെഴുതുന്നതാണെളുപ്പം. പ്രത്യേകിച്ചും വില കാണുമ്പോള്‍. പുസ്തകപ്രസാധനരംഗത്തെ കാണാച്ചരടുകളറിയുമ്പോള്‍, ഒരു 'ഒറ്റക്കോപ്പി-വിപ്ളവ'മായാലോ എന്നു തോന്നിത്തുടങ്ങിയിട്ടുണ്ട് ഈയിടെ. സംഗതി എളുപ്പം. ഒരു പുസ്തകമെഴുതി ഇപ്പോഴത്തെ സമൂഹമാധ്യമങ്ങളിലെവിടെയെങ്കിലും സ്വയമങ്ങു പ്രതിഷ്ഠിക്കുക. അത് പുസ്തകപ്പുഴുക്കള്‍ സൌജന്യമായി കരണ്ടിക്കോട്ടെ. അതോടൊപ്പം വീട്ടിലിരുന്ന് അതിണ്റ്റെ ഒരു കോപ്പി - ഒറ്റക്കോപ്പി മാത്രം, പുറംചട്ടയടക്കം - തയ്യാറാക്കുക. അതങ്ങു ഭംഗിയായി ബൈണ്റ്റുചെയ്തു സൂക്ഷിക്കുക. കാണിക്കേണ്ടവരെ കാണിക്കാം. ഇടയ്ക്കിടെ തട്ടാം, തലോടാം, താലോലിക്കാം. ശുഭം.
കൊടുക്കുംതോറുമേറിടും
കുട്ടിക്ളാസ്സുകളിലെ കാണാപ്പാഠമായിരുന്നു, "കൊണ്ടുപോകില്ല ചോരന്മാര്, കൊടുക്കുംതോറുമേറിടും" എന്ന കടംകഥക്കാര്യം. 'കടംകഥക്കാര്യം' എന്നുപറയാന്‍ കാരണം, സധാരണ കടംകഥകള്‍പോലെ കളിയല്ലിത്; കാര്യമാണ്. വിദ്യ കൊടുക്കാനുള്ളതാണെന്നും കൈവശംവച്ച് വിലപേശാനുള്ളതല്ലെന്നുമാണ് ഭാരതീയവിധി. "വിദ്യാര്‍പ്പണം പാത്രമറിഞ്ഞുവേണം" എന്നൊരു നിബന്ധനയേയുള്ളൂ. എന്തുകൊണ്ടെന്നാല്‍ അര്‍ഹിക്കാത്തവരുടെ കയ്യില്‍ വിദ്യ വിനാശകരമായിത്തീരും. അതുപോലെ പകുതിപ്പഠിപ്പും അപകടകാരിയാണ്. "അല്പവിദ്യ ആപല്‍ക്കര"മെന്ന് ഇംഗ്ളീഷിലുമുണ്ട്. ഇന്നു പക്ഷെ വിദ്യ വില്പനയ്ക്കാണ്. സ്കൂളുകളില്‍, കോളേജുകളില്‍, സര്‍വകലാശാലകളില്‍, ഗവേഷണസ്ഥാപനങ്ങളില്‍, ശ്രേഷ്ഠപഠനകേന്ദ്രങ്ങളില്‍ എല്ലാം വിദ്യ വില്പനച്ചരക്കാണ്. കാശുവാങ്ങി പഠിപ്പിക്കുന്നു സ്കൂളുകളിലും കോളേജുകളിലും. കാശുമേടിച്ചു പഠിക്കുന്നു ഗവേഷണശാലകളില്‍. കാശുണ്ടാക്കാന്‍ പഠിപ്പിക്കുന്നു വിശിഷ്ടസ്ഥാപനങ്ങള്‍. അഭ്യാസം, ഗവേഷണം, വിപണനം എന്ന വട്ടത്തില്‍ കുരുങ്ങിയിരിക്കുകയാണ് വിദ്യയെന്ന സമ്പത്ത് - ബൌദ്ധിക സ്വത്ത്. കൊണ്ടുപോകുന്നു ചോരന്മാര്. കൊടുക്കുംതോറുമേറുന്നതു കാശ് - പകര്‍പ്പവകാശം, പേറ്റണ്റ്റ്, കച്ചവടരഹസ്യം തുടങ്ങിയ പേരുകളില്‍ ബൌദ്ധികസ്വത്ത് ആവശ്യത്തേക്കാള്‍ അവകാശമായി. "തുറന്നുവച്ചാല്‍ ഒളിച്ചുവയ്ക്കാം" എന്നൊരു വിരോധാഭാസമാണ് ബൌദ്ധികസ്വത്തവകാശനിയമങ്ങള്‍! എങ്ങിനെയെന്നാല്, തണ്റ്റെ ഒരു പുത്തനറിവ് അല്ലെങ്കില്‍ ഒരു പുത്തനാശയം അല്ലെങ്കില്‍ ഒരു പുത്തന്‍ പ്രയോഗം ആദ്യം പേറ്റണ്റ്റ്-ഓഫീസുവഴി ലോകമെമ്പാടുമുള്ളരുടെ അറിവിനായി തുറന്നു വയ്ക്കണം. പുതുമ തികഞ്ഞതും പ്രായോഗികത നിറഞ്ഞതും ബൌദ്ധികമായി പല പടികള്‍ മെനഞ്ഞെടുത്തതുമാണെങ്കില്‍ അതിനു ബൌദ്ധികസ്വത്തവകാശം ലഭ്യമാകും. എന്നുവച്ചാല്‍ പിന്നെ നിശ്ചിതമായ കുറെയധികം വര്‍ഷത്തേക്ക് താനല്ലാതെ ബാക്കി ആരും ആ അറിവ് ഉപയോഗിക്കാന്‍ പാടില്ല. ഉപയോഗിക്കണമെങ്കില്‍ താന്‍ നിശ്ച്ചയിക്കുന്ന പ്രതിഫലത്തുക തന്ന ശേഷം മാത്രം. തണ്റ്റെ അറിവ് അല്ലെങ്കില്‍ പ്രയോഗം മറ്റുള്ളവരുടെ വരുതിയില്‍നിന്നു ഒളിച്ചുവയ്ക്കാം, പണം കൊയ്യാം. ഇപ്പറഞ്ഞത്ര ലഘുവൊന്നുമല്ല കാര്യം. മറ്റെല്ലാ നിയമങ്ങളുംപോലെ പേറ്റണ്റ്റ്-നിയമങ്ങളും സങ്കീര്‍ണവും സാങ്കേതികവുമാണ്. ചില നിര്‍ണായകകാര്യങ്ങള്‍ തുറന്നുപറയാതെ മറച്ചുവയ്ക്കാനും നിര്‍ദ്ദിഷ്ടവ്യവസ്ഥകള്‍ സൂത്രത്തില്‍ നിരാകരിക്കാനും വൈദഗ്ധ്യമുള്ള പേറ്റണ്റ്റ്-ഏജണ്റ്റുമാര്‍ ഉണ്ട്. ബുദ്ധിക്കു വിലയിടാന്‍മാത്രമല്ല, വിലപേശാന്‍കൂടി അവര്‍ക്കാകും. ഒരു പേര്, ഒരു പ്രസിദ്ധീകരണം, ഒരു സാധനം, ഒരു മരുന്ന്, ഒരു പ്രക്രിയ - ഇതിനെല്ലാം പകര്‍പ്പവകാശവും പ്രയോഗാവകാശവും നിര്‍മാണാവകാശവും ചമച്ച് വിദ്യയെ കാശാക്കിമാറ്റുന്നത് ആ കച്ചവടക്കണ്ണാണ്. വിദ്യക്കു വിലയിട്ടു തുടങ്ങിയപ്പോള്‍ "വിദ്യാധനം സര്‍വധനാല്‍ പ്രധാനം" എന്നതിന് അര്‍ഥം പാടേ മാറി. അമൂല്യം (വിലമതിക്കാന്‍ പറ്റാത്തത്) സമൂല്യമായി (വിലയിട്ടത്). അങ്ങനെ അതിലും അങ്ങാടിവാണിഭമായി. മൂന്നുപതിറ്റാണ്ടിലേറെ പഠനത്തിനും പരീക്ഷണത്തിനും പ്രയോഗത്തിനുമായി പണമുണ്ടാക്കാന്‍ കഴിഞ്ഞ എനിക്ക്, പണത്തിനുവേണ്ടി പഠനവും പരീക്ഷണവും പ്രയോഗവും നടത്താന്‍ മനസ്സുവന്നില്ല. അങ്ങനെ ഞാന്‍ അങ്ങാടിപ്പുറത്തായി. അടുത്തിടെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഒരു വാര്‍ത്ത കണ്ടപ്പോഴാണ് ഇതെല്ലാം എഴുതാന്‍ തോന്നിയത്. കമ്പോളത്തിലെ പച്ചക്കറികളിലെ വിഷാംശമകറ്റാന്‍ അവര്‍ ഒരു മരുന്നുകൂട്ടുണ്ടാക്കിയിരിക്കുന്നുവത്രെ. നല്ലത്. കുറെപേര്‍ക്കൊക്കെ അതുണ്ടാക്കാന്‍ പരിശീലനം കൊടുക്കുമെങ്കിലും വാണിജ്യപരമായി അതുണ്ടാക്കാന്‍ വലിയൊരു ഫീസടക്കണം. ഒരുമാസത്തേക്കുള്ള ആ മരുന്നിന് കുപ്പിയൊന്നുക്ക് നൂറോ ഇരുന്നൂറോ രൂപയായിരിക്കും വില. കാര്‍ഷിക സര്‍വകലാശാലയുടെ ലൈസന്‍സുള്ളവര്‍ക്ക് അതുണ്ടാക്കി വില്‍ക്കാം. നമുക്കതു വാങ്ങി ഉപയോഗിച്ച് സസുഖം ജീവിക്കാം. വിദ്യ കാശായി മാറുന്നതങ്ങനെ. ഇനി മറ്റൊരു സംഭവം. ബ്രിട്ടീഷ്-ഭരണകാലത്താണ് എണ്റ്റെ അച്ഛന് ഉപരിപഠനാര്‍ഥം ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ചേരുന്നത്. സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലം. സ്വദേശിപ്രസ്ഥാനത്തിലാകൃഷ്ടനായി മെട്രിക്കുലേഷന്‍ കഴിഞ്ഞ ഉടനെ, കുലത്തൊഴിലുകളിലൊന്നും ഏര്‍പ്പെടാതെ പലപല കൈത്തൊഴിലുകളും കുടില്‍വ്യവസായങ്ങളുമായി ജീവിക്കാന്‍ കഷ്ടപ്പെടുന്ന കാലം. സീലരക്ക്, ടൈപ്പ്-റൈറ്റര്‍ റിബണ്‍, സോഡ, ടാല്‍കം പൌഡര്‍, ചോക്ക്, മെഴുകുതിരി, വൈക്കോല്‍കയറ്, പുല്‍തൈലം, കൈതോലനാര്, ഗ്രൈപ്-വാട്ടര്‍, പനിനീര്, കട്ടിക്കടലാസ്സ്, വാര്‍ണിഷ്, ഇലക്ട്രിക് വയര്‍, എഴുത്തു മഷി, റബര്‍സ്റ്റാമ്പ്-മഷി, ഫിലിം സിമണ്റ്റ് തുടങ്ങി, നാട്ടിലാവശ്യമായ സാധനങ്ങള്‍ ഇറക്കുമതിക്കുപകരം നാട്ടില്‍തന്നെ ഉണ്ടാക്കി ഏറ്റവും കുറഞ്ഞ വിലയ്ക്കു വില്‍ക്കുന്നതായിരുന്നു രീതി. ഇവയുണ്ടാക്കാന്‍വേണ്ട നാടന്‍യന്ത്രസാമഗ്രികളും സ്വയം ഉണ്ടാക്കും. കിട്ടുന്നതില്‍ പാതി അടുത്ത നിര്‍മിതിക്കുള്ള പരീക്ഷണങ്ങള്‍ക്കായി ചെലവിടും. ഉത്പന്നങ്ങളുടെ നിര നീണ്ടു, പ്രാരബ്ധങ്ങളുടെയും. ഇനിയും പിടിച്ചുനില്ക്കാന് മികച്ച സാങ്കേതികവിദ്യാഭ്യാസമുണ്ടായാലേ രക്ഷയുള്ളൂ എന്ന തിരിച്ചറിവിലാണ്, കല്യാണം കഴിഞ്ഞതും ഭാര്യയെയും അമ്മയെയും കൂട്ടി അച്ഛന് കാശിയിലേക്കു വണ്ടി കയറുന്നത്. കയ്യിലുണ്ടായിരുന്നത് കാല്‍ക്കാശ്! 'ഇണ്റ്റസ്റ്റ്രിയല്‍ കെമിസ്റ്റ്രി ടെക്നോളജി' എന്ന സാങ്കേതികബിരുദത്തിനായി അവസാനവര്‍ഷം ഒരു പ്രോജക്റ്റ് ചെയ്യണമായിരുന്നു. അതിനച്ഛന് തിരഞ്ഞെടുത്തത് അച്ചടിമഷി ഉണ്ടാക്കലായിരുന്നു. സ്വയം ചേരുവകള്‍ കണ്ടെത്തി സ്വന്തമായ മഷിക്കൂട്ടുണ്ടാക്കി, അഞ്ചെട്ടു പേജുമാത്രം വരുന്ന റിപ്പോറ്ട്ട് അതേ മഷികൊണ്ടുതന്നെ അച്ചടിപ്പിച്ച് ഉത്പന്നത്തിണ്റ്റെ വ്യാവസായികസാധ്യതകള്‍കൂടി തെളിയിച്ചുകൊണ്ടായിരുന്നു പഠനാനന്തരം അദ്ദേഹം നാട്ടിലേക്കു മടങ്ങിയത്. അന്നെല്ലാം അച്ചടി കറുത്ത മഷിയിലായിരുന്നല്ലോ. അതുപോലും ഇറക്കുമതിയായിരുന്നു. വലിയതോതില്‍ തുടങ്ങിയിരുന്നെങ്കില്‍ അച്ഛനതൊരു വലിയ ബിസിനസ്സാക്കാമായിരുന്നു. എന്തുകൊണ്ടോ, മുതല്‍മുടക്കായിരുന്നിരിക്കണം പ്രധാന പ്രശ്നം, അദ്ദേഹമതു തുടര്‍ന്നില്ല. പങ്കാളിത്തത്തില്‍ മരുന്നുവ്യവസായവും സ്വന്തമായി ബേക്കറി-വ്യവസായവുമായി തിരക്കിലുമായി. അപ്പോഴേക്കും നാടു സ്വതന്ത്രമായിക്കഴിഞ്ഞിരുന്നു. അന്നത്തെ തിരു-കൊച്ചി സംസ്ഥാനത്തെ കുടില്‍-വ്യവസായ വികസന ബോറ്ഡിന് അച്ഛന് അച്ചടിമഷിയുടെ സ്വന്തം സാങ്കേതികവിദ്യ സൌജന്യമായി കൈമാറി. ('കേരള ഇണ്റ്റസ്റ്റ്രി' എന്ന അവരുടെ പ്രസിദ്ധീകരണത്തില്‍ അച്ഛന് അതിനെപ്പറ്റി എഴുതിയിരുന്ന ലേഖനം ഞാന്‍ കണ്ടിട്ടുണ്ട്; അതും അച്ഛണ്റ്റെ ബിരുദവും റിപ്പോറ്‍ട്ടുമെല്ലാം കാലാന്തരത്തില്‍ ചിതല്‍തിന്നുപോയി). ഒരുപാടുപേര് ആ സാങ്കേതികവിദ്യ ഉപയോഗിച്ച് കൊച്ചുകൊച്ചു മഷിനിര്‍മാണശാലകള്‍ നടത്തിയിരുന്നത്രെ. ക്രമേണ ഫാക്റ്ററി-മഷിയുടെയും വറ്‍ണമഷിയുടെയും വരവോടെ ആ ചെറുകിടസാങ്കേതികവിദ്യക്കു പ്രസക്തിയുമില്ലാതായി. ഭൌതികസ്വത്തും ബൌദ്ധികസ്വത്തും തമ്മില്‍ സമരത്തിലായിരുന്നു അച്ഛനെക്കാലവും. മറ്റെന്തൊക്കെ പറഞ്ഞാലും അറിവുപങ്കിടുന്നതില്‍ അതിര്‍വരമ്പില്ലായിരുന്നു ഒരുകാലത്ത് റഷ്യക്ക്. വെറുതെ കിട്ടുന്ന 'സോവിയറ്റ് നാ'ടും തീരെ വിലകുറഞ്ഞുകിട്ടുന്ന 'മിര്‍' / 'പീസ്'-പ്രസിദ്ധീകരണങ്ങളും ഞങ്ങളുടെ തലമുറയെ അറിവില്‍ സമ്പന്നമാക്കി. പകര്‍പ്പവകാശപ്പേടിയില്ലാതെ ഏതു റഷ്യന്‍-പ്രസിദ്ധീകരണവും അന്ന് പരിഭാഷപ്പെടുത്തുകയോ പുന:പ്രസിദ്ധീകരിക്കുകയോ ഒക്കെ ചെയ്യാമായിരുന്നു. എന്തിന്, എണ്‍പതുകളില്‍ എണ്റ്റെ മകള്‍വരെ 'മിഷ' എന്ന റഷ്യന്‍-മാസിക രസിച്ചുവായിച്ചുവളര്‍ന്നതാണ്. ഇന്ന് പകര്‍പ്പവകാശപ്പേടിയില്ലാതെ എന്തെങ്കിലും പ്രസിദ്ധീകരിക്കാനൊക്കുമോ? ഇണ്റ്റര്‍നെറ്റിണ്റ്റെ വരവോടെ അറിവ് പൊതുസ്വത്തായി മാറുന്നുണ്ട്. വിദ്യയെ വിലയ്ക്കുവാങ്ങുന്നവരും വിദ്യക്കു വിലങ്ങുവയ്ക്കുന്നവരും അത്യാശങ്കയോടെ നോക്കിക്കാണുകയാണ് നവമാധ്യമങ്ങളെ. കോപ്പി റൈറ്റ് (പകര്‍പ്പവകാശം) എന്ന വിലങ്ങുതടിക്കെതിരായി, പക്ഷെ ബൌദ്ധിക-ഉടമസ്ഥത നിലനിര്‍ത്തിക്കൊണ്ടുതന്നെ, കോപ്പി ലെഫ്റ്റ് എന്നൊരു സങ്കേതം ഉരുത്തിരിയുകയായി - 'പകര്‍പ്പ്' പൊതുജനത്തിണ്റ്റെ അവകാശമാണെന്ന വാമപക്ഷം. 'ക്രീയേറ്റീവ് കോമണ്‍സ്' എന്നൊരു പ്രസ്ഥാനം തന്നെ ശക്തിപ്പെടുകയാണ്; സ്വയംപ്രസാധനത്തിനു വഴിയൊരുക്കി 'ഇ'(ലക്ട്റോണിക്)-പ്രസിദ്ധീകരണങ്ങളും. വിക്കിപ്പീഡിയയും മറ്റും അറിവിനെ സൌജന്യവത്കരിച്ചുകൊണ്ടിരിക്കുന്നു. കള്ളന്മാര് കൊണ്ടുപോകാതെ, കൊടുക്കുംതോറുമേറുന്ന വിദ്യയുടെ നല്ലനാളുകള്‍ വിദൂരമല്ല. "വിദ്യയാ/മൃതമശ്നുതേ" എന്നല്ലോ ആപ്തവാക്യം.
