Sunday, 27 September 2015

മാമലകള്‍ക്കപ്പുറത്ത്‌ മരതകപ്പട്ടുടുത്ത്‌

മാമലകള്‍ക്കപ്പുറത്ത്‌ മരതകപ്പട്ടുടുത്ത്‌, മലയാളികള്‍ക്ക്‌ മറ്റൊരു നാടുണ്ട്‌; ഗോവ. നാളികേരത്തിണ്റ്റെ നാട്ടില്‍ നാഴിയിടങ്ങഴി മണ്ണും അതില്‍ നാരായണക്കിളിക്കൂടുപോലുള്ളൊരു വീടും ഉള്ളവര്‍പോലും, ഒരിക്കല്‍ ഈ നാട്ടില്‍ വന്നുപെട്ടാല്‍ തിരിച്ചു ചേക്കേറാന്‍ മടിക്കുന്നു. എന്തിനു മലയാളികളെ മാത്രം പറയണം? ഭാരതത്തിലെ വടക്കന്‍മാരും കിഴക്കന്‍മാരും ഗോവയില്‍ സ്ഥിരതാമസമാക്കുന്നു; അല്ലെങ്കില്‍ സ്ഥിരതാമസമാക്കാന്‍ താല്‍പര്യപ്പെടുന്നു. അതിനുകാരണം വെറും മണ്ണും പെണ്ണും പൊന്നും കള്ളും കഞ്ചാവുമൊന്നുമല്ല. കുറെ പാശ്ചാത്യര്‍ക്കും പണച്ചാക്കുകളായ പ്രബലവ്യക്തികള്‍ക്കും ഒരുപക്ഷെ ഗോവ ഒരു പരദേശഭ്രമമായിരിക്കാം. എന്നാല്‍ അരലക്ഷത്തിലധികം കേരളീയര്‍ സ്വന്തം 'ഇല്ലം' വിട്ട്‌ ഗോവയെ 'അമ്മാത്താ'ക്കുന്നതിനു പ്രത്യേക കാരണം കാണണം. ഗോവയുടെ മൊത്തം ജനസംഖ്യ വെറും പതിനഞ്ചു ലക്ഷമാണെന്നോര്‍ക്കുക. 'ഹോര്‍ത്തൂസ്‌-മലബാറിക്കൂസ്‌' കാലഘട്ടത്തുതന്നെ കേരളവും കൊങ്കണ്‍ദേശവുമായുള്ള ബന്ധം കാണാം; അതിനുമുന്‍പും ഉണ്ടായിരുന്നിരിക്കണം. ഗോവക്കാര്‍ പോച്ചുഗീസുകാരെപ്പേടിച്ച്‌ കേരളത്തിലേയ്ക്കു പലായനം ചെയ്യുന്നതിനു മുന്‍പേതന്നെ കേരളദേശവും കൊങ്കണ്‍ദേശവും തമ്മില്‍ ബന്ധപ്പെട്ടിരിക്കണം. കാരണം പരശുരാമന്‍ തെക്കോട്ടു മഴുവെറിഞ്ഞ്‌ കേരളക്കര ഉണ്ടാക്കിയെന്ന ഐതിഹ്യംപോലെ, പരശുരാമന്‍തന്നെ മഴു വടക്കോട്ടെറിഞ്ഞുണ്ടാക്കിയതാണ്‌ ഗോവ എന്നൊന്നും പ്രചാരത്തിലുണ്ട്‌. ൧൯൬൨-ഡിസംബറില്‍ ഗോവ പോര്‍ച്ചുഗീസുകാരില്‍നിന്നു സ്വതന്ത്രമായതിനുശേഷമാണ്‌ മലയാളികള്‍ കാര്യമായി ഗോവയിലെത്തിത്തുടങ്ങിയത്‌. ഉദ്യോഗസ്ഥരായും തൊഴിലാളികളായും അധ്യാപകരായും ബിസിനസ്സുകാരായും അവര്‍ ചേക്കേറി. ഒരുകാലത്ത്‌, എഴുപതുകളില്‍, ഗോവയുടെ മര്‍മസ്ഥാനങ്ങളിലെല്ലാം മേധാവികള്‍ മലയാളികളായിരുന്നു. ഇന്നും ബഹുമാനപൂര്‍വം ഓര്‍മിക്കപ്പെടുന്ന അധ്യാപകറ്‍ ഒരുപാടുണ്ട്‌. മടിയന്‍മാരായ ഗോവക്കാര്‍ക്കും കഴിവുകുറഞ്ഞ കന്നഡപ്പണിക്കാര്‍ക്കുമിടയില്‍ വിദ്യാഭ്യാസവും കൈത്തഴക്കവുമുള്ള മലയാളിത്തൊഴിലാളികള്‍ മികച്ചു നിന്നു. കൊച്ചുകച്ചവടത്തില്‍തുടങ്ങി പേരുകേട്ട ബിസിനസ്സുകാരായവര്‍ ഏറെ. ഇന്നും സംസ്ഥാനസര്‍ക്കാരിണ്റ്റെയും കേന്ദ്രസര്‍ക്കരിണ്റ്റെയും സുരക്ഷാസ്ഥാപനങ്ങളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും തലപ്പത്തും അടിത്തട്ടിലുമെല്ലാം കേരളീയരെ കാണാം. തങ്ങളുടെ ആചാരവിശേഷങ്ങള്‍ അടിയറ വെയ്ക്കാതെ ഗോവയുടെ തനതുസംസ്കാരത്തോടു താദാത്മ്യംനേടി അവറ്‍ ഒറ്റയ്ക്കും തെറ്റയ്ക്കും സന്തോഷത്തോടെ ജീവിച്ചുപോരുന്നു. കേരം, 'കേരള'മെന്ന പേരിനു നിദാനമാണെങ്കില്‍ ഗോവയും കേരത്തിണ്റ്റെ കൊത്തളം തന്നെ. ആദ്യമായി ഗോവയെക്കാണുമ്പോള്‍ 'ഇതു കേരളം പോലെ തന്നെ' എന്നു പറയാത്തവര്‍ ചുരുക്കം. കേരളംകഴിഞ്ഞാല്‍ അതിനൊപ്പം, ഒരുപക്ഷെ അതിനേക്കാള്‍ കൂടുതല്‍, തെങ്ങും തേങ്ങയും ഉപയോഗിക്കുന്നവര്‍ കൊങ്കണസ്ഥരാണ്‌, ആഹാരത്തിനും എണ്ണയ്ക്കും കത്തിക്കാനും പുര മേയാനും കമ്പുനാട്ടാനും കയിലുണ്ടാക്കാനും പാലമിടാനും അലങ്കാരത്തിനും എല്ലാം എല്ലാം. തെങ്ങിനെപ്രതി വിരഹദു:ഖം കേരളീയര്‍ക്കില്ലിവിടെ. പിന്നെ ഗോവയിലെ പുഴുക്കലരി. അരിയെ സംബന്ധിച്ച്‌ മലയാളികള്‍ക്കുമാത്രമേയുള്ളൂ പരാതിയേതുമില്ലാതെ. ഇവിടത്തെ അരി പുഴുക്കലരി. പച്ചരിവേണമെങ്കില്‍ അതിനുമില്ല പഞ്ഞം. കഞ്ഞി ഒരു നിഷിദ്ധഭോജ്യവുമല്ല ഗോവയില്‍; വിശിഷ്ടഭോജ്യമാണുതാനും! മലയാളിയുടെ പച്ചക്കറികളായ കായും ചേനയും ചേമ്പും താളും കൂര്‍ക്കയും കാച്ചിലും കാവത്തും കിഴങ്ങും വെള്ളരിയും പാവലും പടവലവും പിണ്ടിയും കുടപ്പനും വെണ്ടയും അമരയ്ക്കയും ചക്കയും മാങ്ങയും ഇടിച്ചക്കയും കടച്ചക്കയും മുരിങ്ങയും അച്ചിങ്ങയും കറിവേപ്പിലയും 'കിളവ'നാണെങ്കിലും 'ഇളവ'നും (കുമ്പളങ്ങ) ഒന്നും അന്യമല്ലിവിടെ. മട്ടനും കുട്ടനും പോത്തും പോര്‍ക്കും മീനും കൊഞ്ചും എല്ലാം സുലഭമാണിവിടെ. ആഹാരത്തെച്ചൊല്ലി ആരും കേരളക്കരയിലേക്കു മടങ്ങിയതായി അറിവില്ല. മഞ്ഞും മഴയും വെയിലും, അല്‍പം കൂടുതലാണെങ്കിലും, കേരളീയര്‍ പരിചയിച്ച ഇടിമിന്നലും ഈര്‍പ്പവും ഇളംതെന്നലും ഇവിടെയുമുണ്ട്‌ ഗോവയില്‍. മലനാടും ഇടനാടും തീരനാടും കുട്ടനാടും കണ്ടലും ചതുപ്പും ഇവിടെ പുനര്‍ജീവിച്ചിട്ടുണ്ട്‌. ഭൌതിക-ജീവിതസൌകര്യങ്ങളെപ്പോലെ പ്രധാനമാണല്ലൊ വിശ്വാസപ്രമാണങ്ങളുടെ തനിമയ്ക്കും സ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണം. അന്യോന്യം സ്നേഹവും ബഹുമാനവും, നാട്ടുകാരും വരത്തുകാരും തമ്മില്‍ ഇന്നും കാത്തുസൂക്ഷിക്കുന്നു. കേരളത്തിലെ വിവിധമതസ്ഥര്‍ പ്രബുദ്ധരാണെന്നാണു വെയ്പ്പ്‌, ശരിയാണെങ്കിലും തെറ്റാണെങ്കിലും. വെറും പ്രബുദ്ധതയുടെ പര്യായങ്ങളല്ലല്ലോ മൈത്രിയോ സഹബോധമോ സഹകരണമോ ഒന്നും. കേരളത്തില്‍ കാണാത്ത സഹവര്‍ത്തിത്വം നമുക്കിവിടെയുണ്ട്‌. മധുരം, സുന്ദരം, ശാന്തം - ഗോവയെ ഈ വാക്കുകളിലൊതുക്കാം. തെളിനീര്‍. ശുദ്ധവായു. ഇനിയും വിഷം തീണ്ടിയിട്ടില്ലാത്ത പഴങ്ങളും പച്ചക്കറികളും. കേരളത്തില്‍ കണികാണാന്‍കൂടി കിട്ടാത്ത തുറസ്സുകള്‍. പച്ചപ്പിണ്റ്റെ പരഭാഗശോഭ. ഒന്നിനും ഓട്ടവും ചാട്ടവും തിരക്കും തെണ്ടലുമില്ല; വേണ്ട. പ്റായേണ അഴിമതി കുറഞ്ഞ കാര്യാലയങ്ങള്‍. കളവും കൊലയും അപൂര്‍വം. ഭാഷയെച്ചൊല്ലിയും ശൈലിയെച്ചൊല്ലിയും വേവലാതിയില്ല. വാമൊഴിവഴക്കത്തെച്ചൊല്ലി വെറുക്കപ്പെടുന്നവരുമില്ല. മലയാളികള്‍ക്കിടയില്‍, പ്റദേശികഭാഷയായ കൊങ്കണി സ്വായത്തമാക്കിയവരേറെ. ഈയിടെ ഇവിടത്തെ ഒരു മലയാളി അധ്യാപകന്‍ നല്ലൊരു കൊങ്കണിക്കവിത രചിച്ചുചൊല്ലിക്കേട്ടു. എന്തിന്‌, നാട്ടുകാരുമായി വിവാഹബന്ധംവരെ സ്ഥാപിച്ചവരുണ്ട്‌. എന്തും ഉടുത്തും എന്തും എടുത്തും നടക്കാം. അയല്‍ക്കാരുടെ കണ്ണ്‌ നമ്മുടെ നേര്‍ക്കില്ല. പേരിലും പെരുമാറ്റത്തിലും മുഖ:ഛായയിലും വരെ പലപ്പോഴും മലയാളികളെ നാട്ടുകാരില്‍നിന്നു തിരിച്ചറിയാതായിത്തുടങ്ങി. ഗോവയെന്ന പാലില്‍ മറുനാട്ടുകാര്‍ വെള്ളം ചേര്‍ക്കുമ്പോള്‍, മലയാളികള്‍ മധുരം ചേര്‍ക്കുന്നു. അതുകൊണ്ടാകാം, ഇടയ്ക്കെങ്ങോ പൊട്ടിമുളച്ച അപസ്വരങ്ങള്‍പോലും മങ്ങിമാഞ്ഞിരിക്കുന്നു. കവലകളില്‍ പരിഹാസവും പരദൂഷണവുമായി ചൊറിഞ്ഞുനില്‍ക്കുന്ന പീക്കിരികള്‍ ഇവിടെ അപൂര്‍വം. അറപ്പിക്കുന്ന തറരാഷ്ട്രീയമില്ല. ഹര്‍ത്താലില്ല, ബന്ദില്ല, പണിമുടക്കില്ല, പ്രചരണമില്ല, പിരിവില്ല, (അധിക)പ്രസംഗമില്ല, (മത)പ്രഭാഷണമില്ല, (ആഭാസ)പ്രകടനങ്ങളില്ല. പൊന്നില്‍കുളിച്ച്‌ 'സീരിയല്‍'-മുഖവുമായി പമ്മിപ്പമ്മി നടക്കുന്ന പെണ്ണുങ്ങളില്ല. അകത്തുപോയതിണ്റ്റെ ഇരട്ടി പുറത്തുകാട്ടുന്ന കള്ളുകുടിയന്‍മാരില്ല. നാഴിയുരിപ്പാലുകൊണ്ട്‌ നാടാകെ കല്യാണം നടത്താനോ അരിമണിയൊന്നു കൊറിക്കാനില്ലാതെ തരിവളയിട്ടു കിലുക്കാനോ മോഹിക്കുന്നവരില്ല. നിലവാരമൊക്കെ കുറെ കുറഞ്ഞതാകാം; പക്ഷെ ഇഷ്ടമുള്ള വിഷയങ്ങള്‍ പഠിക്കാനുള്ള വിദ്യാഭ്യാസസൌകര്യങ്ങള്‍ വേണ്ടുവോളം. ഗോവയിലെ ഏതു വിദ്യാഭ്യാസ സ്ഥാപനമെടുത്താലും മലയാളിക്കുട്ടികളെ കാണാം, പ്രത്യേകിച്ച്‌ ഉന്നതവിദ്യാഭ്യാസമേഖലകളില്‍. അടുത്തകാലത്തായി മലയാളം പഠിക്കാന്‍പോലുമുള്ള സൌകര്യങ്ങള്‍ ചെയ്തുവരുന്നു കേരളസമാജ-സംഗമങ്ങള്‍. പണ്ടു കുറെപ്പേര്‍ക്കു പുകവലിക്കാനും ചീട്ടുകളിക്കാനും ചിട്ടിപിടിക്കാനുമായിരുന്ന വേദികള്‍ ഇന്നു സജീവവും സര്‍ഗാത്മകവുമായിരിക്കുന്നു. എത്രപേര്‍ വിശ്വസിക്കും, ചെറുതെങ്കിലും ചിട്ടയായി ഒരു മലയാള ദിനപ്പത്രം ഇവിടെനിന്നിറങ്ങുന്നെന്ന്‌? വെറുതെയല്ല ഗോവയിലെ മലയാളികള്‍ നാട്ടിലേക്കു മടങ്ങാന്‍ മടിക്കുന്നത്‌. മാമലകള്‍ക്കപ്പുറത്ത്‌ മരതകപ്പട്ടുടുത്ത്‌ ഗോവയെന്നൊരു നാടുകൂടിയുണ്ട്‌ മലയാളികള്‍ക്ക്‌.

