Wednesday, 22 June 2011
പാതിരാസൂര്യന്‍ ചിരിച്ചുകാട്ടിയപ്പോള്‍
ആയിരത്തിത്തൊള്ളായിരത്തി എണ്‍പതിലാണ് എണ്റ്റെ ആദ്യത്തെ വിദേശയാത്ര. ഗ്രീസിലെ ആതന്‍സ്, ഡെന്മാര്ക്കിലെ കോപ്പന്‍ഹാഗന്‍, നോര്‍വേയിലെ ഓസ്ളോവഴി ട്രോണ്‍ഡ്ഹൈം എന്ന നോര്‍വീജിയന്‍ നഗരത്തിലേക്ക്. ആദ്യപാദത്തില്‍ ഗ്രീസില്‍ ഒരു രാത്രി താമസം. അതികഠിനമായ ശൈത്യം. എന്നും എണ്റ്റെ ഏറ്റവും വലിയ തലവേദന വെള്ളമില്ലാത്ത യൂറോപ്യന്‍ കക്കൂസുകള്‍. രാത്രിമുഴുവന്‍ യാത്രചെയ്ത് ഗ്രീസിലെ ആതന്‍സ്വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ നിരനിരയായി വൃത്തിയുള്ള കക്കൂസുകള്‍. എന്നാലോ വെള്ളത്തിനുപകരം കടലാസ് ചുരുളുകള്‍. അതുമല്ല, ഒരു കതകിനും മേലുമില്ല കീഴുമില്ല. ശരിക്കും അവയെയാണ് 'മറപ്പുര' എന്നു പറയേണ്ടത്, നമ്മുടെ കക്കൂസുകളെയല്ല. ടാക്സിക്കാരനോട് ഭാഷയില്ലാതെ വര്‍ത്തമാനംപറഞ്ഞ് ഒരുവിധം ഹോട്ടലിലെത്തി. രാവവസാനിച്ചിട്ടില്ലാത്തതിനാല്‍ ഒന്നുറങ്ങാനുംപറ്റി. ഉണരുമ്പോള്‍ മണി പത്ത്. എന്നിട്ടും സൂര്യനുദിച്ചിട്ടില്ല. പ്രാതല്‍സമയം തീര്‍ന്നെന്നു ഹോട്ടലുകാര്‍. എന്നിട്ടും എന്തോ തിന്നാന്‍തന്നു. പേരുകേട്ട യവനസംസ്കാരത്തിണ്റ്റെ പ്രതീകമായ 'അക്രോപൊളിസ്' എന്ന പുരാവശിഷ്ടസമുച്ചയം നടന്നുചെല്ലാനുള്ള ദൂരത്തെന്നറിഞ്ഞു. ചെല്ലുമ്പോഴറിയുന്നു അകത്തുകടക്കണമെങ്കില്‍ കാശുകൊടുക്കണമെന്ന്. അന്നൊക്കെ ഇന്ത്യാമഹാരാജ്യത്ത് വിദേശപ്പണം അറുകഷ്ടിയാണ്. ഞങ്ങള്‍ സര്‍ക്കാര്‍ഉദ്യോഗസ്ഥര്‍ക്കോ വിദേശയാത്രയ്ക്കിടയിലെ വട്ടച്ചെലവിന് എണ്ണിച്ചുട്ടപ്പംപോലെ അഞ്ചോപത്തോ ഡോളറേ കയ്യില്‍തരൂ ഭാരതീയ റിസര്‍വ് ബാങ്ക്. പിശുക്ക് പിറകില്‍നിന്നു പിറുപിറുത്തെങ്കിലും, അതില്‍ കുറെ വാരിക്കൊടുത്ത് അകത്തുകയറി. കുറ്റബോധം കാലപുരുഷണ്റ്റെ കാലടിയിലമര്‍ന്നു. കാലചക്രം പിറകോട്ടെടുത്തപോലെ അതൊരനുഭവമായിരുന്നു. വമ്പിച്ച വിനോദയാത്രാകേന്ദ്രമായതിനാല്‍ വഴിവക്കത്തെല്ലാം വാണിഭക്കാരുണ്ട്. ബുദ്ധിയുടെ പ്രതീകമായ മൂങ്ങയും ഉര്‍വരതയുടെ ബിംബങ്ങളും എവിടെയും. തീപ്പിടിച്ച വില. പലതുംനോക്കി ഒന്നുംവാങ്ങാതെ നടന്ന എന്നോട് ഒരു കടയിലെ വൃദ്ധ എവിടെനിന്നെന്നാരാഞ്ഞു. ആല്‍ഫ-ബീറ്റ-ഗാമ-ഡെല്‍റ്റ ചികഞ്ഞെടുക്കാന്‍ ഞങ്ങള്‍ ഇരുവരും പണിപ്പെട്ടു. അവര്‍ എന്നോട് എണ്റ്റെ കയ്യിലെ ഇന്ത്യന്‍നാണയങ്ങള്‍ കയ്യിലെടുത്തു കാണിച്ചുകൊടുക്കാന്‍പറഞ്ഞു. അതിലെ ഏറ്റവും ചെറിയത് അവര്‍ തെരഞ്ഞെടുത്തു. അതൊരു അഞ്ചുപൈസാനാണയമായിരുന്നു. അതിനുപകരമായി അവര്‍ എനിക്കൊരു പേപ്പര്‍ ഹോള്‍ഡര്‍ തന്നു. കൈപ്പത്തിവലിപ്പത്തില്‍ ലോഹത്തില്‍വാര്‍ത്ത ഒരു പുരാവസ്തുരൂപം! ഞാന്‍ യേശുദാസിണ്റ്റെ പാട്ട് മനസ്സില്‍ പാടി, "യവനസുന്ദരീ, സ്വീകരിക്കുകീ പവിഴമല്ലികപ്പൂവുകള്‍"...... ഇന്നും ആ സ്മരണിക എണ്റ്റെ കയ്യിലുണ്ട്. ഗ്രീസ് വിട്ട് വടക്കോട്ടുനീങ്ങുന്തോറും തണുപ്പുംകൂടി. കോപ്പന്‍ഹാഗന്‍ വിമാനത്താവളത്തിണ്റ്റെ ചില്ലുജാലകങ്ങളില്‍ പറ്റിപ്പിടിച്ചിരുന്ന മഞ്ഞുപരലുകളായിരുന്നു എണ്റ്റെ പിന്നത്തെ ആറുമാസത്തെ ഹിമവാസത്തിണ്റ്റെ ആദ്യപാഠം. അതുവരെ ചിത്രങ്ങളില്‍മാത്രം കണ്ടുമറന്ന വിചിത്രരൂപങ്ങള്‍. പിറ്റേന്ന് അവസാനത്തെ വിമാനമിറങ്ങി, നോര്‍വീജിയന്‍വഴികാട്ടിയോടൊപ്പം വണ്ടിയിലേക്കു നടക്കുമ്പോള്‍ മഞ്ഞുപാളികളില്‍ കാല് വഴുതി. ഒന്നാന്തരമൊരു വീഴ്ച്ച. ആദ്യത്തെ നോര്‍വീജിയന്‍പാഠം. ഭാരതത്തിണ്റ്റെ ബാറ്റ-ഷൂവിന് സ്കാണ്റ്റിനേവിയന്‍ ഹൈമവതഭൂവില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നറിഞ്ഞു. ബോംബേയില്‍നിന്നുമേടിച്ച രോമക്കുപ്പായം കഷ്ടിച്ചു പിടിച്ചുനിന്നു. കണ്ണിനാകമാനം ഒരു മങ്ങല്‍. തലക്കാകെ ഒരു പെരുപ്പം. മൂക്കിണ്റ്ററ്റം മരവിക്കുന്നു. വായില്‍നിന്നു പുക ആവിവണ്ടിയെപ്പോലെ. പിടഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ പെട്ടിയുടെ പിടിയുംപൊട്ടി. അതുംതാങ്ങി തത്തിത്തത്തിനടക്കുമ്പോള്‍ എണ്റ്റെ ആദ്യത്തെ പ്രതികരണം ഈസ്ഥലത്തേക്കുവരേണ്ടിയിരുന്നില്ല എന്നായിരുന്നു. അങ്ങനെയങ്ങു തിരിച്ചുപോകാനും വയ്യല്ലോ. രാത്രിയെന്നോ പകലെന്നോ തിരിച്ചറിയാന്‍വയ്യാത്ത ധ്രുവശൈത്യം. ഉരുക്കുചങ്ങലപൊതിഞ്ഞ ചക്രങ്ങള്‍ മഞ്ഞണിഞ്ഞ റോഡില്‍ ഉരഞ്ഞുനീങ്ങി. കാറിണ്റ്റെ അകത്തെ ഇളംചൂടില്‍ കുപ്പായപ്പുറത്തെ മഞ്ഞെല്ലാം ഉരുകിയൊലിച്ചു. വഴികാട്ടിയായിവന്ന ഹാന്‍സ് എന്ന നോര്‍വീജിയന്‍ശാസ്ത്രജ്ഞന്‍ വാതോരാതെ വര്‍ത്തമാനം തന്നെ. വിറച്ചുവിറച്ച് വിക്കിവിക്കിയുള്ള എണ്റ്റെ മറുപടി അദ്ദേഹത്തിണ്റ്റെ ഇംഗ്ളീഷുമായി നല്ല ചേര്‍ച്ചയിലായി. പാതയുടെ വലതുവശംചേര്‍ന്നുള്ള ആ മെല്ലേപ്പോക്കില്‍ മഞ്ഞവെളിച്ചത്തില്‍ കഷ്ടിച്ചു പത്തടി മുന്നില്‍ കാണാം. മഞ്ഞുതരികള്‍ മഴപോലെ പെയ്തിറങ്ങുന്നു. ഹാന്‍സിനാണെങ്കില്‍ അതിസന്തോഷം. ഓരോവളവിലും പാട്ടുംമൂളിക്കൊണ്ടായിരുന്നു വണ്ടിയോട്ടം. അവസാനം താമസസ്ഥലമെത്തി. വണ്ടിയുടെ വിളക്കണഞ്ഞപ്പോള്‍ ചുറ്റുപാടും കറുപ്പും വെളുപ്പുംമാത്രം. പഴയ സത്യജിത്റായ്ചിത്രങ്ങളിലെ ഒരു നിശ്ചലരംഗംപോലെ. ഒച്ചയനക്കമില്ല. വായില്‍നിന്നുപുറത്തുവരുന്ന വാക്കുകള്‍ പകുതിയും ഉറഞ്ഞുപോകുന്നു. എന്നെ സ്വീകരിക്കാനായി, ഒരു എസ്കിമോപോലെ കമ്പിളിയില്‍പൊതിഞ്ഞുവന്ന പഴയ സഹപ്രവര്‍ത്തകനെ തിരിച്ചറിയാന്‍കൂടിയായില്ല ആദ്യം. സമയം സന്ധ്യയാകുന്നേയുണ്ടായിരുന്നൂള്ളൂ. എന്നിട്ടും കട്ടി ഇരുട്ടാണ്. നട്ടുച്ചക്കും അതുതന്നെയായിരിക്കും സ്ഥിതി ശീതകാലത്ത്. ഉച്ചയ്ക്കടുത്ത് സൂര്യനൊന്ന് തലകാണിച്ചുപോകും ഒന്നോ രണ്ടോ മണിക്കൂര്‍. ചൂടുപിടിപ്പിച്ച മുറിയില്‍ കയറിയ ഉടനെ കതകടച്ചു കട്ടിലില്‍ കിടന്നുറങ്ങിയതുമാത്രം ഓര്‍മയുണ്ട്. പിറ്റേന്നെപ്പോഴോ ഉറക്കമുണരുമ്പോള്‍ ചുറ്റുവട്ടം തലേന്നുപോലെ തന്നെ. മ്ളാനം. മൌനം. കതകുതുറന്നപ്പോള്‍ വിശാലമായൊരു തളം. ഇരുന്നു ടീവി കാണാനും ആഹാരംകഴിക്കാനും മേശകസേരകള്‍. ഇരുവശവും ഈരണ്ടു മുറികള്‍. മൂലചേര്‍ന്നൊരു പാചകസംവിധാനം. മറ്റൊരുവശം പുറത്തേക്കുള്ള കതകും ടോയ്ലറ്റും. എതിര്‍വശം കൂരതൊട്ട് തറവരെ നീളുന്ന കൂറ്റന്‍ കണ്ണാടിജനല്‍. അതിനപ്പുറം പച്ചപ്പുല്‍ത്തകിടി. നോര്‍വെ ശാസ്ത്രസാങ്കേതിക സര്‍വകലാശാല ഒരുക്കിത്തന്ന താമസസൌകര്യം ലളിതവും സുന്ദരവും ശുചിത്വവുമുള്ളതായിരുന്നു. പ്രഭാതപരിപാടികള്‍ക്കായി കുളിമുറിയില്‍ കയറി. കക്കൂസില്‍ കടലാസ്സുചുരുള് കണ്‍മിഴിച്ചുകാട്ടുന്നു. തണുപ്പു സഹിക്കാന്‍ വയ്യ. തിളക്കുന്ന വെള്ളം തലവഴി വീഴ്ത്തി. സോപ്പുംപതച്ചൊരു ഉഗ്രന്‍കുളി. കുളിമുറിക്കു പുറത്തേക്കിറങ്ങുമ്പോഴേക്കും കിടുകിടെ വിറക്കുന്നു. മുറിയില്‍കയറി കമ്പിളിവസ്ത്രങ്ങള്‍ ഒന്നൊന്നായി അണിയുമ്പോഴേക്കും അതാ തൊലിയെല്ലാം പൊള്ളിയപോലെ. അന്തരീക്ഷത്തിലെ ജലാംശം തീരെക്കുറവായതിനാല്‍ തൊലിയെല്ലാം വരണ്ടുണങ്ങിപ്പോയി. ശീതരാജ്യങ്ങളിലുള്ളവരെ അപേക്ഷിച്ച് നമ്മുടെ തൊലിയില്‍ കൊഴുപ്പു കുറവാണല്ലോ. ഒലീവെണ്ണയിട്ട് തൊലി സംരക്ഷിക്കണമെന്ന് പിന്നീട് കൂട്ടുകാര്‍ പറഞ്ഞറിഞ്ഞു. എന്നിട്ടും തൊലിപൊട്ടിത്തുടങ്ങിയപ്പോള്‍ ഡോക്ടറെ കാണേണ്ടിവന്നു. ധാരാളം പച്ചക്കറികഴിച്ചുപരിചയിച്ച നമ്മള്‍ക്ക് ധ്രുവത്തണുപ്പില്‍ സൂര്യരശ്മികൂടിയില്ലാത്ത അവസ്ഥയില്‍ ജീവകം പോരാതെ വരുന്നതുകൊണ്ടാണത്രേ. മള്‍ട്ടി-വൈറ്റമിന്‍ ഗുളികകൊണ്ട് ആ പ്രശ്നം കുറച്ചൊക്കെ തീര്‍ന്നു. ശരിക്കും കാരണം അതൊന്നുമായിരുന്നില്ല. നമ്മുടെ പതിവുരീതിയിലുള്ള കുളിയായിരുന്നു വില്ലന്‍. ആദ്യമാസങ്ങളിലെ രണ്ടുനേരം കുളി തണുപ്പുകാരണം ഒന്നാക്കേണ്ടിവന്നു. പിന്നെപ്പിന്നെ സോപ്പും കുറയ്ക്കേണ്ടിവന്നു. തദ്ദേശവാസികള്‍ക്ക് ആഴ്ചയില്‍ ഒരുകുളിയേ ഉള്ളത്രേ; വെള്ളിയാഴ്ച വൈകീട്ടൊരുകുളി. പല്ലുതേക്കുന്നതിനുപോലും മടിക്കുന്നവരെപ്പറ്റി എന്തുപറയാന്‍. നോര്‍വേക്കാര്‍ പൊതുവെ ആഹാരം സ്വയം പാകംചെയ്തുകഴിക്കും; പ്രത്യേകിച്ചും വിദ്യാര്‍ഥികള്‍. പകല്‍ സര്‍വകലാശാലയിലെ കാണ്റ്റീനില്‍ കഴിയും. റൊട്ടിയും വെണ്ണയും പാല്‍ക്കട്ടിയും മുട്ടയും മീനും മാംസവും ഉരുളക്കിഴങ്ങുംതന്നെ പ്രധാനാഹാരം. കുടിക്കാന്‍ കാപ്പിയും പാലും പഴച്ചാറും ബിയറും. മീനും ഇറച്ചിയുമെല്ലാം പച്ചയ്ക്കുവരെ കഴിക്കും. പാചകമെല്ലാം പേരിനേയുള്ളൂ. ചൂടാക്കലാണൂ പ്രധാനം. കുറച്ചെല്ലാം പച്ചക്കറികള്‍ പാക്കറ്റിലാക്കി കിട്ടിയിരുന്നതുകൊണ്ട് ഒപ്പിച്ചുപോകാന്‍ എനിക്കുമായി. അവരുടെ ഉണക്കഗോതമ്പുറൊട്ടിയുമായി ഇണങ്ങിയപ്പോള്‍ കാര്യം എളുപ്പവുമായി. അവരുടെ കൊഴുകൊഴുത്ത പാല് മാത്രം എണ്റ്റെ ദഹനശക്തിയെ പരീക്ഷിച്ചു. കലാശാലയിലേ പഠനഗവേഷണങ്ങള്‍ രസകരമായിത്തുടങ്ങിയതോടെ തണുപ്പും ആഹാരവുമെല്ലാം വിഷയമല്ലാതായി. മുക്കാല്‍മണിക്കൂര്‍ പണി, കാല്‍മണിക്കൂര്‍ വിശ്രമം. പിന്നെയും മുക്കാല്‍മണിക്കൂര്‍ പണി, കാല്‍മണിക്കൂര്‍ വിശ്രമം. ഇതായിരുന്നു അവരുടെ രീതി. വിശ്രമസമയം ജനലല്പം തുറന്നിടും, ശുദ്ധവായുവിനുവേണ്ടി. ക്ഷീണിക്കുന്നതുവരെ പണിചെയ്യും. കാലത്തു നേര്‍ത്തേതുടങ്ങുന്ന ജോലി വൈകുന്നതുവരെ തുടരും. ജോലിസമയംകഴിഞ്ഞാല്‍ പിന്നെ വേറൊരു ജീവിതമാണ്. അത് അന്യോന്യം ആര്‍ക്കുമറിവുണ്ടാകില്ല. ആഴ്ചയിലെ അഞ്ചുദിവസം കഴിഞ്ഞാല്‍ ശനിയും ഞായറും അടിച്ചുപൊളിക്കും. തിങ്കളാഴ്ച കാര്യങ്ങളെല്ലാം അല്പം മന്ദഗതിയിലായിരിക്കും. കാര്യങ്ങള്‍ ചിട്ടയായും കൃത്യമായും ചെയ്യാന്‍ അവരെനോക്കിപ്പഠിക്കണം. അറിവുള്ളതു പറഞ്ഞുതരും. അറിയില്ലെങ്കില്‍ അതു പറയും. വളച്ചൊടിക്കലും ഭംഗിവാക്കുകളുമില്ല. കാലുവെട്ടലും കഴുത്തറുക്കലുമില്ല. കാരണം അവരുടെ ഉദ്യോഗങ്ങളില്‍ അനാവശ്യമത്സരങ്ങളില്ല. ശമ്പളനിരക്കുകളില്‍ വലിയ അന്തരങ്ങളില്ല മുകള്‍തട്ടിലും താഴേക്കിടയിലുമായി. ആര്‍ക്കും എത്ര ഉദ്യോഗങ്ങളില്‍വേണമെങ്കിലുമിരിക്കാം, അതില്‍നിന്നെല്ലാം പണം സമ്പാദിക്കാം. കൃത്യമായി ആദായനികുതി കൊടുക്കണമെന്നുമാത്രം. നികുതിനിരക്ക് വളരെ കൂടുതലുമാണ്. കാരണം സാമൂഹ്യസുരക്ഷക്കായി അവരുടെ സര്‍ക്കാര്‍ വന്‍തുകകളാണുമുടക്കുന്നത്. ജോലിയില്ലാത്തവര്‍ക്ക് ജീവിക്കാനുള്ള പണം സര്‍ക്കാര്‍ ഗാരണ്റ്റിയാണ്. അതുപോലെ ഒരു നോര്വേക്കാരന് ലോകത്തെവിടെവച്ചും രോഗഗ്രസ്തനായാല്‍ അവരുടെ എയര്‍-ആംബുലന്‍സ് പറന്നുവന്നു കൊണ്ടുപോകും വിദഗ്ദ്ധചികിത്സക്കായി. കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകപരിരക്ഷയുണ്ട്. കാരണം ജനനനിരക്ക് വളരെ കുറവാണു നോര്‍വേയില്‍. പൊതുവെ നോര്‍വേപ്പെണ്ണുങ്ങള്‍ പ്രസവിക്കാന്‍ തയാറല്ലത്രേ. ജനസംഖ്യ വര്‍ധിപ്പിക്കാന്‍ പ്രത്യേകപരിപാടികളാണ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്. നോര്‍വീജിയന്‍മണ്ണില്‍ പിറന്നാല്‍, അതേതുനാട്ടുകാരുടേതുമാകട്ടെ, സര്‍ക്കാര്‍വക സമ്മാനങ്ങള്‍ കുഞ്ഞിനെത്തേടിയെത്തും. ഇനി കുഞ്ഞിനച്ഛനില്ലെങ്കില്‍ അതിണ്റ്റെ വളര്‍ത്തുചെലവെല്ലാം വേണമെങ്കില്‍ സര്‍ക്കാര്‍തന്നെ വഹിക്കാന്‍ വകുപ്പുണ്ടത്റേ. കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തിനുള്ള നിയമങ്ങള്‍ എത്രയും കര്‍ശനമാണവിടെ. എന്തിന്, മുതിര്‍ന്നവരുടെ സുരക്ഷയ്ക്കുപോലും നിയമങ്ങള്‍ കര്‍ശനമാണ്. ആരെങ്കിലും പാതമുറിച്ചുകടക്കാന്‍ വഴിയോരത്തൊന്നുനിന്നാല്‍ ഇരുവശങ്ങളില്‍നിന്നുവരുന്ന വാഹനങ്ങളെല്ലാം കാല്നടക്കാരന് മറുവശമെത്തുന്നതുവരെ വരിവരിയായി കാത്തുനില്ക്കും. കാറില്ലാത്തവര്‍ കുറവാണെങ്കിലും