പത്രവിശേഷം
ഭാരതത്തില്‍ ഒരൊറ്റ സ്ഥലത്തുനിന്നു പ്രസിദ്ധീകരിക്കപ്പെടുന്ന പ്രാദേശിക ഇംഗ്ളീഷ്-പത്രങ്ങളുടെ കണക്കെടുത്താല്‍ ഗോവയിലായിരിക്കും ഏറ്റവും കൂടുതല്‍. നിലവില്‍ ഈ കൊച്ചുസ്ഥലത്തുനിന്ന് നവ്ഹിന്ദ് ടൈംസ്, ഗൊമന്തക് ടൈംസ്, ഹെറാള്‍ഡ്, ദ് ഗോവന്‍ എവരി ഡേ എന്നിങ്ങനെ നാല് പ്രാദേശിക ദിനപ്പത്രങ്ങള്‍. കൂടാതെ ടൈം ഓഫ് ഇന്‍ഡ്യയുടെ ഗോവപ്പതിപ്പും. പിന്നെ ആഴ്ചതോറുമുള്ള, ഗോവ മൊണിറ്റര്‍ പോലുള്ള, ഒന്നുരണ്ടു പത്രങ്ങള്‍. ഗോവ ടുഡെ തുടങ്ങിയ ഇംഗ്ളീഷ്-മാസികകള്‍ വേറെ. തലങ്ങും വിലങ്ങും അസംഖ്യം സൌജന്യ കാലികപ്രസിദ്ധീകരണങ്ങള്‍. മുന്‍പ് കുറെക്കാലം വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ് എന്നൊരു ദിനപ്പത്രമിറങ്ങിയിരുന്നു ഇവിടെനിന്ന്. അതു പക്ഷെ നിലച്ചു. ഹിന്ദു ദിനപ്പത്രവും ഇന്‍ഡ്യന്‍ എക്സ്പ്രസ്സും ഡെക്കന്‍ ഹെറാള്‍ഡും ഏഷ്യന്‍ എയ്ജും മറ്റും അയല്‍സംസ്ഥാനങ്ങളില്‍നിന്നെത്തുന്നു. ഇവയ്ക്കു പുറമെയാണ് മറാഠിയിലുള്ള ദിനപ്പത്രങ്ങള്‍ - ഗൊമന്തക്, നവപ്രഭ, തരുണ്‍ഭാരത്, സക്കാള്‍, പുഠാരി, ലോക്മത്. അവയില്‍ ഒന്നോ രണ്ടോ മാത്രമേ ഗോവയില്‍നിന്നുള്ളൂ എങ്കിലും മറ്റുപലതും ഗോവപ്പതിപ്പായാണ് ഇങ്ങെത്തുന്നത്. പേരിനുമാത്രം ഒരു കൊങ്കണിപ്പേപ്പര്‍ ഉണ്ടായിരുന്നു; സുനാപറാന്ത്. അതുമടുത്തിടെ നിന്നെന്നു തോന്നുന്നു. പണ്ട് ഉജ്വാഡ് എന്നൊരു കൊങ്കണിപ്പത്രമുണ്ടായിരുന്നു, റോമന്‍ലിപിയില്‍. അതും എന്നോ നിന്നുപോയി. ഇപ്പോള്‍ ഗോവന്‍വാര്‍ത്ത എന്നൊന്നു മൊട്ടിട്ടിട്ടുണ്ട്. പണ്ടത്തെ പോര്‍ത്തുഗീസ്-പത്രമായിരുന്നു ഓ ഹെറാള്‍ഡോ (ഊ ഹെറാള്‍ദു); അതാണ് പത്തുമുപ്പതുവര്‍ഷം മുന്‍പ് ഹെറാള്‍ഡ് എന്ന ഇന്നത്തെ ഇംഗ്ളീഷ്-പത്രമായത്. സ്വതന്ത്രഗോവയിലെ ആദ്യത്തെ പത്രമാണ് നവ്ഹിന്ദ് ടൈംസ്. തുടക്കത്തില്‍, ശ്രീ. ലാംബര്‍ട്ട് മസ്കരിഞ്ഞാസ് (പിന്നീട് ഗോവ ടുഡേ മാസികയുടെ സ്ഥാപക എഡിറ്റര്‍) അതിലുണ്ടായിരുന്നു. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ നവ്ഹിന്ദ് ടൈംസിണ്റ്റെ തലപ്പത്ത് ഒരു മലയാളിയായിരുന്നു എന്ന് എത്ര പേറ് ഓര്‍ക്കുന്നുണ്ടാകും? ശ്രീ. കെ.എസ്.കെ. മേനോണ്റ്റെ പത്രാധിപത്യത്തിലായിരുന്നു നവ്ഹിന്ദ് ടൈംസ് ഏറെക്കാലം. അക്കാലത്ത് ഗോവയിലെ ആകാശവാണിയുടെ ഡയറക്റ്ററും വേറൊരു മേനോനായിരുന്നു! അന്നത്തെ അച്ചടിച്ചിട്ടകളെല്ലാം വേറെയായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. അച്ചുപെറുക്കിനിരത്തി അടിക്കുന്ന ട്രെഡില്‍ പ്രസ്സും ചിത്രങ്ങള്‍ക്ക് ഹാഫ്-ടോണ്‍ ബ്ളോക്കും വാര്‍ത്തകള്‍ക്കു ടെലിപ്രിണ്റ്ററും അച്ചടിക്കാന്‍ വൈക്കോല്‍കടലാസ്സും. കോട്ടിട്ട ഡെംപോവിണ്റ്റെ ഒരു പടമെങ്കിലുമില്ലാതെ പത്രമിറങ്ങിയിരുന്നില്ല. ഡെംപോവായാലും കെ.എസ്.കെ. മേനോനായാലും ഒരു കറുകറുത്തപാടിലൊതുങ്ങി വാര്‍ത്താചിത്രങ്ങള്‍. ഞങ്ങളുടെ അക്കാലങ്ങളിലെ തമാശയായിരുന്നു, ആ പത്രത്തിലെ ചിത്രങ്ങളെല്ലാം ഒരുപോലെയാണെന്ന്; ജന്മദിനാശംസ ആയാലും മരണവാര്‍ത്ത ആയാലും ഉദ്ഘാടനമായാലും ഉപചാരമായാലും. ചിത്രമൊന്നും ഒത്തില്ലെങ്കില്‍ ഇത്തിരി കറുത്ത മഷി മതിയെന്ന്. അന്നുണ്ടായിരുന്ന അച്ചടിത്തെറ്റുകള്‍ കൂടി അതേപടി വളരെ വെടുപ്പായി തുടരുന്നുണ്ട് ഇന്നും നവ്ഹിന്ദ് ടൈംസ്! ഇംഗ്ളീഷ് ഹെറാള്‍ഡിണ്റ്റെ ആദ്യകാല എഡിറ്ററും തെക്കേയിന്ത്യക്കാരനായിരുന്നു - ശ്രീ. രാജന് നാരായണ്‍. വളരെ സാഹസികമായിരുന്നു തുടക്കമെങ്കിലും വഴിക്കെങ്ങോ വഴുതിവീണു ആ പ്രതിഭാശാലി. ഗോവയില്‍ ഇന്നും പേരിനൊരു ആഴ്ചപ്പത്രത്തിണ്റ്റെ പത്രാധിപത്യത്തിലാണു പാവം. അദ്ദേഹത്തിണ്റ്റെ സമശീര്‍ഷനും നവ്ഹിന്ദ് ടൈംസിലെ സമകാലികനുമായിരുന്ന മറ്റൊരു തെക്കേയിന്‍ഡ്യക്കാരന്‍ ശ്രീ. മുതലിയാരും പത്രം വിട്ടു പോയി. ഇതിനകം ഒരുകാര്യം ശ്രദ്ധിച്ചിട്ടുണ്ടാകും; കൊങ്കണസ്ഥര്‍ക്കൊന്നും കൊങ്കണിപ്പത്രം വേണ്ട! ഇംഗ്ളീഷുപത്രം മതി, മറാഠിപ്പത്രം മതി. ദിനമണി, ദിനതന്തി, മുരശൊലി തുടങ്ങിയ തമിഴ്പത്രങ്ങളും ആന്ധ്രപ്രഭ, ഈ നാഡു തുടങ്ങിയ തെലുങ്കുപത്രങ്ങളും ഒരുപറ്റം കന്നഡപ്പത്രങ്ങളും മാതൃഭൂമി, മലയാള മനോരമ തുടങ്ങിയ മലയാളംപത്രങ്ങളും വന്നിറങ്ങുമ്പോഴും ഗോവക്കാര്‍ക്ക് സ്വന്തംഭാഷയിലൊരു പത്രംവായനയെന്ന ശീലമേയില്ല. എന്നാലോ റേഡിയോ അവര്‍ക്കൊരു ഹരമാണുതാനും. മറ്റേതിനേക്കാളും ഗോവക്കര്‍ക്കിഷ്ടം കൊങ്കണിപ്പാട്ടുകളോടുമാണ്. മലയാളികളെ പത്രം വായിക്കാന്‍ ആരും പഠിപ്പിക്കേണ്ടതില്ല എന്നാണു വയ്പ്. ഇന്നിപ്പോള്‍ പത്രത്തില്‍കവിഞ്ഞൊന്നും അവന് വായിക്കുന്നുമില്ല! കാലത്ത് എട്ടെട്ടരയ്ക്കകം ഒരു പേപ്പറെങ്കിലും മറിച്ചുനോക്കാത്ത മലയാളികള്‍ കുറവായിരിക്കും. ലോകത്തെവിടെയിരുന്നും ഇണ്റ്റര്‍നെറ്റിലൂടെ നാലഞ്ചു മലയാളം പ്രസിദ്ധീകരണങ്ങള്‍ വായിച്ചുതീര്‍ക്കുന്നവര്‍ പലരുണ്ടു താനും. ദേശീയപത്രം എന്നൊന്നേ ഇല്ലാതായിരിക്കുന്നു. ഉണ്ടായിരുന്നതെല്ലാം പ്രാദേശികപ്പതിപ്പുകളായി പെരുകുന്നു. മുംബൈയില്‍പോയാല്‍ ടൈംസ് ഓഫ് ഇന്‍ഡ്യയില്‍നിന്നോ ദില്ലിയില്‍പോയാല്‍ ഇന്‍ഡ്യന്‍ എക്സ്പ്രസ്സില്‍നിന്നോ ചെന്നൈയില്‍പോയാല്‍ ഹിന്ദുവില്‍നിന്നോ കേരളത്തെപ്പറ്റിയോ ഗോവയെപ്പറ്റിയോ ഉള്ള വാര്‍ത്തകളറിയാന്‍ ബുദ്ധിമുട്ടാണ്. മലയാളികള്‍ സധൈര്യം സ്വന്തംപത്രങ്ങള്‍ തുടങ്ങിയാണ് ഇതിനെ മറികടക്കുന്നത്. ഗോവയില്‍ വെറും അന്‍പതിനായിരം മലയാളികള്‍ക്കൊരു തനതു ദിനപ്പത്രം എന്തുകൊണ്ടും ഒരു അഭിമാനമാണ്. ഗോവ മലയാളി എന്ന മലയാളം പത്രം ഒരു കൌതുകമാണ്, അസൂയാവഹമായ നേട്ടമാണ്. മറ്റു ഭാഷാന്യൂനപക്ഷപ്പത്രങ്ങള്‍ ഒന്നുംതന്നെ ഇവിടെനിന്ന് പ്രസിദ്ധീകരിക്കുന്നതായി അറിവില്ല; കൊങ്കണിക്കുകൂടിയില്ല ഒന്നിലധികം, എന്നിട്ടല്ലേ! അതാണ് കേരളക്കാരും ഗോവക്കാരും തമ്മിലുള്ള അന്തരം. നവകാലബഹുജനമാധ്യമങ്ങളുടെ ബഹുസ്വരതയോ ബാഹുല്യമോ ബാഹ്യമോടിയോ ബലാബലമോ ബലാത്കാരമോ ബഹുരാഷ്ടീയതയോ, പരമ്പരാഗത സമ്പര്‍ക്കസംവിധാനങ്ങളായ പത്രങ്ങളെയോ അതിനുശേഷം വന്ന റേഡിയോവിനെയോ കാര്യമായി ബലഹീനപ്പെടുത്തിയിട്ടില്ല. മലയാളം സാക്ഷി.
മാനത്തിന് മുറ്റത്ത്
സാന്ദ്രമധുരമായ ഒരു സിനിമാഗാനമുണ്ട്; "മാനത്തെ മുറ്റത്ത് മഴവില്ലാല്‍ അഴകെട്ടും മധുമാസ സന്ധ്യകളേ.....". വീണ്ടും ഒരു പെരുമഴക്കാലത്തിണ്റ്റെ വരവോതുന്ന ആ ഗാനകല്പന ഇങ്ങനെ തുടരുന്നു; "കാര്‍മുകിലാടകള്‍ തോരയിടാന്‍വരും കാലത്തിന് കന്യകളേ.....". കാലാകാലം കിറുകൃത്യമായി കാറ്റിണ്റ്റെയും മഴയുടെയും മഞ്ഞിണ്റ്റെയും വെയിലിണ്റ്റെയുമെല്ലാം വരവറിഞ്ഞിരുന്നെങ്കില്‍ എന്നു നാം ആശിക്കാറുണ്ട്. പക്ഷെ എല്ലാം മുന്‍കൂട്ടിയറിഞ്ഞാല്‍ ജീവിതത്തിനെന്തുരസം? "ഇളംമഞ്ഞിന്‍ കുളിരുകോരും സുഖം....." എന്നോ, "ഇവിടെ കാറ്റിനു സുഗന്ധം, ഇവിടെ പോയൊരു വസന്തം....." എന്നോ മതിമറന്നുപാടാന്‍ പറ്റുമോ എല്ലാം വഴിക്കുവഴി ആയാല്‍? അതുകൊണ്ടായിരിക്കാം കാലാവസ്ഥാപ്രവചനം കറക്കിക്കുത്തായി തുടങ്ങിയത്. ശാസ്ത്രത്തിനുപരി കലയായി തുടരുന്നത്. "മനുഷ്യനെ മെനയുന്നതു കാലാവസ്ഥ" എന്നു ഷേക്സ്പിയര് ("വെഥര്‍ മെയ്ക്കത് ദ് മാന്‍"). കാളിദാസനോ 'മേഘസന്ദേശം' എഴുതി; 'ഋതുസംഹാരം' എഴുതി. അതിലുപരി ആരാണ് കാലാവസ്ഥയെ കൊണ്ടാടിയിട്ടുള്ളത്? ഇടയ്ക്കൊന്നു പറഞ്ഞോട്ടെ, 'കാലാവസ്ഥ' എന്നു നാം പറയുന്നത് ഒരു ഒഴുക്കന്‍മട്ടിലാണ്. ഒരു പ്രദേശത്തിണ്റ്റെ സാമാന്യമായ അന്തരീക്ഷസ്ഥിതി ആണ് 'ക്ളൈമറ്റ്' എന്ന 'കാലാവസ്ഥ'. ഋതുക്കളുടെ ആകത്തുകയാണ് അതെന്നു പറയാം. ആ പ്രദേശത്തിനുള്ളില്‍ പലസ്ഥലങ്ങളിലെ ദിനസരി മാറിമാറിയുള്ള അന്തരീക്ഷസ്ഥിതിയാണ് 'വെഥര്‍' എന്ന 'തത്കാല-കാലാവസ്ഥ'. ഇതിനെ ചുരുക്കി 'തത്കാലാവാസ്ഥ' എന്നുവേണമെങ്കിലാക്കാം. അത് അന്തരീക്ഷാവസ്ഥ. (ഒരു കാടിനെയോ മലയെയോ വാസസ്ഥലത്തെയോ മരത്തെയോ കുളത്തെയോ ചുറ്റിപ്പറ്റിയെല്ലാം തനതായ കുഞ്ഞവസ്ഥകള്‍ ഉണ്ടാകും - മൈക്രോ-ക്ളൈമറ്റ്. അതു നമുക്കു വിടാം. ) വായുവിണ്റ്റെ ചൂട്, അന്തരീക്ഷത്തിലെ ഈര്‍പ്പം, കാറ്റിണ്റ്റെ ശക്തി, മഴയുടെ അളവ്, വെയിലിണ്റ്റെ തീവ്രത തുടങ്ങിയവയാണ് കാലാവസ്ഥയുടെ അടിസ്ഥാനഘടകങ്ങള്‍. സമുദ്രസ്ഥിതി, കൊടുങ്കാറ്റ്, മഞ്ഞുമൂട്ടം, ഭൂകമ്പം, പൊടിപടലം, പ്രദൂഷണം എന്നിവയും കാലാവസ്ഥയുടെ ഭാഗങ്ങളായുണ്ട്. ഇവയെല്ലാം വര്‍ഷാവര്‍ഷം കാലികമായി ആവര്‍ത്തിച്ചനുഭവപ്പെടുന്നു. ദിവസേനയുള്ള മാറ്റങ്ങളും നാം അനുഭവിക്കുന്നു. യഥാക്രമം വാര്‍ഷിക കാലാവസ്ഥയായും ദൈനിക അന്തരീക്ഷാവസ്ഥയായും. നമ്മുടെ രാജ്യത്തിനൊരു പ്രത്യേകതയുണ്ട്. ഈ ലോകത്തെ കാലാവസ്ഥാവിശേഷങ്ങളെല്ലാം ഈ ഉപഭൂഖണ്ഡത്തിലുണ്ട്. അങ്ങു ഹിമാലയത്തില്‍ മഞ്ഞുതിരുന്നു. ഇങ്ങു രാജസ്ഥാനില്‍ മരുഭൂമി ചുട്ടുനീറുന്നു. വടക്കുകിഴക്കന്‍മേഘലകള്‍ മഴയില്‍കുതിരുന്നു. മധ്യസമതലങ്ങള്‍ വിണ്ടുകീറുന്നു. കിഴക്കന്‍കടല്‍ കൊടുങ്കാറ്റിലുലയുന്നു. പടിഞ്ഞാറന്‍കടല്‍ ശാന്തമായിരിക്കുന്നു. കശ്മീര്‍ വിറയ്ക്കുമ്പോള്‍ കന്യാകുമാരി പൊരിയുന്നു. മൂന്നാര്‍ തണുത്തിരിക്കുമ്പോള്‍ പുനലൂറ് തപിച്ചിരിക്കുന്നു. ഒരേ രാജ്യത്ത് ഒരേ സമയത്ത് ഇത്രയധികം കാലാവസ്ഥകള്‍ നിലനില്‍ക്കുന്നതിനാലാണ് നമ്മുടെ ജീവസമ്പത്ത് ഇത്രയധികം വൈവിധ്യമാര്‍ന്നത്. തെക്കനാഫ്രിക്കയിലെ കേപ് ടൌണില്‍ ഒരേദിവസംതന്നെ നാലു ഋതുക്കളും വന്നുപോകും പലപ്പോഴും. കാലത്തു നല്ല വെയില്, ഉച്ചയ്ക്കു മഴ, വൈകുന്നേരമായാല്‍ മഞ്ഞ് എന്ന രീതിയില്‍. 'ഫോര്‍-സീസണ്‍സ്' എന്ന പേരില്‍ ഒരു റെസ്റ്റോറണ്റ്റുണ്ടവിടെ. ഗുഡ് ഹോപ്പ് മുനമ്പിണ്റ്റെ അയലത്താണല്ലോ കേപ് ടൌണ്‍. അറ്റ്ലാണ്റ്റിക്-സമുദ്രവും ഇന്ത്യാസമുദ്രവും ഇവിടെ സംഗമിക്കുന്നു. അണ്റ്റാര്‍ക്ടിക്കയോട് ഏറ്റവുമടുത്ത തുറമുഖമാണ് കേപ് ടൌണ്‍. അടുത്തകാലത്തായി നമ്മുടെ ധ്രുവസമുദ്രഗവേഷണക്കപ്പലുകള്‍ ഇവിടെനിന്നാണ് നിരീക്ഷണദൌത്യങ്ങള്‍ സമാരംഭിക്കുന്നത്. ഒട്ടുമിക്ക മാധ്യമങ്ങളും അന്നന്നത്തെ (ശരിക്കുപറഞ്ഞാല്‍ തലേന്നത്തെ) താപനില കൊടുക്കാറുണ്ട്. 'തലേന്നത്തെ സ്ഥിതി നാളത്തെ കമ്മതി' എന്നാണല്ലോ കാലാവസ്ഥാശാസ്ത്രത്തിണ്റ്റെ ഒരു രീതി. ഏതെങ്കിലും ഒരുസമയത്തെ താപനില മാത്രം അറിഞ്ഞിട്ടു വലിയ കാര്യമൊന്നുമില്ല. ഒന്നുകില്‍ സമയംകൂടി പറയണം. ഇല്ലെങ്കില്‍ കൂടിയചൂടും കുറഞ്ഞചൂടും ചേര്‍ത്തുപറയണം. അല്ലെങ്കില്‍ ശരാശരിക്കണക്കു പറയണം. മാത്രമല്ല, വായുവിലെ ഈര്‍പ്പത്തിണ്റ്റെ അളവും കാറ്റിണ്റ്റെ ശക്തിയുംകൂടി അറിഞ്ഞാലേ താപനിലയുടെ പ്രാവര്‍ത്തികാര്‍ഥം പൂര്‍ണമാകൂ. ഉദാഹരണത്തിന്, ദില്ലിയിലെ താപനിലയും ഗോവയിലെ താപനിലയും ഒന്നാകാം; എന്നാല്‍ ദില്ലിയില്‍ അനുഭവപ്പെടുന്ന വരണ്ട മുപ്പതുഡിഗ്രിയല്ല ഗോവയിലെ വിയര്‍ക്കുന്ന അതേ മുപ്പതുഡിഗ്രി. താപനിലയുടെ സുഖനിലവാരം നിശ്ച്ഛയിക്കുന്നത് വായുവിലെ ജലാംശമാണ്. അതുപോലെതന്നെയാണ് കാറ്റിണ്റ്റെ പങ്കും. ചൂടായാലും തണുപ്പായാലും കാറ്റിണ്റ്റെ വേഗം കൂടുമ്പോള്‍ ചൂടു കുറഞ്ഞതായി അനുഭവപ്പെടും. വേഗം പ്രതിമണിക്കൂറ്‍ ഒരു കിലോമീറ്റര്‍ വച്ചു കൂടുമ്പോള്‍ താപനില ഒരു ഡിഗ്രി വച്ചു കുറഞ്ഞതായി നമുക്കു തോന്നുന്നു. അതാണ് ചില പ്രസിദ്ധീകരണങ്ങളില്‍, 'അനുഭവപ്പെടുന്ന താപനില' - 'ടെമ്പറേച്ചര്‍ ഫീത്സ് ലൈക്ക്' എന്നുകാണുന്നത്. ഓരോ പ്രദേശത്തിനുമുണ്ട് അന്തരീക്ഷസ്ഥിതിയുടെ ഗുണവശങ്ങളും ദോഷവശങ്ങളും. നാമതിനെ എങ്ങിനെ നേരിടുന്നു എന്നതിലല്ല, എങ്ങിനെ അതില്‍ നിലീനരാകുന്നു എന്നതിലാണു കാര്യം. വല്ലാത്ത ചൂടിനെ 'ഭയങ്കര ചൂട്' എന്നും നില്‍ക്കാത്ത മഴയെ 'ഭയങ്കര മഴ' എന്നുമല്ല പറയേണ്ടത്; 'നല്ല ചൂട്', നല്ല മഴ' എന്നാസ്വദിക്കുകയാണു വേണ്ടത്. ഇതെണ്റ്റെ വാക്കല്ല. നോര്‍വേയില്‍ ഒരു ചൊല്ലുണ്ട്: "കാലാവസ്ഥയ്ക്ക് ഒരു കുഴപ്പവുമില്ല; കുഴപ്പം നിങ്ങള്‍ക്കാണ്!" പൂജ്യത്തിനു താഴെ ഇരുപതുഡിഗ്രി താപനിലയും മണിക്കൂറിനു നൂറുകിലോമീറ്റര്‍ സ്പീഡില്‍ കാറ്റും നൂറടിപ്പൊക്കത്തില്‍ കടല്‍ത്തിരയുമുള്ളപ്പോഴാണ് അവണ്റ്റെയൊരു ഒടുക്കത്തെ കമണ്റ്റ്! അന്തരീക്ഷാവസ്ഥയില്‍ പൊതുവെ ഏറ്റക്കുറച്ചിലുകള്‍ അധികമില്ലാതെ ശന്തസുന്ദരമാണ് ദ്വീപരാജ്യങ്ങള്‍. അതിനോടടുത്തുനില്‍ക്കും തീരദേശങ്ങളിലെ കാലാവസ്ഥ. പ്രദേശത്തിണ്റ്റെ ഉയരം സമുദ്രനിരപ്പില്‍നിന്നു കൂടുമ്പോള്‍ തണുപ്പും, ദൂരം സമുദ്രതീരത്തില്‍നിന്നു കൂടുമ്പോള്‍ ചൂടും കൂടുന്നു. കേരളവും ഗോവയും പ്രകൃതികാര്യങ്ങളില്‍ സമാനമാകുന്നതു ശ്രദ്ധിക്കുക. പ്രകൃതിയുമായി പിണങ്ങാന്‍മാത്രം ജന്‍മംകൊണ്ടതാണു മനുഷ്യന്. അവനു കൃഷിചെയ്യണം, ആഹാരം പാചകം ചെയ്യണം, വീടുപണിയണം, ചികിത്സിക്കണം, അഭ്യസിക്കണം, അഭിരമിക്കണം. മറ്റു ജീവികള്‍ക്കൊക്കെ ആഹാരത്തിനും പ്രജനനത്തിനും ഉറക്കത്തിനുമെല്ലാം ഒരു നിഷ്ഠയുണ്ട്. പ്രകൃതിയുമായി സമരസപ്പെടാത്ത ഒരൊറ്റ ജീവിയേയുള്ളൂ - മനുഷ്യന്. ഭയങ്കര ചൂടെന്നും ഭയങ്കര മഴയെന്നും മനുഷ്യന് മാത്രമേ പ്രതികരിക്കൂ. കുഴപ്പം നമുക്കാണ്!
