Sunday, 27 September 2015
മറിച്ചു ചിന്തിക്കുമ്പോള്‍...
മഹാരാജാസ് കോളേജില്‍ പ്രൊഫ. ഗുപ്തന്‍നായരുടെ ക്ളാസ്സ്. 'സവിതാ'വിനു 'സൂര്യന്' എന്നര്‍ഥം പറഞ്ഞുതന്നു. എനിക്കൊരു സംശയം: സവിക്കുന്നവളല്ലേ സവിതാവ്? അപ്പോള്‍ 'സവിതാവ്' ഭൂമിയല്ലേ? അല്ല; സൂര്യന്‍തന്നെ; പക്ഷെ മറിച്ചു ചിന്തിക്കുന്നതു നല്ലതാണെന്നു മാഷ്. എഴുപതുകളില്‍ ഞങ്ങള്‍ കുറെ ചെറുപ്പക്കാര്‍ ഒരു ശാസ്ത്രസംഘടനയുണ്ടാക്കി ഗോവയില്‍. 'ഓപ്പണ്‍ സയന്‍സ് ഫോറം'; എന്തും ചിന്തിക്കാം, പറയാം, ചര്‍ച്ചചെയ്യാം. ഒരുതരത്തില്‍ വട്ടന്മാരുടെ കൂട്ടായ്മ. അതില്‍ ഒരു ദിവസം ഒരു മന:ശാസ്ത്രവിദഗ്ധന് കത്തിക്കയറുകയായിരുന്നു. വട്ടെന്നതു പൊതുവെ ആളുകളുടെ ശരാശരിപ്പെരുമാറ്റത്തില്‍നിന്നുള്ള വ്യതിയാനമാണെന്നും അതു കണ്ടെത്തി തെറ്റുതിരുത്തുന്നവനാണു മനോരോഗവൈദ്യന്‍ എന്നെല്ലാമുള്ള തരികിടയുമായി. കേള്‍വിക്കാര്‍ ഞങ്ങള്‍ക്കു പതിവുപോലെ സംശയമായി. ഈ ശരാശരിപ്പെരുമാറ്റമെന്നുള്ളതു സ്ഥലകാലസന്ദര്‍ഭങ്ങളിലായി മാറാവുന്നതല്ലേ? ഒരുകൂട്ടം വട്ടന്മാര്ക്കിടയില്, അതായതു ഭ്രാന്താശുപത്രിയില്‍, അവിടത്തെ ശരാശരിയില്‍നിന്നു വ്യത്യസ്തനായ ഭ്രാന്തുവൈദ്യന്‍ വട്ടനല്ലേ? പിന്നെ, കുറേക്കാലം ഒരുകൂട്ടം ആളുകളുമായി അടുത്തിടപഴകുമ്പോള്‍ ആര്‍ക്കായാലും അവരുടെ സ്വഭാവം കുറച്ചു പകരില്ലേ? ചോദ്യങ്ങള്‍കേട്ട് വിദഗ്ധന്‍ ഇറങ്ങിപ്പോയി. മറിച്ചു ചിന്തിക്കുമ്പോള്‍ കാര്യങ്ങളുടെ കിടപ്പു മാറുന്നു. സിംഹത്തെപ്പേടിച്ച് അതിനെ കൂട്ടിലടയ്ക്കുമ്പോള്‍, കൊതുകിനെപ്പേടിച്ചു നാം സ്വയം വലയ്ക്കകത്തൊതുങ്ങുന്നു! ആയുര്‍വേദത്തില്‍ മഞ്ഞു ചൂടും മഴ തണുപ്പുമാകുന്നു. "ഏകോ സത് വിപ്രാ ബഹുധാവദന്തി" (സത്യമൊന്നേയുള്ളൂ, പക്ഷെ അതറിയുന്നവര്‍ അതു പലതായിപ്പറയും). ദൈവംപോലും മറിച്ചു ചിന്തിക്കുമത്രേ: "അന്യഥാ ചിന്തിതം കാര്യം ദൈവമന്യത്ര ചിന്തയേത്". അതറിയില്ല, പക്ഷെ പലതും മറിച്ചു ചിന്തിച്ചാല്‍ നന്നെന്നു കാണുന്നു. കൊച്ചുകൊച്ചുദാഹരണങ്ങള്‍. ഒരു കൈ തണുത്തവെള്ളത്തിലും മറ്റേ കൈ ചൂടുവെള്ളത്തിലും മുക്കിവച്ചശേഷം സാധാരണവെള്ളത്തില്‍ അവ മുക്കിയാല്‍ തണുത്തവെള്ളത്തിലെ കൈക്കു ചൂടും ചൂടുവെള്ളത്തിലെ കൈക്കു തണുപ്പും തോന്നും. കൊടുംതണുപ്പത്ത് ഐസ്-ക്രീംപോലുള്ള ശീതവസ്തുക്കള്‍ കഴിച്ചാല്‍ ശരീരത്തിണ്റ്റെ താപനില കുറയുകയും തന്മൂലം ശൈത്യത്തിണ്റ്റെ കാഠിന്യം കുറഞ്ഞതായി അനുഭവപ്പെടുകയും ചെയ്യും. കൊടുംചൂടുള്ള ആന്ധ്രയിലെ ആളുകള്‍ അമിതമായി മുളകുകഴിക്കുന്നത് ചൂടിനെ നേരിടാനാകാം. "ഉഷ്ണമുഷ്ണേന ശമ്യതേ" എന്നു വിധി. മഴയില്‍ നനഞ്ഞൊലിച്ചുവരുന്നവര്‍ പച്ചവെള്ളത്തില്‍ കുളിച്ചാല്‍ ഒരസുഖവും വരില്ലെന്നു കേട്ടിട്ടുണ്ട്. മുങ്ങല്ക്കാര് ശരീരത്തില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന കമ്പിളിവസ്ത്രങ്ങളിട്ടാണത്രെ വെള്ളത്തിലിറങ്ങുക. വെള്ളം വലിയ താപവാഹിയൊന്നുമല്ലാത്തതിനാല്‍ നനഞ്ഞുകഴിയുമ്പോള്‍ കമ്പിളിവസ്ത്രം തണുപ്പിനെതിരെ നല്ലൊരു തടയായി മാറുമത്രേ. മുംബൈയിലെ അണുശക്തിഗവേഷണശാലയിലെ മുങ്ങല്‍വിദഗ്ധന്‍കൂടിയായിരുന്ന ഡോ. ബി. എഫ്. ഛാപ്ഘര്‍ പറഞ്ഞറിഞ്ഞിട്ടുള്ളതാണിത്. തണുപ്പടിക്കാതിരിക്കാന്‍ പായ്ക്കടിയില്‍ പത്രം വിരിച്ചുകിടക്കുമായിരുന്നു ഞങ്ങള്‍ ഗുജറാത്തിലെ കൊടുംതണുപ്പില്‍. ചൂടുകുറയ്ക്കാന്‍, നമ്മള് ഫാന്‍ മുകളില്‍നിന്നുകെട്ടിത്തൂക്കി താഴേയ്ക്കു കാറ്റടിപ്പിക്കുന്നു. ആലോചിച്ചാല്‍ മുകളിലേയ്ക്കുയരുന്ന ചൂടുകാറ്റല്ലേ വീണ്ടും വീണ്ടും നാം താഴേയ്ക്കടിക്കുന്നത്? ശരിക്കും പങ്ക തിരിച്ചുകറക്കി താഴേനിന്നു മുകളിലേക്കല്ലേ കാറ്റടിക്കേണ്ടത്? നുണയല്ല, അത്തരം ഫാനുകള്‍ ഉണ്ടാക്കിയിട്ടുണ്ട്; പക്ഷെ ആരും വാങ്ങില്ല. ടേബിള്‍-ഫാനും പെഡസ്റ്റല്‍-ഫാനുമെല്ലാം അകത്തുചൂടാണെങ്കില്‍ പുറത്തേക്കും പുറത്തു തണുപ്പാണെങ്കില്‍ അകത്തേക്കും കാറ്റടിക്കുംവിധം ജനാലയ്ക്കരികിലാണ് വയ്ക്കേണ്ടത്. എ.സി. (എയര്‍ കണ്ടീഷണര്‍) മിക്കവരും ചുമരിനു മുകളിലാണു പിടിപ്പിയ്ക്കുക. തണുത്ത വായു താഴേക്കിറങ്ങിവന്ന് ചൂടെല്ലാം മുക്കളിലേക്കുപൊങ്ങി വീണ്ടും തണുത്ത് മുറിമുഴുവന്‍ നിറയുമെന്നാണു യുക്തി. പക്ഷെ നിലത്തുനിന്നു വെറും നാലടിയോ ആറടിയോ മാത്രം ഉയരത്തില്‍ ഇരിക്കുന്നവര്‍ക്കോ ഉറങ്ങുന്നവര്‍ക്കോ മുറിമുഴുവന്‍ തണുപ്പിച്ചുകൂട്ടണമെന്നില്ല. അതിനാല്‍ ഒരുമാതിരി തറനിരപ്പില്‍ എ.സി. പിടിപ്പിക്കുന്നതാണു ബുദ്ധി. കേരളത്തിലെ കാലവസ്ഥയ്ക്ക്, മഴയ്ക്കും മഞ്ഞിനും വെയിലിനും മാത്രം, വല്ലപ്പോഴും മാത്രമേ വീടുകളില്‍ ജനലടയ്ക്കേണ്ടിവരാറുള്ളൂ. (പിന്നെ കള്ളനും കൊതുകിനും എതിരെ). കാറ്റും വെളിച്ചവും വേണ്ടാത്ത സമയത്തേ ജനലടയ്ക്കേണ്ടതുള്ളൂ. കാറ്റും തണുപ്പും കയറാതെ വെളിച്ചം മാത്രം അകത്തുകയറ്റേണ്ട ഗതികേട് ശീതരാജ്യങ്ങള്‍ക്കേയുള്ളൂ. അവര്‍ക്കാണ് ചില്ലിട്ട ജനല്പാളികള്. മരപ്പാളികൊണ്ടുണ്ടാക്കിയ, ചില്ലില്ലാത്ത ജനലിനെപ്പറ്റി ലാറി ബേക്കര്‍ പറഞ്ഞപ്പോള്‍ കേരളീയര്‍പോലും കളിയാക്കി. ചില്ലുപാളികള്‍ അകത്തു ചൂടുകൂട്ടുമെന്നോര്‍ക്കുക. ഉഷ്ണരാജ്യങ്ങള്‍ക്കു യോജിച്ചത് സുതാര്യമല്ലാത്ത മരപ്പാളികളാണ്. ബസ്സുകളിലും തീവണ്ടികളിലും മറ്റും വെയിലടിച്ചാല്‍ ചില്ലുപാളികള്‍ താഴ്ത്തിയിടുന്നവരുണ്ട്. അതു തെറ്റാണ്. 'ഹരിതഗേഹ' പ്രഭാവംനിമിത്തം ചൂടുകൂട്ടാനേ അതുപകരിക്കൂ. മുണ്ട് ഇടത്തോട്ടോ വലത്തോട്ടോ മടിവച്ചുടുക്കുന്നതു സംസ്കാരവും സൌകര്യവും നോക്കി. എന്നാല്‍ കടയില്‍വാങ്ങുന്ന അടിവസ്ത്രങ്ങളിലെ ലേബല്‍ തൊലിയിലുരഞ്ഞുണ്ടാകുന്ന അസുഖത്തിനു പ്രതിവിധി അവ അകംപുറമാക്കിയുടുക്കുന്നതാണ്. പണ്ടത്തെ നല്ല നാട്ടുതുന്നല്‍ക്കാര്‍ അടിപ്പാവാടയുടെ നാട പുറമേയ്ക്കുവച്ചടിക്കുമായിരുന്നു. ഇന്നത്തെ ബനിയനും അണ്ടര്‍വെയറുമെല്ലാം മറിച്ചുടുക്കേണ്ടിയിരിക്കുന്നു. ബൈക്കില്‍പോകുമ്പോഴും മറ്റും മഴക്കോട്ട് ബട്ടണ്‍ പിന്നിലേക്കാക്കി ധരിക്കേണ്ട ഗതികേടാണ്. കാറ്റുള്ളപ്പോള്‍ തൊപ്പിപോലും തിരിച്ചണിയേണ്ടിവരുന്നു. അപ്പോള്‍ എവിടെയോ ഒരു കൈത്തെറ്റില്ലേ? രാത്രിമഴയില്‍ വണ്ടിയോടിക്കുമ്പോള്‍ കറുത്തചില്ലുള്ള കണ്ണട കാഴ്ച്ച മെച്ചപ്പെടുത്തുമത്രെ; ചെയ്തുനോക്കിയിട്ടില്ല. മഴസമയം കാറില്‍ എ.