സിംപിള്‍ മലയാളി

".....കിളികൊഞ്ചും നാടിണ്റ്റെ ഗ്രാമീണശൈലി പുളിയിലക്കരമുണ്ടില്‍ തെളിയുന്നു..." എന്നത്‌ വെറുമൊരു സിനിമാപ്പാട്ടല്ല. ശാലീനവും മധുരവുമായ ഒരു സംസ്കൃതിയിലേക്കാണ്‌ ഈ ഗാനം നമ്മെ തിരിച്ചുനടത്തുന്നത്‌. പരിശുദ്ധമലയാളി എന്നൊരു വര്‍ഗമുണ്ടോ എന്നതും പരിശുദ്ധമലയാളമെന്നൊരു ഭാഷയുണ്ടോ എന്നതും തര്‍ക്കവിഷയമാകാം. എന്നാല്‍ അതിലളിതമായ നാടും ഭാഷയും ചിട്ടയും സംസ്കാരവും ഉണ്ടായിരുന്നൊരു ജനവിഭാഗമായിരുന്നു മലയാളികള്‍. ലളിതജീവിതം എന്നും മലയാളനാടിണ്റ്റെ മുഖമുദ്രയായിരുന്നു. "വെളുക്കുമ്പോള്‍ കുളിക്കേണം വെളുത്തമുണ്ടൂടുക്കേണം വെളുത്തകൊമ്പനാനപ്പുറത്തേറി നടക്കേണം" എന്നത്‌ അരനൂറ്റാണ്ടുമുന്‍പുകൂടി സ്കൂള്‍പാഠമായിരുന്നു. വെളുപ്പാന്‍കാലത്തു മുങ്ങിക്കുളി. വൈകുന്നേരത്തെ 'മേല്‍ക്കഴുകല്‍'. അതു മലയാളികളുടെ ഒരു ദുശ്ശീലമായി കണക്കാക്കുന്നു മറുനാട്ടുകാര്‍. ഒത്തുവന്നാല്‍ ഒരു എണ്ണതേച്ചുകുളി. ഇടയ്ക്കെല്ലാമൊരു കാക്കക്കുളി. കാലങ്ങളോളം വെളുത്ത ഒറ്റമുണ്ടായിരുന്നു കേരളീയരുടെ വേഷം, ആണായാലും പെണ്ണായാലും. ഉണ്ടാക്കാന്‍ എളുപ്പം. ഉടുക്കാനോ അതിലും എളുപ്പം. ഒന്നുചുറ്റി ഒരു കുത്ത്‌; ധാരാളമായി. ചില പെണ്ണുങ്ങള്‍ മറ്റൊരു ഒറ്റമുണ്ടുകൊണ്ട്‌ മാറുമറച്ചിരുന്നു. കുറച്ചാണുങ്ങള്‍ ഒരു രണ്ടാംമുണ്ട്‌ തോളത്തുമിട്ടിരുന്നു. ആവശ്യമുണ്ടെങ്കില്‍ ഒരു തലേക്കെട്ട്‌; അതുമൊരു തുണിക്കണ്ടം. ആണുങ്ങള്‍ക്ക്‌ ഒരു ശീലക്കഷ്ണം മതിയായിരുന്നു അടിയിലുടുക്കാന്‍; സ്ത്രീകള്‍ക്കോ ഒരു 'ഒന്നര'മുണ്ടും. "അച്ചിക്കുടുക്കാനും നായര്‍ക്കു പുതയ്ക്കാനും" എന്നു കളിയാക്കപ്പെട്ടിരുന്നു മലയാളികളുടെ വെള്ളമുണ്ട്‌. ഒരു തുന്നലുമില്ല, ചിത്രവേലയുമില്ല ഈ നാടന്‍വേഷത്തിന്‌. ഇതില്‍ 'തോര്‍ത്തു'മുണ്ടായിരുന്നു ലളിതരില്‍ ലളിതന്‍. ഇന്നും വെള്ളത്തോര്‍ത്തില്ലാത്ത ഒരു മലയാളിവീടു കാണില്ല. കല്യാണം പോലും ഒരു 'പുടമുറി'യിലൊതുങ്ങി; ചിലര്‍ക്കുമാത്രം താലികെട്ട്‌. ഓണക്കോടിയും വെള്ളമുണ്ടു തന്നെ. അക്കാലത്തെ 'പദ്മ'പുരസ്കാരം പോലും ഒരു 'കുത്ത്‌' പാവുമുണ്ടായിരുന്നുപോല്‍. പുടമുറി പോലെ തന്നെ ഒഴിമുറിയും എളുപ്പമായിരുന്നു. കൂട്ടുകുടുംബങ്ങളില്‍ ആണുങ്ങളും പെണ്ണുങ്ങളും അടുത്തിടപഴകി. ഇഷ്ടമുള്ളവര്‍ സ്വതന്ത്രമായി ഇണചേര്‍ന്നു. ഇഷ്ടമല്ലാഞ്ഞാല്‍ രാവോടുരാവിനു പിരിഞ്ഞു. സമ്മതമില്ലാത്ത സമ്മന്തമില്ലായിരുന്നു. വേണം എന്നതിനു വേണം എന്നും വേണ്ട എന്നതിനു വേണ്ട എന്നുമായിരുന്നു അര്‍ഥം. ആസ്‌ സിംപിള്‍ ആസ്‌ ദാറ്റ്‌. കാര്യങ്ങളുടെ മേല്‍നോട്ടത്തിനൊരു കാര്‍ന്നോര്‍. അറ്റ കൈക്കൊരു നാട്ടുകൂട്ടം, അല്ലെങ്കില്‍ നാടുവാഴി. വഴക്കും പുക്കാറുമെല്ലാം തുടങ്ങിയേടത്തുവച്ചേ തീരും. പെണ്ണുങ്ങള്‍ക്കായിരുന്നു വീടിണ്റ്റെ ചുമതല; ആണുങ്ങള്‍ക്കോ പുറംപണിയും. കുറഞ്ഞത്‌ 'ഉടുക്കാനും തേയ്ക്കാനും' കൊടുക്കാനുള്ള കെല്‍പ്പു മതിയായിരുന്നു ആണിന്‌ ആണത്തം കാട്ടാന്‍. ആര്‍ഭാടമൊന്നും ആര്‍ക്കും വേണ്ടായിരുന്നു. കുടിക്കാന്‍ ചുക്കുവെള്ളം, വേനലാണെങ്കില്‍ സംഭാരം. വെറും അരി വേവിച്ചൊരു കഞ്ഞി. തേങ്ങയും മുളകും ഇടിച്ചുചതച്ചൊരു ചമ്മന്തി. അല്ലെങ്കില്‍ മാങ്ങയോ നാരങ്ങയോ ഉപ്പിലിട്ടത്‌. പയറ്‌. അല്ലെങ്കില്‍ വെറുതെ കായും കിഴങ്ങും കൂട്ടിപ്പുഴുങ്ങിയ പുഴുക്ക്‌. അത്യാവശ്യത്തിനൊരു ചുട്ട പപ്പടം. ചിലപ്പോള്‍ ചോറ്‌, മോരൊഴിച്ച കൂട്ടാന്‍, ഉപ്പേരി. പിറ്റേദിവസം പഴഞ്ചോറ്‌. വല്ലപ്പോഴും പായസം. ഓണംവിഷുതിരുവാതിരയ്ക്കു സദ്യ. ഒന്നുവേവിച്ചാല്‍ പച്ചക്കറിത്തോരന്‍; എല്ലാമിട്ടുവേവിച്ചാല്‍ അവിയല്‍. വിശിഷ്ടാതിഥികള്‍വന്നാല്‍ അവല്‍-തേങ്ങ-ശര്‍ക്കര-പഴം; കുടിക്കാന്‍ കരിക്ക്‌. കഴിഞ്ഞു. വീട്ടിനുള്ളില്‍ കടക്കുന്നതിനു മുന്‍പ്‌ കൈ-കാല്‍-മുഖംകഴുകല്‍. ആഹാരത്തിനുമുന്‍പും പിന്‍പും വായില്‍ വെള്ളം നിറച്ചു കുഴിക്കുഴിയല്‍. പല്ലുതേക്കാന്‍ ഉമിക്കരി. പല്ലുവേദനയ്ക്കു ഉപ്പും കുരുമുളകും. വായ വൃത്തിയാക്കാന്‍ മാവില; നാക്കുവടിക്കാന്‍ ഈര്‍ക്കില്‍പൊളി. വീണിടം വിഷ്ണുലോകം. കിടക്കാന്‍ ഒരു മുണ്ട്‌, അല്ലെങ്കില്‍ ഒരു തഴപ്പായ. അപൂര്‍വം കട്ടില്‍. ഒത്തുവന്നാല്‍ ഒരു മെത്തപ്പായ. ഉഷ്ണത്തിനു പനയോലവിശറി, ഓലക്കുട. ചെരിപ്പില്ലാനടത്തം. ചെരിപ്പാണെങ്കില്‍ മരത്തടി. ഇരിക്കാന്‍ ചാണകത്തറ, ചാരുപടി, അരമതില്‍, മരപ്പലക. പൂജ്യര്‍ക്കുമാത്രം വെള്ളയും കരിമ്പടവും. തുണികള്‍ തൂക്കാന്‍ അഴ; അപൂര്‍വം മരപ്പെട്ടി. അടുക്കളയിലോ ചട്ടിയും കലവും കല്ലടുപ്പും ചിരട്ടക്കയിലും. കഞ്ഞികുടിക്കാന്‍ പ്ളാവില; ചോറുവിളമ്പാന്‍ വാഴയില. ആരാധനയ്ക്കൊരു കാവ്‌. അതില്‍ ഒരു കല്‍ക്കഷ്ണം വിഗ്രഹം. ഒരു കല്‍വിളക്ക്‌. അതില്‍ മുനിഞ്ഞുകത്തുന്ന തുണിത്തിരി. ഒരാലും അതിനൊരു ആല്‍ത്തറയും. സന്ധ്യക്കു വേണമെങ്കിലൊരു നാമജപം. വല്ലപ്പോഴുമൊരു പൂജ. തീര്‍ന്നൂ ദൈവികം. അസുഖം വന്നാല്‍ പഥ്യം. പച്ചമരുന്ന്‌ വീട്ടുമരുന്ന്‌. നാട്ടുമരുന്ന്‌. ഒറ്റമൂലി. പിഴച്ചാല്‍ മരണം. 'പാവില്‍ പിഴച്ചാല്‍ മാവ്‌' എന്നു ചൊല്ല്‌. ഭാഷയോ അതിലളിതം, പച്ചമലയാളം. പാട്ടോ കിളിപ്പാട്ട്‌. കളി കൈകൊട്ടിക്കളി. ആട്ടം രാമനാട്ടം, കൃഷ്ണനാട്ടം, മോഹിനിയാട്ടം. എല്ലാത്തിനും മീതെ, 'ലോകമേ തറവാട്‌' എന്ന ചിന്ത. വഴിക്കെവിടെയോ ആ ലാളിത്യവും ആര്‍ജവവും കൈമോശം വന്നു. അന്നു നമ്മള്‍ സിംപിള്‍ ആയിരുന്നു. ഇന്നു നമ്മള്‍ സിംപിള്‍ട്ടണ്‍ ആയിമാറി.