വാരസ്യാരും കല്യാണിയമ്മയും
ഇക്കഥ കാര്യമാണെങ്കില്‍ കഥാപാത്രങ്ങള്‍ സാങ്കല്പികമാകാതെ വയ്യ. പിന്നെ ഡിസൂസയില്ലാത്ത ഗോവപോലെയാണല്ലോ മാധവിയില്ലാത്ത വാര്യര്‍മാരും കല്യാണിയില്ലാത്ത നായര്‍മാരും. അതിനാല്‍ പേരുകേട്ടാരും പരാതിപ്പെടാന്‍ നോക്കണ്ട. എല്ലാംകൊണ്ടും അവര്‍ നല്ല അയല്‍ക്കാര്‍. എനിക്കിന്നുമറിയില്ല എന്തുകൊണ്ട് മാധവിവാരസ്യാരും കല്യാണിയമ്മയും തമ്മില്‍ കൊടുംശത്രുതയായിരുന്നു എന്ന്. ഒട്ടു മിക്ക ദിവസങ്ങളിലും രാവെന്നില്ല, പകലെന്നില്ല, കൊച്ചുവെളുപ്പാന്‍കാലമെന്നില്ല, ത്രിസന്ധ്യയെന്നില്ല അന്യോന്യം പഴിചാരലും തെറിപറച്ചിലും തകര്‍ക്കും രണ്ടുപേരും തമ്മില്‍ തമ്മില്‍. ചെറിയ തോതിലൊന്നുമല്ല. നാലുവീടപ്പുറത്തുനിന്നേ കേള്‍ക്കാം പുലഭ്യം. ഞങ്ങള്‍ കുട്ടികള്‍ പുതിയ വാക്കുകളും പുതിയ വാചകങ്ങളും പുതിയ വീക്ഷണങ്ങളും പഠിച്ചത് അവരുടെ തെറിയഭിഷേകം ശ്രദ്ധാപൂര്‍വം കേട്ടിട്ടാണ്. ഉദാഹരണമായി മനുഷ്യരുടെ തലയ്ക്കുപുറത്തെന്തെന്നും തലയ്ക്കുള്ളിലെന്തെന്നും പിള്ളേര് എവിടെനിന്നു വരുന്നെന്നും പെണ്ണുങ്ങളുടെ ദൌത്യമെന്തെന്നും ആണുങ്ങളുടെ കടമയെന്തെന്നും പട്ടിയുടെ ഇഷ്ടഭക്ഷണമെന്തെന്നും മനുഷ്യജീവിതചക്രത്തില്‍ ദിവസം, മാസം, വര്‍ഷം എന്നിവയുടെ പ്രധാന്യമെന്തെന്നും ഈ പദങ്ങളുടെയെല്ലാം പര്യായങ്ങളെന്തെന്നും അയല്‍ക്കാരെ എന്തുകൊണ്ട് അച്ഛാ, അമ്മേ എന്നു വിളിക്കാത്തതെന്നുമെല്ലാം, എല്ലാം. സമഗ്രവിദ്യാഭ്യാസപരിഷ്കരണത്തിനെല്ലാം മുന്നേ മികവുറ്റ പാഠ്യേതരപദ്ധതിയായിരുന്നു അതന്നേ. നാലു തലകൂടിയാലും നാലു മുലകൂടില്ല എന്നുണ്ടല്ലോ ഒരു ആണ്‍വായന; അതായിരിക്കാം ഈ പെണ്ണുങ്ങളുടെ ആ വീണവായനക്കൊരു കാരണം. കള്ളക്കര്‍ക്കടകമുള്‍പ്പെടെ പന്ത്രണ്ടുമാസം പഞ്ഞവും പഷ്ണിയും പരിവട്ടവുമായ കാലഘട്ടമായിരുന്നു അത്. ഒരാള്‍ വിരുന്നുവന്നാലും ഒരാള്‍ മരിച്ചുപോയാലും ഒരാള്‍ സമ്മന്തമായാലും ഒരാള്‍ ഒഴിമുറി ആയാലും വീടിണ്റ്റെ ബജറ്റ് കേരള-ബജറ്റുപോലെ ആയിത്തീരുന്ന കാലം. സോളാറും സീരിയലും ബാറും ബിവറേജസ്സും ഒന്നുമില്ലാതെതന്നെ കഥയില്ലാത്ത കാര്യങ്ങളും സാക്ഷിയില്ലാത്ത ജീവിതങ്ങളും.... സാക്ഷയില്ലാത്ത വാതിലുകളും ഞരമ്പില്ലാത്ത നാവുകളും വേണ്ടുവോളമായിരുന്നു. ഇത്തിരി ജീവിതം; ഇത്തിരി നേരമ്പോക്ക്. പ്രശ്നം ഭൌതികം, സാമ്പത്തികം, സാംസ്കാരികം, സ്ഥലീയം, ലൈംഗികം, ജാതീയം, രാഷ്ട്രീയം, ഉല്ലാസം എന്നൊന്നും ഇഴപിരിക്കാന്‍ വയ്യാത്ത തരത്തിലായിരുന്നു കാര്യങ്ങളുടെ കിടപ്പ്. എന്നു പറഞ്ഞാല്‍ ഇപ്പറഞ്ഞതെല്ലാം ഒന്നുപോലും വിടാതെ എപ്പിസോഡുകളായി ദൃശ്യവത്കരിച്ചിരുന്നു അവര്‍. ഉദാഹരണത്തിന്, പാവം കന്നിപ്പേപ്പട്ടികള്‍ കണ്‍വെട്ടത്തെന്തോ കുസൃതിയൊപ്പിച്ചതിനായിരുന്നു ഒരുദിവസത്തെ കഥാപ്രസംഗം അരങ്ങേറിയത്. ഇ.എം.എസ്. വോട്ടുചോദിച്ചുവന്നത് വേറൊരു അന്യാപദേശകഥാകഥനത്തിനു വകയായി. തെങ്ങിന്‍മണ്ടയ്ക്ക് ഇടിവീണത് ദൈവത്തിനുപറ്റിയ തെറ്റായി രണ്ടുപേരും യോജിച്ചു വ്യാഖ്യാനിച്ചു; അതു പക്ഷെ മറ്റേയാളുടെ തലയിലാവേണ്ടതായിരുന്നു എന്നു പരസ്പരം പറഞ്ഞു പതിഞ്ഞാടി. നിണ്റ്റെ നായരും എണ്റ്റെ വാര്യരും എണ്റ്റെ നായരും നിണ്റ്റെ വാര്യരും ഒരു ടീവി-സംവാദംകണക്കെ കൊട്ടിക്കേറി. ബൈനറി-സമ്പ്രദായത്തിലെന്നപോലെ അയല്‍ക്കാരുടെ തലകള്‍ പൊങ്ങി, താണു, പൊങ്ങി, താണു, അഭിഷേകോത്സവത്തിണ്റ്റെ മഹിമയ്ക്കൊത്ത്. റീല്‍ തെറ്റിയ സിനിമ കണ്ട നിലയായിരുന്നു ഞങ്ങള്‍ കുട്ടികളുടേത്; എന്തോ കണ്ടു, കേട്ടു; പക്ഷെ മുഴുവനുമങ്ങു പിടികിട്ടിയതുമില്ല. എന്നിരിക്കിലും ഞങ്ങള്‍ക്കോ ആരെയെങ്കിലും ഒന്നു മര്യാദയ്ക്കു തെറിവിളിക്കണമെങ്കില്‍ "പോടാ, വാരസ്യാരു-കല്യാണിയമ്മേ!" എന്നു മാത്രം പറഞ്ഞാല്‍ മതിയായിരുന്നു. ഭൂമിമലയാളംതൃപ്പൂണിത്തുറയിലെ എല്ലാ ചീത്തവാക്കുകളെയും ഒന്നിച്ചാവാഹിക്കാന്‍ ആ ഒരൊറ്റ പദപ്രയോഗം മതിയായിരുന്നു. രസമതൊന്നുമല്ല. ഓണത്തിനും വിഷുവിനും തിരുവാതിരയ്ക്കും സംക്രാന്തിക്കും ഏകാദശിക്കും വാവിനും പ്രദോഷത്തിനും കെട്ടുനിറയ്ക്കും താലപ്പൊലിക്കും പറയെടുപ്പിനും വിദ്യാരംഭത്തിനുമെന്നുവേണ്ട, എന്തു വിശേഷത്തിനും ഇരുവീട്ടുകാരും എന്തെങ്കിലും സാധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നതു കാണാം. ബാലി-സുഗ്രീവ യുദ്ധം കഴിഞ്ഞ് മണിക്കൂറുകളാവില്ല, മാധവിവാരസ്യാരും കല്യാണിയമ്മയും അന്യോന്യം തല ചിക്കി പേനെടുത്തുകൊടുക്കുന്നതും കാണാം. പക്ഷെ അതില്‍ ഞങ്ങള്‍ക്കോ നാട്ടുകാര്‍ക്കോ തീര്‍ത്തും താല്പര്യമില്ലായിരുന്നു. നിലവിലുള്ള രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക സംഭവങ്ങളും അവയെച്ചുറ്റിയുള്ള ചക്കളത്തിപ്പോരുകളും ചിലരുടെ ശീലാവതി ചമയലുമാണ് ഈ പഴമ്പുരാണം പുറത്തേക്കെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. സോനിയയും മേനകയും. ഷീലയും സുഷ്മയും. വസുന്ധരയും മമതയും ജയയും മായയും ഉമയും ശില്പയും പ്രിയാങ്കയും കരീനയും കത്രീനയും സരിതയും ശാലുവും ..... വാരസ്യാരും കല്യാണിയമ്മയും തന്നെ. ഒരു കഥകൂടികേള്‍ക്കണം. സമകാലികമാണു സംഗതി. ഒരുപാടുകാലം ചക്കപ്പഴവും ഈച്ചയും പോലെയായിരുന്നു മീനയും ഫാത്തിമയും. ഒരുനാള്‍ തെറ്റി. അന്നു ഞങ്ങളറിഞ്ഞു ആരാണു ശീലാവതി, ആരാണു ലീലാവതി, ആരാണു വാസവദത്ത, ആരാണു പിംഗള, ആരാണു മഗ്ദലനമേരി, ആരാണു ശാലോമി, ആരാണു താത്രി, ആരാണു സത്യവതി,..... ആരാണു മീന, ആരാണു ഫാത്തിമ. ചുറ്റുവട്ടത്തെ പകല്‍മാന്യരെല്ലാം പരക്കംപാഞ്ഞു; മുങ്ങിക്കളഞ്ഞു.
ദൊത്തോര്‍
'ദൊത്തോര്‍' എന്നാല്‍ ഗോവയില്‍ ഡോക്ടര്‍. സ്നേഹംനിറഞ്ഞൊരു വിളിയാണത്. പാശ്ചാത്യരുടെ വരവോടെയാണ് ഇംഗ്ളീഷ്-വൈദ്യവും മരുന്നുകളും മെഡിക്കല്‍-വിദ്യാഭ്യാസവും ഇവിടെ തുടങ്ങിയത്. രാജ്യത്തെ ഏറ്റവും പഴക്കംചെന്ന മെഡിക്കല്‍-വിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നാണ് ഗോവയിലേത്. പോര്‍ത്തുഗീസുകാരുടെ പഴയകാലത്തെ 'ഡിപ്ളോമ', പുതിയ കാലത്തെ 'ഡിഗ്രി' ആയി സ്വീകരിക്കപ്പെട്ടു. പല ഗോവക്കാരും അന്നത്തെ ബോംബെ, പൂന നഗരങ്ങളില്‍ വൈദ്യശാസ്ത്രം പഠിച്ചു; ഒരുപാടുപേര് പോര്‍ത്തുഗലിലും പോയിപ്പഠിച്ചു മിടുക്കരായി തിരിച്ചുവന്നു. ഡോ. ആര്.വി. പാണ്ഡുരംഗ് നാച്ചിനോള്‍ക്കര്‍, ഡോ. വില്‍ഫ്രെഡ് ഡിസൂസ, ഡോ. കാര്‍മോ അസവേദോ തുടങ്ങി പലരുമുണ്ട് അക്കൂട്ടത്തില്‍. ഇന്നും രാജ്യത്തെ ഒരുമാതിരിപ്പെട്ട പേരുകേട്ട മരുന്നുകളുണ്ടാക്കുന്നത് ഗോവയിലാണ്. ആതുരസേവനം അത്മനിഷ്ഠയാക്കിയ ഭിഷഗ്വരന്മാരും ഗോവയിലുണ്ട്. ആദികാലങ്ങളില്‍ ആയുര്‍വേദത്തിനു പേരുകേട്ടവരായിരുന്നു കൊങ്കണിമാര്‍. ഇന്നും കേരളത്തില്‍ 'പ്രഭു-വൈദ്യന്'മാര്‍ ഏറെയാണ്. കേരളത്തിണ്റ്റെ തനതായ 'ഹോര്‍തൂസ് മലബാറിക്കൂസ്' എന്ന സസ്യശാസ്ത്രഗ്രന്ഥത്തിണ്റ്റെ പുറംചട്ടയില്‍പോലും കൊങ്കണി-വൈദ്യന്മാരുടെ വൈദ്യശാസ്ത്രസംഭാവന കുറിക്കപ്പെട്ടിരിക്കുന്നു. പക്ഷെ പറങ്കികള്‍ പച്ചമരുന്നുവിജ്ഞാനീയത്തെ പാടെ പറിച്ചുകളഞ്ഞു ഗോവയില്‍നിന്ന്. എന്നിരിക്കിലും, ഇന്നും ഇവിടത്തെ ജനമനസ്സുകളില്‍ കേരളത്തിലെപ്പോലെയോ അതിലധികമോ, വീട്ടുചികിത്സയും നാട്ടുചികിത്സയും പച്ചമരുന്നും ഒറ്റമൂലിയും ഒളിഞ്ഞുകിടപ്പുണ്ട്. തികച്ചും ആധുനികമായ ഒരു ആയുര്‍വേദ-കോളേജും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കാടും കടലും കുന്നും കന്നുമായി പ്രകൃതിക്കനുകൂലമായി ജീവിച്ച് മിക്ക ആരോഗ്യപ്രശ്നങ്ങളും പ്രകൃതിക്കു വിട്ടുകൊടുത്ത് സ്വൈരമായിരിക്കുന്നവരാണ് ഗോവക്കാര്‍ പൊതുവെ. അതു പാഠവും പഠനവുമാക്കി, നാട്ടുചികിത്സയുടെ രൂപവും ഭാവവും കൈവിടാതെ, ഇംഗ്ളീഷ്-വൈദ്യചികിത്സ നടത്തി ഒരു തലമുറയുടെ ആരോഗ്യപ്രശ്നങ്ങള്‍ കൈകാര്യംചെയ്തു പരിഹരിച്ചവരില്‍ ഡോ. നാച്ചിനോള്‍ക്കറുടെ സ്ഥാനം അത്യുന്നതമാണ്. ബുദ്ധികൊണ്ടും മനസ്സുകൊണ്ടും ഹൃദയംകൊണ്ടുമയിരുന്നു അദ്ദേഹം രോഗികളെ ചികിത്സിച്ചിരുന്നത്. ആകസ്മികമായാണ് ഞാന്‍ അദ്ദേഹത്തിണ്റ്റടുത്തെത്തുന്നത്. അന്നു ഞാന്‍ കുടുംബസമേതം ഗോവയിലെ സാന്താക്രൂസ് എന്ന സ്ഥലത്തു താമസം. ഞങ്ങളുടെ കൊച്ചുമകള്‍ക്ക് കയ്യിലൊരു ഉളുക്കായി. വീട്ടില്‍ വിരുന്നുവന്നൊരു സ്നേഹിതന് കൊച്ചിനെ കളിപ്പിക്കാന്‍ കൈപിടിച്ചുപൊക്കി കറക്കിക്കുത്തിയപ്പോള്‍ വന്ന കൊച്ചുപിശകായിരുന്നു. വല്ലാതെ വിഷമിച്ച അദ്ദേഹത്തിണ്റ്റെ സമാധാനത്തിനുവേണ്ടിക്കൂടിയാണ് സമീപത്തെ കുഞ്ഞിക്ളിനിക്കിലെ വൃദ്ധഡോക്ടറുടെ അടുത്തേക്കു ചെന്നത്. ചന്തയിലെ ഒരു പീടികമുറിയില്‍ ഒരു മരമേശക്കുപിന്നില്‍ ദൊത്തോര്‍ ഇരിക്കുന്നു. സുമുഖന്‍. സപ്തതിയോടടുത്തു തോന്നിക്കും പ്രായം. മേശ നിറയെ മെഡിക്കല്‍-പുസ്തകങ്ങളും ആനുകാലികങ്ങളും. കണ്ണാടിക്കൂടുകള്‍ നിറയെ മരുന്നുകളും നെഴ്സിങ്ങ്-ഉപകരണങ്ങളും. മുന്‍പിലും വശത്തുമായി കുറെ കസേരകള്‍. ചുറ്റുമുള്ള കസേരകളിലും ബെഞ്ചുകളിലുമായി അനവധി രോഗികള്‍ ഇരിക്കുന്നു, കിടക്കുന്നു, ഞരങ്ങുന്നു, കരയുന്നു. ഓരോരുത്തരെയായി അരികില്‍ വിളിച്ചോ അടുത്തുപോയിക്കണ്ടോ ഡോക്ടര്‍ പരിശോധിക്കുന്നു. മൃദുസ്വരത്തില്‍ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്നു; ഉപദേശിക്കുന്നു. ഒരു ധൃതിയുമില്ല. അവധാനപൂര്‍വം മരുന്നുകുറിക്കുന്നു. അതു തിരിച്ചുപിടിച്ച് ഓരോ മരുന്നും എന്തെന്നും എന്തിനെന്നും എന്തുവേണമെന്നും പറഞ്ഞു മനസ്സിലാക്കുന്നു. തരാതരംപോലെ കൊങ്കണിയില്‍, മറാഠിയില്‍, ഹിന്ദിയില്‍, ഇംഗ്ഗ്ളീഷില്‍, പോര്‍ത്തുഗീസില്‍, ... എണ്റ്റെ കേള്‍വി ശരിയാണെങ്കില്‍, കന്നഡത്തിലും കൂടെ. അക്കാലത്ത് അദ്ദേഹത്തിണ്റ്റെ ഫീസ് പേരിനു വെറും മൂന്നുരൂപ. പാവപ്പെട്ടവര്‍ക്കു സൌജന്യം. അര്‍ഹപ്പെട്ടവര്‍ക്കു സ്വന്തം സ്റ്റോക്കില്‍നിന്നു മരുന്നും ഫ്രീ. കാശും കൊടുക്കും. കൂടെ ഒരു നിറകണ്‍ചിരിയും! ഞങ്ങളുടെ ഊഴം അവസാനമായിരുന്നു. എങ്കിലും കുട്ടി കരയുന്നതുകണ്ട് അടുത്തേക്കുവിളിച്ചു കാര്യം തിരക്കി. കൊച്ചിണ്റ്റെ കൈ പലതവണ പതിയെ ഉഴിഞ്ഞു. ഇതു വെറും പേശിപ്പിണക്കമാണെന്നും ഇത്തിരി ചൂടുവെള്ളംകൊണ്ട് ആവികൊള്ളിച്ചാല്‍ മതിയെന്നും വിധിച്ചു. 'പോരേ?' എന്നു കൊച്ചിനോട്. 'മതി' എന്നവളും തലയാട്ടി. 'എന്താ പോരേ?' എന്നു ഞങ്ങളോട്. എന്തു മറുപടി പറയാന്‍? 'ഫീസ്?' 'അതടുത്ത തവണ'. 'വരാതിരിക്കരുതേ' എന്നൊരു കമണ്റ്റും. ചുറ്റുമുള്ളവര്‍ കൂടെച്ചിരിച്ചു. കുട്ടി, ഞാന്‍, ഭാര്യ, വിരുന്നുകാരന് എല്ലാവരും ഒരു ജാഥയായി പിരിഞ്ഞുപോയി. താമസിയാതെ എണ്റ്റെയൊരു 'മാറാ'രോഗത്തിന് അദ്ദേഹത്തെ കാണാന്‍ തീരുമാനിച്ചു ഞാന്‍. വര്‍ഷങ്ങളായി കാല്‍വിരലിനിടയില്‍ ഒരു പുണ്ണ്. നാട്ടില്‍പോയാല്‍ കുറയും. വടക്കന്‍ദിക്കുകളില്‍ വാടും. പാശ്ചാത്യരാജ്യങ്ങളില്‍ ചെന്നാല്‍ ഉണങ്ങും. തിരിച്ചു ഗോവയ്ക്കു വരേണ്ട താമസം വീണ്ടും വരും. സാധാരണ 'വളംകടി' പോലെ തന്നെ. ചൊറിച്ചിലൊന്നുമില്ല; പക്ഷെ ചെറിയൊരു അസ്ക്യത മുഴുസമയവും. വെളിച്ചെണ്ണ മുതല്‍ കശുവണ്ടിയെണ്ണവരെയുള്ള വീട്ടുമരുന്നുകളും ആര്യവേപ്പ്, ഏലാദി തൈലം തുടങ്ങിയ നാട്ടുമരുന്നുകളും നിക്സോഡേര്‍ം, ഗ്ളിസറോള്‍-മാഗ്സള്ഫ് മുതലായ ഇംഗ്ളീഷ്മരുന്നുകളും പയറ്റിയതാണ്. അപ്പോഴേക്കും പലരും പറഞ്ഞറിഞ്ഞിരുന്നു ഡോ. നാച്ചിനോള്‍ക്കര്‍ ത്വക്-രോഗങ്ങളിലും വിദഗ്ധനാണെന്ന്. പതിവുപോലെ സന്ധ്യമയങ്ങും നേരത്താണ് ഞാന്‍ കുടുംബസമേതം ദൊത്തോറിണ്റ്റെ ക്ളിനിക്കില്‍ ചെല്ലുന്നത്. കണ്ടതും ചോദിച്ചു, 'ഓ, പഴയ കടംവീട്ടാന്‍ വന്നതാകുമല്ലേ. ഇരിക്കൂ'. ഇരുന്നു. മറ്റുള്ള എല്ലാ രോഗികളും പോയതിനുശേഷം ആദ്യം മകളുടെ കാര്യം തിരക്കി. പിന്നെ എണ്റ്റെ കാര്യം. 