Wednesday, 18 April 2012
'ബോംബ'
യൂറോപ്യന്ഭാഷകളില് നല്ല ഉള്ക്കടല് എന്നര്ഥത്തില് 'ബോണ്-ബേ' എന്നതില്നിന്നും, മറാഠിയില് മുംബാദേവിയുടെ ആസ്ഥാനം എന്നര്ഥത്തില് 'മുംബൈ' എന്നതില്നിന്നുമാണ് 'ബോംബെ' എന്നപേരുണ്ടായതെന്നു പാഠഭേദങ്ങളുണ്ട്. വടക്കന്മാര് അതു 'ബംബയീ' എന്നാക്കിയപ്പോള് തെക്കന്മാര് അതു 'ബംബായ്' ആക്കി 'ബോംബ' വരെ എത്തിച്ചു. ഇന്നിപ്പോള് തിരിച്ചു 'മുംബൈ' ആയിരിക്കുന്നു. 'മുംബായ്'-ഉം 'മുംബ'-യും പിന്വിളികളില് കേള്ക്കാം. കളിവിളിയായി 'ബോംബ്'-ബേ എന്നും, കൂടെക്കൂടെയുള്ള ബോംബ്-സ്ഫോടനങ്ങള് കാരണം.
ജീവിതത്തിണ്റ്റെ നല്ലാരു ഭാഗത്തിണ്റ്റെ നല്ലൊരു ഭാഗം, ജോലിക്കാലത്ത് ഞാന് മുംബൈയില് കഴിച്ചുകൂട്ടി. എണ്റ്റെ 'നല്ല ഭാഗം' മുംബൈയിലാണ് ജനിച്ചതും വളര്ന്നതും. കല്യാണംകഴിക്കാന്വേണ്ടി ബോംബേയിലെത്തിയ ഒരു നിയോഗമാണെനിക്ക്. അങ്ങനെ 'പ്രൊഫഷണല് ആണ്റ്റ് പേഴ്സണല്' ബന്ധങ്ങള് എനിക്കാസ്ഥലവുമായുണ്ട്.
പത്തുവര്ഷത്തെ ഇടവേളയ്ക്കുശേഷം അടുത്തിടെ മുംബൈക്കുപോയപ്പോള്, മാറ്റമില്ലാത്തതെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന മുംബൈയും മാറിപ്പോയിരിക്കുന്നു. സാധാരണക്കാരണ്റ്റെ നഗരം ഇന്നു പണക്കാരണ്റ്റേതായി; സാധാരണക്കാരണ്റ്റെ നരകവും.
ബോംബെയെപ്പറ്റിയുള്ള എണ്റ്റെ ആദ്യത്തെ ഓര്മ എനിക്കഞ്ചോ ആറോ വയസ്സുള്ളപ്പോഴത്തേതാണ്. എന്തോ ആവശ്യത്തിന് അച്ഛന് ബോംബേയില്പോയിവന്നു. എനിക്കൊരു കളിപ്പാട്ടവും കൊണ്ടുവന്നുതന്നു. മരത്തില്തീര്ത്ത ഒരു കൊച്ചുകാളവണ്ടി. ഇരുപത്തിനാലുമണിക്കൂറും അതുവച്ചുകളിച്ചിരുന്ന എനിക്ക് 'ബംബായ്-മണി' എന്നൊരു വിളിപ്പേരുംകിട്ടി. 'എറണാകുളം-ഇടപ്പള്ളി-ആലുവ-ചൊവ്വര-അങ്കമാലി-കറുകുറ്റി' എന്നുനീളുന്ന, തീവണ്ടിയില് 'ചുക്കുചുക്കുചുക്കുചുക്കു' എന്നു ബോംബേപ്പോക്കുവര്ണിക്കുന്ന ഒരു പാട്ടും അച്ഛനുണ്ടാക്കി പാടിക്കേള്പ്പിച്ചിരുന്നു. ബോംബേയില് അങ്ങാടിനിറയെ ചെറുതും വലുതും കറുപ്പും വെളുപ്പുമായി കുട്ടികളെ കിട്ടുമെന്നും വില ചോദിച്ചപ്പോള് പത്തുരൂപയെന്നുപറഞ്ഞെന്നെന്നും അത്രമാത്രം കാശുമുടക്കി (അന്ന് അത് വലിയൊരു സംഖ്യ ആയിരുന്നല്ലോ) എന്തിനു വാങ്ങണമെന്നു ശങ്കിച്ചെന്നും വീട്ടിലുള്ളതുതന്നെ മതി എന്നു തീരുമാനിച്ചെന്നുമാണ് കഥാഗതി.