യാത്രയ്ക്ക് പൊതുവാഹനങ്ങള്‍ ധാരാളമായിരുന്നു. ബസ്സുകളും ട്രാമുകളും ടാക്സികളും. ടാക്സികള്‍ പക്ഷെ ചെലവേറിയതായിരുന്നു. അന്നെല്ലാം ഒരു സ്റ്റോപ്പില്‍നിന്നുകയറി അടുത്തസ്റ്റോപ്പിലിറങ്ങുകയാണെങ്കില്‍ ബസ്സില്‍ ടിക്കറ്റെടുക്കണ്ട. പിന്നെ, ഒരു സ്ഥലത്തേക്കു ടിക്കറ്റെടുത്താല്‍ ബസ്സിലും ട്രാമിലുമായി യാത്രചെയ്യാം, വഴിക്കെല്ലാമൊന്നിറങ്ങി വീണ്ടും യാത്രതുടരാം. ഒരിക്കല്‍ ഒരു മടക്കയാത്രയില്‍ ഞാന്‍ വണ്ടിതെറ്റിക്കയറി. വഴിക്കെവിടെയോ ട്രാം നിന്നപ്പോള്‍ ഡ്രൈവറോടു വഴിചോദിച്ചു. അയാള്‍ക്കാണെങ്കില്‍ ഇംഗ്ളീഷ് ഒട്ടുമറിഞ്ഞുകൂടാ. എനിക്കാകെ പരിഭ്രമമായി. ഞാന്‍ പിന്നെയും പിന്നെയും ചോദിക്കും, അയാള്‍ പിന്നെയും പിന്നെയും മറുപടി പറയും. അപ്പോഴാണറിയുന്നത് ഞാന്‍ ചോദിച്ചതെല്ലാം മലയാളത്തിലായിരുന്നെന്ന്! ഒരുവിധത്തില്‍ അയാള്‍ റൂട്ട് പറഞ്ഞുതന്നു. ഞാന്‍ വേറെ രണ്ടുമൂന്നു ബസ്സുകളില്‍ കയറി താമസസ്ഥലത്തെത്തി. അവയിലൊന്നിലും വേറെ ടിക്കെറ്റെടുക്കേണ്ടിവന്നില്ല. പഴയ ടിക്കറ്റ് നോക്കി ഡ്രൈവര്‍മാരെല്ലാം എന്നെ അകത്തുകയറ്റി. ഭാഷയറിയില്ലെങ്കില്‍ ഏതുഭാഷയും കൊള്ളാം. എനിക്കേറ്റവും ശ്രമകരമായിരുന്നത് മഞ്ഞുകട്ടകളിലൂടെയുള്ള നടപ്പായിരുന്നു. കാലൊന്നുപിഴച്ചാല്‍ മറിഞ്ഞുവീഴും. മൃദുമഞ്ഞില്‍ പരിക്കൊന്നുമേല്‍ക്കില്ല. പക്ഷെ ഉറച്ച ഐസ്പാളികളില്‍ തെന്നിവീണാല്‍ അപകടമാണ്. പതിയെ ഐസില്‍ നടക്കാന്‍ ഹാന്‍സ് പഠിപ്പിച്ചുതന്നു; രണ്ടുകാലും മുന്നറ്റം അകത്തേക്കുചെരിച്ച് ത്രികോണമുനയാക്കി നടന്നാല്‍ തെന്നിയാലും മറിഞ്ഞുവീഴില്ല. പിന്നെപ്പിന്നെ വഴുകിനടക്കല്‍ ഒരു ഹരമായി. ബാറ്റാഷൂവിണ്റ്റെ അടിവശം കത്തികൊണ്ടുവെട്ടിക്കീറി പരുപരുത്തതാക്കിയപ്പോള്‍ സംഗതി എളുപ്പവുമായി. താമസസ്ഥലത്തുനിന്ന് നടന്നെത്താവുന്നദൂരമേയുണ്ടായിരുന്നുള്ളൂ സര്‍വകലാശാലയ്ക്ക്. പോകുമ്പോള്‍ ഒരിറക്കമുണ്ട്. അതില്‍ തെന്നാത്ത നാളുകളില്ലായിരുന്നു. തിരിച്ചുവരുമ്പോള്‍ കയറ്റത്തിണ്റ്റെ ആയാസം. രണ്ടുംകൂടി ഒന്നാന്തരം വ്യായാമമായി. ശാരീരികശക്തിയില്ലാതെ അവിടെ ജീവിക്കാന്‍ പ്രയാസമാണ്. മൈനസ് ഇരുപതു ഡിഗ്രി താപനിലയിലെല്ലാം പണിയെടുത്തുജീവിക്കുന്നത് അത്ര നിസ്സാരകാര്യമല്ല. പ്ളസ് ഇരുപതിനോടടുക്കുമ്പോള്‍തന്നെ നമ്മള് തെന്നിന്ത്യക്കാര്‍ 'ഹൂ ഹൂ' പറയുന്നു! അതിലും നാല്പതു ഡിഗ്രി താഴെയാകുമ്പോഴോ? പക്ഷെ ഒരു കാര്യം. പൂജ്യത്തിനുതാഴെ പോയിക്കഴിഞ്ഞാല്‍ ഏതു താപനിലയും വളരെ വലിയ വ്യത്യാസമൊന്നുമുണ്ടാക്കില്ല. ഒരു ദിവസം കാലാവസ്ഥയെപ്പറ്റി പരാതിപറഞ്ഞപ്പോള്‍ ഹാന്‍സ് പ്രതികരിച്ചതിങ്ങനെ: "There is nothing wrong with the weather; it is all with your dress". കാലാവസ്ഥക്കനുസരിച്ച വസ്ത്രധാരണമാണ് കാര്യം. മുംബൈയിലെ കൊഴകൊഴാമഴയത്ത് പാണ്റ്റും ഷര്‍ട്ടും മഴക്കോട്ടും ഗംബൂട്ട്സും ധരിച്ച് കുടയുംപിടിച്ച് ഒരുതുള്ളിനനയാതെ ഓഫീസിലെത്തുന്ന ഒരു ഉണക്കമനുഷ്യനെ എനിക്കറിയാം. ശാസ്ത്ര-സാങ്കേതികവിഷയങ്ങളില്‍ നോര്‍വേയും ഇന്ത്യയും തമ്മില്‍ ചിരകാലത്തെ ബന്ധമുണ്ട്. അറുപതുകളിലെ ഇന്‍ഡോ-നോര്‍വീജിയന്‍ പ്രോജക്റ്റ് എറണാകുളത്തു തുടങ്ങുന്നത് മത്സ്യബന്ധനമേഘലയിലെ സഹകരണത്തിനാണ്. ആ മത്സ്യബന്ധനത്തുറമുഖം ഡിസൈന്‍ചെയ്തവരില്‍ പ്രമുഖന് പെര് ബ്രൂണ്‍ എന്ന പ്രായംചെന്ന നോര്‍വേക്കാരനെ ഞാന്‍ പരിചയപ്പെടുന്നത് മുംബൈയിലും പൂണെയിലുംവച്ചാണ്. അതേവരെയുള്ള എണ്റ്റെ തീരദേശപഠനങ്ങള്‍ ഭാവിപരിപാടികള്‍ക്ക് ഉപകാരപ്പെടുമെന്ന ചിന്തയിലാണ് പെര് ബ്രൂണ്‍ എന്നെ ഉപരിപഠനത്തിനായി നോര്‍വേയിലെ ട്രോണ്‍ഡ്ഹൈം സാങ്കേതിക സര്‍വകലാശാലയിലേക്ക് തിരഞ്ഞെടുത്തത്. അതിരസികനായ അദ്ദേഹത്തിന് മലയാളികളുടെ പല പ്രത്യേകതകളെപ്പറ്റിയും അറിയാം, തലേക്കെട്ടും ചുമ്മാടും മടക്കിക്കുത്തും കറക്കിക്കുത്തുമടക്കം. അവസാനമറിയുമ്പോള്‍ അദ്ദേഹം അത്ലാണ്റ്റിക്കില്‍ സ്വന്തമായി വാങ്ങിയ ഏതോ ഒരു ദ്വീപില്‍ പ്രജ്ഞയറ്റുജീവിക്കുന്നതായാണ്. ഗവേഷണപഠനങ്ങളില്‍ സഹായിക്കാന്‍ ഒരുപറ്റമാളുകള്‍. അത്യാധുനിക സൌകര്യങ്ങള്‍. അലറിപ്പെരുക്കുന്ന നോര്‍ത്ത് സീയില്‍ ഒന്നുരണ്ടു കപ്പല്‍ യാത്രകള്‍. എണ്റ്റെ ബൌദ്ധികവും ശാരീരികവും ശാസ്ത്രീയവും സാങ്കേതികവും മാനസികവുമായ ശക്തിദൌര്‍ബല്യങ്ങളപ്പാടെ മാറ്റുരച്ചുനോക്കപ്പെട്ട സമയമായിരുന്നു അത്. താമസസ്ഥലത്തെ മറ്റു മൂന്ന് അന്തേവാസികളും നോര്‍വേക്കാരായിരുന്നു. വിദേശികളെ ഒന്നിച്ചു താമസിപ്പിക്കാറില്ല അവിടെ. തദ്ദേശവാസികളും വിദേശീയരുമായി ഇടപഴകാനുള്ള അവസരമൊരുക്കാനായിരുന്നു ഇത്തരം ക്രമീകരണങ്ങള്‍. താമസസ്ഥലത്തെ നോര്‍വീജിയന്‍കൂട്ടുകാര്‍ എന്നേക്കാള്‍ ചെറുപ്പവും മുഴുസമയ പഠനവിദ്യാര്‍ഥികളുമായിരുന്നു. വിദേശിയും ഉദ്യോഗസ്ഥനും എന്ന പരിഗണനകൂടിയായപ്പോള്‍ മാസാമാസം നാലുപേരിലൊരാള്‍ മാറിമാറിച്ചെയ്യേണ്ട പല വീട്ടുജോലികളും (ദിവസേന കുപ്പകളയല്‍, ആഴ്ചയിലൊരിക്കല്‍ തളവും ടോയ്ലറ്റും ഫ്രിജ്ജും വൃത്തിയാക്കല്‍, മാസത്തിലൊരിക്കല്‍ കറണ്റ്റ്ബില്‍ പിരിച്ചെടുത്തടയ്ക്കല്‍, റിപ്പയര്‍ വല്ലതുമുണ്ടെങ്കില്‍ അതിന് ആളെവിളിച്ചുവരുത്തല്‍ തുടങ്ങിയവ) അവര്‍ എന്നെ അറിയിക്കാതെ സ്വയം ചെയ്തു. അതറിഞ്ഞപ്പോള്‍ എണ്റ്റെ മാസച്ചുമതല എന്നെന്നു തിരക്കിയതിന് അവര്‍ പറഞ്ഞ മറുപടി എന്നും രണ്ടുനേരവുമുള്ള എണ്റ്റെ കക്കൂസ്കഴുകല്‍തന്നെ ധാരാളം എന്നായിരുന്നു. പിന്നെ, ഞാന്‍ ഭക്ഷണം പാകംചെയ്യുമ്പോള്‍ എരിവല്പം കുറയ്ക്കണം എന്നൊരു അഭ്യര്‍ഥനയും. സര്‍വകലശാലയിലെ സാങ്കേതികവിദഗ്ദ്ധര്‍ക്ക് നമ്മെപ്പറ്റി വലിയ മതിപ്പായിരുന്നു. മറിച്ച്, ഇന്ത്യയെപ്പറ്റി വളരെ താഴ്ന്ന അഭിപ്രായമാണ് താമസസ്ഥലത്തെ വിദ്യാര്‍ഥിസ്നേഹിതര്‍ക്കുണ്ടായിരുന്നത്. ഒരു ദിവസം ബിബിസിയില്‍ കാണിച്ച ഒരു പരിപാടിയെ മുന്‍നിര്‍ത്തി, ഇന്ത്യക്കാരപ്പാടെ പട്ടിണിക്കാരായുള്ളപ്പോള്‍ അണ്വായുധപരീക്ഷണം എന്തിനെന്നായിരുന്നു അവരുടെ ചോദ്യം. ചോദ്യത്തിലെ ആദ്യപാദം പകുതി തെറ്റെന്നും രണ്ടാംപാദം പകുതി ശരിയെന്നും ഞാന്‍ വാദിച്ചു. ഒരേസമയം മഞ്ഞും മഴയും വെയിലും കാറ്റും, കരയും കടലും കാടും മലയും മരുഭൂമിയും അവര്‍ക്കുണ്ടോ? ഇത്രയുംവലിയ സാമ്പത്തിക-സാങ്കേതിക ശക്തിയായ നോര്‍വേ, എത്ര അരിയും ഗോതമ്പും പച്ചക്കറികളും പാലും മുട്ടയും മീനും ഇറച്ചിയും തുണിയും മരുന്നും സിമെണ്റ്റും മരവും ഉണ്ടാക്കുന്നെന്ന ചോദ്യത്തിന് അവര്‍ക്കുത്തരമുണ്ടായിരുന്നില്ല. കാറുപോകട്ടെ ഒരു വാച്ചുകൂടി ഉണ്ടാക്കാത്തവരല്ലേ നോര്‍വേക്കാര്‍? ഞാന്‍ എണ്റ്റെ എച്.എം.ടി. വാച്ച് പൊക്കിക്കാണിച്ചുചോദിച്ചു, ഇത് മെയ്ഡ്-ഇന്‍-ഇന്‍ഡ്യ ആണെന്നറിയാമോ? "ഈ തണുപ്പില്‍ ഇതു നടക്കുമോ" എന്ന അവരുടെ സംശയം തീര്‍ക്കാന്‍ ആ വാച്ച് ഞാന്‍ ജനലിണ്റ്റെ വെളിയില്‍ ഒരു രാത്രി മുഴുവന്‍ കെട്ടിത്തൂക്കിക്കാണിച്ചു. അവര്‍ക്കു വെറുതെ പുഞ്ചിരിക്കാനേ കഴിഞ്ഞുള്ളൂ. ഇന്നും എനിക്കതില്‍ അഭിമാനമുണ്ട്, എച്ച്.എം.ടി. വാച്ച് കമ്പനി ഇന്നില്ലെങ്കിലും. പുറത്ത് മഞ്ഞുപെയ്യുമ്പോള്‍ കയ്യില്‍ കടലാസ്സും പുസ്തകവുമെല്ലാം തുറന്നുപിടിച്ചുപോകാനൊരുങ്ങിയ എന്നെ അവര്‍ കണക്കെ കളിയാക്കി ഒരിക്കല്‍. മഴമാത്രംകണ്ടുശീലിച്ച എനിക്ക് മഞ്ഞും വെള്ളമാണെന്നു ബോധ്യംവരാന്‍ കുറെ വൈകിയിരുന്നു. എന്ത് ഔപചാരികസന്ദര്‍ഭമായാലും ഒരു പ്ളാസ്റ്റിക്സഞ്ചിയില്ലാതെ ഒരൊറ്റ നോര്‍വീജിയനെയും കാണില്ലെന്ന ഒരു തമാശയുമുണ്ട്. ക്രിസ്മസ്സിനുതുടങ്ങിയ അതിശൈത്യം മൂന്നാലുമാസംകഴിഞ്ഞപ്പോള്‍ കുറഞ്ഞുതുടങ്ങി. വസന്തംവന്നതോടെ താപനില പ്ളസ്സിലേക്കുകടന്നു. കെട്ടിക്കിടന്ന മഞ്ഞിന്‍കട്ടകള്‍ ഉരുകിയൊലിച്ചുതുടങ്ങി. സൂര്യവെളിച്ചം പിശുക്കോടെ വലവീശിത്തുടങ്ങി. ജാലവിദ്യയാലെന്നപോലെ പൂക്കള്‍ തലപൊക്കിത്തുടങ്ങി. പ്രകൃതിയപ്പാടെ "ശ്രീമന്‍മന്ദസ്മിതസുമുഖി"യായി മാറി. എങ്ങും പുല്‍ത്തകിടിയൊരുക്കലും തുണിപറിച്ചെറിഞ്ഞുള്ള വെയില്‍കായലും. ഒഴിവുദിവസങ്ങളില്‍ കൂലിക്കു പുല്‍വെട്ടിക്കൊടുക്കുന്ന വിദ്യാര്‍ഥികള്‍, ആണും പെണ്ണും, അടിവസ്ത്രംമാത്രമണിഞ്ഞാവും പണിയെടുക്കുക. അതുമവരൊരു ആഘോഷമാക്കുന്നു. ഈസ്റ്ററിനുമുന്നോടിയായി വേനല്‍ക്കാലദേശീയസമയം ഒരുമണിക്കൂര്‍ തിരിച്ചുവച്ചു. ദിവസത്തിണ്റ്റെ നീളം കൂടിക്കൂടിവന്നു. രാത്രിയായാലും വെളിച്ചം. ഉത്തരാകാശത്ത് ഒന്നുരണ്ടുമണിക്കൂര്‍മാത്രം തലയൊന്നുചായ്ച്ചായി സൂര്യാസ്തമയം. അതും പിന്നെ കുറഞ്ഞു. രാത്രിമുഴുവന്‍ പുറത്തിരുന്നു വായിക്കാമെന്നായി. പ്യൂപ്പയില്‍നിന്ന് ചിത്രശലഭങ്ങള്‍ പറന്നുയരുംപോലെ ആണും പെണ്ണും പുറത്തിറങ്ങുകയായി. ആഘോഷങ്ങളുടെ സമയം. ക്രിസ്മസ്സോടനുബന്ധിച്ചുള്ള തെക്കന്‍പര്യടനം കഴിഞ്ഞ് സാന്ത ക്ളോസ് ഉത്തരധ്രുവത്തിലേക്കു തിരിച്ചുപോകുന്നവഴിയില്‍ എന്ന സങ്കല്പത്തില് ജനുവരിയില്‍ നടത്തുന്ന രണ്ടാം ക്രിസ്മസ്സിനുശേഷം, ആഘോഷങ്ങള്‍ ഒന്നൊന്നായി തുടങ്ങുന്നു വേനലടുക്കുമ്പോള്‍. വേനലെന്നുപറഞ്ഞാല്‍ സ്വെറ്ററിടാതെ പകലൊന്നു പുറത്തിറങ്ങാം കുറെ ദിവസം എന്നുമാത്രം. മേയിലെ ദേശീയദിനമാണ് അതിപ്രധാനം. അപൂര്‍വംകിട്ടുന്ന അവധിദിവസങ്ങളിലൊന്ന്. അന്ന് ആളുകള്‍ ഒന്നടങ്കം പുറത്തിറങ്ങും. ആകാശത്തിലെ നക്ഷത്രങ്ങളുടെയത്ര പതാകകള്‍ എന്നാണു കൈക്കണക്ക്. ആട്ടവും പാട്ടും , പിന്നെ നീന്തലും പറക്കലും. ഞാനും അലയില്‍ ഒരിലയായി അതില്‍ ചേര്‍ന്നു. വിദേശിയെന്നപേരില്‍ കെട്ടിപ്പിടുത്തവും മുത്തമിടലും പിടിച്ചുയര്‍ത്തലും പാനോപചാരവുമായി അവെരെന്നെ സ്നേഹംകൊണ്ടു ശ്വാസംമുട്ടിച്ചുകൊന്നു. വേനല്‍വന്നതോടെ പാതിരാസൂര്യന്‍ ചിരിച്ചുനിന്നു. രാത്രിമുഴുവന്‍ വെളിച്ചം പരന്നതോടെ എനിക്ക് ഉറക്കം കിട്ടാതായി. ആഹാരക്രമം തെറ്റി. പുലര്‍ച്ചയെങ്ങാനും ഉറങ്ങിപ്പോയാല്‍ പിന്നെ ഉണരുന്നത് ഉച്ചകഴിഞ്ഞാവും. തന്നിമിത്തം ഒന്നുരണ്ടുദിവസം കലാശാലയില്‍ പോകാനാവാതെവന്നപ്പോള്‍, ഒന്നുരണ്ടുതവണ കാണേണ്ടിയിരുന്ന ആളുകളെ സമയത്തിനു കാണാന്‍വയ്യാതെവന്നപ്പോള്‍, ഒരു സഹപ്രവര്ത്തകന് കാര്യം പറഞ്ഞുതന്നു. ധാരാളം സൂര്യവെളിച്ചം അനുഭവിക്കുന്ന ഉഷ്ണമേഘലാപ്രദേശങ്ങളില്‍നിന്നുവരുന്നവര്‍ക്കുള്ള ഒരു താത്കാലിക അസുഖമാണത്. രാത്രിവെളിച്ചം തലച്ചോറിലെ നാഴികമണിയെ തകരാറിലാക്കും. ഉറക്കത്തെ കെടുക്കും. ജൈവക്ലോക്ക് അപ്പോള്‍ ജന്മനാട്ടിലെ സമയക്രമത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. ശരീരത്തിണ്റ്റെ പ്രവര്‍ത്തനത്തെ പുതിയ പരിത:സ്ഥിതിക്കനുസരിച്ചു പാകപ്പെടുത്തിയെടുക്കുവാന്‍ പണിയൊന്നേയുള്ളൂ. പാതിരാസൂര്യണ്റ്റെ പുഞ്ചിരി കാണാതിരിക്കുക. 'രാത്രി'സമയം മുറി ഇരുട്ടാക്കി കിടന്നുറങ്ങുക. കണ്ണടച്ചിരുട്ടാക്കുക. ശിശിരത്തിലെ പകലിരുട്ടിനേക്കാള്‍ ഗ്രീഷ്മത്തിലെ രാത്രിവെളിച്ചമാണ് എന്നെ കുഴക്കിയത്. പിന്നെ ഞാന്‍ നാട്ടിലേക്കു തിരിക്കുന്നതുവരെ പാതിരാസൂര്യന്‍ ചിരിച്ചുനിന്നു. ഞാനും. മുപ്പതുവര്‍ഷംമുമ്പത്തെ ഈ പഴംപുരാണം ഓര്‍മയിലെത്തിയത് ഗോവയില്‍ ഈ വര്‍ഷത്തെ തണുപ്പ് റെക്കോഡ്-നിലവാരത്തിലേക്കു താണപ്പോഴാണ്. പതിവില്ലാതെ ഒരു സ്വെറ്റര്‍ തേടിയപ്പോള്‍ ഉണക്കിസൂക്ഷിച്ചിരുന്ന പഴയ കമ്പിളിവസ്ത്രങ്ങള്‍ തലപൊക്കിക്കാണിച്ചു. മൈനസ് പത്തൊന്‍പതു ഡിഗ്രിയില്‍ അഞ്ചുപാളികളായി അണിഞ്ഞിരുന്ന വസ്ത്രങ്ങള്‍. പ്ളസ് പത്തൊന്പതില് അതിലൊന്നുകൂടി വേണ്ട, വയസ്സ് അന്നത്തേതിലിരട്ടിയായിട്ടും. ഇനി വേണ്ടത് "വാസാംസി ജീര്‍ണാനി", അല്ലേ?
