Wednesday, 28 February 2018

വിശ്വാസത്തിന്റെ മുന


കൽവിളക്കാരും കഴുകാറില്ല
കഴുകിയാലോ കലക്കവെള്ളം

മെഴുതിരിത്തട്ടു തുടയ്ക്കാറില്ല
തുടച്ചാലോ വെളുത്ത ധൂമം

ധൂപത്തിരിച്ചെപ്പു തൂക്കാറില്ല
തൂത്താലോ നരച്ച ചാരം

ചേരും‌ പടി ചേർത്താൽ ചെമന്ന മണ്ണിൽ
തൂമ്പകുത്താനൊരു സൂചി മാത്രം


[Feb 2018]

ഉയരങ്ങളിൽ ഒടുക്കം


ഒരുനേരം കൊണ്ടല്ല
വാർധക്യമായത്

ഒരുവിരൽകൊണ്ടല്ല
മറുവിരൽ‌ ചൂണ്ടിയത്

മഴയ്ക്കു മറതീർക്കാൻ
മാനത്തെ മേഘം

മനുഷ്യനു മുറയെത്താൻ
മണിമുഴങ്ങും നേരം


[Feb 2018]

നോവും നോമ്പും

നോവുതിന്ന പലരുണ്ട്, പേരുകൾ
പാത്തറിഞ്ഞല്ല നോമ്പിൻകണക്കുകൾ
മുട്ടിനോക്കുന്ന വാതിൽ‌ തുറന്നവ-
രൊത്തുകൂടിപ്പരിചയം കാട്ടുന്നു


[Jan 2018]

Saturday, 24 February 2018

ഒരിടം

ഒറ്റരാത്രിയാൽ പോലും
ഓരിടം ചെമക്കുന്നു
ഓരിയിട്ടാരാധിക്കും
പട്ടികൾ പിണങ്ങുന്നു

ഓടുന്ന വഴിക്കെല്ലാം
ഓക്കാനം മണക്കുന്നു
കാണുന്ന കല്ലിന്മേലെ
കാൽപൊക്കിയൊഴിക്കുന്നു

പഞ്ചാംഗം കുറിക്കുന്ന
കൈകളിൽ കടും‌ചോര
കാട്ടുതീയണയ്ക്കുന്ന
കാവലാൾ കൊടും‌നിദ്ര

ഭൂമിക്കു ഗർഭം താങ്ങാൻ
പട്ടട വിരിക്കുന്നു
പശിക്കു പരാശക്തി
പാദുകം ചുമക്കുന്നു

[Feb 2018]


പെരുവഴിയമ്പലം


ഒറ്റയ്ക്കങ്ങനെ
വിട്ടു പോരുവാൻവേണ്ടി
വന്നതല്ല

ഒറ്റയ്ക്കങ്ങു ഞാൻ
വിട്ടുമാറിയാൽ
വീട്ടിലാരുമില്ല

വീടുപൂട്ടിയാൽ
വീടിനുള്ളിലെ ജീവിതം
മുടങ്ങും

പൂട്ടു പൊട്ടിയാൽ
വീട്ടിനുള്ളിലെ ജീവിതം
ഒടുങ്ങും

കൂടുകൂട്ടിയാൽ
പൂട്ടിടാനൊരു ജീവിതം
കുരുങ്ങും

പൂട്ടിടാത്തൊരു
ജീവിതത്തിന്റെ ഓർമകൾ
തുടങ്ങും


[Feb 2018]

Sunday, 18 February 2018

പദ്യനാരായണം

[കള്ളക്കർക്കടകത്തിലെ രാമായണം കഴിഞ്ഞു; ഇനിയിത്തിരി നാരായണമാകട്ടെ, പഴയമട്ടിൽ പദ്യമായിത്തന്നെ.... പറയാൻ പൂർവസൂരികൾ പലപേരുണ്ട്; പ്രകൃതത്തിൽ  പേരെല്ലാം പരനാമങ്ങൾ.... പരാമർശം പൂർണമല്ലെന്നുമറിയാം.....]

വാക്കുകളെല്ലാം വെറും വാക്കുകളല്ലെന്നാലും
വഴിയേ പിറക്കുന്ന വാക്കുകൾ പോരെന്നാലും
വാരിധി തന്നിൽ തിരമാലകളെന്നപോലെ
വാഴുന്നോർ മെനഞ്ഞിട്ട മലയാളം മലപോലെ.