'മരുന്നുവേണോ ചികിത്സ വേണോ?' ഞാന്‍ മറുപടി പറഞ്ഞു ചികിത്സ മതിയെന്ന്. അദ്ദേഹം തുടങ്ങി: ഷൂ ഇടരുത്. ഇടണമെങ്കില്‍ പരുത്തി സോക്സ് കൂടെ ഉപയോഗിക്കുക. ആവശ്യം കഴിഞ്ഞ ഉടനെ ഷൂ ഊരിയിടുക. ഉടന്‍ കാല് കഴുകുക. എന്നും രാത്രി കിടക്കുന്നതിനുമുന്പ് മറക്കാതെ കാല് സോപ്പിട്ടു കഴുകുക. മാത്രമല്ല, ഒരു പരുത്തിത്തുണികൊണ്ട് വിരലുകള്‍ക്കിടയിലെ ഈര്‍പ്പം ഉണക്കിക്കളയുക. അല്പം ഭാര്യയുടെ ഫേസ്-പൌഡര്‍ കാല്‍വിരലുകള്‍ക്കിടയില്‍ തൂകുക. മതിയാകും. നിങ്ങളുടെ വിശ്വാസത്തിനും എണ്റ്റെയൊരു സമാധാനത്തിനും നാട്ടുകാരുടെ മതിപ്പിനുംവേണ്ടി ഈ മരുന്ന് ഇടയ്ക്കെല്ലാം വിരലിടുക്കില്‍ തേയ്ക്കുക. അദ്ദേഹം ഒരു ഓയിണ്റ്റ് മെണ്റ്റിണ്റ്റെ പേരു കുറിച്ചുതന്നു. 'പോകാന്‍ വരട്ടെ. എവിടന്നു വരുന്നു? എന്താണു ജോലി?' - കുശലങ്ങള്‍ നീണ്ടു. ചിരപരിചിതനെപ്പോലെ അദ്ദേഹം ഞങ്ങളെ വര്‍ത്തമാനത്തില്‍ തളച്ചു. ഗോവയെപ്പറ്റിയും പോര്‍ത്തുഗീസുകാരെപ്പറ്റിയും വിമോചനസമരത്തെപ്പറ്റിയും ശാസ്ത്രത്തെപ്പറ്റിയും മെഡിക്കല്‍വിദ്യാഭ്യാസത്തെപ്പറ്റിയും മുംബൈജീവിതത്തെപ്പറ്റിയും നാടന്‍ചിട്ടകളെപ്പറ്റിയും മനോരോഗങ്ങളെപ്പറ്റിയും രാഷ്ട്രീയാഭാസങ്ങളെപ്പറ്റിയുമെല്ലാം നേരം വളരെ വൈകുംവരെ സംസാരിച്ചിരുന്നു. കുട്ടിക്കു വിശക്കുന്നുണ്ടെന്നും ഉറക്കം വരുന്നുണ്ടെന്നും കണ്ടപ്പോള്‍മാത്രം അദ്ദേഹം ഞങ്ങളെ വിട്ടയച്ചു. അന്നദ്ദേഹം ഫീസുവാങ്ങി; കേവലം മൂന്നുരൂപ. പഴയകടം അവിടെത്തന്നെ വീട്ടാതെ കിടക്കുന്നു, ഇന്നോളം. പിന്നീടു ഡോക്ടറെ കാണുന്നത് ഒരു പരിചയക്കാരി സ്ത്രീക്കുവേണ്ടിയായിരുന്നു. ഞങ്ങളുടെ കുടുംബസുഹൃത്ത്. അവരന്ന് യൂണിവേറ്സിറ്റിയില് അധ്യാപികയാണ്. എന്തു കഴിച്ചാലും വയറെരിയും; വയറിളകും. എന്നാലോ തടി കൂടി വരുന്നു. ശക്തി കുറഞ്ഞുവരുന്നു. രാത്രി ഉറക്കമില്ല. പകലാണെങ്കില് ക്ളാസ്സെടുക്കാന്‍പോലും വയ്യാത്ത മയക്കം. വിശപ്പുമില്ല, രുചിയുമില്ല. പോരാത്തതിനു മൂലക്കുരുവിണ്റ്റെ ഉപദ്രവവും തുടങ്ങി. പല ടെസ്റ്റുകളും നടത്തി. ഒരു പ്രശനവും കണ്ടെത്തിയില്ല. പല ചികിത്സയും നടത്തി, ഒരു ഭേദവുമില്ല. ഒന്നു ഡോ. നാച്ചിനോള്‍ക്കറെക്കണ്ടു ചോദിച്ചാലോ? ഒരു ദിവസം അവര്‍ പഴയ കേസ്സുകെട്ടുകളെല്ലാമെടുത്ത് ഞങ്ങളെയും കൂട്ടിനു കൂട്ടി. മന:പൂര്‍വം ഞങ്ങളുടെ ഊഴം ഏറ്റവും അവസാനം മാത്രം. ദൊത്തോറ്‍ ചില രോഗികള്‍ക്കു മരുന്നും ചില രോഗികള്‍ക്കു പണവും ചില രോഗികള്‍ക്ക് ഉപദേശവും ചില രോഗികള്‍ക്കു ശകാരവും കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ ഞങ്ങള്‍ ഡോക്ടറുടെ പുറത്തുകിടക്കുന്ന പുതുപുത്തന്‍ കാറും നോക്കിയിരുന്നു. മാസങ്ങള്‍ക്കു മുന്‍പു കണ്ട പുത്തന്‍ കാറല്ല; ഇതു വേറൊരെണ്ണം. പൂത്തപണക്കാരനാണ് അദ്ദേഹം എന്നറിയാം; എങ്കിലും മര്യാദയ്ക്കൊരു വസ്ത്രമോ ചെരിപ്പോ ചികിത്സാലയമോ ഇല്ലാത്ത ഈ ഡോക്ടറുടെ കാര്‍-ഭ്രാന്തെന്ത് എന്നു കൌതുകമായി. ഇക്കണ്ട രോഗികള്‍ക്കൊന്നും തന്നെ വിലയില്ലാതായി എന്നുംപറഞ്ഞാണ് ഡോക്ടര്‍ ഞങ്ങളെ വിളിച്ചത്. ഈ മൂന്നുരൂപ ഉടനെ അഞ്ചാക്കുന്നുണ്ട്; ഇവരെല്ലാം തന്നെ മൂന്നുരൂപ-ദൊത്തോര്‍ എന്നാണു പരസ്പരം പറയുന്നത്; ഒരു ബഹുമാനമൊക്കെ വേണ്ടേ. 'മൂന്നുരൂപയ്ക്ക് ഈ കാറാണെങ്കില്‍ അടുത്ത തവണ അഞ്ചുരൂപയുടെ കാര്‍ എന്തായിരിക്കും' എന്ന എണ്റ്റെ ചോദ്യം അദ്ദേഹത്തിനിഷ്ടപ്പെട്ടെന്നു തോന്നി. പാരമ്പര്യമായിക്കിട്ടിയ ഒരുപാടു സമ്പത്തുണ്ടു തനിക്ക്. വളരെയധികം ആദായനികുതി കൊടുക്കുന്ന ഒരാളുമാണു താന്‍. അതും തികച്ചും സത്യസന്ധമായും സന്തോഷപൂര്‍വവും. രോഗചികിത്സ കഴിഞ്ഞാല്‍ തനിക്ക് ഒന്നില്‍ മാത്രമേ ഭ്രമമുള്ളൂ. കാറ്. വര്‍ഷാവര്‍ഷം താന്‍ പുതിയ കാര്‍ വാങ്ങും. അതിനു കിട്ടുന്ന നികുതിക്കിഴിവും താന്‍ പാവപ്പെട്ടവര്‍ക്കു വിതരണം ചെയ്യും. തെറ്റുണ്ടോ? തുടര്‍ന്ന്, അധ്യാപികയുടെ രോഗവിവരണവും പരാതികളുമെല്ലാം സശ്രദ്ധം കേട്ടിരുന്നു ഡോ. നാച്ചിനോള്‍ക്കര്‍. ടെസ്റ്റ്-റിപ്പോര്‍ട്ടുകളും കുറിപ്പടികളുമെല്ലാം അരിച്ചുപെറുക്കിനോക്കി. എന്നിട്ടൊരു ചോദ്യം: 'വിവാഹിതയാണോ?'. അല്ലെന്നു രോഗിണി. ദൊത്തോറിണ്റ്റെ ചികിത്സാവിധി: 'കല്യാണം കഴിച്ചാല്‍ മതി, എല്ലാം മാറും. ' വിളറിപ്പോയ അധ്യാപികയില്‍നിന്ന് ഫീസൊന്നും മേടിച്ചില്ല ഡോക്ടര്‍. അന്നും വൈകുംവരെ വര്‍ത്തമാനം പറഞ്ഞിരുന്നു ഞങ്ങള്‍. വിവാഹബന്ധത്തിണ്റ്റെ ഗുണദോഷങ്ങളും വിവാഹബന്ധത്തിലെ കയറ്റിറക്കങ്ങളും ബ്രഹ്മചാരിച്ചേഷ്ടകളും മധ്യവയസ്സിലെ മാനസികപ്രശ്നങ്ങളും വാര്‍ധക്യത്തിലെ വീണ്ടുവിചാരങ്ങളും വഴിക്കുവഴിയെ വന്നു. പിന്നെ ഞങ്ങള്‍ തമ്മില്‍കാണുന്നതും വേറൊരാള്‍ക്കുവേണ്ടിയായിരുന്നു. പയ്യന് പുതുതായി ഓഫീസില്‍ ചേര്‍ന്നതാണ്; പക്ഷെ മെഡിക്കല്‍ പരിശോധനയില്‍ ആള്‍ക്ക് വറ്‍ണാന്ധതയുള്ളതായി കണ്ടെത്തി. കയ്യില്‍കിട്ടിയ ജോലി നഷ്ടപ്പെടുമെന്ന നിലയായി. ജോലി പോകാതിരിക്കാന്‍ വൈദ്യശാസ്ത്രപരമായി ഒരു പോംവഴി കാണാനാകുമോ എന്നറിയാനാണ് ഡോ. നാച്ചിനോള്‍ക്കറെ പോയിക്കണ്ടത്. അദ്ദേഹം തീര്‍ത്തും തുറന്നുപറഞ്ഞു. വൈദ്യശാസ്ത്രത്തില്‍ ഒന്നും ചെയ്യാനാവില്ല. വേറൊരു മെഡിക്കല്‍-റിപ്പോര്‍ട്ടിനും ശ്രമിക്കണ്ട. പക്ഷെ വര്‍ണാന്ധത ജോലിസ്ഥലത്തെ ഉത്തരവാദിത്വത്തെ ബാധിക്കില്ലെന്നു സാക്ഷ്യപ്പെടുത്താന്‍ മേലധികാരിക്കു സന്മനസ്സുണ്ടായാല് നന്നായി. ഇതില്‍ കാരുണ്യത്തിനേ കാര്യത്തെ കരകയറ്റാനാകൂ. ഞങ്ങള്‍ താമസസ്ഥലം മാറിയതിനാല്‍ കുറേക്കാലം കാണാനേയായില്ല ഡോക്ടറെ. വര്‍ഷങ്ങള്‍ക്കുശേഷം വഴിയില്‍ കണ്ടപ്പോള്‍ എണ്റ്റെ ഭാര്യ ചോദിച്ചു, 'വീണ്ടും പുതിയ കാര്‍?' അതിനുത്തരം എന്നോടുള്ള മറുചോദ്യമായിരുന്നു: 'ഇപ്പോഴും പഴയ ഭാര്യ?' ൧൯൨൪-ല്‍ ജനിച്ച ഇദ്ദേഹം ഒരു തികഞ്ഞ ദേശീയവാദിയും സ്വാതന്ത്യ്രസമരപ്പോരാളിയുമായിരുന്നു. ൧൯൪൭-ല്‍ ഭാരതത്തിണ്റ്റെ വിമോചനത്തിനുശേഷം ഗോവയുടെ വിമോചനത്തിനായി, ഡോ. നാച്ചിനോള്‍ക്കറുടെ സമരസംരംഭങ്ങള്‍. പോര്‍ത്തുഗീസ്-സര്‍ക്കാരുടെ നീക്കുപോക്കുകളും തിരിമറികളുമറിയാന്‍ ഒരു രഹസ്യ-റേഡിയോ പ്രക്ഷേപണിവരെ ഒരുക്കിയ മനുഷ്യനായിരുന്നു ഈ ദൊത്തോര്‍ എന്നെല്ലാം പിന്നീടാണ് ഞങ്ങളറിയുന്നത്. തുടക്കത്തില്‍ കക്ഷിരാഷ്ട്രീയത്തില്‍ കുറെ നാള് കുടുങ്ങിക്കിടന്നെങ്കിലും അതില്‍നിന്നെല്ലാമകന്ന് ആതുരസേവനവും വീട്ടുകാര്യങ്ങളുമായി ശ്രമവും വിശ്രമവും ചേര്‍ന്നൊരു വിശിഷ്ടജീവിതം നയിച്ചു, ൨൦൦൦-ത്തോടെയുണ്ടായ അനായാസേനമരണംവരെ. ഇന്നും ഈ ദൊത്തോറെക്കുറിച്ചോര്‍ക്കാത്തവര്‍ ചുരുങ്ങും.
മലയാളിത്തെറ്റുകള്‍
സ്വതേ സ്വയംമാന്യന്‍മാരാണു മലയാളികള്‍. മറ്റുള്ളവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും കുറ്റവും കുറവും കണ്ടെത്തി കളിയാക്കാനും പെര്‍മനെണ്റ്റ്-ലൈസെന്‍സ് ഉണ്ടവര്‍ക്ക്. അതുകൊണ്ടായിരിക്കണം ഇത്രയധികം കാര്‍ട്ടൂണിസ്റ്റുകള്‍ മലയാളികളായത്. സമൂഹത്തിനുനേരെ പിടിക്കുന്ന കണ്ണാടിയാണ് കാര്‍ട്ടൂണ്‍ എന്നു പറയും. പക്ഷെ കളിയാശാന്മാരായ മലയാളികള്‍ വല്ലപ്പോഴുമേ അതു സ്വന്തം നേര്‍ക്കു തിരിച്ചുപിടിക്കൂ. കാരണമെന്തോ. കാരണവര്‍ക്ക് അടുപ്പിലുമാകാം എന്നൊരു ഗര്‍വുണ്ട്. പിന്നെ തനിക്കുശേഷം പ്രളയം എന്നൊരു തോന്നലും. സായിപ്പിനെ നാക്കുവടിക്കാന്‍ പഠിപ്പിച്ചു തോറ്റവരാണു മലയാളികള്‍. മദാമ്മയുടെ മാദകത മലയാളിക്കു മറ്റെന്തോ ആണ്. വടക്കന്മാരെ രണ്ടുനേരം കുളിപ്പിക്കാനും വളരെ പാടുപെട്ടിട്ടുണ്ടു നമ്മള്. ചപ്പാത്തി തിന്നാത്തതുകൊണ്ടാണ് ഹിന്ദി വഴങ്ങാത്തതെന്ന യുക്തിയും നമുക്കുണ്ട്. സെപ്തംബര്‍ കഴിഞ്ഞാല്‍ 'ഒക്തംബര്‍' നമുക്കില്ല, 'നൊയമ്പ'റും. ബട്ടട്ടര്‍-ടൊമാട്ടര്‍-മട്ടര്‍ നമ്മുടെ ആഹാരമേയല്ല. ദില്ലിവാലയുടെ 'ഡെപ്ടി'-വേലകള്‍ ചെപ്പിടിവിദ്യകളായി നാം തിരിച്ചറിയുന്നു. 'പഷ്ട്' എന്നു കമണ്റ്റടിക്കും, മറാഠിയുടെ 'പോഷ്ട്-ആപ്ഫീസ്' എന്നു കേട്ടാല്‍. തമിഴനെ തണ്ണി കുടിപ്പിക്കും മലയാളത്താന്. തെലുങ്കണ്റ്റെ 'ജീറോ'-ജാടകള്‍ മലയാളിക്കു വെറും 'സീറോ'. ഗോവക്കാരുടെ 'ചപ്പാട്ടി'യും 'ഫുഡ്'ബോളും 'ടൌസണ്റ്റു'മെല്ലാം എന്തരോചകം അല്ലേ നമുക്ക്. തല്ലുകിട്ടാന്‍ വന്നാല്‍, താന്‍ സിമ്പിള്‍-മലയാളി, സിമ്പ്ളി പറഞ്ഞതാണതെല്ലാം എന്നൊരു ചുറ്റിക്കറക്കവും ഇല്ലാതില്ല. അന്യരെ തിരുത്തുന്നതിനു മുന്‍പ് നമ്മളെത്തന്നെ ഒന്നു തിരുത്തുന്നതു നല്ലതല്ലേ? ട്രെയിനില്‍വച്ച് തികച്ചും 'അഭ്യസ്ഥ'വിദ്യനായൊരാള്‍ തികച്ചും 'അബിമാന'ത്തോടെ പറഞ്ഞതാണ് തണ്റ്റെ മകന് 'ഭാരദീയ വിധ്യാബവ'നിലാണെന്ന്. രാഷ്ട്രീയക്കാരുടെ 'വികസ്സന'ത്തിനു മുന്പില് ടീവി-ക്കരുടെ 'പ്രതിക്ഷേദം' ഒന്നുമല്ല. 'പീഡന'ത്തിനു കരുത്തുപോരാഞ്ഞിട്ടാവാം അതിനെ 'പീഢന'മാക്കിയത്. അസ്തിവാരം കരുത്തുറ്റ 'അസ്ഥിവാരം' ആയതുപോലെ. കഷ്ടം 'കഷ്ഠ'മായതുപോലെ. ആഡംബരം 'ആഢംബരം' ആയപോലെ. പലര്‍ക്കും 'ഫാര്യ'യാണ് ഇക്കാലത്ത്. 'പ്രഫ' എന്ന പേരും കേട്ടു അടുത്തിടെ. നന്നി-യെപ്പോലെ സുന്നരി-യും ഒരു വഴിക്കായിക്കഴിഞ്ഞു. എനിക്കൊരു മേലധികാരിയുണ്ടായിരുന്നു. മലയാളി. കറകളഞ്ഞ ബ്രിട്ടീഷ്-ഇംഗ്ളീഷിലേ സംസാരിക്കൂ. ഇന്‍ഡ്യന്‍-വാക്കുകള്‍പോലും അച്ചടിവടിവിലേ വെളിക്കുവരൂ. പക്ഷെ 'ഗംഗാധരറാവു' എന്നു പറയുമ്പോള്‍ മാത്രം..... അതു 'ഗങ്ങാധര'റാവു ആയിപ്പോകും. ചൊട്ടയിലെ ശീലം. ഇംഗ്ളീഷുവാക്കുകളും സ്ഥലപ്പേരുകളുമാണ് മലയാളിയുടെ 'നിദ്രേവത്വം'. കഥയോര്‍മയുണ്ടല്ലോ, അസുരനായ കുംഭകര്ണന് 'നിര്‍ദേവത്വം' (ദൈവനാശം) എന്ന വരം ചോദിക്കാനുദ്ദേശിച്ച് 'നിദ്രേവത്വം' (മുടിഞ്ഞ ഉറക്കം) ചോദിച്ചു വാങ്ങിയത്. നാക്കിലെ ഗുളികന്. അത്ര തന്നെ. അതുപോലെ മലയാളിയുടെ നാക്കിലും എന്തോ ഒന്നുണ്ട്. അല്ലെങ്കില്‍ അംബാസ്സഡര്‍ 'അംബാസ്സിഡര്‍' ആകുമോ? ഫ്ളെക്സ്-ബോര്‍ഡ് 'ഫ്ളക്സ്-ബോര്‍ഡ്' ആകുമോ? എംപാനല്‍ (അതൊരു ലിസ്റ്റ് ആണേ, 'ലീസ്റ്റ്' അല്ല) എം-പാനല്‍ ആകുമോ? ചലാന്‍ 'ചെല്ലാന്‍' ആകുമോ? ക്വോട്ട 'ക്വാട്ട' ആകുമോ? 'ബായ്ഗ്' എന്തെന്നറിയാമോ? അന്നത്തെ ബോംബെ, ബംബായി-ബംബായ്-ബോംബായ് വഴി 'ബോംബ' വരെ ആക്കി മലയാളികള്‍. അവിടെ ഒരു 'മാട്ടുങ്കാവ്' ഉണ്ടാക്കി, ബോറീവല്ലി-യും കാന്തീവല്ലി-യും നട്ടുവളര്‍ത്തി. പണ്‍വെലിനെ 'പനവേലാക്കി' ആകാശം മുട്ടിച്ചു. മറാഠിയെ 'മറാത്തി'യാക്കി ശ്വാസം മുട്ടിച്ചു. അങ്ങു വടക്ക് ഭവ്നഗറിനു 'ഭാവനഗര്‍' എന്നു ഭാവം പകര്‍ന്നു. ഇങ്ങു തെക്ക് 'കല്ലം'ഗൂട്ടെന്നു കല്ലെറിഞ്ഞു. 'ഗെള്‍ഫി'ലാണെങ്കില്‍ 'ദുബായി'. അവിടെപ്പിന്നെ 'ഹുണ്ടായി' വണ്ടി, 'അക്കായി' സ്റ്റീറിയോ. 'ശെരി'ക്കു പറഞ്ഞാല്‍ മലയാളി ഇന്ന് 'ഫുഡ്' മാത്രമേ കഴിക്കൂ, ഊണുനിര്‍ത്തി. 'ഞാന്‍' ഇല്ല; ഞാനെന്ന അഹന്തയുമില്ലേയില്ല. 'ഞങ്ങ'ളുമില്ല. എല്ലാം 'നമ്മള്' ആയി. സൂക്ഷിച്ചേ വര്‍ത്തമാനം പറയൂ. 'ആരാ?' എന്നു ചോദിച്ചാല്‍ 'ഞാനോ?' എന്ന മറുചോദ്യമായിരിക്കും മറുപടി. 'പേരെന്താ?' എന്നതിനു 'എണ്റ്റെയോ?' എന്നും, 'വയസ്സെത്ര?' എന്നതിന് 'എനിക്കോ? എന്നും. നമ്മള് പിന്നെ തന്തക്കാര്യമോ സംസാരിക്കുക? 'മിസ്ച്ചീവിയസ്' എന്നും 'മാഗ്നിഫിഷ്യണ്റ്റ്' എന്നും 'ഇണ്റ്റിജീനിയസ്' എന്നുമെല്ലാം മലയാളി വച്ചുകാച്ചും. 'ആക്ച്ച്വലി', 'സെയിം', 'സിംബ്ളി' എല്ലാം ഇഷ്ടവാക്കുകള്‍. "വൈ ഡിഡ് എ മലയാളി ക്രോസ്സ് ദ് റോഡ്?" എന്നൊരു കുസൃതിച്ചോദ്യമുണ്ട്. ഉത്തരം: "സിംബ്ളി". ഇതൊന്നുമല്ല മലയാളിത്തെറ്റ്. ഉടനെ ഇറക്കും മറുപക്ഷം. അമ്മയെത്തല്ലിയാലുമുള്ള രണ്ടുപക്ഷം, നോ?