അകക്കണ്ണുതുറപ്പിക്കാന്‍
രണ്ടാംക്ളാസ്സിലോ മൂന്നാംക്ളാസ്സിലോ പഠിച്ച വരികളാണ്: "പുറംകണ്ണുതുറപ്പിക്കാന്‍ പുലര്‍കാലേ സൂര്യനെത്തണം അകക്കണ്ണുതുറപ്പിക്കാന്‍ആശാന്‍ ബാല്യത്തിലെത്തണം. " അന്നൊക്കെ പുലര്‍കാലേ കണ്ണുതുറക്കാന്‍ വലിയ കഷ്ടമായിരുന്നു. ഒരുതരത്തില്‍ ഒരുങ്ങി പള്ളിക്കൂടത്തിലെത്തിയാല്‍ ഇനിയും കേള്‍ക്കണം ടീച്ചറുടെവക വായ്ത്താരി: "വെളുക്കുമ്പോള്‍ കുളിക്കണം വെളുത്തമുണ്ടുടുക്കണം വെളുത്ത കൊമ്പനാന-പ്പുറത്തേറി നടക്കണം. " സ്കൂളില്‍ ചേരാന്‍ എനിക്കു വലിയ ധൃതിയായിരുന്നു. മുതിര്‍ന്നവര്‍ വായിക്കുന്നതും എഴുതുന്നതും ഞാനും എന്നാലാവുന്നവിധം അനുകരിച്ചിരുന്നു. ജൂണ്‍ ആദ്യവാരം സ്കൂള്‍ തുറക്കും. അന്നേക്ക് അഞ്ചുവയസ്സു തികഞ്ഞാലേ സ്കൂളിലെടുക്കൂ. എണ്റ്റെ ശരിയായ ജനനത്തിയതി ജൂലായിലായിരുന്നതുകൊണ്ട് ഒരുവര്‍ഷംകൂടി കാത്തിരിക്കണമായിരുന്നു. അങ്ങനെ വെറുതെ ഒരുവര്‍ഷം നഷ്ടപ്പെടാതിരിക്കാനും എണ്റ്റെ വീട്ടുവാശി സഹിക്കാതെയുമാകണം എണ്റ്റെ ജനനത്തിയതി ജൂണിലേയ്ക്കു തിരിച്ചുവച്ചത്. അങ്ങനെ ഞങ്ങളുടെ വീട്ടില്‍ മൂന്നുപേര്‍ ജൂണില്‍ പിറന്നവരായുണ്ട്! ചേച്ചിയുടെ കയ്യുംപിടിച്ച് ആദ്യദിവസം തൃപ്പൂണിത്തുറയിലെ കോടംകുളങ്ങര-സ്കൂളില്‍ പോയത് ഇന്നും മറന്നിട്ടില്ല. ചേച്ചി അന്നത്തെ 'നാലര'-ക്ളാസ്സിലായിരുന്നു. ഒന്നാംക്ളാസ്സിലെ വിലാസിനിട്ടീച്ചര്‍ റെജിസ്റ്ററില്‍ എണ്റ്റെ പേരുചേര്‍ത്തു. ആ ടീച്ചര്‍ എണ്റ്റെ അമ്മയുടെ സഹപാഠിയും സ്നേഹിതയുമായിരുന്നതുകൊണ്ട്, എനിക്ക് പരിഭ്രമമൊന്നുമില്ലായിരുന്നു. "എടോ, തണ്റ്റെ പേര് കുത്തനെ നിര്‍ത്തിയാല്‍ തന്നേക്കാളുമുണ്ടാകുമല്ലോ പൊക്കം" എന്നു ടീച്ചര്‍ പറഞ്ഞത് മെലിഞ്ഞുകരിഞ്ഞ എന്നെപ്പറ്റിയോ നീളംകൂടിയ എണ്റ്റെ പേരിനെപ്പറ്റിയോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. അക്കാലങ്ങളില്‍ ഞങ്ങള്‍ക്ക് രണ്ടുമൂന്നു പേരുകളുണ്ടാകും. ഒന്ന് തലമുറയായി പകര്‍ന്നുകിട്ടുന്നത്. പിന്നേത്തത് സ്കൂള്‍പേര്. വേറൊന്ന് വീട്ടിലെ വിളിപ്പേര്. സ്വന്തമായി 'പേരുകേള്‍പ്പി'ക്കാന്‍ പിന്നെയും കുറെ കഴിയണം അഭ്യാസം! പെണ്‍കുട്ടികള്‍ക്ക് നല്ല പരിഷ്ക്കാരപ്പേരുകള്‍വേണമെന്ന് വിലാസിനിട്ടീച്ചര്‍ക്കു നിര്ബന്ധമായിരുന്നത്രെ. പാറുക്കുട്ടിയും ലക്ഷ്മിക്കുട്ടിയും സരസ്വതിക്കുട്ടിയും കല്യാണിക്കുട്ടിയുമല്ലാതെ വേറെ അധികമൊന്നും പേരുകളില്ലായിരുന്നല്ലോ അക്കാലങ്ങളില്‍. അവരെല്ലാം കല്യാണംകഴിയുമ്പോള്‍ 'അമ്മ'യുമാകും. ടീച്ചര്‍ അമ്മയോടുപറഞ്ഞ് എണ്റ്റെ ചേച്ചിയുടെ തലമുറപ്പേര് വേണ്ടെന്നു വയ്പ്പിച്ചു സ്കൂളില്‍. 'കോഴിവസന്ത' എന്നൊരുരോഗം അന്നറിയപ്പെട്ടിരുന്നതിനാല്‍ ചേച്ചിയുടെ പേരല്പം മാറ്റിക്കുറിച്ചതും പിന്നീട് അനിയത്തിക്ക് ചേച്ചിയുടേതിനനുയോജ്യമായ പേരുപറഞ്ഞുകൊടുത്തതും ആ ടീച്ചറായിരുന്നത്രെ. അങ്ങനെ ചേച്ചി വസന്തകുമാരിയും അനിയത്തി മല്ലികയുമായി. ഞങ്ങളുടെ ചുറ്റുവട്ടത്തെ അന്നത്തെ പരിഷ്ക്കാരപ്പെണ്‍പേരുകളെല്ലാം ആ ടീച്ചറുടെ സംഭാവനയായിരിക്കണം. ആണ്‍കുട്ടികളെ പക്ഷെ വെറുതെ വിട്ടിരുന്നു. അവര്‍ രാമന്, കൃഷ്ണന്, നാരായണന്, ഗോവിന്ദന് എന്നു തുടര്‍ന്നു. അധ്യാപകന്മാരെ 'സാര്‍്' എന്നും അധ്യാപികമാരെ 'മേണ്റ്റം' എന്നുമാണ് ഞങ്ങള്‍ സംബോധന ചെയ്തിരുന്നത്. അവരെപ്പറ്റിപ്പറയുമ്പോള്‍ പേരിണ്റ്റെകൂടെ മാഷെന്നും മേണ്റ്റമെന്നും ചേര്‍ക്കും. മാസ്റ്റര്‍ 'മാഷാ'യതുപോലെ മാഡം 'മേണ്റ്റ'മായതാവണം. കുറേക്കഴിഞ്ഞ് കോളേജിലെത്തിയപ്പോള്‍ അത് സാറും ടീച്ചറുമായി. ഒരിക്കലും ഞങ്ങള്‍ 'ടീച്ച'റെ 'മാഡം' എന്നു വിളിച്ചാലും 'സാര്‍' എന്നു വിളിച്ചില്ല. അത് തിരുവിതാംകൂര്‍വിദ്യാര്‍ഥികളുടെ അടയാളമായിരുന്നു. അക്ഷരത്തിണ്റ്റെയും അക്കത്തിണ്റ്റെയും ആദ്യപാഠങ്ങള്‍ വിലാസിനിമേണ്റ്റം ഓതിത്തന്നു. അ, ആ, ഇ, ഈ, ..... ആ നാടന്‍ പ്രൈമറിവിദ്യാലയത്തിലെ കളിമണ്‍നിലത്ത് കൂട്ടക്ഷരങ്ങളില്‍ പിച്ചവയ്പ്പിച്ചു. അമ്മ, അണ, ആന, ആമ, ഇല, ഈച്ച, ഉറി, ഉല, ഊത്ത്, ഊഞ്ഞാല്, ..... മരത്തട്ടികകള്‍കൊണ്ടു പാതിമറച്ച ക്ളാസ്സുമുറിയില്‍ കൂട്ടുകണക്കുകളില്‍ കൈത്തഴക്കമുണ്ടാക്കി. ഒന്ന്, രണ്ട്, മൂന്ന്, ..... പെരുക്കപ്പട്ടിക പഠിപ്പിച്ചു. ഓരൊന്ന് ഒന്ന്, ഈരണ്ട് രണ്ട്, മൂവൊന്ന് മൂന്ന്, ..... ഘടികാരം നോക്കാന്‍ പഠിപ്പിച്ചു. കാലത്ത് പത്തുമണിമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയും ഉച്ചയ്ക്കു രണ്ടുമണിമുതല്‍ വൈകുന്നേരം നാലുമണിവരെയും ഒരുവര്‍ഷം കൂട്ടിരുന്നുതന്നു. മണ്ണാംകട്ടയും കരിയിലയും കാശിക്കുപോയ കഥ പറഞ്ഞുതന്നു. ബോര്‍ഡില്‍ അക്ഷരങ്ങളും അക്കങ്ങളും ചൂണ്ടിത്തരാനല്ലാതെ ചൂരല്‍ തൊട്ടിട്ടില്ല ആ അധ്യാപിക. കയ്യക്ഷരം മോശമായാലും കുപ്പായക്കൈകൊണ്ട് മൂക്കുതുടച്ചാലും മാത്രം അവര്‍ പിണങ്ങും. എണ്റ്റെ വിദ്യാരംഭം ശരിക്കുംകുറിച്ചത് വിലാസിനിട്ടീച്ചറായിരുന്നു. ഒന്നില്‍നിന്ന് രണ്ടിലേക്കുള്ള മാറ്റം ഞാന്‍ ആഗ്രഹിച്ചില്ല. ഇടയ്ക്കിടയ്ക്ക് വിലാസിനിട്ടീച്ചറുടെ അടുത്തേക്കോടും ഞാന്‍. രണ്ടാംക്ളാസ്സിലെ മുത്തുമാഷ് പീഡനോത്സുകനായിരുന്നു. അതിനുപിന്നില്‍ വേറൊരു കാരണവുമുണ്ടായിരുന്നത് വളരെക്കാലംകഴിഞ്ഞാണറിഞ്ഞത്. അന്നത്തെ സമ്പദ്വ്യവസ്ഥയില് അദ്ദേഹത്തിണ്റ്റെ കുടുംബം ഞങ്ങളുടെ കുടുംബത്തിണ്റ്റെ ഒരു 'കുടിയാന്' ആയിരുന്നത്രേ എപ്പോഴോ. അതിണ്റ്റെ പകയായിരുന്നത്രേ എന്നോട്! മഴ തോരുമ്പോള്‍ ഓട്ടിറമ്പില്‍ വെള്ളത്തുള്ളികള്‍ മുത്തായുരുളുന്നതു നോക്കിയിരിക്കലായിരുന്നു രണ്ടാംക്ളാസ്സില്‍ എണ്റ്റെ പ്രധാന പണി. പാഠപുസ്തകത്തിലുണ്ടായിരുന്ന ഒരു കഥയില്‍ മുത്തുവെന്ന കഥാപാത്രം വെള്ളത്തില്‍കണ്ട ചന്ദ്രനെ തോണ്ടിയെടുക്കാന്‍ പാതാളക്കരണ്ടിയിട്ടുവലിച്ച് മലര്‍ന്നടിച്ചു വീഴുന്നതോര്‍ത്ത് ഞാന്‍ ഊറിച്ചിരിച്ചു. കൊച്ചുമനസ്സില്‍ അത്രയ്ക്കു വിരോധമായിരുന്നു മുത്തുമാഷിനോട്. സഹപാഠികള്‍ക്കാണെങ്കില്‍ 'ഉണ്ടയും പഴവും' കാണിക്കലും പെണ്‍കുട്ടികളുടെ പാവാടപൊക്കലുമായിരുന്നു പ്രധാന വിനോദം. ഞാനാകെ ഒറ്റപ്പെട്ടുപോയി. ആ വര്‍ഷം ചേച്ചിയുംമാറിയിരുന്നു പെണ്‍പള്ളിക്കൂടത്തിലേക്ക്. പോരാത്തതിന്, ഒന്നാംക്ളാസ്സിലെ കളിക്കൂട്ടുകാരിയും കൂടെയില്ലാതെപോയി; അവള് മുന്‍പത്തെ അവധിക്ക് ഈ ലോകംതന്നെ വിട്ടുപോയിരുന്നു. ഞാനേറ്റവും സങ്കടപ്പെട്ട വിദ്യാഭ്യാസകാലമായിരുന്നു അത്. അക്കൊല്ലാവസാനമായിരുന്നു കേരളപ്പിറവി. കേരളം ഇന്ത്യന്‍രാഷ്ട്രീയത്തെ ചെമ്പട്ടുടുപ്പിച്ച കാലം. മൂന്നാംക്ളാസ്സിലെ ബാലന്മാഷ് പരമസാത്വികനായിരുന്നു; പിള്ളേരായിരുന്നു പിഴച്ചവര്‍; അതു രണ്ടാംക്ളാസ്സിണ്റ്റെ ബാക്കിപത്രം. "പഞ്ചസാരപ്പൊടിയേറെച്ചെലുത്തിയാല്‍ നെഞ്ചകത്തങ്ങു രുചിയുംകുറഞ്ഞുപോം" എന്നെല്ലാമുള്ള ഈരടികള്‍ മാഷു പറഞ്ഞുതന്നു. സ്ളേറ്റുകള്‍ പക്ഷെ മിക്കപ്പോഴും ശൂന്യമായിരുന്നു. ആ വര്‍ഷമാണ് 'ലെയ്ക' സ്പുട്നിക്കില്‍ പറക്കുന്നത്. കുട്ടികളെ മുറ്റത്തിറക്കി സാര്‍ അതു കാണിച്ചുതന്നു ഒരുനാള്‍. ആകാശത്ത് ഒരു മുട്ടവിളക്കുപോലെ അതു നീങ്ങിമറഞ്ഞു. നാലാംക്ളാസ്സിലെ മാധവന്‍മാഷും ശാന്തസ്വഭാവിയായിരുന്നു. അക്ഷരത്തെറ്റുകള്‍ കുത്തിനിറച്ചുവന്ന പാഠപുസ്തകം തിരുത്തിക്കുന്നതിനാണ് സമയംമുഴുവന്‍ ചെലവായിപ്പോയത്. ഒരുതരത്തില്‍, "നിറന്നപീലികള്‍ നിരക്കവേകുത്തി..." തിരുത്തിപ്പാടാന്‍ വശമാക്കിത്തന്നു. കേരളത്തിലെ നദികളുടെ പേരുകള്‍ കാണാപ്പാഠംപഠിച്ചതും മനസ്സിലുണ്ട്. "കരമനയാറ് നെയ്യാറ്" എന്നവസാനിക്കും പുസ്തകത്തിലെ ആ പാഠഭാഗം. ആ വര്‍ഷം എണ്റ്റെ അനിയത്തി സ്കൂളിലെത്തി. ഞങ്ങള്‍ അടുത്തടുത്ത ക്ളാസ്സുമുറികളില് പഠിച്ചു. ഇ.എം.എസ്സിണ്റ്റെ ആദ്യഭരണംകഴിഞ്ഞ് രാഷ്ട്രീയരംഗം വീണ്ടും ചൂടുപിടിച്ചകാലം. എങ്ങും അരിവാള്‍-ചുറ്റിക-നക്ഷത്രങ്ങളും നുകംവച്ച കാളകളും. സ്കൂളിനുമുന്നിലെ വലിയ പ്ളാവില്‍ കോണ്‍ഗ്രസ്സ്-പതാക. അതിനടുത്ത് നെടിയ മുളംതൂണില്‍ ചെങ്കൊടി. ഏതിനാണ് കൂടുതല്‍ പൊക്കം എന്നു തര്‍ക്കം. 'ഭാരത്മാതാ കീ ജെയ്, മഹാത്മാ ഗാന്ധീ കീ ജെയ്, ജവഹര്‍ലാല്‍ നെഹ്രൂ കീ ജെയ്' എന്നൊരുകൂട്ടര്. 'ഇങ്ക്വിലാബ് സിന്ദാബാദ്' എന്നു മറ്റൊരു കൂട്ടര്. നാടുപിളര്‍ന്നു ചോരയൊലിച്ചപോലെ. "മുക്കൂട്ടുമുന്നണി തട്ടിപ്പു മുന്നണി ഇക്കൂട്ടുമുന്നണിക്കോട്ടില്ല" എന്നെല്ലാം കൊലവിളികള്‍. "മാന്യമഹാജനങ്ങളേ, മാക്കാച്ചിത്തവളകളേ, വേലിപ്പത്തലുകളേ, പിച്ചാത്തിത്തുമ്പുകളേ" എന്ന് അവരെ അനുകരിച്ച് ഞങ്ങള്‍ പിള്ളേര് 'രാഷ്ട്രീയം' കളിച്ചു. അഞ്ചാംക്ളാസ്സിലെ കുരിയച്ചന്‍മാഷ് ഒന്നാംതരമായി പഠിപ്പിക്കും; അതുപോലെതന്നെ പീഡിപ്പിക്കുകയും. ചൂരല്‍ചുഴറ്റാതെ ഒരുനിമിഷം കാണാനാവില്ല. അടിപ്പുറത്താണ് അറിവുപകര്‍ന്നുതരിക. ഒരിക്കലെന്നെ തല്ലാനോങ്ങിയ സാറിനെ വിലക്കിയ സഹപാഠിനി എനിക്കുവേണ്ടിക്കൂടി തല്ലുവാങ്ങി (അവള് പില്ക്കാലത്ത് ഒരു മികച്ച നടിയായി മാറിയതും പാതിവഴിക്കുവച്ച് ജീവിതത്തോടു വിടപറഞ്ഞതും യദൃച്ഛയാ ഞാനറിയുമ്പോള്‍ കാലം വളരെ വൈകിയിരുന്നു). അന്നു ഞാന്‍ അച്ഛനോടു കുരിയച്ചന്‍മാഷിനെപ്പറ്റി പരാതിപറഞ്ഞുപോയി. അച്ഛന് നയത്തില്‍ഇടപെട്ടതുകൊണ്ടാവണം പിന്നെ ആ മാഷ് എന്നെ തല്ലിയില്ല; ചൂരല്‍ ഓങ്ങിയിട്ടേയുള്ളൂ. എങ്കിലും അതേക്ളാസ്സില്‍തന്നെയുള്ള സ്വന്തം മകന് അലക്സാണ്റ്ററെപ്പോലും തല്ലിച്ചതയ്ക്കുന്നതു കാണേണ്ടിവന്നു. "നിണ്റ്റെ പെരെന്താടാ?" എന്ന് മാഷ് പുത്രനോടുചോദിക്കും. 'അ-ല-സ്-ക്കാ-ണ്ട-ര്‍" എന്നവന് തെറ്റിച്ചുപറയും. അടിയും വീഴും. അവന് സ്കൂള്‍പടിക്കല്‍ വാങ്ങാന്കിട്ടുന്ന കപ്പലണ്ടിയിലും ചുക്കുണ്ടയിലും ചാമ്പക്കയിലുംമാത്രമേ കമ്പമുണ്ടായിരുന്നുള്ളൂ. ഇംഗ്ളീഷിണ്റ്റെ അടിത്തറ പഠിപ്പിച്ചുറപ്പിച്ചുതന്നതിന് ഞാന്‍ ആ കുരിയച്ചന്‍മാഷിനോടു കടപ്പെട്ടിരിക്കുന്നു. അതോടെ ലോവര്‍ പ്രൈമറി കഴിഞ്ഞു. സ്ളേറ്റിണ്റ്റെ പ്രായവും. തുടര്‍ന്ന് അതേ സ്കൂളിലെ അപ്പര്‍ പ്രൈമറിയില്‍ ആറാംക്ളാസ്സില്‍. ആറുതൊട്ട് ആണ്‍കുട്ടികള്‍മാത്രം. പെണ്‍കുട്ടികള്‍ അഞ്ചാംക്ളാസ്സുവരെമാത്രം. അതില്‍ മിക്കവരും അതോടെ നിര്‍ത്തും പഠിത്തം; അകലെയുള്ള പെണ്‍പള്ളിക്കൂടത്തിലേ ഹൈസ്കൂള്‍ക്ളാസ്സിലേക്കൊന്നും പോകാന്‍ മിനക്കെടില്ല. ആണ്‍കുട്ടികളും അതെ. ഏഴാംക്ളാസ്സുകഴിഞ്ഞാല്‍ അതിലുമകലെയുള്ള ആണ്‍കുട്ടികളുടെ ഹൈസ്കൂളില്‍ കയറുന്നത് കഷ്ടിയാണ്. അതൊരു കാലം. സ്കൂള്‍മാനേജരുടെതന്നെ ഭാര്യയായ ഏലിക്കുട്ടിമേണ്റ്റമായിരുന്നു ക്ളാസ്സ്ടീച്ചര്‍. അവര്‍ കുട്ടികളെ ജാതിയുടെ അടിസ്ഥാനത്തില്‍ ഐച്ഛികഭാഷയ്ക്കു തരം തിരിച്ചു. സംസ്കൃതവും മലയാളവുമായിരുന്നു ഐച്ഛികങ്ങള്‍. അവര്‍ എന്നെ ആദ്യത്തേതിലാക്കി. അതാണന്നത്തെ പതിവുരീതി. എനിക്കാണെങ്കില്‍ എന്തുകൊണ്ടോ മലയാളം വേണമെന്നായിരുന്നു മനസ്സില്‍. അതു വീട്ടില്‍പറഞ്ഞപ്പോള്‍ എല്ലാവരും കളിയാക്കി. മലയാളം ഐച്ഛികമായെടുത്തവര്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ടീച്ചര്‍ സമ്മതിച്ചാല്‍ ആയിക്കോളാന്‍ അച്ഛന്. ടീച്ചര്ക്കാണെങ്കില് അത്ഭുതം. ഒരുവിധത്തില്‍ സമ്മതം. അതിലധികം സന്തോഷം. 