'അമ്മയുടെ പുളിങ്കറി; ചിറ്റമ്മയുടെ കിണറ്റീച്ചാടി'

൧൯൬൦-൭൦കളിലെ ഭക്ഷ്യക്ഷാമം അതിതീവ്രമായി അനുഭവിച്ചറിഞ്ഞതാണ്‌ എണ്റ്റെ തലമുറ. 'കോഴിറേഷ'ണ്റ്റെ കാലം. 'പുഴുക്കലരി = പുഴു + കല്‍ + അരി' എന്ന്‌ അന്നത്തെ നിര്‍വചനം. റേഷന്‍പച്ചരിയും റേഷന്‍ഗോതമ്പും റേഷന്‍പഞ്ചസാരയും റേഷന്‍മണ്ണെണ്ണയും കിട്ടിയില്ലെങ്കില്‍ ഒട്ടുമിക്ക വീടുകളിലെയും അടുപ്പുപുകയാത്ത കാലം. ഉള്ളതുകൊണ്ട്‌ ഓണമുണ്ണാനും വീണിടം വിഷ്ണുലോകമാക്കാനും മലയാളിക്കെന്നേയറിയാം. അതിനാല്‍മാത്രം ഗോതമ്പുകഞ്ഞിയും പാല്‍പ്പൊടിപ്പാലും മക്രോണിപ്പായസവും ചോളപ്പൊടി-ഉപ്പുമാവും 'കണ്ടസാരി'ക്കാപ്പിയും 'തൈനാന്‍'-ചോറുമെല്ലാം അന്നത്തെ കണ്ടുപിടിത്തങ്ങളായി. 'ജനത'ഹോട്ടലുകളും 'ന്യായവില' ഷോപ്പുകളും തട്ടുകടകളും അക്കാലത്താണ്‌ കേരളം കണികാണുന്നത്‌. അക്കാലത്താണ്‌ കേരളീയര്‍ ചപ്പാത്തിയും പൂരിയും തിന്നു തുടങ്ങുന്നത്‌. സ്കൂളുകളിലെ ഉച്ചക്കഞ്ഞി പാടേ മുടങ്ങി. പകരം 'അമേരിക്കന്‍പൊടി'കൊണ്ടൊരു ഉപ്പുമാവും പൊടിപ്പാലുമായി. അതു കഴിച്ച്‌ ഒരുമാതിരി കുട്ടികള്‍ക്കെല്ലാം മേലാസകലം ചൊറിയായി. 'കോഴിറേഷ'നെതിരെ കോളേജുകുട്ടികള്‍വരെ സമരത്തിനിറങ്ങി. "ഉള്ളിത്തൊലിപോലെ ദോശയുണ്ടാക്കി പൈസ പതിനഞ്ചു മേടി"ക്കുന്ന കഴുത്തറുപ്പന്‍-ഹോട്ടലുകാര്‍ക്കെതിരെ പ്രതിഷേധമായി. നിലവില്‍വന്ന 'പെര്‍മിറ്റ്‌-രാജ്‌' മുതലെടുത്ത പൂഴ്ത്തിവയ്പ്പുകാരും കരിഞ്ചന്തക്കാരുമായി ഗതിമുട്ടിയ നാട്ടുകാരുടെ സംഘട്ടനവുമായി. അതിനിടെ ഒരു 'ഫോളിഡോള്‍'-പ്രശ്നവും ഒരു 'എര്‍ഗോട്ട്‌'-പ്രശ്നവും കൂടിയായപ്പോള്‍ സംഗതി കലക്കി. ഒരു ഇറക്കുമതിക്കപ്പലിലെ പഞ്ചസാരയില്‍ 'ഫോളിഡോള്‍' എന്നൊരു വിഷം (കീടനാശിനി?) വീണത്രേ. എവിടെ വീണെന്നോ എത്ര വീണെന്നോ എവിടെയെല്ലാം വിഷം കലര്‍ന്ന ചരക്കുചാക്കുകള്‍ എത്തിപ്പെട്ടെന്നോ ഒരു വിവരവുമില്ലായിരുന്നു. നാട്ടിലാകെ പരിഭ്രാന്തിയായി. റേഷന്‍കിട്ടിയ പഞ്ചസാരയായ പഞ്ചസാര മുഴുവന്‍ കുഴികുത്തിമൂടേണ്ടിവന്നു. അത്യാവശ്യത്തിനുപുറത്ത്‌ അവിശ്വാസം കയറിക്കൂടിയപ്പോള്‍ ജനങ്ങളുടെ ആശയറ്റു. അതൊരു കിംവദന്തി ആയിരുന്നിരിക്കാം, നുണക്കഥ ആയിരുന്നിരിക്കാം, ആരുടെയെങ്കിലും ക്രൂരതയായിരിക്കാം, ഒരു പക്ഷെ അബദ്ധവുമായിരിക്കാം. ഇറ്റുകഞ്ഞിയില്‍ പാറ്റകൂടി വീണപ്പോള്‍ ജനം പാറ്റയേക്കാള്‍ പിടഞ്ഞു എന്നതുമാത്രം സത്യം. റേഷന്‍ ഗോതമ്പില്‍ 'എര്‍ഗോട്ട്‌' എന്നൊരു വിഷവിത്തു കലര്‍ന്നതായിരുന്നു മറ്റൊരുഭീതി. വട്ടമിട്ടു കുമ്പിട്ടിരുന്ന്‌ റേഷന്‍ഗോതമ്പില്‍നിന്ന്‌ ആ വിഷവിത്തെല്ലാം പെറുക്കിമാറ്റിയിരുന്നത്‌ ഇന്നും ഓര്‍മയുണ്ട്‌. അരിയില്‍നിന്നും ഗോതമ്പില്‍നിന്നും കല്ലിനും ചെളിക്കട്ടയ്ക്കും പുഴുവിനും പുറമെ, പല്ലുപോലത്തെ 'ബാജ്ര'യെന്ന ധാന്യവും എടുത്തുകളയണമായിരുന്നു. നാട്ടിന്‍പുറങ്ങളെങ്കിലും ജാതി-മത-സ്ഥാന-മാനഭേദമെന്യേ ഉള്ളതു പങ്കിടാനൊരു സല്‍ബുദ്ധിക്കു സാക്ഷ്യംവഹിച്ചു. നാഴി അരിക്കോ ഒരുപാത്രം പഞ്ചസാരയ്ക്കോ ഒരു ഗ്ളാസ്സ്‌ മോരിനോ, എന്തിന്‌ ഒരുതവണത്തേയ്ക്കു റേഷന്‍കാര്‍ഡിനോ വന്നുചോദിക്കുന്നവര്‍ നിരാശരായി മടങ്ങിയില്ല. ഉള്ളവര്‍ കൊടുത്തു; ഇല്ലാത്തവര്‍ വാങ്ങി. പണമുണ്ടായിരുന്നവരുടെയും പണമില്ലായിരുന്നവരുടെയും ദാരിദ്ര്യം ഒന്നുപോലെയായി. അരിമണിയൊന്നു കൊറിക്കാനില്ലെങ്കിലും തരിവളയിട്ടു കിലുക്കാന്‍ മോഹിക്കുന്ന മലയാളിമനസ്സിനൊരപവാദമായിരുന്നു അക്കാലം. ചോറ്റുപാത്രംനോക്കി "ഇന്നെന്താ കറി?" എന്ന ചോദ്യത്തിനുത്തരം, "ഇന്നൊന്നുമില്ല" എന്നു തുറന്നു പറഞ്ഞിരുന്നു വീട്ടുകാറ്‍. അയല്‍കുട്ടികള്‍, തമാശയായി "അമ്മേടെ പ്ളുങ്കറി" എന്ന്‌, നിത്യ(അ)സാധാരണമായ പേരില്ലാക്കൂട്ടാനു പേരുവച്ചു. അതുമല്ലെങ്കില്‍ "ചിറ്റമ്മേടെ കെണറ്റീച്ചാടി". മോര്‌ കിണറ്റില്‍ ചാടിയാല്‍ എങ്ങനെയുണ്ടാകും, അതുതന്നെ 'കിണറ്റില്‍ചാടി' എന്ന 'ഒഴിച്ചുകൂട്ടാന്‍'! പുസ്തകങ്ങളേക്കാള്‍ വിലപ്പെട്ടതായിരുന്നു അന്നൊക്കെ പൊതിച്ചോറ്‌ അല്ലെങ്കില്‍ ചോറ്റുപാത്രം. ഞാന്‍ പഠിച്ചിരുന്ന മഹാരാജാസ്‌ കോളേജില്‍ അവ 'കളവു'പോകുമായിരുന്നു. പാത്രമാണെങ്കില്‍ കഴുകിത്തുടച്ചതു തിരികെ കിട്ടും. അതൊരു പാഠമായിത്തീര്‍ന്നു എണ്റ്റെ ജീവിതത്തില്‍. ഇന്നും ഒരു വറ്റു വെറുതെ കളയാന്‍ എനിക്കു മനസ്സുവരാറില്ല; ഞാന്‍ അനുവദിക്കുകയുമില്ല. കേരളത്തിനു പുറത്ത്‌ ഐശ്വര്യമായിരുന്നു എന്നല്ലേയല്ല. അന്നത്തെ ബോംബെയില്‍ ഒരു ഊണിന്‌ ഒറ്റത്തവണയേ ചോറു വിളമ്പൂ; ആഴ്ചയിലൊരുദിവസം ചോറുമുണ്ടാകില്ല. ബോംബേക്കാര്‍ പലരും നാട്ടിലെ റേഷനരി സ്വരൂപിച്ച്‌ തലയണയിലൊളിപ്പിച്ച്‌ മടക്കവണ്ടിക്കു കൊണ്ടുപോയിരുന്നുപോല്‍. തമിഴ്നാട്ടില്‍ 'പിടിയരി'പ്രയോഗം നടപ്പിലാക്കി; ആവശ്യമുള്ള അരിയെടുത്ത്‌ ഒരുപിടി തിരിച്ചിടുക എന്നൊരു രീതി. കല്‍ക്കത്തയിലോ കത്തിത്തീരാത്ത ഒരുതരി കല്‍ക്കരിക്കായി വീട്ടുകാര്‍ പുറത്തെറിയുന്ന ചാരത്തില്‍, കൊടുംമഴയത്ത്‌ കയ്യിട്ടുതിരയുന്ന പട്ടിണിക്കോലങ്ങളെവരെ കണ്ടിട്ടുണ്ട്‌. ഗോവയില്‍ രണ്ടുവാളന്‍ ('മോഡ്‌') അളന്നുമുറിച്ചേ ചോറുകിട്ടൂ ഹോട്ടലുകളില്‍ അന്ന്‌. കര്‍ണാടകത്ത്‌ മെച്ചപ്പെട്ട അരി കിട്ടിയിരുന്നു; പക്ഷെ കള്ളക്കടത്തായി കണ്ണുവെട്ടിച്ചുവേണ്ടിയിരുന്നു പുറത്തുകൊണ്ടുപോകാന്‍. ആന്ധ്രപ്പച്ചരിക്കു പൊന്നുവിലയായിരുന്നു. ആ പഞ്ഞക്കാലം ഇനി നമുക്കു കാണേണ്ടിവരില്ല. പിന്നീടുപിഴച്ചെങ്കിലും ഹരിതവിപ്ളവം ഒരു തലമുറയെ പട്ടിണിയില്‍നിന്നു രക്ഷിച്ചു. ശ്വേതവിപ്ളവം പിന്‍തലമുറയെ പാലൂട്ടിപ്പാലിക്കുന്നു. നീലവിപ്ളവം വരുംതലമുരയെ പരിപോഷിപ്പിക്കുമെന്നാശിക്കാം. ഇന്നിപ്പോള്‍ 'മില്‍മ'യുടെ നന്‍മയായി. 'ലാഭം'-കടകളായി. 'നീതി'-സ്റ്റോറുകളായി. 'മാര്‍ജിന്‍-ഫ്രീ'-യായി. പുലാവായി, ബട്ടൂരയായി, മഞ്ചൂറിയനായി, കുര്‍മയായി, ഷവര്‍മയായി, മന്തിയായി, നൂഡില്‍സ്‌ ആയി, കോളയായി, നീരയായി.....നിറപറയായി. "മൂശേട്ടേം മക്കളും പോ, പോ; ശ്രീദേവീം മക്കളും വാ, വാ" എന്ന വായ്ത്താരി മുഴങ്ങട്ടെ നാടെങ്ങും.

വണ്ടീ, നിന്നെപ്പോലെ വയറിലെനിക്കും തീ!