എങ്കിലോ തുഞ്ചൻപടുത്താമലത്തുഞ്ചത്തെന്നും
മന്ദമാരുതൻ മീട്ടി മാനുഷമഹാവാദ്യം.
ഓലക്കീർ മഹാഭാഷ്യം ഭാഷയ്ക്കു പരം നിത്യം,
പാരായണത്തിൻ പരകോടിയിലെന്നും സത്യം.

നാരായം നയിക്കുന്ന വാക്കുകൾ, വഴക്കങ്ങൾ,
നാരായണമെന്നേ ചൊല്ലുവേൻ കാലേ കാലേ.
നാരായത്തുമ്പിൻമൂർച്ച കൊണ്ടറിഞ്ഞവർക്കെല്ലാം
നാവിന്റെ വിലാസങ്ങൾ കൗതുകം പിന്നെപ്പിന്നെ.

കർക്കടംകഴിഞ്ഞാലും കൈരളീവിശേഷങ്ങൾ
രാമായണമെന്ന മട്ടിലോ ചൊല്ലീടേണ്ടൂ.
നാട്ടിലെ വിശേഷങ്ങൾ കാടടച്ചാരോപിപ്പോർ
ഏട്ടിലെപ്പശുക്കൾപോൽ കടലാസ്സുപുലികൾ‌താൻ.

 കുഞ്ചന്റെ കുറുമ്പുകൾ സഞ്ജയൻ കൊരുത്തപ്പോൾ
കുഞ്ഞിരാമൻമാർ കൂട്ടിൽകിടന്നൊന്നുറഞ്ഞാടി.
പരമേശൻ, നാരായണൻ, കൂട്ടായിക്കുമാരനും
കാവ്യദേവതയെക്കാത്തു കരുത്തുറ്റ കവിത്രയം.

പുഴകൾ കൂലംകുത്തിപ്പാഞ്ഞെത്തി പലവട്ടം,
പൂന്തെന്നലോ നാദബ്രഹ്മമായ്  ചിലവട്ടം,
കൊഞ്ചുന്ന മിഴാവിലു,മഞ്ചുന്ന കടുന്തുടി-
ക്കൊട്ടിലു,മിരമ്പുന്ന പഞ്ചവാദ്യത്തിലുമെല്ലാം.

സാനുക്കൾ കുതിച്ചേറി സുൽത്താന്റെ പടയോട്ടങ്ങൾ;
ഓടകൾ നികത്തിപ്പൊൻ വിളയിച്ചു ദേവാത്മാക്കൾ.
വാസുദേവനോ‌ പരാശക്തിയെന്നൊരു കാലം;
മുക്തിക്കോ മുകുന്ദൻ‌തൻ ഗോമണി മുഴക്കങ്ങൾ.

പരദേശത്തെപ്പുണർന്നായിരം പൂമൊട്ടുകൾ,
വിജയം കുറിച്ചിട്ട മന്ത്രങ്ങൾ, മഹാരഥർ.
കൂട്ടുനിൽക്കുവാൻ വിദ്വൽസംഘങ്ങൾ, സമരങ്ങൾ;
മാറ്റുകൂട്ടുവാൻ പെരും പേരുകൾ, പൊന്നാടകൾ.

ബാലകൃഷ്ണനായ് രാമകൃഷ്ണനായ് വിരിഞ്ഞെന്നും
രാധാകൃഷ്ണനും പിന്നെ,യാനന്ദപത്മങ്ങളും.
സേതുക്കൾ പണിഞ്ഞെത്തി സക്രിയർ, കുഞ്ഞൻമാരും;
സർവവും പൊളിച്ചോടി തിരുവില്ലൻ നാരായണൻ!

 കാക്കപ്പൊൻ‌കറുപ്പുള്ള കണ്ണടവച്ചോരെല്ലാം
അഴികൾകെട്ടി ഗുപ്തശ്ലീലാശ്ലീലവിചിന്തനാൽ.
മുണ്ടകൻ വിതച്ചിട്ട  സാഹിതീസമന്മാരോ
ലീലാതിലകംതൊട്ടു സൗന്ദര്യവിഭാവനാൽ.

 മാധവി, മനോഹരി, സൗന്ദര്യസന്ദായിനി
ഇരുളിൻ വെളിച്ചത്തിൽ യുഗസംഗമത്തെക്കാട്ടി.
ചന്ദ്രിക വിരിയിച്ച രാവുകൾ വകഞ്ഞാടി
മാനസപുത്രിക്കൊപ്പം രാജയക്ഷിമാരെല്ലാം.