ബന്ധുക്കളും പരിചയക്കാരുമായി പലരും ബോംബേവിശേഷങ്ങളുമായി വരും. അന്ന് 'കൊട്ടലും കോറലും' (ടൈപ്പ്റൈറ്റിങ്ങ്-ഷോര്ട്ഠാണ്റ്റ്) പഠിച്ച് ബോംബേക്കു വണ്ടികയറലായിരുന്നല്ലോ ഒരുമാതിരിപ്പെട്ട ചെറുപ്പക്കാരുടെ നാട്ടുനടപ്പ്. കയ്യിലിരിപ്പു കഷ്ടിയായ കുറേപ്പേര് കള്ളവണ്ടികയറി ഒളിച്ചോടും. ബോംബേ ഏവര്ക്കും അന്നം നല്കി, അഭയം നല്കി. ഇന്നോ നിവൃത്തിയുണ്ടെങ്കില് മുംബൈ ആര്ക്കും വേണ്ടാതായി. ബോംബേവാസികളെ അന്നേ പ്രത്യേകം തിരിച്ചറിയാമായിരുന്നു, ഇന്നത്തെ ഗള്ഫ്-വാസികളെപ്പോലെ. അവരുടെ നടപ്പുരീതികള് വിഭിന്നമായിരുന്നു. നാട്ടില്വരുമ്പോള് എത്ര വലിയ വീടാണെങ്കിലും ഇത്തിരിപ്പോന്ന സ്ഥലത്ത് ഒതുങ്ങിക്കൂടും; തുണിയും മറ്റുസാധനങ്ങളുമെല്ലാം അപ്പപ്പോള് മടക്കി, പൊതിഞ്ഞ്, ഒതുക്കി പെട്ടിയില്വച്ചടയ്ക്കും. അവര്ക്കു മറ്റുള്ളവരെ അല്പം പുച്ഛമായിരുന്നെന്നും കൂട്ടിക്കോളൂ. ഞങ്ങളോ അവരെ 'ബോംബെ-പൂന' എന്ന് അടക്കംപറഞ്ഞു പരിഹസിക്കും.
വിധി എപ്പോഴും തിരിച്ചുകൊത്തുമല്ലോ. അവിചാരിതമായി എനിക്കു ബോംബേക്കുതന്നെ സ്ഥലംമാറ്റമായി. അപ്പോഴേക്കും എണ്റ്റെ ജ്യേഷ്ഠന് അവിടെ മാറ്റമായിപ്പോയി താമസമുറപ്പിച്ചിരുന്നു. അതിനാല് താമസസൌകര്യം ഒരു പ്രശ്നമായില്ല. പക്ഷെ പണിസ്ഥലത്തേക്കുള്ള യാത്ര. രണ്ടുബസ്സും ഒരു ട്രെയിനുമായി, അല്ലെങ്കില് രണ്ടുട്രെയിനും ഒരു ബസ്സുമായി രാവിലെയും വൈകീട്ടും രണ്ടരമണിക്കൂര്വീതമായിരുന്നു അത്. പ്രവൃത്തിദിവസത്തിണ്റ്റെ സുവര്ണസമയം അങ്ങനെ കത്തിത്തീര്ന്നു. അന്നെല്ലാം എന്നെ ആകര്ഷിച്ചത് ആള്ക്കൂട്ടത്തിണ്റ്റെ അച്ചടക്കമായിരുന്നു. ടിക്കറ്റിനു ക്യൂ. ബസ്സിനു ക്യൂ. ടാക്സിക്കു ക്യൂ. എന്തിന്, മൂത്രപ്പുരയിലും ക്യൂ. അതെന്നെ കുറച്ചൊന്നുമല്ല കഷ്ടപ്പെടുത്തിയിട്ടുള്ളത്. പെരുമ്പടവത്തിണ്റ്റെ 'ക്യൂവിതം' എന്ന കവിത ('കോട്ടയിലെ പാട്ട്') ഞാന് പലപ്പോഴുമോര്ത്തിട്ടുണ്ട് അന്നെല്ലാം. ഇന്സ്പെക്റ്റര്മാര്, സ്ഥിരംയാത്രക്കാരെ ഒഴിവാക്കി പുതുതായെത്തുന്നവരെമാത്രം തടഞ്ഞുനിര്ത്തി ടിക്കറ്റ് പരിശോധിക്കുന്നതു കൌതുകമുണര്ത്തിയിരുന്നു. സീസണ്ടിക്കറ്റുകാരായ മൂന്നുപേരോടൊപ്പം ഒറ്റട്ടിക്കറ്റുകാരനായി ഞാന് സ്റ്റേഷനിറങ്ങുമ്പോള്, എണ്റ്റെമാത്രം ടിക്കറ്റുചോദിച്ചുവാങ്ങി പരിശോധിച്ച അനുഭവം ആദ്യദിവസങ്ങളില്തന്നെ ഉണ്ടായി. പിന്നീട് പരിചയത്തിലായപ്പോള് ഒരു ടിക്കറ്റ് എക്സാമിനറോട് ഇതെങ്ങിനെ സാധിക്കുന്നെന്നു തിരക്കിയിരുന്നു. അദ്ദേഹം പറഞ്ഞത്, ബോംബേക്കാര്ക്കെല്ലാം റോട്ടിലും നടപ്പാലത്തിലും വണ്ടിയിലും തിരക്കിലുമെല്ലാം ഒരു നടപ്പുരീതിയുണ്ടത്രെ; മുട്ടിയും എന്നാല് തട്ടാതെയും, തട്ടിയും എന്നാല് മുട്ടാതെയും ഉള്ള ഒരു 'ബ്രൌണിയന്' ചലനം. അതില്നിന്നു വേറിട്ടവന് പുതുക്കക്കാരന്. നോട്ടം പതറുന്നവന് ടിക്കറ്റേ ഉണ്ടാവില്ല. പരിശോധകര് ഒരാളുടെ നേര്ക്കുനീങ്ങി മറ്റൊരാളോടാണ് ടിക്കറ്റ് ചോദിക്കുക. പിടിക്കപ്പെടുന്നവര് പത്തുപേരില് ഒന്പതുപേര്ക്കും ടിക്കറ്റുണ്ടാവില്ല. ബസ്സിലെ കണ്ടക്റ്ററുടെ നീക്കത്തിലും ഒരു പ്രത്യേകതയുണ്ട്. തിരക്കിനൊത്ത് ആള് ഒരു പിസ്റ്റണ്പോലെ മുന്പോട്ടും പിറകോട്ടും മാറിക്കൊണ്ടിരിക്കും. പിന്വാതിലില്കൂടിക്കയറി മുന്വാതിലിലൂടെ പുറത്തേക്കിറങ്ങുമ്പോഴേക്കും ടിക്കറ്റ് കൊടുത്തിരിക്കും. അതിണ്റ്റെകൂടെ വണ്ടി നിര്ത്താനും പോകാനുമെല്ലാമുള്ള ബെല്ലടിയും നടക്കും. ഡ്രൈവര്ക്ക് ഒരു 'യന്തിര'നെപ്പോലെ വണ്ടിയോടിക്കേണ്ട ചുമതല മാത്രമേയുള്ളൂ; അത്യപൂര്വസന്ദര്ഭങ്ങളില് ഒരു ദണ്ഡുനീക്കി മുന്വാതിലിനു തടയിടാനും. കേരളത്തിലെ ബസ്സുകളിലെ ഡ്രൈവറും കണ്ടക്റ്റര്മാരും കിളികളുമായി നാലഞ്ചുപേരടങ്ങുന്ന പരികര്മിസംഘം ഇതുനോക്കിപ്പഠിക്കണം.
