വിഴിഞ്ഞത്തേക്കുള്ള വഴിയിലാണെന്നു തോന്നുന്നു, ഒരിക്കൽ ഒരു ബോർഡുണ്ടായിരുന്നു. "ആലോചനാമൃതം ആഹാരം". ഒരു പരസ്യം, ഗാർവാറേ നൈലോൺവലയുടെ. വലക്കകത്ത് ഒരു മീനുമുണ്ടായിരുന്നു ചിത്രത്തിൽ. പിന്നീടറിഞ്ഞു, അത് 'Food for Thought' എന്നതിന്റെ വിവർത്തനമായിരുന്നെന്ന്. പരിഭാഷക്കാരൻ രസികനാവണം.
അറുപതുകളിൽ ആഹാരം നന്നേ കമ്മിയായിരുന്നല്ലോ ഈ നാട്ടിൽ. വടക്കന് അരിയും തെക്കന് ഗോതമ്പും വിളമ്പുന്ന കാലം. 'കോഴിറേഷ'നു ക്യൂനിൽക്കുന്ന കാലം. പുഴുക്കലരിക്ക് പുഴു+കൽ+അരി എന്നു ഭാഷ്യം ചമയ്ക്കുന്ന കാലം. "ഉള്ളിത്തൊലിപോലെ ദോശയുണ്ടാക്കി പൈസ പതിനഞ്ചുമേടിക്കും" എന്ന് നാട്ടാർ അലമുറയിടുന്ന കാലം (അത് ഒരു പൈസ നാണയമുള്ള കാലം). നാടൻഹോട്ടലുകളിൽപോലും 'Rice served only once" എന്നും "Janatha Meals Also Available" എന്നുമെല്ലാം എഴുതിവയ്ക്കുന്ന കാലം. അന്നത്തെ ബോംബെയിലും മറ്റും ആഴ്ചയിലൊരിക്കൽ ചോറേവിളമ്പാത്ത കാലം. നാട്ടിൽവന്നു തിരിച്ചുപോകുന്നവർ തലയണക്കുള്ളിലുമൊക്കെ അരിനിറച്ചു അതിർത്തികടത്തുന്ന കാലം.
അൻപതുകളിലെ മക്രോണിയും തൈനാനും ബാജ്രയും ചോളവും പുനരവതരിച്ച കാലം!
രാജ്യമെമ്പാടും ആഹാരരീതി തലകുത്തിനിന്നു അതോടെ. പത്തുകിലോമീറ്ററിനു വാമൊഴിയും അൻപതുകിലോമീറ്ററിന് ആചാരവും നൂറുകിലോമീറ്ററിന് ആഹാരവും അഞ്ഞൂറുകിലോമീറ്ററിനു വേഷവും ആയിരംകിലോമീറ്ററിനു ഭാഷയും മാറുന്ന ഈ രാജ്യത്ത്, ഇതുമൊരു നിശ്ശബ്ദവിപ്ലവമായിരുന്നില്ലേ?
കഞ്ഞിക്കുപോലും കാശില്ലാത്തവനു ഏതു വിപ്ലവം, എന്തു വിപ്ലവം, അല്ലേ?
കുഞ്ഞുണ്ണിമാഷ് ഒരിക്കൽ എഴുതി, ആവിപറക്കുന്ന ചോറിൽ പപ്പടംകാച്ചിയ എണ്ണയൊഴിച്ചുകഴിക്കുന്നതിന്റെ സ്വാദിനെപ്പറ്റി. പഴങ്കഞ്ഞിയും പഴഞ്ചോറും കഴിച്ചു ജീവിച്ചുമരിച്ചു ഒരു തലമുറ. ഉപ്പുകൂടിയിടാത്ത കഞ്ഞികുടിച്ചു മരിച്ചുജീവിച്ചു, മറ്റൊരു തലമുറ.
ഗുജറാത്തിലെ ഏറ്റവുംവരണ്ട പ്രദേശമായ കച്ഛിലൊരിടത്ത് ഉണക്കച്ചപ്പാത്തിയും പച്ചമുളകുംമത്രം കഴിച്ചുജീവിച്ച ഒരു വയോവൃദ്ധനെപ്പറ്റി കേട്ടിട്ടുണ്ട്; ആണ്ടിലൊരിക്കൽമാത്രം പെയ്യുന്ന മഴയിൽ കുളിക്കും, അപ്പോൾ ശേഖരിച്ചുവയ്ക്കുന്ന വെള്ളം കുടിക്കും.
കുറച്ചു മുൻപാണ്. എന്റെ അച്ഛൻ വയനാട്ടേക്കൊരു യാത്രപോയത്രേ. പാതിവഴിക്ക് കോഴിക്കോട്ടിറങ്ങേണ്ടിവന്നു. വിശന്നിട്ടെരിപൊരികൊണ്ടപ്പോൾ കണ്ണിൽകണ്ട ഒരു ഹോട്ടലിൽ കയറി. ജന്മനാ ശുദ്ധസസ്യാഹാരിയാണ്; വിളമ്പിക്കിട്ടിയതോ മീൻകറിയും. മാക്ബത്തിന്റെ മട്ടിലായിപ്പോയി അച്ഛൻ; "വേണോ, വേണ്ടയോ?" മറിച്ചൊന്നും ചിന്തിച്ചില്ലത്രെ. "ആഹരതേ ഇതി ആഹാര:" നാട്ടുകാർക്കു വിഷമമുണ്ടാക്കാതെ, പുറത്തിറങ്ങിയപ്പോൾ എല്ലാം ഛർദ്ദിച്ചുപോയി. തുടർന്നുള്ള യാത്രയിൽ പട്ടിണികിടന്നു. വഴിയും തെറ്റി. രാവേറെച്ചെന്നപ്പോൾ ദൂരെ ഒരു കൽവിളക്കുകണ്ടു. തേടിച്ചെന്നുകയറിയത് ഒരു നാട്ടമ്പലത്തിൽ. പൂജാരി അത്താഴത്തിനുള്ള വട്ടത്തിലാണ്. "കുളിച്ചുവന്നാൽ കൂടെക്കൂടാം", പൂജാരി ക്ഷണിച്ചു. അമ്പലത്തിലെ പടച്ചോറ് പപ്പാതി പകുത്തു. മുറ്റത്തെ പുളിമരത്തിൽനിന്ന് പച്ചപ്പുളി പറിച്ചെടുത്ത് രണ്ടു കാന്താരിമുളകുംകൂട്ടി അരച്ചെടുത്തു. വെള്ളംതളിച്ച പടച്ചോറും പുളിച്ചമ്മന്തിയും. അത്രക്കു രുചിയുള്ള ഒരാഹാരം അച്ഛൻ കഴിച്ചിട്ടില്ലത്രെ.