 ജീവന്റെ തുടിപ്പുറ്റ  ധർമത്തിൻ‌ പുരാണങ്ങൾ
കോടാനുകോടി തിക്താനുഭവപുസ്തകങ്ങൾ;
ലോകമേ തറവാടെന്നാശിച്ചു,മാരാധിച്ചും
ലോകൈകവിജ്ഞാനത്തിൻ ഭാസുരഭണ്ഡാരങ്ങൾ.

 പറഞ്ഞീലല്ലോ പൂർവസൂരികൾ പലപേരും;
പേരെല്ലാം പ്രകൃതത്തിൽ പരനാമങ്ങൾ മാത്രം.
പൂർണമല്ലെന്നാലും, പൂർണതയടഞ്ഞോർക്ക്
പേരിന്റെ പരാമർശം പേർത്തുമെന്തിനോ നല്ലൂ?


 സ്ഥലകാലമനുകൂലം മർമങ്ങളറിഞ്ഞോർക്ക്;
രാപകലില്ലെന്നായി നവജാതസുമങ്ങൾക്ക്.
നാടകാന്ത്യത്തിൽ കുഴഞ്ഞാടിപ്പൊൻമണൽത്തട്ടിൽ
കൂപ്പുകുത്തിയോർക്കെല്ലാമാതിഥ്യമവർ നൽകി.

 തീക്കുനിയൊരുക്കിയ കാലഭാവങ്ങൾ ചുട്ടു-
കരിച്ചു പുഴയോരത്തെ ചുള്ളിക്കാടുകൾ മൊത്തം
തീപ്പൊരി ചിന്തും മുദ്രാവാക്യങ്ങ,ളവയ്ക്കൊപ്പം
തീയാളിപ്പടർത്തുവാൻ സൗഹൃദക്കൂട്ടായ്മയും.

 വീട്ടുപേരില്ലെങ്കിൽപിന്നെ നാട്ടുപേർ വാലിൽകെട്ടി-
ക്കണക്കുകുറിക്കുന്ന കാഥികർ, കവിവര്യർ;
പേരിനായ്, പണത്തിനായ്, പിണത്തെപ്പരവേശ-
പ്പൂമണം പുതപ്പിച്ചും സാഹിതീവ്യവസായികൾ.

 ഇഷ്ടജനപ്രീത്യാ ശിഷ്ടമാം ജനങ്ങളെ
കഷ്ണിച്ചുകഷണിക്കും കാര്യമേ മഹാപാപം.
വ്യാജമാണെന്നാകിലുമാമട്ടുകാട്ടീടാതെ
സവ്യസാചിയെന്നോരോ ഭാവങ്ങൾ മഹാകഷ്ടം.

 ജ്ഞാതമാ,യജ്ഞാതമാ,യായിരം വിദൂഷകർ,
ആയിരം ചിന്താക്രാന്തവൈചിത്ര്യവിശേഷങ്ങൾ.
ദു:ഖബന്ധങ്ങൾ തീർത്ത മോഹഭംഗങ്ങൾ കലാ-
രൂപത്തിൽ പലപ്പോഴും വൃത്തഭംഗമായ്ത്തീരും.

 ഓരടിവയ്ക്കും, പിന്നെ ഓരിയിട്ടാക്രാന്തിച്ചു
നൂറടിപ്പൊക്കത്തിൽപ്പോയാമട്ടിൽ താഴേക്കെത്തും.
കല്ലിലും മരത്തിലും കൊത്തിവച്ചാരാധിച്ച
സാഹിതീപ്രതിഭകൾ വീണടിഞ്ഞീടും ചുറ്റും.

 മർത്യധർമമോ പുത്രധർമമായ്  തലവെട്ടി;
മിത്രധർമമോ  സ്വാർഥധർമമായങ്കം വെട്ടി.
പത്രധർമമേ പൗരധർമമാം, മറിച്ചെന്നാൽ
ധർമമായ്ക്കിട്ടും ധർമദാരങ്ങൾ സമമല്ലോ.

 മാതൃഭൂമിയെ മനോരമ്യമായ് കാത്തീടേണ്ടും
ആത്മാഭിമാനത്തേക്കാൾ യുഗദൗത്യമെന്തൊന്നുള്ളൂ?
മാധ്യമവിചാരങ്ങൾ, വീക്ഷണവിന്യാസങ്ങൾ
ജനസഞ്ചയത്തിന്റെ നൻമയ്ക്കേ ചിതമാകൂ.

