Monday, 26 March 2018

(സവി)ശേഷക്രിയ


വിശക്കുന്നു മരിക്കുന്നു
മരിച്ചോർക്കും വിശക്കുന്നു
വിശപ്പിന്റെ വിശപ്പിനു
മരണമില്ല

മരണത്തെ മതമാക്കി
മലർവാരിപ്പുണർന്നെത്തി
വിശപ്പെന്നെ വിശേഷത്തെ
വിശുദ്ധമാക്കി

എരിതീയിൽ എണ്ണയൂട്ടി
എരിപൊരി വേഗമാക്കി
എടുത്താലുമൊടുങ്ങാത്ത
വിശുദ്ധപാപം

[26 Mar 2018]


Saturday, 24 March 2018

മരുമനം


കാലം തെറ്റി
നാടും തെറ്റി
വളർന്നുപൊങ്ങിയ പടുമുള

തലയും മുലയും
മലയും കലയും
വേറിട്ടറിയാ പൊയ്‌മറ

കറുപ്പു പുതച്ചു
വെളുപ്പാക്കാനും
വെളുപ്പു തേച്ചു
വെറുപ്പിക്കാനും
കാലം തെറ്റിയ
കോലം തെറ്റിയ
നാടേതെറ്റിയ മരുമഴ

(24 March 2018)

Wednesday, 28 February 2018

വിശ്വാസത്തിന്റെ മുന


കൽവിളക്കാരും കഴുകാറില്ല
കഴുകിയാലോ കലക്കവെള്ളം

മെഴുതിരിത്തട്ടു തുടയ്ക്കാറില്ല
തുടച്ചാലോ വെളുത്ത ധൂമം

ധൂപത്തിരിച്ചെപ്പു തൂക്കാറില്ല
തൂത്താലോ നരച്ച ചാരം

ചേരും‌ പടി ചേർത്താൽ ചെമന്ന മണ്ണിൽ
തൂമ്പകുത്താനൊരു സൂചി മാത്രം


[Feb 2018]

ഉയരങ്ങളിൽ ഒടുക്കം


ഒരുനേരം കൊണ്ടല്ല
വാർധക്യമായത്

ഒരുവിരൽകൊണ്ടല്ല
മറുവിരൽ‌ ചൂണ്ടിയത്

മഴയ്ക്കു മറതീർക്കാൻ
മാനത്തെ മേഘം

മനുഷ്യനു മുറയെത്താൻ
മണിമുഴങ്ങും നേരം


[Feb 2018]

നോവും നോമ്പും

നോവുതിന്ന പലരുണ്ട്, പേരുകൾ
പാത്തറിഞ്ഞല്ല നോമ്പിൻകണക്കുകൾ
മുട്ടിനോക്കുന്ന വാതിൽ‌ തുറന്നവ-
രൊത്തുകൂടിപ്പരിചയം കാട്ടുന്നു


[Jan 2018]

Saturday, 24 February 2018

ഒരിടം

ഒറ്റരാത്രിയാൽ പോലും
ഓരിടം ചെമക്കുന്നു
ഓരിയിട്ടാരാധിക്കും
പട്ടികൾ പിണങ്ങുന്നു

ഓടുന്ന വഴിക്കെല്ലാം
ഓക്കാനം മണക്കുന്നു
കാണുന്ന കല്ലിന്മേലെ
കാൽപൊക്കിയൊഴിക്കുന്നു

പഞ്ചാംഗം കുറിക്കുന്ന
കൈകളിൽ കടും‌ചോര
കാട്ടുതീയണയ്ക്കുന്ന
കാവലാൾ കൊടും‌നിദ്ര

ഭൂമിക്കു ഗർഭം താങ്ങാൻ
പട്ടട വിരിക്കുന്നു
പശിക്കു പരാശക്തി
പാദുകം ചുമക്കുന്നു

[Feb 2018]


പെരുവഴിയമ്പലം


ഒറ്റയ്ക്കങ്ങനെ
വിട്ടു പോരുവാൻവേണ്ടി
വന്നതല്ല

ഒറ്റയ്ക്കങ്ങു ഞാൻ
വിട്ടുമാറിയാൽ
വീട്ടിലാരുമില്ല

വീടുപൂട്ടിയാൽ
വീടിനുള്ളിലെ ജീവിതം
മുടങ്ങും

പൂട്ടു പൊട്ടിയാൽ
വീട്ടിനുള്ളിലെ ജീവിതം
ഒടുങ്ങും

കൂടുകൂട്ടിയാൽ
പൂട്ടിടാനൊരു ജീവിതം
കുരുങ്ങും

പൂട്ടിടാത്തൊരു
ജീവിതത്തിന്റെ ഓർമകൾ
തുടങ്ങും


[Feb 2018]

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...