സി. ഇടുന്നത് ചില്ലില്‍ ബാഷ്പം പടരുന്നതു തടയും. കപ്പല്‍ കോളില്‍പെട്ടുലയുമ്പോള്‍ തീന്മേശപ്പുറത്തെ വിരികളില്‍ വെള്ളം തളിക്കും. പിന്നെ പാത്രങ്ങളും തളികകളും ഒന്നും തെന്നിമാറുകയില്ല. വീട്ടില്‍പോലും മിനുസമുള്ള അടുക്കളത്തിട്ടില്‍ നനഞ്ഞ തുണിക്കോ കടലാസ്സിനോമേല്‍ പച്ചക്കറിത്തട്ടും ചപ്പാത്തിപ്പലകയും മറ്റും വച്ചു പണിയെടുത്താല്‍ വഴുതിപ്പോവുകയില്ല. ആടി ഉലയുന്ന കപ്പലിണ്റ്റെയും ബോട്ടിണ്റ്റെയുമെല്ലാം മേല്‍ത്തട്ടില്‍, കസേരയില്‍ കാല് ഇരുവശത്തേക്കുമിട്ട് പുറംതിരിഞ്ഞിരിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. ബസ്സിലും തീവണ്ടിയുിലുമൊക്കെ വണ്ടിയോടുന്ന ദിശയില്‍ പുറം ചേര്ത്തിരിക്കാന് പാകത്തിനുള്ള സീറ്റുകളാണു നല്ലത്. ബസ്സില്‍ അല്പം കോണോടുകോണ്‍ കാല്‍പരത്തിനിന്നാല്‍ വണ്ടിയുടെ ആട്ടത്തില്‍നിന്നു കുറെ രക്ഷ നേടാം. കണ്ടക്റ്റര്‍മാര്‍ രണ്ടുകയ്യുംവിട്ടു നില്ക്കുന്നതു കണ്ടിട്ടില്ലേ? പരിചയമാണത്. കിടക്കയുടെ സുഖമറിയണമെങ്കില്‍ തലയണ പാടില്ല. പച്ചക്കറിയുടെ തനിസ്വാദറിയണമെങ്കില്‍ വേവു കുറയ്ക്കണം; ഉപ്പു കുറയ്ക്കണം. പുല്‍ത്തകിടിയിലും മണല്‍ത്തിട്ടയിലുമെല്ലാം ചെരിപ്പില്ലാതെ നടക്കണം. മഴയാസ്വദിക്കാന്‍ മഴ നനയണം. മഞ്ഞിണ്റ്റെ മണം മണത്തറിയണം. പുറകോട്ടു മടക്കുന്ന കുട അടുത്തിടെ കാണാനായി. മഴയത്തു വണ്ടിയില്‍ കേറാനും വണ്ടിയില്‍നിന്നിറങ്ങാനും മഴവെള്ളം ഇറ്റിച്ചുകളയാനും അതാണു നല്ലത്. എണ്ണതേച്ചുകുളിക്കുമ്പോള്‍ തലയാദ്യം കഴുകുന്നതാണ് മേലെ മെഴുക്കിളക്കാന്‍ നല്ലത്. ഷേവിങ്ങ്-സോപ്പില്ലാതെ ക്ഷൌരം ചെയ്യാമെന്നും അടുത്തിടെ ഒരാള്‍ കാണിച്ചുതന്നു; വെറും രണ്ടുതുള്ളി വെളിച്ചെണ്ണ അല്പം പച്ചവെള്ളത്തില്‍ ചാലിച്ചു മുഖത്തു തേച്ചാല്‍ മുഖക്ഷൌരം വളരെ എളുപ്പം. ആന്ധ്രക്കാര് ഉണക്കസാധനങ്ങള്‍കൂട്ടിയാണ് ആദ്യം ചോറുണ്ണുക; നമ്മളെപ്പോലെ ഒഴിച്ചുകൂട്ടാനല്ല. മറാഠികള്‍ ആദ്യം ചോറുണ്ണും, പിന്നെയാണു ചപ്പാത്തി. വടക്കന്‍മാരെപ്പോലെയല്ല. ഗോവയില്‍ പെണ്ണുങ്ങള് തലയില്‍ പൂ തലകീഴായാണു ചൂടുക; വാടുമ്പോള് കൊഴിഞ്ഞുവീഴാതിരിക്കാനാണുപോലും. മലയാളികള്‍ക്കും മറാഠികള്‍ക്കും പാത്രം മോറിയാല് കമഴ്ത്തിവയ്ക്കണം. ഗുജറാത്തികള്‍ക്കു വെയിലത്തുവയ്ക്കുന്നതാണു പ്റധാനം; വെള്ളത്തില്‍ കഴുകുന്നതല്ല. കൊങ്കണ്‍പ്രദേശത്തെ മുക്കുവന്മാര് പപ്പടം കാച്ചുന്നതു ബഹുരസമാണ്. നമ്മള് എണ്ണയിലിട്ടു വറക്കും; അവര്‍ എണ്ണപുരട്ടി ചുടും! പപ്പടം പൊട്ടിച്ചു കാച്ചലും കൊഴുക്കട്ട നീളത്തിലുരുട്ടലും സൌകര്യമാണ്. പെട്ടിയിലാക്കാനും വിപണിയിലെത്തിക്കാനുമുള്ള സൌകര്യത്തിനായി ജപ്പാന്‍കാര്‍ ചതുരന് തണ്ണീര്‍മത്തനും ആപ്പിളുമെല്ലാം ഉണ്ടാക്കിക്കഴിഞ്ഞു. ചപ്പാത്തി വട്ടത്തിലാകണമെന്ന് എന്തിനാണിത്ര നിര്‍ബന്ധം? ഭൂപടംപോലെയായാലെന്താ? ചപ്പാത്തിയുടെ സ്വാദ് അതിണ്റ്റെ ഒരേപോലത്തെ കനത്തിലാണല്ലോ. കുറച്ചുകാലംമുന്പ് വൈദ്യമഠം ചെറിയനാരായണന്‍നമ്പൂതിരി ടീവിയില്‍ പറഞ്ഞതാണ്, മാങ്ങാക്കറിക്കു വറ്റല്‍മുളകല്ല കുരുമുളകാണ് ഉത്തമമെന്ന്. ആരോഗ്യപരമായി ശരിയായിരിക്കണം; പക്ഷെ എണ്റ്റെ ഭാര്യ അതു സമ്മതിക്കുന്ന മട്ടിലല്ല. ബഹുജന ഹിതായാം, ഒരുവശം വെളുത്തും മറുവശം കരിച്ചുമുള്ള ചപ്പാത്തി കേരളനാട്ടില്‍ ഇന്നു സുലഭം. പക്ഷെ പാത്രത്തിണ്റ്റെ മൂടി തുറന്നശേഷം മലര്‍ത്തിവയ്ക്കാന്‍ മലയാളികള്‍ പഠിച്ചിട്ടില്ല; ചോറെടുത്ത കൈകൊണ്ട് കയിലെടുക്കാനും പലര്‍ക്കും മടിയില്ല. കഴുകിയ ശേഷമേ പച്ചക്കറികള്‍ നുറുക്കാവൂ എന്നു പലര്‍ക്കുമറിയില്ല. കാലത്തെ കുളി സുഖഭോഗമാണെന്നും പണികഴിഞ്ഞാലുള്ള കുളിയാണു പ്രധാനമെന്നും പലര്‍ക്കുമറിയില്ല. അതുപോലെ പ്രഭാതത്തിലെ പല്ലുതേപ്പ് വെടുപ്പിനാണ്; രാത്റിയിലെ പല്ലുതേപ്പാണ് വൃത്തിക്ക്. വലത്തോട്ടെഴുതുമ്പോള്‍ ഇടതുവശമാകണം വിളക്കെന്നും പുസ്തകം മേശപ്പുറത്തിരിക്കുമ്പോള്‍ അതിണ്റ്റെ പേര് അറിയാന്‍പാകത്തിലാവണം പുറംചട്ടയിലെന്നും യാത്രയില്‍ ഒലിക്കാത്ത ആഹാരസാധനങ്ങളാണ് കൂടുതല്‍ സൌകര്യമെന്നും എത്രപേര്‍ അറിയുന്നു? വണ്ടി തിരിച്ചിട്ടാലാണ് പിന്നെയെടുക്കാന്‍ എളുപ്പമെന്നും, വാച്ച് പുറത്തേക്കാക്കിയോ അകത്തേക്കാക്കിയോ കെട്ടുന്നതല്ല, മുന്പോട്ടുള്ള വശത്തേക്കു കെട്ടുന്നതാണു സമയം നോക്കാനും വാച്ചുരസി കേടുവരാതിരിക്കാനും ഉത്തമമെന്ന് എത്രപേറ്‍ക്കറിയാം? പ്രധാനപ്പെട്ട രേഖകള്‍, ആധാരവും മറ്റും, നീളത്തിലാണു മടക്കിവയ്ക്കുക; കുറുകെയല്ല. കേടുവന്നാലും പകുതി കാണാമെന്നായിരിക്കും യുക്തി. തിരഞ്ഞെടുപ്പില്‍ കണ്ടിട്ടില്ലേ, ബാലറ്റ്-പേപ്പര്‍ നീളത്തിലാദ്യം മടക്കി പിന്നെമാത്രം കുറുകെ മടക്കുന്നത്? മഷി പടര്‍ന്നാലും ജനവിധി മാറില്ല. ഇനിയുമേറെ പറയാനുണ്ട്, മറുചിന്തകളെപ്പറ്റി: കോരാന്‍പറ്റുന്നിടത്തുമാത്രം ചളിയടിയുന്ന കാനകളെപ്പറ്റിയും മുകളിലോട്ടും താഴോട്ടും കണക്കുകൂട്ടുന്നതിനെപ്പറ്റിയും തിരിച്ചുമുറുക്കുന്ന നട്ട്-ബോള്‍ട്ടുകളെപ്പറ്റിയും മേല്‍-കീഴ്മറിഞ്ഞ സ്വിച്ചുകളെപ്പറ്റിയും ഒറ്റക്കൈ വറചട്ടികളെപ്പറ്റിയും മേലറ്റത്തുപിടിപ്പിക്കുന്ന ഇരട്ടവിജാഗിരികളെപ്പറ്റിയും കുട്ടികളുടെ ഉടുപ്പിലെയും ചെരിപ്പിലെയുമുള്ള ബട്ടണുകളെപ്പറ്റിയും പിന്‍വെളിച്ചത്തെപ്പറ്റിയും വഴികാട്ടികളെപ്പറ്റിയും പരസ്യങ്ങളെപ്പറ്റിയും പരദൂഷണത്തെപ്പറ്റിയുമെല്ലാം.... ലണ്ടന്‍പോലീസാണു മാതൃക. കുറ്റം കണ്ടുപിടിക്കുന്നതിലല്ല അവരുടെ മിടുക്ക്; കുറ്റം ചെയ്യിക്കാതിരിക്കുന്നതിലാണ്. മറിച്ചു ചിന്തിച്ചവര്‍ക്കേ മാനവരാശിയെ മാറ്റിമറിക്കാനായിട്ടുള്ളൂ.