കുറച്ചുവർഷങ്ങൾക്കുമുന്നെ മഹാരാഷ്ട്രസർക്കാർ നാട്ടിലുടനീളം കൂലിപ്പണിക്കാർക്കായി ഒരു ആഹാര-പദ്ധതി തുടങ്ങി: 'ഝുംക-ഭാക്ര'. ഒരു രൂപക്ക് രണ്ട് 'ഭാക്രി'യെന്ന ചപ്പാത്തിയും കടലപ്പൊടികൊണ്ടുണ്ടാക്കുന്ന 'ഝുംക'യെന്ന വരട്ടുകറിയുംകിട്ടും സർക്കാർവക കൊച്ചുകൊച്ചു കടകളിൽ. വാങ്ങാൻ പാത്രം കൊണ്ടുപോകണമെന്നുമാത്രം.
അക്കാലത്ത് ഒരു പത്രവാർത്തയും വന്നു. മുംബയിലെ ജുഹുവിൽ ഒരു പഞ്ചനക്ഷത്രഹോട്ടലിൽ ഒരാൾ മുറിയെടുത്തു. തനിക്കു കഴിക്കാൻ 'ഝുംക-ഭാക്രി' തരണമെന്നായി അയാൾ. ഇല്ലെന്നു ഹോട്ടലുകാരും. വഴക്കെവിടെയെത്തി എന്നറിയില്ല.
ഏതായാലും, താമസിയാതെ കൊൽഹാപ്പൂരിൽ പോയപ്പോൾ ഹോട്ടൽമെനുവിൽ 'ഝുംക-ഭാക്രി' കണ്ട് എന്തെന്നറിയാൻ ഓർഡർചെയ്തു. കാത്തിരിക്കുമ്പോൾ ജനലിലൂടെ കാണുന്നു, ഹോട്ടൽസേവകൻ പുറത്തെ 'ഝുംക-ഭാക്ര'സ്റ്റാളിൽ ക്യൂ-നിൽക്കുന്നത്. കുറെകഴിഞ്ഞ് എന്റെ മുമ്പിൽ നിരക്കുന്നു ഒരു പിഞ്ഞാണത്തിൽ ഝുംക-ഭാക്രിയും, കൂടെ കുറച്ചുള്ളിയും പച്ചമുളകുമൊക്കെ. ബില്ലിൽ വില ഇരുപത്തഞ്ചുമടങ്ങും!
പട്ടിണിക്കാർക്കുള്ള ആ പദ്ധതി പൂട്ടിപ്പോയെന്നാണറിയുന്നത്. എന്തിനൽഭുതം?
"പചാമ്യന്നം ചതുർവിധം" എന്നും "ആഹാരശുദ്ധൗ ചിത്ത ശുദ്ധി:" എന്നുമെല്ലാം പറയാൻ എളുപ്പം. പകലന്തിയോളം പുറമൊടിച്ചു പണിയെടുത്ത് പത്തുചില്ലിക്കാശുണ്ടാക്കി പലചരക്കുകടയിൽ പാതിക്കടത്തിൽ പലവ്യഞ്ജനം വാങ്ങി പാതിരായ്ക്കു പുകയടുപ്പിൽ പൊട്ടപ്പാത്രംകയറ്റി പാകംചെയ്ത പകുതിവെന്ത പച്ചിലച്ചപ്പും പട്ടിണിപ്പരിഷകൾക്ക് പരമാന്നം.
ചന്തയിൽ ചുമടുചുമക്കുന്നവനും പാടത്തിൽ പണിയെടുക്കുന്നവനും വീട്ടിൽ അടിച്ചുവാരുന്നവളും അതിർത്തിയിൽ അഹോരാത്രം കാവൽനിൽക്കുന്നവരും, സ്വാമി സന്ദീപ് ചൈതന്യ വിസ്തരിക്കുന്ന ആഹാരത്തിന്റെ രജോഗുണത്തെയും തമോഗുണത്തെയും സാത്വികഗുണത്തെയുംപറ്റിയോ തലപുകയ്ക്കാൻ? ഭക്ഷണത്തിലെ കാലറിയും രക്തത്തിലെ HDL-LDL അനുപാതവും അവർ അളക്കുമോ? Oxidants-ഉം free radicals-ഉം transfat-ഉം അവരെ അലട്ടുമോ?
ഗാന്ധിജിയുടെ പഞ്ചശീലങ്ങളാണ്, 'കാകദൃഷ്ടി, ബകധ്യാനം, ശ്വാനനിദ്ര, കൃശശരീരം, ജീർണവസ്ത്രം'. എന്തായാലും അഞ്ചിൽ അഞ്ചു 'മാർക്ക്‌സ്' അവർക്കുണ്ടല്ലോ 'റിയാലിറ്റി'യിൽ!
"ഉണ്ടവന് അട കിട്ടാഞ്ഞിട്ട്, ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട്!" വൈശ്വാനരൻ വെറുതെയിരിക്കുമോ?
വിവേകാനന്ദനാണു ശരി: ആദ്യം അപ്പം, പിന്നെ ദൈവം; വിശക്കുന്നവന്റെ മുന്നിൽ ആഹാരത്തിന്റെ രൂപത്തിലേ ദൈവംപോലും വരാൻ ധൈര്യപ്പെടൂ! (കൊങ്കണിയിലും ഇതരത്തിൽ ഒരു ചൊല്ലുണ്ട്: "പൊയ്‌ലേ പോട്ടോബ, മാഗിർ വിഠോബ.")