വേണ്ടാച്ചെലവുകള്‍, കാണാച്ചെലവുകള്‍
മഹാത്മ ഗാന്ധി വിദ്യാര്‍ഥികള്‍ക്കു കൊടുത്തിരുന്ന ഉപദേശമാണ്: "കാകദൃഷ്ടി, ബകധ്യാനം, ശ്വാനനിദ്ര, കൃശശരീരം, ജീര്‍ണവസ്ത്രം". കാക്കയുടെ പാര്‍ശ്വവീക്ഷണം, കൊക്കിണ്റ്റെ ഏകാഗ്രത, നായയുടെ കൊച്ചുറക്കം, ദുര്‍മേദസ്സില്ലായ്മ, പകിട്ടില്ലാത്ത ഉടുതുണി ഇവയൊക്കെയാണ് ചൊട്ടയിലേ ശീലിക്കേണ്ടതത്രെ. എത്രയും ലളിതമോ അത്രയും സന്തോഷകരം ജീവിതം എന്നു കാട്ടിത്തന്നു ആ കര്‍മയോഗി. പണംകൊണ്ടു സന്തോഷം വാങ്ങാനാകില്ല. കിടക്കമേടിച്ചുതരാനാകും, ഉറക്കം തരാനാകില്ല. സൌഖ്യംതേടിയാണ് നാം പണം ചെലവിടുന്നത്, ആഹാരത്തിനും ആരോഗ്യത്തിനും, പാര്‍പ്പിടത്തിനും പരോപകാരത്തിനുമെല്ലാം. വേണം താനും. പക്ഷെ ആവശ്യവും അത്യാവശ്യവും കഴിഞ്ഞാല്‍ ആഗ്രഹം മെല്ലെ തലപൊക്കും; ബാല്യത്തിലും കൌമാരത്തിലും യൌവനത്തിലുമെല്ലാം. ആഗ്രഹങ്ങള്‍ അത്യാഗ്രഹമായി അനാവശ്യത്തിലേക്കു കടക്കുന്നിടത്താണ് വേണ്ടാച്ചെലവുകള്‍ വന്നെത്തുന്നത്. മോഹങ്ങളില്ലാത്തവരുണ്ടോ? പക്ഷെ 'എനിക്കുണ്ട്, എനിക്കാകും, എനിക്കുവേണം, എനിക്കുമാത്രം' എന്ന ഗര്‍വിലേക്കു കടക്കുമ്പോള്‍ വ്യക്തിയുടെ താല്പര്യം സമൂഹത്തിണ്റ്റെ താല്പര്യത്തിന് എതിരായിത്തീരുന്നു മിക്കപ്പോഴും. വേണ്ടാച്ചെലവുകള്‍ വ്യക്തിക്കോ സമൂഹത്തിനോ ഗുണം ചെയ്യില്ല. "അവനവനാത്മസുഖത്തിനായ് ചെയ്വതപരനു ഗുണത്തിനായ് വരേണം" എന്നു നാരായണഗുരു. വ്യക്തികളുടെ സദ്വൃത്തിയും ദീര്‍ഘദൃഷ്ടിയുമാണ് ക്രമേണ സമൂഹത്തിണ്റ്റെ സുഖ:സ്ഥിതിയായി മാറുന്നത്. "നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ," എന്ന് ഉള്ളൂറ്. ആര്‍ത്തിത്തീറ്റയും ആടയാഭരണങ്ങളും ഒരു രോഗം പോലെ വളര്‍ന്നിരിക്കുന്നു പലരിലും. ഒന്നുകണ്ടാല്‍ മോഹമുണരുന്ന ഇളംപ്രായക്കാരില്‍ മാത്രമല്ല, നാലുകാശുകയ്യിലെത്തിയാല്‍ അടിച്ചുപൊളിക്കണമെന്ന ഒരു വാശി ഇന്നു പല മുതിര്‍ന്നവരിലും കാണപ്പെടുന്നു. ഇല്ലായ്മയില്‍നിന്നുള്ള വല്ലായ്മ അതൊന്നു വേറെ; ജീവന്‍പണയംവച്ചു പണിയെടുക്കുന്ന മീന്‍കാരിലും ചോര നീരാക്കി മണ്ണില്‍ പൊന്നുവിളയിക്കുന്ന കൃഷിപ്പണിക്കാരിലും പകലന്തിയോളം ചരക്കുനീക്കുന്ന ചുമട്ടുതൊഴിലാളികളിലും മൃഗതുല്യം ഭാരംവലിക്കുന്ന വണ്ടിത്തൊഴിലാളികളിലും പിച്ചകൊണ്ടുമാത്രം അന്നംകിട്ടുന്ന ഹതഭാഗ്യരിലും മറ്റും മറ്റും കണ്ടുവരുന്ന ഒരു സ്വഭാവവിശേഷമാണ് ഒത്താലൊന്നു കൂത്താടാനുള്ള ആവേശം. അതു വേറെ. അതു നമുക്കു മനസ്സിലാക്കാം. തിന്നും കുടിച്ചും മദിച്ചും, അനങ്ങാപ്പാറകളും വെണ്ണവെട്ടികളും ഉണ്ണാമന്‍മാരും അമിതാഘോഷം നിത്യസംഭവമാക്കുമ്പോള്‍ ആ സമൂഹത്തില്‍ എന്തോ പന്തികേടുണ്ട്. ആഹാരപ്പീടികകളിലും ആഭരണക്കടകളിലും മാളുകളിലും മായാപുരികളിലും റോട്ടിലും വീട്ടിലും മതിമറന്നു വിഹരിക്കുന്നതില്‍ എന്തോ പന്തികേടുണ്ട്. ആവശ്യത്തില്‍ കവിഞ്ഞതെന്തും അമിതച്ചെലവുതന്നെ, വേണ്ടാച്ചെലവുതന്നെ. എതിരഭിപ്രായമുണ്ടാകും, എങ്കിലും പറയട്ടെ, ഒരാണും പെണ്ണും ഒന്നിച്ചുജീവിക്കാന്‍പുറപ്പെടുമ്പോള്‍ എന്തിനു വിവാഹമെന്ന പേരിലൊരു പൊങ്ങച്ചക്കൂത്ത്? നൂറുരൂപയില്‍താഴെ ചെലവില്‍ ഒരു വിവാഹം റെജിസ്റ്റര്‍ ചെയ്യാമെന്നിരിക്കെ, എന്തിനു തലമറന്നും ഉടല്‍പൊരിഞ്ഞും കാണംവിറ്റും കടംകൊണ്ടും നാണംകെട്ടും കെടുത്തിയും, ഈ ആഘോഷാഭാസം? എത്ര കുടുംബങ്ങളാണ് ഈ ദുരാചാരത്തില്‍ കത്തിച്ചാമ്പലാകുന്നത്? 'പെണ്‍കുട്ടികളുടെ വിവാഹം" എന്നൊരു കണക്കെഴുത്തുവരെ കച്ചവടക്കമ്പോളം ശീലിപ്പിച്ചിരിക്കുന്നു പണ്ഡിതനെ മുതള്‍ പാമരനെ വരെ, കുബേരനെ മുതല്‍ കുചേലനെ വരെ. സര്‍ക്കാര്‍മുതല്‍ സാഹിത്യക്കാരന്‍മാര്‍വരെ അതിനെ ആദര്‍ശവല്‍ക്കരിക്കുന്നു. മത-സാംസ്കാരിക ആഘോഷങ്ങളും പിന്നിലല്ല പൊങ്ങച്ചത്തിലും ആഢംബരങ്ങളിലും. അടുത്തത്തടുത്ത ആരാധനാലയങ്ങളില്‍ വാശിപിടിച്ചല്ലേ ഉത്സവങ്ങള്‍? ഒന്നിനൊന്നിനെ പുറത്താക്കാനും വശത്താക്കാനും പിറകോട്ടാക്കാനുമല്ലേ പൂര്‍വാധികം വിസ്തരിച്ചും വിപുലീകരിച്ചും പരിഷ്കരിച്ചുമെല്ലാമുള്ള കൂട്ടായ്മകളും യോഗങ്ങളും അനുസ്മരണങ്ങളും അനുമോദനങ്ങളും ആര്‍പ്പുവിളിയും ആനയും അമ്പാരിയും മേളവും ബാണ്റ്റും ഘോഷയാത്രയും ശോഭായാത്രയും കഞ്ഞിവീഴ്തും പ്രസാദ ഊട്ടും എല്ലാം എല്ലാം! ഒരു ബഹുകൃതസംസ്കൃതിയുടെ ബാക്കിപത്രം എന്ന നിലയ്ക്ക് ഇവയെ എഴുതിത്തള്ളാനായേക്കും. എന്നാല്‍ പുതുസംസ്കൃതി നമ്മിലടിച്ചേല്‍പ്പിക്കുന്ന കാണാച്ചെലവുകളോ? കാശുകൊടുത്തൊരു സാധനം വാങ്ങി. അതുപയോഗിച്ചു. കേടുവന്നപ്പോള്‍ നന്നാക്കി വീണ്ടുമുപയോഗിച്ചു. പിന്നെയും കേടുവന്നു. അതു കളഞ്ഞ് വേറൊന്നു വാങ്ങി. ശുഭം. അതെല്ലാം പണ്ട്. ഇന്നൊരു സാധനം വാങ്ങിയാല്‍ അതിണ്റ്റെ കൂടെ വേണ്ടതും വേണ്ടാത്തതുമായി കുറെ ആക്സസ്സറീസ്. ഒരു ഡിസ്കൌണ്ട്-കൂപ്പണ്‍, മേടിക്കാത്ത സാധനം വാങ്ങാനൊരു ക്ഷണക്കത്ത്. മേടിച്ച സാധനത്തിനു വാറണ്ടി, അതു കഴിഞ്ഞാല്‍ സര്‍വീസ് കോണ്ട്രാക്റ്റ്. പിന്നെ അപ്ഗ്രേഡ്, അല്ലെങ്കില്‍ ബയ്-ബാക്ക്. പിന്നെ മോഡല്‍മാറ്റം, ഫാഷന്‍മാറ്റം, ടെക്നോളജിമാറ്റം, പേരുമാറ്റം, കമ്പനിമാറ്റം, വിലമാറ്റം, നിറമാറ്റം, കുടമാറ്റം, കൂറുമാറ്റം.... കാണാച്ചെലവുകളുടെ കാണാക്കണ്ണികളും കിനാവള്ളികളും പിടിമുറുക്കുന്നു. വിലയല്ല വാല്യൂ. അതറിയാത്തവനെ കാണാച്ചെലവുകളുടെ കാണാച്ചരടുകള്‍ വലിച്ചിഴയ്ക്കും. അതിമോഹംകൊണ്ടും അഹങ്കാരംകൊണ്ടും അറിവില്ലായ്മകൊണ്ടും കച്ചവടക്കണ്ണികളിലകപ്പെട്ടാല്‍, കണിയാന്മാര് പറയുന്നതുപോലെ ധനനാശം, മാനഹാനി. ഇന്നത്തെ മായാബസാറില്‍ കാണുന്നതിനല്ല വില. കാണാത്തതിനാണ്. കരുതിയിരുന്നാല്‍ നന്ന്. റിപ്പയര്‍-രൂപത്തില്‍ റീഫില്‍-രൂപത്തില്‍ റീചാര്‍ജ്-രൂപത്തില്‍ റീമേക്ക്-രൂപത്തില്‍ റിട്ടേണ്‍-രൂപത്തില്‍ റീഫര്‍ബിഷ്-രൂപത്തില്‍ റീവാല്യൂ-രൂപത്തില്‍ കാണാച്ചെലവുകള്‍ പുനരവതരിക്കും. പുനരപി ജനനീ ജഢരേ ശയനം. ഈ ഭൂമുഖത്ത് ആവശ്യത്തിനെല്ലാമൂണ്ട്. അനാവശ്യത്തിനൊന്നുമില്ല. അതറിയുക. പിന്നെല്ലാം ശാന്തം. സുന്ദരം.
മറിച്ചു ചിന്തിക്കുമ്പോള്‍...
മഹാരാജാസ് കോളേജില്‍ പ്രൊഫ. ഗുപ്തന്‍നായരുടെ ക്ളാസ്സ്. 'സവിതാ'വിനു 'സൂര്യന്' എന്നര്‍ഥം പറഞ്ഞുതന്നു. എനിക്കൊരു സംശയം: സവിക്കുന്നവളല്ലേ സവിതാവ്? അപ്പോള്‍ 'സവിതാവ്' ഭൂമിയല്ലേ? അല്ല; സൂര്യന്‍തന്നെ; പക്ഷെ മറിച്ചു ചിന്തിക്കുന്നതു നല്ലതാണെന്നു മാഷ്. എഴുപതുകളില്‍ ഞങ്ങള്‍ കുറെ ചെറുപ്പക്കാര്‍ ഒരു ശാസ്ത്രസംഘടനയുണ്ടാക്കി ഗോവയില്‍. 'ഓപ്പണ്‍ സയന്‍സ് ഫോറം'; എന്തും ചിന്തിക്കാം, പറയാം, ചര്‍ച്ചചെയ്യാം. ഒരുതരത്തില്‍ വട്ടന്മാരുടെ കൂട്ടായ്മ. അതില്‍ ഒരു ദിവസം ഒരു മന:ശാസ്ത്രവിദഗ്ധന് കത്തിക്കയറുകയായിരുന്നു. വട്ടെന്നതു പൊതുവെ ആളുകളുടെ ശരാശരിപ്പെരുമാറ്റത്തില്‍നിന്നുള്ള വ്യതിയാനമാണെന്നും അതു കണ്ടെത്തി തെറ്റുതിരുത്തുന്നവനാണു മനോരോഗവൈദ്യന്‍ എന്നെല്ലാമുള്ള തരികിടയുമായി. കേള്‍വിക്കാര്‍ ഞങ്ങള്‍ക്കു പതിവുപോലെ സംശയമായി. ഈ ശരാശരിപ്പെരുമാറ്റമെന്നുള്ളതു സ്ഥലകാലസന്ദര്‍ഭങ്ങളിലായി മാറാവുന്നതല്ലേ? ഒരുകൂട്ടം വട്ടന്മാര്ക്കിടയില്, അതായതു ഭ്രാന്താശുപത്രിയില്‍, അവിടത്തെ ശരാശരിയില്‍നിന്നു വ്യത്യസ്തനായ ഭ്രാന്തുവൈദ്യന്‍ വട്ടനല്ലേ? പിന്നെ, കുറേക്കാലം ഒരുകൂട്ടം ആളുകളുമായി അടുത്തിടപഴകുമ്പോള്‍ ആര്‍ക്കായാലും അവരുടെ സ്വഭാവം കുറച്ചു പകരില്ലേ? ചോദ്യങ്ങള്‍കേട്ട് വിദഗ്ധന്‍ ഇറങ്ങിപ്പോയി. മറിച്ചു ചിന്തിക്കുമ്പോള്‍ കാര്യങ്ങളുടെ കിടപ്പു മാറുന്നു. സിംഹത്തെപ്പേടിച്ച് അതിനെ കൂട്ടിലടയ്ക്കുമ്പോള്‍, കൊതുകിനെപ്പേടിച്ചു നാം സ്വയം വലയ്ക്കകത്തൊതുങ്ങുന്നു! ആയുര്‍വേദത്തില്‍ മഞ്ഞു ചൂടും മഴ തണുപ്പുമാകുന്നു. "ഏകോ സത് വിപ്രാ ബഹുധാവദന്തി" (സത്യമൊന്നേയുള്ളൂ, പക്ഷെ അതറിയുന്നവര്‍ അതു പലതായിപ്പറയും). ദൈവംപോലും മറിച്ചു ചിന്തിക്കുമത്രേ: "അന്യഥാ ചിന്തിതം കാര്യം ദൈവമന്യത്ര ചിന്തയേത്". അതറിയില്ല, പക്ഷെ പലതും മറിച്ചു ചിന്തിച്ചാല്‍ നന്നെന്നു കാണുന്നു. കൊച്ചുകൊച്ചുദാഹരണങ്ങള്‍. ഒരു കൈ തണുത്തവെള്ളത്തിലും മറ്റേ കൈ ചൂടുവെള്ളത്തിലും മുക്കിവച്ചശേഷം സാധാരണവെള്ളത്തില്‍ അവ മുക്കിയാല്‍ തണുത്തവെള്ളത്തിലെ കൈക്കു ചൂടും ചൂടുവെള്ളത്തിലെ കൈക്കു തണുപ്പും തോന്നും. കൊടുംതണുപ്പത്ത് ഐസ്-ക്രീംപോലുള്ള ശീതവസ്തുക്കള്‍ കഴിച്ചാല്‍ ശരീരത്തിണ്റ്റെ താപനില കുറയുകയും തന്മൂലം ശൈത്യത്തിണ്റ്റെ കാഠിന്യം കുറഞ്ഞതായി അനുഭവപ്പെടുകയും ചെയ്യും. കൊടുംചൂടുള്ള ആന്ധ്രയിലെ ആളുകള്‍ അമിതമായി മുളകുകഴിക്കുന്നത് ചൂടിനെ നേരിടാനാകാം. "ഉഷ്ണമുഷ്ണേന ശമ്യതേ" എന്നു വിധി. മഴയില്‍ നനഞ്ഞൊലിച്ചുവരുന്നവര്‍ പച്ചവെള്ളത്തില്‍ കുളിച്ചാല്‍ ഒരസുഖവും വരില്ലെന്നു കേട്ടിട്ടുണ്ട്. മുങ്ങല്ക്കാര് ശരീരത്തില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന കമ്പിളിവസ്ത്രങ്ങളിട്ടാണത്രെ വെള്ളത്തിലിറങ്ങുക. വെള്ളം വലിയ താപവാഹിയൊന്നുമല്ലാത്തതിനാല്‍ നനഞ്ഞുകഴിയുമ്പോള്‍ കമ്പിളിവസ്ത്രം തണുപ്പിനെതിരെ നല്ലൊരു തടയായി മാറുമത്രേ. മുംബൈയിലെ അണുശക്തിഗവേഷണശാലയിലെ മുങ്ങല്‍വിദഗ്ധന്‍കൂടിയായിരുന്ന ഡോ. ബി. എഫ്. ഛാപ്ഘര്‍ പറഞ്ഞറിഞ്ഞിട്ടുള്ളതാണിത്. തണുപ്പടിക്കാതിരിക്കാന്‍ പായ്ക്കടിയില്‍ പത്രം വിരിച്ചുകിടക്കുമായിരുന്നു ഞങ്ങള്‍ ഗുജറാത്തിലെ കൊടുംതണുപ്പില്‍. ചൂടുകുറയ്ക്കാന്‍, നമ്മള് ഫാന്‍ മുകളില്‍നിന്നുകെട്ടിത്തൂക്കി താഴേയ്ക്കു കാറ്റടിപ്പിക്കുന്നു. ആലോചിച്ചാല്‍ മുകളിലേയ്ക്കുയരുന്ന ചൂടുകാറ്റല്ലേ വീണ്ടും വീണ്ടും നാം താഴേയ്ക്കടിക്കുന്നത്? ശരിക്കും പങ്ക തിരിച്ചുകറക്കി താഴേനിന്നു മുകളിലേക്കല്ലേ കാറ്റടിക്കേണ്ടത്? നുണയല്ല, അത്തരം ഫാനുകള്‍ ഉണ്ടാക്കിയിട്ടുണ്ട്; പക്ഷെ ആരും വാങ്ങില്ല. ടേബിള്‍-ഫാനും പെഡസ്റ്റല്‍-ഫാനുമെല്ലാം അകത്തുചൂടാണെങ്കില്‍ പുറത്തേക്കും പുറത്തു തണുപ്പാണെങ്കില്‍ അകത്തേക്കും കാറ്റടിക്കുംവിധം ജനാലയ്ക്കരികിലാണ് വയ്ക്കേണ്ടത്. എ.സി. (എയര്‍ കണ്ടീഷണര്‍) മിക്കവരും ചുമരിനു മുകളിലാണു പിടിപ്പിയ്ക്കുക. തണുത്ത വായു താഴേക്കിറങ്ങിവന്ന് ചൂടെല്ലാം മുക്കളിലേക്കുപൊങ്ങി വീണ്ടും തണുത്ത് മുറിമുഴുവന്‍ നിറയുമെന്നാണു യുക്തി. പക്ഷെ നിലത്തുനിന്നു വെറും നാലടിയോ ആറടിയോ മാത്രം ഉയരത്തില്‍ ഇരിക്കുന്നവര്‍ക്കോ ഉറങ്ങുന്നവര്‍ക്കോ മുറിമുഴുവന്‍ തണുപ്പിച്ചുകൂട്ടണമെന്നില്ല. അതിനാല്‍ ഒരുമാതിരി തറനിരപ്പില്‍ എ.സി. പിടിപ്പിക്കുന്നതാണു ബുദ്ധി. കേരളത്തിലെ കാലവസ്ഥയ്ക്ക്, മഴയ്ക്കും മഞ്ഞിനും വെയിലിനും മാത്രം, വല്ലപ്പോഴും മാത്രമേ വീടുകളില്‍ ജനലടയ്ക്കേണ്ടിവരാറുള്ളൂ. (പിന്നെ കള്ളനും കൊതുകിനും എതിരെ). കാറ്റും വെളിച്ചവും വേണ്ടാത്ത സമയത്തേ ജനലടയ്ക്കേണ്ടതുള്ളൂ. കാറ്റും തണുപ്പും കയറാതെ വെളിച്ചം മാത്രം അകത്തുകയറ്റേണ്ട ഗതികേട് ശീതരാജ്യങ്ങള്‍ക്കേയുള്ളൂ. അവര്‍ക്കാണ് ചില്ലിട്ട ജനല്പാളികള്. മരപ്പാളികൊണ്ടുണ്ടാക്കിയ, ചില്ലില്ലാത്ത ജനലിനെപ്പറ്റി ലാറി ബേക്കര്‍ പറഞ്ഞപ്പോള്‍ കേരളീയര്‍പോലും കളിയാക്കി. ചില്ലുപാളികള്‍ അകത്തു ചൂടുകൂട്ടുമെന്നോര്‍ക്കുക. ഉഷ്ണരാജ്യങ്ങള്‍ക്കു യോജിച്ചത് സുതാര്യമല്ലാത്ത മരപ്പാളികളാണ്. ബസ്സുകളിലും തീവണ്ടികളിലും മറ്റും വെയിലടിച്ചാല്‍ ചില്ലുപാളികള്‍ താഴ്ത്തിയിടുന്നവരുണ്ട്. അതു തെറ്റാണ്. 'ഹരിതഗേഹ' പ്രഭാവംനിമിത്തം ചൂടുകൂട്ടാനേ അതുപകരിക്കൂ. മുണ്ട് ഇടത്തോട്ടോ വലത്തോട്ടോ മടിവച്ചുടുക്കുന്നതു സംസ്കാരവും സൌകര്യവും നോക്കി. എന്നാല്‍ കടയില്‍വാങ്ങുന്ന അടിവസ്ത്രങ്ങളിലെ ലേബല്‍ തൊലിയിലുരഞ്ഞുണ്ടാകുന്ന അസുഖത്തിനു പ്രതിവിധി അവ അകംപുറമാക്കിയുടുക്കുന്നതാണ്. പണ്ടത്തെ നല്ല നാട്ടുതുന്നല്‍ക്കാര്‍ അടിപ്പാവാടയുടെ നാട പുറമേയ്ക്കുവച്ചടിക്കുമായിരുന്നു. ഇന്നത്തെ ബനിയനും അണ്ടര്‍വെയറുമെല്ലാം മറിച്ചുടുക്കേണ്ടിയിരിക്കുന്നു. ബൈക്കില്‍പോകുമ്പോഴും മറ്റും മഴക്കോട്ട് ബട്ടണ്‍ പിന്നിലേക്കാക്കി ധരിക്കേണ്ട ഗതികേടാണ്. കാറ്റുള്ളപ്പോള്‍ തൊപ്പിപോലും തിരിച്ചണിയേണ്ടിവരുന്നു. അപ്പോള്‍ എവിടെയോ ഒരു കൈത്തെറ്റില്ലേ? രാത്രിമഴയില്‍ വണ്ടിയോടിക്കുമ്പോള്‍ കറുത്തചില്ലുള്ള കണ്ണട കാഴ്ച്ച മെച്ചപ്പെടുത്തുമത്രെ; ചെയ്തുനോക്കിയിട്ടില്ല. മഴസമയം കാറില്‍ എ.സി. ഇടുന്നത് ചില്ലില്‍ ബാഷ്പം പടരുന്നതു തടയും. കപ്പല്‍ കോളില്‍പെട്ടുലയുമ്പോള്‍ തീന്മേശപ്പുറത്തെ വിരികളില്‍ വെള്ളം തളിക്കും. പിന്നെ പാത്രങ്ങളും തളികകളും ഒന്നും തെന്നിമാറുകയില്ല. വീട്ടില്‍പോലും മിനുസമുള്ള അടുക്കളത്തിട്ടില്‍ നനഞ്ഞ തുണിക്കോ കടലാസ്സിനോമേല്‍ പച്ചക്കറിത്തട്ടും ചപ്പാത്തിപ്പലകയും മറ്റും വച്ചു പണിയെടുത്താല്‍ വഴുതിപ്പോവുകയില്ല. ആടി ഉലയുന്ന കപ്പലിണ്റ്റെയും ബോട്ടിണ്റ്റെയുമെല്ലാം മേല്‍ത്തട്ടില്‍, കസേരയില്‍ കാല് ഇരുവശത്തേക്കുമിട്ട് പുറംതിരിഞ്ഞിരിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. ബസ്സിലും തീവണ്ടിയുിലുമൊക്കെ വണ്ടിയോടുന്ന ദിശയില്‍ പുറം ചേര്ത്തിരിക്കാന് പാകത്തിനുള്ള സീറ്റുകളാണു നല്ലത്. ബസ്സില്‍ അല്പം കോണോടുകോണ്‍ കാല്‍പരത്തിനിന്നാല്‍ വണ്ടിയുടെ ആട്ടത്തില്‍നിന്നു കുറെ രക്ഷ നേടാം. കണ്ടക്റ്റര്‍മാര്‍ രണ്ടുകയ്യുംവിട്ടു നില്ക്കുന്നതു കണ്ടിട്ടില്ലേ? പരിചയമാണത്. കിടക്കയുടെ സുഖമറിയണമെങ്കില്‍ തലയണ പാടില്ല. പച്ചക്കറിയുടെ തനിസ്വാദറിയണമെങ്കില്‍ വേവു കുറയ്ക്കണം; ഉപ്പു കുറയ്ക്കണം. പുല്‍ത്തകിടിയിലും മണല്‍ത്തിട്ടയിലുമെല്ലാം ചെരിപ്പില്ലാതെ നടക്കണം. മഴയാസ്വദിക്കാന്‍ മഴ നനയണം. മഞ്ഞിണ്റ്റെ മണം മണത്തറിയണം. പുറകോട്ടു മടക്കുന്ന കുട അടുത്തിടെ കാണാനായി. മഴയത്തു വണ്ടിയില്‍ കേറാനും വണ്ടിയില്‍നിന്നിറങ്ങാനും മഴവെള്ളം ഇറ്റിച്ചുകളയാനും അതാണു നല്ലത്. എണ്ണതേച്ചുകുളിക്കുമ്പോള്‍ തലയാദ്യം കഴുകുന്നതാണ് മേലെ മെഴുക്കിളക്കാന്‍ നല്ലത്. ഷേവിങ്ങ്-സോപ്പില്ലാതെ ക്ഷൌരം ചെയ്യാമെന്നും അടുത്തിടെ ഒരാള്‍ കാണിച്ചുതന്നു; വെറും രണ്ടുതുള്ളി വെളിച്ചെണ്ണ അല്പം പച്ചവെള്ളത്തില്‍ ചാലിച്ചു മുഖത്തു തേച്ചാല്‍ മുഖക്ഷൌരം വളരെ എളുപ്പം. ആന്ധ്രക്കാര് ഉണക്കസാധനങ്ങള്‍കൂട്ടിയാണ് ആദ്യം ചോറുണ്ണുക; നമ്മളെപ്പോലെ ഒഴിച്ചുകൂട്ടാനല്ല. മറാഠികള്‍ ആദ്യം ചോറുണ്ണും, പിന്നെയാണു ചപ്പാത്തി. വടക്കന്‍മാരെപ്പോലെയല്ല. ഗോവയില്‍ പെണ്ണുങ്ങള് തലയില്‍ പൂ തലകീഴായാണു ചൂടുക; വാടുമ്പോള് കൊഴിഞ്ഞുവീഴാതിരിക്കാനാണുപോലും. മലയാളികള്‍ക്കും മറാഠികള്‍ക്കും പാത്രം മോറിയാല് കമഴ്ത്തിവയ്ക്കണം. ഗുജറാത്തികള്‍ക്കു വെയിലത്തുവയ്ക്കുന്നതാണു പ്റധാനം; വെള്ളത്തില്‍ കഴുകുന്നതല്ല. കൊങ്കണ്‍പ്രദേശത്തെ മുക്കുവന്മാര് പപ്പടം കാച്ചുന്നതു ബഹുരസമാണ്. നമ്മള് എണ്ണയിലിട്ടു വറക്കും; അവര്‍ എണ്ണപുരട്ടി ചുടും! പപ്പടം പൊട്ടിച്ചു കാച്ചലും കൊഴുക്കട്ട നീളത്തിലുരുട്ടലും സൌകര്യമാണ്. പെട്ടിയിലാക്കാനും വിപണിയിലെത്തിക്കാനുമുള്ള സൌകര്യത്തിനായി ജപ്പാന്‍കാര്‍ ചതുരന് തണ്ണീര്‍മത്തനും ആപ്പിളുമെല്ലാം ഉണ്ടാക്കിക്കഴിഞ്ഞു. ചപ്പാത്തി വട്ടത്തിലാകണമെന്ന് എന്തിനാണിത്ര നിര്‍ബന്ധം? ഭൂപടംപോലെയായാലെന്താ? ചപ്പാത്തിയുടെ സ്വാദ് അതിണ്റ്റെ ഒരേപോലത്തെ കനത്തിലാണല്ലോ. കുറച്ചുകാലംമുന്പ് വൈദ്യമഠം ചെറിയനാരായണന്‍നമ്പൂതിരി ടീവിയില്‍ പറഞ്ഞതാണ്, മാങ്ങാക്കറിക്കു വറ്റല്‍മുളകല്ല കുരുമുളകാണ് ഉത്തമമെന്ന്. ആരോഗ്യപരമായി ശരിയായിരിക്കണം; പക്ഷെ എണ്റ്റെ ഭാര്യ അതു സമ്മതിക്കുന്ന മട്ടിലല്ല. ബഹുജന ഹിതായാം, ഒരുവശം വെളുത്തും മറുവശം കരിച്ചുമുള്ള ചപ്പാത്തി കേരളനാട്ടില്‍ ഇന്നു സുലഭം. പക്ഷെ പാത്രത്തിണ്റ്റെ മൂടി തുറന്നശേഷം മലര്‍ത്തിവയ്ക്കാന്‍ മലയാളികള്‍ പഠിച്ചിട്ടില്ല; ചോറെടുത്ത കൈകൊണ്ട് കയിലെടുക്കാനും പലര്‍ക്കും മടിയില്ല. കഴുകിയ ശേഷമേ പച്ചക്കറികള്‍ നുറുക്കാവൂ എന്നു പലര്‍ക്കുമറിയില്ല. കാലത്തെ കുളി സുഖഭോഗമാണെന്നും പണികഴിഞ്ഞാലുള്ള കുളിയാണു പ്രധാനമെന്നും പലര്‍ക്കുമറിയില്ല. അതുപോലെ പ്രഭാതത്തിലെ പല്ലുതേപ്പ് വെടുപ്പിനാണ്; രാത്റിയിലെ പല്ലുതേപ്പാണ് വൃത്തിക്ക്. വലത്തോട്ടെഴുതുമ്പോള്‍ ഇടതുവശമാകണം വിളക്കെന്നും പുസ്തകം മേശപ്പുറത്തിരിക്കുമ്പോള്‍ അതിണ്റ്റെ പേര് അറിയാന്‍പാകത്തിലാവണം പുറംചട്ടയിലെന്നും യാത്രയില്‍ ഒലിക്കാത്ത ആഹാരസാധനങ്ങളാണ് കൂടുതല്‍ സൌകര്യമെന്നും എത്രപേര്‍ അറിയുന്നു? വണ്ടി തിരിച്ചിട്ടാലാണ് പിന്നെയെടുക്കാന്‍ എളുപ്പമെന്നും, വാച്ച് പുറത്തേക്കാക്കിയോ അകത്തേക്കാക്കിയോ കെട്ടുന്നതല്ല, മുന്പോട്ടുള്ള വശത്തേക്കു കെട്ടുന്നതാണു സമയം നോക്കാനും വാച്ചുരസി കേടുവരാതിരിക്കാനും ഉത്തമമെന്ന് എത്രപേറ്‍ക്കറിയാം? പ്രധാനപ്പെട്ട രേഖകള്‍, ആധാരവും മറ്റും, നീളത്തിലാണു മടക്കിവയ്ക്കുക; കുറുകെയല്ല. കേടുവന്നാലും പകുതി കാണാമെന്നായിരിക്കും യുക്തി. തിരഞ്ഞെടുപ്പില്‍ കണ്ടിട്ടില്ലേ, ബാലറ്റ്-പേപ്പര്‍ നീളത്തിലാദ്യം മടക്കി പിന്നെമാത്രം കുറുകെ മടക്കുന്നത്? മഷി പടര്‍ന്നാലും ജനവിധി മാറില്ല. ഇനിയുമേറെ പറയാനുണ്ട്, മറുചിന്തകളെപ്പറ്റി: കോരാന്‍പറ്റുന്നിടത്തുമാത്രം ചളിയടിയുന്ന കാനകളെപ്പറ്റിയും മുകളിലോട്ടും താഴോട്ടും കണക്കുകൂട്ടുന്നതിനെപ്പറ്റിയും തിരിച്ചുമുറുക്കുന്ന നട്ട്-ബോള്‍ട്ടുകളെപ്പറ്റിയും മേല്‍-കീഴ്മറിഞ്ഞ സ്വിച്ചുകളെപ്പറ്റിയും ഒറ്റക്കൈ വറചട്ടികളെപ്പറ്റിയും മേലറ്റത്തുപിടിപ്പിക്കുന്ന ഇരട്ടവിജാഗിരികളെപ്പറ്റിയും കുട്ടികളുടെ ഉടുപ്പിലെയും ചെരിപ്പിലെയുമുള്ള ബട്ടണുകളെപ്പറ്റിയും പിന്‍വെളിച്ചത്തെപ്പറ്റിയും വഴികാട്ടികളെപ്പറ്റിയും പരസ്യങ്ങളെപ്പറ്റിയും പരദൂഷണത്തെപ്പറ്റിയുമെല്ലാം.... ലണ്ടന്‍പോലീസാണു മാതൃക. കുറ്റം കണ്ടുപിടിക്കുന്നതിലല്ല അവരുടെ മിടുക്ക്; കുറ്റം ചെയ്യിക്കാതിരിക്കുന്നതിലാണ്. മറിച്ചു ചിന്തിച്ചവര്‍ക്കേ മാനവരാശിയെ മാറ്റിമറിക്കാനായിട്ടുള്ളൂ.