ചെയ്യാനൊന്നുമില്ലെങ്കില്‍
പണ്ട്, ഭാരതീയനാവികസേനയുടെ സമുദ്രപര്യവേക്ഷണപ്രവര്‍ത്തനങ്ങള്‍ക്കായി 'ഐ. എന്‍. എസ്. ദര്‍ശക്' എന്നൊരു കപ്പലുണ്ടായിരുന്നു. രണ്ടുവിധത്തില്‍ ഞാന്‍ അതുമായി ബന്ധപ്പെട്ടിരുന്നു; ഒന്ന് ഔദ്യോഗികമായും മറ്റൊന്ന്, വ്യക്തിപരമായി, അതില്‍ നാവികനായിരുന്ന എണ്റ്റെ സഹപാഠി തൃപ്പൂണിത്തുറ തച്ചേരില്‍ ശങ്കരനാരായണന്‍മൂലവും. ആ കപ്പലിണ്റ്റെ ചുക്കാണ്റ്റടുത്ത് എഴുതിവച്ചിരുന്നത് ഒരിക്കലും മറക്കാനാവില്ല: "ചെയ്യാനൊന്നുമില്ലെങ്കില്‍, അതിവിടെ ചെയ്യണ്ട!" (INS Darshak: "If you have nothing to do, Don't do it here!") അതെ. 'ചെയ്യാനൊന്നുമില്ലാ'ത്തത് ഇവിടെ ചെയ്യണ്ട! പ്രത്യേകിച്ചുചെയ്യാന്‍ ഒന്നുമില്ലാത്തവര്‍ അവിടെ കയറണ്ട; കറങ്ങണ്ട..... ഇതിലും മൃദുവായ ഉഗ്രശാസനം ഉണ്ടാകുമോ? വെറുതെ നഷ്ടപ്പെടുത്തുന്ന യുവശക്തി ഒരു നാടിണ്റ്റെ ശാപമാണ്. മറ്റു യുവാക്കളെ അച്ചടക്കം പഠിപ്പിക്കുന്നതിനു മുന്‍പു പഠിക്കേണ്ടത്, സ്വന്തം അച്ചടക്കമാണ്. എങ്ങിനെ യുവരക്തം വഴിതിരിച്ചുവിടണം എന്നാണു പഠിക്കേണ്ടത്, അല്ലാതെ യുവരക്തത്തിനു തടയിടാനല്ല. അച്ചടക്കം ആത്മനിന്ദയല്ല. ആകരുത്; ആക്കരുത്. അച്ചടക്കം എന്തെന്നറിയാന്‍ സൈനികരെ കണ്ടുപഠിക്കണം. കുറെക്കാലം മുംബൈ-പോലുള്ള നഗരങ്ങളില്‍ താമസിക്കണം. ജനത്തെയറിയാന്‍ തീവണ്ടിയില്‍ ഭാരതം മുഴുവന്‍ യാത്രചെയ്യണം. പണിയുടെ മാഹാത്മ്യമറിയാന്‍ പരദേശത്തു പണിയെടുക്കണം. അല്ലെങ്കില്‍ വയറു വാടണം. ഇതെണ്റ്റെ അനുഭവം, അഭിപ്രായം. പുതിയ ജോലി കിട്ടിയപ്പോള്‍ 'അവിടെ കാര്യമായി ജോലിയൊന്നുമി'ല്ലെന്നു 'സന്തോഷി'ച്ചവരെ എനിക്കറിയാം. ജോലികിട്ടിയശേഷം ലീവെടുക്കാന്‍ കാത്തിരിക്കുന്നവരാണവര്‍. ഓഫീസില്‍ 'സമയത്തിനുവരണം, സമയത്തിനേ പോകാവൂ' എന്നുവന്നാല്‍, 'ഇടയ്ക്കൊന്നും ചെയ്യേണ്ട' എന്നു വ്യാഖ്യാനിക്കുന്നവരാണവര്‍. 'നോക്കുകൂലി'ക്കാരേക്കാള്‍ അപകടകാരികളാണവര്‍. വരി നില്ക്കുമ്പോള് ക്ഷമയില്ലാത്തവരാണവര്‍; വണ്ടിയോടിക്കുമ്പോള്‍ ക്ഷുഭിതരാണവര്‍. പണിചെയ്യാതെ പണം മോഹിക്കുന്നവരാണവര്‍. ജീവിതത്തിന് അര്‍ഥം കാണാത്തവരാണവര്‍. സമൂഹത്തിലൊട്ടിപ്പിടിച്ചു ചോരയും നീരുമൂറ്റുന്ന പരഭോജികളാണവര്‍. കവലകളില്‍ വായനോക്കി നില്ക്കുന്നവരാണവര്. ഇന്നിടത്തേക്കെന്നില്ലാതെ വണ്ടിപായിക്കുന്നവരാണവര്‍. കൊച്ചുകാര്യം വരുമ്പോള്‍ അതു വലുതാക്കിക്കാണുന്നവരാണവര്‍. എന്തോ വലിയ കാര്യം ചെയ്തമാതിരി ചുറ്റുംനോക്കി 'അമ്പട ഞാനേ' എന്നു വിശ്വസിക്കുന്നവരാണവര്‍. 'ഞാനാരു മോന്' എന്നു വിശ്വസിപ്പിക്കാന്‍ പരാക്രമം കാട്ടുന്നവരാണവര്‍. തിളച്ചു മറിയേണ്ട യുവത്വം ഗോവയിലും സമീപപ്രദേശങ്ങളിലും തണുത്താറിയിരിക്കുന്നു. രാഷ്ട്രീയക്കാര്‍ വിളിച്ചാല്‍പോലും ചെവികൊടുക്കാത്ത യുവജനങ്ങളാണ് ഈ പ്രദേശത്ത് - നല്ലത്. പക്ഷെ ഒരു ചതുര്‍ഥി വന്നാല്‍, ദീപാവലി വന്നാല്‍, ക്രിസ്മസ് വന്നാല്‍, കാര്‍ണിവല്‍ വന്നാല്‍, റംസാന് വന്നാല്‍, ബക്രീദുവന്നാല്‍ ബാക്കി സകലതും മറക്കുന്ന മനസ്സുകള്‍..... അതു യുവചേതനയ്ക്കു ചേര്‍ന്നതല്ല. ക്രിയാത്മകമായി, സര്‍ഗാത്മകമായി, സോദ്ദേശപരമായി ചെയ്യേണ്ട കാര്യങ്ങള്‍ക്കു ചെലവിടേണ്ട ശ്രമവും സമയവും ധനവും, വെറും ചെമ്മണ്ണുമായി, തെര്‍മോക്കോളുമായി, തീറ്റയുമായി മല്ലിട്ടു തരംതാഴ്ത്തേണ്ടതല്ല. അവിടെയുമിവിടെയുമായി ബൈക്കില്‍ പാഞ്ഞുനടന്ന് നശിപ്പിക്കേണ്ടതല്ല യുവശക്തി. ഒരു ഗണേഷ്-ചതുര്‍ഥി വന്നാല്‍ നാടാകെ വര്‍ണക്കടലാസ്സായി, ഒരിക്കലും തനിയെ വിഘടിക്കാത്ത തെര്‍മോക്കോളായി, പിന്നെ ഒച്ചയായി, ബഹളമായി, കൂടെക്കൂടിയില്ലെങ്കില്‍ ചീത്തപ്പേരായി. കത്തിച്ചുകളയാന്‍മാത്രമായി, 'നരകാസുര'നെന്നൊന്നുണ്ടു ഗോവയില്‍. രാവും പകലും പണവും ചെലവഴിച്ച് കാലങ്ങളായി ഒരേമട്ടില്‍ യാതൊരു സര്‍ഗബോധവുമില്ലാതെ, കലാമൂല്യമില്ലാതെ, പടച്ചുവിടുന്ന വൈരൂപ്യങ്ങള്‍. അതിനെച്ചൊല്ലിയുള്ള പിച്ചപ്പേച്ചും വാഗ്വാദങ്ങളും, എന്തിന് പാരവെയ്പ്പും തീവെയ്പ്പുംവരെ! യാതൊരു തൊഴിലുമില്ലാത്ത, ഒരു തൊഴിലും ചെയ്യാന്‍ തയ്യാറില്ലാത്ത ചെക്കന്മാര്, സമയംകൊല്ലാന്‍മാത്രം, ചില്ലറ കൊയ്യാന്‍മാത്രം ചെലവഴിക്കുന്ന ദിനരാത്രങ്ങള്‍ ഒരു നാടിണ്റ്റെ നന്മയെ നശോന്‍മുഖമാക്കുന്നു. അവരുടെ വീര്യ-ശൌര്യ-പരാക്രമങ്ങള്‍ ഒരു കോലം കത്തിക്കലിലൊതുങ്ങുന്നു! പിന്നെ 'കാര്‍ണിവല്‍'. എന്തോ തട്ടിക്കൂട്ടി എങ്ങിനെയോ ഒപ്പിച്ചുകാട്ടുന്ന ദൃശ്യാഭാസങ്ങള്‍!. തിടുക്കത്തില്‍ ആളെക്കൂട്ടി പണംകൊയ്യുന്ന ബിസിനസ്സാണ് ഗോവയിലെ കാളപ്പോര്; 'ധീരിയോ' എന്നു ചെല്ലപ്പേര്. തൊഴിലില്ലാപ്പയ്യന്‍മാര്‍ ഒരിടത്തൊത്തുകൂടി ആര്‍ക്കോവേണ്ടി പണമുണ്ടാക്കിക്കൊടുക്കുന്നു. യുവതയെ ഇത്രയധികം നശിപ്പിക്കുന്ന ഒരേര്‍പ്പാട് വേറെങ്ങും കണ്ടെന്നു വരില്ല. കുറെ രാഷ്ട്രീയക്കാരും കള്ളപ്പണക്കാരും തെമ്മാടികളും ഒന്നുചേര്‍ന്ന്, നിഷ്കളങ്കമായ ഇളംമനസ്സുകളെ പന്താടുന്നു. വാച്യാര്‍ഥത്തില്‍ തന്നെ ഗോവയില്‍ പന്തുരുളുന്നത് നാടിണ്റ്റെ നെഞ്ചുപൊളിച്ചാണ്. 'മട്ക'-പോലെ, 'കാസിനോ'-വും കൊങ്കണ്‍ജനതയെ വിഭ്രമിപ്പിക്കുന്ന മറ്റൊരു ഏര്‍പ്പാടാണ്, മെയ്യനങ്ങാതെ പണം വാരാന്‍. പണമച്ചടിക്കാന്‍ ഭാരതീയ റിസര്‍വ് ബാങ്കിനല്ലാതെ വേറെ ആറ്ക്കും അധികാരമില്ലെന്നിരിക്കെ, ഏതു ചൂതാട്ടത്തിലായാലും പണമിടപാടിലായാലും അധികവരുമാനമുണ്ടാകുന്നത് മറ്റാരുടെയൊ നഷ്ടത്തില്‍നിന്നാണെന്നതു തീര്‍ച്ച. കറക്കിക്കുത്തുകാര്‍ നഷ്ടത്തിനല്ലല്ലോ കടയിട്ടിരിക്കുന്നത്. അപ്പോള്‍ നഷ്ടം ലാഭക്കൊതിമൂത്ത നാട്ടുകാര്‍ക്കുതന്നെയാകും. നേരമ്പോക്കിനെ ഒരുപ്പോക്കിനുള്ള വഴിയാക്കുന്നു ഈ കള്ളവാണിഭക്കാര്‍. തിരുപ്പിറവിയുടെ സന്ദേശം, കാലംതെറ്റിയ കളിമണ്‍രൂപങ്ങളിലോ കടലാസ്സുപൂവുകളിലോ പഞ്ഞിമഞ്ഞിലോ അല്ല. ഓണം-വിഷു-തിരുവാതിര വെറും സദ്യയല്ല, കൈകൊട്ടിക്കളിയല്ല, കയ്യാംകളിയല്ല. റംസാന് രാത്രിസദ്യയല്ല, മോടിവസ്ത്രങ്ങളല്ല. ദീപാവലി കള്ളപ്പണം കൊടുക്കാനും കൊള്ളാനും കൊയ്യാനും ഉള്ള കോപ്പല്ല. വെറുതെയിരിക്കുന്നവണ്റ്റെ തല ചെകുത്താണ്റ്റെ പണിപ്പുരയാണെന്നു പറയുന്നതു ശരിയാണ്. ചെയ്യാനൊന്നുമില്ലെങ്കില്‍, അവരതു ചെയ്തിരിക്കും: അരുതാത്തതെന്തും!
മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്
മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്, മലയാളികള്‍ക്ക് മറ്റൊരു നാടുണ്ട്; ഗോവ. നാളികേരത്തിണ്റ്റെ നാട്ടില്‍ നാഴിയിടങ്ങഴി മണ്ണും അതില്‍ നാരായണക്കിളിക്കൂടുപോലുള്ളൊരു വീടും ഉള്ളവര്‍പോലും, ഒരിക്കല്‍ ഈ നാട്ടില്‍ വന്നുപെട്ടാല്‍ തിരിച്ചു ചേക്കേറാന്‍ മടിക്കുന്നു. എന്തിനു മലയാളികളെ മാത്രം പറയണം? ഭാരതത്തിലെ വടക്കന്മാരും കിഴക്കന്മാരും ഗോവയില്‍ സ്ഥിരതാമസമാക്കുന്നു; അല്ലെങ്കില്‍ സ്ഥിരതാമസമാക്കാന്‍ താല്പര്യപ്പെടുന്നു. അതിനുകാരണം വെറും മണ്ണും പെണ്ണും പൊന്നും കള്ളും കഞ്ചാവുമൊന്നുമല്ല. കുറെ പാശ്ചാത്യര്‍ക്കും പണച്ചാക്കുകളായ പ്രബലവ്യക്തികള്‍ക്കും ഒരുപക്ഷെ ഗോവ ഒരു പരദേശഭ്രമമായിരിക്കാം. എന്നാല്‍ അരലക്ഷത്തിലധികം കേരളീയര്‍ സ്വന്തം 'ഇല്ലം' വിട്ട് ഗോവയെ 'അമ്മാത്താ'ക്കുന്നതിനു പ്രത്യേക കാരണം കാണണം. ഗോവയുടെ മൊത്തം ജനസംഖ്യ വെറും പതിനഞ്ചു ലക്ഷമാണെന്നോര്‍ക്കുക. 'ഹോര്‍ത്തൂസ്-മലബാറിക്കൂസ്' കാലഘട്ടത്തുതന്നെ കേരളവും കൊങ്കണ്‍ദേശവുമായുള്ള ബന്ധം കാണാം; അതിനുമുന്പും ഉണ്ടായിരുന്നിരിക്കണം. ഗോവക്കാര്‍ പോച്ചുഗീസുകാരെപ്പേടിച്ച് കേരളത്തിലേയ്ക്കു പലായനം ചെയ്യുന്നതിനു മുന്‍പേതന്നെ കേരളദേശവും കൊങ്കണ്‍ദേശവും തമ്മില്‍ ബന്ധപ്പെട്ടിരിക്കണം. കാരണം പരശുരാമന് തെക്കോട്ടു മഴുവെറിഞ്ഞ് കേരളക്കര ഉണ്ടാക്കിയെന്ന ഐതിഹ്യംപോലെ, പരശുരാമന്തന്നെ മഴു വടക്കോട്ടെറിഞ്ഞുണ്ടാക്കിയതാണ് ഗോവ എന്നൊന്നും പ്രചാരത്തിലുണ്ട്. ൧൯൬൨-ഡിസംബറില്‍ ഗോവ പോര്‍ച്ചുഗീസുകാരില്‍നിന്നു സ്വതന്ത്രമായതിനുശേഷമാണ് മലയാളികള്‍ കാര്യമായി ഗോവയിലെത്തിത്തുടങ്ങിയത്. ഉദ്യോഗസ്ഥരായും തൊഴിലാളികളായും അധ്യാപകരായും ബിസിനസ്സുകാരായും അവര്‍ ചേക്കേറി. ഒരുകാലത്ത്, എഴുപതുകളില്‍, ഗോവയുടെ മര്‍മസ്ഥാനങ്ങളിലെല്ലാം മേധാവികള്‍ മലയാളികളായിരുന്നു. ഇന്നും ബഹുമാനപൂര്‍വം ഓര്‍മിക്കപ്പെടുന്ന അധ്യാപകറ് ഒരുപാടുണ്ട്. മടിയന്മാരായ ഗോവക്കാര്‍ക്കും കഴിവുകുറഞ്ഞ കന്നഡപ്പണിക്കാര്‍ക്കുമിടയില്‍ വിദ്യാഭ്യാസവും കൈത്തഴക്കവുമുള്ള മലയാളിത്തൊഴിലാളികള്‍ മികച്ചു നിന്നു. കൊച്ചുകച്ചവടത്തില്‍തുടങ്ങി പേരുകേട്ട ബിസിനസ്സുകാരായവര്‍ ഏറെ. ഇന്നും സംസ്ഥാനസര്‍ക്കാരിണ്റ്റെയും കേന്ദ്രസര്‍ക്കരിണ്റ്റെയും സുരക്ഷാസ്ഥാപനങ്ങളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും തലപ്പത്തും അടിത്തട്ടിലുമെല്ലാം കേരളീയരെ കാണാം. തങ്ങളുടെ ആചാരവിശേഷങ്ങള്‍ അടിയറ വെയ്ക്കാതെ ഗോവയുടെ തനതുസംസ്കാരത്തോടു താദാത്മ്യംനേടി അവറ് ഒറ്റയ്ക്കും തെറ്റയ്ക്കും സന്തോഷത്തോടെ ജീവിച്ചുപോരുന്നു. കേരം, 'കേരള'മെന്ന പേരിനു നിദാനമാണെങ്കില്‍ ഗോവയും കേരത്തിണ്റ്റെ കൊത്തളം തന്നെ. ആദ്യമായി ഗോവയെക്കാണുമ്പോള്‍ 'ഇതു കേരളം പോലെ തന്നെ' എന്നു പറയാത്തവര്‍ ചുരുക്കം. കേരളംകഴിഞ്ഞാല്‍ അതിനൊപ്പം, ഒരുപക്ഷെ അതിനേക്കാള്‍ കൂടുതല്‍, തെങ്ങും തേങ്ങയും ഉപയോഗിക്കുന്നവര്‍ കൊങ്കണസ്ഥരാണ്, ആഹാരത്തിനും എണ്ണയ്ക്കും കത്തിക്കാനും പുര മേയാനും കമ്പുനാട്ടാനും കയിലുണ്ടാക്കാനും പാലമിടാനും അലങ്കാരത്തിനും എല്ലാം എല്ലാം. തെങ്ങിനെപ്രതി വിരഹദു:ഖം കേരളീയര്‍ക്കില്ലിവിടെ. പിന്നെ ഗോവയിലെ പുഴുക്കലരി. അരിയെ സംബന്ധിച്ച് മലയാളികള്‍ക്കുമാത്രമേയുള്ളൂ പരാതിയേതുമില്ലാതെ. ഇവിടത്തെ അരി പുഴുക്കലരി. പച്ചരിവേണമെങ്കില്‍ അതിനുമില്ല പഞ്ഞം. കഞ്ഞി ഒരു നിഷിദ്ധഭോജ്യവുമല്ല ഗോവയില്‍; വിശിഷ്ടഭോജ്യമാണുതാനും! മലയാളിയുടെ പച്ചക്കറികളായ കായും ചേനയും ചേമ്പും താളും കൂര്‍ക്കയും കാച്ചിലും കാവത്തും കിഴങ്ങും വെള്ളരിയും പാവലും പടവലവും പിണ്ടിയും കുടപ്പനും വെണ്ടയും അമരയ്ക്കയും ചക്കയും മാങ്ങയും ഇടിച്ചക്കയും കടച്ചക്കയും മുരിങ്ങയും അച്ചിങ്ങയും കറിവേപ്പിലയും 'കിളവ'നാണെങ്കിലും 'ഇളവ'നും (കുമ്പളങ്ങ) ഒന്നും അന്യമല്ലിവിടെ. മട്ടനും കുട്ടനും പോത്തും പോര്‍ക്കും മീനും കൊഞ്ചും എല്ലാം സുലഭമാണിവിടെ. ആഹാരത്തെച്ചൊല്ലി ആരും കേരളക്കരയിലേക്കു മടങ്ങിയതായി അറിവില്ല. മഞ്ഞും മഴയും വെയിലും, അല്പം കൂടുതലാണെങ്കിലും, കേരളീയര്‍ പരിചയിച്ച ഇടിമിന്നലും ഈര്‍പ്പവും ഇളംതെന്നലും ഇവിടെയുമുണ്ട് ഗോവയില്‍. മലനാടും ഇടനാടും തീരനാടും കുട്ടനാടും കണ്ടലും ചതുപ്പും ഇവിടെ പുനര്‍ജീവിച്ചിട്ടുണ്ട്. ഭൌതിക-ജീവിതസൌകര്യങ്ങളെപ്പോലെ പ്രധാനമാണല്ലൊ വിശ്വാസപ്രമാണങ്ങളുടെ തനിമയ്ക്കും സ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണം. അന്യോന്യം സ്നേഹവും ബഹുമാനവും, നാട്ടുകാരും വരത്തുകാരും തമ്മില്‍ ഇന്നും കാത്തുസൂക്ഷിക്കുന്നു. കേരളത്തിലെ വിവിധമതസ്ഥര്‍ പ്രബുദ്ധരാണെന്നാണു വെയ്പ്പ്, ശരിയാണെങ്കിലും തെറ്റാണെങ്കിലും. വെറും പ്രബുദ്ധതയുടെ പര്യായങ്ങളല്ലല്ലോ മൈത്രിയോ സഹബോധമോ സഹകരണമോ ഒന്നും. കേരളത്തില്‍ കാണാത്ത സഹവര്‍ത്തിത്വം നമുക്കിവിടെയുണ്ട്. മധുരം, സുന്ദരം, ശാന്തം - ഗോവയെ ഈ വാക്കുകളിലൊതുക്കാം. തെളിനീര്. ശുദ്ധവായു. ഇനിയും വിഷം തീണ്ടിയിട്ടില്ലാത്ത പഴങ്ങളും പച്ചക്കറികളും. കേരളത്തില്‍ കണികാണാന്‍കൂടി കിട്ടാത്ത തുറസ്സുകള്‍. പച്ചപ്പിണ്റ്റെ പരഭാഗശോഭ. ഒന്നിനും ഓട്ടവും ചാട്ടവും തിരക്കും തെണ്ടലുമില്ല; വേണ്ട. പ്റായേണ അഴിമതി കുറഞ്ഞ കാര്യാലയങ്ങള്‍. കളവും കൊലയും അപൂര്‍വം. ഭാഷയെച്ചൊല്ലിയും ശൈലിയെച്ചൊല്ലിയും വേവലാതിയില്ല. വാമൊഴിവഴക്കത്തെച്ചൊല്ലി വെറുക്കപ്പെടുന്നവരുമില്ല. മലയാളികള്‍ക്കിടയില്‍, പ്റദേശികഭാഷയായ കൊങ്കണി സ്വായത്തമാക്കിയവരേറെ. ഈയിടെ ഇവിടത്തെ ഒരു മലയാളി അധ്യാപകന് നല്ലൊരു കൊങ്കണിക്കവിത രചിച്ചുചൊല്ലിക്കേട്ടു. എന്തിന്, നാട്ടുകാരുമായി വിവാഹബന്ധംവരെ സ്ഥാപിച്ചവരുണ്ട്. എന്തും ഉടുത്തും എന്തും എടുത്തും നടക്കാം. അയല്‍ക്കാരുടെ കണ്ണ് നമ്മുടെ നേര്‍ക്കില്ല. പേരിലും പെരുമാറ്റത്തിലും മുഖ:ഛായയിലും വരെ പലപ്പോഴും മലയാളികളെ നാട്ടുകാരില്‍നിന്നു തിരിച്ചറിയാതായിത്തുടങ്ങി. ഗോവയെന്ന പാലില്‍ മറുനാട്ടുകാര്‍ വെള്ളം ചേര്‍ക്കുമ്പോള്‍, മലയാളികള്‍ മധുരം ചേര്‍ക്കുന്നു. അതുകൊണ്ടാകാം, ഇടയ്ക്കെങ്ങോ പൊട്ടിമുളച്ച അപസ്വരങ്ങള്‍പോലും മങ്ങിമാഞ്ഞിരിക്കുന്നു. കവലകളില്‍ പരിഹാസവും പരദൂഷണവുമായി ചൊറിഞ്ഞുനില്‍ക്കുന്ന പീക്കിരികള്‍ ഇവിടെ അപൂര്‍വം. അറപ്പിക്കുന്ന തറരാഷ്ട്രീയമില്ല. ഹര്‍ത്താലില്ല, ബന്ദില്ല, പണിമുടക്കില്ല, പ്രചരണമില്ല, പിരിവില്ല, (അധിക)പ്രസംഗമില്ല, (മത)പ്രഭാഷണമില്ല, (ആഭാസ)പ്രകടനങ്ങളില്ല. പൊന്നില്‍കുളിച്ച് 'സീരിയല്‍'-മുഖവുമായി പമ്മിപ്പമ്മി നടക്കുന്ന പെണ്ണുങ്ങളില്ല. അകത്തുപോയതിണ്റ്റെ ഇരട്ടി പുറത്തുകാട്ടുന്ന കള്ളുകുടിയന്മാരില്ല. നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം നടത്താനോ അരിമണിയൊന്നു കൊറിക്കാനില്ലാതെ തരിവളയിട്ടു കിലുക്കാനോ മോഹിക്കുന്നവരില്ല. നിലവാരമൊക്കെ കുറെ കുറഞ്ഞതാകാം; പക്ഷെ ഇഷ്ടമുള്ള വിഷയങ്ങള്‍ പഠിക്കാനുള്ള വിദ്യാഭ്യാസസൌകര്യങ്ങള്‍ വേണ്ടുവോളം. ഗോവയിലെ ഏതു വിദ്യാഭ്യാസ സ്ഥാപനമെടുത്താലും മലയാളിക്കുട്ടികളെ കാണാം, പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസമേഖലകളില്‍. അടുത്തകാലത്തായി മലയാളം പഠിക്കാന്‍പോലുമുള്ള സൌകര്യങ്ങള്‍ ചെയ്തുവരുന്നു കേരളസമാജ-സംഗമങ്ങള്‍. പണ്ടു കുറെപ്പേര്‍ക്കു പുകവലിക്കാനും ചീട്ടുകളിക്കാനും ചിട്ടിപിടിക്കാനുമായിരുന്ന വേദികള്‍ ഇന്നു സജീവവും സര്‍ഗാത്മകവുമായിരിക്കുന്നു. എത്രപേര്‍ വിശ്വസിക്കും, ചെറുതെങ്കിലും ചിട്ടയായി ഒരു മലയാള ദിനപ്പത്രം ഇവിടെനിന്നിറങ്ങുന്നെന്ന്? വെറുതെയല്ല ഗോവയിലെ മലയാളികള്‍ നാട്ടിലേക്കു മടങ്ങാന്‍ മടിക്കുന്നത്. മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് ഗോവയെന്നൊരു നാടുകൂടിയുണ്ട് മലയാളികള്‍ക്ക്.