ലീലാവതിടീച്ചർ ഒരിക്കൽ ചൂണ്ടിക്കാട്ടി, മനുഷ്യൻമാത്രമാണ് ആഹാരം ആസ്വദിച്ചുകഴിക്കുന്ന ജീവി.
തുടർന്ന്, പഞ്ചസാര കാർബോഹൈഡ്രേറ്റാണെന്ന അറിവ് അതിന്റെ മധുരത്തെ കുറയ്ക്കുന്നുമില്ല!
അറിവും ആസ്വാദനവും തമ്മിലെന്തു ബന്ധം?
അതാണല്ലോ വഴിയോരത്തെ 'പീറ്റ്സ', പാഷാണവും പുരീഷവുമാണെന്നറിഞ്ഞിട്ടും പയ്യൻമാരും പയ്യത്തികളും വെട്ടിവിഴുങ്ങുന്നത്!
'അശനം' പുരുഷാർഥങ്ങളിലൊന്നെന്ന് കൂത്തിലെ ചാക്യാർ പറയും.
'പുനരപി ജനനം, പുനരപി മരണം
ഊണുകഴിഞ്ഞാൽ ഉടനെ ശയനം'
എന്ന് പുത്തൻ ശങ്കരന്മാരായ (ശം + കര = സുഖത്തെ ചെയ്യുന്ന) അവരും പറയും!
Published in fortnightly web magazine http://www.nattupacha.com/ (16 Sep 2009)
Wednesday, 30 September 2009
Wednesday, 2 September 2009
പാണ്ഡു
സമുദ്രശാസ്ത്രം ഒരു 'ഏകദേശ'-ശാസ്ത്രമാണ്. ഇന്നത്തേതാണു നാളെ എന്നൊന്നും പറയാനാവില്ല. നിമിഷംവച്ചാണ് കടലിലെ മാറ്റങ്ങൾ. 'ഇമ്മിണി വല്ല്യൊന്നി'ന്റെ ഒരു കുഞ്ഞിഭാഗമേ ഒരുസമയം ഒരാൾക്കറിയാനൊക്കൂ. അതുകൊണ്ടിതിനെ 'സാമുദ്രികശാസ്ത്രം' എന്നുവരെ പലരും പരിഹസിക്കാറുണ്ട്. പിന്നൊന്ന്, ഇതൊരു 'കൂട്ടായ്മ'-ശാസ്ത്രമാണ്. ഒരാൾക്കുമങ്ങനെ തനിച്ചുചെയ്യാൻ മാത്രം ചെറുതല്ലത്. മാത്രമല്ല ഇതൊരു 'കൂട്ടു'-ശാസ്ത്രവുമാണ്. ഒരുപാടു ശാസ്ത്ര സരണികൾ ഈ ശാസ്ത്രത്തിൽ ഒത്തുചേരുന്നു, ഭൗതികം, ഗണിതം, ജൈവം, രാസികം, ഭൗമം, അന്തരീക്ഷം, വാനം എന്നിങ്ങനെ. പിന്നീടിങ്ങോട്ട് 'വിവരസാങ്കേതികം' തൊട്ട്, 'പുരാവസ്തു' വഴി, 'മാനേജ്‌മന്റ്' വരെ. ഒരു രാജ്യത്തിനുപോലും ഒറ്റക്കു ചെയ്യാനാവില്ല; കാരണം, കടൽപ്രക്രിയകൾ രാഷ്ട്രീയാതിർത്തികൾക്ക് അതീതമാണെന്നതുതന്നെ. അതുകൊണ്ടുതന്നെ ഇതൊരു ചെലവേറിയ ശാസ്ത്രവുമാണ്. കുറച്ചേറെ വിവരങ്ങൾ ശേഖരിച്ചാൽമാത്രമേ എന്തെങ്കിലുമൊന്നു മനസ്സിലാക്കാൻ കഴിയൂ. മറ്റൊന്ന്, ഇതൊരു 'മന്ദ'-ശാസ്ത്രമെന്നതാണ്. കാലമേറെച്ചെല്ലുമ്പോഴേ ചെയ്യുന്നപണിക്ക് നിശ്ചിതഫലവും നിയത പ്രയോജനവും നിയുക്തമൂല്യവുമുണ്ടാകൂ. ആകെക്കൂടെ ഇതിനെ ഒരു 'മന്ത'-ശാസ്ത്രമെന്നു വിളിച്ചാൽ പരാതിപ്പെടാൻ പ്രയാസം.
ഞങ്ങൾ മന്തന്മാർ പക്ഷെ അധ്വാനിക്കുന്ന ജനവിഭാഗമാണ്. എല്ലാരുമല്ല, തീരക്കടലിൽ പഠനം നടത്തുന്നവർ. പുറംകടലിൽ പണിയെടുക്കാൻ താരതമ്യേന അധ്വാനം കുറവാണ്. പിടിച്ചുനിൽക്കാൻ കപ്പലെന്ന ഒരു നിലപാടുതറയുണ്ടാകും. അതിൽ, കുറഞ്ഞതെങ്കിലും അവശ്യം ജീവിതസൗകര്യങ്ങളുണ്ടാകും. കഴിക്കാനെന്തെങ്കിലുമുണ്ടാകും. കിടക്കാനൊരിടമുണ്ടാകും. വിവിധതരം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ വൈദ്യുതി ഉണ്ടാകും. കടൽച്ചൊരുക്കിലൊന്നു അലറി ഛർദ്ദിക്കാനും വയറിളക്കത്തിനൊന്നു വെടിപ്പായി വിസർജിക്കാനും കലമ്പൽകൂട്ടണ്ട. കപ്പലിനു തീപ്പിടിച്ചാലും കപ്പൽ മുങ്ങിയാൽതന്നെയും ഉടന്തടിമരണമൊന്നുമില്ല. ശാസ്ത്രനിരീക്ഷണങ്ങളുടെ സ്ഥലവും സമയവും അൽപം മാറിപ്പോയാലും ഗവേഷണഫലത്തിൽ കാര്യമായ കുഴപ്പങ്ങൾ ഉണ്ടാവില്ല.