തുടക്കത്തിലൊക്കെ ഞാന് ട്രെയിനിലെ തിക്കില്പ്പെട്ട് നട്ടംതിരിയുമായിരുന്നു. ഒരു ദിവസം അപരിചിതനായ ഒരാളെന്നെ ഉപദേശിച്ചു, ബലംപിടിക്കാതെ തിരക്കിലങ്ങലിഞ്ഞുചേരാന്. അതായിരിക്കും തനിക്കും മറ്റുള്ളവര്ക്കും സൌകര്യം. ശരിയായിരുന്നു. മസിലുപിടിത്തം വിട്ടപ്പോള് യാത്ര സഹിക്കാമെന്നായി. ഒഴുക്കിനൊത്തു നീങ്ങുക - അതാണ് ഒരു ശരാശരി ബോംബെക്കാരണ്റ്റെ അതിജീവനകൌശലം.
തുടക്കത്തിലെ വേറൊരു പാഠം. അന്ധേരി സ്റ്റേഷനില് വച്ചാണ്, പ്ളാറ്റ്ഫോമില് ഒരു പിഞ്ചുകുഞ്ഞിരുന്നു കരയുന്നു. അടുത്താരും ഉള്ളതായി ലക്ഷണമില്ല. ഞാന് സ്റ്റേഷന് മാസ്റ്ററുടെ അടുത്തുചെന്നു കാര്യം പറഞ്ഞു. അദ്ദേഹം ആരെയോ വിളിച്ച് എന്തോ നിര്ദേശംനല്കി. ഞാനിനി എന്തു ചെയ്യണമെന്ന എണ്റ്റെ ചോദ്യത്തിന്, നേരെ സ്ഥലം വിടാനായിരുന്നു അദ്ദേഹത്തിണ്റ്റെ അനുശാസനം, വേറെ കശപിശയിലൊന്നും ചെന്നുചാടേണ്ടെങ്കില്. വിവരം തന്നല്ലോ, അതു മതി. ഇതെല്ലാം ഈ നഗരത്തില് പതിവാണ്. കൊച്ചിനെത്തൊട്ടാല് കാര്യം മാറിയേക്കും! അതുമൊരു ബിസിനസ്സാണിവിടെ.
മറാഠിയില് കൂടെക്കൂടെ കേള്ക്കുന്ന ഒരു വാക്കാണ് 'കായ്ത്തറി' ('കാഹീതറി). അതുമിതും, ഏകദേശം, എന്തോ ഏതോ, കുറഞ്ഞപക്ഷം, എന്തെങ്കിലും എന്നെല്ലാം ഏതാണ്ടര്ഥം. ബോംബേക്കാരുടെ ജീവിതം ഈ ഒരൊറ്റ വാക്കില് പ്രതിഫലിക്കുന്നു. ഒരു ഏകദേശജീവിതമാണ് അവരുടേത്. എന്തോ ചെയ്യുന്നു, എങ്ങനെയോ ജീവിക്കുന്നു. എന്തെങ്കിലും നേടുന്നു, അതുമിതും തിന്നുന്നു. താന്പോലുമറിയാതെ ജീവന് കത്തിയമരുന്നു. ഒരു വഴി ചോദിച്ചാല് അറിയില്ലെന്നാരും പറയില്ല. പക്ഷെ അറിഞ്ഞുകൊണ്ടു പറ്റിക്കുകയുമില്ല. ഒരു കമ്മതി അങ്ങടിച്ചുവിടും. ഫോണ് നമ്പറുപോലും ഏകദേശക്കണക്കാണവര്ക്ക്.