സിംപിള്‍ മലയാളി
".....കിളികൊഞ്ചും നാടിണ്റ്റെ ഗ്രാമീണശൈലി പുളിയിലക്കരമുണ്ടില്‍ തെളിയുന്നു..." എന്നത് വെറുമൊരു സിനിമാപ്പാട്ടല്ല. ശാലീനവും മധുരവുമായ ഒരു സംസ്കൃതിയിലേക്കാണ് ഈ ഗാനം നമ്മെ തിരിച്ചുനടത്തുന്നത്. പരിശുദ്ധമലയാളി എന്നൊരു വര്‍ഗമുണ്ടോ എന്നതും പരിശുദ്ധമലയാളമെന്നൊരു ഭാഷയുണ്ടോ എന്നതും തര്‍ക്കവിഷയമാകാം. എന്നാല്‍ അതിലളിതമായ നാടും ഭാഷയും ചിട്ടയും സംസ്കാരവും ഉണ്ടായിരുന്നൊരു ജനവിഭാഗമായിരുന്നു മലയാളികള്‍. ലളിതജീവിതം എന്നും മലയാളനാടിണ്റ്റെ മുഖമുദ്രയായിരുന്നു. "വെളുക്കുമ്പോള്‍ കുളിക്കേണം വെളുത്തമുണ്ടൂടുക്കേണം വെളുത്തകൊമ്പനാനപ്പുറത്തേറി നടക്കേണം" എന്നത് അരനൂറ്റാണ്ടുമുന്‍പുകൂടി സ്കൂള്‍പാഠമായിരുന്നു. വെളുപ്പാന്കാലത്തു മുങ്ങിക്കുളി. വൈകുന്നേരത്തെ 'മേല്‍ക്കഴുകല്‍'. അതു മലയാളികളുടെ ഒരു ദുശ്ശീലമായി കണക്കാക്കുന്നു മറുനാട്ടുകാര്‍. ഒത്തുവന്നാല്‍ ഒരു എണ്ണതേച്ചുകുളി. ഇടയ്ക്കെല്ലാമൊരു കാക്കക്കുളി. കാലങ്ങളോളം വെളുത്ത ഒറ്റമുണ്ടായിരുന്നു കേരളീയരുടെ വേഷം, ആണായാലും പെണ്ണായാലും. ഉണ്ടാക്കാന്‍ എളുപ്പം. ഉടുക്കാനോ അതിലും എളുപ്പം. ഒന്നുചുറ്റി ഒരു കുത്ത്; ധാരാളമായി. ചില പെണ്ണുങ്ങള് മറ്റൊരു ഒറ്റമുണ്ടുകൊണ്ട് മാറുമറച്ചിരുന്നു. കുറച്ചാണുങ്ങള് ഒരു രണ്ടാംമുണ്ട് തോളത്തുമിട്ടിരുന്നു. ആവശ്യമുണ്ടെങ്കില്‍ ഒരു തലേക്കെട്ട്; അതുമൊരു തുണിക്കണ്ടം. ആണുങ്ങള്‍ക്ക് ഒരു ശീലക്കഷ്ണം മതിയായിരുന്നു അടിയിലുടുക്കാന്‍; സ്ത്രീകള്‍ക്കോ ഒരു 'ഒന്നര'മുണ്ടും. "അച്ചിക്കുടുക്കാനും നായര്‍ക്കു പുതയ്ക്കാനും" എന്നു കളിയാക്കപ്പെട്ടിരുന്നു മലയാളികളുടെ വെള്ളമുണ്ട്. ഒരു തുന്നലുമില്ല, ചിത്രവേലയുമില്ല ഈ നാടന്‍വേഷത്തിന്. ഇതില്‍ 'തോര്‍ത്തു'മുണ്ടായിരുന്നു ലളിതരില്‍ ലളിതന്‍. ഇന്നും വെള്ളത്തോര്‍ത്തില്ലാത്ത ഒരു മലയാളിവീടു കാണില്ല. കല്യാണം പോലും ഒരു 'പുടമുറി'യിലൊതുങ്ങി; ചിലര്‍ക്കുമാത്രം താലികെട്ട്. ഓണക്കോടിയും വെള്ളമുണ്ടു തന്നെ. അക്കാലത്തെ 'പദ്മ'പുരസ്കാരം പോലും ഒരു 'കുത്ത്' പാവുമുണ്ടായിരുന്നുപോല്‍. പുടമുറി പോലെ തന്നെ ഒഴിമുറിയും എളുപ്പമായിരുന്നു. കൂട്ടുകുടുംബങ്ങളില്‍ ആണുങ്ങളും പെണ്ണുങ്ങളും അടുത്തിടപഴകി. ഇഷ്ടമുള്ളവര്‍ സ്വതന്ത്രമായി ഇണചേര്‍ന്നു. ഇഷ്ടമല്ലാഞ്ഞാല്‍ രാവോടുരാവിനു പിരിഞ്ഞു. സമ്മതമില്ലാത്ത സമ്മന്തമില്ലായിരുന്നു. വേണം എന്നതിനു വേണം എന്നും വേണ്ട എന്നതിനു വേണ്ട എന്നുമായിരുന്നു അര്‍ഥം. ആസ് സിംപിള്‍ ആസ് ദാറ്റ്. കാര്യങ്ങളുടെ മേല്‍നോട്ടത്തിനൊരു കാര്ന്നോര്. അറ്റ കൈക്കൊരു നാട്ടുകൂട്ടം, അല്ലെങ്കില്‍ നാടുവാഴി. വഴക്കും പുക്കാറുമെല്ലാം തുടങ്ങിയേടത്തുവച്ചേ തീരും. പെണ്ണുങ്ങള്‍ക്കായിരുന്നു വീടിണ്റ്റെ ചുമതല; ആണുങ്ങള്‍ക്കോ പുറംപണിയും. കുറഞ്ഞത് 'ഉടുക്കാനും തേയ്ക്കാനും' കൊടുക്കാനുള്ള കെല്പ്പു മതിയായിരുന്നു ആണിന് ആണത്തം കാട്ടാന്‍. ആര്‍ഭാടമൊന്നും ആര്‍ക്കും വേണ്ടായിരുന്നു. കുടിക്കാന്‍ ചുക്കുവെള്ളം, വേനലാണെങ്കില്‍ സംഭാരം. വെറും അരി വേവിച്ചൊരു കഞ്ഞി. തേങ്ങയും മുളകും ഇടിച്ചുചതച്ചൊരു ചമ്മന്തി. അല്ലെങ്കില്‍ മാങ്ങയോ നാരങ്ങയോ ഉപ്പിലിട്ടത്. പയറ്. അല്ലെങ്കില്‍ വെറുതെ കായും കിഴങ്ങും കൂട്ടിപ്പുഴുങ്ങിയ പുഴുക്ക്. അത്യാവശ്യത്തിനൊരു ചുട്ട പപ്പടം. ചിലപ്പോള്‍ ചോറ്, മോരൊഴിച്ച കൂട്ടാന്‍, ഉപ്പേരി. പിറ്റേദിവസം പഴഞ്ചോറ്. വല്ലപ്പോഴും പായസം. ഓണംവിഷുതിരുവാതിരയ്ക്കു സദ്യ. ഒന്നുവേവിച്ചാല്‍ പച്ചക്കറിത്തോരന്‍; എല്ലാമിട്ടുവേവിച്ചാല്‍ അവിയല്‍. വിശിഷ്ടാതിഥികള്‍വന്നാല്‍ അവല്-തേങ്ങ-ശര്‍ക്കര-പഴം; കുടിക്കാന്‍ കരിക്ക്. കഴിഞ്ഞു. വീട്ടിനുള്ളില്‍ കടക്കുന്നതിനു മുന്‍പ് കൈ-കാല്-മുഖംകഴുകല്‍. ആഹാരത്തിനുമുന്‍പും പിന്‍പും വായില്‍ വെള്ളം നിറച്ചു കുഴിക്കുഴിയല്‍. പല്ലുതേക്കാന്‍ ഉമിക്കരി. പല്ലുവേദനയ്ക്കു ഉപ്പും കുരുമുളകും. വായ വൃത്തിയാക്കാന്‍ മാവില; നാക്കുവടിക്കാന്‍ ഈര്‍ക്കില്‍പൊളി. വീണിടം വിഷ്ണുലോകം. കിടക്കാന്‍ ഒരു മുണ്ട്, അല്ലെങ്കില്‍ ഒരു തഴപ്പായ. അപൂര്‍വം കട്ടില്. ഒത്തുവന്നാല്‍ ഒരു മെത്തപ്പായ. ഉഷ്ണത്തിനു പനയോലവിശറി, ഓലക്കുട. ചെരിപ്പില്ലാനടത്തം. ചെരിപ്പാണെങ്കില് മരത്തടി. ഇരിക്കാന്‍ ചാണകത്തറ, ചാരുപടി, അരമതില്, മരപ്പലക. പൂജ്യര്‍ക്കുമാത്രം വെള്ളയും കരിമ്പടവും. തുണികള്‍ തൂക്കാന്‍ അഴ; അപൂര്‍വം മരപ്പെട്ടി. അടുക്കളയിലോ ചട്ടിയും കലവും കല്ലടുപ്പും ചിരട്ടക്കയിലും. കഞ്ഞികുടിക്കാന്‍ പ്ളാവില; ചോറുവിളമ്പാന്‍ വാഴയില. ആരാധനയ്ക്കൊരു കാവ്. അതില്‍ ഒരു കല്‍ക്കഷ്ണം വിഗ്രഹം. ഒരു കല്‍വിളക്ക്. അതില്‍ മുനിഞ്ഞുകത്തുന്ന തുണിത്തിരി. ഒരാലും അതിനൊരു ആല്‍ത്തറയും. സന്ധ്യക്കു വേണമെങ്കിലൊരു നാമജപം. വല്ലപ്പോഴുമൊരു പൂജ. തീര്‍ന്നൂ ദൈവികം. അസുഖം വന്നാല്‍ പഥ്യം. പച്ചമരുന്ന് വീട്ടുമരുന്ന്. നാട്ടുമരുന്ന്. ഒറ്റമൂലി. പിഴച്ചാല്‍ മരണം. 'പാവില്‍ പിഴച്ചാല്‍ മാവ്' എന്നു ചൊല്ല്. ഭാഷയോ അതിലളിതം, പച്ചമലയാളം. പാട്ടോ കിളിപ്പാട്ട്. കളി കൈകൊട്ടിക്കളി. ആട്ടം രാമനാട്ടം, കൃഷ്ണനാട്ടം, മോഹിനിയാട്ടം. എല്ലാത്തിനും മീതെ, 'ലോകമേ തറവാട്' എന്ന ചിന്ത. വഴിക്കെവിടെയോ ആ ലാളിത്യവും ആര്‍ജവവും കൈമോശം വന്നു. അന്നു നമ്മള് സിംപിള്‍ ആയിരുന്നു. ഇന്നു നമ്മള് സിംപിള്‍ട്ടണ്‍ ആയിമാറി.