പട്ടിക്കു വാല്‌ എന്നപോലെയാണ്‌ ഗോവക്കാര്‍ക്കു വണ്ടി. ഭാരതത്തില്‍ പ്രതിശീര്‍ഷവരുമാനത്തില്‍ ഒന്നാംകിടക്കാരായ ഗോവക്കാര്‍, പ്രതിശീര്‍ഷവാഹനത്തിലും ഒന്നാംനിരയിലാണ്‌. വണ്ടിയില്ലാതെ ഗോവാജീവിതം ഒരടി നീങ്ങില്ല. അതിരാവിലെ റൊട്ടിക്കാരണ്റ്റെ സൈക്കിള്‍. പിന്നെ മീന്‍കാരണ്റ്റെ മോപെഡ്‌. പത്രക്കാരണ്റ്റെ ബൈക്ക്‌. സ്കൂള്‍കുട്ടികളുടെ സ്കൂട്ടര്‍. ജോലിക്കുപോകുന്നവരുടെ ബസ്സ്‌. ജോലിക്കുപോകാത്തവരുടെ മോട്ടോര്‍ബൈക്ക്‌. പണക്കാരുടെ കാറ്‌. ലോട്ടറിക്കാരുടെ മുച്ചക്രവണ്ടി. പഴം-പച്ചക്കറിക്കാരുടെ ഉന്തുവണ്ടി. കോണ്ട്രാക്റ്റര്‍മാരുടെ ലോറി. മണ്ണുമാന്തി. പെട്ടി ഓട്ടോ. പൈലറ്റ്‌. ബോട്ട്‌. ബാര്‍ജ്‌. കപ്പല്‍. വിമാനം. കൊങ്കണ്‍റെയില്‍വേ വന്നതുമുതല്‍ തെക്കുവടക്കു തീവണ്ടിയും. വീട്ടില്‍ ഒരുവണ്ടിയെങ്കിലുമില്ലാത്ത ഒരു ഗോവക്കാരനെ കാണിച്ചുതരാമോ? എഴുപതുകളില്‍ ഞാന്‍ ഗോവയില്‍ വരുന്ന കാലത്ത്‌ എന്നെ ഏറ്റവും ആശ്ചര്യപ്പെടുത്തിയത്‌ ഇവിടത്തെ സൈക്കിളുകളുടെയും വിദേശവണ്ടികളുടെയും എണ്ണപ്പെരുപ്പമായിരുന്നു. സൈക്കിളില്ലാത്ത ഒരാണ്‍കുട്ടിയോ പെണ്‍കുട്ടിയോ ഇല്ലായിരുന്നു. പഠിക്കാന്‍ പോകുന്നതും കളിക്കാന്‍ പോകുന്നതും മീന്‍കണ്ണിയെ മടിയിലേറ്റി ഊരുചുറ്റുന്നതും സൈക്കിളില്‍. പഞ്ചിമില്‍ ഓടിയിരുന്നത്‌ 'കരിയേറ'യെന്ന മൂക്കുള്ള പെട്റോള്‍ ബസ്സ്‌, നാട്ടില്‍ അന്‍പതുകളിലുണ്ടായിരുന്ന 'കോമര്‍'-ബസ്സുകള്‍ പോലെ. ടാക്സികളെല്ലാം ഡോഡ്ജും, ഷെവറ്‍ലേയും ഇമ്പാലയും മറ്റും മറ്റും. മിക്കതും ഇടംകൈ-ഡ്രൈവ്‌. കുലുങ്ങിപ്പായുന്ന ബെന്‍സ്‌-സുന്ദരികള്‍. കുണുങ്ങിയോടുന്ന ഫോക്സ്‌വാഗണ്‍-മൂട്ടകള്‍. ഹോണ്‍ഡ, ബി എം ഡബ്ള്യു ബൈക്കുകള്‍. സറ്‍ക്കാര്‍വണ്ടികള്‍ മാത്രം അംബാസ്സഡര്‍, പിന്നെ കുറെ സ്വകാര്യ-ഫിയറ്റുകള്‍. പൊട്ടിപ്പൊളിഞ്ഞ കുറെ ലാംബ്രറ്റ ഓട്ടോ. അപൂര്‍വം വെസ്പ സ്കൂട്ടര്‍. ഡ്രൈവിംഗ്‌ പഠിപ്പിക്കുന്നതുപോലും ഇടവും വലവും ഡ്രൈവിങ്ങ്‌-വീലുള്ള ഫോക്സ്‌-വാഗണില്‍. പശുക്കളെ മേയ്ച്ചിരുന്നതു പുറകെ ബൈക്കില്‍ചെന്ന്. പന്നികളെ കെട്ടിക്കൊണ്ടുപോയിരുന്നത്‌ ബൈക്കില്‍. മീന്‍ വാങ്ങിവരുന്നതു ബൈക്കില്‍. സൈക്കിളിലും ബൈക്കിലുമായി ഇടവകതോറും പാതിരിമാര്‍. പ്രത്യേകിച്ചും പറയേണ്ടത്‌ 'പൈല'റ്റുകളെപ്പറ്റിയാണ്‌. ഇന്ത്യയില്‍ വേറൊരിടത്തും കണാത്ത ഇരുചക്രടാക്സികള്‍. ആണ്‍-പെണ്‍ഭേദമില്ലാതെ ആരും അതിണ്റ്റെ പിന്നില്‍കയറി യാത്രചെയ്യും. കൊച്ചുദൂരത്തിനു കൊച്ചുവണ്ടി; കൊച്ചുകാശും മതിയാകും. അന്തസ്സുള്ള പെരുമാറ്റവും അപകടമില്ലാത്ത യാത്രയും. ബോംബെ-ഗോവ റൂട്ടിലോടിപ്പഴകിയ ബസ്സുകളായിരുന്നു ടൌണ്‍ബസ്സുകള്‍. അതിനാല്‍ പതുപതുത്ത സീറ്റുകളായിരുന്നു ബസ്സുകളിലെല്ലാം. ഇറങ്ങുന്നേടത്തൊരു കണ്ണാടി. അതുനോക്കി മുടിയൊന്നു നേരെയാക്കാതെ ഒരൊറ്റക്കുഞ്ഞും ബസ്സുവിട്ടിറങ്ങില്ല! അതൊരു കാലം. അപകടങ്ങളോ അതിവിരളം. എല്ലാമൊരു 'അഡൂറ്‍'സിനിമകണക്കല്ലേ ഇഴഞ്ഞു നീങ്ങിയിരുന്നത്‌; കൂട്ടിയിടിച്ചാലും ഇത്രയ്ക്കല്ലേയുള്ളൂ. എഴുപതുകളില്‍ ടൂറിസം തലയ്ക്കടിച്ചപ്പോഴാണ്‌ വണ്ടിക്കാര്യങ്ങള്‍ തലകീഴായത്‌. ആവശ്യത്തേക്കാള്‍ ടാക്സികള്‍ പെരുകി. ആവശ്യത്തിനൊത്ത്‌ പൊതുഗതാഗതസൌകര്യങ്ങള്‍ വര്‍ദ്ധിച്ചുമില്ല. മുടക്കിയ കാശുമുതലാക്കാന്‍ നിരക്കുകള്‍ കൂട്ടി. സമയത്തിനും സൌകര്യത്തിനുമൊത്തു ബസ്സുകളുമില്ലാതായി. അങ്ങനെ സ്വകാര്യവാഹനങ്ങളുടെ എണ്ണം പെരുകി. അതൊരു ഹരമായി യുവാക്കള്‍ക്ക്‌. കാല്‍ നടക്കാനല്ലെന്നും റോഡു പറക്കാനാണെന്നും അവര്‍ കരുതി. ആദ്യമെല്ലാം പറക്കാന്‍പറ്റുന്ന റോഡുകള്‍ തന്നെയായിരുന്നു ഗോവയില്‍. പിന്നീടതെല്ലാം താറുമാറായി. ഹെല്‍മെറ്റ്‌, പിന്‍കണ്ണാടി, സിഗ്നല്‍ വിളക്കുകള്‍, നമ്പര്‍പ്ളേറ്റ്‌, ലൈസന്‍സ്‌ ഇവയെല്ലാം നിഷിദ്ധവുമായി. രണ്ടുചക്രവും ഒരു ഹോണുമുണ്ടെങ്കില്‍ എന്തുമാകാം എന്നായി. പെട്റോള്‍ എന്നാല്‍ പച്ചവെള്ളം പോലെയായി പയ്യന്‍മാര്‍ക്ക്‌. പലകാലങ്ങളിലായി പലേടങ്ങളിലായി പലപല വണ്ടികള്‍ ഓടിച്ചിട്ടുണ്ടെങ്കിലും ഗോവയിലെ റോട്ടിലെ വണ്ടിപ്പരവേശം എന്തെന്നും എന്തിനെന്നും പിടികിട്ടിയിട്ടില്ല പൂറ്‍ണമായി. വലത്തെ റോഡിലേയ്ക്കു പോകാന്‍ വലതുവശത്തേയ്ക്കു തെന്നിനീങ്ങും; ഇടത്തെ റോഡിലേയ്ക്കു പോകാനും വലത്തോട്ടൊന്നു വെട്ടിക്കും. മുന്‍പിലെ വണ്ടിയുടെ ഇടത്തുകൂടെ കുത്തിക്കേറ്റും. മുന്‍പിലൊരു വണ്ടികണ്ടാല്‍ വേഗംകൂട്ടും. മുന്നില്‍ ചെന്ന ഉടന്‍ വേഗം കുറയ്ക്കും; അല്ലെങ്കില്‍ വെട്ടിച്ചൊടിക്കും. വേഗം കൂട്ടേണ്ടിടത്തു വേഗം കുറയ്ക്കും; വേഗം കുറയ്ക്കേണ്ടിടത്തു വേഗം കൂട്ടും. വിളക്കിട്ടാല്‍ കെടുത്തില്ല. വിളക്കില്ലെങ്കില്‍ ഒരു ചുക്കുമില്ല. വഴിയിലിറങ്ങിയിട്ടേ എവിടെപ്പോകണമെന്നു തീരുമാനിക്കൂ; ആ തീരുമാനം മാറാന്‍ അധികം സമയവും വേണ്ട. അടുത്ത കാലത്തായി കാണുന്ന ഒരു കാഴ്ചയാണ്‌. രാവിലെ, എന്നുവച്ചാല്‍ ഉച്ചയ്ക്കുമുന്‍പ്‌ എപ്പോഴെങ്കിലും, വായിലൊരു ടൂത്‌-ബ്രഷും കുത്തിവച്ചൊരു വണ്ടിക്കറക്കം. പാലും പാവും വാങ്ങാന്‍മുതല്‍, അമ്മമാരടക്കം, സ്കൂളില്‍ കുട്ടികളെ ഇറക്കിവിടാന്‍ വരെ. ഏണിയും കോണിയും പൈപ്പും പണിസാധനങ്ങളുംകൊണ്ട്‌ കൊച്ചുപണിക്കാരുടെ പരക്കംപാച്ചില്‍ വേറെ. ഉച്ചയ്ക്കു മീന്‍തൊട്ടുകൂട്ടാന്‍ വീട്ടിലേയ്ക്കു വച്ചുപിടിക്കുന്നവര്‍ വേറെ. ഉച്ചമയങ്ങിയാല്‍ ഉറക്കംതൂങ്ങി (ഉറക്കമല്ല, 'ഉറാക്ക്‌') വഴിയിലിഴയുന്നവര്‍ വേറെ. വൈകീട്ടു പുലരുംവരെ വെറുതെയെങ്കില്‍ വെറുതെയൊന്നു വണ്ടിയില്‍ ചുറ്റുന്നവര്‍ വേറെ. ഇപ്പോഴത്തെ ഹരമാണ്‌ 'വീലിംഗ്‌' എന്നൊരു കൈവിട്ട കളി. കൂട്ടംകൂട്ടമായി കണ്ടിടത്തുനിന്നെല്ലാം ഓടിക്കൂടും തടിമാടന്‍മാറ്‍. വലിഞ്ഞിഴഞ്ഞും അലറിപ്പാഞ്ഞും വട്ടംചുറ്റിയുമെല്ലാമുള്ള കലാപരിപാടി കുറച്ചുനേരമുണ്ടാകും. ചിലര്‍ക്കെല്ലാം 'റിയര്‍-എഞ്ചിന്‍' ആയി സുന്ദരിക്കുട്ടികളും കൂട്ടുണ്ടാകും. ഹണിമൂണ്‍കാരാണെങ്കില്‍ അറപ്പുരവാതില്‍ തുറന്നുവച്ചാകും കാമകേളി. നമ്മള്‍ വണ്ടിയൊന്നുപാര്‍ക്കുചെയ്തു മാറിയാല്‍ തീര്‍ന്നു, മുന്‍പിലും പിന്‍പിലും വശങ്ങളിലുമായി ഇരുകാലന്‍മാരും നാല്‍ക്കാലന്‍മാരും വഴിമുടക്കാന്‍ നിരന്നിട്ടുണ്ടാകും. മറ്റുള്ളവരുടെ ബൈക്കുകള്‍ വലിച്ചുപുറത്തിട്ട്‌, സ്വന്തം വണ്ടി കുത്തിത്തിരുകുന്ന വിരുതന്‍മാരുമുണ്ട്‌. ഒന്നു പുറത്തിറങ്ങിയാല്‍ ജീവന്‍ പോയാലും വേണ്ടില്ല, കൈകാലൊടിഞ്ഞു അറ്‍ദ്ധപ്റാണനായിത്തീരരുതേ എന്നേ ആശിക്കാനാകൂ. ഓടിക്കുമ്പോള്‍ "വണ്ടീ, വണ്ടീ നിന്നെപ്പോലെ വയറിലെനിക്കും തീയാണ്‌..... "