'മലയാളി-കൊലയാളി' എന്നൊരു വട്ടപ്പേരുംവീണു വീട്ടില്‍ എനിക്ക്; ആ അധ്യാപികയ്ക്ക് 'എലിക്കുട്ടി'-ടീച്ചര്‍ എന്നും. അനിയത്തിയുടെ മെലിഞ്ഞുമെലിഞ്ഞു കോലുപോലിരുന്ന ആനി എന്ന ടീച്ചറെ, 'ആണി'-മേണ്റ്റം എന്ന് ഒരു ഇരുമ്പാണികാട്ടി ഞാന്‍ വീട്ടില്‍ കളിയാക്കിയതിനുള്ള തിരിച്ചടിയായിരുന്നു അത്. ആറാംക്ളാസ്സ് കഠിനമായിരുന്നു. കണക്കും ജെനറല്‍ സയന്‍സും ഇംഗ്ളീഷും മലയാളവും ഹിന്ദിയും സാമൂഹ്യപാഠവും എല്ലാമായൊരു കുത്തിയൊഴുക്ക്; കെട്ടിമറിയല്‍. ആകപ്പാടെ സന്തോഷംതന്നത് ഡ്രോയിംഗ്-ക്ളാസ്സായിരുന്നു. പിന്നെ മലയാളവും. അല്പം, വെള്ളിയാഴ്ച്ചകളിലെ ഉച്ചമീറ്റിംഗും. അതില്‍ കുറെ കാണാപ്പാഠം പറഞ്ഞു; പദ്യം ചൊല്ലി. 'ഉപന്യാസപാരായണം' ഒരു സ്ഥിരം പരിപാടിയായിരുന്നു. ആരോ എഴുതിത്തന്നതു വായിക്കുക, അത്രതന്നെ. 'ഐകമത്യം മഹാബലം', 'പത്രപാരായണം', 'സത്യമേവ ജയതേ', 'ദേശാഭിമാനം', എന്നിങ്ങനെ പോകും വിഷയങ്ങള്‍. പറഞ്ഞുപറഞ്ഞത് പള്ളീലച്ചണ്റ്റെ പറച്ചില്‍പോലെയാകും. മധുവെന്നൊരു അനുഗൃഹീതനടണ്റ്റെ (ആ മധുവല്ല ഈ മധു!) 'ഏകാംഗ'-നാടകം ('ഏകാങ്ക'മല്ല, മോണോ-ആക്ട്) കണ്ടു കയ്യടിച്ചു ഞങ്ങള്‍. എപ്പോള്‍വേണമെങ്കിലും കണ്ണീരൊഴുക്കാന്‍ കഴിയുമായിരുന്നു മധുവിന്. ഒരു ഹിന്ദിമാസ്റ്ററുടെ മകന് ഹിന്ദി-കവിതകള്‍ വായിക്കും. ഞങ്ങള്‍ കണ്ണുതള്ളിയിരിക്കും. ഒരിക്കല്‍ എനിക്കൊരാവേശം കയറി കേറിയങ്ങുകാച്ചി, കോളേജിലെ ചേട്ടന് ചൊല്ലിപ്പഠിച്ചിരുന്ന ഒരു ഹിന്ദി കവിത: "ബഢേ ചലോ ബഢേ ചലോ" എന്നൊരെണ്ണം. (ഇന്ന് "സ്വയംപ്രഭാ സമുജ്വലാ സ്വതന്ത്രതാ പുകാരതി..... അമര്‍ത്യവീരപുതൃ ഹോ..... പ്രശസ്തവീര്യ പന്ഥ് ഹെ, ബഢേ ചലോ ബഢേ ചലോ" എന്നു കുറെ കഷ്ണങ്ങള്‍മാത്രം മിന്നിമറയുന്നു മനസ്സില്‍. ആ സുന്ദരഗീതം അറിയാവുന്നവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ മുഴുവന്‍ പറഞ്ഞുതന്നാല്‍കൊള്ളാം). ടീച്ചര്‍ക്കറിയണമായിരുന്നു എവിടെ നിന്നതു കിട്ടിയതെന്ന്. ഞാന്‍ കാര്യംപറഞ്ഞു. അക്കാലത്ത് ഒരു 'കവിത'യുമെഴുതി, 'പൊളിഞ്ഞ ഫൌണ്ടന്‍പേന'. അബദ്ധത്തില്‍ കേടുവന്നുപോയ എണ്റ്റെ പ്രിയപ്പെട്ട പേനയെപ്പറ്റി, പഠിക്കാനുണ്ടായിരുന്ന 'പൊളിഞ്ഞ കാളവണ്ടി' എന്ന പദ്യത്തിണ്റ്റെ വികലാനുകരണം. ആരെയും കാണിച്ചില്ല ചാപിള്ളയെ. ഏലിക്കുട്ടിടീച്ചര്‍ പ്രസവാവധിയില്‍ പോയപ്പോള്‍ മലയാളമെടുക്കാന്‍ ആളില്ലാതായി. ഞങ്ങള്‍ 'കൊലയാളി'കളെ സംസ്കൃതംടീച്ചര്‍ക്ക് കുരുതികൊടുത്തു. അവര്‍ പറയാന്‍ പറയും, 'രാമ: രാമൌ രാമാ:'. ഞങ്ങള്‍ ഏറ്റുപറയും'രാമ: രാമൌ രാമാ:'. പിന്നെ 'ബാല: ക്രീഡത:, കുക്കുടാ: കൂജന്തി' എന്നിങ്ങനെ. മൂന്നാലുമാസം അങ്ങനെയും കഴിഞ്ഞുകിട്ടി. ഒന്നും മനസ്സിലാകാത്ത ക്ളാസ്സുണ്ടല്ലോ, അതില്പരം ഭീകരമില്ല വേറെ. ഇന്നും ആ ഷോക്ക് മാറിക്കിട്ടിയിട്ടില്ല. അവരൊക്കെ ഇപ്പോള്‍ എവിടെയാണോ. ഏഴാംക്ളാസ്സെത്തിയതോടെ അടുക്കുംചിട്ടയുമായി. അതിനുകാരണം മാത്തുമാഷായിരുന്നു. അദ്ദേഹംതന്നെയായിരുന്നു ഹെഡ് മാസ്റ്ററും. അച്ചടക്കത്തിണ്റ്റെ കാര്യത്തിലും പഠിത്തത്തിണ്റ്റെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയുമില്ല. ഇടതുകൈകൊണ്ട് ഒരു കുറുവടിവച്ചടിക്കും മുട്ടിനുതാഴെ. പിന്നെ നഖംകൊണ്ടൊരു നുള്ളും. തൊലിപറിഞ്ഞുപോകും. കണക്കും ഇംഗ്ളീഷുമായിരുന്നു വിഷയങ്ങള്‍. മലയാളത്തിനു പഴയ ഏലിക്കുട്ടിമേണ്റ്റം തന്നെ. ആദ്യമായി വായിക്കാന്‍ പുസ്തകങ്ങള്‍ കിട്ടിത്തുടങ്ങി. മാത്തുമാഷ് ഓരോരുത്തര്‍ക്കായി ഓരോ പുസ്തകം തരും. വായിച്ചുതിരിച്ചേല്‍പ്പിക്കുമ്പോള്‍ അടുത്തതൊന്നുതരും. 'സിന്ദ്ബാദ്', 'റസ്തം-സൊറാബ്' എന്നെല്ലാമുള്ള പുസ്തകങ്ങള്‍. 'കറണ്റ്റ് ബുക്സ്' എന്നുകേള്‍ക്കുന്നതന്നാണ്, തൊട്ടാല്‍ ഷോക്കടിക്കുമെന്നു സംശയിക്കുന്നതും! ഹിന്ദിയും സാമൂഹ്യപാഠവും എന്നെ പിശാചിനെപ്പോലെ പിന്തുടര്ന്നു. കാ-കേ-കീയും പാനിപ്പത്ത് യുദ്ധവുമെല്ലാം തലയ്ക്കുമുകളില്‍ ഈച്ചകളെപ്പോലെ പറന്നു. ആ സ്കൂളില്‍ ഒരു വാര്‍ഷികാഘോഷം ആദ്യമായി നടത്തിയതും അക്കൊല്ലമായിരുന്നു. തട്ടികകള്‍മാറ്റി മരബെഞ്ചുകള്‍ നിരത്തി മേശകളും ഡെസ്ക്കുകളും അടുക്കി സ്റ്റേജാക്കി ഞങ്ങള്‍ തിമിര്‍ത്തു. വിളക്കിനും 'ഉച്ചഭാഷിണി'ക്കുമായി റോഡിലെ 'കമ്പിക്കാ'ലില്‍നിന്ന് 'കറണ്ടു' വലിച്ചു. ടാറ്റാപുരം സുകുമാരനായിരുന്നു മുഖ്യാതിഥി എന്നാണോര്‍മ. ഇംഗ്ഗ്ളീഷിലുള്ള 'ഇലക്യൂഷന്‍' ആയിരുന്നു എനിക്കുകിട്ടിയ പരിപാടി. ഏതോ ഒരു റഷ്യന്‍നേതാവിണ്റ്റെ പ്രസംഗം, കാണാപ്പാഠംപഠിച്ച് അംഗവിക്ഷേപത്തോടെ പറയുന്നതായിരുന്നു സംഗതി. ആദ്യമായി മൈക്കിണ്റ്റെ മുന്പില് നില്‍ക്കുന്നതന്നാണ്. മാത്തുമാഷിനെ കുറുവടിയില്ലാതെ കണ്ടത് അന്നുമാത്രമാണ്. ആദ്യമായി ഞങ്ങളുടെ തോളില്പിടിച്ചു വാത്സല്യം കാണിച്ചതും അന്നുമാത്രമാണ്. എങ്കിലും അദ്ദേഹം വരച്ച വരയില്‍നിന്ന് അധികമൊന്നും വ്യതിചലിക്കേണ്ടിവന്നില്ല ഉപരിപഠനകാലത്തും. അത്രക്കു ചിട്ടപ്പെടുത്തിത്തന്നു അദ്ദേഹം പഠനപ്രക്രിയ. ഏഴു പാസ്സായാല്‍ പിന്നെ ഹൈസ്കൂള്‍. അതിന് സര്‍ക്കാര്‍സ്കൂളിലേക്കു മാറണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ. വീടിനെയും വീട്ടുകാരെയുമറിയുന്ന അധ്യാപകരെയും സഹപാഠികളെയുംവിട്ട്, തികച്ചും അപരിചിതരായവരുടെ ക്ളാസ്സുകളില്‍ ആദ്യമെല്ലാം അന്തം വിട്ടിരുന്നു. കേരളത്തിണ്റ്റെ പലഭാഗങ്ങളില്‍നിന്നെത്തുന്ന അധ്യാപകരും സ്ഥലത്തെ വിവിധതരം സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികളും. ഓരോവിഷയത്തിന് ഓരോ അധ്യാപകര്‍. വിശാലമായ ക്ളാസ്സുമുറികള്‍, വരാന്തകള്‍, നടുമുറ്റം, കളിപ്പറമ്പ്, ലബോറട്ടറി, ക്രാഫ്റ്റ് ഷെഡ്. എല്ലാം പുതുമയായിരുന്നു. സര്‍ക്കാര്‍ സര്‍വീസല്ലേ, മാറിമാറിവരുന്ന ടീച്ചര്മാര് വന്ന ഉടന്‍ നാട്ടിലേക്കു ലീവെടുത്തു തിരിച്ചുപോകും. 'ഗര്‍ഭശ്രീമാന്‍'മാരും (മെറ്റേര്‍ണിറ്റി-ലീവ് വേക്കന്‍സിയില്‍ വരുന്നവര്‍) 'ഗര്‍ഭശ്രീമതി'കളും (മെറ്റേര്‍ണിറ്റി-ലീവില്‍ പോകാനൊരുങ്ങുന്നവര്‍)കൊണ്ടു നിറഞ്ഞിരുന്നു അന്ന് ആ ഹൈസ്കൂളാകെ (നാമകരണത്തിന് അവിടത്തെ മലയാളം മാഷിനോട് കടപ്പാട്). അങ്ങനെ ഏട്ടാംക്ളാസ്സ് ആകപ്പാടെ അലങ്കോലമായി. അല്പം ചിലര്‍, പ്രധാനാധ്യാപകന് നാരായണമേനോന് സാര്‍, മലയാളത്തിണ്റ്റെ അരവിന്ദാക്ഷന് മാസ്റ്റര്‍, ഇംഗ്ളീഷിണ്റ്റെ കമലം ടീച്ചര്‍, കണക്കിണ്റ്റെ അലമേലു ടീച്ചര്‍, ഹിന്ദിയുടെ ഭാനുമതിടിച്ചര്‍, ഇംഗ്ളീഷ്, മലയാളം, ഹിന്ദി, സംസ്കൃതം എന്നീ ഏതുഭാഷയും കൈകാര്യംചെയ്യാന്‍ കഴിവുണ്ടായിരുന്ന ശങ്കരവാര്യര്‍മാസ്റ്റര്‍ എന്നിവര്‍ ഞങ്ങളെ പാതിവഴിക്കിട്ടു ചതിച്ചില്ല. നിഴല്‍പോലെ വന്ന് മിന്നല്‍പോലെ മറഞ്ഞ ഒരു താത്കാലിക അധ്യാപകനായിരുന്നു ബാലകൃഷ്ണന് മാഷ്. നന്നേ ചെറുപ്പം. ലീവെടുക്കുന്നവര്‍ക്കെല്ലാം പകരക്കാരന്. പരിചയക്കുറവുകൊണ്ടാകണം, മറ്റു ടീച്ചര്‍മാരെപ്പോലെയല്ലാതെ യാതൊരു തയ്യാറെടുപ്പുമില്ലാതെയായിരുന്നു ക്ളാസ്സുകള്‍. സ്കൂള്‍വിട്ടൊരു വിജ്ഞാനലോകമുണ്ടെന്ന് അന്ന് ഞാനറിഞ്ഞു, വിശാലവും ഗഹനവുമായ മറ്റൊരു ലോകം. കാലാവധികഴിഞ്ഞ് ജോലിവിട്ടുപോകുന്ന ദിവസം, അവസാന ദിവസം, അദ്ദേഹം എനിക്ക്, എനിക്കുമാത്രം, ഒരു പുസ്തകം തന്നു. 'മൈക്കല്‍സണ്‍ ആണ്റ്റ് ദ് സ്പീഡ് ഓഫ് ലൈറ്റ്'. ഭൌതികശാസ്ത്രത്തില്‍ എണ്റ്റെ അഭിരുചി വളര്‍ന്നത് അതിനെത്തുടര്‍ന്നാണ്. നോക്കൂ, ഒരു ചെറിയ സ്നേഹപ്രകടനം ഒരു ജീവിതത്തെ എങ്ങിനെ രൂപപ്പെടുത്തുന്നു! അദ്ദേഹം പിന്നീട് ഒരു അഭിഭാഷകനായിമാറി. ചെറിയക്ളാസ്സുകളിലെ അധ്യാപകര്‍ മലയാളം പഠിപ്പിച്ചുവെങ്കിലും മലയാളമെന്തെന്നു പഠിപ്പിച്ചത് ശ്രീ അരവിന്ദാക്ഷന്‍മാസ്റ്ററായിരുന്നു. ഭാഷയ്ക്കുള്ളിലെ ഭാഷയും ഭാഷയ്ക്കുപുറത്തെ ഭാഷയും, എന്നുവേണ്ട ജീവിതവും ജീവിതത്തിണ്റ്റെ ഭാഷയുംവരെ അദ്ദേഹം പകര്‍ന്നുതന്നു. ചിന്തയേറ്റിവരുന്ന ഭാഷയും ഭാഷയേറിവരുന്ന ചിന്തയും സാഹിത്യത്തിനുള്ളിലെ ജീവിതവും സാഹിത്യത്തിനുവെളിയിലെ ജീവിതവും എല്ലാം മലര്‍ക്കെക്കാട്ടിത്തന്നു. ഒന്‍പതാം ക്ളാസ്സ് ഉഷാറായിരുന്നു. പഠിക്കാനെത്തിയ വിദ്യാര്‍ഥികളും പഠിപ്പിക്കാനെത്തിയ അധ്യാപകരും. മറ്റൊരു ഭാഷാധ്യാപകന് എന്നെയൊരു ഓട്ടംതുള്ളല്‍ പഠിപ്പിക്കാന്‍ ശ്രമിച്ചത് അമ്പേ പിഴച്ചു. പ്രൊഫ. വാഴക്കുന്നം എന്ന മാന്ത്രികവര്യന്‍ ഞങ്ങള്‍ക്കുവേണ്ടി ജാലവിദ്യ നടത്തിയത് മറക്കാന്‍ വയ്യ. ആ ലാളിത്യവും വിനയാന്വിതയും ഇന്നത്തെ പല മാന്ത്രികരിലും കാണുന്നില്ല. ഒന്‍പതാംക്ളാസ്സിലെ ഒരുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ഞാന്‍ അരവിന്ദാക്ഷന്‍മാഷുടെ ക്ളാസ്സിലേക്കുവരുന്നു, പത്തില്‍. കഴിവുള്ളവരെയും ഇല്ലാത്തവരെയും, പഠിക്കുന്നവരെയും ഉഴപ്പുന്നവരെയും, വികൃതികളെയും വിഷണ്ണന്‍മാരെയുമെല്ലാം ഒരുപോലെ സ്വന്തം കുഞ്ഞുങ്ങളായിക്കണ്ട് വീറും വീര്യവും വിവരവും വിപ്ളവവും നിറച്ച് അവരെ വിജയപാതയിലേക്കു വഴിമാറ്റാന്‍ ആ കൊച്ചുമനുഷ്യനു കഴിഞ്ഞു. വെറും സര്‍ക്കാര്‍-ഹൈസ്കൂള്‍വിദ്യാര്‍ഥികളെക്കൊണ്ട് 'കേരളസാഹിത്യചരിത്രം' അടക്കം കനപ്പെട്ട പുസ്തകങ്ങള്‍ സ്വയംതുറന്നുവായിക്കാന്‍ പ്രേരിപ്പിക്കാന്‍തക്ക ഉത്തേജകശക്തി അദ്ദേഹത്തിനുണ്ടായിരുന്നു. അത് ഹിന്ദിവിരുദ്ധസമരകാലം. ഒരു ഭാഷയും മോശമല്ലെന്നും സ്വന്തം ഭാഷ പക്ഷെ തനിക്കേറ്റം പ്രിയപ്പെട്ടതാണെന്നും വിശദീകരിച്ച് ഭാഷയെച്ചൊല്ലിയുള്ള അനുകൂല-പ്രതികൂല സമരങ്ങളില്‍നിന്നെല്ലാം അദ്ദേഹം ഞങ്ങളെ പിന്തിരിപ്പിച്ചു. ഭാഷയേക്കാള്‍ പ്രധാനം ഭാഷ്യമാണെന്നും ഭാഷയ്ക്കുള്ളിലെ ജീവിതംപോലെ ഭാഷയ്ക്കുവെളിയിലെ ജീവിതവും പ്രധാനമാണെന്നും പാവനമാണെന്നും ആ അധ്യാപകന് പഠിപ്പിച്ചു. ഒരു ജാതിക്കും ഒരു മതത്തിനും ഒരു മനുഷ്യനും ഒരു പ്രസ്ഥാനത്തിനും പ്രാമാണ്യമില്ല. അതറിഞ്ഞാല്‍ പ്രപഞ്ചമാകെ നിറയാന്‍ കഴിയും മനുഷ്യമനസ്സിന്. വ്യക്തിയില്‍ വിടരുന്ന വിശ്വമാനവികത. അതിനു വഴികാട്ടിയായി അരവിന്ദാക്ഷന്‍മാസ്റ്റര്‍ ഇന്നും വിളക്കുമരമായുണ്ട് തൃപ്പൂണിത്തുറയില്‍ ഞങ്ങള്‍ക്കെല്ലാം.
ഗോ........... ഗോവ!