 തൻവഴി മറഞ്ഞാലും തായ്‌വഴി മറക്കാതെ
മാറുന്ന വഴിക്കൊപ്പം മാറുന്നോൻ മേലേക്കെത്തും.
ഇഷ്ടമാംജനപ്രീതി, തുഷ്ടമാംജനപ്രാപ്തി,
മർത്യനു മറ്റെന്തുള്ളൂ  മാനസതൃപ്തിക്കെന്നും.

 സച്ചിദാനന്ദസ്വരൂപങ്ങളോടൊത്തെന്നെന്നും
സത്യനാദത്തിൻ തിരത്തള്ളലും തിമിർക്കട്ടെ,
നാട്ടിൽ വാഴുന്നോർ നമ്മൾ, നാടുവാഴുന്നു സ്വയം;
സ്വാതന്ത്ര്യ ചിന്താഹ്ളാദം നാടടച്ചാറാടട്ടെ.

 ശ്രീചക്രവിരാജിതം ഭാഷയെക്കുമാരിമാർ
കാത്തിടട്ടേയെന്നും, ഗോകർണേശ്വരൻമാരും!
നരനാരായണൻമാരെ നൽ‌വഴി നയിക്കുന്ന
നാരായനരൻമാർക്കുമെന്നുമേ ശുഭം സ്വസ്തി!

Saturday, 6 January 2018

കച്ചവടക്കണ്ണുകൾ


ഏഴാംക്ലാസ്സിൽ പഠിക്കുമ്പോഴാണെന്നു തോന്നുന്നു, ഒരു അധ്യാപകൻ പറയുമായിരുന്നു, 'കച്ചവടം കപടം' . എന്നിട്ട് അന്നത്തെ ഒരു തമിഴ്-പാട്ടും പാടും: ' വാഴ്‌കൈ എൻപതു വ്യാപാരം' . അതുകഴിഞ്ഞാണു ഗണിതം: 'അതിനാൽ, ജീവിതം = കപടം' .

അന്നത്തെ കണക്കുകളിൽ, 'പത്തുശതമാനം ലാഭം കണക്കാക്കി വിൽക്കേണ്ട വില നിശ്ചയിക്കുക' എന്നൊക്കെ കാണാം. പത്തുശതമാനം ലാഭമാണ് ഏറ്റവും നല്ല കച്ചവടത്തിന്റെ ലക്ഷണം. എം.ആർ.പി.-യോ ബ്ലേഡോ ഒന്നുമില്ലാത്ത കാലം.

ഇന്ന് എം.ആർ.പി. (Maximum Retail Price)-യെത്തന്നെ 'Minimum Retail Price' എന്നാക്കിയിരിക്കുന്ന കാലം. സർക്കാരോ, 'ഉണരൂ ഉപഭോക്താവേ ഉണരൂ' എന്നും പറഞ്ഞു കയ്യുംകഴുകി, പണ്ടു നമ്പൂരാർ കെട്ടി കൈകഴുകുംപോലെ. ഇനി നിങ്ങൾ വിലപേശി വിലപേശി വിലകെട്ടോളൂ!

കാണപ്പെടുന്നതല്ല കച്ചവടം. വെറുതെയല്ല, പുഷ്‌കിൻ പറഞ്ഞത്: 'Behind every fortune, there must be a crime' എന്ന് . ഒരുതരത്തിൽ, ' ഹിരൺമയേന പാത്രേണ സത്യസ്യാപി ഹിതം മുഖം' തന്നെ.

കേക്കണോ? ഗുജറാത്തിലാണ്. എണ്ണപ്പെട്ട കയറ്റുമതിക്കമ്പനിയാണ്. കോടീശ്വരന്മാർ. അവരുടെ ഓഫീസ്-നിലത്ത് വെറും വെള്ളപ്പരവതാനി! അകത്തുകേറാൻ ചെരിപ്പഴിച്ചുവയ്ക്കണം. ഷൂസാണെങ്കിൽ നിന്നുകൊണ്ടുതന്നെ ഊരാനും തിരിച്ചിടാനും ഒരു നീളൻചട്ടുകംപോലൊന്ന് പുറത്തുണ്ടാകും. കൈകൊണ്ടു തൊടരുത്. അത്രയ്ക്കു വിശുദ്ധരാണ്.

കയറ്റുമതി എന്താണെന്നല്ലേ? ഉപ്പ്. ആട്. അറബിനാടുകളിലേയ്ക്കു പോയ്‌വരുമ്പോൾ ഒഴിഞ്ഞ തോണികളിൽ ഇറക്കുമതിയാകട്ടെ, ആക്രി - തകരപ്പാട്ടകൾ, ലോഹത്തുണ്ടുകൾ, പഴയ ടയറുകൾ. 