നൂറിണ്റ്റെ നിറവില്‍

നൂറിണ്റ്റെ നിറവില്‍ ലാംബര്‍ട്ട്‌ മസ്കരിനാസ്‌. അരനൂറ്റാണ്ടിലേറെക്കാലം ഗോവയുടെ വളര്‍ച്ചയെയും തളര്‍ച്ചയെയും ഒരുപോലെ വിശകലനംചെയ്ത്‌ പൊതുജനമന:സാക്ഷിയെ തൊട്ടുണറ്‍ത്തിയ പത്റപ്രവറ്‍ത്തകന്‍, സ്വാതന്ത്ര്യപോരാളി, എഴുത്തുകാരന്‍, ചിന്തകന്‍. കഴിഞ്ഞ സെപ്റ്റംബറ്‍മാസത്തില്‍ (൨൦൧൪) ശതാഭിഷിക്തനായ ശ്രീ മസ്കരിനാസ്‌ എനിക്കു പ്രിയങ്കരനാകുന്നത്‌ ൧൯൭൩-ല്‍ ഞാന്‍ അദ്ദേഹത്തിണ്റ്റെ 'നൊന്തുകിടക്കുന്നു എണ്റ്റെ നാട്‌' ( Sorrowing Lies My Land) എന്ന നോവല്‍ വായിക്കുന്നതോടെയാണ്‌. ഞാന്‍ ഗോവയില്‍ ജോലികിട്ടി താമസം തുടങ്ങിയ കാലം. പണികഴിഞ്ഞാല്‍, ആദിവാസിപോലൊരു സെണ്റ്റ്റല്‍ ലൈബ്ററിയും അമാവാസിപോലൊരു കേരളസമാജംവായനശാലയുമല്ലാതെ ഞങ്ങള്‍ക്കന്ന്‌ പുസ്തകം വായിക്കാന്‍ മറ്റൊരിടമില്ല പണജിയില്‍. തിരക്കൊഴിഞ്ഞ വൈകുന്നേരങ്ങളില്‍ പഴകിയ കുറെ പത്രം വായിക്കാനോ ഏതെങ്കിലും മാസിക മറിച്ചുനോക്കാനോ ഒരു വാരിക കാണാനോ അവിടെയെത്തുക പതിവായി. ഒരു ദിവസം പഴയ പുസ്തകങ്ങള്‍ ആദായവില്‍പനയ്ക്കു വച്ചിരിക്കുന്നതുകണ്ട്‌ കയറിച്ചെന്നതാണ്‌ അന്നത്തെ ടൂറിസ്റ്റ്‌ ഹോസ്റ്റലില്‍ (ഇന്നത്തെ 'Panaji Residency'). അതില്‍ നിന്നു കിട്ടിയതാണ്‌ ലാംബര്‍ട്ടിണ്റ്റെ നോവലും, പിന്നൊരു കൊങ്കണി-സ്വാധ്യായപുസ്തകവും ('കൊങ്കണിചോ ഗുരുപുസ്തക്‌'). രണ്ടും കളഞ്ഞുപോയി. പക്ഷെ ഓര്‍മകള്‍ ബാക്കി. അന്ന്‌ ശ്രീ മസ്കരിനാസ്സിണ്റ്റെ വീട്ടുവളപ്പിനെ തൊട്ടായിരുന്നു എണ്റ്റെ താമസസ്ഥലവും. പെട്ടെന്നൊരുനാള്‍ അദ്ദേഹത്തെ ചെന്നു കണ്ടു വീട്ടില്‍. യാതൊരു മുന്‍പരിചയവുമില്ലാതിരുന്നിട്ടും അദ്ദേഹമെന്നെ സ്വീകരിച്ചിരുത്തി. നോവലില്‍ തുടങ്ങി നാനാകാര്യങ്ങള്‍ സംസാരിച്ചിരുന്നു. കേരളത്തെപ്പറ്റിയും മലയാളസാഹിത്യത്തെപ്പറ്റിയും കേരളീയരുടെ ശക്തിദൌര്‍ബല്യങ്ങളെപ്പറ്റിയുമെല്ലാം നല്ല അവഗാഹമായിരുന്നു അദ്ദേഹത്തിന്‌. ഗോവയെയും ഗോവക്കാരെയും വെറുതെ വിട്ടില്ല അദ്ദേഹം. മലയാളികളെപ്പോലെതന്നെ നാട്ടിനുപുറത്തേ അവര്‍ നന്നായിട്ടുള്ളൂ; ഗോവയ്ക്കു പുറത്തേ അവറ്‍ വലുതായിട്ടുമുള്ളൂ. 'താനടക്കം' എന്നൊരു സ്വഗതവും കൂടെയൊരു കള്ളച്ചിരിയും. അക്കാലം അദ്ദേഹം 'ഗോവ ടുഡേ' എന്ന ഇംഗ്ളീഷ്‌-മാസികയുടെ എഡിറ്ററായിരുന്നു. ഞാനൊരു പയ്യന്‍. എഡിറ്ററെ നേരില്‍കണ്ടതും മനംനിറച്ചു സംസാരിച്ചതും ധൈര്യമാക്കി, ഞാനെണ്റ്റെ ആദ്യത്തെ ഇംഗ്ളീഷ്കവിത മാസികയ്ക്കയച്ചു. അതദ്ദേഹം പ്രസിദ്ധപ്പെടുത്തി. പിന്നെ ഏതാനും കവിതകള്‍കൂടി ഗോവ ടുഡേ-യില്‍ വന്നു. ജോലിയില്‍ വന്ന സ്ഥലം മാറ്റങ്ങള്‍ക്കുശേഷം പിന്നെ ഞാന്‍ ഗോവയിലേക്കുതന്നെ തിരിച്ചെത്തുമ്പോഴേക്കും സ്വയം സ്ഥാപിച്ചു പടുത്തുയറ്‍ത്തിയ 'ഗോവ ടുഡേ' അദ്ദേഹം വിട്ടൊഴിഞ്ഞിരുന്നു. എങ്കിലും ഒരുമാതിരി മിക്ക ദിവസങ്ങളിലും ഞാന്‍ എണ്റ്റെ പണിസ്ഥലംവിട്ടു പുറത്തിറങ്ങുമ്പോള്‍, ഡോണപൌള ബസ്‌-സ്റ്റോപ്പില്‍ കാറുംകൊണ്ടു ഭാര്യയെ കാത്തുനില്‍ക്കുന്ന ലാംബര്‍ട്ട്‌ മസ്കരിനാസ്സിനെ കണ്ടുമുട്ടുമായിരുന്നു. പത്തുവര്‍ഷം മുന്‍പുവരെ, ഞാന്‍ ജോലിയില്‍നിന്നു വിരമിക്കുന്നതുവരെ, ഇടയ്ക്കെങ്കിലും തമ്മില്‍ക്കണുമ്പോള്‍ കൈകാണിക്കാതിരുന്നിട്ടില്ല അദ്ദേഹം. അന്നദ്ദേഹത്തിനു വയസ്സു തൊണ്ണൂറ്‌! ൧൯൧൪-ല്‍, ഗോവാതീരത്തെ 'കോള്‍വ'യിലായിരുന്നു അദ്ദേഹത്തിണ്റ്റെ ജനനം. പോറ്‍ച്ചുഗീസുകാരുടെ ഭരണത്തിന്‍ കീഴില്‍, തികച്ചും സാമ്പ്രദായികമായ ജീവിതരീതിയും വിദ്യാഭ്യാസവുമായിരുന്നു കൊച്ചു ലാംബര്‍ട്ടിണ്റ്റേത്‌. ഉപരിപഠനാര്‍ഥം (അന്നത്തെ) ഇന്‍ഡ്യയിലെ പൂനയിലേക്കും ബോംബെയിലേക്കും മാറിയതാണ്‌ അദ്ദേഹത്തിണ്റ്റെ ചിന്തകളെയും വ്യക്തിത്വത്തെയും മാറ്റിമറിച്ചത്‌. പത്രപ്രവര്‍ത്തകനായി ബോംബെയില്‍ തൊഴിലാരംഭിച്ച അദ്ദേഹം സ്വകാര്യമായി ഗോവവിമോചനത്തിനായി പോരാടുകയായിരുന്നു. ൧൯൪൮-ലെ ഒരു ഗോവസന്ദര്‍ശനത്തെത്തുടര്‍ന്ന്‌ അദ്ദേഹം അറസ്റ്റിലായി. ജാമ്യക്കാലത്ത്‌ ഒളിവില്‍പോയ ലാംബര്‍ട്ട്‌, പിന്നെ ഗോവ സ്വതന്ത്രമായതിനുശേഷമേ (൧൯൬൨) സ്വന്തം മണ്ണില്‍ കാലുകുത്തിയുള്ളൂൂ. ഗോവവിമോചനംകാത്ത്‌ വിവാഹംവരെ നീട്ടിവച്ച അദ്ദേഹം, വിമോചനത്തിണ്റ്റെ പത്താം നാളിലാണ്‌ കല്യാണം കഴിക്കുന്നത്‌; പിറ്റേന്നു ഭാര്യാസമേതം ഗോവയിലേക്കു തിരിച്ച അദ്ദേഹത്തിന്‌ പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല ആ കറുത്തകാലങ്ങളെ. സ്വതന്ത്രഗോവയിലെ ആദ്യത്തെ ഇംഗ്ളീഷ്‌-ദിനപ്പത്രത്തിണ്റ്റെ പത്രാധിപരായി (൧൯൬൩) ജോലി ആരംഭിച്ചെങ്കിലും, ൧൯൬൬-ല്‍ സ്വന്തം നിലയില്‍ 'ഗോവ ടുഡേ' എന്ന ഇംഗ്ളീഷ്‌-മാസികയ്ക്കു തുടക്കമിട്ടു. രാഷ്ട്രീയത്തിനും മതത്തിനും വ്യവസ്ഥാപിതസങ്കല്‍പങ്ങള്‍ക്കും വ്യവസായതാല്‍പര്യങ്ങള്‍ക്കുമതീതനായി ൧൮൮൫ വരെ അതദ്ദേഹം സ്തുത്യര്‍ഹമായി കൊണ്ടുനടന്നു. അടുത്ത തലമുറയ്ക്ക്‌ ലാംബറ്‍ട്ട്‌ കൈമാറിയത്‌ ആ കെടാവിളക്കായിരുന്നു. ഗോവയുടെ പ്രതീകങ്ങളായ സൌമ്യത, ശാന്തത, ശുദ്ധത, സൌമനസ്യം, സംഗീതം, സഹവര്‍ത്തിത്വം - ഇവയെല്ലാം ഒത്തിണങ്ങി ലാംബറ്‍ട്ട്‌ മസ്കരിനാസ്‌ എന്ന ഒറ്റ മനുഷ്യനില്‍. വെറുതെയല്ല ഗോവ സര്‍ക്കാര്‍ അദ്ദേഹത്തെ കഴിഞ്ഞവര്‍ഷാവസാനം തണ്റ്റെ നൂറാം പിറന്നാളില്‍, സംസ്ഥാനത്തിണ്റ്റെ അത്യുന്നതബഹുമതിയായ 'ഗോമന്ത്‌ വിഭൂഷണ്‍' നല്‍കി ആദരിച്ചത്‌. വെറുതയല്ല ഭാരതസര്‍ക്കാര്‍ അദ്ദേഹത്തെ 'പദ്മശ്രീ'-യും നല്‍കി പുനരാദരിച്ചത്‌.

Wednesday, 18 April 2012

'ബോംബ'