ടൂറിസ്റ്റുകളുടെ പറുദീസയാണു ഗോവ -- 'ആയിരുന്നു' എന്നാണു പറയേണ്ടത്. കാലംമാറിയതോടെ കോലവും മാറി, ഗോവയും മാറി. 'ഗോവപുരി' ആണ് 'ഗോവ' ആയത് എന്നാണു പ്രമാണം. പ്രാദേശികമൊഴിയില്‍ ഗോവ, 'ഗോ(ം)യേ(ം)'. 'കൊങ്കണി'വാക്കുകള്‍ (നമുക്കതു 'കൊങ്ങിണി') മിക്കപ്പോഴും നാസികത്തിലാണ് തുടങ്ങുന്നതും തുടരുന്നതും അവസാനിക്കുന്നതും; അതാണ് (ം)-കൊണ്ടുദ്ദേശിക്കുന്നത്. 'കൊ(ം)കണി(ം)' -- അതാണ് 'കൊങ്കണി'യുടെ ഏകദേശം അടുത്ത ഉച്ചാരണം. അതു മറന്നു; ഗോവയുടെ ഔദ്യോഗിക ഭാഷയാണ് കൊങ്കണി, സഹഭാര്യയായി മറാഠിയും. സര്‍ക്കാര്‍ കാര്യങ്ങള്‍ പക്ഷെ ഇംഗ്ളീഷിലാണ്; കോടതിക്കാര്യങ്ങള്‍ക്ക് അത്യാവശ്യം പോര്‍ത്തുഗീസുമുണ്ട്. വടക്കന്‍വരേണ്യര്‍ ഹിന്ദിയും പരത്തിയിട്ടുണ്ട്. കൂലിവേലക്കാര്‍ക്കിടയില്‍ കന്നഡം. കച്ചവടക്കാര്‍ക്കിടയില്‍ രാജസ്ഥാനിയും ഭോജ്പുരിയും ഗുജറാത്തിയും. കാവല്‍ക്കാരും തൂപ്പുകാരുമൊക്കെ നേപ്പാളി. അവിടെയും ഇവിടെയും മലയാളവും തമിഴും തെലുങ്കും കേള്‍ക്കാം. ഇംഗ്ളീഷ് ഒരുമാതിരി ഏവരും പറയും; 'ബട്ളര്‍ ഇംഗ്ളീഷ്' ആയിരിക്കുമെന്നുമാത്രം. പൊതുവെ സാരസ്വതന്മാര് വീട്ടിനുപുറത്ത് കൊങ്കണിയും അകത്ത് മറാഠിയും പറയും. മറ്റു ഹിന്ദുക്കളും താഴേക്കിടയിലുള്ള കത്തോലിക്കന്മാരും കൊങ്കണിപ്രിയരാണ്. ഇടത്തരം കത്തോലിക്കന്മാര് പുറത്തു കൊങ്കണിയും വീട്ടിനകത്ത് ഇംഗ്ളീഷും. പഴയ ഉന്നതവര്‍ഗ-കത്തോലിക്കര്‍ വീട്ടിനകത്ത് ഇന്നും പോര്‍ത്തുഗീസുപയോഗിക്കുന്നുണ്ട്, പ്രത്യേകിച്ചും വിരുന്നുകളിലുംമറ്റും മറ്റുള്ളവരെ ഒന്നു കൊച്ചാക്കാന്‍. അവര്‍ 'ബ്രാഹ്മിന്‍-കാത്തലിക്' എന്നാണ് സ്വയം വിശേഷിപ്പിക്കുക. കേരളത്തില്‍ തോമാശ്ളീഹയുടെ അനന്തരാവകാശികളെപ്പോലെ, അവരുമവകാശപ്പെടുന്നു ബ്രാഹ്മണപൈതൃകം. അവര്‍ താഴേക്കിടയിലുള്ള കത്തോലിക്കന്‍മാരുമായി അത്രയൊന്നും ഇടപഴകാറില്ല. വാക്കിലും വേഷത്തിലും പേരിലും നടപ്പിലും വിലാസത്തിലുമെല്ലാം ബോധപൂര്‍വമായൊരു വ്യത്യാസം കാണിക്കും. 'പോര്‍ത്തുഗീസ്' എന്നുപറഞ്ഞാല്‍ ഒരു 'ഇത്' ഇന്നുമവര്‍ക്കുണ്ട്. ജാതിവ്യവസ്ഥയും ജാതിപ്പെരുമയും ഹിന്ദുക്കളെപ്പോലെ ഗോവന്‍കത്തോലിക്കരും കൊണ്ടുനടക്കുന്നു. പുറംലോകത്തിണ്റ്റെ ധാരണക്കു വിപരീതമായി ഹിന്ദുക്കളാണ് ഗോവയില്‍ ഭൂരിപക്ഷം. പക്ഷെ സാംസ്കാരിക-സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയമേഖലകളില് കത്തോലിക്കന്മാര് ഒപ്പത്തിനൊപ്പമുണ്ട്. ക്രിസ്തുമതത്തിണ്റ്റെ മറ്റു നാണയങ്ങള്‍ വളരെ വളരെ കുറവാണു ഗോവയില്‍. ഞാന്‍ പറയാറുണ്ട്, ഇവിടെ ക്രിസ്ത്യാനികളില്ലെന്ന്; കത്തോലിക്കരേയുള്ളൂ. ഹിന്ദുക്കള്‍ പതിവു ജാതിച്ചേരികളിലാണെങ്കിലും, സാരസ്വതന്‍മാരെ ഒഴിച്ചുനിര്‍ത്തിയാല്‍ പ്രായേണ പാരസ്പര്യമുള്ളവരാണ്. പണംകൊണ്ട് സാരസ്വതന്‍മാരും പണികൊണ്ട് മറ്റുള്ളവരും ജീവിച്ചുപോരുന്നു. മുസ്ളിംസമുദായക്കാര്‍ രണ്ടുതരമാണ്; ഒന്നു നാടനും മറ്റൊന്നു വരത്തും. ആദില്‍ ഷാ ചക്രവര്‍ത്തിയുടെ ഭരണകാലത്താകണം നാടന്‍ മുസ്ളീങ്ങള്‍ ഉരുത്തിരിഞ്ഞത്. അയല്‍സംസ്ഥാനമായ കര്‍ണാടകത്തില്‍നിന്ന് തൊഴില്‍, വിവാഹം എന്നിവയിലൂടെ കുടിയേറിയവരാണ് ബാക്കി മുസ്ളീംങ്ങള്‍. കേരളത്തെപ്പോലെ, നാടന്‍ഹിന്ദുക്കളും മുസ്ളീങ്ങളും ക്രിസ്ത്യാനികളും മറ്റു സമുദായക്കാരും തികച്ചും മതസൌഹാര്‍ദ്ദത്തോടെ കഴിയുന്ന പ്രദേശം ഗോവയല്ലാതെ ഞാന്‍ കണ്ടിട്ടില്ല. എടുത്തുപറയേണ്ട ഒരുകാര്യം വിവാഹത്തെയും സ്വത്തിനെയും സംബന്ധിച്ച ഇവിടത്തെ പൊതു-സിവില്‍ നിയമമാണ്. ആരായാലും നിയമപ്രകാരം റെജിസ്റ്റര്‍ ചെയ്താലേ വിവാഹം പ്രാബല്യത്തില്‍ വരൂ, അതു ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മുസ്ളീമായാലും. സ്വത്തിലും ഭാര്യാഭര്ത്താക്കന്മാര്ക്ക് തുല്യാവകാശമാണ് (അതോടൊപ്പം ആദായനികുതിയും മൊത്തം വരവുകണക്കാക്കി പപ്പാതി നല്‍കാം). ഉദാഹരണമായി ഒരു വസ്തു കൈമാറ്റം ചെയ്യുമ്പോള്‍ അതാരുടെ പേരിലായാലും ഭാര്യാഭര്ത്താക്കന്മാര് ഇരുവരുടെയും കയ്യൊപ്പുവേണ്ടിവരും. അതുകൊണ്ടാകണം ഇവിടെ വേണ്ടുവോളം അവകാശത്തര്‍ക്കങ്ങളുണ്ടെങ്കിലും വിവാഹമോചനം കാര്യമായില്ലാത്തത്. പോര്‍ത്തുഗീസുകാരുടെ ചില നല്ലകാര്യങ്ങള്‍ കാണാതിരിക്കാന്‍ വയ്യ. അഞ്ഞൂറുവര്‍ഷംനീണ്ട അധിനിവേശത്തിനുശേഷം അറുപതുകളുടെ തുടക്കത്തിലാണ് ഗോവ ഇന്ത്യന്‍യൂണിയനോട് കൂടിച്ചേരുന്നത്. വി.കെ. കൃഷ്ണമേനോണ്റ്റെ കൌടില്യത്തിലാണത്. ഗോവ പിടിച്ചെടുത്ത സൈന്യാധിപന് ജനറല്‍ കണ്ടേത്ത് ഒരു മലയാളിയായിരുന്നു. കേന്ദ്രഭരണപ്രദേശമായിത്തുടങ്ങിയ ഗോവ, ൧൯൮൬-ല്‍ കേരളത്തെ വെട്ടിച്ച് ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായി മാറി. അന്നുവരെ ഉണ്ടായിരുന്ന നന്മകളൊക്കെ അതോടെ അസ്തമിച്ചു. എഴുപതുകളുടെ തുടക്കത്തിലാണ് ഞാന്‍ ജോലിസംബന്ധമായി ഗോവയില്‍ എത്തുന്നത്. അന്ന് ഇതുപോലല്ലായിരുന്നു ഗോവ. തലസ്ഥാനമായ 'പൊണ്‍ജി(ം)'യില്‍ (പനജി, പണജി, പണ്ജി, പഞ്ചിം, പാഞ്ചിം എന്നെല്ലാം മൊഴിവഴക്കംപോലെ) ആകപ്പാടെ പത്തിരുപതു കാറുകളേയുള്ളൂ. അതില്‍ കുറെയേറെ ഫോക്സ്-വാഗണ്‍ തുടങ്ങിയ മറുനാടന്‍വണ്ടികള്‍. നഗരപ്രാന്തത്തില്‍ ഞാന്‍ താമസിച്ചിരുന്ന പ്രദേശത്തേക്ക് രണ്ടേ രണ്ടു ബസ്സുകള്‍ മാത്രം മണിക്കൂറൊന്നുവച്ചോടും. രണ്ടും പണ്ടത്തെ 'പയനിയര്‍' ബസ്സുപോലത്തെ മൂക്കുള്ള പെട്റോള്‍വണ്ടികള്‍. കാറിലേതുപോലത്തെ സീറ്റുകള്‍. അന്നേയുണ്ട് ബസ്സിനുള്ളിലൊരു നിലക്കണ്ണാടി. അതുനോക്കി ഒന്നു മുടിചീകാതെ ആണായാലും പെണ്ണായാലും ഇറങ്ങിപ്പോകാറില്ല. ടിക്കറ്റ് എന്നൊരു പരിപാടിയില്ല. ഇറങ്ങുമ്പോള്‍ പൈസമേടിക്കും. കയറി അടുത്ത സ്റ്റോപ്പിലിറങ്ങിയാല്‍ കാശുവാങ്ങാറുമില്ല. പോകുന്നബസ്സില്‍കയറി തിരിച്ചുവന്നാലും അധികംപൈസ മേടിക്കാറില്ല. ബസ്സ്റ്റോപ്പെല്ലാം പേരിനുമാത്രം. എവിടെന്നും കേറാം; എവിടെയും ഇറങ്ങാം. ബസ്സില്‍ ആണും പെണ്ണും ഇടകലര്‍ന്നിരിക്കും. ഇന്നും, സ്ത്രീകള്‍ക്കായി സീറ്റുകള്‍ മാറ്റിവച്ചിട്ടുണ്ടെങ്കിലും ആരും അതു കാര്യമാക്കാറില്ല. ഇന്നോ, കാശുകൊടുത്താല്‍ ബാക്കി ചില്ലറ ചോദിക്കാതെ തരില്ല. നിത്യംപോകുന്നവര്‍ക്കൊരു ചാര്‍ജ്, പരിചയമില്ലാത്തവര്‍ക്ക് മറ്റൊരു ചാര്‍ജ്. ഗോവയിലെ ഒരു പ്രത്യേകതയാണ് മഞ്ഞയും കറുപ്പും തേച്ച ടാക്സി-മോട്ടോര്‍സൈക്കിള്‍. വീട്ടുമുറ്റത്തുവരെ കൊണ്ടുപോയിറക്കും. ഈ ബൈക്ക്-ടാക്സിക്കാരെ 'പൈലറ്റ്' എന്നു പറയും. ഭ്രാന്തന്‍മാരെപ്പോലെയാണു പാച്ചില്‍; എന്നാല്‍ അധികം അപകടങ്ങള്‍ ഉണ്ടാക്കാറില്ലവര്‍. വണ്ടിക്കൂലിയില്‍ വലിയ വ്യത്യാസമില്ലെങ്കിലും ഓട്ടോക്കാരേക്കാള്‍ സൌഹൃദമുള്ളവരാണവര്‍. സ്ത്രീകളും ഒറ്റക്കവരുടെ പിന്നില്‍ യാത്രചെയ്യും. ഇന്നും ഗോവക്കാര്‍ക്ക് പൊതുവിജ്ഞാനം കുറവാണ്. ഇവിടെ വന്നകാലത്ത്, എഴുപതുകളില്‍പോലും, എന്നോട് 'ഇന്ത്യയില്‍നിന്നാണോ ' എന്നു ചോദിച്ചവര്‍ കുറവല്ല. ഇന്നും കാണാം ഹോട്ടല്‍-പരസ്യങ്ങളില്‍ 'ഗോവന്‍ & ഇന്ത്യന്‍' എന്ന്. ഗോവ ഇന്ത്യയിലല്ലാത്തപോലെ! ബോംബെ, ബെല്‍ഗാം, പോട്ട, വേളാങ്കണ്ണി, തിരുപ്പതി - തീര്‍ന്നു അവരുടെ പുറംലോകം. പോര്‍ത്തുഗല്‍ സ്വര്‍ഗരാജ്യം! എഴുപതുകളുടെ പകുതിവരെ ഹിപ്പിസാന്നിധ്യം അതിരൂക്ഷമായിരുന്നു ഗോവയില്‍. എങ്കിലും ടൂറിസം ജനജീവിതത്തെ കാര്യമായി ബാധിച്ചിരുന്നില്ല. ഹിപ്പികള്‍ അവരുടെ താവളങ്ങളില്‍ കുടിയും കഞ്ചാവും കൂത്താട്ടവുമായി ഒതുങ്ങിക്കഴിഞ്ഞു. അവര്‍ നാട്ടുകാരെയോ നാട്ടുകാര്‍ അവരെയോ ശത്രുക്കളായിക്കണ്ടില്ല. തീരക്കടല്‍-പര്യവേക്ഷണത്തിണ്റ്റെ ഭാഗമായി അവരുടെ താവളങ്ങള്‍ക്കടുത്ത് ഞാന്‍ എത്തിപ്പെട്ടിട്ടുണ്ട്. ആദ്യമായി പൂര്‍ണനഗ്നശരീരങ്ങള്‍ കാണുന്നത് അവിടെയാണ്. എണ്റ്റെ പരീക്ഷണോപകരണങ്ങള്‍ പറിച്ചുകൊണ്ടുപോയ കുഞ്ഞിനെ അനുനയിപ്പിച്ച് അവ തിരിച്ചേല്‍പ്പിച്ചത് ജനിച്ചപടി നടന്നടുത്ത ഒരമ്മയായിരുന്നു. ഇന്ന് ടൂറിസ്റ്റുകളും നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷം കൂടിക്കൂടിവരുന്നു. ടൂറിസ്റ്റുകള്‍ അവരുടെ താവളങ്ങളില്‍ ആരെയും അടുപ്പിക്കുന്നില്ല. ചിലയിടങ്ങളില്‍ വിദേശഭാഷയില്‍വരെ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടവര്‍. ഒളിഞ്ഞും മറഞ്ഞുമുള്ള അവരുടെ ക്രയവിക്രയങ്ങളും വിക്രിയകളും രാഷ്ട്റീയക്കാര്‍ക്കും പ്രിയം. ഇന്നത്തെ ഗോവയില്‍ കുറ്റകൃത്യങ്ങളില്‍ പകുതിയെങ്കിലും ടൂറിസവുമായി ബന്ധപ്പെട്ടതാണ്. എല്ലാവരും ഇംഗ്ളീഷില്‍ സംസാരിച്ചുസംസാരിച്ച് എന്നെപ്പോലുള്ളവര്‍ നാട്ടുഭാഷ അധികം പഠിച്ചില്ല. അടുത്തിടെ ഒരു സംവാദത്തിനിടെ ഒരാള്‍ കൊങ്കണിയില്‍പറഞ്ഞത് എനിക്കു മനസ്സിലാവാതെവന്നപ്പോള്‍ അയാള്‍തന്നെ കുറ്റമേറ്റു; നിങ്ങള്‍ ഞങ്ങളുടെ ഭാഷ പഠിക്കാത്തത് ഞങ്ങള്‍ നിങ്ങളോട് ഇംഗ്ളീഷില്‍മാത്രം സംസാരിച്ചതുകൊണ്ടാണെന്ന്. ഞാന്‍ വന്നകാലത്ത് പോസ്റ്റ്-ഓഫീസില്‍ മണിയോര്‍ഡര്‍ ഫോമും അതിണ്റ്റെ രശീതിയുമെല്ലാം പോര്‍ത്തുഗീസിലായിരുന്നു. അന്നിവിടെ സൈക്കിളിനും കാറിനെപ്പോലെ ലൈസെന്‍സ് എടുക്കണം, മുനിസിപ്പാലിറ്റിയുടെ. അതും പോര്‍ത്തുഗീസിലായിരുന്നു. പോസ്റ്റ്-ഓഫീസ് ജീവനക്കാരും മുനിസിപ്പാലിറ്റിക്കാരുമെല്ലാം ഇംഗ്ളീഷിലാണ് എല്ലാവരോടും സംസാരിച്ചിരുന്നത്. പീടികക്കാരും ടാക്സിക്കാരും പെട്ടിക്കടക്കാരും കണ്ടക്റ്റര്‍മാരുമെല്ലാം ഇംഗ്ളീഷില്‍തന്നെ സംസാരിച്ച് ഞങ്ങള്‍ 'ഇന്ത്യ'ക്കാരെ 'ഇമ്പ്രെസ്സ്'ചെയ്യാന്‍ ശ്രമിച്ചു. 'അസ്മിതായ്' (സ്വാഭിമാനം / കൊങ്കണിത്തനിമ)വന്നത് അടുത്തകാലത്തുമാത്രമാണ്. എന്നിട്ടോ, എന്നോട് ഇംഗ്ളീഷുപറഞ്ഞിരുന്നവര്‍ ഇന്ന് ഹിന്ദി പറയുന്നു. കടക്കാരും കണ്ടക്റ്റര്മാരും കോണ്ട്രാക്റ്റര്മാരും കന്നഡം പറയുന്നു. നാനാത്വമങ്ങനെ നാനാവിധമായി! ഒരുകാര്യത്തില്‍ എല്ലാവര്ക്കും യോജിപ്പാണ്. ഉച്ചമുതല്‍ വൈകുന്നേരംവരെ കടകളും സ്വകാര്യസ്ഥാപനങ്ങളും അടച്ചിടും. സര്‍ക്കാര്‍സ്ഥാപനങ്ങളില്‍ ആള്‍പ്പെരുമാറ്റം കമ്മിയുമായിരിക്കും. 'സിയസ്ത' എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന ഉച്ചവിശ്രമത്തിനാണത്. പറങ്കികളുടെ സംഭാവന. 'സുസെഗാദ്' (നിഷ്ക്രിയത്വ)മനോഭാവമാണ് ഗോവയുടെ മുഖമുദ്രതന്നെ. ഒരു കടയില്‍ ചെന്നാല്‍ ആദ്യചോദ്യം 'വാട്ട് ഹാപ്പന്‍ഡ്?' എന്നാകും; നമ്മുടെ പോക്കില്‍ എന്തോ സംഭവിച്ച മാതിരി. എന്തിനും 'നാളെ വരൂ, നാളെത്തരാം'. ആ 'നാള്' വരില്ല. ആരുടെയെങ്കിലും വീട്ടുകതകില്‍ മുട്ടിയാലും ഇത്തരത്തില്‍ തന്നെ ചോദ്യം: 'ഹൂ ഈസ് കം? വാട്ട് ഹാപ്പന്‍ഡ്?' പണ്ടൊക്കെ ആറുമണികഴിഞ്ഞാല്‍ നിരത്തൊഴിയും. പിന്നെ പുലരുവോളം അങ്ങിങ്ങായി വിരുന്നും വിനോദവുമായി കൊച്ചുകൂട്ടങ്ങള്‍ മാത്രം. ഇന്നും ഉള്‍നാടന്‍പ്രദേശങ്ങളില്‍ അങ്ങനെതന്നെ. നഗരപ്രദേശങ്ങളും കടല്‍ക്കരത്താവളങ്ങളും രാത്രിയാണിപ്പോള്‍ സജീവം. ഇരുപത്തിനാലുമണിക്കൂറും സജീവമാണ് മോട്ടോര്‍ബൈക്കുകള്‍. ഒരുകാലത്ത് ഒന്നും രണ്ടുംസൈക്കിളില്ലാത്ത വീടുണ്ടായിരുന്നില്ല. ഇപ്പോള്‍ ഒന്നുംരണ്ടും ബൈക്കില്ലാത്ത വീടില്ല. രാവും പകലും പയ്യന്മാരും പയ്യത്തികളും ചീറിപ്പാഞ്ഞങ്ങനെ നടക്കും: "എവിടെനിന്നെത്തിയെന്നറിയീല, ഏതാണൂലക്ഷ്യമെന്നറിവീല" എന്ന പാട്ട്, കാണികളുടേതുമാത്രമല്ല അവരുടേതുമാണ്. സ്കൂള്‍-യൂണിഫോം അണിഞ്ഞ പിള്ളേര് (വയസ്സ് പതിനഞ്ചു തികയാത്തവര്‍)കൂടി ബൈക്കിലാവും സദാസമയവും. ലൈസന്‍സൊന്നും പ്രശ്നമല്ല. ഗതാഗതനിയമമേ പ്രശ്നമല്ല, എന്നിട്ടാണ്! ഗോവക്കാര്‍ക്കൊരു ദൌബല്യമുണ്ടെങ്കില്‍ അതു മീനാണ്. ഒതേനനെപ്പോലെ, "തോലുവെളുത്തൊരു പെണ്‍കണ്ടാലും, തൂളിപെരുത്തൊരു മീന്‍കണ്ടാലും" പിടിച്ചുനില്ക്കാന് അവര്‍ക്കാവില്ല. ഒരു മീന്‍ വാങ്ങാന്‍ എവിടെയും പോകും. മീന്‍കറിക്കായി എന്തു വിലയും കൊടുക്കും. നാട്ടിനുപുറത്തു താമസിക്കുന്ന ഗോവക്കാരെപ്പറ്റി പറയാറുണ്ട്, അവരുടെ യാത്രാസഞ്ചിയില്‍ പകുതിയും ഉണക്കമീനായിരിക്കുമെന്ന്. ഹോസ്റ്റലിലെല്ലാംകഴിയുന്നവര്‍ ആരുംകാണാതെ ആഹാരത്തിനുമുകളില്‍ ഉണക്കമീന്‍പൊടി വിതറിയേ ഊണുകഴിക്കുകയുള്ളൂ എന്നും! ഇനി മദ്യത്തിണ്റ്റെ കാര്യം. സമ്പൂര്‍ണമദ്യവത്കരണമാണിവിടെ. എന്നിട്ടും കുടിച്ചുകൂത്താടിനടക്കുന്നവര്‍ ഗോവക്കാരാവില്ല. അതില്‍ അവരുടെ അച്ചടക്കം പ്രശംസനീയമാണ്. കുടിക്കുന്നതില്‍ കുറ്റബോധമോ സാമൂഹ്യഭ്രഷ്ടോ വിപണനവിലക്കുകളോ ഇല്ലാത്തതിനാലാവാം. അന്തവും കുന്തവുംമറിഞ്ഞ് നാല്‍ക്കാലിയായി ഇഴയുന്നവര്‍ അയല്‍സംസ്ഥാനക്കാരും വടക്കന്‍വിനോദസഞ്ചാരികളുമാണ്. മദ്യമോഹിയായ മലയാളിക്കുപോലും ഇവിടെവന്നാല്‍ അല്പം അച്ചടക്കമൊക്കെ വരുന്നെന്നുകേട്ടിട്ടുണ്ട്. ഇന്നത്തെ പ്രധാന പ്രശ്നം ലഹരിമരുന്നുകളാണ്. ഒരുതലമുറയപ്പാടെ മരുന്നുകള്‍ക്കടിമപ്പെട്ടുകൊണ്ടിരിക്കുന്നു. വിദേശസഞ്ചാരികളും സ്ഥലത്തെ രാഷ്ട്രീയക്കാരുമാണ് അതിനുത്തരവാദികളേറെ. യുവാക്കള്‍ക്ക് അല്പം ലഹരിപദാര്‍ഥവും നക്കാപ്പിച്ച കീശക്കാശും ഒരു ബൈക്കുംകൊടുത്താല്‍ അവരെക്കൊണ്ട് രാഷ്ടീയക്കാരന് എന്തുംനടത്തിക്കാം എന്ന നില വന്നിട്ടുണ്ട്. മനുഷ്യനടക്കമുള്ള ജന്തുജാലങ്ങള്‍ അന്തിമയങ്ങിയാല്‍ അളപൂകും, പട്ടികളൊഴിച്ച്. ഈ വിഷവിത്തുകള്‍മാത്രം അന്തിക്കാണ് ഉറക്കമുണരുന്നതുതന്നെ. പിന്നെ തെരുവുനായ്ക്കളെപ്പോലെ ഓട്ടമായി, ഓളിയായി, ആഹാരംമണത്തുള്ള പരക്കമായി, വിഹാരംതേടിയുള്ള പാച്ചിലായി. കഷ്ടിച്ച് സ്കൂള്‍ കടക്കും; പിന്നെ കൂട്ടും കൂട്ടവും കൂത്തും കുന്നായ്മയുംതന്നെ. വണ്ടിക്കുപിന്നില്‍ ഒരു പെണ്ണിനെയും കയറ്റി ('റിയര്‍ എന്ജിന്' എന്നാണു ഞാന്‍ വിളിക്കുക) ഒച്ചയും ബഹളവുമായി ഇരുട്ടുമൂലകള്‍തേടിയുള്ള ആ പോക്ക് ഗോവയുടെ ഭാവിയെ ഭയാനകമാക്കുന്നു. ഇല്ലെങ്കിലും പണിയെടുക്കാന്‍ ഗോവക്കാര്‍ക്കു കുഴിമടിയാണ്. എല്ലാം പുറത്തുനിന്നു വരണം , പുറത്തുള്ളവര്‍ ചെയ്യണം. ആകപ്പാടെ ഇഷ്ടപ്പെട്ടുചെയ്യുന്ന ജോലികള്‍ ടൂറിസ്റ്റ്-ടാക്സിയോടിക്കല്‍, പാട്ടുപാടല്‍, ടൂറിസ്റ്റ്ുകള്‍ക്ക് ഹോട്ടലും വണ്ടിയും ലഹരിയും വ്യഭിചാരവും ഒരുക്കിക്കൊടുക്കല്‍! പഠിച്ചുപാസ്സായവര്‍ ഗോവയില്‍ നില്‍ക്കില്ല; അവര്‍ മരുപ്പച്ചതേടിപ്പോകും പുറത്തെവിടെയെങ്കിലും. അതൊരു സത്യമാണ് -- പേരുകേട്ട ഗോവക്കാരെല്ലാം ഗോവയ്ക്കുപുറത്താണ്! ഗോവ വിനോദസഞ്ചാരികളുടെ പറുദീസയാണെന്നുപറയുന്നത് ഒരുതരത്തില്‍ ശരിതന്നെ. ഒരു വര്‍ഷത്തില്‍ നൂറ്റന്‍പതുദിവസം ആഘോഷങ്ങളും ബാക്കിദിവസം വിശ്രമവുമാണിവിടെ. ഡിസംബറില്‍ ക്രിസ്മസ്. ജനുവരിയില്‍ ന്യൂ ഇയര്‍. അതിനെല്ലാം അലങ്കരിക്കലും ഒരുക്കൂട്ടലുമെല്ലാം 'കഠിനാധ്വാന'മാണ്. ഫെബ്രുവരിയില്‍ കാര്‍ണിവല്‍, ശിവരാത്രി. മാര്‍ച്ച്-ഏപ്രിലില്‍ ഷിഗ്മൊ, രാമനവമി, ഹോളി, ഗുഡി പാഡ്വ. മേയില്‍ കൊടുംചൂടില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. വിശ്രമംതന്നെ. ജൂണില്‍ മഴതുടങ്ങും. ഒന്നുരണ്ടുമാസം, ആഗസ്റ്റ്-സെപ്റ്റെംബര് വരെ ഒന്നും ചെയ്യാന്‍ കഴിയില്ല. അതോടെ ഗണേശ്ചതുര്‍ഥിക്കുള്ള വട്ടംകൂട്ടണം. അതിനുള്ള അലങ്കാരപ്പണികളും 'കഠിനാധ്വാനം' തന്നെ. പിന്നെ നവരാത്രിയായി. ഉടന്‍ ഒക്ടോബറില്‍ ദീവാളി. അതിനു വഴിനീളെ മുക്കിലും മൂലയിലും നരകാസുരണ്റ്റെ കോലമുണ്ടാക്കി കത്തിക്കണം. ഒരാഴ്ചത്തെ 'കഠിനാധ്വാന'മാണത്. നവംബറിലെ ഇളംതണുപ്പില്‍ അല്പം 'വിശ്രമം'കിട്ടിയാലായി! സങ്കടം തോന്നും ഗോവക്കാര്‍ സമയവും പെട്രോളും തെര്‍മോക്കോളും പാഴാക്കുന്നതുകണ്ടാല്‍! ഒരുകാലത്ത് പോര്‍ത്തുഗീസുകാരുടെ ചെരിപ്പുനക്കിയവര്‍ ഇന്നത്തെ ദേശിയവാദികള്‍. ഒരുകാലത്ത് മറാഠിയെ മുറുകെ പിടിച്ച് മഹാരാഷ്ട്രത്തില്‍ ലയിക്കണമെന്നു ശഠിച്ചവര്‍ ഇന്ന് 'മണ്ണിണ്റ്റെ മക്കള്‍'. വിദേശികള്‍ക്കെതിരെ പോരാടിയവരുടെ മക്കള്‍ ഇന്ന് പാസ്പോര്‍ട്ട് മാറാന്‍ പഴുതുനോക്കുന്നു! കിട്ടിയേടത്തെല്ലാം കുരിശുവച്ചവര്‍ പോര്‍ത്തുഗീസുകാര്‍. അവയുടെ എണ്ണം പെരുകുന്നു. അതുകണ്ട് കണ്ടേടത്തെല്ലാം കൊടിനാട്ടുന്നവരും പെരുകുന്നു. ആളുകളെ ഒന്നിപ്പിക്കാനുള്ള ആരാധനാലയങ്ങള്‍ ആളുകളെ ഭിന്നിപ്പിക്കുന്നു. ഒരു പള്ളിക്കൊരു മന്ദിര്‍; ഒരു മന്ദിറിനൊരു മസ്ജിദ്. മനുഷ്യനുമാത്രം ഇടമില്ലാതായി ഇവിടെയും.