നാട്ടില്നിന്ന് ഒരു പെണ്ണ് ബോംബേയിലേക്ക് കല്യാണം കഴിച്ചുപോയി. ഒറ്റമോളായിരുന്നതുകൊണ്ട് വയസ്സായ അമ്മയും പോയി കൂടെത്താമസിക്കാന്. അവിടെയുണ്ടോ ഒറ്റമുറിയില് എന്തെങ്കിലും സ്വകാര്യത? ആദ്യമൊക്കെ മകളും ഭര്ത്താവും പിടിച്ചുനിന്നു. പിന്നെപ്പിന്നെ പിടികിട്ടാതായി. അമ്മയെന്തുചെയ്യും? തലവഴി മൂടിപ്പുതച്ചങ്ങു തിരിഞ്ഞുകിടക്കും. നാട്ടിലേക്കു തിരിച്ചുവന്നപ്പോള് അവര്തന്നെ പറഞ്ഞറിഞ്ഞതാണ്. വൈയക്തികവൃത്തികള്ക്ക് പൊതു ഇടങ്ങളേയുള്ളൂ അവിടെ. വൈകാരികസൌഖ്യം വളരെക്കുറവാണ് മുംബൈക്കാര്ക്ക്. അതുകൊണ്ടാകാം ഭക്തിമാര്ഗവും വളരെ പ്റിയമാണു മുംബൈക്കാര്ക്ക്. നടുറോട്ടിലെ നമാസ്സും ആരതിയും ശോഭായാത്രയും ദഹി-ഹണ്ടിയും സാര്വജനിക്ഗണേശോത്സവവും ദീപാവലിക്കു നെഞ്ചുപിളര്ക്കുന്ന പടക്കംപൊട്ടിക്കലുമെല്ലാം അവര് സഹിക്കുന്നു.
ഒരിക്കല് ബസ്സിനു ക്യൂനില്ക്കുമ്പോള് കണ്ടതാണ്. അരക്കിലോമീറ്ററോളം നീളമുള്ള വരി പകുതിക്കുവച്ചു വളഞ്ഞുനില്ക്കുന്നു. അവിടെയെത്തിയപ്പോഴാണറിയുന്നത് ഒരു പിച്ചക്കാരണ്റ്റെ മൃതദേഹം കിടക്കുന്നെന്ന്. അതൊഴിവാക്കാനാണ് വരിയിലെ വളവ്. അടുത്തുതന്നെ ഒരാല്മരം. അതിണ്റ്റെ കടയ്ക്കല് തടിച്ചുകൊഴുത്ത ഗുജറാത്തിസ്ത്രീകള് പാലൊഴിക്കുന്നു, കുങ്കുമംവിതറുന്നു, തിരികത്തിക്കുന്നു. അവിടെ ചൊരിഞ്ഞ പാല് ആ പാവത്തിണ്റ്റെ വായിലൊഴിച്ചിരുന്നെങ്കില് അയാള് ഒരുപക്ഷെ മരണപ്പെടുമായിരുന്നില്ല. ട്റെയിനില് സ്ഥിരം കണ്ടിരുന്ന ഒരാള്ക്ക് ജപം കഴിഞ്ഞു സമയമുണ്ടാകില്ല. സദാ 'നാരായണ നാരായണ'. വണ്ടിക്കു വേഗം കൂടുമ്പോള് ജപത്തിനും വേഗം കൂടും. സ്റ്റേഷനുകളില് സ്പീഡുകുറയുമ്പോള് അയാളുടെ നാരായണ പതുക്കെയാവും. കണ്ണുകള് ചുറ്റിക്കൊണ്ടേയിരിക്കും, ആരു കേറിയാലും ഇറങ്ങിയാലും അവരെ പിന്തുടരും. വേറൊരു കൂട്ടര്ക്ക് ട്രെയിന്ഭജനയാണ്. തുടക്കത്തില്തന്നെ കംപാര്ട്ടുമെണ്റ്റില് കയറിപ്പറ്റി ഒരു ചിത്രവുംവച്ച് കിണ്ണാരവും തപ്പും കൊട്ടി പാട്ടുതുടങ്ങും. ആ വഴിക്ക് ആര്ക്കും അടുക്കാന് പറ്റില്ല. പറ്റിപ്പോയാല് പെട്ടതുതന്നെ. അതുകൊണ്ടെല്ലാമായിരിക്കണം ബോംബേക്കാരുടെ പ്രതികരണങ്ങള് ഒന്നുകില് ഇങ്ങേയറ്റം, അല്ലെങ്കില് അങ്ങേയറ്റം. വികാരവിചാരങ്ങള്ക്ക് സംയമനമോ സന്തുലനമോ കാണില്ല. ഒരു പോക്കറ്റടിക്കരനെയോ പിടിച്ചുപറിക്കാരനെയോ കയ്യില്കിട്ടിയാല്പിന്നെ പൊതിരെ തല്ലാണ്. ദൂരെനില്ക്കുന്നവനും പോയി, കാര്യമെന്തെന്നുപോലുമറിയാതെ ഒന്നുരണ്ടുകോടുത്തിട്ടേ അടങ്ങൂ. വഴിയില് ചത്തുകിടക്കുന്നവരെപ്പോലും കവച്ചുവച്ചായിരിക്കും അവണ്റ്റെ വരവ്. എന്നാല് ഒരു പ്റകൃതിദുരന്തമോമറ്റെ ഉണ്ടയാലോ, കയ്യുംമെയ്യും മറന്ന് അവര് സഹായത്തിനെത്തും.