'അമ്മയുടെ പുളിങ്കറി; ചിറ്റമ്മയുടെ കിണറ്റീച്ചാടി'
൧൯൬൦-൭൦കളിലെ ഭക്ഷ്യക്ഷാമം അതിതീവ്രമായി അനുഭവിച്ചറിഞ്ഞതാണ് എണ്റ്റെ തലമുറ. 'കോഴിറേഷ'ണ്റ്റെ കാലം. 'പുഴുക്കലരി = പുഴു + കല് + അരി' എന്ന് അന്നത്തെ നിര്‍വചനം. റേഷന്‍പച്ചരിയും റേഷന്‍ഗോതമ്പും റേഷന്‍പഞ്ചസാരയും റേഷന്‍മണ്ണെണ്ണയും കിട്ടിയില്ലെങ്കില്‍ ഒട്ടുമിക്ക വീടുകളിലെയും അടുപ്പുപുകയാത്ത കാലം. ഉള്ളതുകൊണ്ട് ഓണമുണ്ണാനും വീണിടം വിഷ്ണുലോകമാക്കാനും മലയാളിക്കെന്നേയറിയാം. അതിനാല്‍മാത്രം ഗോതമ്പുകഞ്ഞിയും പാല്‍പ്പൊടിപ്പാലും മക്രോണിപ്പായസവും ചോളപ്പൊടി-ഉപ്പുമാവും 'കണ്ടസാരി'ക്കാപ്പിയും 'തൈനാന്'-ചോറുമെല്ലാം അന്നത്തെ കണ്ടുപിടിത്തങ്ങളായി. 'ജനത'ഹോട്ടലുകളും 'ന്യായവില' ഷോപ്പുകളും തട്ടുകടകളും അക്കാലത്താണ് കേരളം കണികാണുന്നത്. അക്കാലത്താണ് കേരളീയര്‍ ചപ്പാത്തിയും പൂരിയും തിന്നു തുടങ്ങുന്നത്. സ്കൂളുകളിലെ ഉച്ചക്കഞ്ഞി പാടേ മുടങ്ങി. പകരം 'അമേരിക്കന്‍പൊടി'കൊണ്ടൊരു ഉപ്പുമാവും പൊടിപ്പാലുമായി. അതു കഴിച്ച് ഒരുമാതിരി കുട്ടികള്‍ക്കെല്ലാം മേലാസകലം ചൊറിയായി. 'കോഴിറേഷ'നെതിരെ കോളേജുകുട്ടികള്‍വരെ സമരത്തിനിറങ്ങി. "ഉള്ളിത്തൊലിപോലെ ദോശയുണ്ടാക്കി പൈസ പതിനഞ്ചു മേടി"ക്കുന്ന കഴുത്തറുപ്പന്‍-ഹോട്ടലുകാര്‍ക്കെതിരെ പ്രതിഷേധമായി. നിലവില്‍വന്ന 'പെര്‍മിറ്റ്-രാജ്' മുതലെടുത്ത പൂഴ്ത്തിവയ്പ്പുകാരും കരിഞ്ചന്തക്കാരുമായി ഗതിമുട്ടിയ നാട്ടുകാരുടെ സംഘട്ടനവുമായി. അതിനിടെ ഒരു 'ഫോളിഡോള്‍'-പ്രശ്നവും ഒരു 'എര്‍ഗോട്ട്'-പ്രശ്നവും കൂടിയായപ്പോള്‍ സംഗതി കലക്കി. ഒരു ഇറക്കുമതിക്കപ്പലിലെ പഞ്ചസാരയില്‍ 'ഫോളിഡോള്‍' എന്നൊരു വിഷം (കീടനാശിനി?) വീണത്രേ. എവിടെ വീണെന്നോ എത്ര വീണെന്നോ എവിടെയെല്ലാം വിഷം കലര്‍ന്ന ചരക്കുചാക്കുകള്‍ എത്തിപ്പെട്ടെന്നോ ഒരു വിവരവുമില്ലായിരുന്നു. നാട്ടിലാകെ പരിഭ്രാന്തിയായി. റേഷന്‍കിട്ടിയ പഞ്ചസാരയായ പഞ്ചസാര മുഴുവന്‍ കുഴികുത്തിമൂടേണ്ടിവന്നു. അത്യാവശ്യത്തിനുപുറത്ത് അവിശ്വാസം കയറിക്കൂടിയപ്പോള്‍ ജനങ്ങളുടെ ആശയറ്റു. അതൊരു കിംവദന്തി ആയിരുന്നിരിക്കാം, നുണക്കഥ ആയിരുന്നിരിക്കാം, ആരുടെയെങ്കിലും ക്രൂരതയായിരിക്കാം, ഒരു പക്ഷെ അബദ്ധവുമായിരിക്കാം. ഇറ്റുകഞ്ഞിയില്‍ പാറ്റകൂടി വീണപ്പോള്‍ ജനം പാറ്റയേക്കാള്‍ പിടഞ്ഞു എന്നതുമാത്രം സത്യം. റേഷന്‍ ഗോതമ്പില്‍ 'എര്‍ഗോട്ട്' എന്നൊരു വിഷവിത്തു കലര്‍ന്നതായിരുന്നു മറ്റൊരുഭീതി. വട്ടമിട്ടു കുമ്പിട്ടിരുന്ന് റേഷന്‍ഗോതമ്പില്‍നിന്ന് ആ വിഷവിത്തെല്ലാം പെറുക്കിമാറ്റിയിരുന്നത് ഇന്നും ഓര്‍മയുണ്ട്. അരിയില്‍നിന്നും ഗോതമ്പില്‍നിന്നും കല്ലിനും ചെളിക്കട്ടയ്ക്കും പുഴുവിനും പുറമെ, പല്ലുപോലത്തെ 'ബാജ്ര'യെന്ന ധാന്യവും എടുത്തുകളയണമായിരുന്നു. നാട്ടിന്‍പുറങ്ങളെങ്കിലും ജാതി-മത-സ്ഥാന-മാനഭേദമെന്യേ ഉള്ളതു പങ്കിടാനൊരു സല്‍ബുദ്ധിക്കു സാക്ഷ്യംവഹിച്ചു. നാഴി അരിക്കോ ഒരുപാത്രം പഞ്ചസാരയ്ക്കോ ഒരു ഗ്ളാസ്സ് മോരിനോ, എന്തിന് ഒരുതവണത്തേയ്ക്കു റേഷന്‍കാര്‍ഡിനോ വന്നുചോദിക്കുന്നവര്‍ നിരാശരായി മടങ്ങിയില്ല. ഉള്ളവര്‍ കൊടുത്തു; ഇല്ലാത്തവര്‍ വാങ്ങി. പണമുണ്ടായിരുന്നവരുടെയും പണമില്ലായിരുന്നവരുടെയും ദാരിദ്ര്യം ഒന്നുപോലെയായി. അരിമണിയൊന്നു കൊറിക്കാനില്ലെങ്കിലും തരിവളയിട്ടു കിലുക്കാന്‍ മോഹിക്കുന്ന മലയാളിമനസ്സിനൊരപവാദമായിരുന്നു അക്കാലം. ചോറ്റുപാത്രംനോക്കി "ഇന്നെന്താ കറി?" എന്ന ചോദ്യത്തിനുത്തരം, "ഇന്നൊന്നുമില്ല" എന്നു തുറന്നു പറഞ്ഞിരുന്നു വീട്ടുകാറ്. അയല്‍കുട്ടികള്‍, തമാശയായി "അമ്മേടെ പ്ളുങ്കറി" എന്ന്, നിത്യ(അ)സാധാരണമായ പേരില്ലാക്കൂട്ടാനു പേരുവച്ചു. അതുമല്ലെങ്കില്‍ "ചിറ്റമ്മേടെ കെണറ്റീച്ചാടി". മോര് കിണറ്റില്‍ ചാടിയാല്‍ എങ്ങനെയുണ്ടാകും, അതുതന്നെ 'കിണറ്റില്‍ചാടി' എന്ന 'ഒഴിച്ചുകൂട്ടാന്‍'! പുസ്തകങ്ങളേക്കാള്‍ വിലപ്പെട്ടതായിരുന്നു അന്നൊക്കെ പൊതിച്ചോറ് അല്ലെങ്കില്‍ ചോറ്റുപാത്രം. ഞാന്‍ പഠിച്ചിരുന്ന മഹാരാജാസ് കോളേജില്‍ അവ 'കളവു'പോകുമായിരുന്നു. പാത്രമാണെങ്കില്‍ കഴുകിത്തുടച്ചതു തിരികെ കിട്ടും. അതൊരു പാഠമായിത്തീര്‍ന്നു എണ്റ്റെ ജീവിതത്തില്‍. ഇന്നും ഒരു വറ്റു വെറുതെ കളയാന്‍ എനിക്കു മനസ്സുവരാറില്ല; ഞാന്‍ അനുവദിക്കുകയുമില്ല. കേരളത്തിനു പുറത്ത് ഐശ്വര്യമായിരുന്നു എന്നല്ലേയല്ല. അന്നത്തെ ബോംബെയില്‍ ഒരു ഊണിന് ഒറ്റത്തവണയേ ചോറു വിളമ്പൂ; ആഴ്ചയിലൊരുദിവസം ചോറുമുണ്ടാകില്ല. ബോംബേക്കാര് പലരും നാട്ടിലെ റേഷനരി സ്വരൂപിച്ച് തലയണയിലൊളിപ്പിച്ച് മടക്കവണ്ടിക്കു കൊണ്ടുപോയിരുന്നുപോല്‍. തമിഴ്നാട്ടില്‍ 'പിടിയരി'പ്രയോഗം നടപ്പിലാക്കി; ആവശ്യമുള്ള അരിയെടുത്ത് ഒരുപിടി തിരിച്ചിടുക എന്നൊരു രീതി. കല്‍ക്കത്തയിലോ കത്തിത്തീരാത്ത ഒരുതരി കല്‍ക്കരിക്കായി വീട്ടുകാര്‍ പുറത്തെറിയുന്ന ചാരത്തില്‍, കൊടുംമഴയത്ത് കയ്യിട്ടുതിരയുന്ന പട്ടിണിക്കോലങ്ങളെവരെ കണ്ടിട്ടുണ്ട്. ഗോവയില്‍ രണ്ടുവാളന്‍ ('മോഡ്') അളന്നുമുറിച്ചേ ചോറുകിട്ടൂ ഹോട്ടലുകളില്‍ അന്ന്. കര്‍ണാടകത്ത് മെച്ചപ്പെട്ട അരി കിട്ടിയിരുന്നു; പക്ഷെ കള്ളക്കടത്തായി കണ്ണുവെട്ടിച്ചുവേണ്ടിയിരുന്നു പുറത്തുകൊണ്ടുപോകാന്‍. ആന്ധ്രപ്പച്ചരിക്കു പൊന്നുവിലയായിരുന്നു. ആ പഞ്ഞക്കാലം ഇനി നമുക്കു കാണേണ്ടിവരില്ല. പിന്നീടുപിഴച്ചെങ്കിലും ഹരിതവിപ്ളവം ഒരു തലമുറയെ പട്ടിണിയില്‍നിന്നു രക്ഷിച്ചു. ശ്വേതവിപ്ളവം പിന്തലമുറയെ പാലൂട്ടിപ്പാലിക്കുന്നു. നീലവിപ്ളവം വരുംതലമുരയെ പരിപോഷിപ്പിക്കുമെന്നാശിക്കാം. ഇന്നിപ്പോള്‍ 'മില്‍മ'യുടെ നന്മയായി. 'ലാഭം'-കടകളായി. 'നീതി'-സ്റ്റോറുകളായി. 'മാര്‍ജിന്‍-ഫ്രീ'-യായി. പുലാവായി, ബട്ടൂരയായി, മഞ്ചൂറിയനായി, കുര്‍മയായി, ഷവര്‍മയായി, മന്തിയായി, നൂഡില്‍സ് ആയി, കോളയായി, നീരയായി.....നിറപറയായി. "മൂശേട്ടേം മക്കളും പോ, പോ; ശ്രീദേവീം മക്കളും വാ, വാ" എന്ന വായ്ത്താരി മുഴങ്ങട്ടെ നാടെങ്ങും.
വണ്ടീ, നിന്നെപ്പോലെ വയറിലെനിക്കും തീ!