Wednesday, 17 November 2010
'തലയാളം'
പത്തഞ്ഞൂറു വര്‍ഷങ്ങള്‍ക്കുമുന്‍പ്, കുറച്ചധികം തമിഴ്ബ്രാഹ്മണര്‍ ഒറ്റക്കും തെറ്റക്കും മലകടന്ന് മലയാളദേശത്തെത്തി. അല്പം ആര്യബന്ധവും ആര്യസ്വഭാവവും ഉണ്ടായിരുന്നതുകൊണ്ടായിരിക്കണം അവരെ പൊതുവില്‍ 'അയ്യര്‍' (ആര്യ-അയ്യ-അയ്യര്‍) എന്നാണ് തമിഴകത്തുവിളിച്ചിരുന്നത്. അവരുടെ പലായനം അന്നത്തെ ദ്രാവിഡരാജാക്കന്‍മാരുടെ അപ്രീതികൊണ്ടാണെന്നൊരു പക്ഷം. അതല്ല, മികച്ച ജീവനോപാധികള്‍ തേടിയാണെന്നൊരു പക്ഷം. മലയാണ്മയിലെ ബ്രാഹ്മണരായ നമ്പൂതിരിമാരുടെ കേമത്തത്തിനൊരു തടയിടുവാന്‍ കേരളരാജാക്കന്മാര് തമിഴ്ബ്രാഹ്മണരെ ക്ഷണിച്ചുകൊണ്ടുവന്നതാണെന്നും ഒരു പക്ഷം. സത്യമെന്തായാലും അവര്‍ മൂന്നു ശാഖകളായിട്ടാണ് കേരളക്കരയിലെത്തിയത്. തഞ്ചാവൂര്‍പ്രദേശത്തുള്ളവര്‍ പാലക്കാട്ടുചുരം കടന്നും തിരുച്ചി-തിരുനെല്‍വേലിക്കാര്‍ ചെങ്കോട്ടവഴിയും തെക്കന്‍പ്രദേശങ്ങളിലുള്ളവര്‍ നാഗര്‍കോവില്‍വഴിയും കേരളപ്രദേശത്തെത്തിക്കാണണം. നമ്പൂതിരിമാര്‍ക്കൊപ്പം സംസ്കൃതജ്ഞാനവും എന്നാല്‍ അവരെയപേക്ഷിച്ച് വളരെക്കുറച്ചു് ആഢ്യത്വശാഠ്യവും ഉണ്ടായിരുന്ന അവര്‍ മെല്ലെ കേരളരാജാക്കന്മാരുടെ വിശ്വസ്തരായി. മറ്റേതു രാജദാസന്‍മാരെയുംപോലെ പണവും പ്രതാപവും പോക്കിരിത്തരവും അചിരേണ അവരും കൈക്കലാക്കിയില്ലെന്നില്ല. പാര്‍സികള്‍ പാലില്‍ പഞ്ചസാരപോലെ ഗുജറാത്തിസമൂഹവുമായി ഇണങ്ങിച്ചേര്ന്നപ്പോള്, അയ്യര്‍മാര്‍ മലയാളസമൂഹവുമായി പിണങ്ങിച്ചേര്‍ന്നു, പാലില്‍ വെള്ളംപോലെ. 'മലയാള'ബ്രാഹ്മണരായ നമ്പൂതിരിമാര്‍ക്കിടയില്‍, കേരളക്കരയില്‍ അവര്‍ പൊതുവെ 'പരദേശിബ്രാഹ്മണര്‍' എന്നും'പട്ടര്' (ഭട്ടര്‍) എന്നും അറിയപ്പെട്ടു (തമിഴ്-നാട്ടുകാര്‍ അവരെ 'പാലക്കാട്ടുപട്ടര്‍' എന്നു വിളിച്ചു). അവരോടൊപ്പം തുളു-കന്നഡ-ബ്രാഹ്മണരും ഗൌഡസാരസ്വത-ബ്രാഹ്മണരും സഹവസിച്ചു. അവര്‍ക്കിടയിലെല്ലാം ഉച്ച-നീചത്വവിചാരങ്ങളും കാമക്രോധമദലോഭങ്ങളും വേണ്ടുവോളമുണ്ടായിരുന്നു. പാലക്കാട്ടുചുരംകടന്നെത്തിയവര്‍ വടക്കന്‍കേരളത്തിലും മധ്യകേരളത്തിലുമായി പരന്നു. ചെങ്കോട്ടവഴിയും നാഗര്‍കോവില്‍വഴിയുമെത്തിയവര്‍ തെക്കന്കേരളത്തില് ഉറച്ചു. അങ്ങനെ പാലക്കാടും തിരുവനന്തപുരവും പട്ടന്മാരുടെ അടിസ്ഥാനകേന്ദ്രങ്ങളായി. മഹാരാഷ്ട്രത്തില്‍നിന്നു തഞ്ചാവൂരില്‍ കുടിയേറിയ ഒരുകൂട്ടം ബ്രാഹ്മണരുമായി പാലക്കാടന്‍പട്ടന്‍മാര്‍ക്ക് ചിലരീതികളില്‍ സമാനതകളുണ്ടായിരുന്നു. ആഹാരം ('പിട്ള', 'ബോളി', എള്ളുണ്ട-'തില്‍ ഗുള്‍', വട), വസ്ത്രധാരണം (പാളത്താര്‍, പതിനെട്ടുമുഴം പുടവ), ആചാരം എന്നിവയില്‍. ചെന്തമിഴില്‍കുടുങ്ങിക്കിടന്നിരുന്ന നാവ് തമിഴ്സഹോദരി മലയാളത്തിനും വഴങ്ങി. ശുദ്ധദ്രാവിഡത്തമോ ശുദ്ധ ആര്യത്വമോ അവകാശപ്പെടാനാകതെ അവര്‍ അന്നൊക്കെ ഒറ്റപ്പെട്ടുകാണണം. തമിഴര്‍ക്കും മലയാളികള്‍ക്കും ഒരുപോലെ അന്യരായിപ്പോകുമായിരുന്ന അവര്‍ രണ്ടംശങ്ങളും കോര്‍ത്തിണക്കി ഒരു വര്‍ഗവിശേഷമായി പരിണമിച്ചു. തമിഴ്വിശേഷങ്ങളായ പൊങ്കല്‍, ദീവാളി, ബൊമ്മക്കൊലു തുടങ്ങിയവയും മലയാള ആഘോഷങ്ങളായ ഓണം, വിഷു, തിരുവാതിര എന്നിവയും അവര്‍ ഒരുപോലെ കൊണ്ടാടി. വൈഷ്ണവണ്റ്റെ ചന്ദനവും ശൈവണ്റ്റെ ഭസ്മവും ദേവീസങ്കല്‍പത്തിണ്റ്റെ കുങ്കുമവും അവര്‍ തിരുത്തിക്കുറിച്ചു. ചന്ദനം ലേപനമായും ഭസ്മം വരയായും കുങ്കുമം പൊട്ടായും. മഞ്ഞള്‍പ്രസാദവും പ്രിയമായി. ശൈവത്വവും വൈഷ്ണവത്വവും വിളക്കിച്ചേര്‍ത്ത് അദ്വൈതികളായി. എന്തിന്, ബൌദ്ധമാതൃകയിലെ ശബരിമലശാസ്താവിനെപ്പോലും ഇഷ്ടദൈവമാക്കി. പരദേശത്തെ തമിഴും വിദേശത്തെ മലയാളവും കലര്‍ന്ന് ഒരു സങ്കരഭാഷയായി. തമിഴ്വാക്കുകള്‍ മലയാളംവാക്കുകള്‍ക്കും മലയാളംവ്യാകരണം തമിഴ്വ്യാകരണത്തിനും വഴിമാറി. ആദ്യമതൊരു 'തമിഴാളം', അതുനേര്‍ത്തു പിന്നെ 'തലയാളം'. തമിഴനോ മലയാളിക്കോ പൂര്‍ണമായി മനസ്സിലാകില്ല. തമിഴിലോ മലയാളത്തിലോ കൃത്യമായി എഴുതാനും പറ്റില്ല. പ്രത്യേക ലിപിയൊന്നും പക്ഷെ ഉരുത്തിരിഞ്ഞില്ല. വാമൊഴിയായിത്തന്നെ തലയാളം തുടരുന്നു. മിക്ക അയ്യര്‍മാരും കത്തുകള്‍ മലയാളംലിപിയിലെഴുതുന്നു, അല്ലെങ്കില്‍ കാര്യം മലയാളത്തിലോ ഇംഗ്ളീഷിലോ എഴുതുന്നു. കുറച്ചുപേര്‍ക്കുമാത്രം ഇന്നും തമിഴ് വായിക്കാനും എഴുതാനും അറിയാം. തരാതരമനുസരിച്ച് പറയാനും. പ്രായേണ തെക്കന്‍പട്ടന്‍മാര്‍ തിരുവിതാംകൂറ്/കേരളസര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഉയര്‍ന്നപ്പോള്‍ (സി.പി. രാമസ്വാമി അയ്യരുടെയും മറ്റു ദിവാന്മാരുടെയും സ്വാധീനംകൊണ്ടാവണം), വടക്കന്‍പട്ടന്‍മാരും നടുക്കന്‍പട്ടന്‍മാരും മറ്റു മേഖലകളില്‍ വ്യാപരിച്ചു. ഇതില്‍ കൃഷിയുണ്ടായിരുന്നു, കച്ചവടമുണ്ടായിരുന്നു, അധ്യാപനമുണ്ടായിരുന്നു, 'കൊട്ടലും കോറലും' (ടൈപ്പിങ്ങും ഷോര്‍ട്ട്ഹാണ്റ്റും) പാട്ടും പൂജയും ദേഹണ്ണവും ഉണ്ടായിരുന്നു. ഇന്നവരെ കേരളത്തിലും അതിനേക്കാള്‍ പുറത്തും നല്ലനിലയിലും കെട്ടനിലയിലും കാണാം. 'പട്ടരില്‍ പൊട്ടയില്ല' എന്നൊരു ധാടി അവര്‍ക്കുണ്ട് (അതിന്, 'പട്ടത്തി പെഴച്ചാല്‍ അറുപെഴ' എന്നൊരു തിരിച്ചടിയുമുണ്ട്). കേരളത്തെ മനസ്സുകൊണ്ടും ശരീരംകൊണ്ടും ശാരീരംകൊണ്ടും വരിച്ചവരിലൊരാളാണ് ചെമ്പൈ വൈദ്യനാഥഭാഗവതര്‍ (അദ്ദേഹത്തിണ്റ്റെ 'കരുണചെയ്വാന് എന്തു താമസം കൃഷ്ണാ' കേട്ടു പുളകംകൊള്ളാത്തവര്‍ കുറയും). മലയാളത്തെ മഹത്തരമാക്കിയവരില്‍ പ്രമുഖനാണ് ഉള്ളൂറ് എസ്. പരമേശ്വരയ്യര്‍ (അദ്ദേഹത്തിണ്റ്റെ 'കേരളസാഹിത്യചരിത്രം' ഒന്നുമതിയല്ലോ ഭാഷാസ്നേഹികള്‍ക്ക് അടിസ്ഥാനഗ്രന്ഥമായി). വി. ആര്. കൃഷ്ണയ്യരുടെയും എം. എസ്. സ്വാമിനാഥണ്റ്റെയും ടി. എൻ. ശേഷണ്റ്റെയുമെല്ലാം കളം പക്ഷെ കേരളം മാത്രമായിരുന്നില്ലല്ലോ. തമിഴും മലയാളവും കലര്‍ന്ന തലയാളത്തിന് തനതായി ഒരു വായ്മൊഴി-രാമായണമുണ്ടെന്ന് പലര്‍ക്കും അറിയില്ല. പണ്ട് (എന്നുവച്ചാല്‍ എണ്റ്റെ ചേട്ടണ്റ്റെയും ചേച്ചിയുടെയും ശൈശവകാലം വരെ) താരാട്ടിനുപയോഗിച്ചിരുന്ന ആ കൊച്ചുരാമായണം ഇന്നേക്കു നഷ്ടപ്പെട്ടിരിക്കാനാണിട. അടുത്തിടെ, തൊണ്ണൂറോടടുത്ത അമ്മയെക്കൊണ്ട് ഞാനത് എഴുതിച്ചെടുക്കാന്‍ നോക്കി. കിട്ടിയത് ഇത്രമാത്രം (ലിപിയുടെ പരിമിതി ഉച്ചാരണത്തെ വികൃതപ്പെടുത്തിയേക്കും, ചില പിഴകളും പാഠഭേദങ്ങളും ഉണ്ടായേക്കാം): രാമായണം തുടങ്ങുന്നത് ഈ ഗണപതീസ്തവത്തോടെ: "സുന്ദരകാണ്ഡത്തു ചെറുകവി നാനൊരു ഒണ്ടിയാനെ സിദ്ധിവിനായകരെ പാലൊടു തേങ്കായ് പഴമൊടു അപ്പം മുപ്പഴം-അതിരസം-മോദകവും തപ്പാമെ നാന് പൊടപ്പേന്‍" സീത ലങ്കയിലുണ്ടെന്ന് ശ്രീരാമനറിയുന്നു: "ത്രിഭുവനമെല്ലാം തേടിത്തേടി സീതമ്മനെക്കാണാമല്‍ തിരിഞ്ചിക്കുണ്ടിരുക്കറത്തെ ലങ്കാദ്വീപില്‍ രാവണന്‍കോട്ടയില്‍ രാജശ്രീയാനവളൈ കണ്ടേനെന്നൊരു പക്ഷിചൊല്ല നാന് കേട്ടേന്‍" അശോകമരത്തിനടിയില്‍ കണ്ട രാക്ഷസസ്ത്രീകളുടെ ചിത്രം: "മൂക്കുനീണ്ടവാ നാക്കുനീണ്ടവാ കാക്കയെപ്പോലെ കത്തറവാ.......................... അമ്മണമണ പേശറതു നാന് കേട്ടേന്‍" ലങ്കാരാക്ഷസി ഹനുമാണ്റ്റെ വരവ് സീതയെ അറിയിക്കുന്നു: "അമ്മകളമ്മാ സീതമ്മാ ഹനുമാര് വന്താര് കേളമ്മാ" എണ്റ്റെ മുത്തശ്ശിക്ക് ഈ രാമായണംമുഴുവന്‍ കാണാപ്പാഠമായിരുന്നത്രെ. അച്ഛന് ഇടയ്ക്കിടയ്ക്കു പാടുന്ന ഒരു ഈരടിയുണ്ട്: "അഞ്ചുകല്ലാലൊരു കോട്ടൈ അന്ത ആനന്ദക്കോട്ടക്കി ഒന്‍പതു വാശല്‍ തിനതന്തിനാതന്തിനാതൈ" പഞ്ചഭൂതങ്ങളാല്‍ നിര്‍മിതമായ നവദ്വാരങ്ങളോടുകൂടിയ മനുഷ്യശരീരത്തിണ്റ്റെ ലളിതവര്‍ണനയാണിത്. മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുമ്പോള്‍ പറയുന്നതാണ്, "ചിന്നുപ്പാട്ടി ചെത്തുപ്പോന ഉനക്കെന്ന എനക്കെന്ന കോര്‍ട്ടിലെ വഴക്കെന്ന?" ആദ്യത്തേതാണു പ്രധാനം എന്ന അര്‍ഥത്തില്‍ പറയും,"മൊതല്‍ക്കരച്ചതു താന്‍ പുളി" എന്ന്. ഇതല്പം പുത്തന്‍ ചൊല്ലായിരിക്കണം: "കുറ്റ്രാലത്തിലെ ഇടിയിടിച്ചാ കോയമ്പത്തൂറ് വിളക്കണയും" മങ്ങിയ വെട്ടംമാത്രമുള്ളപ്പോള്‍ കമണ്റ്റ്: "തേവിടിയാക്കുടിയിലെ ആണ്‍പൊറന്താമാതിരി" (വേശ്യാലയത്തില്‍ ആണ്‍പിറന്നാല്‍ ശോകമൂകമാകുമത്രെ പരിസരം) അമ്മായിയമ്മപ്പോര് ചോദ്യോത്തരപ്പാട്ടിലൂടെ: "മാമാലക്കള്ളി മരുമകളേ കോഴിക്കറിക്കി പതം പാര്" "കൊക്കോ എങ്കിത് കൊത്തവരുകിത് നാനെന്ന ശെയ്വേന്‍ നല്ല മാമി" ചില പ്രായോഗികതത്ത്വങ്ങളും തലയാളത്തിലാക്കിയിട്ടുണ്ട്:'"ഉപ്പില്ലാപ്പണ്ടം കുപ്പയിലെ', 'പെത്തമനം പിത്ത്', 'ചോഴിയന്‍ കുടുമി ചുമ്മാ ആടാത്', 'ചിന്ന മീനൈ പോട്ടാത്താന്‍ പെരിയ മീനൈ പിടിക്കലാം' എന്നിങ്ങനെ. ചില വിശ്വാസങ്ങളും കാണാം: 'ഉണ്ണിമൂത്രം പുണ്യാഹം', 'രാത്രി ചിരിച്ചാല്‍ കാലമെ അഴുവാ', തുടങ്ങി. വയസ്സായവര്‍ പറഞ്ഞുകൊണ്ടേയിരിക്കും, "കാട് വാവാ എങ്കിത്, വീട് പോപോ എങ്കിത്' എന്ന്. ഇടയില്‍കേറി എന്തുപറഞ്ഞു എന്തുപറഞ്ഞു എന്നു ചോദിക്കുന്ന കുട്ടികളോടു പറയുന്നതാണ് 'ചൊരക്കാക്കുപ്പില്ലൈ' എന്ന് - ചുരക്കയ്ക്ക് ഉപ്പില്ല എന്നൊരു അര്‍ഥമില്ലാ മറുപടി. അര്‍ഥമില്ലാത്ത വേറെ ചില പ്രയോഗങ്ങളുമുണ്ട്; 'ആവണിയാവിട്ടം കോമണം', 'ആമണത്തോണ്ടി ഡിമ്മണക്ക, അടുപ്പിലെ പോട്ടാ നെല്ലിക്ക' 'ഊരാത്തുപ്പൊടവയിലെ ദൂരമാകല്‍' മറ്റുള്ളവരുടെ ചെലവില്‍ കാര്യം നേടുന്നവരെക്കുറിച്ചാണ് - മറ്റുള്ളവരുടെ തുണിയില്‍ തീണ്ടാരിയാകല്‍. സ്ത്രീജിതന്മാര് ഭാര്യയെ പ്രീതിപ്പെടുത്താന്‍ പാടുന്നതാണത്രെ: "പൊണ്ടാട്ടിത്തായേ പൊണ്ടാട്ടിത്തായേ നീ ചൊന്നതെല്ലാം വാങ്കിത്തറേന്‍ പൊണ്ടാട്ടിത്തായേ നീ കേട്ടതെല്ലാം വാങ്കിത്തറേന്‍ പൊണ്ടാട്ടിത്തായേ" പോയകാര്യം സാധിക്കാതെ തിരിച്ചുവരുമ്പോള്‍ അയാളെ കളിയാക്കും, 'പോനമച്ചാന്‍ തിരുമ്പിവന്താന്‍ പൂമണത്തോടെ' എന്ന്. വിവാഹത്തെപ്പറ്റി കുശുമ്പുപറച്ചിലാണ്, 'കല്യാണമാം കല്ലടപ്പാം' എന്നത്. തമിഴിലെ തണ്ണിയും പണ്ണലും മലയാളികള്‍ക്കു പരിഹാസമായപ്പോഴാകണം തലയാളികള്‍ വെള്ളവും ചെയ്യലും ശീലിച്ചത്. തലയാളപ്പെണ്‍കുട്ടി 'വെശക്കറത്' (വിശക്കുന്നു) എന്നുപറഞ്ഞപ്പോള്‍ തമിഴകപ്പെണ്‍കുട്ടി 'വെശര്‍പ്പ്' (വിയര്‍പ്പ്) ആണെന്നുകരുതി വിശറി കൊടുത്തതായി കഥയുണ്ട്. ചാണാച്ചുരുണൈ (അടുക്കളത്തുണി), ഒപ്പാരി (കണ്ണോക്കുപാട്ട്), പവ്വന്തി (തുണിയിലെ നിറപ്പകര്‍ച്ച) എന്നെല്ലാം ചില വാക്കുകള്‍ നിഘണ്ടുക്കളില്‍ കാണില്ല. തലയാളത്തിണ്റ്റെ തനതു വാമൊഴിതേടി എനിക്ക് അലയേണ്ടിവന്നിട്ടില്ല. കാരണം ജനിച്ചന്നുതുടങ്ങി ഞാന്‍ കേള്‍ക്കുന്നതും പറയുന്നതുമാണത്. ഔദ്യോഗികമായി എണ്റ്റെ മാതൃഭാഷ മലയാളമാണ്; എന്നാല്‍ അമ്മയോടും കുടുംബാംഗങ്ങളോടും സംസാരിക്കുന്നതും കത്താലിടപെടുന്നതും തലയാളത്തിലാണ്. ഒരു പാലക്കടന് ഗ്രാമത്തില്‍ പട്ടിണിയും പരിവാരവുമായി കഴിഞ്ഞിരുന്ന ഒരു തമിഴ്ബ്രാഹ്മണ പണ്ഡിതന് കൊടുങ്ങല്ലൂറ് കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ കാണാനെത്തി. എണ്റ്റെ കണക്കുകൂട്ടലില്‍ ൧൯൦൦-നോടടുപ്പിച്ചായിരിക്കണം അത്. മറ്റൊരുതൊഴിലും അറിയാത്ത അയ്യര്‍ക്ക് (എണ്റ്റെ ഊഹം, അദ്ദേഹത്തിണ്റ്റെ പേര് 'ഗണപതി' എന്നായിരുന്നെന്നാണ്) കുഞ്ഞിക്കുട്ടന്തമ്പുരാന് ഒരു കാവ്യം (ഇതിനെപ്പറ്റി 'കേരളസാഹിത്യചരിത്ര'ത്തില്‍ പരാമര്‍ശമുണ്ട്) എഴുതിക്കൊടുക്കുന്നു, അതു പാഠകമായിച്ചൊല്ലിനടന്ന് നിത്യവൃത്തിതേടാന്‍. തൃശ്ശിവപേരൂറ്, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെല്ലാം പാഠകംചൊല്ലിനടന്ന ഈ ബ്രാഹ്മണന് തൃപ്പൂണിത്തുറയിലുമെത്തി. അന്നത്തെ കൊച്ചിരാജാവിന് അദ്ദേഹത്തോടു പ്രിയംതോന്നി കൊട്ടാരത്തിലെ ഒരു കൊച്ചുകാര്യസ്ഥനായി ജോലികൊടുത്തത്രെ. താമസം കനകക്കുന്നുകൊട്ടാരത്തിണ്റ്റെ (ഹില്‍ പാലസ്) വലിയവളപ്പിനുള്ളിലെ ഒരു ഗൃഹത്തില്‍. വഴിയെ പാലക്കാട്ടുനിന്നു കുടുംബമെത്തി. മക്കളും കൊച്ചുമക്കളുമായി. മക്കള്‍ കൊച്ചിരാജസേവകരായിത്തുടര്‍ന്നു. കൊച്ചുമക്കള്‍ വേറെ തൊഴില്‍ കണ്ടെത്തി പലരും പലതുമായി. അതിലൊരാളായിരുന്നു എണ്റ്റച്ഛന്‍. അച്ഛനാണ് ഉള്ളൂരിണ്റ്റെ കയ്യില്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാണ്റ്റെ അധികമൊന്നും അറിയപ്പെടാത്ത ആ കൃതി എത്തിച്ചത്. [ക്ഷമിക്കണം, ആ കാവ്യത്തില്‍ "പദാംഗുഷ്ഠേന ഭൂപൃഷ്ഠം ലിഖന്തീ" എന്നോ "ചിത്രലേഖാ ലിലേഖാ" എന്നോ മറ്റോ ഒരു കഷ്ണം മാത്രമേ എനിക്ക് ഓര്‍മയില്‍ തെളിയുന്നുള്ളൂ; സംശയംതീര്‍ക്കാന്‍ 'കേരളസാഹിത്യചരിത്രം' തത്കാലം കയ്യിലൊട്ടില്ലതാനും. ] മലയാറ്റൂറ്‍ രാമകൃഷ്ണനും സിനിമാനടന് ജയറാമും മലയാളികളെ മാറത്തടുക്കിയ തലയാളന്‍മാരാണ്. മലയാറ്റൂരിണ്റ്റെ 'വേരുകള്‍', ടി. കെ. ശങ്കരനാരായണണ്റ്റെ 'ശവുണ്ഡി', സാറ തോമസ്സിണ്റ്റെ 'നാര്‍മടിപ്പുടവ' എന്നീ നോവലുകളില്‍ തലയാളം തലപൊക്കുന്നുണ്ട് വേണ്ടുവോളം. മലയാളശാസ്ത്രസാഹിത്യത്തില്‍ പരക്കെ കാണുന്ന ഒരു പേരാണ് രാജു നാരായണസ്വാമിയുടേത്. (അതിനുമുന്‍പ് ഈ നാരായണസ്വാമിയും പലേപേരുകളില്‍ ആ രംഗത്തുണ്ടായിരുന്നു എന്നു വിനയപൂര്‍വം. )