വ്യക്തിയെ അവര്ക്കു കാണാനുള്ള കണ്ണില്ല, ആള്ക്കൂട്ടത്തെയേ അവരറിയൂ. ഒഴിഞ്ഞപ്ളാറ്റ്ഫോമില് എത്ര സ്ഥലമുണ്ടായാലും ഒറ്റക്കുനില്ക്കുന്നവനെ മുട്ടിയുരുമ്മിയേ അടുത്തയാള് വന്നുനില്ക്കൂ. ഒരു ഫിലിം ഷൂട്ടിങ്ങ് കണ്ടാല് ജന്മസായൂജ്യമായി സാധാരണക്കാരന്. സിനിമയിലെങ്ങാനും ബി.ഇ.എസ്.ടി. ബസ്സോ എന്തെങ്കിലും പരിചയമുള്ള സ്ഥലമോ കണ്ടാല് ഉടനെ വിളിച്ചുപറയുകയായി തണ്റ്റെ വിജ്ഞാനം. പെരുത്ത മഴയില് വളരെവൈകി ഓഫീസില്നിന്നു വരുന്ന വഴി, ഫിലിംഷൂട്ടിങ്ങ് നടക്കുന്ന പൊതുവഴി അറിയാതെ മുറിച്ചുകടന്ന എന്നെ സംഘാടകരും നാട്ടുകാരുംകൂടി കൊല്ലാതെവിട്ടെന്നേയുള്ളൂ ഒരിക്കല്. എല്ലാം മെഗാവലിപ്പത്തിലാണവര്ക്ക്. 'മഹാ' ചേര്ത്താലേ എല്ലാം മഹത്താകൂ. 'മഹാനഗര്' അല്ലേ. മഹാചോര്, മഹാബദ്മാഷ്, മഹാരാഷ്ട്ര!
പുതുതായി ആരുവന്നാലും, നാട്ടുകാരും വീട്ടുകാരും സഹപ്രവര്ത്തകരും ടാക്സിക്കാരും ആവേശംപൂണ്ടു ചൂണ്ടിക്കാണിച്ചുതരാന് മറക്കാത്ത കാര്യങ്ങളായിരുന്നു താജ്, ഒബറോയ്, പ്രസിഡണ്റ്റ് തുടങ്ങിയ വാന് ഹോട്ടലുകളും എയര് ഇന്ഡ്യ, സ്റ്റോക്ക് മാര്ക്കറ്റ്, ഓവര്സീസ് കമ്മ്യൂണിക്കേഷന് മുതലായവയുടെ കെട്ടിടങ്ങളും ജുഹു, ചൌപാട്ടി, കൊളാബ, വര്ളി എന്നുകുറെ പൊതുസ്ഥലങ്ങളും മറ്റും മറ്റും. വീട്ടില് സ്ഥലം കഷ്ടിയാണെന്നതായിരിക്കണം പൊതുസ്ഥലങ്ങള് അവരെ ഇത്രയധികം ആവേശപ്പെടുത്തുന്നത്. തനിക്കില്ലാത്തത് ഹിന്ദിസിനിമയില്കണ്ടു സായൂജ്യമടയുന്നവരുടെ മനോഗതി. പിന്നെ കുറെക്കാലം അധോലോകനായകരുടെ ശക്തിപ്രദേശങ്ങളായിരുന്നു ശ്രദ്ധാകേന്ദ്രങ്ങള്. പിന്നെപ്പിന്നെ ഹിന്ദിസിനിമാനടീനടന്മാരുടെയും ക്രിക്കറ്റ്കളിക്കാരുടെയും ബംഗ്ഗ്ളാവുകളായി. കുറേക്കാലം 'ഫ്ളൈ-ഓവ'റുകളായിരുന്നു. തീവ്രവാദികളുടെ വരവോടെ സ്ഫോടനസ്ഥലങ്ങളായി വിസ്മയകേന്ദ്രങ്ങള്. ത്രില്ലിനെന്തെങ്കിലും ബോംബെക്കാരനുണ്ടായേ മതിയാവൂ. ദില്ലിക്കാര് സര്ക്കാരെ പറ്റിച്ചു കാര്യംനേടുമ്പോള്, ബോംബെക്കാരെ പറ്റിച്ചു സര്ക്കാര് കാര്യംനേടുന്നു; അതൊട്ടു മനസ്സിലാക്കുന്നുമില്ല പാവങ്ങള്. ത്രില്ലിനെന്തെങ്കിലും വായ്ക്കരി ഇട്ടുകൊടുത്താല് പൊതുജനം വായടയ്ക്കുമെന്ന് സര്ക്കാറിനറിയാം.