യൂറോപ്യന്‍ഭാഷകളില്‍ നല്ല ഉള്‍ക്കടല്‍ എന്നര്‍ഥത്തില്‍ 'ബോണ്‍-ബേ' എന്നതില്‍നിന്നും, മറാഠിയില്‍ മുംബാദേവിയുടെ ആസ്ഥാനം എന്നര്‍ഥത്തില്‍ 'മുംബൈ' എന്നതില്‍നിന്നുമാണ്‌ 'ബോംബെ' എന്നപേരുണ്ടായതെന്നു പാഠഭേദങ്ങളുണ്ട്‌. വടക്കന്‍മാര്‍ അതു 'ബംബയീ' എന്നാക്കിയപ്പോള്‍ തെക്കന്‍മാര്‍ അതു 'ബംബായ്‌' ആക്കി 'ബോംബ' വരെ എത്തിച്ചു. ഇന്നിപ്പോള്‍ തിരിച്ചു 'മുംബൈ' ആയിരിക്കുന്നു. 'മുംബായ്‌'-ഉം 'മുംബ'-യും പിന്‍വിളികളില്‍ കേള്‍ക്കാം. കളിവിളിയായി 'ബോംബ്‌'-ബേ എന്നും, കൂടെക്കൂടെയുള്ള ബോംബ്‌-സ്ഫോടനങ്ങള്‍ കാരണം. ജീവിതത്തിണ്റ്റെ നല്ലാരു ഭാഗത്തിണ്റ്റെ നല്ലൊരു ഭാഗം, ജോലിക്കാലത്ത്‌ ഞാന്‍ മുംബൈയില്‍ കഴിച്ചുകൂട്ടി. എണ്റ്റെ 'നല്ല ഭാഗം' മുംബൈയിലാണ്‌ ജനിച്ചതും വളര്‍ന്നതും. കല്യാണംകഴിക്കാന്‍വേണ്ടി ബോംബേയിലെത്തിയ ഒരു നിയോഗമാണെനിക്ക്‌. അങ്ങനെ 'പ്രൊഫഷണല്‍ ആണ്റ്റ്‌ പേഴ്സണല്‍' ബന്ധങ്ങള്‍ എനിക്കാസ്ഥലവുമായുണ്ട്‌. പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം അടുത്തിടെ മുംബൈക്കുപോയപ്പോള്‍, മാറ്റമില്ലാത്തതെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന മുംബൈയും മാറിപ്പോയിരിക്കുന്നു. സാധാരണക്കാരണ്റ്റെ നഗരം ഇന്നു പണക്കാരണ്റ്റേതായി; സാധാരണക്കാരണ്റ്റെ നരകവും. ബോംബെയെപ്പറ്റിയുള്ള എണ്റ്റെ ആദ്യത്തെ ഓര്‍മ എനിക്കഞ്ചോ ആറോ വയസ്സുള്ളപ്പോഴത്തേതാണ്‌. എന്തോ ആവശ്യത്തിന്‌ അച്ഛന്‍ ബോംബേയില്‍പോയിവന്നു. എനിക്കൊരു കളിപ്പാട്ടവും കൊണ്ടുവന്നുതന്നു. മരത്തില്‍തീര്‍ത്ത ഒരു കൊച്ചുകാളവണ്ടി. ഇരുപത്തിനാലുമണിക്കൂറും അതുവച്ചുകളിച്ചിരുന്ന എനിക്ക്‌ 'ബംബായ്‌-മണി' എന്നൊരു വിളിപ്പേരുംകിട്ടി. 'എറണാകുളം-ഇടപ്പള്ളി-ആലുവ-ചൊവ്വര-അങ്കമാലി-കറുകുറ്റി' എന്നുനീളുന്ന, തീവണ്ടിയില്‍ 'ചുക്കുചുക്കുചുക്കുചുക്കു' എന്നു ബോംബേപ്പോക്കുവര്‍ണിക്കുന്ന ഒരു പാട്ടും അച്ഛനുണ്ടാക്കി പാടിക്കേള്‍പ്പിച്ചിരുന്നു. ബോംബേയില്‍ അങ്ങാടിനിറയെ ചെറുതും വലുതും കറുപ്പും വെളുപ്പുമായി കുട്ടികളെ കിട്ടുമെന്നും വില ചോദിച്ചപ്പോള്‍ പത്തുരൂപയെന്നുപറഞ്ഞെന്നെന്നും അത്രമാത്രം കാശുമുടക്കി (അന്ന്‌ അത്‌ വലിയൊരു സംഖ്യ ആയിരുന്നല്ലോ) എന്തിനു വാങ്ങണമെന്നു ശങ്കിച്ചെന്നും വീട്ടിലുള്ളതുതന്നെ മതി എന്നു തീരുമാനിച്ചെന്നുമാണ്‌ കഥാഗതി. ബന്ധുക്കളും പരിചയക്കാരുമായി പലരും ബോംബേവിശേഷങ്ങളുമായി വരും. അന്ന്‌ 'കൊട്ടലും കോറലും' (ടൈപ്പ്‌റൈറ്റിങ്ങ്‌-ഷോര്‍ട്ഠാണ്റ്റ്‌) പഠിച്ച്‌ ബോംബേക്കു വണ്ടികയറലായിരുന്നല്ലോ ഒരുമാതിരിപ്പെട്ട ചെറുപ്പക്കാരുടെ നാട്ടുനടപ്പ്‌. കയ്യിലിരിപ്പു കഷ്ടിയായ കുറേപ്പേര്‍ കള്ളവണ്ടികയറി ഒളിച്ചോടും. ബോംബേ ഏവര്‍ക്കും അന്നം നല്‍കി, അഭയം നല്‍കി. ഇന്നോ നിവൃത്തിയുണ്ടെങ്കില്‍ മുംബൈ ആര്‍ക്കും വേണ്ടാതായി. ബോംബേവാസികളെ അന്നേ പ്രത്യേകം തിരിച്ചറിയാമായിരുന്നു, ഇന്നത്തെ ഗള്‍ഫ്‌-വാസികളെപ്പോലെ. അവരുടെ നടപ്പുരീതികള്‍ വിഭിന്നമായിരുന്നു. നാട്ടില്‍വരുമ്പോള്‍ എത്ര വലിയ വീടാണെങ്കിലും ഇത്തിരിപ്പോന്ന സ്ഥലത്ത്‌ ഒതുങ്ങിക്കൂടും; തുണിയും മറ്റുസാധനങ്ങളുമെല്ലാം അപ്പപ്പോള്‍ മടക്കി, പൊതിഞ്ഞ്‌, ഒതുക്കി പെട്ടിയില്‍വച്ചടയ്ക്കും. അവര്‍ക്കു മറ്റുള്ളവരെ അല്‍പം പുച്ഛമായിരുന്നെന്നും കൂട്ടിക്കോളൂ. ഞങ്ങളോ അവരെ 'ബോംബെ-പൂന' എന്ന്‌ അടക്കംപറഞ്ഞു പരിഹസിക്കും. വിധി എപ്പോഴും തിരിച്ചുകൊത്തുമല്ലോ. അവിചാരിതമായി എനിക്കു ബോംബേക്കുതന്നെ സ്ഥലംമാറ്റമായി. അപ്പോഴേക്കും എണ്റ്റെ ജ്യേഷ്ഠന്‍ അവിടെ മാറ്റമായിപ്പോയി താമസമുറപ്പിച്ചിരുന്നു. അതിനാല്‍ താമസസൌകര്യം ഒരു പ്രശ്നമായില്ല. പക്ഷെ പണിസ്ഥലത്തേക്കുള്ള യാത്ര. രണ്ടുബസ്സും ഒരു ട്രെയിനുമായി, അല്ലെങ്കില്‍ രണ്ടുട്രെയിനും ഒരു ബസ്സുമായി രാവിലെയും വൈകീട്ടും രണ്ടരമണിക്കൂര്‍വീതമായിരുന്നു അത്‌. പ്രവൃത്തിദിവസത്തിണ്റ്റെ സുവര്‍ണസമയം അങ്ങനെ കത്തിത്തീര്‍ന്നു. അന്നെല്ലാം എന്നെ ആകര്‍ഷിച്ചത്‌ ആള്‍ക്കൂട്ടത്തിണ്റ്റെ അച്ചടക്കമായിരുന്നു. ടിക്കറ്റിനു ക്യൂ. ബസ്സിനു ക്യൂ. ടാക്സിക്കു ക്യൂ. എന്തിന്‌, മൂത്രപ്പുരയിലും ക്യൂ. അതെന്നെ കുറച്ചൊന്നുമല്ല കഷ്ടപ്പെടുത്തിയിട്ടുള്ളത്‌. പെരുമ്പടവത്തിണ്റ്റെ 'ക്യൂവിതം' എന്ന കവിത ('കോട്ടയിലെ പാട്ട്‌') ഞാന്‍ പലപ്പോഴുമോര്‍ത്തിട്ടുണ്ട്‌ അന്നെല്ലാം. ഇന്‍സ്പെക്റ്റര്‍മാര്‍, സ്ഥിരംയാത്രക്കാരെ ഒഴിവാക്കി പുതുതായെത്തുന്നവരെമാത്രം തടഞ്ഞുനിര്‍ത്തി ടിക്കറ്റ്‌ പരിശോധിക്കുന്നതു കൌതുകമുണര്‍ത്തിയിരുന്നു. സീസണ്‍ടിക്കറ്റുകാരായ മൂന്നുപേരോടൊപ്പം ഒറ്റട്ടിക്കറ്റുകാരനായി ഞാന്‍ സ്റ്റേഷനിറങ്ങുമ്പോള്‍, എണ്റ്റെമാത്രം ടിക്കറ്റുചോദിച്ചുവാങ്ങി പരിശോധിച്ച അനുഭവം ആദ്യദിവസങ്ങളില്‍തന്നെ ഉണ്ടായി. പിന്നീട്‌ പരിചയത്തിലായപ്പോള്‍ ഒരു ടിക്കറ്റ്‌ എക്സാമിനറോട്‌ ഇതെങ്ങിനെ സാധിക്കുന്നെന്നു തിരക്കിയിരുന്നു. അദ്ദേഹം പറഞ്ഞത്‌, ബോംബേക്കാര്‍ക്കെല്ലാം റോട്ടിലും നടപ്പാലത്തിലും വണ്ടിയിലും തിരക്കിലുമെല്ലാം ഒരു നടപ്പുരീതിയുണ്ടത്രെ; മുട്ടിയും എന്നാല്‍ തട്ടാതെയും, തട്ടിയും എന്നാല്‍ മുട്ടാതെയും ഉള്ള ഒരു 'ബ്രൌണിയന്‍' ചലനം. അതില്‍നിന്നു വേറിട്ടവന്‍ പുതുക്കക്കാരന്‍. നോട്ടം പതറുന്നവന്‌ ടിക്കറ്റേ ഉണ്ടാവില്ല. പരിശോധകര്‍ ഒരാളുടെ നേര്‍ക്കുനീങ്ങി മറ്റൊരാളോടാണ്‌ ടിക്കറ്റ്‌ ചോദിക്കുക. പിടിക്കപ്പെടുന്നവര്‍ പത്തുപേരില്‍ ഒന്‍പതുപേര്‍ക്കും ടിക്കറ്റുണ്ടാവില്ല. ബസ്സിലെ കണ്ടക്റ്ററുടെ നീക്കത്തിലും ഒരു പ്രത്യേകതയുണ്ട്‌. തിരക്കിനൊത്ത്‌ ആള്‍ ഒരു പിസ്റ്റണ്‍പോലെ മുന്‍പോട്ടും പിറകോട്ടും മാറിക്കൊണ്ടിരിക്കും. പിന്‍വാതിലില്‍കൂടിക്കയറി മുന്‍വാതിലിലൂടെ പുറത്തേക്കിറങ്ങുമ്പോഴേക്കും ടിക്കറ്റ്‌ കൊടുത്തിരിക്കും. അതിണ്റ്റെകൂടെ വണ്ടി നിര്‍ത്താനും പോകാനുമെല്ലാമുള്ള ബെല്ലടിയും നടക്കും. ഡ്രൈവര്‍ക്ക്‌ ഒരു 'യന്തിര'നെപ്പോലെ വണ്ടിയോടിക്കേണ്ട ചുമതല മാത്രമേയുള്ളൂ; അത്യപൂര്‍വസന്ദര്‍ഭങ്ങളില്‍ ഒരു ദണ്ഡുനീക്കി മുന്‍വാതിലിനു തടയിടാനും. കേരളത്തിലെ ബസ്സുകളിലെ ഡ്രൈവറും കണ്ടക്റ്റര്‍മാരും കിളികളുമായി നാലഞ്ചുപേരടങ്ങുന്ന പരികര്‍മിസംഘം ഇതുനോക്കിപ്പഠിക്കണം. തുടക്കത്തിലൊക്കെ ഞാന്‍ ട്രെയിനിലെ തിക്കില്‍പ്പെട്ട്‌ നട്ടംതിരിയുമായിരുന്നു. ഒരു ദിവസം അപരിചിതനായ ഒരാളെന്നെ ഉപദേശിച്ചു, ബലംപിടിക്കാതെ തിരക്കിലങ്ങലിഞ്ഞുചേരാന്‍. അതായിരിക്കും തനിക്കും മറ്റുള്ളവര്‍ക്കും സൌകര്യം. ശരിയായിരുന്നു. മസിലുപിടിത്തം വിട്ടപ്പോള്‍ യാത്ര സഹിക്കാമെന്നായി. ഒഴുക്കിനൊത്തു നീങ്ങുക - അതാണ്‌ ഒരു ശരാശരി ബോംബെക്കാരണ്റ്റെ അതിജീവനകൌശലം. തുടക്കത്തിലെ വേറൊരു പാഠം. അന്ധേരി സ്റ്റേഷനില്‍ വച്ചാണ്‌, പ്ളാറ്റ്ഫോമില്‍ ഒരു പിഞ്ചുകുഞ്ഞിരുന്നു കരയുന്നു. അടുത്താരും ഉള്ളതായി ലക്ഷണമില്ല. ഞാന്‍ സ്റ്റേഷന്‍ മാസ്റ്ററുടെ അടുത്തുചെന്നു കാര്യം പറഞ്ഞു. അദ്ദേഹം ആരെയോ വിളിച്ച്‌ എന്തോ നിര്‍ദേശംനല്‍കി. ഞാനിനി എന്തു ചെയ്യണമെന്ന എണ്റ്റെ ചോദ്യത്തിന്‌, നേരെ സ്ഥലം