പട്ടിക്കു വാല് എന്നപോലെയാണ് ഗോവക്കാര്‍ക്കു വണ്ടി. ഭാരതത്തില്‍ പ്രതിശീര്‍ഷവരുമാനത്തില്‍ ഒന്നാംകിടക്കാരായ ഗോവക്കാര്‍, പ്രതിശീര്‍ഷവാഹനത്തിലും ഒന്നാംനിരയിലാണ്. വണ്ടിയില്ലാതെ ഗോവാജീവിതം ഒരടി നീങ്ങില്ല. അതിരാവിലെ റൊട്ടിക്കാരണ്റ്റെ സൈക്കിള്‍. പിന്നെ മീന്‍കാരണ്റ്റെ മോപെഡ്. പത്രക്കാരണ്റ്റെ ബൈക്ക്. സ്കൂള്‍കുട്ടികളുടെ സ്കൂട്ടര്‍. ജോലിക്കുപോകുന്നവരുടെ ബസ്സ്. ജോലിക്കുപോകാത്തവരുടെ മോട്ടോര്‍ബൈക്ക്. പണക്കാരുടെ കാറ്. ലോട്ടറിക്കാരുടെ മുച്ചക്രവണ്ടി. പഴം-പച്ചക്കറിക്കാരുടെ ഉന്തുവണ്ടി. കോണ്ട്രാക്റ്റര്മാരുടെ ലോറി. മണ്ണുമാന്തി. പെട്ടി ഓട്ടോ. പൈലറ്റ്. ബോട്ട്. ബാര്‍ജ്. കപ്പല്‍. വിമാനം. കൊങ്കണ്‍റെയില്‍വേ വന്നതുമുതല്‍ തെക്കുവടക്കു തീവണ്ടിയും. വീട്ടില്‍ ഒരുവണ്ടിയെങ്കിലുമില്ലാത്ത ഒരു ഗോവക്കാരനെ കാണിച്ചുതരാമോ? എഴുപതുകളില്‍ ഞാന്‍ ഗോവയില്‍ വരുന്ന കാലത്ത് എന്നെ ഏറ്റവും ആശ്ചര്യപ്പെടുത്തിയത് ഇവിടത്തെ സൈക്കിളുകളുടെയും വിദേശവണ്ടികളുടെയും എണ്ണപ്പെരുപ്പമായിരുന്നു. സൈക്കിളില്ലാത്ത ഒരാണ്‍കുട്ടിയോ പെണ്‍കുട്ടിയോ ഇല്ലായിരുന്നു. പഠിക്കാന്‍ പോകുന്നതും കളിക്കാന്‍ പോകുന്നതും മീന്‍കണ്ണിയെ മടിയിലേറ്റി ഊരുചുറ്റുന്നതും സൈക്കിളില്‍. പഞ്ചിമില്‍ ഓടിയിരുന്നത് 'കരിയേറ'യെന്ന മൂക്കുള്ള പെട്റോള് ബസ്സ്, നാട്ടില്‍ അന്‍പതുകളിലുണ്ടായിരുന്ന 'കോമര്'-ബസ്സുകള്‍ പോലെ. ടാക്സികളെല്ലാം ഡോഡ്ജും, ഷെവറ്‍ലേയും ഇമ്പാലയും മറ്റും മറ്റും. മിക്കതും ഇടംകൈ-ഡ്രൈവ്. കുലുങ്ങിപ്പായുന്ന ബെന്‍സ്-സുന്ദരികള്‍. കുണുങ്ങിയോടുന്ന ഫോക്സ്വാഗണ്-മൂട്ടകള്‍. ഹോണ്‍ഡ, ബി എം ഡബ്ള്യു ബൈക്കുകള്‍. സറ്‍ക്കാര്‍വണ്ടികള്‍ മാത്രം അംബാസ്സഡര്‍, പിന്നെ കുറെ സ്വകാര്യ-ഫിയറ്റുകള്‍. പൊട്ടിപ്പൊളിഞ്ഞ കുറെ ലാംബ്രറ്റ ഓട്ടോ. അപൂര്‍വം വെസ്പ സ്കൂട്ടര്‍. ഡ്രൈവിംഗ് പഠിപ്പിക്കുന്നതുപോലും ഇടവും വലവും ഡ്രൈവിങ്ങ്-വീലുള്ള ഫോക്സ്-വാഗണില്‍. പശുക്കളെ മേയ്ച്ചിരുന്നതു പുറകെ ബൈക്കില്‍ചെന്ന്. പന്നികളെ കെട്ടിക്കൊണ്ടുപോയിരുന്നത് ബൈക്കില്‍. മീന്‍ വാങ്ങിവരുന്നതു ബൈക്കില്‍. സൈക്കിളിലും ബൈക്കിലുമായി ഇടവകതോറും പാതിരിമാര്‍. പ്രത്യേകിച്ചും പറയേണ്ടത് 'പൈല'റ്റുകളെപ്പറ്റിയാണ്. ഇന്ത്യയില്‍ വേറൊരിടത്തും കണാത്ത ഇരുചക്രടാക്സികള്‍. ആണ്-പെണ്‍ഭേദമില്ലാതെ ആരും അതിണ്റ്റെ പിന്നില്‍കയറി യാത്രചെയ്യും. കൊച്ചുദൂരത്തിനു കൊച്ചുവണ്ടി; കൊച്ചുകാശും മതിയാകും. അന്തസ്സുള്ള പെരുമാറ്റവും അപകടമില്ലാത്ത യാത്രയും. ബോംബെ-ഗോവ റൂട്ടിലോടിപ്പഴകിയ ബസ്സുകളായിരുന്നു ടൌണ്‍ബസ്സുകള്‍. അതിനാല്‍ പതുപതുത്ത സീറ്റുകളായിരുന്നു ബസ്സുകളിലെല്ലാം. ഇറങ്ങുന്നേടത്തൊരു കണ്ണാടി. അതുനോക്കി മുടിയൊന്നു നേരെയാക്കാതെ ഒരൊറ്റക്കുഞ്ഞും ബസ്സുവിട്ടിറങ്ങില്ല! അതൊരു കാലം. അപകടങ്ങളോ അതിവിരളം. എല്ലാമൊരു 'അഡൂറ്‍'സിനിമകണക്കല്ലേ ഇഴഞ്ഞു നീങ്ങിയിരുന്നത്; കൂട്ടിയിടിച്ചാലും ഇത്രയ്ക്കല്ലേയുള്ളൂ. എഴുപതുകളില്‍ ടൂറിസം തലയ്ക്കടിച്ചപ്പോഴാണ് വണ്ടിക്കാര്യങ്ങള്‍ തലകീഴായത്. ആവശ്യത്തേക്കാള്‍ ടാക്സികള്‍ പെരുകി. ആവശ്യത്തിനൊത്ത് പൊതുഗതാഗതസൌകര്യങ്ങള്‍ വര്‍ദ്ധിച്ചുമില്ല. മുടക്കിയ കാശുമുതലാക്കാന്‍ നിരക്കുകള്‍ കൂട്ടി. സമയത്തിനും സൌകര്യത്തിനുമൊത്തു ബസ്സുകളുമില്ലാതായി. അങ്ങനെ സ്വകാര്യവാഹനങ്ങളുടെ എണ്ണം പെരുകി. അതൊരു ഹരമായി യുവാക്കള്‍ക്ക്. കാല് നടക്കാനല്ലെന്നും റോഡു പറക്കാനാണെന്നും അവര്‍ കരുതി. ആദ്യമെല്ലാം പറക്കാന്‍പറ്റുന്ന റോഡുകള്‍ തന്നെയായിരുന്നു ഗോവയില്‍. പിന്നീടതെല്ലാം താറുമാറായി. ഹെല്‍മെറ്റ്, പിന്‍കണ്ണാടി, സിഗ്നല്‍ വിളക്കുകള്‍, നമ്പര്‍പ്ളേറ്റ്, ലൈസന്‍സ് ഇവയെല്ലാം നിഷിദ്ധവുമായി. രണ്ടുചക്രവും ഒരു ഹോണുമുണ്ടെങ്കില്‍ എന്തുമാകാം എന്നായി. പെട്റോള് എന്നാല്‍ പച്ചവെള്ളം പോലെയായി പയ്യന്മാര്ക്ക്. പലകാലങ്ങളിലായി പലേടങ്ങളിലായി പലപല വണ്ടികള്‍ ഓടിച്ചിട്ടുണ്ടെങ്കിലും ഗോവയിലെ റോട്ടിലെ വണ്ടിപ്പരവേശം എന്തെന്നും എന്തിനെന്നും പിടികിട്ടിയിട്ടില്ല പൂറ്ണമായി. വലത്തെ റോഡിലേയ്ക്കു പോകാന്‍ വലതുവശത്തേയ്ക്കു തെന്നിനീങ്ങും; ഇടത്തെ റോഡിലേയ്ക്കു പോകാനും വലത്തോട്ടൊന്നു വെട്ടിക്കും. മുന്പിലെ വണ്ടിയുടെ ഇടത്തുകൂടെ കുത്തിക്കേറ്റും. മുന്‍പിലൊരു വണ്ടികണ്ടാല്‍ വേഗംകൂട്ടും. മുന്നില്‍ ചെന്ന ഉടന്‍ വേഗം കുറയ്ക്കും; അല്ലെങ്കില്‍ വെട്ടിച്ചൊടിക്കും. വേഗം കൂട്ടേണ്ടിടത്തു വേഗം കുറയ്ക്കും; വേഗം കുറയ്ക്കേണ്ടിടത്തു വേഗം കൂട്ടും. വിളക്കിട്ടാല്‍ കെടുത്തില്ല. വിളക്കില്ലെങ്കില്‍ ഒരു ചുക്കുമില്ല. വഴിയിലിറങ്ങിയിട്ടേ എവിടെപ്പോകണമെന്നു തീരുമാനിക്കൂ; ആ തീരുമാനം മാറാന്‍ അധികം സമയവും വേണ്ട. അടുത്ത കാലത്തായി കാണുന്ന ഒരു കാഴ്ചയാണ്. രാവിലെ, എന്നുവച്ചാല്‍ ഉച്ചയ്ക്കുമുന്പ് എപ്പോഴെങ്കിലും, വായിലൊരു ടൂത്-ബ്രഷും കുത്തിവച്ചൊരു വണ്ടിക്കറക്കം. പാലും പാവും വാങ്ങാന്‍മുതല്‍, അമ്മമാരടക്കം, സ്കൂളില്‍ കുട്ടികളെ ഇറക്കിവിടാന്‍ വരെ. ഏണിയും കോണിയും പൈപ്പും പണിസാധനങ്ങളുംകൊണ്ട് കൊച്ചുപണിക്കാരുടെ പരക്കംപാച്ചില്‍ വേറെ. ഉച്ചയ്ക്കു മീന്‍തൊട്ടുകൂട്ടാന്‍ വീട്ടിലേയ്ക്കു വച്ചുപിടിക്കുന്നവര്‍ വേറെ. ഉച്ചമയങ്ങിയാല്‍ ഉറക്കംതൂങ്ങി (ഉറക്കമല്ല, 'ഉറാക്ക്') വഴിയിലിഴയുന്നവര്‍ വേറെ. വൈകീട്ടു പുലരുംവരെ വെറുതെയെങ്കില്‍ വെറുതെയൊന്നു വണ്ടിയില്‍ ചുറ്റുന്നവര്‍ വേറെ. ഇപ്പോഴത്തെ ഹരമാണ് 'വീലിംഗ്' എന്നൊരു കൈവിട്ട കളി. കൂട്ടംകൂട്ടമായി കണ്ടിടത്തുനിന്നെല്ലാം ഓടിക്കൂടും തടിമാടന്‍മാറ്‍. വലിഞ്ഞിഴഞ്ഞും അലറിപ്പാഞ്ഞും വട്ടംചുറ്റിയുമെല്ലാമുള്ള കലാപരിപാടി കുറച്ചുനേരമുണ്ടാകും. ചിലര്‍ക്കെല്ലാം 'റിയര്‍-എഞ്ചിന്' ആയി സുന്ദരിക്കുട്ടികളും കൂട്ടുണ്ടാകും. ഹണിമൂണ്‍കാരാണെങ്കില്‍ അറപ്പുരവാതില്‍ തുറന്നുവച്ചാകും കാമകേളി. നമ്മള് വണ്ടിയൊന്നുപാര്‍ക്കുചെയ്തു മാറിയാല്‍ തീര്‍ന്നു, മുന്‍പിലും പിന്പിലും വശങ്ങളിലുമായി ഇരുകാലന്‍മാരും നാല്‍ക്കാലന്‍മാരും വഴിമുടക്കാന്‍ നിരന്നിട്ടുണ്ടാകും. മറ്റുള്ളവരുടെ ബൈക്കുകള്‍ വലിച്ചുപുറത്തിട്ട്, സ്വന്തം വണ്ടി കുത്തിത്തിരുകുന്ന വിരുതന്മാരുമുണ്ട്. ഒന്നു പുറത്തിറങ്ങിയാല്‍ ജീവന് പോയാലും വേണ്ടില്ല, കൈകാലൊടിഞ്ഞു അറ്‍ദ്ധപ്റാണനായിത്തീരരുതേ എന്നേ ആശിക്കാനാകൂ. ഓടിക്കുമ്പോള്‍ "വണ്ടീ, വണ്ടീ നിന്നെപ്പോലെ വയറിലെനിക്കും തീയാണ്..... "
നൂറിണ്റ്റെ നിറവില്‍
നൂറിണ്റ്റെ നിറവില്‍ ലാംബര്‍ട്ട് മസ്കരിനാസ്. അരനൂറ്റാണ്ടിലേറെക്കാലം ഗോവയുടെ വളര്‍ച്ചയെയും തളര്‍ച്ചയെയും ഒരുപോലെ വിശകലനംചെയ്ത് പൊതുജനമന:സാക്ഷിയെ തൊട്ടുണറ്ത്തിയ പത്റപ്രവറ്‍ത്തകന്‍, സ്വാതന്ത്ര്യപോരാളി, എഴുത്തുകാരന്, ചിന്തകന്‍.