കോടീശ്വരക്കമ്പനി!

അതിനിടയിലാണ് തോണികളിൽനിന്ന് കുറെയേറെ ആയുധങ്ങൾ പിടിച്ചെടുത്തതും, കമ്പനിയുടെ ഒരു മുതിർന്ന മുതലാളിയെ ആരോ തട്ടിക്കൊണ്ടുപോയതും, രാപ്പാതിരാത്രി എല്ലാം ശുഭമായി കലാശിച്ചതും. കുറച്ചേറെ പണം കൈമാറിയെന്നാണു കഥ.

അപ്പോഴവർക്കു തോന്നി, ഇനി കളം മാറ്റിച്ചവിട്ടാമെന്ന്. വല്ലവന്റെയും ഉപ്പെന്തിന്? കച്ഛ്-പ്രദേശത്തെ ഉപ്പളങ്ങളെല്ലാം വിലയ്ക്കുവാങ്ങി. വിദേശക്കമ്പനിയുമായി ഒത്തുചേർന്ന് ഉപ്പുഫാക്റ്ററിയും തുടങ്ങി. കൂടെ അനുബന്ധ കെമിക്കൽ ഫാക്റ്ററികളും. ചരക്കുനീക്കത്തിനിപ്പോൾ തോണികൾ പോര, കപ്പൽവേണം. എന്തിനു വല്ലവരുടെയും കപ്പൽ? സ്വന്തമായി കുറെയെണ്ണം വാങ്ങി. എന്തിന് കപ്പലുകൾ സർക്കാർതുറമുഖത്തടുപ്പിക്കണം? സ്വന്തം കപ്പലുകൾ സ്വന്തം തുറമുഖത്ത്. സ്വകാര്യതുറമുഖം പണിതു. പണിയുമ്പോൾ തോന്നി, ഈ കണ്ണിൽകണ്ട എൻജിനിയറിങ്ങ്-കമ്പനികൾക്കെല്ലാം എന്തിനു കാശുകൊടുത്തു മുടിയണം? സ്വന്തം വിദഗ്ധരെക്കൂട്ടി ഒരു എൻജിനീയറിംഗ് കമ്പനിതന്നെ തുടങ്ങി. വേറെ ആർക്കെങ്കിലും തുറമുഖം പണിയണമെങ്കിൽ ഇതാ വിലയ്ക്കുവാങ്ങാൻ വിദഗ്ധസേവനവും!

ഇനിയിപ്പോൾ കപ്പലുകൾ പഴകും. അവ പൊളിക്കാൻ ഒരു 'ship-breaking yard' കൂടിയാകട്ടെ. കൂടെ മറ്റുള്ളവരുടെയും കപ്പലുകൾ പൊളിച്ചുവിൽക്കാം. അതുമൊരു വമ്പൻ ബിസിനസ്സാണല്ലോ.

പരസ്യത്തിൽ പറയുംപോലെ, 'സൂ ഛേ? സേവിംഗ്‌സ്!' എല്ലാം ലാഭം.  ഇരുഭാഗം ആദായം!

ആകപ്പാടെ 'പരബ്രഹ്മ'മെന്നു തോന്നുന്നില്ലേ? -- ' ഊർധ്വമൂലമധ:ശാഖം.....'

അതാണു കച്ചവടക്കണ്ണ്. കച്ചവടക്കണ്ണി.

എന്നാലൊരുകാര്യം പറയട്ടെ. പല സർക്കാർ-സ്വകാര്യസ്ഥാപനങ്ങൾക്കും സമുദ്രശാസ്ത്രസേവനം ചെയ്തുകൊടുക്കാൻ ഇടവന്നിട്ടുണ്ട്; അതിൽ ഏറ്റവുമധികം ബഹുമാനവും സന്തോഷവും ലഭിച്ചത് ഇക്കൂട്ടരിൽനിന്നായിരുന്നു. അവർ പണത്തെ സ്നേഹിക്കുന്നു. അതിനുവേണ്ട അറിവിനെ തിരിച്ചറിയുന്നു. അറിവുള്ള വിദഗ്ധരെ ബഹുമാനിക്കുന്നു. കാരണം ഞങ്ങളുടെ അറിവ് അവർക്കു പണമാക്കാനറിയാം.

''കേം, ബരോബർ ഛേ നേ?'' 

എന്താ ശരിയല്ലേ?

[ചിലരും ചിലതും, 2007]

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...