ചെയ്യാനൊന്നുമില്ലെങ്കില്‍
പണ്ട്, ഭാരതീയനാവികസേനയുടെ സമുദ്രപര്യവേക്ഷണപ്രവര്‍ത്തനങ്ങള്‍ക്കായി 'ഐ. എന്‍. എസ്. ദര്‍ശക്' എന്നൊരു കപ്പലുണ്ടായിരുന്നു. രണ്ടുവിധത്തില്‍ ഞാന്‍ അതുമായി ബന്ധപ്പെട്ടിരുന്നു; ഒന്ന് ഔദ്യോഗികമായും മറ്റൊന്ന്, വ്യക്തിപരമായി, അതില്‍ നാവികനായിരുന്ന എണ്റ്റെ സഹപാഠി തൃപ്പൂണിത്തുറ തച്ചേരില്‍ ശങ്കരനാരായണന്‍മൂലവും. ആ കപ്പലിണ്റ്റെ ചുക്കാണ്റ്റടുത്ത് എഴുതിവച്ചിരുന്നത് ഒരിക്കലും മറക്കാനാവില്ല: "ചെയ്യാനൊന്നുമില്ലെങ്കില്‍, അതിവിടെ ചെയ്യണ്ട!" (INS Darshak: "If you have nothing to do, Don't do it here!") അതെ. 'ചെയ്യാനൊന്നുമില്ലാ'ത്തത് ഇവിടെ ചെയ്യണ്ട! പ്രത്യേകിച്ചുചെയ്യാന്‍ ഒന്നുമില്ലാത്തവര്‍ അവിടെ കയറണ്ട; കറങ്ങണ്ട..... ഇതിലും മൃദുവായ ഉഗ്രശാസനം ഉണ്ടാകുമോ? വെറുതെ നഷ്ടപ്പെടുത്തുന്ന യുവശക്തി ഒരു നാടിണ്റ്റെ ശാപമാണ്. മറ്റു യുവാക്കളെ അച്ചടക്കം പഠിപ്പിക്കുന്നതിനു മുന്‍പു പഠിക്കേണ്ടത്, സ്വന്തം അച്ചടക്കമാണ്. എങ്ങിനെ യുവരക്തം വഴിതിരിച്ചുവിടണം എന്നാണു പഠിക്കേണ്ടത്, അല്ലാതെ യുവരക്തത്തിനു തടയിടാനല്ല. അച്ചടക്കം ആത്മനിന്ദയല്ല. ആകരുത്; ആക്കരുത്. അച്ചടക്കം എന്തെന്നറിയാന്‍ സൈനികരെ കണ്ടുപഠിക്കണം. കുറെക്കാലം മുംബൈ-പോലുള്ള നഗരങ്ങളില്‍ താമസിക്കണം. ജനത്തെയറിയാന്‍ തീവണ്ടിയില്‍ ഭാരതം മുഴുവന്‍ യാത്രചെയ്യണം. പണിയുടെ മാഹാത്മ്യമറിയാന്‍ പരദേശത്തു പണിയെടുക്കണം. അല്ലെങ്കില്‍ വയറു വാടണം. ഇതെണ്റ്റെ അനുഭവം, അഭിപ്രായം. പുതിയ ജോലി കിട്ടിയപ്പോള്‍ 'അവിടെ കാര്യമായി ജോലിയൊന്നുമി'ല്ലെന്നു 'സന്തോഷി'ച്ചവരെ എനിക്കറിയാം. ജോലികിട്ടിയശേഷം ലീവെടുക്കാന്‍ കാത്തിരിക്കുന്നവരാണവര്‍. ഓഫീസില്‍ 'സമയത്തിനുവരണം, സമയത്തിനേ പോകാവൂ' എന്നുവന്നാല്‍, 'ഇടയ്ക്കൊന്നും ചെയ്യേണ്ട' എന്നു വ്യാഖ്യാനിക്കുന്നവരാണവര്‍. 'നോക്കുകൂലി'ക്കാരേക്കാള്‍ അപകടകാരികളാണവര്‍. വരി നില്ക്കുമ്പോള് ക്ഷമയില്ലാത്തവരാണവര്‍; വണ്ടിയോടിക്കുമ്പോള്‍ ക്ഷുഭിതരാണവര്‍. പണിചെയ്യാതെ പണം മോഹിക്കുന്നവരാണവര്‍. ജീവിതത്തിന് അര്‍ഥം കാണാത്തവരാണവര്‍. സമൂഹത്തിലൊട്ടിപ്പിടിച്ചു ചോരയും നീരുമൂറ്റുന്ന പരഭോജികളാണവര്‍. കവലകളില്‍ വായനോക്കി നില്ക്കുന്നവരാണവര്. ഇന്നിടത്തേക്കെന്നില്ലാതെ വണ്ടിപായിക്കുന്നവരാണവര്‍. കൊച്ചുകാര്യം വരുമ്പോള്‍ അതു വലുതാക്കിക്കാണുന്നവരാണവര്‍. എന്തോ വലിയ കാര്യം ചെയ്തമാതിരി ചുറ്റുംനോക്കി 'അമ്പട ഞാനേ' എന്നു വിശ്വസിക്കുന്നവരാണവര്‍. 'ഞാനാരു മോന്' എന്നു വിശ്വസിപ്പിക്കാന്‍ പരാക്രമം കാട്ടുന്നവരാണവര്‍. തിളച്ചു മറിയേണ്ട യുവത്വം ഗോവയിലും സമീപപ്രദേശങ്ങളിലും തണുത്താറിയിരിക്കുന്നു. രാഷ്ട്രീയക്കാര്‍ വിളിച്ചാല്‍പോലും ചെവികൊടുക്കാത്ത യുവജനങ്ങളാണ് ഈ പ്രദേശത്ത് - നല്ലത്. പക്ഷെ ഒരു ചതുര്‍ഥി വന്നാല്‍, ദീപാവലി വന്നാല്‍, ക്രിസ്മസ് വന്നാല്‍, കാര്‍ണിവല്‍ വന്നാല്‍, റംസാന് വന്നാല്‍, ബക്രീദുവന്നാല്‍ ബാക്കി സകലതും മറക്കുന്ന മനസ്സുകള്‍..... അതു യുവചേതനയ്ക്കു ചേര്‍ന്നതല്ല. ക്രിയാത്മകമായി, സര്‍ഗാത്മകമായി, സോദ്ദേശപരമായി ചെയ്യേണ്ട കാര്യങ്ങള്‍ക്കു ചെലവിടേണ്ട ശ്രമവും സമയവും ധനവും, വെറും ചെമ്മണ്ണുമായി, തെര്‍മോക്കോളുമായി, തീറ്റയുമായി മല്ലിട്ടു തരംതാഴ്ത്തേണ്ടതല്ല. അവിടെയുമിവിടെയുമായി ബൈക്കില്‍ പാഞ്ഞുനടന്ന് നശിപ്പിക്കേണ്ടതല്ല യുവശക്തി. ഒരു ഗണേഷ്-ചതുര്‍ഥി വന്നാല്‍ നാടാകെ വര്‍ണക്കടലാസ്സായി, ഒരിക്കലും തനിയെ വിഘടിക്കാത്ത തെര്‍മോക്കോളായി, പിന്നെ ഒച്ചയായി, ബഹളമായി, കൂടെക്കൂടിയില്ലെങ്കില്‍ ചീത്തപ്പേരായി. കത്തിച്ചുകളയാന്‍മാത്രമായി, 'നരകാസുര'നെന്നൊന്നുണ്ടു ഗോവയില്‍. രാവും പകലും പണവും ചെലവഴിച്ച് കാലങ്ങളായി ഒരേമട്ടില്‍ യാതൊരു സര്‍ഗബോധവുമില്ലാതെ, കലാമൂല്യമില്ലാതെ, പടച്ചുവിടുന്ന വൈരൂപ്യങ്ങള്‍. അതിനെച്ചൊല്ലിയുള്ള പിച്ചപ്പേച്ചും വാഗ്വാദങ്ങളും, എന്തിന് പാരവെയ്പ്പും തീവെയ്പ്പുംവരെ! യാതൊരു തൊഴിലുമില്ലാത്ത, ഒരു തൊഴിലും ചെയ്യാന്‍ തയ്യാറില്ലാത്ത ചെക്കന്മാര്, സമയംകൊല്ലാന്‍മാത്രം, ചില്ലറ കൊയ്യാന്‍മാത്രം ചെലവഴിക്കുന്ന ദിനരാത്രങ്ങള്‍ ഒരു നാടിണ്റ്റെ നന്മയെ നശോന്‍മുഖമാക്കുന്നു. അവരുടെ വീര്യ-ശൌര്യ-പരാക്രമങ്ങള്‍ ഒരു കോലം കത്തിക്കലിലൊതുങ്ങുന്നു! പിന്നെ 'കാര്‍ണിവല്‍'. എന്തോ തട്ടിക്കൂട്ടി എങ്ങിനെയോ ഒപ്പിച്ചുകാട്ടുന്ന ദൃശ്യാഭാസങ്ങള്‍!. തിടുക്കത്തില്‍ ആളെക്കൂട്ടി പണംകൊയ്യുന്ന ബിസിനസ്സാണ് ഗോവയിലെ കാളപ്പോര്; 'ധീരിയോ' എന്നു ചെല്ലപ്പേര്. തൊഴിലില്ലാപ്പയ്യന്‍മാര്‍ ഒരിടത്തൊത്തുകൂടി ആര്‍ക്കോവേണ്ടി പണമുണ്ടാക്കിക്കൊടുക്കുന്നു. യുവതയെ ഇത്രയധികം നശിപ്പിക്കുന്ന ഒരേര്‍പ്പാട് വേറെങ്ങും കണ്ടെന്നു വരില്ല. കുറെ രാഷ്ട്രീയക്കാരും കള്ളപ്പണക്കാരും തെമ്മാടികളും ഒന്നുചേര്‍ന്ന്, നിഷ്കളങ്കമായ ഇളംമനസ്സുകളെ പന്താടുന്നു. വാച്യാര്‍ഥത്തില്‍ തന്നെ ഗോവയില്‍ പന്തുരുളുന്നത് നാടിണ്റ്റെ നെഞ്ചുപൊളിച്ചാണ്. 'മട്ക'-പോലെ, 'കാസിനോ'-വും കൊങ്കണ്‍ജനതയെ വിഭ്രമിപ്പിക്കുന്ന മറ്റൊരു ഏര്‍പ്പാടാണ്, മെയ്യനങ്ങാതെ പണം വാരാന്‍. പണമച്ചടിക്കാന്‍ ഭാരതീയ റിസര്‍വ് ബാങ്കിനല്ലാതെ വേറെ ആറ്ക്കും അധികാരമില്ലെന്നിരിക്കെ, ഏതു ചൂതാട്ടത്തിലായാലും പണമിടപാടിലായാലും അധികവരുമാനമുണ്ടാകുന്നത് മറ്റാരുടെയൊ നഷ്ടത്തില്‍നിന്നാണെന്നതു തീര്‍ച്ച. കറക്കിക്കുത്തുകാര്‍ നഷ്ടത്തിനല്ലല്ലോ കടയിട്ടിരിക്കുന്നത്. അപ്പോള്‍ നഷ്ടം ലാഭക്കൊതിമൂത്ത നാട്ടുകാര്‍ക്കുതന്നെയാകും. നേരമ്പോക്കിനെ ഒരുപ്പോക്കിനുള്ള വഴിയാക്കുന്നു ഈ കള്ളവാണിഭക്കാര്‍. തിരുപ്പിറവിയുടെ സന്ദേശം, കാലംതെറ്റിയ കളിമണ്‍രൂപങ്ങളിലോ കടലാസ്സുപൂവുകളിലോ പഞ്ഞിമഞ്ഞിലോ അല്ല. ഓണം-വിഷു-തിരുവാതിര വെറും സദ്യയല്ല, കൈകൊട്ടിക്കളിയല്ല, കയ്യാംകളിയല്ല. റംസാന് രാത്രിസദ്യയല്ല, മോടിവസ്ത്രങ്ങളല്ല. ദീപാവലി കള്ളപ്പണം കൊടുക്കാനും കൊള്ളാനും കൊയ്യാനും ഉള്ള കോപ്പല്ല. വെറുതെയിരിക്കുന്നവണ്റ്റെ തല ചെകുത്താണ്റ്റെ പണിപ്പുരയാണെന്നു പറയുന്നതു ശരിയാണ്. ചെയ്യാനൊന്നുമില്ലെങ്കില്‍, അവരതു ചെയ്തിരിക്കും: അരുതാത്തതെന്തും!
മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്
മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്, മലയാളികള്‍ക്ക് മറ്റൊരു നാടുണ്ട്; ഗോവ. നാളികേരത്തിണ്റ്റെ നാട്ടില്‍ നാഴിയിടങ്ങഴി മണ്ണും അതില്‍ നാരായണക്കിളിക്കൂടുപോലുള്ളൊരു വീടും ഉള്ളവര്‍പോലും, ഒരിക്കല്‍ ഈ നാട്ടില്‍ വന്നുപെട്ടാല്‍ തിരിച്ചു ചേക്കേറാന്‍ മടിക്കുന്നു. എന്തിനു മലയാളികളെ മാത്രം പറയണം? ഭാരതത്തിലെ വടക്കന്മാരും കിഴക്കന്മാരും ഗോവയില്‍ സ്ഥിരതാമസമാക്കുന്നു; അല്ലെങ്കില്‍ സ്ഥിരതാമസമാക്കാന്‍ താല്പര്യപ്പെടുന്നു. അതിനുകാരണം വെറും മണ്ണും പെണ്ണും പൊന്നും കള്ളും കഞ്ചാവുമൊന്നുമല്ല. കുറെ പാശ്ചാത്യര്‍ക്കും പണച്ചാക്കുകളായ പ്രബലവ്യക്തികള്‍ക്കും ഒരുപക്ഷെ ഗോവ ഒരു പരദേശഭ്രമമായിരിക്കാം. എന്നാല്‍ അരലക്ഷത്തിലധികം കേരളീയര്‍ സ്വന്തം 'ഇല്ലം' വിട്ട് ഗോവയെ 'അമ്മാത്താ'ക്കുന്നതിനു പ്രത്യേക കാരണം കാണണം. ഗോവയുടെ മൊത്തം ജനസംഖ്യ വെറും പതിനഞ്ചു ലക്ഷമാണെന്നോര്‍ക്കുക. 'ഹോര്‍ത്തൂസ്-മലബാറിക്കൂസ്' കാലഘട്ടത്തുതന്നെ കേരളവും കൊങ്കണ്‍ദേശവുമായുള്ള ബന്ധം കാണാം; അതിനുമുന്പും ഉണ്ടായിരുന്നിരിക്കണം. ഗോവക്കാര്‍ പോച്ചുഗീസുകാരെപ്പേടിച്ച് കേരളത്തിലേയ്ക്കു പലായനം ചെയ്യുന്നതിനു മുന്‍പേതന്നെ കേരളദേശവും കൊങ്കണ്‍ദേശവും തമ്മില്‍ ബന്ധപ്പെട്ടിരിക്കണം. കാരണം പരശുരാമന് തെക്കോട്ടു മഴുവെറിഞ്ഞ് കേരളക്കര ഉണ്ടാക്കിയെന്ന ഐതിഹ്യംപോലെ, പരശുരാമന്തന്നെ മഴു വടക്കോട്ടെറിഞ്ഞുണ്ടാക്കിയതാണ് ഗോവ എന്നൊന്നും പ്രചാരത്തിലുണ്ട്. ൧൯൬൨-ഡിസംബറില്‍ ഗോവ പോര്‍ച്ചുഗീസുകാരില്‍നിന്നു സ്വതന്ത്രമായതിനുശേഷമാണ് മലയാളികള്‍ കാര്യമായി ഗോവയിലെത്തിത്തുടങ്ങിയത്. ഉദ്യോഗസ്ഥരായും തൊഴിലാളികളായും അധ്യാപകരായും ബിസിനസ്സുകാരായും അവര്‍ ചേക്കേറി. ഒരുകാലത്ത്, എഴുപതുകളില്‍, ഗോവയുടെ മര്‍മസ്ഥാനങ്ങളിലെല്ലാം മേധാവികള്‍ മലയാളികളായിരുന്നു. ഇന്നും ബഹുമാനപൂര്‍വം ഓര്‍മിക്കപ്പെടുന്ന അധ്യാപകറ് ഒരുപാടുണ്ട്. മടിയന്മാരായ ഗോവക്കാര്‍ക്കും കഴിവുകുറഞ്ഞ കന്നഡപ്പണിക്കാര്‍ക്കുമിടയില്‍ വിദ്യാഭ്യാസവും കൈത്തഴക്കവുമുള്ള മലയാളിത്തൊഴിലാളികള്‍ മികച്ചു നിന്നു. കൊച്ചുകച്ചവടത്തില്‍തുടങ്ങി പേരുകേട്ട ബിസിനസ്സുകാരായവര്‍ ഏറെ. ഇന്നും സംസ്ഥാനസര്‍ക്കാരിണ്റ്റെയും കേന്ദ്രസര്‍ക്കരിണ്റ്റെയും സുരക്ഷാസ്ഥാപനങ്ങളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും തലപ്പത്തും അടിത്തട്ടിലുമെല്ലാം കേരളീയരെ കാണാം. തങ്ങളുടെ ആചാരവിശേഷങ്ങള്‍ അടിയറ വെയ്ക്കാതെ ഗോവയുടെ തനതുസംസ്കാരത്തോടു താദാത്മ്യംനേടി അവറ് ഒറ്റയ്ക്കും തെറ്റയ്ക്കും സന്തോഷത്തോടെ ജീവിച്ചുപോരുന്നു. കേരം, 'കേരള'മെന്ന പേരിനു നിദാനമാണെങ്കില്‍ ഗോവയും കേരത്തിണ്റ്റെ കൊത്തളം തന്നെ. ആദ്യമായി ഗോവയെക്കാണുമ്പോള്‍ 'ഇതു കേരളം പോലെ തന്നെ' എന്നു പറയാത്തവര്‍ ചുരുക്കം. കേരളംകഴിഞ്ഞാല്‍ അതിനൊപ്പം, ഒരുപക്ഷെ അതിനേക്കാള്‍ കൂടുതല്‍, തെങ്ങും തേങ്ങയും ഉപയോഗിക്കുന്നവര്‍ കൊങ്കണസ്ഥരാണ്, ആഹാരത്തിനും എണ്ണയ്ക്കും കത്തിക്കാനും പുര മേയാനും കമ്പുനാട്ടാനും കയിലുണ്ടാക്കാനും പാലമിടാനും അലങ്കാരത്തിനും എല്ലാം എല്ലാം. തെങ്ങിനെപ്രതി വിരഹദു:ഖം കേരളീയര്‍ക്കില്ലിവിടെ. പിന്നെ ഗോവയിലെ പുഴുക്കലരി. അരിയെ സംബന്ധിച്ച് മലയാളികള്‍ക്കുമാത്രമേയുള്ളൂ പരാതിയേതുമില്ലാതെ. ഇവിടത്തെ അരി പുഴുക്കലരി. പച്ചരിവേണമെങ്കില്‍ അതിനുമില്ല പഞ്ഞം. കഞ്ഞി ഒരു നിഷിദ്ധഭോജ്യവുമല്ല ഗോവയില്‍; വിശിഷ്ടഭോജ്യമാണുതാനും! മലയാളിയുടെ പച്ചക്കറികളായ കായും ചേനയും ചേമ്പും താളും കൂര്‍ക്കയും കാച്ചിലും കാവത്തും കിഴങ്ങും വെള്ളരിയും പാവലും പടവലവും പിണ്ടിയും കുടപ്പനും വെണ്ടയും അമരയ്ക്കയും ചക്കയും മാങ്ങയും ഇടിച്ചക്കയും കടച്ചക്കയും മുരിങ്ങയും അച്ചിങ്ങയും കറിവേപ്പിലയും 'കിളവ'നാണെങ്കിലും 'ഇളവ'നും (കുമ്പളങ്ങ) ഒന്നും അന്യമല്ലിവിടെ. മട്ടനും കുട്ടനും പോത്തും പോര്‍ക്കും മീനും കൊഞ്ചും എല്ലാം സുലഭമാണിവിടെ. ആഹാരത്തെച്ചൊല്ലി ആരും കേരളക്കരയിലേക്കു മടങ്ങിയതായി അറിവില്ല. മഞ്ഞും മഴയും വെയിലും, അല്പം കൂടുതലാണെങ്കിലും, കേരളീയര്‍ പരിചയിച്ച ഇടിമിന്നലും ഈര്‍പ്പവും ഇളംതെന്നലും ഇവിടെയുമുണ്ട് ഗോവയില്‍. മലനാടും ഇടനാടും തീരനാടും കുട്ടനാടും കണ്ടലും ചതുപ്പും ഇവിടെ പുനര്‍ജീവിച്ചിട്ടുണ്ട്. ഭൌതിക-ജീവിതസൌകര്യങ്ങളെപ്പോലെ പ്രധാനമാണല്ലൊ വിശ്വാസപ്രമാണങ്ങളുടെ തനിമയ്ക്കും സ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണം. അന്യോന്യം സ്നേഹവും ബഹുമാനവും, നാട്ടുകാരും വരത്തുകാരും തമ്മില്‍ ഇന്നും കാത്തുസൂക്ഷിക്കുന്നു. കേരളത്തിലെ വിവിധമതസ്ഥര്‍ പ്രബുദ്ധരാണെന്നാണു വെയ്പ്പ്, ശരിയാണെങ്കിലും തെറ്റാണെങ്കിലും. വെറും പ്രബുദ്ധതയുടെ പര്യായങ്ങളല്ലല്ലോ മൈത്രിയോ സഹബോധമോ സഹകരണമോ ഒന്നും. കേരളത്തില്‍ കാണാത്ത സഹവര്‍ത്തിത്വം നമുക്കിവിടെയുണ്ട്. മധുരം, സുന്ദരം, ശാന്തം - ഗോവയെ ഈ വാക്കുകളിലൊതുക്കാം. തെളിനീര്. ശുദ്ധവായു. ഇനിയും വിഷം തീണ്ടിയിട്ടില്ലാത്ത പഴങ്ങളും പച്ചക്കറികളും. കേരളത്തില്‍ കണികാണാന്‍കൂടി കിട്ടാത്ത തുറസ്സുകള്‍. പച്ചപ്പിണ്റ്റെ പരഭാഗശോഭ. ഒന്നിനും ഓട്ടവും ചാട്ടവും തിരക്കും തെണ്ടലുമില്ല; വേണ്ട. പ്റായേണ അഴിമതി കുറഞ്ഞ കാര്യാലയങ്ങള്‍. കളവും കൊലയും അപൂര്‍വം. ഭാഷയെച്ചൊല്ലിയും ശൈലിയെച്ചൊല്ലിയും വേവലാതിയില്ല. വാമൊഴിവഴക്കത്തെച്ചൊല്ലി വെറുക്കപ്പെടുന്നവരുമില്ല. മലയാളികള്‍ക്കിടയില്‍, പ്റദേശികഭാഷയായ കൊങ്കണി സ്വായത്തമാക്കിയവരേറെ. ഈയിടെ ഇവിടത്തെ ഒരു മലയാളി അധ്യാപകന് നല്ലൊരു കൊങ്കണിക്കവിത രചിച്ചുചൊല്ലിക്കേട്ടു. എന്തിന്, നാട്ടുകാരുമായി വിവാഹബന്ധംവരെ സ്ഥാപിച്ചവരുണ്ട്. എന്തും ഉടുത്തും എന്തും എടുത്തും നടക്കാം. അയല്‍ക്കാരുടെ കണ്ണ് നമ്മുടെ നേര്‍ക്കില്ല. പേരിലും പെരുമാറ്റത്തിലും മുഖ:ഛായയിലും വരെ പലപ്പോഴും മലയാളികളെ നാട്ടുകാരില്‍നിന്നു തിരിച്ചറിയാതായിത്തുടങ്ങി. ഗോവയെന്ന പാലില്‍ മറുനാട്ടുകാര്‍ വെള്ളം ചേര്‍ക്കുമ്പോള്‍, മലയാളികള്‍ മധുരം ചേര്‍ക്കുന്നു. അതുകൊണ്ടാകാം, ഇടയ്ക്കെങ്ങോ പൊട്ടിമുളച്ച അപസ്വരങ്ങള്‍പോലും മങ്ങിമാഞ്ഞിരിക്കുന്നു. കവലകളില്‍ പരിഹാസവും പരദൂഷണവുമായി ചൊറിഞ്ഞുനില്‍ക്കുന്ന പീക്കിരികള്‍ ഇവിടെ അപൂര്‍വം. അറപ്പിക്കുന്ന തറരാഷ്ട്രീയമില്ല. ഹര്‍ത്താലില്ല, ബന്ദില്ല, പണിമുടക്കില്ല, പ്രചരണമില്ല, പിരിവില്ല, (അധിക)പ്രസംഗമില്ല, (മത)പ്രഭാഷണമില്ല, (ആഭാസ)പ്രകടനങ്ങളില്ല. പൊന്നില്‍കുളിച്ച് 'സീരിയല്‍'-മുഖവുമായി പമ്മിപ്പമ്മി നടക്കുന്ന പെണ്ണുങ്ങളില്ല. അകത്തുപോയതിണ്റ്റെ ഇരട്ടി പുറത്തുകാട്ടുന്ന കള്ളുകുടിയന്മാരില്ല. നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം നടത്താനോ അരിമണിയൊന്നു കൊറിക്കാനില്ലാതെ തരിവളയിട്ടു കിലുക്കാനോ മോഹിക്കുന്നവരില്ല. നിലവാരമൊക്കെ കുറെ കുറഞ്ഞതാകാം; പക്ഷെ ഇഷ്ടമുള്ള വിഷയങ്ങള്‍ പഠിക്കാനുള്ള വിദ്യാഭ്യാസസൌകര്യങ്ങള്‍ വേണ്ടുവോളം. ഗോവയിലെ ഏതു വിദ്യാഭ്യാസ സ്ഥാപനമെടുത്താലും മലയാളിക്കുട്ടികളെ കാണാം, പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസമേഖലകളില്‍. അടുത്തകാലത്തായി മലയാളം പഠിക്കാന്‍പോലുമുള്ള സൌകര്യങ്ങള്‍ ചെയ്തുവരുന്നു കേരളസമാജ-സംഗമങ്ങള്‍. പണ്ടു കുറെപ്പേര്‍ക്കു പുകവലിക്കാനും ചീട്ടുകളിക്കാനും ചിട്ടിപിടിക്കാനുമായിരുന്ന വേദികള്‍ ഇന്നു സജീവവും സര്‍ഗാത്മകവുമായിരിക്കുന്നു. എത്രപേര്‍ വിശ്വസിക്കും, ചെറുതെങ്കിലും ചിട്ടയായി ഒരു മലയാള ദിനപ്പത്രം ഇവിടെനിന്നിറങ്ങുന്നെന്ന്? വെറുതെയല്ല ഗോവയിലെ മലയാളികള്‍ നാട്ടിലേക്കു മടങ്ങാന്‍ മടിക്കുന്നത്. മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് ഗോവയെന്നൊരു നാടുകൂടിയുണ്ട് മലയാളികള്‍ക്ക്.
സിംപിള്‍ മലയാളി
".....കിളികൊഞ്ചും നാടിണ്റ്റെ ഗ്രാമീണശൈലി പുളിയിലക്കരമുണ്ടില്‍ തെളിയുന്നു..." എന്നത് വെറുമൊരു സിനിമാപ്പാട്ടല്ല. ശാലീനവും മധുരവുമായ ഒരു സംസ്കൃതിയിലേക്കാണ് ഈ ഗാനം നമ്മെ തിരിച്ചുനടത്തുന്നത്. പരിശുദ്ധമലയാളി എന്നൊരു വര്‍ഗമുണ്ടോ എന്നതും പരിശുദ്ധമലയാളമെന്നൊരു ഭാഷയുണ്ടോ എന്നതും തര്‍ക്കവിഷയമാകാം. എന്നാല്‍ അതിലളിതമായ നാടും ഭാഷയും ചിട്ടയും സംസ്കാരവും ഉണ്ടായിരുന്നൊരു ജനവിഭാഗമായിരുന്നു മലയാളികള്‍. ലളിതജീവിതം എന്നും മലയാളനാടിണ്റ്റെ മുഖമുദ്രയായിരുന്നു. "വെളുക്കുമ്പോള്‍ കുളിക്കേണം വെളുത്തമുണ്ടൂടുക്കേണം വെളുത്തകൊമ്പനാനപ്പുറത്തേറി നടക്കേണം" എന്നത് അരനൂറ്റാണ്ടുമുന്‍പുകൂടി സ്കൂള്‍പാഠമായിരുന്നു. വെളുപ്പാന്കാലത്തു മുങ്ങിക്കുളി. വൈകുന്നേരത്തെ 'മേല്‍ക്കഴുകല്‍'. അതു മലയാളികളുടെ ഒരു ദുശ്ശീലമായി കണക്കാക്കുന്നു മറുനാട്ടുകാര്‍. ഒത്തുവന്നാല്‍ ഒരു എണ്ണതേച്ചുകുളി. ഇടയ്ക്കെല്ലാമൊരു കാക്കക്കുളി. കാലങ്ങളോളം വെളുത്ത ഒറ്റമുണ്ടായിരുന്നു കേരളീയരുടെ വേഷം, ആണായാലും പെണ്ണായാലും. ഉണ്ടാക്കാന്‍ എളുപ്പം. ഉടുക്കാനോ അതിലും എളുപ്പം. ഒന്നുചുറ്റി ഒരു കുത്ത്; ധാരാളമായി. ചില പെണ്ണുങ്ങള് മറ്റൊരു ഒറ്റമുണ്ടുകൊണ്ട് മാറുമറച്ചിരുന്നു. കുറച്ചാണുങ്ങള് ഒരു രണ്ടാംമുണ്ട് തോളത്തുമിട്ടിരുന്നു. ആവശ്യമുണ്ടെങ്കില്‍ ഒരു തലേക്കെട്ട്; അതുമൊരു തുണിക്കണ്ടം. ആണുങ്ങള്‍ക്ക് ഒരു ശീലക്കഷ്ണം മതിയായിരുന്നു അടിയിലുടുക്കാന്‍; സ്ത്രീകള്‍ക്കോ ഒരു 'ഒന്നര'മുണ്ടും. "അച്ചിക്കുടുക്കാനും നായര്‍ക്കു പുതയ്ക്കാനും" എന്നു കളിയാക്കപ്പെട്ടിരുന്നു മലയാളികളുടെ വെള്ളമുണ്ട്. ഒരു തുന്നലുമില്ല, ചിത്രവേലയുമില്ല ഈ നാടന്‍വേഷത്തിന്. ഇതില്‍ 'തോര്‍ത്തു'മുണ്ടായിരുന്നു ലളിതരില്‍ ലളിതന്‍. ഇന്നും വെള്ളത്തോര്‍ത്തില്ലാത്ത ഒരു മലയാളിവീടു കാണില്ല. കല്യാണം പോലും ഒരു 'പുടമുറി'യിലൊതുങ്ങി; ചിലര്‍ക്കുമാത്രം താലികെട്ട്. ഓണക്കോടിയും വെള്ളമുണ്ടു തന്നെ. അക്കാലത്തെ 'പദ്മ'പുരസ്കാരം പോലും ഒരു 'കുത്ത്' പാവുമുണ്ടായിരുന്നുപോല്‍. പുടമുറി പോലെ തന്നെ ഒഴിമുറിയും എളുപ്പമായിരുന്നു. കൂട്ടുകുടുംബങ്ങളില്‍ ആണുങ്ങളും പെണ്ണുങ്ങളും അടുത്തിടപഴകി. ഇഷ്ടമുള്ളവര്‍ സ്വതന്ത്രമായി ഇണചേര്‍ന്നു. ഇഷ്ടമല്ലാഞ്ഞാല്‍ രാവോടുരാവിനു പിരിഞ്ഞു. സമ്മതമില്ലാത്ത സമ്മന്തമില്ലായിരുന്നു. വേണം എന്നതിനു വേണം എന്നും വേണ്ട എന്നതിനു വേണ്ട എന്നുമായിരുന്നു അര്‍ഥം. ആസ് സിംപിള്‍ ആസ് ദാറ്റ്. കാര്യങ്ങളുടെ മേല്‍നോട്ടത്തിനൊരു കാര്ന്നോര്. അറ്റ കൈക്കൊരു നാട്ടുകൂട്ടം, അല്ലെങ്കില്‍ നാടുവാഴി. വഴക്കും പുക്കാറുമെല്ലാം തുടങ്ങിയേടത്തുവച്ചേ തീരും. പെണ്ണുങ്ങള്‍ക്കായിരുന്നു വീടിണ്റ്റെ ചുമതല; ആണുങ്ങള്‍ക്കോ പുറംപണിയും. കുറഞ്ഞത് 'ഉടുക്കാനും തേയ്ക്കാനും' കൊടുക്കാനുള്ള കെല്പ്പു മതിയായിരുന്നു ആണിന് ആണത്തം കാട്ടാന്‍. ആര്‍ഭാടമൊന്നും ആര്‍ക്കും വേണ്ടായിരുന്നു. കുടിക്കാന്‍ ചുക്കുവെള്ളം, വേനലാണെങ്കില്‍ സംഭാരം. വെറും അരി വേവിച്ചൊരു കഞ്ഞി. തേങ്ങയും മുളകും ഇടിച്ചുചതച്ചൊരു ചമ്മന്തി. അല്ലെങ്കില്‍ മാങ്ങയോ നാരങ്ങയോ ഉപ്പിലിട്ടത്. പയറ്. അല്ലെങ്കില്‍ വെറുതെ കായും കിഴങ്ങും കൂട്ടിപ്പുഴുങ്ങിയ പുഴുക്ക്. അത്യാവശ്യത്തിനൊരു ചുട്ട പപ്പടം. ചിലപ്പോള്‍ ചോറ്, മോരൊഴിച്ച കൂട്ടാന്‍, ഉപ്പേരി. പിറ്റേദിവസം പഴഞ്ചോറ്. വല്ലപ്പോഴും പായസം. ഓണംവിഷുതിരുവാതിരയ്ക്കു സദ്യ. ഒന്നുവേവിച്ചാല്‍ പച്ചക്കറിത്തോരന്‍; എല്ലാമിട്ടുവേവിച്ചാല്‍ അവിയല്‍. വിശിഷ്ടാതിഥികള്‍വന്നാല്‍ അവല്-തേങ്ങ-ശര്‍ക്കര-പഴം; കുടിക്കാന്‍ കരിക്ക്. കഴിഞ്ഞു. വീട്ടിനുള്ളില്‍ കടക്കുന്നതിനു മുന്‍പ് കൈ-കാല്-മുഖംകഴുകല്‍. ആഹാരത്തിനുമുന്‍പും പിന്‍പും വായില്‍ വെള്ളം നിറച്ചു കുഴിക്കുഴിയല്‍. പല്ലുതേക്കാന്‍ ഉമിക്കരി. പല്ലുവേദനയ്ക്കു ഉപ്പും കുരുമുളകും. വായ വൃത്തിയാക്കാന്‍ മാവില; നാക്കുവടിക്കാന്‍ ഈര്‍ക്കില്‍പൊളി. വീണിടം വിഷ്ണുലോകം. കിടക്കാന്‍ ഒരു മുണ്ട്, അല്ലെങ്കില്‍ ഒരു തഴപ്പായ. അപൂര്‍വം കട്ടില്. ഒത്തുവന്നാല്‍ ഒരു മെത്തപ്പായ. ഉഷ്ണത്തിനു പനയോലവിശറി, ഓലക്കുട. ചെരിപ്പില്ലാനടത്തം. ചെരിപ്പാണെങ്കില് മരത്തടി. ഇരിക്കാന്‍ ചാണകത്തറ, ചാരുപടി, അരമതില്, മരപ്പലക. പൂജ്യര്‍ക്കുമാത്രം വെള്ളയും കരിമ്പടവും. തുണികള്‍ തൂക്കാന്‍ അഴ; അപൂര്‍വം മരപ്പെട്ടി. അടുക്കളയിലോ ചട്ടിയും കലവും കല്ലടുപ്പും ചിരട്ടക്കയിലും. കഞ്ഞികുടിക്കാന്‍ പ്ളാവില; ചോറുവിളമ്പാന്‍ വാഴയില. ആരാധനയ്ക്കൊരു കാവ്. അതില്‍ ഒരു കല്‍ക്കഷ്ണം വിഗ്രഹം. ഒരു കല്‍വിളക്ക്. അതില്‍ മുനിഞ്ഞുകത്തുന്ന തുണിത്തിരി. ഒരാലും അതിനൊരു ആല്‍ത്തറയും. സന്ധ്യക്കു വേണമെങ്കിലൊരു നാമജപം. വല്ലപ്പോഴുമൊരു പൂജ. തീര്‍ന്നൂ ദൈവികം. അസുഖം വന്നാല്‍ പഥ്യം. പച്ചമരുന്ന് വീട്ടുമരുന്ന്. നാട്ടുമരുന്ന്. ഒറ്റമൂലി. പിഴച്ചാല്‍ മരണം. 'പാവില്‍ പിഴച്ചാല്‍ മാവ്' എന്നു ചൊല്ല്. ഭാഷയോ അതിലളിതം, പച്ചമലയാളം. പാട്ടോ കിളിപ്പാട്ട്. കളി കൈകൊട്ടിക്കളി. ആട്ടം രാമനാട്ടം, കൃഷ്ണനാട്ടം, മോഹിനിയാട്ടം. എല്ലാത്തിനും മീതെ, 'ലോകമേ തറവാട്' എന്ന ചിന്ത. വഴിക്കെവിടെയോ ആ ലാളിത്യവും ആര്‍ജവവും കൈമോശം വന്നു. അന്നു നമ്മള് സിംപിള്‍ ആയിരുന്നു. ഇന്നു നമ്മള് സിംപിള്‍ട്ടണ്‍ ആയിമാറി.