ബാന്ദ്ര-വര്ളി കടല്പ്പാലമാണ് ('സീ ലിങ്ക്') ഇന്ന് 'മുംബൈക്കാ'റുടെ പ്രകടനവിസ്മയം. ഏണ്പതുകളില് അതിണ്റ്റെ നിര്മാണസങ്കല്പങ്ങളുടെ പ്രാഥമിക ചര്ച്ചകളില് പങ്കെടുത്തൊരു ചെറിയ പാപം എനിക്കുണ്ട്. അന്നേ തോന്നിയതാണ്, ആര്ക്കുവേണ്ടിയാണാപ്പാലം? ബാന്ദ്രക്കും വര്ളിക്കുമിടയില് നേരമ്പോക്കിനായി ചീറിപ്പായേണ്ട കുറെ പണച്ചാക്കുകള്ക്കോ? അംബാനിയും ബച്ചനും തെണ്ടൂല്ക്കറും ഠാക്കറെയും അവരുടെ ഭാര്യമാരും മക്കളുംമാത്രമല്ലല്ലോ ബോംബേയില് ജീവിക്കുന്നത്. കാല്നട പാടില്ല; ഇരുചക്രവാഹനങ്ങള്ക്കു പ്രവേശനമില്ല; ചരക്കുവണ്ടികളും ഉപയോഗിക്കില്ല. നൂറുരൂപയോളം ചുങ്കംകൊടുത്ത് സാധാരണക്കാരുണ്ടോ ആ പാലം കടക്കുന്നു? എന്നെപ്പോലെ കൌതുകത്തിനുമാത്രം, വല്ലപ്പോഴും, ഒരിക്കല്മാത്രം, അതുവഴി പോകുന്ന വിഡ്ഢികളുണ്ടാകാം. മുംബൈയുടെ വികസനത്തിണ്റ്റെയല്ല, അപചയത്തിണ്റ്റെ പ്രതീകമാണ് ഈ 'സീ ലിങ്ക്'.
[Published in the fortnightly web-magazine www.nattupacha.com]
Subscribe to:
Post Comments (Atom)
മൗനവ്രതം
മൗനവ്രതം (നാരായണസ്വാമി) പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...
-
അന്നെനിക്കു പതിനേഴോ പതിനെട്ടോ പ്രായം. മഹാരാജാസ് കോളേജിൽ മലയാളം ഐച്ഛികം ക്ളാസ്സ്. ഗുപ്തൻനായർസാർ ക്ളാസ്സു കത്തിച്ചുകയറുന്നു. ...
-
എനിക്കു മനസ്സിലാകാത്ത ഒരുപാടു കാര്യങ്ങളുണ്ട് ലോകത്ത്. അതിലൊന്നാണ് വർണം , നിറം , കളർ എന്നെല്ലാം നമ്മൾ പറഞ്ഞുകൂട്ടുന്ന തൊലിപ്പുറസംഗതി. ...
-
1964-65. 'ഹിന്ദി വേണ്ട'-സമരം കൊടുമ്പിരികൊണ്ട കാലം. ഞങ്ങളുടെ സ്കൂളിനുവെളിയില് ഒരു ചുമരെഴുത്തു പ്രത്യക്ഷപ്പെട്ടു: 'നക്ക നക്ക ഹിന...
No comments:
Post a Comment