തീരക്കടലിലെ പണിക്കു വള്ളങ്ങളും കൊച്ചുബോട്ടുകളുമേ പറ്റൂ. അവ നമ്മെ അത്തലും പിത്തലും അമ്മാനമാടിക്കൊണ്ടേയിരിക്കും. കണ്ണുതെറ്റിയാൽ കഥ കഴിഞ്ഞതുതന്നെ. ബാക്കികാര്യങ്ങളെക്കുറിച്ചു പറയേണ്ടല്ലൊ.
ഇപ്പോൾപിന്നെ AC-യും PC-യുമായി താടിതടവി ബു.ജീവിക്കുന്ന കസേരശാസ്ത്രജ്ഞന്മാരെക്കുറിച്ച് ഒന്നും പറയാനുമില്ല. അവർക്കു കടൽ കൈക്കുള്ളിലാണത്രെ. 'കുംഭ:പരിമിതമംഭ:പിപതി കുംഭസംഭവാംഭോധി'. (കുടം കുടിക്കുന്ന വെള്ളത്തിന് പരിമിതിയുണ്ട്. കുംഭസംഭവൻ, കുടത്തിൽനിന്നുണ്ടായവൻ അഗസ്ത്യൻ, കടൽമുഴുവൻ കുടിച്ചുവറ്റിച്ചതാണു കഥ.)
ആഴക്കടലിലെ പര്യവേക്ഷണത്തിന് ചില ചിട്ടയും നിയമങ്ങളുമെല്ലാമുണ്ട്. തീരക്കടലിൽ ഞങ്ങൾതന്നെ എല്ലാം ചിട്ടപ്പെടുത്തണം. എവിടെയെങ്കിലും സ്വൽപം പിശകിയാൽ മീൻപിടിത്തക്കാർ കൂട്ടത്തോടെ തല്ലിക്കൊല്ലും. വടക്കൻ തീരങ്ങളിൽ 'മഛ്‌ലിമാർ' കൂട്ടായ്മകളുണ്ട്. അവരെയോ, അവരുടെ ഗ്രാമപ്രമുഖനെയോ കണ്ടു കാര്യം ബോധിപ്പിച്ചാൽ പിന്നീട് ഒരു പ്രശ്നവും ഉണ്ടാകില്ല. കേരളത്തിലാകട്ടെ, വിഴിഞ്ഞത്തും മറ്റും ഗവേഷണപ്പണിക്കു പോകുമ്പോൾ ആദ്യം തുറയിലുള്ളവരെ കണ്ട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം. പിന്നെ മൂന്നു പ്രബലസമുദായങ്ങളിൽനിന്ന് ഓരോരുത്തരെ കൂടെക്കൂട്ടും. ആരു തല്ലാൻ വന്നാലും അവരുടെ ഒരു പ്രതിനിധി ഞങ്ങളുടെ കൂട്ടത്തിലുണ്ടാവുന്നതുകൊണ്ട് രക്ഷപ്പെടും.
മഹാരാഷ്ട്രയിലെ താരാപൂരിൽ ഇന്ത്യയുടെ ആദ്യത്തെ അണുശക്തികേന്ദ്രമുണ്ട്. അതിന്റെ വികസനത്തിനുമുന്നോടിയായി സുരക്ഷിതമായ പുതിയൊരു മലിനജലവിസർജനസ്ഥാനം കടലിൽ കണ്ടെത്താനായിരുന്നു ഞങ്ങൾ അവിടെ പോയത്. അടുത്തുതന്നെയുള്ള നവാപൂർ ഗ്രാമത്തിൽനിന്നേ എളുപ്പത്തിൽ കടലിലിറങ്ങാനാകൂ. തീരത്തും കുറെ വിലപിടിച്ച ഉപകരണങ്ങൾ സ്ഥാപിക്കാനുണ്ട്. നാട്ടുകാരുടെ സഹായസഹകരണങ്ങളില്ലാതെ വയ്യ. തീരക്കടലാണെങ്കിലോ ആഴംകുറഞ്ഞതും പാറക്കൂട്ടം നിറഞ്ഞതും. ചാലുകളും ചുഴികളുമെല്ലാമറിയുന്ന പറ്റിയ ഒരു വഴികാട്ടി, 'pilot', ഇല്ലാതെ കഴിയില്ല.
'അതാ വരുന്നു പാണ്ഡു', എല്ലാവരും പറഞ്ഞു. ഞാനാദ്യം കണ്ടില്ല. ഒരു കുറിയ മനുഷ്യൻ. ഉണങ്ങിയ ശരീരം. ഉണക്കമീൻപോലത്തെ മുഖം. ചുള്ളികൈകളും ചുള്ളിക്കാലുകളുമിട്ടിളക്കി അയാൾ 'നമസ്കാർ' പറഞ്ഞു. 'മീ ബോട്ടീവർ യേത്തോ', മറ്റു യാതൊരു മുഖവുരയുമില്ലാതെ അയാൾ ഞങ്ങളുടെ ബോട്ടിൽ കയറിപ്പറ്റി. 'മീ ആഹേതർ ആപ്ലെ കാം സൊഗളെ ഠീക് ഹോണാറച്!' ('ഞാനുള്ളപ്പോൾ നിങ്ങളുടെ പണിയെല്ലാം മുറക്കു നടക്കും.').
അതിനിടെ മുഷിഞ്ഞ മുറിക്കയ്യൻ കുപ്പായം ഊരി ബോട്ടിൽ ഉണങ്ങാനുമിട്ടു. 'ചലാ, ചലാ'. ബോട്ടുകാർക്കു കയ്യും കലാശവും കാട്ടി നിർദേശങ്ങൾ നൽകിത്തുടങ്ങി പാണ്ഡു. 'ആരിയാ, ആരിയാ', നങ്കൂരം പൊക്കാനും ബോട്ടെടുക്കാനും തിടുക്കം കൂട്ടി.
കൂലിയെപ്പറ്റി മിണ്ടാട്ടമില്ല, സമയക്രമത്തെപ്പറ്റി വേവലാതിയില്ല, പണിയെപ്പറ്റിയൊരു തർക്കമില്ല, പരാതിയില്ല, പരിഭവമില്ല, പിണക്കമില്ല, പിരിയുമില്ല പിരിമുറുക്കവുമില്ല.