വിടാനായിരുന്നു അദ്ദേഹത്തിണ്റ്റെ അനുശാസനം, വേറെ കശപിശയിലൊന്നും ചെന്നുചാടേണ്ടെങ്കില്‍. വിവരം തന്നല്ലോ, അതു മതി. ഇതെല്ലാം ഈ നഗരത്തില്‍ പതിവാണ്‌. കൊച്ചിനെത്തൊട്ടാല്‍ കാര്യം മാറിയേക്കും! അതുമൊരു ബിസിനസ്സാണിവിടെ. മറാഠിയില്‍ കൂടെക്കൂടെ കേള്‍ക്കുന്ന ഒരു വാക്കാണ്‌ 'കായ്ത്തറി' ('കാഹീതറി). അതുമിതും, ഏകദേശം, എന്തോ ഏതോ, കുറഞ്ഞപക്ഷം, എന്തെങ്കിലും എന്നെല്ലാം ഏതാണ്ടര്‍ഥം. ബോംബേക്കാരുടെ ജീവിതം ഈ ഒരൊറ്റ വാക്കില്‍ പ്രതിഫലിക്കുന്നു. ഒരു ഏകദേശജീവിതമാണ്‌ അവരുടേത്‌. എന്തോ ചെയ്യുന്നു, എങ്ങനെയോ ജീവിക്കുന്നു. എന്തെങ്കിലും നേടുന്നു, അതുമിതും തിന്നുന്നു. താന്‍പോലുമറിയാതെ ജീവന്‍ കത്തിയമരുന്നു. ഒരു വഴി ചോദിച്ചാല്‍ അറിയില്ലെന്നാരും പറയില്ല. പക്ഷെ അറിഞ്ഞുകൊണ്ടു പറ്റിക്കുകയുമില്ല. ഒരു കമ്മതി അങ്ങടിച്ചുവിടും. ഫോണ്‍ നമ്പറുപോലും ഏകദേശക്കണക്കാണവര്‍ക്ക്‌. നാട്ടില്‍നിന്ന്‌ ഒരു പെണ്ണ്‌ ബോംബേയിലേക്ക്‌ കല്യാണം കഴിച്ചുപോയി. ഒറ്റമോളായിരുന്നതുകൊണ്ട്‌ വയസ്സായ അമ്മയും പോയി കൂടെത്താമസിക്കാന്‍. അവിടെയുണ്ടോ ഒറ്റമുറിയില്‍ എന്തെങ്കിലും സ്വകാര്യത? ആദ്യമൊക്കെ മകളും ഭര്‍ത്താവും പിടിച്ചുനിന്നു. പിന്നെപ്പിന്നെ പിടികിട്ടാതായി. അമ്മയെന്തുചെയ്യും? തലവഴി മൂടിപ്പുതച്ചങ്ങു തിരിഞ്ഞുകിടക്കും. നാട്ടിലേക്കു തിരിച്ചുവന്നപ്പോള്‍ അവര്‍തന്നെ പറഞ്ഞറിഞ്ഞതാണ്‌. വൈയക്തികവൃത്തികള്‍ക്ക്‌ പൊതു ഇടങ്ങളേയുള്ളൂ അവിടെ. വൈകാരികസൌഖ്യം വളരെക്കുറവാണ്‌ മുംബൈക്കാര്‍ക്ക്‌. അതുകൊണ്ടാകാം ഭക്തിമാര്‍ഗവും വളരെ പ്റിയമാണു മുംബൈക്കാര്‍ക്ക്‌. നടുറോട്ടിലെ നമാസ്സും ആരതിയും ശോഭായാത്രയും ദഹി-ഹണ്ടിയും സാര്‍വജനിക്‌ഗണേശോത്സവവും ദീപാവലിക്കു നെഞ്ചുപിളര്‍ക്കുന്ന പടക്കംപൊട്ടിക്കലുമെല്ലാം അവര്‍ സഹിക്കുന്നു. ഒരിക്കല്‍ ബസ്സിനു ക്യൂനില്‍ക്കുമ്പോള്‍ കണ്ടതാണ്‌. അരക്കിലോമീറ്ററോളം നീളമുള്ള വരി പകുതിക്കുവച്ചു വളഞ്ഞുനില്‍ക്കുന്നു. അവിടെയെത്തിയപ്പോഴാണറിയുന്നത്‌ ഒരു പിച്ചക്കാരണ്റ്റെ മൃതദേഹം കിടക്കുന്നെന്ന്‌. അതൊഴിവാക്കാനാണ്‌ വരിയിലെ വളവ്‌. അടുത്തുതന്നെ ഒരാല്‍മരം. അതിണ്റ്റെ കടയ്ക്കല്‍ തടിച്ചുകൊഴുത്ത ഗുജറാത്തിസ്ത്രീകള്‍ പാലൊഴിക്കുന്നു, കുങ്കുമംവിതറുന്നു, തിരികത്തിക്കുന്നു. അവിടെ ചൊരിഞ്ഞ പാല്‍ ആ പാവത്തിണ്റ്റെ വായിലൊഴിച്ചിരുന്നെങ്കില്‍ അയാള്‍ ഒരുപക്ഷെ മരണപ്പെടുമായിരുന്നില്ല. ട്റെയിനില്‍ സ്ഥിരം കണ്ടിരുന്ന ഒരാള്‍ക്ക്‌ ജപം കഴിഞ്ഞു സമയമുണ്ടാകില്ല. സദാ 'നാരായണ നാരായണ'. വണ്ടിക്കു വേഗം കൂടുമ്പോള്‍ ജപത്തിനും വേഗം കൂടും. സ്റ്റേഷനുകളില്‍ സ്പീഡുകുറയുമ്പോള്‍ അയാളുടെ നാരായണ പതുക്കെയാവും. കണ്ണുകള്‍ ചുറ്റിക്കൊണ്ടേയിരിക്കും, ആരു കേറിയാലും ഇറങ്ങിയാലും അവരെ പിന്‍തുടരും. വേറൊരു കൂട്ടര്‍ക്ക്‌ ട്രെയിന്‍ഭജനയാണ്‌. തുടക്കത്തില്‍തന്നെ കംപാര്‍ട്ടുമെണ്റ്റില്‍ കയറിപ്പറ്റി ഒരു ചിത്രവുംവച്ച്‌ കിണ്ണാരവും തപ്പും കൊട്ടി പാട്ടുതുടങ്ങും. ആ വഴിക്ക്‌ ആര്‍ക്കും അടുക്കാന്‍ പറ്റില്ല. പറ്റിപ്പോയാല്‍ പെട്ടതുതന്നെ. അതുകൊണ്ടെല്ലാമായിരിക്കണം ബോംബേക്കാരുടെ പ്രതികരണങ്ങള്‍ ഒന്നുകില്‍ ഇങ്ങേയറ്റം, അല്ലെങ്കില്‍ അങ്ങേയറ്റം. വികാരവിചാരങ്ങള്‍ക്ക്‌ സംയമനമോ സന്തുലനമോ കാണില്ല. ഒരു പോക്കറ്റടിക്കരനെയോ പിടിച്ചുപറിക്കാരനെയോ കയ്യില്‍കിട്ടിയാല്‍പിന്നെ പൊതിരെ തല്ലാണ്‌. ദൂരെനില്‍ക്കുന്നവനും പോയി, കാര്യമെന്തെന്നുപോലുമറിയാതെ ഒന്നുരണ്ടുകോടുത്തിട്ടേ അടങ്ങൂ. വഴിയില്‍ ചത്തുകിടക്കുന്നവരെപ്പോലും കവച്ചുവച്ചായിരിക്കും അവണ്റ്റെ വരവ്‌. എന്നാല്‍ ഒരു പ്റകൃതിദുരന്തമോമറ്റെ ഉണ്ടയാലോ, കയ്യുംമെയ്യും മറന്ന്‌ അവര്‍ സഹായത്തിനെത്തും. വ്യക്തിയെ അവര്‍ക്കു കാണാനുള്ള കണ്ണില്ല, ആള്‍ക്കൂട്ടത്തെയേ അവരറിയൂ. ഒഴിഞ്ഞപ്ളാറ്റ്‌ഫോമില്‍ എത്ര സ്ഥലമുണ്ടായാലും ഒറ്റക്കുനില്‍ക്കുന്നവനെ മുട്ടിയുരുമ്മിയേ അടുത്തയാള്‍ വന്നുനില്‍ക്കൂ. ഒരു ഫിലിം ഷൂട്ടിങ്ങ്‌ കണ്ടാല്‍ ജന്‍മസായൂജ്യമായി സാധാരണക്കാരന്‌. സിനിമയിലെങ്ങാനും ബി.ഇ.എസ്‌.ടി. ബസ്സോ എന്തെങ്കിലും പരിചയമുള്ള സ്ഥലമോ കണ്ടാല്‍ ഉടനെ വിളിച്ചുപറയുകയായി തണ്റ്റെ വിജ്ഞാനം. പെരുത്ത മഴയില്‍ വളരെവൈകി ഓഫീസില്‍നിന്നു വരുന്ന വഴി, ഫിലിംഷൂട്ടിങ്ങ്‌ നടക്കുന്ന പൊതുവഴി അറിയാതെ മുറിച്ചുകടന്ന എന്നെ സംഘാടകരും നാട്ടുകാരുംകൂടി കൊല്ലാതെവിട്ടെന്നേയുള്ളൂ ഒരിക്കല്‍. എല്ലാം മെഗാവലിപ്പത്തിലാണവര്‍ക്ക്‌. 'മഹാ' ചേര്‍ത്താലേ എല്ലാം മഹത്താകൂ. 'മഹാനഗര്‍' അല്ലേ. മഹാചോര്‍, മഹാബദ്‌മാഷ്‌, മഹാരാഷ്ട്ര! പുതുതായി ആരുവന്നാലും, നാട്ടുകാരും വീട്ടുകാരും സഹപ്രവര്‍ത്തകരും ടാക്സിക്കാരും ആവേശംപൂണ്ടു ചൂണ്ടിക്കാണിച്ചുതരാന്‍ മറക്കാത്ത കാര്യങ്ങളായിരുന്നു താജ്‌, ഒബറോയ്‌, പ്രസിഡണ്റ്റ്‌ തുടങ്ങിയ വാന്‍ ഹോട്ടലുകളും എയര്‍ ഇന്‍ഡ്യ, സ്റ്റോക്ക്‌ മാര്‍ക്കറ്റ്‌, ഓവര്‍സീസ്‌ കമ്മ്യൂണിക്കേഷന്‍ മുതലായവയുടെ കെട്ടിടങ്ങളും ജുഹു, ചൌപാട്ടി, കൊളാബ, വര്‍ളി എന്നുകുറെ പൊതുസ്ഥലങ്ങളും മറ്റും മറ്റും. വീട്ടില്‍ സ്ഥലം കഷ്ടിയാണെന്നതായിരിക്കണം പൊതുസ്ഥലങ്ങള്‍ അവരെ ഇത്രയധികം ആവേശപ്പെടുത്തുന്നത്‌. തനിക്കില്ലാത്തത്‌ ഹിന്ദിസിനിമയില്‍കണ്ടു സായൂജ്യമടയുന്നവരുടെ മനോഗതി. പിന്നെ കുറെക്കാലം അധോലോകനായകരുടെ ശക്തിപ്രദേശങ്ങളായിരുന്നു ശ്രദ്ധാകേന്ദ്രങ്ങള്‍. പിന്നെപ്പിന്നെ ഹിന്ദിസിനിമാനടീനടന്‍മാരുടെയും ക്രിക്കറ്റ്കളിക്കാരുടെയും ബംഗ്ഗ്ളാവുകളായി. കുറേക്കാലം 'ഫ്ളൈ-ഓവ'റുകളായിരുന്നു. തീവ്രവാദികളുടെ വരവോടെ സ്ഫോടനസ്ഥലങ്ങളായി വിസ്മയകേന്ദ്രങ്ങള്‍. ത്രില്ലിനെന്തെങ്കിലും ബോംബെക്കാരനുണ്ടായേ മതിയാവൂ. ദില്ലിക്കാര്‍ സര്‍ക്കാരെ പറ്റിച്ചു കാര്യംനേടുമ്പോള്‍, ബോംബെക്കാരെ പറ്റിച്ചു സര്‍ക്കാര്‍ കാര്യംനേടുന്നു; അതൊട്ടു മനസ്സിലാക്കുന്നുമില്ല പാവങ്ങള്‍. ത്രില്ലിനെന്തെങ്കിലും വായ്ക്കരി ഇട്ടുകൊടുത്താല്‍ പൊതുജനം വായടയ്ക്കുമെന്ന്‌ സര്‍ക്കാറിനറിയാം. ബാന്ദ്ര-വര്‍ളി കടല്‍പ്പാലമാണ്‌ ('സീ ലിങ്ക്‌') ഇന്ന്‌ 'മുംബൈക്കാ'റുടെ പ്രകടനവിസ്മയം. ഏണ്‍പതുകളില്‍ അതിണ്റ്റെ നിര്‍മാണസങ്കല്‍പങ്ങളുടെ പ്രാഥമിക ചര്‍ച്ചകളില്‍ പങ്കെടുത്തൊരു ചെറിയ പാപം എനിക്കുണ്ട്‌. അന്നേ തോന്നിയതാണ്‌, ആര്‍ക്കുവേണ്ടിയാണാപ്പാലം? ബാന്ദ്രക്കും വര്‍ളിക്കുമിടയില്‍ നേരമ്പോക്കിനായി ചീറിപ്പായേണ്ട കുറെ പണച്ചാക്കുകള്‍ക്കോ? അംബാനിയും ബച്ചനും തെണ്ടൂല്‍ക്കറും ഠാക്കറെയും അവരുടെ ഭാര്യമാരും മക്കളുംമാത്രമല്ലല്ലോ ബോംബേയില്‍ ജീവിക്കുന്നത്‌. കാല്‍നട പാടില്ല; ഇരുചക്രവാഹനങ്ങള്‍ക്കു പ്രവേശനമില്ല; ചരക്കുവണ്ടികളും ഉപയോഗിക്കില്ല. നൂറുരൂപയോളം ചുങ്കംകൊടുത്ത്‌ സാധാരണക്കാരുണ്ടോ ആ പാലം കടക്കുന്നു? എന്നെപ്പോലെ കൌതുകത്തിനുമാത്രം, വല്ലപ്പോഴും, ഒരിക്കല്‍മാത്രം, അതുവഴി പോകുന്ന വിഡ്ഢികളുണ്ടാകാം. മുംബൈയുടെ വികസനത്തിണ്റ്റെയല്ല, അപചയത്തിണ്റ്റെ പ്രതീകമാണ്‌ ഈ 'സീ ലിങ്ക്‌'. [Published in the fortnightly web-magazine www.nattupacha.com]