'അമ്മയുടെ പുളിങ്കറി; ചിറ്റമ്മയുടെ കിണറ്റീച്ചാടി'
൧൯൬൦-൭൦കളിലെ ഭക്ഷ്യക്ഷാമം അതിതീവ്രമായി അനുഭവിച്ചറിഞ്ഞതാണ് എണ്റ്റെ തലമുറ. 'കോഴിറേഷ'ണ്റ്റെ കാലം. 'പുഴുക്കലരി = പുഴു + കല് + അരി' എന്ന് അന്നത്തെ നിര്‍വചനം. റേഷന്‍പച്ചരിയും റേഷന്‍ഗോതമ്പും റേഷന്‍പഞ്ചസാരയും റേഷന്‍മണ്ണെണ്ണയും കിട്ടിയില്ലെങ്കില്‍ ഒട്ടുമിക്ക വീടുകളിലെയും അടുപ്പുപുകയാത്ത കാലം. ഉള്ളതുകൊണ്ട് ഓണമുണ്ണാനും വീണിടം വിഷ്ണുലോകമാക്കാനും മലയാളിക്കെന്നേയറിയാം. അതിനാല്‍മാത്രം ഗോതമ്പുകഞ്ഞിയും പാല്‍പ്പൊടിപ്പാലും മക്രോണിപ്പായസവും ചോളപ്പൊടി-ഉപ്പുമാവും 'കണ്ടസാരി'ക്കാപ്പിയും 'തൈനാന്'-ചോറുമെല്ലാം അന്നത്തെ കണ്ടുപിടിത്തങ്ങളായി. 'ജനത'ഹോട്ടലുകളും 'ന്യായവില' ഷോപ്പുകളും തട്ടുകടകളും അക്കാലത്താണ് കേരളം കണികാണുന്നത്. അക്കാലത്താണ് കേരളീയര്‍ ചപ്പാത്തിയും പൂരിയും തിന്നു തുടങ്ങുന്നത്. സ്കൂളുകളിലെ ഉച്ചക്കഞ്ഞി പാടേ മുടങ്ങി. പകരം 'അമേരിക്കന്‍പൊടി'കൊണ്ടൊരു ഉപ്പുമാവും പൊടിപ്പാലുമായി. അതു കഴിച്ച് ഒരുമാതിരി കുട്ടികള്‍ക്കെല്ലാം മേലാസകലം ചൊറിയായി. 'കോഴിറേഷ'നെതിരെ കോളേജുകുട്ടികള്‍വരെ സമരത്തിനിറങ്ങി. "ഉള്ളിത്തൊലിപോലെ ദോശയുണ്ടാക്കി പൈസ പതിനഞ്ചു മേടി"ക്കുന്ന കഴുത്തറുപ്പന്‍-ഹോട്ടലുകാര്‍ക്കെതിരെ പ്രതിഷേധമായി. നിലവില്‍വന്ന 'പെര്‍മിറ്റ്-രാജ്' മുതലെടുത്ത പൂഴ്ത്തിവയ്പ്പുകാരും കരിഞ്ചന്തക്കാരുമായി ഗതിമുട്ടിയ നാട്ടുകാരുടെ സംഘട്ടനവുമായി. അതിനിടെ ഒരു 'ഫോളിഡോള്‍'-പ്രശ്നവും ഒരു 'എര്‍ഗോട്ട്'-പ്രശ്നവും കൂടിയായപ്പോള്‍ സംഗതി കലക്കി. ഒരു ഇറക്കുമതിക്കപ്പലിലെ പഞ്ചസാരയില്‍ 'ഫോളിഡോള്‍' എന്നൊരു വിഷം (കീടനാശിനി?) വീണത്രേ. എവിടെ വീണെന്നോ എത്ര വീണെന്നോ എവിടെയെല്ലാം വിഷം കലര്‍ന്ന ചരക്കുചാക്കുകള്‍ എത്തിപ്പെട്ടെന്നോ ഒരു വിവരവുമില്ലായിരുന്നു. നാട്ടിലാകെ പരിഭ്രാന്തിയായി. റേഷന്‍കിട്ടിയ പഞ്ചസാരയായ പഞ്ചസാര മുഴുവന്‍ കുഴികുത്തിമൂടേണ്ടിവന്നു. അത്യാവശ്യത്തിനുപുറത്ത് അവിശ്വാസം കയറിക്കൂടിയപ്പോള്‍ ജനങ്ങളുടെ ആശയറ്റു. അതൊരു കിംവദന്തി ആയിരുന്നിരിക്കാം, നുണക്കഥ ആയിരുന്നിരിക്കാം, ആരുടെയെങ്കിലും ക്രൂരതയായിരിക്കാം, ഒരു പക്ഷെ അബദ്ധവുമായിരിക്കാം. ഇറ്റുകഞ്ഞിയില്‍ പാറ്റകൂടി വീണപ്പോള്‍ ജനം പാറ്റയേക്കാള്‍ പിടഞ്ഞു എന്നതുമാത്രം സത്യം. റേഷന്‍ ഗോതമ്പില്‍ 'എര്‍ഗോട്ട്' എന്നൊരു വിഷവിത്തു കലര്‍ന്നതായിരുന്നു മറ്റൊരുഭീതി. വട്ടമിട്ടു കുമ്പിട്ടിരുന്ന് റേഷന്‍ഗോതമ്പില്‍നിന്ന് ആ വിഷവിത്തെല്ലാം പെറുക്കിമാറ്റിയിരുന്നത് ഇന്നും ഓര്‍മയുണ്ട്. അരിയില്‍നിന്നും ഗോതമ്പില്‍നിന്നും കല്ലിനും ചെളിക്കട്ടയ്ക്കും പുഴുവിനും പുറമെ, പല്ലുപോലത്തെ 'ബാജ്ര'യെന്ന ധാന്യവും എടുത്തുകളയണമായിരുന്നു. നാട്ടിന്‍പുറങ്ങളെങ്കിലും ജാതി-മത-സ്ഥാന-മാനഭേദമെന്യേ ഉള്ളതു പങ്കിടാനൊരു സല്‍ബുദ്ധിക്കു സാക്ഷ്യംവഹിച്ചു. നാഴി അരിക്കോ ഒരുപാത്രം പഞ്ചസാരയ്ക്കോ ഒരു ഗ്ളാസ്സ് മോരിനോ, എന്തിന് ഒരുതവണത്തേയ്ക്കു റേഷന്‍കാര്‍ഡിനോ വന്നുചോദിക്കുന്നവര്‍ നിരാശരായി മടങ്ങിയില്ല. ഉള്ളവര്‍ കൊടുത്തു; ഇല്ലാത്തവര്‍ വാങ്ങി. പണമുണ്ടായിരുന്നവരുടെയും പണമില്ലായിരുന്നവരുടെയും ദാരിദ്ര്യം ഒന്നുപോലെയായി. അരിമണിയൊന്നു കൊറിക്കാനില്ലെങ്കിലും തരിവളയിട്ടു കിലുക്കാന്‍ മോഹിക്കുന്ന മലയാളിമനസ്സിനൊരപവാദമായിരുന്നു അക്കാലം. ചോറ്റുപാത്രംനോക്കി "ഇന്നെന്താ കറി?" എന്ന ചോദ്യത്തിനുത്തരം, "ഇന്നൊന്നുമില്ല" എന്നു തുറന്നു പറഞ്ഞിരുന്നു വീട്ടുകാറ്. അയല്‍കുട്ടികള്‍, തമാശയായി "അമ്മേടെ പ്ളുങ്കറി" എന്ന്, നിത്യ(അ)സാധാരണമായ പേരില്ലാക്കൂട്ടാനു പേരുവച്ചു. അതുമല്ലെങ്കില്‍ "ചിറ്റമ്മേടെ കെണറ്റീച്ചാടി". മോര് കിണറ്റില്‍ ചാടിയാല്‍ എങ്ങനെയുണ്ടാകും, അതുതന്നെ 'കിണറ്റില്‍ചാടി' എന്ന 'ഒഴിച്ചുകൂട്ടാന്‍'! പുസ്തകങ്ങളേക്കാള്‍ വിലപ്പെട്ടതായിരുന്നു അന്നൊക്കെ പൊതിച്ചോറ് അല്ലെങ്കില്‍ ചോറ്റുപാത്രം. ഞാന്‍ പഠിച്ചിരുന്ന മഹാരാജാസ് കോളേജില്‍ അവ 'കളവു'പോകുമായിരുന്നു. പാത്രമാണെങ്കില്‍ കഴുകിത്തുടച്ചതു തിരികെ കിട്ടും. അതൊരു പാഠമായിത്തീര്‍ന്നു എണ്റ്റെ ജീവിതത്തില്‍. ഇന്നും ഒരു വറ്റു വെറുതെ കളയാന്‍ എനിക്കു മനസ്സുവരാറില്ല; ഞാന്‍ അനുവദിക്കുകയുമില്ല. കേരളത്തിനു പുറത്ത് ഐശ്വര്യമായിരുന്നു എന്നല്ലേയല്ല. അന്നത്തെ ബോംബെയില്‍ ഒരു ഊണിന് ഒറ്റത്തവണയേ ചോറു വിളമ്പൂ; ആഴ്ചയിലൊരുദിവസം ചോറുമുണ്ടാകില്ല. ബോംബേക്കാര് പലരും നാട്ടിലെ റേഷനരി സ്വരൂപിച്ച് തലയണയിലൊളിപ്പിച്ച് മടക്കവണ്ടിക്കു കൊണ്ടുപോയിരുന്നുപോല്‍. തമിഴ്നാട്ടില്‍ 'പിടിയരി'പ്രയോഗം നടപ്പിലാക്കി; ആവശ്യമുള്ള അരിയെടുത്ത് ഒരുപിടി തിരിച്ചിടുക എന്നൊരു രീതി. കല്‍ക്കത്തയിലോ കത്തിത്തീരാത്ത ഒരുതരി കല്‍ക്കരിക്കായി വീട്ടുകാര്‍ പുറത്തെറിയുന്ന ചാരത്തില്‍, കൊടുംമഴയത്ത് കയ്യിട്ടുതിരയുന്ന പട്ടിണിക്കോലങ്ങളെവരെ കണ്ടിട്ടുണ്ട്. ഗോവയില്‍ രണ്ടുവാളന്‍ ('മോഡ്') അളന്നുമുറിച്ചേ ചോറുകിട്ടൂ ഹോട്ടലുകളില്‍ അന്ന്. കര്‍ണാടകത്ത് മെച്ചപ്പെട്ട അരി കിട്ടിയിരുന്നു; പക്ഷെ കള്ളക്കടത്തായി കണ്ണുവെട്ടിച്ചുവേണ്ടിയിരുന്നു പുറത്തുകൊണ്ടുപോകാന്‍. ആന്ധ്രപ്പച്ചരിക്കു പൊന്നുവിലയായിരുന്നു. ആ പഞ്ഞക്കാലം ഇനി നമുക്കു കാണേണ്ടിവരില്ല. പിന്നീടുപിഴച്ചെങ്കിലും ഹരിതവിപ്ളവം ഒരു തലമുറയെ പട്ടിണിയില്‍നിന്നു രക്ഷിച്ചു. ശ്വേതവിപ്ളവം പിന്തലമുറയെ പാലൂട്ടിപ്പാലിക്കുന്നു. നീലവിപ്ളവം വരുംതലമുരയെ പരിപോഷിപ്പിക്കുമെന്നാശിക്കാം. ഇന്നിപ്പോള്‍ 'മില്‍മ'യുടെ നന്മയായി. 'ലാഭം'-കടകളായി. 'നീതി'-സ്റ്റോറുകളായി. 'മാര്‍ജിന്‍-ഫ്രീ'-യായി. പുലാവായി, ബട്ടൂരയായി, മഞ്ചൂറിയനായി, കുര്‍മയായി, ഷവര്‍മയായി, മന്തിയായി, നൂഡില്‍സ് ആയി, കോളയായി, നീരയായി.....നിറപറയായി. "മൂശേട്ടേം മക്കളും പോ, പോ; ശ്രീദേവീം മക്കളും വാ, വാ" എന്ന വായ്ത്താരി മുഴങ്ങട്ടെ നാടെങ്ങും.
വണ്ടീ, നിന്നെപ്പോലെ വയറിലെനിക്കും തീ!
പട്ടിക്കു വാല് എന്നപോലെയാണ് ഗോവക്കാര്‍ക്കു വണ്ടി. ഭാരതത്തില്‍ പ്രതിശീര്‍ഷവരുമാനത്തില്‍ ഒന്നാംകിടക്കാരായ ഗോവക്കാര്‍, പ്രതിശീര്‍ഷവാഹനത്തിലും ഒന്നാംനിരയിലാണ്. വണ്ടിയില്ലാതെ ഗോവാജീവിതം ഒരടി നീങ്ങില്ല. അതിരാവിലെ റൊട്ടിക്കാരണ്റ്റെ സൈക്കിള്‍. പിന്നെ മീന്‍കാരണ്റ്റെ മോപെഡ്. പത്രക്കാരണ്റ്റെ ബൈക്ക്. സ്കൂള്‍കുട്ടികളുടെ സ്കൂട്ടര്‍. ജോലിക്കുപോകുന്നവരുടെ ബസ്സ്. ജോലിക്കുപോകാത്തവരുടെ മോട്ടോര്‍ബൈക്ക്. പണക്കാരുടെ കാറ്. ലോട്ടറിക്കാരുടെ മുച്ചക്രവണ്ടി. പഴം-പച്ചക്കറിക്കാരുടെ ഉന്തുവണ്ടി. കോണ്ട്രാക്റ്റര്മാരുടെ ലോറി. മണ്ണുമാന്തി. പെട്ടി ഓട്ടോ. പൈലറ്റ്. ബോട്ട്. ബാര്‍ജ്. കപ്പല്‍. വിമാനം. കൊങ്കണ്‍റെയില്‍വേ വന്നതുമുതല്‍ തെക്കുവടക്കു തീവണ്ടിയും. വീട്ടില്‍ ഒരുവണ്ടിയെങ്കിലുമില്ലാത്ത ഒരു ഗോവക്കാരനെ കാണിച്ചുതരാമോ? എഴുപതുകളില്‍ ഞാന്‍ ഗോവയില്‍ വരുന്ന കാലത്ത് എന്നെ ഏറ്റവും ആശ്ചര്യപ്പെടുത്തിയത് ഇവിടത്തെ സൈക്കിളുകളുടെയും വിദേശവണ്ടികളുടെയും എണ്ണപ്പെരുപ്പമായിരുന്നു. സൈക്കിളില്ലാത്ത ഒരാണ്‍കുട്ടിയോ പെണ്‍കുട്ടിയോ ഇല്ലായിരുന്നു. പഠിക്കാന്‍ പോകുന്നതും കളിക്കാന്‍ പോകുന്നതും മീന്‍കണ്ണിയെ മടിയിലേറ്റി ഊരുചുറ്റുന്നതും സൈക്കിളില്‍. പഞ്ചിമില്‍ ഓടിയിരുന്നത് 'കരിയേറ'യെന്ന മൂക്കുള്ള പെട്റോള് ബസ്സ്, നാട്ടില്‍ അന്‍പതുകളിലുണ്ടായിരുന്ന 'കോമര്'-ബസ്സുകള്‍ പോലെ. ടാക്സികളെല്ലാം ഡോഡ്ജും, ഷെവറ്‍ലേയും ഇമ്പാലയും മറ്റും മറ്റും. മിക്കതും ഇടംകൈ-ഡ്രൈവ്. കുലുങ്ങിപ്പായുന്ന ബെന്‍സ്-സുന്ദരികള്‍. കുണുങ്ങിയോടുന്ന ഫോക്സ്വാഗണ്-മൂട്ടകള്‍. ഹോണ്‍ഡ, ബി എം ഡബ്ള്യു ബൈക്കുകള്‍. സറ്‍ക്കാര്‍വണ്ടികള്‍ മാത്രം അംബാസ്സഡര്‍, പിന്നെ കുറെ സ്വകാര്യ-ഫിയറ്റുകള്‍. പൊട്ടിപ്പൊളിഞ്ഞ കുറെ ലാംബ്രറ്റ ഓട്ടോ. അപൂര്‍വം വെസ്പ സ്കൂട്ടര്‍. ഡ്രൈവിംഗ് പഠിപ്പിക്കുന്നതുപോലും ഇടവും വലവും ഡ്രൈവിങ്ങ്-വീലുള്ള ഫോക്സ്-വാഗണില്‍. പശുക്കളെ മേയ്ച്ചിരുന്നതു പുറകെ ബൈക്കില്‍ചെന്ന്. പന്നികളെ കെട്ടിക്കൊണ്ടുപോയിരുന്നത് ബൈക്കില്‍. മീന്‍ വാങ്ങിവരുന്നതു ബൈക്കില്‍. സൈക്കിളിലും ബൈക്കിലുമായി ഇടവകതോറും പാതിരിമാര്‍. പ്രത്യേകിച്ചും പറയേണ്ടത് 'പൈല'റ്റുകളെപ്പറ്റിയാണ്. ഇന്ത്യയില്‍ വേറൊരിടത്തും കണാത്ത ഇരുചക്രടാക്സികള്‍. ആണ്-പെണ്‍ഭേദമില്ലാതെ ആരും അതിണ്റ്റെ പിന്നില്‍കയറി യാത്രചെയ്യും. കൊച്ചുദൂരത്തിനു കൊച്ചുവണ്ടി; കൊച്ചുകാശും മതിയാകും. അന്തസ്സുള്ള പെരുമാറ്റവും അപകടമില്ലാത്ത യാത്രയും. ബോംബെ-ഗോവ റൂട്ടിലോടിപ്പഴകിയ ബസ്സുകളായിരുന്നു ടൌണ്‍ബസ്സുകള്‍. അതിനാല്‍ പതുപതുത്ത സീറ്റുകളായിരുന്നു ബസ്സുകളിലെല്ലാം. ഇറങ്ങുന്നേടത്തൊരു കണ്ണാടി. അതുനോക്കി മുടിയൊന്നു നേരെയാക്കാതെ ഒരൊറ്റക്കുഞ്ഞും ബസ്സുവിട്ടിറങ്ങില്ല! അതൊരു കാലം. അപകടങ്ങളോ അതിവിരളം. എല്ലാമൊരു 'അഡൂറ്‍'സിനിമകണക്കല്ലേ ഇഴഞ്ഞു നീങ്ങിയിരുന്നത്; കൂട്ടിയിടിച്ചാലും ഇത്രയ്ക്കല്ലേയുള്ളൂ. എഴുപതുകളില്‍ ടൂറിസം തലയ്ക്കടിച്ചപ്പോഴാണ് വണ്ടിക്കാര്യങ്ങള്‍ തലകീഴായത്. ആവശ്യത്തേക്കാള്‍ ടാക്സികള്‍ പെരുകി. ആവശ്യത്തിനൊത്ത് പൊതുഗതാഗതസൌകര്യങ്ങള്‍ വര്‍ദ്ധിച്ചുമില്ല. മുടക്കിയ കാശുമുതലാക്കാന്‍ നിരക്കുകള്‍ കൂട്ടി. സമയത്തിനും സൌകര്യത്തിനുമൊത്തു ബസ്സുകളുമില്ലാതായി. അങ്ങനെ സ്വകാര്യവാഹനങ്ങളുടെ എണ്ണം പെരുകി. അതൊരു ഹരമായി യുവാക്കള്‍ക്ക്. കാല് നടക്കാനല്ലെന്നും റോഡു പറക്കാനാണെന്നും അവര്‍ കരുതി. ആദ്യമെല്ലാം പറക്കാന്‍പറ്റുന്ന റോഡുകള്‍ തന്നെയായിരുന്നു ഗോവയില്‍. പിന്നീടതെല്ലാം താറുമാറായി. ഹെല്‍മെറ്റ്, പിന്‍കണ്ണാടി, സിഗ്നല്‍ വിളക്കുകള്‍, നമ്പര്‍പ്ളേറ്റ്, ലൈസന്‍സ് ഇവയെല്ലാം നിഷിദ്ധവുമായി. രണ്ടുചക്രവും ഒരു ഹോണുമുണ്ടെങ്കില്‍ എന്തുമാകാം എന്നായി. പെട്റോള് എന്നാല്‍ പച്ചവെള്ളം പോലെയായി പയ്യന്മാര്ക്ക്. പലകാലങ്ങളിലായി പലേടങ്ങളിലായി പലപല വണ്ടികള്‍ ഓടിച്ചിട്ടുണ്ടെങ്കിലും ഗോവയിലെ റോട്ടിലെ വണ്ടിപ്പരവേശം എന്തെന്നും എന്തിനെന്നും പിടികിട്ടിയിട്ടില്ല പൂറ്ണമായി. വലത്തെ റോഡിലേയ്ക്കു പോകാന്‍ വലതുവശത്തേയ്ക്കു തെന്നിനീങ്ങും; ഇടത്തെ റോഡിലേയ്ക്കു പോകാനും വലത്തോട്ടൊന്നു വെട്ടിക്കും. മുന്പിലെ വണ്ടിയുടെ ഇടത്തുകൂടെ കുത്തിക്കേറ്റും. മുന്‍പിലൊരു വണ്ടികണ്ടാല്‍ വേഗംകൂട്ടും. മുന്നില്‍ ചെന്ന ഉടന്‍ വേഗം കുറയ്ക്കും; അല്ലെങ്കില്‍ വെട്ടിച്ചൊടിക്കും. വേഗം കൂട്ടേണ്ടിടത്തു വേഗം കുറയ്ക്കും; വേഗം കുറയ്ക്കേണ്ടിടത്തു വേഗം കൂട്ടും. വിളക്കിട്ടാല്‍ കെടുത്തില്ല. വിളക്കില്ലെങ്കില്‍ ഒരു ചുക്കുമില്ല. വഴിയിലിറങ്ങിയിട്ടേ എവിടെപ്പോകണമെന്നു തീരുമാനിക്കൂ; ആ തീരുമാനം മാറാന്‍ അധികം സമയവും വേണ്ട. അടുത്ത കാലത്തായി കാണുന്ന ഒരു കാഴ്ചയാണ്. രാവിലെ, എന്നുവച്ചാല്‍ ഉച്ചയ്ക്കുമുന്പ് എപ്പോഴെങ്കിലും, വായിലൊരു ടൂത്-ബ്രഷും കുത്തിവച്ചൊരു വണ്ടിക്കറക്കം. പാലും പാവും വാങ്ങാന്‍മുതല്‍, അമ്മമാരടക്കം, സ്കൂളില്‍ കുട്ടികളെ ഇറക്കിവിടാന്‍ വരെ. ഏണിയും കോണിയും പൈപ്പും പണിസാധനങ്ങളുംകൊണ്ട് കൊച്ചുപണിക്കാരുടെ പരക്കംപാച്ചില്‍ വേറെ. ഉച്ചയ്ക്കു മീന്‍തൊട്ടുകൂട്ടാന്‍ വീട്ടിലേയ്ക്കു വച്ചുപിടിക്കുന്നവര്‍ വേറെ. ഉച്ചമയങ്ങിയാല്‍ ഉറക്കംതൂങ്ങി (ഉറക്കമല്ല, 'ഉറാക്ക്') വഴിയിലിഴയുന്നവര്‍ വേറെ. വൈകീട്ടു പുലരുംവരെ വെറുതെയെങ്കില്‍ വെറുതെയൊന്നു വണ്ടിയില്‍ ചുറ്റുന്നവര്‍ വേറെ. ഇപ്പോഴത്തെ ഹരമാണ് 'വീലിംഗ്' എന്നൊരു കൈവിട്ട കളി. കൂട്ടംകൂട്ടമായി കണ്ടിടത്തുനിന്നെല്ലാം ഓടിക്കൂടും തടിമാടന്‍മാറ്‍. വലിഞ്ഞിഴഞ്ഞും അലറിപ്പാഞ്ഞും വട്ടംചുറ്റിയുമെല്ലാമുള്ള കലാപരിപാടി കുറച്ചുനേരമുണ്ടാകും. ചിലര്‍ക്കെല്ലാം 'റിയര്‍-എഞ്ചിന്' ആയി സുന്ദരിക്കുട്ടികളും കൂട്ടുണ്ടാകും. ഹണിമൂണ്‍കാരാണെങ്കില്‍ അറപ്പുരവാതില്‍ തുറന്നുവച്ചാകും കാമകേളി. നമ്മള് വണ്ടിയൊന്നുപാര്‍ക്കുചെയ്തു മാറിയാല്‍ തീര്‍ന്നു, മുന്‍പിലും പിന്പിലും വശങ്ങളിലുമായി ഇരുകാലന്‍മാരും നാല്‍ക്കാലന്‍മാരും വഴിമുടക്കാന്‍ നിരന്നിട്ടുണ്ടാകും. മറ്റുള്ളവരുടെ ബൈക്കുകള്‍ വലിച്ചുപുറത്തിട്ട്, സ്വന്തം വണ്ടി കുത്തിത്തിരുകുന്ന വിരുതന്മാരുമുണ്ട്. ഒന്നു പുറത്തിറങ്ങിയാല്‍ ജീവന് പോയാലും വേണ്ടില്ല, കൈകാലൊടിഞ്ഞു അറ്‍ദ്ധപ്റാണനായിത്തീരരുതേ എന്നേ ആശിക്കാനാകൂ. ഓടിക്കുമ്പോള്‍ "വണ്ടീ, വണ്ടീ നിന്നെപ്പോലെ വയറിലെനിക്കും തീയാണ്..... "
Subscribe to:
Posts (Atom)
മൗനവ്രതം
മൗനവ്രതം (നാരായണസ്വാമി) പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...
-
അന്നെനിക്കു പതിനേഴോ പതിനെട്ടോ പ്രായം. മഹാരാജാസ് കോളേജിൽ മലയാളം ഐച്ഛികം ക്ളാസ്സ്. ഗുപ്തൻനായർസാർ ക്ളാസ്സു കത്തിച്ചുകയറുന്നു. ...
-
എനിക്കു മനസ്സിലാകാത്ത ഒരുപാടു കാര്യങ്ങളുണ്ട് ലോകത്ത്. അതിലൊന്നാണ് വർണം , നിറം , കളർ എന്നെല്ലാം നമ്മൾ പറഞ്ഞുകൂട്ടുന്ന തൊലിപ്പുറസംഗതി. ...
-
1964-65. 'ഹിന്ദി വേണ്ട'-സമരം കൊടുമ്പിരികൊണ്ട കാലം. ഞങ്ങളുടെ സ്കൂളിനുവെളിയില്‍ ഒരു ചുമരെഴുത്തു പ്രത്യക്ഷപ്പെട്ടു: 'നക്ക നക്ക ഹിന...