അടുത്ത മൂന്നുമാസം പാണ്ഡുവായിരുന്നു ഞങ്ങളുടെ പരദൈവം. കാറ്റിലും കോളിലും മുക്കിലും മൂലയിലും പാറക്കൂട്ടങ്ങൾക്കിടയിലും രാത്രിയും പകലും ഉച്ചച്ചൂടിലും കൂരിരുട്ടിലും ഞങ്ങളുടെ വഴികാട്ടി.
ഓടംതുഴയാൻ എന്നെ പഠിപ്പിച്ചത് അയാളാണ്; തുഴയുമ്പോൾ പങ്കായക്കൈ, ചേർപ്പു പിറകിലാക്കി തിരിച്ചുപിടിക്കണമെന്നും. വള്ളത്തിന്റെ ചുക്കാൻപിടിക്കാനും ബോട്ടിന്റെ ചക്രം തിരിക്കാനും അവയെ നേർ വരയിൽ നയിക്കാനും കടവിൽ അടുപ്പിക്കാനുമെല്ലാം. വലിയ തിര വരുമ്പോൾ അതു നേരെ മുറിച്ചു കടക്കണമെന്നും, ഒരിക്കലും തിരയെ ബോട്ടിന്റെ പള്ളചേർത്തെടുക്കരുതെന്നും മറ്റും മറ്റും.
ഇടക്കിടെ ചില ഉപദേശങ്ങളുമുണ്ട് പാണ്ഡുവിന്: കടലിൽ ശരീരം മൊത്തമായിളക്കി വേണം സംസാരിക്കാൻ. ഉടുപ്പൂരി വീശി വേണം ശ്രദ്ധ ആകർഷിക്കാൻ. കാറ്റിൽ മറ്റുതോണിക്കാർക്ക് ഒച്ച ചെവിയിലെത്തിയെന്നു വരില്ല. മുൻപിൽമാത്രമല്ല വശങ്ങളിലും ആഴം നോക്കിയേ ആക്കവും ദിശയും മാറ്റാവൂ. പൊങ്ങിക്കിടക്കുന്ന ഒന്നും കിട്ടിയില്ലെങ്കിൽ വെള്ളത്തിൽ തുപ്പി ഒഴുക്കറിയണം. എപ്പോഴും വേണ്ടതിലധികം കുടിവെള്ളംകരുതണം. എല്ലാ വസ്തുക്കളും കെട്ടിയുറപ്പിക്കണം. നൈലോൺകയറിനുമീതെ ചവിട്ടരുത്, വഴുതിവീഴും. കോളുള്ളപ്പോൾ ചക്രവാളം നോക്കി സ്ഥിതി മനസ്സിലാക്കണം; കണ്ണിനുമീതെ കൈ ചരിച്ചുവെച്ച്, കാക്ക നോക്കും പോലെ..... ആ പൂച്ചക്കണ്ണ് ഞങ്ങൾക്കില്ലാതെ പോയി.
അതൊന്നുമല്ല ഞങ്ങളെ 'വണ്ടറ'ടിപ്പിച്ചത്. ഒരു സായാഹ്നത്തിൽ വെറുതെ കരയ്ക്കിരിക്കുമ്പോൾ ദൂരെ ഒരു പാറത്തുമ്പു ചൂണ്ടി പാണ്ഡു പറഞ്ഞു, ഇന്ന ദിവസം ഇന്ന സമയം അതിന്റെ തുഞ്ചത്ത് വെള്ളം തൊടുമെന്ന്. ഞങ്ങൾ 'Doubting Thomas' എന്നും 'ആര്യഭട്ടൻ' എന്നുമെല്ലാം വിളിക്കുന്ന ഗോവക്കാരൻ അന്തോണിയോ ആഗ്നെൽ ദ് റൊസേറിയോ ഫെർണാൺഡിസ് അതു കാത്തിരുന്നുനോക്കി കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
ഞങ്ങളുടെ പാഠപുസ്തകങ്ങൾ കാരണങ്ങളേ പറയൂ, കാര്യങ്ങൾ പറയില്ലല്ലോ.
പാണ്ഡുവിന് കടൽ കൈക്കുള്ളിലായിരുന്നു. കടൽമുഴുവൻ കുടിച്ചുവറ്റിച്ച അഗസ്ത്യമുനിയും ഒരു വിരലോളം മാത്രം പോന്ന കുള്ളനായിരുന്നല്ലോ.
വർഷങ്ങൾക്കുശേഷം താരാപൂർ അണുശക്തികേന്ദ്രം വിണ്ടും സന്ദർശിക്കാനായപ്പോൾ പെട്ടൊന്നൊരു തൊഴിലാളി വന്ന് എന്റെ കൈ പിടിച്ചു. അതു പാണ്ഡുവിന്റെ അനുജൻ ചന്ദു ആയിരുന്നു. അണുശക്തികേന്ദ്രം വിപുലപ്പെടുത്തിയപ്പോൾ ചുറ്റുമുള്ള ഗ്രാമത്തിലെ കുടുംബത്തിനൊന്നുവെച്ച് ജോലിനൽകി. അങ്ങനെ ചന്ദുവിനും ഒരു ജോലികിട്ടി. പാണ്ഡു കടൽപ്പണിക്കൊന്നും പോകാതായി. കാഴ്ച കുറഞ്ഞു. എങ്കിലും സുഖമായിരിക്കുന്നുണ്ടായിരുന്നു. അകക്കണ്ണും അകക്കാമ്പും അമരമാണല്ലോ.
Published in nattupacha.com fortnightly web magazine (1 Sep 2009)

Friday, 21 August 2009
ഉമിക്കരി.