കഴിഞ്ഞ സെപ്റ്റംബറ്‍മാസത്തില്‍ (൨൦൧൪) ശതാഭിഷിക്തനായ ശ്രീ മസ്കരിനാസ് എനിക്കു പ്രിയങ്കരനാകുന്നത് ൧൯൭൩-ല്‍ ഞാന്‍ അദ്ദേഹത്തിണ്റ്റെ 'നൊന്തുകിടക്കുന്നു എണ്റ്റെ നാട്' ( Sorrowing Lies My Land) എന്ന നോവല്‍ വായിക്കുന്നതോടെയാണ്. ഞാന്‍ ഗോവയില്‍ ജോലികിട്ടി താമസം തുടങ്ങിയ കാലം. പണികഴിഞ്ഞാല്, ആദിവാസിപോലൊരു സെണ്റ്റ്റല്‍ ലൈബ്ററിയും അമാവാസിപോലൊരു കേരളസമാജംവായനശാലയുമല്ലാതെ ഞങ്ങള്‍ക്കന്ന് പുസ്തകം വായിക്കാന്‍ മറ്റൊരിടമില്ല പണജിയില്‍. തിരക്കൊഴിഞ്ഞ വൈകുന്നേരങ്ങളില്‍ പഴകിയ കുറെ പത്രം വായിക്കാനോ ഏതെങ്കിലും മാസിക മറിച്ചുനോക്കാനോ ഒരു വാരിക കാണാനോ അവിടെയെത്തുക പതിവായി. ഒരു ദിവസം പഴയ പുസ്തകങ്ങള്‍ ആദായവില്‍പനയ്ക്കു വച്ചിരിക്കുന്നതുകണ്ട് കയറിച്ചെന്നതാണ് അന്നത്തെ ടൂറിസ്റ്റ് ഹോസ്റ്റലില്‍ (ഇന്നത്തെ 'Panaji Residency'). അതില്‍ നിന്നു കിട്ടിയതാണ് ലാംബര്‍ട്ടിണ്റ്റെ നോവലും, പിന്നൊരു കൊങ്കണി-സ്വാധ്യായപുസ്തകവും ('കൊങ്കണിചോ ഗുരുപുസ്തക്'). രണ്ടും കളഞ്ഞുപോയി. പക്ഷെ ഓര്‍മകള്‍ ബാക്കി. അന്ന് ശ്രീ മസ്കരിനാസ്സിണ്റ്റെ വീട്ടുവളപ്പിനെ തൊട്ടായിരുന്നു എണ്റ്റെ താമസസ്ഥലവും. പെട്ടെന്നൊരുനാള്‍ അദ്ദേഹത്തെ ചെന്നു കണ്ടു വീട്ടില്‍. യാതൊരു മുന്‍പരിചയവുമില്ലാതിരുന്നിട്ടും അദ്ദേഹമെന്നെ സ്വീകരിച്ചിരുത്തി. നോവലില്‍ തുടങ്ങി നാനാകാര്യങ്ങള്‍ സംസാരിച്ചിരുന്നു. കേരളത്തെപ്പറ്റിയും മലയാളസാഹിത്യത്തെപ്പറ്റിയും കേരളീയരുടെ ശക്തിദൌര്‍ബല്യങ്ങളെപ്പറ്റിയുമെല്ലാം നല്ല അവഗാഹമായിരുന്നു അദ്ദേഹത്തിന്. ഗോവയെയും ഗോവക്കാരെയും വെറുതെ വിട്ടില്ല അദ്ദേഹം. മലയാളികളെപ്പോലെതന്നെ നാട്ടിനുപുറത്തേ അവര്‍ നന്നായിട്ടുള്ളൂ; ഗോവയ്ക്കു പുറത്തേ അവറ് വലുതായിട്ടുമുള്ളൂ. 'താനടക്കം' എന്നൊരു സ്വഗതവും കൂടെയൊരു കള്ളച്ചിരിയും. അക്കാലം അദ്ദേഹം 'ഗോവ ടുഡേ' എന്ന ഇംഗ്ളീഷ്-മാസികയുടെ എഡിറ്ററായിരുന്നു. ഞാനൊരു പയ്യന്. എഡിറ്ററെ നേരില്‍കണ്ടതും മനംനിറച്ചു സംസാരിച്ചതും ധൈര്യമാക്കി, ഞാനെണ്റ്റെ ആദ്യത്തെ ഇംഗ്ളീഷ്കവിത മാസികയ്ക്കയച്ചു. അതദ്ദേഹം പ്രസിദ്ധപ്പെടുത്തി. പിന്നെ ഏതാനും കവിതകള്‍കൂടി ഗോവ ടുഡേ-യില്‍ വന്നു. ജോലിയില്‍ വന്ന സ്ഥലം മാറ്റങ്ങള്‍ക്കുശേഷം പിന്നെ ഞാന്‍ ഗോവയിലേക്കുതന്നെ തിരിച്ചെത്തുമ്പോഴേക്കും സ്വയം സ്ഥാപിച്ചു പടുത്തുയറ്ത്തിയ 'ഗോവ ടുഡേ' അദ്ദേഹം വിട്ടൊഴിഞ്ഞിരുന്നു. എങ്കിലും ഒരുമാതിരി മിക്ക ദിവസങ്ങളിലും ഞാന്‍ എണ്റ്റെ പണിസ്ഥലംവിട്ടു പുറത്തിറങ്ങുമ്പോള്‍, ഡോണപൌള ബസ്-സ്റ്റോപ്പില്‍ കാറുംകൊണ്ടു ഭാര്യയെ കാത്തുനില്ക്കുന്ന ലാംബര്‍ട്ട് മസ്കരിനാസ്സിനെ കണ്ടുമുട്ടുമായിരുന്നു. പത്തുവര്‍ഷം മുന്‍പുവരെ, ഞാന്‍ ജോലിയില്‍നിന്നു വിരമിക്കുന്നതുവരെ, ഇടയ്ക്കെങ്കിലും തമ്മില്‍ക്കണുമ്പോള്‍ കൈകാണിക്കാതിരുന്നിട്ടില്ല അദ്ദേഹം. അന്നദ്ദേഹത്തിനു വയസ്സു തൊണ്ണൂറ്! ൧൯൧൪-ല്‍, ഗോവാതീരത്തെ 'കോള്‍വ'യിലായിരുന്നു അദ്ദേഹത്തിണ്റ്റെ ജനനം. പോറ്‍ച്ചുഗീസുകാരുടെ ഭരണത്തിന് കീഴില്‍, തികച്ചും സാമ്പ്രദായികമായ ജീവിതരീതിയും വിദ്യാഭ്യാസവുമായിരുന്നു കൊച്ചു ലാംബര്‍ട്ടിണ്റ്റേത്. ഉപരിപഠനാര്‍ഥം (അന്നത്തെ) ഇന്‍ഡ്യയിലെ പൂനയിലേക്കും ബോംബെയിലേക്കും മാറിയതാണ് അദ്ദേഹത്തിണ്റ്റെ ചിന്തകളെയും വ്യക്തിത്വത്തെയും മാറ്റിമറിച്ചത്. പത്രപ്രവര്‍ത്തകനായി ബോംബെയില്‍ തൊഴിലാരംഭിച്ച അദ്ദേഹം സ്വകാര്യമായി ഗോവവിമോചനത്തിനായി പോരാടുകയായിരുന്നു. ൧൯൪൮-ലെ ഒരു ഗോവസന്ദര്‍ശനത്തെത്തുടര്‍ന്ന് അദ്ദേഹം അറസ്റ്റിലായി. ജാമ്യക്കാലത്ത് ഒളിവില്‍പോയ ലാംബര്‍ട്ട്, പിന്നെ ഗോവ സ്വതന്ത്രമായതിനുശേഷമേ (൧൯൬൨) സ്വന്തം മണ്ണില്‍ കാലുകുത്തിയുള്ളൂൂ. ഗോവവിമോചനംകാത്ത് വിവാഹംവരെ നീട്ടിവച്ച അദ്ദേഹം, വിമോചനത്തിണ്റ്റെ പത്താം നാളിലാണ് കല്യാണം കഴിക്കുന്നത്; പിറ്റേന്നു ഭാര്യാസമേതം ഗോവയിലേക്കു തിരിച്ച അദ്ദേഹത്തിന് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല ആ കറുത്തകാലങ്ങളെ. സ്വതന്ത്രഗോവയിലെ ആദ്യത്തെ ഇംഗ്ളീഷ്-ദിനപ്പത്രത്തിണ്റ്റെ പത്രാധിപരായി (൧൯൬൩) ജോലി ആരംഭിച്ചെങ്കിലും, ൧൯൬൬-ല്‍ സ്വന്തം നിലയില്‍ 'ഗോവ ടുഡേ' എന്ന ഇംഗ്ളീഷ്-മാസികയ്ക്കു തുടക്കമിട്ടു. രാഷ്ട്രീയത്തിനും മതത്തിനും വ്യവസ്ഥാപിതസങ്കല്‍പങ്ങള്‍ക്കും വ്യവസായതാല്‍പര്യങ്ങള്‍ക്കുമതീതനായി ൧൮൮൫ വരെ അതദ്ദേഹം സ്തുത്യര്‍ഹമായി കൊണ്ടുനടന്നു. അടുത്ത തലമുറയ്ക്ക് ലാംബറ്‍ട്ട് കൈമാറിയത് ആ കെടാവിളക്കായിരുന്നു. ഗോവയുടെ പ്രതീകങ്ങളായ സൌമ്യത, ശാന്തത, ശുദ്ധത, സൌമനസ്യം, സംഗീതം, സഹവര്‍ത്തിത്വം - ഇവയെല്ലാം ഒത്തിണങ്ങി ലാംബറ്‍ട്ട് മസ്കരിനാസ് എന്ന ഒറ്റ മനുഷ്യനില്‍. വെറുതെയല്ല ഗോവ സര്‍ക്കാര്‍ അദ്ദേഹത്തെ കഴിഞ്ഞവര്‍ഷാവസാനം തണ്റ്റെ നൂറാം പിറന്നാളില്‍, സംസ്ഥാനത്തിണ്റ്റെ അത്യുന്നതബഹുമതിയായ 'ഗോമന്ത് വിഭൂഷണ്‍' നല്കി ആദരിച്ചത്. വെറുതയല്ല ഭാരതസര്‍ക്കാര്‍ അദ്ദേഹത്തെ 'പദ്മശ്രീ'-യും നല്കി പുനരാദരിച്ചത്.
Subscribe to:
Posts (Atom)
മൗനവ്രതം
മൗനവ്രതം (നാരായണസ്വാമി) പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...
-
എനിക്കു മനസ്സിലാകാത്ത ഒരുപാടു കാര്യങ്ങളുണ്ട് ലോകത്ത്. അതിലൊന്നാണ് വർണം , നിറം , കളർ എന്നെല്ലാം നമ്മൾ പറഞ്ഞുകൂട്ടുന്ന തൊലിപ്പുറസംഗതി. ...
-
അന്നെനിക്കു പതിനേഴോ പതിനെട്ടോ പ്രായം. മഹാരാജാസ് കോളേജിൽ മലയാളം ഐച്ഛികം ക്ളാസ്സ്. ഗുപ്തൻനായർസാർ ക്ളാസ്സു കത്തിച്ചുകയറുന്നു. ...
-
ഭാഷ പരസ്പരം സംവദിക്കാനാണ് ; മനുഷ്യനെ ഒന്നിപ്പിക്കാനാണ്. അല്ലാതെ ഭിന്നിപ്പിക്കാനോ ഛിന്നിപ്പിക്കാനോ അല്ല. നല്ലൊരുകാര്യം നാറ്റിച്ചൊര...