[Published in the fortnightly webmagazine www.nattupacha.com]
[Published in the fortnightly webmagazine www.nattupacha.com]
'മിലിട്ടറി'
'പോക്കറ്റാല്‍ പോലീസ്, ആയുസ്സറ്റാല്‍ പട്ടാളം' എന്നത് പഴയൊരു പറച്ചില്. ഇന്നതിനു രണ്ടിനും ഉദ്യോഗാര്‍ഥികളുടെ ഇരച്ചുകയറ്റമാണ്. പണ്ടത്തെ പേരുദോഷമൊക്കെ പോയിക്കിട്ടി. ആരുടെ ഏതു കഥയിലാണെന്നോര്‍മയില്ല. പട്ടാളക്കാരന്‍ചെക്കന്‍ പെണ്ണുകാണാന്‍വരുമ്പോള്‍ പെണ്ണാകെ വിരണ്ട് 'മി-ലി-ട്ട-റി' എന്നാര്‍ത്തലറി ഓടിയൊളിക്കുന്നൊരു സന്ദര്‍ഭമുണ്ട്. രണ്ടാംമഹായുദ്ധകാലത്ത് വിശ്രമത്തിനായി കൊച്ചിയിലിറങ്ങിയ വെള്ളപ്പട്ടാളക്കാര് നാടാകെ പരന്ന് പെണ്പിള്ളേരെ മുഴുവന്‍ പിന്തുടര്ന്നിരുന്ന കഥ അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. അന്ന് അമ്മ ഹൈസ്കൂള്‍ ക്ളാസ്സിലായിരുന്നു. മിലിട്ടറിലോറിയെങ്ങാനും കണ്ണില്പെട്ടാല് അവരെല്ലാംചേര്‍ന്ന് എത്രയുംപെട്ടെന്ന് ഓടി വീടണയുമായിരുന്നത്രെ. അതെല്ലാം അന്നത്തെ കഥകള്‍. കാലംമാറിയിട്ടും സൈനികരെപ്പറ്റി നമുക്കൊന്നുമറിയില്ല കാര്യമായി. അതിര്‍ത്തിപ്രദേശങ്ങളിലല്ലാതെ, മിലിട്ടറിക്കാരുമായി പൊതുജനങ്ങള്‍ക്ക് ആത്മബന്ധം പൊതുവെ കുറവാണ്. യുദ്ധകാലത്ത് കുറെ വാചാടോപം നടത്തിയേക്കും നമ്മള്. അതുകഴിഞ്ഞാല്‍ അവരെയങ്ങുമറക്കും. സൈന്യത്തില്‍ ആളുള്ള ഓരോ കുടുംബവും പക്ഷെ തീതിന്നാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. ഗള്‍ഫുകാരുടെ ഗൃഹാതുരതയെപ്പറ്റിയും വിരഹദു:ഖത്തെപ്പറ്റിയും അക്കരെയും ഇക്കരെയും നിന്ന് നമ്മള് പറയും, എഴുതും, പാട്ടുപാടും. പട്ടാളക്കാരുടെ കാര്യംവരുമ്പോള്‍ മിക്കവര്‍ക്കും എന്തോ ഒരു 'പോരായ്മ'യാണ്. 'പട്ടാളച്ചിട്ട' എന്നത് പാഴ്വാക്കല്ല. സൈന്യത്തില്‍ എല്ലാവര്‍ക്കുമുണ്ട് ഒരോ സ്ഥാനം. ഒരോന്നിനുമുണ്ട് ഒരോ ചിട്ട. കിറുകൃത്യത, പരിപൂര്‍ണത, പ്രതിജ്ഞാബദ്ധത; ഇതില്‍കുറഞ്ഞതൊന്നുമില്ല. ഇരുപത്തിനാലുമണിക്കൂറും ജാഗരൂകരായേ പറ്റൂ. യുദ്ധമുണ്ടെങ്കിലും ഇല്ലെങ്കിലും. അതവരുടെ ജീവനാണ്. ജീവന്‍വച്ചുള്ള പണിയാണ്. ആ പെരുമാറ്റച്ചിട്ട അവരുടെ സ്വകാര്യജീവിതത്തിലും കാണാം. ഏതു പ്രതിസന്ധിയിലും അവര്‍ പ്രതികരിക്കുന്നത് ഏറ്റവും അച്ചടക്കത്തോടെയായിരിക്കും. ബുദ്ധിയും മനസ്സും ശരീരവും ഒന്നായി പ്രവര്‍ത്തിക്കും. അധികം പറയില്ല; പറയുന്നത് പറയേണ്ട വിധത്തില്‍ പറയും. ഊണ്, ഉറക്കം, കുളി എന്നീ ദിനചര്യകളോ ജാതി, മതം ലിംഗം ഇത്യാദി വിഭജനങ്ങളോ അഴുക്ക്, വിയര്‍പ്പ്, ചോര മുതലായ ഋണസൂചകങ്ങളോ ഇരുട്ട്, വെയില്, മഞ്ഞ്, മഴ, കാറ്റ് എന്നുള്ള പ്രകൃതിവിഘ്നങ്ങളോ കാട്, മേട്, കുഴി, പുഴ, കടല്‍ തുടങ്ങിയ ഭൂപ്രകൃതികളോ അവരുടെ കര്‍ത്തവ്യങ്ങളെ കൂച്ചുവിലങ്ങിടില്ല. ഞാനെപ്പോഴും കരുതാറുണ്ട്, നമ്മള് ഇന്ത്യക്കാര്‍ നന്നാവണമെങ്കില്‍ അല്പം സൈനികപരിശീലനം ആവശ്യമാണെന്ന്. അതുപോലെ നാടടച്ചൊരു സഞ്ചാരവും. നമ്മുടെ സ്വാര്‍ഥതയും അഹന്തയും ആഡംബരവും അസ്തിത്വവാദവും പാടേ അകന്ന്, അറിവും ആത്മവിശ്വാസവും അഭിമാനവും അര്‍പ്പണബുദ്ധിയും അനുകമ്പയും ആരോഗ്യവും ആഭിജാത്യവും അപ്പോള്‍ വാനോളം വളരും. എല്ലാ ഉദ്യോഗങ്ങളിലുമെന്നപോലെ സൈനികവൃത്തിയിലും അല്ലറചില്ലറ അരുതായ്മകളുണ്ട്. എങ്കിലും വ്യക്തിയെന്നനിലയില്‍ സമൂഹത്തിലേക്കിറങ്ങിവരുമ്പോള്‍ സാധാരണക്കാരെക്കാളും കൊലകൊമ്പന്‍മാരെക്കാളും എത്രയോ മാന്യമായാണ് സൈനികര്‍ പെരുമാറുക. ഒരു പരിധിവരെയേ അവര്‍ക്കു ചീത്തയാകാനാകൂ. ആകപ്പാടെ പറയാവുന്ന ഒരു ദൂഷ്യം തലപ്പത്തുള്ളവരുടെ അല്പം പൊങ്ങച്ചമാണ്. അതും അവരുടെ ജീവിതശൈലിയുടെ പര്യായമാണെന്നു കരുതിയാല്‍ തീര്‍ന്നു. അറിഞ്ഞുതന്നെ കൊണ്ടുനടക്കുന്ന ഒരു ശീലമാണത്. അതുകൊണ്ടുതന്നെയാണല്ലോ, അവര്‍ ഗോവയിലെ ഒരു നാവികവാസസ്ഥലത്തിന് 'Senior Naval Officers' Bunglows (SNOBS)' എന്ന് സ്വയം പേരിട്ടത്! പണ്ടത്തെ 'ജയന്തി-ജനത' തീവണ്ടിയില്‍ ദില്ലിയില്‍നിന്നു മടങ്ങുകയായിരുന്നു ഒരിക്കല്‍. വേനല്‍ക്കാലം. കംപാര്‍ട്മെണ്റ്റാകെ ചുട്ടുപഴുക്കുന്നു. ഇരിക്കാതെയും കിടക്കാതെയും മലയാളിയാത്രക്കാര്‍ ഭൂമിമലയാളത്തെമുഴുവന്‍ പ്രാകിക്കൊണ്ട് നേരമ്പോക്കുകയാണ്. കുളിയും കുളിക്കുമേല്‍ കുളിയുമായി പകുതിദൂരം പിന്നിട്ടപ്പോള്‍ ട്രെയിനില്‍ വെള്ളമെല്ലാം തീര്‍ന്നു. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയില്‍ ഇടയ്ക്കിടെ ടോയ്ലറ്റില്‍പോയിനോക്കി, ഓരോതവണയും വെള്ളമില്ലെന്നു പരാതിപ്പെട്ടുകൊണ്ട് സീറ്റില്‍വന്നിരിക്കും മാന്യന്മാര്. നാഗ്പൂരോമറ്റോ അടുക്കാറായപ്പോള്‍, തുടക്കംമുതലേ മേലേത്തട്ടില്‍ അടങ്ങിയൊതുങ്ങിക്കിടന്നിരുന്ന ഒരു മനുഷ്യന് നിലത്തിറങ്ങി. വണ്ടി നിന്നപ്പോള്‍ പുറത്തിറങ്ങുന്നതും കണ്ടു. വണ്ടിവിടുന്നതോടൊപ്പം തിരിയെ ചാടിക്കയറിയ അയാള്‍ സീറ്റിലെത്തി എല്ലാവരോടുമായിപ്പറഞ്ഞു. വെള്ളം നിറപ്പിച്ചിട്ടുണ്ട്; ആവശ്യക്കാര്‍ക്ക് ടോയ്ലറ്റ് ഉപയോഗിക്കാം. പക്ഷെ വെള്ളം പാഴാക്കരുത്. അങ്ങ് തെക്കേയറ്റം വരെ എത്തേണ്ടതാണ്. വെള്ളത്തിണ്റ്റെ ആക്രാന്തം കഴിഞ്ഞ് ആഹാരമെത്തിയപ്പോള്‍ വീണ്ടും പരാതി. അതിലല്പം കാര്യവുമുണ്ടായിരുന്നു. ഒരു കൊച്ചുകുഞ്ഞിനു കൊറിക്കാന്‍മാത്രം മതിയാകുന്ന ഭക്ഷണം. ഉച്ചത്തില്‍ തുടങ്ങിയത് വഴിയേ മുറുമുറുപ്പായി അടങ്ങി. അതുവരെയ്ക്കും ആ പട്ടാളക്കാരന് മുകള്‍ബെര്‍ത്തില്‍ ചാരിയിരിക്കുകയായിരുന്നു. പതിയെ ഇറങ്ങിവന്ന് തണ്റ്റെ പ്ളേറ്റെടുത്ത് ഒന്നുനോക്കി. ഒരക്ഷരംഉരിയാടാതെ ഞൊടിയിടകൊണ്ട് തളിക കാലിയാക്കി വീണ്ടും മുകളില്‍ കയറിക്കിടന്നു. രണ്ടുരാത്രിയും പകലുമാണു യാത്ര. പിറ്റേന്ന് ഞാനയാളെ പരിചയപ്പെട്ടു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുന്ന സൈനികനാണയാള്‍. അവിടെയെല്ലാം വെള്ളവും ആഹാരവും കിട്ടിയാല്‍ കിട്ടി. കിട്ടിയാല്‍ കഴിക്കും. കിട്ടുമ്പോള്‍ കഴിക്കും. കിട്ടിയതു കഴിക്കും. പകയ്ക്കോ പരാതിക്കോ പരിഭവത്തിനോ പരിഭ്രാന്തിക്കോ പരിഹാസത്തിനോ ഒന്നും അവിടെ സ്ഥാനമില്ല. നാടുകാക്കുക. അതിനുവേണ്ടിമാത്രം ജീവന് കാക്കുക. അതാണ് സൈനികജീവിതം. വേറൊരു യാത്രയില്‍ പരിചയപ്പെട്ടതും ഒരു മലയാളി മിലിട്ടറിക്കാരനെ. ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം കലാപമടക്കാന്‍ ദില്ലിയിലെത്തിയ പട്ടാളത്തിലുണ്ടായിരുന്നു. ഡ്രൈവറായിരുന്നു. മിലിട്ടറി ട്രക്ക് ആള്‍ക്കൂട്ടത്തിലേയ്ക്ക് ഇരച്ചുകയറ്റണം. വണ്ടിയിലെ പട്ടാളക്കാര്‍ വെടിവയ്ക്കും. ആളുകള്‍ ചത്തുവീഴും. അതുകണ്ടാലും കണ്ടില്ലെങ്കിലും ഒരുപോലെ. വണ്ടിയോടിച്ചുകൊണ്ടേയിരിക്കണം. അതാണ് ഉത്തരവ്. അതാണ് ഉത്തരവാദിത്വം. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അയാള്‍ അക്കഥ പറഞ്ഞുനിര്‍ത്തിയത്. പിന്നൊരിക്കല്‍ ദില്ലിയില്‍വച്ച് ഞാനൊരു ഓട്ടോ പിടിക്കുന്നു. അല്പദൂരം പിന്നിട്ടപ്പോള്‍ ഓട്ടോക്കാരന് വണ്ടി ഒരു പെട്രോള്‍പമ്പില്‍ കയറ്റി. ബില്‍ എന്നോടുകൊടുക്കാന്‍ അഭ്യര്‍ഥിച്ചു. സാമാന്യം ദീര്‍ഘദൂരം പോകാനുള്ളതുകൊണ്ട് വൈമനസ്യത്തോടെയാണെങ്കിലും കാശു ഞാന്‍ കൊടുത്തു. അല്പംകൂടി പോയപ്പോള്‍ അയാള്‍ ഒരു കുട്ടിക്കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. 'വിരോധമില്ലെങ്കില്‍ ഒരു പത്തുരൂപ കൂടി തരാമോ?', അയാള്‍ കെഞ്ചി. എണ്റ്റെ കണ്മുമ്പില്വച്ചുതന്നെ അയാള്‍ ഒരു ചെറിയകുപ്പി വാറ്റുചാരായം വാങ്ങി സീറ്റിനടിയില്‍ തിരുകി. എനിക്കാകെ തിളച്ചുകയറി. 'എന്തിനീ വിഷവുംകുടിച്ച് ജീവിതം നശിപ്പിക്കുന്നു?' എണ്റ്റെ ചോദ്യം അയാള്‍ കേട്ടതേയില്ല. ഇറങ്ങാന്‍നേരത്ത് മീറ്റര്‍വാടകയില്‍നിന്ന് പെട്രോള്‍കാശും ചാരായക്കാശുംകിഴിച്ച് ബാക്കി എന്തോ ചില്ലിക്കാശ് കൂലിപറഞ്ഞു. പണമെടുക്കുന്നസമയം ഞാനയാളോട് എണ്റ്റെ ചോദ്യം ആവര്‍ത്തിച്ചു. 'സാബ്,' അയാള്‍ തുടങ്ങി. 'പട്ടാളത്തിലായിരുന്നു. എണ്റ്റെ തെമ്മാടിത്തംകൊണ്ടുതന്നെ അവരെന്നെ പുറത്താക്കി. ഭാഗ്യത്തിന് പിരിയുംനേരം ചീത്തയായൊന്നും അവരെഴുതിവച്ചില്ല. വിമുക്തഭടനെന്നപേരില്‍ ഈ ഓട്ടോജോലി തുടങ്ങി. എങ്ങും എത്തുന്നില്ല സാര്‍. ആകെയുള്ള സന്തോഷം ആ കുപ്പിയിലുള്ളതുമാത്രം. മിലിട്ടറിയില്‍തന്നെ തുടര്‍ന്നാല്‍ മതിയായിരുന്നു. മാഫ് കീജിയേ സാബ്.' എനിക്കൊന്നും പറയാനില്ലായിരുന്നു. ദില്ലിയിലെതന്നെ മറ്റൊരു സംഭവം. ഓഫീസ്കാര്യത്തിനായി പെട്ടെന്ന് അവിടേയ്ക്കുപോകേണ്ടിവന്നു. എപ്പോഴും എണ്റ്റെ പേടിസ്വപ്നമാണ് ദില്ലിയില്‍ താമസമൊരുക്കല്‍. എണ്റ്റെ വേവലാതി അറിഞ്ഞ ഒരു സുഹൃത്ത്, ഗോവയിലെ കാലാവസ്ഥാകേന്ദ്രത്തിണ്റ്റെ മേധാവി, തലസ്ഥാനത്തെ അവരുടെ ഗസ്തൌസിലേയ്ക്ക് വയര്‍ലെസ്സ്സന്ദേശമയച്ച് മുറി ശരിയാക്കിത്തരാമെന്നേറ്റു. വൈകുന്നേരമായപ്പോഴേക്കും ഞാന്‍ 'മൌസം ഭവ'നില് എത്തിപ്പെട്ടു. പതിവുപോലെ, മുറിയൊന്നുമില്ലെന്നു കാര്യസ്ഥന്. സന്ദേശമയച്ചിട്ടുണ്ടെന്നു ഞാനും. എങ്കില്‍കാണിച്ചു തരൂ എന്നായി അയാള്‍. ഒരുകെട്ടു കടലാസ്സുകള്‍ എണ്റ്റെ കയ്യില്‍ തന്നു. കണ്ടുപിടിച്ചുകൊടുത്തപ്പോള്‍ മുറിയുണ്ട്, പക്ഷെ താക്കോലില്ലെന്നായി നുണ. ഏഴുമണിയോടെ 'DDGM'സാബ് (Deputy Director General of Meteorology) വന്നാലേ ചാവി കയ്യില്‍കിട്ടൂ എന്നൊരു മലക്കം മറിച്ചില്‍ (അത്ഭുതപ്പെടണ്ട, തലപ്പത്തുള്ളവരുടെ തൊഴില്‍ ഇതൊക്കെത്തന്നെയാണ്). ഞാന്‍ കാത്തിരുന്നു. അപ്പോള്‍ വരുന്നു മറ്റൊരു അതിഥി. ആജാനുബാഹുവായൊരാള്‍. വന്ന ഉടനെ ഉച്ചത്തില്‍ പറഞ്ഞു, 'റൂം ഖോലോ!' ഭവ്യതയോടെ റെജിസ്റ്റര്‍ നീട്ടി കാര്യസ്ഥന്. കയ്യൊപ്പിടുമ്പോള്‍ അയാള്‍ ചോദിച്ചു, മുറിയില്‍ കൂടെത്താമസിക്കേണ്ട ആള് വന്നോ എന്ന്. ഇല്ലെന്നു കാര്യസ്ഥന്. വന്നയാള്‍ എണ്റ്റെ പേര് റെജിസ്റ്ററില്‍നോക്കി വായിക്കുന്നതുകേട്ട് ഞാന്‍ സ്വയം പരിചയപ്പെടുത്തി. ഇളിഭ്യനായ കാര്യസ്ഥന് ഞങ്ങള്‍ക്കു മുറി തുറന്നുതന്നു. ആ 'സഹമുറിയന്' അതിര്‍ത്തിസേനയില്‍നിന്നായിരുന്നു. എണ്റ്റെ ഹിന്ദിയും അയാളുടെ ഇംഗ്ളീഷും ഒരുപോലെ ആയിരുന്നതിനാല്‍ അധികമൊന്നും ബുദ്ധിമുട്ടേണ്ടി വന്നില്ല. എങ്ങിനെയെങ്കിലും ഒന്നു കുളിച്ചു കിടന്നുറങ്ങാന്‍ തത്രപ്പെട്ട എന്നെ അയാള്‍ നിര്‍ബന്ധിച്ചു പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി അത്താഴത്തിന്. എണ്റ്റെ അല്പാഹാരം കണ്ട് അയാള്‍ക്കു ചിരി. 'വെറുതെയല്ല നിങ്ങള്‍ മദ്രസികള്‍ അധികമൊന്നും സൈനികരാകത്തത്; നിങ്ങള്‍ക്കു മുറിപോലും കിട്ടാത്തത്. തിന്നു തടിമിടുക്കുണ്ടായാലേ അതൊക്കെ പറ്റൂ. ദാ, നോക്കൂ. ഒറ്റയടിക്ക് എത്ര ചപ്പാത്തി തിന്നണം പറയൂ. റെഡി. അല്ല പഷ്ണിക്കാണെങ്കില്‍ അതിനും റെഡി!'. പിറ്റേന്നു പിരിയുമ്പോള്‍ അയാള്‍ പറഞ്ഞു. 