അരനൂറ്റാണ്ടു മുൻപാണ്. അന്നു ഞാൻ ഒന്നാംക്ലാസ്സിൽ. ടീച്ചർ ക്ലാസ്സിൽ വന്നാലുടൻ, "stand, sit" രണ്ടുമൂന്നുതവണ പറയും. ക്ലാസ്സ് ഒന്നു ചൂടുപിടിപ്പിക്കാനാണത്. പിന്നെ "stand up, left turn, front, right turn, front, sit down". അന്നൊക്കെ കേട്ടെഴുത്തെന്നൊരു പരിപാടിയുണ്ട് പരീക്ഷയ്ക്ക്. മലയാളം, കണക്ക് എന്നിവ കൂടാതെ 'മറ്റുവിഷയം' എന്നൊന്നുണ്ട്. അതിനാണ് കേട്ടെഴുത്തുപരീക്ഷ പതിവ്. അതിന് സ്പെഷൽ "stand-up, face-to-face" ഉണ്ട്. സ്ലേറ്റുമെടുത്ത് ഈരണ്ടുകുട്ടികൾ മുഖത്തോടുമുഖം നോക്കി നിൽക്കണം. ടീച്ചറുടെ ചോദ്യങ്ങൾക്ക് ഉത്തരം എഴുതണം. പിന്നെ ഓരോരുത്തരെയായി മേശക്കരുകിൽ വിളിച്ച് ഉത്തരം നോക്കും. അവസാനം മാർക്കിടുന്നതിനു മുൻപ് ഒരു 'മുഖാമുഖ'വും ഉണ്ടാകും.
എന്നോടു ചോദിച്ചത്, "കാലത്തെഴുന്നേറ്റാൽ ആദ്യം എന്തു ചെയ്യണം?" എന്നായിരുന്നു. 'മൂത്രമൊഴിക്കണം' എന്നു പറയാൻ ഭാവിച്ചെങ്കിലും, തിരുത്തി 'പല്ലുതേക്കണം' എന്നു പറഞ്ഞു. കാരണം, ടീച്ചർ അങ്ങനെയായിരുന്നു ക്ലാസ്സിൽ പഠിപ്പിച്ചിരുന്നത്.
"അതിനെന്തെല്ലാം വേണം?", അടുത്ത ചോദ്യം.
ഉത്തരം എനിക്കു പുല്ലായിരുന്നു. "ഉമിക്കരി, ഈർക്കിൽ, മാവില."
"അതു കഴിഞ്ഞ്?"
അതു പഠിപ്പിച്ചിട്ടില്ലായിരുന്നു. എങ്കിലും പറഞ്ഞു, "കാപ്പി കുടിക്കണം."
ടീച്ചറൊരു ചിരി. "ഉമിക്കരിയും വായിൽ വച്ചോ?"
"വെള്ളം!", ഞാനലറി. വൈകിവന്ന വിവേകം.
ഇന്ന് ഉമിക്കരിയുമില്ല, ഈർക്കിലുമില്ല. ബഹിരാകാശപേടകത്തിലാണെങ്കിൽ വെള്ളവും വേണ്ട!
ഉമി നീറ്റി കരിയുണ്ടാക്കുന്നതും ചാണകം കത്തിച്ചു ഭസ്മമുണ്ടാക്കുന്ന്തും നല്ലെണ്ണ (എള്ളെണ്ണ) പുകച്ച് കണ്മഷി ഉണ്ടാക്കുന്നതും ഇന്നും ഓർക്കുന്നു.
അൽപം മുതിർന്നപ്പോൾ കമലവിലാസ് പൽപ്പൊടിയും നമ്പൂതിരീസ് ദന്തധാവനചൂർണവുമൊക്കെയായി. പിന്നെ ടൂത്ത്പേസ്റ്റിന്റെ കാലം (അന്ന് അതിനു നാട്ടുപേര് 'സായിപ്പു തീട്ടം' എന്നായിരുന്നു!)
അന്നൊരു പൂതി തോന്നി. പല്ലുതേക്കുന്ന ഉമിക്കരിയെ ഒന്നു പരിഷ്ക്കരിച്ചെടുക്കണം. കണ്ടതും കേട്ടതുമെല്ലാം ചേർത്ത്, എന്റെ 'ഫോർമുല' ഇതായിരുന്നു. ഉമിക്കരി, ഉപ്പ്, കുരുമുളക്, നിഴലിൽ ഉണക്കിയ മാവില, വേപ്പില എന്നിവ, പച്ച കർപ്പൂരം എല്ലാംകൂടി പൊടിച്ചെടുക്കുക! ഉമി വായും പല്ലും വൃത്തിയാക്കും. കരി ദുർഗ്ഗന്ധം അകറ്റും. ഉപ്പ് അണുക്കളെ നശിപ്പിക്കും. കുരുമുളക് നീരുവലിക്കും. മാവില പല്ലുറപ്പിനും ഉമിനീർ ശുദ്ധിക്കും. വേപ്പിലയും അണുനാശകം. കർപ്പൂരം സുഗന്ധത്തിനും നീർപ്പിടിത്തത്തിനും. പോരേ?
പിന്നെ കുറേക്കാലം ജീവിതം മാവുപോയിട്ട്, ഇലകൂടിയില്ലാത്ത നഗരത്തിലായിരുന്നല്ലോ. ഇന്ന് പേസ്റ്റില്ലെങ്കിൽ പല്ലുതേച്ചതായി തോന്നില്ല! ബ്രഷ് ഇട്ടുരച്ചതിന്റെ പാടുകളും പോടുകളും പല്ലിലെമ്പാടും!
ആദ്യകാലത്ത് എല്ലുപൊടിയായിരുന്നത്രെ ടൂത്ത്പേസ്റ്റിന്റെ പ്രധാനചേരുവ. പിന്നെ 'കടൽനാക്ക്' എന്ന 'sepia bone'. അതുകഴിഞ്ഞ് ഫ്ലൂറൈഡ് ടൂത്ത്പേസ്റ്റിന്റെ വരവായി. കാലം തിരിഞ്ഞപ്പോൾ വീണ്ടും 'വെജിറ്റേറിയൻ' പേസ്റ്റുകൾ. വേപ്പില, കരയാമ്പൂ, ഇരട്ടിമധുരം, എന്തിനേറെ ഉപ്പുവരെ ചേർത്ത ടൂത്ത്പേസ്റ്റുകളാണ് നാട്ടിലെമ്പാടും!