തലമുറകളുടെ തവളച്ചാട്ടം

തലമുറ എന്നതിണ്റ്റെ മുഖമുദ്രതന്നെ തുടര്‍ച്ചയും പടര്‍ച്ചയുമാണ്‌. "താതന്‍ മറന്നാല്‍ തനയന്‍ തുടര്‍ന്നു തദ്‌വൃത്തഖണ്ഡം പരിപൂര്‍ണമാക്കും" എന്നു വിധി. എങ്കിലോ ഒരു തലമുറയില്‍ ജീവിച്ച്‌ മറ്റൊരു തലമുറയിലേക്കു തവളച്ചാട്ടം ചാടിയവരുമുണ്ട്‌; മുന്നിലേക്കും പിന്നിലേക്കും. ഇണ്റ്റെര്‍നെറ്റ്‌വിനിമയത്തിനിടെ മനസ്സില്‍തടഞ്ഞ മനുഷ്യനായിരുന്നു സി.വി.കെ. മൂര്‍ത്തി. സ്വസമൂഹത്തിലെ അനുഷ്ഠാനപരതയെയും അന്ധവിശ്വാസത്തെയും ആര്‍ഭാടത്തെയും അല്‍പത്തത്തെയുമെല്ലാംകുറിച്ച്‌ സംവദിക്കേണ്ടിവന്നപ്പോള്‍ ആകസ്മികമായി ശ്രീ മൂര്‍ത്തി പിന്‍ബലമേകി. അതിനുമുന്‍പും അതില്‍പിന്നങ്ങോട്ടും അദ്ദേഹം ആ യുദ്ധം സ്വയമേറ്റെടുത്തു നടത്തിയിരുന്നു. കാര്യവിവരവും ബുദ്ധികൂര്‍മതയും വാഗ്ശക്തിയും വിനയാന്വിതയുംകൊണ്ട്‌, "കുലയ്ക്കുമ്പോളൊന്ന്‌, തൊടുക്കുമ്പോള്‍ പത്ത്‌, കൊള്ളുമ്പോള്‍ ആയിരം ഓരായിരം" എന്ന മട്ടില്‍ പറഞ്ഞും പറയാതെയും, ഉപദേശിച്ചും പ്രതികരിച്ചും, കളിയാക്കിയും കുരച്ചുചാടിയും അദ്ദേഹം പാരമ്പര്യത്തിണ്റ്റെ പിണിയാളുകളെ നിശ്ശബ്ദരാക്കി. പാരമ്പര്യത്തിണ്റ്റെ പിടിവാശിയില്‍ പിടഞ്ഞടങ്ങുന്ന നിശ്ശബ്ദജീവനുകളെ ഇനിയും പിഴിഞ്ഞെടുക്കാതെ അവരുടെ വഴിക്കു വെറുതെയെങ്കിലുംവിട്ടയക്കാന്‍ അദ്ദേഹം സ്വസമുദായത്തെ ഗുണദോഷിച്ചു. അതില്‍പിന്നെ ഞങ്ങള്‍തമ്മില്‍ ഇ-മെയില്‍ വര്‍ത്തമാനം തുടര്‍ന്നു. അതിരുവിട്ട ഭക്തിയും കടംവാങ്ങിക്കല്യാണവും കപടസദാചാരവുംതൊട്ട്‌, മതങ്ങളുടെ പ്രകടനപരതയും കടുംപിടിത്തവും എന്നല്ല, മണ്ണാശയും പെണ്ണാശയും പൊന്നാശയുമെല്ലാംവരെ ആ കത്തുകളില്‍ കത്തിക്കാളി. സമുദായത്തിലെ ആണുങ്ങളുടെ ആണത്തമില്ലായ്‌മയും പെണ്ണുങ്ങളുടെ പൊള്ളത്തരവും തുറന്നുപറഞ്ഞ്‌, അദ്ദേഹം പാരമ്പര്യവാദികളുടെ വായടച്ചു. വികാരവും വിചാരവും വിപ്ളവവും അന്യോന്യം പകര്‍ന്നാടാന്‍ അനുവദിക്കാതെ സമചിത്തതയോടെ സമകാലികസമസ്യകളെ സമരസിപ്പിക്കാന്‍ അദ്ദേഹം ഉത്തേജനം നല്‍കി. ഒരു യുവാവിണ്റ്റെ ചടുലതയും യുവഭടണ്റ്റെ വീറും മധ്യവയസ്ക്കണ്റ്റെ പക്വതയും അനുഭവജ്ഞണ്റ്റെ ആത്മവിശ്വാസവും ആത്മാര്‍ഥതയുടെ അര്‍പ്പണാത്മകതയും നിറഞ്ഞതായിരുന്നു അദ്ദേഹത്തിണ്റ്റെ അറിവിടങ്ങള്‍. പതിവിനു വിപരീതമായി, ഈ ഇണ്റ്റെര്‍നെറ്റ്‌-പോരാളിയുടെ വ്യക്തിപരമായ കാര്യങ്ങളറിയാന്‍ എനിക്കു താല്‍പര്യമായി. ശ്രീ മൂര്‍ത്തിയുടെ മറുപടി എന്നെ ആശ്ചര്യപ്പെടുത്തി. പാകംവന്ന ഒരു ഇടപ്രായക്കാരണ്റ്റെ ചിത്രമായിരുന്നു എനിക്കദ്ദേഹത്തെപ്പറ്റി. എണ്റ്റെ തലമുറക്കാരനെന്നു കരുതിയ അദ്ദേഹം എണ്‍പതിനോടടുത്ത വയോധികന്‍. ഇന്ത്യയില്‍ പല സ്ഥലങ്ങളിലും പണിയെടുത്ത ഒരു പഴയ എന്‍ജിനിയര്‍. ഭാര്യമരിച്ചിട്ട്‌ അധികമായിരുന്നില്ല. രോഗപീഡകൊണ്ട്‌ കസേരവിട്ടു വീടിനു വെളിയിലിറങ്ങുന്നതേ ചുരുക്കം. മകണ്റ്റെകൂടെ ബംഗളൂരില്‍ താമസം. അച്ഛനെ കംപ്യൂട്ടര്‍-പ്രേമിയാക്കിയത്‌ മകനായിരിക്കണം. അതു വിത്തിനു വളമായി. (എണ്റ്റെ തലമുറക്കാര്‍പോലും പണിക്കല്ലാതെ പരസ്‌പരവിനിമയത്തിന്‌ കംപ്യൂട്ടര്‍ കൈകൊണ്ടുതൊടാത്ത കാലമായിരുന്നു അതെന്നോര്‍ക്കുക). ഒരു തലമുറകൊണ്ട്‌ ആര്‍ജിച്ചതെല്ലാം മറുതലമുറയ്ക്കുപകരാനുള്ളൊരു തവളച്ചാട്ടം ചാടി ആ മനുഷ്യന്‍ അതോടെ. കാലത്തിനുവേണ്ടി കാത്തുനിന്നില്ല; കാലത്തെ കടത്തിവെട്ടി സി.വി.കെ. മൂര്‍ത്തി. ഒടുവിലറിയുമ്പോള്‍ അദ്ദേഹം കൊല്‍ക്കത്തയിലേക്കു താമസം മാറ്റിയിരുന്നു മകനുമൊത്ത്‌. മകന്‍ സമ്മാനിച്ച 'ലെയ്സി-ബോയ്‌' കസേരയിലിരുന്നും കിടന്നും അദ്ദേഹം വിശ്വരൂപദര്‍ശനം തുടര്‍ന്നു. ഒരുപാടുനീണ്ട ഇടവേളക്കുശേഷം എനിക്കദ്ദേഹത്തിണ്റ്റെ വിലാസത്തില്‍ ഒരു മെയില്‍ കിട്ടി. പക്ഷെ അതു മകന്‍ അച്ഛണ്റ്റെ പരിചയക്കാര്‍ക്കെല്ലാമയച്ച ചരമവാര്‍ത്തയായിരുന്നു. ശ്രീ മൂര്‍ത്തി കാലത്തിനു മുന്നോട്ടുചാടിയപ്പോള്‍ എ.കെ. പുതുശ്ശേരിയെന്നൊരു സമകാലികന്‍ തലമുറയ്ക്കു പിന്നോട്ടാണു തവളച്ചാട്ടം ചാടിയത്‌. മുന്‍തലമുറയില്‍നിന്ന്‌ തനിക്കൊരു മാറ്റവുമില്ലെന്നും മാറാന്‍ മനസ്സില്ലെന്നും തണ്റ്റേടത്തോടെ വിളിച്ചുപറഞ്ഞ ഒരു - സാഹിത്യകാരന്‍, മതപണ്ഡിതന്‍, നടന്‍, പൊതുപ്രവര്‍ത്തകന്‍, സംഘാടകന്‍; ആരാണ്‌, അല്ലെങ്കില്‍ ഇതില്‍ ആരല്ല എ.കെ. പുതുശ്ശേരി? - 'എനിഗ്മാറ്റിക്‌'-പ്രതിഭയാണ്‌ അദ്ദേഹം. ആകസ്മികമായാണ്‌ അദ്ദേഹത്തെയും പരിചയപ്പെടുന്നത്‌. ഞാന്‍ എറണാകുളത്തെ എസ്‌.ടി. റെഡ്യാര്‍ പ്രസ്സില്‍ എണ്റ്റെ സഹപാഠി സുന്ദരമൂര്‍ത്തിയെക്കാണാന്‍ പോയതായിരുന്നു കഴിഞ്ഞവര്‍ഷം (൨൦൧൧). നാടകീയമായാണ്‌ ആ സ്നേഹിതന്‍ എന്നെ പുതുശ്ശേരിയുടെ മുന്നിലെത്തിച്ചത്‌. 'എസ്ടിയാ'റിലെ പഴയ ജീവനക്കാരനാണ്‌ ഇന്നും പുതുശ്ശേരി. സഹപ്രവര്‍ത്തകര്‍ക്കെല്ലാം തികച്ചും ഒരു കാരണവര്‍. എഴുപത്തേഴു പുസ്തകങ്ങളുടെ കര്‍ത്താവ്‌. എണ്റ്റെ തട്ടകം സ്ഥലീയമായും കാലികമായും വിഭിന്നമായിരുന്നതിനാലായിരിക്കണം, ഞാന്‍ അദ്ദേഹത്തെക്കുറിച്ചു കേട്ടിട്ടില്ലായിരുന്നു. ഞാന്‍ സത്യം പറഞ്ഞു. അതില്‍ അദ്ദേഹത്തിനു പരിഭവവുമില്ലായിരുന്നു. ആകപ്പാടെ എനിക്കറിയാവുന്ന 'പുതുശ്ശേരി' എണ്റ്റെ സുഹൃത്ത്‌ ജോണ്‍പോളാണ്‌. അതുപറഞ്ഞതും ശ്രീ എ.കെ. പുതുശ്ശേരി തണ്റ്റെ ചെറുകഥകളുടെ ഏറ്റവും പുതിയ സമാഹാരം ഒപ്പിട്ടു കയ്യില്‍തന്നു. അതിനു മുന്നുര എഴുതിയിരുന്നത്‌ ജോണ്‍പോളായിരുന്നു! സപ്തതിയില്‍ വിലസുന്ന പുതുശ്ശേരിയുടെ എഴുപത്തേഴാമതു പുസ്തകമാണ്‌ ഈ കഥാസമാഹാരം (അത്‌ ൨൦൧൦-ലെ കഥ). ൧൯൫൫-ലാണ്‌ ആദ്യകൃതി - ഭാരമുള്ള കുരിശ്‌, ഒരു നാടകം. കുരിശിണ്റ്റെ ഭാരം കുറഞ്ഞും വലിഞ്ഞും ൨൦൧൦-ലേക്കെത്തിയപ്പോള്‍ (പുതുശ്ശേരിയുടെതന്നെ വാക്കുകള്‍), ൭൭ കൃതികള്‍! ഒരു ഡസന്‍ നോവലുകള്‍, ഒരുഡസന്‍ ബാലസാഹിത്യകൃതികള്‍, അതിലിരട്ടി ബാലെകള്‍, സാമൂഹ്യനാടകങ്ങള്‍, ബൈബിള്‍നാടകങ്ങള്‍, കഥാപ്രസംഗങ്ങള്‍, പിന്നെ ജീവചരിത്രം (ആര്‍ട്ടിസ്റ്റ്‌ പി.ജെ. ചെറിയാനെക്കുറിച്ച്‌), നാടകാനുഭവങ്ങള്‍, നാലഞ്ചു ടെലിഫിലിമുകള്‍, സിനിമ ('കൃഷ്ണപക്ഷക്കിളികള്‍'), കാസറ്റുകള്‍ (൨൨ ഭക്തിഗാനങ്ങള്‍, ൨൨ ലളിതഗാനങ്ങള്‍) - പോരേ, ഒരു പുരുഷായുസ്സിന്‌? പഴയ തലമുറയെ കൈവിടുന്നില്ല എ.കെ. പുതുശ്ശേരി; മാത്രമല്ല മുറുകെ പിടിച്ചിരിക്കുകയുമാണ്‌. അദ്ദേഹത്തിന്‌ കാലം ഒന്നേയുള്ളൂ. അതു മാറുന്നില്ല. ശൈലി ഒന്നേയുള്ളൂ. അതും മാറുന്നില്ല. കാരണം മാറാത്ത കാര്യങ്ങളെയാണ്‌ അദ്ദേഹം കാണുന്നത്‌. ജീവിതത്തിലെ 'ചിരഞ്ജീവി'കളെയാണ്‌ അദ്ദേഹം അവതരിപ്പിക്കുന്നത്‌. കാലം അദ്ദേഹത്തിണ്റ്റെ മുന്നിലൂടെ ഒഴുകിപ്പോയേക്കാം; പക്ഷെ അദ്ദേഹം കൂടെ ഒഴുകിപ്പോകുന്നില്ല. ജോണ്‍പോള്‍ പറയുന്നതുപോലെ, 'ഞാനിങ്ങനെ.....എനിക്കിങ്ങനെ.....എണ്റ്റെയിങ്ങനെ' എന്ന നേര്‍മട്ട്‌. 'പഴഞ്ച'നാണെങ്കിലും പഴക്കംതട്ടാത്ത മനുഷ്യന്‍! ജോണ്‍പോളിനോടു ഞാനും യോജിക്കുന്നു, "ആ മനസ്സിനെ, ആ മനുഷ്യനെ നമുക്കിഷ്ടപ്പെടാതിരിക്കുവാന്‍ കഴിയില്ല. [Published in the fortnightly web-magazine www.nattupacha.com]

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...