'ഇനിയും കണ്ടുമുട്ടണമെന്നുണ്ട്. പോസ്റ്റിംഗ് അതീവ രഹസ്യസ്ഥാനത്തായതിനാല്‍ കത്തിടപാടൊന്നും നടക്കില്ല. തല്ക്കാലം ഗുഡ് ബൈ. ' നാവികസേനയുടെ കപ്പലുകളില്‍ സാധാരണ സിവിലിയന്മാരെ അനുവദിക്കാറില്ല. എങ്കിലും മുംബൈകടലില്‍ പ്രധാനപ്പെട്ടൊരു പണിക്കായി അവരെന്നെയും കൂട്ടരെയും വിളിച്ചുകൊണ്ടുപോയി ഒരിക്കല്‍. ഒരു യുദ്ധക്കപ്പലില്‍ താല്‍ക്കാലികമായി ഉപകരണങ്ങളെല്ലാം സ്ഥാപിച്ചാണ് പര്യവേക്ഷണം. അതിരാവിലെ തുടങ്ങിയ പണി ഉച്ചതിരിഞ്ഞതോടെ ഭക്ഷണത്തിനായി നിര്‍ത്തിവച്ചു. ഞങ്ങളെ സഹായിച്ചുനിന്ന നാവികന്മാര്ക്കും സന്തോഷമായി. അല്പം വിശ്രമിക്കാമല്ലോ. വേഗത്തില്‍ ആഹാരം കഴിച്ച്, ബാക്കിയുള്ളവര്‍ വരുന്നതുവരെ കുറച്ചു കടല്‍ക്കാറ്റുകൊള്ളാമെന്നു കരുതി ഞാന്‍ കപ്പല്‍ത്തട്ടില്‍ ചാരി നില്‍ക്കുകയായിരുന്നു. അപ്പോള്‍ അതിലേവന്ന കമാണ്റ്റിംഗ് ഓഫീസര്‍ കാര്യമെന്തെന്നു തിരക്കി. ഞാന്‍ പറഞ്ഞു, പണിതുടങ്ങാന്‍ സഹനാവികര്‍ ഊണുകഴിച്ചുവരാന്‍ കാത്തിരിക്കുകയാണെന്ന്. പറഞ്ഞതു സത്യവും നിരുപദ്രവുമായിരുന്നെങ്കിലും അതബദ്ധമായിപ്പോയെന്ന് ഉടനറിഞ്ഞു. കമാണ്റ്റിംഗ് ഓഫീസര്‍ ഉടനെ ഉത്തരവിറക്കി ചോറുണ്ടവരെയും ഇല്ലാത്തവരെയും നേരെ ഡെക്കില്‍ നിരത്തി. പുറത്തുനിന്നുവന്ന ശാസ്ത്രജ്ഞരെ കാത്തിരിപ്പിച്ചതിനു ശിക്ഷയായി അവരുടെ അന്നത്തെ 'shore-leave' (കരയ്ക്കിറങ്ങാനുള്ള അനുവാദം) റദ്ദാകുകയും ചെയ്തു. പിന്നീട് ആ ഉദ്യോഗസ്ഥനെ കണ്ടപ്പോള്‍ ഞാനുദ്ദേശിച്ചതെന്താണെന്നും അദ്ദേഹം ധരിച്ചതെന്താണെന്നും വ്യക്തമാക്കി. അയാളുടെ മറുപടി ഇന്നും എനിക്കു മന:പാഠമാണ്: 'ഞങ്ങള്‍ സൈനികര്‍ക്ക് എല്ലാം മുഖവിലയാണ്. വരികള്‍ക്കിടയില്‍ വായിക്കാറില്ല. ' അതിനുമുമ്പ് മറ്റൊരു നാവികക്കപ്പലില്‍ നിയന്ത്രണമുറിയില്‍ എഴുതി ഒട്ടിച്ചുവച്ചിരുന്നത് ഓര്മ വരുന്നു: 'If you have nothing to do here, Don't do it here'നിങ്ങള്‍ക്കിവിടെ ഒന്നും ചെയ്യാനില്ലെങ്കില്‍, നിങ്ങള്‍ക്കൊന്നും ചെയ്യാനില്ല ഇവിടെ. നാട്ടില്‍ ഞങ്ങളുടെ അയലത്ത് ഒരു പട്ടാളക്കാരനുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് സൈന്യത്തില്‍ ചേര്‍ന്നു. പിന്നീട് ഇന്ത്യന്‍ ആര്‍മിയിലായി. ആറ്-ആറര അടി പൊക്കം. ഒട്ടും സ്ഥൂലമല്ലാത്ത ദേഹക്കെട്ട്. ഒരു വടിപോലെ നിവര്‍ന്നേ നടക്കൂ. മുഖത്തെപ്പോഴുമുണ്ടാകും ഒരു മൃദുമന്ദഹാസം. നാട്ടില്‍വന്നാല്‍ വെള്ളമുണ്ടും വെള്ള ഷര്‍ട്ടുമിട്ടേ നടക്കൂ. ഏതുവഴി നടന്നാലും വേലിക്കും മതിലിനും പടിവാതിലിനും മുകളിലൂടെ തല കാണാം. ഒതുങ്ങിയ ശബ്ദം, സംസാരം. പണ്ട് കൊച്ചിരാജാവിണ്റ്റെ അംഗരക്ഷകസേനയിലുണ്ടായിരുന്നിട്ടുണ്ട്. അന്നത്തെ മൂര്‍ച്ചയില്ലാത്ത ആചാരവാള്‍ അദ്ദേഹത്തിണ്റ്റെ തറവാട്ടിലെ വിളക്കുമുറിയില്‍ ഇന്നുമുണ്ടെന്നു തോന്നുന്നു. ലീവില്‍ വരുമ്പോള്‍ അതെല്ലാം ഞങ്ങള്‍ കുട്ടികള്ക്കെടുത്തു കാണിച്ചുതരും. കുറെ പട്ടാളക്കഥകളും പറയും. കൊന്നതും തിന്നതുമൊന്നുമല്ല. ചെന്നെത്തിയ സ്ഥലങ്ങളിലെ ജനവിശേഷങ്ങള്‍. മുതിര്‍ന്നവര്‍ 'പടനായര്' എന്നു കളിക്കായി വിളിക്കുമെങ്കിലും നില്‍പ്പിലും നടപ്പിലും വീടുഭരണത്തിലുമുള്ള മുറയും ചിട്ടയുമല്ലാതെ വേറൊരു 'ബഹിളി'യും, ആ ആചാരവാള്‍പോല്‍തന്നെ മൂര്‍ച്ചയും, ഇല്ലാത്ത മനുഷ്യന്. ആണ്മക്കളില് ഒരാള്‍ വായുസേനയില്‍ ചേര്‍ന്നു. മറ്റയാള്‍ നാവികസേനയിലും. അങ്ങനെ ഒരു ത്രിസേനാകുടുംബം. വഴിയേ പെന്‍ഷന്‍പറ്റി തിരിച്ചെത്തുമ്പോള്‍ വീടും വീട്ടുകാരുമെല്ലാം പ്രായത്തിലും എണ്ണത്തിലും വളര്‍ന്നിരുന്നു. എന്തുകൊണ്ടോ ആള് പഴയ പ്രസരിപ്പെല്ലാം വെടിഞ്ഞ് വെറുമൊരു വ്യക്തിയായി മാറി. വീട്ടിലോ നാട്ടിലോ ഒരു കാര്യത്തിലും ഇടപെടാതെ ഒതുങ്ങി ജീവിച്ചു. ഒരു ദിവസം പടിക്കപ്പുറത്തുനിന്നുകൊണ്ട് അദ്ദേഹം എണ്റ്റെ അമ്മയെ ഒരിക്കലുമില്ലാത്തവിധം പേരെടുത്തുപറഞ്ഞ് ഒരുപാടു ശകാരിച്ചു. തണ്റ്റെ വീട്ടില്‍നിന്ന് കാര്യമായെന്തോ കശപിശകഴിഞ്ഞ് ഇറങ്ങിവന്നതാണെന്നു തോന്നി. വയസ്സിനു നന്നേ ഇളപ്പമായ അമ്മയോട് അതേവരെ വളരെ വാത്സല്യത്തോടും ബഹുമാനത്തോടുംകൂടിയേ അദ്ദേഹം സംസാരിച്ചിട്ടുള്ളൂ. അമ്മയ്ക്കാകെ വിഷമമായി. പറഞ്ഞതൊന്നും വ്യക്തമായിരുന്നുമില്ല. നോക്കിനില്ക്കുമ്പോള് ശരംവിട്ടപോലെ റോഡിലൂടെ നടന്നുപോകുന്നതു കണ്ടു. രാവിലെയാണു സംഭവം. ഉച്ചതിരിഞ്ഞറിയുന്നു, അദ്ദേഹത്തിണ്റ്റെ മൃതദേഹം അല്പം അകലെയുള്ള തീവണ്ടിപ്പാളത്തില്‍ കിടക്കുന്നുണ്ടെന്ന്. ആ പാവംമനസ്സില്‍ എന്തായിരുന്നോ തിളച്ചുമറിഞ്ഞിരുന്നത്. ഉദ്യോഗത്തിലിരിക്കെ ഒരു വാഹനാപകടത്തില്‍പെട്ട് ശരീരവും മനസ്സും ഒന്നുപോലെ തളര്‍ന്നുപോയ ഒരു ഉശിരന്‍ വ്യോമസൈനികണ്റ്റെ കഥ ഇപ്പോള്‍ പറയുന്നില്ല. ഉയിരുണ്ടെങ്കില്‍ പൊരുതിജീവിക്കുമെന്ന അദ്ദേഹത്തിണ്റ്റെ വാശിയും, ഉയിരുണ്ടെങ്കിലും ഇല്ലെങ്കിലും സൈനികരെയും അവരുടെ കുടുംബത്തെയും നോക്കിപ്പോറ്റുമെന്ന സൈന്യത്തിണ്റ്റെ പ്രതിജ്ഞാബദ്ധതയും ആ മനുഷ്യനെ മെല്ലെ മെല്ലെ ജീവിതത്തിലേയ്ക്കു തിരിച്ചെത്തിച്ചുകൊണ്ടിരിക്കുന്നു.
[Published in the fortnightly webmagazine www.nattupacha.com]
[Published in the fortnightly webmagazine www.nattupacha.com]
ഉപവാസവും മറ്റും
മലയാളികളെപ്പറ്റി പൊതുവായി ഒരു പറച്ചിലുണ്ട്, അവര്‍ ഉണ്ണാമന്മാരാണെന്ന്. ന്ന്വച്ചാല് വിസ്തരിച്ചൊരു പ്രാതലും ഒച്ചവച്ചൊരു ഉച്ചയൂണും നാലുമണിപ്പലഹാരവും മിഷ്ടാന്നമത്താഴവും അതിണ്റ്റെപുറത്തൊരു ഏമ്പക്കവും തദനന്തരം അല്പം ഏമ്പോക്കിത്തരവും. ഒരാഹാരംകഴിഞ്ഞു മൂന്നുമണിക്കൂറിനകം വയര്‍ തിരുമ്മിത്തുടങ്ങും. ആഹാരം കഴിഞ്ഞാലുമുണ്ട് ഒരു വയര്തിരുമ്മല്. എണ്ണയിറ്റുന്ന മുടിയും കവിഞ്ഞൊഴുകുന്ന വയര്‍മടക്കുകളും പഴുതാരമീശയും ബീഡിവലിയും ചീട്ടുകളിയും കള്ളുകുടിയും കുറിക്കച്ചവടവും പാരവപ്പും പരപുച്ഛവും പരദേഹദര്‍ശനവും സ്വര്‍ണഭ്രാന്തും ജലഭ്രാന്തുംപോലെ ഒരു പേരുദോഷം. കുട്ടിക്കുമ്പയില്ലാത്ത മലയാളിയെക്കാണില്ലെന്നു പറഞ്ഞതു ഞാനല്ല. ഒരു ബംബായിക്കാരന്‍ മലയാളിയാണ്. സഖാവിനുമുണ്ട് ഇമ്മിണിവല്യ കുട്ടിക്കുടവയറ്. ഇതൊക്കെക്കൊണ്ടാവണം 'ഉപവാസം', 'ഒരിക്കല്‍', 'പട്ടിണി', 'നൊയ്മ്പ്', 'പഥ്യം' എന്നീ പേരുകളില്‍ പലപല പിന്തിരിപ്പന് ആശയങ്ങള്‍ ആമാശയ-ആശാന്മാര് ഉണ്ടാക്കിവച്ചത്. ആള്‍വരുന്നതിനുമുന്‍പേവരുന്ന വയറിനെ ഒന്നു 'പിന്'തിരിപ്പിക്കാനായി ഓരോരോ പരിപാടികള്‍!. അത്താഴംകഴിഞ്ഞ് പ്രാതല്‍വരെ പട്ടിണിയായതുകൊണ്ടാണല്ലോ 'break-fast' എന്ന നോമ്പുതുറ കണ്ടുപിടിക്കപ്പെട്ടത്. "Breakfast like a King, Lunch like a Prince, Dinner like a Beggar" എന്നൊരു മഹദ്വചനവും. സായ്പ്പന്മാര്ക്ക് 'supper' എന്നൊരു കൊട്ടിക്കലാശവുമുണ്ട് രാത്രിയില്‍. അതാരെപ്പോലെവേണമെന്നു പറഞ്ഞിട്ടില്ല. നിവൃത്തിമുട്ടുമ്പോഴാണു പട്ടിണി. അതു പാവപ്പെട്ടവരുടെ പേറ്റണ്റ്റ്. എന്നിരിക്കിലും അമിതാഹാരംകഴിച്ചവര്‍ക്കും കുടുംബകലഹക്കാര്‍ക്കുമിടയില്‍ പട്ടിണി സൌകര്യപൂര്‍വം കടന്നുവരാറുണ്ട്. ദരിദ്രണ്റ്റെ വിധിയാണെങ്കില്‍, കുടിച്ചുകൂത്താടിയവണ്റ്റെ ശിക്ഷയും കാര്യംകാണാന്‍ കുടുംബിനിയുടെ തന്ത്രവും സിനിമക്കാരിയാകാന്‍ ഒരുമ്പെട്ടവളുടെ മന്ത്രവും അജീര്‍ണംപിടിച്ച വൃദ്ധണ്റ്റെ മരുന്നുമാണ് അത്താഴപ്പട്ടിണി. 'ഒരിക്കല്‍' എന്ന പട്ടിണി ലേശം സുഖമുള്ള സംഗതിയാണ്. ഒരുനേരം അരിയാഹാരം വേണ്ടെന്നുവച്ച് വേറെന്തെങ്കിലും സുഭിക്ഷമായിക്കഴിക്കുക. മുഷിയില്ല. എന്നാല്‍ അല്പം കടുപ്പംകൂടിയ 'ഒരിക്ക'ലാണ് 'നൊയ്മ്പ്'. അതിന് കാലക്രമവും സമയക്രമവും ചിട്ടവട്ടങ്ങളുമെല്ലാമുണ്ടായിരിക്കും. സൌഭാഗ്യത്തിനും സൌമംഗല്യത്തിനുമൊക്കെയായിരുന്നത്രേ നൊയമ്പുനോല്‍ക്കല്‍; ആരോഗ്യത്തിനും അനുതാപത്തിനും എന്നുകൂടി പറയാം. ഇന്നിപ്പോള്‍ ചിട്ടവട്ടങ്ങള്‍ കൂടിക്കൂടി, വന്‍ചടങ്ങുമാത്രമല്ല ഒരാഘോഷവുമായിരിക്കുന്നു അത്. നോമ്പുകഴിഞ്ഞാല്‍ എന്തും വെട്ടിവിഴുങ്ങാം, വെട്ടിവിഴുങ്ങണം, എന്നു നിഷ്കര്‍ഷിക്കുന്നത് ടീവിക്കാരും പരസ്യക്കാരുമാണ്. പ്രത്യേക വിഭവങ്ങളും പ്രത്യേകപരിപാടികളും പൊടിപൊടിക്കുമ്പോള്‍ പൂഴിമണ്ണാകുന്നത് പഴയ സങ്കല്പങ്ങളാണ്. ഇക്കാലത്ത് എന്നും നൊയമ്പാകട്ടെ എന്നു പ്രാര്ഥിക്കാത്തവര് ചുരുങ്ങും. വിശക്കുന്നവണ്റ്റെ വിളിയേയ്!. ഉപവാസം ദേഹംനന്നാക്കാനോ ദേഹി നന്നാക്കാനോ? ശരിക്കുള്ള ഉപവാസം ഒരുപക്ഷെ 'സ്വയംകൃതാനര്‍ഥ'മാണ്. ശരീരത്തിണ്റ്റെ മീതെ മനസ്സിനെയും മനസ്സിണ്റ്റെ മീതെ ആത്മാവിനെയും പ്രതിഷ്ഠിക്കാന്‍പറ്റിയ വഴിയായി ഗാന്ധിജി അതിനെ കണ്ടു. അതൊരായുധവുമാക്കി. തിന്മക്കെതിരെ പോരാടാന്‍ നന്മയുടെ ആയുധം. ആത്മഹത്യാപരമെങ്കിലും അഹിംസാപരമായ യുദ്ധോപാധി. അത് അന്തക്കാലം. 'അനിശ്ചിതകാല ഉപവാസ'വും മരണംവരെ 'നിരാഹാരസത്യാഗ്രഹ'വും ഇപ്പോള്‍ 'ആറുതൊട്ടാറുവരെ'യൊക്കെയായി. ഒരുപടികൂടിക്കടന്ന് 'റിലേ സത്യാഗ്രഹ'വുമായി. പ്രാതല്‍തൊട്ട് 'മധ്യാന്നം' (മധ്യാഹ്നം അല്ല; 'Mid-day meal') വരെയും 'മധ്യാന്നം'തൊട്ട് അത്താഴം വരെയും പട്ടിണികിടന്നു സമരം ചെയ്യാം നിത്യം. ഇനി 'virtual' ഉപവാസവുമാകാം; ഏതായാലും ഇണ്റ്റെര്‍നെറ്റ്-ആരാധനവരെ എത്തിക്കഴിഞ്ഞല്ലോ നമ്മള്. 'പഥ്യം' സ്വയംകൃതമാകാം, പരപ്രേരിതവുമാകാം. മറ്റെല്ലാത്തിനുമെന്നപോലെ 'പഥ്യ'ത്തിനും രണ്ടര്‍ഥമുണ്ട്. പൊതുവെ 'ഇഷ്ടാഹാര'മെന്ന ഇഷ്ടഭാഷ്യം. വളരെ പരിമിതപ്പെടുത്തിയ 'ലളിതാഹാര'മെന്ന് ആയുര്‍വേദഭാഷ്യം. അല്ലെങ്കിലും നല്ലതിണ്റ്റെ നേരെമറിച്ചല്ലേ നമ്മള്‍ക്കെന്തും. നന്നും നഞ്ഞും കടുകിടയ്ക്കുള്ള വ്യത്യാസത്തിലല്ലേ. ഇച്ഛിക്കുന്നതു സ്വയമങ്ങു വിധിച്ചാല്‍ സര്‍വം മംഗളം. പണ്ട് നാട്ടില്‍ പ്രഭുമുതലാളി എന്നറിയപ്പെട്ടിരുന്ന പാരമ്പര്യവൈദ്യന്‍ പറഞ്ഞതോര്‍ക്കുന്നു. 'അരി' എന്നാല്‍ 'ശത്രു' എന്നര്‍ഥം. അതിനാല്‍ അരി-ആഹാരം ആപത്ത്. അരിപോലെ വെളുത്തതെല്ലാം വര്‍ജിക്കണം (പഞ്ചസാര, മൈദ, മുട്ട, പാല്). ചുവന്നതെല്ലാം സൂക്ഷിക്കണം (കപ്പല്‍മുളക്, ഇറച്ചി). പച്ചയെല്ലാം പതിവാക്കണം (പച്ചിലവര്‍ഗം, പച്ചമുളക്, പച്ചപ്പഴങ്ങള്‍). കറുത്തതൊന്നും കുഴപ്പമില്ല (കുരുമുളക്, കായം, കടുക്ക, ശര്‍ക്കര). മഞ്ഞയും മോശമല്ല (മഞ്ഞള്‍). അയ്യോ പാവം, ആ വൈദ്യനു രാഷ്ട്രീയമൊന്നും ഉണ്ടായിരുന്നില്ല! മഹാരാഷ്ട്രക്കാര്‍ക്കൊക്കെ 'ഉപവാസ്' ഒന്നു പ്രത്യേകമാണ്. ആഴ്ച്ചയില്‍ സ്വയംതിരഞ്ഞെടുത്തൊരു ദിവസമാകുമത്. കല്യാണംകഴിയാന്‍ പെണ്ണുങ്ങള്‍ക്കും കാശുണ്ടാവാന്‍ ആണുങ്ങള്‍ക്കുമുള്ള കുറുക്കുവഴിയാണത്രെ 'ഉപവാസ്' എന്ന സൂത്രം. കാലത്തുതൊട്ട് ചായയും വെള്ളവുമല്ലാതെ 'മറ്റൊന്നും' കുടിക്കില്ല. വിശന്നാല്‍ തിന്നാന്‍ ചില പ്രത്യേക വിഭവങ്ങളുണ്ട്. കപ്പലണ്ടിയും സാബുധാന(സാഗു/ജവ്വരി)യും ഉരുളക്കിഴങ്ങും ജീരകവും കൊത്തമല്ലിയിലയുമെല്ലാം എണ്ണയില്‍കുളിപ്പിച്ചൊരു 'കിച്ടി'; അല്ലെങ്കില്‍ അവ കൂട്ടിക്കുഴച്ച് എണ്ണയില്‍വറുത്തെടുത്ത 'വഡി'. ഒരുമാതിരിപ്പെട്ട ഹോട്ടലുകളിലെല്ലാം എന്നുംകിട്ടും ഈ ഉപവാസവിഭവങ്ങള്‍. സൂര്യനോടൊപ്പം ഉപവാസവും അവസാനിക്കും. ഒരിക്കല്‍ ഒരു മറാഠിക്കാരിയോടൊപ്പം ഒരു ഹോട്ടലില്കയറി ആഹാരത്തിനിരുന്നു. തനിക്കന്ന് ഉപവാസമാണെന്ന് അവള്. വെയ്റ്റര്‍ വന്നപ്പോള്‍ ഞാന്‍ എനിക്കുവേണ്ടതുമാത്രം പറഞ്ഞു. 'ഉപവാസ് കേ ലിയേ ക്യാ ഹെ?', അവളുടെ ചോദ്യം. വെയ്റ്റര്‍പയ്യണ്റ്റെ മറുപടി ഉന്നംതെറ്റാതെ പറന്നുവന്നു: 'പാനി ഹെ'. അതൊരു മലയാളിഹോട്ടലായിരുന്നെന്നു ഞാന്‍ പ്രത്യേകം പറയേണ്ടല്ലോ.
[Published in the fortnightly webmagazine. www.nattupacha.com]
[Published in the fortnightly webmagazine. www.nattupacha.com]
Sunday, 31 October 2010
Subscribe to:
Posts (Atom)
മൗനവ്രതം
മൗനവ്രതം (നാരായണസ്വാമി) പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...
-
എനിക്കു മനസ്സിലാകാത്ത ഒരുപാടു കാര്യങ്ങളുണ്ട് ലോകത്ത്. അതിലൊന്നാണ് വർണം , നിറം , കളർ എന്നെല്ലാം നമ്മൾ പറഞ്ഞുകൂട്ടുന്ന തൊലിപ്പുറസംഗതി. ...
-
അന്നെനിക്കു പതിനേഴോ പതിനെട്ടോ പ്രായം. മഹാരാജാസ് കോളേജിൽ മലയാളം ഐച്ഛികം ക്ളാസ്സ്. ഗുപ്തൻനായർസാർ ക്ളാസ്സു കത്തിച്ചുകയറുന്നു. ...
-
ഭാഷ പരസ്പരം സംവദിക്കാനാണ് ; മനുഷ്യനെ ഒന്നിപ്പിക്കാനാണ്. അല്ലാതെ ഭിന്നിപ്പിക്കാനോ ഛിന്നിപ്പിക്കാനോ അല്ല. നല്ലൊരുകാര്യം നാറ്റിച്ചൊര...