ഉമിക്കരിമാത്രം തിരിച്ചുവന്നിട്ടില്ല.
അടുത്തിടെ വയസ്സായ ആരോ ടെലിവിഷനിൽ പറഞ്ഞു, താൻ ഉമിക്കരികൊണ്ടേ ഇപ്പോഴും പല്ലുതേക്കൂ എന്ന്.
ആ സ്ത്രീയുടെ പല്ലുകണ്ട് കൊതി തോന്നി. നമുക്ക് പല്ലുള്ളതേ മഹാഭാഗ്യം!
Published in Nattupacha fortnightly web magazine (17 August 2009)

Tuesday, 4 August 2009
സാഗരവന്ദനം
നീലം ഭാസുരമാദിരൂപനിഹിതം
ലോകൈകരത്‌നാകരം
ശാന്തം മന്ദസമീരസംപുളകിതം
സജ്ജീവജാലോത്ഭവം
ഗൂഢം ദുഷ്കൃതരോധകം രണമയം
ശ്രീചക്രതേജോജ്വലം
വന്ദേ കോടിതരംഗബാഹുമിളിതം
നാരായണം സാഗരം
ലോകൈകരത്‌നാകരം
ശാന്തം മന്ദസമീരസംപുളകിതം
സജ്ജീവജാലോത്ഭവം
ഗൂഢം ദുഷ്കൃതരോധകം രണമയം
ശ്രീചക്രതേജോജ്വലം
വന്ദേ കോടിതരംഗബാഹുമിളിതം
നാരായണം സാഗരം
Monday, 3 August 2009
അവയിലൊരുനാൾ ഒന്നു കേളിപ്പെടുന്നു.
ചേരിയിൽനിന്ന് ചക്രവാളംവരെ കയറിപ്പോയവർ ധാരാളം. അങ്ങനെയൊരാൾ മടിച്ചെങ്കിലും സ്വന്തംകഥ പറഞ്ഞപ്പോൾ കോരിത്തരിച്ചുപോയി.
മുംബൈയിൽ ടാറ്റയുടെ ഓഫീസിൽ പോയതായിരുന്നു. ഗുജറാത്തിൽ ഓഖയ്ക്കടുത്ത് മീഠാപൂരിലുള്ള ടാറ്റയുടെ കെമിക്കൽ ഫാക്റ്ററിയുടെ സമുദ്രമലിനീകരണ-നിവാരണപദ്ധതിയുമായി ബന്ധപ്പെട്ട്, ഞങ്ങൾ ചെയ്ത പണിയുടെ അന്തിമറിപ്പോർട്ടുമായാണു പോയത്. കൂടെ എന്റെ മേലധികാരിയുമുണ്ട്.
ടാറ്റയുടെ മാനേജർ കാത്തിരിക്കുകയായിരുന്നു. റിപ്പോർട്ട് വിശദമായി ചർച്ചചെയ്യുന്നതിനിടയിൽ ചായ എത്തി. സാക്ഷാൽ താജ് ഹോട്ടലിൽനിന്നു തന്നെ. അതും ടാറ്റയുടേതാണല്ലോ. കപ്പും തട്ടും മാത്രമല്ല, പരിചാരകരും അവരുടെ വേഷവും കിന്നരിയുംവരെ താജ്, താജ്, താജ്.
പരിചാരകർ വയോധികനും അത്യുന്നതനുമായ ആ മാനേജർക്കുമാത്രം ചായ വിളമ്പിയില്ല. ഞാനതു ശ്രദ്ധിച്ചെങ്കിലും ഒന്നും ഭാവിച്ചില്ല. പല സ്ഥലങ്ങളിലും, പ്രത്യേകിച്ച് സർക്കാർ സ്ഥാപനങ്ങളിൽ, ഒന്നുകിൽ ഓഫീസർക്ക് ആദ്യം വിളമ്പും. അല്ലെങ്കിൽ പ്രത്യേകം വിളമ്പും. എനിക്കതുകണ്ടാൽ കലിയിളകും.
'ബാക്കി ചർച്ച ചായ കഴിഞ്ഞ്', അദ്ദേഹം ഞങ്ങളുടെ വശത്തെ ഒഴിഞ്ഞ കസേരയിൽ വന്നിരുന്നു പറഞ്ഞു.
'How about you?', എന്റെ സ്വത:സിദ്ധമായ വിടുവായത്തത്തിൽ ഞാനാരാഞ്ഞു.
'ഓ, ഇല്ല. ഞാൻ ഇവിടുന്നങ്ങനെയൊന്നും കഴിക്കാറില്ല', അദ്ദേഹം പറഞ്ഞു. 'ഉച്ചഭക്ഷണം കയ്യിൽ കൊണ്ടുവന്നിട്ടുണ്ട്; ഇനി അതു മതി.'
എന്റെ മുഖത്തെ മിന്നലാട്ടം കണ്ടിട്ടാവണം, അദ്ദേഹം തുടർന്നു. 'ഈ ചിട്ട തുടങ്ങിയിട്ട് കൊല്ലം അൻപതായി. ഞാൻ ടാറ്റയിൽ ചേർന്നകാലം മുതൽ ഇതു തന്നെ എന്റെ ജീവിതക്രമം.'
ടാറ്റ മീഠാപൂരിൽ ഉപ്പുകമ്പനി തുടങ്ങുന്നു. വിണ്ടുവരണ്ട അയൽപ്രദേശങ്ങളിലെ ദരിദ്രരായ ഗ്രാമീണരാണ് മിക്ക തൊഴിലാളികളും. അന്ന് ഇദ്ദേഹത്തിനന്ന് കഷ്ടി പതിനഞ്ചുവയസ്സുണ്ടാകും. വെളുപ്പിനുള്ള ഒരു തീവണ്ടിയിൽ പൊതിച്ചോറുമായി പുറപ്പെടും. ഫാക്റ്ററിഗേറ്റ് തുറന്നിട്ടുപോലുമുണ്ടാകില്ല. പടി തുറക്കുന്നതുവരെ, മെട്രിക്കുലേഷൻ പരീക്ഷക്കുള്ള പുസ്തകങ്ങളും വായിച്ചിരിക്കും. പണികഴിഞ്ഞു തിരിച്ചു വീട്ടിലെത്തുമ്പോൾ പാതിരാത്രിയാകും.
ഒരുനാൾ പഴയ ടാറ്റ പുലർച്ചെ നടക്കാനിറങ്ങിയപ്പോൾ ഫാക്റ്ററിനടയിൽ പയ്യനൊരുത്തൻ പുസ്തകംവായിച്ചിരിക്കുന്നതു കാണുന്നു. എങ്ങിനെയോ കാര്യമറിഞ്ഞ ടാറ്റ അദ്ദേഹത്തിനു മീഠാപൂരിൽതന്നെ,labour colony-യിൽ, ഒറ്റമുറികൊടുക്കുന്നു. പരീക്ഷകൾ മുറയ്ക്കു പാസ്സാകുന്നതോടൊപ്പം പ്രൊമോഷനും. പിന്നെ പഠിച്ചതെല്ലാം ഫാക്റ്ററിയിൽ. M.Tech-ഉം MBA-യും ഒന്നുമില്ലാതെ ടാറ്റാ കെമിക്കൽസിന്റെ തലപ്പത്തുമെത്തി.
താൻ താമസിക്കാത്ത തരം ക്വാർട്ടേർസ് മീഠാപൂരിലില്ലെന്ന് അദ്ദേഹം 'ഊറ്റം' പറഞ്ഞു; ചേരി തൊട്ട് ബംഗ്ലാവുവരെ.
പിന്നെ പുതിയ ടാറ്റയുടെ നിർബന്ധത്തിനു വഴങ്ങി മുംബയിൽ താമസമാക്കി. പിടിക്കാൻ ബാക്കിയുണ്ടായിരുന്ന പഞ്ചനക്ഷത്രവും അങ്ങനെ കയ്യിലായി.
തന്റെ വീടുകളേ ടാറ്റയ്ക്കു മാറ്റാനായുള്ളൂ, തന്നെ മാറ്റാനായില്ലെന്നൊരു ഫലിതവും കൂടെ.
വർത്തമാനത്തിനിടെ ഫോൺവിളികൾ വരുന്നു. ചിലർ അനുവാദം ചോദിക്കുന്നു, ചിലർ അഭിപ്രായം ചോദിക്കുന്നു, ചിലർ സംശയം ചോദിക്കുന്നു. എല്ലാം ക്ഷമയോടെ വിശദമായി കേട്ടശേഷം ഒറ്റവാക്കിൽ മറുപടിപറയുന്നു. അതിനിടെ തലപ്പത്തെ വമ്പന്മാർവരെ മുറിയിൽവന്നു ഭവ്യതയോടെ കാര്യങ്ങളറിഞ്ഞു പോകുന്നു.
ചർച്ചകളെല്ലാം തീർത്ത് വിടപറഞ്ഞിറങ്ങുമ്പോൾ അദ്ദേഹം വെളിപ്പെടുത്തി, താമസിയാതെ താൻ ടാറ്റയിൽനിന്നു പിരിഞ്ഞുപോവുകയാണെന്ന്. 'ഇനി മതി. ചെറുപ്പക്കാർ എന്നേക്കാൾ വളരെയേറെ പഠിപ്പും കഴിവും ഉള്ളവരാണ്. അവരെ ചുമതല ഏൽപ്പിക്കാൻ സന്തോഷമേയുള്ളൂ. കുമ്പളവള്ളിയിൽനിന്നു കായ് വിട്ടുപോകുമ്പോലെ പിരിയണം. വള്ളിക്കും കായ്ക്കും വേദനയില്ലാതെ.'
ഒരു പഴയ കവിതയാണ് എനിക്കപ്പോൾ ഓർമ വന്നത്:
"സാരാനർഘപ്രകാശപ്രചുരിമതിരളും ദിവ്യരത്നങ്ങളേറെ
പാരാവാരത്തിനുള്ളിൽ പരമിരുൾനിറയും കന്ദരത്തിൽകിടപ്പൂ...."
കവി പറഞ്ഞതുപോലെ, "അവയിലൊരുനാളൊന്നു കേളിപ്പെടുന്നൂ"!
[Published in nattupacha.com webmagazine (fortnightly), 1 August 2009]

Thursday, 9 April 2009
Tuesday, 21 October 2008
Teething problem....
Ho! I thought technology is 'liberating'. It has proved 'limiting'.
To make my writings web (blogger) ready, I am struggling!
From the hand-written manuscripts to the so-called 'computerised' materials -- in LEAP of CDAC, in 'Indiapage'of Mithi, RTF of MS Word, chowara of 'puzha', old lipi of 'varamozhi', and some in unicode, I do not have a standard method (yet) to make them suitable for my blog (that others are also able to read).
Trying, trying, trying.....

Subscribe to:
Posts (Atom)
മൗനവ്രതം
മൗനവ്രതം (നാരായണസ്വാമി) പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...
-
എനിക്കു മനസ്സിലാകാത്ത ഒരുപാടു കാര്യങ്ങളുണ്ട് ലോകത്ത്. അതിലൊന്നാണ് വർണം , നിറം , കളർ എന്നെല്ലാം നമ്മൾ പറഞ്ഞുകൂട്ടുന്ന തൊലിപ്പുറസംഗതി. ...
-
അന്നെനിക്കു പതിനേഴോ പതിനെട്ടോ പ്രായം. മഹാരാജാസ് കോളേജിൽ മലയാളം ഐച്ഛികം ക്ളാസ്സ്. ഗുപ്തൻനായർസാർ ക്ളാസ്സു കത്തിച്ചുകയറുന്നു. ...
-
ഭാഷ പരസ്പരം സംവദിക്കാനാണ് ; മനുഷ്യനെ ഒന്നിപ്പിക്കാനാണ്. അല്ലാതെ ഭിന്നിപ്പിക്കാനോ ഛിന്നിപ്പിക്കാനോ അല്ല. നല്ലൊരുകാര്യം നാറ്റിച്ചൊര...